Showing posts with label ആസ്വാദനം. Show all posts
Showing posts with label ആസ്വാദനം. Show all posts

Monday, March 9, 2015

ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ

വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരേ മുൻകൈ എടുത്തായിരുന്നു പ്രദർശനം. വൈകിയാണ് ഇൻവിറ്റേഷൻ കിട്ടിയതെങ്കിലും കൃത്യ സമയത്ത് തന്നെ അവിടെ എത്തിപ്പെടാൻ പറ്റി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയ വികാരങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. വളരെയധികം എന്നെ സ്വാധീനിച്ച എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടെന്നു തോന്നി. ഒരു തവണ കൂടി ഈ ചിത്രം കാണുവാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ, വെറുമൊരു ശരാശരി സിനിമാസ്വാദകനായ എനിക്കുണ്ടായ ചില തോന്നലുകൾ ഞാനിവിടെ കുറിക്കുന്നു.

ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ പേരു തന്നെ ചിത്രത്തിൽ നമുക്കായി കരുതിയിരിക്കുന്ന വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. ഒരേ സമയം ഉയരത്തെയും ആഴത്തെയും സൂചിപ്പിക്കാൻ കഴിയുന്ന വാക്കാണ്‌ ഒരാൾപ്പൊക്കം. പരമ്പരാഗത സിനിമകളിൽ നിന്നും ബോധ പൂർവ്വമുള്ള ഒരു മാറിനടക്കലായി ഈ ചിത്രത്തെ നമുക്ക് കാണുവാൻ കഴിയുമെങ്കിലും, പല തലങ്ങളിൽ നിന്ന് കൊണ്ട് ജീവിതമെന്ന മിഥ്യയെ നോക്കി കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് ഇതിനെ കാണുവാൻ കഴിഞ്ഞത്. ഒരേ ഫ്ലാറ്റിൽ താമസിക്കുന്ന മഹേന്ദ്രനെയും മായയെയും പരിചയപ്പെടുത്തിയാണ് ഒരാൾപ്പൊക്കം ആരംഭിക്കുന്നത്‌. അവർ വിവാഹിതരല്ല, വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് പല നിബന്ധനകളോടെ ഒരുമിച്ചു ജീവിക്കുന്ന രണ്ടു പേർ.  തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ താൻ പ്രണയത്തിലാണോ എന്ന് മഹി സംശയിച്ചു തുടങ്ങുന്നു. ലൈംഗികമായ ഒരാകർഷണം മാത്രമാണത് എന്ന് മഹി മായയോട് പറയുന്നുവെങ്കിലും അയാളുടെ ഈഗോ മായയുമായി വഴിക്കിടുന്നതിൽ അവസാനിക്കുന്നു. മായ അയാളുടെ ജീവിതത്തിൽ നിന്നും നടന്നകലുന്നു. തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പെണ്‍കുട്ടിയുമായി ജീവിതം ആസ്വദിക്കുവാൻ അയാൾ ശ്രമിക്കുന്നുവെങ്കിലും, മായയുടെ ആ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യത അയാളെ വേട്ടയാടുന്നു. അവളുടെ നമ്പർ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന അവസരത്തിലാണ് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ അയാൾക്ക് കിട്ടുന്നത്. ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, അതിന്റെ ഉയരം കണ്ട് മഹിയെ ഓർമ്മ വന്നു എന്ന് പറഞ്ഞായിരുന്നു അവൾ വിളിച്ചത്. അടുത്ത ദിനം ഉറക്കമുണരുന്ന മഹിയെ കാത്തിരുന്നത് ഉത്തരാഖണ്ടിൽ സംഭവിച്ച പ്രളയവും ദുരന്തവുമാണ്. മായയെ വിളിക്കുവാൻ മഹി ശ്രമിക്കുന്നുവെങ്കിലും ഫോണിൽ കിട്ടാതെ വരുന്നു. അത് മഹിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. അവളുടെ ഓർമ്മകൾ അവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നു, ആദ്യം മുംബൈ, പിന്നെ ഡൽഹി, അവിടെ നിന്നും ഹരിദ്വാർ അങ്ങനെ മഹിയുടെ യാത്ര തുടരുന്നു.

ചിത്രത്തിന്റെ ആദ്യരംഗം മുതൽ മഹേന്ദ്രൻ എന്ന കഥാപാത്രത്തെ വരച്ചിടുന്നുണ്ട് ചിത്രത്തിൽ. അഹംബുദ്ധിയായ തന്നിലുപരി മറ്റൊന്നിനേയും വക വയ്ക്കാത്ത, താനാണ് ഏറ്റവും ഉയർന്നവൻ, താൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരാളാണ് എന്നിങ്ങനെ പല പല ധാരണകൾ തന്നെക്കുറിച്ച് തന്നെ പുലർത്തുന്ന ഒരു വ്യക്തിത്വം.  എന്നാൽ മറു ഭാഗത്ത് ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ മായ. താനെടുത്തണിയുന്ന മുഖംമൂടികൾ പൊളിഞ്ഞു വീഴുമ്പോൾ ഒളിച്ചോടുന്ന മഹേന്ദ്രനെയും നമുക്ക് കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ അന്വേഷിക്കുന്നതെന്തെന്ന് തനിക്കറിയില്ല  എന്ന് നടിക്കുന്ന മഹി തേടുന്നത് മായയെ തന്നെയാണ്. മായയെ തേടിയുള്ള യാത്രയിലുടനീളം മായ മഹിക്കൊപ്പമുണ്ടുതാനും. തുടക്കത്തിൽ നാം കാണുന്ന പരിഷ്കാരിയായ ഒരു നഗരജീവിയിൽ നിന്നും, തന്റെ ഞാനെന്ന ഭാവവും അഹംഭാവവും നഷ്ടപ്പെട്ട്, തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട് നിൽക്കുന്ന മഹേന്ദ്രനിലെത്തി ചിത്രം അവസാനിക്കുന്നു.  പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും പലതരത്തിൽ തുടർ ചിന്തകൾ നടത്തുവാനുമുള്ള സ്വാതന്ത്ര്യവും നൽകി abstract ആയ ഒരു അവസാനമാണ് ചിത്രത്തിനുള്ളത്. മായ എന്ന വാക്കിനു illusion എന്നൊരർഥം നൽകിയാൽ, മായ മഹേന്ദ്രനെ സംബന്ധിച്ച് ഒരു 'മായ' തന്നെയാണ്. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന്, അയാൾ പ്രതീക്ഷിക്കാതെ ഒരു ശൂന്യത സമ്മാനിച്ചിട്ടു കടന്നു പോകുന്നു. അവളെ തേടിയുള്ള അയാളുടെ യാത്രക്കിടയിൽ പലവുരു അയാൾ മായയെ കാണുന്നു, അവളുമായി സംവദിക്കുന്നു. മായയെ അന്വേഷിച്ചു പോകുമ്പോൾ മഹി കാണുന്ന, മായയുടെ മുഖമുള്ള  ഛായ എന്ന സ്ത്രീയിലും തേയില നുള്ളാൻ പോകുന്ന പെണ്‍കുട്ടികൾക്കിടയിലും, ജീപ്പിൽ നിന്നിറങ്ങി പോകുന്ന സ്ത്രീകൾക്കിടയിലുമെല്ലാം മഹി മായയെ കാണുന്നുണ്ട്. തളർന്നിട്ടും അയാളെ ഉയരത്തിലേക്ക്  കയറുവാനുള്ള പ്രേരകശക്തിയായി,  ആ നീണ്ടയാത്രയിൽ തനിക്കൊപ്പം ഒരു സഹയാത്രികയായി അവളുമുണ്ട് എന്ന് മഹി വിശ്വസിക്കുന്നു. ബാറിലിരുന്ന് മദ്യപിക്കുന്ന സമയത്താണ് മഹിക്ക് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ വിളി വരുന്നത്.  മായയെ തേടിയുള്ള യാത്രയിൽ അവളെ കണ്ടിട്ടുള്ള ഒരാളെ പോലും മഹിക്ക് കണ്ടെത്താനാവുന്നില്ല. ആ ഒരു തലത്തിൽ ചിന്തിച്ചാൽ മഹിക്ക് കിട്ടിയ ഫോണ്‍ കോൾ തന്നെ ഒരു illusion ആവാനുള്ള സാധ്യതയുണ്ട്. മായ കേദാർനാഥിൽ ഉണ്ടെന്ന് തോന്നലാവാം അയാളെ അങ്ങോട്ട് നയിക്കുന്നത്. എല്ലാത്തിനുമൊടുവിൽ മഹി മായയെ കണ്ടുമുട്ടുന്നതായും അവർ മടങ്ങി പോരുവാൻ തുടങ്ങുന്നതുമായ രംഗങ്ങൾ, ജീവിതത്തിൽ ചില തെറ്റുകൾ തിരുത്തുവാൻ നമുക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സഹജമായ വാസന, തന്റെ ഈഗോയെ മുൻനിർത്തി അവയെ നിരാകരിക്കുകയാണ്. മഹി സഞ്ചരിക്കുന്നതും ആ വഴിയെ തന്നെ!

സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് ചിത്രം നമ്മോട് പറയുവാൻ ശ്രമിക്കുമ്പോൾ അത് വഴി മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രം നമ്മോട് സംവദിക്കുന്നുണ്ട്. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും നാം സ്ത്രീകളെ എങ്ങനെ കാണുന്നുവോ അത് പോലെ തന്നെയാണു പ്രകൃതിയെയും കാണുന്നത് എന്ന ധ്വനി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥാഗതിക്കിടയിൽ വളരെ casual ആയി, ഒരു ഡാമിന്റെ വരവ് ഒരു ജനതയെ എങ്ങനെ ബാധിച്ചു എന്ന് പറഞ്ഞു പോകുന്നുവെങ്കിലും, അത്  അവശേഷിപ്പിക്കുന്നത് പ്രേക്ഷകർക്ക് ചിന്തീദ്ദ്വീപമായ വസ്തുതകളാണെന്ന് പറയാതെ വയ്യ. ഉത്തരാഖണ്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് മഹിയുടെ യാത്രയെ നമുക്കായി അവതരിപ്പികുമ്പോൾ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയിരിക്കുന്ന ചില ക്രൂരമായ ഇടപെടലുകളെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ് ഈ ചിത്രം. ഒരു environmental movie ആയി ഒരാൾപ്പൊക്കത്തെ ആരെങ്കിലും കണ്ടാൽ അതിൽ അതിശയോക്തിയില്ല എന്ന് പറയാം. ഉയർന്ന വ്യക്തി എന്ന് വ്യംഗ്യമായി അർത്ഥം വരുന്ന മഹേന്ദ്രൻ എന്ന നാമധേയത്തിലുള്ള വ്യക്തിയ, ജീവിതം എത്ര നിസ്സാരം എന്ന് കാണിച്ചു കൊടുക്കുന്നത് മായ എന്ന് പേരുള്ള ഒരു സ്ത്രീയാണ്. മഹേന്ദ്രൻ, മായ, ഛായ എന്നിങ്ങനെ വാക്കുകൾക്കൊണ്ടുള്ള സമർത്ഥമായ ഒരു കളി തന്നെ നമുക്കിതിൽ കാണാം. ഹരിദ്വാറിലേക്കുള്ള യാത്രക്കിടയിൽ മഹി ആദ്യം മായയെ കണ്ടുമുട്ടുന്ന അവസരത്തിൽ അവൾ മഹിയോട് പറയുന്നത്, അയാൾ നല്ലൊരു നടനാനെന്നാണ്. അത് അയാളെ പൊടുന്നനെ അസ്വസ്ഥനാക്കുന്നു, അല്പം കൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ മഹിയിൽ കാണുവാൻ സാധിക്കും. നമ്മെ തന്നെ മറന്നു ജീവിതത്തിലെ പല ലക്ഷ്യങ്ങൾക്കായി ഓടുന്ന നാം, പലപ്പോഴും ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് നമ്മോടു വ്യംഗ്യമായി ചിത്രം പറയുന്നത് ഇങ്ങനെയുള്ള സംഭാഷണശകലങ്ങളിലൂടെയാണ്. മായയെ തേടി കുന്നിൻ മുകളിലേക്ക് നടന്നു കയറുന്ന മഹി, അവളെ കണ്ടുമുട്ടുമ്പോൾ, അവളുടെ വാക്കുകൾ കേൾക്കാതെ ഉയരത്തിലേക്ക് ഓടി കയറുന്നു. മുകളിലെത്തുന്ന മഹി മായയോട് അവൾ നടന്നു കയറിയ ദൂരം തനിക്ക് ഓടി കയറാൻ കഴിഞ്ഞുവെന്ന് അഹങ്കാരത്തോടെ പറയുമ്പോൾ, നമ്മൾ സഞ്ചരിച്ച ദൂരവും, എത്തിയ സ്ഥലവും ഒന്ന് തന്നെയെന്നാണ് മായയുടെ മറുപടി. ആ മറുപടി ശ്രദ്ധിക്കുക, ചിത്രം ഒരേ സമയം Spiritual ഉം Philosophyക്കലുമാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിന്റെ നശ്വരതയെയും മരണമെന്ന യാഥർത്ഥ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പികുകയാണ് ചിത്രമിവിടെ. മനുഷ്യ ജീവിതത്തെയും ആറടി മണ്ണിനേയും ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളിലാണ്, ചിത്രത്തിനു ഒരാൾപ്പൊക്കം എന്ന പേരു നൽകിയതിന്റെ പ്രസക്തി എന്ന് തോന്നുന്നു.

അവസാനിപ്പിക്കുന്നതിന് മുന്നേ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടി പറയാതെ നിർത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മഹേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് ബാരെയാണ്. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മായയെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്, എങ്കിലും എടുത്തു പറയേണ്ടത് പ്രകാശ് ബാരേയുടെ പ്രകടനമാണ്. മികച്ച ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം, ഏതൊരു ബിഗ്‌ ബജറ്റ് ചിത്രത്തോടും കിടപിടിക്കാൻ തക്കവണ്ണമുള്ള സിനിമാട്ടോഗ്രാഫിയാണു ചിത്രത്തിന്റേത്. ഡിജിറ്റൽ സിനിമാട്ടൊഗ്രാഫിയുടെ സാധ്യതകൾ അനന്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്നു പോകുന്നു, ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും രംഗങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു എന്ന് പറയാം. അപ്പുക്കുട്ടൻ ഭട്ടതിരിയുടെ ചിത്രസംയോജനവും മികച്ചതു തന്നെ. അഭിനേതാക്കളും അണിയറ പ്രവർത്തകരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ഈ ചിത്രത്തിന്റെ, ചിത്രത്തിന്റെ ജീവനാഡിയായി മാറുന്നത് തിരക്കഥയും സംവിധായകൻ സനൽ ശശിധരനുമാണ്. ഫ്രോഗെന്ന ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചിതനായ സനൽ, ഈ ചിത്രത്തിലും വേറിട്ട വഴിയിലൂടെയാണ് ചരിക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും പുലർത്തിയ വ്യത്യസ്ത, പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ മേന്മ, അത് തന്നെയാണ് സംവിധായകനെന്ന നിലയിൽ സനലിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.  Traditional സിനിമകളുടെ ചട്ടക്കൂടിനു വിരുദ്ധമായി, നിക്ഷിപ്തമായ ഒരു ഘടനക്കുള്ളിൽ നിന്നല്ല സനൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, അത് കൊണ്ടു തന്നെ, വളരെ abstract ആയ ഒരു അന്ത്യമാണ് ചിത്രം സമ്മാനിക്കുന്നത്. ഒരു പക്ഷേ പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വ്യത്യസ്തമായ വഴികൾ വെട്ടിത്തുറന്നിട്ട്, ഈ ചിത്രം ഒരു ക്ലൈസ്മാക്സിൽ എത്തുന്നില്ല എന്നൊരു വാദഗതി കൂടി ഇതിനൊപ്പം ചേർത്ത് വയ്ക്കാം. ഒരേ സമയം സാമൂഹികവും മാനുഷികവും ആത്മീയവും തത്വചിന്താപരവുമായ നിരവധി കാര്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ചിത്രം കടന്നു പോകുന്നത്. ആസ്വാദനത്തിന്റെ പല തലങ്ങളിൽ നിന്ന് കൊണ്ട്, അവരവരുടെ അഭിരുചിക്കും ആസ്വാദനക്ഷമതക്കുമൊത്ത് ഈ ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു പക്ഷേ ഈ ചിത്രം കൊണ്ട് സനൽ ഉദ്ദേശിക്കുന്നതും അത് തന്നെയായാകും.

Monday, November 10, 2014

'മുന്നറിയിപ്പ്' - ഒരു പുനർവായന

'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല ചിത്രങ്ങൾ പലതും പരാജയത്തിന്റെ കയ്പുനീർ കുടിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ടാവണം. എന്തായാലും നാട്ടിൽ ഡിവിഡി ഇറങ്ങി ഒരാഴ്ചക്കുള്ളിൽ ഇവിടെയും എത്തി മുന്നറിയിപ്പിന്റെ ഡിവിഡി.

കേട്ടതിൽ കൂടുതലും നെഗറ്റീവ് റിവ്യൂസ്, എന്നിരുന്നാലും ചില സുഹൃത്തുക്കൾ പറഞ്ഞത് ഈ സിനിമ കാണണം എന്ന് തന്നെയാണ്‌. അത് കൊണ്ടു തന്നെ മുൻവിധികളോടെ സിനിമയെ സമീപിക്കാൻ അല്പം മടിയുണ്ടായിരുന്നു. വേണു എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു ചിത്രം. ആദ്യ ചിത്രം തീയേറ്റരിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു അറേബ്യൻ രാവുകൾ എന്ന കഥയിലെ ഒരേട്‌ പോലെ ഒരു ഫാന്റസി പ്രമേയം. നീണ്ട ഈ ഇടവേളയ്ക്ക് ശേഷം വേണു പറയുവാൻ ശ്രമിക്കുന്നതെന്ത് എന്ന് മുന്നറിയിപ്പിന്റെ ട്രെയിലറുകൾ പറഞ്ഞു തന്നിരിക്കുന്നു. അഞ്ജലി അറക്കൽ, എങ്ങും എവിടെയും എത്താതെ നിൽക്കുന്ന ഒരു യുവ ജേർണലിസ്റ്റ്. അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുമ്പോൾ ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരൻ, സി കെ രാഘവൻ, ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാൽ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തി. താൻ ആരേയും കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന, ചിന്തകളിൽ പോലും ഒരു വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം. അയാളുടെ ചില കുറിപ്പുകൾ വായിക്കുന്ന അഞ്ജലി, ആ വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അയാളെ കുറിച്ച് അഞ്ജലി ഒരു ലേഖനം എഴുതുന്നു. അത് തന്റെ കരിയറിനെ സഹായിക്കുന്നു എന്ന് കാണുമ്പോൾ, രാഘവൻ ആരോടും പറയാത്ത കാര്യങ്ങൾ തനിക്ക് ലോകത്തെ അറിയിക്കാനായാൽ എന്നു ചിന്തിക്കുന്ന അവൾ, ഒരു പുസ്തകമെഴുതുവാൻ കരാറെടുക്കുന്നു. ജയിലിൽ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ എല്ലാം എഴുതിക്കുവാൻ അഞ്ജലി ശ്രമിക്കുമ്പോൾ, ഒന്നും എഴുതുവാനാവാതെ രാഘവൻ കുഴയുന്നു. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ് എന്ന ചിത്രം.

 ചിത്രത്തിന്റെ കഥ സംവിധായകൻ കൂടിയായ വേണുവിന്റേതാണ്, തിരനാടകം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറും. ലളിതമായ ഒരു കഥയുടെ പുറംമോടിയിലാണ് മുന്നറിയിപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സി കെ രാഘവനും, അഞ്ജലി അറയ്ക്കലും ഈ കഥയിൽ കേന്ദ്ര കഥാപത്രങ്ങളായി നില്ക്കുമ്പോൾ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചിത്രം നമ്മെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ തന്നെ പല അവസരങ്ങളിലും, പ്രേക്ഷകരെ പല വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ ചിത്രം. രാഘവനൊപ്പമോ അഞ്ജലിക്കൊപ്പമോ ചരിക്കാൻ പ്രേക്ഷകന് സ്വാതന്ത്യം നൽകുന്ന അവസരത്തിൽ തന്നെ അതിനും പല വഴികൾ രചയിതാവ് ഈ ചിത്രത്തിൽ തുറന്നിട്ടിരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരാളായി നിന്നും നമുക്കിവരെ കാണുവാനും അവർക്കിടയിൽ സംഭവിക്കുന്നതെന്ത് എന്ന് വിലയിരുത്തുവാനുമുള്ള അവസരവും രചയിതാവ് നൽകുന്നു. തികച്ചും ലളിതമായി പറഞ്ഞു പോകുന്ന കഥയിൽ, പക്ഷേ സൂക്ഷ്മ വായനക്കുള്ള പല തലങ്ങൾ ഒളിച്ചു വച്ചിട്ടാണ് എഴുത്തുകാരൻ കഥാപാത്രങ്ങളേയും കഥാഗതിയേയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു സങ്കീർണ്ണത ഈ ചിത്രത്തിനു സമ്മാനിച്ചതിന് നമുക്ക് വേണുവിനെയും അതിലുപരി ഉണ്ണി ആറിനെയും അഭിനന്ദിക്കാവുന്നതാണ്‌. അഭിനയിക്കുന്നത് ഏതു നടനായാലും, അയാൾക്ക് മികച്ച പ്രകടനം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇതിന്റെ പാത്രസൃഷ്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന രാഘവൻ എന്നെഴുതി ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, അതെങ്ങനെ എന്ന് പ്രേക്ഷകർക്ക് കാണിച്ച് തരികയും ചെയ്യുന്നുണ്ട് ഉണ്ണിയും വേണുവും. അഭിമുഖം റെക്കോർഡ് ചെയ്യുന്ന റെക്കോർഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓർത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. പലപ്പോഴും ചില കഥകൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, എഴുത്തിലെ സങ്കീർണ്ണതകൾ ക്യാമറയിൽ പകർത്താൻ കഴിയാതെ പല സംവിധായകനും സിനിമയെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരം ഒരു കഥ സിനിമ സിനിമയാകുമ്പോൾ അങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്തുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വേണു എന്ന സംവിധായകന്റെ പ്രസക്തി അവിടെയാണ്. ഉണ്ണി ആർ ഒരുക്കിയ തിരനാടകത്തിനെ ദൃശ്യവത്കരിച്ചപ്പോൾ വേണു കാണിച്ച കയ്യടക്കവും ലളിതമായി ചിത്രത്തിന്റെ സങ്കീർണ്ണതയെ വരച്ചു കാണിക്കുവാൻ കാണിച്ച ചാതുര്യവ്യം അഭിനന്ദാർഹമെന്നു തന്നെ പറയണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് മുന്നറിയിപ്പ്. ചിത്രസംയോജനത്തിലെ ബീനാപോളിന്റെ മികവും എടുത്തു പറയുവാൻ കഴിയും.  ഈ ചിത്രത്തിന്റെ ജീവനാഡി എന്നത് ബിജിബാലൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ ചിത്രത്തിന്റെ താളത്തിനൊപ്പിച്ച് കൊണ്ടു പോകുവാൻ ബിജിബാലിനു കഴിഞ്ഞിരിക്കുന്നു.

തുടർച്ചയായി പത്തിലധികം ചിത്രങ്ങൾ പരാജയപ്പെടുക, മമ്മൂട്ടി എന്ന നടൻ വീണ്ടും എണ്‍പതുകളുടെ അവസാനത്തിലെ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയിലേക്ക് നടന്നു പോകുകയാണെന്നും, ഈ ന്യൂജനറേഷൻ കാലത്ത് ഇനി മമ്മൂട്ടി എന്ന നടനു പ്രസക്തിയില്ലാതായി
എന്നും, അദ്ദേഹം അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലികൾ ചെയ്യട്ടെ എന്നും പല നിരൂപക വിദഗ്ദ്ദരും അഭിപ്രായപ്പെട്ടു കണ്ടിരുന്നു. എന്നാൽ മുന്നറിയിപ്പിലെ സി കെ രാഘവൻ, മമ്മൂട്ടിയിലെ നടൻ, തന്നെ എഴുതി തള്ളാൻ സമയമായില്ല എന്ന മുന്നറിയിപ്പാണ് ഈ കൂട്ടർക്ക് നൽകുന്നത്. സി കെ രാഘവനായി സ്ക്രീനിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നും വിധം നന്നായിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രകടനം. ഫാൻസ്‌ അസോസിയേഷനുകൾക്ക് വേണ്ടി കെട്ടിയാടുന്ന രാജമാരേയും കമ്മത്തുമാരേയുമൊക്കെ വിട്ട് അഭിനയ സാധ്യതകളുള്ള ഇത്തരം സിനിമകൾ അദ്ദേഹം തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് സി കെ രാഘവനെ കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു. നാടകത്തിന്റെ പിൻബലവുമായാണ് അപർണ്ണ ഗോപിനാഥ് എന്ന നടി നമുക്ക് മുന്നിലേക്ക് കടന്നു വന്നത്. ശക്തമായ വേഷങ്ങൾ ഒന്നും തന്നെ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് അതിനൊരു തുടക്കമാവുകയാണ്. ആ കൈകളിൽ ഭദ്രമായിരുന്നു അഞ്ജലി അറയ്ക്കൽ എന്ന കഥാപാത്രം. സി കെ രാഘവനൊപ്പം തന്നെ അഭിനയത്തിൽ മുന്നിട്ടു നിൽക്കുവാൻ അപർണ്ണയ്ക്കു കഴിഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ രണ്‍ജി പണിക്കർ, ശ്രീരാമൻ, നെടുമുടി വേണു, ജോയ് മാത്യു, സൈജു കുറുപ്പ്, മിനോണ്‍, കൊച്ചുപ്രേമൻ എന്നിവരുണ്ടീ ചിത്രത്തിൽ. അതിഥി താരമായി എത്തുന്ന പ്രുഥ്വിരാജൊഴികെ ഒരു കഥാപാത്രവും കല്ലുകടിയായി തോന്നിയില്ല എന്ന് പറയാം. മിനോണ്‍, കൊച്ചു പ്രേമൻ എന്നിവരുടെ പ്രകടനം ശ്രദ്ദേയം.

സിനിമയുടെ തുടക്കത്തിൽ തന്നെ ഫ്രാങ്ക് കാഫ്കയെയും അദ്ദേഹത്തിന്റെ ദി ട്രയൽ എന്ന നോവലിനേയും കറിച്ച് ഒരു പത്രപ്രവർത്തകാനെ കൊണ്ട് പറയിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിച്ച ജോസഫ് കെയാണ് തന്റെ ഹീറോ എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വച്ചാണ് ചിത്രം സി കെ രാഘവനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇരട്ട കൊലപാതകത്തിന് ജയിൽ വാസം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും, അയാളുടെ ഭാര്യയെ കൊന്നത് ആയാളാണോ എന്ന് നമ്മോട് വ്യക്തമായി പറയുന്നില്ല ചിത്രം, പകരം അയാളുടെ ഭാര്യയുടെ അമ്മയുടെ വാക്കുകളിലൂടെ ഭാര്യ ഒരു ശ്വാസം മുട്ടൽകാരിയായിരുന്നുവെന്നും പറയിക്കുന്നു.  എഴുതാനാവാതെ കുഴയുന്ന എഴുത്തുകാരനും അയാളെ സമയ പരിധി കാണിച്ച് സമ്മർദ്ദത്തിലാഴ്ത്തുന്ന അയാളുടെ മേലധികാരിയും തമ്മിലുള്ള സംഘർഷം എന്ന മേലാടയണിയുന്ന ചിത്രത്തിനു പക്ഷേ വിവിധ വായനകൾ സാധ്യമാണ്. ജയിലിലെ രാഘവനും പുറത്തിറങ്ങുന്ന രാഘവനും തമ്മിലുള്ള ഒരു താരതമ്യ പഠനം, സ്വാതന്ത്യം എന്ന വാക്കിന് അല്ലെങ്കിൽ  ആ അവസ്ഥയ്ക്ക് പല വ്യക്തികൾ നൽകുന്ന നിർവചനം, മൂല്യം എന്നിവയെക്കുറിച്ചുള്ള  ആഴത്തിലുള്ള ഒരു വായനക്ക് സ്വാധ്യത കൽപ്പിക്കുന്നുണ്ട് ഈ ചിത്രം. നിഷ്കളങ്കതയുടെ പര്യായമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന സി കെ രാഘവന്റെ ചിന്തകളും വാക്കുകളും എഴുത്തുകളുമെല്ലാം അതിനടിവരയിടുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ നിഷ്കളങ്കത എന്നാൽ എന്താണെന്ന് അല്ലെങ്കിൽ ആരായിരുന്നു നിഷ്കളങ്കതയുടെ പര്യായം എന്ന് നമ്മെ ഒന്നുറച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട് രചയിതാവ്. ജയിലിൽ കഴിയുന്ന രാഘവനെ കുറിച്ചുള്ള തന്റെ ലേഘനത്തിനു 'ബ്രെയിൻ ബിഹൈൻഡ് ദി ബാർസ്' എന്ന തലക്കെട്ടാണ് അഞ്ജലി നൽകുന്നത്. ഒരേ സമയം പല തലങ്ങളിലുള്ള അർത്ഥം ആ തലക്കെട്ടിനുണ്ട്. ആ തലക്കെട്ടിന്റെ പ്രസക്തി ഒരു പക്ഷേ നമ്മെ ആദ്യം ചിന്തിപ്പിക്കുകയില്ലെങ്കിലും, ചിത്രത്തിന്റെ പരിണതിയിൽ അതിനെക്കുറിച്ചൊരു വിശകലനത്തിനും സാധ്യകൾ വെട്ടിത്തുറന്നിട്ടിട്ടുണ്ട്. അല്പം ഹാസ്യാത്മകമായി മാധ്യമ ലോകത്തെ ഇന്നത്തെ അപച്യുതിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായ തിരക്കഥാ രചയിതാവിവിടെ. മാധ്യമങ്ങൾ, അവരുടെ ഇന്നത്തെ പ്രവർത്തന രീതി, മാധ്യമ ലോകത്ത് എന്തും വെട്ടിപ്പിടിക്കുവാനായി, കാര്യങ്ങളെ സമീപിക്കുന്നതിൽ ഇന്നത്തെ യുവത്വം കാണിക്കുന്ന അപക്വത, അതിനവർ നൽകേണ്ടി വരുന്ന വില എന്നിങ്ങനെ പല വിഷയങ്ങളെ വിമർശനാത്മകമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. സിനിമയുടെ അവസാന നിമിഷങ്ങൾ കണ്ടു കഴിയുമ്പോൾ, അതുവരെ താൻ ചിന്തിച്ചു കൂടിയതെല്ലാം പാടേ തച്ചുടച്ച് വ്യത്യസ്തങ്ങളായ രീതിയിൽ കണ്ടതെല്ലാം അപഗ്രഥിക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ഒരുക്കിയിട്ടാണ് മുന്നറിയിപ്പ് അവസാനിക്കുന്നത്. സിനിമയെക്കുറിച്ച് പല തലങ്ങളിൽ നിന്ന് കൊണ്ട് ഇത്തരം വായനകൾ സാധ്യമാക്കുന്ന രചനകൾ നന്നേ കുറവാകാനാണ് സാധ്യത. മുന്നറിയിപ്പൊരു മഹാത്തായ സിനിമയൊന്നുമല്ല, പക്ഷേ ഈ ചിത്രം കണ്ടു കഴിയുമ്പോൾ സി കെ രാഘവനെ കുറിച്ച് നിങ്ങൾ തീർച്ചയായും ചിന്തിക്കും...!

Sunday, April 15, 2012

ഓര്‍ഡിനറി (Ordinary)


'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്‌, നവാഗത സംവിധായകന്‍ സുഗീത് ഈ ചിത്രത്തിലൂടെ. സംവിധായകന്‍റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍,  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ശ്രീത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കാടിനകത്തുള്ള ഗവി എന്ന ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും, ജീവനക്കാരും, അതില്‍ ദിവസേന യാത്ര ചെയ്യുന്ന ഗ്രാമവാസികളുമാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ ബസ്സിന്‍റെ കണ്ടക്ടറായി ഇരവിക്കുട്ടന്‍ പിള്ള എന്ന ഇ രവി (കുഞ്ചാക്കോ ബോബന്‍) എത്തുന്നു. ബസ്സിന്‍റെ ഡ്രൈവറായ പാലക്കാടന്‍ സുകുവിനൊപ്പം (ബിജു മേനോന്‍) ഗവിയിലെത്തുന്ന ഇരവി പതിയെ ഗവിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയും, ഗ്രാമവാസികളുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിനിടെ അവിടെ വച്ച് കണ്ടു മുട്ടുന്ന കല്യാണിയെ (ശ്രീത ശിവദാസ്) ഇരവി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവിചാരിതമായ ചില കാര്യങ്ങളാണ് ഇരവിയുടെയും സുകുവിന്‍റെയും ജീവിതത്തില്‍ പിന്നെ സംഭവിക്കുന്നത്‌. ഇരവി ഒരു കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നതോടെ ആകാംഷാഭരിതമായ ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു.
 
 ബസ്സുമായി ബന്ധപ്പെട്ട കഥയായത്‌ കൊണ്ടാവും ഒരു യാത്ര പോകുന്നത് പോലെയാണ് ഈ ചിത്രം നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയിലെ പുതുമയെക്കാള്‍ കഥ പറഞ്ഞ രീതിയാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക. നാം കേട്ടിട്ടുള്ള ഒരു കഥയെ, വളരെ ലളിതമായി മറ്റൊരു പശ്ചാത്തലത്തില്‍ പറയുക എന്നതാണ് സുഗീത് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അതിനായി നിഷാദിന്‍റെയും മനുപ്രസാദിന്റെയും തിരക്കഥയും സംഭാഷണങ്ങളും നന്നായി സഹായിച്ചിരിക്കുന്നു. സരസമായ സംഭാഷണങ്ങളും തമാശകളും നിറഞ്ഞ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാനായി എന്നതാണ് ഇതിന്‍റെ മേന്മ. രണ്ടാം പകുതിയില്‍ ഉദ്ദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുതിയിരിക്കുന്നുവെങ്കിലും, ചിത്രം ചെന്ന് നില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുന്നിടത്ത് തന്നെ എന്നത് ഒരു ന്യൂനതയായി പറയാം. ഗവി പോലൊരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ അവര്‍ മികവു പുലര്‍ത്തിയിരിക്കുന്നു, പ്രത്യേകിച്ചും, ബാബുരാജ് അവതരിപിച്ച വക്കച്ചന്‍ എന്ന കഥാപാത്രം. പക്ഷെ കഥാപാത്രങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതെയാണ് തിരനാടകം കടന്നു പോകുന്നത് എന്നും പറയേണ്ട വസ്തുത തന്നെ. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കഥയെ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍, ഈ ന്യൂനതകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം.
 
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഥയെ തിരശീലയില്‍ എത്തിക്കുന്ന കര്‍ത്തവ്യം ഭംഗിയായി തന്നെ സുഗീത് ചെയ്തിരിക്കുന്നു. നവാഗതനെങ്കിലും, മികച്ച രീതിയില്‍ തന്നെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സുഗീതിനു കഴിഞ്ഞിരിക്കുന്നു. അല്‍പമൊന്നു പരിഭ്രമിക്കുന്ന രണ്ടാം പകുതിയിലെ കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതില്‍ ഒരു സംവിധായാകന്‍റെ കയ്യടക്കം വ്യക്തം. മലയോര ഗ്രാമത്തെ അവതരിപ്പിക്കാന്‍, കുട്ടിക്കാനത്തെയും ഗവിയുടെയും  ദൃശ്യചാരുത അതിമനോഹരമായി ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കോട മഞ്ഞും മലനിരകളും തണുപ്പുമെല്ലാം പ്രേക്ഷകരെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.  ചിത്രത്തിനുതകുന്ന വിധം ക്യാമറ ചലിപ്പിക്കുവാന്‍ ഫൈസലിനു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. സാജന്‍റെ ചിത്രസംയോജനവും ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ "എന്തിനീ മിഴി രണ്ടും.." എന്ന ഗാനം ശ്രവണ സുഖം പകരമുമ്പോള്‍, "തെച്ചിപ്പൂ മന്ദാരം.." എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. മറ്റു രണ്ടു ഗാനങ്ങളും ബോറടിപ്പിക്കാതെ കടന്നു പോകുന്നു എന്നതിനപ്പുറം, ചിത്രത്തിലവയ്ക്ക് വലിയ പ്രസക്തി ഒന്നും ഇല്ല. 

അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും ബാബുരാജും എന്ന് സംശയമില്ലാതെ പറയാം. സോള്‍ട്ട് & പെപ്പര്‍ ബാബുരാജിനെ ഗുണ്ടയില്‍ നിന്നും ഹാസ്യനടനാക്കി എന്ന് തോന്നുന്നു. പാലക്കാടന്‍ ഭാഷയുമായി ബിജു മേനോന്‍ കസറിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ഇരവിയെ തെറ്റില്ലാതെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. ശ്രീതയുടെ കല്യാണി ശരാശരിയില്‍ ഒതുങ്ങി, അതിലുപരി ഒന്നും തന്നെ തിരക്കഥ ആ കഥാപാത്രത്തിനായി ഒരുക്കിയിരുനില്ല എന്ന് പറയുന്നതാവും ശരി. അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു ആന്‍ അഗസ്റ്റിന്റെതും ആസിഫ് അലിയുടെതും, പക്ഷെ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെതും. ഭദ്രന്‍ എന്ന കഥാപാത്രത്തില്‍, ആസിഫ് അലിയെ മാത്രമേ നമുക്ക് കാണുവാനാകുന്നുള്ളൂ, ആ കഥാപാത്രത്തിനൊരു വ്യക്തിത്വം നല്‍കുന്നതില്‍ ആസിഫ് പരാജയപ്പെട്ടു. അന്ന എന്ന കഥാപാത്രത്തെ അവതരിപിച്ച ആന്‍ അഗസ്റ്റിന്‍, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നതും നാം കാണുന്നു. ധര്‍മജന്‍  അവതരിപിച്ച ആന്റപ്പന്‍ കൊള്ളാം. ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഹേമന്ത്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തില്‍ പല വേഷങ്ങളിലായി നമുക്ക് മുന്നില്‍ എത്തുന്നു.
 
പുതുമ അന്യം നില്‍ക്കുന്ന കഥയെങ്കിലും നല്ലൊരു അവതരണ ശൈലി കൊണ്ട് അതിനെ മറികടക്കാന്‍ സുഗീതിനും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു. നവാഗതനെങ്കിലും നല്ല കയ്യടക്കതോടെയാണ് സുഗീത് ഓര്‍ഡിനറി നമുക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ തിരക്കഥയുടെയും സംഭാഷണത്തിന്റെയും പങ്കു എടുത്തു പറയേണ്ടതാണ്. സിറ്റുവേഷനല്‍ ആയ നര്‍മ്മങ്ങളും നല്ല കഥാപാത്രങ്ങളും നമ്മെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമുക്കായി സുഗീതും കൂട്ടരും ഒരുക്കിയിരിക്കുന്ന ഓര്‍ഡിനറി, Extraordinary തന്നെ!!!
.


Friday, April 6, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)


സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു. അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുകയാണ്‌ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സ്വാതി ഭാസ്കരാന് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ്‌ മേനോന്‍, ബാല, നിഷാന്ത് സാഗര്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കാര്‍ത്തിക് വിഷന് വേണ്ടി സാം വര്‍ഗ്ഗീസ്, കെ.എസ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 ഒരു സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടി. അമ്മ പാര്‍വതിയമ്മയും, ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍ കുട്ടിയുടെ ലോകം. അഭിനയ കമ്പം അല്പം ഉണ്ടെങ്കിലും, സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് മാധവന്‍ കുട്ടിയുടെ സ്വപ്നം. അവിചാരിതമായി ഒരു സിനിമ നിര്‍മ്മിക്കേണ്ട സാഹചര്യത്തിലേക്ക് മാധവന്‍ കുട്ടി എത്തിപ്പെടുന്നതും, പിന്നെ ആ സിനിമക്കായി കുടുംബവും, ബന്ധങ്ങളും, ഭൂമിയും പണവുമെല്ലാം നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.  

ഒറ്റ വരിയില്‍ മനോഹരമായ പ്രമേയമാണ് സിനിമയുടെത്. ഒരു പിടി നല്ല കഥാപാത്രങ്ങളും, അവര്‍ കടന്നു പോകുന്ന മികച്ച കഥാ മുഹൂര്‍ത്തങ്ങളും ഈ പ്രമേയത്തെ മികച്ചതാക്കുമായിരുന്നു. പക്ഷെ അവിടെയാണ് ഈ ചിത്രത്തിന്‍റെ തിരനാടകം പരാജയപ്പെടുന്നത്. Irrational ആയ കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ന്യൂനത. അതിനൊപ്പിച്ച്‌ എഴുതി ചേര്‍ത്തിരിക്കുന്ന രംഗങ്ങള്‍ ഒരല്‍പം പോലും വിശ്വസനീയവുമല്ല. കഥയില്‍ ചോദ്യമില്ല എന്നാണെങ്കിലും, കണ്ടിരിക്കുന്ന പ്രേക്ഷകന്‍റെ ക്ഷമയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് മിക്കതും. പഴയ പല ചിത്രങ്ങളിലും കണ്ട അമ്മ-മകന്‍ രംഗങ്ങള്‍, സ്കൂളില്‍ കല്ലു പെന്‍സിലിനായി വഴക്കിട്ട പക ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വില്ലന്‍, പാവത്താനായ നായകന്‍ ക്ലൈമാക്സില്‍ വീരശൂരപരാക്രമി ആകുന്നു, പണത്തിനായി വിഷമിച്ചിരിക്കുമ്പോള്‍ അവിചാരിതവും അവിശ്വസനീയവുമായി പണം വന്നു ചേരുക, അങ്ങനെ കുറെ അധികം ക്ലീഷേ രംഗങ്ങളും.

തിരനാടകത്തിലെ പിഴവുകളെ മറികടക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. തിരക്കഥയെ അപ്പാടെ ചിത്രീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് സംവിധായകനും ഇവിടെ ചെയ്തിരിക്കുന്നത്. തന്‍റെ സിനിമ തനിക്കു പ്രേക്ഷകരോട് സംവദിക്കുവാനുള്ള മാധ്യമമാണെന്നും, സംവിധായകനെന്ന നിലയിലുള്ള കയ്യടക്കം കഥയിലെ ന്യൂനതകളെ മറികടക്കുവാന്‍ സഹായിക്കുമെന്നുള്ള വിശ്വാസവും ഇല്ലാതെയാണോ കുമാര്‍ നന്ദ തന്‍റെ ആദ്യ സംരഭത്തിനായി ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കാം. സംവിധായകന്‍റെ അശ്രദ്ധ എടുത്തു കാണിക്കുന്നത് അബദ്ധജടിലമായ ചായഗ്രഹണത്തിലാണ്. പുതുമുഖമായ ശിവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഔട്ട്‌ ഓഫ് ഫോക്കസായ രംഗങ്ങളുടെ ബഹളമാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്ന "കണ്ണാരം പൊത്തി" എന്ന ഗാനം ശ്രവണ സുഖം പകരുന്നു, രവീന്ദ്രന്‍ മാഷ്‌- ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ "പാതിമായും ചന്ദ്രലേഖ" എന്ന ഗാനം മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആശ്വാസമാകുന്നത് ഈ ഗാനങ്ങലാകും.  

അല്പം വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യണം എന്ന ആഗ്രഹാമാകാം അനൂപ്‌ മേനോനെ ഈ ചിത്രത്തില്‍ എത്തിച്ചത്. സ്വാഭാവികമായി അഭിനയിക്കാന്‍ അനൂപ്‌ ശ്രമിച്ചെങ്കിലും, തിരക്കഥയിലെ പിഴവുകള്‍ അദ്ദേഹത്തെ അമ്പേ ചതിച്ചു. പല രംഗങ്ങളിലും അനൂപ്‌, മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഒരു പക്ഷെ നാം കണ്ടു മറന്ന രംഗങ്ങള്‍ ചിത്രത്തില്‍ കുത്തി നിറച്ചതിനാലാവാം. കെ.പി.എസ്.സി ലളിതയുടെ അമ്മ വേഷം, സ്ഥിരം പാറ്റെണിലുള്ളതായി, അതിന്‍റെ വ്യത്യസ്തമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. നായികയായി അഭിനയിച്ച സോണാലിനു ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനില്ല. മറ്റു വേഷങ്ങള്‍ ചെയ്തവരെല്ലാം ശരാശരിയില്‍ ഒതുങ്ങി.

 സിനിമയെക്കുറിച്ച് അറിയാതെ സിനിമാ നിര്‍മ്മിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരനായ ഒരു നിര്‍മ്മാതാവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാണിക്കുവാന്‍ ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമ എന്ന വ്യവസായത്തിലെ പ്രശ്നങ്ങളും മോശം പ്രവണതകളും ഒക്കെ ഇതില്‍ ചര്‍ച്ചാ വിഷയമാകുന്നു. എന്നാല്‍ ഒന്നിനെയും കുറിച്ച് ആഴത്തില്‍ സംസാരിക്കാതെ എല്ലാം ഒരു വഴിപാട് പോലെ തൊട്ടു കൂട്ടി പോകാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റും സിനിമാ സമരവും സംഘടനകളും നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അങ്ങനെ എത്രയോ കാര്യങ്ങള്‍, മനോഹരമായി നമുക്കായി ഒരുക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു മുല്ലശ്ശേരി മാധവന്‍ കുട്ടി, എന്നാല്‍ അലക്ഷ്യമായ സംവിധാനം കൊണ്ടും, തിരക്കഥയിലെ ന്യൂനതകള്‍ കൊണ്ടും,  ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ച ഒരു പഴങ്കഥയായിപ്പോയി മുല്ലശ്ശേരി മാധവന്‍ കുട്ടി....

എന്‍റെ റേറ്റിംഗ് :
1.0/5.0

Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


Friday, February 10, 2012

2011 ലെ മികച്ച മലയാള ചിത്രങ്ങള്‍


മലയാള സിനിന്മയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് കടന്നു പോയത്‌. കഥയും തിരക്കഥയും താരങ്ങളായപ്പോള്‍, ഓര്‍മ്മിക്കാന്‍ നമുക്കൊരു പിടി ചിത്രങ്ങള്‍ കിട്ടി. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ 2011-ലിറങ്ങിയ പത്ത്‌ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
 

10. ഉറുമി  
ഒരു ഇടവേളക്കു ശേഷം മലയാളത്തിലേക്ക് എത്തിയ സന്തോഷ്‌ ശിവന്‍  പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച  ചരിത്ര പ്രാധാന്യമുള്ള ചിത്രമായിരുന്നു ഉറുമി. ശങ്കര്‍ രാമകൃഷ്ണന്‍ കഥയും തിരക്കഥയും ഒരുക്കിയപ്പോള്‍, ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ്‌ ശിവന്‍ തന്നെ. പൃഥ്വിരാജിനൊപ്പം പ്രഭുദേവ, ജനീലിയ, അമോല്‍ ഗുപ്ത, വിദ്യാ ബാലന്‍, തബു, നിത്യ മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.  ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തിയത്,  ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിന്നു. കലാ മൂല്യത്തിലും ദൃശ്യമികവിലും മുന്നില്‍ നിന്ന ഉറുമിയാണ് പത്താം സ്ഥാനത്ത്.  


9. സിറ്റി ഓഫ് ഗോഡ്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു സിറ്റി ഓഫ് ഗോഡ്. ഒരു നഗരത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ആകസ്മികമായി കേട്ട് പിണയുന്നതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ഒരു പശ്ചാത്തലത്തില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന രീതിയിലുള്ള അവതരണം, ഒരു പക്ഷെ മലയാളികള്‍ക്ക് പുതുമ സമ്മാനിച്ചിരുന്നു. കാലാ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന ആഖ്യാന ശൈലിയെ തള്ളി പറഞ്ഞു വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ഈ ചിത്രമാണ് ഒമ്പതാം സ്ഥാനത്ത്.


8. ചാപ്പ കുരിശ്‌
പലപ്പോഴും യുവത്വത്തിന്‍റെ സിനിമ എന്ന് നാം അവകാശപ്പെടുന്ന പല ചിത്രങ്ങളും അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ചാപ്പ കുരിശ് അതില്‍ നിന്നും വ്യത്യസ്തമാകുന്നു, തികച്ചും ഒരു  യുവത്വത്തിന്‍റെ ചിത്രം. ഒരു നാണയത്തിലെ ചാപ്പയും കുരിശും പോലെ, ജീവിതത്തില്‍ രണ്ടു  തലങ്ങളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളുടെ കഥയാണ് സമീര്‍ താഹിര്‍ ചിത്രത്തിലൂടെ പറയുന്നത്. ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തിലെ നായക വേഷത്തില്‍, റോമയും, രമ്യാ നമ്പീശനും നായികമാരാകുന്നു.  മലയാളത്തില്‍ ആദ്യമായി കാനന്‍ 7  ഡി കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രമാണ് ചാപ്പ കുരിശ്. മലയാളികള്‍ അധികം പരിചയിച്ചിട്ടില്ലാത്ത ദൃശ്യഭാഷയണ് 'ചാപ്പാക്കുരിശി'ല്‍ പരിചയപ്പെടുത്തുന്നത്. ഒരേ സമയം ദൃശ്യാ വിരുന്നും അതോടൊപ്പം ലാളിത്യവും സമ്മാനിക്കുന്ന ഈ ചിത്രമാണ് എട്ടാം സ്ഥാനത്ത്.



7. ബോംബെ മാര്‍ച്ച് 12
തിരകഥ രചയിതാവായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ മാര്‍ച്ച് 12 . മമ്മൂട്ടി ഉണ്ണി മുകുന്ദന്‍ റോമ തുടങ്ങിയവര്‍ പ്രധാന  വേഷത്തില്‍ അഭിനയിച്ച ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം തീവ്രവാദം എന്നത് തന്നെയാണ്. തീവ്രവും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ അവതരിപ്പിച്ചിരിക്കുന്ന ശൈലി, കഥാഗതിയെ സംബന്ധിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ആകാംഷയുളവാക്കുന്നു. നല്ല തിരനാടകവും മമ്മൂട്ടി എന്ന നടന്‍റെ പക്വതയാര്‍ന്ന അഭിനയവും ഇതില്‍ കാണാം. ഈ ചിത്രമാണ് ഏഴാം സ്ഥാനത്ത്.



6. ആദാമിന്‍റെ മകന്‍ അബു
2010 ലെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമെന്ന നിലയിലാണ് ആദാമിന്‍റെ മകന്‍ അബു നമുക്ക് മുന്നില്‍ എത്തിയത്. ഒരു പക്ഷെ ഈ അവാര്‍ഡുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍. ആരും കാണാതെ തീയേറ്ററില്‍ വന്നു പോയ ചിത്രമായി മാറിയേനെ ആദാമിന്‍റെ മകന്‍ അബു. ഹജ്ജിനായി മക്കക്കു പോക്ക് സ്വപ്നം കണ്ടു കഴിയുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രം, വളരെ ലളിതമായി പച്ചയായ ജീവിതം വരച്ചു കാട്ടുന്നു. സലിം കുമാറിനോടൊപ്പം  മികച്ച അഭിനയുമായി ഒരു പടം നടീ നടന്മാര്‍, അതാണ്‌ സലിം അഹമ്മദിന്‍റെ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അബുവാണ്.



5. ഇന്ത്യന്‍ റുപ്പി
പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് റീമ കല്ലിങ്കല്‍ തിലകന്‍ ടിനി ടോം തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. പണം പെരുമഴ പെയുന്ന ഭൂമിക്കച്ചവടങ്ങളിലേക്ക് സഞ്ചരിക്കുകയാണ് രഞ്ജിത് ഈ ചിത്രത്തിലൂടെ. പണത്തിനു കടലാസിന്റെ വില പോലുമില്ലതകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും, അത്യാഗ്രഹത്തിന്റെ പേരില്‍ പണത്തിനു പിറകെ പായുന്ന യുവത്വത്തിന്‍റെ കഥ പറയുകയാണ്‌ ചിത്രം. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്ന തിലകന്‍ തന്നെയാണ് ഈ ചിത്രത്തിലെ താരം. ഒരു മികച്ച ചിത്രം, കലാ മൂല്യമുള്ള ചിത്രം, അതാണ്‌ ഇന്ത്യന്‍ റുപ്പി. ആ ചിത്രമാണ് അഞ്ചാം സ്ഥാനത്ത്.



4. ബ്യൂട്ടിഫുള്‍
അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. ജയസൂര്യ അനൂപ്‌ മേനോന്‍ മേഘ്ന രാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍, ശരീരം തളര്‍ന്നെങ്കിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളുടെ കഥയാണ് പറയുന്നത്. കാമ്പുള്ള തിരക്കഥയും അര്‍ത്ഥവത്തായ സംഭാഷണങ്ങളും അതിമനോഹര ഗാനങ്ങളും ഒത്തു ചേര്‍ന്ന ഈ ചിത്രം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. വളരെ ലളിതമായി ഒരു കഥ എങ്ങനെ പറയാമെന്നു നമ്മെ കാണിച്ചു തന്നെ ബ്യൂട്ടിഫുള്‍ നാലാം സ്ഥാനത്ത്.



3. സോള്‍ട്ട് ന്‍ പെപ്പര്‍
നല്ല ഭക്ഷണം എന്നും മലയാളിയുടെ ഒരു ദൌര്‍ബല്യമാണ്. മലയാള സിനിമയില്‍ ഇത് വരെ ആരും കൈവക്കാത്ത ഈ പ്രമേയവുമായാണ് സോള്‍ട്ട് ന്‍ പെപ്പര്‍ നമ്മെ തേടി എത്തിയത്. നവാഗതരായ ശ്യാം പുഷ്കരനും ദിലീഷ് നായരും തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെതത് ആഷിക് അബുവായിരുന്നു. ലാല്‍, ശ്വേത മേനോന്‍, ബാബു രാജ്, ആസിഫ് അലി, മൈഥിലി തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം മലയാളികള്‍ക്ക് ഒരു സദ്യ തന്നെയാണ് നല്‍കിയത്. ഭക്ഷണത്തിലെ അഭിരുചികളിലൂടെ പുരോഗമിക്കുന്ന ഒരു പ്രണയ കഥ, വളരെ ലളിതമായി എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളോടെ പാകം ചെയ്തെടുത്തപ്പോഴാണ് ഈ ചിത്രം പിറവി കൊണ്ടത്. മലയാളത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി  മാറിയ സോള്‍ട്ട് ന്‍ പെപ്പറാണ് മൂന്നാം സ്ഥാനത്ത്. 



2. ട്രാഫിക്‌
2010 ലെ നിരാശകളില്‍ നിന്നും കരകയറ്റുന്ന തുടക്കം മലയാള സിനിമക്ക് നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്ക്. 2011 ലെ ആദ്യ ചിത്രം ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . രാജേഷ് പിള്ള എന്ന സംവിധായകനും ബോബി-സഞ്ജയ് എന്നീ തിരകഥ രചയിതാക്കളും ചേര്‍ന്നാണ് ട്രാഫിക്ക് നമുക്ക് മുന്നില്‍ എത്തിച്ചത്. ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി വളരെയധികം അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. മലയാളത്തിലെ റോഡ് മൂവി ത്രില്ലര്‍ എന്ന ഗണത്തിലേക്കാണ് ട്രാഫിക്ക് എത്തിയത്. മലയാളിക്ക് പുതുമ സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ അവതരണമായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. കഥയും തിരക്കഥയും താരമായ ഈ ചിത്രമാണ് രണ്ടാം സ്ഥാനത്ത്.



1. മേല്‍വിലാസം
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ  മേല്‍വിലാസം എന്ന നാടകത്തെ ആധാരമാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ഒരു പട്ടാള കോടതി വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്.വെറും പത്തു ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം, മനോഹരമായ തിരക്കഥ കൊണ്ടും, മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനം കൊണ്ടും പ്രേക്ഷക മനസ്സിലേക്ക് ചിന്തകളുടെ വേലിയേറ്റം തന്നെ നടത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു ഒരു അതി മനോഹരമായ ദൃശ്യകാവ്യം, അതാണ്‌ മേല്‍വിലാസം, പക്ഷെ ജനങ്ങള്‍ ഇതിനു വേണ്ടത്ര പിന്തുണ നല്‍കിയില്ല എന്നുള്ള ദുഃഖം കൂടി ഈ അവസരത്തില്‍ ഞാന്‍ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.



വിടെ പരാമര്‍ശിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ ഉണ്ട്. ഓര്‍മ്മ മാത്രം, ജനപ്രിയന്‍, പ്രണയം, വീട്ടിലേക്കുള്ള വഴി മുതലായവ... മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വര്‍ഷമാണ്‌ കടന്നു പോയത്. 2012 ഉം അത് പോലെ നല്ല ചിത്രങ്ങള്‍ തരട്ടെ എന്ന് ആശംസിക്കുന്നു...

Thursday, February 9, 2012

സ്പാനിഷ് മാസാല (Spanish Masala)


ലാല്‍ ജോസ് എന്നും മലയാള സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടിയുടെ മറ്റൊരു പേരാണ്. പ്രേക്ഷകര്‍ക്ക്‌ പുതുമകള്‍ സമ്മാനിക്കുക എന്നത് ലാല്‍ ജോസില്‍ നിന്നും എന്നും പ്രതീക്ഷിക്കപ്പെടുന്ന ഒരു കാര്യമാണ്. ഒരു ഇടവേളക്കൊടുവില്‍ ലാല്‍ ജോസും, ദിലീപും ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ് മസാല. പൂര്‍ണ്ണമായി തന്നെ സ്പെയിനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയാപ്രസാദ്, നെല്‍സണ്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ആസ്ട്രിയക്കാരിയായ ദാനിയേല കിചെരിയാണ് നായിക. കാളപ്പോരും ടോമാട്ടീനോയും ഒക്കെ കഥയുടെ ഭാഗമാകുമ്പോള്‍ ഒരു തൃകോണ പ്രേമ കഥയാണ് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ പറയുന്നത്. ബിഗ്‌ സ്ക്രീന്‍ സിനിമാസിന്‍റെ ബാനറില്‍ നൌഷാദാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കാനായി സ്പെയിനില്‍ എത്തുന്ന ചാര്‍ളി (ദിലീപ്), ജോലി വിസ ഇല്ലാതെ മുങ്ങുന്നു. മലയാളമല്ലാതെ ഒരു ഭാഷയും അറിയാത്ത ചാര്‍ളി, ഒരു മലയാളിയുടെ ഹോട്ടലില്‍ ദോശയുണ്ടാക്കുന്ന ജോലി തരപ്പെടുത്തുന്നു. എനാല്‍  അവിടെ ചാര്‍ളി ഉണ്ടാക്കുന്ന 'സ്പാനിഷ് മസാല' എന്ന ദോശ ചാര്‍ളിയെ എത്തിപ്പെടുന്നത്, ഇന്ത്യയിലെ മുന്‍ സ്പെയില്‍ അംബാസിഡറുടെ വീട്ടിലാണ്. അംബാസിഡറുടെ മകള്‍ കമീലയുടെ നിര്‍ദ്ദേശ പ്രകാരം, മാനേജര്‍ മേനോന്‍ (ബിജു മേനോന്‍) ആണ് ചാര്‍ളിയെ അവിടെ എത്തിക്കുന്നത്. കാമുകന്‍ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) മരിച്ച സങ്കടത്തില്‍ ജീവിക്കുന്ന അന്ധയാ കമീലയെ പെട്ടെന്ന് തന്നെ പൊടി നമ്പരുകളുമായി ചാര്‍ളി കയ്യിലെടുക്കുന്നു. സ്വന്തം അച്ഛനുമായി അകന്നു കഴിയുന്ന കമീലയെ, ചാര്‍ളി അച്ഛനുമായി ഒന്നിപ്പിക്കുന്നു. അതിനിടയില്‍ കമീലയുടെ അച്ഛന്‍ മരണപ്പെടുന്നു. തുടര്‍ന്നു ചാര്‍ളിയുടെയും കമീലയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ബെന്നി.പി.നായരമ്പലമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലാല്‍ ജോസും ബെന്നിയും നമുക്ക് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. അത് കൊണ്ടു തന്നെ ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്‌. അവിടെയാണ് ബെന്നി നമ്മെ അല്പം നിരാശപ്പെടുത്തുന്നത്. കഥയിലെ പുതുമ എന്നത്, ഇത് സ്പെയിനില്‍ സംഭവിക്കുന്നു എന്നതില്‍ ഒതുങ്ങുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരം പ്രമേയങ്ങള്‍ നാം ഒട്ടനവധി തവണ കണ്ടതാണ്. അത് കൊണ്ടു തന്നെ കഥയിലെ ട്വിസ്റ്റുകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ തിരക്കഥ നമ്മെ മുഷിപ്പിക്കുന്നില്ല എന്നത് എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു. അത്യാവശ്യം സാന്ദര്‍ഭികമായ തമാശകള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ തീയെറ്റരുകളില്‍ പിടിച്ചിരുത്തുവാന്‍ ബെന്നിക്ക് കഴിയുന്നുണ്ട്. 

അധികം അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ലാത്ത ചിത്രങ്ങളില്‍, അഭിനേതാക്കളെല്ലാം തന്നെ നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു. ദിലീപ് ചാര്‍ളിയെ നന്നായിയ അവതരിപ്പിച്ചപ്പോള്‍ കമീല എന്ന നായിക കഥാപാത്രത്തെ ഡാനിയേല ഒരു പരിധി വരെ നന്നാക്കി. ബിജു മേനോനും വിനയാപ്രസാദും തങ്ങളുടെ കഥാപാത്രങ്ങളെ നന്നക്കിയപ്പോള്‍, ചിത്രത്തില്‍ കയ്യടി വാങ്ങിയത് നെല്‍സണ്‍ അവതരിപിച്ച കുശിനിക്കാരനായിരുന്നു. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയില്‍, സുരാജ് വെഞ്ഞാറമൂടു ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു അത്. എന്നാല്‍ സധൈര്യം അതൊരു പുതുമുഖത്തെ ഏല്‍പ്പിക്കാന്‍ ലാല്‍ ജോസ് കാണിച്ച ചങ്കൂറ്റം അഭിനന്ദിക്കപ്പെടെണ്ടത് തന്നെ. നെല്‍സണ്‍ ആ കഥാപാത്രത്തെ മികച്ചതാക്കുക തന്നെ ചെയ്തു. കുഞ്ചാക്കോ ബോബന്റെ രാഹുല്‍ എന്ന കഥാപാത്രത്തെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. അഭിനയം ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു എന്നത് ചിത്രത്തിന്‍റെ പ്ലസ് പോയിന്റായി കരുതാം.
 
സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിനു കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്ന ചിത്രമായിരിക്കണം സ്പാനിഷ് മസാല. ശുഷ്കമായ തിരക്കഥയില്‍ പ്രത്യേകമായി ഒന്നും തന്നെ ചെയ്യുവാനില്ല എന്ന് പറയാം ലളിതമായി. സ്പെയിനിലെ മനോഹരമായ കാഴ്ചകള്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഉണ്ട്, കാളപ്പോരും ടോമാട്ടീനോയുമെല്ലാം ചിത്രത്തില്‍ നമുക്ക് കാണാം. അതിനു ലോകനാഥന്റെ ചായാഗ്രഹണം നന്നായി സഹായിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റെ ചിത്ര സംയോജനം കഥയുടെ ഗതിയെയും ഒഴുക്കിനെയും ഒട്ടും ബാധിക്കാത്ത രീതിയിലായി എന്ന് നിസ്സംശയം പറയാം. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം പ്രേക്ഷകരെ നിരാഷപ്പെടുതുന്നില്ല. ആര്‍.വേണുഗോപാലിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ലാല്‍ ജോസിന്റെ സ്ഥിരം സംഗീത സംവിധായകനായ വിദ്യാസാഗറാണ്. എന്നാല്‍ ആ സ്ഥിരം മാജിക്ക് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല എന്ന് വേണം കരുതാന്‍. പാട്ടുകള്‍ നമ്മെ ആകര്‍ഷിക്കുന്നില്ല എന്ന് മാത്രമല്ല നിരാശപ്പെടുത്തുന്നു.

ലാല്‍ ജോസ് മാജിക്ക് ഈ ചിത്രത്തില്‍ ഇല്ല. പക്ഷെ തിരക്കഥയുടെ ന്യൂനതകള്‍ക്കപ്പുറം, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ചിത്രം. മിനിമം ഗ്യാരണ്ടിയുടെ വക്താവില്‍ നിന്നും ഒരു മിനിമം ഗ്യാരണ്ടി ചിത്രം. അതാണ്‌ സ്പാനിഷ് മസാല. പിന്നെ ഈ കഥ പറയാന്‍ സ്പെയിന്‍ വരെ പോകനമായിരുന്നോ ലാലു സാറേ എന്നാരെങ്കിലും ചോദിച്ചാല്‍, അങ്ങനെ നമ്മള്‍ സിനിമ മാത്രമല്ലല്ലോ, സ്പെയിനും കൂടി കണ്ടില്ലേ എന്ന് വേണമെങ്കില്‍ പറയാം.

എന്റെ റേറ്റിംഗ്: 3 /5

Wednesday, February 8, 2012

മമ്മൂട്ടി:ഭാഷയും ദേശവും- വിധേയന്റെ ശബ്ദം;അധീശന്റെയും ( ഭാഗം പതിനൊന്ന്‍)

'ടേയ്...ഇല്ലി ബാരോ ബഡ്ഡിമകനേ'

തൊമ്മിയെന്ന വയനാടന്‍ കുടിയേറ്റകര്‍ഷകന്റെ അപകര്‍ഷതകളിലേക്ക് സാഡിസത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തെറിഞ്ഞുവീഴുന്ന ഈ പട്ടേലര്‍ശബ്ദം വിധേയന്‍ എന്ന സിനിമയുടെ ആദ്യസംഭാഷണവും ചിത്രത്തിന്റെ ഭാഷാസവിശേഷതയിലേക്കള്ള കൈചൂണ്ടിയുമായിരുന്നു. സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഭാസ്‌കരപട്ടേലര്‍ എന്ന ദക്ഷിണകര്‍ണാടകക്കാരനായി മമ്മൂട്ടിയും തൊമ്മിയായി എം ആര്‍ ഗോപകുമാറുമാണ് വേഷമിട്ടത്. ഒരു വെടിയുണ്ടപോലെ പട്ടേലര്‍ ഉതിര്‍ക്കുന്ന ശബ്ദത്തിന്റെ പ്രതിഫലനവും പ്രതികരണത്തുടര്‍ച്ചയും തൊമ്മിയില്‍ ദര്‍ശിച്ച ശേഷം മാത്രമാണ് നാം പട്ടേലരെ ആദ്യമായി സ്‌ക്രീനില്‍ കാണുന്നത്. ഈ ചിത്രത്തില്‍ ഭാസ്‌കരപട്ടേലര്‍ രണ്ടുതരം സംഭാഷണശൈലികള്‍ക്കാണ് വക്താവാകുന്നത്. തനതുജനതയോടുള്ള ആശയവിനിമയത്തിനുപയുക്തമാക്കുന്ന ഭാഷയാണ് അതില്‍ ഒന്ന്;

പട്ടേലര്‍ -സരോജാ ,നോടെ പുട്ടാ ബന്താ.'' (സരോജാ,ഇതാ നമ്മുടെ മോന്‍.). നന്നമക കൂനൂര്‍ നല്ലി ഓദിദ്ദുസാഗു. ഇന്നു ഇല്ലെല്ലാദ്രു,ദിനാഹോ ഗിബറോ സ്‌കൂല്‍ഗേ സേര്‍സോണാ (എന്റെ മോന്‍ കൂനൂരില്‍ പഠിച്ചതോക്കെ മതി. ഇനി ഇവിടുന്നു പോയി വരാവുന്ന വല്ല സ്‌കൂളിലും ചേര്‍ക്കാം.)

അളിയന്‍ - ഹാഗേ ഹെളീേ്രദ അവനഭവിഷ്യകൂടാ നാവു നോടു ബേഡേ ? പുട്ടാ എല്ലാറജകളല്ലു ബര്‍ത്തിദാനല്ലാ. (പക്ഷേ അവന്റെ ഭാവി കൂടി നമ്മള്‍ നോക്കണ്ടേ. അവന്‍ എല്ലാ അവധിക്കും വരുന്നുണ്ടല്ലോ.)

അതേസമയം പ്രദേശവാസികളുമായി ഇടപഴകുമ്പോള്‍ പട്ടേലരുടെ ഭാഷ പ്രകടമായിത്തന്നെ മാറുന്നു. അത് കന്നടത്തിന്റെയും തുളുവിന്റെയും മലയാളത്തിന്റെയും ഭാഷാംശങ്ങള്‍, ഉച്ചാരണരീതിയിലെങ്കിലും, കൂടിച്ചേര്‍ന്നതാകുന്നു.
ഭാര്യയെ കൊല്ലാനുള്ള തീരുമാനം പട്ടേലര്‍ തൊമ്മിയോടു പറയുന്ന സന്ദര്‍ഭം ശ്രദ്ധിക്കുക

പട്ടേലര്‍ -എടാ ഞാനു നിന്റെ സരോജാക്കയെ കൊല്ലാനു പോകുന്നു.
തൊമ്മി - അരുതേ...അയ്യോ യജമാനരേ.
പട്ടേലര്‍ - നീ കൂടെ വേണം.
തൊമ്മി - അയ്യോ. എന്തിനാ യജമാനരേ അവരെ കൊല്ലുന്നത്.? നല്ല അക്കയല്ലേ അവര്‍
പട്ടേലര്‍ - അവളുടെ ഉപദേശ കേട്ടു ഞാനു മടുത്തു. എന്നെ ആരും ഉപദേശിക്കുന്നത് എനിക്ക് ഇഷ്ട ഇല്ല. നിനക്കറിഞ്ഞുകൂടേ. ഞാനു എനിക്കു തോന്നിയതുപോലെ ജീവിക്കും.
തൊമ്മി - അയ്യോ യജമാനരേ ! അക്കയെ എന്തിനാ കൊല്ലുന്നത്. അവര്‍ ഒരു വഴക്കും ഉണ്ടാക്കാറില്ലല്ലോ.
പട്ടേലര്‍ - അപകട ഉണ്ടായതുപോലെ വരുത്തണം. ഞാനു തോക്കുനിറക്കുന്നതുപോലെ ഇരിക്കും. അപ്പോളൂ നീ അവളെ ദിണ്ണയിലേക്കു വിളിക്കണം. അബദ്ധത്തില് വെടി തീരും പോലെ സംഭവിക്കും. ഞാനു വെടിവച്ചതാണെന്ന് ്‌വളു അറിയാനു പാടില്ല. ആ സങ്കടത്തില് അവളു മരിക്കരുത്. നീ സങ്കടപ്പെടണ്ട.. അവളുക്കൊരപകട വന്നതായി കരുതിയാലു മതി. നീ സാക്ഷി പറയണം. അവളുടെ ആങ്ങളമാരു അത്ര ശരിയല്ല.

തുളുനാട്ടുകാരനായ ഒരാള്‍ കന്നടവും തുളുവും മലയാളവും ഒരുപോലെ സംഭാഷണപ്രധാനമായ സാമൂഹ്യക്രമത്തില്‍ ബോധപൂര്‍വ്വം മലയാളം സംസാരിക്കവാന്‍ ശ്രമിക്കുമ്പോഴുള്ള ഭാഷയാണ് പട്ടേലരുടേത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വിപുലമായ ഭാഷ. ദ്രാവിഡഗോത്രത്തില്‍പ്പെട്ട തുളുഭാഷ തെക്കന്‍ കര്‍ണ്ണാടകത്തിലെ കല്യാണഗിരിപ്പുഴയുടെയും വടക്കന്‍ മലബാറിലെ ചന്ദ്രഗിരിപ്പുഴയുടെയും മധ്യേയുള്ള പ്രദേശത്തെ എട്ടുലക്ഷത്തോളം ജനങ്ങളുടെ വാമൊഴിയാണ്. ഇവിടെ നടന്നുവരുന്ന ഭാഷാപരമായ കൊണ്ടകൊടുക്കലുകളുടെ പ്രതീകാത്മകമായ അവതരണമാണ് ഉച്ചാരണശൈലിയിലെ വൈവിധ്യം കൊണ്ട് മമ്മൂട്ടി ആകര്‍ഷകമാക്കിയിരിക്കുന്നത്.

അടിസ്ഥാനപരമായി തുളു മുഖ്യഭാഷയെന്നു കരുതാവുന്ന ദക്ഷിണകര്‍ണ്ണാടകത്തില്‍ മലയാളവും കന്നടവും കൊങ്കിണിയുമൊക്കെ ചേര്‍ന്ന ഒരുതരം ഭാഷാമിശ്രമാണ് നിലനില്‍ക്കുന്നത്. ഇവിടേക്കുള്ള വ്യാപകമായ മലയാളികുടിയേറ്റത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ട്. അതോടെ അന്നാട്ടുകാര്‍ മലയാളം പറയാന്‍ പഠിച്ചു; മലയാളികള്‍ തുളു പറയാനും . തുളു മാത്രമല്ല കന്നടയും കൊങ്കിണിയുമെല്ലാം ഭാഷണഭേദങ്ങളില്‍ ഉള്‍പ്പെട്ടു. അത്തരത്തില്‍ തുളുനാട്ടുകാരന്‍ പറയുന്ന മലയാളമാണ് ഭാസ്‌കരപട്ടേലരുടേത്. മലയാളത്തിന്റെ ഉച്ചാരണരീതി പട്ടേലര്‍ക്കു വഴങ്ങുന്നില്ല. തുളു പറയുന്നതുപോലെയാണ് അയാള്‍ മലയാളം പറയുന്നത്. വിധേയന്റെ കഥാഭൂമികയില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള മലയാളികളുണ്ടെങ്കിലും മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റകൃസ്ത്യാനികളാണ് അധികവും. ദക്ഷിണകര്‍ണ്ണാടകത്തിലെ പുത്തൂര്‍ താലൂക്കും പരിസരവുമാണ് വിധേയനിലെ കഥാഭൂമിക. മംഗലാപുരത്തുനിന്ന് കുമാരധരനദിക്കും നേത്രാവതിക്കും ഇടയിലുള്ള ഉപ്പിനങ്ങാടി, നെല്ലിയാടി വില്ലേജ് വഴി സകലേശ് പുരത്തേക്ക്... പിന്നെ ഹാസനിലേക്കുള്ള ഹൈവേ... ഇവിടെയെല്ലാം രൂഢമൂലമായ കുടിയേറ്റമാണ് നടന്നിട്ടുള്ളത്. കാസര്‍കോഡ് ജില്ലയിലെ ബന്തടുക്ക വഴിയും ഇവിടേക്കെത്താം. സമ്മിശ്രഭാഷാസംസ്‌കാരമാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്കും മുന്‍പെ കച്ചവടത്തിനും മറ്റുമായി മലബാര്‍ജില്ലകളില്‍ നിന്നുമെത്തിയ മുസ്ലീങ്ങളുടെ സംഭാഷണഭാഷ മലയാളമാണോയെന്നുപോലും തിരിച്ചറിയാനാവാത്തവിധം തുളുവും കൊങ്കിണിയും കന്നടയുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.

ഭാസ്‌കരപട്ടേലര്‍ക്കും തൊമ്മിക്കും ജീവന്‍ നല്‍കാന്‍ യഥാര്‍ത്ഥജീവിതത്തില്‍ നിന്നും രണ്ടു വ്യക്തികളെ കണ്ടെടുക്കുകയായിരുന്നു സക്കറിയ. രണ്ടു ദശാബ്ദത്തോളം മണ്ണഗുണ്ടിയില്‍ തോട്ടം നടത്തിയിരുന്ന സക്കറിയക്ക് കുടിയേറ്റക്കാരനും വസ്തു ഇടനിലക്കാരനുമായിരുന്ന കുഞ്ഞുകുഞ്ഞുചേട്ടനില്‍ നിന്നാണ് തൊമ്മിയെയും ഭാസ്‌കരപട്ടേലരെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഭാസ്‌കരപട്ടേലര്‍ എന്ന മുഖ്യകഥാപാത്രത്തിന് പ്രചോദനമായ ശേഖരപട്ടേലരെക്കുറിച്ചുള്ള സംഭവകഥകള്‍ വളരെ വിഭിന്നമായിരുന്നു.

മണ്ണഗുണ്ടിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ഉദിനചന്തയില്‍ കുഞ്ഞുകുഞ്ഞുചേട്ടന്റെ സഹോദരന്റെ കള്ളുഷാപ്പില്‍ കള്ളൊഴിച്ചുകൊടുക്കുന്ന ജോലിക്കാരനായിരുന്നു തൊമ്മി. കുഞ്ഞുകുഞ്ഞുചേട്ടന്‍ ഒരു ദിവസം തൊമ്മിയെ സക്കറിയക്കു കാട്ടിക്കൊടുത്തു. അന്നാണ് അയാള്‍ക്ക് ശേഖരപട്ടേലരില്‍ നിന്നും ഒളിവെടികൊണ്ട കഥ പറഞ്ഞതും. മംഗലാപുരത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വെടിച്ചീളുകള്‍ പുറത്തെടുക്കുന്നത് ചെലവുള്ളകാര്യമായിരുന്നു. എന്നുമാത്രമല്ല അതവിടെയിരിക്കുന്നതുകൊണ്ട് കാര്യമായ പ്രശനങ്ങളൊന്നുമുണ്ടാകാന്‍ സാധ്യതയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ വെടിച്ചീളുകള്‍ നീക്കം ചെയ്ിതില്ല. ചില്ലിരിക്കുന്ന ഭാഗം തൊമ്മി തന്നെയാണ് സക്കറിയക്കുകാട്ടിക്കൊടുത്തതും. ഇത്തരം നിരവധി സൂചനകളില്‍ നിന്നുമാണ് ഭാവനാഭരിതമായ കഥ സക്കറിയ എഴുതുന്നത്.



'ഒരുതരം തുളുമലയാളമാണ് പട്ടേലരുടെ ഭാഷ.1982 മുതല്‍ 2000 വരെയുള്ള കാലത്തായിരുന്നു എനിക്കവിടെ തോട്ടമുണ്ടായിരുന്നത്. ഞാന്‍ പഠിച്ചത് മൈസൂറിലും ബാംഗഌരിലുമൊക്കെയായിരുന്നു. അതുകൊണ്ട് കന്നട എനിക്കറിയാം. അന്ന് ഹോസ്റ്റലിലും മറ്റും തുളു പറയുന്ന കുട്ടികള്‍ ധാരാളമുണ്ടായിരുന്നു; പ്രത്യേകിച്ചും മൈസൂറില്‍... വളരെ മധുരമുള്ള ഭാഷയാണ് തുളു. കൊച്ചുകുട്ടികള്‍ സംസാരിക്കുന്നതു പോലെയാണത്. ഞാന്‍ കണ്ട പട്ടേലരെ ഏറ്റവും ശക്തമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വളരെ ജനുവിനായ പെര്‍ഫോര്‍മന്‍സ്. ക്യാരക്ടറിനെ ഉള്‍ക്കൊണ്ടതുമാത്രമല്ല; എനിക്കു തോന്നുന്നത് മമ്മൂട്ടി അന്നാട്ടിലെത്തി വളരെ കഷ്ടപ്പെട്ട് ആ ഭാഷയുടെ ഇന്‍ോണേഷന്‍ നന്നായി പഠിച്ചിട്ടുണ്ടാവുമെന്നാണ് .സാധാരണനിലയില്‍ അത്തരം ഭാഷ നമ്മള്‍ വഴിയിലൊക്കെ നിന്നു കേള്‍ക്കുമ്പോഴും ഒരു ആര്‍ട്ടിസ്റ്റ് പ്രസന്റ് ചെയ്യുമ്പോഴും രണ്ടും രണ്ടു രീതിയിലാണ് വരുന്നത്. എന്നാലിവിടെ മമ്മൂട്ടി തുളുമലയാളം സംസാരിച്ചപ്പോള്‍ അതിന് വേറൊരു മാനം വന്നു ചേര്‍ന്നു. അദ്ദേഹമത് നന്നായി പഠിച്ച് അവതരിപ്പിക്കുകയാണുണ്ടായത്.'-സക്കറിയ പറയുന്നു

ഭാസ്‌കരപട്ടേലരുടെ കന്നടയും തുളുവും കലര്‍ന്ന ഭാഷ മറ്റു സിനിമകള്‍ക്കും പ്രചോദനമായി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് അത്തരം സിനിമയാണ്. മലയാളഭാഷ അറിയാത്തതിനാല്‍ കുറ്റാരോപിതനായ ഒരു കര്‍ണ്ണാടകക്കാരന്‍ ബാലന്റെ കഥയാണത്. പിന്നീട് കാലാന്തരത്തില്‍ ഇന്നാട്ടുകാരുമായി കൂടുതല്‍ ഇടപഴകുന്ന അയാള്‍ കന്നടയും തുളുവും കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്.

'വിധേയന്‍ എന്ന പടത്തിലെ മമ്മൂക്കയുടെ പ്രസന്റേഷന്‍ തന്നെയാണ് അതിന് ഇന്‍സ്പിറേഷനായത്. അതിലദ്ദേഹം ആ സ്ലാംഗ് നന്നായി അവതരിപ്പിച്ചിട്ടണ്ട്. എന്നാലത് ഒരു ക്ലാസ് ഓഡിയന്‍സ് മാത്രമേ കണ്ടിട്ടുള്ളൂ. അങ്ങനെയാണ് കോമണ്‍ ഓഡിയന്‍സിനു മൊത്തത്തില്‍ രസകരമാകുന്ന വിധത്തില്‍ ഈയൊരു ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചത്. കുറച്ചുവാക്കുകളേ എനിക്കു കന്നടയിലും തുളുവിലുമൊക്കെയായി അറിയാമായിരുന്നുള്ളൂ.. ഭാഷ കുറച്ചു സ്റ്റഡി ചെയ്യേിവന്നു. കന്നട ഭാഷയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ഈ ഭാഷ മുന്‍നിര്‍ത്തി പോസ്റ്റ് ചെയ്തു. അയാളുടെ സഹായത്തോടെയാണ് ഷൂട്ടിംഗ് സമയത്ത് ഭാഷയില്‍ മാറ്റങ്ങള്‍  വരുത്തിയത്. ഭാഷ അറിയുന്ന ഒരാള്‍ കൂട്ടത്തില്‍ വേണമെന്ന് മമ്മൂക്ക തന്നെയാണ് ആവശ്യപ്പെട്ടത്. ലൊക്കേഷനില്‍ വച്ച് സ്‌ക്രിപ്റ്റിലെ പല വാക്കുകളും കന്നടയിലും തുളുവിലും ചേര്‍ക്കുന്നതിനുള്ള ഇന്‍സ്ട്രക്ഷനും മമ്മൂക്കയുടെ ഭാഗത്തുനിന്നുമുണ്ടായി. 'ചട്ടമ്പിനാടിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഓര്‍ക്കുന്നു.

തുളുമലയാളങ്ങള്‍ക്ക് ഒരു കാലത്ത് ഒരൊറ്റ ലിപി നടപ്പുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. തുളു ലിപി കാലഹരണപ്പെട്ടതെങ്ങനെയെന്ന് തുളു അക്കാദമി മുന്‍സെക്രട്ടറി പാല്‍ത്താഡി രാമകൃഷ്ണആചാര്‍ നിരീക്ഷിക്കുന്നതിങ്ങനെയാണ് : തുളുനാട് കര്‍ണ്ണാടകത്തിന്റെ അധീനതയിലായതോടെ തുളുവര്‍ക്കും കന്നട അനിവാര്യമായി. ഔദ്യോഗികഭാഷ കന്നടമായപ്പോള്‍ എഴുത്തുകുത്തുകളെല്ലാം ആ ഭാഷയിലായി. അങ്ങനെ കന്നടലിപി മേല്‍ക്കോയ്മ നേടി. തുളുഗ്രന്ഥങ്ങള്‍ കന്നടഭാഷയില്‍ എഴുതുന്ന പതിവ് തുടങ്ങിയതും അങ്ങനെയാണ്.

തുളുമഹാഭാരതവും വിഷ്ണുതുംഗന്റേതെന്നു കരുതുന്ന മഹാഭാഗവതവും പിന്നീട് ലഭ്യമായ കാവേരിമാഹാത്മ്യവും ദേവീമാഹാത്മ്യവുമടക്കമുള്ള പ്രാചീനകൃതികളെല്ലാം തുളു ലിപിയില്‍ എഴുതപ്പെട്ടവയായിരുന്നു. പിന്നീട് ബാസല്‍മിഷന്‍കാര്‍ രചനാപ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കാനും തുളുലിഖിതസാഹിത്യത്തിന് കന്നട ലിപി വ്യാപകമാക്കാനും ഇടയൊരുക്കി. 'മത്തായന സുവാര്‍ത്തെ(മത്തായിയുടെ സുവിശേഷം)'യാണ് കന്നടലിപിയില്‍ അച്ചടിച്ച ആദ്യ തുളുകൃതി. കൃഷ്ണസാലിയനും മാധവപെരാജെയും മംവിട്ടലനുമടക്കം ഒട്ടേറെ പേര്‍ ഗദ്യസാഹിത്യത്തിലും മറ്റും വിരാജിച്ചതങ്ങനെയാണ്.

മന്ദരകേശവഭട്ടിന്റെ 'മന്ദരരാമായണ' ആധുനികകവിതാശാഖയിലെ പ്രമുഖരചനയാണ്.
മലയാളം, തുളു, കന്നട എന്നീ ഭാഷകളെല്ലാം ദ്രാവിഡ ഭാഷാഗോത്രത്തില്‍പ്പെട്ടവയാണെന്നതുകൊണ്ടു തന്നെ കൗതുകകരമായ സമാനതകളും ശ്രദ്ധേയമായ ഭിന്നതകളും അവക്കുണ്ടുതാനും. ഉദാഹരണത്തിന് മാനവേതരപ്രത്യയങ്ങള്‍ തന്നെയെടുക്കാം. തുളുഭാഷയില്‍ അവ രണ്ടുതരത്തിലാണുള്ളത്; ' ലു ' വും ' കുലു 'വും
ബോറി (കാള) - ബോറിലു (കാളകള്‍)
മര (മരം) - മരകുലു (മരങ്ങള്‍)
മലയാളത്തില്‍ ഈ സ്ഥാനത്ത് 'കല്‍' പ്രത്യയവും കന്നടത്തില്‍ 'ഗളു' പ്രത്യയവുമാണുള്ളത്
മരം- മരങ്ങള്‍ (മലയാളം)
മറ - മറഗളു (കന്നട)

മലയാളം,തുളു, കന്നട ബന്ധം വ്യക്തമാക്കുന്ന വാക്കുകളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
്മലയാളം - വില, എതിര്‍ , കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ


വിഭക്തിയിലും സര്‍വ്വനാമങ്ങളിലുമെല്ലാം കൗതുകകരമായ ഈ ബന്ധം നിലനില്‍ക്കുന്നു. ക്രിയാരൂപങ്ങളുടെ പ്രത്യേകത തന്നെ നോക്കൂ
നിങ്ങള്‍ എഴുതുന്നു(മലയാളം) - ബറെയുത്തീറി(കന്നട) - ബറെപറെ(തുളു)

അതിര്‍ത്തിഭാഷ മേല്‍ക്കൈ നേടിയ ഒട്ടേറെ രചനകള്‍ മലയാളത്തിലുമുണ്ട്. തുളുവും കന്നടയും സംഭാഷണഭാഷയായ അതിര്‍ത്തിഗ്രാമങ്ങളുടെ വികാരഭേദങ്ങള്‍ പങ്കുവക്കുന്ന ഈ കൃതികളുടെ ആകര്‍ഷണം തന്നെ മിക്കപ്പോഴും നാട്ടുഭാഷകളാണ്

'ഈ സഭെക്ക് ബത്ത്്ണ ശ്രീരാമഗ്ല ബാക്കി മാത്തെരഗ്ല സ്വാഗത. ചീയോദ കൃഷികര്‌ന സഭെ ആത്തിപ്പുണ്ടു. എനി മുളു നടപ്പുണെം സുമാര്‍ ദിനാന്ത് ഇന്‍ച്ചിനെ ഒഞ്ച് സഭെ നടപ്പാവൗഡുന്ത് യോജനെ മാര്‍പ്പുണെ...'
ശ്രീരാമയെ അധ്യക്ഷനായി വിളിച്ച് സ്വാഗതപ്രാസംഗികന്‍ വാക്കുകള്‍ അവസാനിപ്പിച്ചു. ശ്രീരാമ എഴുനേറ്റു
'ഏന് ലാസ്റ്റ്‌ഗെ പാത്തെര്‍വ്വെ. നിക്ക്‌ല് മാത്താര്‍ള നിക്ക്‌ല് അഭിപ്രായപണ്‍ലേ. എന്‍ക്കളെഗ് എഞ്ചിണ മണ്‍പൊളി '
നീലകണ്ഠന്‍ പതുക്കെ ചോദിച്ചു
'തുളു ഭാഷയാണോ '
സുബ്ബനായിക് തലകുലുക്കി.
' ഹൗതു . ഈടെ മറാഠിയും കറാഡഭാഷയും കന്നടയും വീട്ടില്‍ പറയ്ന്നവര്ണ്ട് പക്ഷേല് ഒന്നിച്ചുകൂടിയാല് എല്ലാവരും തുളുഭാഷയേ പറിയൂ'
(എന്‍മകജെ / നോവല്‍ / അംബികാസുതന്‍ മാങ്ങാട്)

തെയ്യം,യക്ഷഗാനം,പാവകളി,തുടിനൃത്തം തുടങ്ങിയ അനുഷ്ഠാനകലകളിലും തൗളവസങ്കല്‍പ്പം പ്രകടമാണ്. പാടിപ്പതിഞ്ഞതും സര്‍വ്വസാധാരണവുമായ പഴംപാട്ടുകള്‍ മിക്കതും തുളുനാടന്‍ജനതയുടെ ജീവനസാഹചര്യങ്ങളുടെ തുറന്നുപറച്ചില്‍ കൂടിയാണ്. കൂട്ടുകുടുംബങ്ങളെപ്പോലെ കഴിഞ്ഞിരുന്ന തുളുനാട്ടിലെ ജനവിഭാഗങ്ങള്‍ കാലക്രമേണ തൊഴില്‍ക്കൂട്ടങ്ങളായതിനെ ആധാരമാക്കിയുള്ള പഴം പാട്ടാണ് ചുവടെ;

മല്ല മല്ല ഒക്കെലാക്‌ലു
പട്ടണേരെ മെഗ്ദി ബാലെലു
മഡലേരെ പല്‍ദി ബാലെലു ലേലെലേലെലാ
കഡലേര് മഡലേര് പാല് പാല് കൊണ്ടെര്
പാല് മല്‍ത്തൊണ്ടേര്
ഒഡിദാംതി ഉപ്പുനീര കഡലകണ്ട
മരകലെര് പാല് ദെത്തെര്
ചപ്പെനീര നെലകണ്ട ബാറെഗെര്
പാല് ദെത്തെര്
കരെ ബരിതചീപ നീര മരനകല
ബെംദെര് മഡലെരെഡോ...

മലയാളഭാഷ ഈ ജനതയുടെ വാമൊഴിവഴക്കങ്ങളിലേക്കും തുളുനാടന്‍ ഭാഷാഭേദങ്ങള്‍ മലയാളികളിലേക്കും പരസ്പരപൂരകമായി ചേര്‍ന്നതോടെയാണ് അതിര്‍ത്തിഗ്രാമങ്ങളിലെ സമ്മിശ്രഭാഷ ഉടലെടുത്തത്. തുളു-മലയാളം ബന്ധത്തിന്റെ ഗാഢത തിരിച്ചറിയാന്‍ വടക്കന്‍പാട്ടുകള്‍ മാത്രം മതിയാവും. തുളുനാടന്‍ കളരിയും ,തുളുനാടന്‍ കോട്ടയും ,തുളുനാടന്‍ ഗുരിക്കളും തുളുനാടന്‍ വിദ്യയും വടക്കന്‍പാട്ടുകളുടെ ജീവസ്പന്ദങ്ങളാണ്. 'അമ്പരപ്പ,അഡുക്കള,കീശാന്തി,ഓലക്കുട' തുടങ്ങി തുളുനിഘണ്ടുവില്‍ നിന്നെടുത്ത നിരവധി പദങ്ങളും പരസ്പരാദേശങ്ങളിലൂടെ സമാനപദങ്ങളായിട്ടുണ്ട്. തുളു മലയാളസംസ്‌കാരത്തിന്റെ ഭാഗമായ പൊലിപ്പാട്ടുകള്‍ രണ്ട് നാടുകളിലെയും സാംസ്‌കാരികസമാനതയുമാണ്. കാസര്‍ഗോഡും അതിര്‍ത്തിപ്രദേശങ്ങളിലുമൊക്കെ ഭാഷാഭേദങ്ങളില്‍ വൈവിധ്യങ്ങള്‍ ഒട്ടേറെയുണ്ട്. ചെറുവത്തൂരും നീലേശ്വരത്തുമുള്ള മലയാളഭാഷാഭേദങ്ങളല്ല കാഞ്ഞങ്ങാടും ബേക്കലുമുള്ളത്. ഇപ്രകാരമുള്ള വടക്കന്‍ഭാഷാഭേദങ്ങളുടെ വൈവിധ്യത്തെ തെല്ലൊന്നുമല്ല തുളുഭാഷ പരിപോഷിപ്പിച്ചിട്ടുള്ളത്. തുളുനാട്ടിലെ പല ആചാരങ്ങളും പദങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലേക്കു കടന്നുകയറിയതോടെ തെക്കന്‍ മലയാളത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായൊരു ഭാഷാഭേദം രൂപപ്പെട്ടുവെന്നുവേണം പറയാന്‍. ബങ്കരമഞ്ചേശ്വരം, വൊര്‍ക്കാടി തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ഭാഷണമലയാളം മനസ്സിലാക്കാന്‍ പോലും പ്രയാസമാണ്. തുളു-കന്നട ഭാഷകളുടെ ആധിക്യവും അവ്യക്തമലയാളവും കൂടിച്ചേര്‍ന്ന ദുര്‍ഗ്രഹഭാഷാഭേദമായി ചിലപ്പോഴെങ്കിലും അതു മാറുന്നു.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി:ഭാഷയും ദേശവും- പാലേരിഭാഷയിലെ മാണിക്യം ( ഭാഗം പത്ത്)

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ രക്തബന്ധം വിധിവഴിയിലെത്തിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയും ഹരിദാസും ഖാലിദും. ആഗോളമലയാളിക്കു നിശ്ചയിക്കാവുന്ന സംഭാഷണഭാഷയാണ് ഹരിദാസിന്റേത്. പരിഷ്‌കൃതമെങ്കിലും അനിയന്ത്രിതമായ ആത്മവിശ്വാസം നല്‍കുന്ന ഗര്‍വ്വ് ഖാലിദിന്റെ ഭാഷക്കുണ്ട്.അതേസമയം നാടന്‍ഭാഷയുടെ ഉഗ്രപ്രതാപവുമായി നിലകൊള്ളുകയാണ് അഹമ്മദ്ഹാജി. അഭിനയവൈജാത്യത്തിന്റെ അഭൗമതലങ്ങള്‍ അനുഭവിപ്പിച്ച മമ്മൂട്ടി മലയാളഭാഷയുടെ പ്രാദേശികതയുടെയും ഉച്ചാരണഭേദത്തിന്റെയും താരതമ്യപഠനത്തിനുതകുന്ന മൂന്നു കഥാപാത്രങ്ങളായി ഈ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു. പുറംലോകവുമായുള്ള നിരന്തരബന്ധവും ദീര്‍ഘകാലത്തെ വിദൂരവാസവുമെല്ലാം ഹരിദാസിനെയും ഖാലിദിനെയും സ്വന്തം ഭാഷാങ്കണങ്ങളില്‍ നിന്നകറ്റിയപ്പോള്‍ കോഴിക്കോടിന്റെ വടക്കന്‍പ്രദേശങ്ങളില്‍ വിപുലപ്പെട്ട ഭാഷാസ്വഭാവങ്ങളില്‍ പലതിന്റെയും വക്താവാകുകയായിരുന്നു അഹമ്മദ് .


ചിത്രത്തിന്റെ അന്‍പത്തിയഞ്ചാം സീനെടുക്കാം;മുരിക്കുംകുന്നത്തുവീടാണ് പശ്ചാത്തലം. ഒരു തോര്‍ത്തു മാത്രമുടുത്ത് മുറ്റത്തുനില്‍ക്കുന്ന അഹമ്മദ്ഹാജിയുടെ മുന്നിലേക്ക് വേലായുധനും ഇരുപത്തിയൊന്നുകാരനായ കേശവനും വരുന്നു.


വേലായുധന്‍ : (ഭവ്യതയോടെ) ചെക്കനൊരു മടി. വീട്ട്‌ച്ചെന്ന് മുടിമുറിക്കലും വടിക്കലൊക്കെ ഓന്റെ അച്ഛന്റെ കാലം കൊണ്ട് കയിഞ്ഞീന്ന്. നടക്ക് നായിന്റെ മോനേന്ന് പറഞ്ഞപ്പോ കൂടെപ്പോന്നു.


ഹാജി ഒന്നമര്‍ത്തിച്ചിരിച്ചു.


ഹാജി : അപ്പുക്കുട്ടി മരിച്ചപ്പോ പുതിയ പരിഷ്‌കാരാ, ചെക്കന്റെ വക. ന്നിട്ട് നെന്റെ അമ്മെനെ മാറ്റി പുതിയ ആളെ എടുത്തോ...
(ഉച്ചത്തില്‍) ന്താടാ...അപ്പൊ ചെലതെല്ലാം മാറ്റാന്‍ കയ്യൂല. ഞ്ഞ് അതിനൊട്ട് മെനക്കെട്യേം വേണ്ട. വിളിക്കുമ്പം ഇവിടെത്തിക്കോളണം...
(പുശ്ചഭാവത്തില്‍) അമ്പട്ടന്റെ മോന്‍ മരിക്കുമ്പരെ അമ്പട്ടന്‍ തന്ന്യാ. മന്ഷ്യമ്മാരെ മുടി കളയാന്‍ ജനിച്ചോന്‍ അതു മര്യാദക്ക് ചെയ്യ. അല്ലാണ്ട് അന്റെ കമ്യൂണിസം ഈന്റാത്തോട്ട് കേറ്റാന്‍ നോക്കേണ്ട. ഇബ്ട്‌പ്പോ പാലേരീല് അമ്മദാജീന്റെ കമ്യൂണിസാ നടക്ക്‌ന്നേ... അത് തിരിഞ്ഞിക്കോ നായിന്റെ മോനെ അനക്ക്.


മയ്യഴിപ്പുഴക്കും കോരപ്പുഴക്കുമിടയിലുള്ള വാമൊഴിയാണ് അഹമ്മദ്ഹാജിയും വേലായുധനും പറയുന്നത്. കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്കുപോയാലത് വടകരത്താലുക്കിലെ കുറുമ്പ്രനാട്, കടത്തനാട് പ്രദേശങ്ങളില്‍ വിപുലമായിട്ടുള്ള ഭാഷ എന്ന നിലക്കും വിവക്ഷിക്കാം. കുറ്റിയാടിയിലും നാദാപുരത്തും പാലേരിയിലും ആവളയിലുമെല്ലാം അതിന് സാമുദായികപ്രാധാന്യവും സമാനതയും ലഭിക്കുന്ന സാഹചര്യത്തിലാണിത്. 'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യില്‍ മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി വക്താവാകുന്നത് പൂര്‍ണ്ണമായും ഏറനാട്ടിലേതു പോലെയുള്ള മാപ്പിളഭാഷക്കല്ല. മലപ്പുറം ഭാഷയുടെ വികസിതമോ അവികസിതമോ ആയ ശൈലീഭേദം കൂടിയാണ് ഏറനാടന്‍ ഭാഷ.പ്രസ്തുതഭാഷയില്‍ നിന്ന് വ്യതിയാനങ്ങളുള്ളതാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന കുറുമ്പ്രനാടിന്റെയും കടത്തനാടിന്റെയും മറ്റും ഭാഷ.


ജനാധിപത്യകേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസായിരുന്നു മാണിക്യത്തിന്റേത്. 1950കളില്‍ നടന്ന സംഭവത്തെ ആധാരമാക്കി ടി പി രാജീവന്‍ രചിച്ച നോവലിന്റെ ചലച്ചിത്രഭാഷ്യം ജന്‍മി-കുടിയാന്‍ ബന്ധങ്ങളിലെ വൈവിധ്യവും വൈരുധ്യവുമായിരുന്നു ഭൂമികയാക്കിയത്. നായര്‍ജന്‍മികളുടെ ആശ്രിതര്‍ ഏറിയകൂറും പുലയവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ മുസ്ലീംജന്‍മികളെ ആശ്രയിച്ചവരധികവും തീയ്യ സമുദായത്തില്‍പ്പെട്ടവരായിരുന്നു. ജാതിഘടനയുടെ തീവ്രതയും മരുമക്കത്തായസമ്പ്രദായവും ഉള്‍ച്ചേര്‍ന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയും അവയുടെ സാമൂഹികപ്രകാശനങ്ങളും മലബാര്‍ മാന്വലില്‍ വിവരിക്കുന്നിടത്ത് ജനസഞ്ചയത്തെപ്പറ്റി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ് - ഉത്തരമലബാറിലെ തീയ്യസമുദായക്കാരായ സ്ത്രീകളും പുരുഷന്‍മാരും നോക്കിലും നടപ്പിലും നായന്‍മാരെപ്പോലെ അനന്യസാധാരണമായ വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നു.മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതനകടത്തനാട്ടേയും ഇരുവഴിനാട്ടിലേയും കോട്ടയത്തെയും സ്ത്രീപുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല - ഈ പറഞ്ഞ സ്ത്രീപുരുഷന്‍മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍പ്പെട്ടവരാണെന്നും പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അന്തിമദശകങ്ങളില്‍ വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അന്നത്തെ സാമൂഹികക്രമങ്ങളില്‍ മേല്‍വിവരിച്ച സമുദായങ്ങളോരോന്നും സുപ്രധാനമായിരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. അത്തരം സാഹചര്യത്തുടര്‍ച്ചയില്‍ നിന്നുകൊണ്ട് വര്‍ത്തമാനകാലത്തേക്കു കഥാഗതിയെ കൂട്ടിക്കൊണ്ടുവരാനുള്ള 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യുടെ ശ്രമങ്ങളെയാണ് മൂന്നുവേഷങ്ങളിലൂടെ മമ്മൂട്ടി വിസ്മയകരമായി പിന്തുണക്കുന്നത്്.




'കോഴിക്കോട്ടെ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പ്രത്യേകിച്ച് ഭാഷാപരമായ ട്രയിനിംഗിന്റെ ആവശ്യമില്ല. ഈ ഡയലക്ട് അവര്‍ക്കറിയാം. അതിലെ പ്രധാനക്യാരക്ടറുകളിലൊന്നാണ് പൊക്കന്‍. അയാളെന്റെ നാട്ടുകാരനാണ്. കുറ്റിയാടിക്കാരന്‍ ശ്രീജിത് ... അതു പോലെ പലരും തൊട്ടടുത്ത പഞ്ചായത്തുകാരാണ് പിന്നെ മമ്മൂട്ടി... അദ്ദേഹം ചെയ്ത മൂന്നാമത്തെ വേഷമില്ലേ... ഖാലിദ് .അതെന്റെ ക്രിയേഷനല്ല; സംവിധായകന്റേതാണ്. ഹാജി എന്ന കഥാപാത്രമുണ്ടല്ലോ... അത് ഞാന്‍ മനസ്സില്‍ കണ്ട അതേ രീതിയിലാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.അഭിനയത്തിലും ഭാഷയിലുമെല്ലാം... എനിക്കത് വല്ലാത്തൊരല്‍ഭുതമായിരുന്നു '-നോവലിസ്റ്റ് ടി പി രാജീവന്‍ പറയുന്നു. കലയുടെയും സാഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭാഷാപരമായ നിരീക്ഷണം ഇങ്ങനെയാണ്. 'മയ്യഴി ഒരു ഈഴവ, തീയ്യ സ്വാധീന മേഖലയാണ്. മുകുന്ദന്റെ രചനകളൊക്കെ നോക്കിയാല്‍ മതി. ആ ഡയലക്ടാണത്.മാഹിപ്പുഴയുടെ അടുത്തുനിന്നും കോരപ്പുഴയുടെ ഭാഗത്തേക്കു വരുമ്പോള്‍ മുസ്ലീങ്ങള്‍ക്കു പ്രാധാന്യം ഏറിത്തുടങ്ങി... ഹിന്ദുക്കളിലാണെങ്കില്‍ നായരും തീയരും... അപ്പോള്‍ പ്രധാനമായും ഈ മൂന്ന് കമ്മ്യൂണിറ്റിയുടെയും ഭാഷയുടെ ചേര്‍ച്ചയാണ് സിനിമയിലുള്ളത്.'


വടക്കേമലബാറില്‍ സാമാന്യേനയും കണ്ണൂരും കാസര്‍ഗോഡും പ്രത്യേകിച്ചും കന്നടയുടെ സ്വാധീനം പരാമര്‍ശവിധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുറമെ നിന്നുള്ളവരുടെ കുടിയേറ്റമുണ്ടാകുകയും ചെയ്തു. അതുവരെ ഒരു ആദിവാസിമേഖലയുടെ പ്രതീതി പ്രദേശത്തിനുണ്ടായിരുന്നു. സ്വാഭാവികമായും ആദിവാസികള്‍ക്കിടയിലുള്ള ഭാഷാഭേദം അവിടെ പൊതുരീതിയും ആയിട്ടുണ്ടാകണം. പിന്നീട് മേലാള-കീഴാളഭാഷ, വിവിധ തൊഴില്‍സംസ്‌കാരം, ജാതിസംസ്‌കാരം എന്നിങ്ങനെ ബാഹ്യസ്വാധീനങ്ങളില്‍പ്പെട്ട് വ്യതിരിക്തമായ നില ആര്‍ജ്ജിക്കാനും ഭാഷക്ക് കഴിഞ്ഞിരിക്കണം. മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയുടെ ഭാഷ പ്രാദേശികഭാഷാഭേദത്തിന്റെ നേര്‍പകര്‍പ്പാണ്. ഓരോ പ്രദേശത്തെയും മുസ്ലീംഭാഷ അതത് പ്രദേശത്തെ സ്ലാങ്ങാണെന്നതിന്റെ ലളിതമായ ഉദാഹരണം കൂടിയാണത്.




'എനിക്കുതോന്നുന്നത് ഇവിടെ ആളുകളൊക്കെ കുറച്ചുകൂടി സ്‌ട്രോങ്ങ് പേഴ്‌സണാലിറ്റികളാണെന്നാണ്. ഒരു റഫ്‌നസുമുണ്ട് എന്നാല്‍ ഓമനത്വവുമുണ്ട്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും ഭയങ്കര റൂഡ് ആണെന്ന്. എന്നാല്‍ അങ്ങനെയല്ല. വളരെ സിംപിള്‍ ആണെന്നതാണ് സത്യംഎനിക്കവിടുത്തെ സ്ത്രീകളെയും ആള്‍ക്കാരെയും പറ്റി തോന്നിയത് അവരൊക്കെ സെല്‍ഫ് ഡിസിഷന്‍ മേക്കേഴ്‌സാണ് എന്നാണ്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന വീട്ടില്‍ത്തന്നെ വളരെ സ്‌ട്രോംഗ് ക്യാരക്ടറായ ഒരു മുത്തശ്ശിയുണ്ടായിരുന്നു. നടക്കാന്‍ തന്നെ പറ്റില്ല എങ്കിലും എനിക്കാരുടെയും ഹെല്‍പ്പ് വേണ്ട എന്നൊരു നിലപാട്. എന്റെ മുത്തശ്ശന്റെ പഴയ ഫ്രണ്ട്‌സൊക്കെയുണ്ട്. അവരുടെയൊക്കെ സംസാരരീതിയാണ് ഈ ആഹമ്മദ് ഹാജീടെ സ്്‌റ്റൈല്‍ ഓഫ് ടോക്കിംഗ്.് ഈയൊരു ലാംഗ്വേജ് ഏറനാടന്‍ മലയാളത്തില്‍ നിന്നു വരുമ്പോള്‍ അതിന് മൈനൂട്ട് ആയ ഒട്ടേറെ ഡീറ്റയിലിംഗ് ഉണ്ട്. .ആ മൈനൂട്ട് ഡീറ്റയിലിംഗ് കാണിക്കുന്നതില്‍ മമ്മൂക്ക എക്‌സലന്റായിരുന്നു. വളരെ നോര്‍മലായും സസ്‌റ്റൈനബിളായുമാണ് മമ്മൂക്ക സംസാരിച്ചിരുന്നത്.' -ചിത്രത്തില്‍ അഹമ്മദ് ഹാജിയുടെ ഇഷ്ടക്കാരിയായി മികച്ച അഭിനയം കാഴ്ചവെച്ച ശ്വേതാമേനോന്‍ അഭിപ്രായപ്പെടുന്നു.


പാലേരിയിലെ ഭാഷക്ക് മറ്റെല്ലാ പ്രാദേശികഭേദങ്ങളിലുമുള്ളതുപോലെ പ്രാചീനമലയാളവുമായി പ്രകടമായ ബന്ധമുണ്ട്. 'ഓന്‍,ഓള്‍' എന്നിങ്ങനെയുള്ള സംബോധനാപദങ്ങള്‍ പരിശോധിക്കാം. ഭാഷാപരമായി 'ഓന്‍' അല്ലെങ്കില്‍ 'ഓള്‍' പഴയ മലയാളമാണ്. 'അവ' എന്ന പദാംശം ഭാഷയില്‍ എവിടെ വന്നാലും 'ഓ' എന്നായി മാറും. 'പടച്ചവന്‍ പടച്ചോനും കണ്ടവന്‍ കണ്ടോനും കേട്ടവന്‍ കേട്ടോനും എടുത്തവള്‍ എടുത്തോളു' മാകുന്നത് അങ്ങനെയാണ്. ഭാഷയിലെ ആദേശസന്ധിനിയമമാണിത്. ഭാഷക്ക് പൂര്‍വ്വകാലത്തു നിശ്ചയിക്കപ്പെട്ട സന്ധിനിയമത്തെ അനുകൂലിക്കുന്ന സ്ഥിതി ഭാഷാഭേദത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്.ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട് 'കീഞ്ഞു' എന്ന വാക്കെടുക്കാം. 'കിഴ്' എന്നതിന്റെ കൂടെ ഭൂതകാലപ്രത്യയമായ 'തു' ചേര്‍ത്താല്‍ 'കീഴ്തു' എന്നായി മാറും. പിന്നീടിത് ഭാഷാനിയമപ്രകാരം 'കീഴ്ഞു' എന്നാകും. 'ഴ'കാരവും 'ഞ'കാരവും അടുത്തു വരില്ല എന്ന നിയമനുസരിക്കുമ്പോഴത് 'കീഞ്ഞു' ആയിമാറും. വ്യാകരണവും ഭാഷാപരിണാമവും ചേരുംപടി ചേരുന്ന പ്രക്രിയയാണത്.


പ്രാചീനസാഹിത്യകൃതികളില്‍ നിന്നുതന്നെ ഇത്തരം ഭാഷാപരമായ ഉദാഹരണങ്ങള്‍ കണ്ടെത്താം. പിറകില്‍ എന്നതിനു പകരം ഉപയോഗി്ക്കുന്ന 'വയ്യപുറം' തന്നെയെടുക്കാം. 'വഴുകിയപുറം' എന്നതിന്റെ ശരിയല്ലാത്ത ഉച്ചാരണമാണത്. ഇത് സാഹിത്യത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കടത്തനാട്ട് ഉദയവര്‍മ്മരാജ 1892ല്‍ ഹസ്തലക്ഷണദീപിക ആദ്യമായി മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തപ്പോള്‍ 'പൃഷ്ഠം' എന്ന സംസ്‌കൃതപദത്തിനു പകരം ഉപയോഗിച്ചത് 'വയ്യപുറം' എന്നാണ്. അയല്‍പക്കമെന്ന അര്‍ത്ഥത്തില്‍ 'അങ്ങട്ട' കൃഷ്ണഗാഥയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കേ മലബാറിലുണ്ടായ സാഹിത്യകൃതിയാണ് കൃഷ്ണഗാഥ. വടക്കന്‍ പാട്ടുകളിലെ നാടോടിവിജ്ഞാനീയവും കടന്ന് സാഹിത്യത്തിലെ പിന്‍തുടര്‍ച്ചക്കാരിലേക്കെത്തുമ്പോള്‍ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ കഥകള്‍, കടത്തനാട്ടുമാധവിയമ്മയുടെയും വി ടി കുമാരന്റെയും കവിതകള്‍ ,എം മുകുന്ദന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും രചനകള്‍ എന്നിവയെല്ലാം കടത്തനാടന്‍ സ്പന്ദങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. അത്തരം മാതൃകാപരമായ സന്ദര്‍ഭങ്ങളിലൊന്ന് ഇവ്വിധമാണ്.


-മേശക്കടിച്ചുകൊണ്ട് മുസലിയാര്‍ ഒച്ചയെടുത്തു.
'എന്താടാ,നത്തിന്റെ മാതിരി കുത്തിരിക്ക്ന്ന് ?പുസ്തകമെടുത്ത് ബായിക്ക് നായിന്റെ മക്കളെ'
കുഞ്ഞാലി ചോദിച്ചു
'എന്താ മൊയില്യാറെ ബായിക്കണ്ടത്'
' പാഠമാലതന്നെ ഹമ്‌ക്കേ'
കാച്ചിയും തട്ടവുമിട്ടപെണ്‍കുട്ടികളും മെട്ടേ വടിച്ച ആണ്‍കുട്ടികളും ഒത്തൊരുമിച്ചു പാടിത്തുടങ്ങി.
'അരികത്തമ്പോടുവരുന്നുണ്ടമ്മേ ഞാന്‍
കരയായ്‌കോമനേ കരള്‍ വാടീ...'
പാഠമാല അവര്‍ വളരെ നേരം പാടിക്കൊണ്ടിരിക്കവേ ഒരട്ടഹാസം.
'മതിയാക്കടാ കാഫറിന്റെ പാട്ട്'
മേശക്കടിച്ചുകൊണ്ടു തന്നെ മുസലിയാര്‍കൂവി. എന്തുപറയുമ്പോഴും അയാള്‍ക്കു മേശക്കടിക്കണം. ആ അടിയില്‍ നിന്നു കിട്ടുന്ന ഒരു ശക്തി കൊണ്ടാണ് അയാള്‍അട്ടഹസിക്കുന്നതെന്നു തോന്നും.
കുട്ടികള്‍ഒരു ചരടുപോലെ പെട്ടെന്നു നിന്നു.
'എല്ലാവരും പോയി പാത്തിറ്റ് ബരിന്‍.തണ്ണീം കുടിക്കേണ്ട കൂട്ടര്‍ തണ്ണീനും കുടിക്കീം'
മൂത്രമൊഴിക്കാനായി പള്ളിക്കുളത്തിലേക്ക് ആണ്‍കുട്ടികളും, അടുത്ത മാപ്പിളപ്പുരയിലേക്ക് പെണ്‍കുട്ടികളും പതിവു പോലെ ഓടി.
( സ്മാരകശിലകള്‍/ പുനത്തില്‍കുഞ്ഞബ്ദുള്ള /നോവല്‍ )


മൂത്രമൊഴിക്കുക എന്നതിന് ഇവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ 'പാത്തുക' എന്ന പദമാണ്് സാധാരണ ഉപയോഗിക്കുന്നത്. തീയവിഭാഗത്തില്‍പ്പെട്ടവര്‍ 'വീത്തി' എന്ന് പറയും. ഇപ്രകാരമാണ് ജാതിവ്യത്യാസങ്ങള്‍ ഭാഷയെ സ്വാധീനിക്കുന്നത്. അതേസമയം പുതിയൊരു തലമുറ പ്രാദേശികഭാഷാഭേദങ്ങളുടെ ഉപയോഗത്തില്‍ നിന്നു വിട്ടുനിന്നു തുടങ്ങിയിട്ടുമുണ്ട്. മാനകമലയാളവും മാപ്പിളമലയാളവും പലപ്രകാരത്തില്‍ ഇവിടെ മുസ്ലീംഭാഷാഭേദത്തില്‍ സമന്വയിക്കുന്നു. മാപ്പിളമലയാളത്തില്‍ 'ള,ശ,ഷ' എന്നീ വ്യഞ്ജനങ്ങള്‍ ഇല്ലെങ്കിലും ഇവിടെ അത് ഉപയോഗത്തിലുണ്ട്. അതേസമയം ഇതര ഭാഷാഭേദങ്ങളിലെ 'വ' മാപ്പിള മലയാളത്തില്‍ 'വ'യോ 'ബ'യോആയി ഉച്ചരിക്കപ്പെടുന്നു എന്നതും ഇവിടെ ഭാഷയെ സംബന്ധിച്ചിടത്തോളം ശരിയാകുന്നുമുണ്ട്.


പ്രാദേശികഭേദമെന്ന് നാം വിലയിരുത്തുന്ന പല വാക്കുകളും ചരിത്രപരമായി നിലനിന്നിരുന്നതും പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരുന്നവയുമാണ്. 'അജന്‍' എന്ന വാക്കെടുക്കുക. ഭാഷാശാസ്ത്രമനുസരിച്ച് പഴയമലയാളത്തിലത് 'അയന്‍ 'എന്നാണ് പറഞ്ഞിരുന്നത്. 'ജ'കാരവും 'യ'കാരവും തമ്മില്‍ പരസ്പരവിനിമയമാണ് ഇവിടെ സാധ്യമാകുന്നത്. 'നിയ്യ്' എന്നത് പ്രാദേശികമായി 'നിജ്ജ് 'എന്നു രൂപപ്പെടുന്നതും ഇപ്രകാരമാണ്. പക്ഷേ 'അജന്‍-അയന്‍' ഭാഷാവിനിമയം പോലെ പല വാക്കുകളും
സര്‍വ്വസാധാരണവും സ്വീകാര്യവും ആയിത്തീര്‍ന്നെങ്കിലും 'നിജ്ജ്' 'നിയ്യ്' പോലെയുള്ള വിനിമയങ്ങള്‍ തീര്‍ത്തും പ്രാദേശികമായി നില കൊള്ളുകയും ചിലപ്പോഴെങ്കിലും ഫലിതദ്യോതകമാകുകയും ചെയ്യുന്നു. 'നിയ്യ് , നിജ്ജ് 'എന്നത് പലേരിയിലെത്തുമ്പോള്‍ 'ഇഞ്ഞി' ആയി മാറുന്നു. ഇതുപോലെ ഓരോ സമുദായത്തിന്റെയും സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ വേറെയുമുണ്ട്. 'പടാപ്പുറം' എന്നൊരു വാക്കുകേട്ടാല്‍ അത് മുസ്ലീങ്ങള്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന കട്ടിലിന്റെ പ്രാദേശികപദമാണെന്നു് വ്യക്തമാകും.


'ഡിമോഗ്രാഫിക് ആയ മുസ്ലീങ്ങളുടെ വിതരണം ഒരിക്കലും തുല്യനിലയിലായിരുന്നില്ല എന്നതിന്റെ സൂചന കൂടിയാണിത്. അതായത് ഏതെങ്കിലുമൊരു പ്രത്യേകഭാഷയോ സംസ്‌കാരമോ കൊണ്ടല്ല അവര്‍ കേരളത്തിലുടനീളം സഞ്ചരിച്ചത്.അതത് പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും സ്വാംശീകരിക്കുകയായിരുന്നു. അതില്‍ കുറെയെങ്കിലും മാറ്റം വന്നത് 1921-നു ശേഷമാണ്. ഖിലാഫത്ത് മൂവ്‌മെന്റിന്റെ കാലയളവോളം ഇവിടെ വ്യക്തിനാമങ്ങളില്‍പ്പോലും ജാതിക്കതീതമായ സമാനതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ്ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കൃതിയില്‍ ഇത്തരം സാഹചര്യം യഥാതഥമായിത്തന്നെ പകര്‍ത്തിയിട്ടുണ്ട്. നായകകഥാപാത്രത്തിന്റെ പേരിലെ ജാതി മനസ്സിലാവാതെനില്‍ക്കുന്ന കുഞ്ഞുപാത്തുമ്മ നിങ്ങളൊക്കെ ഇസ്ലാം തന്നെയല്ലേഎന്നാണ് ശങ്കിക്കുന്നത്. ഞാന്‍ പറയുന്നതെന്തെന്നുവച്ചാല്‍ മുസ്ലീങ്ങളുടെ മാത്രം ഭാഷ എന്നൊന്നില്ലെന്നാണ്.'- മടപ്പള്ളി ഗവണ്‍മെന്റ് കോളജ് ഭാഷാധ്യാപകനും ഗവേഷകനുമായ രാജേന്ദ്രന്‍ എടത്തുംകര പറയുന്നു.


അഹമ്മദ് ഹാജിയുടെ കണ്ണില്‍ ചീരു ആദ്യമായി പതിയുന്ന രംഗം നോക്കൂ. കുളിക്കടവില്‍നിന്ന് നനഞ്ഞ വസ്ത്രങ്ങളുമായി പോകുന്ന ചീരുവിലും അവളുടെ നഗ്നമായ പിന്‍പുറത്തും വിടനെപ്പോലെ നോക്കി ആസ്വദിക്കുന്ന ഹാജി വേലായുധനോട് (ശൃംഗാരഭാവത്തില്‍) : വേലായ്ധാ...
വേലായുധന്‍ : മ്മളെ ഒതേനേട്ടന്റെ തിയ്യത്ത്യാ.
അഹമ്മദ് ഹാജി : ഇത്തറേം കാലം ഏടെ ഒളിപ്പിച്ച വെച്ചാ നായ് .ഇവന് ഇത്രേം നല്ലൊന്നിനെ ഏട്ന്ന കിട്ടി. ഉം...


(പിന്നെയും നടന്നു ;പുഴക്കരയിലൂടെ)


അഹമ്മദ് ഹാജി : വേലായ്ധാ.
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി : നനഞ്ഞ പെണ്ണ് .വാസനസോപ്പിന്റെ മണം...എനിയ്ക്ക് ഓളെ ഒന്നുകാണണം.
വേലായുധന്‍ : ഒതേനേട്ടന്‍...
അഹമ്മദ് ഹാജി : ഒതേനന്‍...തച്ചോളി മാണിക്കോത്തെ ഒതേനനൊന്ന്വല്ലല്ലോ ? ആയാലും കൊയപ്പൊല്ല. ഞാന്‍ മുരിക്കും കുന്നത്തെ അഹമ്മദാ... ഞ്ഞ് പറേന്നത് കേക്ക്
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി ഹാജി : ഉം ... ഈ നടപ്പ് വെറുതെ ആയില്ല. ഉള്ള പേരുദോഷംകൂട്ടാനായിട്ട്് ഈ പെണ്ണുങ്ങളിങ്ങനെ എറങ്ങി നടന്നാ എന്താടോ ചെയ്യാ...ങേ...



മലബാറിലെ മലയാളത്തിന് പൊതുവെയുള്ള വ്യത്യാസങ്ങളിലേക്കും കോഴിക്കോട് ജില്ലയുടെ വടക്കന്‍മേഖലകളിലെ പ്രാദേശികവൈജാത്യങ്ങളിലേക്കും വെളിച്ചം വീശാന്‍ കരുത്തുള്ള ഇത്തരം സംഭാഷണങ്ങളായിരുന്നു ചിത്രത്തിന്റെ ജീവന്‍.


ഷൂട്ടിംഗിനു മുന്‍പുതന്നെ അഭിനേതാക്കള്‍ക്കായി നടത്തിയ പ്രത്യേകപരിശീലനക്യാമ്പും ചിത്രത്തിന്റെ റിസള്‍ട്ടിനെ മെച്ചപ്പെടുത്തിയെന്നുവേണം കരുതാന്‍. പ്രശസ്തസാഹിത്യകാരി സാറാ ജോസഫ് അഭിപ്രായപ്പെടുന്നതിങ്ങനെയാണ് -'യഥാര്‍ത്ഥചരിത്രമെന്നതാണ് രാജീവന്റെ നോവലിന്റെ കേന്ദ്രബിന്ദു. യഥാര്‍ത്ഥചരിത്രത്തിന്റെ കര്‍തൃത്വവും സാക്ഷികളും അനാവരണം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥതകളുണ്ടാവുക സ്വാഭാവികം ആ രീതിയില്‍ രാജീവന്റെ നോവലിനോട് നീതി പുലര്‍ത്താന്‍ രഞ്ജിത്തിന്റെ സിനിമക്ക് കഴിയുകയും ചെയ്തു'


പ്രദേശികഭാഷാഭേദത്തിന്‍െ ഉള്‍ക്കരുത്ത് യുക്തിഭദ്രമായി സ്വന്തം സിനിമകളില്‍ പരീക്ഷിച്ചുവരുന്ന രഞ്ജിത്തിന്റെ മറ്റൊരു വിജയം കൂടിയായിരുന്നു 'പാലേരിമാണിക്യം ഒരു പാതിരാകോലപാതകത്തിന്റെ കഥ' . ഭാഷാഭേദം കൈകാര്യം ചെയ്യുന്നതില്‍ പ്രഥമഗണനീയനായ മമ്മൂട്ടിയും ഒപ്പം ചേര്‍ന്നതോടെ വടക്കന്‍ കോഴിക്കോടിന്റെ ഉത്തരമേഖലയിലെ പ്രാദേശികഭാഷാഭേദങ്ങളിലൊന്നുകൂടി പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.