Thursday, April 15, 2010

ഐ.പി.എല്‍ “കളി“ കാര്യമാവുമ്പോള്‍...


ഐ.പി.എല്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍, കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഭാവി തുലാസിലാണോ എന്ന സംശയം കേരളത്തിലെ ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും ഉണ്ട്‌. കഴിഞ്ഞ ദിവസം ലളിത്‌ മോഡി തിരി കൊളുത്തിയ വിവാദമിപ്പോള്‍ മറ്റൊരു തലത്തിലേക്കെത്തി നില്‍ക്കയാണ്. കൊച്ചിയില്‍ ഇനി ഐ.പി.എല്‍ ടീമുണ്ടാകുമോ എന്നൊരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. അഹമ്മദാബാദിനായി ചരടുവലികള്‍ നടത്തിയ മോഡിയുടെ കളികളാണ് ഇപ്പോള്‍ കേരളത്തിന്റെ ഐ.പി.എല്‍ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത്. മോഡിയുടെ ആദ്യം മുതലെയുള്ള കളികളെക്കുറിച്ച്‌ ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

കൊച്ചി ഫ്രാഞ്ചൈസി ലേലത്തില്‍ പിടിച്ച റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഗുജറാത്തി വ്യവസായികളെ അടര്‍ത്തിയെടുക്കുവാനുള്ള ശ്രമം മോഡി തുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ അതു സാധിച്ചടുക്കാം എന്നു കരുതിയ മോഡിയുടെ ആ നീക്കത്തെ ശശി തരൂര്‍ തകര്‍ത്തപ്പോള്‍, റെണ്ടേവു കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍, കണ്‍സോര്‍ഷ്യത്തിന്റെ അനുമതി കൂടാതെ, ട്വിറ്ററിലൂടെ പുറത്തു വിട്ടാണ് മോഡി അതിന് പകരം വീട്ടിയത്‌. അതു കൂടാതെ കണ്‍സോര്‍ഷ്യത്തിലെ ഒരു ഓഹരി ഉടമയായ സുനന്ദ പുഷ്കറിന് ശശി തരൂരുമായി ബന്ധമുണ്ടെന്നും സുനന്ദയുടെ ഓഹരി വിവരങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ തരൂര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമാണ് മോഡി പറഞ്ഞത്‌. എന്നാല്‍ തരൂര്‍ അതു നിഷേധിക്കുകയും മോഡിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ തരൂരിനെ രാഷ്ട്രീയമായി ഒതുക്കി, കൊച്ചി കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനും അതു വഴി ടീമിനെ ഗുജറാത്തില്‍ എത്തിക്കാനുമാണ് ശ്രമം.


അഹമ്മദാബാദിനു വേണ്ടി ശക്തമായി നില്‍ക്കുന്നത്‌ അദാനി ഗ്രൂപ്പാണ്. അതിനു പിറകില്‍ നരേന്ദ്രമോഡിയാണ് എന്നാണ് അറിവ്‌. റെണ്ടേവൂവിനെ അയോഗ്യരാക്കുവാനും അതു വഴി പിന്‍‌വാതിലിലൂടെ അദാനി ഗ്രൂപ്പിന് ഫ്രാഞ്ചൈസി കൈമാറാനുമായിരുന്നു ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ കരാര്‍ ഒപ്പിടുന്നത്‌ വൈകിച്ച്‌, കണ്‍സോര്‍ഷ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു ലളിത്‌ മോഡിയുടെ ശ്രമം. എന്നാല്‍ അതും പരാജയപ്പെട്ടതോടെയാണ് ഉടമസ്ഥാവകാശത്തെ ചൊല്ലി മോഡി ആരോപണങ്ങള്‍ ഉന്നയിച്ചത്‌. കേരളത്തിനു വേണ്ടി ഐ.പി.എല്‍. നേടിയ ഫ്രാഞ്ചൈസിയിലുള്ളത് ആരൊക്കെയാണെന്ന് അതിലെ അംഗങ്ങള്‍ക്കു തന്നെ അറിയില്ലെന്ന ആരോപണമാണ് ലളിത് മോഡി പുതിയതായി ഉന്നയിച്ചത്‌. കേരള ടീമിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഐ.പി.എല്‍. ഭരണസമിതിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതിയില്‍ മുന്‍‌തൂക്കമുള്ള മോഡിക്ക്‌,  കേരളത്തിന് അയോഗ്യത കല്പിക്കാനാവും, അതു വഴി അദാനി ഗ്രൂപ്പിന് അഹമ്മദാബാദിനായി രംഗത്തെത്താന്‍ കളമൊരുക്കുകയും ചെയ്യും. വിദഗ്ദമായ ആസൂത്രണമാണ് മോഡി ഈ കാര്യത്തില്‍ നടത്തുന്നത്‌. എന്തു വിലകൊടുത്തും അദാനി ഗ്രൂപ്പിന്‌ ഐ.പി.എല്‍ ഫ്രാഞ്ചൈസി നല്‍കുമെന്ന മോഡിയുടെ വാശിയാണിതിനു പിന്നില്‍. റെണ്ടേവൂ ഗ്രൂപ്പിലെ രണ്ട്‌ പ്രധാന ഗുജറാത്തി വ്യവസായികളായ മുകേഷ് പട്ടേലിന്റെയും (ശ്രീരാം വെസ്സല്‍‌സ്‌) വിപുല്‍ ഷായുടേയും (പരീനി ഡെവലപ്പേഴ്‌സ്) ഓഫീസുകളില്‍ ഈ വാരം ആദ്യം നടന്ന ഇന്‍‌കം ടാക്സ് റെയ്‌ഡുകള്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നു വേണം കരുതാന്‍.


അതിനിടെ ലേലത്തില്‍ നിന്ന് പിന്മാറാന്‍ 50 മില്യണ്‍ ഡോളര്‍ മോഡി വാഗ്ദാനം ചെയ്തു എന്ന് കൊച്ചി ഐ.പി.എല്‍ സി.എ.ഓ, ശൈലേന്ദ്ര ഗെയ്ക്ക്‌ വാദ്‌ വെളിപ്പിടുത്തിയിരുന്നു. അതു പോലെ തന്നെ, ലേലത്തിന്റെ സമയത്ത് ടീമിനു വേണ്ടീ ക്വോട്ട്‌ ചെയ്യേണ്ട പരമാവധി വിലയെപറ്റി മോഡി റെണ്ടേവൂവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റെണ്ടേവൂ പറയുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം അനുസരിക്കാതെ മുന്നോട്ട്‌ നീങ്ങിയ റെണ്ടേവൂ ലേലത്തില്‍ അദാനി ഗ്രൂപ്പിനെ പിന്നിലാക്കി ഫ്രാഞ്ചൈസി നേടുകയാണ് ചെയ്തത്‌. അതിനു പിന്നാലെ കൊച്ചി ടീമിനെ തകര്‍ക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടത്തിയ മോഡി, ഇപ്പോള്‍ പരസ്യമായി തന്നെ, കൊച്ചി ടീമിനെതിരെ രംഗത്തെത്തിയിരികുകയാണ്. ഇനിയൊരു ലേലം നടത്തി അദാനി ഗ്രൂപ്പിന് ടീം നല്‍കുവാന്‍ കഴിയുകയില്ല എന്ന്‌ മോഡിക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. അതു കൊണ്ട് പുതിയൊരു തന്ത്രമാണ് മോഡി പയറ്റുന്നത്‌. ആ തന്ത്രത്തിന്റെ ഭാഗമായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെക്കോണ്ട്‌ ടീമിനെ കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലെത്തിക്കുക എന്ന തന്ത്രമാണ് പയറ്റുന്നത്‌. കളി നടത്താന്‍ ബി.സി.സി.ഐ സ്റ്റേഡിയമില്ല എന്ന കീറാമുട്ടി മുന്നില്‍ വച്ചാവും ലളിത് മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തോട്‌ വിലപേശുക. അതിന് ബി.സി.സി.ഐയുടെ മൌനാനുവാദവും ഉണ്ട്‌. ഇതിന്റെ പേരില്‍ ലളിത് മോഡിയെ പിണക്കാന്‍ ബി.സി.സി.ഐക്കോ ശരത്‌ പവാറിനോ താല്പര്യമുണ്ടാകില്ല. ഐ.പി.എല്‍ എന്ന പണം കായ്ക്കുന്ന മരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ആര്‍ക്കാ‌ താല്പര്യമുണ്ടാകുക? ആ കളിയുടെ ഭാഗമാണ്, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ നാലു ഓഹരി ഉടമകള്‍ക്ക്‌ തന്നെ കണ്ടുവെന്നും, അവര്‍ക്ക്‌ കൊച്ചിയില്‍ താല്പര്യമില്ലന്നും, അഹമ്മദാബാദാണ് പഥ്യമെന്നും ശരത് പവാര്‍ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്‌.  റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കിയതിന്റെ പേരില്‍ മോഡിക്കെതിരെ കണ്‍സോര്‍ഷ്യം നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനു ബദലായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ മോഡി ഭീഷണി മുഴക്കിക്കഴിഞ്ഞു. ഓഹരി ഉടമകളുമായി സംസാരിച്ചത്‌ “തന്റെ ഓഫീസ്‌ അംഗങ്ങളുടെ” സാന്നിധ്യത്തിലാണെന്നും, അവരെല്ലാം സാക്ഷികളാണെന്നുമാണ് മോഡിയുടെ വാദം. ആ കേസ്‌ വെറുമൊരു ഉമ്മാക്കി മാത്രമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും. അതു മറ്റൊരു സമ്മര്‍ദ്ദ തന്ത്രം മാത്രം.


എന്നാല്‍ ആശങ്കാ ജനകമായ വസ്തുത അതൊന്നുമല്ല. കൊച്ചി ഐ.പി.എല്‍ ടീമിനെ രക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ ശശി തരൂര്‍ മാത്രമാണ്. എന്നാല്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം തരൂരിലെ ക്രൂശിക്കാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. അതിനൊപ്പം കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ ലോബി ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്. തരൂരിനെ നിശബ്ദനാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്ന ഈ അവസ്ഥയില്‍, കേരളത്തിന്റെ ഐ.പി.എല്‍ ടീമിനെ രക്ഷിക്കുക എന്ന കര്‍ത്തവ്യം റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലൊതുങ്ങിയിരിക്കയാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിച്ച്‌, ടീമിനെ രക്ഷിച്ചു പിടിക്കാന്‍, തരൂര്‍ മുന്നിട്ടിറങ്ങിയാല്‍, ഐ.പി.എല്‍ ടീമിനെ തട്ടിയെടുക്കാന്‍ മോഡി വിയര്‍ക്കേണ്ടി വരും. ഐ.പി.എല്‍ കേരളത്തിന് സമ്മാനിക്കാവുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ട്‌, കേരളത്തിലെ യുവജനതയും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരും രാഷ്ട്രീയം മറന്ന്‌ തരൂരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്‌.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.