Sunday, April 4, 2010

ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍ (in Ghost House Inn)

മലയാളിക്ക് അവധിക്കാലമാഘോഷിക്കുവാന്‍ സംവിധായകന്‍ ലാല്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍’. ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് ഈ ചിത്രം നമ്മുടെ മുന്നില്‍ എത്തുന്നത്‌. ടു ഹരിഹര്‍ നഗര്‍ വന്‍ വിജയമായതിനു പിന്നാലെയാണ്, അതില്‍ എവിടെ കഥ അവസാനിച്ചോ, അവിടെ നിന്നുമാണ് ഈ ചിത്രം തുടങ്ങുന്നത്‌. ലാല്‍ ക്രിയേഷന്‍സിന്റെയും പി.എന്‍.വി. ഫിലിംസിന്റേയും ബാനറില്‍ പി.എന്‍.വേണുഗോപാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മുകേഷ്, സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്ന നാല്‍‌വര്‍ സംഘം മുഖ്യ കഥാപാത്രങ്ങളാകുമ്പോള്‍, കഴിഞ്ഞ ഭാഗത്തില്‍ കാണാത്ത നെടുമുടി വേണു, രാധിക, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍ എന്നിവരെ ഈ ചിത്രത്തില്‍ കാണാം.

മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും പണ്ട് അവര്‍ക്ക്‌ കിട്ടിയ പണപ്പെട്ടി ജീവിതത്തില്‍ പച്ചപിടിക്കാത്ത തോമസ്സുകുട്ടിക്ക് സമ്മാനമായി നല്‍കുന്നതോടെയാണ് 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രം അവസാനിക്കുന്നത്. തോമസ്സു കുട്ടിആ പണം കൊണ്ട്‌ കോട്ടണ്‍ ഹില്ലില്‍ ഡൊറോത്തി ബംഗ്ലാവ്‌ സ്വന്തമാക്കുകയാണ്. ടൂറിസ്റ്റുകള്‍ക്കുള്ള ഒരു റിസോര്‍ട്ടായി ആ ബംഗ്ലാവിനെ മാറ്റുകയാണ് തോമസൂകുട്ടിയുടെ ലക്ഷ്യം. ഡോറോത്തി എന്ന മാദാമ്മ, തന്റെ ഭര്‍ത്താവിനേയും കാമുകിയേയും, ഡ്രൈവറേയും കൊന്ന്‌ അതിലെ കിണട്ടില്‍ തള്ളീ എന്നതാണ് ആ ബംഗ്ലാവിന്റെ പൂര്‍വ്വചരിത്രം. അങ്ങനെ പ്രേതങ്ങളുടെ ശല്യമുള്ളതുകൊണ്ട്‌ ബംഗ്ലാവ്‌ വാങ്ങുന്നവരാരും സ്ഥിരമായി അവിടെ നില്‍ക്കാറില്ല. പെട്ടെന്നു തന്നെ അതു വിറ്റ്‌ അവിടെ നിന്നും ഓടിപ്പോവാറാണ് പതിവ്‌. ഒരു സ്ഥിരം ഉടമ ഉണ്ടാകുവാനുള്ള ഭാഗ്യം ഈ ബംഗ്ലാവിനില്ല. ആ ബംഗ്ലാവാണ്‌ തോമസുകുട്ടി വാ‍ങ്ങുന്നത്‌. ബംഗ്ലാവില്‍ പ്രേതശല്യമുണ്ടെന്ന്‌ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ ബംഗ്ലാവിനെ തന്റെ ജീവിതത്തിലെ കച്ചിത്തുരുമ്പായി കാണുന്ന തോമസ്സുകുട്ടി, ബാക്കി മൂവരേയും ഈ ബംഗ്ലാവിലേക്ക്‌ ക്ഷണിക്കുന്നു. പ്രേത ശല്യമില്ല എന്ന്‌ തെളിയിക്കുക എന്നതായിരുന്നു തോമസ്സുകുട്ടിയുടെ ലക്ഷ്യം. എന്നാല്‍, പ്രേതശല്യം അവര്‍ക്കും അനുഭവപ്പെടുന്നു. അവരുടെ ഭാര്യമാര്‍ കൂടി എത്തുന്നതോടെ അവര്‍ക്ക്‌ ടെന്‍ഷന്‍ കൂടുന്നു. പക്ഷേ എല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ അവര്‍ക്കൊരു രക്ഷകന്‍ ഉണ്ടാകുന്നു ഫാദര്‍ ഡൊമനിക്ക് (നെടുമുടി വേണു)‌. എന്നാല്‍ ആ പ്രേതം അവരുടെ ബംഗ്ലാവിലെ വേലക്കാരിയായ മരതക (രാധിക) ത്തിന്റെ ദേഹത്തു കയറുന്നതോടെ, അവരെ കാത്തിരുന്നത്‌ ഉദ്ദ്വേഗഭരിതമായ നിമിഷങ്ങളാണ്..


സിദ്ധിക്‌ ലാല്‍ കൂട്ടുകെട്ടൊരുക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ കഥയുമായി ‘ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍’ എന്ന ചിത്രത്തിന് യാതോരു ബന്ധവുമില്ല. അതിലെ നാലു കഥാപാത്രങ്ങളും, അതിലെ പണപ്പെട്ടിയും മാത്രമാണ് ഈ ചിത്രത്തിലെ പൊതുവായ ഘടകം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സംവിധായകന്‍ തന്നെയാണ്. 70 വര്‍ഷങ്ങള്‍ക്കു മുന്നെ നിന്നു തുടങ്ങുന്ന കഥ അത്യാവശ്യം പ്രേക്ഷകര്‍ക്ക്` പിരിമുറുക്കം സമ്മാനിക്കുന്നതു തന്നെയാണ്. ഒരു ഹോറര്‍ കഥയ്ക്ക്‌ ഹാസ്യത്തിന്റെ മേമ്പൊടി നല്‍കി അവതരിപ്പിക്കയാണ് ലാല്‍ ചെയ്തിട്ടുണ്ട്‌. അതില്‍ ലാല്‍ വിജയിച്ചിട്ടുണ്ട്‌. പേടിക്കുന്നതിനൊപ്പം അറിയാതെയെങ്കിലും ചിരിക്കുവാനുള്ള സന്ദര്‍ഭങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഉദ്ദ്വേഗജനകമായ ക്ലൈമാക്സിലേക്ക്‌ നീങ്ങുമ്പോള്‍ കഥാഗതി ഊഹിക്കുക എന്നത്, അസാധ്യമല്ലെങ്കിലും,‌ അല്പം വിഷമമുള്ള കാര്യമാണ്. പ്രേക്ഷകര്‍ കഥ ഊഹിക്കുവാന്‍ ശ്രമിച്ചാല്‍ ക്ലൈമാക്സിലേക്ക്‌ എത്തുമ്പോഴേക്കും അതൊരു ഊരാക്കുടുക്കായി മാറിക്കഴിഞ്ഞിരിക്കും, ഒരു കുടുക്കഴിക്കുമ്പോള്‍, മറ്റൊന്ന്‌ മുറുകുന്നത്‌ കൊണ്ട്‌ തന്നെ, ക്ലൈമാക്സിനായി അവര്‍ കാത്തിരിക്ക തന്നെ ചെയ്യും. എന്നിരുന്നാല്‍ പോലും പഴുതുകളില്ലാത്ത തിരക്കഥയല്ല ലാല്‍ ഒരുക്കിയിരികുന്നത്‌. എന്നാല്‍ കഥയില്‍ ചോദ്യമില്ല എന്നതിനാല്‍ അതിനെ നമുക്ക്‌ മറക്കാം എന്നാണ് എന്റെ അഭിപ്രായം. ലാലിലെ സംവിധായകന് ആ പിഴവുകളെ മറയ്ക്കുവാന്‍ കഴിയുന്നുണ്ട്` എന്നതാണ് സത്യം. എന്നാല്‍ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഫോണ്‍ സംഭാഷണം മാത്രമായി ഒതുക്കിയത് അല്പം രസംകൊല്ലിയായി മാറി.

ഒരു ശരാശരി അഭിനയം മാത്രമാണ് മിക്ക നടീനടന്മാരും ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്‌. മുകേഷ്, സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്നീ നാല്‍‌വര്‍ സംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത് എന്നതു കൊണ്ടൂ തന്നെ, മിക്ക രംഗങ്ങളിലും ഇവരെ തന്നെയാണ് നാം കാണുന്നത്‌. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഇവരെല്ലാം പിറകിലേക്കാണ് എന്നു പറയാതെ വയ്യ. ഇന്‍ ഹരിഹര്‍ നഗറില്‍ ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു ഇവരുടേത്‌. അത്‌ 2 ഹരിഹര്‍ നഗറിലെത്തിയപ്പോള്‍ സിദ്ധിഖിലേക്കും അശോകനിലേക്കും ഒതുങ്ങി. എന്നാല്‍ ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്നിലെത്തിമ്പോള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അഭിനയ മുഹൂര്‍ത്തം പോലും അവര്‍ നമുക്ക്‌ സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ജഗദീഷിന്റെ കഥാപാത്രത്തെ അസ്സലൊരു പൊട്ടനാക്കിയിരിക്കുന്നു. ഇയാളെങ്ങനെ ദന്ത ഡോക്ടറായി എന്നാരെങ്കിലും ചോദിച്ചാല്‍, ലോകത്തിലെ ആദ്യത്തെ മന്ദബുദ്ധിയായ ഡോക്ടര്‍ അപ്പുക്കുട്ടനാണെന്ന്‌ പറയേണ്ടി വരും. രോഹിണി, ലെന, റീന ബഷീര്‍, രാഖി, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ടെങ്കിലും കാര്യമായൊന്നും ഇവര്‍ക്കു ചെയ്യുവാനില്ല. ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയതാണെങ്കിലും, ആ ഉദ്ദേശത്തിന്റെ അടുത്തെങ്ങുമെത്താന്‍ ആ കഥാപാത്രത്തിനായില്ല. ഫാദര്‍ ഡൊമനിക്കായി നെടുമുടി വേണുവും മരതകമായി രാധികയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. സുബൈര്‍, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്‍ എന്നിവരൊക്കെ വന്നും പോയി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണ്. ഒരൊറ്റ ഗാനത്തിലെ ഐറ്റം ഡാന്‍സിനായി ലക്ഷ്മി റായിയും, മറ്റൊരു ഗാനരംഗത്തില്‍ ഒരൊറ്റ സീനില്‍ മാത്രമായി അപ്പാഹാജയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നത്‌ ഇതിന്റെ സാങ്കേതിക വിഭാഗമായിരിക്കും. പശ്ചാത്ത സജ്ജീകരങ്ങള്‍ നടത്തിയ പ്രശാന്ത്‌ മാധവ്‌ അതിനൊരു കയ്യടി അര്‍ഹിക്കുന്നു, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌ വേണുവാണ്. ഇതിന്റെ ചിത്രീകരണത്തിനായി വേണു സ്വീകരിച്ചിരിക്കുന്ന ആംഗിളുകളുകളാണ് പ്രേക്ഷകരില്‍ ഭയം നിറയ്ക്കുവാന്‍ സഹായിക്കുന്നത്‌. ഒരോ സ്വീക്വന്‍സും ക്യാമറയില്‍ ഒപ്പിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ചിരിക്കുന്ന ക്രുത്യത, കഥാഗതിയിലുണ്ടാകുന്ന മാറ്റങ്ങളെയടക്കം പ്രേക്ഷകരിലെത്തിക്കുവാന്‍ സഹാകയമായി. അതിനൊപ്പം വി സാജന്റെ ചിത്രസംയോജനം കൂടി ചേരുമ്പോഴാണ്‌‍, ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്‌. ഡൊറോത്തി ബംഗ്ലാവിലെ ഭയാനകമായ അന്തരീക്ഷം ചിത്രീകരിച്ചിരുക്കുന്ന ഒരു രംഗമുണ്ട്‌, ബംഗ്ലാവിനകത്തെ കിണറ്റില്‍ നിന്നും ക്യാമറ ചലിപ്പിച്ച്‌ മുറികള്‍ കടന്ന്‌ മുറ്റത്തെ കരിങ്കല്‍ പ്രതിമയിലെത്തുന്ന ഒരു ഷോട്ട്‌. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്റേയും ചിത്രസംയോജകന്റേയും മികവു തെളിയിക്കുവാന്‍ ആ ഒരു ഒറ്റ ഷോട്ടു മതി. ഒരു ഹൊറര്‍ ചിത്രമെന്ന നിലയില്‍ സ്പെഷ്യല്‍ ഇഫക്ടുകള്‍ കൊണ്ട്‌ സമ്പുഷ്ടമാണ് ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍ എന്ന ചിത്രം. കലാസംവിധാന രംഗത്തെ പ്രഗത്ഭനായ സാബു കൊളോണിയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ചിത്രത്തിന്റെ എഫക്ടുകള്‍ ചെയ്തിരിക്കുന്നത്‌. മലയാള ചലച്ചിത്ര ശാഖയ്ക്കു പുതുമ നല്‍കുന്ന രീതിയില്‍, കഥാപാത്രങ്ങേയും, പല രംഗങ്ങളേയും ടൈറ്റില്‍ ഇഫക്ടുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജീവ് ബാലനാണ് ഈ തുടക്ക ദ്രുശ്യങ്ങള്‍ ചെയ്തിരിക്കുന്നത്‌. പട്ടണം റഷീദിന്റെ ചമയവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും നിലവാരം പുലര്‍ത്തിയിരിക്കുന്നു. കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നതില്‍ ഇവര്‍ കാണിച്ചിരിക്കുന്ന മികവ്‌ ചിത്രത്തിലുടനീളം പ്രകടമാണ്. രസകരമായത്‌, ജഗദീഷിനു നല്‍കിയ വിഗ്ഗാണ്. വാതുറക്കും മുന്നെ തന്നെ, തന്റെ കഥാപാത്രം ഒരു കോമാളിയാണെന്ന്‌ അതു വിളിച്ചറിയിക്കുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്‌ അലക്സ്‌ പോളാണ്. പശ്ചാത്തല സംഗീതം ചിത്രവുമായി ചേര്‍ന്നു പോകുമ്പോള്‍, ഗാനങ്ങള്‍ അമ്പേ പരാജയമായി. ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്‌. നാല്‍‌വര്‍ സംഘത്തെ നമുക്കായി പരിചയപ്പെടുത്തുന്ന “ഓ റാംബോ..“ എന്ന ഗാനം, എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്, രമേശ് ബാബു, വിപിന്‍ സേവ്യര്‍ എന്നിവരാണ് പാടിയിരിക്കുന്നത്‌. വരികള്‍കൊണ്ട്‌ ഉന്നം മറന്ന്‌ തെന്നിപ്പറന്ന ഗാനവുമായി സാമ്യം നല്‍കുന്നുവെങ്കിലും, പ്രേക്ഷകരില്‍ യാതോരു ചലനവുമുണ്ടാക്കാതെ ഇതു കടന്നു പോകുന്നു. അതിന്റെ ചിത്രീകരണം കണ്ടപ്പോള്‍ എനിക്ക്‌ സരോജ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഓര്‍മ്മ വന്നത്‌. ലക്ഷ്മി റായിയുടെ ഐറ്റം നമ്പറായ ഓലേ ഓലേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ ജാസി ഗിഫ്റ്റും അനിതയും ചേര്‍ന്നാണ്. സത്യം പറഞ്ഞാല്‍ അതേതായിരുന്നു ഭാഷ എന്നു പോലും മനസ്സിലാക്കാന്‍ പറ്റിയില്ല. അല്പമെങ്കിലും ഭേദമായി തോന്നിയത്‌ എം.ജി,ശ്രീകുമാര്‍, റിമി ടോമി, റെജു ജോസഫ്, പ്രിയ എന്നിവര്‍ ചേര്‍ന്ന് പാടിയ “തീ കായും താന്തോന്നിക്കാറ്റേ...“ എന്ന ഗാനം മാത്രമാണ്. ഷോബി-പോപ്പിയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. നൃത്തമെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കലാരൂപത്തില്‍ നൃത്തമെവിടെയെങ്കിലുമുണ്ടോ എന്ന്‌ അറിയാതെ എങ്കിലും പ്രേക്ഷകര്‍ സംശയിച്ചു പോകും. തീ കായും താന്തോന്നിക്കാറ്റേ എന്ന ഗാനത്തിനിടയില്‍, അഞ്ചു മാസം ഗര്‍ഭിണിയായ തോമസ്സുകുട്ടിയുടെ ഭാര്യ ജെസ്സിയെ (രാഖി) കൊണ്ട്‌ തുള്ളീച്ചാട്ടം നടത്തുന്നുണ്ട്‌. ഇത്രയും അബദ്ധജഡിലമായ ഒരു രംഗം നൃത്തസംവിധായകരോ സംവിധായകനോ ശ്രദ്ധിച്ച്‌, എന്തു കൊണ്ട് ഒഴിവാക്കിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു.

പേടിക്കുന്നതിനൊപ്പം ചിരിപ്പികുന്ന ഒരു ചിത്രമെന്നായിരുന്നു ലാല്‍, ഇന്‍ ഗോസ്റ്റ് ഹൌസ്‌ ഇന്നിനെകുറിച്ച്‌ അവകാശപ്പെട്ടത്‌. അത്‌ ഒരു പരിധി വരെ ശരിയായി മാറി എന്നതാണ് ചിത്രം തെളിയിക്കുന്നത്‌. ഇടയ്ക്കിടയ്ക്ക്‌ നമ്മെ ചിരിപ്പിക്കുവാന്‍ നര്‍മ്മ രംഗങ്ങള്‍ക്കാവുന്നുണ്ടെങ്കിലും, പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്‍ക്കുവാന്‍ സാധ്യതയുള്ളതോ പുതുമയുള്ളതോ ആയ ഒരു നര്‍മ്മരംഗം പോലും ഈ ചിത്രത്തിലില്ല എന്നത്‌ ഇതിന്റെ പ്രധാന ന്യൂനതയാണ്. അതിനൊരപവാദമാകുന്നത്‌ അപ്പുക്കുട്ടന്റെ “വിജ്രംഭിച്ച” തമാശ മാത്രമായിരിക്കും. സിദ്ധിഖ്‌ ലാല്‍ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു നിലവാരമുള്ള തമാശകള്‍. എന്നാല്‍ ലാല്‍ അതില്‍ നിന്നും ഏറെ പിറകോട്ടു പോയി എന്ന്‌ ഈ ചിത്രം തെളിയിക്കുന്നു. ചളിപ്പും, വഷളന്‍ തമാശകളും ഈ ചിത്രത്തിലുണ്ട്‌, ആ വിഭാഗം ഹരിശ്രീ അശോകന് തീറെഴുതിക്കൊടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. വീക്ഷണകോണകം, ആതമഗതാഗതം തുടങ്ങിയവയെല്ലാം സാമ്പിള്‍ മാത്രം. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഗാനങ്ങളും ഈ ചിത്രത്തില്‍ ഇല്ലാ എന്നത്‌ മറ്റൊരു ന്യൂനതയാണ്. കഥയ്ക്കു മുകളില്‍, സാങ്കേതിക വിഭാഗം തിളങ്ങി നില്‍ക്കുന്ന ഈ ചിത്രത്തിന്, പ്രേക്ഷകരെ 2 മണിക്കൂര്‍ 15 മിനിട്ട്‌ നേരം തീയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്നു എന്നത്‌ മേന്മയായി പറയാം. കഥായിലെ ട്വിസ്റ്റും ഹൊറര്‍ പ്രതീതിയും പ്രേക്ഷകരെ ആകര്‍ഷിക്കും എന്നു തീര്‍ച്ച. ഇന്‍ ഹരിഹര്‍ നഗറിന്റെ  സീക്വല്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അതു നല്‍കാന്‍ ചിത്രത്തിനു കഴിയുന്നില്ല. തോമസുകുട്ടി വിട്ടോടായും ഉന്നം മറന്നു തെന്നിപ്പറന്നും ഇല്ലാതെ എന്തോന്നു സീക്വലെന്ന് മലയാളികള്‍ അറിയാതെ ചോദിച്ചു പോകും. ഇന്‍ ഹരിഹര്‍ നഗറിന്റെ  സീക്വല്‍ എന്ന ലേബല്‍ മാറ്റി വച്ചിരുന്നെങ്കില്‍, ഈ ചിത്രം ഇതിലും മികച്ചതാക്കാന്‍ കഴിയുമായിരുന്നു എന്നു എനിക്കു തോന്നുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ പോലെ ഒരു നോണ്‍-സ്റ്റോപ്പ് എന്റര്‍ടെയ്‌നര്‍ എന്നു പറയുവാന്‍ കഴിയില്ലെങ്കിലും, ഒരിക്കല്‍ കാണാവുന്ന ചിത്രമാണ് ഇന്‍ ഗോസ്റ്റ്‌ ഹൌസ്‌ ഇന്‍. തീയേറ്ററിലേക്ക്‌ പോകുന്നതിനു മുന്നെ നിങ്ങളുടെ പ്രതീക്ഷകള്‍ മാറ്റിവച്ചാല്‍, 135 മിനിട്ട്‌ നിങ്ങള്‍ക്ക്‌ ആസ്വദിക്കാം... അതിനൊപ്പാം, ഇതിനൊരു നാലാം ഭാഗത്തിനായി ലാല്‍ ശ്രമിക്കയില്ല എന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ....

7 comments:

 1. നാല് പേരെയും ഇന്ട്രോട്യൂസ് ചെയ്തതില്‍ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല..ഒരു സാധാരണ കണ്ടുമുട്ടല്‍..അതിന്റെ പുറകെ ഒരു അലമ്പ് പാട്ടും..ദൈവം സഹായിച്ചു വേറെ നല്ല മലയാളം സിനിമ ഒന്നും ഇറങ്ങാത്തത് കൊണ്ട്..കുറച്ചു കാലം ഓടി മുടക്കിയ കാശ് തിരിച്ചു പിടിക്കുവാരിക്കും.. അതും ഈ പടം പോയി കണ്ടത് ശിവജി നഗറിലെ ആ പന്ന തീയറ്ററിലും. അകത്തു ഇരുന്നു പുകഞ്ഞു ഒരു പരുവം ആയി.. എങ്ങനെ എലും ഒന്ന് പുറത്തു ഇറങ്ങിയാല്‍ മതിയാരുന്നു എന്ന് ഓര്‍ത്തു പോയി.. പക്ഷെ കുറെ ആളുകള്‍ക്ക് ഭയന്ഗരം ആയിട്ട് ബോധിച്ചു എന്നും കേട്ട്.. ആ ബഹുജനം പല വിധം..

  ReplyDelete
 2. ജെ കേ, നല്ല രീതിയിലുള്ള ഒരു റിവ്യൂ താങ്കള്‍ ചെയ്തിട്ടുണ്ട് ... പക്ഷെ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, സംവിധാനത്തിന്റെ കാര്യത്തിലും അഭിനേതാക്കളുടെ കാര്യത്തിലും ഒട്ടും നിലവാരം പുലര്‍ത്തുന്നില്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം... ഈ അഭിനേതാക്കള്‍ക്കും സംവിധായകനും ഇതെന്തു പറ്റി എന്ന് നമ്മള്‍ ചിന്തിച്ചു പോകും!
  ഇതേ ഹൊറര്‍ കഥ തന്നെ നല്ല രീതിയില്‍ ചെയ്യാമായിരുന്നു...

  ReplyDelete
 3. @ അഖില്‍
  ഞാന്‍ കണ്ടത്‌ പി.വി.ആറിലാണ്. അവിടേയും ചിത്രം കണ്ട്`ആര്‍ത്തു ചിരിക്കുന്നവരെ കണ്ടൂ. പ്രതീക്ഷകളുമായി പോയവര്‍ക്കൊക്കെ നിരാശയായിരുന്നു. ആദ്യമെ റിവ്യൂ വായിച്ച്‌ ഒരു പ്രതീക്ഷയുമില്ലാതെ പോയതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. പല റിവ്യൂകളിലും പറഞ്ഞിരിക്കുന്നതിലും ഭേദമാണ്‌ ചിത്രം എന്നു എനിക്കു തോന്നി.

  ReplyDelete
 4. @ മേഘസംഗീതം
  അഭിനേതാക്കളും സംവിധായകനും താഴോട്ടു തന്നെയാണ്. എന്നാല്‍ സാങ്കേതിക വിഭാഗം മുന്നിട്ടു നില്‍കുന്നു എന്നാണ് എനിക്കു തോന്നിയത്‌. എന്തായാലും ഈ കഥ, ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ സീക്വല്‍ അല്ലാതെ വന്നിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നു എന്നു എനിക്കു തോന്നി. ഇന്‍ ഹരിഹര്‍ നഗറും തോമസു കുട്ടി വിട്ടോടായും ഒക്കെ പ്രതീക്ഷിച്ചെത്തുന്നവരെ ചിത്രം മുഷിപ്പിക്കും, സംശയമില്ല.

  ReplyDelete
 5. ചിത്രം കണ്ടു. വളരെ മികച്ച ചിത്രമെന്നൊന്നും പറയാനാകില്ലെങ്കിലും ബോറടിപ്പിച്ചില്ല.

  ReplyDelete
 6. @ ശ്രീ സത്യം. കണ്ടിരിക്കാം.

  ReplyDelete
 7. great review.....I'm yet to watch the movie...Hope I can watch this week itself.

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.