Thursday, July 29, 2010

“വിദേശികള്‍” വാഴും മലയാള സിനിമ



ഇന്ന് മാതൃഭൂമിയുടെ കായികലോകം പേജിലെ വാര്‍ത്തയുടെ രത്നചുരുക്കം:

സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ'യെന്ന മലയാള സിനിമയിലെ നായകനായി പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫ്  എത്തുന്നു. ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാംടെസ്റ്റിനിടെ ആസിഫിനെ അവിടെ ബിരുദാനന്തര ബിരുദകോഴ്‌സിന് പഠിക്കുന്ന കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ കണ്ടുമുട്ടിയതാണ് വഴിത്തിരവായത്. ആസിഫ് കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്തു. തുടര്‍ന്ന് കഥയുടെ സാരംശവും ആസിഫിന് അതിലുള്ള വേഷവും വ്യക്തമാക്കുന്ന രേഖ കൈമാറുകയും ചെയ്തു. ദീപാങ്കുരന്‍ വീണ്ടും ആസിഫിനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും കരാര്‍ തയ്യാറാക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് സപ്തംബര്‍ 21-ന് മടങ്ങുമെന്നും ഒക്ടോബര്‍ മാസം മുഴുവന്‍ ഷൂട്ടിങ്ങിനായ നീക്കിവെക്കാമെന്നും ആസിഫ് അറിയിച്ചിട്ടുണ്ട്.

ആരെയും ആദ്യമൊന്ന് അമ്പരിപ്പിക്കുമ്പെങ്കിലും സംഗതി സത്യമാണ്. ആസിഫ് മലയാളത്തില്‍ നായകനായി എത്തുന്നു. കൈതപ്രം തിരുമേനി തന്റെ പ്രധാന മേഖലമകളായ സംഗീത സംവിധാനവും, ഗാനരചനയും അഭിനയവും വിട്ട്‌ സംവിധാനത്തിലേക്ക്‌ കടന്നു വരുന്നു എന്നത്‌ സന്തോഷകരമായ കാര്യമാണ്. അതിനൊപ്പമാണ് ആസിഫും മലയാളത്തില്‍ എത്തുന്നത്‌. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അറിയാതെ ചോദിക്കുന്ന ചോദ്യമുണ്ട്‌. ഒന്നരക്കോടിയോളം പുരുഷന്മാരുള്ള കേരളത്തില്‍ ആളില്ലാഞ്ഞിട്ടാണൊ പാക്കിസ്ഥാനില്‍ നിന്നും ഇതിനെ ഇറക്കുമതി ചെയ്യുന്നത്‌ എന്ന്‌? ആഗ്രഹിച്ചതും ശ്രമിച്ചതും വഖാര്‍ യൂനുസിനും വസിം അക്രത്തിനും വേണ്ടി. എന്നാല്‍ കിട്ടിയത് വിവാദങ്ങളിലൂടെ സൂപ്പര്‍സ്റ്റാറായ പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആസിഫിനെയാണ് എന്നു ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ തന്നെ പറയുമ്പോള്‍ പിന്നെ നമുക്കെല്ലാം മനസ്സിലാകും.

മലയാളി പ്രേക്ഷകര്‍ മലയാളികളയായ നടീ നടന്മാരെ വെറുത്തു തുടങ്ങിയോ? നടന്മാരുടെ കാര്യത്തില്‍ അത്രയങ്ങ്‌ പ്രശ്നമില്ലെങ്കിലും, നടിമാരുടെ കാര്യത്തില്‍ അതങ്ങനെയല്ല. എന്നിരുന്നാലും മലയാളികളല്ലാത്ത ഒട്ടേറെ നടന്മാര്‍ മലയാളത്തില്‍ വന്നിട്ടുണ്ട്‌. പണ്ട്‌ കമലഹാസനും, പ്രകാശ് രാജും, ബോളിവുഡില്‍ നിന്നും നസറുദ്ദീന്‍ ഷായും, ജാക്കി ഷെറോഫും, അനില്‍ കപൂറും, പങ്കജ് ധീറും, നിതീഷ് ഭരദ്വാജും, പുനീത് ഇസ്സാറും, അതുല്‍ കുല്‍ക്കര്‍ണ്ണിയും, ആശിഷ് വിദ്യാര്‍ത്ഥിയുമെല്ലാം മലയാളത്തില്‍ എത്തിയവരാണ്. ഇപ്പോള്‍ അമിതാഭ് ബച്ചനും ആ വഴിയിലാണ്. എന്നാല്‍ കമലഹാസനും ആശിഷ് വിദ്യാര്‍ത്ഥിയുമൊഴികെയാരും അധികകാലം മലയാളത്തില്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടില്ല. പഴശ്ശിരാജയിലൂടെ മലയാളത്തിലെത്തിയ ശരത് കുമാര്‍ ഇപ്പോള്‍ കുറെ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഐ.എം വിജയനും സി.വി പാപ്പച്ചനുമെല്ലാം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. എന്നാല്‍ ആദ്യമായാണ് ഒരു വിദേശ കായികതാരം, അതും ഒരു ക്രിക്കറ്റര്‍ മലയാളത്തിലേക്ക്‌ എത്തുന്നത്‌. ആസിഫിന്റെ വരവോടെ അതും സാധ്യമായി.

എന്നാല്‍ നായികമാരുടെ കാര്യത്തില്‍ പണ്ടുമുതലേ നാം മറു നാട്ടുകാരെ ആശ്രയിച്ചിരുന്നു. മലയാളികളുടെ സ്വന്തം നായികയായി മാറിയ ശാരദ, ജയഭാരതി, അമല, ഭാനുപ്രിയ, സറീന വഹാബ് എന്നിവരെല്ലാം മറുനാട്ടുകാരാണ്.  തമിഴകത്തു നിന്നും ആന്ധ്രായില്‍ നിന്നുമാണ് കൂടുതല്‍ നായികമാരും വന്നെത്തിയിരിക്കുന്നത്‌. ഭൂമിക ചൌള, ദേവയാനി, ഗൌതമി, കിരണ്‍, ലൈല, ലയ, മാധവി, രാധിക ശരത്കുമാര്‍, രംഭ, രമ്യാ കൃഷ്ണന്‍, റിയാ സെന്‍, ശ്യാമിലി, ശാലിനി, ശ്രുതി, ശ്രിയ ശരണ്‍, സിമ്രന്‍, സ്നേഹ, സൌന്ദര്യ, റിച്ച ശര്‍മ്മ, നഗ്‌മ, സുഹാസിനി, സുകന്യ എന്നിവരെല്ലാം ആ കൂട്ടത്തിലെപ്പെട്ടവരാണ്. തബു, ഗ്രേസി സിംഗ്, കത്രിന കൈഫ്, മനീഷ കൊയ്‌രാള, നമ്രത ശിരോദ്കര്‍, ജയപ്രദ, ജൂഹി ചൌള, പൂജ ബത്ര എന്നിവര്‍ ബോളിവുഡില്‍ നിന്നും മലയാളത്തില്‍ എത്തിയവരാണ്. അമൃത പ്രകാശ്, ഛായാ സിംഗ്, ചാര്‍മ്മി കൌര്‍, ഡെയ്സി ബൊപ്പണ്ണ, ഹീര, മല്ലിക, സുചിത്ര കൃഷ്ണമൂര്‍ത്തി എന്നീ നായികമാരും മറുനാട്ടുകാര്‍ തന്നെ. എന്നാല്‍ ഈയിടെയായി മലയാളത്തില്‍ മറുനാടന്‍ നായികമാരുടെ ഘോഷയാത്രയാണ്. പത്മപ്രിയ, പാതി മലയാളിയായ മോഡല്‍ ശ്വേതാ മേനോന്‍, അര്‍ച്ചനാ കവി,  ലക്ഷ്മി റായി, ലക്ഷ്മി ശര്‍മ്മ, പാര്‍വ്വതി മില്‍ട്ടണ്‍, ഭാവനാ പുരി, ഷീല കൌള്‍, റോമ, കനിഹ, മീരാ വാസുദേവ്, നവനീത് കൌര്‍ തുടങ്ങി ഒരു പറ്റം നായികമാരാണ് ഇപ്പോള്‍ മലയാളത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ പത്മപ്രിയ, റോമ, ശ്വേതാ മേനോന്‍, ലക്ഷ്മി റായ് എന്നിവര്‍ മലയാളത്തില്‍ സ്ഥിരമായിക്കഴിഞ്ഞിരിക്കുന്നു.

മലയാള സിനിമയുടെ ആദ്യകാലങ്ങളില്‍ ശാരദയും ജയഭാരതിയും പോലെയുള്ള മറുനാടന്‍ നടികളാണ് മലയാളത്തില്‍ സജീവമായി നിന്നത്‌. എന്നാല്‍ അവരൊക്കെ അഭിനയം കൊണ്ടും തിരശ്ശീലയിലഭിനയിച്ച കഥാപാത്രങ്ങള്‍ കൊണ്ടും മലയാളികളുടെ മനം കവര്‍ന്നിരുന്നു. അതൊ കൊണ്ടു തന്നെ അവരോട്‌ മാനസികമായ ഒരടുപ്പം മലയാളി പ്രേക്ഷകര്‍ക്ക്‌ തോന്നിയിരുന്നു. പക്ഷേ ഇന്നതെ തലമുറ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മറുനാടന്‍ നായികമാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ല. നായകന്മാരുടെ നിഴലാവാന്‍ മാത്രമേ അവര്‍ക്ക്‌ കഴിയുന്നുള്ളൂ. അതിനായി പണം മുടക്കി പുറം നാട്ടില്‍ നിന്നും ആളെ ഇറക്കേണ്ട കാര്യമുണ്ടോ?  അമിതാഭ്‌ ബച്ചനും, ആസിഫും, മനീഷാ കൊയ്‌രാളയും മലയാളത്തിലേക്ക്‌ വരുമ്പോള്‍, മലയാളത്തിലെ വിദേശികളുടെ എണ്ണം കൂടുകയാണ്. മലയാള സിനിമയ്ക്ക്‌ ആവേശം പകരുന്ന കാര്യങ്ങളാണെങ്കിലും, ഈ റോളുകളിലൊന്നും അഭിനയിക്കാന്‍ മലയാളികളില്ലാത്തതിനാലാണോ ഈ മറുനാട്ടുകാരുടെ പിന്നാലെ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ പായുന്നതെന്നു തോന്നി പോകുന്നു. എന്തായാലും മലയാളികള്‍ ഒരിക്കലും മലയാള നടീനടന്മാരെ വെറുക്കുകയില്ല. അതു കൊണ്ടല്ല നിര്‍മ്മാതാക്കള്‍ മറുനാടന്‍ അഭിനേതാക്കളുടെ പിറകേ പായുന്നതെന്നു വ്യക്തം.  ചിത്രങ്ങളുടെ പബ്ലിസിറ്റിക്കായും, പുതുമ നല്‍കാനുമാണ് ഇതില്‍ പലരേയും ചിത്രത്തില്‍ കൊണ്ടു വരുന്നത്‌. ചിത്രങ്ങളുടെ ബഡ്ജറ്റു കൂടുന്നതിനാല്‍ മലയാള സിനിമ പ്രതിസന്ധിയിലാണെന്നു പറയുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനാവും.

Sunday, July 25, 2010

രാമായണവും ശാസ്ത്രവും - മാതൃഭൂമിയിലെ ലേഖനം

രാമായണത്തെക്കുറിച്ച് അഗാധമായി അന്വേഷിച്ചുപോയ പണ്ഡിതനാണ് ഫാ. കാമില്‍ ബുല്‍ക്കെ. അദ്ദേഹത്തിന്റെ 'രാമകഥ' ഈ മേഖലയിലെ ഒരു അതുല്യ രചനയായി ഇന്നും നിലനില്‍ക്കുന്നു. രാമായണത്തിലെ വാനരന്മാരുടെയും രാക്ഷസന്മാരുടെയും ലോകത്തെക്കുറിച്ചുള്ള നിരീക്ഷണമാണ് ഇത്. 
 
 രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലെയും മധ്യഭാരതത്തിലെയും ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നു. ഇതുസംബന്ധിച്ച് മിക്കവാറും അഭിപ്രായവ്യത്യാസമില്ല. വാല്മീകി രാമായണത്തില്‍ ഈ ആദിവാസികളെ വാനരന്മാരെന്നും ഋക്ഷന്മാരെന്നും മറ്റും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തില്‍ ഇവരെല്ലാം മനുഷ്യരായിത്തന്നെ കരുതപ്പെട്ടിരുന്നുവെന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളില്‍നിന്ന് മനസ്സിലാകുന്നു. രാമായണത്തിലെ വാനരന്മാര്‍ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്, മനുഷ്യരുടെ ഭാഷ സംസാരിക്കുന്നു, വസ്ത്രം ധരിക്കുന്നു, വീടുകളില്‍ താമസിക്കുന്നു, വിവാഹസംസ്‌കാരങ്ങള്‍ക്ക് മാന്യത നല്കുന്നു, രാജാവിന്റെ ഭരണത്തിന്‍കീഴില്‍ വസിക്കുന്നു. ഇതില്‍നിന്നും കവിയുടെ ദൃഷ്ടിയില്‍ അവര്‍ വെറും വാനന്മാരല്ലെന്നുള്ളത് സ്​പഷ്ടമാണ്. അവര്‍ക്ക് അവരവരുടേതായ സംസ്‌കാരവും സാമുദായിക വ്യവസ്ഥിതികളുമുണ്ട്.വാസ്തവത്തില്‍ അവര്‍ വാനരന്മാര്‍, ഋക്ഷന്മാര്‍ തുടങ്ങിയ മനുഷ്യജാതികളായിരുന്നു. 'വാനരന്‍' എന്ന പേരിന്റെ ഉത്പത്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിന് അനേകം അഭ്യൂഹങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സി.വി. വൈദ്യയുടെ അഭിപ്രായമനുസരിച്ച് വാനരജാതിയില്‍പെട്ടവര്‍ യഥാര്‍ഥത്തില്‍ വാനരന്മാരെപ്പോലെ കാണപ്പെട്ടിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഈ പേരുണ്ടായി. മറ്റ് പണ്ഡിതന്മാര്‍ ജൈനരാമായണമനുസരിച്ച് വാനരം, ഋക്ഷം തുടങ്ങിയ പേരുകള്‍ ആ ജാതികളുടെ കൊടി കാരണം ഉണ്ടായി എന്നു കരുതുന്നു-''ഏത് ജാതിയുടെ കൊടിയിലാണോ വാനരത്തിന്റെ ചിഹ്നമുണ്ടായിരുന്നത് അത് വാനരജാതി എന്നു പറയപ്പെട്ടിരുന്നു. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവര്‍ ഋക്ഷന്മാര്‍ (രീഛ്) എന്നു പറയപ്പെട്ടിരുന്നു. ഇക്കാലത്ത് റഷ്യക്കാരുടെ കൊടിയില്‍ കരടിയുടെയും ഇംഗ്ലീഷുകാരുടെ കൊടിയില്‍ സിംഹത്തിന്റെയും അടയാളമുള്ളതുകൊണ്ട് ആ ദേശത്തിലെ വീരന്മാരെ ബ്രിട്ടീഷ് ലയണ്‍സ് എന്നും റഷ്യന്‍ ബിയേഴ്‌സ് എന്നും വിളിക്കുന്നതുപോലെ''. ജൈനരുടെ രാമരാവണകഥയില്‍ വാനരചിഹ്നം രേഖപ്പെടുത്തിയ കൊടിയും മകുടവും ധരിച്ച ജാതികള്‍ വാനരവംശജരെന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം അസംഭവ്യമാണെന്നു പറയാന്‍ കഴിയുന്നില്ല. എങ്കിലും ജൈനര്‍ രാമകഥയിലെ അനേകം സ്ഥലങ്ങളില്‍ ചിന്തിക്കത്തക്ക വളരെയധികം പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ജൈനസാഹിത്യം ഉപയോഗിക്കുന്നതില്‍ നമ്മള്‍ ശ്രദ്ധയുള്ളവരായിരിക്കണം. കൂടുതല്‍ സ്വാഭാവികമായ അനുമാനം ഇക്കാലത്തെ ആദിവാസികളെപ്പോലെ ആ ജാതികളുടെ വിഭിന്നകുലങ്ങള്‍ വിഭിന്ന മൃഗങ്ങളെയും സസ്യങ്ങളെയും പൂജിച്ചിരുന്നുവെന്നതാണ്. ഓരോ കുലത്തിലുമുള്ള ആളുകള്‍, ഏതു സസ്യത്തെ അഥവാ മൃഗത്തെ പൂജിച്ചിരുന്നുവോ അതേ പേരില്‍ത്തന്നെ അവര്‍ വിളിക്കപ്പെട്ടിരുന്നു. ഈ മൃഗത്തെ (സസ്യത്തെ) ഇക്കാലത്തുള്ള പണ്ഡിതന്മാര്‍ 'ടോട്ടം' എന്നു പറയുന്നു. ആധുനികഭാരതത്തിലെ ആദിവാസികളില്‍ ഇത്തരത്തിലുള്ള 'ടോട്ടം' അഥവാ ഗോത്രം നിലവിലുണ്ട്. അവയെപ്പറ്റി രാമായണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതായത് വാനരന്‍, ഋക്ഷന്‍ (ജാംബവാന്‍), ഗൃദ്ധ്‌റന്‍ (ജടായു, സമ്പാതി, രാവണന്‍). ആര്‍.വി. റസലിന്റെ അഭിപ്രായമനുസരിച്ച് കുരങ്ങും കരടിയും ഏറ്റവും പ്രചാരമുള്ള പതിമൂന്ന് ടോട്ടങ്ങളില്‍ പെട്ടവയാണ്.

ഛോട്ടാ നാഗ്പൂരില്‍ താമസിക്കുന്ന ഉറാംവ് മുണ്ഡാ ജാതികളില്‍ തിഗ്ഗ, ഹല്‍മാന്‍, ബജരംഗ്, ഗഡീ എന്നീ പേരുകളുള്ള ഗോത്രങ്ങളുണ്ട്. ഇവയുടെയല്ലാം അര്‍ഥം കുരങ്ങ് എന്നുതന്നെയാണ്. ഇതുപോലെ റദ്ദീ ബരഈ, ബസോര്‍, ഭൈന, ഖംഗാര്‍ എന്നീ ജാതികളിലും വാനരദ്യോതകങ്ങളായ ഗോത്രങ്ങളുണ്ട്. സിംഹഭൂമത്തിലെ ഭുഇയാ ജാതി ഹനുമാന്റെ വംശജരാണെന്ന് അവകാശപ്പെടുന്നു. അവര്‍ സ്വയം പവനവംശമെന്നുവിളിക്കുന്നു. ഹനുമാന്‍ എന്ന പേര് വാസ്തവത്തില്‍ ഒരു ദ്രാവിഡപദമായ 'ആണമന്ദി' അഥവാ 'ആണ്‍മന്തി'യുടെ സംസ്‌കൃത രൂപാന്തരം മാത്രമായി തോന്നുന്നു. 'ആണ്‍'ന്റെ അര്‍ഥം പുരുഷനെന്നും 'മന്ദി'യുടെ അര്‍ഥം കുരങ്ങെന്നുമാണ് (നോക്കുക, ഖണ്ഡിക 103).

ഋക്ഷസൂചകങ്ങളായ ഗോത്രങ്ങള്‍ റദ്ദി ബരഇ, ഗദബ, കേവത, സുധ തുടങ്ങിയ ജാതികളില്‍ ലഭിക്കുന്നു. ഇതുപോലെ തന്നെ ഭൈനാ, ഉറാംവ്, ബിര്‍ഹോര്‍ ജാതികളില്‍ ഗിദ്ധ അഥവാ ഗിധിഗോത്രം പ്രചാരത്തിലുണ്ടായിരുന്നു. ഉറാംവ്, അസുരന്‍, ഖരിയ തുടങ്ങിയ ആദിമജാതികളുടെ ഭാഷയില്‍ 'രാവനാ'യുടെ അര്‍ഥം ഗൃധ്രന്‍ തന്നെയാണെന്നുള്ളത് ശ്രദ്ധിക്കത്തക്കതാണ്. റാഞ്ചി ജില്ലയിലെ റയഡീഹ എന്ന സ്ഥലത്തുള്ള കട്കയാം ഗ്രാമത്തില്‍ 'രാവണാ' എന്നു പേരുള്ള കുടുംബം ഇപ്പോഴും ഉണ്ടെന്ന് അടുത്തകാലത്ത് എനിക്ക് അറിവുകിട്ടി. ഈ ഗോത്രത്തിന് പ്രചാരം കുറവാണ്. ഇതിനുപകരം മിക്കവാറും 'ഗിധി' എന്ന പേരാണ് പ്രചാരത്തിലുള്ളത്. 'ഹനുമാനെ' പോലെ 'രാവണ'ന്റെ പേരും യഥാര്‍ഥത്തിലുള്ള അനാര്യമായ ഒരു പേരിന്റെ സംസ്‌കൃത രൂപാന്തരമായി തോന്നുന്നുവെന്നുള്ളതാണ് നിഗമനം. ഇതുകൂടാതെ രായപുരം ജില്ലയില്‍ താമസിക്കുന്ന ഗോണ്ട് ജാതിക്കാര്‍ സ്വയംരാവണന്റെ വംശജരാണെന്നു കരുതുന്നു. ഉറാംവ് ജാതിക്കാരും രാവണനില്‍ നിന്നാണ് അവരുടെ ഉത്പത്തി എന്നു കരുതുന്നു. അതുകൊണ്ട് അവര്‍ക്ക് ഉറാംവ് എന്ന പേര് ലഭിച്ചു. ഈ സംഗതികളെല്ലാം ശ്രദ്ധിച്ചാല്‍ ആദിവാസികള്‍ക്ക് തീര്‍ച്ചയായും രാമകഥയുമായി ബന്ധമുണ്ടായിരുന്നുവെന്നുള്ളത് സ്​പഷ്ടമാണ്. അതുപോലെ രാമായണത്തിലെ വാനര-ഋക്ഷ-ഗീധ വാസ്തവത്തില്‍ വാനര-ഋക്ഷ-ഗീധ ഗോത്രത്തില്‍പ്പെട്ട ആദിവാസികളായിരുന്നുവെന്നുള്ളത് കൂടുതല്‍ സംഭവ്യമായി തോന്നുന്നു.

യഥാര്‍ത്ഥ ആര്‍ട്ടിക്കിള്‍ : വാനരന്മാരും രാക്ഷസന്മാരും @ മാതൃഭൂമി

എണ്ണൂറിന്റെ നിറവില്‍ മുരളി വിട വാങ്ങി...


ഇന്ത്യക്കെതിരെയുള്ള ഗാലെ ടെസ്റ്റിനു ശേഷം വിരമിക്കുമെന്ന്‌ മുരളീധരന്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം തന്നെ അതിനെ അവിശ്വസനീയമായാണ് കണ്ടത്‌. 800 വിക്കറ്റെന്ന അപൂര്‍വ്വമായ നേട്ടത്തിന് 8 വിക്കറ്റ് അകലെ മാത്രമായിരുന്നു മുരളി അപ്പോള്‍. മഴ ഭീഷണിയില്‍ നടന്ന ടെസ്റ്റിന്റെ ഫലത്തേക്കാള്‍,  മുരളിക്ക്‌ 8 വിക്കറ്റ് നേടാനാവുമോ എന്നതായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്‌. ബ്രാഡ്മാന്‍ തന്റെ അവസാന ഇന്നിങ്സില്‍ സം‌പൂജ്യനായി മടങ്ങിയത്‌ അനുസ്മരിച്ചു കൊണ്ടാണ്, പല മാധ്യമങ്ങളും ഇതു ചര്‍ച്ച ചെയ്തത്‌.  തുടര്‍ച്ചയായി രണ്ടു ദിവസം മഴ മൂ‍ലം കളി നഷ്ടപ്പെട്ടപ്പോള്‍, ആ സ്വപ്ന നേട്ടത്തിനുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്തു. മൂന്നാം ദിനം, വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് മുരളി വ്യക്തമാക്കിയതോടെ ലോകം മുഴുവനും മുരളീധരനില്‍ ശ്രദ്ധയൂന്നിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 5 വിക്കറ്റും, രണ്ടാമിന്നിങ്ങ്സില്‍ 3 വിക്കറ്റും നേടി മുരളി 800 തികച്ചു. തന്റെ കരിയറിലെ അവസാന പന്തില്‍ വിക്കറ്റുമായി മുരളി ടെസ്റ്റ് ക്രിക്കറ്റീനോട്‌ വിട പറഞ്ഞു.

1992 ല്‍ കൊളംബോയില്‍ ആസ്ട്രേലിയക്കെതിരെയാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ആദ്യ ഇന്നിങ്സില്‍ 17 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് മുരളി വീഴ്ത്തിയത്‌. ക്രെയ്ഗ് മക്‌ഡര്‍മോട്ടായിരുന്നു മുരളിയുടെ കന്നി ഇര. മുരളീധരന്‍ അരങ്ങേറ്റം കുറിക്കുന്ന അവസരത്തില്‍, ശ്രീലങ്ക അത്ര വലിയ ശക്തിയൊന്നും ആയിരുന്നില്ല. ക്രിക്കറ്റിലെ ശിശുക്കളായാണ് അവരെ ലോകം കണ്ടിരുന്നത്‌. എന്നാല്‍ അര്‍ജുന രണതുംഗ എന്ന നായകന്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മാറിഞ്ഞു. മുരളിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്നു മനസ്സിലാക്കിയ രണതുംഗ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കി. 1996-ല്‍ ശ്രീലങ്ക ആദ്യമായി ലോകകപ്പു ജയിക്കുമ്പോള്‍ മുരളി ശ്രീലങ്കന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട്‌ അങ്ങോട്ട്‌ ഒരു പോരാളിയുടെ തേരോട്ടാ‍മായിരുന്നു നാം കണ്ടത്‌.  133 മത്സരങ്ങളില്‍ നിന്നായി, 22.27 റണ്‍സ് ശരാശരിയില്‍ 800 വിക്കറ്റ്. അഞ്ചു വിക്കറ്റ് നേട്ടം 67 തവണ നേടിയപ്പോള്‍, 22 തവണ ഒരു ടെസ്റ്റില്‍ പത്തോ അതിലധികമോ വിക്കറ്റ്‌ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 51 റണ്‍­സി­ന് ഒന്‍­പ­ത് വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­താ­ണ് ഒരി­ന്നിങ്ങ്സിലെ മി­ക­ച്ച ബൗ­ളിം­ഗ്.  220 റണ്‍­സി­ന് 16 വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­ത് മത്സ­ര­ത്തി­ലെ­യും.  ഒരു കളിയില്‍ 6 വിക്കറ്റിലധികമായിരുന്നു അദ്ദേഹത്തിനെ ശരാശരി. അതു മാത്രം നോക്കിയാല്‍ മതി, അദ്ദേഹത്തിനെ പ്രതിഭ മനസ്സിലാക്കാന്‍. 337 ഏക­ദി­ന­ങ്ങ­ളില്‍ നി­ന്ന് 515 വി­ക്ക­റ്റാ­ണ് മു­ര­ളി­യു­ടെ സമ്പാ­ദ്യം. പത്തു­ത­വണ അഞ്ചു­വി­ക്ക­റ്റ് പ്ര­ക­ട­നം. 30 റണ്‍­സി­ന് ഏഴു വി­ക്ക­റ്റാ­ണ് ഏക­ദി­ന­ത്തി­ലെ മി­ക­ച്ച ബൗ­ളിം­ഗ്. 11 ട്വ­ന്റി­20 മത്സ­ര­ങ്ങ­ളില്‍ നി­ന്ന് 13 വി­ക്ക­റ്റു­ക­ളും സ്വ­ന്ത­മാ­ക്കി.

കൈമുട്ടിനു ജന്മനായുള്ള വളവു മൂലം മുരളിയുടെ ബൌളിങ്‌ ആക്ഷനേ പറ്റി സംശയം ഉയര്‍ന്നിരുന്നു. 1995 ലെ ബോക്സിങ് ഡേ ടെസ്റ്റിനിടയില്‍ ആസ്ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയര്‍, തുടര്‍ച്ചയായി മുരളീധരനെതിരെ നോബോളുകള്‍ വിളിച്ചു. കൈ മടക്കി എറിയുന്നതിനാലാണ് താന്‍ നോബോള്‍ വിളിച്ചതെന്ന ഹെയറിന്റെ വിശദീകരണം ശ്രീലങ്കന്‍ ടീമിനെ തന്നെ ചൊടിപ്പിക്കുകയും, നായകന്‍ രണതുംഗ ടീമിനൊപ്പം ഫീല്‍ഡിനു പുറത്തു പോകുകയും ചെയ്തു. പിന്നീട് ടീം മടങ്ങി എത്തി കളിതുടര്‍ന്നുവെങ്കിലും, ലോകത്തിനു മുന്നില്‍ മുരളിയെ ചക്കര്‍ ആക്കിയത്‌ ഹെയര്‍ ആണ്. പിന്നീട്‌ റോസ്‌ എമേഴ്‌സണും മുരളി കൈമടക്കിയെറിയുന്നുവെന്നാരോപിച്ച്‌ തുടര്‍ച്ചയായി നോബോള്‍ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത്‌ മുരളി ടെസ്റ്റില്‍ 350 വിക്കറ്റുകളിലധികം നേടിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഷെയ്‌ന്‍ വോണിന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ആസ്ത്രേലിയന്‍ മാധ്യമങ്ങളും , കളിക്കാരും അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. എന്നാല്‍, ഐ.സി.സിയുടെ നിര്‍ദേശ പ്രകാരം, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയില്‍ വിവിധ പരീക്ഷണങ്ങള്‍ക്കു മുരളി വിധേനായി. പക്ഷേ അദ്ദേഹത്തിന്റെ ബൌളിങ് ആക്ഷനില്‍ പിഴവു കണ്ടുപിടിക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. എന്നിരുന്നാലും മുരളിയെ മാധ്യമങ്ങള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു. ഒടുവില്‍ സ്‌പിന്‍ ബൗളര്‍ക്ക്‌ പരമാവധി 15 ഡിഗ്രി വരെ കൈമുട്ടു വളയ്‌ക്കാമെന്ന്‍ ഐ.സി.സി നിയമം ഭേദഗതി ചെയ്തതോടെയാണ് ഇതൊക്കെ കെട്ടടങ്ങിയത്‌.

കടുത്ത അര്‍പ്പണബോധമുള്ള കളിക്കാരനായിരുന്നു മുരളി. ടീമിലെത്തിയതു മുതല്‍ തന്റെ ബൌളിങ്ങില്‍ ശ്രദ്ധവച്ചതാണ് മുരളിയെ ഒരു ഇതിഹാസ ബൌളര്‍ ആക്കിയത്‌. ബാറ്റിങ്ങിലോ ക്യാപ്റ്റന്‍സിയിലോ ശ്രദ്ധ വയ്ക്കാതിരുന്ന മുരളി, സംഗക്കാര, ജയവര്‍ദ്ധനെ തുടങ്ങിയ യുവ നായകരുടെ കീഴില്‍ കളിക്കുവാനും തയ്യാറായിരുന്നു. അസാമാന്യമായി വഴങ്ങുന്ന കൈക്കുഴയാണു മുരളിയെ അപകടകാരിയാക്കി മാറ്റിയത്‌. അതിനെ നൂറു ശതമാനം ഉപയോഗപ്പെടുത്താനം മുരളിക്കു കഴിഞ്ഞു. ഒരൊവറിലെ ആറു ബോളുകളും ആറു രീതിയില്‍ എറിയുവാനും, അതിലൊക്കെ വിക്കറ്റെടുക്കുവാനുള്ള സാഹചര്യങ്ങളുണ്ടാക്കുവാനും കഴിവുള്ള ബൌളറാണ് മുരളി. നീണ്ട സ്പെല്ലുകളില്‍ ബൌള്‍ ചെയ്യുവാനുള്ള ശാരീരിക ക്ഷമതയും ക്ഷമാശീലവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ബാറ്റ്സ്മാന്റെ പിഴവിനായി കാത്തിരിക്കാതെ, ബാറ്റ്സ്മാനെ ആക്രമിച്ച്‌ പിഴവുകള്‍ക്കായി പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതിനായി അദ്ദേഹം പല പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. അതിലൊന്നാണ്, ഇന്ന്‌ ലോക പ്രശസ്തമായ “ദൂസ്‌ര” എന്ന  ബൌളിങ് രീതി. ഇതിനെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മുരളിയായിരുന്നു. അതു പോലെ തന്നെ, എറൌണ്ട്‌ ദി വിക്കറ്റ്‌ ബൌള്‍ ചെയ്ത്‌, ബാറ്റ്സ്മാനെ വിക്കറ്റിനു മുന്നില്‍ കുടുക്കുവാന്‍ സാധാരണ രീതിയില്‍ ബൌളര്‍മാര്‍ക്ക്‌ കഴിയാറില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി, ബൌളിങ്ങില്‍ പുതിയൊരു ആംഗിള്‍ അവലംബിച്ചു കൊണ്ട്‌ , അത്തരത്തില്‍ മുരളീധരന്‍ പിഴുത വിക്കറ്റുകള്‍ അനവധിയാണ്.

മുരളീധരന്റെ 800 വിക്കറ്റ് നേട്ടം എക്കാലവും നിലനില്‍ക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്‌. 18 വര്‍ഷം നീണ്ട ക്രിക്കറ്റിങ് കരിയറിനൊടുവിലാണ് മുരളീധരന്‍ ഈ നേട്ടത്തിലെത്തി നില്‍ക്കുന്നത്‌. എന്നാല്‍, മുരളീധരനേക്കാള്‍ പ്രതിഭാധനനായ സ്പിന്‍ ബൌളര്‍മാര്‍ ഉണ്ടായാല്‍പ്പോലും, 800 വിക്കറ്റ്‌ അയാള്‍ക്ക്‌ അപ്രാപ്യമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ട്വന്റി 20 ക്രിക്കറ്റിന്റെയും ഏകദിനത്തിന്റെയും വരവോടെ ടെസ്റ്റ് ക്രിക്കറ്റിനു തന്നെ ച്യുതി സംഭവിക്കുന്ന കാലമാണിത്‌. രാജ്യാന്തര തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ എണ്ണവും കുറയുമ്പോള്‍, ഈ റെക്കോര്‍ഡ് എന്നും നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്‌. ഒരു മത്സരത്തില്‍ 6 വിക്കറ്റെന്ന ശരാശരിയാണ് മുരളീധരന്റേത്‌. അതിനേക്കാള്‍ മികച്ച ശരാശരിയില്‍ പന്തെറിഞ്ഞാല്‍ പോലും, ഈ റെക്കോര്‍ഡ് തകരില്ല എന്ന അവസ്ഥ. ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാവില്ല എന്നു അവകാശപ്പെടാവുന്ന ഒരു റെക്കോര്‍ഡാവും ഇത്‌. ശാരീരിക ക്ഷമതയും ഫോമിലുമുള്ള മുരളി വിരമിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍, ഇനിയൊന്നും തനിക്ക്‌ നേടാനില്ല എന്ന ചിന്തയാവണം. ഒരു പക്ഷേ ഒരു 2 വര്‍ഷം കൂടി കളിച്ചിരുന്നെങ്കില്‍ ടെസ്റ്റില്‍ 1000 വിക്കറ്റെന്ന അത്യപൂര്‍വ്വമായ നാഴികക്കല്ലില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയുമെന്ന്‌ ക്രിക്കറ്റ്‌ ലോകം ഇപ്പോഴും വിശ്വസിക്കുന്നു. മുരളി എന്ന ക്രിക്കറ്റര്‍ വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താനാവത്തതാണ്. മരതക ദ്വീപിന്റെ എന്നത്തെയും മുത്തായിരിക്കും മുരളി എന്നത്‌ തീര്‍ച്ചയാണ്. അദ്ദേഹത്തെ ഇനിയും പുല്‍മൈതാനങ്ങളില്‍ തന്റെ ദൂസ്‌രയുമായി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...

Wednesday, July 21, 2010

എപ്പിക്കും മാതൃഭൂമിയും പിന്നെ ബൂലോകവും


ജൂലൈ മാസത്തിലെ ഒരു പ്രഭാതം പൊട്ടി വിടരുന്നു. കാലത്തെ കട്ടന്‍‌കാപ്പിയുടെ കൂടെ മുന്നിലെത്തിയ മാതൃഭൂമി പത്രം വിടര്‍ത്തിയപ്പോള്‍ ദാ കിടക്കുന്നു ഒരു ഞെട്ടിക്കുന്ന വാര്‍ത്ത... “ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം" ഇതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം കൊള്ളാമല്ലോ..? ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനും ഗോമ്പറ്റീഷനായി ഒരു ഇന്ത്യന്‍ ബ്രൌസര്‍. ലവന്മാരു പുലി തന്നെയെന്നു പറഞ്ഞു ഒരു നിമിഷമെങ്കിലും ആവേശഭരിതനായിപ്പോയി ഞാന്‍. ഇനി ഇതു ഡൌണ്‍ലോഡ്‌ ചെയ്യണമെങ്കില്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണമല്ലോ എന്ന സങ്കടത്തിലാണ് പേപ്പര്‍ ഞാന്‍ മടക്കി വച്ചത്‌.

അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി. എപ്പിക്ക് ബ്രൌസര്‍ പുറത്തിറങ്ങി. എന്റെ കഷ്ടകാലത്തിന് ഞാന്‍ ഈ കാര്യമങ്ങു മറന്നു പോയി. ഓഫീസിലെത്തെ ട്വിറ്ററിലെ എപ്പിക്ക്‌ ട്വീറ്റ് പ്രവാഹം കണ്ടപ്പോഴാണ് സംഗതി ഓര്‍മ്മ വന്നത്‌. എന്നാ പിന്നെ അതങ്ങ്‌ ഡൌണ്‍ലോഡ് ചെയ്തേക്കാം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചതു പോലെ ഓഫീസ് നെറ്റ്വര്‍ക്ക്‌ ഒടുക്കത്തെ സ്ലോ.. ഓഫീസ് സമയത്ത്‌  ഫേസ്‌ബുക്കും ഫാം‌വില്ലയും തുറന്നു വച്ചിരിക്കുന്നവരെ മനസ്സില്‍ ശപിച്ചു കൊണ്ട്‌, ഓര്‍ക്കുട്ടിലേക്ക്‌ ലോഗിന്‍ ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വൈകിട്ട്‌ വീട്ടില്‍ ചെന്നപ്പോഴൊന്നും ഇതിനെക്കുറിച്ച്‌ ഓര്‍ത്തുമില്ല. അവസാനം ശനിയാഴ്ചയെന്ന സുദിനത്തില്‍, രാവിലെ 10.52 എന്ന ശുഭമുഹൂര്‍ത്തത്തില്‍ എപ്പിക്ക്‌ ബ്രൌസര്‍ ഡൌണ്‍ലോഡ്‌ ചെയ്തു. അവരുടെ വെബ്‌സൈറ്റില്‍ മോസില എന്നു കണ്ടപ്പോള്‍ ഒന്നു പേടിച്ചു, ഇനിയെങ്ങാനും സൈറ്റുമാറിപ്പോയോ? ഇല്ല. എനിക്കു തെറ്റിയില്ല. ഇന്‍‌സ്റ്റാള്‍ ചെയ്തു വന്നപ്പോല്‍ സംഭവമതാ കിടിലം. ഒടുക്കത്തെ ലുക്ക് & ഫീല്‍. കൂടെ ഒരുപാട്‌ ആഡ്‌-ഓണുകളും. ട്വിറ്റര്‍, ഓര്‍ക്കുട്ട്‌, ഫേസ്‌ബുക്ക്, ജിമെയില്‍, മാപ്പ്.. എന്തിന് കമ്പ്യൂട്ടറിനായുള്ള ആന്റി വൈറസ് വരെ .. ഹോ ഒന്നും പറയേണ്ട. കണ്ടപ്പോഴേ രോമാഞ്ചം വന്നു പോയി.. ബാംഗ്ലൂരിലെ ഒരു കൂട്ടം ഐ.ടി ബുദ്ധിശാലികള്‍ ഇത്രയും പണി ഒപ്പിച്ചല്ലോ..!!!  അവന്മാരെ സമ്മതിക്കാതെ തരമില്ല.  ഒരു നിമിഷം എന്റെ ദേശസ്നേഹം ഉണര്‍ന്നു. കണ്ട സായിപ്പന്മാരുണ്ടാക്കിയ കൂതറ ബ്രൌസറൊന്നും ഇനി ഉപയോഗിക്കില്ലെന്ന് ഞാന്‍ ദൃഢപ്രതിഞ്ജ ചെയ്തു. അപ്പോഴേ ഒപ്പേറയും ക്രോമും ഞാന്‍ അടിച്ചു ദൂരെ കളഞ്ഞു. ഫയര്‍ ഫോക്സും, ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും വയറ്റിപ്പിഴപ്പിന്റെ ഭാഗമായതിനാല്‍ ഞാന്‍ കണ്‍‌ട്രോള്‍ ചെയ്തു, അവരെ വെറുതെ വിട്ടു.

അതുവരെ ഫയര്‍ഫോക്സില്‍ വിരാജിച്ചു നടന്ന ഞാന്‍, അങ്ങനെ എപ്പിക്കിന്റെ ഒരു വന്‍ ആരാധകനായി മാറി. എപ്പിക്ക്‌ ഫാന്‍സ് അസോസിയേഷനെ പറ്റി വരെ ആലോചിച്ച്‌, ഒരു ഓര്‍ക്കുട്ട്` കമ്മ്യൂണിറ്റി തുടങ്ങിയാലെന്താ എന്നാലോചിച്ചിരിക്കുമ്പോഴാണ്, ദാ കിടക്കുന്നു ട്വിറ്റര്‍ ടൈം ലൈനില്‍ ഒരു ട്വീറ്റ്. Epic Browser is an Epic Fail !!! കണ്ടയുടനെ തന്നെ എന്റെ രക്തം തിളച്ചു. ആരെടാ ഇവന്‍ എപ്പിക്കിനെ തെറിവിളിക്കുന്നവന്‍. വല്ല സായിപ്പുമാണെന്നു കരുതി പ്രൊഫൈല്‍ നോക്കിയപ്പോള്‍, പ്രതീക്ഷ അസ്ഥാനത്തായി. ഒരു പാവം ബാംഗ്ലൂര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, പരമോപരി ഒരു മല്ലു...സോറി മലയാളി.. ജാഡ തെണ്ടി, അസൂയ, അല്ലാതെന്താ? കഷ്ടപ്പെട്ട്‌ കുറെ ഇന്ത്യക്കാര്‍, ലോകത്ത്‌ ബ്രൌസര്‍ രംഗത്തെ കുത്തകക്കാരായ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിനും ഫയര്‍ഫോക്സിനും വെല്ലുവിളിയായി ഒരു ബ്രൌസര്‍ ഉണ്ടാക്കിയപ്പോള്‍ അഭിനന്ദിച്ചില്ലേലും, ആക്ഷേപിക്കാതെ ഇരുന്നു കൂടേടാ എന്നു അറിയാതെ ഞാന്‍ ചോദിച്ചു പോയി. അവന് ഒരു മറുപടി ട്വീറ്റ് റ്റൈപ്പു ചെയ്യുമ്പോഴാണ് ദാ വരുന്നു അടുത്ത ട്വീറ്റ്. EPIC = FIREFOX + AD-Ons ഇവന്‍ അടി മേടിക്കാതെ പോകൂല്ലേ..? ഇവനാരെടാ, ദേശസ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഐ.ടി ബുദ്ധിജീവിയോ? എന്നാലിവനിന്ന്‌ മറുപടി എഴുതിയിട്ടു തന്നെ കാര്യം എന്നു കരുതി, വീണ്ടും ടൈപ്പ്‌ ചെയ്യാന്‍ തുടങ്ങുകയും ദാ വരുന്നു അടുത്ത ട്വീറ്റ്. Using Epic is a risk, its not secure!!! ശ്ശെടാ.. ഇവനെ കൊണ്ടു തോറ്റല്ലോ.? ഇവനിന്ന്‌ എന്റെ കയ്യില്‍ നിന്നും തെറി കേള്‍ക്കും, അത്രയും വിചരിച്ചു കൊണ്ട്‌, ഞാന്‍ എപ്പിക്കില്‍ ഓപ്പണ്‍ ചെയ്തു വച്ചിരുന്ന ജിമെയില്‍ അപ്പോഴേ ലോഗ്‌ഔട്ട്‌ ചെയ്തു. ഇനി ഇവന്‍ പറയുന്നതെങ്ങാനും ശരിയാണെങ്കിലോ? എന്നാ പിന്നെ ഒന്ന്‌  നോക്കിയിട്ടു തന്നെ കാര്യമെന്നു ഞാനും കരുതി...

കച്ചകെട്ടി ഇറങ്ങിയാല്‍ വിവരങ്ങള്‍ പല വഴിയും വരും, ട്വിറ്ററില്‍ നോക്കി ഇരുന്നപ്പോള്‍ ദാ എപ്പിക്കിന്റെ ഗുണഗണങ്ങള്‍ ദാ “ബസ്സില്‍” കയറി വരുന്നു.  കൊട്ടിഘോഷിച്ചു പുറത്തു വന്ന എപ്പിക്ക്‌ ഒരു പുതിയ ബ്രൌസര്‍ അല്ല എന്നതാണ് പരമമായ സത്യം. മോസില ഫയര്‍ഫോക്സിനെ ബ്യൂട്ടിപാര്‍ലറില്‍ കയറി എപ്പിക്കായി പുറത്തിറക്കി എന്നതാണ് ഇതിനു പിന്നിലെ ഗുട്ടന്‍സ്. മോസില ഇപ്പോള്‍ തന്നെ, ഫയര്‍ഫോക്സിനൊപ്പം ആഡ്‌-ഓണ്‍സ് കൂട്ടിച്ചേര്‍ക്കുവാന്‍ അനുവദിക്കുന്നുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയ മോസില ഫയര്‍ഫോക്സിനൊപ്പം ചില പുതിയ ആഡ്-ഓണുകള്‍ ചേര്‍ത്ത്‌, പുതിയ രൂപത്തില്‍ പുറത്തിറക്കിയതാണ് എപ്പിക്ക്‌. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന് ഇതുണ്ടാക്കിയവര്‍ അറിഞ്ഞില്ല എന്നു തോന്നുന്നു. കാരണം, ആ ആഡ്‌-ഓണുകളെല്ലാം തന്നെ അബദ്ധജഡിലമാണ്. ബ്രൌസര്‍ എന്നാല്‍ നാട്ടുകാര്‍ പലവിധ സൈറ്റുകള്‍ ബ്രൌസ് ചെയ്യാനുള്ള ഉപാധിയാണ്. ജിമെയിലേക്കും, യാഹുവിലേക്കും, ഫേസ്‌ബുക്കിലേക്കും പിന്നെ പല പല സൈറ്റുകളിലേക്കും പ്രവേശിക്കാനുള്ള കവാടമാണ്  പുതിയ ആഡ്-ഓണുകള്‍. എന്നാല്‍ ഇവയുടെ സുരക്ഷിതത്വം ഒരു ചോദ്യചിഹ്നം തന്നെയാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറുവാന്‍ സാധാരണ ഉപയോഗിക്കുന്നത്‌ https പ്രോട്ടോക്കോള്‍ ആണ്. എന്നാല്‍ എപ്പിക്കിലെ സൈഡ് ബാര്‍ ആപ്ലിക്കേഷന്‍ ഉപയൊഗിക്കുന്നത്‌ മൊബൈല്‍ ഉപയോഗത്തിനായുള്ള wap based സൈറ്റുകളാണ്. ഇവ പൊതുവെ സുരക്ഷിതമല്ല. അതു കൊണ്ടു തന്നെ, വളരെ എളുപ്പത്തില്‍ നിങ്ങളുടെ യൂസര്‍ നേമും പാസ്‌വേര്‍ഡും ഒക്കെ അടിച്ചു മാറ്റാന്‍ ഹാക്കിങ്ങിനെക്കുറിച്ച്‌ ശരാശരി അറിവുള്ള ഏതൊരാള്‍ക്കും സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത.

എപ്പിക്ക്‌ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സൈഡ് ബാര്‍ ആപ്ലിക്കേഷനാണ്, ഇതില്‍ തന്നെയുള്ള ആന്റി-വൈറസ് സോഫ്റ്റ്വെയര്‍. സംഭവം കലക്കന്‍ തന്നെ. മിക്കാവാറും എല്ലാ ആന്റി-വൈറസ് സോഫ്റ്റെവെയറുകളും സൌജന്യ സേവനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഇവിടെ എപ്പിക്കിലെ ആന്റി വൈറസ് ആപ്ലിക്കേഷന്‍ അതു വാഗ്ദാനം ചെയ്യുന്നു. കാല്‍ക്കാശു മുടക്കാതെ, കമ്പ്യൂട്ടറിലെ ഫോള്‍ഡറുകള്‍ സെര്‍ച്ച്‌ ചെയ്തു വൈറസിനെ ഈ ആപ്ലിക്കേഷന്‍ വെട്ടി നിരത്തും, ഇതില്‍ കൂടുതല്‍ എന്താ വേണ്ടത്‌!!! പക്ഷേ ഒരു ചെറിയ പ്രശ്നമേയുള്ളൂ. ഇത് ഹാക്കര്‍മാര്‍ക്ക് പണി എളുപ്പമാക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും വളരെ എളുപ്പത്തില്‍ അതിപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. നിങ്ങള്‍ അറിയുക പോലും ഇല്ല. എപ്പിക്കിന്റെ മറ്റൊരു സവിശേഷത, ഈ ബ്രൈസറിന് ലൈസന്‍സ് ഇല്ല എന്നുള്ളതാണ്. ലൈസന്‍സ് അവതരിപ്പിക്കാത്തതിനാല്‍ ഇതിനു ലൈസന്‍സില്ല എന്നു വിശ്വസിക്കുകയേ തരമുള്ളൂ. എപ്പിക്കിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ് അരിച്ചു പറുക്കിയിട്ടും, മരുന്നിനു പോലും ഒരു ലൈസന്‍സ് വിവരം അതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മോസിലയില്‍ നിന്നാണല്ലോ എപ്പിക്ക്‌ രൂപം കൊള്ളുന്നത്‌. മോസില ഉപയോഗിക്കുന്നത്‌  “മോസില പബ്ലിക്ക് ലൈസന്‍‌സാ”ണ് (MPL). അതു പ്രകാരം നോക്കിയാല്‍, മോസില ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന എല്ലാ സോഫ്റ്റ്വെയറുകള്‍ക്കും  MPL ലൈസന്‍സ് ഉണ്ടാവേണ്ടതാണ്. എന്നാല്‍ എപ്പിക്കിനിത്‌ ബാധകമല്ല എന്നു തോന്നുന്നു. സംഭവം ഇന്ത്യനല്ലേ.. ഇനി കുന്നംകുളം-ചാവക്കാടാണോ എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു!!!

മൊത്തത്തില്‍ നോക്കിയാല്‍ എപ്പിക്കൊരു അബദ്ധ പഞ്ചാംഗമാണ്. ഇന്റര്‍നെറ്റിലെ ബ്രൌസര്‍ കുത്തക ഭീകരന്മാരെ വെല്ലുവിളിക്കാന്‍ ഇറങ്ങിയ എപ്പിക്കിന് നേരെ എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിയില്ല എന്നതാണ് സത്യം. സുരക്ഷിതത്വം ഇല്ലാത്ത ഈ ബ്രൌസര്‍ വെറുതെ പത്രം വായിക്കാനും, സെര്‍ച്ച് ചെയ്തു കളിക്കാനും കൊള്ളാം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ അല്പജ്ഞാനികളായ ചില പത്രക്കാര്‍ ഇവിടെ ഇതാഘോഷിക്കുകയാണ്. കാളപെറ്റു എന്ന കേട്ടാപാടെ കയറുമായി ഇറങ്ങിയിരിക്കയാണ് ചിലര്‍. മാതൃഭൂമിയില്‍ വന്ന ഐ.ടി ലേഖകന്റെ റിപ്പോര്‍ട്ട്‌ വായിച്ചാല്‍, ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും ഫയര്‍ഫോക്സുമൊക്കെ മാര്‍ക്കറ്റില്‍ നിന്നു തന്നെ അപ്രത്യക്ഷമാക്കുമീ എപ്പിക്കെന്നു തോന്നും. അമ്മാതി തട്ടിവിടലാണ് ടിയാന്‍ നടത്തിയിരിക്കുനത്‌. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്നോ, എപ്പിക്കെന്ന സോഫ്റ്ററ്റ്വെയറിന്റെ പരിമിതികളെന്തെന്നോ മനസ്സിലാക്കാതെ “ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് “ എന്നൊക്കെ വെണ്ടക്കാ അക്ഷരത്തില്‍ പത്രത്തില്‍ നിരത്തുന്ന മണ്ടന്മാരാണ് ഐ.ടി ലേഖകനെന്ന പേരില്‍ പത്രങ്ങളില്‍ കുത്തിയിരിക്കുന്നത്‌ എന്ന്‌ വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇത്തരം മണ്ടത്തരങ്ങള്‍ പടച്ചു വിടുന്നവരുടെ പ്രധാന ന്യായം എപ്പിക്ക്‌ ഇന്ത്യന്‍ ബ്രൌസറാണെന്നും, ഇന്ത്യക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കണമെന്നുമാണ്. സ്വദേശി ഉത്പന്നത്തോട് സ്നേഹം കാട്ടി, അവസാ‍നം എന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഇന്റര്‍നെറ്റ്‌ ബാങ്കിങ് വിവരങ്ങളും ഏതെങ്കിലും ഹാക്കര്‍ തെണ്ടി അടിച്ചു മാറ്റിയാല്‍, ഈ വിഡ്ഢിത്തം പുലമ്പി നടക്കുന്ന പത്രക്കാരന്‍ സമാധാനം പറയുമോ?

അതിനിടെ ബൂലോകത്തിലും തുടങ്ങി വിപ്ലവം. അല്പജ്ഞാനികളായ ചില പത്രക്കാരെ വിമര്‍ശിച്ചത്‌ വര്‍ഗ്ഗബോധമുള്ള ചില പത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബൂലോകത്ത്‌ നിറഞ്ഞാടി പാവം ഐ.ടി കൂലിപ്പണിക്കാരെ പച്ചക്ക്‌ തെറി വിളിച്ചു. വിമര്‍ശിച്ചവരെ ബുദ്ധിജീവികളും അസഹിഷ്ണരുമാക്കി മാറ്റി. മണ്ടത്തരമെഴുതുന്ന ഐ.ടി ലേഖകരെ വിമര്‍ശിക്കാന്‍ പാടില്ല എന്നും, വിമര്‍ശിച്ചാല്‍ എഴുതി തുലച്ചുകളയും എന്ന ഭീഷണി വരെ എത്തി കാര്യങ്ങള്‍. പാവം ഐ.ടി ബുദ്ധിജീവികള്‍, പണി ചെയ്യുന്നതിനിടയില്‍ ട്വിറ്ററിലും ബസ്സിലും ഒക്കെ കയറി ഇത്തരം വിമര്‍ശനങ്ങള്‍ പറയുമ്പോള്‍ ഓര്‍ക്കണം, എഞ്ചിനീയറിങ്ങും എം.സി.എയുമൊന്നും പഠിക്കാതെ സാങ്കേതിക കാര്യങ്ങളില്‍ അഗ്രഗണ്യരായ ആളുകള്‍ പത്ര പ്രവര്‍ത്തന രംഗത്തും ബൂലോകത്തും ഉണ്ട്‌. അവര്‍ക്ക്‌ ഇത്തരം കാര്യങ്ങളിലെ വിവരങ്ങള്‍ ദൈവം നേരിട്ടു വന്നു പഠിപ്പിച്ചു കൊടുക്കുന്നതാണ്. അവരെ കാര്യങ്ങള്‍ പഠിപ്പിക്കുവാനോ, പറഞ്ഞു മനസ്സിലാക്കുവാനോ നിങ്ങള്‍ ആരുമല്ല. സായിപ്പുണ്ടാക്കിയ സോഫ്റ്റ്‌വെയറില്‍് പെയിന്റടിച്ച്‌ മെയ്‌ഡ് ഇന്‍ ഇന്ത്യ എന്ന ലേബലൊട്ടിച്ച്‌ ഇറക്കുന്നവരെ അവര്‍ പുകഴ്ത്തും യോഗ്യന്മാരാക്കും, അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല അതു കൊണ്ടു തന്നെ, നിങ്ങള്‍ മിണ്ടിപ്പോകരുത്‌... നിങ്ങള്‍ വെറും ബുദ്ധിജീവികള്‍.. തരുന്ന കാശിനു പണി ചെയ്ത്‌ എവിടെയെങ്കിലും കഴിഞ്ഞോണം.. അല്ലാതെ പ്രതികരിക്കരുത്‌, ഇതിലൊന്നും ഇടപെട്ടു പോകരുത്‌... സുരേഷ്‌ ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “That's none of your business to know!!!“  എന്തായാലും ഈ തമാശകള്‍ എവിടെ വരെ പോകുമെന്നു കാത്തിരുന്നു കാണുക തന്നെ വേണം.. ഇപ്പോ പേടി, എന്നെ ഇനി ഐ.ടി ബുദ്ധിജീവി ആക്കുമോ എന്നാ... അങ്ങനെയെങ്കില്‍ അതെന്റെ മാനേജറെ കാണിച്ച്‌ അടുത്ത അപ്രൈസലിലെങ്കിലും നല്ല റേറ്റിങ് വാങ്ങണം.. ഈ ബൂലോകത്തിന്റെ ഒരോ കാര്യങ്ങളേ....!!!

വാല്‍ക്കഷണം: ഇതിക്കെ കാണുമ്പോള്‍, എന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കഥയാണ് ഓര്‍മ്മവരുന്നത്‌. അദ്ദേഹം എം.സി.എ പഠിക്കുന്ന സമയത്ത്‌, ഒരു അദ്ധ്യാപകണ്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ പോയി തിരിച്ചു വന്നു. അദ്ദേഹം ആദ്യമായി പറഞ്ഞത്‌ ഇപ്രകാരമാണ്. “A new breed of programming language is coming which will change the entire programming world. നിങ്ങളാരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല... അതിന്റെ പേരാണ് “സി-ഹാഷ് (C#) “ അപ്പോള്‍ ഒരു കുരുത്തം കെട്ടവന്‍ പറഞ്ഞു.. “സാറേ, അതു സി ഹാഷല്ല, സി -ഷാര്‍പ്പാണ്“ അതു കേട്ടു സാര്‍, “തന്നോടാരാ ഇതൊക്കെ പറഞ്ഞേ... Get Out of my class!!!"

Tuesday, July 20, 2010

ഇതോ കാമ്പസ് രാഷ്ടീയം...?


അക്രമ രാഷ്ട്രീയം കേരളത്തിനു പുതുമയല്ല. അത്‌ കാമ്പസുകളിലേക്കും പടര്‍ന്നിട്ട്‌ കാലമേറെയായി. എന്നാല്‍  കേരളത്തിലെ കാമ്പസുകളില്‍ ഈ അക്രമ “വിദ്യാര്‍ത്ഥി രാഷ്ട്രീയം” പുതിയൊരു മാനം തേടുകയാണ്, കോട്ടയം സി..എം.എസ് കോളേജ്‌ സംഭവത്തിലൂടെ. വിപ്ലവപാര്‍ട്ടിയുടെ കുട്ടി സാഖാക്കള്‍, ആ കാമ്പസ്സില്‍ കാണിച്ച പോക്രിത്തരം ജനങ്ങള്‍ ചാനലുകളിലൂടെ കണ്ടതാണ്. എന്നാല്‍ ഇതിന് ആധാരമായ സംഭവം നടക്കുന്നത്‌ അതിനും 2 മാസം മുന്നെയാണ്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകനായ ജെയ്ക്ക് സി തോമസിനെ, നിയമ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഹാളില്‍ കയറി പരീക്ഷ അലങ്കോലമാക്കിയതിന് കോളേജില്‍ നിന്നും സസ്പെന്റു ചെയ്യുകയായിരുന്നു. അച്ചടക്കലംഘനത്തിന്റെ പേരില്ലായിരുന്നു നടപടി. അതിനെതിരെ രണ്ടൂ മാസത്തോളം സമരം ചെയ്തിട്ടും മാനേജ്മെന്റ് വഴങ്ങിയില്ല. അതിനെ തുടര്‍ന്ന്‌ ജൂണ്‍ 16ന് പുറത്തുനിന്നുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് തല്ലിത്തകര്‍ക്കുകയും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അതോടെ കര്‍ശന നിലപാടുകളുമായി മാനേജ്‌മെന്റ്‌ പിടിമുറുക്കി. ആ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് അവര്‍ എത്തിയത്‌.

കുട്ടിയുടെ ഭാവി രക്ഷിക്കാന്‍, രാഷ്ട്രീയക്കാര്‍ കച്ചകെട്ടി ഇറങ്ങിയപ്പോള്‍ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുല രൂപപ്പെട്ടു. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കുമെന്നുമുള്ളതായിരുന്നു ആ ഒത്തുതീര്‍പ്പു പാക്കേജ്‌. പരീക്ഷ എഴുതിക്കേണ്ടത്‌ സര്‍വകലാശാലയാണെന്നും അതിനാല്‍ കോളേജ്‌ ഫോര്‍വേര്‍ഡിങ്‌ നോട്ട്‌ നല്‍കിയാല്‍ സര്‍വകലാശാല ആ വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കും. അവിടെ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ ഉണ്ട്‌. യൂണീവേഴ്സിറ്റി നിയമപ്രകാരം 75 ശതമനമെങ്കിലും ഹാജരുള്ളവര്‍ക്ക് മാത്രമേ പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ക്ക് വേണമെങ്കില്‍ പത്തു ശതമാനം കണ്ടോണേഷന്‍ അനുവദിക്കാം. എങ്കില്‍പോലും ഏറ്റവും കുറഞ്ഞത് 65 ശതമാനം ഹാജര്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ഈ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക്‌ 4 ദിവസത്തെ ഹാജര്‍ മാത്രമേയുള്ളൂ. സമരകാലത്തെ മുഴുവന്‍ ഹാജര്‍ നല്‍കിയാലും 50 ശതമാനം പോലും തികയാത്ത അവസ്ഥ. അതു കൊണ്ട്‌ പരീക്ഷാഫോമിണോടൊപ്പം പ്രിന്‍സിപ്പല്‍ ഒപ്പിട്ട് യൂണിവേഴ്സിറ്റിക്കയക്കേണ്ട അറ്റന്‍ഡന്‍സ് ആന്‍ഡ് പ്രോഗ്രസ് റിപ്പോര്‍ട്ട് അയക്കാന്‍ കഴിയില്ല എന്നതാണ് കോളേജിന്റെ നിലപാട്‌. അതു മാത്രമല്ല, ആ വിദ്യാര്‍ത്ഥി ഫീസടയ്ക്കുകയോ, കോളേജില്‍ അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. സര്‍വകലാശാലാ പരീക്ഷ എഴുതുവാനായിട്ടുള്ള അപേക്ഷയും പരീക്ഷാഫീസും പോലും അടയ്ക്കാതെ വിദ്യാര്‍ത്ഥിയെ എങ്ങനെയെങ്കിലും പരീക്ഷ എഴുതിക്കണമെന്ന് പറഞ്ഞ് എസ്എഫ്‌ഐ വീണ്ടും സമരം തുടങ്ങുകയാണ്. 

കഥ ഇതുവരെ എത്തി നില്‍ക്കുമ്പോള്‍, നമ്മുടെ മനസ്സിലേക്ക്‌ കടന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്‌.   
1. കോളേജിലെ വസ്തുവകകള്‍ തകര്‍ത്ത്‌, പ്രിന്‍സിപ്പാളിന്റെ ഓഫീസിനടക്കം നാശനഷ്ടം വരുത്തിയ സമരമുറയെ എങ്ങനെയാണ് ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായീകരിക്കുക?
2. എന്തിന്റെ പേരിലായാലും, നിയമവിദ്യാര്‍ത്ഥികളുടെ പരീക്ഷ തടസ്സപ്പെടുത്തി, പരീക്ഷാ പേപ്പറുകളും ചോദ്യക്കടലാസ്സും വലിച്ചു കീറിയ വിദ്യാര്‍ത്ഥിയുടെ നടപടിയെ എങ്ങനെയാണ് ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായീകരിക്കുക?
 

3. വിദ്യാര്‍ത്ഥികള്‍ ബസ്‌ കണ്‍സഷന്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, കുറ്റക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായി ഇത്രയം കോലാഹലങ്ങളുണ്ടാക്കാന്‍ ഉളുപ്പില്ലാത്തവരായി മാറിയോ ഈ വിദ്യാര്‍ത്ഥി സംഘടന? 
4. കലാലയത്തിലെ അച്ചടക്കത്തേക്കാള്‍ പ്രധാനപ്പെട്ടതാണോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം? 
5. പുറത്താക്കപ്പെട്ട കുട്ടിയെക്കുറിച്ച്‌ വ്യാകുലരായി വെറിപിടിച്ച്‌ നടക്കുന്ന കുട്ടി സഖാക്കള്‍ക്കും മുഴുത്ത സഖാക്കള്‍ക്കും, ആ വിദ്യാര്‍ത്ഥി പരീക്ഷ അലങ്കോലമാക്കിയ നിയമ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കയൊന്നും ഇല്ലേ..? 
6. ഒരു കുട്ടിയുടെ പേരു പറഞ്ഞ്‌ 2 മാസം പഠിപ്പു മുടക്കിയപ്പോള്‍, രണ്ടായിരത്തോളം കുട്ടികളുടെ ഭാവിയെക്കുറിച്ച്‌ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ ആശങ്കയുണ്ടായില്ലേ ? 

ഇതാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം ? സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനും സംഘടനകള്‍ക്കായി ഗുണ്ടായിസം നടത്തുന്നവരെ സംരക്ഷിക്കുന്നതിനുമാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നു പറയുന്നത്‌ ? ഇത്തരം പോക്രിത്തരങ്ങള്‍ കാട്ടുന്നവര്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വക്താക്കളായി മാറുന്നത്‌ അത്യന്തം ലജ്ജാകരവും ജുഗുപ്‌ത്സാവഹവുമാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തിലെ കാമ്പസുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കാലം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ മുന്‍‌നിര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും, അവരുടെ വക്താവായി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഇന്നതെല്ലാം പോയി കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയങ്ങളെ വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്ന ധര്‍മ്മം മാത്രമേ ഇപ്പോല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നുള്ളൂ. അതിനായി വാളും, വടിവാളും, കത്തിയുമായി അക്രമ രാഷ്ട്രീയം നടത്തി, രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നതു മാത്രമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മേഖല മാറുന്നുവോ എന്ന സംശയം ബലപ്പെടുകയാണ്, വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി തങ്ങള്‍ ഇടപെടുന്നു എന്ന്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെടുന്നുവെങ്കിലും. യുവജനങ്ങള്‍ക്കിടയിലും പുതു തലമുറയ്ക്കിടയിലും രാഷ്ട്രീയത്തിന്റെ തന്നെ പ്രസക്തി കുറയുന്ന സാഹചര്യത്തില്‍, ഒരു പറ്റം കുട്ടി സഖാക്കന്മാരെ സൃഷ്ടിക്കുക എന്നതിനപ്പുറം, ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്ന സത്യം മലയാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ നമ്മളുടെ കുട്ടികളുടെ ഭാവി ഇവരായിട്ടു തന്നെ തുലയ്ക്കും...

Sunday, July 18, 2010

ഒരു നാള്‍ വരും (Oru Naal Varum)

ഉദയനാണ് താരം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം ശ്രീനാവസന്‍ തിരക്കഥയെഴുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഒരു നാള്‍ വരും. വളരെയധികം മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തിട്ടുള്ള ടി.കെ രാജീവ്‌ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ദാമര്‍ ഫിലിംസിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മോഹന്‍ലാലിലും ശ്രീനിവാസനുമൊപ്പം, ദേവയാനി, സുരാജ്‌ വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു, നസ്രിയ, നെടുമുടി വേണു എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ നായിക സമീറ റെഡ്ഡി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

ഒരു കോര്‍പ്പറേഷന്‍ ഓഫീസും അവിടുത്തെ അഴിമതിക്കാരായ ജീവനക്കാരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍,  അതില്‍ തന്നെ മുന്തിയ ഒരു അഴിമതിക്കാരനായ അസിസ്റ്റന്റ് ടൌണ്‍ പ്ലാനിങ് ഓഫീസറുടേയും അദ്ദേഹത്തെ കയ്യോടെ പിടികൂടാന്‍ നടക്കുന്ന ഒരു വിജിലന്‍സ്‌ ഓഫീസറുടേയും കഥയാണ് ഒരു നാള്‍ വരും എന്ന ചിത്രം. അതിനിടയിലൂടെ ഇരുവരുടേയും കുടുംബത്തേയും കുടുംബപ്രശ്നങ്ങളേയും വരച്ചു കാണിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ ശ്രീനിവാസന്‍ തന്നെയാണ്. അഴിമതിക്കെതിരെ സമൂഹത്തിനൊരു സന്ദേശം നല്‍കുവാന്‍ ഈ കഥ സഹായിക്കുന്നു എന്നതൊഴിച്ചാല്‍, മറ്റുള്ള എല്ലാ മേഖലകളിലും ഈ കഥ പരാജയപ്പെടുന്നു എന്നതാണ് സത്യം. ഇടക്കിടെ അല്പം ട്വിസ്റ്റുണ്ടാക്കി പ്രേക്ഷകരെ ഒന്ന്‌ അമ്പരപ്പിക്കുമെങ്കിലും, ചിത്രം പ്രതീക്ഷിച്ച ക്ലൈമാക്സില്‍ തന്നെ എത്തുന്നു എന്നത്‌ ഒരു വലിയ ന്യൂനതയാണ്.  ഹാസ്യമുദ്ദേശിച്ച്‌ പഴയ അവിഞ്ഞ കോമഡിയുമായാണ് ശ്രീനിവാസന്റെ ഇത്തവണത്തെ വരവ്‌. മെഡിസിന് പഠിക്കണമെങ്കില്‍ പ്രീഡിഗ്രി പാസ്സാവണമത്രേ തുടങ്ങിയ അറുപഴഞ്ചന്‍ കോമഡികളാണ് ഇത്തവണ ശ്രീനിവാസന്‍ തട്ടിക്കൂട്ടിയിരിക്കുന്നത്‌. (ഈ തിരക്കഥയെഴുതുന്ന വേളയില്‍ ശ്രീനിവാസന്‍ തളത്തില്‍ ദിനേശനായി കൂടു വിട്ടു കൂടു മാറിയോ എന്നൊരു സംശയം ). സാധാരണ ശ്രീനിവാസന്‍ തിരക്കഥകളില്‍ നിന്നും വിഭിന്നമായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും (എനിക്ക് ചിലതൊക്കെ അറിയാവുന്നതു കൊണ്ടാണ്.. ) ലോജിക്കില്ലാത്ത കുറെ രംഗങ്ങളും ഇതില്‍ കുത്തി നിറച്ചിട്ടുണ്ട്‌. ഹാസ്യം ഉദ്ദേശിച്ചുള്ള ഇത്തരം രംഗങ്ങള്‍‍, തീയേറ്ററുകളില്‍ ഒരു ചെറു ചിരി പോലും സൃഷ്ടിക്കാതെ കടന്നു പോകുന്നു. പാത്ര സൃഷ്ടിയില്‍ ബുദ്ധിപൂര്‍‌വ്വം ശ്രീനിവാസന്‍ ചെയ്തിരിക്കുന്ന ഒരു കാര്യമുണ്ട്‌, ശ്രീനിവാസന്റെ ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി മാത്രമാണ് ചിത്രം ചരിക്കുന്നത്‌. മറ്റു കഥാപാത്രങ്ങളെല്ലാം, അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളുമാണ്  ഗോപീകൃഷ്ണന്‍ ഇല്ലെങ്കില്‍ ചിത്രത്തിനു കാതലേ ഇല്ലാ എന്ന അവസ്ഥ.  മികച്ച ശ്രീനിവാസന്‍ ചിത്രം പ്രതീക്ഷിച്ചെത്തുന്ന നമ്മേ നിശാരപ്പെടുത്തുകയാണ് അദ്ദേഹമെന്നു സാരം.

ഇത്തരം ഒരു തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകന്റെ ഭാവനാ ശൂന്യത കൂടിയായാല്‍, അതെത്രത്തോളം ചിത്രത്തെ ബാധിക്കുമെന്ന് ഈ ചിത്രം കണ്ടാല്‍ മനസ്സിലാകും. ആവര്‍ത്തന വിരസമായ കോമഡികളും യുക്തിരഹിതമായ രംഗങ്ങളും എന്തു കൊണ്ട്‌ സംവിധായകന്റെ ശ്രദ്ധയില്‍ പതിഞ്ഞില്ല എന്നത്‌ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. ശ്രീനിവാസന്‍ എഴുതി വച്ചതിനെ ദൃശ്യവത്കരിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തതെന്നു തോന്നും. അഭിനേതാക്കാളുടെ കഴിവിനെ പരമാവധി ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞെവെന്നു ചിത്രം കാണുന്നവര്‍ക്കു തോന്നുന്നില്ല. ചിത്രത്തിലെ നായികയായിട്ടുകൂടി സമീറ റെഡ്ഡി അവതരിപ്പിച്ച മീര എന്ന കഥാപാത്രം ആള്‍ക്കൂട്ടത്തിലെ ഒരാളായി മാറുന്നത്‌  ഇതിന്റെ ഒരു മികച്ച ഉദാഹരണമാണ്. കഥാതന്തുവിനെ നന്നായി വികസിപ്പിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഒരു മികച്ച ചിത്രമായി ഈ ചിത്രത്തെ മാറ്റുവാന്‍ കഴിയുമായിരുന്നു. ഈ കഥയെ, തിരനാടകമായി വികസിച്ചപ്പോള്‍ പറ്റിയ പാളിച്ചയും, അതിനൊപ്പം സംവിധായകന്റെ ശ്രദ്ധയില്ലായ്മയും ചേരുമ്പോഴാണ് നമ്മെ ഈ ചിത്രം മുഷിപ്പിക്കുന്നത്‌.

തിരക്കഥയിലെന്ന പോലെ അഭിനയത്തിലും ശ്രീനിവാസന്‍ പുതുമയൊന്നും കൊണ്ടു വരുന്നില്ല. കേന്ദ്രകഥാപാത്രമായിട്ടു കൂടി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രീനിവാസനു കഴിയുന്നില്ല. അദ്ദേഹത്തിന്റെ എക്സപ്രഷന്‍ ഭീകരമായിക്കൊണ്ടിരിക്കയാണ്. (പച്ചാളം ഭാസി സ്റ്റൈലില്‍ പറഞ്ഞാല്‍ പശു ചാണകമിടാന്‍ നില്‍ക്കുന്ന അതേ എക്സ്പ്രഷനാണ് പല രംഗങ്ങളിലും.) മോഹന്‍ ലാലിന്റെ രണ്ടു ഭാവങ്ങളെയാണ് നാമീ ചിത്രത്തില്‍ കാണുന്നത്‌. അതില്‍ രണ്ടാമത്തെ ഭാഗം തന്മയത്വത്തോടെ അദ്ദേഹം ചെയ്തിരിക്കുന്നു. എന്നാല്‍ ആദ്യ ഭാഗം ഓവര്‍ ആക്ടിങ്ങിലൂടെ ബോറാക്കിയിട്ടുമുണ്ട്‌. അമിത വിനയം മുഖത്തു വരുത്തി കൈകാര്യം ചെയ്തിരിക്കുന്ന ഈ ഭാഗം ഒരു പക്ഷേ കോമഡി ഉദ്ദേശിച്ചാവാം. എന്നാല്‍ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അതിനു കഴിയാതെ പോയി എന്നു തോന്നി. പാത്ര സൃഷ്ടികൊണ്ട്‌ കൊലപ്പെടുത്തിയ കഥാപാത്രമാണ്, ശ്രീനിവാസന്റെ ഭാര്യയായി അഭിനയിക്കുന്ന ദേവയാനിയുടേത്‌. കഥാപാത്രത്തെ ലളിതമാക്കി, അവസാനം മന്ദബുദ്ധിയായി മാറിയിരിക്കയാണ്, രാജലക്ഷ്മി എന്ന കഥാപാത്രം. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലൂടെ നര്‍മ്മം കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും അതില്‍ തിരക്കഥാകൃത്ത്‌ പരാജയപ്പെടുന്നതായി നമുക്ക്‌ കാണാം. മോഹന്‍ലാലിന്റെ ഭാര്യ മീരയെ അവതരിപ്പിച്ചിരിക്കുന്നത്‌ സമീറാ റെഡ്ഡിയാണ്. മിക്കവാറും എല്ലാ സീനുകളിലും ഒരേ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്ന സമീറ, ചുറ്റും സംഭവിക്കുന്നതെന്ത്‌ എന്നറിയാത്തതു കൊണ്ടോ, അതോ സംവിധായകന്‍ പറഞ്ഞു മനസ്സിലാക്കാത്തതു കൊണ്ടോ ചിത്രത്തിന്റെ ആദ്യവസാനം അവര്‍ ഒരേ രീതിയില്‍ തന്നെ അഭിനയിക്കുന്നു. ഈ കഥാപാത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നാരെങ്കിലും ചോദിച്ചാല്‍, ഒരു പുതുമയ്ക്ക്‌ ഉള്‍പ്പെടുത്തിയതാണെന്നു പറയാം. ഒരു റിട്ടയര്‍ ഹവീല്‍ദാറായ നെടുമുടി വേണുവിന്റെ കഥാപാത്രം ശരാശരിയില്‍ ഒതുങ്ങി. ചെറിയ റോളുകളില്‍ സിദ്ദിഖും, മണിയന്‍ പിള്ള രാജുവും, ജയകൃഷ്ണനും, ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്‌. കോട്ടയം നസീറിന്റെ റോള്‍ ചെറുതെങ്കിലും, അതു നമുക്ക്‌ കുറച്ചെങ്കിലും ചിരിക്കാനുള്ള വക നല്‍കുന്നു. എടുത്തു പറയേണ്ട അഭിനയം ശ്രീനിവാസന്റെ മകളായി അഭിനയിച്ച നസ്രിയയുടേതും, മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അസ്തറിന്റേതുമാണ്. അസ്വാഭാവികതയില്ലാതെ തന്നെ ഈ രണ്ടു കഥാപാത്രങ്ങളേയും അവര്‍ അവതരിപ്പിച്ചിരിക്കുന്നു. സുരാജ് തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്നുവെങ്കിലും, പഴഞ്ചന്‍ കോമഡികള്‍ ഒട്ടും ഏശാതെ വരുന്നത്‌  ആ കഥാപാത്രത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌.

അല്പമെങ്കിലും ആശ്വാസം പകരുന്നത് ചിത്രത്തിന്റെ സാങ്കേതിക വിഭാഗമാണ്. മനോജ്‌ പിള്ളയുടെ ഛായാഗ്രഹണം നിലവാരം പുലര്‍ത്തുമ്പോള്‍, ചിത്ര സംയോജകന്‍ ബി.അജിത്‌കുമാര്‍ തന്റെ റോള്‍ ഭംഗിയാക്കി എന്നത്‌ ചിത്രത്തെ വളരെയേറെ സഹായിക്കുന്നു. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിറിള്‍ കുരുവിള, ചമയം നിര്‍വഹിച്ചിരിക്കുന്ന പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന കുമാര്‍ ഇടപ്പാള്‍ എന്നിവരും ചിത്രത്തിനുതകുന്ന രീതിയില്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചിരിക്കുന്നു. ഏറ്റവും ആകര്‍ഷകമായി തോന്നിയത്‌ ചിത്രത്തിന്റെ ടൈറ്റിലുകളാണ്. ലളിതമായും എന്നാല്‍ മനോഹരമായാണ് ടൈറ്റിലുകള്‍ ചെയ്തിരിക്കുന്നത്‌. ഗായകന്‍ എം.ജി ശ്രീകുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ഗാനരചന മുരുകന്‍ കാട്ടാക്കടയും. "മാവിന്‍ ചോട്ടിലെ..." എന്ന ഒരേയൊരു ഗാനമാണ്‌ ചിത്രത്തിലുള്ളത്‌. ഈ ഗാനം ശരാശരിയിലൊതുങ്ങുന്നു. പക്ഷേ വരികള്‍ മനോഹരവുമാണ്.  "പാടാന്‍ നിനക്കൊരു..." എന്ന ഗാനം ചിത്രത്തിന്റെ ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. ഇതൊരു ഫ്ലാഷ് ബാക്കായി അവതരിപ്പിച്ചിരുന്നെങ്കില്‍ ചിത്രത്തോട്‌ ചേര്‍ന്നു പോകുമായിരുന്നു എന്നു തോന്നി. ചിത്രത്തിന്റെ റീ റിക്കോര്‍ഡിങ്‌ ചെയ്തിരിക്കുന്നതും എം.ജി ശ്രീകുമാറാണ്. അതു ചിത്രത്തോട്‌ വളരെയധികം ചേര്‍ന്നു പോകുന്നുവെങ്കിലും, പലപ്പോഴും അതൊരു ടോം & ജെറി ഫീല്‍ തരുന്നുണ്ട്‌.

ആദ്യം വിരുദ്ധ  ചേരികളില്‍ നില്‍ക്കുകയും പിന്നീടൊന്നാകുകയും ചെയ്യുന്ന, ഉദയനാണു താരത്തിന്റെ അതേ പാറ്റേണിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്‌. മൂര്‍ച്ഛയ്യൂള്ള തിരക്കഥയും നിറഞ്ഞ ഹാസ്യവും അതിനൊപ്പം സമൂഹത്തിനായൊരു സന്ദേശവും അതാണ് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പൊതുവെയുള്ള ഒരു മുഖമുദ്ര‍. അതില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കാതെ തന്നെയാണ് ശ്രീനിവാസന്‍ ഇതിനും തിരക്കഥയൊരുക്കിയിരിക്കുന്നത്‌. പക്ഷേ തിരക്കഥയിലെ കാമ്പില്ലായ്മയും, പഴക്കം ചെന്ന്‍ കേട്ടു മറന്ന ഹാസ്യവും ഇതിന്റെ പ്രധാന ന്യൂനതകളായി മാറുന്നു. അതിനൊപ്പം സംവിധാനത്തിലെ പാകപ്പിഴകള്‍ കൂടിയാകുമ്പോള്‍ ചിത്രം നമ്മെ നിരാശരാക്കുന്നു. ഒരു മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും തന്നെ ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല എന്നത്‌ ദുഖകരമായ വസ്തുതകളാണ്. അവരുടെ സുവര്‍ണ്ണ കാലഘട്ടത്തെ ഒരു നിമിഷമെങ്കിലും നാം ഓര്‍ത്തു പോകുകയും ചെയ്യും. ‘ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം‘ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്റെ ഏറ്റവും മോശം തിരക്കഥകളിലൊന്നാണിത്‌. എന്നാല്‍ അഴിമതിക്കെതിരെയൊരു സന്ദേശം നല്‍കുവാനും, ബോധവത്കരണം നടത്തുവാനും തിരക്കഥയ്ക്കു കഴിയുന്നുണ്ട്‌ എന്നതാണ് എടുത്തു പറയാന്‍ കഴിയുന്ന മേന്മ. നല്ലൊരു കഥാതന്തു, ഇതിനേക്കാള്‍ നല്ല നിലയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം പ്രേക്ഷക മനസ്സുകളില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്‌.

എന്റെ റേറ്റിങ്ങ്: 4.2/10.0

Tuesday, July 13, 2010

ജ്യോതിഷി‍ ബെര്‍ലിന്‍ പോള്‍

നമസ്കാരം.. 
ഞാന്‍ പ്രദോഷ്... 
പ്രധാന വാര്‍ത്തകള്‍... 


ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന്‍ ചാമ്പ്യന്മാര്‍. ഹോളണ്ടിന്റെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പെയിന്‍ ചാമ്പ്യന്മാരായത്‌.
മത്സരഫലം കൃത്യമായി പ്രവചിച്ച ജര്‍മ്മനിയുടെ ഓറക്കിള്‍ പോളാണ് ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്‌.
ഈ ലോകകപ്പിലെ ഹീറോ ആയി മാറിയ ഓറക്കിള്‍ പോള്‍ എന്ന നീരാളിയുടെ ഭാവി പരിപാടികളെക്കുറിച്ചാണ് ഈ എന്‍‌കൌണ്ടര്‍ പോയിന്റില്‍ നാം ചര്‍ച്ച ചെയ്യുന്നത്.


സംഭവ ബഹുലമായ 2010 ലോകകപ്പിന് തിരശ്ശീല വീണു കഴിഞ്ഞു. സ്പെയിന്‍ ചാമ്പ്യന്മാരുമായി. ഫ്രാന്‍സിന്റേയും ഇറ്റലിയുടേയും ഇംഗ്ലണ്ടിന്റേയും ബ്രസീലിന്റെയും അര്‍ജന്റീനയുടേയും ഒടുവില്‍ ജര്‍മ്മനിയുടേയും കണ്ണുനീര്‍ നാം കാണുകയും ചെയ്തു. പല താരങ്ങളേയും സംഭാവന ചെയ്താണ് ഈ ലോകകപ്പ്‌ നമ്മോട്‌ വിടവാങ്ങുന്നത.. എന്നാല്‍ കളിക്കളത്തിനു പുറത്ത്, താരമായത്‌ ബെര്‍ലിന്‍കാരനായ പ്രശസ്ത ജ്യോതിഷി‍ ഓറക്കിള്‍ പോളാണ്. ലോകകപ്പിലെ, ജര്‍മ്മനിയുടെ എല്ലാ മത്സര ഫലങ്ങളും കൃത്യമായി പ്രവചിച്ച പോള്‍, ഫൈനലില്‍ സ്പെയിന്‍ ജയിക്കുമെന്നും പ്രവചിച്ചിരുന്നു.  വര്‍ഷങ്ങളായി ബെര്‍ലിനില്‍ താമസമാക്കിയ പോള്‍, ഇപ്പോള്‍ ജര്‍മ്മന്‍ പൌരനാണ്, അതു കൊണ്ടു തന്നെ, ജര്‍മ്മനിയുടെ മത്സരങ്ങളെ പോള്‍ പ്രവചിക്കാറുള്ളൂ. എന്നാല്‍ ലോകകപ്പിന്റെ ഫൈനല്‍ പ്രവചിച്ചതോടെ, തന്റെ കഴിവിന്റെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് കാണ്ടെത്തിയിരിക്കയാണ് പോള്‍. ഒരു ജര്‍മ്മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പോള്‍ തന്റ്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് എന്ന ആശയം പുറത്തു വിട്ടത്‌.  പ്രവചനത്തിനായി ആദ്യം പോളിനെ സമീപിച്ച ജര്‍മ്മന്‍ ചാന്‍സിലര്‍, ഇതിനെതിരെ രംഗത്തു വന്നു എന്നാണ് ബിബിസി നല്‍കുന്ന റിപ്പോര്‍ട്ട്‌.

സ്പെയിന്‍ ജയിക്കുമെന്ന പ്രവചനം ഫലിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോളിന് ഓഫറുകള്‍ ലഭിച്ചു തുടങ്ങി എന്നാണ് അറിയാന്‍ കഴിയുന്നത്‌. വര്‍ഷങ്ങളായി ബെര്‍ലിനില്‍ കഴിയുന്ന പോളിന്, ജര്‍മ്മനിയുടെ പരാജയം പ്രവചിച്ചതോടെ വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. സെമിഫൈനലിനു മുന്നെ വരെ പോളിനെ ഹീറോ ആയി വാഴ്ത്തിയ പത്രക്കാര്‍, ഇപ്പോള്‍ പോളിനു നേരെ തിരിഞ്ഞിരിക്കയാണ്. അതു കൊണ്ടു തന്നെ, പോള്‍ ഉടന്‍ തന്നെ ജര്‍മ്മനി ഉപേക്ഷിക്കുമെന്ന്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. അതിനിടെ ജര്‍മ്മനിയുടെ ആസ്ഥാന ജ്യോതിഷി എന്ന പോസ്റ്റില്‍ നിന്നും പോള്‍ രാജി വച്ചുവെന്നും, ഇപ്പോള്‍ നോട്ടീസ് പീരീഡിലാണെന്നും വാഷിങ്ടണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ജര്‍മ്മനിയില്‍ നിന്നും പോരുന്ന പോള്‍, നേരെ അമേരിക്കയിലെത്തി എഫ്.ബി.എയില്‍ ചേരുമെന്നാണ് വാഷിങ്ടണ്‍ ഹെറാള്‍ഡ് പറയുന്നത്. ഒസാമ ബിന്‍ലാദന്റെ അടുത്ത നീക്കങ്ങള്‍ പ്രവചിക്കുക എന്നതായിരിക്കും പോളിന്റെ ജോലിയെന്നും ഉയര്‍ന്ന എഫ്.ബി.ഐ വൃത്തങ്ങളെ ആധാരമാക്കി ഈ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ എഫ്.ബി.എയിലല്ല, സി.ഐ.എയിലാവും പോളെത്തുക എന്നതാണ് ടൈംസ് ഓഫ് വൈറ്റ്‌ഹൌസിന്റെ റിപ്പോര്‍ട്ട്‌. അതിനായി സി.ഐ.എയും, എഫ്.ബി.ഐയും തമ്മില്‍ നയതന്ത്രതലത്തില്‍ ഒരു വടംവലി തന്നെ നടക്കുന്നുണ്ട്‌ എന്നും ഈ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

പോളിനെ സ്വന്തമാക്കുവാന്‍ ബ്രിട്ടീഷ്‌ ചാരസംഘടനയും, അവരുടെ പ്രശസ്തനായ ചാരന്‍ ജയിംസ് ബോണ്ടും രംഗത്തിറങ്ങിയതായി ബ്രിട്ടണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോണ്ടിന്റെ ആസ്റ്റന്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം ബെര്‍ലിന്‍ നഗരത്തിലൂടെ ചീറിപ്പായുന്നതിന്റെ ഫോട്ടോയുമായി, ബ്രിട്ടനിലെ ദി ഡെയ്‌ലി മിറര്‍ എന്ന പത്രം പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഈ വാര്‍ത്ത നിഷേധിക്കുവാന്‍ തയാറാകാത്തത്‌ ഇതിന്റെ സത്യാവസ്ഥയിലേക്ക്‌ വിരല്‍ചൂണ്ടുന്നതായി ദി റിപ്പോര്‍ട്ടര്‍ പറയുന്നു. എന്തായാലും പോളിനെ സ്വന്തമാക്കാനുള്ള മത്സരം മുറുകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്‌. എഫ്.ബി.ഐയുടേയും സി.ഐ.എയുടേയും നീക്കങ്ങള്‍ ശക്തമാകുമ്പോള്‍, ഒസാമ ബിന്‍ലാദനും പോളിനായി രംഗത്തെത്തിയിരിക്കുന്നു എന്ന്‌ ഒരു പാക്കിസ്ഥാനി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ കൂടെ ചേരാത്ത പക്ഷം, പോളിനെ കഴുത്തറത്തു കൊല്ലുമെന്ന്‌ അല്‍-സുലൈമാന്‍ ചാനലിനു അയച്ചു കൊടുത്ത വീഡിയോയില്‍ താലിബാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പോളിനായുള്ള പോരാട്ടം തുടരുമ്പോള്‍, ഐക്യരാഷ്ട്ര സംഘടന പോളിന് ഒരു പുതിയ ഓഫര്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്‌. ലോക സമാധാനത്തിനും, പ്രകൃതി ദുരന്തരങ്ങള്‍ മുന്‍‌കൂട്ടി പ്രവചിക്കാനുമുള്ള ഉത്തരവാദിത്വമുള്ള ഒരു പുതിയ തസ്തിക സൃഷ്ടിക്കുവാന്‍, ഐക്യരാഷ്ട്ര സഭ ആലോചിക്കുന്നതായി അറിയുവാന്‍ കഴിയുന്നു. എന്നാല്‍ ഈ നീക്കത്തെ അമേരിക്ക വീറ്റോ ചെയ്യുമെന്നു ഭയന്ന്‌, അമേരിക്കയുമായി ഒരു ഉടമ്പടിയിലെത്താനാണ് ഐക്യരാഷ്ട്ര സഭ കാത്തിരിക്കുന്നത്‌ എന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടമ്പടിയിലെത്തുകയാണെങ്കില്‍,  പോളിന്റെ സേവനത്തിന്റെ 50    ശതമാനം ഐക്യരാഷ്ട്ര സഭയ്ക്കായും, ബാക്കി 50 ശതമാനം സ്ഥിരാംഗങ്ങള്‍ക്കായി തുല്യമായും വീതിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്‌.

കാല്‍‌പന്തുകളി പ്രവചിച്ച്‌ താരമായി മാറിയ പോളിനെ സ്വന്തമാക്കുവാന്‍ ഫിഫയും ഒരുങ്ങിക്കഴിഞ്ഞു. 90 മിനിട്ട്‌ കളി നടത്തുന്നതിലെ സമയ നഷ്ടം ഒഴിവാക്കാന്‍ പോളിനെ ഉപയോഗിച്ച്‌ വിജയിയെ കണ്ടത്തുക എന്ന പുതിയ പദ്ധതിയാണ് ഫിഫ ആവിഷ്കരിക്കുന്നത്‌. പോള്‍ വിജയിയെ ആദ്യമെ കണ്ടെത്തുന്നതിനാല്‍, 90 മിനിട്ട്‌ കളിക്കുന്നത്‌ സമയനഷ്ടമാണെന്നും, ഇനി എക്സ്ട്രാ ടൈമോ പെനാല്‍ട്ടിയോ വന്നാല്‍ ഏകദേശം രണ്ടര മണിക്കൂര്‍ നഷ്ടപ്പെടുമെന്നുമാണ് ഫിഫയുടെ കണ്ടത്തല്‍. റഫറിയിങ്ങിനെ കുറിച്ച്‌ ഇപ്പോള്‍ ഉയരുന്ന പരാതികളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കും എന്നാണ് മുന്‍ താരങ്ങളടങ്ങുന്ന ഫിഫയുടെ എക്സപര്‍ട്ട്‌ കമ്മറ്റി അവകാശപ്പെടുന്നത്‌. വലിയ സ്റ്റേഡിയങ്ങളില്‍ വച്ച്‌ പ്രവചനം നടത്തുവാനാണ് ഇപ്പോല്‍ ഫിഫ ഉദ്ദേശിക്കുന്നത്‌. കോച്ചും കളിക്കാരും ചേര്‍ന്ന്‌ രുചികരമായ ഭക്ഷണമുണ്ടാക്കി, രാജ്യത്തിന്റെ പതാക പ്രിന്റ് ചെയ്ത ബോക്സില്‍ നിറക്കണമെന്നതാണ് ഫിഫയുടെ പക്ഷം. ഇതു വഴി ടീമുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ കഴിയും എന്നാണ് ഫിഫയുടെ പ്രതീക്ഷ. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പോടു കൂടി ഈ മാറ്റങ്ങള്‍ പരീക്ഷിക്കപ്പെടുമെന്ന്‌ ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിഫ ഇത്രയും മുന്നോട്ടു പോയിക്കഴിഞ്ഞതിനാല്‍ പോള്‍ ഫിഫയ്ക്കൊപ്പം ചേരുമെന്നാണ് ജര്‍മ്മന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

2020 തോടെ വികസിത രാഷ്ട്രമാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയും പോളിന്റെ സേവനത്തിനായി രംഗത്തെത്തിയിരിക്കുന്നു.  ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പോളിനായി മുന്നിട്ടിറങ്ങാന്‍ തീരുമാനമായത്‌. അഭ്യന്തര സുരക്ഷ തന്നെ ഭീഷണിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, ഭീകരാ‍ക്രമണങ്ങള്‍ ഒരു വര്‍ഷം മുന്നെ എങ്കിലും മുന്‍‌കൂട്ടി കാണുവാനും അതു വഴി അവയെ പ്രതിരോധിക്കുവാന്‍ എന്‍.ഐ.എയെ സഹായിക്കുക എന്നതാവും പോളിന്റെ പ്രധാന ചുമതല. അതിര്‍ത്തിയില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും നീക്കങ്ങള്‍ പ്രവചിക്കുക എന്നതും പോളിന്റെ ചുമതലയായിരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്‌. ഇന്ത്യ പോളിനായി രംഗത്തെത്തുന്നു എന്നറിഞ്ഞ്‌. ഐ.എസ്.ആര്‍.ഓയും പോളിന്റെ സേവനത്തിനായി അവശ്യമുന്നയിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്`. ഐ.എസ്.ആര്‍.ഓ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ഭ്രമണപഥത്തിലെത്തുമോ അതോ ബംഗാള്‍ ഉള്‍ക്കടലില്‍ വീഴുമോ എന്ന് കണ്ടുപിടിക്കലാകും പോളിന്റെ ഐ.എസ്.ആര്‍.ഓയിലെ ചുമതല. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍‌കൂട്ടി അറിയാന്‍ പോളിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍, പോളിനെ നിശ്ചിത സമയത്തേക്ക്‌  ഔട്ട്`സോഴ്സ്‌ ചെയ്യുന്നതിനേക്കുറിച്ചും, സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. ഇതറിഞ്ഞ്‌ കെ.പി.സി.സി പ്രസിഡന്റ്‌ സുമേഷ്  മണ്ണന്തലയും കേരളാ മുഖ്യമന്ത്രി അച്ചു മാമയും, പോളിന്റെ സേവനത്തിനായുള്ള അപേക്ഷ നല്‍കി കഴിഞ്ഞു എന്ന്‌ ഡല്‍ഹിയിലെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ പോളിനായി അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുന്നതിനാല്‍, പോളിനെ തങ്ങള്‍ക്കു ലഭിക്കുവാന്‍ സാധ്യത ഇല്ല എന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കു കൂട്ടുന്നത്‌. അങ്ങനെയെങ്കില്‍, അമേരിക്കയുമായി ആണവക്കരാര്‍ മോഡലില്‍ ഒരു “പോള്‍ കരാര്‍” ഉണ്ടാക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയാന്‍ കഴിയുന്നു. ഇതിനെതിരെ ഇടതുപാര്‍ട്ടികള്‍ അതിശക്തമായ പ്രതിഷേഷവുമായി രംഗത്തെത്തിക്കഴിഞ്ഞു. പോളിനു വേണ്ടി അമേരിക്കയുമായി കരാറുണ്ടാക്കുന്നത്‌, അമേരിക്കയുടെ നീരാളിക്കൈകള്‍ ഇന്ത്യയില്‍ പിടിമുറുക്കുന്നതിന് സഹായകമാകുമെന്ന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

പോളിനെ സ്വന്തമാക്കുവാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകള്‍ മത്സരിക്കുമ്പോള്‍, വേറിട്ടൊരു കാഴ്ചയിലൂടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം നമ്മെ ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കയാണ്. പോളിന്റെ ഫലപ്രവചനത്തിനെതിരെ, ഈ വരുന്ന 16, വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കയാണ്. ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‌. പോളിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക്‌ ശാസ്ത്രീയമായ ഒരു അടിത്തറയില്ലെന്നും, ഇത്തരം പ്രവചനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നുമാവശ്യപ്പെട്ടാണ് തങ്ങള്‍ സമരപരിപാടികള്‍ക്കൊരുങ്ങുന്നതെന്നാണ് ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയന്‍ സംസ്ഥാന പ്രസിഡന്റ്‌ ആറ്റുകാല്‍ രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്‌. ഹര്‍ത്താല്‍ സമരത്തിന്റെ ആമുഖം മാത്രമെ ആ‍കുന്നുവുള്ളുവെന്നും, ഒരാഴ്ച കവടി നിരത്തുന്നത്‌ നിര്‍ത്തുന്നതു പോലെയുള്ള ഇനിയും ശക്തമായ സമരപരിപാടികള്‍ നടത്തുന്നതിനെ പറ്റി ആലോചിക്കുന്നതായും ശ്രീ.രാമകൃഷ്ണന്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. കേരളത്തിലുടനീളമുള്ള മാതാപിതാക്കള്‍, മക്കളുടെ ജാതകവുമായി പോളിനെ കാണുവാനായി ജര്‍മ്മനിക്കു പോകുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി ഓള്‍ കേരള ജ്യോതിഷ വെല്‍ഫെയര്‍ അസോസിയന്‍ രംഗത്തെത്തിയിരിക്കുന്നത്‌. അതിനിടെ, ജര്‍മ്മന്‍ വിസയ്ക്ക്‌ അപേക്ഷിക്കാനെത്തിയവരുടെ തിക്കും തിരക്കും മൂലം ഇന്ന്‍ കൊച്ചി എം.ജി റോഡിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പോലീസിന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതകവും പ്രയോഗിക്കേണ്ടി വന്നു. ഇതൊന്നും തങ്ങളെ തളര്‍ത്തില്ലെന്നും, മക്കളുടെ ജാതകം ഇനി പോള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നുമാണ് വിസയ്ക്കായി വന്ന മാതാപിതാക്കള്‍ ഞങ്ങളുടെ ചാനലിനോട്‌ പറഞ്ഞത്‌. വിസയ്ക്കായുള്ള അപേക്ഷകളുടെ ആധിക്യം മൂലം, ജര്‍മ്മന്‍ കോണ്‍സുലേറ്റ്‌ കൂടുതല്‍ ആളുകളെ റിക്രൂട്ടു ചെയ്യുവാന്‍ പോകുന്നതായി ഔദ്യോകിക പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ പ്രമുഖ സംസ്കാരിക നായകനായ സുകുമാരന്‍ അഴിഞ്ഞകോട്‌ പോളിനെതിരെ നിശതമായ വിമര്‍ശനങ്ങളോടെ രംഗത്തെത്തി. പോളിതൊക്കെ പ്രവചിക്കുന്നതിനു മുന്നെ തന്നെ, സ്പെയില്‍ ഒരു വിക്കറ്റിനു ഹോളണ്ടിനെ തോല്പിച്ച്‌ ലോകകപ്പു നേടുമെന്ന്‌ തന്റെ വീട്ടിലെ മണിയന്‍ പൂച്ച പ്രവചിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. അക്വേറിയത്തില്‍ കിടന്നു പ്രവചനം നടത്താന്‍ ആര്‍ക്കും പറ്റുമെന്നും, ധൈര്യമുണ്ടെങ്കില്‍ പോള്‍ കടലിലിറങ്ങി തന്നെ പോലെയുള്ള തിമിംഗലങ്ങളെ നേരിടട്ടെയെന്നും അദ്ദേഹം വെല്ലു വിളിച്ചു. ടാങ്കിനു പുറത്തെത്തിയാല്‍ പോള്‍ വെറും അസ്ഥിപഞ്ജരമാണെന്നും, ഇത്തരം പ്രവചനങ്ങള്‍ നടത്തി കുങ്കുമം ചുമക്കുന്ന കഴുതയായി പോള്‍ സ്വയം മാറരുതെന്നും അഴിഞ്ഞകോട്‌ ആവശ്യപ്പെട്ടു. പോളിനെ ഇന്ത്യയിലേക്ക്‌ എത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്തായാലും ലോകകപ്പിലെ ഈ താരം, ലോകത്തു തന്നെ താരമാകുകയാണ്. പോളിന്റെ ഭാവി എന്താകുമെന്നാവും, വരും ദിനങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത്‌. എന്തായാലും പോള്‍ ഒരു സൂപ്പര്‍ ഹീറൊ ആകുകയാണ് ഇവിടെ... ഇതോടെ എന്‍‌കൌണ്ടര്‍ പോയിന്റ്‌ ഇവിടെ അവസാനിക്കുന്നു. മറ്റൊരു വിഷയവുമായി നാളെ കാണാം...


നന്ദി.. നമസ്കാരം...

Monday, July 5, 2010

കാറ്റില്‍ പറത്താനായി ഇതാ നമുക്ക്‌ മറ്റൊരു വിധി..!!!!

നാം സ്ഥിരമാ‍യി, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കാറുള്ള ഒരു കഷ്ടപ്പാടാണ് പൊതു നിരത്തില്‍ ഗതാഗതം വരെ തടഞ്ഞ്‌ നടത്തുന്ന യോഗങ്ങളും സമരങ്ങളും. തിരക്കേറിയതും, വീതികുറഞ്ഞതുമായ വഴികളില്‍ നടത്തുന്ന ഇത്തരം സമരാഭാസങ്ങളും രാഷ്ട്രീയ പേക്കൂത്തുകളും തെല്ലോന്നുമല്ല സാധാരണക്കാരെ വലയ്ക്കുന്നത്‌. അടിയന്തിരാവശ്യങ്ങള്‍ക്ക്‌ പോകുന്ന വാഹങ്ങളെ വരെ തടഞ്ഞിട്ടു, മണിക്കൂറുകളോളം, ഗതാഗത തടസ്സമുണ്ടാക്കുന്നതാണ് ഒരു യോഗത്തിന്റേയോ സമരത്തിന്റേയോ‍ വിജയത്തിന്റെ അളവുകോല്‍ എന്നു കരുതുന്ന രാഷ്ട്രീയക്കാരാണ്‌ ഇവിടെയുള്ളത്‌. ഇവയെ നിയന്ത്രിക്കേണ്ട പോലീസ്, പലപ്പോഴും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് നാം പലപ്പോഴും കാണുന്നത്‌. അതിനൊരു അറുതിയെന്നവണ്ണമാണ് കേരള ഹൈക്കോടതി കഴിഞ്ഞ മാസം, പൊതു നിരത്തുകളില്‍ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടൂള്ള സുപ്രധാനമായ ഒരു വിധി പ്രസ്താവം നടത്തിയിരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ പൊതുവേ സ്വാഗതാര്‍ഹമായ ഒരു വിധിയാണിത്‌. വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായുള്ള ശക്തമാ‍യ ഒരു ചുവടുവെയ്പ്പായാണ് ഇതിനെ കാണേണ്ടത്‌. ഇത്തരം ഒരു വിധിപ്രസ്താവം നടത്തിയ ജസ്റ്റീസ് ശ്രീ. സി.എന്‍ രാമചന്ദ്രന്‍ നായരും, ജസ്റ്റീസ് ശ്രീ.പി.എസ്. ഗോപിനാഥനും അഭിനന്ദനം അര്‍ഹിക്കുന്നു.

എന്നാല്‍ രാഷ്ട്രീയക്കാര്‍ അതിനെതിരെ പരസ്യമായി പുറത്തു വന്നു കഴിഞ്ഞു. പരസ്പരം ചേരി തിരിഞ്ഞു പോരടിക്കുന്ന രാഷ്ട്രീയക്കാര്‍, ജനങ്ങള്‍ക്ക്‌ അനുഗ്രഹമാകുന്ന ഈ വിധിക്കെതിരെ തോളോടു തോള്‍ ചേര്‍ന്ന്‌ പ്രതിരോധത്തിനിറങ്ങുന്നു എന്നതാണ് വാസ്തവം. ഇതു പ്രായോഗികമല്ലാ‍ത്ത വിധിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്‌. നടപ്പിലാ‍ക്കാ‍ന്‍ ബുദ്ധിമുട്ടാണ് എന്നാണ് മന്ത്രിമാര്‍ പറയുന്നത്‌. ഏതു സ്ഥലത്ത്‌ യോഗങ്ങള്‍ നടന്നാലും, അവിടെ മൈക്ക്‌ പെര്‍മിഷന്‍ വാങ്ങണമെന്ന ഒരു നിയമം ഇപ്പോഴേ നിലവിലുണ്ട്‌. അതിനൊപ്പം, യോഗസ്ഥലം കൂടി പരിശോധിച്ചാല്‍ മാത്രം മതി, ഈ വിധി നടപ്പിലാക്കാന്‍. ഈ വിധി നടപ്പിലായാല്‍,ദേവാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും തടയേണ്ടി വരും എന്നതാണ് മറ്റൊരു  മറുവാദം. അത്‌ സാമുദായിക വികാരങ്ങളെ വൃണപ്പെടുത്തുന്നതാവും എന്നതു കൊണ്ടു ഇതു നടപ്പിലാക്കാന്‍ കഴിയില്ല എന്നു പോലീസ് മന്ത്രി. ദേവലയങ്ങളിലെ ഉത്സവമോ പെരുന്നാളോ വര്‍ഷത്തില്‍ ഒരിക്കലേ വരൂ.  എന്നാല്‍ ദിവസേന യോഗം കൂടുന്ന രാഷ്ട്രീയ പാര്‍ട്ടികളാണോ അതോ ദേവാ‍ലങ്ങളിലെ ഘോഷയാത്രകളാണോ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക എന്ന് ജനങ്ങള്‍ക്കെല്ലാം നന്നായി അറിയാം. അതു മാത്രമല്ല, ജാതിമതഭേദമന്യേ ജനങ്ങള്‍ പങ്കെടുക്കുന്ന ഒന്നാണ് ദേവാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും. രാ‍ഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങളില്‍, പല സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടിറക്കുന്ന അണികളെ മാറ്റിനിര്‍ത്തിയാല്‍ എത്ര പൊതുജനങ്ങള്‍ പങ്കെടുക്കുന്നു? അതില്‍ നിന്നു തന്നെ, പൊതുജനങ്ങള്‍ക്ക്‌ ഇത്തരം യോഗങ്ങളോടുള്ള മനോഭാവം മനസ്സിലാ‍ക്കാന്‍ കഴിയും. എന്നിട്ടും, .ഈ വിധിക്കെതിരെ, പൊതുജനങ്ങളുടെ പേരില്‍, രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീരൊഴുക്കുകയാണ്.

ഒരു പക്ഷേ ഈ വിധിയും കാറ്റില്‍ പറത്തെപ്പെടുമോ എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബന്ദ് നിരോധിച്ചപ്പോള്‍ ഹര്‍ത്താലിനെ ബന്ദാക്കിയവരാണ് ഇവിടുത്തെ രാഷ്ട്രീയക്കാ‍ര്‍. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച വിധി, ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയ വിധി, വാഹനങ്ങളില്‍ സ്പീഡ്‌ ഗവേര്‍ണറുകള്‍ പിടിപ്പിക്കണമെന്ന വിധി.. അങ്ങനെ കാറ്റില്‍ പറത്തപ്പെട്ട എത്രയോ വിധികള്‍ നമുക്ക്‌ മുന്നില്‍ ഉണ്ട്‌ ? അതിലൊന്നായി ഇതും മാറുമോ എന്നൊരു സംശയം ഇപ്പോഴേ ജനങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അതിലവരെ കുറ്റം പറയാനാകുമോ? ഈ വിധിയുടെ ‘വിധി’ എന്താകുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.

Sunday, July 4, 2010

രാവണ്‍ (Raavan)

2007 ല്‍ ‘ഗുരു’ എന്ന ചിത്രത്തിനു ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം, ഒരേ സമയം തമിഴിലും ഹിന്ദിയിലും ചിത്രീകരിച്ച ചിത്രം. ബോളിവുഡിലെ താരദമ്പതിമാരായ അഭിഷേക്‌-ഐശ്വര്യ എന്നിവര്‍ക്കൊപ്പം വിക്രമും പൃഥ്വിരാജും പിന്നെ തമിഴിലേയും ഹിന്ദിയിലേയും ഒട്ടനവധി അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രം, വാത്മീകിയെഴുതിയ രാമായണത്തിന്റെ ആധുനിക പതിപ്പെന്നിങ്ങനെ വളരെയധികം വിശേഷണങ്ങളുമായാണ് ‘രാവണ്‍’ എന്ന ചിത്രം തീയേറ്ററുകളിലെത്തുന്നത്‌. ചിത്രമിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വളരെയധികം പ്രശംസയും വിമര്‍ശനങ്ങളുമേറ്റുവാങ്ങിക്കഴിഞ്ഞു ഈ ചിത്രം.

ചിത്രം കാണണമെന്ന്‌ മനസ്സിലുറപ്പിച്ചപ്പോള്‍ ഹിന്ദി കാണണമോ അതോ തമിഴ്‌ കാണണമോ എന്ന സംശയം ന്യായമായും മനസ്സിലുദിച്ചു. ആദ്യം ടിക്കറ്റ്‌ കിട്ടിയത്‌ രാവണായിരുന്നു, രാവണനായിരുന്നില്ല. തമിഴ്‌ ചിത്രവുമായുള്ള താരതമ്യ പഠനം കൊണ്ടും അഭിഷേകിന്റെ അഭിനയം കൊണ്ടും ചിത്രത്തെക്കുറിച്ച്‌ പരക്കെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ചിത്രം കാണുന്നത്‌. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥാ സന്ദര്‍ഭങ്ങള്‍ക്കും രാമായണവുമായി അല്പം സാമ്യം തോന്നുമെന്നതൊഴിച്ചാല്‍ രാവണ്‍ എന്ന ടൈറ്റില്‍ ചിത്രത്തിന് അനുയോജ്യമാണെന്നു തോന്നുന്നില്ല. മദ്രാസ്‌ ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മ്മിച്ചിരിക്കുന്ന ചിത്രം വിതരണം ചെയ്തിരിക്കുന്നത്‌ റിലയന്‍സ്‌ ബിഗ്‌ പിക്ചറാണ്.

ബീര മുണ്ട (അഭിഷേക് ബച്ചന്‍) എന്ന കാട്ടുരാജാവും ദേവ്‌ പ്രതാപ് ശര്‍മ്മ (വിക്രം) എന്ന പോലീസ്‌ എസ്.പിയുമായുള്ള അങ്കമാണ് രാവണ്‍ എന്ന ചിത്രം. തന്റെ സഹോദരന്‍ മംഗളിനൊപ്പം (രവി കിഷന്‍) സമാന്തര സര്‍ക്കാര്‍ നടത്തുന്ന ബീരയെ പിടികൂടുക എന്നതാണ് ദേവെന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ ചുമലിലുള്ള പ്രധാന ചുമതല.  അതിനായി ബീരയുടെ സഹോദരി ജമുനിയുടെ (പ്രിയാമണി) വിവാഹ ചടങ്ങിലേക്ക്‌ പോലീസുകാരുമായി ദേവ്‌ എത്തുന്നുവെങ്കിലും ബീരയെ പിടിക്കാനാവുന്നില്ല. എന്നാല്‍ പോലീസുകാര്‍ ജമുനിയെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ജമുനി ആത്മഹത്യ ചെയ്യുന്നതോടെ ബീര ദേവിനും പോലീസിനുമെതിരെ തിരിയുന്നു. ദേവിനെ ചെറുക്കാനായി, ബീര, ദേവിന്റെ ഭാര്യ രാഗിണിയെ (ഐശ്വര്യ റായ്) തട്ടിക്കൊണ്ടു പോകുന്നു. സഞ്ജീവനി കുമാറിന്റെ (ഗോവിന്ദ) സഹായത്തൊടെ ദേവ്‌ രാഗിണിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. എന്നാല്‍ കാടിനുള്ളില്‍ ബീരയെ കണ്ടെത്താന്‍ ദേവിനു കഴിയുന്നില്ല. ദേവുമായി ഒരു സന്ധിയുണ്ടാക്കണമെന്ന ബീരയുടെ സഹോദരന്‍ ഹരിയുടെ (അജയ് ഗേഹി) നിര്‍ദ്ദേശം, ബീര അംഗീകരിക്കുന്നു. എന്നാല്‍ ദേവുമായി സംസാരിക്കാനെത്തുന്ന ഹരിയെ ദേവ്‌ വധിക്കുന്നു. അതൊടെ ബീരയും ദേവുമായുള്ള പോരാട്ടം കടുത്തതാകുന്നു.

ബീര എന്ന കഥാപാത്രത്തെ അഭിഷേക് ബച്ചന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അമിതാഭ്‌ ബച്ചന്റെ മകനെന്ന നിഴലില്‍ നിന്നും പുറത്തു വരുവാന്‍ ഈ ചിത്രം അഭിഷേകിനെ തീര്‍ച്ചയായും സഹായിക്കും. രാഗിണിയെ അവതരിപ്പിച്ചിരിക്കുന്ന ഐശ്വര്യയും നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്‌. കാടിനുള്ളിലെ രംഗങ്ങളില്‍ ഐശ്വര്യയുടെ സ്വാഭാവികമായ സൌന്ദര്യം, ആ കഥാപാത്രത്തെ ആകര്‍ഷകമായിട്ടുണ്ട്‌. ദേവ്‌ പ്രതാപ് ശര്‍മ്മയെ അവതരിപ്പിച്ചിരിക്കുന്ന വിക്രം തന്റെ കഥാപാത്രത്ഥെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനയ സാധ്യതയില്ലാത്ത കഥാപാത്രമായിരുന്നിട്ടു കൂടി തന്റേതായ ഒരു കയ്യൊപ്പ്‌ ആ കഥാപാത്രത്തിനു നല്‍കുവാന്‍ വിക്രമിന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ രാഗിണിയും ദേവുമായുള്ള രംഗങ്ങളില്‍ അവരുടെ കെമിസ്ട്രി വര്‍ക്കു ചെയ്യുന്നില്ല എന്നത്‌ പ്രകടമാണ്. ചെറിയ റോളില്‍ പ്രിയാമണിയും, ഗോവിന്ദയും, രവി കിഷനും, നിഖില്‍ ദ്വിവേദിയും തിളങ്ങിയിരിക്കുന്നു. പക്ഷേ ഇവര്‍ക്കൊന്നും അഭിനയിച്ച് ഫലിപ്പിക്കാനുള്ള ആഴം അവരുടെ കഥാപാത്രങ്ങള്‍ക്കില്ലാതെ പോയത്‌ അവരെ സംബന്ധിച്ച്‌ ദൌര്‍ഭാഗ്യകരമായി പോയി എന്നു വേണം കരുതുവാന്‍.

കെട്ടിലും മട്ടിലും കഥയ്ക്ക്‌ രാമായണവുമായി സാമ്യം വരുത്തുവാന്‍ മണിരത്നം ശ്രമിച്ചിട്ടുണ്ട്‌. രാമനും രാവണനും സീതയും ഹനൂമാനും വിഭീഷണനും ലക്ഷ്മണനുമെല്ലാം കഥയിലുണ്ട്‌. എന്നിരുന്നാലും കഥാഗതി ഒരിക്കലും രാമയണവുമായി യോജിച്ചു പോകുന്നില്ല. കെട്ടുറപ്പുള്ള കഥയും, അതി മനോഹരമായ തിരക്കഥയും മണിരത്നം ചിത്രങ്ങളുടെ സവിശേഷതകളാണ്. എന്നാല്‍ മണിരത്നം ചിത്രങ്ങളില്‍ നാം കാണുവാറുള്ള ആ മാജിക്കല്‍ ടച്ച്‌ ഈ ചിത്രത്തില്‍ ഇല്ല എന്നു തന്നെ പറയാം. ബീര എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് സൃഷ്ടിച്ചിരിക്കുന്ന കഥയ്ക്ക്‌ കാമ്പില്ല എന്നതാണ് സത്യം. അതിനൊപ്പം കഥാപാത്രങ്ങള്‍ക്ക് ആഴം കണ്ടെത്താന്‍ കഴിയാതെ വന്നതും തിരക്കഥയിലെ പ്രധാന ന്യൂനതയായി.  എന്നാല്‍ കഥയ്ക്കനുയോജ്യമായി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുവാന്‍ മണിരത്നത്തിനു കഴിഞ്ഞിട്ടുണ്ട്‌.  അതിന് മണിരത്നത്തെ സഹായിച്ചിരിക്കുന്നത്‌ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച സന്തോഷ്‌ ശിവനും വി.മണികണ്ഠനുമാണ്. അതി ഗംഭീരമായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഇവര്‍ നിര്‍വഹിച്ചിരിക്കുന്നത്‌. കാടിന്റേയും വെള്ളച്ചാട്ടങ്ങളുടേയും മനോഹാരിത ഒപ്പിയെടുക്കുന്നതിനൊപ്പം അതിനെ ചിത്രത്തോട്‌ ബ്ലെന്‍ഡ്‌ ചെയ്യുന്ന രീതിയില്‍ അവത്തരിപ്പിക്കുവാനും അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. അതിനൊപ്പം ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്‌, സമീര്‍ ചന്ദയുടെ കലാസംവിധാനം എന്നിവ കൂടി ചേരുമ്പോള്‍ ഈ ചിത്രം നമുക്ക് വേറിട്ടൊരു അനുഭവമായി മാറുന്നു. ചിത്രത്തെ ദൃശ്യവിസ്മയമാക്കി മാറ്റുന്നത്‌ ഇവരുടെ ഈ കൂട്ടയ്മയാണ്.

ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്‌ എ.ആര്‍ റഹ്മാനാണ്. സംഗീതത്തിന് അമിത പ്രാധാന്യമില്ലാത്ത ചിത്രമായിട്ടുകൂടി, ആറോളം ഗാനങ്ങള്‍ ചിത്രത്തിലുണ്ട്‌. എല്ലാം തന്നെ കഥയുമായി ചേര്‍ന്നു പോകുന്നവയുമാണ്. അതില്‍ ബീരാ ബീരാ..., രാഞ്ജാ രാഞ്ജാ.. തുടങ്ങിയ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. എല്ലാ ഗാനങ്ങളും അവയുടെ അവതരണ രീതികൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. കഥാഗതിക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒരു മേന്മയാണ്. ചിത്രത്തിന്റെ വസ്താലങ്കാരം നിര്‍വഹിച്ചിരികുന്ന സബ്യസാചി തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിലെ നൃത്തരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌ ശോഭന, ബൃന്ദ, ഗണേശ് ആചാര്യ, അസ്താദ്‌ ദേബൂ എന്നിവര്‍ ചേര്‍ന്നാണ്. പക്ഷേ യാതോരു ചലനവുമുണ്ടാക്കാതെ ഇവ കടന്നു പോകുന്നു എന്നത്‌ ദൌര്‍ഭാഗ്യകരമായ ഒരു സത്യമാണ്. ശ്യാം കൌശലും, പീറ്റര്‍ ഹൈനും ചേര്‍ന്നൊരുക്കിയിര്‍ക്കുന്ന സംഘട്ടന രംഗങ്ങള്‍ക്ക്‌ ഒട്ടേറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്‌. ക്ലൈമാക്സ്‌ രംഗത്തെ സംഘട്ടനങ്ങള്‍ അത്‌ സാക്ഷ്യപ്പെടുത്തുന്നു.

രാവണ്‍ ഒരിക്കലും ഒരു മണിരത്നം ചിത്രമല്ല. ആധുനിക രാമായണമോ, ഒരു റോജയോ, കണ്ണത്തില്‍ മുത്തമിട്ടാലോ, അലൈപായുതേയോ പ്രതീക്ഷിച്ച്‌ രാവണ്‍ കാണുവാന്‍ പോയാല്‍ തീര്‍ച്ചയായും നിങ്ങളെ ഈ ചിത്രം നിരാശരാക്കുക തന്നെ ചെയ്യും. എന്നാല്‍ രണ്ട്‌ മണിക്കൂര്‍ പ്രേക്ഷകരെ തീയേറ്ററുകളില്‍ പിടിച്ചിരുത്തുവാനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്‌.  ബീര എന്ന കേന്ദ്ര കഥാപാത്രവും, ചിത്രത്തിന്റെ ഛായാഗ്രഹണവും നിങ്ങളെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. ഒരു രീതിയിലും രാവണെ രാവണനുമായോ, ബീരയെ വീരയുമായോ, അഭിഷേകിനെ വിക്രമുമായോ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒരു മണിരത്നം ചിത്രമെന്ന നിലയില്‍ ഇത്‌ നിങ്ങളെ ആനന്ദിപ്പിക്കില്ലെങ്കിലും, ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ വേറിട്ടൊരനുഭവം സമ്മനിക്കുമെന്നതുറപ്പാണ്.

ഈ ആര്‍ട്ടിക്കിള്‍ പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.