Sunday, September 19, 2010

ഇടവേള

ജീവിതത്തില്‍ പല പല പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍, പലതിന്റേയും പിന്നാലെ പായുമ്പോള്‍, നമുക്ക് പ്രിയപ്പെട്ടതിനോട്  പലതിനോടും താല്‍കാലികമായെങ്കിലും വിട പറയേണ്ടി വരുന്നു.. 
അത്തരമൊരു സാഹചര്യത്തിലൂടെ ഞാന്‍ കടന്നു പോകുന്നതിനാല്‍, ബ്ലോഗ്ഗിങ്ങില്‍ നിന്നും ചെറിയൊരു ഇടവേള... 

മടങ്ങി വരും...... എന്നെന്നറിയില്ല.. പക്ഷേ മടങ്ങി വരും.....

സ്നേഹപൂര്‍വ്വം
പിള്ളാച്ചന്‍

Saturday, September 18, 2010

ഓണചിത്രങ്ങള്‍ 2010

മലയാള സിനിമക്ക് പതിവു പോലെ വര്‍ണ്ണ രഹിതമായ ഓണമായിരുന്നു ഈ വര്‍ഷവും. സൂപ്പര്‍ താരചിത്രങ്ങള്‍, ഓണം റിലീസ് റംസാന്‍ റിലീസാക്കി മാറ്റിയപ്പോള്‍ മറ്റുള്ള താരങ്ങളുടെ ഒരു പിടി ചിത്രങ്ങളാണ് ഈ ഓണത്തിന് മലയാളികള്‍ക്കായി എത്തിയത്. പാട്ടിന്റെ പാലാഴി, ആത്മകഥ, യക്ഷിയും ഞാനും, ത്രീ ചാര്‍ സൌ ബീസ്, സകുടുംബം ശ്യാമള, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, 9 കെ.കെ റോഡ് എന്നിവയാണാ ചിത്രങ്ങള്‍.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമാണ് പാട്ടിന്റെ പാലാഴി. മീരാ ജാസ്മിന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തുകയാണീ ചിത്രത്തിലൂടെ. രേവതി, മനോജ് കെ ജയന്‍, ബാലഭാസ്കര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു ഗായികയുടെ കഥ പറയുന്ന ചിത്രം, ആവിഷ്കാരത്തിലെ പിഴവുകള്‍ മൂലം പ്രേക്ഷകരിലെത്താതെ പോകുന്നു. നല്ലൊരു കഥയെ, പല ഭാ‍ഗങ്ങളായി ഒരു ജിഗ്സോ പസില്‍ പോലെ ഒന്നിച്ചു ചേര്‍ക്കുകയാണ് രാജീവ് അഞ്ചല്‍ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ സംശയങ്ങളുടെ പെരുമഴയാകും.

നവാഗത സവിധായകനായ പ്രേം ലാലിന്റെ ചിത്രമാണ്‌ 'ആത്മകഥ'. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ശ്രീനിവാസന്‍, ശര്‍ബാനി മുഖര്‍ജി, ഷഫ്‍ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ധ ദമ്പതിമാരുടേയും അവരുടെ മകളുടേയും കഥ പറയുന്ന ആത്മകഥ, ഇതിനുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തെപ്പറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറിയുവാന്‍ കഴിയുന്നത്.  

വിവാദങ്ങളുടെ സഹയാത്രികനായ വിനയന്‍ ഒരുക്കിയ യക്ഷിയും ഞാനുമാണ് മറ്റൊരു ഓണക്കാല ചിത്രം. മലയാള സിനിമയിലെ റിബല്‍ ഒരുക്കിയ ഈ ചിത്രം, മലയാള സിനിമയിലെ തന്നെ എല്ലാ സംഘടനകളോടും പടവെട്ടിയാണ് വിനയന്‍ തീയേറ്ററികളില്‍ എത്തിച്ചിരിക്കുന്നത്. പതിവു ഫോര്‍മുലയില്‍ കോമഡിയും ഹൊററും ചേര്‍ത്തൊരു യക്ഷിക്കഥ തന്നെയാണ് ചിത്രം. എന്നാല്‍ പ്രേക്ഷകര്‍ക്കായുള്ള ഒരു പീഡനമാണ് ചിത്രമെന്നാണ് സൂചന. യക്ഷി കേരളം കീഴടക്കി എന്ന പോസ്റ്ററുമായി പരസ്യത്തിനിറങ്ങിയിട്ടും, അത്ര ശുഭകരമായ ഒരു റിപ്പോര്‍ട്ടല്ല യക്ഷിയെക്കുറിച്ച് കേള്‍ക്കുന്നത്.

ടെലിവിഷന്‍ അവതാരകന്‍ ഗോവിന്ദന്‍ കുട്ടി സംവിധായകനാകുന്ന ചിത്രമാണ് ത്രീ ചാര്‍ സൌ ബീസ്. മുഖ്യകഥാപാത്രവും ഗോവിന്ദന്‍ കുട്ടി തന്നെ. താരനിര കൊണ്ടും, കഥാ ശൂന്യത കൊണ്ടും, പ്രേക്ഷക ശ്രദ്ധ അശേഷം പതിയാതെ പോയ ചിത്രമായി ഇത്. ഈ ഓണക്കാലത്തെ ഏറ്റവും വലിയ ഫ്ലോപ്പ് ഇതാണ്. സകുടുംബം ശ്യാമള, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി തുടങ്ങി രണ്ടു ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തി. കുഞ്ചാക്കോ ബോബനും ഊര്‍വശിയും ഭാമയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ്‍് സകുടുംബം ശ്യമള. പ്രേക്ഷകരെ ഒരു പരിധി വരെ ചിത്രം ആകര്‍ഷിച്ചുവെങ്കിലും, ഒരു ലോങ് റണ്‍ ഈ ചിത്രത്തിനു ലഭിച്ചില്ല. അഡ്വക്കേറ്റ് ലക്ഷ്മണന്‍ വന്നതും പോയതും ആരും അറിഞ്ഞില്ല എന്നു തോന്നുന്നു. ഒരു പോസ്റ്ററു പോലും കാണാനുള്ള ഭാഗ്യം ഇതു വരെ സിദ്ധിച്ചില്ല. മറ്റൊരു ഫ്ലോപ്പായി ഈ ചിത്രം മാറി. തീയെറ്ററില്‍ വന്നു പോയ മറ്റൊരു ചിത്രമാണ് 9 കെ.കെ റോഡ്. ബാബു ആന്റണി നായകനായ ഈ ചിത്രവും പെട്ടെന്നു തന്നെ തീയേറ്ററുകളില്‍ നിന്നും പോയി.

ആത്മകഥയും പാട്ടിന്റെ പാലാഴിയും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത, പുതുമ മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെറ്റുന്നു എന്നാണ്. പുതുമ എന്ന പേരില്‍, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാല്‍ വലിച്ചെറിയപ്പെടുമെന്നും... ഇനി റംസാനിലേക്ക് കാത്തിരിക്കാം.... നല്ല ചിത്രങ്ങള്‍ വരുമെന്ന പ്രതീക്ഷയോടെ..

Friday, September 17, 2010

ഐഷാ (Aisha)


അനേകം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, ബോളീവുഡില്‍ വലിയ താരങ്ങളായി മാറാത്തവരാണ് അഭയ് ഡിയോളും സോനം കപൂറും. അവര്‍ രണ്ടു പേരും ഒന്നിക്കുന്ന ചിത്രമാണ് ഐഷാ. ജെയില്‍ ഓസ്റ്റിന്റെ എമ്മാ വുഡഹൌസിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതപ്പെട്ടിരിക്കുന്നത്. അനില്‍ കപൂര്‍ ഫിലിം കമ്പിനിയും പിവിആര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജശ്രീ ഓജയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഭയ് ഡിയോള്‍, സോനം കപൂര്‍, സൈറസ്, ലിസ ഹൈഡന്‍, ആനന്ദ് തിവാരി തുടങ്ങി ഒരു പറ്റം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ അപ്പര്‍ ക്ലാസ് ജീവിതത്തിന്റെ കഥയാണ് ഐഷയിലൂടെ രാജശ്രീ ഓജ പറയുന്നത്.  

ഐഷയും (സോനം കപൂര്‍) അര്‍ജ്ജുനും (അഭയ് ഡിയോള്‍) ബാല്യകാല സുഹൃത്തുക്കളാണ്. ഡല്‍ഹിയിലെ ഏറ്റവും നല്ല മാച്ച് മേക്കറാണ് താനെന്നാണ് ഐഷാ വിശ്വസിക്കുന്നത്. തന്റെ ആത്മാര്‍ത്ഥ സുഹൃത്തു പിങ്കി (ഇറാ ദൂബെ)യുമായി ചേര്‍ന്ന്, അവരുടെ സുഹൃത്തായ ഷെഫാലിയെ (അമൃതാ പുരി) രണ്‍ധീറുമായി (സൈറസ്)  ചേര്‍ക്കാനായി ശ്രമിക്കുന്നു. എന്നാല്‍ രണ്‍ധീര്‍ ഐഷയെയാണ് ഇഷ്ടം എന്നു പറയുന്നതൊടെ അതു പൊളിയുന്നു. അതോടെ ഷെഫാലിയെ ധ്രുവുമായി (അരുണോദയ് സിങ്) ചേര്‍ക്കാന്‍ അവര്‍ പ്ലാനിടുന്നു. പക്ഷേ ഷെഫാലിക്ക് അര്‍ജ്ജുനെ ഇഷ്ടമാകുന്നു.പിന്നീട് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഐഷാ എന്ന ചിത്രം നമുക്കായി സമ്മാനിക്കുന്നത്.

എമ്മാ വുഡഹൌസിന്റെ നിലവാ‍രത്തിലേക്ക് ഉയരുന്നില്ലെങ്കിലും, ദേവിക ഭഗത്തെഴുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ്. അത്യാവശ്യം പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളും, വഴിത്തിരിവുകളും ചിത്രത്തില്‍ ഉണ്ട്. ആദ്യമെ തന്നെ, ആരു ആരോടു ചേരും എന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും, കഥ പുരോഗമിക്കുമ്പോള്‍ അതു സംഭവിക്കുമോ എന്ന് സംശയമുളവാക്കുകയും, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു എന്നതാണ് തിരക്കഥയുടെ മേന്മ. പക്ഷേ അവിടിവിടെയായി ഈ തിരക്കഥ പാളുന്നുമുണ്ട്. രാജശ്രീ ഓജയുടെ സംവിധാനവും ഇതിനൊപ്പം എടുത്തു പറയേണ്ടിയിരിക്കുന്നു. അനാവശ്യമെന്നു തോന്നുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഇല്ല. ഓരോ രംഗങ്ങള്‍ കഥയുടെ ഒരോ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സംവിധായകന്റെ ഈ കഴിവിനെ നാം അനുമോദിക്കേണ്ടതുണ്ട്.

ടൈറ്റില്‍ റോളില്‍ വന്ന സോനം കപൂര്‍ തന്നെ ഭാഗം നന്നാക്കിയിട്ടുണ്ട്. ഐഷാ എന്ന കഥാപാത്രം അവര്‍ക്ക് നന്നായിണങ്ങുന്നു എന്നു തോന്നി. അര്‍ജുന്‍ എന്ന കഥാപാത്രമായി അഭയ് ഡിയോള്‍ തിളങ്ങിയിരിക്കുന്നു. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അര്‍ജുന്‍ എന്ന കഥാപാത്രത്തെ വേറിട്ടതാക്കാന്‍ അഭയിനു കഴിഞ്ഞിരിക്കുന്നു. ഐഷയ്ക്കും അര്‍ജ്ജുനും ചുറ്റുമാണ് മറ്റു കഥാപാത്രങ്ങള്‍. ഇറാ ദൂബെ, അമൃതാ പുരി, സൈറസ്, ആനന്ദ തിവാരി എന്നിവരെല്ലാം നല്ല പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കഥയെ നന്നായി മുന്നോട്ടു കൊണ്ടു പോകുവാന്‍ ഇതു സഹായിച്ചിട്ടുണ്ട്.

എടുത്തു പറയേണ്ട മറ്റൊരു സംഭാവന, ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ഡീഗോ റോഡിറീഗസിന്റേതാണ്. മികച്ച നിലവാരത്തിലുള്ള ഛായഗ്രഹണമാ‍ണ് നമുക്ക് ചിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്. റിവര്‍ റാഫ്റ്റിങ് രംഗങ്ങളെല്ലാം ഉദാഹരണം മാത്രമാണ്. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്, മലയാളികള്‍ക്ക് സുപരിചിതനായ ശ്രീകര്‍ പ്രസാദാണ്. കഥയുടെ വേഗത കാത്തു സൂക്ഷിക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്. അമിത് ത്രിവേദിയുടെ ഗാനങ്ങളും ചിത്രത്തോട് ചേര്‍ന്നു പോകുന്നു.

ഒരു അപ്പര്‍ ക്ലാസ് ഫാമിലിയുടെ കഥ പറയുമ്പോള്‍ പലപ്പോഴും പ്രേക്ഷകര്‍ മുഖം തിരിക്കാറുണ്ട്. പക്ഷേ ഐഷാ എല്ലാ വിഭഗത്തിലുള്ള ആളുകളേയും ആകര്‍ഷിക്കും, കഥ പറയുന്ന രീതിയും, കഥ പുരോഗമിക്കുന്ന വഴികളും പ്രേക്ഷകരെ ബോറടിപ്പിക്കാതെ, തീയേറ്ററില്‍ പിടിച്ചിരുത്താന്‍ പ്രാപ്തമാണ്. ഒരു പക്ഷേ അഭയ് ഡിയോളിന്റേയും സോനം കപൂറിന്റേയും അഭിനയ ജീവിതത്തിലെ വഴിത്തിരിവായേക്കാവുന്ന ചിത്രമാണ് ഐഷാ....

എന്റെ റേറ്റിങ് : 7.1/10

Wednesday, September 15, 2010

പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ് (Pranchiyettan & The Saint)


ലളിതവും സരസവുമായ തിരക്കഥകള്‍ രചിച്ചുകൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ അനുഗ്രഹീത തിരക്കഥാകൃത്താണ് രഞ്ജിത്ത്. ഒരു മെയ് മാസ പുലരിയും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും നമുക്കായി ഒരുക്കിയ രഞ്ജിത്ത്, ഇന്ന് മലയാള സിനിമയിലെ പരീക്ഷണങ്ങളുടെ നേര്‍രൂപമാണ്. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ചിത്രങ്ങള്‍ ഈയിടെയായി നമുക്ക് സമ്മാനിക്കുന്ന സംവിധായകന്‍ കൂടിയാണ് രഞ്ജിത്ത്. അതില്‍ അറിഞ്ഞോ അറിയാതെയോ മമ്മൂട്ടി എന്ന നടനും ഭാഗഭാക്കാകാറുണ്ട്. കേരളാ കഫേയ്ക്കും, പാലേരി മാണിക്യത്തിനും ശേഷം രഞ്ജിത്തും മമ്മൂട്ടിയും മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന മറ്റൊരു വ്യത്യസ്തയാര്‍ന്ന ചിത്രമാണ്, ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്’. രഞ്ജിത്തിന്റെ തന്നെ  'കാപ്പിറ്റോള്‍' തിയ്യേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൌസാണ്.

ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് അഥവാ സി.ഇ ഫ്രാന്‍സിസ് അഥവാ പ്രാഞ്ചിയേട്ടന്‍ എന്ന ബിസിനസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പരമ്പരാഗതമായി അരിയുടെ വ്യാപാരം നടത്തുന്ന ചിറമ്മല്‍ തറവാട്ടിലെ അവസാന ആണ്‍തരിയാണ് ഫ്രാന്‍സിസ്. അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പ്രാഞ്ചിയേട്ടന്‍ എന്നു വിളിക്കും, എന്നാല്‍ നാട്ടുകാരിലധികവും അദ്ദേഹത്തെ അരിപ്രാഞ്ചി എന്നാണ് വിളിക്കുന്നത്. കാര്‍ന്നവന്മാരായി ഉണ്ടാക്കിയിട്ടുള്ള സ്വത്ത്, ബിസിനസ്സിലൂടെ നാലു മടങ്ങായി വളര്‍ത്തിയയാളാണ് പ്രാഞ്ചിയേട്ടന്‍. എന്നാല്‍ അതിനനുസരിച്ച് സമൂഹത്തില്‍ ഒരു വിലയും പേരും തനിക്ക് കിട്ടുന്നില്ല എന്ന ഒരു പരാതി അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ട്. ജീവിതത്തില്‍ എന്തു തീരുമാനം എടുക്കുന്നതിനു മുന്നേയും, തന്റെ കാര്‍ന്നോന്മാരോടും, ഇഷ്ട ദൈവമായ ഫ്രാന്‍സിസ് പുണ്യാളനോടും പ്രാഞ്ചി അനുവാദം വാങ്ങും. ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍, ഒരു തീരുമാനം എടുക്കുന്നതിനു മുന്നെ, പുണ്യാളനോട് അനുവാദം വാങ്ങാനെത്തുന്ന പ്രാഞ്ചിയേട്ടനു മുന്നില്‍ പുണ്യാളന്‍ പ്രത്യക്ഷപ്പെടുന്നു. ബിസിനസ്സില്‍ വിജയം നേടുമ്പോഴും, ജീവിതത്തില്‍ പരാജയം നേരിടുന്ന തന്റെ ജീവിതത്തെക്കുറിച്ച് പ്രാഞ്ചിയേട്ടന്‍ പുണ്യാളനോട് പങ്കുവെയ്ക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം,

 
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ രഞ്ജിത്തിന്റേതാണ്. ഒരു ബിസിനസ്സുകാരന്റെ കഥ പറയുന്ന ഈ ചിത്രം, പക്ഷേ അദ്ദേഹത്തിന്റെ ജീവചരിത്രമല്ല പറയുന്നത്. അയാളുടെ ജീവിതത്തിലെ ഏതാനും സംഭവ വികാസങ്ങള്‍ മാത്രമാണ്. അതിനുള്ളില്‍ നിന്നു കൊണ്ട്, മികച്ച തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. പ്രാഞ്ചിയേട്ടന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയെല്ലാം കോര്‍ത്തിണക്കി, പ്രേക്ഷകര്‍ക്കനുഭവവേദ്യമാക്കി തീര്‍ക്കുവാന്‍ തിരകഥയ്ക്കു കഴിയുന്നുണ്ട്. രഞ്ജിത്തിന്റെ ഈ അടുത്ത കാലത്തെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍, ഹാസ്യത്തിനു പ്രാമുഖ്യം നല്‍കിയ തിരക്കഥകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടില്ലന്നേ പറയാം. എന്നാല്‍ പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത് ഹാസ്യം കലര്‍ന്ന തിരക്കഥകള്‍ തിരിച്ചു കൊണ്ടു വന്നിരിക്കയാണ്.  അത്തരമൊരു നല്ല തിരക്കഥയ്ക്ക്, പ്രാഞ്ചിയേട്ടന്‍ പുണ്യാളനോട് കഥ പറയുന്നു എന്ന ആഖ്യാന രീതി നല്‍കിയതാണ് ഇതിലെ വ്യത്യസ്തത. പാലേരി മാണിക്യത്തില്‍ കോഴിക്കോടന്‍ ഭാഷ ഉപയോഗിച്ച രഞ്ജിത്ത്, പ്രാഞ്ചിയേട്ടനിലേക്കെത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഷയാണ് ചിത്രത്തിലുടനീളം അഭിനയിക്കുന്നത്. എന്നാല്‍ കുന്നംകുളം ശൈലിയിലുള്ള “ശവിയേ”, “കന്നാലി” തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കി, നല്ല രീതിയിലാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നത് പ്രശംസനീയം തന്നെയാണ്. അതു കൊണ്ടു തന്നെ, ഹാസ്യം നിറഞ്ഞ തിരക്കഥയില്‍ തൃശ്ശൂര്‍ക്കാരുടെ ഫലിതബോധം നിഴലിച്ചു കാണുവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പാത്ര സൃഷ്ടിയില്‍ രഞ്ജിത്തിന് ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടനിലെ പല കഥാപാത്രങ്ങള്‍ക്കും കഥയുമായുള്ള ബന്ധമെന്ത് എന്ന് ചോദിച്ചാല്‍ “ആവോ അറിയില്ല്യ ഗഡിയേ“ എന്നേ പറയാനേ പറ്റൂ‍.

മമ്മൂട്ടിയെ കൂടാതെ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ടിനി ടോം, ടി.ജി രവി, ശ്രീജിത്ത് രവി, ബിജു മേനോന്‍, സിദ്ധിഖ്, കുശ്ബു, പ്രിയാമണി, ജയരാജ് വാര്യര്‍, ശശി കലിംഗ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഇടവേള ബാബു, മാസ്റ്റര്‍ ഗണപതി തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇതില്‍ എടുത്തു പറയേണ്ട അഭിനയം മമ്മൂട്ടി, ഇന്നസെന്റ്, ശശി കലിംഗ, മാസ്റ്റര്‍ ഗണപതി എന്നിവരുടേതാണ്. തൃശ്ശൂര്‍ ഭാഷയുമായി ബന്ധമുള്ള നടന്മാരെ കഥാപാത്രങ്ങള്‍ക്കായി കണ്ടത്തിയിരിക്കുന്നത് ഒരു പക്ഷേ ഭാഷ കൈകാര്യം ചെയ്യുന്നതിന്റെ എളുപ്പത്തിനാവും. സൌമ്യനായ തൃശ്ശൂര്‍ക്കാരനായി മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. മലയാളത്തിലെ ഒട്ടു മുക്കാല്‍ സ്ലാങ്ങുകളിലും ഇപ്പോള്‍ തന്നെ കൈവച്ച മമ്മൂട്ടി ആദ്യമായാണ് തൃശ്ശൂര്‍ ഭാഷ പയറ്റുന്നത്.  അതദ്ദേഹം ഭംഗിയാക്കിയിട്ടുമുണ്ട്. കോപ്രായങ്ങളില്ലാതെ, തമാശരംഗങ്ങളില്‍ നന്നായി അഭിനയിക്കുവാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അദ്ദേഹത്തെ ഈ വേഷം മികച്ചതാക്കാന്‍ സഹായിച്ചിരിക്കുന്നു. വേഷത്തിലും ഭാവത്തിലുമെല്ലാം അദ്ദേഹം പ്രാഞ്ചിയേട്ടനായി മാറുന്നു. പ്രാഞ്ചിയേട്ടനു ചുറ്റുമൊരു ഉപഗ്രഹമായി കറങ്ങി നടക്കുന്ന വാസു മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ഓരോ തവണയും പ്രാഞ്ചിയേട്ടനെ ഓരോ കുടുക്കില്‍ കൊണ്ടു പോയി ചാടിക്കുന്ന ഈ കഥാപാത്രത്തെ, സ്വതസിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ ഇന്നസെന്റ് മികച്ചതാക്കിയിരിക്കുന്നു. പ്രാഞ്ചിയുടെ അടുക്കളക്കാരനായി ശശി കലിഗയുടെ വേഷം അത്യുഗ്രന്‍ എന്നു തന്നെ പറയാം. വ്യത്യസ്തമായ തന്റെ രൂപം കൊണ്ടും ഭാവാഭിനയം കൊണ്ടും ചിത്രത്തിലുടനീളം ശശി നിറഞ്ഞു നില്‍ക്കുന്നു. പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഗണപതിയും പ്രശംസയര്‍ഹിക്കുന്നു. ചെറുതെങ്കിലും കുശ്ബുവും പ്രിയാമണിയും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. പുണ്യാളനായി ജെസി ഫോക്സ് അലന്‍ അഭിനയിച്ചിരിക്കുമ്പോള്‍, അദ്ദേഹത്തിന് രഞ്ജിത്ത് തന്നെ ശബ്ദം നല്‍കിയിരിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ എടുത്തു പറയുവാന്‍ ഛായാഗ്രഹണവും ചിത്രസംയോജനവും മാത്രമേയുള്ളൂ. ആദ്യ ഭാഗങ്ങളില്‍ വളരെ നന്നായി തന്നെയാണ് വേണു ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പക്ഷേ രണ്ടാം പകുതിയില്‍ അതല്പം പാളുന്നുണ്ടോ എന്നു തോന്നി. ലൈറ്റിങ്ങിലും മറ്റും വരുത്തിയ പിഴവുകള്‍ രണ്ടാം പകുതിയില്‍ പ്രകടമാണ്. പ്രാഞ്ചിയുടെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്തുക എന്ന ശ്രമകരമായ ജോലിയാണ് ചിത്രസംയോജകന്‍ വിജയ് ശങ്കര്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തെ ഒരു ഒഴുക്കില്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഷിബു ചക്രവര്‍ത്തി - ഔസേപ്പച്ചന്‍ കൂട്ടുകെട്ടൊരുക്കിയ കിനാവിലെ എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. പക്ഷേ അതെത്രത്തോളം ചിത്രത്തോട് ചേര്‍ന്നു പോകുന്നു എന്നത് സംശയമാണ്. മനു ജഗത്തിന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ ചമയവും ശരാശരി നിലവാരമാണ് പുലര്‍ത്തിയിരിക്കുന്നത്.

മാറ്റങ്ങളിലേക്ക് എന്നും മലയാള സിനിമയെ കൂട്ടിക്കൊണ്ടു പോകുക എന്ന കര്‍ത്തവ്യം ചുമലിലേറ്റിയ സംവിധായകനാണ് രഞ്ജിത്ത്. കയ്യൊപ്പായാലും, കേരളാ കഫേയായാലും സൂചിപ്പിക്കുന്നത് രഞ്ജിത്ത് എന്ന സംവിധായകന്‍ മലയാളികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ചലച്ചിത്ര മേഖലയില്‍ വേറിട്ടു നടക്കുന്നതിനാല്‍ ഓഫറുകള്‍ ലഭിക്കുന്നില്ലെന്ന് തുറന്നു പറയുവാന്‍ ധൈര്യം കാണിക്കുന്ന ഈ സംവിധായകന്റെ പുതിയ പരീക്ഷണമാണ് പ്രാഞ്ചിയേട്ടന്‍ അന്‍ഡ് ദി സെയിന്റ്. ലളിതമായ ഭാഷയില്‍ പ്രേക്ഷകരോട് സംവദിക്കുന്ന ഒരു മുഖ്യധാര ചിത്രം തന്നെയാണിത്.  വളരെ നാളുകള്‍ക്കു ശേഷം ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ലാതെ, നിഷ്കളങ്കമായ തമാശകള്‍ കൊണ്ട് പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു. തിരക്കഥയില്‍ അങ്ങിങ്ങുണ്ടായിട്ടുള്ള പാളിച്ചകളും, പാത്രസൃഷ്ടിയില്‍ സംഭവിച്ചിട്ടുള്ള ചെറിയ പിശകുകളും മറന്നാല്‍ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന, അവരെ ചിന്തിപ്പിക്കുന്ന ചിത്രമാണ്. ഇത്തരം പരീക്ഷണങ്ങളുമായി രഞ്ജിത്ത് ഇനിയും എത്തട്ടേ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടെ....

എന്റെ റേറ്റിങ് - 7.5 / 10

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ 2009 (National Film Awards 2009)


2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്ക്' മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം കരസ്ഥമാക്കി. പായിലെ അഭിനയിത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനും, ബംഗാളി ചിത്രം അബൊഹൊമാനിലെ അഭിനയിത്തിന് അനന്യ ചാറ്റര്‍ജി മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. അതേ ചിത്രത്തിന്റെ സംവിധായകനായ  ഋതുപര്‍ണ ഘോഷാണ് മികച്ച സംവിധായകന്‍. കുട്ടിസ്രാങ്ക് മൂന്നു അവാര്‍ഡുകള്‍ കൂടി നേടി. മികച്ച ഛായാഗ്രഹണത്തിന് അഞ്ജലി ശുക്ല, മികച്ച തിരക്കഥയ്ക്ക് പി.എഫ്. മാത്യൂസ് - ഹരികൃഷ്ണന്‍, മികച്ച വസ്ത്രാലങ്കാരത്തിന് ജയകുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയാണ് മികച്ച മലയാളചിത്രം. പഴശ്ശിരാജയിലെ മികച്ച ശബ്ദമിശ്രണത്തിന് റസ്സൂല്‍ പൂക്കുട്ടിക്കും, ചിത്രസംയോജനത്തിന് ശ്രീകര്‍ പ്രസാദിനും, മികച്ച പശ്ചാത്തല സംഗീതത്തിന് ഇളയരാജയ്ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച കുട്ടികളുടെ ചിത്രമായി ശിവന്‍ സംവിധാനം ചെയ്ത കേശു തിരഞ്ഞെടുക്കപ്പെട്ടു. ബാലനടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹസ്‌നയ്ക്കു ലഭിച്ചു. സി.എസ്. വെങ്കിടേശ്വരന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

ലാഹോറിലെ അഭിനയത്തിന് ഫാറൂഖ് ഷേയ്ക് മികച്ച സഹനടനായും, പായിലെ അഭിനയത്തിന് അരുന്ധതി നാഗ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. ത്രീ ഇഡിയറ്റ്സാണ് ജനപ്രീതി നേടിയ ചിത്രം. മികച്ച പിന്നണി ഗായകന്‍ രൂപം ഇസ്ലാമും, ഗായിക നിലഞ്ജന സര്‍ക്കാറുമാണ്. ദേവ് ഡിയിലെ സംഗീതത്തിന് അമിത് ത്രിവേദിക്ക് പുരസ്കാരം ലഭിച്ചപ്പോള്‍, മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം സ്വാനന്ദ് കിര്‍ക്കറെ കരസ്ഥമാക്കി.  മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത വെല്‍ഡണ്‍ അബ്ബാ കരസ്ഥമാക്കിയപ്പോള്‍, ദേശിയോത്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം ഡര്‍ഹി 6 നേടി.

മികച്ച ചിത്രമടക്കം 11 പുരസ്ജാരങ്ങളോടെ മലയാളം തിളങ്ങിയപ്പോള്‍, ഇത്തവണയും മലയാളത്തിന് മികച്ച നടനുള്ള പുരസ്കാരം നഷ്ടമായി. പായിലെ അഭിനയത്തിന് അമിതാഭ് ബച്ചന് പുരസ്കാരം നല്‍കിയപ്പോള്‍, അതു വരെ ഒപ്പത്തിനൊപ്പം മത്സരത്തിനുണ്ടായിരുന്നത്, പാലേരി മാണിക്യത്തിലേയും പഴശ്ശിരാജയിലേയും അഭിനയ മികവില്‍ മമ്മൂട്ടിയായിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലെ വീതം വെയ്പ്പില്‍, മമ്മൂട്ടി തഴയപ്പെടുകയായിരുന്നു എന്നു തോന്നുന്നു. ഒരു പക്ഷേ ഒരു മേയ്ക്ക്-അപ്പ് മാന്റെ കരവിരുതിനപ്പുറം ബച്ചന്‍ മികച്ചതായി അഭിനയിച്ചു എന്നു എനിക്കു തോന്നിയിട്ടില്ല. ഒരു പക്ഷേ അതിന്റെ ചമയത്തിന് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു. അല്ലാതെ അതിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നല്‍കാനുള്ള ഒരു വകുപ്പും ഇല്ല. മേക്കപ്പു കൊണ്ടു മുഖം മറച്ച ബച്ചന്റെ മുഖം ആളുകള്‍ക്കു കാണാന്‍ പോലുമായില്ല, അതു കണ്ട് മികച്ച അഭിനയം എന്നു വിലയിരുത്തിയ ജൂറിയുടെ നിലവാരം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഇതു മൂന്നാം തവണയാണ് ബച്ചന്‍ മലയാളത്തിന് അര്‍ഹിച്ച പുരസ്കാരം തട്ടിയെടിക്കുന്നത്. 1991ല്‍ അഗ്നീപഥില്‍ ആദ്യ ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ അദ്ദേഹം പിന്തള്ളിയത്, പെരുന്തച്ചനില്‍ അത്യുഗ്രപ്രകടനം കാഴ്ചവച്ച തിലകനെയാണ്. 2006ല്‍ ബ്ലാക്കിലെ അഭിനയത്തിന് രണ്ടാമത് ദേശീയ പുരസ്കാരം നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം മത്സരിച്ചത് തന്മാത്രയിലെ അഭിനയവുമായി മോഹന്‍ലാലായിരുന്നു. ഇത്തവണ കുട്ടിസ്രാങ്കും പാലേരി മാണിക്യവുമായൊക്കെ എത്തിയ മമ്മൂട്ടിയെ മറികടന്നാണ് ബച്ചന്‍ അവാര്‍ഡ് നേടിയിരിക്കുന്നത്.

അതു പോലെ കേരള സംസ്ഥാന പുരസ്കാരം ലഭിക്കാതെ പോയ കുട്ടിസ്രാങ്ക്, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മികച്ച ചിത്രമടക്കം 6 അവാര്‍ഡുകളാണ് കുട്ടിസ്രാങ്കിനു ലഭിച്ചത്. എന്നാല്‍ ഒരു സംസ്ഥാന അവാര്‍ഡു പോലും കുട്ടിസ്രാങ്കിനു ലഭിച്ചില്ല. അതു പോലെ തന്നെ കേരള സംസ്ഥാന ജൂറി തഴഞ്ഞ റസൂല്‍ പൂക്കുട്ടിക്ക്, മികച്ച ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നു. ശബ്ദവും സംഗീതവും തിരിച്ചറിയാന്‍ കഴിവില്ല്ലാത്തെ ജൂറിയായിരുന്നു കേരളത്തിലേതെന്ന്, കേരള സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച വേളയില്‍ റസൂല്‍ അഭിപ്രായപ്പെട്ടിരുന്നു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം പഴശ്ശിരാജക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇളയരാജയും നേടി.


മറ്റൊരു വിവാദം കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനായുള്ള പുരസ്കാരം കരസ്ഥമാക്കിയ കേശുവിനെ സംബന്ധിച്ചാണ്. രണ്ടു വിവാദങ്ങളാണ് ഇതിനെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. കുട്ടികള്‍ക്കുള്ള മികച്ച ചിതം തിരഞ്ഞെടുക്കാനായി, പ്രാദേശിക തലത്തില്‍ രൂപവത്ക്കരിച്ച ജൂറിയില്‍ ശിവന്റെ മകന്‍ സഞ്ജീവ് ശിവന്‍ അംഗമായിരുന്നു. എന്നാല്‍ കേശു 2001-ല്‍ ഇറങ്ങിയ ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടം എന്ന ചിത്രത്തിന്റെ റീ-മേക്കാണ് കേശു. എന്‍. മോഹനന്റെ മിന്നാമിനുങ്ങ് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ രണ്ടു ചിത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 2001-ല്‍ പുലര്‍വെട്ടത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. കേശുവിന് കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. അന്ന്, പുലര്‍വെട്ടത്തിന്റെ സംവിധായകന്‍ ഹരികുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടേ, കേശുവിന് ദേശീയ പുരസ്കാരം നല്‍കിയ ജൂറിയില്‍ ഹരികുമാറും അംഗമായിരുന്നു. എന്നിട്ടും ഈ കോപ്പിയടി അദ്ദേഹം ജൂറിയിലെ മറ്റംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായില്ല എന്നു മാത്രമല്ല, പുരസ്കാരം കേശുവിനു തന്നെ ലഭിക്കുകയും ചെയ്തു.

അവാര്‍ഡ് പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടിരിക്കുന്നു. വരും ദിനങ്ങളില്‍ അത് കത്തിപ്പടരുന്നത് നമുക്ക് കാണുവാന്‍ സാധിക്കും... എന്തായാലും ജൂറി എത്ര മികച്ചതായാലും മണ്ടത്തരം അവരുടെ കൂടപ്പിറപ്പും വിവാദങ്ങള്‍ അവരുടെ സഹയാത്രികനുമാണെന്നു തോന്നുന്നു....

Tuesday, September 14, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി (Elsamma Enna Aankutty)


മലയാളികള്‍ക്കെന്നും പുതുമയാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിക്കുക എന്നത് ലാല്‍ജോസെന്ന സംവിധായകന്റെ ഒരു ശീലമാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നു തുടങ്ങി നീലത്താമര വരെ എത്തി നില്‍ക്കുമ്പോള്‍, അദ്ദേഹം അതിനിതുവരെ മുടക്കം വരുത്തിയിട്ടില്ല. നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസൊരുക്കുന്ന ചിത്രമാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി തൂലിക ചലിപ്പിച്ചിരിക്കുന്നത് എം.സിന്ധുരാജ്. നവാഗതയായ ആന്‍ അഗസ്റ്റില്‍ എല്‍സമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍ നെടുമുടി വേണു തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്.


ഹൈറേഞ്ചിലെ “ബാലന്‍പിള്ള സിറ്റി” എന്ന ചെറു സിറ്റിയില്‍ നടക്കുന്ന കഥയാണ് ലാല്‍ജോസ് നമുക്കായി ഒരുക്കുന്നത്.  വാറ്റുകാരനായ അപ്പന്‍ പൂക്കുല വര്‍ക്കി മരിച്ചപ്പോള്‍, പഠനം പോലുമുപേക്ഷിച്ച് സ്വന്തം കുടുംബത്തിന്റെ ഭാരം ഒറ്റക്കു ചുമലിലേറ്റിയയാളാണ് എല്‍സമ്മ. അമ്മച്ചിയും മൂന്നു ഇളയ സഹോദരിമാരുമടങ്ങുന്ന കുടുംബത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് എല്‍സമ്മ പോറ്റുന്നത്. പത്രം വില്‍ക്കുകയും, 'മാതൃഭൂമി'യുടെ പ്രാദേശിക ലേഖകയുമാണ് എല്‍സമ്മ. നാട്ടുകാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന എല്‍സമ്മ, എല്ലാവരുടേയും കണ്ണിലുണ്ണീയാണ്. എന്നാല്‍ ബാലന്‍ പിള്ള സിറ്റിയില്‍ എല്‍സമ്മയ്ക്ക് ചില ശത്രുക്കളുമുണ്ട്, അബ്കാരി സുഗുണന്‍, മെമ്പര്‍ രമണന്‍ എന്നിവരുടെ കണ്ണിലെ കരടാണ് എല്‍സമ്മ. എന്നാല്‍ എല്‍സമ്മയ്ക്കു സഹായത്തിനായി എന്നും പാപ്പനും (നെടുമുടി വേണു) പാലുണ്ണീ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണനും (കുഞ്ചാക്കോ ബോബന്‍) ഉണ്ട്. അതിനിടയിലാണ് പാപ്പന്റെ മകന്റെ ഭാര്യ മരിക്കുന്നതും അവരുടെ മക്കളായ എബിയും (ഇന്ദ്രജിത്ത്) ഷെറിനും പാപ്പന്റെ ഒപ്പം താമസിക്കാനെത്തുന്നതും. എബിയുടെ സുഹൃത്തുക്കളായ ജെറിയും (മണിക്കുട്ടന്‍) മറ്റു രണ്ടു പേരും എത്തുന്നതോടെ, അവര്‍ എല്‍സമ്മയ്ക്കും, എല്‍സമ്മ  അവര്‍ക്കും തലവേദനയായി മാറുന്നു. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് എം.സിന്ധുരാജാണ്. വളരെ ലളിതമായ, പക്ഷേ കാമ്പുള്ളോരു കഥയാണ് സിന്ധുരാജ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു പക്ഷേ ഇത്തരം ഒരു ചിത്രങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത്യുള്ള ക്ലീഷേകളെ പരമാവധി ഒഴിവാക്കിയാണ് അദ്ദേഹം ചിത്രത്തിന്റെ തിരനാടകം ഒരുക്കിയിരിക്കുന്നതെന്നതാണ്, ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. കഥാപാത്ര സൃഷ്ടിയില്‍ പുലര്‍ത്തിയിരിക്കുന്ന കൈയ്യടക്കം മൂലം അനാവശ്യമായ കഥാപാത്രങ്ങള്‍ എന്നു പറയുവാനാരും തന്നെ ഈ ചിത്രത്തിലില്ല. ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം കൊടുക്കുവാനും കഴിഞ്ഞിരിക്കുന്നു, അതു കൊണ്ടു തന്നെ തീയേറ്റര്‍ വിട്ടു പോകുന്ന പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍ അവരില്‍ ചിലര്‍ക്കെങ്കിലും കഴിയുന്നു. എന്നാല്‍, എല്‍സമ്മ എന്ന കഥാപാത്രം എത്രത്തോളം ബോള്‍ഡാണ് എന്ന് പ്രേക്ഷകരെ മനസ്സിലാക്കുവാനായി അവതരിപ്പിക്കുന്ന രംഗങ്ങളില്‍ ചിലത് വിശ്വാസ്യ യോഗ്യമല്ല. അതുപോലെ രണ്ടാം പകുതിയില്‍ ഒരല്പം ശോകം അധികമായി വിതറിയോ എന്നൊരു സംശയവും ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം. പക്ഷേ ഈ ന്യൂനതകള്‍ മറന്നാല്‍, സമീപകാലത്ത് മലയാള ചലച്ചിത്ര ലോകം കണ്ട മികച്ച തിരക്കഥകളിലൊന്നായി ഇതു മാറുമെന്നതില്‍ സംശയമില്യ.

ഇത്രയും ശക്തമായ ഒരു പ്രമേയവും, മികച്ച തിരക്കഥയും കയ്യിലെത്തിയാല്‍ പിന്നെ ലാല്‍ജോസില്‍ നിന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അതു തന്നെയാണ് ‘എല്‍സമ്മ എന്ന ആണ്‍കുട്ടി‘ എന്ന ചിത്രം. ഒരു പക്ഷേ, നാം പല തവണ, പല രൂപത്തില്‍ കണ്ട പ്രമേയമാണ്, സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും അവളുടെ ജീവിത പ്രാരാബ്ധങ്ങളും. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ദൃശ്യഭാഷ്യമാണ് ലാല്‍ജോസ് ഇതിനു ചമച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ  അടുത്തറിഞ്ഞ്, അതു ചെയ്യാന്‍ യോഗ്യരായവരെ തന്നെ നിയോഗിച്ചിരിക്കുന്നു എന്നതാണ് സംവിധായകനെന്ന  നിലയില്‍ ലാല്‍ജോസിന്റെ ആദ്യ വിജയം. പ്രേക്ഷകരെ മുഷിപ്പിക്കാതെ, ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിലും ലാല്‍ ജോസ് വിജയിച്ചിരിക്കുന്നു. പ്രിയദര്‍ശനു ശേഷം മലയാളത്തില്‍, ഗാനചിത്രീകരണ രംഗങ്ങളില്‍ മികച്ചു നില്‍ക്കുന്നതാര് എന്ന ചോദ്യത്തിന്, ലാല്‍ ജോസെന്നാവും ഉത്തരം, എല്‍സമ്മയിലും സ്ഥിതി വ്യത്യസ്തമല്ല. മനോഹരങ്ങളായ ലൊക്കേഷനുകളില്‍ അതിമനോഹരമായാണ് ലാല്‍ ജോസ് ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിക്കുന്നത്. തന്റേതായ കയ്യൊപ്പോടു കൂടിയാണ് ലാല്‍ജോസ് എല്‍സമ്മയെ നമുക്കായി അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ, ഇത് സംവിധായകന്റെ ചിത്രം എന്നു നിസ്സംശയം പറയാം.

കാവ്യാമാധവനെയും സംവൃതാ സുനിലിനേയും മലയാളിക്കു സമ്മാനിച്ച ലാല്‍ജോസ്, മലയാളിക്കായി മറ്റൊരു നായികയെ പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ. നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ആന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തുന്നത്. നവഗത നായികയുടെ യാതൊരു സഭാകമ്പവുമില്ലാതെയാണ് ആന്‍ എല്‍സമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. കൈവിട്ടു പോകാമായിരുന്ന പല രംഗങ്ങളേയും അതി ഗംഭീരമായി തന്നെയാണ് ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബോള്‍ഡായി മാറുന്ന എല്‍സമ്മയെ അവതരിപ്പിക്കുമ്പോള്‍, അതിനോട് നൂറു ശതമാനം നീതിപുലര്‍ത്തുവാന്‍ ആനിനു കഴിഞ്ഞോ എന്നത് സംശയമാണ്. എന്നാല്‍ ആ നടി, മലയാള ചലച്ചിത്ര രംഗത്തെ ബഹുദൂരം മുന്നോട്ട് പോകും എന്നു ന്യായമായും കരുതാം. ചിത്രത്തിലെ പാലുണ്ണീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ അഭിനന്ദാര്‍ഹമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആ കഥാപത്രത്തിനനുയോജ്യമായ രീതിയില്‍ തന്റെ രൂപത്തേയും ഭാവത്തേയും മാറ്റിയെടുക്കുകയും, മികച്ച രീതിയില്‍ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പികുകയും ചെയ്തിരിക്കുന്നു കുഞ്ചാക്കോ ബോബന്‍. സാധാരണ തമാശ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മികവു പുലര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിയാറില്ല, പക്ഷേ ഈ ചിത്രത്തില്‍ അദ്ദേഹം കോമഡി കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയം തന്നെ. കുഞ്ചാക്കോയോട് മത്സരിച്ചഭിനയിച്ചിരിക്കുന്ന മറ്റൊരാള്‍ ഇന്ദ്രജിത്താണ്. എബി എന്ന പൂവാലനായ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ ഇന്ദ്രജിത്തിനു കഴിഞ്ഞിരിക്കുന്നു. ക്ലാസ്മേറ്റ്സില്‍ നാം കണ്ട ഇന്ദ്രജിത്തില്‍ നിന്നും വ്യത്യസ്തനായ ഒരാളെയാണ് നമുക്ക് എല്‍സമ്മയില്‍ കാണുവാന്‍ കഴിയുക. 

കെ.പി.എ.സി ലളിത, മണിയന്‍ പിള്ള രാജു, ജനാര്‍ദ്ദനന്‍, മണിക്കുട്ടന്‍ തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, നെടുമുടി വേണു എന്നിവര്‍ക്ക് ശാപമോക്ഷം കിട്ടിയ ചിത്രം കൂടിയാവും എല്‍സമ്മ. പാപ്പനെന്ന, എല്‍സമ്മയുടെ അഭ്യുദയകാംഷിയായ അയല്‍ക്കാരനെയാണ് നെടുമുടി വേണു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലന്‍ പിള്ള സിറ്റിയിലെ ഏക കല്യാണ ബ്രോക്കറെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തങ്ങളുടെ സ്ഥിരം പാറ്റേണില്‍ നിന്നു മാറി എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യുവാന്‍ ഇരുവര്‍ക്കും സാധിച്ചിരിക്കുന്നു എന്നതൊരു പ്ലസ് പോയിന്റാണ്. അതു പോലെ തന്നെ, അടുത്ത കാലത്തൊന്നും ജഗതിയിലെ പ്രതിഭയെ ഉപയോഗിക്കുവാന്‍ സംവിധായകരാരും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ വളരെ രസകരമായി മെമ്പര്‍ രമണനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ജഗതിക്കു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ജഗതിയെ ഹാസ്യ സാമ്രാട്ടെന്നു വിളിക്കുന്നതെന്നു ചോദിച്ചാല്‍, എല്‍സമ്മയിലെ ചില തമാശ രംഗങ്ങള്‍ മാത്രം കാണിച്ചു കൊടുത്താല്‍ മതി എന്നു തോന്നുന്നു. പ്രതിനായകനല്ലെങ്കിലും, എല്‍സമ്മയുടെ എതിരെ നില്‍ക്കുന്ന സുഗുണന്‍ എന്ന കഥാപാത്രം, വളരെക്കാലത്തിനു ശേഷം വിജയരാഘവനു ലഭിച്ച നല്ലൊരു വേഷമാണ്. അതിമനോഹരമായി തന്നെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു വിഭാഗം, ഇതിലെ ഗാനങ്ങളാണ്. പതിവു ലാല്‍ ജോസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, രാജാമണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരികളൊരുക്കിയിരിക്കുന്നത് റഫീക് അഹമ്മദും. ആകെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിതാര ആലപിച്ച, ടൈറ്റില്‍ ഗാനമായ കണ്ണാരം പൊത്തി പൊത്തി എന്നത് ആലാപന ശൈലി കൊണ്ടെ വേറിട്ടു നില്‍ക്കുമ്പോള്‍, വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാലപിച്ച “ഇതിലെ തോഴീ..” ഒരു ഗസല്‍ ടച്ചുള്ള മെലഡിയാണ്. അച്ചുവും റിമി ടോമിയും ചേര്‍ന്നു പാടിയ “കണ്ണാടി ചിറകുള്ള..” എന്ന ഗാനം, അവതരണം കൊണ്ടു ശ്രദ്ധേയമാകുമ്പോള്‍, ദേവാനന്ദും അച്ചുവും ചേര്‍ന്നാലപിച്ച “ആമോദമായ്..” എന്ന ഗാനം ഒഴിവാക്കാമായിരുന്നു എന്നു തോന്നി. ഒറ്റക്കു കേള്‍ക്കുമ്പോള്‍, ആസ്വാദകരെ ആനന്ദിപ്പിക്കുന്നവയല്ല ഗാനങ്ങളെങ്കിലും, ചിത്രത്തിനോടവ ചേര്‍ന്നു പോകുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിലുടനീളം പച്ചപ്പു കലര്‍ന്ന ഫ്രെയിമുകള്‍ നമുക്കു കാണുവാന്‍ കഴിയും. ഹൈറേഞ്ചിന്റെ ഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്,  വിജയ് ഉലകനാഥാണ്. ചിത്രത്തിലെ ഗാനങ്ങളിലും ഒരു നല്ല കാഴ്ചയൊരുക്കിയിരിക്കുന്നത്തില്‍ വിജയുടെ പങ്ക് പ്രകടമാണ്. ചിത്രത്തിന്റെ ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാമാണ്. ഫ്രെയിമുകളെ കൂട്ടിയിണക്കി ഒരു ഒഴുക്കില്‍ കഥയെ കൊണ്ടുപോകുന്നതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു തന്നെയാണ്. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയവും സജി കുന്ദംകുളത്തിന്റെ വസ്ത്രാലങ്കാരവും ചിത്രത്തോട് ചേര്‍ന്നു പോകുന്നു.

ലാല്‍ജോസ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വ്യത്യസ്തത നല്‍കാന്‍ ഈ ചിത്രത്തിനു കഴിയുന്നു. ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചിത്രം മഹത്തായ ഒന്നെന്നു പറയുവാന്‍ കഴിയില്ല. ആദ്യ പകുതി നല്ല വേഗത്തില്‍ മുന്നോട്ടു പോകുമ്പോള്‍, രണ്ടാം പകുതി അല്പം ഇഴയുന്നു. എന്നാല്‍, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തീയെറ്ററുകളില്‍ രസിപ്പിച്ച് പിടിച്ചിരുത്തുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്. സമീപ കാല ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാല്‍ മികച്ച നിലവാ‍രം പുലര്‍ത്തുന്നു ലാല്‍ ജോസിന്റെ എല്‍സമ്മ. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ ലാല്‍ ജോസില്‍ നിന്നും പ്രതീക്ഷിക്കുന്നു. അതിനൊപ്പം, മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആന്‍ അഗസ്റ്റിന് ആശംസകള്‍ നേരുന്നു.


എന്റെ റേറ്റിങ് - 7.3 /10.

Monday, September 6, 2010

"വലിയ കമല്‍ഹാസനും ചെറിയ അമ്മയും" - മാതൃഭൂമിയില്‍ നിന്നൊരു ലേഖനം

കടപ്പാട്: കെ.ആര്‍ മീര “മറുവാക്ക്” എന്ന പേരില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനം.. 
യഥാര്‍ത്ഥ ലേഖനം കാണുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

''കുറ്റമാര്‍ക്കി,തില്‍ പോംവഴി, ഹാ, മറ്റൊരു വിധമായിരുന്നെങ്കില്‍'' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഈയിടെയായി ദിവസേനയെന്നോണം ഓര്‍ത്തു പോകുന്നു. സി.ആര്‍.നീലകണ്ഠനു തല്ലു കൊള്ളുമ്പോഴും ടി.ജെ. ജോസഫിനു കൈ നഷ്ടപ്പെടുമ്പോഴും സാഹിത്യത്തില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് മുറവിളി കൂട്ടുമ്പോഴും തിലകനെ വിലക്കുമ്പോഴും ഇന്ദ്രപ്രസ്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ദരിദ്രരെ ആട്ടിപ്പായിക്കുമ്പോഴും ഛത്തീസ്ഗഢിലും ഒറീസയിലും ആദിവാസികള്‍ തുടച്ചു നീക്കപ്പെടുമ്പോഴും എന്നു വേണ്ട, ജനാധിപത്യത്തിന് ചെറുതും വലുതുമായ അടികള്‍ കൊള്ളുമ്പോഴെല്ലാം ഉരുവിടാന്‍ ഇതിലും പറ്റിയ വരികള്‍ വേറെയില്ല. സ്വാഭാവികമായും ഓണാഘോഷത്തില്‍ കമല്‍ഹാസനെ 'അമ്മ' അനാദരിച്ചപ്പോഴും ആ വരികള്‍ തികട്ടി വന്നു. നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടി വരുന്നതാണ് ഇക്കാലത്തെ ദുരന്തമെന്ന് എഴുതിയത് കെ.പി. അപ്പനാണ്. കൊച്ചു മനുഷ്യരുടെ അല്‍പത്തരങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഉലകനായകനു പോലും സാധ്യമല്ല. പിന്നെ പാവപ്പെട്ട നമ്മുടെ കാര്യം പറയാനുണ്ടോ?

ഈ പ്രശ്‌നത്തില്‍ പിറ്റേന്ന് 'അമ്മ' എന്ന സംഘടനയിലുണ്ടായ ചര്‍ച്ചയും തര്‍ക്കവും വായിച്ചപ്പോഴാണു സഹതാപം ഇരട്ടിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യം വലിയ കഷ്ടം തന്നെ. അവരുടെ പ്രായവും ലോകപരിചയവും പരിഗണിക്കുമ്പോള്‍, കമല്‍ഹാസനെ ആദരിക്കുന്നതില്‍ നിന്നു വിട്ടുനിന്നതു കൊണ്ട് തങ്ങള്‍ വലുതാകുകയില്ല എന്നു തിരിച്ചറിയേണ്ടതായിരുന്നു. സാധിച്ചില്ല. പോകട്ടെ, അതു പറഞ്ഞു കൊടുക്കാന്‍ അമ്മയിലോ അനുയായികള്‍ക്കിടയിലോ കുടുംബത്തിലോ ആരുമുണ്ടായതുമില്ല. അല്ലെങ്കിലും, അമ്മയുടെ അംഗങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിയില്ലെന്നു തിലകന്‍ സംഭവത്തില്‍ തന്നെ വ്യക്തമായതാണ്. തിലകനെപ്പോലെ ഒരാള്‍ ജനുസ്സു വേറെയാണെന്നും അദ്ദേഹത്തെ പിണങ്ങിത്തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും പരാജയപ്പെടുത്താന്‍ എളുപ്പ മാര്‍ഗം പൂര്‍ണമായ കീഴടങ്ങലാണെന്നും മനസ്സിലാക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവുണ്ടായില്ല. എന്തു ചെയ്യാം, പണവും പ്രശസ്തിയും കൂടുന്തോറും മനുഷ്യര്‍ക്കു യുക്തിയും ബുദ്ധിയും കുറയും.

ഏതായാലും, മലയാളികള്‍ പോകാതിരുന്നതു നന്നായി. അതുകൊണ്ടു കമല്‍ഹാസന്‍ മുമ്പത്തേക്കാള്‍ വലിയവനായി. ഒടുവില്‍ കേട്ടത് തങ്ങള്‍ പങ്കെടുക്കാതിരുന്നതില്‍ ക്ഷമ ചോദിച്ചു കൊണ്ട് അമ്മ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നാണ്. തമിഴ്‌നാട്ടില്‍ മലയാളിയെ ആദരിക്കുമോ എന്നു ചോദിച്ചാണു മലയാളികള്‍ ചടങ്ങു ബഹിഷ്‌കരിച്ചത്. തങ്ങളുടെ കല കാല,ദേശ, ഭാഷകള്‍ക്കും പ്രാദേശിക സങ്കുചിതത്വങ്ങള്‍ക്കും അതീതമാണെന്നു സ്ഥാപിക്കാനാണ് സാധാരണ കലാകാരന്‍മാര്‍ ആഗ്രഹിക്കേണ്ടത്. ഇതാകട്ടെ, അഭിനയ കല. ഭാഷയ്ക്കും പൗരത്വത്തിനും അതിലെന്തു പ്രസക്തി? ചടങ്ങില്‍ കമല്‍ഹാസന്‍ പ്രസംഗിച്ചത് താന്‍ മലയാളിതന്നെയാണ് എന്നായിരുന്നു. വരാതിരുന്നവരോട് അദ്ദേഹം പരിഭവിച്ചില്ല. തന്റെ എല്ലാ മികച്ച സിനിമകളിലും പ്രധാന വേഷങ്ങളില്‍ തമിഴരയെല്ല, മലയാളികളെയാണ് അഭിനയിപ്പിച്ചിട്ടുള്ളതെന്നോ മലയാളിയായ ഒരാളെ മുഖ്യമന്ത്രി വരെയാക്കിയ ചരിത്രമാണു തമിഴ്‌നാടിന്റേതെന്നോ ഓര്‍മിപ്പിച്ചതുമില്ല. അതിനു മുമ്പ് ന്യൂഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് അദ്ദേഹത്തെ ലിവിങ് ലെജന്‍ഡ് ആയി ആദരിച്ചപ്പോള്‍, ''എന്നെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്. ഞാനിത്ര കാലം കാത്തിരുന്നു, കുറച്ചു കൂടി കാത്തിരിക്കാന്‍ തയാറായിരുന്നു '' എന്നു പറയാനുള്ള പക്വത പ്രദര്‍ശിപ്പിച്ചയാളാണ് അദ്ദേഹം. സന്തോഷം, ആദരവും സ്‌നേഹവും അത് അര്‍ഹിക്കുന്നവര്‍ക്കു തന്നെ നല്‍കാന്‍ കഴിയുകയെന്നതാണ് വര്‍ത്തമാനകാലത്തെ വെല്ലുവിളി.

കമല്‍ഹാസന് പക്വതയോടെ പ്രതികരിക്കാന്‍ സാധിച്ചതു തമിഴ് കലാലോകത്തെ ജീവിത പരിചയം കൊണ്ടുതന്നെയായിരിക്കണം. പേരുകേട്ട സംഗീതജ്ഞരും നര്‍ത്തകരും വാദ്യജ്ഞരും സഹകലാകാരന്‍മാരെക്കുറിച്ച് പരമാവധി നല്ല വാക്കുകള്‍ പറയുന്നതാണ് അവിടുത്തെ പൊതു സംസ്‌കാരം. കമല്‍ഹാസന്റെ സിനിമാജീവിതത്തിന്റെ അമ്പതാം വാര്‍ഷിക ചടങ്ങ് തമിഴ് സിനിമാലോകം ഉല്‍സവമാക്കി. ആ ചടങ്ങില്‍ തമിഴ്‌നാട്ടുകാരനല്ലെങ്കിലും തമിഴ് സംസ്‌കാരത്തില്‍ അലിഞ്ഞു ജീവിക്കുന്ന രജനീകാന്ത് ഇങ്ങനെ പറഞ്ഞു: ''ഞങ്ങള്‍ കലൈത്തായോടു(കലാമാതാവ്) ചോദിച്ചു, അമ്മേ കലൈ തായേ നീ ഞങ്ങളെയെല്ലാം കയ്യില്‍ പിടിച്ചു നടത്തുമ്പോള്‍ കമല്‍ഹാസനെ മാത്രം ഒക്കത്തെടുക്കുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം? അതിനു കലൈ തായ് പറഞ്ഞു, നിങ്ങളെല്ലാം എനിക്ക് ഈ ജന്‍മത്തില്‍ ജനിച്ച മക്കള്‍. പക്ഷേ, കമല്‍ഹാസന്‍ ഏഴു ജന്‍മമായി എനിക്കു മകന്‍... രജനീകാന്തിന്റെ ഒരു ജന്‍മദിനാഘോഷവേളയിലാണെന്ന് ഓര്‍മ, 'എന്നെ സിനിമയിലേക്കു കൊണ്ടുവന്നത് കമല്‍ ആണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇന്നത്തെ രജനീകാന്തില്ല' എന്നു പറഞ്ഞത്. കമല്‍ഹാസന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനില്ലായിരുന്നെങ്കിലും രജനിസാര്‍ സ്റ്റാറായേനെ. എന്റെ പേരു പറയുന്നത് അദ്ദേഹത്തിന്റെ വലിയ മനസ്സ്. തെനാലിയുടെ ജൂബിലി ആഘോഷ വേളയില്‍, രജനി താന്‍ കമല്‍ഹാസന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത സംഭവത്തെക്കുറിച്ചു പറഞ്ഞു. ബൈക്ക് ചെറുതായൊന്നു തെന്നി. അപ്പോള്‍ അദ്ദേഹം കമല്‍ഹാസനെ കളിയാക്കി : ബൈക്കോടിക്കാന്‍ ശരിക്കും അറിയാമല്ലോ, അല്ലേ? കമല്‍ഹാസന്‍ പറഞ്ഞു, ഞാന്‍ വീണാലും നിങ്ങളെ വീഴ്ത്തില്ല, പോരേ? രജനി തുടര്‍ന്നു : കമല്‍ അന്നെനിക്കുതന്ന വാക്ക് എപ്പോഴും പാലിച്ചിട്ടുണ്ട്. 1983-ല്‍ ഞാനെല്ലാം ഉപേക്ഷിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണു പോകാതെ അദ്ദേഹം പിടിച്ചു നിര്‍ത്തി..

- അല്ലെങ്കിലും മലയാളികളെ അപേക്ഷിച്ചു നന്‍മയുള്ളവരാണു തമിഴര്‍. അവര്‍ക്ക് ആദരിക്കാനും അംഗീകരിക്കാനും വിമുഖതയില്ല. ഞാന്‍ വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുള്ള എല്ലാ അഭിമുഖങ്ങളിലും കമല്‍ഹാസന്‍ തന്റെ മലയാളി ബന്ധത്തെക്കുറിച്ചു വാചാലനായിട്ടുണ്ട്. സംവിധായകന്‍ സേതുമാധവന്‍, സുരാസു, നടന്‍ സോമന്‍ - എല്ലാവരെയും കുറിച്ച് എത്ര വിശദവും സ്‌നേഹനിര്‍ഭരവുമായ ഓര്‍മകള്‍. ഒരിക്കല്‍ സുരാസു അലഞ്ഞു തിരിഞ്ഞു വൃത്തികെട്ട വേഷത്തില്‍ കമല്‍ഹാസന്റെ വീട്ടിലെത്തിയ സംഭവം ഹൃദയസ്​പര്‍ശിയാണ്. സുരാസുവിനെ സ്‌നേഹത്തോടെ സ്വീകരിച്ചിരുത്തിയപ്പോള്‍ അന്നു ഭാര്യയായിരുന്ന സരിക മുഖം ചുളിച്ചു. എന്റെ സുഹൃത്താണ് എന്ന് അദ്ദേഹം അഭിമാനത്തോടെ അതിഥികളെ പരിചയപ്പെടുത്തി. എന്റെ സുഹൃത്ത് ഇതാണ്. എന്റെ ഭൂതകാലമാണ് ഇങ്ങനെയാണ് എന്നു വിളിച്ചു പറയാന്‍ മലയാളികളെക്കാള്‍ ആത്മധൈര്യം തമിഴര്‍ക്കു തന്നെയാണ്. സോമനെക്കാണാന്‍ അദ്ദേഹം ഇടയ്ക്കിടെ തിരുവല്ലയില്‍ രഹസ്യമായെത്തി. മലയാളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓരോ ആളെയും ഓര്‍ത്തുവച്ചു. കമല്‍ഹാസന്റെ അച്'നെക്കുറിച്ചും എനിക്ക് അമ്പരപ്പോടെയേ ചിന്തിക്കാന്‍ കഴിയൂ. മകനെ നാടകത്തിലേക്ക് ബാലതാരമാകാന്‍ വിളിച്ചപ്പോള്‍ പരമക്കുടി ശ്രീനിവാസന്‍ എത്ര ധൈര്യത്തോടെയാണു പറഞ്ഞത്, 'ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമൊക്കെ ധാരാളമുണ്ട്. പക്ഷേ ഒരു കലാകാരനില്ല. കൊണ്ടുപോയ്‌ക്കോ, കുടുംബത്തിന് ഒരു കലാകാരനെ കിട്ടട്ടെ....' കമല്‍ഹാസന്റെ മികച്ച സിനിമകള്‍ കാണുമ്പോഴൊക്കെ പ്രണമിച്ചു പോകുന്നത് ആ അച്ഛനെയാണ്. അദ്ദേഹത്തിന്റെ ഹൈസ്‌കൂള്‍ ഡ്രോപ് ഔട്ട് ആയ മകന്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിത്തീര്‍ന്നതില്‍ എന്താണ് അദ്ഭുതം.

രജനീകാന്തിനെക്കുറിച്ചും കെ. ബാലചന്ദറിനെക്കുറിച്ചും കമല്‍ഹാസന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ഞാനും രജനിയും ഇരുപതുകാരായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, എന്തിനാണ് ഇത്രയേറെ സ്‌റ്റൈലൈസ്്ഡ് ആയി അഭിനയിക്കുന്നത്? അദ്ദേഹം പറഞ്ഞു, അതു ഭാവിയിലെ എന്റെ വിജയത്തിന്റെ സീക്രട്ട് ആണ്. ഞാന്‍ പറഞ്ഞു, എന്റെ സ്‌റ്റൈലും വിജയിക്കും. അദ്ദേഹം പറഞ്ഞു, അതിനെന്താ? നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ പോകുക, ഞാനെന്റെ രീതിയിലും പോകാം. രജനി ഒരു പ്രതിഭാസമാണ്. ഒന്നുമില്ലായ്മയില്‍നിന്നു വന്നവരാണു ഞങ്ങള്‍ രണ്ടു പേരും. ഞങ്ങളുടെ പാതകള്‍ എപ്പോഴും ഇഴപിരിഞ്ഞു കിടന്നു. ഞങ്ങള്‍ വളര്‍ന്നത് ഒന്നിച്ചാണ്. ഞങ്ങള്‍ക്കു വേണ്ടി സിനിമ പിടിക്കാന്‍ അച്ഛന്‍മാരില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഒരേ ഗോഡ്ഫാദറിനെ കിട്ടി- കെ. ബാലചന്ദര്‍....

പുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പം കമല്‍ഹാസന്റെ കണ്ണുകളിലാണ് വെളിപ്പെട്ടു കിട്ടിയത്. ബുദ്ധിയും ആര്‍ദ്രതയും ഭംഗിയും ഇങ്ങനെ ചേരുംപടി കലര്‍ന്ന രണ്ടു കണ്ണുകള്‍ ഞാന്‍ മറ്റൊരു പുരുഷനും കണ്ടിട്ടില്ല. സിനിമയില്‍ അദ്ദേഹം നായികയെ പ്രണയത്തോടെ നോക്കുമ്പോള്‍ അതു യഥാര്‍ഥ പ്രണയമായി അനുഭവപ്പെട്ടിരുന്നു. മുതിര്‍ന്നതിനുശേഷമാണ് എനിക്കു മനസ്സിലായത്, അത് നായികയോടുള്ള പ്രണയമല്ല. സിനിമയെന്ന കലയോടുള്ള പ്രണയമാണ്. അതും എന്തൊരു പ്രണയം. പാഷന്‍ എന്ന വാക്കിന്റെ മൂര്‍ത്തരൂപങ്ങളാണ് കമല്‍ഹാസന്റെ കഥാപാത്രങ്ങള്‍. കേരള ഗവണ്‍മെന്റിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമചോദിച്ച് കെ. ബാലചന്ദര്‍ ഇങ്ങനെയെഴുതി : കമലിനെ കണ്ടെത്തിയത് ഞാനാണെന്ന് പലരും പറയാറുണ്ട്. പക്ഷേ കമലിന് സ്വയം കണ്ടെത്താന്‍ ഒരു പ്ലാറ്റ്‌ഫോം കൊടുത്തു എന്നതുമാത്രമേയുള്ളൂ എന്റെ പങ്ക്. അതു വഴി ഞാനും എന്നെത്തന്നെ കണ്ടെത്തുകയായിരുന്നു...-ദശാവതാരവും പഞ്ചതന്ത്രവും പോലെയുള്ള പില്‍ക്കാല 'കൊടുമൈ'കളില്‍ പോലും സ്വയം തിരയുന്ന നടനെ കണ്ടില്ലെന്നു നടിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് എന്നെപ്പോലെയുള്ള പ്രേക്ഷകര്‍ ഇടയ്ക്കിടയ്ക്കു കൊടിയ നിരാശയുണ്ടായാലും അടുത്ത മഹാദ്ഭുതത്തിന്് ശുഭപ്രതീക്ഷ തുടരുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഭര്‍ത്താവ് 'സ്മൃതികമലങ്ങള്‍' എന്ന പേരില്‍ കമല്‍ഹാസന്റെ ഓര്‍മക്കുറിപ്പുകള്‍ തയാറാക്കാന്‍ പുറപ്പെട്ടപ്പോള്‍ ഞാനാണ് ത്രില്ലടിച്ചത്. ഓരോ തവണയും തിരിച്ചെത്തുമ്പോള്‍ കമല്‍ഹാസന്‍ എന്തു പറഞ്ഞു, എന്തു ചെയ്യുകയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാല്‍ ഞാന്‍ ഭര്‍ത്താവിനെ അലട്ടി. അങ്ങനെയിരിക്കെ, ഒരു ദിവസം ഞങ്ങളുടെ ചെറിയ വാടകവീട്ടിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അത് അറ്റന്‍ഡ് ചെയ്ത ഞാന്‍ ആ ഇടറിയ ശബ്ദം കേട്ടു: നാന്‍ കമല്‍ഹാസന്‍ പേശറേന്‍. ദിലീപ് ഇരിക്കാങ്ക്‌ളാ? ഇങ്ങേപ്പുറത്തെ ആരാധികയുടെ പാരവശ്യം തിരിച്ചറിയാതെ അദ്ദേഹം മലയാളവും തമിഴും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ അറിയിച്ചു: ദിലീപിനെ നാളെ കാണാമെന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്ക് അത്യാവശ്യമായി ഒരു യാത്ര പോകണം. അദ്ദേഹം കോണ്‍ടാക്ട് ചെയ്താല്‍ എന്നെ അത്യാവശ്യമായി വിളിക്കാന്‍ പറയാമോ? -തമിഴര്‍ക്കു മാത്രം സാധ്യമായ വിനയം, സൗമ്യത..

'എന്റെ എല്ലാ സിനിമകളും കച്ചവടസിനിമകളാണ് ; അഥവാ എന്തെങ്കിലും പരീക്ഷണമായി ചെയ്യണമെങ്കില്‍ അതു തീര്‍ച്ചയായും എന്റെ മാത്രം പ്രൊഡക്ഷനായിരിക്കും' എന്നു കമല്‍ഹാസന്‍ പറയാറുണ്ട്. അതു തമിഴ് സിനിമാലോകത്ത് ഇപ്പോഴും ബാക്കിയുള്ള സുജനമര്യാദയുടെ തെളിവാണ്. വേറൊരാളുടെ സമ്പാദ്യം ഉപയോഗിച്ച് എനിക്ക് ആളാകണ്ട എന്നു മലയാളത്തില്‍ ഒരാളേ പറഞ്ഞിട്ടുള്ളൂ - സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. പടം പരാജയപ്പെട്ടപ്പോള്‍ രജനീകാന്ത് വാങ്ങിയ തന്റെ പ്രതിഫലം തിരിച്ചു കൊടുത്തു. പടം വന്‍ ഹിറ്റായപ്പോള്‍ ലാഭത്തിന്റെ വിഹിതം ലൈറ്റ് ബോയിക്ക് വരെ പങ്കുവച്ചു. അതൊക്കെ അതിരറ്റ ആത്മവിശ്വാസത്തില്‍ നിന്നു മാത്രം ഉടലെടുക്കുന്ന ആര്‍ജവമാണ്. പുതിയ കമല്‍ഹാസന്‍ വരാറായോ എന്ന ചോദ്യത്തിന് ' ഒരാളല്ല, ഒരുപാടു പേര്‍ വന്നു കഴിഞ്ഞു' എന്നാണു കമല്‍ഹാസന്റെ മറുപടി. '' എന്റെ റീപ്ലെയ്‌സ്‌മെന്റ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. അസൂയയില്ലാതെ പുതിയ കുട്ടികളെ സ്വാഗതംചെയ്യണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. പണ്ടൊക്കെ ശിവാജി ഗണേശന്‍ സാറിന് പകരക്കാരനില്ലെന്നു പറയുമായിരുന്നു. പക്ഷേ എനിക്കു പകരം ഒരാള്‍ വരുമെന്നു ശിവാജി സാര്‍ പറഞ്ഞു. എന്നിട്ടും പതിനേഴു വര്‍ഷത്തിനുശേഷമാണ് അദ്ദേഹം എന്നെ പിന്‍ഗാമിയായി അംഗീകരിച്ചത്. അതുപോലെ, കഴിവുള്ള പുതിയ കുട്ടികള്‍ സിനിമയിലുണ്ട്. അവരെ ഞാന്‍ കാത്തിരിക്കുന്നു...''

മലയാള സിനിമയില്‍ അമ്പതു വര്‍ഷം പിന്നിട്ട ഒരുപാടു നടീനടന്‍മാരുണ്ട്, അവരെയൊക്കെ ആദരിക്കാത്തതെന്താണ് എന്നാണ് അമ്മ ചോദിച്ചത്. സീനിയോറിറ്റിയും സിനിമകളുടെ എണ്ണവുമാണത്രേ നടന്റെ അളവുകോല്‍. അറുപതുകളില്‍ ബാലനടനായി കളത്തൂര്‍ കണ്ണമ്മയില്‍ ബാലനടനായി എത്തിയ കമല്‍ ആ വര്‍ഷം രാജ്യത്തെ മികച്ച ബാലതാരമായിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, നാഗേഷ് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിച്ചു. എഴുപതുകളില്‍ കന്യാകുമാരിയിലൂടെ മലയാളത്തില്‍ നായകനായി. പതിനാറു വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയകലയുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നു പറയാം. പതിനാറു വയതിനിലേയില്‍ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരന്‍, ഇളമൈ ഊഞ്ഞാലാടുകിറതെയില്‍ ഡിസ്‌കോ ഡാന്‍സര്‍, സിവപ്പു റോജാക്കളില്‍ സൈക്കോപാത്, കല്യാണരാമനില്‍ ഉന്തിയ പല്ലുള്ള ചെറുപ്പക്കാരന്‍, രാജപാര്‍വെയില്‍ അന്ധനായ വയലിനിസ്റ്റ്, സാഗരസംഗമത്തില്‍ നര്‍ത്തകന്‍, സ്വാതിമുത്യത്തില്‍ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരന്‍, കാക്കിച്ചട്ടൈയില്‍ പോലീസ് ഉദ്യോഗസഥന്‍, നായകനില്‍ അധോലോക നായകന്‍, പുഷ്പക് എന്ന നിശ്ശബ്ദസിനിമ, അപൂര്‍വസഹോദരങ്ങളില്‍ കുള്ളന്‍, ഇന്ദ്രനും ചന്ദ്രനും എന്ന ചിത്രത്തില്‍ കുടവയറും ഉന്തിയ പല്ലുമുള്ള മേയര്‍, ഗുണയില്‍ മനോരോഗി, മഹാനദിയില്‍ ഗ്രാമീണനും രണ്ടു കുട്ടികളുടെ പിതാവും, പുന്നഗൈ മന്നനില്‍ ബ്രേക്ക് ഡാന്‍സര്‍, കുരുതിപ്പുനലില്‍ കരുത്തനായ പോലീസ് ഉദ്യോഗസ്ഥന്‍, തേവര്‍ മകനില്‍ ഗ്രാമത്തലവനാകുന്ന മോഡേണ്‍ ചെറുപ്പക്കാരന്‍, ഇന്ത്യനില്‍ വൃദ്ധന്‍, അവ്വൈഷണ്‍മുഖിയില്‍ സ്ത്രീ., ആളവന്താനില്‍ സൈക്കോപാത്, വേട്ടയാടു വിളയാടില്‍ പോലീസ് ഉദ്യോഗസ്ഥന്‍, അന്‍പേ ശിവത്തില്‍ വികലാംഗന്‍, വസൂല്‍ രാജ എം.ബി.ബി.എസില്‍ റൗഡി, മുംബൈ എക്‌സ്​പ്രസില്‍ ബധിരന്‍... - മൈക്കിള്‍ മദന കാമരാജനില്‍ നാലു വേഷങ്ങളും ദശാവതാരത്തില്‍ പത്തു വേഷങ്ങളും കൈകാര്യം ചെയ്തു. ഇതിനകം ഇരുനൂറോളം ചിത്രങ്ങള്‍. മൂന്നു ദേശീയ അവാര്‍ഡുകള്‍. നൂറ്റി എഴുപതിലേറെ ബഹുമതികള്‍ ( ലോക റെക്കോര്‍ഡ് ). നായകനാകുംമുമ്പു നാലു കൊല്ലത്തോളം ഡാന്‍സ് കമ്പോസര്‍. നൂറിലേറെ ഗാനങ്ങള്‍ക്കു കൊറിയോഗ്രഫി ചെയ്തു. പന്ത്രണ്ടു സിനിമകള്‍ നിര്‍മിച്ചു. പത്തിനു തിരക്കഥയെഴുതി, പത്തെണ്ണം സൂപ്പര്‍ ഹിറ്റായി. എന്നിട്ടും, 'സിനിമ ഒറ്റയ്‌ക്കൊരു പണിയല്ല. അത് യുദ്ധം ചെയ്യുന്നതുപോലെയാണ്. നിങ്ങള്‍ ഏതു നിമിഷവും പരാജയപ്പെടാം. നിങ്ങളുടെ പടയാളികള്‍ കൈവിട്ടെന്നു വരാം, നിങ്ങളുടെ ധൈര്യം തന്നെ നഷ്ടപ്പെട്ടെന്നു വരാം ' എന്നു തുറന്നു സമ്മതിക്കുകയും ചെയ്തു.
-ഇത്രയൊക്കെ പറഞ്ഞത് വൈലോപ്പിള്ളിയുടെ കവിതയിലേക്കു തിരിച്ചു വരാന്‍ വേണ്ടിയാണ്.

''കുറ്റമാര്‍ക്കി,തില്‍ പോംവഴി ഹാ, മറ്റൊരു വിധമായിരുന്നെങ്കില്‍,
മര്‍ത്ത്യലോക മഹിമ പുലര്‍ത്താന്‍ പറ്റിയ വിധമായിരുന്നെങ്കില്‍...''

-മര്‍ത്ത്യ ലോക മഹിമ പുലര്‍ത്താന്‍ പറ്റിയ വിധം അമ്മയുടെ അംഗങ്ങള്‍ക്കു പെരുമാറാമായിരുന്നു എന്ന ഖേദം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം.

ഇതു വായിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളെക്കുറിച്ചു കൂടി പറഞ്ഞു കഥ അവസാനിപ്പിക്കാം. സ്മൃതി കമലങ്ങള്‍ പ്രസി ദ്ധീകരിച്ചു തുടങ്ങിയ കാലം. ഒരു ദിവസം ദിലീപിനു കണ്ണൂരില്‍ നിന്നു ടി. പത്മനാഭന്റെ വിളി വന്നു- ഇവിടെ സി.പി.എം. പാര്‍ട്ടി ഓഫിസില്‍ നമുക്കു വേണ്ടപ്പെട്ട ഒരു പയ്യനുണ്ട്. സുനിയെന്നാണു പേര്. അയാള്‍ക്ക് കമല്‍ഹാസനെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കാമോ? ദിലീപ് സമ്മതിച്ചു. കമല്‍ഹാസനുമായി അടുത്ത ഇന്റര്‍വ്യൂ തീരുമാനിച്ച ദിവസം അറിയിക്കുകയും ചെയ്തു. അന്നു മൊബൈല്‍ ഫോണ്‍ ശീലമായിട്ടില്ല. ദിലീപ് മദ്രാസിലെത്തിയതിനുശേഷം, സുനി എത്തുന്നതിനു തൊട്ടുമുമ്പാണ് കമല്‍ഹാസന്റെ ഓഫിസില്‍നിന്നു വിളി വന്നത്: അത്യാവശ്യമായി ബോംബെയില്‍ പോകേണ്ടതുകൊണ്ടു കൂടിക്കാഴ്ച മാറ്റി വയ്ക്കണം. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഏതോ ബസിലും ട്രെയിനിലും കാളവണ്ടിയിലുമൊക്കെയായി യാത്ര ചെയ്തു തളര്‍ന്നു സുനി എത്തി. വന്നയുടനെ കുളിച്ചു. വസ്ത്രങ്ങളൊക്കെ കഴുകി മുറിയില്‍ അങ്ങിങ്ങു വിരിച്ചു. ആ സമയത്ത് ദിലീപിനോടൊപ്പം ചെന്നൈയിലെ സ്റ്റാര്‍ ഫോട്ടോഗ്രഫര്‍ രാജന്‍ പോള്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍നിന്നു റിസര്‍വേഷനില്ലാതെ, അലഞ്ഞലഞ്ഞെത്തുന്ന ചെറുപ്പക്കാരനോട് യാത്ര വെറുതെയായി എന്ന് എങ്ങനെ പറയും എന്ന വിഷമം ദിലീപ് രാജന്‍പോളിനോടു പങ്കുവച്ചു. അതുകൊണ്ട്, സുനിയെ കണ്ടതും രാജന്‍പോള്‍ കുസൃതിക്കാരനായി: എന്താ വന്നത്? കമല്‍ഹാസനെ കാണാനോ? എങ്ങനെ കാണും? ഈ എം.എസ്. ദിലീപുണ്ടല്ലോ, ഇന്നീ ദിവസം വരെ കമല്‍ഹാസനെ കണ്ടിട്ടുമില്ല, ഫോണില്‍ പ്പോലും സംസാരിച്ചിട്ടുമില്ല. ഇയാള്‍ ചെന്നാല്‍ ആ ഓഫിസില്‍ പോലും കയറ്റിവിടില്ല. നിങ്ങള്‍ ഇങ്ങനെയൊരു പാവമായിപ്പോയല്ലോ, ഇയാളെ വിശ്വസിക്കാന്‍.. - രാജന്‍പോളിനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാതെ സുനി പരവശനായി. കമല്‍ഹാസനെ കാണാന്‍ പോകുന്നെന്ന് പാര്‍ട്ടി ഓഫിസില്‍ എല്ലാവരോടും പറഞ്ഞിട്ടാണു പുറപ്പെട്ടതെന്ന് ആള്‍ വെളിപ്പെടുത്തി. എല്ലാവരും ചേര്‍ന്നു യാത്ര അയച്ചതാണ്. ആകെ തളര്‍ന്ന്, തകര്‍ന്ന് സുനി കണ്ണൂരിലേക്കു മടങ്ങി.

വീണ്ടും കമല്‍ഹാസന്റെ കാണാനുള്ള തീയതി നിശ്ചയിച്ചപ്പോള്‍ ദിലീപ് സുനിയെ വിളിച്ചു. മുന്‍പത്തെപ്പോലെ തന്നെ ആള്‍ ചെന്നൈയിലെ ഹോട്ടല്‍ റൂമിലെത്തി, കുളിച്ചു, വസ്ത്രങ്ങള്‍ കഴുകി വിരിച്ചു. തിരിച്ചു ചെന്നതുമുതല്‍ ഇതു വരെ സുഹൃത്തുക്കളായ സഖാക്കളെല്ലാം പരിഹസിച്ചിരുന്നു എന്നു സുനി പറഞ്ഞു. ഇത്തവണയെങ്കിലും കാണുമോ എന്നു വീണ്ടും വീണ്ടും ചോദിച്ചു. കമല്‍ഹാസന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസനെ കണ്ടതും സുനിയുടെ അതുവരെയുള്ള ക്ഷീണവും തളര്‍ച്ചയും മാറി. ദിലീപ് സുനിയെ പരിചയപ്പെടുത്തി. ആ സമയത്ത് സുനി ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് പേഴ്‌സെടുത്തു തുറന്നു. അതിന്റെ പ്ലാസ്റ്റിക് ഫോള്‍ഡറിനുള്ളില്‍ ഒരു ചിത്രമുണ്ടായിരുന്നു. കമല്‍ഹാസന്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്ന ഫോട്ടോ. ഏതോ പത്രത്തില്‍ അടിച്ചുവന്നത്. വളരെക്കാലമായി അത് ആ പേഴ്‌സിനുള്ളിലുണ്ടായിരുന്നു എന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ കഴിയുംവിധം പഴയൊരു കടലാസ്. കമല്‍ഹാസന്‍ ആകെ തരളിതനായി. ഈ പടം എന്റെ കയ്യിലില്ല എന്ന് അദ്ദേഹം ഉല്‍സാഹവാനായി. അപ്പോള്‍ സുനി കണ്ണൂര്‍ ശൈലിയില്‍ ചോദിച്ചു, ങ്ങള് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നില്‍ കണ്ണൂരില്‍ വന്നിനോ? കമല്‍ഹാസന്‍ കണ്ണുമിഴിച്ചു. സുനി വിശദീകരിച്ചു: ഏതോ കടയുടെ ഉദ്ഘാടനത്തിനു വന്നതാണ്. അന്നു പ്രതാപ് പോത്തനും ഉണ്ടായിരുന്നു. നിങ്ങള്‍ വരുന്ന ട്രെയിന്‍ ഏതാണെന്നും കംപാര്‍ട്ട്‌മെന്റ് ഏതാണെന്നും ഞാന്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് അന്വേഷിച്ച് അറിഞ്ഞു. എന്നിട്ട് തലശേരിയില്‍നിന്ന് ആ ട്രെയിനില്‍ കയറി. നിങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ ഞാന്‍ എത്തിനോക്കി. മുകളിലെ ബര്‍ത്തില്‍ പ്രതാപ് പോത്തന്‍ കിടക്കുകയായിരുന്നു. താഴത്തെ ബര്‍ത്തില്‍ നിങ്ങളും. നിങ്ങള് അന്ന് മഞ്ഞ നിറത്തിലുള്ള ഒരു ടീഷര്‍ട്ടാണ് ഇട്ടിരുന്നത്. പിന്നെ അന്നു നിങ്ങളെനിക്ക് ഒരു ഓട്ടോഗ്രാഫ് തന്നു. ഓര്‍മയുണ്ടോ? ഇല്ലെങ്കില്‍ ഇതാ.. -പേഴ്‌സിനുള്ളില്‍നിന്ന് സുനി ആ കടലാസും എടുത്തു നീട്ടി. അതോടെ കമല്‍ഹാസന്‍ തരിപ്പണമായി. അത്രയുമായപ്പോള്‍ സുനി ബാഗില്‍നിന്ന് പഴയൊരു ഓട്ടോഫോക്കസ് ക്യാമറയെടുത്തു ദിലീപിനു നീട്ടി. താന്‍ കമല്‍ഹാസനോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം വേണം. കമല്‍ഹാസന്‍ സന്തോഷത്തോടെ ചിത്രത്തിനു പോസ് ചെയ്തു. ചിത്രമെടുത്തതും സുനിക്കു ധൃതിയായി. ആ നിമിഷം തന്നെ തിരിച്ചു പോകണം. പാര്‍ട്ടി ഓഫിസില്‍ച്ചെന്നു പണ്ടു പരിഹസിച്ചവര്‍ക്ക് ഈ ഫോട്ടോ കാട്ടിക്കൊടുക്കണം. കഥ കേട്ടു കമല്‍ഹാസന്‍ പൊട്ടിച്ചിരിച്ചു.

പിന്നീട് സുനി ഞങ്ങളുടെ കുടുംബത്തിലെ ആളായി. അടുത്തറിഞ്ഞപ്പോഴാണു മനസ്സിലായത് - അദ്ദേഹം ഒരു വലിയ പ്രതിഭാസമാണ്. ടി. പത്മനാഭനും കെ.പി.അപ്പനും മറ്റും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരാള്‍ ചില്ലറക്കാരനാവില്ലല്ലോ. ആളുടെ അസ്ഥിയും മജ്ജയും രക്തവും തലച്ചോറും പാര്‍ട്ടിയാണ്. ഹൃദയം മാത്രം വേറെ. അത് അദ്ദേഹം കമല്‍ഹാസനു പതിച്ചു കൊടുത്തിരിക്കുന്നു. 1975 മുതല്‍ കമല്‍ഹാസനെക്കുറിച്ച് വന്ന പത്രവാര്‍ത്തകളും ചിത്രങ്ങളും മുഴുവന്‍ സുനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തിയ സുനിക്ക് പാര്‍ട്ടി ഓഫിസിലേക്ക് ഒരു പാഴ്‌സല്‍ എത്തി. സുനി അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതു മറ്റു സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. സുനി തിരിച്ചെത്തിയപ്പോള്‍ പാഴ്‌സല്‍ കണ്ടു. തുറന്നു നോക്കിയപ്പോള്‍ വില കൂടിയ ഒരു വാച്ച്. ഫ്രം കമല്‍ഹാസന്‍ എന്ന കുറിപ്പും. സുനി സ്തബ്ധനായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന നിയമമോര്‍ത്ത് അസ്വസ്ഥനായി. സംഭവം കേട്ടറിഞ്ഞ പിണറായി വിജയന്‍ സുനിയെ വിളിപ്പിച്ചു. സുനി സംഭവം വിവരിച്ചു. പിണറായി വാച്ച് എടുത്തു നോക്കി പറഞ്ഞത്രേ: ' ഇതു വളരെ വില കൂടിയ വാച്ചാണല്ലോ സുനീ. സൂക്ഷിച്ചു വയ്ക്ക്. കമല്‍ഹാസന്‍ സ്‌നേഹത്തോടെ തന്നതല്ലേ?' സുനിയുടെ കമല്‍- ഭ്രാന്തിനെക്കുറിച്ച് ധാരാളം കഥകള്‍ പാര്‍ട്ടി ഓഫിസില്‍ പ്രചരിച്ചിട്ടുണ്ടെന്ന് മറ്റൊരു കണ്ണൂരുകാരന്‍ സുഹൃത്താണ് പറഞ്ഞത്. അതിലൊന്ന് ഇങ്ങനെയാണ് : ഒരിക്കല്‍ പിണറായി വിജയന്‍ സുനിയെ വിളിച്ചു ചോദിച്ചത്രേ, സുനിക്ക് എന്നോടാണോ കമല്‍ഹാസനോടാണോ കൂടുതലിഷ്ടം? സുനി പറഞ്ഞു, വിജയേട്ടാ, നിങ്ങള്‍ക്കെന്തു തോന്നിയാലും വേണ്ടില്ല, ഞാനീ ലോകത്തില്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നതു കമല്‍ഹാസനെയാണ്. രണ്ടാമതായി പപ്പേട്ടന്‍. മൂന്നാം സ്ഥാനമേയുള്ളൂ നിങ്ങള്‍ക്ക്. ചിരിയില്‍ ലുബ്ധനായ പിണറായി പൊട്ടിച്ചിരിച്ചത്രേ. കമല്‍ഹാസന്റെ ഏതു സിനിമ ഇറങ്ങിയാലും സുനിയുടെ വിളി പ്രതീക്ഷിക്കാം: മീരേച്ചീ, ആ സിനിമ കണ്ടോ? ഹോ, എന്താ സിനിമ ! എന്താ അഭിനയം! കമല്‍ഹാസനെപ്പോലെ ഈ ലോകത്തു വേറൊരു നടനില്ല, ശരിയല്ലേ?

രണ്ടായിരത്തിയൊന്നിലാണ് സുനിയും ദിലീപും ഒന്നിച്ചു കമല്‍ഹാസനെ കാണാന്‍ പോയത്. കഷ്ടിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദിലീപ് സുനിയെ വിളിക്കുന്നതു ഞാന്‍ കേട്ടു:

സുനീ, കമല്‍ഹാസന്‍ എവിടെയുണ്ട്? ഒരു അപ്പോയിന്റ്‌മെന്റ് വാങ്ങിത്തരാമോ?
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.