Saturday, September 6, 2008

പത്മശ്രീ ഭരത്‌ മമ്മൂക്കായ്ക്ക്‌ ജന്‍മദിനാശംസകള്‍....



പാനപറമ്പില്‍ മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടിക്ക്‌, ആരാധകരുടെ പ്രിയ മമ്മൂക്കയ്‌ക്ക്‌ സെപ്‌തംബര്‍ ഏഴിന്‌ ഔദ്യോഗിക രേഖ പ്രകാരം 55 വയസ്‌ തികയുന്നു. മമ്മൂട്ടി എന്ന യുവാവിന് 57 വയസ്സായി എന്ന് തര്‍ക്കിക്കുന്നവരും കുറവല്ല. യാഥാര്‍ത്ഥ പ്രായം എത്രയാണെന്ന്‌ എന്തിനറിയാണം, മലയാളിയുടെ നിത്യഹരിത യുവതാരം തന്നെയാണ്‌ മമ്മൂട്ടി. ഇത്തവണ ഓണത്തിന്‌ മമ്മൂട്ടിക്ക്‌ ചിത്രങ്ങളൊന്നും ഇല്ലെങ്കിലും സെപ്‌തംബര്‍ ഏഴ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ച്‌ മമ്മൂട്ടിഫാന്‍സ്‌ അസോസിയേഷന്‍ ആഘോഷം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. കുട്ടിക്കാലത്ത്‌ ഗായകനാകാനും എഴുത്തുകാരനാകാനും ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോഴാണ്‌ മുഹമ്മദ്‌ കുട്ടി അഭിനയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിശ്ചയിച്ചത്. വൈക്കത്തിനടുത്ത്‌ ചെമ്പില്‍ മുസ്ലീം കാര്‍ഷിക കുടുംബത്തില്‍ ഇസ്‌മയിലിന്‍റേയും ഫാത്തിമ്മയുടേയും മകനായി ജനനം.

മഹാരാജാസ്‌ കോളെജിലും എറണാകുളം ലാ കോളെജിലുമായി വിദ്യാഭ്യാസം. മഞ്ചേരിയില്‍ കോടതിയില്‍ വക്കീലായി പ്രാക്ടീസ്‌ ചെയ്യുന്നതിനിടെ 1980ല്‍ സുല്‍ഫത്തിനെ വിവാഹം കഴിച്ചു. വിവാഹത്തിന്‍റെ ആറാം ദിവസമാണ് സിനിമയില്‍ നിന്ന് ആദ്യമായി കൊള്ളാവുന്ന ഒരു ഓഫര്‍ വരുന്നത്‌. 1971ല്‍ കെ എസ്‌ സേതുമാധവന്‍റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ മഹാനടന്‍ സത്യനൊപ്പം ഒരു ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു ആദ്യ സിനിമാനുഭം. വിവാഹത്തിന്‌ ശേഷം അഭിനയിച്ച എം ടിയുടെ ‘വില്‍ക്കാനുണ്ട്‌ സ്വപ്‌നങ്ങളി’ലെ വേഷവും ‘മേള‘യിലെ സര്‍ക്കസുകാരനും ശ്രദ്ധിക്കപ്പെട്ടു. ‘തൃഷ്‌ണ’ (1981) ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ സൂപ്പര്‍ഹിറ്റ്‌. കെ ജി ജോര്‍ജിന്‍റെ ‘യവനിക’യിലെ പൊലീസ്‌ ഓഫീസറിന്‍റെ വേഷത്തിലൂടെ മമ്മൂട്ടി മലയാള സിനിമയുടെ നായക സ്ഥാനത്ത്‌ ഉറപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ ആദ്യ പകുതി മമ്മൂട്ടിയുടെ ഉയര്‍ച്ചയുടെ കാലമായിരുന്നു എങ്കില്‍ 1986ഓടെ സൂപ്പര്‍താരം കരിയര്‍ തകര്‍ച്ചയുടെ വക്കില്‍ എത്തി. ‘മമ്മൂട്ടി-പെട്ടി-കുട്ടി’ ചിത്രങ്ങള്‍ കൂട്ടത്തോടെ പൊട്ടി. ജോഷിയുടെ ‘ന്യൂഡല്‍ഹി’യിലൂടെയാണ്‌ മമ്മൂട്ടി തകര്‍ച്ചയില്‍ നിന്ന്‌ കരകയറുന്നത്‌. ‘തനിയാവര്‍ത്തന’വും 1987ലാണ്‌ റിലീസ്‌ ചെയ്‌തത്‌. പിന്നീടങ്ങോട്ട്‌ മമ്മൂട്ടിയുടേത്‌ സൂപ്പര്‍ഹിറ്റുകളുടെ കാലമാണ്‌.


തെന്നിന്ത്യയിലും ബോളിവുഡിലും പ്രവേശിച്ച മമ്മൂട്ടി ദേശീയ അന്തര്‍ദേശിയ വേദികളില്‍ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന്‌ നാല്‌ ദേശീയ പുരസ്‌കാരങ്ങള്‍, സംസ്ഥാന പുരസ്‌കാരങ്ങള്‍ ആറ്‌, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ ഒമ്പത്‌. 1998ല്‍ സര്‍ക്കാര്‍ പത്മശ്രീ നല്‌കി ആദരിച്ചു. സിനിമക്ക്‌ പുറത്ത്‌ ബിസിനസ്‌ രംഗത്തും മമ്മൂട്ടി മലയാളിക്ക്‌ ഒഴിച്ചുകൂട്ടാനാകാത്ത സാന്നിധ്യമായി. കൈരളി,പീപ്പിള്‍, വി ചാനലുകളുടെ ചെയര്‍മാന്‍, കേരള സര്‍ക്കാരിന്‍റെ അക്ഷയ പദ്ധതിയുടെ അംബാസിഡര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി കേരളത്തിന്‌ നഷ്ടമാകുമെന്ന ഘട്ടം വന്നപ്പോള്‍ ഇടനിലക്കാരനായി രംഗത്ത്‌ എത്തി രാഷ്ട്രീയ രംഗത്തും മമ്മൂട്ടി സ്വാധീനം തെളിയിച്ചു. ഇടതുപക്ഷത്തോട്‌ വ്യക്തമായ ആഭിമുഖ്യമുള്ള മമ്മൂട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന അഭ്യൂഹവും പരക്കുന്നുണ്ട്‌. എന്നാല്‍ മത്സരിക്കാനില്ലെന്ന്‌ മമ്മൂട്ടി തന്നെ വ്യക്തമാക്കി. മമ്മൂട്ടി അമ്പതുകളില്‍ നില്‍ക്കുമ്പോഴാണ്‌ കേരളത്തിലെ ഒരു പ്രമുഖ കുടുംബമാസിക അദ്ദേഹത്തെ കേരളത്തിലെ ഏറ്റവും ‘സെക്‌സ്‌ അപ്പീല്‍’ ഉള്ള നടനായി തെരഞ്ഞെടുത്തത്‌.


പ്രായമേറെയായിട്ടും മലയാള സിനിമയുടെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിക്കഴിഞ്ഞിരിക്കുന്നു മമ്മൂക്കാ...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം പത്മശ്രീ ഭരത്‌ മമ്മൂക്കായ്ക്ക്‌ ജന്‍മദിനാശംസകള്‍....

കടപ്പാട്‌: മമ്മൂട്ടിയുടെ ജന്‍മദിനത്തില്‍ ഒരു മാഗസിനില്‍ വന്ന ലേഖനം.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.