Tuesday, April 6, 2010

മാധ്യമങ്ങളേ, നിങ്ങള്‍ക്കു വേറെ പണിയില്ലേ...?

കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സാനിയാ -ഷോയിബ്‌ മാലിക്‌ വിവാഹം. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയാ മിര്‍സ, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഷോയിബ്‌ മാലിക്കിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് ആദ്യമായി പടര്‍ന്നത്‌. അതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ വന്നു തുടങ്ങി. ആ വിവരം സാനിയയുടെ പിതാവ്‌ സ്ഥിതീകരിച്ചതോടെ പിന്നെ സാനിയ-ഷോയിബ്‌ വിവാഹം മാധ്യമങ്ങള്‍ ഏറ്റടുത്തു. തന്റെ ബാല്യകാല സുഹ്രുത്തും, സഹപാഠിയുമായിരുന്ന സൊഹ്റാബ് മിര്‍സയുമായി സാനിയായുടെ വിവാഹനിശ്ചയവും മോതിരം മാറലും നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കു വച്ച്‌ സാനിയാ ഈ വിവാഹം വേണ്ടെന്നു വച്ചിരുന്നു. ഷോയിബുമായുള്ള വിവാഹക്കാര്യം പുറത്തറിഞ്ഞതോടെ, ഈ വിവാഹം മുടങ്ങലും ചര്‍ച്ചയായി. അതിനിടെ ഒരു പാക്കിസ്ഥാനിയെ സാനിയ കല്യാണം കഴിക്കുന്നതു ശരിയോ എന്ന ചര്‍ച്ചയുമായി മറ്റൊരു മാധ്യമം രംഗത്തു വന്നത്‌. ആ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, പാകിസ്ഥാനില്‍ നിന്നും മറ്റൊരു വെടിപൊട്ടി. കല്യാണത്തിനു ശേഷം സാനിയ പാക്കിസ്ഥാനു വേണ്ടി കളിക്കണം എന്ന്. അതോടെ മാധ്യമങ്ങളുടെ ദേശസ്നേഹമുണര്‍ന്നു. ചര്‍ച്ചകള്‍ കല്യാണത്തില്‍ നിന്നും നയതന്ത്രബന്ധത്തിലേക്ക്‌ വഴുതി മാറി. ഇതിക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ്, ഷോയിബ്‌ കല്യാണം കഴിച്ചതാണെന്ന്‌, ആയിഷ എന്ന യുവതിയെ ഉദ്ധരിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ഒരു മാധ്യമം വെളിപ്പെടുത്തുന്നത്‌. പോരെ പൊടി പൂരം. മാധ്യമങ്ങള്‍ ചര്‍ച്ചകളും ഭാവനാ സമ്പുഷ്ടമായ കഥകളും പ്രസിദ്ധീകരിച്ച്‌ ആഘോഷം തുടര്‍ന്നു. അതിനിടയില്‍ ഷോയിബ്‌ ഹൈദരാബാദിലെത്തി, സാനിയക്കൊപ്പം പത്രക്കാരെ കാണുന്നു. അതെല്ലാ മാധ്യമങ്ങളിലും ലൈവ്‌ ടെലിക്കാസ്റ്റ്‌. ഷോയിബിനെ പോലീസ്‌ ചോദ്യം ചെയ്തതും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തതുമാണ് ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ഇതു വിവാഹം മാറ്റി വയ്ക്കുമോ എന്നതാണ് മാധ്യമങ്ങള്‍ ഉത്കണ്ഠാകുലരായി നോക്കി നില്‍ക്കുന്ന അടുത്ത വാര്‍ത്ത. ഈ വിഷയത്തില്‍ ഉണ്ടാകുന്ന ഒരോ വഴിത്തിരിവുകളും അപ്പപ്പോള്‍ നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്‌ നടക്കുകയാണ് മാധ്യമങ്ങള്‍... ഹോ.. എന്തൊരു മാധ്യമധര്‍മ്മം... കേട്ടിട്ടു തന്നെ കോരിത്തരിക്കുന്നു..

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഈ മാധ്യമങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ...? കല്യാണം കഴിക്കുന്നത്‌ ഒരാളുടെ സ്വകാര്യപരമായ കാര്യം. അത്‌ ആ‍രാണെന്നും, വിവഹശേഷം എങ്ങനെ ജീവിക്കണമെന്നും, എവിടെ ജീവിക്കണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ലേ? ആ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, അവഹേളനവുമല്ലേ ഇത്തരം ചര്‍ച്ചകള്‍...? ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറീ ലൈവ്‌ ചര്‍ച്ചകള്‍ നടത്തുന്നതാണോ മാധ്യമധര്‍മ്മം. സെന്‍സേഷണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന ഇത്തരം മാധ്യമങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കണം..

വാല്‍ക്കഷ്ണം: ഇക്കണക്കിനു പോയാല്‍, നാളെ മുതല്‍ ഈ നാട്ടിലെ കൊള്ളാവുന്ന പെമ്പിള്ളേരുടെ തന്തമാരെല്ലാം, ചാനല്‍ ഓഫീസിനു മുന്നില്‍ ക്യൂ നിന്ന്‌ മക്കളുടെ കല്യാണത്തിന്റെ വിവരങ്ങളും വരന്മാരുടെ വിവരങ്ങളും അവരില്‍ നിന്നും സെര്‍ട്ടിഫൈ ചെയ്തു വാങ്ങേണ്ടി വരുമല്ലോ..? ഇല്ലെങ്കില്‍ അതേ പറ്റി ലൈവ്‌ ചര്‍ച്ച നടത്തിയാലോ പഹയന്മാര്‍..!!!!

2 comments:

  1. മാധ്യമങ്ങൾക്കെന്തെങ്കിലും പണി വേണ്ടേ മാഷേ :)

    ReplyDelete
  2. @ ബഷീര്‍
    ഒരു പണിയും ഇല്ലാത്ത ആളുകളാണോ ഈ ചാനലില്‍ കുത്തിയിരിക്കുന്നത്‌...?

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.