രാമായണത്തെക്കുറിച്ച് അഗാധമായി അന്വേഷിച്ചുപോയ പണ്ഡിതനാണ് ഫാ. കാമില്‍ ബുല്‍ക്കെ. അദ്ദേഹത്തിന്റെ 'രാമകഥ' ഈ മേഖലയിലെ ഒരു അതുല്യ രചനയായി ഇന്നും നിലനില്‍ക്കുന്നു. രാമായണത്തിലെ വാനരന്മാരുടെയും രാക്ഷസന്മാരുടെയും ലോകത്തെക്കുറിച്ചുള്ള നിരീക്ഷണമാണ് ഇത്.
രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലെയും മധ്യഭാരതത്തിലെയും ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നു. ഇതുസംബന്ധിച്ച് മിക്കവാറും അഭിപ്രായവ്യത്യാസമില്ല. വാല്മീകി രാമായണത്തില്‍ ഈ ആദിവാസികളെ വാനരന്മാരെന്നും ഋക്ഷന്മാരെന്നും മറ്റും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തില്‍ ഇവരെല്ലാം മനുഷ്യരായിത്തന്നെ കരുതപ്പെട്ടിരുന്നുവെന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളില്‍നിന്ന് മനസ്സിലാകുന്നു. രാമായണത്തിലെ വാനരന്മാര്‍ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്, മനുഷ്യരുടെ ഭാഷ സംസാരിക്കുന്നു, വസ്ത്രം ധരിക്കുന്നു, വീടുകളില്‍ താമസിക്കുന്നു, വിവാഹസംസ്‌കാരങ്ങള്‍ക്ക് മാന്യത നല്കുന്നു, രാജാവിന്റെ ഭരണത്തിന്‍കീഴില്‍ വസിക്കുന്നു. ഇതില്‍നിന്നും കവിയുടെ ദൃഷ്ടിയില്‍ അവര്‍ വെറും വാനന്മാരല്ലെന്നുള്ളത് സ്പഷ്ടമാണ്. അവര്‍ക്ക് അവരവരുടേതായ സംസ്‌കാരവും സാമുദായിക വ്യവസ്ഥിതികളുമുണ്ട്.വാസ്തവത്തില്‍ അവര്‍ വാനരന്മാര്‍, ഋക്ഷന്മാര്‍ തുടങ്ങിയ മനുഷ്യജാതികളായിരുന്നു. 'വാനരന്‍' എന്ന പേരിന്റെ ഉത്പത്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിന് അനേകം അഭ്യൂഹങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സി.വി. വൈദ്യയുടെ അഭിപ്രായമനുസരിച്ച് വാനരജാതിയില്‍പെട്ടവര്‍ യഥാര്‍ഥത്തില്‍ വാനരന്മാരെപ്പോലെ കാണപ്പെട്ടിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഈ പേരുണ്ടായി. മറ്റ് പണ്ഡിതന്മാര്‍ ജൈനരാമായണമനുസരിച്ച് വാനരം, ഋക്ഷം തുടങ്ങിയ പേരുകള്‍ ആ ജാതികളുടെ കൊടി കാരണം ഉണ്ടായി എന്നു കരുതുന്നു-''ഏത് ജാതിയുടെ കൊടിയിലാണോ വാനരത്തിന്റെ ചിഹ്നമുണ്ടായിരുന്നത് അത് വാനരജാതി എന്നു പറയപ്പെട്ടിരുന്നു. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവര്‍ ഋക്ഷന്മാര്‍ (രീഛ്) എന്നു പറയപ്പെട്ടിരുന്നു. ഇക്കാലത്ത് റഷ്യക്കാരുടെ കൊടിയില്‍ കരടിയുടെയും ഇംഗ്ലീഷുകാരുടെ കൊടിയില്‍ സിംഹത്തിന്റെയും അടയാളമുള്ളതുകൊണ്ട് ആ ദേശത്തിലെ വീരന്മാരെ ബ്രിട്ടീഷ് ലയണ്‍സ് എന്നും റഷ്യന്‍ ബിയേഴ്‌സ് എന്നും വിളിക്കുന്നതുപോലെ''. ജൈനരുടെ രാമരാവണകഥയില്‍ വാനരചിഹ്നം രേഖപ്പെടുത്തിയ കൊടിയും മകുടവും ധരിച്ച ജാതികള്‍ വാനരവംശജരെന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം അസംഭവ്യമാണെന്നു പറയാന്‍ കഴിയുന്നില്ല. എങ്കിലും ജൈനര്‍ രാമകഥയിലെ അനേകം സ്ഥലങ്ങളില്‍ ചിന്തിക്കത്തക്ക വളരെയധികം പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ജൈനസാഹിത്യം ഉപയോഗിക്കുന്നതില്‍ നമ്മള്‍ ശ്രദ്ധയുള്ളവരായിരിക്കണം. കൂടുതല്‍ സ്വാഭാവികമായ അനുമാനം ഇക്കാലത്തെ ആദിവാസികളെപ്പോലെ ആ ജാതികളുടെ വിഭിന്നകുലങ്ങള്‍ വിഭിന്ന മൃഗങ്ങളെയും സസ്യങ്ങളെയും പൂജിച്ചിരുന്നുവെന്നതാണ്. ഓരോ കുലത്തിലുമുള്ള ആളുകള്‍, ഏതു സസ്യത്തെ അഥവാ മൃഗത്തെ പൂജിച്ചിരുന്നുവോ അതേ പേരില്‍ത്തന്നെ അവര്‍ വിളിക്കപ്പെട്ടിരുന്നു. ഈ മൃഗത്തെ (സസ്യത്തെ) ഇക്കാലത്തുള്ള പണ്ഡിതന്മാര്‍ 'ടോട്ടം' എന്നു പറയുന്നു. ആധുനികഭാരതത്തിലെ ആദിവാസികളില്‍ ഇത്തരത്തിലുള്ള 'ടോട്ടം' അഥവാ ഗോത്രം നിലവിലുണ്ട്. അവയെപ്പറ്റി രാമായണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതായത് വാനരന്‍, ഋക്ഷന്‍ (ജാംബവാന്‍), ഗൃദ്ധ്‌റന്‍ (ജടായു, സമ്പാതി, രാവണന്‍). ആര്‍.വി. റസലിന്റെ അഭിപ്രായമനുസരിച്ച് കുരങ്ങും കരടിയും ഏറ്റവും പ്രചാരമുള്ള പതിമൂന്ന് ടോട്ടങ്ങളില്‍ പെട്ടവയാണ്.
ഛോട്ടാ നാഗ്പൂരില്‍ താമസിക്കുന്ന ഉറാംവ് മുണ്ഡാ ജാതികളില്‍ തിഗ്ഗ, ഹല്‍മാന്‍, ബജരംഗ്, ഗഡീ എന്നീ പേരുകളുള്ള ഗോത്രങ്ങളുണ്ട്. ഇവയുടെയല്ലാം അര്‍ഥം കുരങ്ങ് എന്നുതന്നെയാണ്. ഇതുപോലെ റദ്ദീ ബരഈ, ബസോര്‍, ഭൈന, ഖംഗാര്‍ എന്നീ ജാതികളിലും വാനരദ്യോതകങ്ങളായ ഗോത്രങ്ങളുണ്ട്. സിംഹഭൂമത്തിലെ ഭുഇയാ ജാതി ഹനുമാന്റെ വംശജരാണെന്ന് അവകാശപ്പെടുന്നു. അവര്‍ സ്വയം പവനവംശമെന്നുവിളിക്കുന്നു. ഹനുമാന്‍ എന്ന പേര് വാസ്തവത്തില്‍ ഒരു ദ്രാവിഡപദമായ 'ആണമന്ദി' അഥവാ 'ആണ്‍മന്തി'യുടെ സംസ്‌കൃത രൂപാന്തരം മാത്രമായി തോന്നുന്നു. 'ആണ്‍'ന്റെ അര്‍ഥം പുരുഷനെന്നും 'മന്ദി'യുടെ അര്‍ഥം കുരങ്ങെന്നുമാണ് (നോക്കുക, ഖണ്ഡിക 103).
ഋക്ഷസൂചകങ്ങളായ ഗോത്രങ്ങള്‍ റദ്ദി ബരഇ, ഗദബ, കേവത, സുധ തുടങ്ങിയ ജാതികളില്‍ ലഭിക്കുന്നു. ഇതുപോലെ തന്നെ ഭൈനാ, ഉറാംവ്, ബിര്‍ഹോര്‍ ജാതികളില്‍ ഗിദ്ധ അഥവാ ഗിധിഗോത്രം പ്രചാരത്തിലുണ്ടായിരുന്നു. ഉറാംവ്, അസുരന്‍, ഖരിയ തുടങ്ങിയ ആദിമജാതികളുടെ ഭാഷയില്‍ 'രാവനാ'യുടെ അര്‍ഥം ഗൃധ്രന്‍ തന്നെയാണെന്നുള്ളത് ശ്രദ്ധിക്കത്തക്കതാണ്. റാഞ്ചി ജില്ലയിലെ റയഡീഹ എന്ന സ്ഥലത്തുള്ള കട്കയാം ഗ്രാമത്തില്‍ 'രാവണാ' എന്നു പേരുള്ള കുടുംബം ഇപ്പോഴും ഉണ്ടെന്ന് അടുത്തകാലത്ത് എനിക്ക് അറിവുകിട്ടി. ഈ ഗോത്രത്തിന് പ്രചാരം കുറവാണ്. ഇതിനുപകരം മിക്കവാറും 'ഗിധി' എന്ന പേരാണ് പ്രചാരത്തിലുള്ളത്. 'ഹനുമാനെ' പോലെ 'രാവണ'ന്റെ പേരും യഥാര്‍ഥത്തിലുള്ള അനാര്യമായ ഒരു പേരിന്റെ സംസ്‌കൃത രൂപാന്തരമായി തോന്നുന്നുവെന്നുള്ളതാണ് നിഗമനം. ഇതുകൂടാതെ രായപുരം ജില്ലയില്‍ താമസിക്കുന്ന ഗോണ്ട് ജാതിക്കാര്‍ സ്വയംരാവണന്റെ വംശജരാണെന്നു കരുതുന്നു. ഉറാംവ് ജാതിക്കാരും രാവണനില്‍ നിന്നാണ് അവരുടെ ഉത്പത്തി എന്നു കരുതുന്നു. അതുകൊണ്ട് അവര്‍ക്ക് ഉറാംവ് എന്ന പേര് ലഭിച്ചു. ഈ സംഗതികളെല്ലാം ശ്രദ്ധിച്ചാല്‍ ആദിവാസികള്‍ക്ക് തീര്‍ച്ചയായും രാമകഥയുമായി ബന്ധമുണ്ടായിരുന്നുവെന്നുള്ളത് സ്പഷ്ടമാണ്. അതുപോലെ രാമായണത്തിലെ വാനര-ഋക്ഷ-ഗീധ വാസ്തവത്തില്‍ വാനര-ഋക്ഷ-ഗീധ ഗോത്രത്തില്‍പ്പെട്ട ആദിവാസികളായിരുന്നുവെന്നുള്ളത് കൂടുതല്‍ സംഭവ്യമായി തോന്നുന്നു.
യഥാര്‍ത്ഥ ആര്‍ട്ടിക്കിള്‍ : വാനരന്മാരും രാക്ഷസന്മാരും @ മാതൃഭൂമി
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...