Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Tuesday, September 30, 2014

ഓർക്കുട്ട് ഇനി വെറുമൊരു ഓർമ്മക്കൂട്ട്

എന്നന്നേക്കുമായി ഓർക്കുട്ട് അവസാനിക്കാൻ പോകുന്നു. ഇത് വെറും ഒരു ഓർമ്മയായി മാറുന്നു എന്ന് വിശ്വസിക്കുവാൻ ഇപ്പോഴും സാധിക്കുന്നില്ല. എന്നന്നേക്കുമായി അടച്ചു പൂട്ടുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എന്തിനോ വെറുതെ ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്നൊരു തോന്നൽ.  ഒരു പക്ഷേ മറ്റു പലരെ പോലെയും, ആദ്യമായി ഞാൻ ഭാഗഭാക്കായ സോഷ്യൽ മീഡിയ, അത് ഓർക്കുട്ട് ആയിരുന്നു. ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റർ എന്ന് വേണ്ട, സംവദിക്കുവാൻ നമുക്ക് സോഷ്യൽ മീഡിയകൾ പലതാണ്. ആ അവസരത്തിൽ ഇത്തരമൊരു കുറിപ്പ് ബാലിശമല്ലേ എന്ന് തോന്നാം. ഒരു മാധ്യമത്തെ, അതും ഫേസ്ബുക്ക് എന്ന നവമാധ്യമം കടന്നു വന്നപ്പോൾ ഉപേക്ഷിച്ച ഒരു മാധ്യമത്തെ, വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്ത മാധ്യമത്തെ, അതിന്റെ അന്ത്യനിമിഷങ്ങളിൽ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിലെ സാംഗത്യമെന്ത് എന്ന് പലരും ചിന്തിച്ചേക്കാം. പക്ഷേ ഇതാവും ആ അവസരം, അല്ലെങ്കിൽ ഇനി ഒരു അവസരം ഉണ്ടാവില്ല ഒരു പക്ഷേ ഒന്ന് തിരിഞ്ഞു നോക്കാൻ, എല്ലാം ഒന്ന് ഓർത്തെടുക്കുവാൻ.

പഠന സംബന്ധമായി കംപ്യൂട്ടർ ഉണ്ടായിരുന്നുവെങ്കിലും, ഇന്റർനെറ്റ് നെറ്റ് എന്ന ലോകത്ത് എന്റെ സഹചാരികൾ യാഹൂ മെയിലും ചാറ്റും മാത്രമായിരുന്നു. ഒരു നൊസ്റ്റാൾജിയ പോലെ ആ രണ്ട് അക്കൗണ്ടും ഞാനിപ്പോഴും കൊണ്ടു നടക്കുന്നു എന്നത് മറ്റൊരു കാര്യം. ആ ലോകത്തേക്ക് ആദ്യമായി കടന്നു വന്ന അപരിചിതനായിരുന്നു ജീമെയിൽ. അല്പം വിഷമത്തോടെയെങ്കിലും യാഹൂ മെയിലിനൊപ്പം ഞാൻ പതിയെ ജീമെയിലിനേയും ഒപ്പം ചേർത്തു. അതിന്റെ വളർച്ച, അതിൽ കൂടുതലായി ചേർത്തു വന്ന ഫീച്ചറുകൾ, യാഹുവിന്റെ കട്ട ഫാൻ ആയിരുന്ന എന്നെ, മുഴുവനായും തന്നെ ജീമെയിലിലേക്ക് പറിച്ചു നടുവാൻ പ്രേരിപ്പിച്ചു. ആ കാലത്ത് ഞാൻ ജോലി നോക്കിയിരുന്ന കമ്പനിയിൽ ജീമെയിലോ യാഹൂ മെയിലോ ഒന്നും തന്നെ തുറക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. ബ്ലോഗിങ്ങ് എന്ന അസ്കിത അന്ന് വേർഡ്‌പ്രസ്സിൽ ആയിരുന്നു പ്രധാനമായും തീർത്തിരുന്നത്, കശ്മലന്മാർ, എന്റെ ബ്ലോഗിങ്ങ് കൂടിയിട്ടോ എന്തോ മാസങ്ങൾക്കുള്ളിൽ അതും അവന്മാർ ബ്ലോക്കി. ആ കാലത്താണ് ഓർക്കുട്ടിന്റെ കടന്നു വരവ്. അവനെയും കമ്പനിക്കാർ ബ്ലോക്കി. ഒരു അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രം. അതും കോളേജിൽ സഹപാഠികൾ, കുറച്ചു സഹപ്രവർത്തകർ. അത് നോക്കുന്നത് തന്നെ മാസത്തിലൊരിക്കൽ വീട്ടിൽ പോകുമ്പോൾ. അന്നത്തെ മണിക്കൂറിന് 40 രൂപ ഇന്റർനെറ്റ് ചാർജ്ജ് കാരണം ഇന്റർനെറ്റ് കഫേയുടെ അടുത്തു കൂടെ പോലും അന്ന് പോവാറില്ല.

അക്കാലത്തെ ബി എസ് എൻ എലിന്റെ ഡയലപ് കണക്ഷൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ആ ശബ്ദം തന്നെ വളരെ ഇമ്പമുള്ളതായിരുന്നു. 54 kbps സ്പീഡ് കിട്ടുമായിരുന്ന ആ സമയത്ത് വല്ലപ്പോഴും 72 ഓ 90 ഓ കിട്ടിയാൽ ലോട്ടറി. ഇനി കണക്ഷൻ കിട്ടിയാലോ, ഒന്നിലധികം വിൻഡോകൾ തുറക്കാൻ പറ്റില്ല, സ്ലോ ആകും. അന്നീ ടാബുകൾ ഇല്ലാത്തതിനാൽ നമ്മുടെ പഴയ ഇന്റർനെറ്റ് എസ്ക്പ്ലോറർ ആണ്.  ഒരു മണിക്കൂറെടുക്കും മെയിൽ ചെക്ക് ചെയ്യാൻ അത് കഴിഞ്ഞായിരുന്നു പ്രധാനമായും ഓർക്കുട്ടിലേക്ക് കയറുന്നത്. ആദ്യമൊക്കെ നല്ല ബോറായി തോന്നിയ ഈ സംഭവം, ഒരിക്കൽ ഉപേക്ഷിച്ചതാണ്. ആയിടെയാണ് നമ്മുടെ ഒരു സഹപ്രവർത്തകൻ പ്രോക്സി വഴി ഇത് കമ്പനിയിലും ആക്സസ് ചെയ്യാം എന്ന് കണ്ടുപിടിച്ചത്. അതോടെ അത് ഞങ്ങളുടെ ടീമിൽ മുഴുവൻ ഒരു ജ്വരമായി മാറി. ആദ്യകാലങ്ങളിൽ സ്ക്രാപ്പുകളുടെ എണ്ണമെടുക്കുന്നവർ വരെ ഉണ്ടായിരുന്നു അവിടെ.  നെറ്റ്വർക്കിംഗ് ടീം മേടിക്കുന്ന കാശിനു കൂറ് കാണിച്ച് ഈ പ്രോക്സികളും ബ്ലോക്ക് ചെയ്തപ്പോ, പിന്നെ പുതിയ പ്രോക്സികൾക്കായി ഓട്ടം തുടങ്ങി. ഒരു പ്രോക്സിക്ക് ഒന്നോ രണ്ടോ ദിവസമായിരുന്നു ആയുസ്സ്. നമ്മൾ പ്രോക്സി കണ്ടുപിടിക്കുന്നു, അവരത് ബ്ലോക്ക് ചെയ്യുന്നു. നമ്മൾ അടുത്ത പ്രോക്സി കണ്ടുപിടിക്കുന്നു, അവർ അതും ബ്ലോക്ക് ചെയ്യുന്നു. ഈ ക്യാറ്റ് & മൗസ് ഗെയിം കുറെ കാലം കളിച്ചു കഴിഞ്ഞപ്പോൾ, പ്രോക്സി കണ്ടുപിടിച്ച് ഞങ്ങളും, ബ്ലോക്ക് ചെയ്ത് നെറ്റ്വർക്കിംഗ് ടീമും തളർന്നു.

പിന്നെ ബാംഗ്ലൂർ എന്ന പുതിയ തട്ടകത്തിലേക്ക് എത്തിയപ്പോളാണ് ഓർക്കുട്ടിനെ അടുത്തറിയുന്നത്. ഓർക്കുട്ടിങ്ങ് വെറുതെ സ്ക്രാപ്പിങ്ങ് മാത്രമായി ഒതുക്കിയിരുന്ന ഞാൻ പല കമ്മ്യൂണിറ്റികളിലും ജോയിൻ ചെയ്തു. കൂടുതലായും മലയാളം ബേസ് ആയ കമ്മ്യൂണിറ്റികൾ ആയിരുന്നു അവയിൽ പലതും. അതൊരു നല്ല തുടക്കം ആയിരുന്നു. മന്ദാരം, എന്റെ മലയാളം, പാഥേയം, സോപാനം, കണിക്കൊന്ന തുടങ്ങി ഒരുപിടി നല്ല കമ്മ്യൂണിറ്റികളിൽ ഭാഗമായി. അവിടെ നിന്നും. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത കുറെയധികം നല്ല ആളുകളെ പരിചയപ്പെട്ടു. ആശയപരമായം സൌഹൃദപരമായുമുള്ള ഒരുപാട് ചർച്ചകളുടെ ഭാഗമാകുവാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ എന്നത് വെറുമൊരു വിനോദോപാധി എന്നതിനപ്പുറം   പരസ്പരം ആശങ്ങൾ പങ്കുവെക്കുവാനും കൂടുതൽ അറിവുകൾ നേടുവാനുമുള്ള സ്ഥലം കൂടിയാണ് എന്ന് തിരിച്ചറിയുന്നത് ആ സമയത്താണ്. അത് ഒരുപാട് നല്ല സുഹൃത്തക്കളെ എനിക്ക് സമ്മാനിച്ചു. സമാനപരമായ ചിന്താഗതികൾ പുലർത്തുന്നവരും, ആശയപരമായ വിരുദ്ധചേരികളിൽ നിന്നിരുന്നവരും അവരിൽ ഉണ്ടായിരുന്നു. രസകരമായ വസ്തുത, ഓർക്കുട്ട് ഫേസ്ബുക്കിനു വഴിമാറിയപ്പോൾ ഇവരെല്ലാം അവിടെയും സുഹൃത്തുക്കളായി എന്നതാണ്. ആശയപരമായ ചില ചർച്ചകൾ അതിന്റെ പരിധികൾ തന്നെ ലംഘിച്ചു കൊണ്ട് വൻ അങ്കം വെട്ടിനു വഴിവച്ച സംഭവങ്ങൾ ഇന്നും ഓർക്കുമ്പോൾ തലകുത്തി നിന്ന് ചിരിക്കാറുണ്ട്. പലപ്പോഴും കമ്മ്യൂണിറ്റികളിൽ കിടന്ന് കടിപിടി കൂടുന്നവർ, അത് പോസ്റ്റ് ചെയ്യുന്ന അവസരത്തിൽ ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഇരുതലയ്ക്കൽ ഇരുന്നു അതുടണ്ടാക്കാൻ പോകുന്ന കോലാഹലമോർത്ത് ചിരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.

ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഓർക്കുട്ട്. ഫേക്കുകൾ നടമാടിയിരുന്ന കാലത്ത് കുറെയധികം നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടുവാനും സൗഹൃദം സൂക്ഷിക്കുവാനും കഴിഞ്ഞു.  പാഥേയം എന്ന ഓണ്‍ലൈൻ മാഗസിന്റെ കാര്യം പരാമർശിക്കാതെ പോകുവാൻ ഈ അവസരത്തിൽ കഴിയുകയില്ല. പാഥേയം എന്ന ഓർക്കുട്ട് കമ്മ്യൂണിറ്റിയിൽ നിന്നുമായിരുന്നു ആ മാഗസിന്റെ ജനനം. വളരെ നന്നായി അത് നടത്തുവാൻ അതിന്റെ എഡിറ്റോറിയൽ ബോർഡിനു കഴിഞ്ഞു എന്നതും, അതുമായി കുറച്ചു കാലം സഹകരിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതും ഓർക്കുകയാണിപ്പോൾ. പിന്നീട് ഫേസ്ബുക്ക് വൻ പ്രചാരം നേടിയപ്പോൾ ഓർക്കുട്ടിനെ എല്ലാവരും ഉപേക്ഷിച്ചു. കമ്മ്യൂണിറ്റികൾ നിർജ്ജീവമായപ്പോൾ ഒഴുക്കിനൊപ്പം നീന്തുക എന്നതേ എനിക്കും ചെയ്യുവനായുള്ളൂ. ഫേസ്ബുക്കിൽ എത്തിയപ്പോൾ ആദ്യം ചെയ്തത്, എല്ലാ ഓർക്കുട്ട് കമ്മ്യൂണിറ്റികളും അവിടെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. അത് വിജയം കാണാതെ പോയപ്പോൾ, എല്ലാ ഓർക്കുട്ട് സുഹൃത്തുക്കളെയും ഫ്രണ്ട്സ് ആക്കി മാറ്റി. ഇന്ന് ഫേസ്ബുക്ക് നമ്മുടെ ജീവിതത്തിൽ പ്രബലമായ ഒരു സ്വാധീനം ചെലുത്തുമ്പോൾ, ഓർക്കുട്ട് പതിയെ ഒന്ന് മത്സരിക്കുവാൻ പോലുമാകാതെ പിൻവാങ്ങുകയാണ്. പലരും മറക്കുന്ന ഒരു വസ്തുതയുണ്ട്, അവരുടെ സുഹൃദ് വലയത്തിലെ ഭൂരിഭാഗം ആളുകളും ഓർക്കുട്ടിൽ നിന്നുള്ളവരാണ്. ഞാൻ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഓർക്കുട്ട് എന്നന്നേക്കുമായി വിട പറയുമ്പോൾ, ആ നല്ല നാളുകളെ ഒരു ഗൃഹാതുരത്വം പോലെ ഓർക്കുന്നു. കൂടെ ഒരല്പം സങ്കടവും, ഓർക്കുട്ടിനെ പൂർണ്ണമായും ഒഴിവാക്കിയതിനാലും, ഇനിയിപ്പോൾ ഒരു മടങ്ങിപ്പോക്ക് ഇല്ലാത്തതിനാലും... ഇനി ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് മാത്രം... 

Wednesday, May 30, 2012

അവിചാരിതം...


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.... നീണ്ട അഞ്ചു ഓഫീസ് ദിവസങ്ങള്‍ക്കൊടുവില്‍ നമ്മള്‍ കാത്തിരിക്കുന്ന ആ സുദിനം. പതിവ് പോലെ, കിടക്കുന്നതിനു മുന്നേ അവന്‍ തന്‍റെ മാക് ബുക്ക് തുറന്നു മെയിലുകള്‍ ചികഞ്ഞു. പിന്നീടു ഒരു മാത്ര ഫേസ്ബുക്കിലെക്ക് ഊളിയിട്ടു.. ഫേസ് ബുക്ക്, അതൊരിക്കലും ഒരു ലഹരി ആയിരുന്നില്ല അവന്... വല്ലപ്പോഴും സമയം കൊല്ലാനുള്ള ഒരുപാധി...  വെറുതെ ഒന്നോടിച്ചു നോക്കി പുറത്തേക്കു ഇറങ്ങാറാണ് അവന്‍റെ പതിവ്, പക്ഷെ ലോഗ് ഔട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യും മുന്നേ അവന്‍റെ ശ്രദ്ധ പുതിയതായി വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റില്‍ പതിഞ്ഞു. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫേസ്ബുക്കില്‍ കയറുന്ന തനിക്കാരാണാവോ റിക്വസ്റ്റ് അയക്കാന്‍ എന്ന വിചാരത്തോടെയാണ് അവന്‍ അത് തുറന്നത്. ധന്യ രമേശ്‌, പേര് അത്ര പരിചിതമല്ലല്ലോ, പുഞ്ചിരി തൂകുന്ന ഒരു കൊച്ചു കുട്ടിയുടെ പടമാണ് ഡി.പി. തന്നെ അറിയാതെ ആരും റിക്വസ്റ്റ് അയക്കില്ലല്ലോ എന്നാ വിശ്വാസത്തോടെ അവന്‍ 'accept ' ബട്ടണില്‍ ക്ലിക്ക് ചെയ്തു, പിന്നെ പതിയെ ആ പ്രൊഫൈലില്‍ കൂടി സഞ്ചരിക്കുവാന്‍ തുടങ്ങി. അവളുടെ സ്ഥലം, പഠിച്ച സ്കൂള്‍ എല്ലാം തന്റേതു തന്നെ, പഠിച്ചിറങ്ങിയ വര്‍ഷവും അത് തന്നെ... അവന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി... പതിയെ അവന്‍ ഫോട്ടോസ് നോക്കി.. ആകെ ഒന്നോ രണ്ടോ ഫോട്ടോസ് മാത്രം.. അതില്‍ ഒരു ഫാമിലി ഫോട്ടോ ഉണ്ട്.. അതെ.. തന്‍റെ സംശയം ശരി തന്നെ... ഇത് അവള്‍ തന്നെ... നീണ്ട 12  വര്‍ഷങ്ങള്‍ക്കു ശേഷം.... 

അതാ ഫേസ്ബുക്ക് മെസഞ്ചര്‍-ഇല്‍ അവള്‍ തന്നെ പിംഗ് ചെയ്യുന്നു....  ഒരു 'ഹലോ' മാത്രം..


അവന്‍ അല്പം നേരം ആലോചിച്ചു.. പിന്നീടു ഒരു 'ഹലോ'   തിരിച്ചു പറഞ്ഞു...

ഉടന്‍ വന്നു അടുത്ത ചോദ്യം, "ഓര്‍മ്മയുണ്ടോ...?"

ആ ഒരു ചോദ്യം അപ്രസക്തമെന്നു പറയണം എന്ന് തോന്നി അവന്.. 
പക്ഷേ "പെട്ടെന്ന് മനസിലായില്ല, പക്ഷേ ഫോട്ടോ കണ്ടപ്പോള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല..." എന്നവന്‍ പറഞ്ഞു.

മറുപടിയായി ഒരു പുഞ്ചിരി മാത്രം...കൂടുതല്‍ സംസാരിക്കാന്‍ അവന്‍ അശക്തനായിരുന്നു... പക്ഷെ അവള്‍ കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ മറുപടി പറയാതിരിക്കാനും കഴിഞ്ഞില്ല.

"എന്നെ തിരിച്ചറിയുമോ എന്ന് സംശയത്തോടെയാണ് ഞാന്‍ ആഡ് ചെയ്തത്...", അവള്‍ പറഞ്ഞു.

"തന്‍റെ ഫോട്ടോ കണ്ടപ്പോള്‍ മനസിലായി...", അവന്‍ മറുപടി നല്‍കി.

"അപ്പോള്‍ എന്നെ ഓര്‍ക്കുന്നുണ്ടായിരുന്നോ?", അവള്‍ ചോദിച്ചു..  അതിലെ ആകാംഷ അവന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

"തന്നെ മറന്നാല്‍ അല്ലേ...", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

മറുവശത്ത് നിന്ന് ഒരു മൂളല്‍ മാത്രം. അവനും നിശബ്ദത പാലിച്ചു...

"വിഷമിക്കേണ്ട... അന്ന് അതിനുള്ള പക്വത ഇല്ലായിരുന്നല്ലോ.. അന്ന് ഞാനും ഒരു പേടി തൊണ്ടി ആയിരുന്നു. ഇന്നുള്ള ധൈര്യം അന്നുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കഥ മാറിയേനെ...", അവള്‍ പറഞ്ഞു.

"പക്വത ഇല്ലാതിരുന്നതല്ല. തന്നെ ഇഷ്ടമാണ് എന്ന് വന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.. തന്നോടുള്ള ഇഷ്ടം, അത് സീരിയസ് ആയിരുന്നു. ഒരിക്കല്‍ പോലും തന്‍റെ മനസ്സില്‍ എന്ത് എന്ന് അറിയുവാന്‍ ഞാന്‍ ശ്രമിച്ചില്ല. അത് എന്റെ തെറ്റ്....", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

"ഒരിക്കല്‍ താനയച്ച ഒരു ന്യൂ ഇയര്‍ കാര്‍ഡ് കിട്ടിയിരുന്നു.. അതില്‍ പക്ഷേ അഡ്രസ്സോ ഫോണ്‍ നമ്പരോ ഉണ്ടായിരുന്നില്ല...", അവള്‍ പറഞ്ഞു.

"അത് മനപൂര്‍വം ആയിരുന്നു... തന്‍റെ റിയാക്ഷന്‍ എന്താകും എന്നറിയില്ലല്ലോ...", അവന്‍ ഒരു ടെന്ഷനോടെ പറഞ്ഞു.

"സാരമില്ല... ഇങ്ങനെ കാണണം എന്നായിരിക്കും വിധി, എന്ന് എനിക്കുള്ള ഇഷ്ടം ഒരിക്കലും പറയാന്‍ പറ്റാതെയിരുന്നെങ്കില്‍ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ലായിരുന്നു.. ഇപ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു...", അവള്‍ പറഞ്ഞു.

അവന്‍ അവിശ്വസനീയതയോടെ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി.. "ദൈവമേ, ഞാനീ കേള്‍ക്കുന്നത് സത്യമോ...?", അവന്‍ മനസ്സില്‍ ചിന്തിച്ചു...
"അപ്പോള്‍ എന്നെ ഇഷ്ടമായിരുന്നു...?", അവന്‍ ഒരു നിഗൂഡമായ സന്തോഷത്തോടെ ചോദിച്ചു.

"ആയിരുന്നു... ഒരു നൂറുവട്ടം.. പക്ഷേ പേടിയായിരുന്നു...", അവള്‍ ഒന്ന് നിര്‍ത്തി. "ജീവിതത്തില്‍ ആദ്യത്തെ ഇഷ്ടം, തെറ്റിദ്ധരിക്കരുത്...അന്ന് പറയാന്‍ പറ്റിയില്ല... അത് കൊണ്ടാണ് ഞാന്‍....", അവള്‍ മുഴുമിപ്പിച്ചില്ല...

തന്‍റെ കവിളുകളിലൂടെ കണ്ണുനീര്‍ ഒലിചിറങ്ങുന്നത് അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്...

"you wont believe, there are tears in my eyes now....", അവന്‍ പറഞ്ഞു...

"ഞാനും അതെ അവസ്ഥയില്‍ തന്നെ...", അവള്‍ മറുപടി പറഞ്ഞു.

"നമ്മള്‍ വീണ്ടും കണ്ടു മുട്ടിയതില്‍ സന്തോഷം, ഫേസ്ബുക്ക് ഉണ്ടായത് നന്നായി...", അവന്‍ സന്തോഷത്തോടെ പറഞ്ഞു.

"താന്‍ വിശ്വസിക്കില്ല.. ഞാന്‍ ഫേസ്ബുക്ക് അക്കൌണ്ട് എടുത്തത് തന്നെ താന്‍ ഒരാളെ ഉദ്ദേശിച്ചാണ്. വേറെ ഒന്നിന്നും അല്ല, അന്നത്തെ എന്റെ മാനസികാവസ്ഥ തന്നോട് ഒന്ന് പറയാന്‍ തന്നോട് ഒരിക്കല്‍ എങ്കിലും സംസാരിക്കണം എന്ന് തോന്നി. ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു..", അവള്‍ പറഞ്ഞു. അതില്‍ ഒരല്പം സങ്കടം നിറഞ്ഞു നില്‍ക്കുന്നുവോ എന്ന് അവന് തോന്നി.

"പ്രൊഫൈല്‍ ഒക്കെ നേരത്തെ ഞാന്‍ കണ്ടു വച്ചിരുന്നു..", അവള്‍ തുടര്‍ന്ന്. "പക്ഷെ ആഡ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു...", അവള്‍ പറഞ്ഞു.

"എന്താ, പണ്ട് നടന്നതില്‍ എനിക്ക് ദേഷ്യമുണ്ടാകും എന്ന് കരുതിയോ? ", അവന്‍ ചോദിച്ചു.ഒരു മൂളല്‍ മാത്രമാണ് മറുപടിയായി വന്നത്.

"ഒരിക്കലുമില്ലെടോ, തന്നോട് എന്ത് പറയണം എന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അത് തന്നെ വിഷമിപ്പിക്കുമോ എന്നും അറിയില്ല. തന്നോട് അന്ന് തോന്നിയ ഇഷ്ടം, ദാ ഇപ്പോഴും അത് പോലെ തെന്നെ എന്‍റെ മനസിന്‍റെ ഒരു കോണിലുണ്ട്. ജീവിതത്തിലെ ആദ്യ ഇഷ്ടം ആയിരുന്നു, തന്നോട്, അത് ഒരിക്കലും മറക്കാന്‍ കഴിയില്ല, ജീവിതകാലം മുഴുവന്‍ അത് കൂടെ കാണും....", അവന്‍ പറഞ്ഞു.

"ഇത്രയും മതി... സന്തോഷമായി..ആ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ ഒരു ഫീല്‍... എന്തോ ഭയങ്കര സന്തോഷം തോന്നുന്നു... ഞാന്‍ പോകട്ടെ.. ഇനി ഇവിടെ ഇരുന്നാല്‍ ശരിയാവില്ല...ഞാന്‍ പോവട്ടെ... പിന്നെ കാണാം....", അവള്‍ പറഞ്ഞു.

ഒരു ബൈ പറയുന്നതിന് മുന്നേ ചാറ്റ് വിന്‍ഡോ ഓഫ് ലൈന്‍ ആയി. അവന്‍ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി തരിച്ചിരുന്നു... ഒരു അവിശ്വസനീയത അവനെ പിടികൂടിയിരുന്നു... 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒക്കെ തന്‍റെ ജീവിതത്തില്‍ സംഭവിക്കുമോ എന്നായിരുന്നു അവന്‍റെ ചിന്ത മുഴുവന്‍... അവന്‍ പതിയെ ക്ലോക്കിലേക്ക് നോക്കി. സമയം പന്ത്രണ്ടര. തെല്ലു നിരാശയോടെ മാക് ബുക്ക് അടച്ചു.. ബെഡിലേക്ക് ചായുമ്പോള്‍ അവന്‍റെ മനസ് 12 വര്‍ഷം പിറകിലേക്ക് സഞ്ചരിച്ചു... പഴയ ഓര്‍മ്മകള്‍ അവന്‍റെ മനസ്സിലേക്ക് വേലിയേറ്റമായി വന്നു... പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു അവന്‍ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..

ശനിയാഴ്ച പതിവ് പോലെ അലാറം അടിച്ചു.... സമയം ഉച്ചക്ക് പന്ത്രണ്ടു മണി.. അവന്‍ പതിയെ എഴുന്നേറ്റു... മുഖം കഴുകി തിരിച്ചു വന്നു... തലേ രാത്രിയിലെ സംഭവങ്ങള്‍ അവന്‍റെ മനസ്സിലേക്ക് വീണ്ടും കടന്നു വന്നു. സന്തോഷമോ സങ്കടമോ, തനിക്കു തോന്നുന്ന വികാരമെന്തെന്നു തിരിച്ചറിയാന്‍ അവന് കഴിഞ്ഞില്ല.. തന്‍റെ മാക് ബുക്ക് തുറന്നു ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു. മേസേജസില്‍ പോയി തലേ രാത്രിയിലെ ചാറ്റിനായി പരതി. തന്‍റെ അവസാനത്തെ ചാറ്റ് ഇന്നേക്ക് നാല് മാസം മുന്നേ തന്‍റെ ഒരു പഴയ സുഹൃത്തുമായാണ്. അപ്പോള്‍ താന്‍ ഇന്നലെ രാത്രി സംസാരിച്ച ചാറ്റ് എവിടെ..? അവന്‍ ഒന്ന് ഞെട്ടി... അവന്‍ പെട്ടെന്ന് തന്‍റെ ഫ്രണ്ട് ലിസ്റ്റ്-ഇല്‍ നോക്കി, ധന്യ രമേശ്‌ എന്ന പേരില്‍ ആരുമില്ല.... അവസാനവട്ട ശ്രമം എന്ന നിലയില്‍ അവന്‍, ഫേസ്ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു, അവിടെയും ധന്യ രമേശ്‌ എന്ന പേരിലുള്ള ആളെ അവന്‍ കണ്ടില്ല... അവന് തല കറങ്ങുന്നത് പോലെ തോന്നി..തനിക്കു എന്താണ് സംഭവിക്കുന്നത്‌... അത് തിരിച്ചറിയാനാവാതെ ഒരു മരവിപ്പോടെ അവന്‍ ഇരുന്നു. പെട്ടെന്ന് അവന്‍റെ ഐഫോണ്‍ ബെല്ലടിച്ചു... അവന്‍ പതിയെ ഫോണ്‍ അറ്റണ്ട് ചെയ്തു ചെവിയോടു ചേര്‍ത്തു, പക്ഷെ സംസാരിക്കുവാന്‍ അവന്‍ മറന്നിരുന്നു... മറു തലക്കല്‍ നിന്ന് ആരോ സംസാരിക്കുന്നുണ്ട്.. പൊടുന്നനെ അവന് സ്ഥലകാലബോധം വന്നു...ആ ശബ്ദം അവന്‍ തിരിച്ചറിഞ്ഞു. അത് അവന്‍റെ ഭാര്യയായിരുന്നു... വിറയാര്‍ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു.... "ഹലോ...."

Monday, August 23, 2010

ഓർമ്മയിലെ രക്ഷാബന്ധൻ....

എന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ ആഘോഷിച്ചത്‌...? ഓർമ്മയില്ല... നാലാം തരത്തിൽ എത്തുന്നതു വരെ രക്ഷാബന്ധൻ എന്ന പരിപാടിയെക്കുറിച്ച്‌ വലിയ വിവരമൊന്നും ഇല്ലായിരുന്നു. അതിന് അടിസ്ഥാനപരമായി ഒരു കാരണവുമുണ്ട്‌. അതുവരെ ഞാൻ പഠിച്ചത് കൃസ്തീയ സഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലാണ്. അവിടെ ഇത്തരം പരിപാടികളെക്കുറിച്ച്‌ ഒരു വിവരവും നൽകില്ല. എന്നാൽ പഠനം സരസ്വതി വിദ്യാഭവനിലേക്കു മാറിയതോടെയാണ് രക്ഷാബന്ധനെന്ന ആഘോഷത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കിട്ടിയത്‌. ഭാരത സംസ്കാരത്തെക്കുറിച്ചും, ഹൈന്ദവതയെക്കുറിച്ചും ചെറുതല്ലാത്ത വിവരങ്ങൾ ലഭ്യമായതും അവിടെ നിന്നു തന്നെ. ഒരു ദിവസം ഉച്ചകഴിഞ്ഞ്, പതിവില്ലാതെ സ്കൂളിൽ അസംബ്ലിക്ക് വിളിച്ചപ്പോൽ ഒന്നു അമ്പരന്നു. എന്താണ് കാര്യം എന്നറിയാതെ ഗ്രൌണ്ടിലെത്തിയപ്പോൾ, അവിടെ സ്കൂളിന്റെ ചില രക്ഷാധികാരികൾ വന്നെത്തിയിരുന്നു. അന്ന് അവിടെ വന്നിരുന്ന രാധാകൃഷ്ണൻ ചേട്ടനിൽ നിന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ എന്നും, രാ‍ഖി എന്നും ആദ്യമായി കേൾക്കുന്നത്‌. ആദ്യം സംഭവം പിടികിട്ടിയില്ലെങ്കിലും പിന്നെ കാര്യങ്ങള്‍ മനസ്സിലായി. എന്റെ കൂടെ പഠിച്ചിരുന്ന ഗണേശ് അയ്യര്‍ രാഖി കെട്ടുന്നതിനെ സംബന്ധിച്ച് പുരാണങ്ങളില്‍ നിന്നുള്ള ഒരു കഥയും പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ദേവാസുര യുദ്ധത്തിനിടയില്‍ .ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രപത്നി ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും, അതിന്റെ ബലത്തിൽ, ഇന്ദ്രൻ അസുരന്മാരെ പരാജയപ്പെടുത്തി, തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭിച്ചുവെന്നാണ് വിശ്വാസം. എന്നാല്‍ പിന്നീടാണ് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് നിലവില്‍ വന്നത്.  രാഖി കെട്ടിക്കഴിഞ്ഞാല്‍, സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനായി മാറുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കണം എന്നാണ്.

എന്നാല്‍ രാഖി എന്നതിനെ അത്തരമൊരു സങ്കല്‍പ്പത്തില്‍ കാണുവാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ചെറുപ്രായം ആയതു കൊണ്ടാവാം. രാഖിയില്‍ എന്നെ ആകര്‍ഷിച്ചത്, ചുവന്ന ചരടില്‍ അല്ലെങ്കില്‍ കാവി ചരടില്‍ പല നിറങ്ങളിലുള്ള പൂക്കള്‍. പലരുടേയും കൈകളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍. കാണാന്‍ തന്നെ ഒരു അഴകായിരുന്നു. ജാതി-മതഭേദമന്യേ അന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ രാഖി കെട്ടിയിരുന്നു. അതു കെട്ടി ഒരു ഗമയില്‍ നടക്കുക എന്നതു തന്നെയായിരുന്നു അതിന്റെ പിന്നിലെ ചേതോവികാരം. എന്നാല്‍ സ്കൂള്‍ മാറിയതോടെ, രാഖി സ്കൂളില്‍ നിന്നും കിട്ടുക എന്നത് അസാധ്യമായി. രാഖി കിട്ടാനുള്ള വഴികള്‍ കണ്ടെത്തുക എന്നതായി പിന്നീടുള്ള ജോലി. ഞാന്‍ പഠിക്കുന്ന സമയത്ത്, സ്കൂള്‍ രാഷ്ട്രീയം നിലവിലുണ്ട്. അന്നൊക്കെ രാഖി ധരിക്കുന്നവരൊക്കെ ആര്‍.എസ്സ്.എസ്സ്കാര്‍ അല്ലെങ്കില്‍ എ.ബി.വി.പിക്കാര്‍ ആണ് എന്നൊരു ധാരണ എല്ലാവരിലും ഉണ്ടായിരുന്നു. ഒരു പക്ഷേ അത് പല അധ്യാപകരിലും ഉണ്ടായിരുന്നു. എന്നാല്‍ രാഖി കെട്ടാതിരിക്കുവാന്‍ എനിക്കതൊരു കാരണമായി മാറിയില്ല. കൂട്ടുകാര്‍ വഴി അന്വേഷിച്ചപ്പോള്‍ ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ വിദ്യാബന്ധന്‍ ആഘോസിക്കുമെന്നും, അവിടെ ചെന്നാല്‍ രാഖി കിട്ടുമെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ അവിടെ പോകുവാന്‍ വീട്ടില്‍ നിന്നും അനുവാദം കിട്ടില്ല. അതിനാല്‍ എനിക്കും രാഖി മേടിച്ചു കൊണ്ടു വരുവാന്‍ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ അവര്‍ കൊണ്ടു വരാതിരിക്കുന്നതും ഒരു പതിവായിരുന്നു. പക്ഷേ ഭാഗ്യം എന്റെ കൂടെയായതിനാല്‍, സ്കൂളിലെ “എ.ബി.വി.പി” അനുഭാവികള്‍ക്കെല്ലാം രാഖി നല്‍കുന്നതിനായി സ്കൂളിന്റെ അടുത്തു തന്നെയുള്ള ഒരു വീട്ടില്‍ വച്ച് രക്ഷാബന്ധന്‍ സംഘടിപ്പിച്ചു. രക്ഷാബന്ധനോടടുത്ത ഒരു ദിവസം ഉച്ചഭക്ഷണ സമയത്താവും അതു നടക്കുക. ഊണു കഴിച്ച ശേഷം, എന്റെ എ.ബി.വി.പി സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും പോയി, രാഖി വാങ്ങി വന്നു. എന്റെ കയ്യില്‍ രാഖി കണ്ടതോടെ അധ്യാപകര്‍ വരെ ചോദിച്ചു, നീയും ആര്‍.എസ്സ്.എസ്സ്കാരനാണോ എന്ന്. അല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തതിനാല്‍ ഒരു ചിരി മാത്രമായിരുന്നു, അതിനുള്ള മറുപടി.

രാഖിയോടുള്ള ഇഷ്ടം കൊണ്ട് സ്കൂളില്‍ പഠിക്കുന്ന കാലമത്രയും, എല്ലാ രക്ഷാബന്ധന്‍ സമയത്തും രാഖി ഞാന്‍ ധരിച്ചിരുന്നു. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള കാലം, പ്ലസ്ടു തലമായാലും, എഞ്ചിനീയറിങ് പഠന കാലമായാലും, ഇതില്‍ നിന്നെല്ലാം എനിക്ക് അകന്നു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സാഹചര്യങ്ങള്‍ അത്തരത്തിലായതിനാലാവാം. പക്ഷേ ഇന്നും കുട്ടികളുടെ കയ്യിലെ രാഖി കാണുമ്പോള്‍, അറിയാതെ ഞാനാ കാലം ഓര്‍ക്കും....

Friday, January 1, 2010

പത്രധര്‍മ്മം എന്നൊന്ന്‌ ഉണ്ടോ?

ഇന്നലെ ജനുവരി 1, പുതുവത്സര ദിനം. പുത്തന്‍ ഉണര്‍വ്വും, പുതിയ പ്രതീക്ഷകളുമായി മലയാളികള്‍ ഒരു പുതുവര്‍ഷത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേറ്റ ദിവസം. മലയാളികളുടെ മുന്നിലേക്ക്‌ ഇന്നലെ രാവിലെ എത്തിയ രണ്ടു പത്രങ്ങളുടെ മുന്‍ പേജാണ് താഴെയുള്ള ഫോട്ടോകളില്‍...

മലയാള മനോരമ

മാത്രുഭൂമി

പുതുവത്സരാശംസകള്‍ നേരുന്നതിനൊപ്പം നമ്മുടെ മുന്നിലേക്കവര്‍ വിളമ്പിയത്‌ ഗ്യാസ്‌ ടാങ്കര്‍ അപകടത്തില്‍ 4 പേര്‍ മരിച്ചതിന്റെ വാര്‍ത്ത, ഉള്‍പേജുകളില്‍ ദുരന്തത്തിന്റെ പല പല ഫോട്ടോകള്‍. മുറിവേറ്റവരുടേയും, പൊള്ളലേറ്റവരുടേയും, മരിച്ചവരുടേയും ഫോട്ടോകള്‍. പരിക്കേറ്റയാളുടെ അറ്റുപോയ കൈ-കാല്‍ വിരലുകളുടെ “ക്ലോസപ്‌“ ഫോട്ടോകള്‍. ഇങ്ങനെ നെഗറ്റിവിറ്റി കേരളീയരുടെ മുന്നിലേക്ക് വിളമ്പുന്നതിലൂടെ എന്ത്‌ ആത്മ സംത്രുപ്തിയാണ് ഇവര്‍ക്ക്‌ ലഭിക്കുക എന്നു മനസ്സിലാവുന്നില്ല. ഒരു പുതുവത്സര ദിനത്തില്‍ ഇത്രയും നെഗറ്റീവായ ന്യൂസുകള്‍ മുന്‍പേജില്‍ കൊടുക്കുന്നത്‌ ശരിയാണോ എന്നൊരു ചോദ്യം ഈ പത്ര കുത്തകകള്‍, മനസാക്ഷി എന്നൊന്ന്‌ ഉണ്ടെങ്കില്‍, അതിനോടൊന്ന്‌ ചോദിക്കുന്നത്‌ നന്നായിരിക്കും. മനോരമയ്ക്കിത്‌ പുതിയ ഏര്‍പ്പാടല്ല, ഒന്നര വര്‍ഷം മുന്നെ, മലയാളികള്‍ക്കൊരു ചിമിട്ടന്‍ വിഷുക്കെണി മനോരമ നല്‍കിയതാണ്. ഇപ്പോഴിതാ മാത്രുഭൂമിയും ആ വഴിയേ. പത്ര രംഗത്തെ ഇവരുടെ മത്സരം എല്ലാ മലയാളികള്‍ക്കും അറിയാവുന്നതാണ്. സെന്‍സേഷണലിസത്തിന്റേ പേരില്‍, പത്രധര്‍മ്മം മറക്കുന്ന ഇത്തരം പത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമോ എന്നത്‌ ചിന്തനീയമാണ്.

Tuesday, December 22, 2009

ഡഗ്ലസ് - മിസ്റ്ററി മാന്‍ (Duglus - Mystery Man)




ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ വന്നതിനു ശേഷം പല വിധം ആളുകളെ കാണുവാനും പരിചയപ്പെടാനുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. നാനാദേശത്തു നിന്നുള്ളവര്‍, പല ഭാഷ സംസാരിക്കുന്നവര്‍. ബാംഗ്ലൂരിന്റെ പ്രത്യേകതയും അതു തന്നെ. പക്ഷെ ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു വ്യക്തിയെ പരിചയപ്പെട്ടു, പേര് ഡഗ്ലസ്സ്‌. പേരു കേട്ടിട്ടൊരു ഗോവന്‍ ടച്ച്‌ ഉണ്ടല്ലേ? എന്നാല്‍ ഇയാള്‍ ബാംഗ്ലൂരില്‍ ജനിച്ച വ്യക്തി തന്നെയാണ്. പുതിയ ഫ്ലാറ്റിലേക്ക്‌ ഈയിടെയാണ് ഞാന്‍ മാറിയത്‌. അവിടെ എന്തു സഹായത്തിനും ഒരു സെക്യൂരിറ്റി ഉണ്ടെന്നാണ് ഫ്ലാറ്റുടമ പറഞ്ഞത്‌. അയാളുടെ പേര് വെങ്കിടേശ്വര എന്നാണ്. ആളൊരു തെലുങ്കനാണ്. തെലുങ്കും മുറി ഹിന്ദിയുമൊഴിച്ച്‌ അയാള്‍ക്ക് വേറെ ഒരു ഭാഷയും അറിയില്ല. അതു കൊണ്ടു തന്നെ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അയാളുമായി സംസാരിക്കാന്‍ ഊമകളുടെ ഭാഷ പഠിക്കണമോ എന്നാലോചിച്ചിരിക്കുമ്പോള്‍, ഒരു ദിവസം ഓഫീസില്‍ നിന്ന്‌ ഫ്ലാറ്റിലെത്തിയപ്പോള്‍ ഗേറ്റില്‍ ഒരു ചെറുപുഞ്ചിരിയുമായി പുതിയ ഒരു സെക്യൂരിറ്റി. കാര്‍ പാര്‍ക്ക്‌ ചെയ്തു ലിഫ്റ്റിന്റെ അടുത്തേക്കു നടന്നപ്പോള്‍, അയാളതാ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നു. ഞാന്‍ അടുത്തെത്തിയ ഉടനെ ഒരു ചെറു ചിരിയോടെ ഗുഡ്‌ ഈവനിങ്‌ സാര്‍ എന്നു പറഞ്ഞ്‌ എനിക്കായി വഴിമാറി തന്നു. ഞാനും ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഗുഡ്‌ ഈവനിങ്‌ പറഞ്ഞ്‌ ലിഫ്റ്റില്‍ കയറി. ലിഫ്റ്റിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഇനി ഇയാളോടു സംസാരിക്കാന്‍ ഞാന്‍ എതു ഭാഷ പഠിക്കേണ്ടി വരുമോ എന്നാലോചിക്കുകയായിരുന്നു ഞാന്‍. പിറ്റെ ദിവസം രാവിലെ അയാളെ അവിടെ കണ്ടില്ല. നൈറ്റ്‌ ഡ്യൂട്ടി മാത്രമാകുമെന്ന്‌ ഞാന്‍ ഊഹിച്ചു. പിന്നീടുള്ള വൈകുന്നേരങ്ങളില്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ഞായറാഴ്ച, എന്തോ ആവശ്യത്തിന് ഞാന്‍ വെങ്കിടേശ്വരയെ കാണാന്‍ ചെന്നു, ചെന്നപ്പോള്‍ ഇയാളും അവിടെയുണ്ട്‌. ഞാന്‍ പല തവണ കാര്യങ്ങള്‍ ഹിന്ദിയില്‍ പറഞ്ഞിട്ടും വെങ്കിടേശ്വരയ്ക്ക്‌ ഒന്നും മനസ്സിലായില്ല. അവസാനം എന്റെ ടെമ്പറു തെറ്റുന്ന അവസ്ഥയില്‍ എത്തി. പെട്ടെന്ന്‌, അത്രയും നേരം നിശബ്ദനായിരുന്ന മറ്റെയാള്‍, “ഹീ ഇസ് നോട്ട്‌ അണ്ടര്‍ സ്റ്റാന്‍ഡിങ്‌, വാട്ട്‌ യു ആര്‍ സെയിങ്? ടെല്‍ മീ സാര്‍ ഐ വില്‍ ടെല്‍ ഹിം.” എന്നു പറഞ്ഞു. ഞാന്‍ ഒന്നമ്പരുന്നു. കാര്യങ്ങള്‍ അയാളോടു പറഞ്ഞു മനസ്സിലാക്കിയതു കൊണ്ടു രക്ഷപ്പെട്ടു.

പിന്നീട്‌ പലപ്പോഴായി ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങി. ഏകദേശം ഒരു 50 വയസ്സിലധികം പ്രായം വരും. സൌമ്യമായ പെരുമാറ്റം. ഒരു സെക്യൂരിറ്റിക്ക്‌ ഉണ്ടാകുന്നതിനേക്കാള്‍ നല്ല ഇംഗ്ലീഷ്‌ ഭാഷാ നൈപുണ്യം. എല്ലാവരേയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യും. ദീപാവലി ദിവസം, ഫ്ലാറ്റില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ദീപങ്ങള്‍ തെളിയിക്കുവാനും, കുട്ടികള്‍ക്ക്‌ പടക്കങ്ങള്‍ എടുത്തു കൊടുക്കുവാനും പൊട്ടിക്കുവാനും സഹായിച്ചു കൊണ്ട്‌ അയാളും അവിടെ ഉണ്ടായിരുന്നു. ആ ആഴ്ചയിലൊരു ദിവസം ഞാന്‍ അല്പം താമസിച്ചാണ് ഫ്ലാറ്റില്‍ എത്തിയത്‌. കാര്‍ ഗേറ്റിലെത്തിയപ്പോഴേക്കും ഓടി വന്ന്‌ അയാള്‍ ഗേറ്റ്‌ തുറന്നു തന്നു. ഞാന്‍ അയാളെയൊന്ന്‌ പരിചയപ്പെടുവാന്‍ തീരുമാനിച്ചു. പതിവു പോലെ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ച്‌ അയാള്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അയാള്‍ എന്നെ വിഷ്‌ ചെയ്തതും ഞാന്‍ ചോദിച്ചു, “എന്താണ് പേര്?”
ഒരു പുഞ്ചിരിയോടെ ഉടനടി മറുപടി വന്നു, “ഡഗ്ലസ്‌ സാര്‍”.
“എവിടെയാണ് വീട്‌? ബാംഗ്ലൂര്‍ ആണോ അതോ ഗോവയാണോ?”, ഞാന്‍ ചോദിച്ചു
ആദ്യം ഒരു ചിരിയാണ് മറുപടിയായി വന്നത്‌. പിന്നെ പതുക്കെ അയാള്‍ പറഞ്ഞു, “എല്ലാവരും എന്നോട്‌ ഗോവയില്‍ നിന്നാണോ എന്നു ചോദിക്കാറുണ്ട്‌. എന്റെ വീട്‌ ബാംഗ്ലൂര്‍ തന്നെയാണ്”
ഞാന്‍ ഒന്നു ചിരിച്ചു എന്നിട്ടു ചോദിച്ചു, “നൈറ്റ്‌ ഡ്യൂട്ടി മാത്രമെ ഉള്ളോ?”,
“അതെ സാര്‍, പകല്‍ ഞാനിവിടെ ഔട്ട്‌ ഹൌസില്‍ ഉണ്ടാകും”, അയാള്‍ പറഞ്ഞു.
“അപ്പോള്‍ ആഴ്ചയില്‍ ഒരിക്കലേ വീട്ടില്‍ പോകൂ?”,ഞാന്‍ വീണ്ടും ചോദിച്ചു.
അയാല്‍ ഒരല്പം സമയത്തേക്ക്‌ നിശബ്ദനായി. ഞാന്‍ ഉത്തരത്തിനായി അയാളുടെ മുഖത്തേക്ക്‌ നോക്കി.
“ഞാന്‍ ഒരു അനാഥനാണ് സാര്‍. എന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു.”, അയാള്‍ പറഞ്ഞു.
അപ്പോഴേക്കും അടുത്ത കാര്‍ വന്ന്‌ ഹോണ്‍ മുഴക്കിക്കഴിഞ്ഞിരുന്നു.  ഞാന്‍ അയാളോടൊരു സോറി പറഞ്ഞു. അതിന്റെ ആവശ്യമില്ല സാര്‍ എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിലേക്കോടി. ഞാന്‍ ലിഫ്റ്റില്‍ കയറി എന്റെ ഫ്ലാറ്റിലേക്കും.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഒരു വൈകുന്നേരം ഞാന്‍ ഫ്ലാറ്റില്‍ എത്തുമ്പോള്‍ പതിവില്ലാതെ വെങ്കിടേശ്വരയാണ് ഗേറ്റ്‌ തുറന്നത്‌. കാര്‍ പാര്‍ക്ക്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളോടു ചോദിച്ചു ഡഗ്ലസ്‌ എവിടെ എന്ന്‌. അയാള്‍ വീട്ടില്‍ പോയി എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിനടുത്തേക്ക്‌ നടന്നു. രണ്ടു ദിവസത്തേക്കു പിന്നെ ഡഗ്ലസിനെ കണ്ടതേയില്ല. എന്നാല്‍ മൂന്നാം ദിവസം ഞാന്‍ ഫ്ലാറ്റിലെത്തുമ്പോള്‍ ഗേറ്റു തുറന്നത്‌ ഡഗ്ലസ്സായിരുന്നു. കാര്‍ പാര്‍ക്കു ചെയ്ത്‌ ലിഫ്റ്റിനടുത്തെതിയപ്പോല്‍ അയാല്‍ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയോടെ എന്നെ വിഷ്‌ ചെയ്തു.
“ഗുഡ്‌ ഈവനിങ്‌, രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ?”, ഞാന്‍ ചോദിച്ചു.
“ഞാന്‍ വീട്ടില്‍ പോയിരുന്നു സാര്‍”, ഡഗ്സസ്‌ മറുപടി പറഞ്ഞു.
“എവിടെയാണത്‌? ബാംഗ്ലൂരില്‍ തന്നെ അല്ലെ?’, ഞാന്‍ ചോദിച്ചു.
“അതെ സാര്‍, ഫ്രേസര്‍ ടൌണ്‍. അവിടെ ആരുമില്ല. ഇടയ്ക്കു ഞാന്‍ പോയി നോക്കും.”, അയാള്‍ മറുപടിയും പറഞ്ഞു.
അയാളോടു ബൈ പറഞ്ഞ്‌ ഞാന്‍ ലിഫ്റ്റിലേക്കു കയറി.

കുറച്ചു സമയത്തിനു ശേഷം, എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കുവാനായി ഞാന്‍ പുറത്തേക്കിറങ്ങി. അടുത്തു തന്നെ ഒരു മലയാളിയുടെ കടയുണ്ടായിരുന്നതിനാല്‍, കാറെടുക്കതെ ഞാന്‍ നടന്നാണ് പോയത്‌. തിരിച്ചെത്തിയപ്പോള്‍ കുശലാന്വേഷണവുമായി ഡഗ്ലസ്‌ അവിടെയുണ്ടായിരുന്നു. അയാളെ കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ അതു തന്നെ അവസരം എന്നു കരുതിയതിനാല്‍ ഞാന്‍ വെറുതെ അയാളുമായി സംസാരിച്ചു തുടങ്ങി.
“വളരെക്കാലമായി ഇവിടെയാണോ?”, ഞാന്‍ ചോദിച്ചു.
“അല്ല സാര്‍, രണ്ടു മാസമേ ആയുള്ളൂ. ഇതിനു മുന്നെ വൈറ്റ്‌ ഫീല്‍ഡില്‍ ആയിരുന്നു.”, അയാള്‍ പറഞ്ഞു.
“അവിടെ എന്തു ചെയ്യുകയായിരുന്നു?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“സാര്‍, സെക്യൂരിറ്റി തന്നെയായിരുന്നു. ഞങ്ങളുടെ കമ്പനി ആദ്യം എന്നെ നിയമിച്ചത്‌ അവിടെയായിരുന്നു. പിന്നെയാണ് ഇവിടെ എത്തിയത്‌.”, അയാള്‍ പറഞ്ഞു.
“ഓഹോ... അപ്പോല്‍ ഫ്ലാറ്റ്‌ ഉടമ നിയമിച്ചതല്ല.”, ഞാന്‍ പറഞ്ഞു.
“അല്ല സാര്‍. ഞാനും വെങ്കിടേശ്വരയുമെല്ലാം ഈ സെക്യൂരിറ്റി കമ്പനി നിയമിച്ചവരാണ്.”, അയാള്‍ പറഞ്ഞു.
“നൈറ്റ്‌ ഡ്യൂട്ടി വളരെ ശ്രമകരമാണോ?”, ഞാന്‍ വീണ്ടും ചോദിച്ചു.
“ജോലി വലിയ പാടൊന്നുമില്ല സാര്‍, ഞാന്‍ ഇതിനോട്‌ പരിചയിച്ചു കഴിഞ്ഞു. പക്ഷേ ശമ്പളം, അതു വളരെ കുറവാണ്. കഷ്ടിച്ചു ജീവിക്കാനുള്ളതേ ഇപ്പോല്‍ കിട്ടുന്നുള്ളൂ.”, അയാള്‍ പറഞ്ഞു. ആ വാക്കുകളില്‍ ഒരു ദുഖം നിറഞ്ഞിരുന്നോ, അയാളുടെ ശബ്ദം ഇടറിയിരുന്നോ എനിക്കൊരു സംശയം തോന്നി. ഞാന്‍ ചിന്തിച്ചു നില്‍ക്കേ, അയാള്‍ തൂടര്‍ന്നു. “മാസം, 2000 രൂപ മാത്രമേ നല്‍കുന്നുള്ളൂ. അതിപ്പോല്‍ ഭക്ഷണത്തിനു പോലും തികയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഈ ആഴ്ച അവര്‍ തരുമെന്നാണ് പറഞ്ഞിരിക്കുന്നത്‌. അതു ദൈവത്തിനു മാത്രമേ അറിയൂ.”
“നിങ്ങള്‍ കമ്പനിയോടു ചോദിച്ചില്ലേ?”, ഞാന്‍ ചോദിച്ചു.
“ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഈ ആഴ്ച കിട്ടുമെന്നാണ്. നോക്കട്ടേ എന്താവുമെന്ന്‌.”, അയാള്‍ പറഞ്ഞു
“വളരെ നാളായോ ഈ കമ്പനിയില്‍ ജോലി നോക്കുന്നു?”, വീണ്ടും ഞാന്‍ ചോദിച്ചു.
“ഇപ്പോല്‍ ആറു മാസത്തില്‍ താഴയേ ആയുള്ളൂ.. പക്ഷേ ശമ്പളം കിട്ടുന്നില്ല എങ്കില്‍ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.”, അയാള്‍ ഒരല്പം പരിഭവത്തോടെ പറഞ്ഞു.
“അപ്പോള്‍ അതിനു മുന്നെ...?”, ഞാന്‍ ചോദിച്ചു.
“അതൊരു വലിയ കഥയാണ് സാര്‍, വളരെയധികം സമയമെടുക്കും. പിന്നീടൊരിക്കല്‍ പറയാം.”, അയള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എനിക്കിപ്പോള്‍ സമയമുണ്ട്‌.”, ഒരു ചിരിയോടു കൂടി ഞാനും പറഞ്ഞു.



ഒരു ചെറിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി....

ഡഗ്ലസ്‌ ജനിച്ചത്‌ ബാംഗ്ലൂര്‍ തന്നെയാണ്‌. അയാളുടെ അച്ഛന്‍ ഒരു കമ്പനിയിലെ ജോലിക്കാരനായിരുന്നു, അമ്മ വീട്ടമ്മയും. ഡഗ്ലസ്സിന് 2 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അതിനു ശേഷം അയാളുടെ അച്ഛന്‍ ഒരു സ്ഥിരം മദ്യപാനിയായി. അഞ്ചു വയസ്സു തികയുന്നതിനു മുന്നെ, അച്ഛനും മരിച്ചതോടെ അനാഥനായി മാറി അയാള്‍. ബന്ധുക്കള്‍ ആരും അയാളെ ഏറ്റടുക്കാന്‍ വന്നില്ല. ഒടുവില്‍, അടുത്തുള്ള പള്ളിയിലെ പാതിരി ഡഗ്ലസ്സിനെ കൂട്ടിക്കൊണ്ടു പോയി. പള്ളിയോടു ചേര്‍ന്നു നടത്തിയിരുന്ന സെന്റ്.സ്റ്റീഫന്‍സ്‌ ഓര്‍ഫണേജില്‍ മറ്റ്‌ അനാഥക്കുട്ടികളോടൊപ്പം അയാളും കഴിഞ്ഞു. അനാഥാലയത്തിന്റെ ചിലവില്‍, അയാള്‍ പത്താം ക്ലാസ്‌ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള പഠനം നടന്നില്ല കാരണം പത്താം ക്ലാസ്‌ കഴിഞ്ഞതും, അയാള്‍ ജോലി അന്വേഷിച്ചിറങ്ങി. ജോലിയന്വേഷിച്ചിറങ്ങിയ അയാള്‍ എന്തു ജോലിയും ചെയ്യുവാന്‍ തയ്യാറായിരുന്നു. ആദ്യം ഒരു പലചരക്കു കടയിലും പിന്നെ ഒരു പെട്രോള്‍ പമ്പിലും അയാള്‍ ജോലി നോക്കി. മൂന്നു വര്‍ഷത്തോളം ജോലി നോക്കിയിട്ടും പച്ച പിടിക്കാതിരുന്നതിനാല്‍, അയാള്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ ബാറിലെ സപ്ലയര്‍ ജോലിയില്‍ പ്രവേശിച്ചു. അത്‌ അയാളുടെ ജീവിതത്തിലെ ഒരു ടേണിങ്‌ പോയിന്റാവുമെന്ന്‌ അയാള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അവിടെ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം അയാള്‍ അവിടുത്തെ ഒരു കസ്റ്റമറെ പരിചയപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിയോടെ എത്തി, ഒരു ജോണി വാക്കര്‍ വാങ്ങി, ഒരു ചുരുട്ടു വലിച്ചു പോകുന്ന ഒരു ഗോവക്കാരന്‍ ഡിസൂസ. ബാറിലെ ജോലിയും അത്ര സുഖകരമായി പോകാത്തതിനാല്‍ വിഷമിച്ചിരുന്ന ഡഗ്ലസ്സിന്റെ മുന്നിലേക്ക്‌ ഒരു ദൈവദൂതനെ പോലെയാണ് ഡിസൂസ എത്തിയത്‌. ഗോവയില്‍ സ്വന്തമായി ബിസിനസ്സു ചെയ്യുന്ന ഡിസൂസയോട്‌ അടുത്തതു തന്നെ ഒരു നല്ല ജോലി ഒപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ആ സൌഹ്രുദം വളര്‍ന്നതോടെ, ഡിസൂസ അയാളെ ഗോവയിലേക്ക്‌ ക്ഷണിച്ചു, നല്ലൊരു ജോലിയും ഓഫര്‍ ചെയ്തു.

ഗോവയില്‍ ഡഗ്ലസ്സിന് ലഭിച്ചത്‌ ഒരു ഡാന്‍സ്‌ ബാറിലെ വെയിറ്ററുടെ ജോലിയാണ്. പക്ഷേ നല്ല ശമ്പളവും, ഭക്ഷണവും, താമസ സൌകര്യവും ലഭിച്ചതോടെ അയാള്‍ അവിടെ തന്നെ താമസമാക്കി. എന്നാല്‍, അവിടെ നിന്നും ഡിസൂസ എന്ന വ്യക്തിയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ഗോവയിലെ പ്രമുഖനായ ഒരു അധോലകസംഘത്തിലെ മുതിര്‍ന്ന അംഗം. പ്രധാന ജോലി സ്വര്‍ണ്ണ കള്ളക്കടത്ത്‌. അയാളുടെ തന്നെ ഡാന്‍സ് ബാറിലാണ് ഡഗ്ലസ്സിന് ജോലി കൊടുത്തതും. അയാളുടെ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രവും അതു തന്നെ ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഡിസൂസയുടെ വിശ്വസ്തമായി മാറിയ ഡഗ്ലസ്സിനെ അയാള്‍ തന്റെ ബിസിനസ്സിലും ഉള്‍പ്പെടുത്തി. ആ യുവരക്തത്തെ ഫലപ്രദമായി ഉപയോഗിച്ച ഡിസൂസ, ഡഗ്ലസ്സിലൂടെ പല നേട്ടങ്ങളും ഉണ്ടാക്കി. ഡിസൂസയുടെ പാര്‍ട്ട്‌ണര്‍ എന്ന  നിലയിലേക്ക്‌ ഡഗ്ലസ്സ്‌ വളരുന്നതിനിടയിലാണ്, അയാളുടെ സംഘത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, ഡിസൂസ ഒരു അപകടത്തില്‍ കൊല്ലപ്പെടുന്നതും. ആ അവസരം മുതലാക്കി, അവരുടെ സംഘത്തിന്റെ മുഖ്യ എതിരാളികളായിരുന്നു റൊസാരിയോ ഗ്രൂപ്പ്‌ അവരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആ‍രംഭിച്ചു. ഡിസൂസയുടെ സംഘത്തിലെ പലരും തെരുവുകളില്‍ കൊല്ലപ്പെട്ടു. പക്ഷേ റൊസാരിയോ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ആനന്ദ്‌ ഗൌഡ, ഡഗ്ലസ്സിന്റെ കഴിവുകള്‍ മനസ്സിലാക്കി, അയാളെ ആ ഗ്രൂപ്പിലേക്ക്‌ ചേര്‍ത്തു. ജീവനു തന്നെ ഭീഷണിയുണ്ടായിരുന്ന സമയത്ത്‌, ആ അഭയം ഡഗ്ലസ്സിന് ഒരു അനുഗ്രഹമായിരുന്നു. തന്റെ കഴിവുകള്‍ക്കൊണ്ട്‌ ആ ഗ്രൂപ്പിലും ഡിസൂസ നല്ല നിലയിലേക്ക്‌ ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ ബിസിനസ്സില്‍ മാത്രമായിരുന്നില്ല റൊസാരിയോ ഗ്രൂപ്പ്‌ ഇടപെട്ടിരുന്നത്, മയക്കു മരുന്നിന്റെ പ്രമുഖ ഏജന്റുമാര്‍ ആയിരുന്നു അവര്‍. എന്നാല്‍ ആനന്ദ്‌ ഗൌഡയുടെ സഹായത്തൊടെ സ്വര്‍ണ്ണക്കടത്തില്‍ മാത്രമായി ഡഗ്ലസ്സ് ഒതുങ്ങി, പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഗോവന്‍ പോലീസ്‌ ഈ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വീണ്ടും ഗോവന്‍ തെരുവുകളില്‍ ചോരയൊഴുകി. ജീവന്‍ രക്ഷിക്കാനായി ആനന്ദ്‌ ഗൌഡ ബാംഗ്ലൂരിലേക്ക്‌ പലായനം ചെയ്തു. അതോടെ ഡഗ്ലസ്സിനും ഗോവയോട്‌ വിടപറയാതെ നിവര്‍ത്തി ഇല്ലാതായി. അയാള്‍ നേരെ പോയത്‌ ബോംബെയ്ക്കായിരുന്നു.

സ്വര്‍ണ്ണത്തിന്റെ ബിസിനസ്സ്‌ ചെയ്തിരുന്ന കാലത്തെ പരിചയത്തിന്റെ പേരില്‍, ബോംബെയില്‍ ഒരു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചു, മാനസികമായി അധോലകവുമായി അകലം പാലിച്ചതിനാല്‍ ആ വഴിയിലേക്ക്‌ അയാള്‍ തിരിഞ്ഞില്ല. ഒടുവില്‍ ഒരു ഏജന്റിന്റെ സഹായത്തോടെ അയാള്‍ സൌദിയിലേക്ക് കടന്നു. അവിടെ രണ്ടു വര്‍ഷം അറബികളുടെ എണ്ണപ്പാടത്ത്‌ ജോലി നോക്കി. കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതോടെ ഏകദേശം നാലു വര്‍ഷത്തോളം അവിടെ ജോലി നോക്കി. എന്നാല്‍ വിസയുടെ പ്രശ്നം വന്നതോടെ സ്മ്പാദ്യമെല്ലാം അവിടെ ഉപേക്ഷിച്ച്‌ പൊതു മാപ്പു വാങ്ങി, തിരിച്ചു പോരേണ്ടി വന്നു. തിരിച്ചു ബോംബെയിലെത്തി, രണ്ടു വര്‍ഷത്തോളം ചെറിയ ജോലികളുമായി കഴിഞ്ഞു. എന്നാല്‍ അതു കൊണ്ട്‌ പിടിച്ചു നിലക്കാനാവില്ല എന്നു വന്നതോടെ, ഗോവയ്ക്കു മടങ്ങിയാലോ എന്നായി ആലോചന. പക്ഷേ ജീവഭയം ഉള്ളതിനാല്‍, അയാള്‍ ഗോവയ്ക്കു പോകാതെ ബാംഗ്ലൂര്‍ക്കു പോന്നു, ആനന്ദ്‌ ഗൌഡയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ വരവ്‌. എന്നാല്‍ അത് പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. ഏകദേശം ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, അയാള്‍ ഗൌഡയെ കണ്ടെത്തി. കള്ളക്കടത്തെല്ലാം ഉപേക്ഷിച്ച്‌, ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗൌഡയ്ക്ക്‌ ഡഗ്ലസ്സിനെ സാമ്പത്തികമായി സഹായിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജീവിക്കാനായി എന്തും ചെയ്യാം എന്ന മനോഭാവമുണ്ടായിരുന്ന ഡഗ്ലസ്സിനെ അയാള്‍ ഒരു സ്വര്‍ണ്ണക്കടത്തുകാരന് പരിചയപ്പെടുത്തി. സ്വര്‍ണ്ണവുമായി, വിവിധ സ്ഥലങ്ങളിലേക്ക്‌ പോകുക, ആവശ്യക്കാരന് നല്‍കുക എന്നതായിരുന്നു ജോലി, റിസ്ജ്‌ കൂടിയ ജോലി ആയിരുന്നതിനാല്‍ കിട്ടിയിരുന്ന പ്രതിഫലവും വളരെയധികമായിരുന്നു. അതില്‍ ശോഭിച്ചതോടെ, ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെ ഒരു പ്രധാന സ്വര്‍ണ്ണ ഏജന്റായി മാറി. ഒറ്റയ്ക്ക്‌ എല്ലാം കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, അയാള്‍ക്ക്‌ സഹായികളും ഉണ്ടായി. വളരെയധികം പണം സമ്പാദിച്ച അവര്‍, പക്ഷേ ഒന്നും എവിടേയും നിക്ഷേപിച്ചില്ല. പണമെല്ലാം പല സ്ഥലങ്ങളിലായി സൂക്ഷിക്കുകയായിരുന്നു പതിവ്‌. ഒരു തവണ കേരളത്തിലേക്ക്‌ സ്വര്‍ണ്ണവുമായി പോയ ഡഗ്ലസ്സിനെ പോലീസ്‌ പിന്തുടര്‍ന്നു. എന്നാല്‍ അവരെ വെട്ടിച്ച്‌ സമര്‍ത്ഥമായി രക്ഷപെട്ട ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേക്കും, അതുവരെ സമ്പാദിച്ച പണവുമായി കൂടെയുള്ളവര്‍ കടന്നിരുന്നു. വിശ്വസിച്ചവര്‍ ചതിച്ചപ്പോള്‍, പണക്കാരനില്‍ നിന്നും ഒന്നുമില്ലാത്തവനിലേക്കുള്ള മാറ്റം ഒരു രാത്രി കൊണ്ടായിരുന്നു. സമ്പാദിച്ച പണം, സ്ഥലങ്ങള്‍ വാങ്ങി നിക്ഷേപിക്കുവാന്‍ പല തവണ ഉപദേശിച്ചിരുന്നു ഗൌഡ. അയാളെ വീണ്ടും സഹായിക്കാന്‍ ഗൌഡ തയാറുമായിരുന്നു. എന്നാല്‍ ആ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കാനാഗ്രഹിച്ച ഡഗ്ലസ്സ്‌ വീണ്ടും ബാര്‍ ഹോട്ടലിലെ സപ്ലയറായി. പിന്നീട്‌ 10 വര്‍ഷത്തോളം അയാള്‍ പല പല ബാറുകളിലായി ജോലി നോക്കി. ഒടുവിലാ ജോലി മടുത്തപ്പോള്‍, കൊറിയര്‍ ബോയി ആയും, പെട്രോള്‍ ബങ്കിലുമെല്ലാം അയാള്‍ ജോലി നോക്കി. ഒടുവില്‍ അയാള്‍ സെക്യൂരിറ്റി സര്‍വീസില്‍ ചേര്‍ന്നു. അങ്ങനെയാണയാള്‍ എന്റെ ഫ്ലാറ്റില്‍ എത്തുന്നത്‌.

സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു. കണ്ണുകള്‍ തുടച്ച്‌ മുഖത്തൊരു പുഞ്ചിരി വരുത്തി. എന്നിട്ടയാള്‍ പറഞ്ഞു. “ഇതാണ് സാര്‍ എന്റെ കഥ. ഞാനൊരു ക്രിമിനലാണെന്ന്‌ സാറിനിപ്പോള്‍ തോന്നുന്നുണ്ടോ? “, അയാള്‍ ചോദിച്ചു.
“ഏയ്‌...അങ്ങനെ ഒന്നും ഇല്ല...”, ഞാന്‍ പറഞ്ഞു.
“ഞാന്‍ എന്റെ കഥ ആരോടെങ്കിലും പറഞ്ഞാല്‍ പിന്നെ എന്റെ ജോലിയും പോകും...ആദ്യമായി ആണ് ഞാന്‍ ഒരാളോട് ഇതൊക്കെ പറയുന്നത്‌...”, അയാള്‍ പറഞ്ഞു.
ഞാന്‍ പതിയെ അയാളുടെ മുഖത്തേക്ക്‌ നോക്കി.
“കറങ്ങി നടന്ന സമയത്ത്‌, പണം മാത്രമായിരുന്നു ലക്ഷ്യം. അന്നൊരു കല്യാണം പോലും കഴിച്ചില്ല. അതു കൊണ്ടിപ്പോള്‍ ഒറ്റത്തടി. സുഖം, ആരേയും നോക്കേണ്ട...?”, അയാള്‍ പറഞ്ഞു. “ഇപ്പോള്‍ ആ പണവും ഇല്ല....” അയാള്‍ തുടര്‍ന്നു.
“അതൊക്കെ ശരിയാകും....”, ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു...
“ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്നും പോകും, ഞാന്‍ പറഞ്ഞിരുന്നില്ലേ ശമ്പളം ലഭിക്കുന്നില്ല എന്ന്‌? ഇവിടെ തുടരാന്‍ വളരെ പാ‍ടാണ്...”, അയാള്‍ പറഞ്ഞു.
“എങ്ങോട്ടു പോകും..?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“അറിയില്ല സാര്‍, കുറച്ചു കൂടി നല്ല ജോലി കണ്ടു പിടിക്കണം.”, അയാള്‍ പറഞ്ഞു. “സാറിന്റെ നമ്പര്‍ തരണേ? ഞാന്‍ വിളീക്കാം”, അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ നല്‍കി. “ഞാന്‍ പോകുമെന്ന്‌ ഉറപ്പില്ലാ, ഞാന്‍ സൂചിപ്പിച്ചെന്നേയുള്ളൂ...”, അയാള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
“നിങ്ങളുടെ നമ്പര്‍?”, ഞാന്‍ ചോദിച്ചു
“എനിക്ക്‌ മൊബൈലില്ല സാര്‍...”, അയാള്‍ പറഞ്ഞു.
“ശരി... അപ്പോള്‍ നാളെ കാണാം... ഗൂഡ്‌ നൈറ്റ്‌...”, ഞാന്‍ പറഞ്ഞു.
“ഗൂഡ്‌ നൈറ്റ്‌ സാര്‍.... നാളെ കാണാം...”, അയാള്‍ പറഞ്ഞു...

അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക്‌ പോകുമ്പോള്‍ വെങ്കിടേശ്വര  ആണ് ഡ്യൂട്ടിയില്‍. വൈകിട്ട്‌ തിരികെ എത്തിയപ്പോള്‍ അപ്പോഴും വെങ്കിടേശ്വര തന്നെയാണ്  ഡ്യൂട്ടിയില്‍. ഞാന്‍ അയാളോടു തിരക്കിയപ്പോള്‍ ഡഗ്ലസ്സ്‌ പോയി എന്നു പറഞ്ഞു. അതൊരു ഷോക്കായിരുന്നു. എങ്ങോട്ടാണ് അയാള്‍ പോയതെന്ന്‌ ഞാന്‍ ചോദിച്ചു. പക്ഷേ, വെങ്കിടേശ്വരയ്ക്ക്‌ അതിനെക്കുറിച്ച്‌ യാതോരു അറിവും ഇല്ല. സ്വന്തമായി മൊബൈല്‍ ഇല്ലാത്തെ മനുഷ്യനെ കണ്ടെത്താനാവും എന്ന്‌ എനിക്കൊരു പ്രതീക്ഷയും ഇല്ല. ഈ സംഭവം കഴിഞ്ഞിട്ട്‌ 2 മാസമായി. ഇപ്പോഴും പരിചയമില്ലാത്ത നമ്പറില്‍ നിന്നു കോളുകള്‍ വരുമ്പോള്‍ ഞാന്‍ ഒരു നിമിഷം ആഗ്രഹിക്കും, അതു ഡഗ്ലസ്സ്‌ ആയിരുന്നെങ്കില്‍ എന്ന്......

Monday, August 10, 2009

ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌...


മലയാളികളെ ഓണം എന്താണെന്ന്‌ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. മലയാളികളുടെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി ആഘോഷിച്ചു പോരുന്ന ഒരുത്സവമാണ് ഓണം. ജനിച്ചു വീണപ്പോള്‍ മുതല്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഒന്നാണത്‌. ഓണം എന്നത്‌ ഒരു നൊസ്റ്റാള്‍ജിക്‌ ഓര്‍മ്മയായി മാറുന്ന കാലം വിദൂരമല്ല... എന്റെ കുട്ടിക്കാലത്തെ ഒരു ഓണക്കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌....

പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം, അന്നൊക്കെ ഓണം എന്നാല്‍ സ്കൂള്‍ തുറന്നാല്‍ ആദ്യമായി കിട്ടുന്ന പരോള്‍ ദിവസങ്ങളാണ്. പരീക്ഷാ ചൂടില്‍ നിന്നും മാറി നിന്ന്‌, കളിക്കാനും ഓണക്കോടി വാങ്ങാനും പിന്നെ അമ്മയുടെ തറവാട്ടില്‍ പോകാനുമെല്ലാം കിട്ടുന്ന അവസരം. അതു മാത്രമോ, ബന്ധുക്കളെല്ലാവരും വരും, ഓണക്കോടികള്‍ കിട്ടും, സമപ്രായക്കാര കുട്ടികള്‍ വരും... പിന്നെ ഞങ്ങളുടെ ലോകം... ഞങ്ങളുടെ ദിനങ്ങള്‍.. ഇതിനിടയില്‍ ഭാഗ്യമുണ്ടെങ്കില്‍ തീയേറ്ററില്‍ പോയി ഒരു സിനിമ... അതോടെ ഓണം കുശാല്‍... ടെലിവിഷനും ക്രിക്കറ്റും അത്ര തലക്കു പിടിച്ചിട്ടില്ലാത്ത കാലമായതിനാല്‍ അതു രണ്ടും ഒഴിഞ്ഞു നില്‍ക്കും...


ഓണ പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഓണക്കോടി വാങ്ങുന്നതിന്റെ തിരക്കിലാണ്. അതിനുമുണ്ട്‌ ചെറിയ ഒരു കുഴപ്പം... അവധിയുടെ തുടക്കത്തിലാണ് ഓണമെങ്കില്‍ അത്‌ പെട്ടെന്നു നടക്കും. അല്ലെങ്കില്‍ കാത്തിരിപ്പാണ്. കാത്തിരിപ്പു മാത്രമല്ല പ്രശ്നം. അമ്മ അധ്യാപിക ആയതിനാല്‍, ഓണ പരീക്ഷയിലെ എല്ലാ വിഷയങ്ങളുടേയും ഉത്തരങ്ങള്‍ നോട്ട്‌ ബുക്കിലേക്ക്‌ പകര്‍ത്തി എഴുതിക്കും. ഓണം അവധിയുടെ അവസാനത്തിലാണെങ്കില്‍, ഇതെഴുതി തീര്‍ക്കാതെ ഒരിക്കലും ഓണക്കോടി കിട്ടില്ല. പിന്നെ ഓണത്തെക്കുറിച്ചുള്ള ആവേശത്തില്‍ എഴുതി തീര്‍ക്കും. പക്ഷേ ഓണം ആദ്യമായാല്‍, അതു മറ്റൊരു കുരിശാകും... ഓണത്തിന്റെ തിമിര്‍പ്പില്‍ നിന്നും പഴയ അവസ്ഥയാകാന്‍ കുറച്ചു ദിവസം എടുക്കും. അതോടെ എഴുത്തു മുടങ്ങും, പിന്നെ അടി കിട്ടുമെന്ന്‌ ഉറപ്പുള്ള വിഷയങ്ങള്‍ എഴുതി തീര്‍ക്കും. അമ്മ ഞാന്‍ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപിക ആയതിനാല്‍ ചില ടീച്ചര്‍മാര്‍ക്ക്‌ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടായിരുന്നു. ആ ബലത്തില്‍ ബാക്കിയുള്ള വിഷയങ്ങള്‍ കുറച്ചു മാത്രം എഴുതി രക്ഷപ്പെടും. എന്തായാലും ഈ പകര്‍ത്തി എഴുത്ത്‌ ഓണക്കാലത്തെ ഒരു രസം കൊല്ലി ആയിരുന്നു.


ഓണക്കോടി വാങ്ങിയാല്‍ പിന്നെ അടുത്തത്‌, ഓണ സദ്യയ്ക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു. എല്ലാത്തവണയും ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെ പോകും സാധനങ്ങള്‍ വാങ്ങാന്‍. എന്റെ ഉദ്ദേശം ഒന്നു മാത്രമാണ്. അവരെക്കൊണ്ട്‌ ശര്‍ക്കര വാങ്ങിപ്പിക്കരുത്‌. അതു വാങ്ങിയാല്‍ പിന്നെ ഓണത്തിന് പാല്‍‌പായസം ഉണ്ടാവില്ല. എല്ലാത്തവണയും എന്റെ പരിശ്രമങ്ങള്‍ അസ്ഥാനത്താവുകയേയുള്ളൂ. അന്ന്‌, ഇന്നത്തെ പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളോ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളോ ഇല്ല. മാവേലി സ്റ്റോറിന്റെ ഓണം കൌണ്ടര്‍ മാത്രം. അതില്‍ അക്ഷമനായി ക്യൂ നില്‍ക്കുന്ന ഓര്‍മ്മ ദാ ഇപ്പോള്‍ ഒരു സുഖം തരുന്നു. അന്ന്‌ എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത്‌ പാല്‍പ്പായസത്തിന്റെ പ്രതീക്ഷകള്‍ മാത്രമാണ്....


ഓണത്തിന് പൂവിടണം എന്ന ആഗ്രഹം എല്ലാത്തവണയും ഉണ്ടാകും. പക്ഷേ പത്തു ദിവസം പൂവിടാനുള്ള സാഹചര്യം പലപോഴുമുണ്ടാകാറില്ല. അതു കൊണ്ടു തന്നെ സ്കൂളീല്‍ ഓണാഘോഷ ദിവസം എല്ലാവരും കൂടി വലിയൊരു പൂക്കളമിട്ട്‌ ആശ തീര്‍ക്കാറാണ് പതിവ്. എന്നാല്‍, ഒരു തവണ പത്തു ദിവസവും ഞങ്ങള്‍ പൂവിട്ടു. അത്തത്തിന്റെ അന്ന്‌ മൂന്ന് തുമ്പപ്പൂവില്‍ നിന്നു തുടങ്ങി, പത്തിന്റെ അന്ന്‌, ഒന്നര മീറ്റര്‍ വ്യാസത്തില്‍ മനോഹരമായ ഒരു പൂക്കളമൊരുക്കിയാണ് നമ്മള്‍ അത്‌ അവസാനിപ്പിച്ചത്‌. അരിമാവ്‌ പുരട്ടിയ ഓണത്തപ്പനും, പ്രസാദമായ അടയുമെല്ലാം ആദ്യമായി ഞങ്ങള്‍ ഉണ്ടാക്കി. ആദ്യ ദിനങ്ങളില്‍ പൂവിനായി ഓടി നടന്ന്‌ കിട്ടാതെ അവസാനം, ഒരു കോളേജ്‌ പ്രൊഫസറുടെ വീടിന്റെ മതിലു ചാടി പൂ പറിച്ചതും, ഒടുവില്‍ കഴുത്തില്‍ പിടി വീണപ്പോള്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയതുമെല്ലാം ഇതിന്റെ ഭാഗമായി ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ പൂക്കളമൊരുക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ എല്ലാ ദിവസവും പൂപറിക്കാന്‍ അനുവാദം തന്നതും, അവസാന ദിവസത്തെ വലിയ പൂക്കളം കാണാന്‍ അദ്ദേഹം വന്നതും, ഞങ്ങളെ നിര്‍ത്തി ഫോട്ടോ എടുത്തതുമെല്ലാം മങ്ങിയ ഒര്‍മ്മകളായി ഇപ്പോഴും മനസ്സില്‍ തത്തിക്കളിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം, വീട്ടുകാര്‍ക്കു വരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു. അദ്ദേഹം ഇന്നെവിടെയെന്ന്‌ അറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആല്‍ബത്തിന്റെ ഏതോ ഒരു താളില്‍ ആ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ടാകുമെന്ന്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു...


ഓണത്തിന്റെ ഏറ്റവും മനോഹരമായ സ്മരണ, വീട്ടു മുറ്റത്തെ പേര മരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാല്‍ ആണ്. അത്‌ ഓണം സ്പെഷ്യന്‍ ആണ്. ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണത്‌. ഞങ്ങള്‍ കുട്ടികള്‍ക്കായി മുത്തച്ഛനോ കൊച്ചച്ഛന്മാരോ ആവും അതു കെട്ടുക. കുട്ടികളെല്ലാവരും എത്തിയാല്‍ പിന്നെ പ്രായഭേദമന്യേ എല്ലവരും ഊഞ്ഞാലാടാനുള്ള മത്സരമാണ്. രാവിലെ ഉറക്കമുണര്‍ന്നാല്‍ പിന്നെ അതിലാടാനുള്ള മത്സരം തുടങ്ങിയാല്‍ അവസാനിക്കുക രാത്രിയിലാകും... പിന്നെ നാട്ടിലെ ക്ലബ്ബുകള്‍ നടത്തുന്ന പുലികളി, തിരുവാ‍തിരകളി, വടം വലി മത്സരം, തലപ്പന്ത്‌ കളി എന്നിവ കാണാന്‍ പോകും. തലപ്പന്തും, വടം വലിയും. അതൊരു രസമാണ്, കളിയെക്കുറിച്ച്‌ യാതൊന്നുമറിയില്ലെങ്കില്‍ പോലും, അറിയാതെ നാം ആവേശം കൊണ്ടു പോകും. ചിലപ്പോള്‍ മരമടി നടത്തും, അതും രസമാണ്... ഒരിക്കലത്‌ കുട്ടികള്‍ക്കായി നടത്തി. കലം തല്ലിപ്പൊട്ടിക്കാതെ നാട്ടുകാരുടെ നേരെയാണ് ഞാന്‍ വടിയുമായി പോയതെന്നാണ് ഓര്‍മ്മ... തലപ്പന്തു കളി കാണാന്‍ പോകുന്നതിന് വീട്ടില്‍ നിന്നും വിലക്കുണ്ട്‌. കാരണം, പലപ്പോഴും അത്‌ അടിയിലെ കലാശിക്കാറുള്ളൂ.. എന്നിരുന്നാലും കളിയുടെ നിയമങ്ങള്‍ ഒന്നുമറിയാതെ കളി കണ്ട്‌ ആവേശഭരിതനാകാറുണ്ട്‌. ഇന്നത്തെ തലമുറയ്ക്ക്‌ അന്യമായ ഒരു കളിയാണത്‌. എത്ര പേര്‍ക്കത്‌ അറിയാം എന്നു സംശയമാണ്. കുട്ടികള്‍ക്കായുള്ള മിഠായി പറുക്കല്‍, ചാക്കില്‍ കയറി ഓട്ടം, മൂന്നു കാലില്‍ ഓട്ടം, നാരങ്ങാ സ്പൂണ്‍ റേസ്‌ എന്നിവയൊക്കെ സജീവമായിരുന്നു അന്നും... കുട്ടിക്കാലത്ത്‌ ആവേശപൂര്‍വ്വം നോക്കി നിന്നിരുന്ന ഒരു മത്സരമായിരുന്നു “സൈക്കിള്‍ സ്ലോ റേസ്‌“. സൈക്കിളിനോടുള്ള അഭിനിവേശത്തിനു കാരണമായതും ഈ മത്സരം തന്നെ.


അല്പം മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റു കളിക്കാന്‍ വേണ്ടി പോകുമ്പോള്‍ അവര്‍ നമ്മളെ കൂട്ടില്ല. എന്നാല്‍ അവര്‍ പോവുന്ന റബ്ബറിന്‍ തോട്ടത്തിലേക്ക്‌ ഞങ്ങളും പോകും. പിന്നെ കള്ളനും പോലീസും, സാറ്റ്‌, എന്നിങ്ങനെ പല കളികളും. അതിന്റെ കൂടെ ഞങ്ങളുടെ മാത്രമായി ചില കളികളും. “ഫൌജി” അതിലൊന്നയിരുന്നു. ദൂരദര്‍ശനില്‍ ആ കാലത്ത്‌ സം‌പ്രേക്ഷണം ചെയ്ത് പോന്നിരുന്ന ഒരു പട്ടാള കഥയായിരുന്നു ഫൌജി. ഞങ്ങള്‍ അതൊരു കളിയാക്കി മറ്റി. ഉത്സവ കാലത്തു വാങ്ങുന്ന കളി തോക്കുകളും പൊട്ടാസുമായിരുന്നു പ്രധാന ആയുധങ്ങള്‍, പിന്നെ മുളയില്‍ ഉണ്ടാക്കിയ വാളുകളും. വളരെ രസകരവും ആവേശകരവുമായ നിയമങ്ങളടങ്ങിയ കളിയായിരുന്നു. ആരാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചതെന്നോ, നിയമങ്ങള്‍ ഉണ്ടാക്കിയതെന്നോ ഇന്നും ഓര്‍മ്മയില്ല. അന്നു ഞങ്ങളുടെ കൂട്ടത്തില്‍ മുതിര്‍ന്ന ദീപു ചേട്ടനാവണം അതുണ്ടാക്കിയത്‌. ഒരു ദിവസം മുഴുവനും “ഫൌജി” കളിച്ചാലും മടുക്കാത്ത ആവേശമായിരുന്നു അതിന്... ഫൌജി മാത്രമല്ല, പുളിങ്കുരുവും മഞ്ചാടുക്കുരുവും, കുന്നിക്കുരുവും വച്ചുള്ള ചില കളികള്‍.. അതെല്ലാം വിശ്രമ വേളകളില്‍ മാത്രം... അതിന്റെയൊന്നും പേരു പോലും ഇന്നാലോചിച്ചിട്ട്‌ കിട്ടുന്നില്ല.

ഓണത്തെക്കുറിച്ച്‌ പിന്നെയുള്ള മധുരകരമായ സ്മരണ, ഓണ സദ്യ തന്നെയാണ്. നിലത്ത്‌ ഇലയിട്ടാണ് കുട്ടികള്‍ക്ക്‌ സദ്യ... അതു മാത്രമല്ല. ഓണത്തപ്പന്റെ ഒപ്പം ഊണു കഴിക്കുന്ന ആളുകള്‍ ഞങ്ങളാണ്. അതൊരു അംഗീകാരമായാണ് അന്ന്‌ കരുതി പോന്നത്‌. ആദ്യം സദ്യ കഴിക്കുന്നതിന്റെ പിറകില്‍ മറ്റൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു. മിക്കാവാറും എല്ലാ ഓണത്തിനും പുലികളിയും മഹാബലി തമ്പുരാനുമായി അവിടെയുള്ള ഒരു കൂട്ടം ചേട്ടന്മാര്‍ എല്ലാ വീട്ടിലും വരുന്ന പതിവുണ്ട്‌. ഉദ്ദേശ്യം പിരിവാണെങ്കിലും ഞങ്ങള്‍ക്ക്‌ അതൊരു നല്ല രസകരമായ പരിപാടിയായിരുന്നു. പുലികളിക്കൊപ്പം ഇറങ്ങി അവര്‍ക്കൊപ്പം ചുവടു വയ്ക്കുക, ആര്‍ത്തു വിളിക്കുക എന്നിവയൊക്കെ പതിവായിരുന്നു. അതൊക്കെ രസകരമായ ഓര്‍മ്മകള്‍ മാത്രമാണിന്ന്‌. പുലികളിയും മറ്റും ഇന്ന്‌ കാണാന്‍ കിട്ടുന്നു തന്നെയില്ല.

എല്ലാം കഴിഞ്ഞ്‌ ഒരു ദിവസത്തിന്റെ തിമിര്‍പ്പ്‌ അവസാനിക്കുന്നത്‌ രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതോടെയാണ്. പിന്നെ തളര്‍ന്നുറക്കം... അതോടെ ഒരു തിരുവോണ ദിനം കൂടി പോയ്‌ മറയും. പിറ്റെ ദിവസമാകുന്നതോടെ ബന്ധുക്കള്‍ ഓരോരുത്തരായി പോകുവാന്‍ തുടങ്ങും... എന്നെ എപ്പോഴും ഏറ്റവും ദു:ഖിപ്പിച്ചിരിക്കുന്ന ഒരു നിമിഷമാണ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ഒത്തു ചേരല്‍.... അതും പെട്ടെന്ന്‌ അവസാനിക്കുന്നു.... അതു കഴിഞ്ഞാല്‍ പിന്നേയും ഒരു വര്‍ഷത്തെ കാത്തിരുപ്പ്‌. ഒരു വലിയ ഇടവേള... വിഷാദത്തിലാണ്ട കാത്തിരിപ്പ്‌.... പക്ഷേ അത്‌ പ്രതീക്ഷയുടെ, സന്തോഷത്തിന്റെ ദിവസങ്ങള്‍ക്കായി ആണ്...


ഇന്നത്തെ പുതു തലമുറയ്ക്ക്‌ ഇത്തരമൊരു അനുഭവം ഉണ്ടാകുമോ? ജീവിതത്തില്‍ തന്നെ ഇത്തരം സുവര്‍ണ്ണ നിമിഷങ്ങളില്‍ കൂടി കടന്നുപോകുവാന്‍ അവര്‍ക്കു കഴിയുമോ? മണ്ണിന്റെ ഗന്ധവും, പൂവിന്റെ നൈര്‍മ്മല്യവും, പൂവിളികളും, ഓണത്തിന്റെ ആവേശവുമെല്ലാം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയുമോ? ഞാന്‍ അനുഭവിച്ച ആ അനുഭൂതി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയുമോ? അറിയില്ല. ഇതെല്ലാം ഒരു കെട്ടു കഥകള്‍ പോലെ അവര്‍ വിശ്വസിക്കുന്ന ഒരു കാലത്തേക്കാണ് നാം പോകുന്നത്‌....

Tuesday, April 14, 2009

വിഷുസ്മരണകള്‍


വിഷു എന്നു കേല്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക്‌ കടന്നു വരുന്നത്‌, ചെറുപ്പക്കാലത്തെ വിഷുക്കാലമാണ്‌. മധ്യവേനലവധിയുടെ ഇടയിലാണ്‌ വിഷു വരുന്നത്‌.... അവധി തുടങ്ങിയാല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ്‌ വിഷു. പല കാരണങ്ങളുണ്ട്‌, സമപ്രായക്കാരായ കുട്ടികള്‍ വരും, കൈനീട്ടം, അമ്മയുടെ തറവാട്ടില്‍ പോകാം അങ്ങനെ പലതും...

കണിക്കൊന്നയും കണിവെള്ളരിയ്ക്കയും നിലവിളക്കും അഷ്ടമംഗല്യവും വച്ചു അലംകൃതമായ ഉണ്ണിക്കണ്ണന്റെ തിരുമുഖം കണി കണ്ടാണ്‌ നാം വിഷു ദിനം തുടങ്ങുന്നതു തന്നെ. അതി രാവിലെ, ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ച്‌, കണ്ണുകള്‍ പൊത്തി, അമ്മ നമ്മെ വിഷുക്കണി കാണിക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്‌ നയിക്കുന്നു, അല്ലെങ്കില്‍ തിന്മയുടെ ലോകത്തു നിന്നും നന്മയുടെ ലോകത്തേക്കൊരു കാല്‍വയ്പ്പ്‌, ഒരു പുതുവര്‍ഷം നന്മയുടെതാകട്ടെ, സമൃദ്ധി കണ്‍കണ്ട്‌ ഉണര്‍ന്നാല്‍ ആ വര്‍ഷം സമൃദ്ധിയുടേതാവും അങ്ങനെ പല പല വിശ്വാസങ്ങളാണ്‌ ഇതിനു പിറകിലുള്ളത്‌. പാതി ഉറക്കത്തില്‍ കണികണ്ട്‌, തലേന്ന്‌ തന്നെ മേടിച്ചു വച്ചിരിക്കുന്ന കമ്പിത്തിരിയും പൂത്തിരിയും ഓലപ്പടക്കവുമെല്ലാമായി മുറ്റത്തേക്ക്‌. മറ്റുള്ളവരെ ഉണര്‍ത്താനായി ആദ്യം മാലപ്പടക്കം, അതിനു പിറകെ ഓലപ്പടക്കങ്ങള്‍. കുട്ടികള്‍ എഴുന്നേറ്റു വരുമ്പോള്‍ അവര്‍ക്കായി, പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും... നേരം വെളുക്കുന്നതു വരെ ഇതു തന്നെയാവും മുഖ്യപരിപാടി. അയല്‍വക്കത്തെ കുട്ടികളുമായി മത്സരിച്ച്‌ പടക്കം പൊട്ടിക്കുന്ന പരിപാടിയുമുണ്ട്‌.

രാവിലെ തന്നെ കുളിച്ച്‌ അമ്പലത്തില്‍ പോകും. അവിടെ തിരുമേനിയുടെ കയ്യില്‍ നിന്നു കിട്ടുന്ന ഒരു രൂപ നാണയമാണ്‌ ആദ്യത്തെ വിഷുക്കൈനീട്ടം. പിന്നീട്‌ വീട്ടിലെത്തിയാല്‍ മുത്തച്ഛന്റെ കയ്യില്‍ നിന്നാദ്യം, പിന്നെ അച്ഛന്റെ കയ്യില്‍ നിന്നും അമ്മയുടെ കൈയ്യില്‍ നിന്നും കൈനീട്ടം വാങ്ങും. പിന്നെ ബന്ധുക്കളുടെ കൈകളില്‍ നിന്നെല്ലാം "പിരിവു" പോലെ കൈനീട്ടം വാങ്ങലാണ്‌ പരിപാടി... അന്നത്തെ ദിവസത്തേക്കായി, എവിടെ നിന്നെങ്കിലും ഒരു പേഴ്സ്‌ സംഘടിപ്പിച്ചു വച്ചിട്ടുണ്ടാകും, കളക്ഷന്‍ സൂക്ഷിക്കാം. ഒരോ പത്തു മിനിട്ടിലും അത്‌ എണ്ണിത്തിട്ടപ്പെടുത്തുക എന്നതാണ്‌ പ്രധാനപരിപാടി. എണ്ണിയാല്‍ കൂടുമോ എന്നറിയേണ്ടേ? അതുപോലെ തന്നെ, സമപ്രായക്കാരായ് മറ്റുള്ളവര്‍ക്ക്‌ എത്ര കൈനീട്ടം കിട്ടി എന്നു നോക്കും, ഏറ്റവും കൂടുതല്‍ കിട്ടുന്നയാളാണ്‌ രാജാവ്‌. അയാളെ എപ്പോഴും അസൂയയോടെയാണ്‌ മറ്റുള്ളവര്‍ കാണുക.

പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഊഞ്ഞാലിലും മറ്റു കളികളിലുമായി ഉച്ചവരെ. അതിനിടയില്‍ കുറച്ചു നേരം ടി.വിയുടെ മുന്നില്‍. ഇന്നത്തെ പോലെ കുറെയധികം ചാനലുകളും, അതിലെല്ലാം വിഷു പരിപാടികളുമൊന്നും അന്നില്ല. ഒരേയൊരു ചാനല്‍, ക്രൂരദര്‍ശന്‍ അഥവാ ദൂരദര്‍ശന്‍. ഓണമായാലും വിഷുവായാലും അതില്‍ മുടങ്ങാതെ വരുന്ന ഒരു പ്രോഗ്രാമുണ്ടായിരുന്നു, മോഹന്‍ലാല്‍ പാടുന്ന "പൂക്കച്ച മഞ്ഞക്കച്ച.." എന്നു തുടങ്ങുന്ന ഒരു പാട്ട്‌. പിന്നെ സദ്യ. അച്ഛന്റെ തറവാട്ടില്‍ കുട്ടികള്‍ക്കെല്ലാം നിലത്ത്‌ പായവിരിച്ച്‌ തൂശനിലയിലാണ്‌ വിഷു സദ്യ.. രണ്ടു കൂട്ടം പായസം എന്തായാലുമുണ്ടാകും... കാളനും കൂട്ടുകറിയും ഇഞ്ചിക്കറിയുമെല്ലാം കൂട്ടി നല്ലൊ സദ്യ. അതു തീര്‍ന്നാല്‍ പിന്നെ ഒരോട്ടമാണ്‌ ടി.വിയുടെ മുന്നിലേക്ക്‌. അന്നൊക്കെ ഏതെങ്കിലും വിശേഷദിവസം വന്നാല്‍ മാത്രമേ ടിവില്‍ അല്‍പ്പമെങ്കിലും പുതിയ ഒരു സിനിമവരൂ. അതു കാണാന്‍ ഇരിക്കുന്നത്‌ എല്ലാവരും ഒരുമിച്ചാവും.

സിനിമ തീരുന്നതിന്‌ മുന്നെ തന്നെ അമ്മയുടെ വിളിവരും. അമ്മയുടെ തറവാട്ടിലേക്ക്‌ പോവാനായി. വൈകിട്ട്‌ നാലുമണിക്ക്‌ തൊടുപുഴയില്‍ നിന്നും പലായിലേക്ക്‌ രാമപുരം വഴി പോകുന്ന ജീസസ്‌ ബസ്‌. അലൂമിനിയം കളറില്‍, കടും പച്ച വരകളുള്ള ഒരു ബസ്‌, അതിലാണ്‌ അമ്മയുടെ തറവാട്ടിലേക്ക്‌. അവിടെയെത്തുമ്പോള്‍ സമയം അഞ്ചരയാകും. പിന്നെ കൈനീട്ടം വാങ്ങി, ഉപ്പേരിയൊക്കെ കഴിച്ച്‌ അങ്ങനെ അവിടെ. ചെറിയ തോതില്‍ പടക്കങ്ങള്‍ അവിടേയും കാണും. അതു പൊട്ടിക്കും, അപ്പോഴേക്കും രാത്രിയാവും... പിന്നെ ചെറിയൊരു സദ്യയും, ഉറക്കവും... എന്റെ മധ്യവേനലവധിക്കാലം അവിടെ തുടങ്ങുകയായി...

ഇന്ന്‌ പിറകോട്ടു ചിന്തിക്കുമ്പോള്‍ അതെല്ലാം ഓര്‍മ്മകള്‍ മാത്രം... തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു വഴിപാടു പോലെ വിഷു ആഘോഷിക്കുമ്പോള്‍, ഈ സ്മരണകള്‍ ആനന്ദവും, അതേ സമയം വേദനയും സമ്മാനിക്കുന്നു.... ഇനിയൊരു മടക്കമുണ്ടാകില്ല എന്നറിയാം... എന്നാലും വെറുതേ ആശിച്ചു പോകുകയാണ്‌.... അങ്ങോട്ടൊന്ന്‌ മടങ്ങുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍....


സന്തോഷത്തിന്റെയും സമൃദ്ധിയുടേയും
വരും നാളുകളേക്കുറിച്ചുള്ള പ്രതീക്ഷകള്‍
സാഫല്യമാകാന്‍.....
എല്ലാവര്‍ക്കും വിഷുദിനാശംസകള്‍!

Monday, February 16, 2009

സാമ്പത്തിക മാന്ദ്യത്തിലെ ലാഭകരമായ ബിസിനസ്സ്‌

കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതം. പ്രഭാതം എന്നൊക്കെ പറഞ്ഞാല്‍ ഏകദേശം ഒരു 9 മണി. "സാറേ...സാറേ...." എന്ന വിളി കേട്ടാണ്‌, ഞാന്‍ വീടിന്റെ മുന്‍വശത്തെ ജനലിലൂടെ പുറത്തേക്കു നോക്കുന്നത്‌. അവിടെയൊരാള്‍ വിനീതവിധേയനായി നില്‍ക്കുന്നു. പറമ്പില്‍ പണിക്കാര്‍ ഉള്ളതിനാല്‍, അച്ഛന്‍ അവിടെയായിരുന്നു. "ആ പറമ്പിലേക്കു ചെല്ലൂ..." എന്നു ഞാന്‍ അയാളോടു പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി വന്നപോഴേക്കും അയാള്‍ പറമ്പിലേക്കു നടന്നു കഴിഞ്ഞിരുന്നു. അയാള്‍ എന്തൊക്കെയോ കുറേ നേരം അച്ഛനുമായി സംസാരിക്കുന്നതു കണ്ടു. അയാള്‍ വന്നതു്‌ ചെറിയൊരു പെട്ടിഓട്ടോയിലായിരുന്നു, കൂടെ രണ്ടു പേരുമുണ്ട്‌. അയാള്‍ അവരോട്‌ എന്തൊക്കെയോ പറയുന്നു. പിന്നീട്‌ തിരിച്ച്‌ വന്നു അച്ഛന്റെ അടുത്തും സംസാരിച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ കൂടെ വന്നവരെ നോക്കി കൈപൊക്കി കാണിച്ചു. ഉടനെ അവര്‍ ഒരു ചെറിയ കിടക്കയുമെടുത്തു കൊണ്ട്‌ വന്ന്‌, അവിടെ നിന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ ഇട്ടു. ഒരാള്‍ ചാടി പ്ലാവില്‍ കയറാന്‍ തുടങ്ങി. ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ അച്ഛന്റെ അടുത്തു ചെന്നു കാര്യം അന്വേഷിച്ചു. വന്ന ആളുകള്‍ കൊത്തു ചക്ക (മൂപ്പാവാത്ത പിഞ്ചു ചക്ക) നോക്കി വന്നവരാണ്‌. അവര്‍ ഒരു ചക്കയ്ക്ക്‌ 5 രൂപ വച്ചാണ്‌ ഓഫര്‍ ചെയ്‌തത്‌. അച്ഛന്‍ അതു പോരാ എന്നു പറഞ്ഞു, 25 രൂപ എങ്കിലും കിട്ടണം എന്നു പറഞ്ഞു. അതാണ്‌ അയാള്‍ കൂടെ ഉണ്ടായിരുന്നവരുമായി ആലോചിച്ചത്‌. ഒടുവില്‍ 20 രൂപക്കു സമ്മതിച്ചു. ചക്കയുടെ സീസണ്‍ തുടങ്ങുന്നഠേയുള്ളു. ഞങ്ങളുടെ പറമ്പിലാണെങ്കില്‍ വരിക്കയും കൂഒഴയുമായി ഏകദേശം നാല്പതോളം പ്ലാവുകളുമുണ്ട്‌. അതില്‍ ഞങ്ങള്‍ സ്ഥിരമായി ചക്ക പറിക്കുന്ന 3 പ്ലാവുകളൊഴികെ, ബാക്കി എല്ലാത്തില്‍ നിന്നും കൊത്തു ചക്ക പറിക്കുവാന്‍ അവര്‍ക്ക്‌ അനുവാദം കൊടുത്തു. ആദ്യം കണ്ട കിടക്ക, ചക്കകള്‍ ചതയാതെ പറിക്കുവാനുള്ള ഒരു ടെക്ക്‌നിക്കായിരുന്നു. അത്‌ ചാക്കുകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരുന്നു, ഉള്ളില്‍ പഞ്ഞിയും. മൂന്നു മണിക്കൂറിനുള്ളില്‍ ഏകദേശം 80 ചക്കകള്‍ അവര്‍ പറിച്ചു. അതിന്റെ വിലയും നല്‍കി, അതെല്ലാം ആ പെട്ടിയോട്ടോവില്‍ കയറ്റി കൊണ്ടു പോയി. ഞാന്‍ വിചാരിച്ചു ഇതു ലാഭകരമായ ബിസിനസ്സാണല്ലോ...?

അന്നു വൈകിട്ടു തന്നെ ബാംഗ്ലൂര്‍ വരെ പോകാനുള്ള ഒരു നിയോഗമുണ്ടായിരുന്നു. യാത്ര തുടങ്ങി, വണ്ടി മൂവാറ്റുപുഴ കഴിഞ്ഞപ്പോള്‍ ഒരു കാഴ്ച കണ്ടു. രാവിലെ വന്ന പെട്ടിയോട്ടോ പോലെയുള്ള കുറേയധികം വണ്ടികള്‍, അവിടെ ഒരു സ്ഥലത്ത്‌ ഈ ചക്കകള്‍ ഇറക്കുന്നു. ഒരു കുന്നു ചക്കകള്‍ അവിടെ കൂട്ടിയിട്ടിട്ടുണ്ട്‌. അവിടെ നിന്നും ഒരു പിക്കപ്പ്‌ വാനിലേക്ക്‌ ചക്കകള്‍ കയറ്റുന്നു. അവിടെ ഒരു ഫ്ലക്സ്‌ ബോര്‍ഡും വച്ചിരിക്കുന്നു. "കൊത്തു ചക്കകള്‍ വില്‍പ്പനയ്ക്ക്‌." എന്ന്‌. അവിടെ നിന്നും വണ്ടിയില്‍ യാത്ര തുടര്‍ന്ന്‌, ചാലക്കുടി അടുത്തെത്തി. അവിടെയാണ്‌ സ്ഥിരമായി രാത്രി ഭക്ഷണത്തിനായി നിര്‍ത്തുന്നത്‌. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്‌, തൊട്ടടുത്ത്‌ കാലിയായി കിടന്നിരുന്ന മൈതാനത്ത്‌, നല്ല വെളിച്ചവും പന്തലുമൊക്കെ കണ്ടത്‌. അവിടെ ചെന്നു നോക്കിയപ്പോള്‍ ദാ, നേരത്തെ കണ്ട പിക്കപ്പ്‌ വാനുകളില്‍ നിന്നും ചക്കകള്‍ പാണ്ടി ലോറികളിലേക്കു മാറ്റുന്നു. ഇതു കണ്ട്‌ ഞാന്‍ ഒന്നമ്പരന്നെങ്കിലും, അവിടെ ചക്ക പറുക്കിക്കൊണ്ടിരുന്ന ഒരാളോട്‌ കാര്യം അന്വേഷിച്ചു. അപ്പോഴാണ്‌ ഈ ചക്ക ബിസിനസ്സിന്റെ ചുരുളഴിഞ്ഞത്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക്‌ ചക്ക വാങ്ങി, മൂവാറ്റുപുഴയില്‍ എത്തിക്കും. അവിടെ നിന്നും ചക്ക തരം തിരിച്ച്‌, തീരെ പിഞ്ചു ചക്കകള്‍, അവിടെ തന്നെ വില്‍ക്കും. മറ്റുള്ളവ, പിക്കപ്പ്‌ വാനുകളിലാക്കി അവിടെ എത്തിക്കും. അത്‌ പാണ്ടി ലോറികളില്‍ കയറ്റി, തമിഴ്‌നാട്ടിലേക്ക്‌ കയറ്റി അയക്കും. സീസണ്‍ അല്ലാത്തതിനാല്‍, ചക്കയുടെ വലിപ്പം നോക്കിയാണ്‌ വില. 150 മുതല്‍ 500 രൂപ വരെയാണ്‌ അവിടെ അവര്‍ക്കു കിട്ടുന്നത്‌. അപ്പോഴാണ്‌, 5 രൂപ പറഞ്ഞ ചക്കയ്ക്ക്‌ 20 രൂപ വാങ്ങിയതിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയത്‌. എന്തായാലും സാമ്പത്തിക മാന്ദ്യ കാലത്ത്‌ ഇതൊരു നല്ല ബിസിനസ്സാണ്‌. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ക്കായി മലയാളികള്‍ കൈനീട്ടുന്ന തമിഴന്മാര്‍ക്ക്‌, ഒരു ചക്ക തിന്നണമെങ്കില്‍ കൊള്ളവില നല്‍കി മലയാളികളുടെ കയ്യില്‍ നിന്നും അതു വാങ്ങണം എന്നത്‌ രസകരമായ വസ്തുതയാണ്‌.....

Wednesday, December 31, 2008

ഒരു പുതുവര്‍ഷപ്പുലരിയില്‍...

2008 കടന്നു പോയി. ജീവിതത്തില്‍ മറക്കാനാവാത്ത ചില സ്മരണകള്‍ സമ്മാനിച്ച്‌, ചില അനുഭവങ്ങള്‍ നല്‍കി, 2008 യാത്ര പറഞ്ഞു പോയി. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിയ വര്‍ഷം കൂടിയാണ്‌ കടന്നു പോയത്‌. എന്റെ വിവാഹം ഈ വര്‍ഷം മേയ്‌ 16നായിരുന്നു എന്റെ വിവാഹം. മനീഷ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വര്‍ഷം. എന്റെ സന്തോഷങ്ങള്‍ പങ്കിടാനും, ദു:ഖങ്ങള്‍ പകുത്തെടുക്കാനും ദൈവം എനിക്കായി ഭൂമിയിലേക്കയച്ച, എന്റെ ജീവിത സഖി. എന്തോ, ജീവിതത്തെ ഒരിക്കലും ലാഘവബുദ്ധിയോടെ കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാല്‍ കൂടി, എന്റെ ഇതു വരെയുള്ള ജീവിതത്തെക്കുറിച്ചും, നാളെയെക്കുറിച്ചും, അടുത്ത തലമുറയെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കൂടുതല്‍ ആലോചിക്കുവാന്‍ തുടങ്ങിയത്‌ വിവാഹത്തിന്‌ ശേഷമാണ്‌. അതെന്തുകൊണ്ടാണെന്ന്‌ എനിക്കറിയില്ല. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിനാലാണോ, അതോ മറ്റെന്തെങ്കിലും പ്രേരണയാലാണോ, ആവോ എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ പരമപ്രഥാനമായ ചില തിരുമാനങ്ങള്‍ ഞാനെടുത്ത വര്‍ഷം. ഈ ജോലി, ഇതിന്റെ ഭാവി, ഇങ്ങനെ കഷ്ടപ്പെട്ടുള്ള ജീവിതം, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഈ ഓട്ടം, ഇതിങ്ങനെ എത്ര നാള്‍, എന്നതിന്‌ ഞാന്‍ തന്നെ, അല്ല ഞങ്ങള്‍ ഉത്തരം കണ്ടെത്തിയ വര്‍ഷം. സ്വാതന്ത്ര്യത്തിലെ ലോകത്തേക്ക്‌ ഒരു തീരുമാനത്തിന്റെ ദൂരം മാത്രമെയുള്ളു എന്ന്‌ തിരിച്ചറിഞ്ഞ വര്‍ഷം. അതിനായി എന്തു ത്യാഗവും സഹിക്കാം എന്ന്‌ മനസ്സില്‍ പ്രതിജ്ഞ ചെയ്ത വര്‍ഷം. അങ്ങനെ കടന്നു പോകുന്ന വര്‍ഷത്തിന്‌ വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സവിശേഷതകള്‍ ഏറെ....

ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അതിമനോഹരമായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ ഞാന്‍ പുതുവര്‍ഷം ആഘോഷിച്ചു. സാധാരണ വീടിനകത്തിരുന്ന്‌ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ പതിവ്‌. പക്ഷേ ഈ വര്‍ഷം വീടിനു പുറത്തത്‌ ആഘോഷിച്ചു. ഈ ഉദ്യാനനഗരത്തില്‍ എത്തിയ ശേഷം, പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടന്നിരുന്ന ഞങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കൂട്ടായെത്തിയത്‌, എന്റെ കസിനും കുടുംബവുമാണ്‌ (ബിനു ചേട്ടനും, ഗോപിക ചേച്ചിയും മാളുക്കുട്ടിയും). വെറുതെ കറങ്ങാമെന്നു കരുതി, കറങ്ങിത്തിരിഞ്ഞു എം.ജി റോഡിലും ബ്രിഗേഡിലുമൊക്കെ പോയി. പതിവിനു വിപരീതമായി, പുതുവത്സര സമയത്ത്‌ ബാംഗ്ലൂര്‍ ശാന്തമായിരുന്നു. വീഥികളില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ബൈക്കില്‍ പറന്നു നടക്കുന്ന ചെത്തു പയ്യന്മാരേയും കണ്ടില്ല. ട്രാഫിക്കും കുറവായിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. കാറില്‍ ഒരു റൌണ്ട്‌ കറക്കം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നല്ലൊരു റെസ്റ്റോറണ്ട്‌ നോക്കി നടന്ന്‌ അവസാനം ഷാങ്‌ഹായി സല്‍സ എന്നൊരു റെസ്റ്റോറണ്ട്‌ കണ്ടുപിടിച്ചു. അവിടെ ചൈനീസ്‌, മെക്സിക്കന്‍, കൊറിയന്‍, തായി, ക്യൂബന്‍ വിഭവങ്ങള്‍ ലഭിക്കും. അങ്ങനെ, അവിടെ നിന്നും ക്യൂബന്‍ ഭക്ഷണവും കഴിച്ച്‌ ഇറങ്ങിയപ്പോള്‍ പുതുവര്‍ഷപ്പുലരിക്ക്‌ പിന്നേയും മുക്കാല്‍ മണികൂര്‍ കൂടിയുണ്ട്‌. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം മെസേജുകള്‍ അയച്ച്‌, വിളിക്കാനുള്ളവരെ ഒക്കെ വിളിച്ചതിനു ശേഷം, ആളുകള്‍ ഉള്ള സ്ഥലം നോക്കി ഞങ്ങള്‍ കറങ്ങി നടന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ അധികമാരേയും നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടിനടുത്തെത്തിയപ്പോള്‍ സമയം 12ന്‌ അടുത്തായിരുന്നു. കുറച്ചു നേരം അവിടെ നിന്ന്‌ സംസാരിച്ചപ്പോഴേക്കും പുതുവര്‍ഷം ആഗതമായിരുന്നു. പെട്ടെന്ന്‌ എവിടെ നിന്നോ കുറെ അധികം ആളുകള്‍ നിരത്തുകളിലെത്തി. പടക്കങ്ങളും പൂത്തിരികളും കൊണ്ട്‌ നിരത്തുകള്‍ പ്രഭാപൂരിതമായി. അകലെയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും ആര്‍പ്പു വിളികും കൂവലും കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ, ആരോ കരിമരുന്നു പ്രയോഗം നടത്തി. ആകാശമാകെ അത്‌ വര്‍ണ്ന ചിത്രങ്ങള്‍ തീര്‍ത്തു. കസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ നടന്നു. അങ്ങനെ പ്രതീക്ഷയുടെ, നന്മയുടെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു.

എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

Sunday, October 12, 2008

കൊച്ചിന്‍ to ബാംഗ്ളൂറ്‍ - ഐരാവതത്തില്‍ ഒരു നരകയാത്ര



വല്ലപ്പോഴുമാണ്‌ ഈ മഹാനഗരത്തില്‍ നിന്നും ഒന്ന്‌ നാട്ടിലേക്കു പോകുന്നത്‌. ഈ കഴിഞ്ഞ വെള്ളിയാഴ്ച അത്യാവശ്യമായി ഒന്നു നാട്ടിലേക്ക്‌ പോകേണ്ടി വന്നു. മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്രയായതിനാല്‍ തീവണ്ടിയില്‍ ടിക്കറ്റ്‌ കിട്ടിയില്ല. ഒരു വിധത്തില്‍ നാട്ടിലേക്കൊരു ടിക്കറ്റ്‌ സംഘടിപ്പിച്ചു. തിരിച്ചു വരുന്ന കാര്യം ഒരു തീരുമാനമാകാതായപ്പോള്‍ ആണ്‌, കറ്‍ണ്ണാടകത്തിണ്റ്റെ സ്വന്തം കെ.എസ്‌.ആറ്‍.ടി.സിയെക്കുറിച്ചോറ്‍ത്തത്‌. അരിച്ചു തപ്പിയപ്പോള്‍, അതാ കിടക്കുന്നു ഒരു ടിക്കറ്റ്‌. അതും നടുവിലായി... ആരോ വേണ്ടാ എന്നു വച്ചതാണെന്നു അപ്പോഴേ പിടികിട്ടി... മൈസൂറ്‍ വഴിയുള്ള വോള്‍വോ ബസ്സില്‍ ആണ്‌. എന്നാലും കുഴപ്പമില്ല, ആവശ്യക്കാരനു ഔചിത്യം പാടില്ലല്ലോ? അങ്ങു ബുക്കു ചെയ്തു... ഇടയ്ക്കിടെയുള്ള കുലുക്കവും, മൂട്ടകടിയും ഒഴിച്ചാല്‍ നാട്ടിലേക്കുള്ള യാത്ര സുഖകരം... നന്നായി ഉറങ്ങാന്‍ സാധിച്ചു. ആ കൃതാര്‍ത്ഥതയോടെയാണ്‌ നമ്മുടെ സ്വന്തം കൊച്ചിയില്‍ വണ്ടി ഇറങ്ങിയത്‌.

പകല്‍ ഓടി നടന്ന്‌ വേണ്ട കാര്യങ്ങള്‍ ഒക്കെ തീര്‍ത്തു. സമയം നോക്കിയപ്പോള്‍ നാലര. നില്‍ക്കുന്നതോ മൂവാറ്റുപുഴയിലും. ഏഴരയ്ക്കല്ലെ ബസ്‌, മാത്യു.ടി.തോമസ്‌ സാറിണ്റ്റെ ഒരു ഫാസ്റ്റ്‌ പാസഞ്ചറ്‍ കിട്ടിയാല്‍ സംഗതി കുശാല്‍, ആറു
മണിയോടെ എറണാകുളത്തെത്താം.. ഉടനെ കെ.എസ്‌.ആറ്‍.ടി.സി ബസ്‌ സ്റ്റാന്‍ഡിലേക്കു വച്ചു പിടിച്ചു. അവിടെ പോയി സ്റ്റേഷന്‍ മാസ്റ്ററോട്‌ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, രണ്ട്‌ ഫാസ്റ്റുകള്‍ ഇപ്പോള്‍ കാലിയായി അങ്ങു പോയതേ ഉള്ളു. എണ്റ്റെ വിഷമഭാവം കണ്ടപ്പോള്‍, പത്തു മിനിട്ടിനുള്ളില്‍ അടുത്ത വണ്ടി വരുമെന്നയാള്‍ പറഞ്ഞു. അതും കേട്ട്‌ ഞാന്‍ വടക്കോട്ടും നോക്കി നില്‍പ്പായി. സമയം ഇഴഞ്ഞാണെങ്കിലും, വളരെ വേഗത്തില്‍ നീങ്ങി.. ആറു മണിയായിട്ടും ഒരു വണ്ടി പോലും വന്നില്ല. വീണ്ടും സ്റ്റേഷന്‍ മാസ്റ്ററെ കണ്ടപ്പോള്‍, എന്താണ്‌ വണ്ടി വൈകുന്നതെന്നറിയില്ലെന്നയാള്‍ പറഞ്ഞു. ഒടുവില്‍ സമയം ആറര ആകാറായി... ബസ്സ്‌ കിട്ടണമെങ്കില്‍ വല്ല ടാക്സിയും വിളിച്ചു പോകണമെന്ന്‌ മനസ്സിലായി, ഒടുവില്‍ അടുത്തുള്ള ടാക്സി സ്റ്റാണ്റ്റിലേക്കു നടന്നു. അപ്പോഴേക്കും മഴയും തുടങ്ങിയിരുന്നു.. അവിടെ കിടന്നിരുന്ന ഒരു ടാക്സിയുടെ അടുത്തെത്തിയപ്പോള്‍, ഡ്രൈവര്‍ നല്ല ഉറക്കം.. അയാളെ തട്ടി വിളിച്ചെഴുന്നേല്‍പിച്ചപ്പോള്‍ ഉടനെ വന്നു ഒരു ചോദ്യം, എയര്‍ പോര്‍ട്ടിലേക്കാണോ? അല്ല, എറണാകുളത്തേക്കാണ്‌. എറണാകുളത്തെവിടെ?, ഒരു വിരസമായ ചോദ്യം പിറകെ വന്നു. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റ്‌ എന്നു പറഞ്ഞപ്പോഴേക്കും അയാള്‍ എഴുന്നേറ്റിരുന്നിരുന്നു. എത്രയാകും ചേട്ടാ എന്നു ചോദിച്ചപ്പോള്‍, ഒരു നാനൂറു രൂപയാകും എന്നായിരുന്നു മറുപടി . എത്ര സമയം എടുക്കും എന്ന ചോദ്യം ചോദിച്ചപ്പോഴേക്കും അയാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു. ഒരൊന്നര മണിക്കൂറെങ്കിലും എടുക്കും എന്നു മറുപടിയും പറഞ്ഞു. ഞാന്‍ കാറില്‍ കയറി ഇരുന്നു. ഒരു അഞ്ഞൂറു രൂപ തരാം, എന്നെ ഏഴരയ്ക്കു മുന്നെ, അവിടെ എത്തിക്കണം, പറ്റുമോ എന്നു ചോദിച്ചു. അയാളുടെ കണ്ണുകളില്‍ ചെറിയൊരു അമ്പരപ്പ്‌ ഞാന്‍ കണ്ടു. ഒന്നു കൂടെ ചോദിച്ചപ്പോള്‍, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. പിന്നെ വണ്ടി അയാള്‍ പറപ്പിക്കുകയായിരുന്നു. മുന്നില്‍ കണ്ടവനെ എല്ലാം ചീത്ത വിളിച്ചു കൊണ്ട്‌ ഒരു പോക്ക്‌. അതിനിടയില്‍ ആണവക്കരാര്‍ ഒപ്പു വയ്ക്കുന്നതില്‍ കോണ്‍ഗ്രസ്സുകാരുടെ ആഘോഷ പ്രകടനം, വഴിയില്‍ തടസ്സം ഉണ്ടാക്കി. അതിനയാള്‍, സോണിയാ മാഡത്തിണ്റ്റേയും, നമ്മൂടെ സറ്‍ദാറ്‍ജി പ്രധാനമന്ത്രിയുടേയും വീട്ടുകാരെ വരെ ചീത്തവിളിച്ചു. അതും പാവം ഞാന്‍ തന്നെ കേട്ടു. ഞാനൊന്നും പറഞ്ഞില്ല.... കണ്ണടച്ചിരുന്നു... ആവശ്യക്കാരന്‌ ഔചിത്യം പാടില്ലല്ലോ? ഒടുവിലാ യാത്ര അവസാനിക്കുന്നത്‌ കെ.എസ്‌.ആറ്‍.ടി.സി സ്റ്റാണ്റ്റിനു മുന്നില്‍, കൃത്യം ഏഴരയ്ക്ക്‌. അഞ്ഞൂറു രൂപയും കൊടുത്തു പുറത്തിറങ്ങുമ്പോള്‍, അതാ എനിക്കു പോകേണ്ട ബസ്സ്‌ റെഡിയായി കിടക്കുന്നു...

ചെന്നപ്പോഴേ മനസിലായി, അവറ്‍ ആരെയോ കാത്തിരിക്കുകയാണ്‌. കണ്ടക്ടറെ ടിക്കറ്റ്‌ കാണിച്ചതും, അയാളൊരു രൂക്ഷമായ ഒരു നോട്ടം, എന്നിട്ടെന്തോ കന്നഡയില്‍ ചോദിച്ചു. നമുക്കാ ഭാഷ നന്നയി അറിയാവുന്നതിനാല്‍ ഒന്നും മനസിലായില്ല. എന്തായാലും വൈകിയതിനു ചീത്ത
പറഞ്ഞതാണെന്ന്‌ മനസ്സിലായി... അതു കൊണ്ട്‌ ഒന്നും മിണ്ടാതെ അകത്തു കയറി ഇരുന്നു. അപ്പോഴേക്കും ശക്തമായി മഴ പെയ്യുവാന്‍ തുടങ്ങി. ബസ്സ്‌ അതിനിടയ്ക്കു യാത്ര തുടങ്ങി. എണ്റ്റെ എം.പി.ത്രി പ്ളെയര്‍ ഓണാക്കി, ഹെഡ്‌ ഫോണ്‌ ചെവിയില്‍ തിരുകി, കണ്ണടച്ചു ഞാന്‍ ഇരുന്നു. പതുക്കെ ഉറക്കത്തിലേക്ക്‌ വഴുതി വീഴുകയും ചെയ്തു. പിന്നീടെപ്പോഴോ എഴുന്നേറ്റപ്പോള്‍ ഒരു വലിയ ബ്ളോക്കില്‍ വണ്ടി പതുക്കെ പതുക്കെ നീങ്ങുന്നു. അതിനിടെ ഭക്ഷണം കഴിക്കുവാനായി വണ്ടി നിര്‍ത്തി. ഹോട്ടല്‍ കണ്ടപ്പോഴേ ഉള്ള വിശപ്പു മുഴുവന്‍ പമ്പകടന്നു. ബാംഗ്ളൂറ്‍ ബസ്‌ യാത്രക്കാര്‍ക്ക്‌ പേടിസ്വപ്നമായ, കറുകുറ്റിക്കടുത്തുള്ള ആ ഹോട്ടലിണ്റ്റെ മഹാത്മ്യം ബാംഗ്ളൂറ്‍ മലയാളികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമാണ്‌. ഗത്യന്തരമില്ലാതെ അവിടെ കയറി, പൊറോട്ടയും വെജിറ്റബിള്‍ കറിയും ഓറ്‍ഡറ്‍ ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ അതെത്തി. പൊറോട്ടയില്‍ കൈവച്ചതോടെ, ഒരു കാര്യം മനസിലായി, അതൊന്നു കീറാന്‍ കത്തിയോ കത്രികയോ വേണ്ടി വരും. ഒടുവില്‍ ഡാബറ്‍ ദന്ത്‌ മഞ്ജണ്റ്റെ പരസ്യം പോലെ, പല്ലിണ്റ്റെ ബലം ഞാനങ്ങു പരീക്ഷിച്ചു. അതൊരു വിജയമായപ്പോള്‍ കിട്ടിയ രണ്ടു പൊറോട്ട ഞാന്‍ ഒരു വിധം കഴിക്കാന്‍ തുടങ്ങി. വീണ്ടും, ആവശ്യക്കാരന്‌ ഔചിത്യം പാടില്ല എന്നാണല്ലോ പ്രമാണം. കഴിച്ചു തീരാറയതും ഒരാള്‍ പാഞ്ഞെത്തി ഒരു ചോദ്യം, പൊറോട്ട വേണോ? ഞാന്‍ പറഞ്ഞു, ബില്ല്‌ മതി.. ബില്ലും കൊടുത്ത്‌ വണ്ടിക്കകത്തു കയറി, അല്‍പം വെള്ളവും കുടിച്ച്‌ വീണ്ടും പാട്ടു കേള്‍ക്കാന്‍ തുടങ്ങി. വീണ്ടും വണ്ടിയൊരു ബ്ളോക്കിലേക്കാണ്‌ ഇറങ്ങിയത്‌. നിരങ്ങി നിരങ്ങി നിങ്ങുന്നതിനിടയില്‍ എപ്പോഴോ ഞാനുറങ്ങിപ്പോയി... പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ സമയം പതിനൊന്നര. വണ്ടി എവിടെയോ നിര്‍ത്തിയിരിക്കുന്നു. കോഴിക്കോട്‌ എത്തിക്കാണും എന്ന പ്രതീക്ഷയില്‍ പുറത്തേക്ക്‌ നോക്കിയ എന്നെ, അവിടെ കണ്ട ഒരു വലിയ ബോര്‍ഡ്‌ ഞെട്ടിച്ചു. സ്ഥലം തൃശ്ശൂറ്‍. ബ്ളോക്കയിരുന്നിരിക്കാം എന്നു വിചാരിച്ചു ഞാന്‍ വീണ്ടും ഉറക്കം തുടറ്‍ന്നു. പിന്നെ എപ്പോഴോ എഴുന്നേല്‍ക്കുമ്പോള്‍, വണ്ടി ഒരു പെട്റോള്‍ പമ്പിണ്റ്റെ മുന്നില്‍ നിറ്‍ത്തിയിരിക്കുന്നു. ഓ..പെട്റോള്‍ അടിക്കാനാവും എന്നു കരുതി ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. വണ്ടി നിറ്‍ത്തിയിട്ടിരിക്കയാണ്‌. പുറത്താരൊക്കെയോ കന്നഡത്തില്‍ മാത്താടുന്നുണ്ട്‌ (സംസാരിക്കുന്നുണ്ട്‌). ഒന്നു ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, ആരോ ഫോണില്‍ സംസാരിക്കയാണ്‌. ഒന്നും മനസ്സിലാകാതെ ഞാന്‍ കുറച്ചു നേരം അവിടെ ഇരുന്നു. ആ കൂട്ടത്തില്‍ നിന്നൊരാള്‍ ബസ്സിനുള്ളിലേക്കു വന്നപ്പോള്‍, എന്താ കാര്യം എന്നു ഞാന്‍ തിരക്കി. അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല എന്നാണ്‌ അയാള്‍ പറഞ്ഞത്‌. ഇതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്ന രീതിയില്‍, അയാള്‍ പിറകിലെ സീറ്റില്‍ പോയിരുന്ന്‌ ഉറങ്ങാന്‍ തുടങ്ങി. എ.സി. ഇല്ലാതിരുന്നതിനാല്‍ , നന്നായി ചൂടെടുത്തു തുടങ്ങിയിരുന്നു. അതു കൊണ്ട്‌ ഉറക്കം പോയ ദേഷ്യത്തില്‍ (സങ്കടത്തില്‍) ഞാന്‍ പുറത്തിറങ്ങി. അവിടെ ഒരാള്‍ എന്താ സംഭവിക്കുന്നതെന്നതിനെ കുറിച്ചൊരു പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. എണ്റ്റെ ഭാഗ്യത്തിന്‌ അത്‌ ഇംഗ്ളീഷില്‍ ആയിരുന്നു. വണ്ടിയുടെ എഞ്ചിന്‍ ഓയില്‍ തീറ്‍ന്നു പോയെന്നും, ഇനി വണ്ടി മുന്നോട്ടു പോകില്ലെന്നും അവറ്‍ പറയുന്നുണ്ടായിരുന്നു. ഒന്നു ഞെട്ടിയെങ്കിലും, എഞ്ചിന്‍ ഓയില്‍ കേരളത്തില്‍ കിട്ടാത്ത സാധനമല്ലല്ലോ എന്നോറ്‍ത്തപ്പോള്‍ ഞാന്‍ സമാധാനിച്ചു. അതു വരെ വളരെ സൈലണ്റ്റായി നിന്നിരുന്ന ഒരാള്‍ വയലണ്റ്റാകുന്നതാണ്‌ ഞാന്‍ കണ്ടത്‌. പാവം കണ്ടക്ടറ്‍ ആ വീശ്വരൂപം കണ്ടു വിറച്ചു, കന്നഡത്തില്‍ മാത്താടിയതു കാരണം അയള്‍ പറഞ്ഞത്‌ അങ്ങേറ്‍ക്കു മനസ്സിലായി. ഒടുവില്‍ ഒരു കാര്യം പിടികിട്ടി, എഞ്ചിന്‍ ഓയില്‍ വാങ്ങി ഒഴിക്കാന്‍ ബാംഗ്ളൂരുള്ള ഏതോ ഒരു തല തെറിച്ച ഡിപ്പോ മാനേജറ്‍ സമ്മതിക്കുന്നില്ല. അയാള്‍ ഉഴപ്പുകയാണ്‌. വയലണ്റ്റായി മാറിയ ആള്‍, പേരു മണി എന്നാണ്‌, കന്നഡത്തില്‍ മാത്താടിയത്‌ നിറ്‍ത്തി സംസാരം സായിപ്പിണ്റ്റെ ഭാഷയിലാക്കി. അതോടെ ഡിപ്പോ മാനേജറ്‍ എല്ലാത്തിനും സമ്മതം മൂളി. കേട്ട പാതി കേള്‍ക്കാത്ത പാതി കണ്ടക്ടറും ഡ്രൈവറും, ഒരു കാനുമെടുത്ത്‌ ആ വഴി വന്ന ഒരു ജീപ്പിനു കൈ കാണിച്ചു അതില്‍ കയറി പോയി. പക്ഷേ അവര്‍ പോവേണ്ടിയിരുന്നത്‌ കോഴിക്കോടിനായിരുന്നു. പോയത്‌ കുറ്റിപ്പുറത്തിനും. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അപ്പോള്‍ സമയം രണ്ടര.

മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു. അവിടെ ഒരു തട്ടുകട ഉണ്ടായിരുന്നതിനാല്‍, പതുക്കെ ഒരു കട്ടനുമടിച്ച്‌ അങ്ങനെ നിന്നു. സമയം കുതിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു. കുറേ പേര്‍ അവര്‍ പോയ ദിക്കിലേക്കു നോക്കി ഇരിക്കുന്നു. മറ്റു ചിലര്‍, ബാംഗ്ളൂരെത്താനും എത്താതിരിക്കാനുമുള്ള
സാധ്യതകളെക്കുറിച്ചു വിശകലനം ചെയ്യുന്നു. മറ്റു ചിലര്‍ വോള്‍വോ ബസ്സിന്റെ ചരിത്രവും, സാങ്കേതിക വിദ്യയെക്കുറിച്ചും കൂലംകഷമായ ചര്‍ച്ചയില്‍. മറ്റു ചിലറ്‍ ഇതൊന്നും അറിയാതെ ബസ്സിനുള്ളില്‍ സുഖനിദ്രയില്‍... അവിടെ നിന്നു ബോറഡിച്ചപ്പോള്‍, അകത്തു കയറാം എന്നു കരുതി, പക്ഷേ അകത്തെ ചൂടോറ്‍ത്തപ്പോള്‍ പുറത്തു തന്നെ നിന്നു. സമയം വീണ്ടും മുന്നോട്ടു നീങ്ങി.. അതിനിടയില്‍, വണ്ടികള്‍ പലതും ആ വഴി പൊയ്‌ക്കോണ്ടിരുന്നു. ഒടുവില്‍ സമയം അഞ്ചു മണി, കറ്‍ണ്ണാടകത്തിണ്റ്റെ ഒരു രാജഹംസ ബസ്സ്‌ കോഴിക്കോട്‌ ഭാഗത്തു നിന്നു വന്ന്‌ ഒരു സഡന്‍ ബ്രേക്കിട്ടു. അതു വരെ ഉറക്കം തൂങ്ങി കടത്തിണ്ണയില്‍ ഇരുന്നവരെല്ലാം ആകാംഷയോടെ ചാടി എഴുന്നേറ്റു. അതില്‍ നിന്നും നമ്മൂടെ ഡ്രൈവറും കണ്ടക്ടറും രണ്ടു കാനുകളുമായി ചാടിയിറങ്ങി. അവരെ കണ്ടതും നമ്മുടെ മണി വീണ്ടും വയലണ്റ്റായി, താമസിച്ചതിനു ചീത്തവിളിക്കുവാന്‍ തുടങ്ങി. അതോടെ കൊണ്ടു വന്ന ജാറ്‍ നിലത്തു വച്ച്‌ ഡ്രൈവറ്‍ മണിയോട്‌ വാഗ്വാദത്തിലായി, അതും കന്നഡത്തില്‍.. നമ്മള്‍ കഥയറിയാതെ ആട്ടം കാണുന്ന കാണികളും. അതിനിടെ അവറ്‍ വന്ന രാജഹംസ, സംഗതി പന്തിയല്ല എന്നു കണ്ട്‌, അവരുടെ യാത്ര തുടറ്‍ന്നു. ഓയില്‍ ഇപ്പോള്‍ ഒഴിക്കും, ഇപ്പോള്‍ തന്നെ പോകാം എന്നോറ്‍ത്തു നിന്നിരുന്നവരും പതുക്കെ വയലണ്റ്റായി തുടങ്ങി. മണിയേയും ഡ്രൈവറേയും തള്ളി മാറ്റി, ഓയില്‍ ഒഴിക്കാന്‍ പറഞ്ഞു. ഒടുവില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ മണി ബസ്സിനകത്തു കയറി, ഡ്രൈവറ്‍ ഓയില്‍ ഒഴിക്കാനും തുടങ്ങി. അങ്ങനെ ഒരു അഞ്ചര മണിയോടെ വണ്ടി സ്റ്റാറ്‍ട്ടായി. എല്ലാവരുടേയും മുഖത്തൊരു പ്രകാശമുണ്ടായിരുന്നു... അല്‍പം കൂടി വൈകിയിരുന്നെങ്കില്‍, അതു സൂര്യനുദിച്ചതിണ്റ്റെ പ്രകാശമാകുമായിരുന്നു.

ഓരോരുത്തരായി ബസ്സിനകത്തേക്കു കയറുവാന്‍ തുടങ്ങി, അതിനിടെ ബസ്സില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരാള്‍ എഴുന്നേറ്റൊരു ചോദ്യം, മജസ്റ്റിക്കെത്തിയോ എന്ന്‌. ഇല്ലെ ചേട്ടാ, ഒരു അരമണിക്കൂറ്‍ കൂടി എടുക്കും എന്ന്‌ ഏതോ ഒരു മലയാളി ഡയലോഗും കാച്ചി. അതു കേട്ട ഉടനെ, ചോദിയച്ചയാള്‍ കമ്പിളി പുതച്ചു ഉറക്കം തുടറ്‍ന്നു. വീണ്ടും വണ്ടി ഉരുണ്ടു തുടങ്ങി. കുറച്ചു നേരം, ഉറങ്ങാതെ ഞാന്‍ നോക്കിയിരുന്നു, വണ്ടി മുന്നോട്ടു പോകുമോ എന്നറിയണമല്ലോ? ആറു മണി കഴിഞ്ഞതോടെ വണ്ടി കോഴിക്കോട്‌ വിട്ട്‌ വയനാട്ടിലേക്കുള്ള യാത്രയിലായി. പിന്നെ പതുക്കെ കിടന്നുറങ്ങി. ഇടയ്ക്കിടെ ഉറക്കമെഴുന്നേറ്റ്‌ നോക്കിയപ്പോഴെല്ലാം വണ്ടി കേരളത്തിണ്റ്റെ പുറത്തെത്തിയിരുന്നില്ല, ആദ്യം വയനാട്‌ ചുരം, പിന്നെ ബത്തേരി, അതു കഴിഞ്ഞു മുത്തങ്ങ. മുത്തങ്ങ എന്ന ബോറ്‍ഡു കണ്ടപ്പോള്‍ നമ്മുടെ ആണ്റ്റണി സാറിനെ ഓറ്‍മ്മ വന്നു. മൂപ്പരാണല്ലോ, അവിടെ കയറി വെടിവെപ്പു നടത്തിയത്‌!!! അതിനു ശേഷം യാത്ര കാട്ടിലൂടെ ആയിരുന്നു. ഇടയ്ക്കിടയ്ക്ക്‌ കുരങ്ങന്‍മാരേയും, മാനുകളേയും, ആനക്കുട്ടികളെയും കാണുവാന്‍ സാധിച്ചു. അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയി.

വീണ്ടും വണ്ടി നിറ്‍ത്തിയപ്പോഴാണ്‌ ഞാന്‍ ഞെട്ടി എഴുന്നേറ്റത്‌. കറ്‍ത്താവേ വീണ്ടും പെട്ടോ എന്ന്‌ മനസ്സില്‍ ചോദിച്ചു കൊണ്ടാണ്‌ പുറത്തേക്കു നോക്കിയത്‌. വണ്ടി നിറ്‍ത്തിയിരിക്കുന്നത്‌ ഒരു ഹോട്ടലിണ്റ്റെ പുറത്തായിരുന്നു. കയ്യിലുള്ള മിനറല്‍ വാട്ടറും, പേസ്റ്റും ബ്രഷുമെടുത്ത്‌ പതിയെ പുറത്തിറങ്ങി, ഒരു മൂലയ്ക്കു നിന്നു പതുക്കെ പല്ലു തേച്ചു. അതിനു ശേഷം, ഹോട്ടലില്‍ കയറി ഒരു സെറ്റു പൂരിയും കാപ്പിയും
കഴിച്ചു, ഇറങ്ങിയപ്പോഴേക്കും, വണ്ടി അതാ പോകാനായി സ്റ്റാറ്‍ട്ട്‌ ചെയ്തു നിറ്‍ത്തിയിരിക്കുന്നു. അവിടെ കണ്ട ഒരു ബോറ്‍ഡ്‌ വായിച്ചു, മൈസൂറ്‍ അറുപത്‌ കിലോമീറ്ററ്‍. അപ്പോള്‍ സമയം ഏകദേശം എട്ടു മണി. വണ്ടി വീണ്ടും പതിയെ പതിയെ യാത്ര തുടറ്‍ന്നു. അവസാനം മൈസൂറ്‍ പാലസും, ചാമുണ്ഡി ഹില്‍സും ഒക്കെ കണ്ടു. വണ്ടി പിന്നെ നിറ്‍ത്തിയതു മൈസൂറ്‍ ബസ്‌ സ്റ്റാണ്റ്റിലായിരുന്നു. അവിടെയാണെങ്കില്‍ വന്‍ തിരക്കും. വണ്ടി അകത്തു കയറിയപ്പോഴാണ്‌ മനസിലായതു, മുന്നോട്ടു പോവില്ല എന്ന്‌. അവിടെ ഉണ്ടായിരുന്ന ഇട്ടാവട്ട സ്ഥലത്തിട്ട്‌ ഡ്രൈവറ്‍ വണ്ടി തിരിച്ചു. അപ്പോള്‍ സ്റ്റേഷണ്റ്റെ കവാടത്തിലും തിരക്കായി. അതൊരു ഊരാക്കുടൂക്കായി, ആ വഴി ഇറങ്ങാന്‍ പോലീസുകാരന്‍ സമ്മതിക്കത്തതിനാല്‍ ഡ്രൈവറ്‍ വീണ്ടും വണ്ടി വട്ടം തിരിച്ചു. പതുക്കെ നിരങ്ങി നിരങ്ങി അതു മുന്നോട്ടു നീങ്ങി. അപ്പോഴാണ്‌ മറ്റൊരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്‌. വണ്ടി പുറത്തേക്കുള്ള വഴിയുടെ നേരെ അല്ല പോകുന്നത്‌, മറ്റെങ്ങോട്ടോ ആണ്‌. നോക്കിയപ്പോള്‍ അതൊരു പെട്രോള്‍ പമ്പിണ്റ്റെ മുന്നിലാണ്‌. അതു വരെ നിശബ്ദനായിരുന്ന മണി വീണ്ടും വയലണ്റ്റായി. മണി കണ്ടക്ടറുടെ നേരെ പൊട്ടിത്തെറിച്ചു. അതിനിടയില്‍, ഡ്രൈവറ്‍ ഇന്ധനം നിറച്ചിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയെങ്കിലും, വിണ്ടും നിന്നു, കണ്ടക്ടര്‍ പുറത്തിറങ്ങി. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍. അതാ കണ്ടക്ടറ്‍ പുറത്തു നിന്നു ബാംഗ്ളൂറ്‍ ബാംഗ്ളൂറ്‍ എന്നു കൂവി വിളിക്കുന്നു. അതു കണ്ടതോടെ യാത്രക്കാരുടെ പലരുടേയും സറ്‍വ്വ നിയന്ത്രണങ്ങളും പോയി. അവറ്‍ പാഞ്ഞു പുറത്തിറങ്ങി, കണ്ടക്ടറെ വലിച്ച്‌ അകത്തു കയറ്റി. അതിനിടെ അയാള്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍ വിസിലടിച്ചു കൊണ്ട്‌ ഓടി വന്നു. വന്ന പാടെ കന്നഡത്തില്‍ എന്തൊക്കെയോ ചോദിച്ചു, വയലണ്റ്റായ മണി, കന്നഡത്തില്‍ എന്തൊക്കെയോ മാത്താടി. അതോടെ അയാള്‍ വന്ന വഴി സ്ഥലം വിട്ടു. മണി തിരിഞ്ഞു ഡ്രൈവറെ നോക്കിയതും, അയാള്‍ വണ്ടി മുന്നോട്ടെടുത്തു. ഇനി ബാംഗ്ളൂറ്‍ അല്ലാതെ എവിടേയും നിറ്‍ത്തരുതെന്ന്‌ ഒരു താക്കീതും നല്‍കി, മണി കണ്ടക്ടറുടെ സീറ്റില്‍ ഇരിപ്പായി. ഏകദേശം അര മുക്കാല്‍ മണിക്കൂറ്‍ ആ സ്റ്റാണ്റ്റില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു. വണ്ടി ഹൈവേയില്‍ എത്തുന്നതു വരെ നിരങ്ങി തന്നെ പോയി.. അതിനു ശേഷം അല്‍പം സ്പീഡ്‌ കൂടി.. ക്ഷീണം ഉണ്ടായിരുന്നതിനാല്‍, ഞാന്‍ പതുക്കെ കിടന്നുറങ്ങി. പിന്നെ എഴുന്നേല്‍ക്കുമ്പോള്‍, ബസ്സ്‌ മൈസൂറ്‍ റോഡ്‌ ഫ്ളൈ ഓവറില്‍ ആയിരുന്നു. ബാഗെടുത്ത്‌ ഇറങ്ങാന്‍ തയാറായി. ബസ്‌ സ്റ്റാണ്റ്റിലെത്തിയപ്പോള്‍ സമയം ഒന്ന്‌. അവിടെ നിന്നൊരു ബസ്സില്‍ കയറി വീട്ടിലെത്തിയപ്പോള്‍ സമയം രണ്ട്‌...

ഏകദേശം ഇരുപതു മണിക്കൂറ്‍ നീണ്ട യാത്ര,,,, ജീവിതത്തിലെ മറ്റൊരു അനുഭവം... എന്തായാലും ഈ നരക യാത്ര, അത്ര മോശമായില്ല.. പുതിയ മൂന്നു സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു, നമ്മൂടെ വയലണ്റ്റ്‌ മണി അടക്കം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.