Tuesday, July 20, 2010

ഇതോ കാമ്പസ് രാഷ്ടീയം...?


അക്രമ രാഷ്ട്രീയം കേരളത്തിനു പുതുമയല്ല. അത്‌ കാമ്പസുകളിലേക്കും പടര്‍ന്നിട്ട്‌ കാലമേറെയായി. എന്നാല്‍  കേരളത്തിലെ കാമ്പസുകളില്‍ ഈ അക്രമ “വിദ്യാര്‍ത്ഥി രാഷ്ട്രീയം” പുതിയൊരു മാനം തേടുകയാണ്, കോട്ടയം സി..എം.എസ് കോളേജ്‌ സംഭവത്തിലൂടെ. വിപ്ലവപാര്‍ട്ടിയുടെ കുട്ടി സാഖാക്കള്‍, ആ കാമ്പസ്സില്‍ കാണിച്ച പോക്രിത്തരം ജനങ്ങള്‍ ചാനലുകളിലൂടെ കണ്ടതാണ്. എന്നാല്‍ ഇതിന് ആധാരമായ സംഭവം നടക്കുന്നത്‌ അതിനും 2 മാസം മുന്നെയാണ്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകനായ ജെയ്ക്ക് സി തോമസിനെ, നിയമ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഹാളില്‍ കയറി പരീക്ഷ അലങ്കോലമാക്കിയതിന് കോളേജില്‍ നിന്നും സസ്പെന്റു ചെയ്യുകയായിരുന്നു. അച്ചടക്കലംഘനത്തിന്റെ പേരില്ലായിരുന്നു നടപടി. അതിനെതിരെ രണ്ടൂ മാസത്തോളം സമരം ചെയ്തിട്ടും മാനേജ്മെന്റ് വഴങ്ങിയില്ല. അതിനെ തുടര്‍ന്ന്‌ ജൂണ്‍ 16ന് പുറത്തുനിന്നുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് തല്ലിത്തകര്‍ക്കുകയും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അതോടെ കര്‍ശന നിലപാടുകളുമായി മാനേജ്‌മെന്റ്‌ പിടിമുറുക്കി. ആ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് അവര്‍ എത്തിയത്‌.

കുട്ടിയുടെ ഭാവി രക്ഷിക്കാന്‍, രാഷ്ട്രീയക്കാര്‍ കച്ചകെട്ടി ഇറങ്ങിയപ്പോള്‍ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുല രൂപപ്പെട്ടു. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കുമെന്നുമുള്ളതായിരുന്നു ആ ഒത്തുതീര്‍പ്പു പാക്കേജ്‌. പരീക്ഷ എഴുതിക്കേണ്ടത്‌ സര്‍വകലാശാലയാണെന്നും അതിനാല്‍ കോളേജ്‌ ഫോര്‍വേര്‍ഡിങ്‌ നോട്ട്‌ നല്‍കിയാല്‍ സര്‍വകലാശാല ആ വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കും. അവിടെ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ ഉണ്ട്‌. യൂണീവേഴ്സിറ്റി നിയമപ്രകാരം 75 ശതമനമെങ്കിലും ഹാജരുള്ളവര്‍ക്ക് മാത്രമേ പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ക്ക് വേണമെങ്കില്‍ പത്തു ശതമാനം കണ്ടോണേഷന്‍ അനുവദിക്കാം. എങ്കില്‍പോലും ഏറ്റവും കുറഞ്ഞത് 65 ശതമാനം ഹാജര്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ഈ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക്‌ 4 ദിവസത്തെ ഹാജര്‍ മാത്രമേയുള്ളൂ. സമരകാലത്തെ മുഴുവന്‍ ഹാജര്‍ നല്‍കിയാലും 50 ശതമാനം പോലും തികയാത്ത അവസ്ഥ. അതു കൊണ്ട്‌ പരീക്ഷാഫോമിണോടൊപ്പം പ്രിന്‍സിപ്പല്‍ ഒപ്പിട്ട് യൂണിവേഴ്സിറ്റിക്കയക്കേണ്ട അറ്റന്‍ഡന്‍സ് ആന്‍ഡ് പ്രോഗ്രസ് റിപ്പോര്‍ട്ട് അയക്കാന്‍ കഴിയില്ല എന്നതാണ് കോളേജിന്റെ നിലപാട്‌. അതു മാത്രമല്ല, ആ വിദ്യാര്‍ത്ഥി ഫീസടയ്ക്കുകയോ, കോളേജില്‍ അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. സര്‍വകലാശാലാ പരീക്ഷ എഴുതുവാനായിട്ടുള്ള അപേക്ഷയും പരീക്ഷാഫീസും പോലും അടയ്ക്കാതെ വിദ്യാര്‍ത്ഥിയെ എങ്ങനെയെങ്കിലും പരീക്ഷ എഴുതിക്കണമെന്ന് പറഞ്ഞ് എസ്എഫ്‌ഐ വീണ്ടും സമരം തുടങ്ങുകയാണ്. 

കഥ ഇതുവരെ എത്തി നില്‍ക്കുമ്പോള്‍, നമ്മുടെ മനസ്സിലേക്ക്‌ കടന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്‌.   
1. കോളേജിലെ വസ്തുവകകള്‍ തകര്‍ത്ത്‌, പ്രിന്‍സിപ്പാളിന്റെ ഓഫീസിനടക്കം നാശനഷ്ടം വരുത്തിയ സമരമുറയെ എങ്ങനെയാണ് ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായീകരിക്കുക?
2. എന്തിന്റെ പേരിലായാലും, നിയമവിദ്യാര്‍ത്ഥികളുടെ പരീക്ഷ തടസ്സപ്പെടുത്തി, പരീക്ഷാ പേപ്പറുകളും ചോദ്യക്കടലാസ്സും വലിച്ചു കീറിയ വിദ്യാര്‍ത്ഥിയുടെ നടപടിയെ എങ്ങനെയാണ് ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായീകരിക്കുക?
 

3. വിദ്യാര്‍ത്ഥികള്‍ ബസ്‌ കണ്‍സഷന്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, കുറ്റക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാനായി ഇത്രയം കോലാഹലങ്ങളുണ്ടാക്കാന്‍ ഉളുപ്പില്ലാത്തവരായി മാറിയോ ഈ വിദ്യാര്‍ത്ഥി സംഘടന? 
4. കലാലയത്തിലെ അച്ചടക്കത്തേക്കാള്‍ പ്രധാനപ്പെട്ടതാണോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം? 
5. പുറത്താക്കപ്പെട്ട കുട്ടിയെക്കുറിച്ച്‌ വ്യാകുലരായി വെറിപിടിച്ച്‌ നടക്കുന്ന കുട്ടി സഖാക്കള്‍ക്കും മുഴുത്ത സഖാക്കള്‍ക്കും, ആ വിദ്യാര്‍ത്ഥി പരീക്ഷ അലങ്കോലമാക്കിയ നിയമ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കയൊന്നും ഇല്ലേ..? 
6. ഒരു കുട്ടിയുടെ പേരു പറഞ്ഞ്‌ 2 മാസം പഠിപ്പു മുടക്കിയപ്പോള്‍, രണ്ടായിരത്തോളം കുട്ടികളുടെ ഭാവിയെക്കുറിച്ച്‌ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ ആശങ്കയുണ്ടായില്ലേ ? 

ഇതാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം ? സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനും സംഘടനകള്‍ക്കായി ഗുണ്ടായിസം നടത്തുന്നവരെ സംരക്ഷിക്കുന്നതിനുമാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നു പറയുന്നത്‌ ? ഇത്തരം പോക്രിത്തരങ്ങള്‍ കാട്ടുന്നവര്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വക്താക്കളായി മാറുന്നത്‌ അത്യന്തം ലജ്ജാകരവും ജുഗുപ്‌ത്സാവഹവുമാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തിലെ കാമ്പസുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കാലം ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ മുന്‍‌നിര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും, അവരുടെ വക്താവായി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഇന്നതെല്ലാം പോയി കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയങ്ങളെ വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്ന ധര്‍മ്മം മാത്രമേ ഇപ്പോല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നുള്ളൂ. അതിനായി വാളും, വടിവാളും, കത്തിയുമായി അക്രമ രാഷ്ട്രീയം നടത്തി, രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നതു മാത്രമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മേഖല മാറുന്നുവോ എന്ന സംശയം ബലപ്പെടുകയാണ്, വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി തങ്ങള്‍ ഇടപെടുന്നു എന്ന്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെടുന്നുവെങ്കിലും. യുവജനങ്ങള്‍ക്കിടയിലും പുതു തലമുറയ്ക്കിടയിലും രാഷ്ട്രീയത്തിന്റെ തന്നെ പ്രസക്തി കുറയുന്ന സാഹചര്യത്തില്‍, ഒരു പറ്റം കുട്ടി സഖാക്കന്മാരെ സൃഷ്ടിക്കുക എന്നതിനപ്പുറം, ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്ന സത്യം മലയാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ നമ്മളുടെ കുട്ടികളുടെ ഭാവി ഇവരായിട്ടു തന്നെ തുലയ്ക്കും...

2 comments:

  1. മുഖ്യധാരാ രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയങ്ങളെ വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്ന ധര്‍മ്മം മാത്രമേ ഇപ്പോല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നുള്ളൂ. അതിനായി വാളും, വടിവാളും, കത്തിയുമായി അക്രമ രാഷ്ട്രീയം നടത്തി, രക്തസാക്ഷികളെ സൃഷ്ടിക്കുക എന്നതു മാത്രമായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മേഖല മാറുന്നുവോ...


    yes.. you said it right.


    they should never allow Jake to write exam in that college. if they does that it will repeat again. poor jake he lost his brain for the party. yea.. party leader son is studying in London. doesn;t he know that?

    ReplyDelete
  2. @ മുക്കുവന്‍

    താങ്കളുടെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക്‌ സ്വന്തം സ്വബോധം പണയം വയ്ക്കുന്ന ഒരോ വിദ്യാര്‍ത്ഥിക്കും പാ‍ഠമാകേണ്ട ഒരു അനുഭവമാണിത്‌.

    രാഷ്ട്രീയക്കാരുടെ കുട്ടികള്‍, രാഷ്ട്രീയമില്ലാത്ത സ്കൂളുകളിലും കലാലയങ്ങളിലുമാണ് പഠിക്കുന്നത്‌. എന്നാല്‍ അതു ബോധപൂര്‍വം മറന്നുള്ള സമീപനമാണ് ഇവിടെ രാഷ്ട്രീയക്കാര്‍ (അതേതു പാര്‍ട്ടിയായാലും) സ്വീകരിക്കുന്നത്‌.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.