Thursday, October 21, 2010

മമ്മൂട്ടി: ഭാഷയും ദേശവും : തെക്കന്‍ തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍ (ഭാഗം രണ്ട്)

'സാറെ.സാറിന്റെ ആ വരക്കവും ഷഡന്‍ ബ്രേക്കിട്ടൊള്ള നിര്‍ത്തക്കോം കണ്ടപ്പളേ എനിക്കു സംഗതി കത്തി കേട്ടാ.ആരേലും പറഞ്ഞുവിട്ടയാന്ന് .ജ്വാലി എന്തരായാലും കൂലിയാണല്ലോ പ്രധാനം. ഇതു ഞങ്ങളു പ്വോത്തുകച്ചോടക്കാരടെ ഒരു രീതിയാണ് കേട്ടാ.തോര്‍ത്തുപൊത്തി കച്ചോടമൊറപ്പിക്കുക. ദാ പിടിക്ക്. അഞ്ഞൂറു രൂവയുണ്ട്.'


അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യചിത്രമായ രാജമാണിക്യത്തിലെ കേന്ദ്രകഥാപാത്രം അധീശത്വപരമായ ഒരു പ്രകടനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമനോട് മുതിരുന്നതിനു മുന്നോടിയായുള്ള സംഭാഷണമാണിത്.അഞ്ഞൂറു രൂപാനോട്ട് തോര്‍ത്തില്‍ പൊതിഞ്ഞ് വാങ്ങുന്നയാളുടെയും നല്‍കുന്നയാളുടെയും കൈപ്പത്തികളെ മറച്ചുകൊണ്ടുള്ള കൗതുകകരമായ ഒരു ദായക്രമത്തിനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്.ഒരു ദായക്രമമെന്നു പറയുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായി രൂപീകരിക്കപ്പെട്ട ഒരു ഭാഷാപ്രയോഗമെന്നു തന്നെയാവും.

തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട് കാലിച്ചന്തയിലും മറ്റും ഇടനിലക്കാര്‍ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്.പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലികളെ വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് മറക്കുന്നതിന് പരസ്​പരം ഉപയോഗപ്പെടുത്തുന്ന ഗൂഢമായ സംവേദനമാധ്യമമെന്ന് പറയാം.ഇപ്രകാരം തോര്‍ത്തു മൂടി കൈവിരലുകള്‍ തൊട്ടു നടക്കുന്ന ആശയവിനിമയത്തില്‍ കാലികളുടെ ആകാരവും അതിനനുസരിച്ചുള്ള വിലപേശലും സുഗ്രഹമാകും.വിരലിന്റെ പകുതി,മുഴുവന്‍ വിരല്‍, രണ്ടുവിരല്‍ എന്നിങ്ങനെ തോര്‍ത്തുമൂടിയുള്ള ക്രയവിക്രയം യഥാക്രമം 1/2,1,2 എന്ന സംഖ്യകളായി വിനിമയം ചെയ്യപ്പെടുന്നു.ചുണ്ടുവട്ടം,കാളക്കൊമ്പ് ,ചെകിട്‌ചെകിട്,തേങ്ങ,തുടങ്ങിയ പദങ്ങളും ഒന്നു മുതല്‍ പത്തുവരെ എണ്ണത്തിനുപയോഗിക്കുന്നു .ചവ്(1), തോവ്(2), തിലിപു(3), പാത്ത്(4), തട്ടല്(5), തടവല്(6), നൊളയ്ക്കല്(7), വലു(8), തായം (9), പുലു (10) തുടങ്ങിയവയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഭാഷാ വകഭേദമാണ്.ഇവ പൊതുവെ അറിയപ്പെടുന്നത് ചാരഭാഷയെന്നാണ്.

ആംഗികം കൊണ്ടും വാചികം കൊണ്ടും മമ്മൂട്ടിയുടെ പ്രതിഭ അവിസ്മരണീയമാക്കിയ രാജമാണിക്യം സിനിമാരംഗത്തെ വിപണി അധിഷ്ഠിതമായ ക്ലാസ്സ് കഥാപാത്രമാണ്. പഴയ തിരുവിതാംകൂറിലെ ഭാഷയെ അല്ലെങ്കില്‍ 'തിരോന്തരം ഭാഷ'യെ പൊതുവെ സിനിമകളില്‍ ഉപയുക്തമാക്കിയിരുന്നത് ചിരിയും പരിഹാസവുമുണര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്.നമ്മളും എന്തരും വെള്ളങ്ങളും ചിരിക്കു മാത്രമേ വക നല്‍കിയിരുന്നുള്ളൂ.ചിന്തിക്കാനും ആശങ്കപ്പെടാനും നൊമ്പരപ്പെടാനുമൊന്നും ഈ വാമൊഴിഭേദം പരിഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.എന്നാല്‍ ഐക്യകേരളപ്പിറവിയും വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഒരു മാനകഭാഷക്കു രൂപം നല്‍കിയെങ്കിലും ഇന്നും സജീവമായി നിലകൊള്ളുന്ന ഈ പ്രാദേശികഭാഷാഭേദത്തെ സമ്മിശ്രവികാരത്തോടെ കേട്ടും കണ്ടുമിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ പറഞ്ഞത്.

'എന്നാലും സഹോരാ ,കുന്നോളമുണ്ട് ഉള്ളി സങ്കടങ്ങള്.നെനക്കും വേണ്ടിമാറ്റിവച്ചതാണ് ഞാനീ എടത്തുകണ്ണിന്റെ കാഴ്ചകള്.ഇതിമ്പകരായിട്ട് പയിനായിരം കണ്ണുകള് മാറ്റിവക്കാനുള്ള സ്ഥിതിയുണ്ടിപ്പോ.എന്നിട്ടുമിതിങ്ങനെ തന്നെ കൊണ്ടുനടക്കണത് മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മിക്കാന്‍ വേണ്ടിയാണ്.എന്നിട്ടു പിന്നെ എന്നെക്കൊല്ലാന്‍ വേണ്ടി കായ്കള്‍ കൊടുത്തേപ്പിച്ചോനോട് നീ പറഞ്ഞുകളഞ്ഞല്ലോ എന്റെ എടത്തുഭാഗത്തിരുട്ടാണെന്ന്. നന്നായിട്ടൊണ്ട്. ഒരായുസു മുഴുവന്‍ മേയുന്നോന്റെ അടി കൊണ്ടുനടന്നാലും അവസാനം അറവ്കത്തി തന്നെ കഴുത്തില്.'

ഹാസദ്യോതകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എപ്രകാരമാണ് അടിമുടി മാറ്റി മറിക്കപ്പെടുന്നതെന്നും കേരളീയന് സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാതിരിക്കാനാകാത്ത ഹൃദയവ്യഥ പകരുന്നതെന്നും നാട്ടുഭാഷയുടെ മര്‍മ്മം കണ്ടറിഞ്ഞുള്ള പ്രകടനചതുരതകൊണ്ട് മമ്മൂട്ടി തെളിയിക്കുന്ന സംഭാഷണശകലങ്ങളിലൊന്നാണിത്.സ്വന്തക്കാരിലൊരാളോടെന്ന പോലെ രാജമാണിക്യത്തിന്റെ സന്തോഷത്തിലും വേദനയിലും പങ്കുചേരാനും ആ പൗരുഷത്തെ സ്വീകരിക്കാനും പ്രേക്ഷകര്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായിത്തന്നെ പ്രസ്തുതകഥാപാത്രത്തിന് ഭാഷാചരിത്രത്തിലും സ്ഥാനം ലഭിക്കുന്നുണ്ടെന്നു പറയാം.അങ്ങനെയാണ് കുഴിത്തുറയോടു ചേര്‍ന്നു കിടക്കുന്ന പാറശ്ശാല, പൂവാര്‍, പുല്ലുവിള, നെയ്യാറ്റിന്‍കര, നേമം, വെള്ളറട, നെയ്യാര്‍, പേപ്പാറ, കോവളം തുടങ്ങി ഈ പ്രാദേശിക ഭാഷാഭേദം നിലനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും രാജമാണിക്യം പ്രതിനിധി ആകുന്നത്.

'അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും നമുക്ക് രണ്ട് ഭാഷകളുടെ സ്വാധീനമുണ്ടാവും. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഭാഷയുടെ പ്രത്യേകതയോട് താല്‍പ്പര്യം തോന്നും. പിന്നെ അതിലെന്തെങ്കിലും പ്രത്യേകതയോ ഫണ്ണോ ഉണ്ടാക്കാന്‍ കഴിയുമോ, ചിരി വരുത്താന്‍ സാധിക്കുമോ എന്നൊക്കെയുള്ള ശ്രമങ്ങളാണ്. രാജമാണിക്യത്തിലുള്ളത് തിരുവനന്തപുരത്ത് മൊത്തമായി ആരോപിക്കപ്പെടുന്ന ഒരു ഭാഷയുടെ സങ്കരമാണ്. പല പ്രദേശങ്ങളില്‍ നിന്നുള്ള പല പ്രയോഗങ്ങളും അതിലുണ്ട്.രാജമാണിക്യത്തിലുപയോഗിക്കുന്ന ഭാഷ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം ഉപയോഗിക്കുന്ന ഒന്നല്ല; എന്നുമാത്രമല്ല എവിടെയെങ്കിലും ഇങ്ങനൊരു ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലവുമില്ല.' മമ്മൂട്ടി പറയുന്നു.

തെക്കന്‍കേരളത്തിന്റെ ഭാഷാവ്യതിയാനചരിത്രത്തില്‍ നിന്നും ചില പ്രാക്തനസൂചനകള്‍ ഒഴിവാക്കിയാല്‍ പോലും 18-20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെയും അധിനിവേശങ്ങളും തിരുവനന്തപുരം ഭാഷയെ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു എന്നു പറയേണ്ടി വരും.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരപരിധിയിലിരുന്ന കാലയളവില്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നുള്ള അയ്യര്‍മാരും മറ്റിടങ്ങളില്‍ നിന്നുള്ള തമിഴ് ജാതിവിഭാഗങ്ങളും കേരളത്തിലേക്കു ഗണനീയമായ കുടിയേറ്റമാണ് നടത്തിയത്.അക്കാലയളവില്‍ തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴ്‌നാട്ടിലുള്ള പത്മനാഭപുരവും ആയിരുന്നു. കേരളത്തിലെ ജാതിവ്യവസ്ഥക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ളതുമായി നിലവിലുണ്ടായിരുന്ന സമാനസ്വഭാവം, കുടിയേറ്റ ജാതിവിഭാഗങ്ങളില്‍ പലതിനും രാജഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച പദവികള്‍ എന്നിവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാവ്യവസ്ഥയില്‍ ഇടപെട്ട ഘടകങ്ങളായിരുന്നു.

സംസാരഭാഷയില്‍രൂപമെടുത്ത പ്രാദേശിക ഭാഷാഭേദങ്ങളുടെ ആത്മാവിനെ സ്വന്തം കൃതികളില്‍ ആവാഹിക്കാന്‍ അക്കാലത്തുതന്നെ സി വി രാമന്‍പിള്ളക്ക് കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ ശങ്കു ആശാനും പാറുക്കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണം നോക്കാം.
ആശാന്‍ : കെഴട്ടു കിഴവന് ഇവിടെ കാര്യമെന്തര്.? ചണ്ട പിടിക്കണതും തേക്ഷ്യപ്പെട്ടതും ആരെ അടുത്ത്.?അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ. നിങ്ങളെയൊക്കെ തര്‍മ്മങ്കൊണ്ട് വെള്ളം മോന്തിക്കിടക്കണ്..അറുപതും ചെന്ന് പി...പി...പിറുപിറുത്ത ഈ കി...കിഴ...കിഴവന് ചാക്കാലയുംപോക്കടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കാമാനും കേപ്പാനും ഇടവന്നത്.
പാറുക്കുട്ടി : ആശാന് ഇത്ര വ്യസനമുണ്ടാകാന്‍ ഞാനെന്തു പറഞ്ഞു? എന്റെ വാക്കാണ് ഈ വ്യസനം ഉണ്ടാക്കിയതെങ്കില്‍...
ആശാന്‍ : അയ്യോ -പിള്ളേടെ വാക്ക് എനിക്ക് വെഥനമുണ്ടാക്കുമോ?ഞാന്‍...ഞാന്‍...എന്റെ പാടു പറയണു പിള്ളേ.പാതിരാക്കു മേലായി.ഒറങ്ങാന്‍ പോവിന്‍.
മാര്‍ത്താണ്ഡവര്‍മ്മയിലെ പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങളിലൊന്നാകാന്‍ ശങ്കു ആശാന് കഴിഞ്ഞതും നവീകരണത്തിന്റെ കലര്‍പ്പില്ലാത്ത, ഹൃദയത്തില്‍ നിന്നുണ്ടാവുന്ന നാട്ടുഭാഷയുടെ നൈര്‍മ്മല്യം കൊണ്ടാണ് . ശങ്കു ആശാന്റെ ഈ സംഭാഷണത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല രാജമാണിക്യത്തിന്റെ ഭാഷയും

രാജമാണിക്യമെന്ന പോത്തുകച്ചവടക്കാരന്റെ ഭാഷയില്‍ വ്യാകരണപരമായി പോലും സാധാരണവല്‍ക്കരിക്കപ്പെട്ട ഭാഷാഭ്രംശങ്ങള്‍ നിരവധിയാണ്. അപരിമേയങ്ങള്‍ക്ക് ബഹുവചനം പാടില്ലെന്ന വ്യാകരണനിയമം ലംഘിച്ചുകൊണ്ടാണ് തെക്കന്‍തിരുവിതാംകൂറുകാര്‍ക്കൊപ്പം രാജമാണിക്യവും ചായകളും വെള്ളങ്ങളും ആവശ്യപ്പെടുന്നത്.ഈ ബഹുവചനരൂപങ്ങള്‍ സംഘസംസ്‌കൃതിയുടെ മാനകങ്ങള്‍ കൂടിയാണ്.
'സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ ;പ്രത്യേകിച്ചും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് ഞാന്‍ കൂടുതല്‍ കടമെടുത്തിരിക്കുന്നത്.ഇതൊരുപാടുകാലം പഴക്കമുള്ള ഭാഷയാണ്.തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ട്.' ഉച്ചാരണത്തിന് സഹായകമായ തയ്യാറെടുപ്പുകളെപ്പറ്റി മമ്മൂട്ടി ഓര്‍ക്കുന്നു.

സിനിമയുടെ കഥാന്തരീക്ഷം സ്വാംശീകരിക്കുന്നതിന് രചയിതാവ് ടി എ ഷാഹിദ് ഒന്നരമാസക്കാലമാണ് നാഗര്‍കോവിലില്‍ താമസിച്ചത്.അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രം സൂക്ഷ്മാംശങ്ങളില്‍ എല്ലാവരെയും കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്വന്തം നാടിന്റെയും മലബാറിന്റെയും ഭാഷയിലെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കൊണ്ടോട്ടിക്കാരനായ ഷാഹിദ്് ബദല്‍ ഭാഷാഭേദം തിരഞ്ഞത്.നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണം.അപ്പോഴാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി തിരക്കഥാകാരന് പ്രേരണയായത്.നാഗര്‍കോവില്‍ പരിസരത്തെ പ്രാദേശികഭാഷാഭേദം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മമ്മൂട്ടി അളന്നുതൂക്കി ഉച്ചരിച്ച രാജമാണിക്യത്തിന്റെ ഭാഷ രൂപപ്പെട്ടതങ്ങനെയാണ്.

സ്വനമാറ്റത്തിലെയും പദകോശത്തിലെയും വ്യതിയാനങ്ങള്‍ പുത്തനെന്ന പ്രതീതി ജനിപ്പിക്കുന്ന ഭാഷയുടെ വാമൊഴി വഴക്കങ്ങള്‍ക്കിടയില്‍ രാജമാണിക്യത്തിന്റെ സംഭാഷണങ്ങള്‍ നിരവധി തവണ മാറ്റിയും മറിച്ചും എഴുതേണ്ടിവന്നു.കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു

.' ആ സ്ലാങ്ങില്‍ ദു:ഖം പറയുക എന്നത് റിസ്‌കായിരുന്നു.ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും മെന്റല്‍ ബ്ലോക്കുതന്നെ അനുഭവപ്പെട്ടു.നേരിട്ടുള്ള പറച്ചിലിന് വേണ്ടത്ര ഫീല്‍ കിട്ടില്ലെങ്കിലോ എന്നു കരുതി പലപ്പോഴും സംഭാഷണം നാടകീയമാക്കേണ്ടി വന്നു.'് തിരക്കഥാരചനയില്‍ വെല്ലുവിളിയുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണമായി ഷാഹിദ് ചൂണ്ടിക്കാട്ടുന്ന സീനുകളിലൊന്ന് രാജമാണിക്യം ആരെന്ന് വെളിപ്പെടുത്താന്‍ അമ്മ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭമാണ്.ആറു തവണ മാറ്റിയെഴുതിയ പ്രസ്തുതസംഭാഷണം ഇവ്വിധമാണ്.

'അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേള്ളു.ഒരു പായിരാത്രിക്കൊരു മണിയറവാതലില്‍ മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണമെന്ന്.അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ.ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാനന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം.ഞാനതന്നാ സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവടെ ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കു കേട്ട് കളിക്കളത്തില്‍ വച്ചു നീ അടിച്ചുകൊന്നയോര്‍മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്.കാണണാ ...കാണണാ...കാണ്.'

ഇവിടെ നാം കാണുന്നത് കാഴ്ച നഷ്ടപ്പെട്ടിട്ടും കാത്തു സൂക്ഷിക്കപ്പെടുന്ന ഗൃഹാതുരതയും വാത്സല്യവും സഹോദരസ്‌നേഹവും മാത്രമല്ല;ഒരൊറ്റയാന്റെ ആത്മവിശ്വാസവും നിസ്സഹായതയും സങ്കടങ്ങളും കൂടിയാണ്.കാഴചക്കാര്‍ ഏറ്റുവാങ്ങുന്നിടത്തോളം രാജമാണിക്യത്തിന്റെ വ്യക്തിത്വത്തെ സ്വീകാര്യമാക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയവും അസാധാരണമായ ഭാഷാപ്രയോഗവും തന്നെയാണ്.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി: ഭാഷയും ദേശവും : നടന്‍ ഭാഷാപഠനത്തിന്റെ ഉപകരണമാകുമ്പോള്‍ (ഭാഗം ഒന്ന്)

ഭാഷയുടെ ഓജസ്സും വ്യതിരിക്തതയും എത്രത്തോളം ജനകീയമാണെന്ന് പരിശോധിക്കപ്പെടുന്നതിന്റെ സൂചകങ്ങളിലൊന്ന് പ്രാദേശികമായി അത് നേടിയെടുക്കുന്ന സ്വീകാര്യതയാണ്.സ്വീകാര്യതയുടെ ആധാരം ഓരോ സമൂഹത്തിന്റെയും വ്യവഹാരോപാധിയെന്ന നിലയില്‍ ഭാഷക്കുള്ള പ്രാദേശികസ്വഭാവവുമാണ്. ഇക്കാര്യത്തില്‍ സുഭദ്രമായ നിലയാണ് എക്കാലത്തും നമ്മുടെ മാതൃഭാഷക്കുള്ളത്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതതി നിര്‍ലോഭം കൊണ്ടും കൊടുത്തും മലയാളത്തെ സമ്പുഷ്ടമാക്കി.വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയെ പലവിധത്തില്‍ വര്‍ഗ്ഗീകരിക്കാമെങ്കിലും ചരിത്രപരമായി അത് അറിയപ്പെടുന്നത് ആറു പ്രവിശ്യകളായാണ്.

1.വടക്കേ മലബാര്‍(കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി,കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,വടകര എന്നീ താലൂക്കുകളും)
2.മലബാര്‍ (മലപ്പുറം,മാനന്തവാടി ഒഴിച്ചുള്ള വയനാട് ജില്ല,വടകരയും കൊയിലാണ്ടിയുമൊഴിച്ചുള്ള കോഴിക്കോട്,,ചിറ്റൂരൊഴിച്ചുള്ള പാലക്കാട ജില്ല,തൃശൂര്‍ ജില്ലയുടെ ഭാഗങ്ങള്‍)
3.കൊച്ചി (പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,എറണാകുളത്തിന്റെയും തൃശൂരിന്റെയും ഭാഗങ്ങള്‍)
4.വടക്കന്‍ തിരുവിതാംകൂര്‍ (ഇടുക്കി,എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍)
5.മദ്ധ്യ തിരുവിതാംകൂര്‍ (കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളും ഇടുക്കിയുടെ തെക്കന്‍ഭാഗങ്ങളും കൊല്ലം ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും)
6.തെക്കന്‍ തിരുവിതാംകൂര്‍ (കൊല്ലത്തിന്റെ തെക്കന്‍ ഭാഗങ്ങളും തിരുവനന്തപുരവും)
ഈ പ്രദേശങ്ങളിലെല്ലാം പ്രാദേശികഭാഷകളുടെ കൂടുതല്‍ വേര്‍തിരിക്കാവുന്ന അവാന്തരങ്ങള്‍ നിലനില്‍ക്കുന്നു .ഒപ്പം ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെയും മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയടക്കം ആഗോളമലയാളിസമൂഹത്തിന്റെയും വക വേറെയും. വാമൊഴിപ്രധാനമായ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സാമൂഹ്യ വ്യവസ്ഥിതി , ജാതിയും മതവും, തൊഴില്‍,ഭാഷാതിര്‍ത്തികളില്‍ നടക്കുന്ന പരസ്​പര ആദേശം,അധിനിവേശങ്ങളും കുടിയേറ്റങ്ങളും എന്നു തുടങ്ങി നിരവധി സാഹചര്യങ്ങളുടെ പുന:ക്രമീകരണങ്ങളാണ്.ഇവയൊക്കെത്തന്നെ കാലാകാലങ്ങളില്‍ നമ്മുടെ സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലും ഏറിയും കുറഞ്ഞും പ്രകടമായിട്ടുമുണ്ട്.ഭാഷാസിനിമകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല.

പ്രാദേശികതയും ഭാഷാവ്യതിയാനവും പശ്ഛാത്തലമായ ചലച്ചിത്രങ്ങള്‍,സ്ഥലപ്പെരുമയായി ഉച്ചാരണവൈവിധ്യങ്ങളോടെയെത്തിയ കഥാപാത്രങ്ങള്‍,സ്വതസിദ്ധമായ പ്രാദേശികഭാഷണങ്ങള്‍ക്കുടമകളായ നടന്‍മാര്‍ എന്നിങ്ങനെ മലയാളസിനിമക്ക് ഭാഷണവൈചിത്ര്യവുമായുള്ള ബന്ധം വലുതാണ്.ഇത്തരത്തില്‍ കേരളത്തിലെ പ്രാദേശികഭാഷകളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളും അതവതരിപ്പിച്ച നടന്‍മാരും നിരവധിയാണ്.എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭാഷണവൈചിത്ര്യം ഏറ്റവും സാര്‍ത്ഥകമായി കൈകാര്യം ചെയ്ത നടന്‍ മമ്മൂട്ടിയാണ്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതുമാത്രമല്ല,ദേശം ഏതെന്ന് വിവേചിച്ചറിയാനാകാത്ത വാമൊഴിവൈവിധ്യങ്ങള്‍ പോലും ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രയോഗത്തിലാക്കി. ഉച്ചാരണത്തില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത തന്നെ മമ്മൂട്ടിക്ക് അത്തരം പ്രാദേശികസ്വഭാവങ്ങളെ സ്വാംശീകരിക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണമാണ്.ആ നിലക്ക് തന്നെയാണ് അദ്ദേഹം ഭാഷാ പഠനത്തിനുള്ള ഉപകരണം കൂടി ആകുന്നതും.

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നു വന്ന മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ അച്ചുതണ്ടില്‍ കാല്‍നൂറ്റാണ്ടിലധികമായി ചുറ്റിത്തിരിയുന്ന മലയാളസിനിമക്ക് അദ്ദേഹം നല്‍കിയ ക്ലാസ്സിക് കഥാപാത്രങ്ങള്‍ നിരവധിയാണ്.അസാമാന്യമായ സാന്നിധ്യം കൊണ്ടും ശബ്ദസൗഷ്ഠവം കൊണ്ടും അവിസ്മരണീയമായ ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും അഭിനയസ്വീകാര്യത കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നില്ല.വടക്കന്‍ വീരഗാഥയിലെ ചന്തുചേകവര്‍,അംബേദ്കര്‍,വിധേയനിലെ ഭാസ്‌കരപട്ടേലര്‍,പൊന്തന്‍മാട,പഴശ്ശിരാജ,പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, അമരത്തിലെ അച്ചൂട്ടി,തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്റര്‍, മൃഗയയിലെ വാറുണ്ണി,അടിയൊഴുക്കുകളിലെ കരുണന്‍,സുകൃതത്തിലെ രവിശങ്കര്‍,ന്യൂഡല്‍ഹിയിലെ ജി കെ,കറുത്ത പക്ഷികളിലെ മുരുകന്‍,കാഴ്ചയിലെ മാധവന്‍,ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, യവനികയിലെ ജേക്കബ് ഈരാളി തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍. ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും സ്വത്വം തന്നെ കുടികൊള്ളുന്നത് അവക്ക് നിശ്ചയിക്കപ്പെട്ട വര്‍ഗ്ഗീകരിക്കപ്പെട്ട പ്രദേശഭാഷകളുടെ ശക്തിയും ചൈതന്യവും പണിക്കുറ തീര്‍ത്ത് പ്രകടിപ്പിക്കാന്‍ ഈ നടന് കഴിഞ്ഞതുകൊണ്ടാണ്. വിപണിസിനിമയെന്നോ സമാന്തരസിനിമയെന്നോ വിഭജിച്ചാല്‍പ്പോലും ഇരുഗ്രൂപ്പിലും പെടുത്തി വെവ്വേറെ പഠനാര്‍ഹമാക്കാവുന്ന വാമൊഴിവഴക്കത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്.

'Acting is by far and away the toughest job,in terms of film making and may be even the arts.How they do it I don't know, but they have to be allowed to get their satisfaction' ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എത്രമാത്രം ക്ലേശകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംവിധായകന്‍ ജോനാതന്‍ ഡമ്മെയുടെ ഈ അഭിപ്രായം.ആ നിലക്ക് സംഭാഷണങ്ങളിലെ ഈണം,നീട്ടല്‍,കുറുക്കല്‍,പദങ്ങളുടെ ഊന്നല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി കഥാപാത്രത്തിന്റെ ദേശസ്ഥിതി വ്യക്തമാക്കുകയെന്ന സൂക്ഷ്മാംശബദ്ധമായ അഭിനയപദ്ധതിയില്‍ മമ്മൂട്ടി നേടുന്ന വിജയം നിരീക്ഷണവിധേയമാക്കുന്നത് ഭാഷാപഠനത്തിന് മുതല്‍ക്കൂട്ടുമാണ്.



തെക്കന്‍ തിരുവിതാംകൂറുകാരന്‍ രാജമാണിക്യം മുതല്‍ കന്നടത്തിന്റെ ഉച്ചാരണസ്വാധീനമുള്ള ഭാസ്‌കരപട്ടേലര്‍ വരെ നീളുന്ന മലയാളിസമൂഹത്തിന്റെ പ്രാദേശിക പ്രതിനിധികളില്‍ ചിലരാണ് ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ പോകുന്നത്.വാണിജ്യസിനിമയിലേതെന്നോ സമാന്തരസിനിമയിലേതെന്നോ വിവേചനമില്ലാതെ ഇത്തരം പ്രാദേശികഭാഷാവൈചിത്ര്യങ്ങളോടുള്ള എല്ലാ വിഭാഗം ആളുകളുടെയും അപരിചിതത്വം കുറക്കാന്‍ സഹായകമായത് പ്രധാനമായും മമ്മൂട്ടിയുടെ താരസാന്നിധ്യമാണ്.പരിമിതമായ സ്ഥലത്തുപോലും ഭാഷാവൈചിത്ര്യത്തിനും അതിന്‍മേലുള്ള അപരിചിതത്വത്തിനും എത്രത്തോളം വൈജാത്യമുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരുദാഹരണം നോക്കാം.കാസര്‍കോട് ജില്ലയില്‍ മാത്രം നുണ പറച്ചിലിന് മുപ്പതോളം വാക്കുകള്‍ പ്രചാരത്തിലുണ്ടെന്ന് നാട്ടുഭാഷാനിഘണ്ടുവായ പൊഞ്ഞാറില്‍ നിന്നു വ്യക്തമാകുന്നു.പുളു,പഞ്ചാത്തിക്ക,ബീമ്പ്,ലൊട്ട , സൊള,പയ്യാരം , ബിശ്യം എന്നു തുടങ്ങി സര്‍വ്വസാധാരണമായി അതത് പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഈ വാക്കുകള്‍ ചെറിയൊരു ഭൂപ്രകൃതിയുടെ അതിരുകള്‍ക്കപ്പുറം പലപ്പോഴും ദുര്‍ഗ്രഹമാകുന്നു.ബോധപൂര്‍വ്വമല്ലെങ്കില്‍കൂടി നിരവധി ലഘുസമൂഹങ്ങളുടെ ഇത്തരത്തിലുള്ള സമ്പര്‍ക്കഭാഷകള്‍ സംസ്ഥാനത്തുടനീളമുള്ള പ്രേക്ഷകരുടെ ഏകസമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനും ശരീരം കൊണ്ടും ശാരീരം കൊണ്ടും മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Sunday, October 17, 2010

അന്‍വര്‍ (Anwar)


പണിയില്ലാതെ ഓഫീസില്‍ കുത്തിയിരുന്ന സമയത്താണ് ട്വീറ്ററിലൂടെ ഒരു യൂട്യൂബ് വീഡിയോ കാണുന്നത്. അമല്‍ നീരദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമായ അന്‍വറിന്റെ ട്രെയിലര്‍. അമ്പോ‍ കിടിലം.. കണ്ടപ്പോള്‍ ആദ്യം തോന്നിയത്, ഇത് മദനിയുടെ കഥയാണെന്നാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയപ്പോള്‍ ദാ കിടക്കുന്നു ചിത്രത്തിന്റെ വെബ് സൈറ്റ്. സെലിബ്സ് & റെഡ് കാര്‍പ്പെറ്റ് ഫിലിംസിന്റെ ബാനറില്‍, രാ‍ജ് സഖറിയാസും റിജോ സഖറിയാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന അന്‍വര്‍. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍, സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രീജിത്തും ഉണ്ണിയും ചേര്‍ന്നാണ്. എന്തായാലും ചിത്രം ഇറങ്ങുമ്പോള്‍ കാണണമെന്നു മനസ്സിലുറപ്പിച്ചിരുന്നു. പോസ്റ്റുമാന്‍ കണ്ട് ഷോക്കടിച്ച അതേ തീയേറ്ററില്‍ തന്നെയാണ് അന്‍വര്‍ കാണാന്‍ കയറിയതെന്നത്, കാശു പോകുമോ എന്ന പേടിയുണ്ടാക്കുന്ന ഒന്നായിരുന്നു.

കോയമ്പത്തൂരിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലുണ്ടാകുന്ന സ്ഫോടനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്), സംശയിക്കുന്നവരുടെ ലിസ്റ്റുണ്ടാക്കി ഒന്നൊന്നായി അറസ്റ്റ് ചെയ്തുകൊണ്ടിരുന്നു. സ്ഫോടനത്തിനുപയോഗിച്ച അമോണിയം നൈട്രെറ്റ് ഉണ്ടാക്കിയ കമ്പനിയില്‍ ജോലി ചെയ്യുന്ന ഐഷയും (മംമ്ത മോഹന്‍ദാസ്) അറസ്റ്റ് ചെയ്യപ്പെടുന്നു. ഒടുവില്‍ സ്റ്റാലിന്‍, സ്ഫോടനത്തിനു പിറകിലെ പ്രധാന വ്യക്തിയായി സംശയിക്കപ്പെടുന്ന, സമുദായ നേതാവ് ബാബു സെയ്തിനെയും (ലാല്‍) അറസ്റ്റു ചെയ്യുന്നു. ബാബു സെയ്തിനേയും കൂട്ടരേയും റിമാന്‍ഡിലേക്കയക്കുന്ന ജയിലേക്കു ഹവാല ഇടപാടു കേസില്‍ പ്രതിയായി അന്‍വര്‍ എത്തുന്നു. ജയിലില്‍ നടക്കുന്ന ചില സംഘട്ടനങ്ങള്‍ക്കൊടുവില്‍ അന്‍വര്‍, ബാബു സെയ്തും കൂട്ടരുമായി അടുക്കുന്നു. ജയിലിനു പുറത്തെത്തുന്നതോടെ അന്‍വര്‍, ബാബു സെയ്തിന്റെ കൂട്ടത്തില്‍ ചേരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബാബു സെയ്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം അന്‍വറും ചേരുന്നു. അവരെ പ്രതിരോധിക്കാന്‍ സ്റ്റാലിന്‍ മണിമാരനും തയ്യാറെടുക്കുന്നു. തുടര്‍ന്നുണ്ടാക്കുന്ന ഉദ്ദ്വേഗഭരിതമായ സംഭവങ്ങളാണ് അന്‍വറിന്റെ ഇതിവൃത്തം.

2008-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ട്രെയിറ്ററിനെ ആധാരമാക്കിയാണ് അന്‍വറിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനായി തിരനാടകം രചിച്ചിരിക്കുന്നത് അമല്‍ നീരദാണ്. അമലിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്.  മതസൌഹാര്‍ദ്ദത്തിനു പേരു കേട്ട കേരളത്തില്‍ പോലുമിന്ന് തീവ്രവാദം തഴച്ചു വളരുന്നുവെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ഈ കാലത്ത്, അതിനെ ആധാരമാക്കിയൊരു തിരക്കഥയൊരുക്കിയിരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ ഒന്നാണ്. നമ്മുടെ രാജ്യത്ത്, നമ്മുടെ നാശം ആഗ്രഹിക്കുന്ന വിഘടന വാദികള്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും, യുവാക്കളെ എങ്ങനെ അവര്‍ റിക്രൂട്ട് ചെയ്യുന്നുവെന്നുമെല്ലാം ചിത്രം പ്രതിപാദിക്കുന്നു. തികച്ചും അതിനനുയോജ്യമായ രീതിയിലാണ് ഉണ്ണിയും ശ്രീജിത്തും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നതും. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു നല്‍കുവാനാഗ്രഹിക്കുന്ന സന്ദേശം അവരിലെത്തിക്കുന്നതില്‍ അമല്‍ നീരദ് വിജയിച്ചുവെന്നു വേണം കരുതുവാന്‍. മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ, വ്യത്യസ്തമായ അംഗിളുകളും സ്ലോമോഷനുകളും ഇടകലര്‍ത്തി ഒരു അമല്‍ നീരദ് ചിത്രമായി തന്നെയാണ് അന്‍വര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രിഥ്വിരാജ്,  മംമത, ലാല്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ പ്രധാനവും അപ്രധാനവുമായ വേഷങ്ങളില്‍ ഒട്ടേറെ അഭിനേതാക്കള്‍ അന്‍വറിലുണ്ട്. അമല്‍ നീരദിന്റെ ആദ്യ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നവര്‍ ഒന്നു തന്നെയായിരുന്നു, ആ പിഴവ് ഒരു പരിധി വരെ ഒഴിവാക്കിയിട്ടുണ്ട് ഇത്തവണ.  അന്‍വര്‍ എന്ന ടൈറ്റില്‍ റോള്‍ പ്രിഥ്വി നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളിലും മറ്റും മികച്ച പ്രകടനമാണ് പ്രിഥ്വിയുടേത്. കഥയില്‍, ഐഷാ എന്ന കഥാപാത്രത്തിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും, നായികയായി എത്തുന്ന മംമതയ്ക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യുവാനില്ല. ഗാനരംഗങ്ങളില്‍ മാത്രമായി മംമത ഒതുങ്ങിപ്പോകുന്നു. സ്റ്റാലില്‍ മണിമാരനെന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഓഫീസറെ പ്രകാശ് രാജ് സ്വതസിദ്ധമായ ശൈലിയില്‍ ഭംഗിയാക്കിയിട്ടുണ്ട്. രൂപത്തില്‍ മദനിയുമായി സാമ്യമുള്ള ബാബു സെയ്തെന്ന കഥാപാത്രത്തെ ലാല്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. സലീം കുമാര്‍, ശ്രീജിത്ത് രവി, ശശി കലിംഗ, സായികുമാര്‍, ഗീത,
സമ്പത്ത്, അസീം ജമാല്‍, ജിനു ജോസഫ്, വിനയ് ഫോര്‍ട്ട്, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയെയും കഥാപരിസരത്തെയും പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ വോയിസ് ഓവര്‍ ഉണ്ട്. അങ്ങനെ ശബ്ദത്തിലൂടെ മാത്രം അന്‍വറിന്റെ ഭാഗമായി മമ്മൂട്ടി മാറുന്നു.

ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന വിഷ്വല്‍ എഫക്റ്റുകളാ‍ല്‍ സമ്പുഷ്ടമാണ് അന്‍വര്‍. നവാഗതനായ സതീഷ് കുറുപ്പാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ദൃശ്യവത്കരണം എന്നു പറയുവാനാകുന്നില്ലെങ്കിലും, എവിടെയൊക്കെയോ ഒരു പുതുമ കൊണ്ടുവരാന്‍ സതീഷിനു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അമലിന്റെ മുന്‍ ചിത്രങ്ങളില്‍ നാം കണ്ട പല ഷോട്ടുകളും ആംഗിളുകളും ഈ ചിത്രത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് ഒരല്പം കല്ലുകടിയായി തോന്നി. ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്ന വിവേക് ഹര്‍ഷന്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെ, പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കി വയ്ക്കാതെ ചിത്രത്തെ ഒരുക്കുവാന്‍ വിവേകിനു കഴിഞ്ഞിരിക്കുന്നു. പ്രവീണ്‍ വര്‍മ്മയുടെ വസ്താലങ്കാരം ചിത്രത്തിനൊട് ചേര്‍ന്നു പോകുന്നുണ്ടെങ്കിലും, ഗാനരംഗങ്ങളില്‍ അത് പാളുന്നുണ്ട്, പ്രത്യേകിച്ചും ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗാനത്തില്‍. ജോസഫ് നെല്ലിക്കന്റെ കലാസംവിധാനവും രഞ്ജിത്ത് അമ്പാടിയുടെ ചമയവും അഭിനന്ദനമര്‍ഹിക്കുന്നു.

ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. പശ്ചാത്തല സംഗീതം ചിത്രത്തോട് ചേര്‍ന്നു പോകുന്നു. റഫീഖ് അഹമ്മദെഴുതിയെ ഗാനങ്ങള്‍ നിലവാരം പുലര്‍ത്തിയെങ്കിലും, ചിത്രത്തില്‍ അവയുടെ അനിവാര്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കിഴക്കു പൂക്കും എന്ന ഗാനം ബോംബെ എന്ന ചിത്രത്തിലെ കണ്ണാലനെ എന്ന ഗാനത്തോട് സാദൃശ്യം പുലര്‍ത്തിയിരിക്കുന്നുവെന്നത് യാദൃശ്ചികമാക രണ്ടു ഗാനങ്ങള്‍ പാടിയിരിക്കുന്നത് ശ്രേയാ‍ ഘോഷാലാണ്. നരേഷ് അയ്യര്‍, സുഖവീന്ദര്‍ സിംഗ് എന്നിവരും ചിത്രത്തില്‍ പാടിയിരിക്കുന്നു. ചിത്രത്തിന്റെ ഒടുവിലുള്ള ഗാനം പ്രിഥ്വിരാജും മംമതയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ചിത്രത്തിലുപയോഗിച്ചിരിക്കുന്ന ഇഫക്റ്റുകളും ഗ്രാഫിക്സുകളും പരസ്യകലയും  മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. അനല്‍ അരശിന്റെ സംഘട്ടന രംഗങ്ങള്‍ക്കും ഒരു പുതുമ അവകാശപ്പെടാനുണ്ട്. ബോംബ് ബ്ലാസ്റ്റുകളെ ഗ്രാഫിക്സ് ഉപയോഗിക്കാതെ നന്നായി ചിത്രീകരിച്ചിരിക്കുന്നു , പക്ഷേ ഒരു കറുത്ത പുകമാത്രമായി ബ്ലാസ്റ്റ് മാറിയത് അഭംഗിയായി തോന്നി.

ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്നും നാം എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ചിത്രത്തിലുണ്ട്. പക്ഷേ, അമലിന്റെ സ്ഥിരം ലൊക്കെഷനുകളായ ഫോര്‍ട്ട് കൊച്ചിയും ധനുഷ്കോടിയും പ്രേക്ഷകരെ മുഷിപ്പിക്കും. സംഘട്ടന രംഗങ്ങളില്‍ അമിതമായി സ്ലോമോഷനുകള്‍ ഉപയോഗിച്ചിരിക്കുന്നത്, അവയുടെ ഭംഗി കളയുമ്പോള്‍, അമല്‍ നീരദ് ക്യാമറാ അംഗിളുകളില്‍ ഇനിയും വ്യത്യസ്തത തേടേണ്ടിയിരിക്കുന്നു എന്നാണ് അന്‍വര്‍ നമ്മെ കാണിച്ചു തരുന്നത്. സ്റ്റാര്‍ കസ്റ്റിങ്  ഭേദപ്പെട്ടിട്ടുണ്ടെങ്കിലും ചില മുഖങ്ങള്‍ ആവര്‍ത്തന വിരസത സമ്മാനിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, കാമ്പുള്ള ഒരു തിരക്കഥ ഈ ചിത്രത്തിലുണ്ട് എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അതില്‍ കൊണ്ടു വരുവാനും, അതു നന്നയി അവതരിപ്പിക്കുവാനും അമല്‍ നീരദിനു കഴിഞ്ഞിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നാമിന്നു അഭിമുഖീകരിക്കുന്ന തീവ്രവാദം പോലെയുള്ള വിപത്തുകള്‍ക്കെതിരെ ശക്തമായ ഒരു സന്ദേശം നല്‍കുവാന്‍ അന്‍വറിനു കഴിയുന്നു. പോരായ്മകള്‍ ഉണ്ടെങ്കിലും, അന്‍വര്‍ എന്ന ചിത്രം വിജയിക്കുന്ന ഭാഗം അതാണ്. അതു കൊണ്ടു തന്നെ പ്രേക്ഷകരെ ഇതു നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടില്ല എന്നാശിക്കാം.

വാല്‍ക്കഷണം - ഹോളിവുഡ് ചിത്രമായ ട്രെയിറ്ററിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. പക്ഷേ ചിത്രത്തിന്റെ ആദ്യമോ അവസാനമോ അതിന്റെ “കടപ്പാട്” കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ, ട്രെയിറ്ററിന്റെ ഒടുവില്‍ എഴുതിക്കാണിക്കുന്ന ഖുറാന്‍ വചനം, അന്‍വറിന്റെ തുടക്കത്തില്‍ കാണുവാന്‍ സാധിക്കും..

എന്റെ റേറ്റിങ് : 6.0/10

Sunday, October 10, 2010

ഒരിടത്തൊരു പോസ്റ്റ്മാന്‍ (Oridathoru Postman)

രണ്ടു ദിവസം മുന്നെയാണ് പതിവില്ലാതെ ടെലിവിഷന്‍ തുറന്ന് അതിനു മുന്നിലിരുന്നപ്പോള്‍ ഒരു വാര്‍ത്താധിഷ്ഠിത ചാനലില്‍, പുതിയതായി ഇറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് ഒരു നിരൂപകന്‍ സംസാരിക്കുന്നു. ഇടയ്ക്ക് ചിത്രത്തിന്റെ ക്ലിപ്പിങ്ങുകളും കാണിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഇന്നസെന്റ്, മീരാ നന്ദന്‍, കലാഭവന്‍ മണി, ശരത് കുമാര്‍ അങ്ങനെ ഒരു പിടി താരങ്ങള്‍. വെറുതെ ഒരു ഭാര്യയുടെ തിരക്കഥാകൃത്ത് കെ.ഗിരീഷ് കുമാറിന്റെ കഥയും തിരക്കഥയും. ഷാജി അസീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം, നിള ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി ടി, ബഷീര്‍ സില്‍ സില എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ അതാ എല്ലായിടത്തും ഒരിടത്തൊരു പോസ്റ്റ്മാന്റെ ആകര്‍ഷകമായ പോസ്റ്ററുകള്‍. ചിത്രം കാണണമെന്നു മനസ്സിലുറപ്പിച്ച്, ഇന്നലെ ഞാന്‍ ചിത്രത്തിനു കയറി. ശേഷം ഭാഗം സ്കീനില്‍...

ചേരുംകുഴി എന്ന ഗ്രാമത്തിലെ പോസ്റ്റുമാനാണ്‍ ഗംഗാധരന്‍ (ഇന്നസെന്റ്), അദ്ദേഹത്തിന്റെ മകനായ രഘുനന്ദനന്‍ (കുഞ്ചാക്കൊ ബോബന്‍) അഭ്യസ്ത വിദ്യനും തൊഴില്‍ രഹിതനുമാണ്. എന്നിരുന്നാലും റിയല്‍ എസ്റ്റേറ്റുമായും ഇന്‍ഷുറന്‍സ് വിറ്റും അയാള്‍ ജീവിക്കാനുള്ള പണം ഉണ്ടാക്കുന്നുണ്ട്. ഒരു ഗസറ്റഡ് ജോലി ലക്ഷ്യമിടുന്ന അയാള്‍, ചേരും കുഴിയില്‍ ഒരു പി.എസ്.സി കോച്ചിങ് സെന്ററും നടത്തുന്നു. അവിടുത്തെ വിദ്യാര്‍ത്ഥിനിയായ ഉഷയുമായി (മീരാ നന്ദന്‍) അടുപ്പത്തിലുമാണയാള്‍. എന്നാല്‍ മടിയും ഫുട്ബോള്‍ ഭ്രാന്തും മൂലം ഗംഗാധരന്‍ തന്റെ ജോലിയില്‍ ഉഴപ്പു കാണിക്കുന്നു. ഗംഗാധരന്‍ മടി അഭിനയിക്കുന്നത് തനിക്കുന്ന ഹൃദ്രോഗം മൂലമാണെന്ന് രഘു അറിയുന്നത് വളരെ വൈകിയാണ്. താമസിയാതെ തന്നെ ഗംഗാധരന്‍ മരിക്കുന്നു. മരണത്തിനു മുന്നെ, തന്റെ സുഹൃത്തായ യാസിന്‍ മുബാരകിനായി (ശരത് കുമാര്‍) മകള്‍ സ്നേഹ (ശ്രീക്കുട്ടി) അയച്ച കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും, അത് യാസിന്റെ അടുത്ത് എത്തിക്കണമെന്നും ഗംഗാധരന്‍ രഘുവിനോട് ആവശ്യപ്പെടുന്നു. പിന്നീട് യാസിനെ തേടിയുള്ള രഘുവിന്റെ യാത്രയാണ് ഒരിറ്റത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.

തന്റേതല്ലാത്ത കുറ്റങ്ങള്‍ക്കൊണ്ടും, മുസ്ലീമായതു കൊണ്ടും തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടേണ്ടി വന്ന ഒരു നിരപരാധിയുടെയും, അദ്ദേഹത്തെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു നന്മ നിറഞ്ഞ ചെറുപ്പക്കാരന്റേയും കഥയാണ് കഥാകാരന്‍ ഇതിലൂടെ ഉദ്ദേശിക്കുന്ന പ്രമേയം എന്നു മനസ്സിലാക്കുവാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ ഇത്തരം മനോഹരവും വ്യത്യസ്തവുമായ ഒരു പ്രമേയം, തിരനാടകത്തിലെ പിഴവുകള്‍ മൂലം ഒരു ദുരന്തമായി മാറുന്ന ‘അതിമനോഹര’മായ കാഴ്ചയാണ് നാം ഒരിടത്തൊരു പോസ്റ്റുമാന്‍ എന്ന ചിത്രത്തിലൂടെ ദര്‍ശിക്കുന്നത്. പാളിച്ചകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഗംഗാധരന്റെ അസുഖവും മടിയുമെല്ലാം എത്സമ്മയിലെ കെ.പി.എസ്.സി ലളിതയുടെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നു. അതിനൊപ്പം, പാത്രസൃഷ്ടിയില്‍ വരുത്തിയിരിക്കുന്ന പിഴവുകളും കഥാപാത്രങ്ങളുടെ ആഴമില്ലായ്മയും കൂടി ചേരുമ്പോള്‍, ഈ ചിത്രം നമ്മെ ഒട്ടും തന്നെ രസിപ്പിക്കില്ല. ചിത്രത്തിന്റെ ഈ ദയനീയവസ്ഥയുടെ ഉത്തരവാദിത്വം, തിരക്കഥാകൃത്ത് ഗിരീഷ് കുമാറിനു അവകാശപ്പെട്ടതാണ്.

ദുര്‍ബലമായ ഒരു തിരക്കഥയുമായി നവാഗതന്‍ ഷാജി അസീസ് നടത്തിയിരിക്കുന്ന  സംവിധാനത്തിനും അധികം മികവുകള്‍ അവകാശപ്പെടാനില്ല. പ്രമേയത്തെ ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഒന്നാം പകുതി വരെ ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന് അല്പമെങ്കിലും ജീവന്‍ വയ്ക്കുന്നത്, രണ്ടാം പകുതിയിലാണ്. ഒരു പക്ഷേ അപ്പോഴാകും പ്രേക്ഷകര്‍ക്കു മനസ്സിലാകുക ചിത്രം അപ്പോള്‍ തുടങ്ങിയതേയുള്ളൂ എന്ന്. നടന്മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല എന്നത് വ്യക്തം. ശരത് കുമാറിനേയും കലാഭവന്‍ മണിയേയും പോസ്റ്ററുകളില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതൊഴിച്ചാല്‍ അവരെ ചിത്രത്തിനായി ഉപയോഗിച്ചിട്ടേയില്ല എന്നു വേണം പറയാന്‍. പ്രതീക്ഷയോടെ തിരശ്ശീലയിലെത്തുന്ന കഥാപാത്രങ്ങള്‍ എങ്ങോട്ടോ പോയ് മറയുന്ന കാഴ്ചയാണ് ഈ പോസ്റ്റുമാനില്‍ നാം കാണുന്നത്. കേരള ജനതയെ കാര്‍ന്നു തിന്നുന്ന ലോട്ടറി എന്ന വിപത്തിനെ നന്നായി ചിത്രീകരിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിരിക്കുന്നു എന്നത് മാത്രമാണ്‍ ഈ ചിത്രത്തിന്റെ എടുത്തു പറയാന്‍ കഴിയുന്ന പ്രത്യേകത.

അഭിനയത്തിന്‍ കുഞ്ചാക്കോ ബോബനും ശരത് കുമാറും മാത്രമാണ് തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നത്. ഇന്നസെന്റിന്റെ അച്ഛന്‍ വേഷം ആവര്‍ത്തന വിരസതയുടെ മറ്റൊരു അധ്യായം മാത്രമാണ്. നായികയായി എത്തുന്ന മീരാ നന്ദനും ശ്രീക്കുട്ടിക്കും കാര്യമായി ഒന്നും ചെയ്യുവാനില്ല. ചെറുതെങ്കിലും, കലാഭവന്‍ പ്രചോദ് തന്റെ വേഷത്തെ ഭംഗിയാക്കിയിരിക്കുന്നു. സലീം കുമാറും, ജാഫര്‍ ഇടുക്കിയും, സുരാജ് വെഞ്ഞാറമൂടുമെല്ലാം സ്ഥിരം കഥാപാത്രങ്ങളില്‍ തന്നെ. സുരാജിനെ കുറച്ചു നേരം മാത്രം സഹിച്ചാല്‍ മതി എന്ന ഒരു ആശ്വാസം മാത്രമേയുള്ളൂ. രണ്ടാം പകുതിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദായി എത്തുന്ന കലാഭവന്‍ മണിയെ എന്തിനു കൊണ്ടു വന്നു എന്നത് ഒരു വലിയ ചോദ്യമാണ്. തികച്ചും അപ്രസക്തമായ ഒരു കഥാപാത്രത്തിനായി മണിയെ അഭിനയിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. വന്നും പോയിയുമിരിക്കുന്ന അനേകം കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്കൊന്നും ചിത്രത്തിന്റെ കഥയുമായി പുലബന്ധം പോലുമില്ല എന്നതാണ് സത്യം.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ആശ്വാസം പകരുന്നവയല്ല. ആനന്ദ് ബാലകൃഷ്ണന്റെ ഛായഗ്രഹണം ശരാശരിക്കു താഴെ ഒതുങ്ങുന്നു. വി.സാജന്റെ ചിത്രസംയോജനം, ചിത്രത്തെ 2 മണിക്കൂറില്‍ ഒതുക്കാന്‍ സഹായിച്ചിരിക്കുന്നു എന്നതു മാത്രമാണ് എടുത്തു പറയേണ്ട കാര്യം. കൈതപ്രവും അനില്‍ പനച്ചൂരാനും എഴുതിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. എല്ലാ ഗാനങ്ങളും ചിത്രത്തിന് അധികപ്പറ്റാണ്. റണ്‍ രവിയുടെ സംഘട്ടന രംഗങ്ങള്‍ തരക്കേടില്ല എന്നു പറയാം. ഈ ചിത്രത്തിന് മേന്മ അവകാശപ്പെടാന്‍ ചിത്രത്തിന്റെ ആദ്യഭാഗത്തെ ടൈറ്റിലുകളും, പരസ്യകലയും മാത്രമാണുള്ളത്.

നല്ലൊരു പ്രമേയത്തെ എങ്ങനെ നശിപ്പിച്ച് പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യാം എന്നതിന്റെ മകുടോദാഹരണമാകും ഈ ചിത്രം എന്നതുറപ്പാണ്. ചിത്രം തുടങ്ങിയപ്പോള്‍ സംസാരിച്ചതു മുഴുവന്‍ ലോട്ടറിയെപറ്റിയും അതിന്റെ ദുരന്തങ്ങളെക്കുറിച്ചും, എന്നാല്‍ അതു പെട്ടെന്നു വഴിമാറി തീവ്രവാദത്തിലെത്തിയപ്പോള്‍ ചിത്രം അടിമുടി ആടിയുലഞ്ഞു, ഏതു കടവില്‍ വഞ്ചിയടുപ്പിക്കണം എന്നറിയാത്തെ തോണിക്കാരനായിപ്പോയി ഷാജി അസീസ്. ഗിരീഷ് കുമാറിന്റെ സഹായത്തോടെ കഥയെ തീവ്രവാദത്തിന്റെ കടവില്‍ കൊണ്ടു പോയി കെട്ടിയപ്പോള്‍ സംഭവം ആകെ പാളി. നല്ലൊരു സന്ദേശം ക്ലൈമാക്സില്‍ ജഡ്ജി വായിച്ചു കേള്‍പ്പിക്കുന്നുണ്ടെങ്കിലും, അത് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ പരാജയപ്പെടുന്നിടത്താണ്, ചിത്രം നമ്മെ നിരാശപ്പെടുത്തുന്നത്. എന്തായാലും തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, എന്റെയൊപ്പം മുപ്പതില്‍ താഴെ ആളുകള്‍ മാത്രമെ ചിത്രം കാണുവാനുണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ താരപ്പകിട്ടില്ലാതിരുന്നതു കൊണ്ടാവാം അത്. പക്ഷേ ഒരു ചിത്രത്തിന്റെ ആകര്‍ഷകമായ പരസ്യകല എത്രത്തോളം പ്രേക്ഷകരെ വഴിതെറ്റിക്കും എന്ന്‍ അറിയാതെ ചിന്തിച്ചു പോയ നിമിഷമായിരുന്നു അത്...

എന്റെ റേറ്റിങ് : 2.5 /10.0
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.