Monday, April 20, 2009

2 ഹരിഹര്‍‌നഗര്‍ (2 Hariharnagar)


90 കളില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. സിദ്ദിഖ്‌-ലാല്‍ എന്ന ഇരട്ട സംവിധായകരെ മലയാളികളുടെ മനസ്സില്‍ അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു അത്‌. മലയാള സിനിമയിലെ ഒരു ട്രെന്‍ഡ്‌ സെറ്ററായിരുന്നു ഈ ചിത്രം. ഒന്നിലധികം നായകന്മാരുള്ള ഒട്ടനവധി ചിത്രങ്ങള്‍ അതിനു ശേഷം മലയാളത്തിലിറങ്ങി. അതിലെ നാല്‍വര്‍ സംഘം, മഹാദേവന്‍ (മുകേഷ്‌), ഗോവിന്ദന്‍കുട്ടി(സിദ്ദിഖ്‌), അപ്പുക്കുട്ടന്‍(ജഗദീഷ്‌), തോമസുകുട്ടി(അശോകന്‍) എന്നിവര്‍ വീണ്ടും ഒത്തു ചേരുകയാണ്‌, ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘2 ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തിലൂടെ. അവരുടെ നായികയായി മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ലക്ഷ്മി റായി ആണ്‌. ലാല്‍ ക്രിയേഷന്‍സ്‌, പി.എന്‍.വി അസോസിയേറ്റ്‌സ്‌ എന്നിവയുടെ ബാനറില്‍ പി.എന്‍.വേണുഗോപാലും ലാലും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

മായ (ഗീത വിജയന്) സമ്മാനിച്ച നിധിയുമായി ഹരിഹര്‍ നഗറിലേക്ക്‌ ഓടിക്കയറിയ നാല്‍വര്‍ സംഘത്തില്‍, മഹാദേവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്‌, അവിടെ ഒരു പേഴ്സണാലിറ്റി ഡെവലപ്‌മെന്റ്‌ കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്നു. ഗോവിന്ദന്‍ കുട്ടി ബാംഗ്ലൂരില്‍ ബിസിനസ്സു ചെയ്യുന്നു, അതേ സമയം, അപ്പുക്കുട്ടന്‍, മുംബയില്‍ ഒരു ദന്ത ഡോക്ടറാണ്‌. തോമസുകുട്ടി, അല്ലറ ചില്ലറ ബിസിനസുകളുമായി നാട്ടില്‍ തന്നെ. തോമസുകുട്ടിയുടെ മനസമ്മതത്തിനും, കല്യാണത്തിനുമായി ഈ നാല്‍വര്‍ സംഘം വീണ്ടും ഒന്നിക്കുന്നു. അതിനിടെ മായ (ലക്ഷ്മി റായി) എന്നൊരു പെണ്‍കുട്ടിയെ അപ്രതീക്ഷിതമായി ഇവര്‍ പരിചയപ്പെടുന്നു. ആ സൌഹൃദം വളരുന്നതിനിടയില്‍, തോമസുകുട്ടിയെ കാണാതാകുന്നു. ആ കുറ്റം പോലീസ്‌ മറ്റു മൂന്നു പേരുടേയും മേല്‍ ചുമത്തുന്നതോടെ കഥ തിരിയുകയാണ്‌. അവര്‍ എത്തിപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്നും പുറത്തു കടക്കാനുള്ള നാലു പേരുടേയും ശ്രമമാണ്‌, നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച്‌ ലാല്‍ 2 ഹരിഹര്‍ നഗറില്‍ ആവിഷകരിച്ചിരിക്കുന്നത്‌.

ഇന്‍ ഹരിഹര്‍ നഗറിന്റെ കഥയുമായി കൂടി ചേര്‍ന്നു പോകുന്ന രീതിയില്‍ എഴുതിയിരിക്കുന്ന കഥയാണ്‌ ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. ആ നാലു കഥാപാത്രങ്ങളേയും പുനരാവിഷകരിക്കുന്നതിലും അവരുടെ വ്യക്തിത്വം പ്രകടമാക്കുന്നതിലും തിരക്കഥയും സംഭാഷണങ്ങളും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. ചിത്രത്തിലുടനീളം നര്‍മ്മഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ അതെല്ലം കഥാഗതിക്ക്‌ വിഘാതം വരുത്താതെ സാന്ദര്‍ഭികമായി ഉപയോഗിച്ചിരിക്കുന്നു എന്നത്‌ പ്രേക്ഷകരെ രസിപ്പിക്കുന്നു. ഈ നാല്‍വര്‍ സംഘം കടന്നു പോകുന്ന വഴികളിലെല്ലാം ചിരിയുടെ പൂരം തന്നെ സൃഷ്ടിക്കാന്‍ തിരക്കഥയ്ക്കു കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്സും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്ക തന്നെ ചെയ്യും. നല്ല ഒഴുക്കുള്ള തിരക്കഥയാണ്‌ ഇതിന്‌ സഹായകമായത്‌. ഏതായാലും ആ ക്രെഡിറ്റുകളെല്ലാം ചെന്നു നില്‍ക്കുന്നത്‌ ലാലില്‍ തന്നെയാണ്‌. കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയ ലാല്‍, തന്റെ തിരിച്ചു വരവില്‍ എല്ലാ പഴുതുകളുമടച്ചിട്ടാണ്‌ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന്‌ വ്യക്തം. പ്രേക്ഷരെ ചിരിപ്പിക്കാന്‍ ദ്വയാര്‍ത്ഥ പ്രയോഗമുള്ള തമാശകള്‍ വേണ്ട എന്നും നല്ല തമാശകള്‍ എന്നും പ്രേക്ഷകര്‍ ഏറ്റുവാങ്ങുമെന്നും ഇതിലൂടെ ലാല്‍ തെളിയിച്ചിരിക്കുകയാണ്‌. പത്തില്‍ പത്തും ലാലിന്‌ തന്നെ.

അഭിനയത്തില്‍ നാലുപേരും ഒന്നിനൊന്ന്‌ മികച്ചു നിന്നെങ്കിലും മണ്ടത്തരങ്ങള്‍ കാട്ടി കയ്യടി വാങ്ങുന്നത്‌ ജഗദീഷാണ്‌. സിദ്ദിഖും തന്നെ കഥാപാത്രത്തെ മികച്ചതായി അഭിനയിപ്പിച്ചു. തോമസുകുട്ടിയെ കുറച്ചു കൂടി പരുക്കനായാണ്‌ അശോകന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എന്നാലും, പ്രായം ഈ നാല്‍വര്‍സംഘത്തെ ബാധിച്ചു എന്നത്‌ വ്യക്തമാണ്‌. മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി റായി, പരമാവധി ആ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തിയിട്ടുണ്ട്‌. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, കൊച്ചു പ്രേമന്‍, അറ്റ്ലസ്‌ രാമചന്ദ്രന്‍, രോഹിണി, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ നാല്‍വര്‍ സംഘത്തെ കൂടാതെ, ആദ്യ ഭാഗത്തിലുണ്ടായിരുന്ന രണ്ടു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്‌. അതിലൊന്ന്‌ പോലീസുകാരനായി അഭിനയിക്കുന്ന അപ്പാഹാജയും, ഗോവിന്ദന്‍കുട്ടിയുടെ വേലക്കാരനുമാണ്‌. അപ്പാഹാജയുടെ കഥാപത്രത്തിന്‌ നാലു പേരോടുമുള്ള വൈരാഗ്യം പലപ്പോഴും രസകരമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പാഹജ, പോലീസുകാരന്റെ റോള്‍ മനോഹരമായി ചെയ്തിരിക്കുന്നു. വില്ലനായി വരുന്ന സുദീപ്‌ തോയും തന്റെ കഥാപാത്രത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു. ചിത്രത്തിനൊടുവില്‍ '2 ഹരിഹര്‍‌നഗറി’ലെ താരങ്ങളെ പരിചയപ്പെടുത്തുന്നതിനിടയില്‍ (ഓം ശാന്തി ഓം സ്റ്റൈല്‍) ‘ഇന്‍ ഹരിഹര്‍‌നഗറി’ലെ താരങ്ങളായ ഗീത വിജയന്‍, കവിയൂര്‍ പൊന്നമ്മ, രേഖ തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്.

ബിച്ചു തിരുമല രചിച്ച്‌, ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഇന്‍ ഹരിഹര്‍ നഗറിലെ ഗാനങ്ങളെ അല്പമൊന്ന്‌ റീമിക്സ്‌ ചെയ്താണ്‌ ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്‌. "ഉന്നം മറന്നും","ഏകാന്ത ചന്ദ്രികയും" റീ-മിക്സ്‌ ചെയ്തത്‌, പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നത്‌ തന്നെ, അലക്സ്‌ പോളിനു മിക്സിങ്ങില്‍ ഒട്ടും തന്നെ പിഴച്ചില്ല എന്നുള്ളത്‌ വ്യക്തമാക്കുന്നു. "അടവുകള്‍ പതിനെട്ടും.." എന്നു തുടങ്ങുന്ന അവസാനത്തെ ഗാനവും മികച്ച നിലവാരം പുലര്‍ത്തുന്നു. ഗാനങ്ങള്‍ ആലപിച്ചവരുടെ നിര നീണ്ടതാണെങ്കിലും, വിനീത്‌ ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്‌, വിധു പ്രതാപ്‌, എം.ജി ശ്രീകുമാര്‍ എന്നിവര്‍ നന്നായി തന്നെ ഗാനങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വേണുവിന്റെ ഛായാഗ്രഹണവും വി.സാജന്റെ ചിത്രസംയോജനവും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. ഒഴുക്കുള്ള തിരക്കഥയെ ദൃശ്യവതകരിച്ചപ്പോള്‍, ആ ഒഴുക്ക്‌ അതിലും കൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. സംഘട്ടന രംഗങ്ങള്‍ കുറവെങ്കിലും, മാഫിയ ശശി തന്റെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു. പി.എന്‍.മണിയുടെ മേക്കപ്പും എസ്.ബി.സതീശിന്റെ വസ്ത്രാലങ്കാരവും നന്നെങ്കിലും, മുകേഷിന്റേയും അശോകന്റേയും കഥാപത്രങ്ങളുടെ പ്രായം മറയ്ക്കാന്‍ പറ്റാത്തതായി തോന്നി. അതേ സമയം ജഗദീഷിനും സിദ്ദിഖിനും വേഷവിധാനങ്ങള്‍ ഇണങ്ങുന്നതായി തോന്നി. സാബു കൊളോണിയ ചെയ്തിരിക്കുന്ന പോസ്റ്ററുകളും ഗ്രാഫിക്സുകളും മികച്ച നിലവാരം പുലര്‍ത്തുന്നു. പതിവു പോലെ സുനില്‍ ഗുരുവായുരിന്റെ സ്റ്റില്‍സും നന്നയിരുന്നു. ചിത്രത്തിന്റെ ടൈറ്റിലുകള്‍ക്കിടയിലൂടെ ഇന്‍ ഹരിഹര്‍ നഗറിനെ പ്രേക്ഷക മനസ്സിലെത്തിക്കുവാനുള്ള ശ്രമം ഫലവത്തായി എന്നു വേണം പറയുവാന്‍. ചിത്രത്തിനൊരു കണ്ടുന്യുവിറ്റി കിട്ടാന്‍ ഇതു സഹായകമായി. ഓം ശാന്തി ഓം സ്റ്റൈലില്‍, താരങ്ങളെ പരിചയപ്പെടുത്തി ചിത്രമവസാനിപ്പിച്ച രീതിയും മലയാള സിനിമക്കൊരു പുതുമയായി.

കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച്‌, പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നു പറയുമ്പോള്‍ തന്നെ, പ്രേക്ഷരുടെ പ്രതീക്ഷ വാനോളമായിരിക്കും. പതിവിനു വിപരീതമായി, ഇവിടെ പ്രേക്ഷകരെ നിരാശയുടെ പടുകുഴിയിലേക്ക്‌ തള്ളിവിടാതെയാണ്‌ 2 ഹരിഹര്‍ നഗര്‍ എത്തിയിരിക്കുന്നത്‌. ആദ്യ ചിത്രത്തിലെ കഥയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു രണ്ടാം ഭാഗം എന്നതു തന്നെയാണ്‌ ഇതിന്റെ വിജയ രഹസ്യം. ഓര്‍മ്മിക്കാനും, ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനും വളരെയധികം മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു ചിത്രമയിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. പക്ഷേ രണ്ടാം ഭാഗത്തില്‍ അത്തരം രംഗങ്ങള്‍ നന്നേ കുറവാണ്‌. എന്നിരുന്നാലും പ്രേക്ഷരെ മറ്റൊരു ലോകത്തേക്ക്‌ കൈപിടിച്ചു കൊണ്ടു പോകുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നത്‌ എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ആക്ഷനിലൂടെയോ, വെടിവെപ്പു രംഗങ്ങളിലൂടെയോ അല്ലാതെ, സ്നേഹത്തിനു മുന്നില്‍ വില്ലനെ തോല്‍പ്പിക്കുന്ന ഇതിലെ പ്രമേയം ഒരു പുതുമയാണ്‌ മലയാളിക്ക്‌ സമ്മാനിക്കുന്നത്‌. എന്തായലും കാശുകൊടുത്ത്‌ സിനിമ കാണാന്‍ കയറുന്ന ഏതൊരു പ്രേക്ഷകനും രണ്ടര മണിക്കൂര്‍ non-stop entertainment ഈ ചിത്രം വാഗ്ദാനം ചെയ്യുന്നു.


വാല്‍ക്കഷണം: സാഗര്‍ ഏലിയാസ്‌ ജാക്കി പോലെയുള്ള രണ്ടാം ഭാഗങ്ങള്‍ പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുന്ന അവസരത്തില്‍, ഇത്തരമൊരു തുടര്‍ക്കഥ പ്രേക്ഷകര്‍ കൊതിച്ചു പോകുന്നതാണ്‌.

Crew Behind 2 Harihar Nagar
സംവിധാനം: ലാല്‍
നിര്‍മ്മാണം: പി.എന്‍.വേണുഗോപാല്‍, ലാല്‍
സംഗീതം: അലക്സ്‌ പോള്‍, ബാലകൃഷ്ണന്‍
ഗാനരചന: ബിച്ചു തിരുമല
ഛായഗ്രഹണം: വേണു
ചിത്രസംയോജനം: വി.സാജന്‍
സംഘട്ടനം: മാഫിയ ശശി
പരസ്യകല: സാബു കൊളോണിയ
സ്റ്റില്‍സ്‌: സുനില്‍ ഗുരുവായൂര്‍
മേക്കപ്പ്‌: പി.എന്‍.മണി
വസ്ത്രാലങ്കാരം:എസ്.ബി.സതീശ്‌
ബാനര്‍:ലാല്‍ ക്രിയേഷന്‍സ്‌, പി.എന്‍.വി അസോസിയേറ്റ്‌സ്‌
അഭിനേതാക്കള്‍: മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍, ലക്ഷ്മി റായ്‌, ജനാര്‍ദ്ദനന്‍, കൊച്ചു പ്രേമന്‍, സലീം കുമാര്‍, അപ്പാ ഹാജ, വിനീത്‌, സുദീപ്‌ തോ, കുഞ്ചന്‍, ചലി പാല, നാരയണന്‍ കുട്ടി, ലെന, രോഹിണി തുടങ്ങിയവര്‍

4 comments:

 1. പ്രിയ സുഹൃത്തെ, സാഗര്‍ എലിയാസ് ജാക്കി ഒരു രണ്ടാം ഭാഗമാണെന്ന് അതിന്റെ ശില്‍പികള്‍ പോലും അവകാശപ്പെടുന്നില്ല. പിന്നെ 2 ഹരിഹര്‍ നഗര്‍ - അപ്പുക്കുട്ടന്റെ പെര്‍ഫോമന്‍സ് ഒഴിവാക്കിയാല്‍ ചില്ലറ തമാശകളുടെ ആവര്‍ത്തനവുമല്ലാതെ ഒരു തരത്തിലും നന്നായി തോന്നിയതുമില്ല. കൂടുതല്‍ ഇവിടെ:http://arangu.blogspot.com/2009/05/blog-post.html

  ReplyDelete
 2. കൊള്ളാല്ലോ... നന്നായിട്ടുണ്ട് എഴുത്ത്. തുടര്‍ന്നും എഴുതൂ...
  --

  ReplyDelete
 3. I saw thz film juz 1 week back only. expectation undayirunnu.but not very much.pakshe ella expectationsum thakarthu kalanju film.not good at all. mannar mathayi filmnte pretham feel cheythu.logic ille illa.i think we made up our mind even to accept these sort of films as we are not getting even average films these days.

  ReplyDelete
 4. @ അനൂപ്
  സാഗര്‍ ഏലിയാസ് ജാക്കി രണ്ടാം ഭാഗമല്ല. എന്നാല്‍ പരസ്യങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചത്` ഇരുപതാം നൂറ്റാണ്ടിനെ ആയിരുന്നു.

  @ ഹരി
  നന്ദി....

  @ജയക്രുഷ്ണന്‍
  ലോജിക്കുള്ള സിനിമകല്‍ കുറവുള്ള കാലത്ത്‌ ഇത്തരം ലോജിക്കില്ലാത്ത സിനിമകല്‍ കൊള്ളാം. ഏറ്റവും കുറഞ്ഞത്‌ സൂപ്പര്‍ സ്റ്റാറുകളുടെ കോപ്രായമെങ്കിലും കാണേണ്ടല്ലോ.

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.