ഇന്ന് മാതൃഭൂമിയുടെ കായികലോകം പേജിലെ വാര്‍ത്തയുടെ രത്നചുരുക്കം:
സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ'യെന്ന മലയാള സിനിമയിലെ നായകനായി പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫ് എത്തുന്നു. ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാംടെസ്റ്റിനിടെ ആസിഫിനെ അവിടെ ബിരുദാനന്തര ബിരുദകോഴ്‌സിന് പഠിക്കുന്ന കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ കണ്ടുമുട്ടിയതാണ് വഴിത്തിരവായത്. ആസിഫ് കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്തു. തുടര്‍ന്ന് കഥയുടെ സാരംശവും ആസിഫിന് അതിലുള്ള വേഷവും വ്യക്തമാക്കുന്ന രേഖ കൈമാറുകയും ചെയ്തു. ദീപാങ്കുരന്‍ വീണ്ടും ആസിഫിനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും കരാര്‍ തയ്യാറാക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് സപ്തംബര്‍ 21-ന് മടങ്ങുമെന്നും ഒക്ടോബര്‍ മാസം മുഴുവന്‍ ഷൂട്ടിങ്ങിനായ നീക്കിവെക്കാമെന്നും ആസിഫ് അറിയിച്ചിട്ടുണ്ട്.
ആരെയും ആദ്യമൊന്ന് അമ്പരിപ്പിക്കുമ്പെങ്കിലും സംഗതി സത്യമാണ്. ആസിഫ് മലയാളത്തില്‍ നായകനായി എത്തുന്നു. കൈതപ്രം തിരുമേനി തന്റെ പ്രധാന മേഖലമകളായ സംഗീത സംവിധാനവും, ഗാനരചനയും അഭിനയവും വിട്ട് സംവിധാനത്തിലേക്ക് കടന്നു വരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. അതിനൊപ്പമാണ് ആസിഫും മലയാളത്തില്‍ എത്തുന്നത്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ച് അറിയാതെ ചോദിക്കുന്ന ചോദ്യമുണ്ട്. ഒന്നരക്കോടിയോളം പുരുഷന്മാരുള്ള കേരളത്തില്‍ ആളില്ലാഞ്ഞിട്ടാണൊ പാക്കിസ്ഥാനില്‍ നിന്നും ഇതിനെ ഇറക്കുമതി ചെയ്യുന്നത് എന്ന്? ആഗ്രഹിച്ചതും ശ്രമിച്ചതും വഖാര്‍ യൂനുസിനും വസിം അക്രത്തിനും വേണ്ടി. എന്നാല്‍ കിട്ടിയത് വിവാദങ്ങളിലൂടെ സൂപ്പര്‍സ്റ്റാറായ പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആസിഫിനെയാണ് എന്നു ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ തന്നെ പറയുമ്പോള്‍ പിന്നെ നമുക്കെല്ലാം മനസ്സിലാകും.
മലയാളി പ്രേക്ഷകര്‍ മലയാളികളയായ നടീ നടന്മാരെ വെറുത്തു തുടങ്ങിയോ? നടന്മാരുടെ കാര്യത്തില്‍ അത്രയങ്ങ് പ്രശ്നമില്ലെങ്കിലും, നടിമാരുടെ കാര്യത്തില്‍ അതങ്ങനെയല്ല. എന്നിരുന്നാലും മലയാളികളല്ലാത്ത ഒട്ടേറെ നടന്മാര്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. പണ്ട് കമലഹാസനും, പ്രകാശ് രാജും, ബോളിവുഡില്‍ നിന്നും നസറുദ്ദീന്‍ ഷായും, ജാക്കി ഷെറോഫും, അനില്‍ കപൂറും, പങ്കജ് ധീറും, നിതീഷ് ഭരദ്വാജും, പുനീത് ഇസ്സാറും, അതുല്‍ കുല്‍ക്കര്‍ണ്ണിയും, ആശിഷ് വിദ്യാര്‍ത്ഥിയുമെല്ലാം മലയാളത്തില്‍ എത്തിയവരാണ്. ഇപ്പോള്‍ അമിതാഭ് ബച്ചനും ആ വഴിയിലാണ്. എന്നാല്‍ കമലഹാസനും ആശിഷ് വിദ്യാര്‍ത്ഥിയുമൊഴികെയാരും അധികകാലം മലയാളത്തില്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടില്ല. പഴശ്ശിരാജയിലൂടെ മലയാളത്തിലെത്തിയ ശരത് കുമാര്‍ ഇപ്പോള്‍ കുറെ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഐ.എം വിജയനും സി.വി പാപ്പച്ചനുമെല്ലാം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു വിദേശ കായികതാരം, അതും ഒരു ക്രിക്കറ്റര്‍ മലയാളത്തിലേക്ക് എത്തുന്നത്. ആസിഫിന്റെ വരവോടെ അതും സാധ്യമായി.
എന്നാല്‍ നായികമാരുടെ കാര്യത്തില്‍ പണ്ടുമുതലേ നാം മറു നാട്ടുകാരെ ആശ്രയിച്ചിരുന്നു. മലയാളികളുടെ സ്വന്തം നായികയായി മാറിയ ശാരദ, ജയഭാരതി, അമല, ഭാനുപ്രിയ, സറീന വഹാബ് എന്നിവരെല്ലാം മറുനാട്ടുകാരാണ്. തമിഴകത്തു നിന്നും ആന്ധ്രായില്‍ നിന്നുമാണ് കൂടുതല്‍ നായികമാരും വന്നെത്തിയിരിക്കുന്നത്. ഭൂമിക ചൌള, ദേവയാനി, ഗൌതമി, കിരണ്‍, ലൈല, ലയ, മാധവി, രാധിക ശരത്കുമാര്‍, രംഭ, രമ്യാ കൃഷ്ണന്‍, റിയാ സെന്‍, ശ്യാമിലി, ശാലിനി, ശ്രുതി, ശ്രിയ ശരണ്‍, സിമ്രന്‍, സ്നേഹ, സൌന്ദര്യ, റിച്ച ശര്‍മ്മ, നഗ്‌മ, സുഹാസിനി, സുകന്യ എന്നിവരെല്ലാം ആ കൂട്ടത്തിലെപ്പെട്ടവരാണ്. തബു, ഗ്രേസി സിംഗ്, കത്രിന കൈഫ്, മനീഷ കൊയ്‌രാള, നമ്രത ശിരോദ്കര്‍, ജയപ്രദ, ജൂഹി ചൌള, പൂജ ബത്ര എന്നിവര്‍ ബോളിവുഡില്‍ നിന്നും മലയാളത്തില്‍ എത്തിയവരാണ്. അമൃത പ്രകാശ്, ഛായാ സിംഗ്, ചാര്‍മ്മി കൌര്‍, ഡെയ്സി ബൊപ്പണ്ണ, ഹീര, മല്ലിക, സുചിത്ര കൃഷ്ണമൂര്‍ത്തി എന്നീ നായികമാരും മറുനാട്ടുകാര്‍ തന്നെ. എന്നാല്‍ ഈയിടെയായി മലയാളത്തില്‍ മറുനാടന്‍ നായികമാരുടെ ഘോഷയാത്രയാണ്. പത്മപ്രിയ, പാതി മലയാളിയായ മോഡല്‍ ശ്വേതാ മേനോന്‍, അര്‍ച്ചനാ കവി, ലക്ഷ്മി റായി, ലക്ഷ്മി ശര്‍മ്മ, പാര്‍വ്വതി മില്‍ട്ടണ്‍, ഭാവനാ പുരി, ഷീല കൌള്‍, റോമ, കനിഹ, മീരാ വാസുദേവ്, നവനീത് കൌര്‍ തുടങ്ങി ഒരു പറ്റം നായികമാരാണ് ഇപ്പോള്‍ മലയാളത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ പത്മപ്രിയ, റോമ, ശ്വേതാ മേനോന്‍, ലക്ഷ്മി റായ് എന്നിവര്‍ മലയാളത്തില്‍ സ്ഥിരമായിക്കഴിഞ്ഞിരിക്കുന്നു.
മലയാള സിനിമയുടെ ആദ്യകാലങ്ങളില്‍ ശാരദയും ജയഭാരതിയും പോലെയുള്ള മറുനാടന്‍ നടികളാണ് മലയാളത്തില്‍ സജീവമായി നിന്നത്. എന്നാല്‍ അവരൊക്കെ അഭിനയം കൊണ്ടും തിരശ്ശീലയിലഭിനയിച്ച കഥാപാത്രങ്ങള്‍ കൊണ്ടും മലയാളികളുടെ മനം കവര്‍ന്നിരുന്നു. അതൊ കൊണ്ടു തന്നെ അവരോട് മാനസികമായ ഒരടുപ്പം മലയാളി പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. പക്ഷേ ഇന്നതെ തലമുറ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മറുനാടന്‍ നായികമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. നായകന്മാരുടെ നിഴലാവാന്‍ മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ. അതിനായി പണം മുടക്കി പുറം നാട്ടില്‍ നിന്നും ആളെ ഇറക്കേണ്ട കാര്യമുണ്ടോ? അമിതാഭ് ബച്ചനും, ആസിഫും, മനീഷാ കൊയ്‌രാളയും മലയാളത്തിലേക്ക് വരുമ്പോള്‍, മലയാളത്തിലെ വിദേശികളുടെ എണ്ണം കൂടുകയാണ്. മലയാള സിനിമയ്ക്ക് ആവേശം പകരുന്ന കാര്യങ്ങളാണെങ്കിലും, ഈ റോളുകളിലൊന്നും അഭിനയിക്കാന്‍ മലയാളികളില്ലാത്തതിനാലാണോ ഈ മറുനാട്ടുകാരുടെ പിന്നാലെ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ പായുന്നതെന്നു തോന്നി പോകുന്നു. എന്തായാലും മലയാളികള്‍ ഒരിക്കലും മലയാള നടീനടന്മാരെ വെറുക്കുകയില്ല. അതു കൊണ്ടല്ല നിര്‍മ്മാതാക്കള്‍ മറുനാടന്‍ അഭിനേതാക്കളുടെ പിറകേ പായുന്നതെന്നു വ്യക്തം. ചിത്രങ്ങളുടെ പബ്ലിസിറ്റിക്കായും, പുതുമ നല്‍കാനുമാണ് ഇതില്‍ പലരേയും ചിത്രത്തില്‍ കൊണ്ടു വരുന്നത്. ചിത്രങ്ങളുടെ ബഡ്ജറ്റു കൂടുന്നതിനാല്‍ മലയാള സിനിമ പ്രതിസന്ധിയിലാണെന്നു പറയുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനാവും.
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...