Tuesday, September 14, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി (Elsamma Enna Aankutty)


മലയാളികള്‍ക്കെന്നും പുതുമയാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിക്കുക എന്നത് ലാല്‍ജോസെന്ന സംവിധായകന്റെ ഒരു ശീലമാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നു തുടങ്ങി നീലത്താമര വരെ എത്തി നില്‍ക്കുമ്പോള്‍, അദ്ദേഹം അതിനിതുവരെ മുടക്കം വരുത്തിയിട്ടില്ല. നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസൊരുക്കുന്ന ചിത്രമാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി തൂലിക ചലിപ്പിച്ചിരിക്കുന്നത് എം.സിന്ധുരാജ്. നവാഗതയായ ആന്‍ അഗസ്റ്റില്‍ എല്‍സമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍ നെടുമുടി വേണു തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്.


ഹൈറേഞ്ചിലെ “ബാലന്‍പിള്ള സിറ്റി” എന്ന ചെറു സിറ്റിയില്‍ നടക്കുന്ന കഥയാണ് ലാല്‍ജോസ് നമുക്കായി ഒരുക്കുന്നത്.  വാറ്റുകാരനായ അപ്പന്‍ പൂക്കുല വര്‍ക്കി മരിച്ചപ്പോള്‍, പഠനം പോലുമുപേക്ഷിച്ച് സ്വന്തം കുടുംബത്തിന്റെ ഭാരം ഒറ്റക്കു ചുമലിലേറ്റിയയാളാണ് എല്‍സമ്മ. അമ്മച്ചിയും മൂന്നു ഇളയ സഹോദരിമാരുമടങ്ങുന്ന കുടുംബത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് എല്‍സമ്മ പോറ്റുന്നത്. പത്രം വില്‍ക്കുകയും, 'മാതൃഭൂമി'യുടെ പ്രാദേശിക ലേഖകയുമാണ് എല്‍സമ്മ. നാട്ടുകാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന എല്‍സമ്മ, എല്ലാവരുടേയും കണ്ണിലുണ്ണീയാണ്. എന്നാല്‍ ബാലന്‍ പിള്ള സിറ്റിയില്‍ എല്‍സമ്മയ്ക്ക് ചില ശത്രുക്കളുമുണ്ട്, അബ്കാരി സുഗുണന്‍, മെമ്പര്‍ രമണന്‍ എന്നിവരുടെ കണ്ണിലെ കരടാണ് എല്‍സമ്മ. എന്നാല്‍ എല്‍സമ്മയ്ക്കു സഹായത്തിനായി എന്നും പാപ്പനും (നെടുമുടി വേണു) പാലുണ്ണീ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണനും (കുഞ്ചാക്കോ ബോബന്‍) ഉണ്ട്. അതിനിടയിലാണ് പാപ്പന്റെ മകന്റെ ഭാര്യ മരിക്കുന്നതും അവരുടെ മക്കളായ എബിയും (ഇന്ദ്രജിത്ത്) ഷെറിനും പാപ്പന്റെ ഒപ്പം താമസിക്കാനെത്തുന്നതും. എബിയുടെ സുഹൃത്തുക്കളായ ജെറിയും (മണിക്കുട്ടന്‍) മറ്റു രണ്ടു പേരും എത്തുന്നതോടെ, അവര്‍ എല്‍സമ്മയ്ക്കും, എല്‍സമ്മ  അവര്‍ക്കും തലവേദനയായി മാറുന്നു. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് എം.സിന്ധുരാജാണ്. വളരെ ലളിതമായ, പക്ഷേ കാമ്പുള്ളോരു കഥയാണ് സിന്ധുരാജ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു പക്ഷേ ഇത്തരം ഒരു ചിത്രങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത്യുള്ള ക്ലീഷേകളെ പരമാവധി ഒഴിവാക്കിയാണ് അദ്ദേഹം ചിത്രത്തിന്റെ തിരനാടകം ഒരുക്കിയിരിക്കുന്നതെന്നതാണ്, ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. കഥാപാത്ര സൃഷ്ടിയില്‍ പുലര്‍ത്തിയിരിക്കുന്ന കൈയ്യടക്കം മൂലം അനാവശ്യമായ കഥാപാത്രങ്ങള്‍ എന്നു പറയുവാനാരും തന്നെ ഈ ചിത്രത്തിലില്ല. ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം കൊടുക്കുവാനും കഴിഞ്ഞിരിക്കുന്നു, അതു കൊണ്ടു തന്നെ തീയേറ്റര്‍ വിട്ടു പോകുന്ന പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍ അവരില്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു. എന്നാല്‍, എല്‍സമ്മ എന്ന കഥാപാത്രം എത്രത്തോളം ബോള്‍ഡാണ് എന്ന് പ്രേക്ഷകരെ മനസ്സിലാക്കുവാനായി അവതരിപ്പിക്കുന്ന രംഗങ്ങളില്‍ ചിലത് വിശ്വാസ്യ യോഗ്യമല്ല. അതുപോലെ രണ്ടാം പകുതിയില്‍ ഒരല്പം ശോകം അധികമായി വിതറിയോ എന്നൊരു സംശയവും ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം. പക്ഷേ ഈ ന്യൂനതകള്‍ മറന്നാല്‍, സമീപകാലത്ത് മലയാള ചലച്ചിത്ര ലോകം കണ്ട മികച്ച തിരക്കഥകളിലൊന്നായി ഇതു മാറുമെന്നതില്‍ സംശയമില്യ.

ഇത്രയും ശക്തമായ ഒരു പ്രമേയവും, മികച്ച തിരക്കഥയും കയ്യിലെത്തിയാല്‍ പിന്നെ ലാല്‍ജോസില്‍ നിന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അതു തന്നെയാണ് ‘എല്‍സമ്മ എന്ന ആണ്‍കുട്ടി‘ എന്ന ചിത്രം. ഒരു പക്ഷേ, നാം പല തവണ, പല രൂപത്തില്‍ കണ്ട പ്രമേയമാണ്, സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും അവളുടെ ജീവിത പ്രാരാബ്ധങ്ങളും. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ദൃശ്യഭാഷ്യമാണ് ലാല്‍ജോസ് ഇതിനു ചമച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ  അടുത്തറിഞ്ഞ്, അതു ചെയ്യാന്‍ യോഗ്യരായവരെ തന്നെ നിയോഗിച്ചിരിക്കുന്നു എന്നതാണ് സംവിധായകനെന്ന  നിലയില്‍ ലാല്‍ജോസിന്റെ ആദ്യ വിജയം. പ്രേക്ഷകരെ മുഷിപ്പിക്കാതെ, ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിലും ലാല്‍ ജോസ് വിജയിച്ചിരിക്കുന്നു. പ്രിയദര്‍ശനു ശേഷം മലയാളത്തില്‍, ഗാനചിത്രീകരണ രംഗങ്ങളില്‍ മികച്ചു നില്‍ക്കുന്നതാര് എന്ന ചോദ്യത്തിന്, ലാല്‍ ജോസെന്നാവും ഉത്തരം, എല്‍സമ്മയിലും സ്ഥിതി വ്യത്യസ്തമല്ല. മനോഹരങ്ങളായ ലൊക്കേഷനുകളില്‍ അതിമനോഹരമായാണ് ലാല്‍ ജോസ് ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിക്കുന്നത്. തന്റേതായ കയ്യൊപ്പോടു കൂടിയാണ് ലാല്‍ജോസ് എല്‍സമ്മയെ നമുക്കായി അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ, ഇത് സംവിധായകന്റെ ചിത്രം എന്നു നിസ്സംശയം പറയാം.

കാവ്യാമാധവനെയും സംവൃതാ സുനിലിനേയും മലയാളിക്കു സമ്മാനിച്ച ലാല്‍ജോസ്, മലയാളിക്കായി മറ്റൊരു നായികയെ പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ. നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ആന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തുന്നത്. നവഗത നായികയുടെ യാതൊരു സഭാകമ്പവുമില്ലാതെയാണ് ആന്‍ എല്‍സമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. കൈവിട്ടു പോകാമായിരുന്ന പല രംഗങ്ങളേയും അതി ഗംഭീരമായി തന്നെയാണ് ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബോള്‍ഡായി മാറുന്ന എല്‍സമ്മയെ അവതരിപ്പിക്കുമ്പോള്‍, അതിനോട് നൂറു ശതമാനം നീതിപുലര്‍ത്തുവാന്‍ ആനിനു കഴിഞ്ഞോ എന്നത് സംശയമാണ്. എന്നാല്‍ ആ നടി, മലയാള ചലച്ചിത്ര രംഗത്തെ ബഹുദൂരം മുന്നോട്ട് പോകും എന്നു ന്യായമായും കരുതാം. ചിത്രത്തിലെ പാലുണ്ണീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ അഭിനന്ദാര്‍ഹമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആ കഥാപത്രത്തിനനുയോജ്യമായ രീതിയില്‍ തന്റെ രൂപത്തേയും ഭാവത്തേയും മാറ്റിയെടുക്കുകയും, മികച്ച രീതിയില്‍ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പികുകയും ചെയ്തിരിക്കുന്നു കുഞ്ചാക്കോ ബോബന്‍. സാധാരണ തമാശ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മികവു പുലര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിയാറില്ല, പക്ഷേ ഈ ചിത്രത്തില്‍ അദ്ദേഹം കോമഡി കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയം തന്നെ. കുഞ്ചാക്കോയോട് മത്സരിച്ചഭിനയിച്ചിരിക്കുന്ന മറ്റൊരാള്‍ ഇന്ദ്രജിത്താണ്. എബി എന്ന പൂവാലനായ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ ഇന്ദ്രജിത്തിനു കഴിഞ്ഞിരിക്കുന്നു. ക്ലാസ്മേറ്റ്സില്‍ നാം കണ്ട ഇന്ദ്രജിത്തില്‍ നിന്നും വ്യത്യസ്തനായ ഒരാളെയാണ് നമുക്ക് എല്‍സമ്മയില്‍ കാണുവാന്‍ കഴിയുക. 

കെ.പി.എ.സി ലളിത, മണിയന്‍ പിള്ള രാജു, ജനാര്‍ദ്ദനന്‍, മണിക്കുട്ടന്‍ തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, നെടുമുടി വേണു എന്നിവര്‍ക്ക് ശാപമോക്ഷം കിട്ടിയ ചിത്രം കൂടിയാവും എല്‍സമ്മ. പാപ്പനെന്ന, എല്‍സമ്മയുടെ അഭ്യുദയകാംഷിയായ അയല്‍ക്കാരനെയാണ് നെടുമുടി വേണു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലന്‍ പിള്ള സിറ്റിയിലെ ഏക കല്യാണ ബ്രോക്കറെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തങ്ങളുടെ സ്ഥിരം പാറ്റേണില്‍ നിന്നു മാറി എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യുവാന്‍ ഇരുവര്‍ക്കും സാധിച്ചിരിക്കുന്നു എന്നതൊരു പ്ലസ് പോയിന്റാണ്. അതു പോലെ തന്നെ, അടുത്ത കാലത്തൊന്നും ജഗതിയിലെ പ്രതിഭയെ ഉപയോഗിക്കുവാന്‍ സംവിധായകരാരും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ വളരെ രസകരമായി മെമ്പര്‍ രമണനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ജഗതിക്കു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ജഗതിയെ ഹാസ്യ സാമ്രാട്ടെന്നു വിളിക്കുന്നതെന്നു ചോദിച്ചാല്‍, എല്‍സമ്മയിലെ ചില തമാശ രംഗങ്ങള്‍ മാത്രം കാണിച്ചു കൊടുത്താല്‍ മതി എന്നു തോന്നുന്നു. പ്രതിനായകനല്ലെങ്കിലും, എല്‍സമ്മയുടെ എതിരെ നില്‍ക്കുന്ന സുഗുണന്‍ എന്ന കഥാപാത്രം, വളരെക്കാലത്തിനു ശേഷം വിജയരാഘവനു ലഭിച്ച നല്ലൊരു വേഷമാണ്. അതിമനോഹരമായി തന്നെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു വിഭാഗം, ഇതിലെ ഗാനങ്ങളാണ്. പതിവു ലാല്‍ ജോസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, രാജാമണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരികളൊരുക്കിയിരിക്കുന്നത് റഫീക് അഹമ്മദും. ആകെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിതാര ആലപിച്ച, ടൈറ്റില്‍ ഗാനമായ കണ്ണാരം പൊത്തി പൊത്തി എന്നത് ആലാപന ശൈലി കൊണ്ടെ വേറിട്ടു നില്‍ക്കുമ്പോള്‍, വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാലപിച്ച “ഇതിലെ തോഴീ..” ഒരു ഗസല്‍ ടച്ചുള്ള മെലഡിയാണ്. അച്ചുവും റിമി ടോമിയും ചേര്‍ന്നു പാടിയ “കണ്ണാടി ചിറകുള്ള..” എന്ന ഗാനം, അവതരണം കൊണ്ടു ശ്രദ്ധേയമാകുമ്പോള്‍, ദേവാനന്ദും അച്ചുവും ചേര്‍ന്നാലപിച്ച “ആമോദമായ്..” എന്ന ഗാനം ഒഴിവാക്കാമായിരുന്നു എന്നു തോന്നി. ഒറ്റക്കു കേള്‍ക്കുമ്പോള്‍, ആസ്വാദകരെ ആനന്ദിപ്പിക്കുന്നവയല്ല ഗാനങ്ങളെങ്കിലും, ചിത്രത്തിനോടവ ചേര്‍ന്നു പോകുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിലുടനീളം പച്ചപ്പു കലര്‍ന്ന ഫ്രെയിമുകള്‍ നമുക്കു കാണുവാന്‍ കഴിയും. ഹൈറേഞ്ചിന്റെ ഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്,  വിജയ് ഉലകനാഥാണ്. ചിത്രത്തിലെ ഗാനങ്ങളിലും ഒരു നല്ല കാഴ്ചയൊരുക്കിയിരിക്കുന്നത്തില്‍ വിജയുടെ പങ്ക് പ്രകടമാണ്. ചിത്രത്തിന്റെ ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാമാണ്. ഫ്രെയിമുകളെ കൂട്ടിയിണക്കി ഒരു ഒഴുക്കില്‍ കഥയെ കൊണ്ടുപോകുന്നതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു തന്നെയാണ്. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയവും സജി കുന്ദംകുളത്തിന്റെ വസ്ത്രാലങ്കാരവും ചിത്രത്തോട് ചേര്‍ന്നു പോകുന്നു.

ലാല്‍ജോസ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വ്യത്യസ്തത നല്‍കാന്‍ ഈ ചിത്രത്തിനു കഴിയുന്നു. ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചിത്രം മഹത്തായ ഒന്നെന്നു പറയുവാന്‍ കഴിയില്ല. ആദ്യ പകുതി നല്ല വേഗത്തില്‍ മുന്നോട്ടു പോകുമ്പോള്‍, രണ്ടാം പകുതി അല്പം ഇഴയുന്നു. എന്നാല്‍, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തീയെറ്ററുകളില്‍ രസിപ്പിച്ച് പിടിച്ചിരുത്തുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്. സമീപ കാല ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാല്‍ മികച്ച നിലവാ‍രം പുലര്‍ത്തുന്നു ലാല്‍ ജോസിന്റെ എല്‍സമ്മ. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ ലാല്‍ ജോസില്‍ നിന്നും പ്രതീക്ഷിക്കുന്നു. അതിനൊപ്പം, മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആന്‍ അഗസ്റ്റിന് ആശംസകള്‍ നേരുന്നു.


എന്റെ റേറ്റിങ് - 7.3 /10.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.