Showing posts with label പാഥേയം. Show all posts
Showing posts with label പാഥേയം. Show all posts

Monday, May 23, 2011

സീനിയേഴ്സ് (Seniors)

അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് സീനിയേഴ്സ്.  വൈശാഖ് റിലീസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ട്.

പത്മനാഭന്‍ അഥവാ പപ്പു (ജയറാം), റെക്സ് ഇമ്മാനുവല്‍ (കുഞ്ചാക്കോ ബോബന്‍), ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍), റഷീദ് മുന്ന (മനോജ്.കെ.ജയന്‍) എന്നിവരുടെ കഥയാണ് സീനിയേഴ്സ് പറയുന്നത്. കോളേജില്‍ സഹപാഠികളായിരുന്നു ഇവര്., കോളേജില്‍ നടന്ന ഒരു കൊലപാതകത്തില്‍ പപ്പു പ്രതിയാകുന്നു. കൊന്നതാരെന്നറിയാത്തതിനാല്‍, അവര്‍ നാലു പേരും ഈ കേസില്‍ പ്രതിയാകുമെന്ന സാഹചര്യത്തില്‍, പപ്പു ആ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പപ്പു 12 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നു. ആ വരവില്‍, പപ്പുവിന്റെ ആഗ്രഹപ്രകാരം അവര്‍ നാലു പേരും അതേ കോളേജില്‍ പി.ജിക്ക് അഡ്മിഷന്‍ വാങ്ങുന്നു. പിന്നീട് അവിടെ നടക്കുന്നത്, 12 വര്‍ഷം മുന്നെ സംഭവിച്ച കാര്യങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. പപ്പു വീണ്ടും കാമ്പസിലേക്ക് മടങ്ങി വന്നതെന്തിന്? എന്താണ് അയാള്‍ അവിടെ ചെയ്യാന്‍ ബാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍... ഇതാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് സച്ചി-സേതു കൂട്ടുകെട്ടാണ്. മലയാള സിനിമയുടെ ചേരുവകള്‍ സമാസമം ചേര്‍ത്ത്, എന്റര്‍ടെയിനറായാണ് അവര്‍ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്. ഒടുവിലൊരല്പം സസ്പെന്‍സ് നമുക്കായി അവര്‍ കാത്തു വച്ചിരിക്കുന്നു. സച്ചി-സേതു എന്ന തിരക്കഥാകൃത്തുക്കളുടെ സമീപകാല പ്രകടനം നോക്കിയാല്‍ വളരെയധികം ഭേദപ്പെട്ട രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങിയിരിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം തമാശരംഗങ്ങളിലുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവര്‍ക്ക് തെറ്റിയിട്ടില്ല. തമാശയെന്ന പേരില്‍, ഇത്തരം സംഭാഷണങ്ങള്‍ അനവധി ഈ ചിത്രത്തില്‍ കാണാമെന്നത് തിരക്കഥയുടെ ഒരു ന്യൂനതയാണ്. പഴുതുകളില്ലാത്ത തിരക്കഥയെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, ആ പഴുതുകളെ പലരീതിയിലും അടച്ച് പ്രേക്ഷകരുടെ ശ്രദ്ധപതിയാതെ കൊണ്ടുപോകുവാന്‍ സംവിധായകനായ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. സംവിധയാകനെന്ന നിലയില്‍ വൈശാഖിന്റെ കയ്യടക്കം ചിത്രത്തെ ആകര്‍ഷകമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഒരു ഐറ്റം സോങ്ങൊഴിച്ചാല്‍, പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല എന്നു വേണം പറയാന്‍. അതിനൊരപവാദമായി വേണമെങ്കില്‍ പറയാവുന്നത്, സുരാജ് വെഞ്ഞാറമൂട് കടന്നുവരുന്ന ചിലരംഗങ്ങളാണ്. സുരാജൊഴിച്ച്, കഥാപാത്ര നിര്‍ണ്ണയം എവിടെയും പാളിയിടട്ടുമില്ല.


 
അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും, മനോജ്.കെ.ജയനും തന്നെ. ഇത്രയും വ്യത്യസ്തതയുള്ള റോളുകളില്‍ അവരെ നാമിതുവരെ മലയാളത്തില്‍ കണ്ടിട്ടില്ല. ജയറാം ഒരു മുഴുനീള കഥാപാത്രമാകുമ്പോള്‍, കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നു. അനന്യ, പത്മപ്രിയ എന്നിവര്‍ നായികമാരാകുമ്പോള്‍, കഥാഗതിക്കനുസരിച്ചുള്ള പ്രാധാന്യം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. സിദ്ധിഖ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, ലക്ഷ്മിപ്രിയ, രാധാവര്‍മ്മ, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തിലുണ്ട്. മീരാനന്ദന്‍ പ്രധാനപ്പെട്ട ഒരു അതിഥിവേഷം അഭിനയിച്ചപ്പോള്‍, തികച്ചും ‘അതിഥിതാരമായി‘ ലാലു അലക്സും ചിത്രത്തിലുണ്ട്. ബിജു മേനോന്റെ മകനായി വേഷമിട്ട ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പതിവു പോലെ, യാതോരു വ്യത്യസ്തതയും കൊണ്ടുവരാനാകാതെ സുരാജിന്റെ, തവള തമ്പി നമ്മെ കൊല്ലാകൊല ചെയ്യും. ആ കഥാപാത്രം ഒരു പക്ഷേ സലീംകുമാറിന്റെ കൈകളില്‍ ഭദ്രമായിരുന്നേനെ. സുരാജെന്ന ഹാസ്യതാരത്തെ, മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജിയാണ്. ശരാശരിക്കു മുകളിലുള്ള ഒരു പ്രകടനമാണ് ക്യാമറക്കു പിന്നില്‍ ഷാജിയിയുടേത്. അതിനൊപ്പം മഹേഷ് നാരായണന്റെ ചിത്രസംയോജനവും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെ, ചിത്രത്തെ എഡിറ്റ് ചെയ്തു ചേര്‍ക്കുവാന്‍ മഹേഷിനു കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ ഈ പ്രകടനം ചിത്രത്തില്‍ പ്രകടമാണ്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം ചിത്രത്തൊട് ചേര്‍ന്നു പോകുമ്പോള്‍, അഭിനന്ദാര്‍ഹമായ പ്രകടനം ചമയം കൈകാര്യം ചെയ്ത രഞ്ജിത്ത് അമ്പാടിയുടേയും, വസ്താലങ്കാരം കൈകാര്യം ചെയ്തിരിക്കുന്ന എസ്.ബി സതീശന്റേതുമാണ്. പഴയകാലവും ഇന്നത്തെ കാലവും ചിത്രീകരിക്കുന്നതില്‍ അവരുടെ കരവിരുത് പ്രകടമാണ്.  സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത മാഫിയ ശശിയാണ്.

അനില്‍ പനച്ചൂരാനും സന്തോഷ് വര്‍മ്മയുമെഴുതി ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ് എന്നിവര്‍ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആദ്യത്തെ ഗാനമായ ‘ആരാമം നിറഞ്ഞാല്‍‘ എന്ന അടിപൊളി  ഗാനത്തിന്റെ സംഗീത സംവിധാനം അല്‍ഫോണ്‍സ് ജോസഫും പാടിയിരിക്കുന്നതെ ബെന്നി ദയാലും ലക്ഷ്മിയും ചേര്‍ന്നാണ്. ചിത്രത്തിനൊപ്പം ചേര്‍ന്നു പോകുന്ന ഈ ഗാനം ശ്രവണസുഖമുള്ളതുമാണ്. പക്ഷേ ജാസി ഗിഫ്റ്റ്, ഇമ്രാന്‍, അനുരാധ എന്നിവര്‍ ചേര്‍ന്നു പാടിയ ‘ഇത്തിരി ചക്ക നുള്ളി‘ എന്ന രണ്ടാമത്തെ ഐറ്റം സോങ്ങ് പ്രേക്ഷകരെ അല്പം ബോറടിപ്പിക്കുന്നു. ചിത്രത്തിന്റെ കാതലായ, ‘കാര്‍മല്‍‘ എന്ന നാടകത്തിനു വേണ്ടി അല്‍ഫോണ്‍സ് ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റല്‍ സോങ്ങ് മികച്ച നിലവാരം പുലര്‍ത്തുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ അതിനുള്ള പങ്കൊന്ന് വേറെ തന്നെയാണ്. ഒരു നൊസ്റ്റാള്‍ജിയ പകരാന്‍, അനിയത്തി പ്രാവിന്റെ തീം സോങ്ങിനെ റീമിക്സ് ചെയ്ത ബാക്ക്ഗ്രൌണ്ട് സ്കോറായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ നൃത്തസംവിധാനം ശരാശരിയിലൊതുങ്ങുന്നു.

അത്യുഗ്രന്‍ ചിത്രം എന്നൊരിക്കലും സീനിയേഴ്സിന്റെ വിശേഷിപ്പിക്കാനാവില്ല. പക്ഷേ കോമാളിത്തരങ്ങള്‍ അരങ്ങുവാഴുന്ന മലയാള സിനിമയില്‍, വ്യത്യസ്തമായ ഒരു ചിത്രമായി സീനിയേഴ്സിന് സ്ഥാനം പിടിക്കാം. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ട എല്ലാ മസാലകളും സീനിയേഴ്സിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്ലൈമാക്സും. ചിത്രം കഴിയുമ്പോള്‍ തീയേറ്ററിലുയരുന്ന ഒരു കയ്യടി ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ക്കുള്ള പ്രചോദനമായി കാണാം. 2011 മലയാള സിനിമയുടെ തിരിച്ചു വരവായി കണക്കാക്കപ്പെടുന്ന വര്‍ഷമാണ്. സൂപ്പര്‍ സ്റ്റാറും മള്‍ട്ടി സ്റ്റാറുകളും ആ തിരിച്ചു വരവിനെ പിന്നോട്ടടിക്കുമ്പോള്‍, സീനിയേഴ്സ് അതിന്റെ വിരുദ്ധഗതിയില്‍ മുന്നോട്ട് നടക്കുന്നു. സീനിയേഴ്സ് പോലെ പ്രേക്ഷകര്‍ (ഫാന്‍സ് അല്ല) ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടേ എന്നു നമുക്ക് ആശിക്കാം....

എന്റെ റേറ്റിങ്: 6.5/10

Wednesday, April 6, 2011

ഉറുമി (Urumi)

ചരിത്രത്തിന്റെ ഏടുകള്‍ ചലച്ചിത്ര കാവ്യങ്ങളായി മാറുക എന്നത് മലയാള സിനിമയെ സംബന്ധിച്ചടത്തോളം പുതിയൊരു കാര്യമല്ല. കേരള ചരിത്രത്തിലെ വീരപുരുഷന്മാരേയും പ്രധാനപ്പെട്ട സംഭവ വികാസങ്ങളേയുമെല്ലാം നാം തിരശ്ശീലയില്‍ കണ്ടു കഴിഞ്ഞു. അതിപ്പോള്‍ കേരള വര്‍മ്മ പഴശ്ശിരാജയില്‍ എത്തി നില്‍ക്കുകയാണ്. ആ ഗണത്തിലേക്കാണ് ഉറുമി എത്തിച്ചേരുന്നത്. നമുക്ക് മുന്നിലെത്തിയ ചരിത്ര സിനിമകളിലെല്ലാം തന്നെ, ചരിത്രത്തിന്റെ നേര്‍ പരിച്ഛേദമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരു കാലഘട്ടത്തിലെ ചില സാങ്കല്പിക കഥാപാത്രങ്ങളുടേയും അവരുടെ പോരാട്ട വീര്യത്തിന്റേയും കഥ പറയുകയാണ് ഉറുമിയിലൂടെ. ചരിത്രത്തിനും സാങ്കല്പികതയ്ക്കുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഉറുമി എന്ന ചിത്രം സഞ്ചരിക്കുന്നത്.

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, നടന്‍ പൃഥ്വിരാജ്, വ്യവസായി ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന്‍ തുടങ്ങിയ ആഗസ്ത് സിനിമ എന്ന സിനിമാ കമ്പിനിയുടെ ബാനറില്‍, ഇവര്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് ഉറുമി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ മലയാളികള്‍ക്കായി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഉറുമി. സാങ്കേതിക വശങ്ങളില്‍ സമീപകാല മലയാള സിനിമയെ പിന്തള്ളുന്ന ഉറുമി, താരനിര കൊണ്ടും സമ്പുഷ്ടമാണ്. പൃഥ്വിരാജിനെ കൂടാതെ, പ്രഭുദേവ, ജനീലിയ ഡിസൂസ, വിദ്യാ ബാലന്‍, ആര്യ, തബു, ജഗതി ശ്രീകുമാര്‍, നിത്യാ മേനോന്‍, അമോല്‍ ഗുപ്ത, ശശി കലിംഗ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം ഗാമയേയും കൂട്ടരേയും അവതരിപ്പിക്കുന്ന ഏതാനും വിദേശ നടന്മാരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലാണ് ആദ്യമായി കടലു കടന്ന് വിദേശീയര്‍ മലയാള മണ്ണില്‍ കാലുകുത്തുന്നത്. പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമയാണ് കാപ്പാട്ട് കപ്പലിറങ്ങിയത്. കേരളത്തിലെ കുരുമുളകടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അനന്തമായ വ്യാപാര സാധ്യതകള്‍ കണ്ട ഗാമ, പോര്‍ച്ചുഗലിലേക്ക് മടങ്ങിയെങ്കിലും, പിന്നീട് 1502-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശാനുസരണം വീണ്ടും കേരളത്തിലെത്തി. എന്നാല്‍ ആ വരവില്‍, മെക്കയില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങിയ കപ്പല്‍ ഗാ‍മ ആക്രമിക്കുകയും, അവരെ കൊല്ലുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഉറുമിക്കു വേണ്ടിയുള്ള കഥാ സാഹചര്യം ഒരുക്കിയിരിക്കുന്നത്. ആ ആക്രമണത്തില്‍‍ നിന്നും രക്ഷപ്പെട്ട ഒരേ ഒരാള്‍ ചിറക്കല്‍ കുത്തുവിളക്കിന്റെ മകന്‍, കേളു നയനാരായിരുന്നു. തന്റെ അച്ഛനെ വധിച്ച ഗാമയുടെ തലയരിയുമെന്ന് പ്രതിജ്ഞയെടുക്കുന്ന കേളു, കപ്പലില്‍ കൊല്ലപ്പെട്ടവര്‍ ബാക്കി വക്കുന്ന സ്വര്‍ണ്ണം കൊണ്ട് ഒരു ഉറുമി തീര്‍ക്കുന്നു. ആ ഉറുമിയുമായി, 1524-ലെ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു. ഒടുവില്‍ ഗാമയെത്തുമ്പോള്‍, ഗാമയുമായുള്ള കേളു നയനാരുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥ.

ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയൊരുക്കിയിരിക്കുന്നതില്‍ ശങ്കര്‍ പ്രകടിപ്പിച്ചിരികുന്ന കരവിരുത് ഇതില്‍ പ്രകടമാണ്. ചരിത്രത്തില്‍ നിന്നും ഭാവനയില്‍ മെനഞ്ഞ കഥ ഉറുമിക്കായി കണ്ടെത്തുമ്പോള്‍, അതിലുണ്ടാകാവുന്ന കടമ്പകളെ സമര്‍ത്ഥമായി മറികടക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, പിന്നെ അതിനെ പതിയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് പറിച്ചു നടുകയും ചെയ്യുന്ന രീതിയും ആകര്‍ഷകമായി മാറി. പഴുതുകള്‍ നല്‍കാതെ എഴുതിയിരിക്കുന്ന തിരക്കഥ, ചിത്രത്തിന്റെ വാണീജ്യ താല്പര്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതാണെന്നു തോന്നുന്നു. കാരണം, വിദ്യാ ബാലനേയും തബുവിനേയും പോലുള്ള അഭിനേതാക്കളെ ചിത്രത്തിലെത്തിച്ചതും, ഈ തിരക്കഥയിലെ ഇത്തരം ഇടപെടലുകളാണ്. തിരക്കഥ മികച്ചു നില്‍ക്കുമ്പോള്‍, അല്പമെങ്കിലും പാളുന്നത് സംഭാഷണങ്ങളാണ്. പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങള്‍ ഇടയ്ക്ക് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. അതു പോലേ അങ്ങിങ്ങായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കടന്നു വരുന്നു. പക്ഷേ അതു സ്ഥിരം പാറ്റേണില്‍, തമാശ സൃഷ്ടിക്കുവാനായി ചെയ്തിട്ടുള്ളതല്ല എന്നത് ഒരു വസ്തുതയാണ്.

ശക്തമായ തിരക്കഥയെ പരിപൂര്‍ണ്ണമായി ഉപയോഗിക്കുകയും അതിനെ താന്‍ മനസ്സില്‍ കണ്ട രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം വളരെ ഭംഗിയായി സന്തോഷ് ശിവനെന്ന സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. അതാണ് ഉറുമിയെ ഒരു സന്തോഷ ശിവന്‍ ചിത്രമാക്കി മാറ്റുന്നത്. കഥാപാത്ര നിര്‍ണ്ണയത്തിലും സംവിധായകന്റെ മികവ് വ്യക്തമാണ്. പ്രഭുദേവയും ജനീലിയയുമെല്ലാം, ഉറുമിയിലെത്തിയിരിക്കുന്നത് അതിന്റെ തെളിവാണ്. ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍ എന്നും സംഭവിക്കുന്നതു പോലെ, ചിത്രത്തിനുടനീളം ദൃശ്യ ഭംഗി പകരാന്‍ സന്തോഷ് ശിവനു കഴിയുന്നു. ചിത്രത്തെ ആകര്‍ഷമാക്കുന്നതില്‍ ഈ ഒരു വസ്തുത വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും സന്തോഷ് ശിവന്റെ അശോകയിലെ രംഗങ്ങളുമായി ഉറുമിയിലെ പല രംഗങ്ങള്‍ക്കും ഒരു വിദൂര സാമ്യം തോന്നുന്നുണ്ട്. മനോഹരമായി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളെ ക്രോഡീകരിച്ചി‍രിക്കുന്നത് ശ്രീകര്‍ പ്രസാദെന്ന ചിത്രസംയോജകനാണ്. ഒരു ഏച്ചുകെട്ടലുമില്ലാതെയാണ് ശ്രീകര്‍ പ്രസാദ് ഉറുമിയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമിതമായി എഫക്റ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്നത് മാത്രമല്ല, ഉപയോഗിച്ചിരിക്കുന്നവ അതി വിദഗ്ദ്ധമായി ചിത്രത്തോട് കൂട്ടിയിണക്കിയിരിക്കുന്നു. പക്ഷേ അവിടിവിടെയായി ഉപയോഗിച്ചിരിക്കുന്ന സ്ലോമോഷനുകള്‍, അല്പം കൂടുതലായി പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഉറുമിയുടെ പ്രയോഗങ്ങളുടെ ‍ ആകര്‍ഷണം എപ്പോഴും അവ വേഗത്തില്‍ കാണിക്കുമ്പോഴാണ്, ഇതില്‍ അവ പൂര്‍ണ്ണമായും സ്ലോമോഷനിനേക്ക് മാറ്റിയിരിക്കുന്നു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാമായിരുന്നു.

വന്‍ മുതല്‍ മുടക്കില്‍ ഇത്രയും വലിയ ചിത്രമെടുക്കുമ്പോള്‍, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടന്മാരെ കണ്ടെത്തുക എന്നത്. ഒരു പക്ഷേ, ഉറുമിയില്‍ ഇതിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുവാന്‍ കഴിയുന്നു. പ്രധാന കഥാപാത്രമായ കേളു നയനാരെ പൃഥ്വിരാജ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അവിടിവിടെയായുള്ള മസിലുപിടുത്തം ഒരല്പം ഒഴിവാക്കാമായിരുന്നു. കേളു നയനാരുടെ സന്തത സഹചാരിയായ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ, അഭിനയത്തില്‍ നാമിതുവരെ കാണാത്ത അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ സര്‍പ്രൈസ് പാക്കേജ് എന്നത്, ജനീലിയ ഡിസൂസ അവതരിപ്പിച്ച അറയ്ക്കല്‍ ആയിഷ എന്ന കഥാപാത്രമാണ്. ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ മാത്രം ഇതുവരെ അവരെ കണ്ടിരുന്ന നമ്മെ ഞെട്ടിക്കുന്ന പ്രകടനമാണ് ജനീലിയയുടേത്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിട്ടുകൂടി, ആയിഷയെ തന്റേടത്തോടെ ഏറ്റടുത്ത്, മികച്ചതാക്കിയതില്‍ ജനീലിയ തീര്‍ച്ചയായുമൊരു കയ്യടി അര്‍ഹിക്കുന്നുണ്ട്. അതു പോലെ മറ്റൊരു മനോഹരമായ പ്രകടനം, ചെഞ്ചേരിക്കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിന്റേതാണ്. സ്ത്രൈണം കലര്‍ന്ന ആദ്യ വേഷവും, പിന്നീട് പ്രതിനായക രൂപത്തിലേക്കുള്ള ഭാവപകര്‍ച്ചയും അതിമനോഹരമായാണ് ജഗതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിറയ്ക്കല്‍ ബാലയെ അവതരിപ്പിച്ചിരിക്കുന്ന നിത്യാമേനോനും, ഭാനു വിക്രമനെ അവതരിപ്പിച്ചിരിക്കുന്ന അങ്കുര്‍ ഖന്നയും, ചിറക്കല്‍ രാജാവിനെ അവതരിപ്പിച്ചിരിക്കുന്ന അമോല്‍ ഗുപ്തയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വാസ്കോ ഡ ഗാമയായി റോബി പ്രാറ്റ്, എസ്താവിയോ ഡ ഗാമയായി അലക്സ് ഒനീല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചെറുതെങ്കിലും ചിറയ്ക്കല്‍ കൊത്തുവാള്‍ എന്ന കഥാപാത്രത്തെ തമിഴ് നടന്‍ ആര്യയും ഭംഗിയാക്കിയിരിക്കുന്നു. വിദ്യാ ബാലന്‍ രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളായി തിരശ്ശീലയിലെത്തുമ്പോള്‍, തബു ഒരു ഗാനത്തില്‍ മാത്രമൊതുങ്ങുന്നു.

ചിത്രത്തിന്റെ മികവുകൂട്ടാന്‍ ഗാനരംഗങ്ങള്‍ സഹായിക്കുമ്പോള്‍, വളരെക്കാലത്തിനു ശേഷം കുറെയധികം നല്ല ഗാനങ്ങളും ഈ ചിത്രത്തിലൂടെ പിറവി കൊണ്ടിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയിരിക്കുന്നത്, സംഗീത സംവിധാനം ദീപക് ദേവ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം, യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ, “ആരോ നീ ആരോ“ എന്ന ഗാനമാണ്. അതിമനോഹരമായി ഇതു ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജോബ് കുര്യനും, റിതയും ചേര്‍ന്നു പാടിയ “ആരാണെ ആരാണേ” എന്ന ഗാനം ആലാപന ശൈലികൊണ്ടും ചിത്രീകരണം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍, ചിത്രത്തില്‍ ഒരു ഓളം പ്രതീതി നല്‍കാന്‍ ഇതു സഹായിക്കുന്നുണ്ട്. മഞ്ജരി പാടിയ, ”ചിമ്മി ചിമ്മി” എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍, “ചലനം ചലനം”, “അപ്പാ” എന്നീ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച പുതുശബ്ദം രശ്മി സതീഷും ഏറെ പ്രശംസ പിടിച്ചു പറ്റി. “തെലു തെലെ” എന്ന ഗാനം ആലപിച്ച രഞ്ജി, ആലാപന ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. “വടക്കു വടക്ക്” എന്ന ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ചിത്രങ്ങളുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് ഖാന്‍, മധു ഗോപിനാഥ്, വക്കം സജീവ്, ഉല്ലാസ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതിമനോഹരമായി അവരാ ജോലി നിര്‍വഹിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ, ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാ‍ണ്, സൌണ്ട് മിക്സിങ് രാജ് കൃഷ്ണനും. ചിത്രത്തിലുടനീളം ഇവരുടെ മികവ് പ്രകടമാണ്.

ചരിത്രത്തിന്റെ കഥപറയുമ്പോള്‍, ആ കാലഘട്ടത്തിന്റെ വേഷവിധാനങ്ങളും അതിനൊപ്പിച്ചുള്ള കഥാപരിസരവും ആവശ്യമാണ്. മഹാരാഷ്ട്രയിലെ മല്‍ഷേജ ഖട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റുകള്‍ നിര്‍മ്മിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റുകളൊരുക്കുന്നതില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബുവിന്റെ കരവിരുത് എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്ര ഭംഗിയായാണ് ഉറുമിയുടെ കഥാപരിസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായി വേഷവിധാനങ്ങള്‍ ഒരുക്കിയ ഏകാ ലഖാനി ഇതിനായി ഒരു നല്ല പഠനം തന്നെ നടത്തിയിട്ടുണ്ടെന്നു വ്യക്തം. കഥാപാത്രങ്ങളെ ഒരുക്കുന്നതില്‍ ചമയം നിര്‍വഹിച്ചിരിക്കുന്ന രഞ്ജിത്ത അമ്പാടി വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. പലപ്പോഴും ചരിത്ര സിനിമകളില്‍. വേഷവിധാനങ്ങളിലും കഥാപരിസരങ്ങളിലും പ്രകടമായി കണ്ടുവരുന്ന കല്ലുകടി ഉറുമിയില്‍ കാണുന്നില്ല എന്നതു തന്നെ ഈ മൂന്നുപേരുടേയും മികവായി നമുക്ക് കാണാം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനല്‍ അരശാണ്. കളരിപയറ്റിലെ ചുവടുകളും മറ്റും ഇടകലര്‍ത്തി അതിമനോഹരമായാണ് അനല്‍ ഉറുമിയുടെ സംഘട്ടനങ്ങള്‍ ചെയ്തിട്ടുള്ളത്. സാധാരണ നാം കാണുന്ന ട്രപ്പീസുകളി ഇതില്‍ ഇല്ല എന്നു തന്നെ പറയാം. അനല്‍ അരശിനൊപ്പം അഭിനന്ദിക്കപ്പെടേണ്ടത്, ചെറു സമയത്തിനുള്ളില്‍, കളരിപയറ്റും ഉറുമിപ്രയോഗവും പഠിച്ച് ഇതില്‍ അവതരിപ്പിച്ച ഇതിലെ, ജനീലിയ, പ്രഭുദേവ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളേയാണ്. അവരുടെ ആത്മാര്‍ത്ഥമായ ശ്രമവും, സംഘട്ടന രംഗങ്ങള്‍ക്ക് മിഴിവു പകരാന്‍ സഹായിച്ചു എന്നു വേണം കരുതാന്‍.

ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും. ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തുന്നത്. ഒരു സിനിമയെന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും അവരുടെ കണ്ടുപഴകിയ നമ്പറുകളുമാണെന്നു വിശ്വസിക്കുന്നവരുടെ കണ്ണു തുറപ്പിക്കുവാനുതകുന്ന ചിത്രമാണ് ‘ഉറുമി’. ഒരു ചിത്രത്തിലെ എല്ലാ വിഭാഗവും ഇത്രയുമധികം ഒരു ചിത്രത്തിനായി സംഭാവനകള്‍ നല്‍കുന്ന മലയാള സിനിമകള്‍ അത്യപൂര്‍വ്വമാണ്. ആ ശ്രേണിയിലേക്കാണ് ഉറുമി വന്നു ചേര്‍ന്നിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയുമെന്നും, അങ്ങനെയുള്ളവ മലയാളി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ഒരു സന്ദേശം ഈ ചിത്രം നമുക്ക് തരുന്നുണ്ട്. ഉറുമി പോലെയുള്ള ചിത്രങ്ങള്‍ നമുക്കിന്ന് അനിവാര്യമാണ്. മലയാള സിനിമയെ ഗ്ലോബലാക്കാനുള്ള ശ്രമത്തിന്റെ ആദ്യ കാല്‍വയ്പാണിത്. ഇത്തരമൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം പൂച്ചെണ്ടുകള്‍.

എന്റെ റേറ്റിങ് : 8.5/10

വാല്‍ക്കഷണം : ഉറുമി ഇറങ്ങിയ അന്നുമുതല്‍, ബ്ലോഗുകള്‍, ചലച്ചിത്ര ഫോറങ്ങള്‍, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ എന്നിവ വഴി ഇതിനെതിരെ നിരന്തരമായി നെഗറ്റീവ് കമന്റുകള്‍ പറഞ്ഞു നടക്കുന്ന ഒരു കൂട്ടം യൂണിവേഴ്സല്‍ താര ഫാന്‍സിനോട് ഒരേ ഒരു ചോദ്യം. “ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?”

Sunday, April 3, 2011

ആഗസ്ത് 15 (August 15)

മമ്മൂട്ടിയെ നായകനാക്കി 1988-ല്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു ആഗസ്ത് 1. കെ.ജി.ആര്‍ എന്ന മുഖ്യമന്ത്രിയ വധിക്കാനിറങ്ങിത്തിരിച്ച ഒരു കൊലയാളിയുടെയും, അയാളെ എങ്ങനെയും ആ ഉദ്യമത്തില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന സി.ബി സിഐഡി ഓഫീസര്‍ ഡി.വൈ.എസ്.പി പെരുമാളിന്റേയും കഥയായിരുന്നു ആ ചിത്രം. ഹോളിവുഡ് ചിത്രമായ The Day of the Jackal-നെ ആധാരമാക്കി എസ്. എന്‍ സ്വാമിയായിരുന്നു ആ ചിത്രത്തിന്റെ കഥയൊരുക്കിയത്. മമ്മൂട്ടി-എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്റെ വന്‍ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ആഗസ്ത് 1. അതേ കൂട്ടുകെട്ട് വീണ്ടും വരുകയാണ് ആഗസ്ത് 15-ലൂടെ. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എം.മണിയാണ്.

ആഗസ്ത് 1 ല്‍ അഭിനയിച്ചവരില്‍ മമ്മൂട്ടിയെ കൂടാതെ, ജഗതി ശ്രീകുമാര്‍ മാത്രമാണ് ആഗസ്ത് 15 ലുള്ളത്, അതും വ്യത്യസ്തമായ ഒരു കഥാപാത്രമായി. പെരുമാളിനും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി പെരുമാള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാള്‍ ഐ.പി.എസ്സാണ്. നെടുമുടി വേണു, സായി കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിദ്ധിഖ്, മേഘ്ന രാജ്, ശ്വേതാ മേനോന്‍, ലാലു അലക്സ, തലൈവാസല്‍ വിജയ്, മധു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വലുതും ചെറുതുമായി ഒട്ടനവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

മുഖ്യമന്ത്രിക്ക് ഹൃദയാഘാതമുണ്ടാകുകയും, പിന്നീടത് ഒരു കൊലപാതക ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ആഗസ്ത് 15 ന്റെ കഥ ആരംഭിക്കുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസറായ പെരുമാളിനെ ചുമതലപ്പെടുത്തുന്നു. തന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ വീണ്ടും പെരുമാളിന് മുഖ്യമന്ത്രിയെ മറ്റൊരു കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷിക്കേണ്ടി വരുന്നു. ഒടുവില്‍, ആ കൊലപാതകിയെ പെരുമാള്‍ കണ്ടെത്തി വധിക്കുന്നു. ഒപ്പം കൊലപാതകിക്കു പിറകിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നു. അതാണ് ആഗസ്ത് 15ന്റെ രത്ന ചുരുക്കം.

ഒരു എസ്.എന്‍ സ്വാമി തിരക്കഥയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍, നാം പ്രതീക്ഷിക്കാത്തവര്‍ വില്ലന്മാരാകുക തുടങ്ങി പുള്ളിയുടെ സ്ഥിരം നമ്പറുകളെല്ലാം ഈ ചിത്രത്തിലുണ്ട്. എന്നാല്‍ അവയ്ക്കൊന്നും പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു പഞ്ച് നല്‍കാന്‍ കഴിയുന്നില്ല എന്നതാണ്. വെറുതെ ഒരു കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ, ഒരു പിരിമുറുക്കമോ ത്രില്ലിങ് അനുഭവമോ പ്രേക്ഷകനു സമ്മാനിക്കാന്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കഴിയാതെ പോകുന്നു. ആകെ ഒരു ആശ്വാസം, സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന “അമാനുഷികമായ” അന്വേഷണമല്ല ഈ ചിത്രത്തിലേതെന്നതാണ്. ദുര്‍ബലമായ തിരക്കഥയില്‍, തന്നെക്കൊണ്ട് പറ്റാവുന്ന വിധം ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഷാജി കൈലാസ് ചെയ്തിരിക്കുന്ന കാര്യം. അധികം ക്യാമറാ ട്രിക്കുകളൊ, ഫ്രേംസിനെ മാറ്റി മറിച്ചുള്ള പരീക്ഷണങ്ങളോ ചെയ്യാത്തത് കാണുന്നവര്‍ക്ക് ഒരു അനുഗ്രഹമായി മാറി എന്നു വേണം പറയാന്‍. പിന്നെ അനാവശ്യമായി  ഗാനങ്ങളോ, സ്ഥിരം കോമഡി തൊഴിലാളികളായ സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് ഇത്യാദികളെ ഉള്‍പ്പെടുത്താതിനും നമുക്ക് ഷാജി കൈലാസിനോട് നന്ദി പറയാം.

പഴയ പെരുമാളിലേക്ക് തിരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമം മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു ചില ഭാഗങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും, പക്ഷേ ചിലപ്പോള്‍, ഒരു അനാവശ്യ മസിലുപിടുത്തം അവിടിവിടെയായി ഇല്ലേ എന്നൊരു സംശയം ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്ക് തോന്നും. സമര്‍ത്ഥനും ബുദ്ധിമാനും എന്നൊക്കെ പറഞ്ഞ് പെരുമാളിനെ പരിചയപ്പെടുത്തുമെങ്കിലും, അതും കാണിക്കാനുള്ള അവസരം തിരക്കഥ നല്‍കാത്തതോടെ അങ്ങനെയും മമ്മൂട്ടിക്ക് തിളങ്ങാനാവാതെ പോകുന്നു. ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍, ജഗതിയുടെ അരവിന്ദാക്ഷന്‍, ലാലു അലക്സിന്റെ പീറ്റര്‍ സഖറിയ എന്നിവയാണ്. ഒരു പക്ഷേ ഈ സിനിമയില്‍ നന്നായി അഭിനയിച്ചിരിക്കുന്നതും ഇവര്‍ രണ്ടു പേരുമാണ്. നായിക എന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന മേഘ്ന രാജിന് ഒരു അതിഥി വേഷത്തിന്റെ പ്രാധാന്യം പോലുമില്ല. കൊലയാളിയായി എത്തുന്ന സിദ്ധിഖ് തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തന്റെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സിദ്ധിഖിനും കഴിഞ്ഞിട്ടില്ല. സായികുമാറും, നെടുമുടിയും പാര്‍ട്ടി സെക്രട്ടറിയുടേതും മുഖമന്തിയുടേയും റോളുകള്‍ നന്നയി കൈകാര്യം ചെയ്തിട്ടുണ്ട്.

സാങ്കേതിക വിഭാഗത്തിനും വലിയ മേന്മയൊന്നും പറയാനില്ലാത്ത ചിത്രമാണ് ആഗസ്ത് 15. പ്രദീപ് നായരുടെ ഛായാഗ്രണം ശരാശരിയിലൊതുങ്ങുമ്പോള്‍, ആകെയുള്ള ആശ്വാസം ക്യാമറ കൊണ്ടുള്ള സര്‍ക്കസുകള്‍ ഒഴിവാക്കി എന്നതാണ്. അതു പോലെ കവടിയാര്‍ റോഡിലൂടെ പെരുമാള്‍ ബുള്ളറ്റില്‍ വരുന്ന രംഗങ്ങള്‍ നന്നായി പകര്‍ത്തിയിട്ടുമുണ്ട്. എല്‍.ഭൂമിനാഥന്‍ നടത്തിയിരിക്കുന്ന ചിത്രസംയോജനം ഒരു പരിധി വരെ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ഷാജി കൈലാസ് ചിത്രത്തില്‍ ഇഫക്റ്റുകളുടെ ഉപയോഗം നന്നേ കുറവാണ്. സമയ പരിമിതി മൂലം പുള്ളിക്കാരന്‍ അതു മറന്നു പോയതാണോ എന്നൊരു സംശയമില്ലാതില്ല. പളനി രാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ പലതും നാം ഇതിനു മുന്നെ കണ്ടു മറന്നവ തന്നെ. ആഗസ്ത് 1 ന്റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ആധുനികവത്കരിച്ച് ഈ ചിത്രത്തിലുണ്ട്. അത് മോശമല്ല എന്നു പറയാം.

ആഗസ്ത് 1 കണ്ട് പെരുമാളിനെ ഇഷ്ടപ്പെട്ട് ആഗസ്ത് 15 കാണുവാന്‍ പോയാല്‍ കടുത്ത നിരാശയാകും ഫലം. കാരണം ആഗസ്ത് 1 നെ അടുത്തെങ്ങുമെത്താന്‍ ആഗസ്ത് 15ന് കഴിയുന്നില്ല. എസ്.എന്‍ സ്വാമിയുടേയും ഷാജി കൈലാസിന്റേയും അക്കൌണ്ടിലേക്ക് മറ്റൊരു പരാജയം കൂടി. തുടര്‍ച്ചയായി ഒരേ ഫോര്‍മുല തന്നെ പരീക്ഷിച്ച പരാജയപ്പെടുന്ന ഇവരെ മാറ്റി നിര്‍ത്തുവാന്‍ നിര്‍മ്മാതാക്കള്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. വെറുതെ രണ്ടു മണിക്കൂര്‍ ടൈം പാസിനായി ഈ ചിത്രം കാണാം, ഒരു പക്ഷേ ആകെയുള്ള advantage, ഇതു നിങ്ങളെ കൊല്ലാകൊല ചെയ്യില്ല എന്നതു മാത്രമായിരിക്കും... 


എന്റെ റേറ്റിങ് : 2.0/10


വാല്‍ക്കഷണം: പടം പൊട്ടിയതോടെ മമ്മൂട്ടി ഫാന്‍സ് വന്‍ ഹാപ്പി. കഴിഞ്ഞ വര്‍ഷം ആദ്യമിറങ്ങിയ മമ്മൂട്ടി ചിത്രം ഷാജി കൈലാസിന്റെ ദ്രോണ 2010 ആയിരുന്നു. അതു എട്ടു നിലയില്‍ പൊട്ടിയെങ്കിലും, പിന്നീട് ആ വര്‍ഷം മമ്മൂട്ടിയുടേതായിരുന്നു. പ്രാഞ്ചിയേട്ടനും, കുട്ടിസ്രാങ്കും, ബെസ്റ്റ് ആക്ടറുമെല്ലാം ജനങ്ങള്‍ സ്വീകരിച്ചു. ഫാന്‍സിപ്പോള്‍ മനസ്സു കൊണ്ട് ഷാജി കൈലാസിനു നന്ദി പറയുകയാണ് !!!

Friday, March 18, 2011

സജി സുരേന്ദ്രനുമായുള്ള അഭിമുഖം ( ഭാഗം രണ്ട്)

ജെ.കെ – വളരെയധികം ചോദ്യങ്ങള്‍ ബാക്കി വച്ചാണ് നമ്മള്‍ കഴിഞ്ഞ തവണ പിരിഞ്ഞത്. സജിയേട്ടാ, നമുക്ക് നേരെ ചോദ്യത്തിലേക്ക് കടന്നാലോ…?

സജി സുരേന്ദ്രന്‍ - ശരിയാണ്, നമുക്ക് തുടരാം.

ജെ.കെ – അറുപതോളം ചിത്രങ്ങളിറങ്ങുന്ന ഒരു വര്‍ഷം, ഹിറ്റാകുന്നത് പത്തു സിനിമയില്‍ താഴെയാണ്. എന്താണ് മലയാള സിനിമയുടെ ശരിയായ പ്രതിസന്ധി ?

സജി സുരേന്ദ്രന്‍ – കഥ. തീര്‍ച്ചയായിയിട്ടും കഥ തന്നെയാണ് പ്രതിസന്ധി. ഇവിടെ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്നത് കഥയാണ്. നമ്മള്‍ എത്ര നല്ല ബ്രില്ല്യന്റ് മേക്കിങ് കൊണ്ടു വന്നിട്ടോ, ഹോളിവുഡ് സ്റ്റൈലില്‍ തന്നെ അനുകരിച്ചിട്ടോ മലയാളത്തില്‍ ഒരു കാര്യവുമില്ല. മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് കഥയെ തന്നെയാണ്. അവര്‍ക്ക് relate ചെയ്യാന്‍ പറ്റുന്ന കഥ, അതു ബഹളമയമല്ലാത്ത രീതിയില്‍ പറഞ്ഞാല്‍ പോലും അവര്‍ അത് സ്വീകരിക്കും, അടുത്ത കാലത്തെ ഒരു ഉദാഹരണം പറഞ്ഞാല്‍, വെറുതെ ഒരു ഭാര്യ. സിനിമകള്‍ അറുപതും എമ്പതും ഒക്കെ ഇറങ്ങുന്നുണ്ട്. കഥയില്ലായ്മയാണ് പല ചിത്രങ്ങളും പരാജയപ്പെടുന്നതിന്റെ കാര്യം. മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമേട്ടനോ ആര് അഭിനയിച്ചാലും, നല്ല കഥയല്ലെങ്കില്‍ പ്രേക്ഷകര്‍ അതിനെ തള്ളിക്കളയും. അതാണ് ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.

ജെ.കെ – കുറച്ചു ഓഫ് ബീറ്റ് ചിത്രങ്ങള്‍ കാണുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ വര്‍ഷമിറങ്ങിയ ഒരു ചിത്രമായിരുന്നു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. ഒരു പക്ഷേ ആ ചിത്രം പ്രേക്ഷകര്‍ അപ്പാടെ തള്ളിക്കളഞ്ഞു. നല്ല ചിത്രങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് ഭൂഷണമാണോ?

സജി സുരേന്ദ്രന്‍ – ഞാന്‍ ആ ചിത്രം കണ്ടിട്ടില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നടന്നില്ല. ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, ഓഫ് ബീറ്റ് എന്ന ധാരണ പ്രേക്ഷക മനസ്സില്‍ കിടക്കുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഓഫ് ബീറ്റ് ചിത്രമെന്നാല്‍ അവാര്‍ഡ് ചിത്രങ്ങളെന്ന മുന്‍ ധാരണയും ഒരു പ്രശ്നമാകാം. പിന്നെ, ഇത്തരം ചിത്രങ്ങള്‍ അധികം മാര്‍ക്കറ്റ് ചെയ്യപ്പെടാറില്ല, വലിയ താര നിരയുണ്ടാവില്ല. എന്നും സിനിമ കാണാനുള്ള വരുമാനമുള്ളവരല്ല മലയാളികള്‍. കുടുംബത്തിനൊത്തോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമോ സിനിമ കാണാന്‍ ഇറങ്ങുമ്പോള്‍, ടിക്കറ്റും സ്നാക്സും, കാപ്പിയുമൊക്കെ ചേര്‍ത്ത് ബഡ്ജറ്റ് വളരെ പരിമിതമായിരിക്കും. ആ സമയം നമ്മള്‍ choose ചെയ്യുന്നത് ഒരു താരത്തിന്റെയോ, അല്ലെങ്കില്‍ വളരെയധികം അഭിപ്രായമുള്ള ഒരു തമിഴ് സിനിമയൊ ആയിരിക്കാം. ആ സമയത്ത് വലിയ താര നിരയൊന്നുമില്ലാത്ത ഇത്തരം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. മോഹന്‍ ചേട്ടന്റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിലപ്പോള്‍ ഒരു നിര്‍മ്മാതാവിനെ തന്നെ കിട്ടിയതു കഷ്ടിയായിരിക്കാം. നല്ലൊരു വിതരണക്കാരെ കിട്ടിയില്ലെങ്കില്‍, ഇതിന്റെ മാര്‍ക്കറ്റിങ്ങും കുറവായിരിക്കും. അതു കൊണ്ട് ഇതു ആദ്യ ദിവസം മുതലെ ഹോള്‍ഡ് ഓവറിലാണ് കളിച്ചു തുടങ്ങുന്നത്. ആദ്യ ദിവസം ഹോള്‍ഡ് ഓവറായാല്‍, രണ്ടാം ദിവസം പടം എടുത്തു മാറ്റാനുള്ള അവകാശം ആ തീയേറ്ററുടമയ്ക്ക് ഉണ്ട്. ഇതൊക്കെയാണ് പ്രശ്നം. ഇതു ഒരു സംസാര വിഷയമായി നല്ല സിനിമയാണെന്നു കേട്ട്, ഞാ‍ന്‍ കാണാന്‍ ചെന്നപ്പോള്‍ ഇതു പോയി തീയേറ്ററില്‍ നിന്ന്. അതു തിരിച്ചു കൊണ്ടുവരാനുള്ള capacity  ചിലപ്പോഴാ വിതരണക്കാരനുണ്ടാവണമെന്നില്ല. ഒന്നെങ്കില്‍ തീയെറ്ററുകാര്‍ക്കൊരു ക്ഷമ വേണം, ആളു കയറുന്നതു വരെ ഇതിടാന്‍. പക്ഷേ അതിനുള്ള ചിലവ് താങ്ങാന്‍ അവരെക്കൊണ്ട് കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. തമിഴ് നാട്ടില്‍, പുതിയ സംവിധായകര്‍, പുതിയ പ്രമേയം എന്നിവയ്ക്കൊക്കെ അതിന്റേതായ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അതു കിട്ടുന്നില്ല. ഞാന്‍ പുതിയതായി വന്ന ഒരാളാണ്. ഞാന്‍ ടി.ഡി ദാസന്‍ പോലെ ഒരു പ്രമേയവുമായി വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ അവസ്ഥയും ഇതു തന്നെ ആയേനെ. ഇപ്പോള്‍ ഫോര്‍ഫ്രണ്ട്സ് ഇറങ്ങിയപ്പോള്‍, ചിരിപ്പിച്ചോണ്ടിരുന്ന ഞാന്‍ എന്തിനാ ഇത്ര സീരിയസ് വിഷയം ചെയ്തതെന്നാണ് ചോദ്യം.

ജെ.കെ - പഴയ കാല മലയാള സിനിമകളാകുമല്ലോ സജിയേട്ടന്‍ കണ്ടു തുടങ്ങിയിരിക്കുക, അവയും ഇപ്പോഴത്തെ മലയാള സിനിമകളും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് നോക്കികാണുന്നത്?

സജി സുരേന്ദ്രന്‍ – പഴയകാല സിനിമകളില്‍ കഥയ്ക്കായിരുന്നു പ്രാധാന്യം. മേക്കിങ് സൈഡൊന്നും ആരും ശ്രദ്ധിച്ചിരുന്നതേയില്ല. ബാലചന്ദ്രന്‍ മേനോന്‍ സാറിന്റെ പേരെഴുതി കാണിച്ചാലെ, കുടുംബങ്ങള്‍ തീയേറ്ററുകള്‍കളിലേക്ക് തള്ളിക്കയറുന്ന ഒരു സമയമുണ്ടായിരുന്നു. അവിടുന്നിങ്ങോട്ട് പ്രിയദര്‍ശന്‍ സാറൊക്ക, ഇന്ന് ഹിന്ദിയിലെടുക്കുന്ന രീതിയിലേയല്ല, പൂച്ചക്കൊരു മൂക്കുത്തി മുതല്‍ വന്ദനം വരെയുള്ള സിനിമകളൊക്കെയെടുത്തിട്ടുള്ളത്. കഥയ്ക്കായിരുന്നു പ്രാധാന്യം. പിന്നീട് കിലുക്കം മുതലാണദ്ദേഹം മേക്കിങ്ങിനും സിനിമാട്ടോഗ്രാഫിക്കുമൊക്കെ പ്രാധാന്യം കൊടുത്തു തുടങ്ങിയത്. ഇപ്പോഴത്തെ സിനിമയിലേക്കെത്തുമ്പോള്‍, കാലഘട്ടത്തിനനുസരിച്ച് എല്ലാം മാറി. പഴയ തമിഴ് സിനിമയല്ല ഇപ്പോഴത്തെ തമിഴ് സിനിമ, പഴയ ഹിന്ദി സിനിമയല്ല, ഇപ്പോഴത്തെ ഹിന്ദി സിനിമ, ഒന്നും പഴയതല്ല. എല്ലാവരും മാറുന്നതിനനുസരിച്ച് നമ്മുടെ ഇന്‍ഡസ്ട്രിയും, നമ്മളാല്‍ കഴിയുന്ന രീതിയില്‍, നമുക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. എന്നാലും ഒരു തെലുങ്ക് പടമെടുക്കുന്ന റിച്ച്നെസ്സില്‍ ഒരിക്കലും ഒരു മലയാള ചിത്രമെടുക്കാന്‍ നമുക്ക് കഴിയില്ല, അങ്ങനെ ചിന്തിക്കാന്‍ കൂടി കഴിയില്ല. കോസ്റ്റ് ഒരിക്കലും നമുക്ക് താങ്ങാന്‍ കഴിയില്ല. എന്നാലും നാടോടുമ്പോള്‍ നടുവെ എന്ന രീതിയില്‍,നമ്മളും ഓടുന്നു.

ജെ.കെ – സാങ്കേതികമായി എന്തൊക്കെ മാറ്റങ്ങളാണ് സിനിമയില്‍ വന്നിരിക്കുന്നത്?

സജി സുരേന്ദ്രന്‍ –  എഡിറ്റിങ്ങിന്റെ കാര്യമെടുത്താല്‍, കൊച്ചു കുട്ടികള്‍ വരെ എഡിറ്റിങ് എന്താണെന്നു മനസ്സിലാക്കിയിരിക്കുന്നു. കാക്കാ കാക്കാ എന്ന എന്ന ചിത്രത്തില്‍, ആന്റണി എന്ന എഡിറ്റര്‍ വന്നപ്പോഴാണ്‍ ആ മാറ്റം ഉണ്ടായത്. മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍, എന്ന ചിത്രത്തില്‍ അതേ എഡിറ്റര്‍ ആന്റണി വന്ന് ഈ രീതിയിലും എഡിറ്റിങ് നടത്താം എന്നു നമുക്ക് കാണിച്ചു തരികയായിരുന്നു. നമ്മള്‍ പണ്ടൊക്കെ, ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്ക് ഫാസ്റ്റ് കട്ടു ചെയ്തായിരുന്നു. ഇപ്പോള്‍ ആ എഡിറ്റിങ്ങില്‍ വരെ ആളുകള്‍ ശ്രദ്ധ ചെലുത്തി തുടങ്ങി. ഇപ്പോള്‍ സിനിമാട്ടോഗ്രാഫി ഡിജിറ്റലായി. തീയേറ്ററുകള്‍ ഡിജിറ്റലായി, യു.എഫ്.ഓയും, ക്യൂബും വന്നു. ഹൈഡെഫനിഷന്‍ ക്യാമറയായി, റെഡു വരെ മലയാളത്തില്‍ എത്തി. അങ്ങനെ എല്ലാം കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കയാണ്. അപ്പോഴും മലയാളികളുടെ ബേസിക് ടേസ്റ്റ് കഥ തന്നെയാണ്. ഒരു സത്യന്‍ അന്തിക്കാട് ചിത്രം എന്നു പറഞ്ഞാല്‍ അതിനൊരു മിനിമം ഓഡിയന്‍സ് ഉണ്ട്, 75-100 ദിവസം വരെ ഓടാന്‍ പറ്റുന്ന ഒരു ഓഡിയന്‍സ്. അന്നും ഇന്നും സത്യന്‍ സാര്‍ ചെയ്യുന്നത് കുടുംബ കഥകളാണെങ്കിലും, കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. മലയാളത്തിലിപ്പോള്‍, ബഹളമയമല്ലാത്ത കുടുംബ ചിത്രങ്ങളും അതിനൊപ്പം അമല്‍ നീരദു ചെയ്യുന്നതു പോലെ ടെക്കിനിക്കലി പെര്‍ഫെക്ടായ ചിത്രങ്ങളും ഉണ്ട്. കൂടുതല്‍ മാറ്റങ്ങള്‍ വരണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം. ഒരു പക്ഷേ യന്തിരന്‍ പോലെ ഹോളിവുഡ് സ്റ്റൈലില്‍ കാശുമുടക്കി എടുക്കുന്ന ചിത്രങ്ങള്‍ കാണുന്ന ഇന്നത്തെ യുവതലമുറ, ഇനിയും മാറ്റങ്ങള്‍ ആഗ്രഹിച്ചു തൂടങ്ങിയിരിക്കുന്നു.

ജെ.കെ - മലയാളത്തില്‍ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടാകുമോ?

സജി സുരേന്ദ്രന്‍ – തീര്‍ച്ചയായും, ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. മലയാളത്തിലും കാശുമുടക്കാന്‍ ആളുണ്ടെങ്കില്‍, ഇത്രയും പണം മുടക്കാന്‍ ആളുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകും. എന്നാല്‍ പ്രശ്നം അവിടെയല്ല. യെന്തിരന്‍ പോലെയുള്ള ചിത്രങ്ങളുടെ ഏരിയ വലുതാണ്. ഇതൊക്കെ world wide release ആണ്. രജനീകാന്തെന്ന താരം യൂണിവേഴ്സല്‍ സ്റ്റാറാണ്. അദ്ദേഹത്തിന് ജപ്പാനില്‍ വരെ ഫാന്‍സ് അസോസിയേഷനുണ്ട്. ഇവിടെ അതില്ല, എന്നാലും അത്രയൊക്കെ വന്നില്ലെങ്കിലും, ടെക്നോളജി അഡ്വാന്‍സായ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷ. അങ്ങനെ ഉണ്ടാവട്ടേ എന്നു നമുക്ക് ആഗ്രഹിക്കാം.

ജെ.കെ – ഒരു പിടി പുതുമുഖ താരങ്ങള്‍ ഇന്നു മലയാളത്തില്‍ ഉണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കടന്നു പോയിക്കഴിയുമ്പോള്‍ അവരാണ് കടന്നു വരേണ്ടത്. അവരെ എങ്ങനെ വിലയിരുത്തുന്നു?

സജി സുരേന്ദ്രന്‍ – അവരെ വിലയിരുത്താന്‍ ഞാനൊരാളല്ലെന്നു തോന്നുന്നു. എന്നാലും ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് വച്ചു നോക്കുമ്പോള്‍, രാജു (പ്രിഥ്വിരാജ്), മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇനിഷ്യല്‍ കിട്ടുന്ന ഒരു താരമാണ്. രണ്ടോ മൂന്നോ തീയേറ്ററുകളുല്‍ രാജുവിന്റെ പടം റിലീസ് ചെയ്താലും, ടിക്കറ്റു കിട്ടാതെ ആളുകള്‍ മടങ്ങിപ്പോകുന്ന ഒരു കാഴ്ച, പുതിയമുഖമെന്ന ചിത്രത്തിനു ശേഷം കാണുവാന്‍ സാധിക്കുന്നുണ്ട്. ഒരു പക്ഷേ ആക്ഷന്‍ പരിവേഷത്തിലുള്ള ചിത്രങ്ങള്‍, അതാണ് ഇപ്പോള്‍ കൂടുതലും ചെയ്തുകൊണ്ടിരിക്കുന്നത്, അതു കൊണ്ട് നല്ല ഇനിഷ്യല്‍ രാജുവിന്റെ പടങ്ങള്‍ക്കു കിട്ടുന്നുണ്ട്. അത് നിലനിര്‍ത്താന്‍ രാജു ശ്രമിക്കണം. നല്ല നല്ല വേഷങ്ങള്‍ selecet ചെയ്താല്‍, അടുത്ത ഒരു stardom രാജുവിലേക്കെത്തും. Young genrataion-ന്റെ സൂപ്പര്‍ സ്റ്റാറായി രാജു മാറിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ ലാലേട്ടന്റെ കാര്യമെടുത്താല്‍, ഭൂമിയിലെ രാജാക്കന്മാരും, ഇരുപതാം നൂറ്റാണ്ടുമൊക്കെ ചെയ്യുന്ന അതേ സമയത്തു തന്നെയാണ് ടി.പി ബാലഗോപാലനും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ഒക്കെ ചെയ്യുന്നത്. അത്ര versatile ആയിട്ടാണ് ലാലേട്ടന്‍ വേഷങ്ങള്‍ ചെയ്തിരുന്നത്. അതു പോലെ രാജു ഈ രണ്ടു ടൈപ്പ് കഥാപാത്രങ്ങളും ചെയ്തു കൊണ്ടിരുന്നാല്‍, രാജുവിന്റെ മലയാളത്തിലെ ഭാവി ശോഭനമാണെന്നു ഉറപ്പിക്കാം. ഇതു ഞാന്‍ പറയേണ്ട കാര്യമില്ല, എന്നാലും എന്റെ മനസ്സില്‍ തോന്നിയ ഒരു വസ്തുതയാണ്.

ജെ.കെ – പക്ഷേ വ്യത്യസ്തത കൊണ്ട് നമ്മെ എന്നും ആകര്‍ഷിക്കുന്ന നടന്‍ ജയസൂര്യയല്ലേ?

സജി സുരേന്ദ്രന്‍ – അതെ, ജയസൂര്യ, ഇപ്പൊഴെ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന, innovative ആയി ചിന്തിക്കുന്ന ഒരു നടനാണ്. ജയന്‍ വളരെ brilliant ആണ്. ഓരോ സിനിമയിലും ഓരോ get-up കൊണ്ടു വരിക ഓരോ appearance-ല്‍ വരിക, costumes ശ്രദ്ധിക്കുക. ആ ഒരു attitude, ഒരു കഥാപാത്രം വിജയിപ്പിക്കാനായി ആദ്യവസാ‍നം പരിശ്രമിക്കുക. അതുകൊണ്ട് വരും കാലങ്ങളില്‍ വളരെ വ്യത്യസ്തതയാര്‍ന്ന റോളുകള്‍ അവനെ തേടിയെത്തുമെന്നതില്‍ സംശയമില്ല. അതു പോലെ തന്നെ, കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നിഷ്കളങ്കത, അനായാസമായി ഹ്യൂമര്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, നെഗറ്റീവ് റോളുകള്‍ ചെയ്യാനുള്ള കഴിവ്, അങ്ങനെ ഏതു റോളും ചെയ്യാനുള്ള ഒരു മനോഭാവവും കഴിവും ജയനിലുണ്ട്. കഥാപാത്രങ്ങള്‍ സെലക്ട്‌ ചെയ്യുന്നതില്‍ അല്പം ശ്രദ്ധിക്കുകകൂടി ചെയ്താല്‍ ജയനും ഭാവിയില്‍ ഒരു stardom-ലേക്ക് ഉയരുവാന്‍ കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.

ജെ.കെ - ഒരു പക്ഷേ പ്രതീക്ഷിച്ച മൈലെജ് നേടാന്‍ കഴിയാതെ പോയ ഒരു നടനല്ലേ ഇന്ദ്രജിത്ത് ?

സജി സുരേന്ദ്രന്‍ – ഇന്ദ്രനെക്കുറിച്ച് പറയുകയാണെങ്കില്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്താ‍ണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ മലയാള സിനിമ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക് നല്ല സംശയമുണ്ട്. കാരണം, ഇത്രയും talent ഉം potential ഉം ഉള്ള മറ്റൊരു നടന്‍ ഇന്നു മലയാളത്തിലുണ്ടോ എന്ന് എനിക്ക് സംശയമാണ്. ഇന്ദ്രന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്കത് മനസിലായി. അനായാസമായാണ് ഹ്യൂമര്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒരു പക്ഷേ ലാലേട്ടനൊക്കെ ചെയ്തിരുന്ന ആ നിലവാരത്തിലാണ് ഇന്ദ്രന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം, ഈപ്പന്‍ പാപ്പച്ചിയെപ്പോലുള്ള വില്ലന്‍ റോളുകളും ചെയ്യാന്‍ പറ്റുന്ന രീതിയില്‍, ഇന്നെന്താണോ മലയാള സിനിമയ്ക്ക് വേണ്ടത് അതെല്ലാം ചെയ്യാനുള്ള കഴിവും physiqueഉം എല്ലാം ഇന്ദ്രനുണ്ട്.  പക്ഷേ എന്തോ ഒരു ഭാഗ്യക്കുറവുണ്ട്, അതാണ് ക്ലിക്കാവാത്തത്. ഒരു പക്ഷേ സമയമായിട്ടില്ലായിരിക്കാം. ഇന്ദ്രന്റെ കാര്യത്തില്‍, എനിക്കു തോന്നുന്നത്, അവന്‍ ഒരു വര്‍ഷം സിനിമയൊന്നും ചെയ്യാതെ മാറി നിന്നിട്ട്, ഒരല്പം ഹീറോയിസവും, ഹ്യൂമറും, നെഗറ്റീവ് ടച്ചുമുള്ള, അല്ലെങ്കില്‍ എല്ലാം കൂടി കലര്‍ന്ന ഒരു fun loving സിനിമയുമായി വന്നാല്‍ അതു ക്ലിക്കാവും, പിന്നെ അവനെ പിടിച്ചാല്‍ കിട്ടില്ല, അതെനിക്കുറപ്പാണ്. ഈ ചെറിയ വേഷങ്ങളില്‍ നിന്നു മാറി, ഒരു freshness-ഓടു കൂടി തിരിച്ചു വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് എനിക്കു തോന്നുന്നു, എനിക്കറിയില്ല അതെത്രത്തോളം practical-ആണെന്ന്. പക്ഷേ അതു ചെയ്യാന്‍ പറ്റുന്ന ടാലന്റടായ വ്യക്തിയാണ് ഇന്ദ്രന്‍. അപ്പോള്‍ ഇവരെല്ലാം തന്നെ മലയാള സിനിമയുടെ ഭാവിയില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളാണ്.

ജെ.കെ - തിരക്കഥ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോനും മുന്‍ നിരയിലേക്ക് കടന്നു വരുന്നുണ്ടല്ലോ? വ്യക്തിപരമായി അറിയുന്ന ആളെന്ന രീതിയില്‍ എങ്ങനെയാണ് അനൂപിനെ വിലയിരുത്തുന്നത്?

സജി സുരേന്ദ്രന്‍ – വളരെ ടാലന്റടായിട്ടുള്ള നടനാണ് അനൂപ്. എനിക്ക് അനൂപിന്‍ വ്യക്തിപരമായി വളരെ അടുത്തറിയാം, എന്റെ സ്വന്തം സഹോദരനെപ്പോലെയാണവന്‍. അവന്‍ അധികം ഹ്യൂമര്‍ കൈകാര്യം ചെയ്തു ഞാന്‍ കണ്ടിട്ടില്ല, പക്ഷേ അവന്റെ ടാലന്റ് എനിക്ക് നന്നായി അറിയാം. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയും, നന്നായി എഴുതും, Physique-ഉം നല്ല height, chubby-യാണ് ഏതു വേഷത്തിനും ഇണങ്ങും. ഒരു പക്ഷേ, ഞാന്‍ ഇന്ദ്രന്റെ കാര്യത്തില്‍ പറഞ്ഞതു പോലെ, അനൂപും ഇതുവരെ ശരിക്കും ക്ലിക്കായിട്ടില്ല. അവന്റെ ഭാവി എന്നത് അവന്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന കഥാപാത്രങ്ങളെ അനുസരിച്ചായിരിക്കും. കണ്ടതെല്ലാം വലിച്ചു വാരി ചെയ്യാതെ, അല്പം സെലക്ടീവായി മാറി്യാന്‍ അവന്റെ ഭാവി ശോഭനമാണ്.

ജെ.കെ – എനിക്കു തോന്നുന്നു അനൂപ് കുറച്ച് choosy ആണെന്ന്….

സജി സുരേന്ദ്രന്‍ – അതെ, അവന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. അവനെഴുതിയ പകല്‍നക്ഷത്രങ്ങളാണെങ്കിലും, മറ്റു ചിത്രങ്ങളാനെങ്കിലും അവന്‍ choosy ആവാന്‍ ശ്രമിക്കുന്നുണ്ട്. രഞ്ജിയേട്ടന്‍ അവന്‍ കൊടുത്ത കഥാപത്രങ്ങളെല്ലാം നല്ലതായിരുന്നു. കൈയ്യൊപ്പിലെ ഡോക്ടാറുടെ വേഷം അതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. അങ്ങനെ സെലക്ടീവായാല്‍ അനൂപും, പുതിയ തലമുറയിലെ പ്രതീക്ഷ നല്‍കുന്ന താരമായി മാറും. ഇപ്പോള്‍ കോക്ക്ടെയില്‍ അവനെ സംബന്ധിച്ച് നല്ലോരു ബ്രേക്കാണെന്നു തോന്നുന്നു.

ജെ.കെ – അനൂപ് മേനോനുമായുള്ള വ്യക്തി ബന്ധം അതെങ്ങനെയാണ്?

സജി സുരേന്ദ്രന്‍ – ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ്, അതാണ് ഞങ്ങളുടെ വ്യക്തി ബന്ധം, ഞങ്ങള്‍ ഒരേ വീട്ടില്‍ ജനിച്ചില്ല എന്നേയുള്ളൂ. ഞങ്ങളുടെ സീരിയല്‍ സമയത്തു തന്നെ, സിനിമ സ്വപ്നം കണ്ടിരുന്നു, ബീച്ചില്‍ പോയിരുന്നു കഥകള്‍ പറഞ്ഞ ആളുകളാണ്. ഈ അടുത്ത കാലത്തിറങ്ങിയ കോക്ക്ടെയിലെനെക്കുറിച്ച അവന്‍ ആദ്യമായി സംസാരിച്ചതില്‍ ഒരാള്‍ ഞാനാണ്. ഇവിടെ എന്റെ വീട്ടിലിരുന്നാണ് ഞങ്ങള്‍ അതിന്റെ english version-ആയ butterfly on a wheel കാണുന്നത്. അന്നു ഞങ്ങള്‍ അതു ചെയ്യാം എന്നു പറഞ്ഞുവെങ്കിലും, പല കാരണങ്ങള്‍ കൊണ്ട് അതു നടക്കാതെ പോയി. പക്ഷേ ഞാന്‍ സിനിമയിലെത്തുന്നതിനു മുന്നെ തന്നെ അനൂപ് സിനിമയിലെത്തുന്നു. ഞങ്ങളൊക്കെ വളരെയധികം സന്തോഷിച്ച ഒരു കാര്യമായിരുന്നു അത്. കാരണം, ഞങ്ങളിലൊരാള്‍ സിനിമയിലെത്തി, അവന്‍ പടവുകള്‍ കയറുമ്പോള്‍ നമുക്കും ഒപ്പം കയറിയെത്താന്‍ കഴിയുമെന്ന ആത്മ വിശ്വാസം അതു നല്‍കിയിരുന്നു. എന്റെ സീരിയലായ മാധവത്തില്‍ അഭിനയിക്കുമ്പോഴാണ് റോക്ക് ആന്‍ഡ് റോളില്‍ മോഹന്‍ലാലിന്റെ പ്രതിനായകനായ വേഷം കിട്ടുന്നത്. ഞങ്ങളന്ന് വളരെ വലിയ ഒരു sent off ആണ് അവനു കൊടുത്തത്. സിനിമ ഇറങ്ങിയപ്പോള്‍ മുഴുവന്‍ യൂണിറ്റിനും അവന്‍ ടിക്കറ്റെടുത്തു  തന്ന് ഞങ്ങള്‍ ഒരുമിച്ചാണ് ചിത്രം കണ്ടത്. അവിടെ നിന്നും തിരക്കഥയിലെത്തിക്കഴിഞ്ഞപ്പോള്‍ പിന്നെ നല്ല നല്ല വേഷങ്ങള്‍ അവനെ തേടിയെത്തി.

ജെ.കെ – പുതിയ തലമുറയില്‍ പുതിയ ആളുകള്‍ വന്നു കഴിഞ്ഞുവല്ലോ ?

സജി സുരേന്ദ്രന്‍ –  അതെ, ആസിഫ് അലി, നിഷാന്‍, കൈലാഷ്. അതില്‍ ആസിഫിനെ മലയാളികള്‍ ഇഷ്ടപ്പെടും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഈയിടെ എനിക്ക് സര്‍പ്രൈസിങ്ങായി തോന്നിയത് ഫാസില്‍ സാറിന്റെ മകന്‍ ഷാനുവിന്റെ പെര്‍ഫോര്‍മന്‍സ്  ആണ്. കോക്ക്ടെയിലിന്‍ അദ്ദേഹത്തിന്റെ പ്രകടനം അസാധ്യമായിരിക്കുന്നു. മൂന്നോ നാലോ സീനുകളേയുള്ളൂ, എന്നാലും എന്ത് അനായാസമായാണ് ഷാനു അതില്‍ അഭിനയിച്ചിരിക്കുന്നത്. ഷാനുവിന്റെ ആദ്യ സിനിമ, ഫാസില്‍ സാറെടുത്ത ചിത്രം, അതില്‍ നിന്നും എത്രത്തോളം അയാള്‍ മുന്നോട്ടു പോയിരിക്കുന്നു എന്നത് ഈ പ്രകടനം വ്യക്തമാക്കുന്നു. ഇതിനു മുന്നെയും അയാളെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, കേരളാ കഫേയില്‍ ഒരു ചെറു വേഷത്തില്‍ അയാള്‍ നന്നായി അഭിനയിച്ചിരുന്നു. അതിലൊക്കെ അയാളിലുണ്ടായ മാറ്റം പ്രകടമായിരുന്നു. അനൂപുമായുള്ള സൌഹൃദത്തിലൂടെയാണ് ഞാന്‍ ഷാനുവിനെ പരിചപ്പെടുന്നത്. അങ്ങനെ ഫോണ്‍ വിളിക്കുന്ന ഒരു സൌഹൃദം ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. പ്രമാണിയിലും വളരെ നന്നായാണ് അവന്‍ അഭിനയിച്ചത്. പക്ഷേ കോക്ക്ടെയില്‍ കണ്ടപ്പോള്‍ ഞാന്‍ ഷാനുവിനെ വിളിച്ച് പറഞ്ഞിരുന്നു. ഞാനത് ജയനോടും (ജയസൂര്യ) പറഞ്ഞിരുന്നു, ഷാനു ഒരു സര്‍പ്രൈസ്  പാക്കേജ്  ആയിരുന്നു എന്ന്. അങ്ങനെ എന്റെ അടുത്ത സിനിമയില്‍ ഞാന്‍ ഷാനുവിനെ കാസ്റ്റ് ചെയ്തു കഴിഞ്ഞു. ഒരു ഹ്യൂമറസായ, വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഷാനു ചെയ്യുവാന്‍ പോകുന്നത്. അങ്ങനെ പുതു തലമുറ നമുക്കിങ്ങനെ സര്‍പ്രൈസ് തരുന്നത് സന്തോഷകരമായ കാര്യമാണ്.

ജെ.കെ – ഇനി എനിക്ക് ചോദിക്കുവാനുള്ളത്, പ്രേക്ഷകര്‍ ആകാംഷയോടെ ഉത്തരം കാത്തിരിക്കുന്ന ഒരു ചോദ്യമാണ്. എന്നാണ് സജി സുരേന്ദ്രന്റെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം പുറത്തു വരുന്നത്?

സജി സുരേന്ദ്രന്‍ – കൃത്യസമയത്താണ് ഈ ചോദ്യം. ഒരു ആഴ്ച മുന്നെയാണ്, ഞാന്‍ ടെക്നോപാര്‍ക്കില്‍ വച്ച് മമ്മൂക്കയെ കണ്ട് ഒരു കഥ പറഞ്ഞത്. മുന്നെ ഞങ്ങള്‍ ഒരു കഥാതന്തു അദ്ദേഹത്തോട് പറഞ്ഞിരുന്നു. എപ്പോഴും പുളു പറയുന്ന, പുളുവനായിട്ടുള്ള ഒരു മത്തായിയുടെ കഥ പൂര്‍ണ്ണമായും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ആ പുളുകൊണ്ട് ഉണ്ടാവുന്ന നല്ല കാര്യങ്ങളും, പ്രശ്നങ്ങളുമെല്ലാം ചേര്‍ന്ന് വളരെ രസകരമായ ഒരു കഥ. അദ്ദേഹം പറഞ്ഞത്, 2011ല്‍ അദ്ദേഹത്തിന്റെ ഡേറ്റെല്ലാം കൊടുത്തു കഴിഞ്ഞു, 2012ലാണ് ചെയ്യുവാന്‍ പറ്റുന്നത്. എന്തായാലും തിരക്കഥയായി വരൂ, നമുക്ക് എന്താണെന്നു വച്ചാല്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.  എനിക്കു തോന്നുന്നത്, നടക്കുന്നെങ്കില്‍, ആദ്യമായി നടക്കാന്‍ പോകുന്നത് ഈ ചിത്രമായിരിക്കും. ലാലേട്ടനോടും ഒരു കഥ പറഞ്ഞിട്ടുണ്ട്. അതും ഒരു മുഴു നീള ഹാസ്യ ചിത്രമാണ്, ഒരു ഡബിള്‍ റോള്‍ കഥാപാത്രമാണ് ലാലേട്ടന്റെ, അതും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിട്ട് എഴുതിക്കൊണ്ടു വരാന്‍ പറഞ്ഞിരിക്കയാണ്. അതെഴുതി കഴിഞ്ഞ് രണ്ടു പേരെയും കാണിച്ചാലെ എന്ന്‍ എന്ന ചോദ്യത്തിന് ഒരുത്തരം കിട്ടൂ. പക്ഷേ ലക്ഷ്യം അതു തന്നെയാണ്. അവര്‍ക്ക് കഥ ഇഷ്ടപ്പെടും എന്നു കരുതാം. ഞങ്ങള്‍ക്കു നല്ല പ്രതീക്ഷയുണ്ട്. മലയാള സിനിമാ രംഗത്ത് ചിത്രമെടുക്കുന്ന ആരുടേയും ലക്ഷ്യം ഈ രണ്ടു മഹാന്മാരുടെ ചിത്രം തന്നെയാണ്. ഞങ്ങളും അങ്ങനെ തന്നെ. ശരിക്കും പറയുകയാണെങ്കില്‍ മമ്മൂക്കയുടെ പ്രൊജക്ട് confirmed ആണ്. Announcement  ഒക്കെ മാഗസിനിലൊക്കെ വന്നു കഴിഞ്ഞു. അദ്ദേഹത്തിനും കഥ ഇഷ്ടമായി. 2011ലോ അതോ 2012ലോ എന്ന ചോദ്യമേ ഇപ്പോള്‍ ബാക്കി നില്‍ക്കുന്നുള്ളൂ.

ജെ.കെ – കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് ഒരു പുതുമ സമ്മാനിച്ച പരീക്ഷണമായിരുന്നു കേരളാ കഫേ. മൂന്നു ടെലിഫിലിം ചെയ്ത് പുരസ്കാരങ്ങള്‍ വാങ്ങിയ താങ്കള്‍, ഇനി കേരളാ കഫേ പോലൊരു ചിത്രമിറങ്ങിയാല്‍ അതിലേക്ക് contribute  ചെയ്യുമോ?

സജി സുരേന്ദ്രന്‍ – കേരളാ കഫേ കണ്ടപ്പോള്‍ എനിക്കു തോന്നി, എനിക്കതില്‍ ഒരു കഥ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. മലയാളത്തിലെ മികച്ച 10 സംവിധായകരെ തിരഞ്ഞെടുത്തിട്ടാണ് രഞ്ജിയേട്ടന്‍  ആ പരീക്ഷണം നടത്തിയത്.  അന്നു ഞാന്‍ ആകെ ഒരു സിനിമയെ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ, നമ്മള്‍ ആ ലിസ്റ്റിലേക്ക് വരാന്‍ സമയമായില്ല. പക്ഷേ, ഇതിനു മുന്നെ ലാലേട്ടനുമായി ചേര്‍ന്ന് ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുള്ളത് കൊണ്ട്, എനിക്ക് തോന്നി എനിക്കതില്‍ ഒരു കഥ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പ്രത്യേകിച്ചും അന്‍വറിന്റെ ബ്രിഡ്ജ് ഒക്കെ കണ്ടപ്പോള്‍, വളരെ ടച്ചിങ്ങായിരുന്നു. ഇനിയൊരെണ്ണം സംഭവിക്കുകയാണെങ്കില്‍, ഞാന്‍ ആ ലിസ്റ്റില്‍ പെട്ടാല്‍ ഭാഗ്യം എന്നേ പറയാന്‍ കഴിയൂ‍.

ജെ.കെ – ഇനി അല്പം വ്യക്തിപരമായ ചോദ്യങ്ങളാവാം. കുടുംബത്തെക്കുറിച്ച്.

സജി സുരേന്ദ്രന്‍ – ഇവിടെയിപ്പോള്‍ ഞാനും ഭാര്യയും മാത്രം.  ഭാര്യ സംഗീത. അച്ഛന്‍ സുരേന്ദ്രന്‍ നാട്ടിലാണ്, നെടുമങ്ങാട്. അമ്മയും അവിടെ തന്നെ. അനിയന്‍ അജി സുരേന്ദ്രന്‍, ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നു. ഒരു സഹോദരി ആശ, കല്യാണം കഴിഞ്ഞു. ഇതാണ് ഞങ്ങളുടെ കുടുംബം എന്നു പറയുന്നത്.

ജെ.കെ – ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍

സജി സുരേന്ദ്രന്‍ – ഞാന്‍ മുന്നെ പറഞ്ഞ, മരിച്ചു പോയ ലാലേട്ടന്‍. അദ്ദേഹത്തിനെ മനോഭാവവും, എഴുത്തുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍ എനിക്ക് ഇഷ്ടമുള്ള സംവിധായകന്‍ പ്രിയദര്‍ശനാണ്, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം collect  ചെയ്തു സൂക്ഷിക്കുക, സമയം കിട്ടുമ്പോഴെല്ലാം അത് കാണുക എന്നത് എന്റെ ഒരു ഹോബിയാണ്.  അതു പോലെ തന്നെ നമ്മുടെയെല്ലാം പ്രിയങ്കരനായ മണിരത്നം, രാംഗോപാല്‍ വര്‍മ്മ, കരണ്‍ ജോഹര്‍ എന്നിങ്ങനെ, ഇവരും ഇവരുടെ സിനിമകളും എല്ലാം സ്വാധീനിച്ചിട്ടുണ്ട്. അതു പോലെ വ്യക്തിത്വമെന്നു പറയാന്‍, സച്ചിന്‍ ടെണ്ടൂല്‍ക്കറുടെ വ്യക്തിത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. എനിക്ക് രാഷ്ട്രീയമില്ല, പക്ഷേ രാഹുല്‍ ഗാന്ധിയോട് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. അങ്ങനെ പല ആളുകളും പല മേഖലയിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ജെ.കെ - എന്തൊക്കെയാണ് പ്രധാനമായ ഹോബീസ് ?

സജി സുരേന്ദ്രന്‍ – സിനിമ കാണുക എന്നതാണ് എന്റെ പ്രധാന്‍ ഹോബി. സിനിമയല്ലാതെ, ക്രിക്കറ്റ് കാണും, അതു കഴിഞ്ഞാല്‍ പിന്നെ ടെന്നീസ് കാണും, പാട്ടു കേള്‍ക്കും. വണ്ടിയോടിക്കുമ്പോള്‍, അതും ഒരു 60-80ല്‍ വണ്ടിയോടിക്കുക, കൂടെ പാട്ടു കേട്ടു പോകുക. ഇതൊക്കെയാണ് പ്രധാന ഹോബീസ്.

ജെ.കെ – വായന, എഴുത്ത് ?

സജി സുരേന്ദ്രന്‍ – വായന ഇല്ല. വളരെ കുറവാണ്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതു തരണമേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. കുറച്ച എഴുതാനുള്ള ഒരു കഴിവും വായനയും തരണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവര്‍ എഴുതുന്നതു കാണുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കാറുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന്.  ഞാന്‍ പണ്ട് ലാലേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇതെങ്ങനെയാണ് കൃത്യമായി സീനുകള്‍ എഴുതുന്നത് എന്ന്.  അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞ മറുപടി, “അതു ദൈവം തരുന്ന ഫാക്സാണടാ, ഞാന്‍ പേനയെടുത്തെ പേപ്പറിന്റെ മുകളില്‍ വയ്ക്കുമ്പോള്‍ ഒരു ഫാക്സ പോലെ അതിങ്ങ് വരും. അതങ്ങനെ സംഭവിക്കുന്നതാണ്. “ എന്നാണ്.  അതെന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തിയ മറുപടിയായിരുന്നു. അങ്ങനെ അത്യാവശ്യം എഴുത്തും വായനയും തരണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്.

ജെ.കെ – പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു സംവിധായകന്‍, എഴുത്തുകാരന്‍ കൂടിയാണെങ്കില്‍, നല്ല ചിത്രങ്ങള്‍ ജനിക്കും എന്ന്…

സജി സുരേന്ദ്രന്‍ – അതെ, അതു വളരെ ശരിയാണ്. അതാണ് എനിക്ക് രഞ്ജിയേട്ടനെ (സംവിധായകന്‍ രഞ്ജിത്ത്) ഭയങ്കര ഇഷ്ടം. എന്റെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയന്‍ സാറാണെങ്കിലും, രഞ്ജിയേട്ടനെ എനിക്കു ഭയങ്കര ഇഷ്ടമാണ്. ഇത്രയും versatile ആയി എഴുതുന്ന മറ്റൊരു സംവിധായകനില്ല. രാവണപ്രഭുവും, നരസിംഹവും ഒക്കെ എഴുതിയ ആളാണ് നന്ദനം എഴുതിയത് എന്നു പറയുമ്പോള്‍ അവിശ്വസനീയമായി തോന്നും. അദ്ദേഹം തന്നെയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എഴുതിയതെന്നു തോന്നിപ്പോകും. അങ്ങനെ പല ചിത്രങ്ങളും നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. മിക്കവരും type-caste ആവുമ്പോള്‍, ഇങ്ങനെ ഇത്രയും varieties കൊണ്ടുവരുവാന്‍ കഴിയുക എന്നത് അസാധ്യമാണ്. അദ്ദേഹമിന്ന് പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനിലുമെത്തി നില്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ ആ ഒരു കഴിവ് സമ്മതിക്കാതെ വയ്യ. അതിനിടയില്‍, സാമ്പത്തിക വിജയം നേടിയില്ലെങ്കിലും, റോക്ക് ആന്‍ഡ് റോള്‍ പോലെയുള്ള ഒരു അടിപൊളി ആഘോഷ ചിത്രം. ആ മനുഷ്യനെ ഞാന്‍ അസൂയയോടെയാണ് നോക്കി കാണുന്നത്.

ജെ.കെ – ഇന്ന് മലയാള സിനിമയില്‍ നോക്കിയാല്‍ അവാര്‍ഡുകള്‍ സര്‍വ്വ സാധാരണമാണ്, ചാനലുകളുടെ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ്. എന്നാല്‍ സംസ്ഥാന – ദേശീയ അവാര്‍ഡുകളെ എങ്ങനെ നോക്കി കാണുന്നു?

സജി സുരേന്ദ്രന്‍ - അവാര്‍ഡുകളെ ഞാന്‍ പോസിറ്റീവായാണ് നോക്കി കാണുന്നത്. കേരളത്തിലെ സര്‍ക്കാര്‍, ഒരു ജൂറിയെ വച്ച്, മലയാളത്തിലിറങ്ങുന്ന സിനിമകളെ വിലയിരുത്തി, അവയില്‍ നിന്നും മികച്ചവയെ കണ്ടെത്തി അംഗീകാരം നല്‍കുകയാണല്ലോ ചെയ്യുന്നത്. ടെലിവിഷനില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മൂന്നു തവണ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മികച്ച ടെലിഫിലിമിനും, ഒരു വര്‍ഷം മികച്ച സീരിയലിനും. കേരളാ സര്‍ക്കാര്‍ ആദരിക്കുമ്പോഴാണ് നമുക്ക് ഏറ്റവും സന്തോഷം തോന്നുന്നത്. സര്‍ക്കാരിന്റെ പുരസ്കാരം (ഷോകേസിലേക്ക് ചൂണ്ടികാണിക്കുന്നു) നമ്മുടെ വീട്ടിലിരിക്കുക എന്നു പറഞ്ഞാല്‍ അതു പ്രോത്സാഹനം നല്‍കുന്നതാണ്. അടുത്ത പ്രൊജക്ട് ചെയ്യുമ്പോള്‍ ഉത്തരവാദിത്വം കൂടുവാനനും, നമ്മളെ ഒന്ന് അലേര്‍ട്ട് -ആക്കുവാനും, സമൂഹത്തിനോട് നമുക്കൊരു കമ്മിട്മെന്റ്റ്  ഉണ്ടെന്ന് നമ്മെ ഓര്‍മ്മിക്കുവാനും അതു സഹായിക്കും. ആ ഓര്‍മ്മപ്പെടുത്തല്‍ കൊണ്ട് നാം, അടുത്ത പ്രോജക്ടിനെ നന്നാക്കുവാനെ ശ്രമിക്കുകയുള്ളൂ. അതാണ് ഒന്നിനു പിറകെ ഒന്നായി അടുത്തത് കിട്ടാനുള്ള സാധ്യതയും വരുന്നത്.  ദേശീയ അവാര്‍ഡ്, ഇന്ത്യ തന്നെ ആദരിക്കുന്ന ഒരു പുരസ്കാരം, ഇന്ത്യയിലേ തന്നെ മികച്ചത്, രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും വാങ്ങിക്കുന്ന ഒരു അവാര്‍ഡ്, അങ്ങനെ ഏതൊരു സിനിമാകാരന്റേയും സ്വപ്നമാണത്. എനിക്കും അങ്ങനെ തന്നെ. പിന്നെ ആരെങ്കിലും നമ്മുടെ പേര് ശുപാര്‍ശ ചെയ്തിട്ടു കിട്ടുന്ന അംഗീകാരത്തോട് എനിക്ക് താല്പര്യമില്ല, എനിക്കങ്ങനെ കേള്‍ക്കുന്നതു പോലും ഇഷ്ടമല്ലാത്തയാളാണ്. “ഞാന്‍ നിന്റെ പേരു പറഞ്ഞിട്ടുണ്ട് “ എന്നാരെങ്കിലും പറഞ്ഞാല്‍ പിന്നെ ആ അവാര്‍ഡ് വാങ്ങിക്കുവാന്‍  ഞാന്‍ പോകില്ല, അതുറപ്പാണ്. അങ്ങനെയല്ല അംഗീകാരങ്ങള്‍ വരേണ്ടത്. അംഗീകാരങ്ങള്‍ നമ്മേ തേടി വരണം. നമുക്ക് ഒരു അവാര്‍ഡ് കിട്ടുമ്പോള്‍, പിന്നീട് ആ അവാര്‍ഡ് നമ്മുടെ ഷെല്‍ഫിലിരുന്ന്, നമ്മെ നോക്കി കൊഞ്ഞനം കുത്താന്‍ പാടില്ല.  നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ പറ്റുന്നതായിരിക്കണം നമുക്ക് കിട്ടുന്ന അവാര്‍ഡുകള്‍. നമുക്ക് deserving ആയ ഒരു അവാര്‍ഡ് ആണെങ്കില്‍, അത് ഏറ്റവും ചെറിയ ഒരു ക്ലബ്ബിന്റെ അവാര്‍ഡ് ആയാല്‍ പോലും വാങ്ങുകയും, അതിനെ അതിന്റെ പ്രാധാന്യത്തോടെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവാര്‍ഡാണ്.

ജെ.കെ – സീരിയലിലായിക്കോട്ടേ, സിനിമയലിലാകട്ടേ, ഇതു വരെ ലഭിച്ചതില്‍ ഏറ്റവും വിലമതിക്കുന്ന അവാര്‍ഡ് അല്ലെങ്കില്‍ പ്രോത്സാഹനം ഏതാണ് ?

സജി സുരേന്ദ്രന്‍ - (വീണ്ടും ഷെല്‍ഫിലേക്ക് ചൂണ്ടിക്കാണിക്കുന്നു…) ഈ ഇരിക്കുന്ന അവാര്‍ഡുകളെല്ലാം എനിക്കു കിട്ടിയ പുരസ്കാരങ്ങളാണ്. എന്നാല്‍ അതിനേക്കാള്‍ ഞാന്‍ വിലമതിക്കുന്ന ഒരു സമ്മാനം എനിക്കു കിട്ടിയിട്ടുണ്ട്. അതെനിക്കു കിട്ടിയത് ഗിരീഷേട്ടന്റെ (ഗിരീഷ് പുത്തഞ്ചേരിയുടെ) കൈകളില്‍ നിന്നാണ്. അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ്. ഞാന്‍ ആദ്യമായി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ ഗിരീഷേട്ടനായിരുന്നു പാട്ടെഴുതിയത്‍, രണ്ടു സിനിമയിലും, ഗാനരചന ഗിരീഷേട്ടനായിരുന്നു. ഏഴു പാട്ടും ഗിരീഷേട്ടന്‍ തന്നെയാണ് എഴുതിയത്.  ആദ്യ സിനിമയ്ക്ക് പാട്ടെഴുതാനായി അദ്ദേഹത്തെ കാണാന്‍ ഹോട്ടലിലാണ് ചെന്നത്. അവിടെയത്തിയപ്പോള്‍, അദ്ദേഹം കിടക്കുകയാണ്. ചെന്ന പാടേ സ്വയം പരിചയപ്പെടുത്തി, കുട്ടന്‍ ചേട്ടനും കൂടെയുണ്ട്. ആ കിടപ്പില്‍ തന്നെ അദ്ദേഹം ചോദിച്ചു, “എന്താ കഥ?“  അങ്ങനെ ഞാന്‍ ഇവര്‍ വിവാഹിതരായാലിന്റെ കഥ പറയുന്നു. കഥ പുരോഗമിച്ചപ്പോള്‍, കിടന്നിരുന്ന ഗിരീഷേട്ടന്‍ പതിയെ എഴുന്നേറ്റിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോള്‍ പറഞ്ഞു, “വളരെ നല്ല കഥയാണ്, കൊള്ളാം, സമൂഹത്തിനൊരു മെസേജുള്ള കഥയാണ്. ഇങ്ങനെയുള്ള കഥകളിപ്പോള്‍ ഇല്ല. അച്ഛനമ്മമാരാണ് മക്കള്‍ക്ക് മാതൃകയാകേണ്ടത് എന്നൊരു ശക്തമായ സന്ദേശം ഇതിലുണ്ട്. നോക്കിക്കോ ഈ സിനിമ നന്നായി വരും“. അതു കഴിഞ്ഞ ഞങ്ങള്‍ പോന്നു, അദ്ദേഹം പാട്ടുകളെഴുതി, പടമിറങ്ങി, സിനിമയും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. അതു കഴിഞ്ഞ് ഹാപ്പി ഹസ്ബന്‍ഡ്സിനു പാട്ടെഴുതാനായി വീണ്ടും ഗിരീഷേട്ടനെ കാണാന്‍ പോയി. കൂടെ കുട്ടന്‍ ചേട്ടനുമുണ്ട്. ഹോട്ടല്‍ റൂമില്‍ ചെന്നപ്പോള്‍ ഗിരീഷേട്ടന്‍ കിടക്കുകയായിരുന്നു. എന്നെ കണ്ടതും, ചാടി എഴുന്നേറ്റ് ഓടി വന്ന് എന്നെ  കെട്ടിപ്പെടിച്ചു. “എടാ, മോനെ, നിന്നെ ഞാന്‍ എത്ര നാളായി വിളിക്കണമെന്നു വിചാരിച്ചിട്ട്..”. എനിക്ക് അപ്പോള്‍ സംശയമായി, എന്നെ തന്നെയാണോ? “അന്നു നിന്നോട് ഞാനെന്താ പറഞ്ഞേ, ആ പടം നന്നായി വരും എന്നല്ലേ? എന്റെ കുട്ടികള്‍ എന്നോട് പറഞ്ഞു, സ്കൂളിലും കോളേജിലുമെല്ലാം ഈ സിനിമ നന്നായിട്ടുണ്ടെന്നു പറയുന്നു. ഒന്നു പോയി കാണണം എന്ന്. എന്റെ കുട്ടികള്‍ ഒരു സിനിമയെക്കുറിച്ചും ഇത്രമാത്രം എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെ ഞാന്‍ പോയി ആ സിനിമ കണ്ടു. മോനെ, ഗംഭീരമായിട്ടുണ്ട്. Reaction Meter ഒക്കെ കിറുകൃത്യം, നീ സീരിയലില്‍ നിന്നും വന്നതാണെന്നു പറയില്ല. എനിക്കത് അത്രമാത്രം ഇഷ്ടപ്പെട്ടു. അന്നു കുട്ടനെ വിളിച്ച് നമ്പറെടുത്ത് വിളിക്കണം എന്നു കരുതിയതാ, പിന്നെ അതങ്ങ് മറന്നു പോയി” ഇത്രയും പറഞ്ഞ് എനിക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മയൊക്കെ തന്നു. നിനക്കെന്തെങ്കിലും തരണമല്ലോ എന്നു പറഞ്ഞ്, അദ്ദേഹം പെട്ടെന്ന് പോക്കറ്റില്‍ കിടന്ന ഒരു പേന, “ദാ, ഇതു നീ വച്ചോ, ഇതു നിനക്കുള്ളതാണ്. ഇത് എനിക്ക് മൂന്നു സംസ്ഥാന അവാര്‍ഡുകള്‍  നേടി തന്ന പേനയാണ്. ഇത് സാധാരണ പേനയല്ല, ഇതൊരിക്കലും നിന്റെ ജീവിതത്തില്‍ കളയരുത്“ എന്നും പറഞ്ഞ് എനിക്ക് തന്നു. ഈയിരിക്കുന്ന എല്ലാ അവാര്‍ഡുകളേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് ആ അവാര്‍ഡിനാണ്. ഇന്നു ഞാന്‍ കൈരളീ ടിവിയിലെ ഗന്ധര്‍വ്വ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തിനായി ഒരു ഇന്റര്‍വ്യൂ നല്‍കിയതേയുള്ളൂ. അതില്‍ ഞാനീ പേന കാണിച്ച് എടുത്തു പറഞ്ഞു. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു പുസ്കാരമല്ല, ഇതൊരു സൌഭാഗ്യമാണ്.  ഇന്ന് എവിടെയോ ഇരുന്ന്, അദ്ദേഹത്തിന്റെ അനുഗ്രഹം നമ്മളിലുണ്ടാകുക എന്നു പറഞ്ഞാല്‍ അതൊരു ദൈവാനുഗ്രഹമാണ്. പക്ഷേ അദ്ദേഹത്തിന്റെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും, മലയാള സിനിമയ്ക്കു തന്നെ ഒരു നഷ്ടമാണ്.

ജെ.കെ - അവാര്‍ഡുകളുടെ സഹയാത്രികനാണ് വിവാദങ്ങള്‍.. അതിനെ കുറിച്ച്…

സജി സുരേന്ദ്രന്‍ – ഞാന്‍ പറയുവാന്‍ തുടങ്ങുകയായിരുന്നു. ഏതൊരു അവാര്‍ഡായാലും, അതിനെ ചുറ്റുപറ്റി വരുന്ന വിവാദങ്ങളോട് എനിക്ക് അമര്‍ഷമാണുള്ളത്. ഒന്നുകില്‍ അതിനെ അംഗീകരിക്കുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും അതിനെ അംഗീകരിക്കാതിരിക്കുക. ഇപ്പോള്‍ മിക്ക വിവാദങ്ങളും, ജൂറി അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നൊക്കെയാണ്. നമുക്ക് കിട്ടുമ്പോള്‍ ജൂറി പറഞ്ഞത് ശരിയും, കിട്ടാത്തപ്പോള്‍ ജൂറി പറയുന്നത് തെറ്റും എന്നു പറയുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. അതൊരു വിശ്വാസം മാത്രമാണ്. ജൂറിയുടെ തീരുമാനത്തില്‍ നാമങ്ങ് വിശ്വസിക്കുക. അത് ഒരു ജൂറിയുടെ കാഴ്ചപ്പാടാണ്, പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സമിതിയുടെ കാഴ്ചപ്പാടില്‍ മികച്ചതിനെയാണ് അവര്‍ തിരഞ്ഞെടുക്കുക, അതിനെ മാനിക്കുക. ഞാന്‍ എന്നും അംഗീകാ‍രങ്ങളെ പ്രോത്സാഹനമായും, അതിന്റെ ഒരു spirit-ലുമാണ് കണ്ടിട്ടുള്ളത്.

ജെ.കെ -  പാഥേയം എന്ന മാഗസിന്‍ തന്നെ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിലെ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയില്‍ നിന്നും ജന്മം കൊണ്ട മാഗസിനാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് എന്താണ് അഭിപ്രായം?

സജി സുരേന്ദ്രന്‍ –  എനിക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് എനിക്ക് ഇഷ്ടമാണ്. ഞാന്‍ Orkut, Facebook എന്നീ സൈറ്റുകളില്‍ സജീവമായിരുന്ന ഒരാളാണ്. ഇപ്പോഴും സമയം കിട്ടുമ്പോള്‍ അതില്‍ കയറുവാനും സംവദിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്. ഒരാളെ പോലും ഞാന്‍ reject ചെയ്യാറില്ല. Orkut – ല്‍ ഞാന്‍ രണ്ടാമതൊരു പ്രൊഫൈലും ഞാന്‍ തുടങ്ങിയിരുന്നു. എനിക്ക് നോക്കാന്‍ സമയമില്ലാത്ത സമയത്ത്, ഞാന്‍ എന്റെ സുഹൃത്തും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയോട് പറഞ്ഞ്, എല്ലാ റിക്വസ്റ്റുകളും accept ചെയ്യിക്കാറുണ്ട്. എന്റെ ഈ സുഹൃത്തുക്കളും അവരുടെ കുടുംബവും  മാത്രം നമ്മുടെ സിനിമ കണ്ടാല്‍ പോലും നമുക്ക് നല്ല കളക്ഷനായി, അതു മാത്രമല്ല, മറ്റു പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ accurate response അവരില്‍ നിന്നു കിട്ടും, പോസിറ്റീവായാലും, നെഗറ്റീവായാലും. ഒന്നുകില്‍ നിങ്ങളെ ഈ പണിക്ക് കൊള്ളൂല്ലാ, അല്ലെങ്കില്‍ നിങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടു, അങ്ങനെ Whatever it may be, നമുക്ക്  response കിട്ടും. അതു വളരെ നല്ലതാണ്. ഇപ്പോള്‍ നോക്കിയാല്‍ ആരാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇല്ലാത്തത്, ലോകത്തെ പ്രമുഖരെല്ലാം, നടന്മാരും, രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം അതിലുണ്ട്. അതിനെക്കുറിച്ച് എനിക്ക് വളരെ പോസിറ്റീവായ അഭിപ്രായമാണ്. അതു ദുരുപയോഗം ചെയ്യുന്നു എന്നുള്ളത് ഇതിനെ തള്ളിക്കളയാനുള്ള കാരണമല്ല, എല്ലാത്തിനും നെഗറ്റീവ് വശമുണ്ടല്ലോ. നമ്മള്‍ അതിന്റെ പോസിറ്റീവ് എടുത്താല്‍ മതി.

ജെ.കെ –  ഇന്നത്തെ കാലത്തെ അതൊരു അനിവാര്യതയായി മാറിയിട്ടില്ലേ?

സജി സുരേന്ദ്രന്‍ –  തീര്‍ച്ചയായും, അതു മാത്രമല്ല, നമുക്ക് എത്രയോ പഴയ സുഹൃത്തുക്കളെ തിരിച്ചു കിട്ടിയിരിക്കുന്നു.  സ്കൂളിലും കോളേജിലും ഒക്കെ കൂടെ പഠിച്ച പഴയകാല സുഹൃത്തുക്കളെയെല്ലാം ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റു വഴി തിരിച്ചു കിട്ടി. Almost എല്ലാ സ്കൂള്‍ ഫ്രണ്ട്സിനേയും ഇതിലൂടെയാണ് തിരിച്ചു കിട്ടിയത്. ഇപ്പോള്‍ സുബായിലൊക്കെ ചെല്ലുമ്പോള്‍ അവരാണ് മിക്കവാറും കൂട്ടിക്കൊണ്ടു പോകാന്‍ വരിക. പണ്ടോക്കെ ഇവരൊക്കെ എവിടെയാണ് എന്നു പോലും അറിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴാണെങ്കില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വഴി എല്ലാവരേയുംനമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. നമുക്ക് communicate ചെയ്യാനും വളരെയെളുപ്പമാണ്.

ജെ.കെ –  ഇനി സീരിയലിലേക്കൊരു മടങ്ങിപ്പോക്കുണ്ടാവുമോ?

സജി സുരേന്ദ്രന്‍ -  തീര്‍ച്ചയായും, ഹാപ്പി ഹസ്ബന്‍ഡ്സിനും ഫോര്‍ ഫ്രണ്ട്സിനുമിടയില്‍ ഞങ്ങള്‍ രണ്ടു ചാനലില്‍ ഒരു പ്രൊപോസല്‍  പറഞ്ഞിട്ടുണ്ടായിരുന്നു. അതായത് ഞാനും കൃഷ്ണേട്ടനും അനി ചേട്ടനും, ഞങ്ങളുടെ ഒരു കൂട്ടായ്മയില്‍, ഞങ്ങളു തന്നെ നിര്‍മ്മിക്കുന്ന, എന്നും ഓര്‍മ്മയില്‍ നില്‍ക്കത്തക്കവണ്ണമുള്ള നല്ല പ്രൊജക്റ്റ്‌  തരികയാണെങ്കില്‍, ഞങ്ങള്‍ അതു ചെയ്യാം എന്ന്. പക്ഷേ ഞങ്ങള്‍ക്ക് സിനിമ വന്നു കഴിഞ്ഞാല്‍ പോകാനുള്ള permission  വേണം. ഇട്ടിട്ട് പോകുക എന്നല്ല, ഞങ്ങള്‍ വിശ്വാസമുള്ള ഒരു episode director നെ ഏര്‍പ്പെടുത്തിയിട്ട് ഞങ്ങള്‍ പോകും. രണ്ടു ചാനലുകളും ഇതിനെ പോസിറ്റീവായി കണ്ടിട്ടുണ്ട്, അതിന്റെ details submit ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.  ഈ തിരക്കുകള്‍ അല്പം കുറഞ്ഞാല്‍ അതുമായി proceed ചെയ്യാനാണ് പ്ലാന്‍. അതു തീര്‍ച്ചയായിട്ടുമുണ്ട്. സീരിയല്‍ നമ്മുടെ തറവാടാണ്. അതു മറന്നിട്ടുള്ള ഒരു പരിപാടിയും ഇല്ല.

ജെ.കെ -  പണ്ടൊക്കെ സീരിയലുകള്‍ 13 എപ്പിസോഡുകളായിരുന്നു. ഇപ്പോള്‍ എല്ലാം മെഗാ സീരിയലുകള്‍ ആണ്. പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചു പോകേണ്ട ആവശ്യകതയുണ്ടോ?

സജി സുരേന്ദ്രന്‍ –  13 ഉം ഉണ്ടായിരുന്നു 52ഉം ഉണ്ടായിരുന്നു. ശരിക്കും 52 എപ്പിസോഡുള്ളതാണ് നല്ലത്. നല്ല പ്രൊജക്ടുകള്‍ ചെയ്യാന്‍ പറ്റും, പത്മരാജന്റെ നക്ഷത്രങ്ങളേ കാവല്‍ പോലെയുള്ള സബ്ജെച്റ്റ്കള്‍  ചെയ്യണം എന്ന് എനിക്ക് ആഗ്രഹവുമുണ്ട്. പക്ഷേ അതില്‍ നമുക്കെത്ര revenue കിട്ടും എന്നു പറയാന്‍ കഴിയില്ല. ഒരു നിമ്മാതാവിന് പണം തിരിച്ചു കിട്ടുന്നത് എപ്പോഴും മെഗാസീരിയലിലൂടെയാണ്. 13 അല്ലെങ്കില്‍ 52 എപ്പിസോഡില്‍ മുതല്‍മുടക്ക് കൂടുതലും, revenue കുറവുമാണ്. സീരിയലുകള്‍ 20 മുതല്‍ 30 എപ്പിസോഡുകള്‍ കഴിയുമ്പോഴാണ് ഇത് റേറ്റിങില്‍ വരുന്നതും, അവിടം മുതല്‍, TAM rating വന്നതിനു ശേഷമാണ് addകള്‍ ലഭിക്കുന്നത്. അപ്പോഴേക്കും 13 എപ്പിസോഡുകള്‍ കഴിഞ്ഞു പോകില്ലേ? പണം നഷ്ടപ്പെടുത്താന്‍ കണക്കാകിയിട്ടേ അതെടുക്കാന്‍ കഴിയൂ‍. അല്ലെങ്കില്‍ അവാര്‍ഡുകളെ മുന്‍നിര്‍ത്തി മാത്രം.  അതു കൊണ്ട്, 13 എപ്പിസോഡുകള്‍ തിരിച്ചു വരാന്‍, ചാനലുകള്‍ എത്രത്തോളം അതിനെ support ചെയ്യും എന്ന് എനിക്ക് സംശയമാണ്. വന്നാല്‍ തന്നെ, prime time (6:30-10:30) ഒരിക്കലും കിട്ടില്ല. ഈ അടുത്ത കാലത്ത് അമൃതാ ടിവിയൊക്കെ അത്തരം സീരിയലുകള്‍ ചെയ്തിരുന്നു, ക്ലാസിക്സ് എന്നു പറഞ്ഞു, പക്ഷേ അത് അധികം മുന്നോട്ടു പോയില്ല എന്നാണ് തോന്നുന്നത്. Revenue തിരിച്ചു വരില്ല, അതാണ് പ്രശ്നം.

ജെ.കെ –  ഏതാണ് അടുത്ത പ്രൊജക്ട്?

സജി സുരേന്ദ്രന്‍ –  അടുത്ത ചിത്രം, മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന താമരശ്ശേരി ടു തായലാണ്ട് എന്ന ചിത്രമാണ്. ഒരു out & out fun ചിത്രമാണ്. ചിരിപ്പിക്കാനുള്ള ഒരു ശ്രമമാണ്, ജനം ചിരിക്കുമോ എന്നെനിക്കറിയില്ല. പഴയ ധിം തരികിട ധോം, ഓടരുതമ്മാവാ ആളറിയാം അങ്ങനെ ഒരു ബഹളമയമായ സിനിമ. ജഗതി, ഇന്നസെന്റെ, നെടുമുടി വേണു, ലാല്‍, സുരാജ്, സിദ്ധിഖ്, സലീം കുമാര്‍, ഷാനു ഫാസില്‍, പുതിയ നായിക ആന്‍ അഗസ്റ്റിന്‍, കെ.പി,എ.സി ലളിത, കല്പന, ബിന്ദു പണിക്കര്‍ അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും സ്വഭാവ നടീനടന്മാരും ഇതിലുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നു. റിലീസിങ് ഫൈനലൈസ് ചെയ്തിട്ടില്ല..

ജെ.കെ –  അപ്പോള്‍ അവസാന ചോദ്യം. എന്താണ് ഡ്രീം പ്രോജെക്റ്റ് ?

സജി സുരേന്ദ്രന്‍ –  (ചിരിയോടെ) ഡ്രീം പ്രോജെക്റ്റ് എന്ന ഒന്നിനെ പറ്റി ഞാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല പ്രിയന്‍ സര്‍ ചെയ്ത കാലാപാനിപോലെ ദേശഭക്തിയും സോഷ്യല്‍ കമിറ്റ്മെന്‍റും ഒക്കെയുള്ള സിനിമകള്‍ മനസ്സില്‍ പലപ്പോളും എത്താറുണ്ട്  പക്ഷേ ഇപ്പോ അത്തരം ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല .ഇപ്പോളത്തെ ആഗ്രഹം മലയാള സിനിമയുടെ ഐക്കണുകളായ മമ്മൂട്ടി,മോഹന്‍ ലാല്‍  എന്നിവരെ വച്ച് സിനിമ ചെയ്യുക എന്നാണ്.

ജെ.കെ –   ഇത്രയും തിരക്കിനിടയിലും പാഥേയത്തിന് വേണ്ടി ഇത്രയും സമയം വിലപ്പെട്ട സമയം ചിലവഴിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.ഒപ്പം മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഒരു സംവിധായകന്‍ ആയി മാറാട്ടെ എന്ന്‍ ആശംസിക്കുന്നു …

സജി സുരേന്ദ്രന്‍ –  തിരക്കുള്ള ആളൊന്നും ആയില്ലെങ്കിലും ഇടക്കൊക്കെ പടം ചെയ്യാന്‍ പാടുന്ന ഒരാള്‍ ആയാല്‍ മതി എന്നാണ് ആഗ്രഹം. ഈ അവസരത്തില്‍ പാഥേയത്തോടും എന്റെ നന്ദി പ്രകാശിപ്പിക്കുന്നു. പാഥേയം ഉയരങ്ങളിലെത്തട്ടേ എന്നാശംസിക്കുന്നു. നന്ദി നമസ്കാരം.

ജെ.കെ –   ഈ അവരത്തില്‍ ഈ മുഖാമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച രണ്ടു വ്യക്തികളെ ഞാന്‍ സ്നേഹപൂര്‍വം സ്മരിക്കുന്നു. ഈ അഭിമുഖത്തിനു വഴിയൊരുക്കിയ റീബാ റോയിയോടുള്ള പാഥേയത്തിന്റെ നന്ദി ഞാന്‍ ഈ അവസരത്തില്‍ പ്രകാശിപ്പിക്കുകയാണ്. അതു പോലെ, ഈ അഭിമുഖം യാഥാര്‍ത്ഥ്യമാകുവാന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നെ, പാഥേയം കുടുംബാംഗം ഷാജി വിജയനോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. ഈ അഭിമുഖം നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെട്ടു എന്നു കരുതട്ടേ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി നമസ്കാരം.

ഈ അഭിമുഖം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ നോക്കുക.

Saturday, March 5, 2011

സജി സുരേന്ദ്രനുമായുള്ള അഭിമുഖം ( ഭാഗം ഒന്ന് )

സീരിയല്‍ രംഗത്തു നിന്നും ചലച്ചിത്ര ലോകത്തെത്തി, ആദ്യ ചിത്രം മുതല്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ.സജീ സുരേന്ദ്രനാ‍ണ് നമ്മുടെ അതിഥി.  അദ്ദേഹത്തെ പാഥേയം മാഗസിന്റെ മുഖാമുഖത്തിലേക്ക് സ്വാഗതം ചെയ്യാം.

ജെ.കെ – സജിയേട്ടാ, നമസ്കാരം, പാഥേയത്തിന്റെ മുഖാമുഖത്തിലേക്ക് സ്വാഗതം.
സജി സുരേന്ദ്രന്‍ – നമസ്കാരം

ജെ.കെ – ആദ്യമായി തിരക്കുള്ള ഈ അവസരത്തില്‍ ഞങ്ങള്‍ക്കായി ഒരു ആഭിമുഖം അനുവദിച്ചതിന് പാഥേയത്തിന്റെ പേരിലും, പാഥേയം വരിക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു. നമുക്ക് അഭിമുഖത്തിലേക്ക് നേരിട്ടു കടന്നാലോ?
സജി സുരേന്ദ്രന്‍ – തീര്‍ച്ചയായും.

ജെ.കെ - എങ്ങനെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്?
സജി സുരേന്ദ്രന്‍ – സ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ക്കു തന്നെ, അതായത് ഒരു ആറ് – ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന അവസരത്തില്‍ തന്നെ എനിക്ക് സിനിമ എന്നത് വളരെ ക്രേസായിരുന്നു. സിനിമയില്‍ ഒരു നടനായി മാറണം എന്ന ആഗ്രഹം മുളപൊട്ടി വരുന്ന ഒരു സമയമായിരുന്നു അത്. ചെറുപ്പമായതു കൊണ്ടു തന്നെ, എങ്ങനെ അവിടെ എത്തിപ്പെടും എന്നറിയില്ലായിരുന്നു. ആ കാലഘട്ടത്തില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു, സിനിമയില്‍ ഞാന്‍ വലിയൊരു നടനായി മാറുമെന്ന്. ആ സമയത്താണ് ജയറാമേട്ടന്‍ ചലച്ചിത്ര ലോകത്തെത്തുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളൊക്കെ ഇറങ്ങി, ഞാന്‍ ജയറാമേട്ടന്റെ വലിയിരു ആരാധകനായി മാറുന്നതും ആ കാലത്താണ്. ഞാന്‍ ജയറാമേട്ടനെ പോലെ വലിയ ഒരു നടനാകുമെന്ന് പറയുമ്പോള്‍, സുഹൃത്തുക്കളൊക്കെ കളിയാക്കുമായിരുന്നു. പക്ഷേ അപ്പോഴും എനിക്കറിയില്ല, എങ്ങനെ സിനിമയിലെത്താം എന്ന്. അതിനായി പ്രധാനമായും ചെയ്തിരുന്ന ഒരു കാര്യം, സിനിമാ വാരികകളായ നാന, വെള്ളിനക്ഷത്രം എന്നിവയൊക്കെ വാങ്ങി, അതിലൊരു പേജില്‍ സംവിധയകരുടെ ഒക്കെ മേല്‍ വിലാസം ഉണ്ടാകും. അതിലൊക്കെ, അഭിനയിക്കാനാഗ്രഹമുണ്ടെന്ന് കാണിച്ച് കത്ത് നിരന്തരമായി അയക്കുമയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എനിക്കൊരു മറുപടി ലഭിച്ചിട്ടില്ല. അതിനു ശേഷം, അഭിനയം പഠിക്കാനായി ശ്രമിച്ചു തുടങ്ങി. പത്രങ്ങളിലൊക്കെ പല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളും തപാലില്‍ അഭിനയം പഠിപ്പിക്കുന്നതായി കണ്ട്, അവര്‍ക്ക് കാശ് മണി ഓര്‍ഡറായി അയച്ചു കൊടുക്കുകയും, അവിടെ നിന്ന് ചില ബുക്കുകള്‍ വരികയും. അതുപയോഗിച്ച് കണ്ണാടിയില്‍ നോക്കി അഭിനയം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അതൊക്കെ ഒരു തട്ടിപ്പാണെന്ന് പിന്നീട് തിരിച്ചറിയുന്ന ഒരു പ്രക്രിയയും ഉണ്ടായിരുന്നു. അങ്ങനെ നിരന്തരം ശ്രമിച്ച് ഒടുവില്‍ പത്താം ക്ലാസിലെത്തി. അന്നൊക്കെ ജയറാമിനെ അനുകരിച്ച് നടന്ന എനിക്ക്, പലരും ഓട്ടോഗ്രാഫില്‍ എഴുതി തന്നത്, “ഡിയര്‍ ജയറാം” എന്നൊക്കെയാണ്.  അതിലൊരു കളിയാക്കലിന്റെ സ്വരമുണ്ടായിരുന്നുവെങ്കിലും, ഞാന്‍ സിനിമയില്‍ എത്തും എന്ന് ഒരു ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.

ജെ.കെ –  വീട്ടുകാര്‍ എങ്ങനെയായിരുന്നു ഈ അഭിനയത്തിനോടുള്ള അഭിനിവേശത്തെ കണ്ടത് ? അവര്‍ അതിനെ പ്രോത്സാഹിപ്പിച്ചോ അതോ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നൊ?
സജി സുരേന്ദ്രന്‍ –  ആ സമയമായപ്പോഴേക്കും എന്റെ ഈ അഭിനിവേശം വീട്ടില്‍ അറിഞ്ഞിരുന്നു. അച്ഛനും അമ്മയും എതിര്‍ത്തൊന്നും ഇല്ല. പക്ഷേ അവര്‍ പറഞ്ഞത്, ഇതുമായി മുന്നോട്ടു പോകുന്നതില്‍ തെറ്റില്ല, പക്ഷേ അതിനു മുന്നെ ഒരു ഡിഗ്രി എടുക്കണം, അതു അത്യവശ്യമാണെന്നു മാത്രമെ അച്ഛന്‍ പറഞ്ഞുള്ളൂ. പത്താം ക്ലാസിനു ശേഷം റിസള്‍ട്ട് കാത്തിരുന്ന സമയത്ത് ശ്രീ. പപ്പന്‍ പയറ്റു വിള എന്ന സംവിധായകന്റെ ടെലിഫിലിമിലേക്ക് പതിനാറു വയസ്സില്‍ താഴെയുള്ളവരെ എടുക്കുന്നു എന്ന പരസ്യം കാണുകയും, അതിലേക്ക് ആപ്ലിക്കേഷന്‍ അയച്ചു, എന്നെ അഭിമുഖത്തിനു വിളിക്കുകയും, ഏകദേശം 200 പേരില്‍ നിന്നും എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ഞാന്‍ ആദ്യമായി ഒരു ടെലിഫിലിമില്‍ അഭിനയിച്ചു. എനിക്ക് ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ഞാന്‍ സിനുമയിലെത്തി എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുകയും, ഞാന്‍ അഭിനയിച്ചു തുടങ്ങിയെന്നും, ഇനി വെള്ളിത്തിരയില്‍ കാണാമെന്നുമെല്ലാം, ബന്ധുക്കളേയും സുഹൃത്തുക്കളേയും കത്തിലൂടെ അറിയിക്കുകയും ചെയ്തു.

ജെ.കെ – എങ്ങനെയായിരുന്നു ആ അനുഭവം ?
സജി സുരേന്ദ്രന്‍ –  അഭിനയിക്കാന്‍ പോയി അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ എനിക്കു മനസിലായി അഭിനയം അല്പം പാടുള്ള പണിയാണെന്ന്. നമ്മുടെ ആഗ്രഹം പോലെ അത്ര എളുപ്പമല്ല എന്നു. അത്യാവശ്യം അതില്‍ നന്നായി അഭിനയിച്ചു എന്ന് അവര്‍ പറഞ്ഞുവെങ്കിലും, ഞാന്‍ വളരെ കൌതുകത്തോടെ നോക്കിയത്, അവിടുത്തെ ടെക്കിനിക്കല്‍ സൈഡായിരുന്നു. പപ്പന്‍ സാറിന്റെ സംവിധാന രീതി, ആക്ഷന്‍, കട്ട്, ട്രോളി, ക്യാമറാമാന്‍ ലൈറ്റ് അപ് ചെയ്യുന്നത് തുടങ്ങി ഇതിന്റെ ടെക്കിനിക്കല്‍ സൈഡ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, സാര്‍ എനിക്ക് ഇതിനോട് ഒരു ആകര്‍ഷണം തോന്നുന്നു. അടുത്ത ടെലിഫിലിം മുതല്‍ എന്നെ കൂടെ അസിസ്റ്റന്‍റ്റ് ആക്കാമോ എന്ന്. അഭിനയത്തേക്കള്‍ താല്പര്യം ഇതില്‍ തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ പപ്പന്‍ സാര്‍ സമ്മതിക്കുകയും, അദ്ദേഹത്തിന്റെ അടുത്ത സീരിയല്‍ മുതല്‍ അദ്ദേഹത്തിന്റെ അസിസ്റ്റാന്റായി ചേര്‍ന്നു. അതായിരുന്നു ശരിക്കുള്ള തുടക്കം.

ജെ.കെ – പഠനവും സഹസംവിധാനവും കൂടി എങ്ങനെ മുന്നോട്ടു കൊണ്ടു പോയി ?
സജി സുരേന്ദ്രന്‍ – പിന്നീട് പ്രീ ഡിഗ്രിക്കു ചോയിന്‍ ചെയ്തു. അതിനൊപ്പം ഇടവേളകളില്‍ സാരിന്റെ ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്തു. പിന്നീട പല പല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തു, കള്ളിക്കാട് രാമചന്ദ്രന്‍ നായര്‍ സാര്‍, കണ്ണാടി അവതരിപ്പിക്കുന്ന ടി. എന്‍ ഗോപകുമാര്‍ സാറിന്റെ വേരുകള്‍ എന്ന സീരിയല്‍, അനില്‍ കൊമ്പാശ്ശേരില്‍, ഹാരിസണ്‍ അങ്ങനെ പല സംവിധയകരുടെ കൂടെയും അസിസ്റ്റന്റായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്താണ് രാമു മംഗലപ്പള്ളി, അദ്ദേഹമായിരുന്നു എന്റെ ആദ്യത്തെ ടെലിഫിലിമിന്റെ കണ്‍ട്രോളര്‍, അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹമാണ് എന്നെ പല സംവിധായകര്‍ക്കും പരിചയപ്പെടുത്തിയത്. അദ്ദേഹം വഴി, ഞാന്‍ ശ്യാമപ്രസാദ് സാറിന്റെ അസിസ്റ്റന്റാകാന്‍ വന്നുവെങ്കിലും അതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായിരുന്നു ഞാന്‍. വര്‍ക്ക് ചെയ്യാന്‍ അന്ന് അദ്ദേഹത്തിന്റെ കൂടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ആ വര്‍ക്കിന് അസോസിയേറ്റായിരുന്ന അലക്സ് ഐക്കടവില്‍ എന്നൊരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹമന്ന് വിജി തമ്പി സാറിന്റെ ഒരു സീരിയലിനു വേണ്ടി സ്ക്രിപ്റ്റെഴുതുന്ന സമയമായിരുന്നു. അദ്ദേഹമാണ് എന്നെ വിജി തമ്പി സാറിന്റെ അടുത്തെ കൊണ്ടു ചെന്നാക്കുന്നത്. വിജി തമ്പി സാര്‍ ആദ്യമായി സീരിയല്‍ ചെയ്യുന്ന അവസരമായിരുന്നു അത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സീരിയലില്‍ പരിചയമുള്ള ആളെ വേണം എന്നു പറഞ്ഞിരിക്കുന്ന സമയത്താണ്, അദ്ദേഹം എന്നെ വിജി തമ്പി സാറിന്റെ അടുത്തെത്തിക്കുന്നത്.

ജെ.കെ - വിജി തമ്പി സാറുമായുള്ള ആ ബന്ധം എങ്ങനെയാണ് താങ്കളുടെ കരിയറില്‍ ഗുണം ചെയ്തത്?
സജി സുരേന്ദ്രന്‍ – വിജി തമ്പി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തകാലമാണ് എന്റെ കരിയറിലെ സ്കൂള്‍ എന്നു പറയുന്നത്. ഏകദേശം ഒരു അഞ്ചര വര്‍ഷം തുടര്‍ച്ചയായി ഞാന്‍ വിജി തമ്പി സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത സമയം, എനിക്ക് രണ്ടു മീഡിയകള്‍, അതായത് ടെലിവിഷനും സിനിമയും അടുത്തറിയുവാനും മനസ്സിലാക്കുവാനും സാധിച്ചു. അദ്ദേഹം ഒരു സീരിയല്‍ കഴിഞ്ഞാല്‍ ഒരു സിനിമാ, അതു കഴിഞ്ഞാല്‍ ഒരു സീരിയല്‍ ആ രീതിയിലായിരുന്നു അന്ന് വര്‍ക്ക് ചെയ്തിരുന്നത്. അത് എനിക്കീ രണ്ടു മീഡിയാകളേയും അടുത്തറിയുവാന്‍ സഹായിച്ചു. അവിടെ നിന്നുമാണ് ഞാന്‍ ശരിക്കും സീരിയലിനേക്കുറിച്ചും, സിനിമയേക്കുറിച്ചും പഠിക്കുന്നത്. ശരിക്കും ഒരു തുടക്കം എന്ന് പറയാവുന്നത് അവിടെ നിന്നാണ്.

ജെ.കെ – ഒരു അസിസ്റ്റന്റ് എന്ന നിലയില്‍ നിന്നും, എങ്ങനെയാണ് സ്വതന്ത്ര സംവിധായകനായി മാറിയതെങ്ങനെയാണ് ?
സജി സുരേന്ദ്രന്‍ – വിജി തമ്പി സാര്‍ ഒരു ബ്രേക്കെടുത്ത അവസരത്തിലാണ് സ്വതന്ത്ര സവിധായകനിലേക്കുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. വിജി തമ്പി സാറിന്റെ കൂടെ വര്‍ക്കു ചെയ്യുന്ന അവസരത്തിലാണ്, ഞാന്‍ തിരക്കഥാകൃത്ത് ജി.എ.ലാലിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല. തമ്പി സാറിന്റെ സത്യമേവ ജയതേ പോലുള്ള ചിത്രങ്ങളില്‍ ലാലേട്ടനായിരുന്നു തിരക്കഥയെഴുതിയത്. തമ്പി സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന അവസരത്തിലാണ്, ലാലേട്ടനുമായി ഞാന്‍ ഒരു സുഹൃദ് ബന്ധം സ്ഥാപിക്കുന്നതും, ഞങ്ങളില്‍ ഒരു ചേട്ടന്‍-അനിയന്‍ ബന്ധം ഉണ്ടാവുന്നതുമെല്ലാം. അങ്ങനെ തമ്പി സാര്‍ ഒരു ബ്രേക്കെടുത്ത അവസരത്തില്‍, ഞാന്‍ ലാലേട്ടനോടു പറഞ്ഞു, ലാലേട്ട എനിക്കു സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹമുണ്ട്. ഒന്നുമില്ല, ഒരു അരമണിക്കൂറിന്റെ ടെലിഫിലിമായാലും മതി. ലാലേട്ടന്‍ കുറെ കഥകള്‍ എടുത്തു തന്നിട്ടു പറഞ്ഞു, നീ ഇതില്‍ നിന്നിന്നും ഇഷ്ടപ്പെട്ട ഒരെണ്ണം എടുക്കാന്‍ പറഞ്ഞ്, അതെല്ലാം വായിക്കാന്‍ തന്നൂ. ആ കഥകള്‍ വായിക്കുന്ന അവസരത്തില്‍ അതില്‍ ഒരു കഥ എനിക്കിഷ്ടപ്പെട്ടു. ആ അവസരത്തിലാണ് ഞാന്‍ എന്റെ സുഹൃത്തായ ശ്രീ. അനൂപ് മേനോന്‍, ഇപ്പോള്‍ കോക്ക് ടെയിലിലെ നായകനും തിരക്കഥാകൃത്തുമായ അനൂപ്., അദ്ദേഹത്തെ വിളിച്ച് ഒരു ടെലി മൂവി ചെയ്യുന്ന കാര്യം സംസാരിക്കുന്നത്. അന്ന് അദ്ദേഹം കൈരളി ടിവിയിലെ അവതാരകനാണ്. ഇതു സംസാരിച്ചപ്പോള്‍, അദ്ദേഹം എന്നെ ചാനലിലേക്ക് വിളിക്കുകയും, അവിടെ വേണു നാഗവള്ളി സാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. കാര്യം അവതരിപ്പിച്ചപ്പോള്‍, വേണു സാര്‍ ഇതു പാടാണെന്നു പറഞ്ഞുവെങ്കിലും, ഇതിന്റെ സബ്ജക്ട് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇതില്‍ താല്പര്യം ജനിക്കുകയും, അവിടുത്തെ മീറ്റിങ്ങില്‍ ഒരു പാട് എതിര്‍പ്പുകളെ അവഗണിച്ച്, എനിക്ക് അപ്രൂവല്‍ വാങ്ങി തരികയും ചെയ്തു. അങ്ങനെയാണ് ആദ്യമായി ഒരു അരമണിക്കൂര്‍ ടെലിഫിലിമിന് എനിക്ക് അവസരം ലഭിച്ചു.  അതാണ് ഞാന്‍ സ്വതന്ത്രനായി ചെയ്യുന്ന ആദ്യത്തെ വര്‍ക്ക്. അതിന്റെ പേരാണ് ഡിസംബര്‍ മിസ്റ്റ്. അനൂപായിരുന്നു നായകനായി അഭിനയിച്ച വളരെ നൊസ്റ്റാള്‍ജിക്കായ ഒരു വര്‍ക്കായിരുന്നു അത്. അത് എനിക്ക് ഒരുപാട് അപ്രീസിയേഷന്‍ നേടി തന്നു. അതു പോലെ തന്നെ അവാര്‍ഡുകളും. ആ വര്‍ഷത്തെ മികച്ച ടെലിഫിലിം, മികച്ച സംവിധായകന്‍, മികച്ച ടെലിഫിലിമിനുള്ള ക്രിട്ടിക്സ് അവാര്‍ഡ് അങ്ങനെ കുറച്ച് അവാര്‍ഡുകള്‍ കിട്ടി. പിന്നീട് തമ്പി സാര്‍ മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ വീണ്ടു അദ്ദേഹത്തിന്റെ അസോസിയേറ്റായി ജോയിന്‍ ചെയ്തു.

ജെ.കെ – സ്വതന്ത്ര സവിധായകനായി ഇത്ര നല്ല തൂടക്കം ലഭിച്ചെങ്കിലും, പിന്നീട് എന്തുകൊണ്ടാണ് വീണ്ടും അസോസിയേറ്റായി മാറിയത്?
സജി സുരേന്ദ്രന്‍ – അദ്ദേഹത്തിന്റെ ഒപ്പം അസോസിയേറ്റായി സിനിമയും സീരിയലും മാറി മാറി ചെയ്യുന്ന അവസരത്തില്‍, ഞാന്‍ വീണ്ടും ഒരു ടെലി ഫിലിം കൂടി ചെയ്തു. ആഴം എന്നായിരുന്നു അതിന്റെ പേര്. അത് ഇന്റര്‍നാഷണല്‍ വീഡിയോ ഫെസ്റ്റിവലില്‍ സെലക്ട് ചെയ്യുന്നു. തമ്പി സാറിന്റെ കൂടെ വര്‍ക്കു ചെയ്യുന്ന സമയത്തു കിട്ടുന്ന ചെറിയ ഇടവേളകളില്‍, ഞാനും-ലാലേട്ടനും-അനൂപും, ഈ ത്രയം ടെലിഫിലിംസ് ചെയ്യാന്‍ തുടങ്ങി. എല്ലാ ടെലിഫിലിമിലും, അനൂപ് നായകന്‍, ഞാന്‍ സംവിധാനം, ലാലേട്ടന്‍ തിരക്കഥ. അതായിരുന്നു ഞങ്ങളുടെ ആ കൂട്ടുകെട്ട്. അതില്‍ മൂന്നാമത്തെ ടെലിഫിലിം, വിലോലം. അതിനും മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡടക്കം പല അവാര്‍ഡുകളും കിട്ടി. അങ്ങനെ ഇരിക്കുന്ന അവസരത്തിലാണ് ഒരു സീരിയല്‍ ചെയ്യാനായി, സീ ട്രാക്ക് സ്റ്റുഡിയോയുടെ ഓണര്‍ ശ്രീ.ബൈജു ദേവരാജ് എന്നെ വിളിക്കുന്നത്. അതായിരുന്നു സീരിയലിലേക്കുള്ള എന്റെ സ്വതന്ത്രമായുള്ള കടന്നു വരവ്, സീരിയലിന്റെ പേര് ആലിപ്പഴം. ആലിപ്പഴം കഴിഞ്ഞപ്പോള്‍, എന്നെ മാതൃഭൂമി വിളിച്ചു സീരിയല്‍ ചെയ്യാന്‍, മേഘം എന്നായിരുന്നു ആ സീരിയല്‍. പിന്നീട് അവിടെ നിന്നു കുറെ സീരിയലുകളാണ്, മേഘം കഴിഞ്ഞ് മന്ദാരം, ദയ, മാധവം, അമ്മയ്ക്കായ്.. അങ്ങനെ കുറെ അധികം സീരിയലുകള്‍.. അങ്ങനെ സീരിയലുകളില്‍ തിരക്കിലായി മാറി…

ജെ.കെ – ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് സീരിയല്‍ സംവിധായ്കനായ സജി സുരേന്ദ്രനെയെ അറിയൂ. ടെലിഫിലിമിന്റെ കാര്യം അധികം പ്രേക്ഷകര്‍ക്കും അറിയില്ല എന്നു തോന്നുന്നു.
സജി സുരേന്ദ്രന്‍ – ശരിയാണ്. അധികമാര്‍ക്കും അറിയില്ല. കാരണം, ടെലിമൂവീസ് അധികമാരും കാണാന്‍ സാധ്യതയില്ല. എപ്പോഴെങ്കിലും ഒരു അര മണിക്കൂര്‍ ടെലികാസ്റ്റു ചെയ്താല്‍ പിന്നെ അതിന്റെ ലൈഫ് കഴിഞ്ഞു. പക്ഷേ ഡിസംബര്‍ മിസ്റ്റ് ഒരുപാടു തവണ ടെലികാസ്റ്റു ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. അതു കൈരളി തന്നെ നിര്‍മ്മിച്ചതിനാല്‍ പ്രത്യേക ദിവസങ്ങളില്‍ പലപ്പോഴും ഇതു ടെലികാസ്റ്റ് ചെയ്യാറുണ്ട്. ഒരു പ്രണയകഥയായതിനാല്‍, വാലന്റൈന്‍സ് ഡേക്കും, പിന്നെ ന്യൂ ഇയറിനുമൊക്കെ പല തവണ കൈരളി ഇതു ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ, പ്രേക്ഷകര്‍ ഡിസംബര്‍ മിസ്റ്റ് കണ്ടിരിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു രണ്ട് ടെലി ഫിലിംസും അധികം കാണുവാന്‍ സാധ്യതയില്ല. ഇപ്പോഴും ടെലിഫിലിംസ് ചെയ്യാന്‍ വളരെ ഒരു ക്രേസാണ്. പക്ഷേ വിലോലത്തിനു ശേഷമാണ് ലാലേട്ടനെ ഞങ്ങളെ വിട്ടു പിരിഞ്ഞത്. അതിനെ തുടര്‍ന്ന്, ഞാന്‍ ടെലിഫിലിംസി ചെയ്തിട്ടേ ഇല്ല. മറ്റൊരാളുടെ തിരക്കഥയില്‍ ചെയ്യാനായി മാനസികമായി ഒരു കംഫര്‍ട്ട് തോന്നിയില്ല. അങ്ങനെ ടെലിഫിലിംസ് നിര്‍ത്തുകയായിരുന്നു.

ജെ.കെ – സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ആ പ്രയാണം എങ്ങനെ ആയിരുന്നു ?
സജി സുരേന്ദ്രന്‍ – മേഘം ചെയ്യുമ്പോഴേ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. സീരിയലിലേക്കു വരുമ്പോള്‍ തന്നെ, അള്‍ട്ടിമേറ്റ് എയിം സിനിമ തന്നെയാണ്. പക്ഷെ പ്രായം, വളരെ ചെറുപ്പമായിരുന്നു. ഡിഗ്രി കഴിഞ്ഞ  അവസരത്തില്‍, ഇരുപതാമത്തെ വയസ്സിലാണ് ആദ്യത്തെ ടെലിഫിലിം ചെയ്യുന്നത്, ഇരുപത്തി നാലാം വയസ്സിലാണ് ആദ്യത്തെ സീരിയല്‍ ചെയ്യുന്നത്. ഇരുപത്തി നാല് വയസ്സെന്നു പറഞ്ഞാല്‍, മലയാള സിനിമാ സംവിധായകനാകാനുള്ള പക്വതയായില്ല എന്നു പറഞ്ഞു മാറ്റി നിര്‍ത്തുന്ന സമയമായിരുന്നു. എന്നിരുന്നാലും ഞാന്‍ ട്രൈ ചെയ്തിരുന്നു, പക്ഷേ പല പല കാരണങ്ങള്‍ക്കൊണ്ട് നടക്കുന്നില്ല. മേഘത്തിനു ശേഷം എനിക്കൊരു നിര്‍മ്മാതാവിനെ കിട്ടുന്നു, ഞാന്‍ ദോഹയില്‍ പോയി അതിന്റെ ഡിസ്കഷന്‍ ഒക്കെ നടത്തുന്നു. പക്ഷേ സീരിയലില്‍ നിന്നും വരുന്നതു കൊണ്ടുള്ള അവഗണനയും മാറ്റി നിര്‍ത്തലുമുണ്ടായിരുന്നു സിനിമയില്‍, ആദ്യ സമയത്ത്. ഞാന്‍ ഓരോ സീരിയലു കഴിയുമ്പോഴും സിനിമയ്ക്കായി ട്രൈ ചെയ്യും. ഒന്നോ രണ്ടോ മാസം അങ്ങനെ പോകും, പിന്നെ സീരിയല്‍ വരും തിരക്കാകും, ആ സീരിയല്‍ കഴിയുന്ന ഗ്യാപ്പില്‍ വീണ്ടു ട്രൈ ചെയ്യും. അങ്ങനെ തുടര്‍ന്നു പോയ്ക്കോണ്ടിരുന്നു. ഏകദേശം ആറു മെഗാസീരിയില്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു. ഇനി സിനിമ, സീരിയല്‍ തല്‍ക്കാലം നിര്‍ത്തി പൂര്‍ണ്ണമായും സിനിമയ്ക്കായി ട്രൈ ചെയ്യുക, സിനിമയില്‍ എത്തിയിട്ടേ ഇനി സീരിയലിനെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ എന്നൊരു തീരുമാനമങ്ങെടുത്തു. ഞാനും കൃഷ്ണേട്ടനും, അനി ചേട്ടനും, ആര്‍ട്ട് ഡയറക്ടറും അസോസിയേറ്റ്സും എല്ലാരും ചേര്‍ന്ന് ഉറച്ച തീരുമാനമായിരുന്നു അത്. അതിന്റെ ഫലമായാണ് ഇവര്‍ വിവാഹിതരായാല്‍ ഉണ്ടാകുന്നത്.

ജെ.കെ - ആദ്യ സിനിമ, അതിനായി എത്രത്തോളം പ്രത്നിക്കേണ്ടി വന്നു?
സജി സുരേന്ദ്രന്‍ – ആദ്യ സിനിമ, അതു പെട്ടെന്നു ഉണ്ടായതല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ പല, പല തടസ്സങ്ങള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാവിനെ കിട്ടിമ്പോള്‍, വിതരണക്കാരനുണ്ടാവില്ല, വിതരണക്കാരനെ കിട്ടുമ്പോള്‍, നിര്‍മ്മാതാവുണ്ടാകില്ല, ചിലപ്പോള്‍ ആര്‍ട്ടിസ്റ്റുണ്ടാകില്ല. അങ്ങനെ പല പ്രശ്നങ്ങള്‍. ഇതു പോലെ നിര്‍മ്മാതാവ് ഇല്ലാതിരിക്കുന്ന സമയത്ത് നടന്ന ഒരു മദ്രാസ് യാത്രയില്‍, അന്നു കൃഷ്ണേട്ടനും കൂടെയുണ്ട്. കൃഷ്ണേട്ടന്റെ ഒരു ബന്ധു, മിസ്റ്റര്‍ ഗോപകുമാറിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് കാണുവാനും പരിചയപ്പെടുവാനുമിടയായി. അദ്ദേഹവുമായി സംസാരിച്ചിരുന്ന അവസരത്തില്‍, ഞങ്ങളുടെ സിനിമാ മോഹങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഇതൊക്കെ കേട്ടപ്പോള്‍, അദ്ദേഹം ചോദിച്ചത്, പിന്നെ എന്തു കൊണ്ട് നിങ്ങള്‍ സിനിമയില്‍ വരുന്നില്ല എന്നാണ്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞത്, സീരിയലുകാര്‍ സിനിമയില്‍ വരുമ്പോഴൂണ്ടാകുന്ന സ്ഥിരം പ്രശ്നങ്ങള്‍ തന്നെ. പിന്നെ എന്റെ കൂടെ എന്റെ സെറ്റു പൂര്‍ണ്ണമായും ഉണ്ട്. എന്റെ ടെക്നീഷ്യന്മാരെല്ലാം, ഞാന്‍ സിനിമയിലേക്കു പോകുമ്പോള്‍ കൂടെ ഉണ്ടാകണം എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു. അവരെ എല്ലാവരേയും ഒരു മിച്ച് ഉപയോഗിക്കുവാന്‍ പലപ്പോഴും നിര്‍മ്മാതാക്കള്‍ തയ്യാറല്ല, അതിലുപരി അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. ഗോപകുമാര്‍ ചേട്ടന്‍ ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹം പെട്ടെന്നു ചോദിച്ചു, എത്ര രൂപ വേണ്ടി വരും സിനിമ ചെയ്യാനെന്ന്. ഞാന്‍ പറഞ്ഞു, ഞങ്ങളുടെ ഈ കഥ ചെയ്യാന്‍ ഇത്ര രൂപ വേണ്ടി വരും. പുള്ളിക്കാരന്‍ പറഞ്ഞു. ഈ പൈസ ഞാന്‍ തരാം, നിങ്ങള്‍ സിനിമ ചെയ്യൂ. അതി വിജയിക്കുകയോ പരാജയപ്പെടുകയോ എന്നുള്ളത് പ്രശ്നമല്ല. പക്ഷേ നിങ്ങളുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് ഇതു പരാജയപ്പെടുമെന്നു തോന്നുന്നില്ല, ഇനി പരാജയപ്പെട്ടാലും, അതു നമ്മുടെ കയ്യിലല്ല, മുകളില്‍ ഒരാളുണ്ടല്ലോ. അതു വിട്ടേക്ക്, നിങ്ങള്‍ സിനിമ ചെയ്യാന്‍ പറഞ്ഞു. അങ്ങനെ പുള്ളി നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തിലാണ് ഞങ്ങള്‍ “ഇവര്‍ വിവാഹിതരായാല്‍” ചെയ്യുന്നത്.

ജെ.കെ – ആദ്യ സിനിമയുടെ വിജയം, അതെങ്ങനെയാണ് നോക്കി കാണുന്നത്?
സജി സുരേന്ദ്രന്‍ – മുന്നെ പറഞ്ഞതു പോലെ, ഗോപകുമാറേട്ടന്‍ പകര്‍ന്നു തന്ന ഒരു ആത്മവിശ്വാസതിലാണ് ആ ചിത്രം ഞങ്ങള്‍ ചെയ്യുന്നത്. ആ ചിത്രത്തിന്റെ വിജയം വളരെയധികം ആത്മവിശ്വാസം പകര്‍ന്നു. ചിത്രം ഹിറ്റായതോടെ, ഞങ്ങള്‍ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നമായ നിര്‍മ്മാതാകളെ കിട്ടാനുള്ള പ്രയാസം മാറി. ഒരു ഹിറ്റ് ചിത്രം വന്നതോടെ വളരെയധികം നിര്‍മ്മാതാക്കള്‍ ഞങ്ങള്‍ സമീപിച്ചു. അതു സാധാരണമല്ലേ…

ജെ.കെ – സിനിമയും ടെലിവിഷനും, രണ്ടും രണ്ട് മാധ്യമങ്ങളാണ്. അതെങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നു തോന്നുന്നു?
സജി സുരേന്ദ്രന്‍ – എനിക്ക് രണ്ടിലും ടെക്കിനിക്കലായി അധികം വ്യത്യാസം തോന്നിയിട്ടില്ല. പക്ഷേ സാമ്പത്തിക കാര്യങ്ങള്‍ നോക്കുമ്പോള്‍ സിനിമ എന്നത് റിസ്കാണ്. സീരിയലില്‍ അങ്ങനെ ഇല്ല. ഓരോ സീരിയലിനും നമുക്ക് ചാനലില്‍ നിന്നും ഒരു നിശ്ചിതമായ ഒരു എമൌണ്ട് തരും. അതിനുള്ളില്‍ നിന്നു കൊണ്ട് നമുക്ക് ചെയ്താല്‍ മതി, നിര്‍മ്മാതാവിന് ലാഭം വരും. സിനിമ അങ്ങനെ അല്ല, സിനിമയില്‍ ബള്‍ക്ക് ഇന്‍ വെസ്റ്റ്മെന്റുമായി ഇറങ്ങി, ആദ്യ ദിവസം ആദ്യത്തെ ഷോ കഴിയുമ്പോള്‍ അറിയുവാന്‍ കഴിയും പൈസ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന്, അതു പോലെ എത്ര ലക്ഷം പോകും, എത്ര കിട്ടും എന്നൊക്കെ. ആ റിസ്ക് ഫാക്ടറാണ് എനിക്കു പ്രധാനമായും തോന്നിയിട്ടുള്ളത്. ബാക്കിയൊന്നും എനിക്ക് വ്യത്യസ്തമായി തോന്നിയിട്ടില്ല. എന്റെ മുഴുവന്‍ ടെക്ക്നീഷ്യന്മാരുമായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ക്യാമറയ്ക്ക് അല്പം വലിപ്പം കൂടുതലാണ്, കുറച്ച് ഇന്‍ ഫ്രാസ്ട്രക്ചറുകള്‍ കൂടുതല്‍ കിട്ടും, കുറച്ച് സമയം കൂടുതല്‍ കിട്ടും തുടങ്ങി ചില അഡ് വാന്റേജുകള്‍ ഒഴിച്ചാല്‍ എനിക്കു വലിയ വ്യത്യാസം തോന്നിയിട്ടില്ല. നമ്മള്‍ ചെയ്തോട്ടിരുന്ന ജോലി ചെയ്യുന്നതു പോലെ തന്നെ. വലിയ താരങ്ങളുണ്ട്, കുറച്ചു കൂടെ റിലാക്സ് ചെയ്ത് ചെയ്യാം, പിന്നെ സാമ്പത്തികമായി റിസ്ക് കൂടും എന്നിങ്ങനെയുള്ള വ്യത്യാസങ്ങളെ എനിക്കു തോന്നിയിട്ടുള്ളൂ.

ജെ.കെ – സിനിമയും സീരിയലും, ഏതാണ് കൂടുതല്‍ സംതൃപ്തി തരുന്നത്?
സജി സുരേന്ദ്രന്‍ –  രണ്ടും രണ്ടു രീതിയിലാണ്. സീരിയല്‍ വീടുകളിലേക്ക് ഡയറ്ക്ടായി ഫ്രീ ആയി ചെല്ലുന്ന ഒരു സാധനമാണ്. അതു കൊണ്ടു തന്നെ കൂടുതല്‍ ആളുകള്‍ ഇതു കാണുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പക്ഷേ ഒരിക്കല്‍ ഇതു സം പ്രേക്ഷണം ചെയ്തു കഴിഞ്ഞാല്‍ ഇതു കഴിഞ്ഞു. പിന്നെ അത് രേഖകളിലേ ഇല്ല. പക്ഷേ സിനിമ അങ്ങനെ അല്ല. ലോകമുള്ളടത്തോളം കാലം, അല്ലെങ്കില്‍ സിനിമയുള്ളടത്തോളം കാലം, നമ്മുടെ പേരും ചരിത്രത്തില്‍ എവിടെയെങ്കിലും എഴുതി ചേര്‍ക്കപ്പെടും. ഓരോ സിനിമ ഇറങ്ങുമ്പോഴും, നമ്മള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.  പിന്നെ ഒരു സിനിമാ സംവിധായകനു കിട്ടുന്ന പോപ്പുലാരിറ്റി, റെസ്പെക്റ്റ് എല്ലാം ഒരിക്കലും ഒരു സീരിയല്‍ സംവിധായകനു കിട്ടില്ല. അതു പോലെ സാമ്പത്തികമായാലും, നമുക്കു കിട്ടുന്ന ഫെസിലിറ്റീസിന്റെ കാര്യമായാലും, അംഗീകാരത്തിന്റെ കാര്യമാലും ഒരു സിനിമാ സംവിധായകനു കിട്ടുന്നത് ഒരിക്കലും ഒരു സീരിയല്‍ സവിധായകനു ലഭിക്കില്ല. പക്ഷേ, സിനിമയില്‍ വിജയമുള്ളടത്തേ നിലനില്‍പ്പുള്ളൂ. സീരിയലില്‍ ഒരെണ്ണം പരാജയപ്പെട്ടാല്‍, അടുത്ത ചാനലില്‍ അടുത്ത സീരിയല്‍ കിട്ടും. സിനിമയില്‍ ഒരു സിനിമ വിജയിക്കുമ്പോഴാണ് നിര്‍മ്മാതാക്കള്‍ നമ്മളെ തേടി വരുന്നത്.  രണ്ടിലും രണ്ടു രീതിയിലുള്ള സംതൃപ്തി കിട്ടിയിട്ടുണ്ട്.

ജെ.കെ – സീരിയല്‍ ചെയ്തു കൊണ്ടിരുന്ന സമയത്ത് കൂടുതല്‍ കണ്ണീര്‍ സീരിയലുകള്‍ ചെയ്തിരുന്ന താങ്കള്‍, സിനിമയിലേക്കെത്തിയപ്പോള്‍ ഹ്യൂമറിലേക്ക് വഴി മാറി. എങ്ങനെയാണ് അങ്ങനെ ഒരു മാറ്റം സംഭവിച്ചത്?
സജി സുരേന്ദ്രന്‍ –   അത് ശരിക്കും ഞങ്ങള്‍ എടുത്ത ഒരു തീരുമാനം ആയിരുന്നു. സീരിയലുകളില്‍ നമ്മള്‍ ചെയ്തു കൊണ്ടിരുന്ന വിഷയങ്ങള്‍ സിനിമയില്‍ ചെയ്താല്‍ ഒരു പേരുദോഷമാവും എന്നുറപ്പായിരുന്നു. അതു മാത്രമെ ഇവര്‍ക്കു ചെയ്യാന്‍ അറിയാവൂ, അതു തന്നെയെ ഇവര്‍ ചെയ്യൂ, ബിഗ് സ്ക്രീനില്‍ വന്നു സീരിയല്‍ ചെയ്യുന്നു എന്നൊക്കെ പറയും. അതല്ലാതെ ചെയ്തിട്ടേ ആ പേരു കേട്ടൂ. മനസ്സിലായില്ലേ.. (ചിരിക്കുന്നു..) അവിടെ ഇവിടെ നിന്നും.. നമ്മള്‍ അതു കേള്‍ക്കാന്‍ പോയില്ല. സീരിയലില്‍ നിന്നു വരുന്നതു കൊണ്ടു തന്നെ അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അതു കൊണ്ടു തന്നെ, അതിന് അധികം മുഖം കൊടുക്കാന്‍ പോയില്ല. നമ്മള്‍ ആദ്യമെ തന്നെ ഒരു തീരുമാനം എടുത്തു, സീരിയലില്‍ വന്നിരുന്ന കൂടുതല്‍ സീരിയസ്സയുള്ള കഥകള്‍, ഞാന്‍ കണ്ണീരിനേക്കാള്‍ കൂടുതല്‍ ചെയ്തത് പ്രണയകഥകളും, അതിനൊപ്പം ഫാമിലി സ്റ്റോറീസുമാണ്, അവയൊക്കെ ഒഴിവാക്കാം, എന്തെങ്കിലും മാറി ചെയ്യാം എന്ന്. സീരിയലിനെ സംബന്ധിച്ചിടത്തോളം, വീട്ടിലിരുന്ന് ഫ്രീ ആയി കാണുന്നതിനാല്‍ എന്തു രീതിയിലുള്ള കഥ വേണമെങ്കിലും പറയാം. ഹൊറര്‍, ഫാന്റസി, സീരിയസ്, കുടുംബ കഥകള്‍, പ്രണയം, അവിഹിത ബന്ധങ്ങള്‍ അങ്ങനെ ഏതു ടൈപ്പു കഥ വേണമെങ്കിലും പറയാം. അതു നമ്മുടെ ഇഷ്ടമാണ്. പക്ഷേ മുന്നോട്ടുള്ള പോക്ക് അതിന്റെ റേറ്റിങ്ങിനെ ആശ്രയിച്ചിരിക്കും. പക്ഷേ സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതലും എന്റര്‍ടെയിനേഴ്സിനാണ് നിലനില്‍പ്പുള്ളത്, അല്ലെങ്കില്‍ ഫാമിലി ഓറിയെന്റടായിട്ടുള്ള എന്റര്‍ടെയിനേഴ്സിന്. എന്റര്‍ടെയിനേഴ്സ് എന്നു പറഞ്ഞാല്‍ കൂടുതല്‍ ചിരിപ്പിക്കുന്നതിന്. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍, 200ഉം 300ഉം ദിവസങ്ങള്‍ ഓടിയിട്ടുള്ളത്, ആ ഗണത്തില്‍ പെടുന്ന പ്രിയന്‍ സാറിന്റെ, സിദ്ധിഖ്-ലാലിന്റെ ചിത്രങ്ങളാണ്. എനിക്കും അത്തരം ചിത്രങ്ങളാണ് തീയേറ്ററുകളില്‍ പോയി കാണാന്‍ ഇഷ്ടം. നമുക്ക്, ആകാശദൂതും, കിരീടവും, എന്റെ വീട് അപ്പൂന്റെയും പോലെയുള്ള ചിത്രങ്ങള്‍ ഇഷ്ടമാണെങ്കിലും, കിലുക്കമാണ് നമുക്ക് കുറച്ച് കൂടുതല്‍ ഇഷ്ടം. അതു ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അതു കൊണ്ടാണ്, എനിക്ക് അറിഞ്ഞു കൂടാത്ത മേഖലകളിലൂടെ ഞാന്‍ കൂടുതല്‍ സഞ്ചരിച്ചത്. രണ്ടാം സിനിമ, ഹാപ്പി ഹസ് ബന്‍ഡ്സ്, ഒരിക്കലും ഞാന്‍ ചെയ്യുമെന്ന് കരുതാത്ത സ്ലാപ്സ്റ്റിക്ക് മേഖലയിലൂടെ സഞ്ചരിച്ച ഒരു റിസ്കി അറ്റെംപ്റ്റായിരുന്നു. ഒരു നൂല്‍ പാലം പോലെ എവിടെ വേണമെങ്കിലും പൊട്ടാം, പക്ഷേ ദൈവാധീനം കൊണ്ട് അതു നല്ല രീതിയില്‍ പോയി. ചെറിയ റിസ്കെടുത്തു നോക്കിയതാണ്.

ജെ.കെ - അതില്‍ നിന്നൊരു മാറ്റമാണല്ലോ ഫോര്‍ ഫ്രണ്ടസ്?
സജി സുരേന്ദ്രന്‍ – ആദ്യത്തെ രണ്ടു സിനിമകള്‍ ആള്‍ക്കാര്‍ക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നു മനസ്സിലായത്, മൂന്നാമത്തെ സിനിമയായ ഫോര്‍ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ്. ഞാന്‍ ഒരു ചേഞ്ച് നോക്കി, ആദ്യത്തെ രണ്ടു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു സീരിയസ് ആയിട്ടുള്ള വിഷയവും, സീരിയസ് ആയിട്ടുള്ള അപ്രോച്ചും, ആഗ്രഹിച്ചാണ് ഫോര്‍ ഫ്രണ്ട്സ് ചെയ്തത്. അതു വളരെ സീരിയസ് ആയുള്ള വിഷയമാണ്. നല്ല ഡെപ്തുള്ള ഒരു വിഷയമാണത്. പക്ഷേ ചിത്രമിറങ്ങി കഴിഞ്ഞപ്പോള്‍, എല്ലാവരും പറയുന്നു, നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് ഹാപ്പി ഹസ് ബന്‍ഡ്സ് പോലെയുള്ള ഒരു ചിത്രമാണ്. അപ്പോഴാണ് ആളുകള്‍ മുന്‍ ധാരണയോടെയാണ് സിനിമ കാണാന്‍ പോകുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്, അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് നമ്മളില്‍ എത്രത്തോളം എസ്പക്റ്റേഷന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. ഫോര്‍ ഫ്രണ്ട്സില്‍ ഹ്യൂമര്‍ ഉണ്ടെങ്കില്‍ പോലും, കൂടുതല്‍ സീരിയസായുള്ള പ്രമേയമാണ്. ഞാന്‍ തന്നെ ഒന്നു മാറി ചിന്തിച്ചു നോക്കിയതാണ്, എല്ലാ സിനിമകളും ഒരേ പാറ്റേണില്‍ വരാതിരിക്കാന്‍. പക്ഷേ പ്രേക്ഷകരുടെ അഭിപ്രായം, ഹ്യൂമര്‍ എലമെന്റുള്ള ചിത്രങ്ങള്‍ മതി എന്നാണ്. അതു കൊണ്ടു തന്നെ അടുത്ത പടം മുഴു നീള ഹ്യൂമര്‍ ചിത്രമാണ്.

ജെ.കെ – മൂന്നു ചിത്രങ്ങളിലും കൃഷ്ണ പൂജപ്പുരയായിരുന്നു തിരക്കഥ. അദ്ദേഹവുമായുള്ള ഒരു വ്യക്തി ബന്ധം എങ്ങനെയാണ്? അതെങ്ങനെയാണ് ചിത്രങ്ങളെ സഹായിച്ചിട്ടുള്ളത്?
സജി സുരേന്ദ്രന്‍ – ഞങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധം തുടങ്ങുന്നത് ഞാന്‍ വിജി തമ്പി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്താണ്. സത്യമേവ ജയതേ എന്ന ചിത്രത്തിനു ശേഷം തമ്പി സാര്‍ ഒരു സീരിയല്‍ ചെയ്യാനായി വന്നു. അതൊരു ഹ്യൂമര്‍ സീരിയല്‍ ആയിരുന്നു. മഹാത്മാഗാന്ധി കോളനി എന്നായിരുന്നു ആ സീരിയലിന്റെ പേര്. അതില്‍ ഞാന്‍ തമ്പി സാറിന്റെ അസോസിയേറ്റായിരുന്നു, ആ സീരിയലായിരുന്നു കൃഷ്ണേട്ടന് ആദ്യമായി എഴുതുന്ന സീരിയല്‍. അദ്ദേഹം ലൈഫില്‍ ആദ്യമായി എഴുതുന്ന സീരിയലായിരുന്നു അത്. അതിനു മുന്നെ കുഞ്ഞു കുഞ്ഞു നുറുങ്ങുകള്‍, ഇരുപതു മിനിട്ടിന്റെ ഹാസ്യ പരിപാടികള്‍ ഒക്കെയേ എഴുതുതിയിട്ടുള്ളൂ. ഒരു പരമ്പര ആദ്യമായി എഴുതുന്നത് ഇതായിരുന്നു. തമ്പി സാറിന്റെ അസോസിയേറ്റായതിനാല്‍, ഇതിന്റെ ചാര്‍ട്ടിങ് ഒക്കെ ചെയ്തിരുന്നത് ഞാനായിരുന്നു. ഞാനുമായിട്ടായിരുന്നു അദ്ദേഹം ഏറ്റവും കൂടുതല്‍ അസോസിയേറ്റു ചെയ്തിരുന്നത്. അവിടെ തുടങ്ങുന്ന ഒരു വ്യക്തി ബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹത്തെ ഞങ്ങളെല്ലാം ഇഷ്ടപ്പെട്ടു പോകുന്നതിന്റെ കാര്യം, സെറ്റില്‍ ഞങ്ങളെയെല്ലാം തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച്, വളരെയധികം സന്തോഷകരമായ ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിക്കുമെന്നതിനാലാണ്. നമ്മുടെ ജീവിതത്തില്‍, പോസിറ്റീവായ കാര്യങ്ങളും, സന്തോഷം പകരുന്ന കാര്യങ്ങളുമെല്ലാം നമുക്കെപ്പോഴും ഇഷ്ടമാണ്. ഒരാള്‍ നമ്മളെ എപ്പോഴും സന്തോഷിപ്പിക്കുന്നു, കുഞ്ഞു നര്‍മ്മങ്ങള്‍ പറഞ്ഞു തരുന്നു, അങ്ങനെ ആ പരിചയം, ഒരു ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമായി വളര്‍ന്നു. അങ്ങനെ അസോസിയേറ്റായിരിക്കുമ്പോള്‍ തന്നെ കൃഷ്ണേട്ടനുമായുള്ള ബന്ധമാണ്. ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെ, ഊര്‍വ്വശി ചേച്ചി വിളിച്ചിട്ട് ഒരു മദ്രാസ് യാത്ര നടത്തിയപ്പോള്‍, ഡിസ്കഷനായി ഞാന്‍ ആദ്യം വിളിച്ചു വരുത്തുന്നത് കൃഷ്ണേട്ടനെയാണ്. മേഘം എന്ന സീരിയല്‍ കഴിഞ്ഞ അവസരത്തിലാണത്. അവിടെ നിന്നും നാലഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമേ ചെയ്യാന്‍ പറ്റിയുള്ളൂ. പക്ഷേ കൃഷ്ണേട്ടന്‍ ആദ്യമായി മദ്രാസ് കാണുന്നത് ഞാന്‍ വിളിച്ചു വരുത്തുമ്പോഴാണ്. അന്നേ കൃഷ്ണേട്ടന്റെ ഹ്യൂമര്‍ എഴുതാനുള്ള പൊട്ടന്‍ഷ്യന്‍ മറ്റാരേക്കാളും എനിക്കറിയാം. പക്ഷേ ഒളിഞ്ഞു കിടക്കയാണ്, ആരും കണ്ടെത്തുന്നില്ല. ഞാന്‍ അന്നേ തീരുമാനിച്ചു, ഞാന്‍ ഒരു ഹ്യൂമര്‍ സിനിമയാണ് ചെയ്യുന്നതെങ്കില്‍ അത് കൃഷ്ണേട്ടനായിരിക്കും എഴുതുക എന്ന്. ഞാന്‍ അന്നു പോയി നടന്നില്ല, പിന്നെ മന്ദാരം ചെയ്ത ശേഷം ഒരു സിനിമയ്ക്കായി ശ്രമിച്ചു, ശ്രീനിവാസനെ കഥാപാത്രമാക്കി ഒരു ചിത്രം, അതും നടന്നില്ല. കൃഷ്ണേട്ടന്‍ പലര്‍ക്കു വേണ്ടിയും സീരിയലെഴുതുന്നു, ഞാന്‍ വേറെ പലരുടേയും തിരക്കഥയില്‍ സീരിയലുകള്‍ ചെയ്യുന്നു, എന്നിരുന്നാലും സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ കൃഷ്ണേട്ടനായിരുന്നു മനസ്സില്‍, കാരണം കൃഷ്ണേട്ടന്‍ എന്തു നന്നായി എഴുതും എന്നു എനിക്കറിയാമായിരുന്നു. അങ്ങനെ, ഒടുവില്‍ കൃഷ്ണേട്ടന്‍ എനിക്കായി ഒരു സീരിയല്‍ എഴുതാനായി വന്നു, അതാണ് അമ്മയ്ക്കായ്, എന്റെ അവസാന സീരിയല്‍. അങ്ങനെ ഒരു വര്‍ഷക്കാലം ഞങ്ങളിങ്ങനെ ഒരുമിച്ചു വീണ്ടും വര്‍ക്ക് ചെയ്തു. ആയിടയ്ക്കു ഞങ്ങള്‍ക്കിടയില്‍ നടന്നിരുന്ന സംഭാഷണങ്ങളില്‍ മിക്കതും സിനിമയെ സംബന്ധിച്ചുള്ളതായിരുന്നു. വളരെക്കാലമായി സിനിമാ മോഹവുമായി നടക്കുന്ന ആളുകളായിരുന്നു ഞങ്ങള്‍ 2001 മുതല്‍ 2008 വരെ ഏകദേശം 7 വര്‍ഷത്തില്‍ ആറു മെഗാസീരിയലുകള്‍ ചെയ്തു. ഇനിയെങ്കിലും സിനിമ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന തീരുമാനം ഉണ്ടാകുന്നത് ആ കാലത്താണ്. പക്ഷേ കൃഷ്ണേട്ടന് സിനിമയോട് അത്ര താല്പര്യമില്ലായിരുന്നു, എന്റെ നിര്‍ബന്ധം മൂലം മാത്രമാണ് അദ്ദേഹം ഡിസ്കഷനൊക്കെ വന്നിരുന്നു. എന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ്, ഇവിടെ സീരിയല്‍ ഒക്കെ നിര്‍ത്തി ഞങ്ങള്‍ സിനിമയ്ക്കായി ശ്രമം തുടങ്ങിയത്. കൃഷ്ണേട്ടനെ കൂട്ടി ഞാന്‍, എന്റെ അങ്കിളിന്റെ വര്‍ക്കലയിലുള്ള റിസോര്‍ട്ടിലേക്കു പോകുന്നു. ഞാന്‍ അങ്കിളിനെ വിളിച്ച് ചോദിച്ചു, എന്റെ കയ്യില്‍ കാശൊന്നുമില്ല, ഞാന്‍ റിസോര്‍ട്ടില്‍ വന്ന് ഒരു കഥ എഴുതിക്കോട്ടേ എന്ന്. അങ്കിള്‍ നല്ലോരു വ്യക്തിയായിരുന്നു, അദ്ദേഹം സിനിമ നിര്‍മ്മിച്ചിട്ടുമുണ്ട്, അതു കൊണ്ടു തന്നെ സിനിമയുടെ ബുദ്ധിമുട്ടുകള്‍ അറിയാം. അദ്ദേഹമാണ് സുകൃതം നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് രാജന്‍ എന്നാണ്. അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, എത്ര കോട്ടേജു വേണമെങ്കിലുമെടുത്തോ, റെസ്റ്റോറന്റില്‍ എന്തെങ്കിലും ബില്ലാകുന്നെങ്കില്‍ കൊടുത്തേക്കാന്‍ മാത്രമാണ്. അങ്ങനെ അവിടെ ഇരുന്നാണ് ഇവര്‍ വിവാഹിതരായാല്‍ ഞങ്ങള്‍ എഴുതുന്നത്.  അങ്ങനെയാണ് കൃഷ്ണേട്ടനുമായിട്ടുള്ള ഒരു ബന്ധം. പൊതുവെ എന്റെ സെറ്റിലെ ആള്‍ക്കാരെല്ലാം എപ്പോഴും ഒന്നു തന്നെ ആയിരിക്കും. അതു അസിസ്റ്റന്‍സായാലും പ്രൊഡക്ഷന്‍ ബോയി ആയാലും, ഒരു ടീമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അത് മാറ്റാന്‍ എനിക്കു താല്പര്യമില്ല. സീരിയല്‍ മുതല്‍ ഞാന്‍ തുടര്‍ന്നു വരുന്ന ഒരു കാര്യമാണത്. ഇവര്‍ വിവാഹിതരായാലിനു ശേഷം അടുത്ത ചിത്രം വന്നപ്പോഴും എന്റെ ചോയിസ് കൃഷ്ണേട്ടന്‍ തന്നെ ആയിരുന്നു. ഇനി മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലും കൃഷ്ണേട്ടന്‍ തന്നെയാണ്.  തല്‍ക്കാലം അതില്‍ മാറ്റമില്ല, ഇനി ഭാവിയില്‍ കൃഷ്ണേട്ടന്‍ ബിസിയായി അദ്ദേഹത്തിനു ചെയ്യാന്‍ സാധിക്കാത്ത ഒരവസ്ഥയില്‍ അദ്ദേഹം ഇങ്ങോട്ടു പറയുന്നതു വരെ ഒരു പക്ഷേ കൃഷ്ണേട്ടനാകും എനിക്കു വേണ്ടി എഴുതുന്നത്. പിന്നെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലൊ..

ജെ.കെ – അടുത്തകാലത്തായി മലയാള സിനിമയിലേക്ക് ഒരു പാട് പുതു മുഖ സംവിധായകര്‍ കടന്നു വന്നു. പക്ഷേ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് താങ്കള്‍ക്ക്, കമലഹാസനനെന്ന അതുല്യ നടനെ മലയാളത്തില്‍ അഭിനയിപ്പിക്കുവാന്‍ കഴിഞ്ഞത്. എങ്ങനെയാണ് കമലഹാസന്‍ ഈ പ്രൊജക്ടിലേക്ക് എത്തുന്നത് ?
സജി സുരേന്ദ്രന്‍ – അതിന് പൂര്‍ണ്ണമായും നന്ദി പറയേണ്ടത് ജയറാമേട്ടനോടാണ്. ജയറാമേട്ടന്‍ എന്നൊരു വ്യക്തി ഇല്ലെങ്കില്‍ അതു സംഭവിക്കില്ലായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്നു വച്ചാല്‍, ഫോര്‍ ഫ്രണ്ട്സിന്റെ കഥ രൂപപ്പെടുന്ന സമയത്തു തന്നെ ഇത്തരം ഒരു ആലോചന ഉണ്ടായിരുന്നു. കമലഹാസന്‍ വന്നു സംസാരിക്കുന്ന 12 മിനിട്ടു നേരമുള്ള ആ രംഗം, ഇന്ത്യന്‍ സിനിമയില്‍ കമലഹാസനല്ലാതെ മറ്റാരു പറഞ്ഞാലും ശരിയാകില്ല, ഫോര്‍ ഫ്രണ്ട്സ് കണ്ടവര്‍ക്ക് അതു പെട്ടെന്നു മനസ്സിലാകും. അത്രമാത്രം ലൈഫുമായി ഇഴകി ചേര്‍ന്ന ഒരു കഥാപാത്രമാണ് നമ്മുടെ സിനിമയില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുമെടുത്ത ഒരുപാട് പോയിന്റ്സ് അദ്ദേഹം ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം, മറ്റു നാലു കഥാപാത്രങ്ങളോട് പറയുന്നുണ്ട്. ആ പറയുന്നത്, ആ നാലു കഥാപാത്രങ്ങള്‍ക്കു മാത്രമല്ല, ഈ സമൂഹത്തിനു മുഴുവനായാണ് കിട്ടുന്നത്. ഞാന്‍ ആ സിനിമ കാണുമ്പോള്‍ അത് എന്നോട് പറയുന്നതായി തോന്നും. ഞാന്‍ ജീവിതത്തെ ഭയക്കുന്ന, മരണത്തെ ഭയക്കുന്ന ഒരാളാണെങ്കില്‍, എനിക്കൊരു മോട്ടിവേഷന്‍ നല്‍കാന്‍ അതിനു കഴിയുന്നുണ്ട്. കഥയെഴുതി ഇത്തരമൊരു പോയിന്റില്‍ വന്നു നിന്നപ്പോള്‍, കമല്‍ സാര്‍ വന്നാല്‍ നന്നായിരിക്കും എന്ന് ജയറാമേട്ടനോട് പറയുമ്പോള്‍, ജയറമേട്ടനാണ് പറഞ്ഞത്, ഇത്തരമൊരു കാര്യം പറയാനാണ് വിളിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം വരും, സൌഹൃദത്തിന്റെ പേരില്‍ ഞാന്‍ പറഞ്ഞു നോക്കാം എന്ന്. ജയറാമേട്ടന്‍ അതു പുള്ളിയോട് പറഞ്ഞപ്പോള്‍, രണ്ടാമതൊന്ന് ആലോചിക്കാതെ കമല്‍ സാര്‍ സമ്മതികുകയായിരുന്നു. നാളെ പറയാം, മറ്റന്നാള്‍ പറയാം എന്നൊന്നും പുള്ളി പറഞ്ഞില്ല, ആ നിമിഷത്തില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഇതു ചെയ്യുന്നു. അത്, ഇത്രാം തീയതി മുതല്‍ ഇത്രാം തീയതി വരെ ഞാന്‍ ചെന്നൈയില്‍ ഉണ്ടാകും നിങ്ങള്‍ പ്ലാന്‍ ചെയ്തോളൂ, നമുക്കിത് ചെന്നെയില്‍ ഷൂട്ടു ചെയ്യാം എന്ന് ആ സ്പോട്ടില്‍ പുള്ളി പറയുകയായിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ത്രില്‍ഡ് ആയിരുന്നു. ഞങ്ങള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ ജയറാമേട്ടനെ കൊണ്ട് വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചു, അതൊന്നു കണ്‍ഫം ചെയ്യാനായി. പുള്ളി പറഞ്ഞത്, ഞാനൊരു വാക്കു പറഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഒരു മാറ്റവും ഇല്ല. ഞങ്ങളെയല്ലാം ഞെട്ടിപ്പിച്ച കാര്യം, ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. ഒരു മണിക്കൂറുള്ള ഒരു ഉദ്ഘാടനം ചെയ്താ ചിലപ്പോള്‍ അദ്ദേഹത്തിന് അമ്പതു ലക്ഷമോ ഒരു കോടിയോ ഒക്കെ കിട്ടും. അങ്ങനത്തെ ഐക്കണ്‍സാണല്ലോ അവര്‍. പുള്ളി ഒരു രൂപ പോലും വാങ്ങിയില്ല. സ്വന്തം കാറില്‍ വന്ന്, സ്വന്തം കോസ്റ്റ്യൂം ഉപയോഗിച്ച്, ഇങ്ങോട്ടു വിളിച്ചു പറഞ്ഞിട്ടു വന്നു ഡബ്ബ് ചെയ്തു, ഞങ്ങളെയെല്ലാം ഞെട്ടിപ്പിച്ച ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെ പാഷന്‍, ഡെഡിക്കേഷന്‍, കമിറ്റ്മെന്റ്, ഡിറ്റര്‍മിനേഷന്‍, സിനിമയോടുള്ള ഒരു ആറ്റിറ്റ്യൂഡ് ഇതൊക്കെ, ഓരോ വ്യക്തിയും കണ്ടു പഠിക്കേണ്ടതാണ്. ഞാന്‍ രണ്ടു സിനിമ മാത്രം ചെയ്ത തുടക്കക്കാരനാണ്. അദ്ദേഹം എന്റെയടുത്തു വന്ന്, സാര്‍, എല്ലാം ഓ.കെയാണോ സാര്‍ എന്നൊക്കെ ചോദിക്കുമ്പോള്‍, ഞാന്‍ വല്ലാതെ ചൂളിപ്പോയിട്ടുണ്ട്. അദ്ദേഹം നോക്കിയതു വയസ്സോ എക്സ്പീരിയന്‍സോ അല്ല. സംവിധായകന്‍ എന്ന ആ പദവിക്ക് അദ്ദേഹം ഒരു ബഹുമാനം കൊടുക്കുകയാണ്. ഞാന്‍ മലയാളത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭിനയിക്കുന്നത്, എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറയണം, നമുക്ക് വീണ്ടും എടുക്കാം, പറയാനൊന്നും വിഷമിക്കരുത് കേട്ടോ, ഒരു പ്രാവശ്യം തെറ്റി എന്നു വച്ച് പറയാന്‍ മടിക്കരുത് എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഒന്നും തെറ്റിയിട്ടുമില്ല, അദ്ദേഹം ഏതു ചെയ്താലും പെര്‍ഫെക്ടാണ്. സിനിമ കാണുമ്പോള്‍ അറിയാം, അതില്‍ ഏകദേശം നാല് നാലര മിനിട്ടു വരുന്ന ഒരു സിംഗിള്‍ റൌണ്ട് ട്രോളി ഷോട്ടുണ്ട്. ഫസ്റ്റ് ടേക്ക് ഓ കെയാണ്, പ്രോംറ്റിങ് ഇല്ലാതെ. ഇവിടുത്തെ ആര്‍ട്ടിസ്റ്റുകള്‍ പ്രോംറ്റിങ്ങിന്റെ സഹായം തേടാറുണ്ട് പലപ്പോഴും. അദ്ദേഹം ഒരു മൂന്നു ആവര്‍ത്തി ഡയലോഗുകള്‍ വായിച്ച് കാണാതെ പഠിച്ചിട്ട്, ഒറ്റ ടേക്കാണ്. ഈ ഒറ്റ ടേക്കില്‍ ഡയലോഗ് മെമ്മറിയില്‍ വരണം, ടൈമിംഗ്, ക്യാമറക്കൊപ്പിച്ച് പൊസിഷന്‍സ് വരണം, എല്ലാവരേയും ഫേവര്‍ ചെയ്യണം, ഇത്രയും കാര്യങ്ങള്‍ ആദ്യത്തെ ടേക്കില്‍, മലയാളത്തില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന അദ്ദേഹം ചെയ്തപ്പോള്‍, നമ്മളോക്കെ അത്ഭുതപ്പെട്ടുപ്പോയി, ഒടുവില്‍ കയ്യടിച്ചു പോയി. ഓരോ ഷോട്ടു കഴിഞ്ഞും ഞങ്ങളെ വിളിച്ചു കൊണ്ടു പോയി, പഴയ കാര്യങ്ങള്‍ പറഞ്ഞും, കളി തമാശ ചിരിയൊക്കെയായി, ഒരുപാട് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പറയുക, അങ്ങനെ ഞങ്ങളെ ടോട്ടലി അത്ഭുതപ്പെടുത്തിയ പ്രതിഭാസമാണ്. താങ്കള്‍ ചോദ്യത്തില്‍ പറഞ്ഞതു പോലെ അതൊരു ദൈവാനുഗ്രഹമാണ്, ഒരു മഹാഭാഗ്യമാണ്. എത്രത്തോളം ഇവിടുത്തെ ആളുകള്‍ അതു മനസ്സലാക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ജയറാമേട്ടനിലൂടെ ദൈവം ഞങ്ങള്‍ക്കാ ഭാഗ്യം തന്നു, അത്രയുമേ പറയാന്‍ പറ്റൂ…

ജെ.കെ – താങ്കള്‍ ചെയ്ത മൂന്നു ചിത്രങ്ങള്‍ നോക്കിയാലും, അതില്‍ കോമണായുള്ള ഫാക്ടര്‍ ജയസൂര്യയാണ്. വളരെയധികം വ്യത്യസ്തങ്ങളായ വേഷങ്ങളില്‍ നാമിന്ന് ജയസൂര്യയെ കാണുന്നു. എങ്ങനെയാണ് ജയസൂര്യയുമായുള്ള ആ രസതന്ത്രം?
സജി സുരേന്ദ്രന്‍ – ജയസൂര്യയെ ഞാന്‍ പരിചയപ്പെടുന്നത് സീരിയല്‍ ചെയ്യുന്ന സമയത്താണ്. അതും ഞാനായിട്ട് അങ്ങോട്ടു പരിചയപ്പെട്ടതല്ല. എന്റെ ആദ്യത്തെ ടെലി ഫിലിം ഡിസംബര്‍ മിസ്റ്റിന്റെ കഥ, പ്രിഥ്വിരാജില്‍ നിന്നും കേട്ടിട്ട്, ജയനെന്നെ പോണ്ടിച്ചേരിയില്‍ നിന്നും ഫോണ്‍ വിളിക്കയായിരുന്നു. “ഞാന്‍ ജയസൂര്യയാണ്, സിനിമയിലൊക്കെ അഭിനയിക്കുന്ന ജയസൂര്യ”, “ആ ഞാന്‍ കേട്ടുട്ടുണ്ട്, എന്താ വേണ്ടെ?” ഞാന്‍ അങ്ങനെ കളിയാക്കി ഫോണ്‍ കട്ടു ചെയ്തു. ഞാന്‍ വിചാരിച്ച് എന്നെ പറ്റിക്കാനാരെങ്കിലും ചെയ്യുന്നതാവും, എന്തായാലും ജയസൂര്യ എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ. മൂന്നാമത്തെ പ്രാവശ്യം കട്ടു ചെയ്യുന്നതിനു മുന്നെ അദ്ദേഹം പറഞ്ഞു, “ഏയ്, ഒരു സെക്കന്റ് സജി, പ്ലീസ്… കട്ട് ചെയ്യരുത്, സീരിയസിലി ഞാന്‍ ജയസൂര്യയാണ്, ഞാനിപ്പോള്‍ പോണ്ടിച്ചേരിയിലാണ്, എന്റെ തൊട്ടടുത്തെ പ്രിഥ്വിരാജുണ്ട്. ഞാന്‍ വേണമെങ്കില്‍ കൊടുക്കാം. പ്രിഥ്വിരാജാണ് നിങ്ങളെക്കുറിച്ച് പറയുന്നത്. നിങ്ങളുടെ ടെലിഫിലിം ഡിസംബര്‍ മിസ്റ്റിന്റെ കഥ കേട്ടു ഞാന്‍ ഭയങ്കര ത്രില്ലടിച്ചു. ഇത്തരം കഥയെടുത്തെ ടെലിഫിലിമായി ചെയ്യാമെങ്കില്‍, നല്ലൊരു കഥയെടുത്ത് നല്ലൊരു സിനിമ ചെയ്തൂടെ? ഞാന്‍ അതിന്റെ ഫുള്‍ സപ്പോര്‍ട്ടു തരാം. ഡേറ്റാണെങ്കിലും ഞാന്‍ അഡ്ജസ്റ്റ് ചെയ്തു തരാം”, അങ്ങനെ തുടങ്ങുന്ന ഒരു ഫോണ്‍ സൌഹൃദമാണ് ജയസൂര്യയുമായി. ജയന്‍ തന്നെ എനിക്കൊരു പ്രൊഡ്യൂസറെ വിട്ടിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിട്ട്, അതൊന്നും നടക്കാതായിട്ടുണ്ട്. എന്റെ ടെലിഫിലിമിന്റെ കഥ കേള്‍ക്കുകയും, പിന്നീട് ആലിപ്പഴം പലപ്പോഴും കാണുകയും, പലപ്പോഴും ഫോണിലൂടെ വിളിച്ച്, “ഈ എപ്പിസോഡ് നന്നായിട്ടുണ്ട്, നിങ്ങളു സിനിമയിലേക്കു വാ”, എന്നു നിരന്തരം പറയുന്ന ഒരു ഫോണ്‍ സൌഹൃദം ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ രൂപപ്പെട്ടു. അതും ഞങ്ങള്‍ തമ്മില്‍ കാണുന്നൊന്നുമില്ല. തിരുവനന്തപുരത്ത് എപ്പോഴോ പാസ് ചെയ്തു പോയപ്പോള്‍ എന്റെ ഷൂട്ടിങ് കണ്ട് ലോക്കേഷനിലിറങ്ങി. പിന്നെയും മേഘം കാണുമ്പോഴും, മന്ദാരം കാണുമ്പോഴും വിളിച്ചു പറയും, “നിങ്ങളൊന്നു സിനിമയിലേക്കു വാ മനുഷ്യ, ഞങ്ങളൊക്കെ ഇല്ലേ? “ എന്നൊക്കെ പറഞ്ഞ്, എനിക്കൊരു കോണ്‍ഫിഡന്‍സ് തരുമായിരുന്നു ജയന്‍. അതു പോലെ തന്നെ സിനിമയില്‍ എന്റെ ബെസ്റ്റ് ഫ്രണ്ടെന്നു പറയുന്നത് ഇന്ദ്രജിത്താണ്, ഇന്ദ്രനും ഇതുപോലെ പറയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും ഒന്നും നടന്നില്ല. പിന്നെ ഇവര്‍ വിവാഹിതരായാലിന്റെ കഥ രൂപപ്പെട്ടപ്പോള്‍, ധൈര്യമായി, ഇവന്‍ എപ്പോഴും പറയുന്നതാണല്ലോ എന്നോര്‍ത്ത് ആ കഥയുമായി ജയനെ സമീപിക്കുന്നത്. ജയനെ വിളിച്ചപ്പോള്‍, “ഞാന്‍ നിന്നെ എത്ര നാളായി വിളിക്കുന്നു, നീയിങ്ങു വാ, ഞാനിവിടെ ലോലിപ്പോപ്പിന്റെ സെറ്റില്‍ ഉണ്ട്”, എന്നു പറഞ്ഞ്, അവിടെ ചെന്നു കഥപറയുകയും, പറഞ്ഞപ്പോള്‍ തന്നെ ജയനത് ഇഷ്ടപ്പെടുകയും ഡേറ്റ് തരികയും, അവിടെ തുടങ്ങുന്നു കുറച്ച് കൂടുതല്‍ അടുപ്പം. അതു ആദ്യമായി. പിന്നെ ഹാപ്പി ഹസ് ബന്‍ഡ്സില്‍ ഒരു കഥാപാത്രം വന്നപ്പോള്‍, മത്തായി എന്ന കഥാപാത്രം അതും ജയനു നല്‍കി. ഒരു പക്ഷേ ജയനു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു അത്. പക്ഷേ, ഫോര്‍ ഫ്രണ്ട്സിലെ ജയന്റെ കഥാപാത്രം, ഇതൊരു ജയസൂര്യ ചിത്രമെന്നു വേണമെങ്കില്‍ പറയാം. അതു മാത്രമല്ല, ഇതു ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബെസ്റ്റാണ്. ഈ ചിത്രം കണ്ടിട്ടു പലരും പറഞ്ഞു അത്, മണിയന്‍ പിള്ള രാജു ചേട്ടന്‍ പറഞ്ഞത്, “അടുത്ത വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ്, ജയസൂര്യയ്ക്ക് കൊടുത്താല്‍ പോലും ആരും അത്ഭുതപ്പെടില്ല, കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ” എന്നാണ്. അത്ര നല്ല പെര്‍ഫോര്‍മന്‍സാണ് ജയന്റേത്. അത്ര റിയലിസ്റ്റിക്കായി, കരിയര്‍ ബെസ്റ്റായി ജയന്‍ ഇതു ചെയ്തിട്ടുണ്ട്. ആ ഒരു റാപ്പോ ഉണ്ട് ഞങ്ങള്‍ തമ്മില്‍, ആ ഒരു വേവ് ലെങ്ത് മാച്ച് ഉണ്ട്. പറഞ്ഞു കൊടുക്കുന്നത് ഇരട്ടിയാക്കി അവന്‍ പെര്‍ഫോം ചെയ്യുക, ആ ഒരു കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. പിന്നെ ജയനു പറ്റുന്ന ഒരു വേഷം വരുമ്പോള്‍, എനിക്ക് അവനിലും, അവന് എന്നിലും ഒരു വിശ്വാസം. നാലാമത്തെ പടത്തില്‍ അവനില്ല. അടുത്തതില്‍ ചിലപ്പോള്‍ വീണ്ടും കാണും. എന്നാലും ആ ഒരു കെമിസ്ട്രി ഉണ്ട്.

ജെ.കെ – വളരെ കോമണ്‍ ഫാക്ടറായി എനിക്കു തോന്നിയ മറ്റൊരു കാര്യം, സംഗീതം നിര്‍വഹിച്ചിച്ചിരിക്കുന്ന എം,ജയചന്ദ്രനാണ്.? എന്താണ് അതിനു പിന്നിലെ രഹസ്യം?
സജി സുരേന്ദ്രന്‍ – ഒന്നുമില്ല, ജയചന്ദ്രന്‍ ചേട്ടന്‍ സിനിമയില്‍ ബിസി ആകുന്നതിനു മുന്നെ, സ്ഥിരമായി വര്‍ക്ക് കൊടുത്തു കൊണ്ടിരുന്ന ഡയറക്ടര്‍ വിജി തമ്പി സാറാണ്. അതു സീരിയലും അതെ, സിനിമയുമതെ. ഒരു കാലത്തെ വിജി തമ്പി സാറിന്റെ എല്ലാ ചിത്രങ്ങളിലും ജയചന്ദ്രന്‍ ചേട്ടനായിരുന്നു, അന്ന് അദ്ദേഹം സിനിമയിലേക്ക് കയറി വരുന്നതേയുള്ളൂ. ആ സമയത്ത് ഞാന്‍ അവിടെ അസോസിയേറ്റാണ്. അന്നു മുതല്‍, കമ്പോസിങ് സമയത്ത് ഞങ്ങള്‍ ഒരുമിച്ചുണ്ടാകാറുണ്ട്. ഏതെങ്കിലും ഫ്ലാറ്റൊക്കെയെടുത്ത് കമ്പോസിങ്ങിനായി ഇരിക്കുന്ന അവസരത്തില്‍, ഞാന്‍ ഒരു റൂമില്‍, മറ്റെ റൂ‍മില്‍ കുട്ടന്‍ ചേട്ടന്‍, ഞങ്ങള്‍ കുട്ടന്‍ ചേട്ടന്‍ എന്നാണ് വിളിക്കുന്നത്, ഹാര്‍മോണിയവുമായി ഇരിക്കുന്നുണ്ടാകും. അന്നു മുതല്‍ക്കു തന്നെ, കുട്ടന്‍ ചേട്ടനുമായി, ലാലേട്ടന്റെ കാര്യം പറഞ്ഞതു പോലെ ഒരു ചേട്ടന്‍ അനിയന്‍ ബന്ധം ഉടലെടുത്തിരുന്നു. നാച്യുറലി അതു വളര്‍ന്നു വളര്‍ന്ന്, ആദ്യത്തെ ടെലിഫിലിം ഡിസംബര്‍ മിസ്റ്റ് ചെയ്തപ്പോള്‍, കുട്ടന്‍ ചേട്ടന്‍ തന്നെയാണ് ചെയ്തു തന്നത്, പൈസ പോലും മേടിക്കാതെ. രണ്ടാമത്തെ ടെലി ഫിലിം ആഴം ചെയ്തപ്പോഴും കുട്ടന്‍ ചേട്ടന്‍ തന്നെയാണ് ചെയ്തത്. അതിലും പൈസ മേടിച്ചില്ല. വിലോലം ചെയ്തപ്പോള്‍, അദ്ദേഹം പറഞ്ഞു, കുറച്ച് ഇന്‍സ്ട്രമെന്‍സ് ഇതിനായി ആവശ്യം വരും. ഇതു ഷൂട്ടു ചെയ്ത് കുട്ടന്‍ ചേട്ടനെ കാണിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, “ഇതു ഉഗ്രന്‍ സാധനമാണ്, മ്യൂസിക്കിന് നല്ല പ്രാധാന്യം കൊടുക്കണം. മദ്രാസില്‍ നിന്നു കുറച്ച് ആളുകളെ വിളിച്ച്, സന്തൂര്‍ സരോദ്, സാരംഗ്, സിത്താര്‍ തുടങ്ങിയ ഇന്‍സ്ട്രമെന്‍സ് തന്നെ വായിച്ചാലെ ശരിയാവുകയു, അല്ലാതെ എനിക്കു വായിക്കാന്‍ തൊന്നുന്നില്ല. അതു കുറച്ച് ചിലവുണ്ടാകും. കുറച്ചു പൈസ ഞാന്‍ എന്റെ കയ്യില്‍ നിന്നും ഇടാം, എനിക്ക് അഞ്ചു പൈസാ വേണ്ടാ, സിദ്ധിഖേട്ടനായിരുന്നു അതിന്റെ നിര്‍മ്മാതാവ്, സിദ്ധിക്കേട്ടന്റെ കയ്യില്‍ നിന്നും കുറച്ചു മുടക്ക്, പറ്റുമെങ്കില്‍ സജിയും കുറച്ചു മുടക്ക്, ഏകദേശം 15 രൂപയോളം വരും അതിന്റെ ചിലവ്” എന്നു പറഞ്ഞു. ആ കാലഘട്ടത്തില്‍ സംഗീതത്തിനാകെ മുടക്കിയിരുന്നത് 1000-1500 രൂപ മാത്രമായിരുന്നു. 15 രൂപ, കുട്ടന്‍ ചേട്ടന്‍ 5, സിദ്ധിഖേട്ടന്‍ 5, പിന്നെ ഞാനും 5, അങ്ങനെ ഇട്ടിട്ടാണ് അതിന്റെ മ്യൂസിക്ക് ചെയ്തത്. വെറൂം 22 മിനിട്ടുള്ള ഷോര്‍ട്ട് ഫിലിമായാലും അതിന് സംഗീതത്തിന് പ്രാധാന്യമുണ്ടെന്ന് പറഞ്ഞതു മാത്രമാണത് ചെയ്തത്. കുട്ടന്‍ ചേട്ടന്റെ റീഡിങ് കറക്ടായിരുന്നു. ആ വര്‍ഷത്തെ, മികച്ച സംഗീത സംവിധായകനുള്ള ടെലിഫിലിം അവാര്‍ഡ് കുട്ടന്‍ ചേട്ടനു കിട്ടി. പിന്നെ കുട്ടന്‍ ചേട്ടനായിരുന്നു എല്ലാം. മേഘം സീരിയല്‍, മന്ദാരം എല്ലാം കുട്ടന്‍ ചേട്ടനായിരുന്നു മ്യൂസിക്ക്. ന്യാചുറലി ഒരു സിനിമ ചെയ്തപ്പോല്‍ എന്റെ ചോയിസ് കുട്ടന്‍ ചേട്ടനായിരുന്നു. ഞാന്‍ അങ്ങോട്ടു തിരിഞ്ഞു പോലും നോക്കിയില്ലെങ്കിലും, ഞാന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ ഭംഗിയായി കുട്ടന്‍ ചേട്ടന്‍ മ്യൂസിക്ക് ചെയ്യുകയും ചെയ്യും. അതാണ് കുട്ടന്‍ ചേട്ടനിങ്ങനെ തുടര്‍ന്നു വരുന്നത്.

ജെ.കെ – ക്യാമറാ മാന്‍ അനില്‍ നായര്‍, അദ്ദേഹവും താങ്കളുടെ എല്ലാ പ്രൊജക്ടിലും ഉണ്ടായിരുന്നു. സീരിയല്‍ മുതല്‍ തൂടങ്ങിയ സൌഹൃദമാണൊ ഇതിന്റേയും പിറകില്‍?
സജി സുരേന്ദ്രന്‍ – ആലിപ്പഴം മുതല്‍ അനി ചേട്ടന്‍ എന്റെ കൂടെയുണ്ട്. ഇതു വരെ പിരിയാത്ത രണ്ടു പേര്‍ ഞാനും അനി ചേട്ടനുമാണ്. ഇങ്ങു ഫോര്‍ ഫ്രണ്ട്സ് വരെ അനി ചേട്ടനാണ് എന്റെ ക്യാമറാമാന്‍. അതും ഒരു കൂട്ടുകെട്ടാണ്, എനിക്കു തോന്നുന്നു, ഇന്‍ഡസ്ട്രിയിലേ അങ്ങനെ ഒരു കൂട്ടുകെട്ടുണ്ടാവില്ല എന്ന്, കാരണം ഞങ്ങള്‍ അങ്ങനെ ഒരു കൂട്ടുകെട്ടാണ്, സീരിയല്‍ മുതല്‍ സിനിമ വരെ. അനി ചേട്ടനിന്ന് എത്രയോ ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സ് ചെയ്യുന്നത് അനി ചേട്ടനാണ്. വളരെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്. നമ്മളെല്ലാം സീരിയലില്‍ നിന്നും വന്ന്, അനി ചേട്ടന്‍ ജോഷി സാര്‍ വരെ എത്തി. അതിനു കാരണം ജോഷി സാറിന്, ഹാപ്പി ഹസ് ബന്‍ഡ്സും ഇവര്‍ വിവാഹിതരായാലും ഭയങ്കരമായിട്ട് ഇഷ്ടമായി. അങ്ങനെയാണ് അനി ചേട്ടനെ ക്രിസ്ത്യന്‍ ബ്രദേഴ്സിലേക്ക് വിളിക്കുന്നത്. അതൊരു ഭയങ്കര സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മുടെ കഷ്ടപ്പാടിനു ലഭിക്കുന്ന പ്രതിഫലമോ, അല്ലെങ്കില്‍ സീരിയലില്‍ നിന്നും വന്നതു കൊണ്ട് അകറ്റി നിര്‍ത്തിയിരുന്ന ആള്‍ക്കാര്‍, സിനിമയുടെ ടോപ് ലെവലിലേക്കൊക്കെ പോകുക എന്നു പറയുന്നത്, നമുക്കൊക്കെ അഭിമാനത്തോടെ നോക്കി നില്‍ക്കാവുന്ന ഒരു കാര്യമാണ്. ഈ കൂട്ടുകെട്ടുകളിലുള്ള എല്ലാവരും തന്നെ അടുത്തടുത്തായാണ് താമസിക്കുന്നത്. അനി ചേട്ടനായാലും, കൃഷ്ണേട്ടനായാലും, എഡിറ്റര്‍ മനോജായാലും, കുട്ടന്‍ ചേട്ടനായാലും, എല്ലാ മെയില്‍ ആള്‍ക്കാരും ഇവിടെ ഒരു കിലോമീറ്ററിനുള്ളില്‍ തന്നെയാണ് താമസവും. അതു ഞങ്ങള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷനും അസോസിയേഷനും ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

ജെ.കെ – ആദ്യ ചിത്രത്തിലെ ഹിറ്റുഗാനം “എനിക്കു പാടാന്‍..”, അതു പാടിയ സൈനോജ്  ഇന്നു നമ്മോടൊപ്പം ഇല്ല. എന്താണ് സൈനോജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
സജി സുരേന്ദ്രന്‍ – അതിന്റെ ഒരു ദുഖം വളരെ വലുതാണ്. സൈനോജിനെ ഞാന്‍ ആദ്യം കാണുന്നത്, കുട്ടന്‍ ചേട്ടന്റെ കൂടെയാണ്. കുട്ടന്‍ ചേട്ടനെ ഞാന്‍ പൂര്‍ണ്ണമായും അങ്ങ് ഏല്‍പ്പിക്കുമ്പോള്‍, ഞാന്‍ ഒരു കാര്യമേ പറഞ്ഞുള്ളു. “എന്റെ ആദ്യത്തെ സിനിമ, ഞാന്‍ ഒരു പുതുമുഖമാണ്. ഞങ്ങളെല്ലാവരും തുടക്കക്കാരാണ് സിനിമയില്‍. ഞങ്ങള്‍ക്കൊപ്പം കുറച്ച് പുതിയ കുട്ടികള്‍ക്കും അവസരം കൊടുക്കണം ഇതില്‍. നാലു പാട്ടില്ലെ, എല്ലാം പുതിയ ആള്‍ക്കാര്‍ പാടട്ടെ. എല്ലാ കുട്ടികളേയും കുട്ടന്‍ ചേട്ടന്‍ തന്നെ സെലക്ട് ചെയ്തോ. പക്ഷേ പുതിയ ആള്‍ക്കാരായിരിക്കണം.“ അങ്ങനെ പുതിയ പിള്ളേരെ സെലക്ട് ചെയ്തപ്പോഴാണ്, കുറെക്കാലമായി കുട്ടന്‍ ചേട്ടന്റെ കൂടി അസിസ്റ്റന്റു പോലെ നില്‍ക്കുന്ന സൈനോജ്, ആദ്യത്തെ ഗന്ധര്‍വ്വ സംഗീതം (2003), അതിലെ വിജയി കൂടിയാണ്. സൈനോജിനെക്കൊണ്ട് ഈ പാട്ട് ട്രാക്ക് പാടിച്ചു. എന്നിട്ട് എന്നെ വിളിച്ച് കേള്‍പ്പിച്ചു. അതു പോലെ രതീഷ് പാടിയ ട്രാക്കും. എല്ലാ പാട്ടും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, “സൈനോജ് പാടിയതും നന്നായിട്ടുണ്ട്, രതീഷ് പാടിയതും നന്നയിട്ടുണ്ട്. ഇവര്‍ക്കിതൊരു ലിഫ്റ്റാകുമെങ്കില്‍, ഇവര്‍ തന്നെ പാടട്ടേ”. “എന്റെയും മനസ്സില്‍ അതുണ്ട്, പക്ഷേ സജിയാണ് ഒരു തീരുമാനം എടുക്കേണ്ടത്”, എന്നാണ് കുട്ടന്‍ ചേട്ടന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു. “എനിക്കു വളരെ സന്തോഷം, കുട്ടന്‍ ചേട്ടന്റെ കോണ്‍ഫിഡന്‍സ് മാത്രം മതി.“ സൈനോജ് ഒരു അസാധ്യ സിങ്ങറാണെന്ന് അന്നേ അറിയാം. എന്നെ ഇതു കേള്‍ക്കാന്‍ വിളിപ്പിച്ചപ്പോള്‍, സൈനോജും മറ്റു പുതിയ പാട്ടുകാരുമെല്ലാം അവിടെ ഉണ്ട്. അന്ന് അവിടെ പാടിയതെല്ലാം തന്നെ എനിക്കിഷ്ടപ്പെട്ടു, അവരെ തന്നെ ഫിക്സ് ചെയ്യുകയും ചെയ്തു. ആ പാട്ടു ഹിറ്റാകുകയും, സൈനോജിന് അതൊരു ബ്രേക്കായി മാറുകയും ചെയ്തത്. പക്ഷേ അതു അധിക കാലം നീണ്ടു നിന്നില്ല എന്നതു മാത്രമാണ് ഒരു സങ്കടം. സൈനോജ് വളരെ സന്തോഷവാനായിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം, വളരെ പോസ്റ്റിറ്റീവ് ആറ്റിറ്റ്യൂഡുള്ള ഒരു പയ്യനായിരുന്നു. അടുത്ത പടം വന്നപ്പോള്‍, കുട്ടന്‍ ചേട്ടന്റെ അടുത്തു ഞാന്‍ പറഞ്ഞത്, “പുതിയ ആള്‍ക്കാര്‍ക്ക അവസരം കൊടുക്കണം, പിന്നെ കുട്ടന്‍ ചേട്ടന്റെ ഇഷ്ടം, എനിക്കു എക്സ്പിരിമെന്റ് ചെയ്യാനാണ് ഇഷ്ടം” എന്നാണ്. കുട്ടന്‍ ചേട്ടന്‍ പറഞ്ഞു, “എന്റെയടുത്ത് സൈനോജുണ്ട്, സൈനോജിന് ഈ പടത്തില്‍ പാട്ടില്ല എന്നു സജി തന്നെ പറഞ്ഞേക്ക്”, എന്നു പറഞ്ഞ് ഫോണ്‍ സൈനോജിനു കൊടുത്തു. ഞാന്‍ പറഞ്ഞു, “സൈനോജേ, കുട്ടന്‍ ചേട്ടന്‍ പറഞ്ഞതു കേട്ടല്ലോ, ഇത്തവണ സൈനോജിനു പറ്റിയ പാട്ടില്ല”. “അയ്യോ, ഒരു വിഷവുമില്ല ചേട്ടാ, എല്ലാ സിനിമകളിലും നമ്മള്‍ പാടണമെന്നില്ലല്ലോ, സിനിമയില്‍ പാട്ടു നന്നായാല്‍ മതി, ഇത് ഞാന്‍ കൂടെ നില്‍ക്കുന്നുണ്ട് കുട്ടന്‍ ചേട്ടന്റെ, കമ്പോസിങ് കഴിഞ്ഞു, നാലും നല്ല പാട്ടുകളാണ്, നല്ല രസമായിട്ടു വന്നിട്ടുണ്ട് കേട്ടൊ., ഞാന്‍ പാര്‍ത്ഥിക്കാം”, എന്നൊക്കെ പറഞ്ഞ് ഫോണ്‍ വച്ചു. ഏകദേശം രണ്ടാഴ്ചക്കു ശേഷമായിരുന്നു സൈനോജിന്റെ മരണം. ഒരു പാടു പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചിട്ടു പോയി എന്നു വേണമെങ്കില്‍ പറയാം. അത്ര നല്ല വോയിസിന്റെ ഉടമസ്ഥനായിരുന്നു സൈനോജ്.

ജെ.കെ – മൂന്നു ചിത്രങ്ങള്‍ ഇറങ്ങി, അതിനു ശേഷം വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
സജി സുരേന്ദ്രന്‍ – വിമര്‍ശനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ട്. പക്ഷേ അതിനെ വളരെ പോസിറ്റീവായാണ് ഞാന്‍ എടുക്കുന്നത്. ഇപ്പോള്‍ തന്നെ, സിനിമ ഇറങ്ങി സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍, ഞാന്‍ അങ്ങോട്ടു പറയുന്ന കാര്യം, “പ്ലീസ്, ദയവായി നെഗറ്റീവ്സ് പറയുക“, കാരണം പുകഴ്ത്തി പറയുവാനും, ഇതു ഭയങ്കര മഹത്തരമാണെന്നു പറയുവാനും ധാരാളം ആളുകള്‍ ഉണ്ടാവും, അതു തന്നെയാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് നെഗറ്റീവായി തോന്നിയ കാര്യങ്ങള്‍ പറഞ്ഞാലെ, നമുക്ക് അടുത്ത സിനിമയില്‍ അത് കറക്ട് ചെയ്തു പോകുവാന്‍ സാധിക്കുകയുള്ളൂ. അതെനിക്കു കേള്‍ക്കാന്‍ ഇഷ്ടമാണ്, അതിനെ പോസിറ്റീവായി സമീപിക്കുവാനാണ് എനിക്കിഷ്ടം. ഇവര്‍ വിവാഹിതരായം ഇറങ്ങിയപ്പോള്‍, ചിലര്‍ പറഞ്ഞു, അതിലെ ചില രംഗങ്ങള്‍ സീരിയലു പോലെയാണല്ലോ എന്ന്, അതിനെ ഞങ്ങള്‍ വളരെ പോസിറ്റീവായി എടുത്ത്, അടുത്ത സിനിമയില്‍ അതു പരമാവധി ഒഴിവാക്കുവാന്‍ ശ്രമിച്ചു. ഹാപ്പി ഹസ് ബന്‍ഡ്സ് ഇറങ്ങിയപ്പോള്‍ അധികം വിമര്‍ശനങ്ങള്‍ കേട്ടില്ല, അതു ഭയങ്കര സിനിമാറ്റിക്കായിരുന്നു, ബോയിങ് ബോയിങ് പോലെയായിരുന്നു, ആള്‍ക്കാര്‍ അതു നന്നായി ആസ്വദിച്ചു എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. 172 ദിവസമാണ് ആ ചിത്രം ഓടിയത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ചിത്രം അത്രയും ദിവസം ഓടുന്നത്. അതു കഴിഞ്ഞ് ഫോര്‍ ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ വന്നത്. അതായത്, “എന്നില്‍ നിന്നും ഹ്യൂമറാണ് പ്രതീക്ഷിച്ചത്, ഞാന്‍ ഹ്യൂമര്‍ ചെയ്താല്‍ മതി, നിങ്ങളെന്തിനാണ് സീരിയസ് വിഷയം ചെയ്തത്, നിങ്ങളുടെ സിനിമകളില്‍ ചിലപ്പോള്‍ ഏറ്റവും മികച്ച സിനിമയായിരിക്കാം, അതു സംശയമില്ല, പക്ഷേ നിങ്ങളുടെ സിനിമ കാണാന്‍ ഞങ്ങള്‍ തീയേറ്ററിലേക്കു പോകുന്നത് ചിരിച്ച് ആസ്വദിക്കാനാണ്“, അങ്ങനെ പലതും. പക്ഷേ ഞാനെല്ലാം പോസിറ്റീവായാണ് എടുത്തിട്ടുള്ളത്. അതു കൊണ്ട് അടുത്ത സിനിമ ചെയ്യുമ്പോള്‍, ഇതാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍, നിര്‍മ്മാതാവ് നമ്മളെ വിശ്വസിച്ച് മുടക്കുന്ന കാശ് തിരിച്ചു കിട്ടണമെങ്കില്‍, അവരുടെ പ്രതീക്ഷക്കൊപ്പിച്ചൊരു പടം നമ്മള്‍ ചെയ്യണം. നമ്മുടെ മാനസികാവസ്ഥയ്ക്കനുസരിച്ചും, നമ്മുടെ സ്വാതന്ത്ര്യത്തിനനുസരിച്ചും, അല്ലെങ്കില്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ചും, വര്‍ക്കു ചെയ്യാന്‍ ഒരു പക്ഷേ ഇനിയും വളരെക്കാലം എടുത്തെന്നിരിക്കും. പ്രിയദര്‍ശന്‍ സാര്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാലാപാനി ചെയ്തത്, അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാഞ്ചീവരം ചെയ്തത്. അതു അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്കായി ചെയ്തത്, അതു വരെ നിര്‍മ്മാതാക്കള്‍ക്കായാണ് അദ്ദേഹം ചിത്രങ്ങള്‍ ചെയ്തത്. അതു പോലെ നമ്മളിലും ഒരു പ്രതീക്ഷ പ്രേക്ഷകര്‍ വച്ചു പുലര്‍ത്തുന്നു എന്നറിയുന്നത് ഫോര്‍ ഫ്രണ്ട്സ് ഇറങ്ങിയപ്പോഴാണ്. അതു കൊണ്ടു തന്നെ, വിമര്‍ശനങ്ങളെ വളരെയധികം പോസിറ്റീവായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. വെറുതെ വിമര്‍ശിക്കാനായി വിമര്‍ശിക്കുന്നതല്ല, ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഇഷ്ടമാണ് എപ്പോഴും.

ജെ.കെ – ഹാപ്പി ഹസ് ബന്‍ഡ്സ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍, പ്രധാനമായും നാം കേട്ട ഒരു വിമര്‍ശനം, അത് ഹിന്ദിയിലെ നോ എന്‍ട്രി എന്ന ചിത്രത്തിന്റെ അനുകരണമാണ് എന്നാണ്. ബ്ലോഗിങ്ങില്‍ സജീവമായിട്ടുള്ള നിരൂപകര്‍ എടുത്തു കാണിച്ച ഒരു കാര്യമായിരുന്നു അത്. എങ്ങനെ വിശദീകരിക്കുന്നു ആ ഒരു സാമ്യം ?
സജി സുരേന്ദ്രന്‍ – ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിനു ശേഷം, ഉടനടി എനിക്കു കിട്ടുന്ന ചിത്രമാണ് ഹാപ്പി ഹസ് ബന്‍ഡ്സ്. ജയറാമേട്ടനെ കേന്ദ്രീകരിച്ച്, അദ്ദേഹത്തിന്റെ ഡേറ്റിനനുസരിച്ചാണ്, ആ പ്രൊജക്ട് മുന്നോട്ടു പോയത്, ശരിക്കും പറഞ്ഞാല്‍ ജയറാമേട്ടനാണ് എന്റെ പേര് നിര്‍മ്മാതാവിന്റെ അടുത്ത് മുന്നോട്ടു വയ്ക്കുന്നതും, നിര്‍മ്മാതാവ് എന്നെ വിളിക്കുന്നതും. ആ പ്രൊജക്ടിനു വേണ്ടി കഥകള്‍ ഫ്രഷായി ആലോചിക്കുന്ന സമയത്ത്, സമയം വളരെ പരിമിതമായിരുന്നു. ഞങ്ങള്‍ പല പല കഥകള്‍ ആലോചിക്കുന്ന സമയത്താണ്, ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ മിലന്‍ ജലീല്‍ ഞങ്ങള്‍ക്ക് തമിഴ് ചിത്രമായ ”ചാര്‍ളി ചാപ്ലിന്റെ” ഡിവിഡി തരുന്നത്. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്നെ ഈ ചിത്രത്തിന്റെ റൈറ്റ് വാങ്ങി വച്ചിരുന്നു. “ഇതു ഭയങ്കര ഫ്ലോപ്പ് മൂവിയാണ്, ഒന്നു കണ്ടു നോക്ക്“ എന്ന് ജലീല്‍ സാര്‍ പറഞ്ഞു. ഞങ്ങള്‍ അതു കണ്ടു നോക്കി, പക്ഷേ ഞങ്ങള്‍ക്ക് അതു ഭയങ്കര ബോറടിയായാണ് തോന്നിയത്. അതിന്റെ തലേ ദിവസം ഞാനും കൃഷ്ണേട്ടനും കൂടി പറഞ്ഞിരുന്നു, പഴയ മോഹന്‍ലാല്‍ ചിത്രമായ ബോയിങ് ബോയിങ് പോലെയൊരു സിനിമ ചെയ്താലെന്താ എന്ന്. നല്ല രസമായിരിക്കും, പെണ്ണുങ്ങളും, കുരുക്കും കാര്യങ്ങളുമെല്ലാം. പിറ്റേ ദിവസം ഞങ്ങളീ സിനിമ കാണുന്നു. ഞങ്ങള്‍ ആലോചിച്ച അതേ പോലൊരു സാധനം ദാ ദൈവമായിട്ട് മുന്നില്‍ കൊണ്ടു വന്നു തന്നിരിക്കുന്നു. ഈ സിനിമയില്‍ അതിന്റെ ഒരു എലമെന്റുണ്ട്. പക്ഷേ റീ മേക്ക് ചെയ്യാന്‍ പറ്റില്ല. നമുക്ക് ആദ്യം മുതല്‍ ഉണ്ടാക്കേണ്ടി വരും എന്നു തീരുമാനിച്ചു. അന്നു ഞങ്ങളിരുന്നു ഒരു വണ്‍ ലൈന്‍ ഉണ്ടാക്കി, ആ സമയത്ത്, ഞങ്ങള്‍ക്ക് നോ എന്‍ട്രിയെക്കുറിച്ച് അറിയില്ല. ഞങ്ങള്‍ വണ്‍ ലൈനുണ്ടാക്കി ജലീലിക്കയോട് പറഞ്ഞു, അതു കേട്ടപ്പോള്‍ ജലീലിക്ക പറഞ്ഞു, “ഇനി നിങ്ങള്‍ നോ എന്‍ട്രി എന്നു പറയുന്ന സിനിമയൊന്നു കണ്ടു നോക്ക്, നിങ്ങളോട് ആദ്യം അതിനെക്കുറിച്ച് മനപൂര്‍വ്വം പറയാത്തതാണ്“ എന്നു പറഞ്ഞ ജലീലിക്ക പറഞ്ഞു, ഞങ്ങള്‍ അതിരുന്നു കണ്ടു, അതു നന്നായിട്ടു തോന്നി, എന്നിരുന്നാലും ഞങ്ങളുണ്ടാക്കിയ വെര്‍ഷന്‍ കുറച്ചുകൂടി രസകരമായി ഞങ്ങള്‍ക്കു തോന്നി. എന്നാല്‍ ഞങ്ങള്‍ അതിനകത്തു നിന്നും, ഇന്ദ്രജിത്ത് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന രംഗം, ജോലിക്കാരിയുടെ ആദ്യത്തെ സ്വീക്വന്‍സ് അങ്ങനെ രണ്ടോ മൂന്നോ രംഗം മാത്രമാണ്, അതില്‍ നന്നായിരിക്കുന്നു എന്നു തോന്നിയിട്ട് ഞങ്ങള്‍ എടുത്തത്. ഞങ്ങളാ സിനിമയുടെ തുടക്കത്തില്‍ തന്നെ അത് എഴുതിക്കാണിച്ചിട്ടുണ്ട്. പലരും മോഷണമാണ് എന്നു പറഞ്ഞെങ്കിലും, ആ സിനിമയുടെ ക്രെഡിറ്റ് കൊടുത്തു കൊണ്ടാണ് ഞങ്ങളാ ചിത്രം ചെയ്തത്. Story of the movie adapted from the Tamil film ‘Charlie Chaplin’എന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട്.

ജെ.കെ – ഒരു പക്ഷേ അധികമാരും അതു ശ്രദ്ധിച്ചിട്ടില്ലാ എന്നു തോന്നുന്നു. കാരണം അങ്ങനെ ഒരു വിമര്‍ശനം ഉണ്ടാവണമെങ്കില്‍ അതായിരിക്കും കാരണം.
സജി സുരേന്ദ്രന്‍ – അതാണെന്നു തോന്നുന്നു. പക്ഷേ നാന സിനിമാ വാരിക, ഇതിനെ അഭിനന്ദിച്ചു കൊണ്ട് മൂന്നു പേജുള്ള ഒരു ആര്‍ട്ടിക്കള്‍ തന്നെ എഴുതിയിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഏതു സിനിമയില്‍ നിന്നാണോ ഇതെടുത്തിട്ടുള്ളത്, അവര്‍ക്ക് ക്രെഡിറ്റ് കൊടുത്തുകൊണ്ടാണ് ഇവര്‍ സിനിമ തുടങ്ങിയിരിക്കുന്നത്. ഇവിടെ പലരും അതു ചെയ്യാറില്ല. ഇവിടെ മുഴുവനായി അടിച്ചു മാറ്റുന്ന സിനിമകള്‍ക്കു വരെ ആരും ക്രെഡിറ്റ് കൊടുക്കാറില്ല. അത് ഞങ്ങള്‍ ചെയ്തതിനെ നാന അഭിനന്ദിച്ചിരുന്നു. ഒരു പക്ഷേ അങ്ങനെ ചെയ്യണം എന്നു ഞങ്ങള്‍ നിശ്ചയിച്ച്, അങ്ങനെ തന്നെ ചെയ്തതു കൊണ്ടാവാം. അതിനെ മറച്ചു വയ്ക്കേണ്ട കാര്യമില്ലല്ലോ? പലരും പക്ഷേ നോ എന്‍ട്രിയാണ് വിചാരിച്ചിരിക്കുന്നത്, ചാര്‍ലി ചാപ്ലിനെക്കുറിച്ച് അവര്‍ക്കറിവില്ല. നോ എന്‍ട്രിയുടെ റൈറ്റും ബോണി കപൂര്‍ മേടിച്ചിരിക്കുന്നത്, ചാര്‍ലി ചാപ്ലിനില്‍ നിന്നാണ്. അതു പിന്നെയാണ് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നത്. നോ എന്‍ട്രി അവിടെ വളരെ വലിയ ഹിറ്റായിരുന്നല്ലോ.

സജി സുരേന്ദ്രന്‍ – തല്‍ക്കാലം നമുക്കിവിടെ നിര്‍ത്തിയാലോ?
ജെ.കെ – വളരെയധികം ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
സജി സുരേന്ദ്രന്‍ – അതു നമുക്ക് അടുത്ത ഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാം. അതു പോരെ?

ജെ.കെ –  ഈ അഭിമുഖം ഇവിടെ അവസാനിക്കുന്നില്ല… അടുത്ത ലക്കത്തില്‍ ഇതു തുടരും.. ഇനിയും ചോദ്യങ്ങള്‍ നമുക്ക് സജിയേട്ടനോട് ചോദിക്കുവാനുണ്ട്, മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചും, സൂപ്പര്‍ താരങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ ഭാവി പരിപാടികളേക്കുറിച്ചും… ദയവായി കാത്തിരിക്കുക.. അതു വരെ നിങ്ങള്‍ക്കേവര്‍ക്കും എന്റെ നന്ദി നമസ്കാരം…

ഈ അഭിമുഖം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ നോക്കുക.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.