Tuesday, April 27, 2010

ദി ഹര്‍ട്ട്‌ ലോക്കര്‍ [The Hurt Locker]

2010ലെ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിന്റേതടക്കം ആറ്‌ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് ദി ഹര്‍ട്ട്‌ ലോക്കര്‍. ഓസ്കാര്‍ നേടിയ ചിത്രമെന്ന നിലയിലാണ് ഇത്‌ എന്നെ ആകര്‍ഷിച്ചത്‌. ഇന്ത്യന്‍ തീയയേറ്ററുകളില്‍ റിലീസ്‌ ചെയ്യാത്ത ഈ ചിത്രം കാണുവാന്‍ ഒടുവില്‍ ഡി.വി.ഡി സംഘടിപ്പിക്കേണ്ടി വന്നു. ഈ ചിത്രത്തിന്റെ കഥ മാര്‍ക്ക്‌ ബോയല്‍ എന്ന പത്രപ്രവര്‍ത്തകന്റെതാണ്, അദ്ദേഹത്തിന്റെ അനുഭവങ്ങളെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ സംവിധായിക കാതറിന്‍ ബിഗാലോയാണ്. കാതറിന്‍ ബിഗാലോ, മാര്‍ക്ക്‌ ബോയല്‍, ഗ്രെഗ്‌ ഷാപ്പൈറോ, നിക്കോളാസ്‌ ക്യാരിട്ടര്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്‌. 131 മിനിട്ട്‌ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ആദ്യം പ്രദര്‍ശിക്കപ്പെട്ടത്‌ വെനീസ്‌ ഫിലിം ഫെസ്റ്റിവലില്‍ ആണ്.

അമേരിക്കയുടെ ഇറാക്ക്‌ അധിനിവേശ സമയത്തു, 2004ല്‍ നടന്ന കഥയാണ് ദി ഹര്‍ട്ട്‌ ലോക്കര്‍. അമേരിക്കന്‍ സേനയുടെ ബോംബ്‌ നിര്‍വീര്യ സ്ക്വാഡിന്റെ തലവാനായി സര്‍ജന്റ്‌ വില്യം ജയിംസ്‌ (ജെര്‍മ്മി റെന്നര്‍) സ്ഥാനമേല്‍ക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്‌. അമേരിക്കന്‍ സൈന്യത്തിനു നേരെ നിരന്തരമായി ബോംബാക്രമണം നടക്കുന്ന സമയത്താണ്, വില്യം ജയിംസ്‌ ബോംബ്‌ സ്ക്വാഡില്‍ എത്തുന്നത്‌. അതിനു മുന്നെ തലവനായിരുന്ന സര്‍ജന്റ്‌ തോംസണ്‍ (ഗൈ പിയേര്‍സ്‌) ബാഗ്ദാദില്‍ വച്ച്‌ ഒരു ബോംബ്‌ നിര്‍വീര്യമാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. അതേ സ്ക്വാഡിലെ രണ്ടു അംഗങ്ങളായിരുന്നു സര്‍ജന്റ്‌ സാന്‍ബോണും (ആന്റണി മക്കൈ) ഓവന്‍ എല്‍‌ബ്രിഡ്‌ജും (ബ്രയന്‍ ജെരഗ്‌തി). തങ്ങളുടെ തലവന്, സംരക്ഷണം നല്‍കുക, ബോംബിനെക്കൂറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു ഇവരുടെ ജോലി. എന്നാല്‍ വില്യം ജയിംസ്‌ അനുവര്‍ത്തിച്ച ബോംബ്‌ നിര്‍വീര്യ നടപടികള്‍ അവര്‍ക്ക്‌ തികച്ചും അപരിചിതമായിരുന്നു. അതു കൊണ്ടു തന്നെ, വില്യം ബോംബിനടുത്തേക്ക്‌ നീങ്ങുമ്പോള്‍ അവരില്‍ സമ്മര്‍ദ്ദമേറിയിരുന്നു. അതു കൊണ്ടു തന്നെ, അവര്‍ക്ക്‌ വില്യമിനോട്‌ കടുത്ത ദേഷ്യവുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വക വയ്ക്കാതെ വില്യം തന്റെ ജോലി ചെയ്തു കൊണ്ടേയിരുന്നു, എന്നു മാത്രമല്ല, അതെല്ലാം ഭഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഒരിക്കല്‍ ബോംബു കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍, വില്യം കണ്ടെത്തുന്നത്‌ ഒരു കുട്ടിയുടെ ശവശരീരത്തില്‍ ഒളിപ്പിച്ച ബോംബാണ്. അതു താന്‍ മുന്നെ പരിചയപ്പെട്ട, തെരുവില്‍ ഡി.വി.ഡി വില്‍ക്കുന്ന ബെക്കാം എന്ന ഒരു കുട്ടിയുടെ ശവശരീരമാണെന്ന്‌ പിന്നീടാണ് വില്യം തിരിച്ചറിയുന്നത്‌. പിന്നീട്‌ മറ്റൊരു ഓപ്പറേഷനിടയില്‍, ബോംബു വയ്ക്കുന്ന തീവ്രവാദികളെ പിന്തുടരാന്‍ വില്യം സാന്‍‌ബോണിനോടും എല്‍‌ബ്രിഡ്‌ജിനോടും ആവശ്യപ്പെടുന്നു. എന്നാ‍ല്‍, സാന്‍ബോണ്‍ അതിനെ എതിര്‍ക്കുകയും, അത്‌ ആര്‍മിയുടെ ചുമതലയാണെന്നു പറയുകയും ചെയ്യുന്നു. വില്യം ആ എതിര്‍പ്പിനെ വകവയ്ക്കാതെ മുന്നോട്ടു നീങ്ങുന്നു. ആ ഓപ്പറേഷനിടയില്‍ എല്‍‌ബ്രിഡ്ജിന് വെടിയേല്‍ക്കുന്നു. അടിയന്തിരമായ ചികിത്സയ്ക്കായി എല്‍‌ബ്രിഡ്ജിനെ അവിടെ നിന്നും മാറ്റുന്നു, എന്നാല്‍ വില്യമാണ് തന്റെ ഈ അവസ്ഥയ്ക്ക്‌ കാരണമെന്ന്‌ എല്‍‌ബ്രിഡ്ജ്‌ വീശ്വസിക്കുന്നു. അതിനു ശേഷമുള്ള മറ്റൊരു ഓപ്പറേഷനില്‍, ഒരു ഇറാഖി പൌരന്റെ ദേഹത്ത്‌ ഘടിപ്പിച്ചിരുന്ന ബോംബ്‌ നിര്‍വീര്യമാക്കാന്‍ അവര്‍ക്ക്‌ കഴിയാതെ വരുകയും, അയാള്‍ മരിക്കുകയും ചെയ്യുന്നു. അതോടെ തനിക്കീ ജോലിയില്‍ ഇനി തുടരാന്‍ കഴിയില്ല എന്ന് സാന്‍ബോണിന് ബോധ്യമാകുകയും, വില്യമിനോട്‌ മാപ്പു പറഞ്ഞ്‌ അയാള്‍ അമേരിക്കയിലുള്ള തന്റെ കുടുംബത്തിന്റെയടുത്തേക്ക്‌ മടങ്ങുന്നു. അതോടൊപ്പം, വില്യമും തന്റെ കുടുംബത്തിലേക്ക്‌ മടങ്ങുന്നു. എന്നാല്‍ പിന്നീട്‌ അയാള്‍ തിരിച്ചറിയുന്നു, ഈ ലോകത്ത്‌ തനിക്ക്‌ ഏറ്റവും സംത്രുപ്തി നല്‍കുന്ന ജോലി ബോംബു സ്ക്വാഡിലെ ജോലി തന്നെയാണെന്ന്‌. ഒടുവില്‍ അയാ‍ള്‍ വീണ്ടും ഇറാഖിലേക്ക്‌ മടങ്ങിയെത്തി, മറ്റൊരു ടീമിനൊപ്പം ചേരുന്നതോടെ ചിത്രം അവസാനിക്കുന്നു.

ഇറാഖ്‌ അധിനിവേശ സമയത്ത്‌ അമേരിക്കന്‍ ബോംബ്‌ സ്ക്വാഡിനൊപ്പം പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഫ്രീലാന്‍സ്‌ ജര്‍ണലിസ്റ്റായിരുന്നു മാര്‍ക്ക്‌ ബോയല്‍. സൈനികരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചിരുന്ന ബോയല്‍, അതിനൊപ്പം അവിടെ നടന്ന മറ്റു ചില സംഭവങ്ങള്‍ക്കൂടി കൂട്ടിയിണക്കിയാണ് ഈ ചിത്രത്തില്‍ കഥ ഒരുക്കിയിരികുന്നത്‌. ഒരോ സൈനികന്റെ വികാരങ്ങള്‍ പ്രതിഫലിക്കുന്ന രീതിയിലുള്ള തിരക്കഥയാണ് ചിത്രത്തിന്റേത്‌. അതിനൊപ്പം അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും. അമേരിക്കന്‍ സൈനികരെ ഇറാഖി ജനത എങ്ങനെ കണ്ടിരുന്നുവെന്നും, അവര്‍ക്ക്‌ അവിടെ നേരിടേണ്ടി വന്ന കടമ്പകളെന്തൊക്കെയാണെന്നും വളരെ മനോഹരമായി തന്നെ കഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ബോയലിന്റെ ഈ കഥയ്ക്ക്‌ സാക്ഷാത്കാരം നല്‍കിയപ്പോള്‍ ബിഗലോയുടെ സംവിധാന മികവ്‌ എടുത്തു പറയേണ്ടതാണ്. യഥാര്‍ത്ഥ കഥയെ ചിത്രീകരിക്കുമ്പോള്‍ അവര്‍ നേരിട്ട പ്രതിബന്ധങ്ങളോട്‌ പടപൊരുതിയാണ് അവര്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ഇറാഖില്‍ പൂര്‍ത്തിയാക്കിയത്‌. ഒരു നേര്‍ത്തവരയിലൂടെയാണ് ഇതിന്റെ കഥ ചരിക്കുന്നത്‌. അതു കൊണ്ടു തന്നെ, എന്തെങ്കിലും ഒരു പിഴവ്‌ ഈ ചിത്രത്തിന്റെ പരാജയവും, പഴിയും എറ്റുവാങ്ങുമെന്നുറപ്പാണ്. ആ നിയന്ത്രണരേഖയ്ക്കുള്ളില്‍ നിന്നു കൊണ്ട് മനോഹരമായി ഈ ചിത്രത്തിന്റെ സംവിധാനം ബിഗലോ നിര്‍വഹിച്ചിരിക്കുന്നു.

അധികം കഥാപാത്രങ്ങളില്ലാത്ത ഈ ചിത്രത്തില്‍ ജെര്‍മ്മി റെന്നര്‍, ആന്റണി മക്കൈ, ബ്രയന്‍ ജെരഗ്‌തി എന്നിവരുടെ കഥാപാത്രങ്ങളെയാണ് നാം ചിത്രത്തിലുടനീളം കാണുന്നത്‌. വില്യം ജയിംസിനെ അവതരിപ്പിച്ചിരിക്കുന്ന ജെര്‍മ്മി റെന്നര്‍ തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നു. അഹംഭാവിയെന്നു നമുക്ക് തോന്നാവുന്ന ഈ കഥാപാത്രത്തിന്റെ മാനുഷികമായ മുഖവും അനായാസമായി റെന്നര്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. സാന്‍ബോണിനെ അവതരിപ്പിച്ചിരിക്കുന്ന ആന്റണി മക്കൈയാണ് മറ്റൊരു മികച്ച കഥാപാത്രം. വില്യമിന്റെ കീഴില്‍ കഴിയുന്ന ഒരോ നിമിഷത്തേയും ശപിച്ചുകൊണ്ട്‌ കഴിയുന്ന ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ മക്കെയ്ക്കു കഴിഞ്ഞിരിക്കുന്നു. മിക്കപ്പോഴും സാന്‍‌ബോണിന്റേയും വില്യമിന്റേയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്‌. ഒടുവില്‍ സാന്‍ബോണ്‍, വില്യമിന്റെ മുന്നില്‍ കുമ്പസാരിക്കുന്ന രംഗത്ത്‌ ഇവരുടെ പ്രകടനം അത്യുഗ്രം എന്നു പറയാതെ വയ്യ. കഴിവതും വില്യമുമായി സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമായ എല്‍‌‌ബ്രിഡ്‌ജിനെ അവതരിപ്പിക്കുന്നത്‌ ബ്രയന്‍ ജെരഗ്‌തിയാണ്. എല്‍ബ്രിഡ്‌ജും സാന്‍ബോണുമായുള്ള സംഭാഷണങ്ങളാണ് വില്യമിന് ഒരു നെഗറ്റീവ്‌ ഇമേജ്‌ ഈ ചിത്രത്തിലുണ്ടാക്കി തരുന്നത്‌. എന്നാല്‍ കഥാന്ത്യത്തില്‍ ഈ കഥാപാത്രങ്ങളെല്ലാം നമ്മെ സ്പര്‍ശിക്കുന്നവയായി മാറുന്നതായി കാണാം.

ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ ബാരി അക്കോര്‍ഡാണ്. ഈ ചിത്രത്തിന്‌ ഒരു വ്യത്യസ്തമായ മുഖം നല്‍കുന്നത്‌ ബാരിയുടെ ഛായാഗ്രഹണമാണ്. ഒന്നിലധികം സൂപ്പര്‍ 16mm ക്യാ‍മറകളാണ് ഇതിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. പല അംഗിളുകളില്‍ നിന്നും ഒരേ സമയമാണ് യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്‌, അതിനൊപ്പം മള്‍ട്ടിപ്പിള്‍ ഫോക്കല്‍ ലെങ്ത്‌ ലെന്‍സുകളും ഉപയോഗിച്ചിരിക്കുന്നത്‌ യുദ്ധരംഗങ്ങള്‍ക്ക്‌ സ്വാഭാവികത പകര്‍ന്നു നല്‍കിയിരിക്കുന്നു. ബാരി എന്ന ഛായാഗ്രാഹകന്റെ കഴിവു വെളിപ്പെടുന്ന പല രംഗങ്ങളും ഇതില്‍ ഉണ്ട്‌. ഹര്‍ട്ട്‌ ലോക്കറിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്‌ ക്രിസ്‌ ഇന്നിസും, ബോബ്‌ മൂറവ്‌സ്കിയും ചേര്‍ന്നാണ്. ബാരിയുടെ ഛായാഗ്രഹണത്തിന് മിഴിവേകുന്ന രീതിയിലാണിവര്‍ എഡിറ്റിങ്‌ നടത്തിയിരിക്കുന്നത്‌, പ്രത്യേകിച്ചും ബോംബു നിര്‍വീര്യമാക്കുന്ന ഓപ്പറേഷനുകളും, ബോംബു സ്ഫോടനങ്ങളും ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളില്‍. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ജോര്‍ജ്ജ്‌ ലിറ്റിലിന് അമേരിക്കന്‍ സൈനികരേയും ഇറാഖി ജനതയേയും അതേപടി ആവിഷ്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത്‌ അടുത്തു പറയേണ്ട വസ്തുതയാണ്. അതിനൊപ്പം ഡേവിഡ്‌ ബ്രയന്റെ കലാസംവിധാനം കൂടിച്ചേരുമ്പോള്‍ ഇറാഖിലെ തെരുവുകളിലൂടെ നാം സഞ്ചരിക്കുന്ന പ്രതീതി ലഭിക്കുന്നു. മേക്കപ്പ്‌ ഡിപ്പാര്‍ട്ട്‌മെന്റും സെറ്റ്‌ ഡെക്കറേഷനുമെല്ലാം ഉന്നതനിലവാരം പുലര്‍ത്തുന്നതാണ്. ഈ ചിത്രത്തിലെ സ്ഫോടന രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുവാന്‍ കോടികള്‍ മുടക്കിയിരിക്കുന്നു, റിച്ചാര്‍ഡ്‌ സ്റ്റര്‍റ്റ്സ്‌മാന്‍ ആണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിച്ചിരിക്കുന്നത്‌.

പണക്കൊഴുപ്പുണ്ടെങ്കിലും, അമേരിക്കന്‍ ചിത്രങ്ങളില്‍ തന്നെ തീരെ കുറഞ്ഞ ബഡ്ജറ്റില്‍ ചിത്രീകരിക്കപ്പെട്ട ഒരു ചിത്രമാണിത്‌. 15 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്‌. അമേരിക്കയുടെ ഇറാഖ്‌ യുദ്ധത്തിന്റെ ചില നേര്‍ക്കാഴ്ചകളാണ് ഈ ചിത്രത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്‌. ഇറാഖി ജനതയുടെ മനോഭാവവും അമേരിക്കന്‍ സൈനികരുടെമനോഭാവവും ഈ ചിത്രത്തിലൂടെ വിലയിരുത്തപ്പെടുന്നുണ്ട്‌. യുദ്ധത്തിന്റെ കാരണത്തെപ്പറ്റി മൌനം അനുവര്‍ത്തിക്കുന്ന ചിത്രം, പക്ഷേ അവിടുത്തെ സൈനിക നടപടികളെ സാധൂകരിക്കുന്നതായിക്കാണാം. ഇറാക്കിലെ അമേരിക്കന്‍ സൈനികരുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും ആത്മവീര്യമുണര്‍ത്തുവാന്‍ ഇതിനു കഴിയുന്നുണ്ട്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടികളെ പരോക്ഷമായി പിന്തുണയ്ക്കുക എന്നൊരു കര്‍ത്തവ്യം കൂടി ഈ ചിത്രം ചെയ്യുന്നുണ്ട്‌. അമേരിക്കയുടെ അധിനിവേശവും, അതിനു ശേഷമുള്ള സൈനികനടപടികളും വിമര്‍ശനത്തിന് പാത്രമാകുമ്പോള്‍, ഇറാക്കില്‍ അമേരിക്കയുടെ സാന്നിധ്യം എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് ഈ ചിത്രം നമുക്ക്‌ നല്‍കുക. അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്‌ ഈ ചിത്രം ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല. എന്നിരുന്നാല്‍ തന്നെ, ഒരു യഥാര്‍ത്ഥ കഥ, ചലച്ചിത്രവത്കരിച്ച്‌ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നത്‌ അംഗീകരിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. അവതാറിനെപ്പോലെ നിറപ്പകിട്ടില്ലാത്ത ഈ ചിത്രം, ഓസ്കാറിന് അര്‍ഹമായപ്പോള്‍ ഞാന്‍ ഊഹിച്ചതു പോലെ തന്നെ, ഈ ചിത്രം നമുക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നു.. ഒരിക്കല്‍കൂടി കാതറിന്‍ ബിഗാലോയ്ക്കും ടീമിനും എന്റെ അഭിവാദ്യങ്ങള്‍….!!!

എന്റെ റേറ്റിങ്: 8.5/10.0

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..

Monday, April 19, 2010

ശശി തരൂര്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം..


ഒന്നര ആഴ്ചയിലേറെ നീണ്ടു നിന്ന വിവാദത്തിനൊടുവില്‍, നാം ആദ്യമേ സംശയിച്ചതു പോലെ ശശി തരൂരിനു തന്റെ മന്ത്രിപദവി നഷ്ടമായി. ഇന്നലെ രാത്രി രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ തരൂര്‍ രാജി വയ്ക്കുകയായിരുന്നു. എന്താണ്‌ തരൂര്‍ ചെയ്ത തെറ്റ്‌ എന്ന്‌ രാജി ആവശ്യപ്പെട്ടവര്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍ ടീം ലഭിക്കാനായി മുന്നിട്ടിറങ്ങി, ഉത്തരേന്ത്യന്‍ ലോബികളെ പിണക്കിയതാണോ തരൂര്‍ ചെയ്ത കുറ്റം എന്ന്‌ ഇതൊക്കെ കാണുന്നവര്‍ സംശയിച്ചു പോകും.

- കൊച്ചി, ഐ.പി.എല്ലുമായി തരൂരിനുള്ള ബന്ധം ഉപദേശകന്റെ മാത്രമാണ്‌.
- അതില്‍ ഓഹരികളോ, സാമ്പത്തിക ലാഭമോ ഇല്ല.
- ടീമിനായി മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തിട്ടില്ല.
- പത്തു പൈസ കൈക്കൂലി വാങ്ങിയിട്ടില്ല..
- സുനന്ദാ പുഷ്ക്കറിന്‌ ഓഹരി ലഭിച്ചത്‌ അവരുടെ ജോലിയുടെ പ്രതിഫലമായിട്ടായിരുന്നു.

പിന്നെ എന്താണ്‌ തരൂര്‍ ചെയ്ത കുറ്റം? അതു മാത്രം ആര്‍ക്കും അറിയില്ല. അഹമ്മദാബാദിലേക്ക്‌ പോകേണ്ടിയിരുന്ന ഒരു ടീമിനെ കൊച്ചിയില്‍ എത്തിച്ചു എന്നുള്ളതു തന്നെയാണ്‌ കുറ്റം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയെ ചൊടിപ്പിച്ചത്‌ ഇതു തന്നെയാണ്‌. ലളിത്‌ മോഡി അവരുടെ ആയുധമായി മാത്രം മാറുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സോ സി.പി.ഐ എമ്മോ പ്രതീക്ഷിക്കാത്ത വിജയമാണ്‌ തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്‌. അതിന്റെ ചൊരുക്കു തീര്‍ക്കുക മാത്രമാണ്‌ സി.പി.എം ചെയ്തത്‌. സി.പി.എമ്മിന്റെ ഷുവര്‍ സീറ്റ്‌ നഷ്ടപ്പെട്ടതിന്റെ പ്രതികാരം. അതിനൊപ്പം മാധ്യമങ്ങള്‍ക്കൂടി ചേര്‍ന്നപ്പോള്‍ എല്ലാം ശുഭമായി. തരൂരിന്റെ വ്യക്തി ജീവിതത്തെ വരെ കരിവാരിത്തേക്കാന്‍ അവര്‍ ശ്രമിച്ചു. തരൂരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത്‌ മാധ്യമങ്ങളായിരുന്നു.

തരൂര്‍ രാജിവച്ച ദിവസം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കായികരംഗത്തേയും കറുത്തദിനമായി ഞാന്‍ കാണുന്നു. തരൂര്‍ പടിയിറങ്ങുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ വളരെക്കാലമായി കേട്ടു വരുന്ന ഒരു ആക്ഷേപം വീണ്ടും തെളിയിക്കപ്പെടുകയാണ്‌. വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരെ ഇന്ത്യന്‍ രാഷ്ട്രീയം വാഴിക്കില്ല എന്ന സത്യം വീണ്ടും പുറത്തു വരികയാണ്‌. നമുക്കിപ്പോഴും പഥ്യം അഴിമതിക്കാരും സ്കൂളിന്റെ പടികടന്നിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങളെയാണ്‌. യാഥാര്‍ത്ഥ്യ ബോധവും ഭാവിയെക്കുറിച്ച്‌ കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിരളമാണ്‌. അങ്ങനെയുള്ളവരെ എന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ പോലും അസ്വാരസ്യമുണ്ടാക്കിയ തീരുമാനമായിരുന്നു, തരൂരിനെ മത്സരിപ്പിക്കുക എന്നത്‌. അന്ന്‌ പ്രതികരിക്കാന്‍ കഴിയാത്തവരാണ്‌ ഈ വിവാദത്തെ മുതലെടുത്ത്‌ തരൂരിനെ പുറത്താക്കാന്‍ മുറവിളി കൂട്ടിയത്‌.  തരൂരിലെ പോലെ സുതാര്യതയുള്ള രാഷ്ട്രീയക്കാരെ ഇവിടുത്തെ മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കളും ഇഷ്ടപ്പെടുന്നില്ല എന്നത്‌ മറനീക്കി പുറത്തു വന്നിരിക്കയാണ്‌. ആദര്‍ശം പ്രസംഗത്തില്‍ മാത്രം സൂക്ഷിക്കുന്ന ഇത്തരം രാഷ്ട്രീയക്കാരാണ്‌ നമ്മുടെ ശാപം. അതില്‍ പാര്‍ട്ടിഭേദമില്ല എന്ന വസ്തുതയും പ്രകടമാണ്‌.

സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ആയിരുന്നില്ല തരൂര്‍.  ട്വിറ്ററിലൂടെ അദ്ദേഹം സം‌വദിക്കുകയും, അദ്ദേഹം എന്തൊക്കെയാണ്‌ ചെയ്യുന്നതെന്നും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. ഹൈഫൈ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുമായി സം‌വദിക്കുകയും യുവജനങ്ങളുടെ ആദരവ്‌ പിടിച്ചു പറ്റുകയും ചെയ്ത വ്യക്തിയാണ്‌ തരൂര്‍.  രാജിക്കു ശേഷം അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെ ലഭിക്കുന്ന പിന്തുണ സൂചിപ്പിക്കുന്നത്‌ അതാണ്‌. കാറ്റില്‍ ക്ലാസ്‌ വിവാദം പോലും, ഇവിടുത്തെ മീഡിയ ഉണ്ടാക്കിയതാണ്‌. കാറ്റില്‍ ക്ലാസ്‌ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഇന്ത്യന്‍ മാധ്യമങ്ങളാണ്‌ വിവാദമുണ്ടാക്കിയത്‌. രാഷ്ട്രീയ ഉന്നം വച്ച്‌ ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അദ്ദേഹത്തെ ആക്രമിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഒരാള്‍ പോലുമില്ലാതായിപ്പോയി എന്നുള്ളത്‌ ഒരു ദുഖകരമായ വസ്തുതയാണ്‌. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന പിന്തുണ അതാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അവസരത്തില്‍ തരൂരിനോട്‌ പറയുവാന്‍ ഒന്നേയുള്ളൂ, ഭാരതത്തിലെ യുവജനത താങ്കള്‍ക്കൊപ്പമുണ്ട്‌, ധൈര്യമായി മുന്നോട്ടു നീങ്ങൂ.. അഴിമതിക്കാരും, വിദ്യാഭ്യാസമില്ലാത്തവരും, സ്വജനപക്ഷപാതികളുമായ രാഷ്ട്രീയക്കാരെ പടിയടച്ച്‌ പിണ്ഡം വച്ച്‌, കഴിവും, കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ നയിക്കുന്ന ഒരു ഇന്ത്യ ഉയര്‍ന്നു വരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം... 


തരൂരിന്റെ ലോക്‌സഭയിലെ പ്രസംഗം
 


രൂര്‍ എന്‍.ഡി.ടി.വി ക്കു നല്‍കിയ അഭിമുഖം
 
 

Thursday, April 15, 2010

ഐ.പി.എല്‍ “കളി“ കാര്യമാവുമ്പോള്‍...


ഐ.പി.എല്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍, കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഭാവി തുലാസിലാണോ എന്ന സംശയം കേരളത്തിലെ ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും ഉണ്ട്‌. കഴിഞ്ഞ ദിവസം ലളിത്‌ മോഡി തിരി കൊളുത്തിയ വിവാദമിപ്പോള്‍ മറ്റൊരു തലത്തിലേക്കെത്തി നില്‍ക്കയാണ്. കൊച്ചിയില്‍ ഇനി ഐ.പി.എല്‍ ടീമുണ്ടാകുമോ എന്നൊരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. അഹമ്മദാബാദിനായി ചരടുവലികള്‍ നടത്തിയ മോഡിയുടെ കളികളാണ് ഇപ്പോള്‍ കേരളത്തിന്റെ ഐ.പി.എല്‍ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത്. മോഡിയുടെ ആദ്യം മുതലെയുള്ള കളികളെക്കുറിച്ച്‌ ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

കൊച്ചി ഫ്രാഞ്ചൈസി ലേലത്തില്‍ പിടിച്ച റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഗുജറാത്തി വ്യവസായികളെ അടര്‍ത്തിയെടുക്കുവാനുള്ള ശ്രമം മോഡി തുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ അതു സാധിച്ചടുക്കാം എന്നു കരുതിയ മോഡിയുടെ ആ നീക്കത്തെ ശശി തരൂര്‍ തകര്‍ത്തപ്പോള്‍, റെണ്ടേവു കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍, കണ്‍സോര്‍ഷ്യത്തിന്റെ അനുമതി കൂടാതെ, ട്വിറ്ററിലൂടെ പുറത്തു വിട്ടാണ് മോഡി അതിന് പകരം വീട്ടിയത്‌. അതു കൂടാതെ കണ്‍സോര്‍ഷ്യത്തിലെ ഒരു ഓഹരി ഉടമയായ സുനന്ദ പുഷ്കറിന് ശശി തരൂരുമായി ബന്ധമുണ്ടെന്നും സുനന്ദയുടെ ഓഹരി വിവരങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ തരൂര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമാണ് മോഡി പറഞ്ഞത്‌. എന്നാല്‍ തരൂര്‍ അതു നിഷേധിക്കുകയും മോഡിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ തരൂരിനെ രാഷ്ട്രീയമായി ഒതുക്കി, കൊച്ചി കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനും അതു വഴി ടീമിനെ ഗുജറാത്തില്‍ എത്തിക്കാനുമാണ് ശ്രമം.


അഹമ്മദാബാദിനു വേണ്ടി ശക്തമായി നില്‍ക്കുന്നത്‌ അദാനി ഗ്രൂപ്പാണ്. അതിനു പിറകില്‍ നരേന്ദ്രമോഡിയാണ് എന്നാണ് അറിവ്‌. റെണ്ടേവൂവിനെ അയോഗ്യരാക്കുവാനും അതു വഴി പിന്‍‌വാതിലിലൂടെ അദാനി ഗ്രൂപ്പിന് ഫ്രാഞ്ചൈസി കൈമാറാനുമായിരുന്നു ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ കരാര്‍ ഒപ്പിടുന്നത്‌ വൈകിച്ച്‌, കണ്‍സോര്‍ഷ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു ലളിത്‌ മോഡിയുടെ ശ്രമം. എന്നാല്‍ അതും പരാജയപ്പെട്ടതോടെയാണ് ഉടമസ്ഥാവകാശത്തെ ചൊല്ലി മോഡി ആരോപണങ്ങള്‍ ഉന്നയിച്ചത്‌. കേരളത്തിനു വേണ്ടി ഐ.പി.എല്‍. നേടിയ ഫ്രാഞ്ചൈസിയിലുള്ളത് ആരൊക്കെയാണെന്ന് അതിലെ അംഗങ്ങള്‍ക്കു തന്നെ അറിയില്ലെന്ന ആരോപണമാണ് ലളിത് മോഡി പുതിയതായി ഉന്നയിച്ചത്‌. കേരള ടീമിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഐ.പി.എല്‍. ഭരണസമിതിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതിയില്‍ മുന്‍‌തൂക്കമുള്ള മോഡിക്ക്‌,  കേരളത്തിന് അയോഗ്യത കല്പിക്കാനാവും, അതു വഴി അദാനി ഗ്രൂപ്പിന് അഹമ്മദാബാദിനായി രംഗത്തെത്താന്‍ കളമൊരുക്കുകയും ചെയ്യും. വിദഗ്ദമായ ആസൂത്രണമാണ് മോഡി ഈ കാര്യത്തില്‍ നടത്തുന്നത്‌. എന്തു വിലകൊടുത്തും അദാനി ഗ്രൂപ്പിന്‌ ഐ.പി.എല്‍ ഫ്രാഞ്ചൈസി നല്‍കുമെന്ന മോഡിയുടെ വാശിയാണിതിനു പിന്നില്‍. റെണ്ടേവൂ ഗ്രൂപ്പിലെ രണ്ട്‌ പ്രധാന ഗുജറാത്തി വ്യവസായികളായ മുകേഷ് പട്ടേലിന്റെയും (ശ്രീരാം വെസ്സല്‍‌സ്‌) വിപുല്‍ ഷായുടേയും (പരീനി ഡെവലപ്പേഴ്‌സ്) ഓഫീസുകളില്‍ ഈ വാരം ആദ്യം നടന്ന ഇന്‍‌കം ടാക്സ് റെയ്‌ഡുകള്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നു വേണം കരുതാന്‍.


അതിനിടെ ലേലത്തില്‍ നിന്ന് പിന്മാറാന്‍ 50 മില്യണ്‍ ഡോളര്‍ മോഡി വാഗ്ദാനം ചെയ്തു എന്ന് കൊച്ചി ഐ.പി.എല്‍ സി.എ.ഓ, ശൈലേന്ദ്ര ഗെയ്ക്ക്‌ വാദ്‌ വെളിപ്പിടുത്തിയിരുന്നു. അതു പോലെ തന്നെ, ലേലത്തിന്റെ സമയത്ത് ടീമിനു വേണ്ടീ ക്വോട്ട്‌ ചെയ്യേണ്ട പരമാവധി വിലയെപറ്റി മോഡി റെണ്ടേവൂവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റെണ്ടേവൂ പറയുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം അനുസരിക്കാതെ മുന്നോട്ട്‌ നീങ്ങിയ റെണ്ടേവൂ ലേലത്തില്‍ അദാനി ഗ്രൂപ്പിനെ പിന്നിലാക്കി ഫ്രാഞ്ചൈസി നേടുകയാണ് ചെയ്തത്‌. അതിനു പിന്നാലെ കൊച്ചി ടീമിനെ തകര്‍ക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടത്തിയ മോഡി, ഇപ്പോള്‍ പരസ്യമായി തന്നെ, കൊച്ചി ടീമിനെതിരെ രംഗത്തെത്തിയിരികുകയാണ്. ഇനിയൊരു ലേലം നടത്തി അദാനി ഗ്രൂപ്പിന് ടീം നല്‍കുവാന്‍ കഴിയുകയില്ല എന്ന്‌ മോഡിക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. അതു കൊണ്ട് പുതിയൊരു തന്ത്രമാണ് മോഡി പയറ്റുന്നത്‌. ആ തന്ത്രത്തിന്റെ ഭാഗമായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെക്കോണ്ട്‌ ടീമിനെ കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലെത്തിക്കുക എന്ന തന്ത്രമാണ് പയറ്റുന്നത്‌. കളി നടത്താന്‍ ബി.സി.സി.ഐ സ്റ്റേഡിയമില്ല എന്ന കീറാമുട്ടി മുന്നില്‍ വച്ചാവും ലളിത് മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തോട്‌ വിലപേശുക. അതിന് ബി.സി.സി.ഐയുടെ മൌനാനുവാദവും ഉണ്ട്‌. ഇതിന്റെ പേരില്‍ ലളിത് മോഡിയെ പിണക്കാന്‍ ബി.സി.സി.ഐക്കോ ശരത്‌ പവാറിനോ താല്പര്യമുണ്ടാകില്ല. ഐ.പി.എല്‍ എന്ന പണം കായ്ക്കുന്ന മരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ആര്‍ക്കാ‌ താല്പര്യമുണ്ടാകുക? ആ കളിയുടെ ഭാഗമാണ്, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ നാലു ഓഹരി ഉടമകള്‍ക്ക്‌ തന്നെ കണ്ടുവെന്നും, അവര്‍ക്ക്‌ കൊച്ചിയില്‍ താല്പര്യമില്ലന്നും, അഹമ്മദാബാദാണ് പഥ്യമെന്നും ശരത് പവാര്‍ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്‌.  റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കിയതിന്റെ പേരില്‍ മോഡിക്കെതിരെ കണ്‍സോര്‍ഷ്യം നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനു ബദലായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ മോഡി ഭീഷണി മുഴക്കിക്കഴിഞ്ഞു. ഓഹരി ഉടമകളുമായി സംസാരിച്ചത്‌ “തന്റെ ഓഫീസ്‌ അംഗങ്ങളുടെ” സാന്നിധ്യത്തിലാണെന്നും, അവരെല്ലാം സാക്ഷികളാണെന്നുമാണ് മോഡിയുടെ വാദം. ആ കേസ്‌ വെറുമൊരു ഉമ്മാക്കി മാത്രമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും. അതു മറ്റൊരു സമ്മര്‍ദ്ദ തന്ത്രം മാത്രം.


എന്നാല്‍ ആശങ്കാ ജനകമായ വസ്തുത അതൊന്നുമല്ല. കൊച്ചി ഐ.പി.എല്‍ ടീമിനെ രക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ ശശി തരൂര്‍ മാത്രമാണ്. എന്നാല്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം തരൂരിലെ ക്രൂശിക്കാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. അതിനൊപ്പം കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ ലോബി ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്. തരൂരിനെ നിശബ്ദനാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്ന ഈ അവസ്ഥയില്‍, കേരളത്തിന്റെ ഐ.പി.എല്‍ ടീമിനെ രക്ഷിക്കുക എന്ന കര്‍ത്തവ്യം റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലൊതുങ്ങിയിരിക്കയാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിച്ച്‌, ടീമിനെ രക്ഷിച്ചു പിടിക്കാന്‍, തരൂര്‍ മുന്നിട്ടിറങ്ങിയാല്‍, ഐ.പി.എല്‍ ടീമിനെ തട്ടിയെടുക്കാന്‍ മോഡി വിയര്‍ക്കേണ്ടി വരും. ഐ.പി.എല്‍ കേരളത്തിന് സമ്മാനിക്കാവുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ട്‌, കേരളത്തിലെ യുവജനതയും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരും രാഷ്ട്രീയം മറന്ന്‌ തരൂരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്‌.

Monday, April 12, 2010

കള്ളനാര്, കള്ളനു കഞ്ഞി വച്ചവനാര് ?

ബി.സി.സി.ഐയുടെ ബുദ്ധിയില്‍ ഉദിച്ച എമണ്ടന്‍ ആശയമായിരുന്നു ഐ.പി.എല്‍. ഇന്ത്യ ട്വന്റി-20 ലോകകപ്പ്‌ നേടിയതിനു പിന്നാലെ 8 ടീമുകളെ ഉള്‍പ്പെടുത്തി ഒരു ട്വന്റി-20 ടൂര്‍ണ്ണമെന്റ്‌ തുടങ്ങാന്‍ ബി.സി.സി.ഐ തീരുമാനിക്കയായിരുന്നു. അതിനായി ഐ.പി.എല്‍ ഗവേണിങ്‌ ബോഡി ഉണ്ടാക്കുകയും ലളിത് മോഡിയെ അതിന്റെ കമ്മീഷണറായി നിയമിക്കയും ചെയ്തു. ഐ.പി.എല്ലിന്റെ രണ്ടു സീസണ്‍ കഴിഞ്ഞതോടെ ലളിത്‌ മോഡി ശക്തനായി വളര്‍ന്നു. പൊന്മുട്ടയിടുന്ന താറാവായി ഐ.പി.എല്ലിനെ കണ്ട ബി.സി.സി.ഐ, ലളിത്‌ മോഡിക്ക്‌ സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചു. ഐ.പി.എല്ലിനെ നാലാം സീസണിനായി രണ്ടു ടീമുകളെക്കൂടി ഉള്‍പ്പെടുത്തും എന്ന്‌ മോഡി കഴിഞ്ഞ വര്‍ഷമേ വെളിപ്പെടുത്തിയതാണ്. അതോടെയാണ് ഈ കഥയുടെ തുടക്കം.

800 കോടി രൂപയ്ക്കാണ് ആദ്യ സീസണില്‍ ടീമുകളെ ഫ്രാഞ്ചൈസികള്‍ ഏറ്റെടുത്തത്‌. നാലാം സീസണില്‍ പുതിയ് രണ്ടു ടീമുകള്‍ കൂടി വരുന്നു എന്നു കേട്ടപ്പോള്‍ നമ്മുടെ പ്രിയദര്‍ശന്‍ സാറും ലാലേട്ടനും കൂടി കൊച്ചിക്കായി ഒരു ടീമിനെ കൊണ്ടു വരുമെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങി. ഒട്ടനവധി ബിസിനസ്‌ ഗ്രൂപ്പുകള്‍ മത്സര രംഗത്തുണ്ടായിട്ടും ദേശീയ മാധ്യമങ്ങള്‍ വരെ ഈ പ്രിയദര്‍ശന്‍-ലാലേട്ടന്‍ കൂട്ടുകെട്ടിന്റെ പുതിയ ഈ സംരഭത്തെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു തുടങ്ങി. ബോളിവുഡ്‌ താരങ്ങളും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പും ഇതിനെ പിന്തുണയ്ക്കും എന്നൊരു ശ്രുതിയും കേട്ടിരുന്നു. ആദ്യ ലേലം നടക്കേണ്ടിയിരുന്ന മാര്‍ച്ച്‌ ആദ്യവാരത്തിന് വെറും ഏഴു ദിവസം മുന്നെ, ലളിത്‌ മോഡി പുതിയ രണ്ടു ‘ചെറിയ’ നിബന്ധനകള്‍ ലേലത്തിനായി കൂട്ടിച്ചേര്‍ത്തു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വെറും 5000 കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടി ഉണ്ടാവണമെന്നും, ആദ്യമെ തന്നെ 300 കോടി കെട്ടു വയ്ക്കണമെന്നും. ഈ നിബന്ധന അറിഞ്ഞതോടെ പ്രിയദര്‍ശനും ലാലേട്ടനും സമസ്താപരാധം പറഞ്ഞ്‌ പിന്മാറി. എന്നാല്‍ ആ കൂട്ടത്തില്‍ ലേലത്തിനായി കാത്തു നിന്ന പത്തോളം ഗ്രൂപ്പുകളും പിന്‍‌വാങ്ങി. സംഗതി ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ അറിഞ്ഞു. പുള്ളിക്കാരന്‍ ശരത്‌ പവാറുമായി ചര്‍ച്ച നടത്തി ഈ നിബന്ധനകള്‍ മാറ്റണമെന്നു മോഡിയോട്‌ ആവശ്യപ്പെട്ടു. ഒടുവില്‍ ബി.സി.സി.ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ആദ്യം ലേലം മാറ്റി വച്ചു. പിന്നീട്‌ നിബന്ധനകളും മാറ്റി. എന്നാല്‍ അദ്ദ്യത്തെ തിക്താനുഭവത്തില്‍ തന്നെ മനം മടുത്ത പ്രിയദര്‍ശന്‍, ഇനി ലേലത്തിനില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതോടെ കേരളത്തിന് ഒരു ഐ.പി.എല്‍ ടീമെന്ന സ്വപ്നം പൊലിഞ്ഞു തുടങ്ങി. രണ്ടാം വട്ടം ലേല നടപടികള്‍ തുടങ്ങിയപ്പോള്‍ മത്സരത്തിനുണ്ടായിരുന്നത്‌, പൂനയ്ക്കു വേണ്ടി സഹാറാ ഗ്രൂപ്പും അഹമ്മദാബാദിനു വേണ്ടീ വീഡിയോകോണും അദാനി ഗ്രൂപ്പുമായിരുന്നു. എതിരില്ലാതെ തന്നെ ഇവര്‍ ടീമുകളെ സ്വന്തമാക്കുമെന്ന് എല്ലാവരും പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങളെ അട്ടിമറിച്ച്‌ അവസാന നിമിഷം റെണ്ടേവു കണ്‍സോര്‍ഷ്യം കൊച്ചി ടീമിനെ സ്വന്തമാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരായിരുന്നു ഇതിന്റെ ചരടുവലികള്‍ക്കു പിന്നില്‍. ടീം മോഹിച്ചു നടന്ന അദാനി ഗ്രൂപ്പും വീഡിയോക്കോണും അതോടെ നിരാശരായി മടങ്ങി. 
  
ലേലത്തിനു മുന്നെ മോഡി കളികള്‍ തുടങ്ങിയിരുന്നു. ബി.സി.സി.ഐയുടെ അനുവാദം കൂടാതെ ലേലത്തിന്റെ നിബന്ധനകള്‍ മാറ്റിയത്‌ ശരത്‌ പവാറിന് താല്‍‌പര്യമുള്ള സഹാറാ ഗ്രൂപ്പിനേയും, ലളിത്‌ മോഡിക്കു താല്പര്യമുള്ള അദാനി ഗ്രൂപിനേയും വീഡിയോക്കോണിനേയും സഹായിക്കാനായിരുന്നു. അതു പാളിയെങ്കിലും പ്രിയദര്‍ശനും കൂട്ടരും പിന്മാറിയതോടെ പഴയ നിബന്ധനകള്‍ വച്ച്‌ അനായാസമായി പൂനെയും അഹമ്മദാബാദും ടീമുകള്‍ ലേലം ചെയ്യപ്പെടും എന്നായിരുന്നു മോഡിയുടെ കണക്കു കൂട്ടലുകള്‍. എന്നാല്‍ ആ സ്വപ്നത്തില്‍ വെള്ളം കോരിയൊഴിച്ചായിരുന്നു റെണ്ടേവുവുന്റെ കടന്നു വരവ്‌. അത്‌ തെല്ലൊന്നുമല്ല മോഡിയെ അലോസരപ്പെടുത്തിയത്‌. ബിഡിങ്ങ്‌ കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടണമെന്നാണ് വ്യവസ്ഥ. അതിനു മുന്നെ തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തില്‍ ഭാഗമായന്ന ഗുജറാത്തി ഗ്രൂപ്പുകള്‍ക്കുമേല്‍,  കണ്‍സോര്‍ഷ്യത്തില്‍ നിന്നും പിന്മാറാനായി രാഷ്ട്രീയ തലത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗുജറാത്തി ഗ്രൂപ്പുകള്‍ കേരളാ ടീമിനെ അല്ല പിന്തുണ്ടയ്ക്കേണ്ടതെന്നും, കണ്‍സോര്‍ഷ്യം തകര്‍ന്നാല്‍ വീണ്ടും ബിഡിങ്‌ നടക്കുമെന്നും, ആ സമയത്ത്‌ അദാനി ഗ്രൂപ്പും വീഡിയോക്കോണുമായി ചേര്‍ന്ന്` അഹമ്മദാബാദിനായി ലേലം നടത്തി ടീമുണ്ടാക്കണമെന്നുമായിരുന്നു സമ്മര്‍ദ്ദം. എന്നാല്‍ ശശി തരൂരിന്റെ ഇടപെടല്‍ ആ നീക്കത്തെ തകര്‍ത്തു. അതിനിടെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യം തകര്‍ന്നു എന്നൊരു വാര്‍ത്ത ഐ.പി.എല്ലിനെ ഉദ്ധരിച്ച്‌ വന്നിരുന്നു. ഈ വാര്‍ത്ത റെണ്ടേവൂ കണ്‍സോര്‍ഷ്യം നിഷേധിച്ചിരുന്നു. കൂടാതെ അറിയപ്പെടാത്ത ആള്‍ക്കാര്‍ക്ക്‌ റെണ്ടേവൂ കണ്‍സോര്‍ഷ്യം ഓഹരി വിറ്റു എന്ന്‌ മറ്റൊരു വാര്‍ത്ത പുറത്തു വന്നു. അത്‌ ടീമിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാകുമായിരുന്നു. എന്നാല്‍ തങ്ങള്‍ ആദ്യം നല്‍കിയ ലിസ്റ്റിലെ ഓഹരി ഉടമകള്‍ മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന്‌ റെണ്ടേവൂ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചതൊടെ ആ വിവാദത്തിനും അന്ത്യമായി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എവിടെ നിന്നും ലഭിച്ചു എന്നത്` ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടാന്‍ ബാംഗ്ലൂര്‍ എത്തിയ റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെ കാണുവാന്‍ ലളിത്‌ മോഡി കൂട്ടാക്കിയില്ല. അന്നു നടന്ന ഐ.പി.എല്‍ മത്സരം കാണുവാന്‍ പോയ മോഡി തിരിച്ച്‌ ഹോട്ടലിലെത്തിയത്‌ രാത്രി പന്ത്രണ്ടരയോടെയായിരുന്നു. കരാര്‍ ഒപ്പിടല്‍ നീട്ടി വയ്പ്പിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെങ്കിലും, ഹോട്ടലില്‍ കാത്തിരുന്ന റെണ്ടേവൂ കണ്‍സോര്‍ഷ്യം ആ രാത്രിയില്‍ തന്നെ കരാര്‍ ഒപ്പിട്ടു. 
    
എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ ഓഹരി ഉടമകളുടെ വിവരങ്ങല്‍ പ്രസിദ്ധപ്പെടുത്തി. മോഡിയുടെ വെളിപ്പെടുത്തല്‍ പ്രകാരം റോന്ദേവൂവിന് 25 ശതമാനം സൗജന്യ ഓഹരിയുണ്ട്. ഇതിനു പുറമെ റോന്ദേവൂവിന് ഒരു ശതമാനം, ആങ്കറിന് 27 ശതമാനം, പരിണീക്ക് 26 ശതമാനം, ഫിലിം വേവ്‌സ് കമ്പൈനിന് 12 ശതമാനം, ആനന്ദ് ശ്യാമിന് എട്ടു ശതമാനം, വിവേക് വേണുഗോപാലിന് ഒരു ശതമാനം എന്നിങ്ങനെയാണ് ഓഹരികളുള്ളത്. റോന്ദേവൂവിന്റെ സൗജന്യ ഓഹരികള്‍ കിസാന്‍ ഗെയ്ക്‌വാദ്, ശൈലേന്ദ്ര ഗെയ്ക്‌വാദ്, പുഷ്പ ഗെയ്ക്‌വാദ്, സുനന്ദ പുഷ്‌കര്‍, പൂജ ഗുലാത്തി, ജയന്ത് കോട്ടല്‍വാര്‍, വിഷ്ണു പ്രസാദ്, സന്ദീപ് അഗര്‍വാള്‍ എന്നിവര്‍ക്കാണെന്നും മോഡി പറഞ്ഞു. ഐ.പി.എല്‍ ടീമുടമകളുടെ അംഗീകാരത്തൊടെ മാത്രമെ ഓഹരിയുടമകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാല്‍ ലളിത്‌ മോഡി അതു ലംഘിച്ച്‌, ട്വിറ്ററില്‍ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കുകയായിരുന്നു. അതിനൊപ്പം, ഓഹരി ഉടമകളിലൊരാളായ സുനന്ദ പുഷ്കര്‍ എന്ന കാശ്മീര്‍ സ്വദേശിനിയുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന്‌ ഒരു കേന്ദ്രമന്ത്രി വിളിച്ച്‌ ആവശ്യപ്പെട്ടിരുന്നു എന്നും മോഡി, റോഷന്‍ ദേവ് എന്നൊരാളിന്റെ ട്വീറ്റിനു മറുപടിയായി കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം ചെയ്യുവാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നു. തരൂര്‍ അതു നിഷേധിക്കുകയും ചെയ്തിട്ടുണ്ട്‌. തരൂരിന് റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലുള്ള താല്പര്യം വെളിവാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ റെണ്ടേവൂ കണ്‍സോര്‍ഷ്യം ലളിത്‌ മോഡിക്കെതിരെ ബി.സി.സി.ഐയില്‍ പരാതി നല്‍കി. കൂടാതെ മോഡിക്ക്‌ വക്കീല്‍ നോട്ടീസുമയച്ചു കഴിഞ്ഞു. ഇതു വരെ ഉള്ള 8 ടീമിന്റേയും ഓഹരിയുടമകളുടെ വിവരങ്ങള്‍ പുറത്തു വിടാത്ത മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത് കണ്‍സോര്‍ഷ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി, കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനാണെന്ന്‌ ന്യായമായും സംശയിക്കാം. ലളിത്‌ മോഡിയെ ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ ശകാരിച്ചു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്‌. എന്തായാലും മോഡിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യമാണ് റെണ്ടേവൂ കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. 
  
അങ്ങനെ വെറുതെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ കഴിയുമോ എന്നൊരു ചോദ്യം ഉയരാം. ആരാണ് ഈ ലളിത്‌ മോഡി എന്നു നമുക്കൊന്നു പരിശോധിക്കാം. ഐ.പി.എല്‍ കമ്മീഷണര്‍ എന്നതല്ലാതെ ബി.സി.സി.ഐയുമായി മോഡിക്ക്‌ എന്താണ് ബന്ധം?  മോഡി ബി.സി.സി.ഐയിലെ അംഗമല്ല എന്നതാണ് സത്യം. മോഡി പ്രതിനിധാനം ചെയ്തിരുന്ന രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌, കഴിഞ്ഞ വര്‍ഷം രണ്ടു തവണ മത്സരിച്ച്‌ തോറ്റ ഒരു വ്യക്തിയാണ് ലളിത് മോഡി. ആ സ്ഥാനം നഷ്ടമായതോടെ ബി.സി.സി.ഐയിലെ വോട്ടിങ്‌ അവകാശവും അദ്ദേഹത്തിന് നഷ്ടമായി. ഐ.പി.എല്‍ കമ്മീഷണര്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായി മാത്രമാണ് മോഡിക്ക്‌ ബി.സി.സി.ഐയില്‍ ഇരിക്കാനാവുക, അതു മാത്രമാണ് മോഡിക്ക്‌ ബി.സി.സി.ഐയുമായുള്ള ബന്ധം. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലാണ് ഐ.പി.എല്‍ എങ്കിലും, ബി.സി.സി.ഐയുടെ മേല്‍നോട്ടം ഇതിനില്ല എന്നതാണ് സത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു വസ്തുതയും ബി.സി.സി.ഐയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതു വ്യക്തമാണ്. മോഡി എന്ന വ്യക്തിയ ചുറ്റിപ്പറ്റിയാണ് എല്ലാം. തീരുമാനങ്ങളും നിയമങ്ങളും നിബന്ധനകളുമെല്ലാം ഒരാളുടെ വക. തികഞ്ഞ ഏകാധിപത്യം. ഓരോ വര്‍ഷവും കോടികള്‍ തങ്ങളുടെ ഖജനാവില്‍ എത്തുന്നത്‌ കൊണ്ട്‌ ബി.സി.സി.ഐ മൌനം പാലിക്കുകയും ചെയ്യുമ്പോള്‍, ആ മൌനം മറയാക്കി സ്വന്തം ബിസിനസ്സ്‌ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് മോഡി ശ്രമിക്കുന്നത്‌. കൊച്ചി ടീമിന് ഒരോ ഘട്ടത്തിലും പാരകള്‍ പണിയുന്ന ഈ ഐ.പി.എല്‍ കമ്മീഷണറുടെ ഉദ്ദേശ്യം വ്യക്തമാണ്. അടുത്ത വെടി മോഡി പൊട്ടിച്ചു കഴിഞ്ഞു. കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ നിയന്ത്രണത്തില്‍ സ്റ്റേഡിയം ഇല്ലെങ്കിലും, ജി.സി.ഡി.എയുടെ കീഴിലുള്ള കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താല്‍ അവര്‍ അനുമതി നല്‍കിക്കഴിഞ്ഞ ശേഷമാണ് മോഡിയുടെ ഈ വെടിപൊട്ടിക്കല്‍. അതില്‍ കടിച്ചു തൂങ്ങി മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റാന്‍ മോഡി ശ്രമിക്കുമെന്ന്‌ തീര്‍ച്ച. ഈ ഏകാധിപതിയെ ഉടന്‍ തളച്ചില്ലെങ്കില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ കൊച്ചി ടീമിന് ഐ.പി.എല്‍ കളിക്കാന്‍ ഇത്തിരി വിഷമിക്കേണ്ടി വരും എന്നത്‌ തീര്‍ച്ച..... അപ്പോഴും ചോദ്യം അവശേഷിക്കുന്നു... ഇതില്‍ കള്ളനാര്, കള്ളനു കഞ്ഞിവച്ചവനാര്...???

കൊച്ചി ഐ.പി.എല്‍ ടീമിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലളിത്‌ മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേരൂ... ഇതാ ഈ ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യൂ, പ്രതികരിക്കൂ....

Wednesday, April 7, 2010

മലയാള സിനിമാ അവാര്‍ഡ്‌ 2009 - ഒരു വിയോജനക്കുറിപ്പ്‌

2009 ലെ മലയാള ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പതിവിനു വിപരീതമായി നല്ല ചിത്രങ്ങളെ ആദരിക്കുന്ന സമീപനമാണ് ഇത്തവണ ജൂറിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്‌. അതില്‍ വളരെ സന്തോഷമുണ്ടെങ്കിലും ജൂറിയുടെ പല തീരുമാനങ്ങളും കാര്യമായ വിലയിരുത്തലുകള്‍ നടത്താതെയാണോ എന്നൊരു സംശയമുണ്ട്‌.

മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്‌ കേരള വര്‍മ്മ പഴശ്ശിരാജയുടെ സംവിധായകനായ ഹരിഹരനെയാണ്. എന്നാല്‍ പഴശ്ശിരാജയില്‍ ഹരിഹരന് ഒരു സംവിധായകനെന്നതിലുപരി ഒരു സംഘാടകന്റെ റോളായിരുന്നു ഉണ്ടായിരുന്നത്‌. ആ ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവന്‍ ബഹുമതിയും അതിന്റെ തിരക്കഥയ്ക്കാണ്. ഹരിഹരനു പകരം, മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥയുടെ സംവിധായകനായ രഞ്ജിത്തായിരുന്നു ആ അവാര്‍ഡിന് അര്‍ഹന്‍. പാലേരി മാണിക്യം ഒരു സംഭവകഥയാണ്. അതിനെ അതിമനോഹരമായ ഒരു കോമേര്‍ഷ്യല്‍ ചിത്രമായി ഒരുക്കിയെടുത്തതിനു പിറകില്‍ രഞ്ജിത്ത്‌ എന്ന സംവിധായകന്റെ മികവു മാത്രമാണ്. അതു മാത്രമല്ല, കേരളാ കഫേ എന്ന പരീക്ഷണ ചിത്രത്തിന്റെ അമരക്കാരനും രഞ്ജിത്തായിരുന്നു. രഞ്ജിത്താണ് മികച്ച സംവിധായകന്‍ എന്ന പുരസ്കാരം അര്‍ഹിച്ചിരുന്നത്‌ എന്ന്‌ നിസ്സംശയം പറയാം.

മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്‌, പ്രശസ്ത ക്യാമറാമാനായ പി.സുകുമാറിനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമായ സ്വ ലേ ക്കാണ് അദ്ദേഹത്തിന് അവാര്‍ഡ്‌ ലഭിച്ചത്‌. എന്നാല്‍ പാസഞ്ചര്‍ എന്ന ചിത്രം നമുക്കായി അണിയിച്ചൊരുക്കിയ രഞ്ജിത്ത്‌ ശങ്കറല്ലേ ഈ അവാര്‍ഡിന് കൂടുതല്‍ അര്‍ഹന്‍ എന്നാണ് എന്റെ സംശയം. ഒരു ശരാശരി ചിത്രം മാത്രമായിരുന്നു സ്വ ലേ. കലവൂര്‍ രവികുമാറിന്റെ രചനയിലാണ് സുകുമാര്‍ ഈ ചിത്രം ഒരുക്കിയത്‌. എന്നാല്‍ സ്വന്തം കഥയ്ക്ക്‌ തിരക്കഥയും സംഭാഷണവുമൊരുക്കിയാണ് രഞ്ജിത്ത്‌ ശങ്കര്‍ പാസഞ്ചര്‍ നമുക്കായി അണിയിച്ചൊരുക്കിയത്‌. വ്യത്യസ്തമായ പ്രമേയം ജനശ്രദ്ധ ആകര്‍ഷിക്കുകയും, കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി പാസഞ്ചര്‍ മാറുകയും ചെയ്തു. എന്നാല്‍ കലാമൂല്യത്തില്‍ താഴെ നില്‍ക്കുകയും, ജനശ്രദ്ധയാകര്‍ഷിക്കാതെ പോകുകയും ചെയ്ത ചിത്രമായിരുന്നു സ്വലേ. രഞ്ജിത്തിനെ പോലെയുള്ള പ്രതിഭാധനരായ യുവസംവിധായകരെ തഴഞ്ഞതിന് എന്തു നീതീകരണമാണാവോ ജൂറിക്കു പറയുവാനുള്ളത്‌?

മികച്ച  ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്‌ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച കെ.ജി. ജയനാണ് ലഭിച്ചത്‌. എന്നെ ഏറ്റവും അമ്പരിപ്പിച്ച ഒരു പുരസ്കാരമാണ് ഇത്‌. പുരസ്കാരത്തിനായി ജൂറിക്കു മുന്നില്‍ സമര്‍പ്പിച്ച ചിത്രങ്ങളെല്ലാം ജൂറി കണ്ടുവോ എന്നുള്ളതാണ് എന്റെ സംശയം. അല്ലെങ്കില്‍ പിന്നെ പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത മനോജ്‌ പിള്ളയേക്കാള്‍ ജയന് എവിടെയാണ് മികവ്‌? അതു പോലെ ഭ്രമരം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അജയ്‌ വിന്‍‌സെന്റിനേക്കാള്‍ ജയന്‍ എങ്ങനെ മികച്ചതായി ? അങ്ങനെ ഒരു പാട്‌ ചോദ്യങ്ങള്‍ മനസ്സിലൂടെ മിന്നിമായുന്നു.  ചിത്രങ്ങളെല്ലാം ജൂറി കണ്ടുവെങ്കില്‍, സാങ്കേതിക വിഭാഗത്തിനെക്കുറിച്ച്‌ അറിവുള്ള അംഗങ്ങള്‍ ജൂറിയില്‍ ഇല്ലാതിരുന്നതാണ് ഇത്രയും വലിയ മണ്ടത്തരം സംഭവിക്കാന്‍ കാരണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അതു പോലെ മറ്റൊരു മണ്ടത്തരമായിരുന്നു മികച്ച ചിത്രസംയോജനത്തിനുള്ള അവാര്‍ഡ്‌. കേരളവര്‍മ്മ പഴശ്ശിരാജാ എന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദിനാണ് ആ അവാര്‍ഡ്‌ ലഭിച്ചത്‌. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ പ്രധാന ഹൈലാറ്റായിരുന്നു ആ ചിത്രത്തിന്റെ ചിത്ര സംയോജനം. വിജയ്‌ ശങ്കറായിരുന്നു പാലേരി മാണിക്യത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്‌. കേരളാ കഫേയിലെ ഹ്രസ്വചിത്രങ്ങളെ ഒന്നിച്ചു ചേര്‍ത്തവതരിപ്പിച്ച ചിത്രസംയോജകനും വിജയ്‌ശങ്കര്‍ തന്നെയായിരുന്നു. രണ്ടു മികച്ച സിനിമകള്‍ അക്കൌണ്ടിലുണ്ടായിരുന്നിട്ടും വിജയ്‌ശങ്കറിന്റെ വര്‍ക്കുകള്‍ ആദരിക്കപ്പെട്ടില്ല എന്നത്‌ സങ്കടകരമായ ഒരു വസ്തുതയാണ്.

ഋതു എന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുകിയത്‌ രാഹുല്‍‌രാജായിരുന്നു. മനോഹരമായി അദ്ദേഹമത്‌ ചെയ്തിട്ടുണ്ടെങ്കിലും, പാലേരി മാണിക്യത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാല്‍, രാഹുല്‍‌രാജിനേക്കാള്‍ ഒരു പടി മുകളില്‍ തന്നെയായിരുന്നു. പാലേരി മാണിക്യമെന്ന ചിത്രത്തിലുടനീളം, കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ സഹായകമായത്‌ ബിജിബാലിന്റെ പശ്ചാത്തല സംഗീതമായിരുന്നു. അതേ സമയം, ഋതുവില്‍ പശ്ചാത്തല സംഗീതത്തിനുള്ള ആവശ്യകത കുറവായിരുന്നു താനും. ഈ ഒരു പശ്ചാത്തലത്തില്‍ ബിജിബാലിനെ ഒഴിവാക്കി രാഹുല്‍ രാജിന് അവാര്‍ഡ് നല്‍കിയത്‌ നീതീകരിക്കാനാവുന്നതല്ല.

മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചത്‌ പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് ശബ്ദലേഖനം നടത്തിയ എന്‍. ഹരികുമാറിനാണ്. ഓസ്കാര്‍ ജേതാവ്‌ മലയാളത്തില്‍ ആദ്യമായി ശബ്ദലേഖനം ചെയ്തത് പഴശ്ശിരാജയ്ക്ക് വേണ്ടിയായിരുന്നു. യുദ്ധരംഗങ്ങളിലും മറ്റും റസൂലിന്‍റെ ശബ്ദലേഖനം ഒട്ടേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റസൂല്‍ പഴശ്ശിരാജയ്ക്ക് നല്‍കിയത് മലയാളിത്തമില്ലാത്ത ശബ്ദലേഖനമാണെന്നായിരുന്നു എന്നും പഴശ്ശിരാജയില്‍ ഹംഗേറിയന്‍ സംഗീതം കൂടുതല്‍ ഉപയോഗിച്ചു എന്നുമായിരുന്നു ജൂറിയുടെ വിശകലനം. എന്നാലിത്‌ ജൂറിയുടെ കഴിവുകേടാണെന്ന്‌ വ്യക്തമാണ്. ശബ്ദവും സംഗീതവും തിരിച്ചറിയാനുള്ള അടിസ്ഥാന വിവരമില്ലാത്ത ജൂറിയാണിതെന്ന റസൂലിന്റെ വിമര്‍ശനത്തില്‍ നിന്നു തന്നെ, ജൂറിയുടെ കഴിവുകേടെന്തെന്ന്‌ നമുക്ക്‌ മനസ്സിലാകും.

സാങ്കേതിക പരിജ്ഞാനം പോലെ തന്നെ ‘നൃത്തം‘ എന്താണെന്നറിയാത്ത ജൂറി അംഗങ്ങളാണോ നൃത്തത്തിനുള്ള അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്‌ എന്ന് ന്യായമായും സംശയിക്കാം. കാരണം സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ച ദിനേശ്‌ കുമാറിനാണ് ആ അവാര്‍ഡ്‌ നല്‍കിയത്‌. അതും ആ ചിത്രത്തിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനരംഗത്തിലെ നൃത്തത്തിന്. മോഹന്‍ലാല്‍ തെക്കു വടക്കു നടക്കുകയും മോഹന്‍ ലാലിനു ചുറ്റും ഉപഗ്രഹം പോലെ ഭാവന കറങ്ങി നടക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിലെ മഹത്തായ നൃത്തം. അതിനും അവാര്‍ഡ്‌.. കൊള്ളാം ജൂറി..കൊള്ളാം....

ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌ റൊഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രമാണ്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയോ രഞ്ജിത്ത്‌ ശങ്കറിന്റെ പാസഞ്ചാറോ അല്ലെ ആ  അവാര്‍ഡിന് കൂടുതല്‍ അര്‍ഹമായത്‌ എന്നത്‌ ചിന്തിക്കേണ്ട വസ്തുതയാണ്. കലാമൂല്യത്തിലും ഈ ചിത്രങ്ങള്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സത്യം.

പ്രേക്ഷകര്‍ ഒരു തവണ പോലും കാണത്തതും, അംഗീകരിക്കാത്തതുമായ ചിത്രങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്ന പ്രവണത ഒഴിവാക്കി, ജനങ്ങള്‍ സ്വീകരിച്ച നല്ല ചിത്രങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുക എന്ന സമീപനമാണ് ജൂറി സ്വീകരിച്ചത്‌. അത്‌ അഭിനന്ദാര്‍ഹമാണെങ്കിലും, ജൂറിയുടെ പല തീരുമാനങ്ങളും അബദ്ധങ്ങളുടെ കൂമ്പാരമാണ്. ജൂറിയുടെ കഴിവില്ലായ്മയാണ് ഇതിനു കാരണമെന്നത്‌ വ്യക്തമാണ്. കഴിവുള്ളവരെ ഉള്‍പ്പെടുത്തി അവാര്‍ഡ്‌ നിര്‍ണ്ണയ സമതി രൂപീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇതു പോലെയുള്ള മണ്ടത്തരങ്ങള്‍ മലയാളികള്‍  കാണേണ്ടി വരും.

Tuesday, April 6, 2010

2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

മലയാള സിനിമയെ സംബന്ധിച്ച്‌ മികച്ച വര്‍ഷമായിരുന്നു 2009. ഒട്ടേറെ മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2009. അതു കൊണ്ടു തന്നെ 2009 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ച്ചയായും അത്‌ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാവും. 
മികച്ച നടന്‍ - മമ്മൂട്ടി (പാലേരി മാണിക്യം)
മികച്ച നടി - ശ്വേത മേനോന്‍ (പാലേരി മാണിക്യം)
മികച്ച സംവിധായകന്‍ - ഹരിഹരന്‍ (പഴശിരാജ)
മികച്ച തിരക്കഥ - എം ടി  വാസുദേവന്‍ നായര്‍ (പഴശിരാജ)
മികച്ച രണ്ടാമത്തെ ചിത്രം - രാമാനം
മികച്ച  രണ്ടാമത്തെ നടന്‍ - മനോജ് കെ ജയന്‍ (പഴശിരാജ)
മികച്ച  രണ്ടാമത്തെ നടി - പത്മപ്രിയ (പഴശിരാജ)
പ്രത്യേക ജൂറി പുരസ്‌കാരം - ജഗതി ശ്രീകുമാര്‍ ‍(രാമാനം)

മികച്ച  ഗായകന്‍ - യേശുദാസ് - മധ്യവേനല്‍ - സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
മികച്ച  ഗായിക - ശ്രേയ ഘോഷാല്‍ ‍- ബനാറസ്-ചാന്തുതൊട്ടില്ലെ...
മികച്ച  സംഗീതസംവിധായകന്‍ ‍- മോഹന്‍സിതാര - സൂഫി പറഞ്ഞ കഥ
മികച്ച  ഗാനരചയിതാവ്  -റഫീഖ് അഹമ്മദ് - സൂഫി പറഞ്ഞ കഥ
മികച്ച  ഛായാഗ്രഹണം - കെ.ജി. ജയന്‍ - സൂഫി പറഞ്ഞ കഥ
മികച്ച  ഹാസ്യതാരം - സുരാജ് വെഞ്ഞാറമ്മൂട് - ഇവര്‍ വിവാഹിതരായാല്‍
ജനപ്രിയചിത്രം - ഇവിടം സ്വര്‍ഗമാണ്
നവാഗതസംവിധായകന്‍ - പി സുകുമാര്‍ - സ്വ.ലേ.
എഡിറ്റിങ് - ശ്രീകര്‍ പ്രസാദ് - പഴശിരാജ
കഥാകൃത്ത് - ശശി പരവൂര്‍ - കടാക്ഷം
ബാലതാരം - ബേബി നിവേദിത - ഭ്രമരം
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി - പാലേരി മാണിക്യം
വസ്ത്രാലങ്കാരം - നടരാജന്‍ - പഴശിരാജ
കലാസംവിധാനം - മുത്തുരാജ് - പഴശിരാജ
ശബ്ദലേഖനം - എന്‍ ഹരികുമാര് ‍- പത്താംനിലയിലെ തീവണ്ടി
ലാബ് - ചിത്രാഞ്ജലി - സൂഫി പറഞ്ഞ കഥ
പശ്ചാത്തലസംഗീതം - രാഹുല്‍രാജ് - ഋതു
സിനിമാലേഖനം - പി എസ് രാധാകൃഷ്ണന്‍, കെ പി ജയകുമാര്‍
സിനിമാഗ്രന്ഥം-ജി പി രാമചന്ദ്രന്‍
ഡോക്യുമെന്ററി-എഴുതാത്ത കത്തുകള്‍-വിനോദ് മങ്കര
കുട്ടികളുടെ ചിത്രം - കേശു - ശിവന്‍
ശാസ്ത്രീയസംഗീതപ്രാധാന്യമുള്ള ഗാനം - മേഘതീര്‍ത്ഥം - ശരത്
നൃത്തസംവിധാനം -ദിനേശ് കുമാര്‍ - സാഗര്‍ ഏലിയാസ് ജാക്കി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - ഷോബി തിലകന് ‍- എടച്ചേന കുങ്കന്‍ - പഴശിരാജ

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് 2009 ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌.  ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലിനെ ആധാരമാക്കി രഞ്ജിത്ത്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. കഥയും തിരക്കഥയും അഭിനയവും കലാ സാങ്കേതിക വിഭാഗങ്ങളും ഇത്രയും ഒന്നുചേര്‍ന്നു നില്‍ക്കുന്ന ഒരു മലയാള ചിത്രം, ഈ അടുത്തകാലത്ത്‌ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എല്ലാ വിഭാഗങ്ങളും പരസ്പരം കോം‌പ്ലിമെന്റ്‌ ചെയ്തു നില്‍ക്കുന്ന ഈ ചിത്രം മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നു തന്നെ പറയാം. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡും, ശ്വേതാ മേനോന്‍ മികച്ച നടിക്കുള്ള അവാര്‍ഡും നേടി. ഹരിദാസ്‌, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്നു വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌. ആറു സീനുകളില്‍ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അത്യുജ്ജലമായി മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയിലെ വൈവിധ്യവും, വടക്കേ മലബാറന്‍ ഭാഷ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍‌തൂവലാണ് ഈ ചിത്രവും അവാര്‍ഡും. കടുത്ത മത്സരത്തിനൊടുവില്‍ ഭ്രമരത്തിലെ അഭിനയത്തിലൂടെ മത്സര രംഗത്തുണ്ടായിരുന്ന മോഹന്‍ലാലിനെ പിന്തള്ളിയാണ് മമ്മൂട്ടി അവാര്‍ഡ്‌ നേടിയത്‌. ഇതേ ചിത്രത്തിലെ ചീരുവെന്ന കഥാപാത്രത്തെയാണ് ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ചീരുവിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യ കാലവും മനോഹരമായി തന്നെ ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരേ കഥാപാത്രത്തിന്റെ തന്നെ വിവിധ ഭാവങ്ങള്‍ അതീവ ഗംഭീരമായി തന്നെ ശ്വേതാ മേനോന്‍ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. അവാര്‍ഡിനായി ആദ്യന്തം ഒറ്റക്കുള്ള മത്സരമായിരുന്നു ശ്വേതയുടേത്‌. അവാര്‍ഡുകള്‍ അകന്നു നിന്ന അഭിനയ ജീവിതമാണ് ശ്വേതാ മേനോന്റേത്‌, ഈ അവാര്‍ഡ്‌ തീര്‍ച്ചയായും അവരുടെ അഭിനയ ജീവിതത്തിന് മാറ്റേറ്റുമെന്നത്‌ തീര്‍ച്ചയാണ്.

കേരള വര്‍മ്മ പഴശ്ശിരാജ സംവിധാനം ചെയ്ത ഹരിഹരനാണ് മികച്ച സംവിധായകന്‍. മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭം, 27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ്  കേരള വര്‍മ്മ പഴശ്ശിരാജ. നൂറുകണക്കിന് കലാകാരന്മാരെ അണിനിരത്തി, മനോഹരമായി ഈ ചിത്രത്തെ അണിയിച്ചൊരുക്കിയ സംവിധായകന്‍ ഹരിഹരന്‍ അഭിനന്ദാര്‍ഹമായ സംവിധായക മികവാണ് പ്രകടിപ്പിച്ചിരിക്കുന്നത്‌.  അപാകതകള്‍ ഉണ്ടാവാതെ, കലാപരമായും സാങ്കേതികമായും മികവുള്ള ഒരു ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പഴശ്ശിരാജയെ, ഒരു കൂട്ടയ്മയുടെ ചിത്രം എന്നു അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും, അതില്‍ പ്രധാന പങ്ക്‌ ഹരിഹരന് അവകാശപ്പെടാം. അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ ആദ്യാവസാനം പാലേരി മാണിക്യം സംവിധാനം ചെയ്ത രഞ്ജിത്തുമായാണ് ഹരിഹരന്‍ മത്സരിച്ചത്‌. ഒടുവില്‍ വിജയം ഹരിഹരന്റേതായി. കേരള വര്‍മ്മ പഴശ്ശിരാജയ്ക്ക്‌ തിരക്കഥയെഴുതിയ എം.ടി വാസുദേവന്‍ നായരാണ് മികച്ച തിരക്കഥാ  രചയിതാവ്‌. പഴശ്ശിരാജയുടെ ജീവിതം ചരിത്രത്തിന്റെ ഭാഗമായതിനാല്‍, അധികം വ്യത്യാസങ്ങള്‍ ഒന്നും വരുത്താതെയാണ് കഥ ഒരുക്കിയിരിക്കുന്നത്‌. അതി മനോഹരമായി തന്നെയാണ് എം.ടി ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്‌. ചിത്രത്തിന്റേയും പഴശ്ശിയുടെ പോരാട്ടത്തിന്റേയും ഒഴുക്ക്‌ നഷ്ടപ്പെടാതെ, എല്ലാ ചരിത്ര വസ്തുതകളേയും ഉള്‍പ്പെടുത്തിയെഴുതിയിരിക്കുന്ന തിരക്കഥ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. മിതത്വം നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ കൊണ്ട്‌ സമ്പുഷ്ടമാണ് പഴശ്ശിരാജ. ചരിത്ര കഥയെങ്കിലും, പ്രേക്ഷകരെ മുഴിപ്പിക്കാതെ, ഇരുപകുതിയിലും പിടിച്ചിരുത്തുന്നതില്‍ സംഭാഷണം വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. ഒരു ചരിത്രാഖ്യായി  എന്ന പരിമിതിയെ മറി കടന്ന്‌, പ്രേക്ഷകരെ അവസാനം വരെ തീയേറ്ററികളില്‍ പിടിച്ചിരുത്താനും, അവസാനം കരഘോഷം മുഴക്കി ആഹ്ലാദിക്കാനും അവരെ ഉത്തേജിപ്പിക്കുന്നത്‌ എം.ടിയുടെ തിരക്കഥയും സംഭാഷണവുമാണ്.

പഴശ്ശിരാജയിലെ അഭിനയത്തിന് മനോജ്‌ കെ ജയനെ മികച്ച രണ്ടാമത്തെ നടനായും, പത്മപ്രിയയെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. പഴശ്ശിരാജയിലെ അഭിനയത്തിന് ശരത്‌കുമാറിനോടും രാമാനത്തിലെ അഭിനയത്തിന് ജഗതിയോടുമായിരുന്നു മനോജ്‌ കെ ജയന്‍ മത്സരിച്ചത്‌. അവസാന റൌണ്ടില്‍ ശരത്‌കുമാറിന് അവാര്‍ഡ്‌ നഷ്ടമാക്കിയത്‌ സ്വന്തം ശബ്ദത്തില്‍ ഡബ്ബ്‌ ചെയ്തില്ല എന്ന ഒരൊറ്റ കാരണമായിരുന്നു. കാര്യമായി മത്സരമില്ലാതിരുന്ന രണ്ടാമത്തെ നടിയുടെ വിഭാഗത്തില്‍ പത്മപ്രിയ അനായാസമായി തന്നെ അവാര്‍ഡ് നേടി. മികച്ച രണ്ടാമത്തെ ചിത്രമായി കെ.പി.സുകുമാരന്‍ നായരുടെ രാമാനം തിരഞ്ഞെടുത്തു. അതിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. ഒരിക്കല്‍ കൂടി യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ്‌ ലഭിച്ചു എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. മികച്ച ഗായികയായി മലയാളിയല്ലാത്ത ശ്രേയാ ഘോഷല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷേ 2009 ശ്രേയാ ഘൊഷലിന്റെ വര്‍ഷമായിരുന്നു എന്നു തന്നെ പറയാം. പാലേരി മാണിക്യത്തിലെ മേക്കപ്പിന് രഞ്ജിത്ത് അമ്പാടിക്കു അവാര്‍ഡു ലഭിച്ചപ്പോള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പഴശ്ശിരാജയിലെ ശരത്‌ കുമാര്‍ അവതരിപ്പിച്ച ഇടച്ചേന കുങ്കനു ശബ്ദന്‍ നല്‍കിയ ഷോബി തിലകന്‍ കരസ്ഥമാക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്‌ ഋതുവിന് പശ്ചാത്തല സംഗീതമൊരുക്കിയ രാഹുല്‍ രാജ്‌ സ്വന്തമാക്കി.

കേരള വര്‍മ്മ പഴശ്ശിരാജ 8 അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ പാലേരി മാണിക്യം 4 അവാര്‍ഡുകളും, സൂഫി പറഞ്ഞ കഥ 3 അവാര്‍ഡുകളും നേടി.

മാധ്യമങ്ങളേ, നിങ്ങള്‍ക്കു വേറെ പണിയില്ലേ...?

കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സാനിയാ -ഷോയിബ്‌ മാലിക്‌ വിവാഹം. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയാ മിര്‍സ, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഷോയിബ്‌ മാലിക്കിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് ആദ്യമായി പടര്‍ന്നത്‌. അതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ വന്നു തുടങ്ങി. ആ വിവരം സാനിയയുടെ പിതാവ്‌ സ്ഥിതീകരിച്ചതോടെ പിന്നെ സാനിയ-ഷോയിബ്‌ വിവാഹം മാധ്യമങ്ങള്‍ ഏറ്റടുത്തു. തന്റെ ബാല്യകാല സുഹ്രുത്തും, സഹപാഠിയുമായിരുന്ന സൊഹ്റാബ് മിര്‍സയുമായി സാനിയായുടെ വിവാഹനിശ്ചയവും മോതിരം മാറലും നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കു വച്ച്‌ സാനിയാ ഈ വിവാഹം വേണ്ടെന്നു വച്ചിരുന്നു. ഷോയിബുമായുള്ള വിവാഹക്കാര്യം പുറത്തറിഞ്ഞതോടെ, ഈ വിവാഹം മുടങ്ങലും ചര്‍ച്ചയായി. അതിനിടെ ഒരു പാക്കിസ്ഥാനിയെ സാനിയ കല്യാണം കഴിക്കുന്നതു ശരിയോ എന്ന ചര്‍ച്ചയുമായി മറ്റൊരു മാധ്യമം രംഗത്തു വന്നത്‌. ആ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, പാകിസ്ഥാനില്‍ നിന്നും മറ്റൊരു വെടിപൊട്ടി. കല്യാണത്തിനു ശേഷം സാനിയ പാക്കിസ്ഥാനു വേണ്ടി കളിക്കണം എന്ന്. അതോടെ മാധ്യമങ്ങളുടെ ദേശസ്നേഹമുണര്‍ന്നു. ചര്‍ച്ചകള്‍ കല്യാണത്തില്‍ നിന്നും നയതന്ത്രബന്ധത്തിലേക്ക്‌ വഴുതി മാറി. ഇതിക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ്, ഷോയിബ്‌ കല്യാണം കഴിച്ചതാണെന്ന്‌, ആയിഷ എന്ന യുവതിയെ ഉദ്ധരിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ഒരു മാധ്യമം വെളിപ്പെടുത്തുന്നത്‌. പോരെ പൊടി പൂരം. മാധ്യമങ്ങള്‍ ചര്‍ച്ചകളും ഭാവനാ സമ്പുഷ്ടമായ കഥകളും പ്രസിദ്ധീകരിച്ച്‌ ആഘോഷം തുടര്‍ന്നു. അതിനിടയില്‍ ഷോയിബ്‌ ഹൈദരാബാദിലെത്തി, സാനിയക്കൊപ്പം പത്രക്കാരെ കാണുന്നു. അതെല്ലാ മാധ്യമങ്ങളിലും ലൈവ്‌ ടെലിക്കാസ്റ്റ്‌. ഷോയിബിനെ പോലീസ്‌ ചോദ്യം ചെയ്തതും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തതുമാണ് ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ഇതു വിവാഹം മാറ്റി വയ്ക്കുമോ എന്നതാണ് മാധ്യമങ്ങള്‍ ഉത്കണ്ഠാകുലരായി നോക്കി നില്‍ക്കുന്ന അടുത്ത വാര്‍ത്ത. ഈ വിഷയത്തില്‍ ഉണ്ടാകുന്ന ഒരോ വഴിത്തിരിവുകളും അപ്പപ്പോള്‍ നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്‌ നടക്കുകയാണ് മാധ്യമങ്ങള്‍... ഹോ.. എന്തൊരു മാധ്യമധര്‍മ്മം... കേട്ടിട്ടു തന്നെ കോരിത്തരിക്കുന്നു..

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഈ മാധ്യമങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ...? കല്യാണം കഴിക്കുന്നത്‌ ഒരാളുടെ സ്വകാര്യപരമായ കാര്യം. അത്‌ ആ‍രാണെന്നും, വിവഹശേഷം എങ്ങനെ ജീവിക്കണമെന്നും, എവിടെ ജീവിക്കണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ലേ? ആ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, അവഹേളനവുമല്ലേ ഇത്തരം ചര്‍ച്ചകള്‍...? ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറീ ലൈവ്‌ ചര്‍ച്ചകള്‍ നടത്തുന്നതാണോ മാധ്യമധര്‍മ്മം. സെന്‍സേഷണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന ഇത്തരം മാധ്യമങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കണം..

വാല്‍ക്കഷ്ണം: ഇക്കണക്കിനു പോയാല്‍, നാളെ മുതല്‍ ഈ നാട്ടിലെ കൊള്ളാവുന്ന പെമ്പിള്ളേരുടെ തന്തമാരെല്ലാം, ചാനല്‍ ഓഫീസിനു മുന്നില്‍ ക്യൂ നിന്ന്‌ മക്കളുടെ കല്യാണത്തിന്റെ വിവരങ്ങളും വരന്മാരുടെ വിവരങ്ങളും അവരില്‍ നിന്നും സെര്‍ട്ടിഫൈ ചെയ്തു വാങ്ങേണ്ടി വരുമല്ലോ..? ഇല്ലെങ്കില്‍ അതേ പറ്റി ലൈവ്‌ ചര്‍ച്ച നടത്തിയാലോ പഹയന്മാര്‍..!!!!

Sunday, April 4, 2010

ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍ (in Ghost House Inn)

മലയാളിക്ക് അവധിക്കാലമാഘോഷിക്കുവാന്‍ സംവിധായകന്‍ ലാല്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍’. ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് ഈ ചിത്രം നമ്മുടെ മുന്നില്‍ എത്തുന്നത്‌. ടു ഹരിഹര്‍ നഗര്‍ വന്‍ വിജയമായതിനു പിന്നാലെയാണ്, അതില്‍ എവിടെ കഥ അവസാനിച്ചോ, അവിടെ നിന്നുമാണ് ഈ ചിത്രം തുടങ്ങുന്നത്‌. ലാല്‍ ക്രിയേഷന്‍സിന്റെയും പി.എന്‍.വി. ഫിലിംസിന്റേയും ബാനറില്‍ പി.എന്‍.വേണുഗോപാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മുകേഷ്, സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്ന നാല്‍‌വര്‍ സംഘം മുഖ്യ കഥാപാത്രങ്ങളാകുമ്പോള്‍, കഴിഞ്ഞ ഭാഗത്തില്‍ കാണാത്ത നെടുമുടി വേണു, രാധിക, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍ എന്നിവരെ ഈ ചിത്രത്തില്‍ കാണാം.

മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും പണ്ട് അവര്‍ക്ക്‌ കിട്ടിയ പണപ്പെട്ടി ജീവിതത്തില്‍ പച്ചപിടിക്കാത്ത തോമസ്സുകുട്ടിക്ക് സമ്മാനമായി നല്‍കുന്നതോടെയാണ് 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രം അവസാനിക്കുന്നത്. തോമസ്സു കുട്ടിആ പണം കൊണ്ട്‌ കോട്ടണ്‍ ഹില്ലില്‍ ഡൊറോത്തി ബംഗ്ലാവ്‌ സ്വന്തമാക്കുകയാണ്. ടൂറിസ്റ്റുകള്‍ക്കുള്ള ഒരു റിസോര്‍ട്ടായി ആ ബംഗ്ലാവിനെ മാറ്റുകയാണ് തോമസൂകുട്ടിയുടെ ലക്ഷ്യം. ഡോറോത്തി എന്ന മാദാമ്മ, തന്റെ ഭര്‍ത്താവിനേയും കാമുകിയേയും, ഡ്രൈവറേയും കൊന്ന്‌ അതിലെ കിണട്ടില്‍ തള്ളീ എന്നതാണ് ആ ബംഗ്ലാവിന്റെ പൂര്‍വ്വചരിത്രം. അങ്ങനെ പ്രേതങ്ങളുടെ ശല്യമുള്ളതുകൊണ്ട്‌ ബംഗ്ലാവ്‌ വാങ്ങുന്നവരാരും സ്ഥിരമായി അവിടെ നില്‍ക്കാറില്ല. പെട്ടെന്നു തന്നെ അതു വിറ്റ്‌ അവിടെ നിന്നും ഓടിപ്പോവാറാണ് പതിവ്‌. ഒരു സ്ഥിരം ഉടമ ഉണ്ടാകുവാനുള്ള ഭാഗ്യം ഈ ബംഗ്ലാവിനില്ല. ആ ബംഗ്ലാവാണ്‌ തോമസുകുട്ടി വാ‍ങ്ങുന്നത്‌. ബംഗ്ലാവില്‍ പ്രേതശല്യമുണ്ടെന്ന്‌ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ ബംഗ്ലാവിനെ തന്റെ ജീവിതത്തിലെ കച്ചിത്തുരുമ്പായി കാണുന്ന തോമസ്സുകുട്ടി, ബാക്കി മൂവരേയും ഈ ബംഗ്ലാവിലേക്ക്‌ ക്ഷണിക്കുന്നു. പ്രേത ശല്യമില്ല എന്ന്‌ തെളിയിക്കുക എന്നതായിരുന്നു തോമസ്സുകുട്ടിയുടെ ലക്ഷ്യം. എന്നാല്‍, പ്രേതശല്യം അവര്‍ക്കും അനുഭവപ്പെടുന്നു. അവരുടെ ഭാര്യമാര്‍ കൂടി എത്തുന്നതോടെ അവര്‍ക്ക്‌ ടെന്‍ഷന്‍ കൂടുന്നു. പക്ഷേ എല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ അവര്‍ക്കൊരു രക്ഷകന്‍ ഉണ്ടാകുന്നു ഫാദര്‍ ഡൊമനിക്ക് (നെടുമുടി വേണു)‌. എന്നാല്‍ ആ പ്രേതം അവരുടെ ബംഗ്ലാവിലെ വേലക്കാരിയായ മരതക (രാധിക) ത്തിന്റെ ദേഹത്തു കയറുന്നതോടെ, അവരെ കാത്തിരുന്നത്‌ ഉദ്ദ്വേഗഭരിതമായ നിമിഷങ്ങളാണ്..


സിദ്ധിക്‌ ലാല്‍ കൂട്ടുകെട്ടൊരുക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ കഥയുമായി ‘ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍’ എന്ന ചിത്രത്തിന് യാതോരു ബന്ധവുമില്ല. അതിലെ നാലു കഥാപാത്രങ്ങളും, അതിലെ പണപ്പെട്ടിയും മാത്രമാണ് ഈ ചിത്രത്തിലെ പൊതുവായ ഘടകം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സംവിധായകന്‍ തന്നെയാണ്. 70 വര്‍ഷങ്ങള്‍ക്കു മുന്നെ നിന്നു തുടങ്ങുന്ന കഥ അത്യാവശ്യം പ്രേക്ഷകര്‍ക്ക്` പിരിമുറുക്കം സമ്മാനിക്കുന്നതു തന്നെയാണ്. ഒരു ഹോറര്‍ കഥയ്ക്ക്‌ ഹാസ്യത്തിന്റെ മേമ്പൊടി നല്‍കി അവതരിപ്പിക്കയാണ് ലാല്‍ ചെയ്തിട്ടുണ്ട്‌. അതില്‍ ലാല്‍ വിജയിച്ചിട്ടുണ്ട്‌. പേടിക്കുന്നതിനൊപ്പം അറിയാതെയെങ്കിലും ചിരിക്കുവാനുള്ള സന്ദര്‍ഭങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഉദ്ദ്വേഗജനകമായ ക്ലൈമാക്സിലേക്ക്‌ നീങ്ങുമ്പോള്‍ കഥാഗതി ഊഹിക്കുക എന്നത്, അസാധ്യമല്ലെങ്കിലും,‌ അല്പം വിഷമമുള്ള കാര്യമാണ്. പ്രേക്ഷകര്‍ കഥ ഊഹിക്കുവാന്‍ ശ്രമിച്ചാല്‍ ക്ലൈമാക്സിലേക്ക്‌ എത്തുമ്പോഴേക്കും അതൊരു ഊരാക്കുടുക്കായി മാറിക്കഴിഞ്ഞിരിക്കും, ഒരു കുടുക്കഴിക്കുമ്പോള്‍, മറ്റൊന്ന്‌ മുറുകുന്നത്‌ കൊണ്ട്‌ തന്നെ, ക്ലൈമാക്സിനായി അവര്‍ കാത്തിരിക്ക തന്നെ ചെയ്യും. എന്നിരുന്നാല്‍ പോലും പഴുതുകളില്ലാത്ത തിരക്കഥയല്ല ലാല്‍ ഒരുക്കിയിരികുന്നത്‌. എന്നാല്‍ കഥയില്‍ ചോദ്യമില്ല എന്നതിനാല്‍ അതിനെ നമുക്ക്‌ മറക്കാം എന്നാണ് എന്റെ അഭിപ്രായം. ലാലിലെ സംവിധായകന് ആ പിഴവുകളെ മറയ്ക്കുവാന്‍ കഴിയുന്നുണ്ട്` എന്നതാണ് സത്യം. എന്നാല്‍ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഫോണ്‍ സംഭാഷണം മാത്രമായി ഒതുക്കിയത് അല്പം രസംകൊല്ലിയായി മാറി.

ഒരു ശരാശരി അഭിനയം മാത്രമാണ് മിക്ക നടീനടന്മാരും ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്‌. മുകേഷ്, സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്നീ നാല്‍‌വര്‍ സംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത് എന്നതു കൊണ്ടൂ തന്നെ, മിക്ക രംഗങ്ങളിലും ഇവരെ തന്നെയാണ് നാം കാണുന്നത്‌. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഇവരെല്ലാം പിറകിലേക്കാണ് എന്നു പറയാതെ വയ്യ. ഇന്‍ ഹരിഹര്‍ നഗറില്‍ ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു ഇവരുടേത്‌. അത്‌ 2 ഹരിഹര്‍ നഗറിലെത്തിയപ്പോള്‍ സിദ്ധിഖിലേക്കും അശോകനിലേക്കും ഒതുങ്ങി. എന്നാല്‍ ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്നിലെത്തിമ്പോള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അഭിനയ മുഹൂര്‍ത്തം പോലും അവര്‍ നമുക്ക്‌ സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ജഗദീഷിന്റെ കഥാപാത്രത്തെ അസ്സലൊരു പൊട്ടനാക്കിയിരിക്കുന്നു. ഇയാളെങ്ങനെ ദന്ത ഡോക്ടറായി എന്നാരെങ്കിലും ചോദിച്ചാല്‍, ലോകത്തിലെ ആദ്യത്തെ മന്ദബുദ്ധിയായ ഡോക്ടര്‍ അപ്പുക്കുട്ടനാണെന്ന്‌ പറയേണ്ടി വരും. രോഹിണി, ലെന, റീന ബഷീര്‍, രാഖി, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ടെങ്കിലും കാര്യമായൊന്നും ഇവര്‍ക്കു ചെയ്യുവാനില്ല. ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയതാണെങ്കിലും, ആ ഉദ്ദേശത്തിന്റെ അടുത്തെങ്ങുമെത്താന്‍ ആ കഥാപാത്രത്തിനായില്ല. ഫാദര്‍ ഡൊമനിക്കായി നെടുമുടി വേണുവും മരതകമായി രാധികയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. സുബൈര്‍, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്‍ എന്നിവരൊക്കെ വന്നും പോയി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണ്. ഒരൊറ്റ ഗാനത്തിലെ ഐറ്റം ഡാന്‍സിനായി ലക്ഷ്മി റായിയും, മറ്റൊരു ഗാനരംഗത്തില്‍ ഒരൊറ്റ സീനില്‍ മാത്രമായി അപ്പാഹാജയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത്‌ ഇതിന്റെ സാങ്കേതിക വിഭാഗമായിരിക്കും. പശ്ചാത്ത സജ്ജീകരങ്ങള്‍ നടത്തിയ പ്രശാന്ത്‌ മാധവ്‌ അതിനൊരു കയ്യടി അര്‍ഹിക്കുന്നു, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌ വേണുവാണ്. ഇതിന്റെ ചിത്രീകരണത്തിനായി വേണു സ്വീകരിച്ചിരിക്കുന്ന ആംഗിളുകളുകളാണ് പ്രേക്ഷകരില്‍ ഭയം നിറയ്ക്കുവാന്‍ സഹായിക്കുന്നത്‌. ഒരോ സ്വീക്വന്‍സും ക്യാമറയില്‍ ഒപ്പിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ചിരിക്കുന്ന ക്രുത്യത, കഥാഗതിയിലുണ്ടാകുന്ന മാറ്റങ്ങളെയടക്കം പ്രേക്ഷകരിലെത്തിക്കുവാന്‍ സഹാകയമായി. അതിനൊപ്പം വി സാജന്റെ ചിത്രസംയോജനം കൂടി ചേരുമ്പോഴാണ്‌‍, ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്‌. ഡൊറോത്തി ബംഗ്ലാവിലെ ഭയാനകമായ അന്തരീക്ഷം ചിത്രീകരിച്ചിരുക്കുന്ന ഒരു രംഗമുണ്ട്‌, ബംഗ്ലാവിനകത്തെ കിണറ്റില്‍ നിന്നും ക്യാമറ ചലിപ്പിച്ച്‌ മുറികള്‍ കടന്ന്‌ മുറ്റത്തെ കരിങ്കല്‍ പ്രതിമയിലെത്തുന്ന ഒരു ഷോട്ട്‌. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്റേയും ചിത്രസംയോജകന്റേയും മികവു തെളിയിക്കുവാന്‍ ആ ഒരു ഒറ്റ ഷോട്ടു മതി. ഒരു ഹൊറര്‍ ചിത്രമെന്ന നിലയില്‍ സ്പെഷ്യല്‍ ഇഫക്ടുകള്‍ കൊണ്ട്‌ സമ്പുഷ്ടമാണ് ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍ എന്ന ചിത്രം. കലാസംവിധാന രംഗത്തെ പ്രഗത്ഭനായ സാബു കൊളോണിയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ചിത്രത്തിന്റെ എഫക്ടുകള്‍ ചെയ്തിരിക്കുന്നത്‌. മലയാള ചലച്ചിത്ര ശാഖയ്ക്കു പുതുമ നല്‍കുന്ന രീതിയില്‍, കഥാപാത്രങ്ങേയും, പല രംഗങ്ങളേയും ടൈറ്റില്‍ ഇഫക്ടുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജീവ് ബാലനാണ് ഈ തുടക്ക ദ്രുശ്യങ്ങള്‍ ചെയ്തിരിക്കുന്നത്‌. പട്ടണം റഷീദിന്റെ ചമയവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും നിലവാരം പുലര്‍ത്തിയിരിക്കുന്നു. കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നതില്‍ ഇവര്‍ കാണിച്ചിരിക്കുന്ന മികവ്‌ ചിത്രത്തിലുടനീളം പ്രകടമാണ്. രസകരമായത്‌, ജഗദീഷിനു നല്‍കിയ വിഗ്ഗാണ്. വാതുറക്കും മുന്നെ തന്നെ, തന്റെ കഥാപാത്രം ഒരു കോമാളിയാണെന്ന്‌ അതു വിളിച്ചറിയിക്കുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്‌ അലക്സ്‌ പോളാണ്. പശ്ചാത്തല സംഗീതം ചിത്രവുമായി ചേര്‍ന്നു പോകുമ്പോള്‍, ഗാനങ്ങള്‍ അമ്പേ പരാജയമായി. ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്‌. നാല്‍‌വര്‍ സംഘത്തെ നമുക്കായി പരിചയപ്പെടുത്തുന്ന “ഓ റാംബോ..“ എന്ന ഗാനം, എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്, രമേശ് ബാബു, വിപിന്‍ സേവ്യര്‍ എന്നിവരാണ് പാടിയിരിക്കുന്നത്‌. വരികള്‍കൊണ്ട്‌ ഉന്നം മറന്ന്‌ തെന്നിപ്പറന്ന ഗാനവുമായി സാമ്യം നല്‍കുന്നുവെങ്കിലും, പ്രേക്ഷകരില്‍ യാതോരു ചലനവുമുണ്ടാക്കാതെ ഇതു കടന്നു പോകുന്നു. അതിന്റെ ചിത്രീകരണം കണ്ടപ്പോള്‍ എനിക്ക്‌ സരോജ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഓര്‍മ്മ വന്നത്‌. ലക്ഷ്മി റായിയുടെ ഐറ്റം നമ്പറായ ഓലേ ഓലേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ ജാസി ഗിഫ്റ്റും അനിതയും ചേര്‍ന്നാണ്. സത്യം പറഞ്ഞാല്‍ അതേതായിരുന്നു ഭാഷ എന്നു പോലും മനസ്സിലാക്കാന്‍ പറ്റിയില്ല. അല്പമെങ്കിലും ഭേദമായി തോന്നിയത്‌ എം.ജി,ശ്രീകുമാര്‍, റിമി ടോമി, റെജു ജോസഫ്, പ്രിയ എന്നിവര്‍ ചേര്‍ന്ന് പാടിയ “തീ കായും താന്തോന്നിക്കാറ്റേ...“ എന്ന ഗാനം മാത്രമാണ്. ഷോബി-പോപ്പിയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. നൃത്തമെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കലാരൂപത്തില്‍ നൃത്തമെവിടെയെങ്കിലുമുണ്ടോ എന്ന്‌ അറിയാതെ എങ്കിലും പ്രേക്ഷകര്‍ സംശയിച്ചു പോകും. തീ കായും താന്തോന്നിക്കാറ്റേ എന്ന ഗാനത്തിനിടയില്‍, അഞ്ചു മാസം ഗര്‍ഭിണിയായ തോമസ്സുകുട്ടിയുടെ ഭാര്യ ജെസ്സിയെ (രാഖി) കൊണ്ട്‌ തുള്ളീച്ചാട്ടം നടത്തുന്നുണ്ട്‌. ഇത്രയും അബദ്ധജഡിലമായ ഒരു രംഗം നൃത്തസംവിധായകരോ സംവിധായകനോ ശ്രദ്ധിച്ച്‌, എന്തു കൊണ്ട് ഒഴിവാക്കിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു.

പേടിക്കുന്നതിനൊപ്പം ചിരിപ്പികുന്ന ഒരു ചിത്രമെന്നായിരുന്നു ലാല്‍, ഇന്‍ ഗോസ്റ്റ് ഹൌസ്‌ ഇന്നിനെകുറിച്ച്‌ അവകാശപ്പെട്ടത്‌. അത്‌ ഒരു പരിധി വരെ ശരിയായി മാറി എന്നതാണ് ചിത്രം തെളിയിക്കുന്നത്‌. ഇടയ്ക്കിടയ്ക്ക്‌ നമ്മെ ചിരിപ്പിക്കുവാന്‍ നര്‍മ്മ രംഗങ്ങള്‍ക്കാവുന്നുണ്ടെങ്കിലും, പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്‍ക്കുവാന്‍ സാധ്യതയുള്ളതോ പുതുമയുള്ളതോ ആയ ഒരു നര്‍മ്മരംഗം പോലും ഈ ചിത്രത്തിലില്ല എന്നത്‌ ഇതിന്റെ പ്രധാന ന്യൂനതയാണ്. അതിനൊരപവാദമാകുന്നത്‌ അപ്പുക്കുട്ടന്റെ “വിജ്രംഭിച്ച” തമാശ മാത്രമായിരിക്കും. സിദ്ധിഖ്‌ ലാല്‍ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു നിലവാരമുള്ള തമാശകള്‍. എന്നാല്‍ ലാല്‍ അതില്‍ നിന്നും ഏറെ പിറകോട്ടു പോയി എന്ന്‌ ഈ ചിത്രം തെളിയിക്കുന്നു. ചളിപ്പും, വഷളന്‍ തമാശകളും ഈ ചിത്രത്തിലുണ്ട്‌, ആ വിഭാഗം ഹരിശ്രീ അശോകന് തീറെഴുതിക്കൊടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. വീക്ഷണകോണകം, ആതമഗതാഗതം തുടങ്ങിയവയെല്ലാം സാമ്പിള്‍ മാത്രം. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഗാനങ്ങളും ഈ ചിത്രത്തില്‍ ഇല്ലാ എന്നത്‌ മറ്റൊരു ന്യൂനതയാണ്. കഥയ്ക്കു മുകളില്‍, സാങ്കേതിക വിഭാഗം തിളങ്ങി നില്‍ക്കുന്ന ഈ ചിത്രത്തിന്, പ്രേക്ഷകരെ 2 മണിക്കൂര്‍ 15 മിനിട്ട്‌ നേരം തീയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്നു എന്നത്‌ മേന്മയായി പറയാം. കഥായിലെ ട്വിസ്റ്റും ഹൊറര്‍ പ്രതീതിയും പ്രേക്ഷകരെ ആകര്‍ഷിക്കും എന്നു തീര്‍ച്ച. ഇന്‍ ഹരിഹര്‍ നഗറിന്റെ  സീക്വല്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അതു നല്‍കാന്‍ ചിത്രത്തിനു കഴിയുന്നില്ല. തോമസുകുട്ടി വിട്ടോടായും ഉന്നം മറന്നു തെന്നിപ്പറന്നും ഇല്ലാതെ എന്തോന്നു സീക്വലെന്ന് മലയാളികള്‍ അറിയാതെ ചോദിച്ചു പോകും. ഇന്‍ ഹരിഹര്‍ നഗറിന്റെ  സീക്വല്‍ എന്ന ലേബല്‍ മാറ്റി വച്ചിരുന്നെങ്കില്‍, ഈ ചിത്രം ഇതിലും മികച്ചതാക്കാന്‍ കഴിയുമായിരുന്നു എന്നു എനിക്കു തോന്നുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ പോലെ ഒരു നോണ്‍-സ്റ്റോപ്പ് എന്റര്‍ടെയ്‌നര്‍ എന്നു പറയുവാന്‍ കഴിയില്ലെങ്കിലും, ഒരിക്കല്‍ കാണാവുന്ന ചിത്രമാണ് ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍. തീയേറ്ററിലേക്ക്‌ പോകുന്നതിനു മുന്നെ നിങ്ങളുടെ പ്രതീക്ഷകള്‍ മാറ്റിവച്ചാല്‍, 135 മിനിട്ട്‌ നിങ്ങള്‍ക്ക്‌ ആസ്വദിക്കാം... അതിനൊപ്പാം, ഇതിനൊരു നാലാം ഭാഗത്തിനായി ലാല്‍ ശ്രമിക്കയില്ല എന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ....

Thursday, April 1, 2010

മരണം പോലും വിറ്റു കാശാക്കുന്ന ഏഷ്യാനെറ്റ്


ഈ കഴിഞ്ഞ മാര്‍ച്ച്‌ 15 ന് രാവിലെ നാം പത്രങ്ങളില്‍ നിന്നറിഞ്ഞ വാര്‍ത്തയാണ് , ഏഷ്യാനെറ്റ്‌ മഞ്ച്‌ സ്റ്റാര്‍ സിംഗര്‍ ഫെയിം ആതിരാ മുരളി ഉള്‍പ്പെടെയുള്ള ഗാനമേള സംഘം സഞ്ചരിച്ചിരുന്ന വാന്‍ കിളിമാനൂരില്‍ അപകടത്തില്‍പ്പെട്ടു എന്നും, സംഘത്തിലെ ഗിത്താറിസ്റ്റായിരുന്ന പ്രകാശ് കൃഷ്ണന്‍ ആ അപകടത്തില്‍ മരിച്ചുവെന്നും. എഷ്യാനെറ്റിലും മറ്റു മാധ്യമങ്ങളിലും അതിന്റെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്‌ പ്രകാശ്‌ വളരെ പ്രതിഭാധനനായ ഒരു കലാകാരനാണെന്നായിരുന്നു. ആ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു...

ഈ വീഡിയോ ഒന്നു കാണൂ... 



അതിനു ശേഷം വന്ന മഞ്ച്‌ സ്റ്റാര്‍ സിംഗര്‍ എന്ന പ്രോഗ്രാമിലെ ഒരു സ്പെഷ്യന്‍ ഇന്റര്‍വ്യൂ ആണ്. ആതിരാ മുരളിയെയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത്, ഇന്റര്‍വ്യൂ നടത്തുന്നത്‌ ടെലിവിഷന്‍ അവതാരികയും സിനിമാ നടിയുമായ നസ്രിയ. വളരെ ഭംഗിയായി ഒരുക്കിയെടുത്ത ഒരു തിരനാടകം പോലെയുണ്ട്‌ ഈ ഇന്റര്‍വ്യൂ..

ചോദ്യം:ആതിര ഭയം ഉണ്ടായിരുന്നോ????
ഉത്തരം: ഭയം ഉണ്ടായിരുന്നു..പക്ഷെ ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് അധികം ഭയം ഉണ്ടായിരുന്നില്ല.....
ചോദ്യം: എപ്പോഴാണിത്‌ സംഭവിച്ചത്‌ ????
ഉത്തരം: ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് എപ്പോഴാണ് എന്നറിയില്ല. ഒരു വലിയ സൌണ്ട്‌ കേട്ടു, അങ്ങനെയാണ് ഉണര്‍ന്നത്‌.
ചോദ്യം: എങ്ങനെയാണ് സംഭവിച്ചത്‌ ????
ഉത്തരം: ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് എങ്ങനെയാണ് എന്നറിയില്ല.

എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് ആതിരയ്ക്കു പറയുവാനുള്ളത്‌. അപകടം നടക്കുമ്പോള്‍ ആ കുട്ടി ഉറങ്ങുകയായിരുന്നു. ആതിര അതൊന്നും അറിഞ്ഞതേയില്ല. എന്നിട്ടും,  കല്യാണ വിശേഷം പറയുന്നത് പോലെ കൊച്ചിനെക്കൊണ്ട്‌ മരണത്തിന്റെ വിവരങ്ങളും പറയിക്കുന്നു. ഇങ്ങനെ ഒരു ഇന്റര്‍വ്യൂ നാടകം നടത്തിയതു വഴി, ഏഷ്യാനെറ്റ് എന്തണ് ഉദ്ദേശിക്കുന്നത്‌? ഒരു സഹതാപ തരംഗം സ്രുഷ്ടിക്കുവാനോ അതോ പ്രേക്ഷകരുടെ എണ്ണം കൂട്ടുവാനോ? ആ ഇന്റര്‍വ്യൂവിന്റെ പ്രസക്തഭാഗങ്ങള്‍ മഞ്ച്‌ സ്റ്റാര്‍ സിംഗറിന്റെ പ്രമോയോടൊപ്പം കാണിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ ഇത്തരം ചീപ്പ്‌ നമ്പറുകള്‍ ഇതാദ്യമല്ല. എന്നാല്‍ മരണത്തെ പോലും ഒരു ഷോ ആക്കി മാറ്റുന്ന കാഴ്ച ഇതാദ്യമാണ്.... എന്റെ പെര്‍ഫോര്‍മന്‍സ്‌ ഇഷ്ടമായെങ്കില്‍ എനിക്ക്‌ എസ്.എം.എസ് ചെയൂ എന്നു പറയാതിരുന്നത്‌ നന്നായി...!!! 

എന്തായാലും ഇത്രയ്ക്കു വേണ്ടായിരുന്നു ഏഷ്യാനെറ്റ്‌..!!!
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.