Thursday, December 31, 2009

പുതുവത്സരാശംസകള്‍


എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.... 
2010 എല്ലാവര്‍ക്കും എല്ലാവിധ ഐശ്വര്യവും സന്തോഷവും നല്‍കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു...

Wednesday, December 30, 2009

പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ


എ.വി.എ - വര്‍ണ്ണചിത്രയുടെ ബാനറില്‍, കെ.വി അനൂപ്‌, സുബൈര്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച്‌ രഞ്ജിത്ത്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലാണ് ഈ ചിത്രത്തിന് ആധാരം. ടി.പി രാജീവന്റെ നാടായ പാലേരിയില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ കഥയൊരുക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ രഞ്ജിത്ത്‌ തന്നെയാണ്‌. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍, ശ്വേതാ മേനോന്‍, മൈഥിലി, സിദ്ധിഖ്‌, ശ്രീനിവാസന്‍, ടി ദാമോദരന്‍, സുരേഷ്‌ ക്രുഷ്ണ, ഗൌരി മുഞ്ചാല്‍, കോഴിക്കോട്‌ നിന്നുള്ള ഒരു പിടി നാടക നടന്മാര്‍ എന്നിങ്ങനെ ഒരു വലിയ താര നിരതന്നെ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്‌.

ഐക്യകേരളത്തിലെ പ്രഥമ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന കൊലപാതക കേസായിരുന്നു പാലേരി മാണിക്യത്തിന്റേത്‌. കോഴിക്കോടിനടുത്ത്‌ പാലേരി എന്ന ഗ്രാമത്തിലെ ചിരുതയുടെ (ശ്വേതാ മേനോന്‍) മകനായ പൊക്കന്റെ (ശ്രീജിത്ത്‌) ഭാര്യയായ മാണിക്യം (മൈഥിലി) ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. കല്യാണം കഴിഞ്ഞ്‌ പതിനൊന്നാം നാള്‍ നടക്കുന്ന ഈ കൊലപാതകത്തിന്റെ അന്ന്` ഗ്രാമം മുഴുവന്‍, അവിചാരിതമായി നാട്ടിലെത്തിയെ ഒരു നാടകം കാണുവാന്‍ പോയതായിരുന്നു. ആ രാത്രി തന്നെ മറ്റൊരു കൊലപാതകവും സംഭവിക്കുന്നു, ധര്‍മ്മദത്തന്‍ എന്ന പൂജാരിയുടേത്‌. മാണിക്യത്തിന്റെ മരണം, അപസ്മാര മരണമെന്ന്‌ ആദ്യം പ്രചരിക്കപ്പെട്ടെങ്കിലും, മാണിക്യത്തിന്റെ അച്ഛനും സഹോദരനും അതി വിശ്വസിക്കാന്‍ തയ്യാറായില്ല. പ്രഥമ വിവര റിപ്പോര്‍ട്ടെഴുതാന്‍ വന്ന അധികാരിയോട്‌ അവര്‍ ഈ സംശയം പറഞ്ഞത്തോടെ, പോലീസിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. പോലീസ്‌ അന്വേഷണം നടക്കുകയും, കുറ്റക്കാരെന്ന പേരില്‍ മൂന്നു പേര്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അവരെയെല്ലാം വെറുതെവിടുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം കാര്യമായി നടന്നതുമില്ല. മാണിക്യം കൊല്ലപ്പെടുന്നതിന്റെ അന്നു തന്നെ പാലേരിയില്‍ ഒരു ജനനവും നടക്കുന്നു. അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ കുട്ടി വീണ്ടും പാലേരിയിലെത്തുകയാണ്, ഹരിദാസ് (മമ്മൂട്ടി) എന്ന പ്രൊഫഷണല്‍ ഡിക്റ്ററ്റീവായി. സ്വപ്രേരണയാല്‍ പാലേരി മാണിക്യത്തിന്റെ കൊലപാതകം അന്വേഷിക്കുകയാണ് ഹരിദാസിന്റെ ദൌത്യം. അദ്ദേഹത്തിന്റെ സഹായത്തിന് ക്രിമിനല്‍ അനലിസ്റ്റായ സരയുവും (ഗൌരി)ബാര്‍ബര്‍ കേശവന്‍ (ശ്രീനിവാസന്‍), ഭ്രാന്തന്‍ കുമാരന്‍, സഖാവ്` കെ പി ഹംസ (ടി ദാമോദരന്‍), ഒരു നാടക സംവിധായകന്‍ (എസ്.കെ.പള്ളിപ്പുറം) എന്നിവരുടെ വിവരണത്തിലൂടെ ഹരിദാസ്‌ ഒടുവില്‍ സത്യത്തെ തേടി കണ്ടുപിടിക്കയാണ് ഈ ചിത്രത്തിന്റെ ഇതിവ്രുത്തം.മലയാളിക്ക്‌ മനോഹരമായ പല ചിത്രങ്ങളും സമ്മാനിച്ചിട്ടുള്ള സംവിധായകനും തിരക്കഥാക്രുത്തും കൂടിയാണ് രഞ്ജിത്ത്‌. ഒരു മെയ്‌ മാസപുലരിയില്‍ മുതല്‍ കേരളാ കഫേ വരെ മലയാള സിനിമയ്ക്കു മുന്നില്‍ വ്യത്യസ്തമായ ചിത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത്‌, മലയാളിക്കു സമ്മാനിക്കുന്ന ഒരു ദ്രുശ്യവിസ്മയമാണ് പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. രഞ്ജിത്ത്‌ സംവിധാനം ചെയ്ത സിനിമകളീല്‍ ആദ്യമായാണ് തന്റേതല്ലാത്ത കഥ അദ്ദേഹം ചിത്രമാക്കുന്നത്‌. ടി.പി രാജീവന്റെ കഥയ്ക്ക്‌ മനോഹരമായാണ് അദ്ദേഹം തിരിക്കഥയൊരുക്കിയിരിക്കുന്നത്‌. ഹരിദാസ്‌ സരയുവിനോട്‌ കഥ പറയുന്ന രീതിയില്‍ തുടങ്ങുന്ന കഥ വികസിക്കുന്നത്‌ ഹരിദാസിന്റെ വിവരണത്തിലൂടെയാണ്. ആ വിവരണം പോലും മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്‌. പഴയ കാലഘട്ടത്തിലെ കഥ ദ്രുശ്യവതകരിച്ചിരിക്കുന്നതിനിടയിലൂടെ ഹരിദാസ്‌ നടന്നു നീങ്ങിക്കൊണ്ട്‌ കഥ നമ്മോട്‌ വിവരിക്കുന്നു. സംഭവങ്ങള്‍ ഒരു ഒഴുക്കിനു പറയാതെ, പലരുടേയും വിവരങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും മുന്നോട്ടു നീങ്ങി, ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. ഈ ഒരു പാറ്റേണ്‍ വ്യത്യസ്തമാകുന്നത്‌, പ്രേക്ഷകരോട്‌ ചിത്രം സംവദിക്കുന്നതും അവരെക്കൊണ്ട്‌ തന്നെ കഥയിലെ വിവിധ കെട്ടുകള്‍ അഴിപ്പിക്കന്നതിലുമാണ്. ഹരിദാസിന്റെ വിവരണങ്ങള്‍ക്കുമപ്പുറം, ഒരു പക്ഷേ, ഈ ഒരു ട്രീറ്റ്‌മെന്റാകാം പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്നത്‌. മൂലകഥയില്‍ നിന്നും അധികം വ്യത്യാസമില്ലാതെ ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് ഇതില്‍ കയ്യടി നേടുന്ന പ്രധാന കാര്യം. ഹരിദാസിനെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ (മമ്മൂട്ടീ) ജാരസന്തതിയായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. അതു മാത്രമല്ല, മൂലകഥയിലെ ചില കഥാപാത്രങ്ങളെ ഒഴിവാക്കുകയും, മറ്റു ചിലവര്‍ക്ക്‌ കൂടുതല്‍ പ്രാധാന്യവും കൊടുത്തിരിക്കുന്നു. മനോഹരമായി ഒരുക്കിയിരിക്കുന്ന് ഈ തിരക്കഥയോടൊപ്പം, രഞ്ജിത്തിന്റെ സംവിധാന മികവുകൂടിയാവുമ്പോള്‍ ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നതില്‍ യാതോരു തര്‍ക്കവുമില്ല.

ഒന്നിനൊന്നു മികച്ച അഭിനയമാണ് ചിത്രത്തിലെ അഭിനേതാക്കള്‍ കാഴ്ച വച്ചിരിക്കുന്നത്‌. ഹരിദാസ്‌, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്നു വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌. ഹരിദാസെന്ന അന്വേഷകനാണ് ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നത്‌. എന്നാല്‍ ആറു സീനുകളില്‍ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രമാവും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുക. സ്തീലമ്പടനും ക്രൂരനുമായ ജന്മിയായി മമ്മൂട്ടിയുടെ പ്രകടനം അത്യുജ്ജലം എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ശരീരഭാഷയിലെ വൈവിധ്യം ഒരു പക്ഷേ നമ്മെ അമ്പരിപ്പിക്കും. അതു പോലെ തന്നെ വടക്കേ മലബാറന്‍ ഭാഷ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്ന രീതിയും വളരെ മികച്ചതാണ്. ആദ്യമായി ചീരുവിനെ കാണുന്ന രംഗവും, തേങ്ങാ മോഷ്ടിച്ച അടിയാളനെ ശിക്ഷിക്കുന്ന രംഗവും മാത്രം മതി ഈ കഥാപാത്രം എത്രത്തോളം അദ്ദേഹം മികച്ചതാക്കി എന്നറിയുവാന്‍. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണോ എന്നു പ്രേക്ഷകനു തോന്നിയാല്‍ അതൊട്ടും അതിശയോക്തിയാവില്ല. മറ്റു രണ്ടു കഥാപാത്രങ്ങളും നാം കണ്ടു മറന്ന കഥാപാത്രങ്ങളായി മാറി. ചിത്രത്തില്‍ ഒരു പക്ഷേ മാണിക്യത്തേക്കാള്‍ അഭിനയ സാധ്യതയൂള്ളത്‌ ചീരുവെന്ന കഥാപാത്രത്തിനാണ്. ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം കഥയിലെ വഴിത്തിരിവാകുന്നുണ്ട്‌ പലവട്ടം. പൊക്കന്റെ അമ്മയായി നമ്മുടെ മുന്നിലെത്തുന്ന ചീരു, പിന്നീട്‌ മാണിക്യത്തിന്റെ അമ്മായിയമ്മയായും, ഒതേനന്റെ ഭാര്യയായും നമ്മുടെ മുന്നിലെത്തുന്നു. വിവരണങ്ങളിലൂടെ അഹമ്മദ് ഹാജിയുടെ ഇഷ്ടക്കാരിയായും, ഗ്രാമത്തിന്റെ മുഴുവന്‍ വേശ്യയായും, ചന്തമ്മന്‍ പൂശാരിയുടെ പ്ലാറ്റോണിക്‌ ലവറായും ചീരുവിന്റെ മറ്റു ഭാവങ്ങളും നമുക്ക്‌ കാണുവാന്‍ കഴിയും. ചീരുവിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യ കാലവും മനോഹരമായി തന്നെ ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അവരുടെ ഭാവമാറ്റങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്. ടൈറ്റില്‍ റോളായ പാലേരി മാണിക്യത്തെ അവതരിപ്പിക്കുന്നത്` പുതുമുഖ താരം മൈഥിലിയാണ്. നിഷ്കളങ്കയായ ഗ്രാമീണ സുന്ദരിയെ മനൊഹരമായി തന്നെ മൈഥിലി അവതരിപ്പിച്ചിരിക്കുന്നു. അഭിനയ സാധ്യതകള്‍ ചുരുക്കമായ ഈ കഥാപാത്രത്തെ മൈഥിലി നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഗൌരി അവതരിപ്പിച്ചിരിക്കുന്ന സരയൂ എന്ന ക്രിമിനോളജിസ്റ്റിന് കാര്യമായി ഒന്നും ചെയ്യാനില്ല ഈ ചിത്രത്തില്‍. ഹരിദാസിനൊപ്പം ഒരു നിഴലായി മാത്രം ഈ കഥാപാത്രം ഒതുങ്ങുന്നു. ഒരിക്കലും രംഗത്തു വരുന്നില്ലെങ്കിലും, സരയുവിന്റെ ഭര്‍ത്താവായ ഗൌതം എന്ന കഥാപാത്രം സംഭാഷണങ്ങളിലൂടെ ചിത്രത്തിലുടനീളം സജീവമാണ്.

ബാര്‍ബര്‍ കേശവന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിച്ചിരിക്കുന്നത്‌ ശ്രീനിവാസനാണ്. എന്നാല്‍, കഥായിലെ നിര്‍ണ്ണായക വഴിത്തിരിവാകുന്ന കഥാപാത്രമായിട്ടു കൂടി,. ആ കഥാപാത്രത്തിന്റെ യൌവ്വന കാലത്തെ അവതരപ്പിച്ചിരിക്കുന്ന നടന്റെയത്രയും തിളങ്ങുവാന്‍ ശ്രീനിവാസന്റെ കഥാപാത്രത്തിന് കഴിയാതെ വരുന്നു എന്നത്‌ ന്യൂനതയാണ്. മേക്കപ്പിലെ പിഴവുകളും ഈ കഥാപാത്രത്തെ പിന്നിലാക്കി. സിദ്ദിഖ്‌ അവതരപ്പിച്ച ബാലന്‍ നായര്‍ എന്ന കഥാപാത്രം തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചെറുതെങ്കിലും സുരേഷ്‌ ക്രുഷ്ണയുടെ വേഷവും, ദേവകിയമ്മയായി നിലമ്പൂര്‍ ആയിഷയും നന്നായി അഭിനയിച്ചിരിക്കുന്നു. സഖാവ്‌ കെ.പി ഹംസയെ അവതരിപ്പിച്ചിരിക്കുന്ന പ്രസിദ്ധ തിരക്കഥാക്രുത്തായ ടി.ദാമോദരനാണ്. കോഴിക്കോടിനടുത്തു നിന്ന്‌ ഒരു പിടി നാടക കലാകാരന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. പാലേരിയിലെ ഭാഷ സംസാരികുന്ന അഭിനേതാക്കളെന്ന നിലയിലാണ് ഇവരെ രഞ്ജിത്ത്‌ കണ്ടെത്തിയിരിക്കുന്നത്‌. മുരളി മേനോന്റെ നേത്രുത്വത്തില്‍ നടന്ന അഭിനയ കളരിക്കു ശേഷമാണ് ഇവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. ഹാജിയുടെ കാര്യസ്ഥന്‍ കുന്നുമ്മല്‍ വേലായുധന്‍, തെങ്ങുകച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണന് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവര്‍ അതിമനോഹരമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്‌. ഇവര്‍ക്കൊപ്പം, ചന്തമ്മന്‍ പൂശാരിയായ അഭിനേതാവ്‌ , സഖാവ്‌ കെ.പി ഹംസയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ എന്നിവരെ ഇനിയും മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളില്‍ കണ്ടാല്‍ അതിശയിക്കാനില്ല. അതു പോലെ മോഹന്‍‌ദാസ്‌ മണാലത്ത്‌ എന്ന പോലീസുദ്യോഗസ്ഥനെ അവതരിപ്പിച്ച ശശി കലിംഗ, നാടക രംഗത്തെ പ്രസിദ്ധനായ ജയപ്രകാശ്‌ കുളൂര്‍, നെല്ലിക്കോട്‌ ഭാസ്കരന്റെ പുത്രന്‍ ചിത്രഭാനു എന്നിവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ടി.എ റസാഖെന്ന തിരക്കഥാക്രുത്തിനെ ഒരു ഗസ്റ്റ്‌ റോളില്‍ (ഗസ്സല്‍ ഗായകനായി) ഈ ചിത്രത്തില്‍ കാണാം.

മികച്ച തിരക്കഥയും അഭിനേതാക്കളും സംവിധായകനും മാത്രമല്ല ഒരു ചിത്രത്തിന്റെ വിജയത്തിനു നിദാനമാകുക എന്ന സത്യം വിളിച്ചറിയിക്കുകയാണ് പാലേരി മാണിക്യത്തിന്റെ കഥ. മികച്ച സാങ്കേതിക വിഭാഗം എങ്ങനെ ഒരു സിനിമയെ സഹായിക്കും എന്നറിയുവാന്‍ പാലേരി മാണിക്യം കണ്ടാല്‍ മതി. മനോജ്‌ പിള്ള എന്ന ഛായാഗ്രാഹകന്‍ മനോഹരമായാണ് ചിത്രത്തിലെ രംഗങ്ങളെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്‌. പഴയ കാലത്തെ വേര്‍തിരിക്കുവാന്‍ മഞ്ഞ കലര്‍ന്ന ഒരു ഷേഡാണ് ഛായാഗ്രാഹകന്‍ ഉപയോഗിച്ചിരിക്കുന്നത്. അതു പോലെ തന്നെ, രാത്രി രംഗങ്ങള്‍ അധികമുള്ള ചിത്രത്തില്‍, അവയുടെ ചിത്രീകരണം വളരെ മികച്ചതാണ്. പാലേരി എന്ന ഗ്രാമീണ പശ്ചാത്തലം ചിത്രീകരിക്കുന്നതിലും മനോജ്‌ പിള്ളയുടെ സാങ്കേതിക മികവ്‌ പ്രകടമാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത്‌ ഹരിദാസ്‌, പാലേരി മാണിക്യത്തിന്റെ കഥ വിവരിക്കുമ്പോള്‍, ആ കഥാപാത്രം അന്നു പാലേരിയില്‍ നടന്ന സംഭവങ്ങള്‍ക്കിടയിലൂടെ നടന്ന്‌ കഥ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്‌. അതു പോലെ തന്നെ, പാലേരി മാണിക്യത്തിന്റെ ശവശരീരം പോസ്റ്റ്‌മാര്‍ട്ടത്തിനായി തോണിയില്‍ കൊണ്ടു പോകുമ്പോള്‍, മറുവശത്തു കൂടി പൊക്കനും മാണിക്യവും കല്യാണം കഴിഞ്ഞ്‌ വന്നിറങ്ങുന്നതും, രണ്ടിനും നടുവിലായി ഹരിദാസ്‌ ഇരുന്ന്‌ ഇവ തമ്മില്‍, 11 ദിവസത്തെ അന്തരമുണ്ടെന്നു പറയുന്ന രംഗം മാത്രം മതി, ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്ന ചിത്രസന്നിവേശത്തെക്കുറിച്ചു പറയാന്‍. വിജയ്‌ ശങ്കറാണ് പാലേരി മാണിക്യത്തിന്റെ എഡിറ്റിങ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. അതിനൊപ്പം, അരുണ്‍ സീനുവിന്റെ ഇഫക്ട്സ്‌ കൂടി ചേരുമമ്പോഴാണ് ഈ രംഗങ്ങള്‍ക്കെല്ലാം ഒരു പൂര്‍ണ്ണത കൈ വരുന്നത്‌. ഇത്‌ ചിത്രത്തിലുടനീളം, അധികമാകാതെ ഉപയോഗിച്ചിരിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

50 വര്‍ഷങ്ങള്‍ക്കു ശേഷം പാലേരി എന്ന ഗ്രാമത്തെ പുനര്‍സ്രുഷ്ടിക്കുക എന്ന ശ്രമകരമായ കാര്യം സാധ്യമായത്‌ മുരുകന്‍ കാട്ടാക്കട എന്ന കലാസംവിധായകന്റെ മികവുകൊണ്ടാണ്. ആ കാലഘട്ടത്തെക്കുറിച്ചു പഠിക്കുകയും, ഗഹനമായ അവലോകനത്തിലൂടെ ആ ഗ്രാമത്തെ പുനര്‍സ്രുഷ്ടിക്കുകയുമാണ് മുരുകന്‍ ചെയ്തിരിക്കുന്നത്‌. ആ നിരീക്ഷണ പാടവത്തിന്റെ ഫലമായാണ്‌, ആ കാലത്തെ റാന്തലുകളും വാഹനങ്ങളുമെല്ലാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. കലാസംവിധായകനൊപ്പം പ്രശംസയര്‍ഹിക്കുന്ന രണ്ടു പേരാണ് മേക്ക്-അപ്പ് കൈകാര്യം ചെയ്ത രഞ്ജിത്ത്‌ അമ്പാടിയും, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശനും. 50 വര്‍ഷം മുന്നെയുള്ള ഗ്രാമീണരെ ഒരു ക്രുത്രിമത്വവുമില്ലാതെ ഒരുക്കിയെടുത്തിരിക്കുന്നതില്‍ ഇവര്‍ വഹിച്ചിരിക്കുന്ന പങ്ക്‌ നിര്‍ണ്ണായകമാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ ശരത്‌ ആണ്. ടൈറ്റില്‍ ഗാനവും, ഒരു ഗസല്‍ ഗാനവും മാത്രമാണീ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അനാവശ്യമായി ഗാനങ്ങള്‍ ഇല്ല എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ ബിജിബാല്‍ ആണ്. പാലേരി മാണിക്യം എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നതും ബിജിബാല്‍ തന്നെയാണ്. ടൈറ്റിലില്‍ നിന്നു തുടങ്ങി ചിത്രത്തിലുടനീളം ആ ഒരു മൂഡ്‌ നിലനിര്‍ത്തുവാന്‍ ഈ ടൈറ്റില്‍ ഗാനവും പശ്ചാത്തല സംഗീതവും സഹായിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ ടൈറ്റില്‍ ചെയ്തിരിക്കുന്നതും അല്പം വ്യത്യസ്തമായ രീതിയില്‍ തന്നെയാണ്. മൂലകഥയൊരുക്കിയ ടി.പി രാജീവന്റെ പേര് തിരശ്ശീലയില്‍ തെളിയുന്നത്‌, സംവിധായകനടക്കം, ഇതിലെ എല്ലാ പിന്നണിപ്രവര്‍ത്തകരുടേയും പേരുകള്‍ എഴുതി കാണിച്ചതിനു ശേഷമാണ്. ഒരു കഥാക്രുത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായാണ് ഇതിനെ നാം കാണേണ്ടത്‌.

കൊലപാതകത്തിന്റെ ചുരുളഴിക്കലാണ് ചിത്രത്തിന്റെ കഥയുടെ ആധാരമെങ്കിലും, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഒരു ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലറൊന്നുമല്ല. ഒരു പക്ഷേ ഇത്തരമൊരു ചിത്രം കാണുമ്പോഴുണ്ടാകുന്ന ഒരു പിരിമുറുക്കം നമുക്ക്‌ അനുഭവപ്പെടാതെ പോയേക്കാം. രഞ്ജിത്ത്‌ എന്ന തിരക്കഥാക്രുത്തിന് പാളിപ്പോയി എന്നു പേരിന് പറയാവുന്ന ഒരേ ഒരു കാര്യം അതു മാത്രമാണ്. അതിനെ മാറ്റി നിര്‍ത്തിയാല്‍, ഈ ചിത്രം ഒരു മലയാളികള്‍ക്കൊരു ദ്രുശ്യവിസ്മയമാണ്. കഥയും തിരക്കഥയും അഭിനയവും കലാ സാങ്കേതിക വിഭാഗങ്ങളും ഇത്രയും ഒന്നുചേര്‍ന്നു നില്‍ക്കുന്ന ഒരു മലയാള ചിത്രം, ഈ അടുത്തകാലത്ത്‌ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എല്ലാ വിഭാഗങ്ങളും പരസ്പരം കോം‌പ്ലിമെന്റ്‌ ചെയ്തു നില്‍ക്കുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രത്തിന്റെ ഒടുവില്‍ എഴുതി കാണുക്കുന്നത്‌ 'A Film by Ranjith & Crew' എന്നാണ്, അത്‌ അന്വര്‍ത്ഥമാണ്. ഈ വിജയത്തിന്‌ പ്രധാന അവകാശി ഈ ചിത്രത്തിന്റെ അമരക്കാരനായ രഞ്ജിത്തിനു തന്നെയാണ്. ഇത്തരം നിലവരമുള്ള, കലാമൂല്യമുള്ള ചിത്രങ്ങള്‍ രഞ്ജിത്തില്‍ നിന്ന്‌ ഇനിയും മലയാളികള്‍ പ്രതീക്ഷിക്കുന്നു....

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക....

Tuesday, December 29, 2009

ഫ്രെഡി പടിയിറങ്ങുന്നു

ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാനുള്ള ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്‍േറാഫിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി വിലയിരുത്തപ്പെടുന്ന ഫ്‌ളിന്‍േറാഫിന്റ വിരമിക്കല്‍ ഇംഗ്‌ളണ്ടിന്റെ ടെസ്റ്റ് ടീമിന് നഷ്ടം തന്നെയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകളാണ് 31 വയസ്സെന്ന ചെറു പ്രായത്തില്‍ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ഫ്‌ളിന്‍േറാഫിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഏക ദിന ക്രിക്കറ്റിലും ട്വന്റി 20യിലും തുടര്‍ന്നും കളിക്കുമെന്ന പ്രിയപ്പെട്ട ഫ്രെഡിയുടെ (ഇതാണ് ഫ്‌ളിന്‍േറാഫിന്റെ ഓമനപ്പേര് ) വെളിപ്പെടുത്തല്‍ ഇംഗ്‌ളണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്.

2005ലെ ആഷസ് വിജയത്തിന്റെ ആണിക്കല്ലായി വിശേപ്പിക്കപ്പെടുന്ന ഫ്‌ളിന്‍േറാഫ് ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഇഴ കീറി പരിശോധിച്ചാല്‍ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ലെന്നതാണു വാസ്തവം. ആറടി നാലിഞ്ചു ഉയരമുള്ള ഈ ആജാനബാഹുവിന് ബാറ്റുകൊണ്ടും ബോളുകൊണ്ടും എതിരാളികളുടെ മുട്ടുവിറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പരിക്കും അലസതയും സ്ഥിരമായ ഫോം നിലനിറുത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രതിഭയോട് നീതി പുലര്‍ത്താതെ പോയ ഒരു കരിയര്‍.

കഴിവുമായി തട്ടിച്ചു നോല്‍ക്കുമ്പോള്‍ ഫ്‌ളിന്‍േറാഫ് നേടാവുന്നതിനടുത്തൊന്നുമെത്തിയില്ലെന്നതിന് അദ്ദേഹത്തന്റെ കരിയര്‍ സ്റ്റാറ്റിക്‌സ് തന്നെ തെളിവ്. ആഷസ് പരമ്പര വരെ 76 ടെസ്റ്റുകളില്‍3708 റണ്‍സാണ് സമ്പാദ്യം. നേടാനായത് അഞ്ച് സെഞ്ച്വറികള്‍ മാത്രവും. ഏക ദിനത്തില്‍ വെറും മൂന്നു സെഞ്ച്വറിയടക്കം 141 മത്സരങ്ങളില്‍ 3394 റണ്‍സും ഫ്‌ളിന്‍േറാഫ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ ബൗളിങില്‍ കുറച്ചു കൂടി മികവു പുലര്‍ത്താന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചുവെന്നു പറയാം. ടെസ്റ്റില്‍ 219 വിക്കറ്റുകളെന്ന അഭിമാനകരമായ നേട്ടം ഫ്രെഡിക്ക് സ്വന്തമായിട്ടുണ്ട്. ഏകദിനത്തിലും വിക്കറ്റുകളുടെ എണ്ണത്തില്‍ (169) സെഞ്ച്വറി നേട്ടം പിന്നിടാന്‍ അദ്ദേഹത്തിനായി.

പരിക്ക് തളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ടെസ്റ്റില്‍ കുറച്ചു കൂടി നേട്ടങ്ങള്‍ ഇംഗ്ലണ്ടിന് നല്‍കാന്‍ ഫ്‌ളിന്‍േറാഫിനു കഴിയുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നാലുവര്‍ഷത്തില്‍ രണ്ടു വര്‍ഷത്തോളം പരിക്ക് അദ്ദേഹത്തിന്റെ കരിയര്‍ അപഹരിച്ചു. നിരന്തരമായ പരിക്ക് തളര്‍ത്തിയപ്പോള്‍ കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിന്‍മാറുകയെന്ന് ബുദ്ധിപൂര്‍വ്വമായ തീരുമാനമാണ് ഫ്‌ളിന്‍േറാഫ് എടുത്തത്.


ഓള്‍ റൗണ്ട് മികവുകൊണ്ട് ഏകദിന ക്രിക്കറ്റിലും ട്വന്റി 20 യിലും നേട്ടങ്ങള്‍ കൊയ്യാമെന്ന ഉറച്ച വിശ്വാസവും ഫ്‌ളിന്‍േറാഫിനുണ്ട്. അടുത്ത രണ്ടു ലോകകപ്പിലും ഇംഗ്‌ളണ്ട് ടീമില്‍ കളിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പ്രഖ്യാപിച്ചും കഴിഞ്ഞു. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ വിലപിടിച്ച താരമായിരുന്നു ഫ്‌ളിന്‍േറാഫ്. ഫ്‌ളിന്‍േറാഫ് ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും താരത്തിന്റെ സേവനം
പൂര്‍ണമായി ലഭിക്കുകയാണ്. ഇംഗ്ലണ്ടിനും (ഏകദിന ടീമിനും) സൂപ്പര്‍ കിങ്‌സിനും ഒരു പോലെ പ്രതീക്ഷ നല്‍കുകയാണ് ഫ്‌ളിന്‍േറാഫിന്റെ പുത്തന്‍ അവതാരം.

കടപ്പാട്: പി.ജെ.ജോസ്‌ - മാത്രുഭൂമി

Tuesday, December 22, 2009

ഡഗ്ലസ് - മിസ്റ്ററി മാന്‍ (Duglus - Mystery Man)
ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ വന്നതിനു ശേഷം പല വിധം ആളുകളെ കാണുവാനും പരിചയപ്പെടാനുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. നാനാദേശത്തു നിന്നുള്ളവര്‍, പല ഭാഷ സംസാരിക്കുന്നവര്‍. ബാംഗ്ലൂരിന്റെ പ്രത്യേകതയും അതു തന്നെ. പക്ഷെ ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു വ്യക്തിയെ പരിചയപ്പെട്ടു, പേര് ഡഗ്ലസ്സ്‌. പേരു കേട്ടിട്ടൊരു ഗോവന്‍ ടച്ച്‌ ഉണ്ടല്ലേ? എന്നാല്‍ ഇയാള്‍ ബാംഗ്ലൂരില്‍ ജനിച്ച വ്യക്തി തന്നെയാണ്. പുതിയ ഫ്ലാറ്റിലേക്ക്‌ ഈയിടെയാണ് ഞാന്‍ മാറിയത്‌. അവിടെ എന്തു സഹായത്തിനും ഒരു സെക്യൂരിറ്റി ഉണ്ടെന്നാണ് ഫ്ലാറ്റുടമ പറഞ്ഞത്‌. അയാളുടെ പേര് വെങ്കിടേശ്വര എന്നാണ്. ആളൊരു തെലുങ്കനാണ്. തെലുങ്കും മുറി ഹിന്ദിയുമൊഴിച്ച്‌ അയാള്‍ക്ക് വേറെ ഒരു ഭാഷയും അറിയില്ല. അതു കൊണ്ടു തന്നെ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അയാളുമായി സംസാരിക്കാന്‍ ഊമകളുടെ ഭാഷ പഠിക്കണമോ എന്നാലോചിച്ചിരിക്കുമ്പോള്‍, ഒരു ദിവസം ഓഫീസില്‍ നിന്ന്‌ ഫ്ലാറ്റിലെത്തിയപ്പോള്‍ ഗേറ്റില്‍ ഒരു ചെറുപുഞ്ചിരിയുമായി പുതിയ ഒരു സെക്യൂരിറ്റി. കാര്‍ പാര്‍ക്ക്‌ ചെയ്തു ലിഫ്റ്റിന്റെ അടുത്തേക്കു നടന്നപ്പോള്‍, അയാളതാ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നു. ഞാന്‍ അടുത്തെത്തിയ ഉടനെ ഒരു ചെറു ചിരിയോടെ ഗുഡ്‌ ഈവനിങ്‌ സാര്‍ എന്നു പറഞ്ഞ്‌ എനിക്കായി വഴിമാറി തന്നു. ഞാനും ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഗുഡ്‌ ഈവനിങ്‌ പറഞ്ഞ്‌ ലിഫ്റ്റില്‍ കയറി. ലിഫ്റ്റിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഇനി ഇയാളോടു സംസാരിക്കാന്‍ ഞാന്‍ എതു ഭാഷ പഠിക്കേണ്ടി വരുമോ എന്നാലോചിക്കുകയായിരുന്നു ഞാന്‍. പിറ്റെ ദിവസം രാവിലെ അയാളെ അവിടെ കണ്ടില്ല. നൈറ്റ്‌ ഡ്യൂട്ടി മാത്രമാകുമെന്ന്‌ ഞാന്‍ ഊഹിച്ചു. പിന്നീടുള്ള വൈകുന്നേരങ്ങളില്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ഞായറാഴ്ച, എന്തോ ആവശ്യത്തിന് ഞാന്‍ വെങ്കിടേശ്വരയെ കാണാന്‍ ചെന്നു, ചെന്നപ്പോള്‍ ഇയാളും അവിടെയുണ്ട്‌. ഞാന്‍ പല തവണ കാര്യങ്ങള്‍ ഹിന്ദിയില്‍ പറഞ്ഞിട്ടും വെങ്കിടേശ്വരയ്ക്ക്‌ ഒന്നും മനസ്സിലായില്ല. അവസാനം എന്റെ ടെമ്പറു തെറ്റുന്ന അവസ്ഥയില്‍ എത്തി. പെട്ടെന്ന്‌, അത്രയും നേരം നിശബ്ദനായിരുന്ന മറ്റെയാള്‍, “ഹീ ഇസ് നോട്ട്‌ അണ്ടര്‍ സ്റ്റാന്‍ഡിങ്‌, വാട്ട്‌ യു ആര്‍ സെയിങ്? ടെല്‍ മീ സാര്‍ ഐ വില്‍ ടെല്‍ ഹിം.” എന്നു പറഞ്ഞു. ഞാന്‍ ഒന്നമ്പരുന്നു. കാര്യങ്ങള്‍ അയാളോടു പറഞ്ഞു മനസ്സിലാക്കിയതു കൊണ്ടു രക്ഷപ്പെട്ടു.

പിന്നീട്‌ പലപ്പോഴായി ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങി. ഏകദേശം ഒരു 50 വയസ്സിലധികം പ്രായം വരും. സൌമ്യമായ പെരുമാറ്റം. ഒരു സെക്യൂരിറ്റിക്ക്‌ ഉണ്ടാകുന്നതിനേക്കാള്‍ നല്ല ഇംഗ്ലീഷ്‌ ഭാഷാ നൈപുണ്യം. എല്ലാവരേയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യും. ദീപാവലി ദിവസം, ഫ്ലാറ്റില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ദീപങ്ങള്‍ തെളിയിക്കുവാനും, കുട്ടികള്‍ക്ക്‌ പടക്കങ്ങള്‍ എടുത്തു കൊടുക്കുവാനും പൊട്ടിക്കുവാനും സഹായിച്ചു കൊണ്ട്‌ അയാളും അവിടെ ഉണ്ടായിരുന്നു. ആ ആഴ്ചയിലൊരു ദിവസം ഞാന്‍ അല്പം താമസിച്ചാണ് ഫ്ലാറ്റില്‍ എത്തിയത്‌. കാര്‍ ഗേറ്റിലെത്തിയപ്പോഴേക്കും ഓടി വന്ന്‌ അയാള്‍ ഗേറ്റ്‌ തുറന്നു തന്നു. ഞാന്‍ അയാളെയൊന്ന്‌ പരിചയപ്പെടുവാന്‍ തീരുമാനിച്ചു. പതിവു പോലെ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ച്‌ അയാള്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അയാള്‍ എന്നെ വിഷ്‌ ചെയ്തതും ഞാന്‍ ചോദിച്ചു, “എന്താണ് പേര്?”
ഒരു പുഞ്ചിരിയോടെ ഉടനടി മറുപടി വന്നു, “ഡഗ്ലസ്‌ സാര്‍”.
“എവിടെയാണ് വീട്‌? ബാംഗ്ലൂര്‍ ആണോ അതോ ഗോവയാണോ?”, ഞാന്‍ ചോദിച്ചു
ആദ്യം ഒരു ചിരിയാണ് മറുപടിയായി വന്നത്‌. പിന്നെ പതുക്കെ അയാള്‍ പറഞ്ഞു, “എല്ലാവരും എന്നോട്‌ ഗോവയില്‍ നിന്നാണോ എന്നു ചോദിക്കാറുണ്ട്‌. എന്റെ വീട്‌ ബാംഗ്ലൂര്‍ തന്നെയാണ്”
ഞാന്‍ ഒന്നു ചിരിച്ചു എന്നിട്ടു ചോദിച്ചു, “നൈറ്റ്‌ ഡ്യൂട്ടി മാത്രമെ ഉള്ളോ?”,
“അതെ സാര്‍, പകല്‍ ഞാനിവിടെ ഔട്ട്‌ ഹൌസില്‍ ഉണ്ടാകും”, അയാള്‍ പറഞ്ഞു.
“അപ്പോള്‍ ആഴ്ചയില്‍ ഒരിക്കലേ വീട്ടില്‍ പോകൂ?”,ഞാന്‍ വീണ്ടും ചോദിച്ചു.
അയാല്‍ ഒരല്പം സമയത്തേക്ക്‌ നിശബ്ദനായി. ഞാന്‍ ഉത്തരത്തിനായി അയാളുടെ മുഖത്തേക്ക്‌ നോക്കി.
“ഞാന്‍ ഒരു അനാഥനാണ് സാര്‍. എന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു.”, അയാള്‍ പറഞ്ഞു.
അപ്പോഴേക്കും അടുത്ത കാര്‍ വന്ന്‌ ഹോണ്‍ മുഴക്കിക്കഴിഞ്ഞിരുന്നു.  ഞാന്‍ അയാളോടൊരു സോറി പറഞ്ഞു. അതിന്റെ ആവശ്യമില്ല സാര്‍ എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിലേക്കോടി. ഞാന്‍ ലിഫ്റ്റില്‍ കയറി എന്റെ ഫ്ലാറ്റിലേക്കും.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഒരു വൈകുന്നേരം ഞാന്‍ ഫ്ലാറ്റില്‍ എത്തുമ്പോള്‍ പതിവില്ലാതെ വെങ്കിടേശ്വരയാണ് ഗേറ്റ്‌ തുറന്നത്‌. കാര്‍ പാര്‍ക്ക്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളോടു ചോദിച്ചു ഡഗ്ലസ്‌ എവിടെ എന്ന്‌. അയാള്‍ വീട്ടില്‍ പോയി എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിനടുത്തേക്ക്‌ നടന്നു. രണ്ടു ദിവസത്തേക്കു പിന്നെ ഡഗ്ലസിനെ കണ്ടതേയില്ല. എന്നാല്‍ മൂന്നാം ദിവസം ഞാന്‍ ഫ്ലാറ്റിലെത്തുമ്പോള്‍ ഗേറ്റു തുറന്നത്‌ ഡഗ്ലസ്സായിരുന്നു. കാര്‍ പാര്‍ക്കു ചെയ്ത്‌ ലിഫ്റ്റിനടുത്തെതിയപ്പോല്‍ അയാല്‍ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയോടെ എന്നെ വിഷ്‌ ചെയ്തു.
“ഗുഡ്‌ ഈവനിങ്‌, രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ?”, ഞാന്‍ ചോദിച്ചു.
“ഞാന്‍ വീട്ടില്‍ പോയിരുന്നു സാര്‍”, ഡഗ്സസ്‌ മറുപടി പറഞ്ഞു.
“എവിടെയാണത്‌? ബാംഗ്ലൂരില്‍ തന്നെ അല്ലെ?’, ഞാന്‍ ചോദിച്ചു.
“അതെ സാര്‍, ഫ്രേസര്‍ ടൌണ്‍. അവിടെ ആരുമില്ല. ഇടയ്ക്കു ഞാന്‍ പോയി നോക്കും.”, അയാള്‍ മറുപടിയും പറഞ്ഞു.
അയാളോടു ബൈ പറഞ്ഞ്‌ ഞാന്‍ ലിഫ്റ്റിലേക്കു കയറി.

കുറച്ചു സമയത്തിനു ശേഷം, എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കുവാനായി ഞാന്‍ പുറത്തേക്കിറങ്ങി. അടുത്തു തന്നെ ഒരു മലയാളിയുടെ കടയുണ്ടായിരുന്നതിനാല്‍, കാറെടുക്കതെ ഞാന്‍ നടന്നാണ് പോയത്‌. തിരിച്ചെത്തിയപ്പോള്‍ കുശലാന്വേഷണവുമായി ഡഗ്ലസ്‌ അവിടെയുണ്ടായിരുന്നു. അയാളെ കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ അതു തന്നെ അവസരം എന്നു കരുതിയതിനാല്‍ ഞാന്‍ വെറുതെ അയാളുമായി സംസാരിച്ചു തുടങ്ങി.
“വളരെക്കാലമായി ഇവിടെയാണോ?”, ഞാന്‍ ചോദിച്ചു.
“അല്ല സാര്‍, രണ്ടു മാസമേ ആയുള്ളൂ. ഇതിനു മുന്നെ വൈറ്റ്‌ ഫീല്‍ഡില്‍ ആയിരുന്നു.”, അയാള്‍ പറഞ്ഞു.
“അവിടെ എന്തു ചെയ്യുകയായിരുന്നു?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“സാര്‍, സെക്യൂരിറ്റി തന്നെയായിരുന്നു. ഞങ്ങളുടെ കമ്പനി ആദ്യം എന്നെ നിയമിച്ചത്‌ അവിടെയായിരുന്നു. പിന്നെയാണ് ഇവിടെ എത്തിയത്‌.”, അയാള്‍ പറഞ്ഞു.
“ഓഹോ... അപ്പോല്‍ ഫ്ലാറ്റ്‌ ഉടമ നിയമിച്ചതല്ല.”, ഞാന്‍ പറഞ്ഞു.
“അല്ല സാര്‍. ഞാനും വെങ്കിടേശ്വരയുമെല്ലാം ഈ സെക്യൂരിറ്റി കമ്പനി നിയമിച്ചവരാണ്.”, അയാള്‍ പറഞ്ഞു.
“നൈറ്റ്‌ ഡ്യൂട്ടി വളരെ ശ്രമകരമാണോ?”, ഞാന്‍ വീണ്ടും ചോദിച്ചു.
“ജോലി വലിയ പാടൊന്നുമില്ല സാര്‍, ഞാന്‍ ഇതിനോട്‌ പരിചയിച്ചു കഴിഞ്ഞു. പക്ഷേ ശമ്പളം, അതു വളരെ കുറവാണ്. കഷ്ടിച്ചു ജീവിക്കാനുള്ളതേ ഇപ്പോല്‍ കിട്ടുന്നുള്ളൂ.”, അയാള്‍ പറഞ്ഞു. ആ വാക്കുകളില്‍ ഒരു ദുഖം നിറഞ്ഞിരുന്നോ, അയാളുടെ ശബ്ദം ഇടറിയിരുന്നോ എനിക്കൊരു സംശയം തോന്നി. ഞാന്‍ ചിന്തിച്ചു നില്‍ക്കേ, അയാള്‍ തൂടര്‍ന്നു. “മാസം, 2000 രൂപ മാത്രമേ നല്‍കുന്നുള്ളൂ. അതിപ്പോല്‍ ഭക്ഷണത്തിനു പോലും തികയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഈ ആഴ്ച അവര്‍ തരുമെന്നാണ് പറഞ്ഞിരിക്കുന്നത്‌. അതു ദൈവത്തിനു മാത്രമേ അറിയൂ.”
“നിങ്ങള്‍ കമ്പനിയോടു ചോദിച്ചില്ലേ?”, ഞാന്‍ ചോദിച്ചു.
“ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഈ ആഴ്ച കിട്ടുമെന്നാണ്. നോക്കട്ടേ എന്താവുമെന്ന്‌.”, അയാള്‍ പറഞ്ഞു
“വളരെ നാളായോ ഈ കമ്പനിയില്‍ ജോലി നോക്കുന്നു?”, വീണ്ടും ഞാന്‍ ചോദിച്ചു.
“ഇപ്പോല്‍ ആറു മാസത്തില്‍ താഴയേ ആയുള്ളൂ.. പക്ഷേ ശമ്പളം കിട്ടുന്നില്ല എങ്കില്‍ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.”, അയാള്‍ ഒരല്പം പരിഭവത്തോടെ പറഞ്ഞു.
“അപ്പോള്‍ അതിനു മുന്നെ...?”, ഞാന്‍ ചോദിച്ചു.
“അതൊരു വലിയ കഥയാണ് സാര്‍, വളരെയധികം സമയമെടുക്കും. പിന്നീടൊരിക്കല്‍ പറയാം.”, അയള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എനിക്കിപ്പോള്‍ സമയമുണ്ട്‌.”, ഒരു ചിരിയോടു കൂടി ഞാനും പറഞ്ഞു.ഒരു ചെറിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി....

ഡഗ്ലസ്‌ ജനിച്ചത്‌ ബാംഗ്ലൂര്‍ തന്നെയാണ്‌. അയാളുടെ അച്ഛന്‍ ഒരു കമ്പനിയിലെ ജോലിക്കാരനായിരുന്നു, അമ്മ വീട്ടമ്മയും. ഡഗ്ലസ്സിന് 2 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അതിനു ശേഷം അയാളുടെ അച്ഛന്‍ ഒരു സ്ഥിരം മദ്യപാനിയായി. അഞ്ചു വയസ്സു തികയുന്നതിനു മുന്നെ, അച്ഛനും മരിച്ചതോടെ അനാഥനായി മാറി അയാള്‍. ബന്ധുക്കള്‍ ആരും അയാളെ ഏറ്റടുക്കാന്‍ വന്നില്ല. ഒടുവില്‍, അടുത്തുള്ള പള്ളിയിലെ പാതിരി ഡഗ്ലസ്സിനെ കൂട്ടിക്കൊണ്ടു പോയി. പള്ളിയോടു ചേര്‍ന്നു നടത്തിയിരുന്ന സെന്റ്.സ്റ്റീഫന്‍സ്‌ ഓര്‍ഫണേജില്‍ മറ്റ്‌ അനാഥക്കുട്ടികളോടൊപ്പം അയാളും കഴിഞ്ഞു. അനാഥാലയത്തിന്റെ ചിലവില്‍, അയാള്‍ പത്താം ക്ലാസ്‌ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള പഠനം നടന്നില്ല കാരണം പത്താം ക്ലാസ്‌ കഴിഞ്ഞതും, അയാള്‍ ജോലി അന്വേഷിച്ചിറങ്ങി. ജോലിയന്വേഷിച്ചിറങ്ങിയ അയാള്‍ എന്തു ജോലിയും ചെയ്യുവാന്‍ തയ്യാറായിരുന്നു. ആദ്യം ഒരു പലചരക്കു കടയിലും പിന്നെ ഒരു പെട്രോള്‍ പമ്പിലും അയാള്‍ ജോലി നോക്കി. മൂന്നു വര്‍ഷത്തോളം ജോലി നോക്കിയിട്ടും പച്ച പിടിക്കാതിരുന്നതിനാല്‍, അയാള്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ ബാറിലെ സപ്ലയര്‍ ജോലിയില്‍ പ്രവേശിച്ചു. അത്‌ അയാളുടെ ജീവിതത്തിലെ ഒരു ടേണിങ്‌ പോയിന്റാവുമെന്ന്‌ അയാള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അവിടെ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം അയാള്‍ അവിടുത്തെ ഒരു കസ്റ്റമറെ പരിചയപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിയോടെ എത്തി, ഒരു ജോണി വാക്കര്‍ വാങ്ങി, ഒരു ചുരുട്ടു വലിച്ചു പോകുന്ന ഒരു ഗോവക്കാരന്‍ ഡിസൂസ. ബാറിലെ ജോലിയും അത്ര സുഖകരമായി പോകാത്തതിനാല്‍ വിഷമിച്ചിരുന്ന ഡഗ്ലസ്സിന്റെ മുന്നിലേക്ക്‌ ഒരു ദൈവദൂതനെ പോലെയാണ് ഡിസൂസ എത്തിയത്‌. ഗോവയില്‍ സ്വന്തമായി ബിസിനസ്സു ചെയ്യുന്ന ഡിസൂസയോട്‌ അടുത്തതു തന്നെ ഒരു നല്ല ജോലി ഒപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ആ സൌഹ്രുദം വളര്‍ന്നതോടെ, ഡിസൂസ അയാളെ ഗോവയിലേക്ക്‌ ക്ഷണിച്ചു, നല്ലൊരു ജോലിയും ഓഫര്‍ ചെയ്തു.

ഗോവയില്‍ ഡഗ്ലസ്സിന് ലഭിച്ചത്‌ ഒരു ഡാന്‍സ്‌ ബാറിലെ വെയിറ്ററുടെ ജോലിയാണ്. പക്ഷേ നല്ല ശമ്പളവും, ഭക്ഷണവും, താമസ സൌകര്യവും ലഭിച്ചതോടെ അയാള്‍ അവിടെ തന്നെ താമസമാക്കി. എന്നാല്‍, അവിടെ നിന്നും ഡിസൂസ എന്ന വ്യക്തിയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ഗോവയിലെ പ്രമുഖനായ ഒരു അധോലകസംഘത്തിലെ മുതിര്‍ന്ന അംഗം. പ്രധാന ജോലി സ്വര്‍ണ്ണ കള്ളക്കടത്ത്‌. അയാളുടെ തന്നെ ഡാന്‍സ് ബാറിലാണ് ഡഗ്ലസ്സിന് ജോലി കൊടുത്തതും. അയാളുടെ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രവും അതു തന്നെ ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഡിസൂസയുടെ വിശ്വസ്തമായി മാറിയ ഡഗ്ലസ്സിനെ അയാള്‍ തന്റെ ബിസിനസ്സിലും ഉള്‍പ്പെടുത്തി. ആ യുവരക്തത്തെ ഫലപ്രദമായി ഉപയോഗിച്ച ഡിസൂസ, ഡഗ്ലസ്സിലൂടെ പല നേട്ടങ്ങളും ഉണ്ടാക്കി. ഡിസൂസയുടെ പാര്‍ട്ട്‌ണര്‍ എന്ന  നിലയിലേക്ക്‌ ഡഗ്ലസ്സ്‌ വളരുന്നതിനിടയിലാണ്, അയാളുടെ സംഘത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, ഡിസൂസ ഒരു അപകടത്തില്‍ കൊല്ലപ്പെടുന്നതും. ആ അവസരം മുതലാക്കി, അവരുടെ സംഘത്തിന്റെ മുഖ്യ എതിരാളികളായിരുന്നു റൊസാരിയോ ഗ്രൂപ്പ്‌ അവരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആ‍രംഭിച്ചു. ഡിസൂസയുടെ സംഘത്തിലെ പലരും തെരുവുകളില്‍ കൊല്ലപ്പെട്ടു. പക്ഷേ റൊസാരിയോ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ആനന്ദ്‌ ഗൌഡ, ഡഗ്ലസ്സിന്റെ കഴിവുകള്‍ മനസ്സിലാക്കി, അയാളെ ആ ഗ്രൂപ്പിലേക്ക്‌ ചേര്‍ത്തു. ജീവനു തന്നെ ഭീഷണിയുണ്ടായിരുന്ന സമയത്ത്‌, ആ അഭയം ഡഗ്ലസ്സിന് ഒരു അനുഗ്രഹമായിരുന്നു. തന്റെ കഴിവുകള്‍ക്കൊണ്ട്‌ ആ ഗ്രൂപ്പിലും ഡിസൂസ നല്ല നിലയിലേക്ക്‌ ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ ബിസിനസ്സില്‍ മാത്രമായിരുന്നില്ല റൊസാരിയോ ഗ്രൂപ്പ്‌ ഇടപെട്ടിരുന്നത്, മയക്കു മരുന്നിന്റെ പ്രമുഖ ഏജന്റുമാര്‍ ആയിരുന്നു അവര്‍. എന്നാല്‍ ആനന്ദ്‌ ഗൌഡയുടെ സഹായത്തൊടെ സ്വര്‍ണ്ണക്കടത്തില്‍ മാത്രമായി ഡഗ്ലസ്സ് ഒതുങ്ങി, പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഗോവന്‍ പോലീസ്‌ ഈ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വീണ്ടും ഗോവന്‍ തെരുവുകളില്‍ ചോരയൊഴുകി. ജീവന്‍ രക്ഷിക്കാനായി ആനന്ദ്‌ ഗൌഡ ബാംഗ്ലൂരിലേക്ക്‌ പലായനം ചെയ്തു. അതോടെ ഡഗ്ലസ്സിനും ഗോവയോട്‌ വിടപറയാതെ നിവര്‍ത്തി ഇല്ലാതായി. അയാള്‍ നേരെ പോയത്‌ ബോംബെയ്ക്കായിരുന്നു.

സ്വര്‍ണ്ണത്തിന്റെ ബിസിനസ്സ്‌ ചെയ്തിരുന്ന കാലത്തെ പരിചയത്തിന്റെ പേരില്‍, ബോംബെയില്‍ ഒരു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചു, മാനസികമായി അധോലകവുമായി അകലം പാലിച്ചതിനാല്‍ ആ വഴിയിലേക്ക്‌ അയാള്‍ തിരിഞ്ഞില്ല. ഒടുവില്‍ ഒരു ഏജന്റിന്റെ സഹായത്തോടെ അയാള്‍ സൌദിയിലേക്ക് കടന്നു. അവിടെ രണ്ടു വര്‍ഷം അറബികളുടെ എണ്ണപ്പാടത്ത്‌ ജോലി നോക്കി. കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതോടെ ഏകദേശം നാലു വര്‍ഷത്തോളം അവിടെ ജോലി നോക്കി. എന്നാല്‍ വിസയുടെ പ്രശ്നം വന്നതോടെ സ്മ്പാദ്യമെല്ലാം അവിടെ ഉപേക്ഷിച്ച്‌ പൊതു മാപ്പു വാങ്ങി, തിരിച്ചു പോരേണ്ടി വന്നു. തിരിച്ചു ബോംബെയിലെത്തി, രണ്ടു വര്‍ഷത്തോളം ചെറിയ ജോലികളുമായി കഴിഞ്ഞു. എന്നാല്‍ അതു കൊണ്ട്‌ പിടിച്ചു നിലക്കാനാവില്ല എന്നു വന്നതോടെ, ഗോവയ്ക്കു മടങ്ങിയാലോ എന്നായി ആലോചന. പക്ഷേ ജീവഭയം ഉള്ളതിനാല്‍, അയാള്‍ ഗോവയ്ക്കു പോകാതെ ബാംഗ്ലൂര്‍ക്കു പോന്നു, ആനന്ദ്‌ ഗൌഡയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ വരവ്‌. എന്നാല്‍ അത് പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. ഏകദേശം ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, അയാള്‍ ഗൌഡയെ കണ്ടെത്തി. കള്ളക്കടത്തെല്ലാം ഉപേക്ഷിച്ച്‌, ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗൌഡയ്ക്ക്‌ ഡഗ്ലസ്സിനെ സാമ്പത്തികമായി സഹായിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജീവിക്കാനായി എന്തും ചെയ്യാം എന്ന മനോഭാവമുണ്ടായിരുന്ന ഡഗ്ലസ്സിനെ അയാള്‍ ഒരു സ്വര്‍ണ്ണക്കടത്തുകാരന് പരിചയപ്പെടുത്തി. സ്വര്‍ണ്ണവുമായി, വിവിധ സ്ഥലങ്ങളിലേക്ക്‌ പോകുക, ആവശ്യക്കാരന് നല്‍കുക എന്നതായിരുന്നു ജോലി, റിസ്ജ്‌ കൂടിയ ജോലി ആയിരുന്നതിനാല്‍ കിട്ടിയിരുന്ന പ്രതിഫലവും വളരെയധികമായിരുന്നു. അതില്‍ ശോഭിച്ചതോടെ, ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെ ഒരു പ്രധാന സ്വര്‍ണ്ണ ഏജന്റായി മാറി. ഒറ്റയ്ക്ക്‌ എല്ലാം കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, അയാള്‍ക്ക്‌ സഹായികളും ഉണ്ടായി. വളരെയധികം പണം സമ്പാദിച്ച അവര്‍, പക്ഷേ ഒന്നും എവിടേയും നിക്ഷേപിച്ചില്ല. പണമെല്ലാം പല സ്ഥലങ്ങളിലായി സൂക്ഷിക്കുകയായിരുന്നു പതിവ്‌. ഒരു തവണ കേരളത്തിലേക്ക്‌ സ്വര്‍ണ്ണവുമായി പോയ ഡഗ്ലസ്സിനെ പോലീസ്‌ പിന്തുടര്‍ന്നു. എന്നാല്‍ അവരെ വെട്ടിച്ച്‌ സമര്‍ത്ഥമായി രക്ഷപെട്ട ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേക്കും, അതുവരെ സമ്പാദിച്ച പണവുമായി കൂടെയുള്ളവര്‍ കടന്നിരുന്നു. വിശ്വസിച്ചവര്‍ ചതിച്ചപ്പോള്‍, പണക്കാരനില്‍ നിന്നും ഒന്നുമില്ലാത്തവനിലേക്കുള്ള മാറ്റം ഒരു രാത്രി കൊണ്ടായിരുന്നു. സമ്പാദിച്ച പണം, സ്ഥലങ്ങള്‍ വാങ്ങി നിക്ഷേപിക്കുവാന്‍ പല തവണ ഉപദേശിച്ചിരുന്നു ഗൌഡ. അയാളെ വീണ്ടും സഹായിക്കാന്‍ ഗൌഡ തയാറുമായിരുന്നു. എന്നാല്‍ ആ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കാനാഗ്രഹിച്ച ഡഗ്ലസ്സ്‌ വീണ്ടും ബാര്‍ ഹോട്ടലിലെ സപ്ലയറായി. പിന്നീട്‌ 10 വര്‍ഷത്തോളം അയാള്‍ പല പല ബാറുകളിലായി ജോലി നോക്കി. ഒടുവിലാ ജോലി മടുത്തപ്പോള്‍, കൊറിയര്‍ ബോയി ആയും, പെട്രോള്‍ ബങ്കിലുമെല്ലാം അയാള്‍ ജോലി നോക്കി. ഒടുവില്‍ അയാള്‍ സെക്യൂരിറ്റി സര്‍വീസില്‍ ചേര്‍ന്നു. അങ്ങനെയാണയാള്‍ എന്റെ ഫ്ലാറ്റില്‍ എത്തുന്നത്‌.

സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു. കണ്ണുകള്‍ തുടച്ച്‌ മുഖത്തൊരു പുഞ്ചിരി വരുത്തി. എന്നിട്ടയാള്‍ പറഞ്ഞു. “ഇതാണ് സാര്‍ എന്റെ കഥ. ഞാനൊരു ക്രിമിനലാണെന്ന്‌ സാറിനിപ്പോള്‍ തോന്നുന്നുണ്ടോ? “, അയാള്‍ ചോദിച്ചു.
“ഏയ്‌...അങ്ങനെ ഒന്നും ഇല്ല...”, ഞാന്‍ പറഞ്ഞു.
“ഞാന്‍ എന്റെ കഥ ആരോടെങ്കിലും പറഞ്ഞാല്‍ പിന്നെ എന്റെ ജോലിയും പോകും...ആദ്യമായി ആണ് ഞാന്‍ ഒരാളോട് ഇതൊക്കെ പറയുന്നത്‌...”, അയാള്‍ പറഞ്ഞു.
ഞാന്‍ പതിയെ അയാളുടെ മുഖത്തേക്ക്‌ നോക്കി.
“കറങ്ങി നടന്ന സമയത്ത്‌, പണം മാത്രമായിരുന്നു ലക്ഷ്യം. അന്നൊരു കല്യാണം പോലും കഴിച്ചില്ല. അതു കൊണ്ടിപ്പോള്‍ ഒറ്റത്തടി. സുഖം, ആരേയും നോക്കേണ്ട...?”, അയാള്‍ പറഞ്ഞു. “ഇപ്പോള്‍ ആ പണവും ഇല്ല....” അയാള്‍ തുടര്‍ന്നു.
“അതൊക്കെ ശരിയാകും....”, ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു...
“ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്നും പോകും, ഞാന്‍ പറഞ്ഞിരുന്നില്ലേ ശമ്പളം ലഭിക്കുന്നില്ല എന്ന്‌? ഇവിടെ തുടരാന്‍ വളരെ പാ‍ടാണ്...”, അയാള്‍ പറഞ്ഞു.
“എങ്ങോട്ടു പോകും..?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“അറിയില്ല സാര്‍, കുറച്ചു കൂടി നല്ല ജോലി കണ്ടു പിടിക്കണം.”, അയാള്‍ പറഞ്ഞു. “സാറിന്റെ നമ്പര്‍ തരണേ? ഞാന്‍ വിളീക്കാം”, അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ നല്‍കി. “ഞാന്‍ പോകുമെന്ന്‌ ഉറപ്പില്ലാ, ഞാന്‍ സൂചിപ്പിച്ചെന്നേയുള്ളൂ...”, അയാള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
“നിങ്ങളുടെ നമ്പര്‍?”, ഞാന്‍ ചോദിച്ചു
“എനിക്ക്‌ മൊബൈലില്ല സാര്‍...”, അയാള്‍ പറഞ്ഞു.
“ശരി... അപ്പോള്‍ നാളെ കാണാം... ഗൂഡ്‌ നൈറ്റ്‌...”, ഞാന്‍ പറഞ്ഞു.
“ഗൂഡ്‌ നൈറ്റ്‌ സാര്‍.... നാളെ കാണാം...”, അയാള്‍ പറഞ്ഞു...

അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക്‌ പോകുമ്പോള്‍ വെങ്കിടേശ്വര  ആണ് ഡ്യൂട്ടിയില്‍. വൈകിട്ട്‌ തിരികെ എത്തിയപ്പോള്‍ അപ്പോഴും വെങ്കിടേശ്വര തന്നെയാണ്  ഡ്യൂട്ടിയില്‍. ഞാന്‍ അയാളോടു തിരക്കിയപ്പോള്‍ ഡഗ്ലസ്സ്‌ പോയി എന്നു പറഞ്ഞു. അതൊരു ഷോക്കായിരുന്നു. എങ്ങോട്ടാണ് അയാള്‍ പോയതെന്ന്‌ ഞാന്‍ ചോദിച്ചു. പക്ഷേ, വെങ്കിടേശ്വരയ്ക്ക്‌ അതിനെക്കുറിച്ച്‌ യാതോരു അറിവും ഇല്ല. സ്വന്തമായി മൊബൈല്‍ ഇല്ലാത്തെ മനുഷ്യനെ കണ്ടെത്താനാവും എന്ന്‌ എനിക്കൊരു പ്രതീക്ഷയും ഇല്ല. ഈ സംഭവം കഴിഞ്ഞിട്ട്‌ 2 മാസമായി. ഇപ്പോഴും പരിചയമില്ലാത്ത നമ്പറില്‍ നിന്നു കോളുകള്‍ വരുമ്പോള്‍ ഞാന്‍ ഒരു നിമിഷം ആഗ്രഹിക്കും, അതു ഡഗ്ലസ്സ്‌ ആയിരുന്നെങ്കില്‍ എന്ന്......

Saturday, December 19, 2009

ഐഡിയ സ്റ്റാര്‍ സിങ്ങള്‍ കരച്ചില്‍ നാടകം തുടരുന്നു...

ഒരു കാലത്ത്‌ മലയാളി പ്രേക്ഷകരെ, കണ്ണീര്‍ സീരിയലുകളിലൂടെ ദിവസവും വൈകിട്ട്‌ 6 മുതല്‍ 10 മണി വരെ തുടര്‍ച്ചയായി കരയിച്ചു കൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ പുതിയ കരച്ചില്‍ പരിപാടിയാണ് “ഐഡിയാ സ്റ്റാര്‍ സിങ്ങര്‍”. കണ്ണീര്‍ സീരിയലുകളില്‍ നിന്നും മോചനം നേടിയല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിന്റെ പ്രസ്റ്റീജിയസ്‌ റിയാലിറ്റി ഷോയായ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍, എലിമിനേഷന്‍ എപ്പിസോഡെന്ന പേരില്‍, കണ്ണീര്‍ എപ്പിസോഡുകള്‍ പടച്ചു വിടുന്നത്‌. ഏഷ്യാനെറ്റിലെ പ്രേക്ഷകര്‍ കയ്യൊഴിയുന്നുവെന്ന സാഹചര്യത്തില്‍ അവരുടെ രക്ഷകനായി അവതരിച്ച റിയാലിറ്റി ഷോയാണിത്‌. ആദ്യ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ശ്രദ്ധ നേടാതെ പോയതോടെ, രണ്ടാമത്തേത്‌ എസ്.എം.എസ് ഉള്‍പ്പടെ പല വ്യത്യാസങ്ങളോടെ അവതരിപ്പിക്കുകയും, എസ്.എം.എസ്‌ വിവാദത്തില്‍ പരിപാടി പോപ്പുലറാകുകയും ചെയ്തതോടെയാണ്‌ ഏഷ്യാനെറ്റിന്റെ രാശി തെളിയുന്നത്‌. എസ്‌.എം.എസ്സുകള്‍ അയക്കുന്നവരെ വിഡ്ഡികളാക്കി, അതു കണക്കു കൂട്ടുക പോലും ചെയ്യാതെ, എലിമിനേഷന്‍ നടത്തിയത്‌ പുറം‌ലോകമറിഞ്ഞപ്പോള്‍ അഴിഞ്ഞുവീണത്‌ ഏഷ്യാനെറ്റെന്ന ചാനലിന്റെ മുഖം‌മൂടി ആയിരുന്നു. എന്നാല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഈ വിവാദത്തോടെ ഈ റിയാലിറ്റി ഷോയ്ക്ക്‌ കഴിഞ്ഞു. വിജയികളെ ആദ്യം നിശ്ചയിക്കപ്പെട്ടു എന്നു വരെ എസ്.എം.എസ്സുകളും, ഈ-മെയിലുകളും പരന്നിരുന്ന ആ കാലത്ത്‌, അതൊക്കെ ആരുടേയോ മനോഭാവന എന്നോര്‍ത്ത്‌ സമാധാനിച്ച്‌ എസ്.എം.എസ്‌ അയച്ചവരെ ഒന്നടങ്കം വിഡ്ഡികളാക്കി, പ്രവചിക്കപ്പെട്ടവര്‍ തന്നെ വിജയികളായപ്പോള്‍, മണ്ടത്തരം മനസ്സിലാകാതെ, അടുത്ത സീസണും എസ്.എം.എസ്‌ അയക്കുന്നവരാണ് ഇതിന്റെ ആരാധകരിലധികവും. ജഡ്ജ്സസിന്റെ “ഗുഡ് ബുക്കി”ല്‍ കയറാത്തവര്‍ എന്നും പടിക്കു പുറത്തായ ചരിത്രമാണ് ഈ റിയാലിറ്റി ഷോയ്ക്ക്‌ ഉള്ളത്‌. അതിനു കഴിയാത്ത പ്രതിഭാധനരായ ഏതാനും മത്സരാര്‍ത്ഥികള്‍, ഷോ പാതി വഴിയെത്തുന്നതിനു മുന്നെ പടിയിറങ്ങിപ്പോകുന്ന അസുലഭമായ കാഴ്ചയും നമുക്കീ ഷോയില്‍ മാത്രം കാണാവുന്നതാണ്. അതു മാത്രമല്ല, ജഡ്ജസിന്റെ ഗുഡ്‌ ബുക്കില്‍ ഉള്‍ലവരും, ഫാന്‍ ഫോളോയിങ്‌! കൂടുതലുള്ളവരും, എല്ലാ റൌണ്ടുകളും താണ്ടി, ഇനി ഒഴിവാക്കപ്പെടാതെ രക്ഷയില്ല, അല്ലെങ്കില്‍ കള്ളി പൊളീയും എന്ന സാഹചര്യത്തില്‍ മാത്രം പുറത്തു പോകുന്ന കാഴ്ചയും ഈ ഷോയുടെ പ്രത്യേകതയാണ്. സ്ത്രീ ശബ്ദത്തില്‍ പാടുന്ന ഒരു പാട്ടുകാരനെ അവസാന റൌണ്ടുകളില്‍ വരെ എത്തിച്ച മാജിക്ക്‌, ജഡ്ജസ്‌ ഗുഡ്‌ ബുക്ക്‌ എന്‍‌ട്രി മാത്രമെന്ന്‌ ഇതിന്റെ സ്ഥിരം പ്രേക്ഷകര്‍ക്കെല്ലാം അറിയാം. അതു പോലെ ശാസ്ത്രീയ സംഗീതപരിജ്ഞാനം ഇല്ലാത്തെ ടൈപ്പ്‌ കാസ്റ്റഡ്‌ സിങ്ങര്‍ ഫൈനല്‍ എലിമിനേഷനില്‍ മാത്രം പുറത്തു പോയതിന്റെ ഗുട്ടന്‍സ്, എസ്.എം.എസ്സിന്റെ കാര്യത്തില്‍ ആ മത്സരാര്‍ത്ഥി ഒരു പൊന്മുട്ടയിടുന്ന താറാവാണെന്ന തിരിച്ചറിവ്‌ മാത്രമാണ്. ഒരു റൌണ്ടില്‍ പാട്ടു പാടാന്‍ കഴിയാതെ ഇടയ്ക്കു വച്ചു നിര്‍ത്തിയ മത്സരാര്‍ത്ഥി, പുറത്താകുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍, എല്ലാവരേയും അമ്പരപിച്ചു കൊണ്ട്‌ എസ്.എം.എസ്സിന്റെ പേരില്‍ അടുത്ത റൌണ്ടിലേക്ക്‌ കടത്തി വിടുകയും ചെയ്ത ഷോയും ഇതു തന്നെ.. നാടകങ്ങള്‍ക്കു മുകളില്‍ നാടകങ്ങളുമായാണ് ഈ ഷോ മുന്നോട്ടു കുതിക്കുന്നത്‌.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഒരു ഗായകനെ/ഗായികയെ വാര്‍ത്തെടുക്കുമെന്ന്‌ മിഷന്‍ 2020യുമായി നടന്നു പോരുന്ന ഈ റിയാലിറ്റി ഷോയുടെ ഈ സീസണ്‍ ഒരു രീതിയിലും സുഖകരമല്ല. മത്സരാര്‍ത്ഥികളുടെ നിലവാരം ഇത്തവണ താഴേക്കു തന്നെയാണ്. പേരിനു പോലും ഒരു മികച്ച മത്സരാര്‍ത്ഥികള്‍ ഇല്ല. ഇതിനു മുന്നെയുള്ള സീസണുകളില്‍ അവര്‍ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയാണിത്‌. ശരാശരിക്കു മുകളിലുള്ള മൂന്നോ നാലോ മത്സരാര്‍ത്ഥികളെ ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റുള്ളവര്‍ എവിടെ തുടങ്ങിയോ അവിടെ തന്നെ നില്‍ക്കുന്നവരാണ്‌ എന്നതാണ് ദയനീയം. മികച്ചത്‌ എന്ന്‌ ജഡ്ജസ്‌ പറയുന്ന പല ഗാനങ്ങളും കേള്‍ക്കുമ്പോഴും, സംഗീതത്തെ ഇഷ്ടപ്പെടുന്ന, ആ ഗാനം ഒരിക്കലെങ്കിലും അതിനു മുന്നേ കേട്ടിട്ടുള്ളവര്‍ക്ക്‌ ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന വികാരം, ദു:ഖമോ, സഹതാപമോ എന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. എന്നും റേറ്റിങ്‌ ഉയര്‍ന്നു നിന്നിരുന്ന ഈ പ്രോഗ്രാമിനെ ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്ന പോലെ, മറ്റൊരു ചാനല്‍ അവരുടെ സൂപ്പര്‍ ഹിറ്റ്‌ റിയാലിറ്റി ഷോയുടെ ഒരു സീക്വല്‍ കൊണ്ടു വന്നത്‌. രണ്ടു വര്‍ഷത്തിനു ശേഷം വന്ന ആ ഷോ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും, അവതരണത്തിലും, മത്സരാര്‍ത്ഥികളുടെ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുകയും ചെയ്തതോടെ, ഐഡിയാ സ്റ്റാര്‍ സിങ്ങറിന്റെ റേറ്റിങ് താഴുവാന്‍ തുടങ്ങി. പരിപാടികളുടെ സമയക്രമവും കൂടുതല്‍ പ്രേക്ഷകരെ ഈ പുതിയ റിയാലിറ്റി ഷോയിലേക്ക് ആകര്‍ഷിച്ചതോടെ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പാട്ടിന്റെ തലനാരിഴ കീറി പരിശോധിച്ചു കുറ്റങ്ങള്‍ കണ്ടു പിടിച്ച്‌, തന്റെ സംഗീതത്തിന്റെ അറിവ്‌ നാട്ടാര്‍ക്കു മുന്നില്‍ വിളമ്പിയിരുന്ന ജഡ്‌ജസ് നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കി എല്ലാം പോസിറ്റീവ് കമന്റുകള്‍ നല്‍കുവാന്‍ തുടങ്ങി. കുറ്റവും കുറവും കണ്ടുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക്‌ ഏതു പാട്ടും “എക്സലന്റ്” എന്നു പറഞ്ഞ്‌ അനുമോദിക്കുവാനും തുടങ്ങി... എത്ര മോശമായി പാടിയാലും 80 മാര്‍ക്ക്‌ മിനിമം ലഭിക്കും... സംഗീതത്തിന്റെ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത, സംഗീത ആസ്വാദകര്‍ പോലും പലര്‍ക്കും കൊടുക്കുന്ന മാര്‍ക്കുകള്‍ കണ്ട്‌, “ഈ പാട്ടിന് 85 മാര്‍ക്കോ...?“ എന്നു ചോദിച്ചു തുടങ്ങി. എന്നിരുന്നാലും ഈ കലാപരിപാടി നിര്‍ബാധം തുടര്‍ന്നു പോന്നു. എന്നാല്‍ അതിനിടയിലാണ്, എലിമിനേഷന്‍ റൌണ്ടെന്ന നാടകം ചാടി വരുന്നത്‌. ഓസ്കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ക്രിപ്റ്റാണ്, ഈ നാടകത്തിന്റേത്‌. അതിനിടയില്‍ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച്‌ അവതാരകയുടെ അസഹ്യമായ പെര്‍ഫോര്‍മന്‍സും, അതിന്റെ കൂടെ അഭിനേതാക്കളായ സെലിബ്രറ്റി ജഡ്‌ജുമാരുടെ വികാരനിര്‍ഭരമായ പ്രകടനവും... സാധാരണ ഈ ലെവലില്‍ ഒതുങ്ങുന്ന നാടകം ഇത്തവണ ഒരു പടി കൂടി കടന്ന്‌ മുന്നോട്ടു പോയി. എലിമിനേഷന്‍ റുണ്ട്‌ തുടങ്ങുന്നതിനു മുന്നെ ഗ്ലിസറിന്‍ കുപ്പിയുമായി സ്ഥാനം പിടിച്ച ജഡ്‌ജസും കൂടി കണ്ണീരൊഴുക്കി തുടങ്ങിയ്യാത്തോടെ മെഗാസീരിയലിനെ വെല്ലുന്ന കരച്ചില്‍ നാടകമായി എലിമിനേഷന്‍ റൌണ്ട്‌. അവസാനം, തുളുമ്പുന്ന കണ്ണുകളോടെ പ്രേക്ഷകരോട്‌ ഒരു ഉപദേശവും, ഇതിനെല്ലാം കാരണം അവരാണ്.. ഓരോ എലിമിനേഷനിലും എസ്.എം.എസ്സിന്റെ കണക്കു പറയുന്ന ഈ നാടകക്കാര്‍, എസ്.എം.എസ്` കൌണ്ട്‌ ചെയ്യുന്നുണ്ടോ എന്നു പോലും സംശയമാണ്. നന്നയി പാടുന്നവര്‍ പുറത്തു പോകുകയും, കുറഞ്ഞ മാര്‍ക്ക്‌ നേടുന്നവര്‍ ഈസിയായി അകത്താകുകയും ചെയ്യുമ്പോള്‍, എസ്.എം.എസ് അല്ല മറ്റു പലതുമാണ് ഇതൊക്കെ നിര്‍ണ്ണയിക്കുന്നതെന്ന്` വ്യക്തം.. ദാ...ഇപ്പോള്‍ പുതിയ കണ്ണീര്‍ നാടകവും.. റേറ്റിങ് കൂട്ടാനുള്ള ഓരോ പെടാപാടേ... എല്ലാ ദിവസങ്ങളിലും, പ്രത്യേകിച്ച്‌ വിശേഷ ദിവസങ്ങളില്‍, ചാനല്‍ തുറന്നാല്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറേ എങ്കിലും കാണാതിരിക്കാന്‍ പറ്റാത്ത ഈ ചാനല്‍ മുന്നോട്ടു പോകുന്നതു തന്നേ ഐഡിയാ സ്റ്റാര്‍ സിംഗര്‍മാരേ വിറ്റു കൊണ്ടാണെന്നാതാണ് സത്യം, അപ്പോള്‍ ഇത്തരം കണ്ണീര്‍ നാടകങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം...

Sunday, December 13, 2009

കേരളാ കഫേ (Kerala Cafe)

പേരില്‍ തന്നെ വ്യത്യസ്തതയുമായാണ് കേരളാ കഫേ നമ്മേ എതിരേല്‍ക്കുന്നത്‌. മലയാളികള്‍ക്ക്‌ അത്ര പരിചിതമല്ലാത്തെ ഒരു ആഖ്യാന രീതിയാണ് കേരളാ കഫേയുടേത്‌. സംവിധായകനും നടനുമായ രഞ്ജിത്തിന്റെ നേത്രുത്വത്തില്‍, പത്തു സംവിധായകരാണ് കേരളാ കഫേയില്‍ ഒന്നിക്കുന്നത്‌. ഒരേ വേദിയില്‍ നിന്നു കൊണ്ട്‌ പത്തു വ്യത്യസ്തമായ കഥ പറയുകയും, അവയെ രസച്ചരടു പൊട്ടാതെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കയാണ് കേരളാ കഫേയിലൂടെ. 10 മുതല്‍ 12 മിനുട്ട് വരെയാണ് ഹ്രസ്വചിത്രങ്ങളുടെയെല്ലാം ദൈര്‍ഘ്യം. എല്ലാ സംവിധായകര്‍ക്കും അവരുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യമെടുക്കുകയും, കഥയും തിരക്കഥയുമെല്ലാം സ്വയം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഓരോ ചിത്രത്തിനും താരങ്ങളെയും സാങ്കേതികവിദഗ്ധരെയും വ്യത്യസ്തവുമാണ്. ഇത്തരം അന്തോളജി ചിത്രങ്ങള്‍ മലയാളികള്‍ക്കു പരിചിതമല്ല. 2007 ല്‍ ഹിന്ദിയിലിറങ്ങിയ ‘ദസ് കഹാനിയാന്‍’ എന്ന ചിത്രം ഇത്തരത്തിലൊരു ട്രീറ്റ്‌മെന്റായിരുന്നു. ആറു സംവിധായകരുടെ പത്ത്‌ ഹ്രസ്വചിത്രങ്ങളാണ് ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ ബോക്സോഫീസില്‍ ഇതൊരു വമ്പന്‍ പരാജയമായി. എന്നാല്‍, രഞ്ജിത്തിന്റെ കേരളാ കഫേ നമുക്കൊരു വ്യത്യസ്തമായ അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്‌. ഷാജി കൈലാസ്, രേവതി, ശ്യാമപ്രസാദ്, അന്‍‌വര്‍ റഷീദ്, അഞ്ജലി മേനോന്‍, എം പത്മകുമാര്‍, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഉദയ് അനന്തന്‍‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്‌. മമ്മൂട്ടി, സുരേഷ്‌ ഗോപി, ദീലീപ്‌, പ്രിഥ്വിരാജ്‌, ശ്രീനിവാസന്‍, സിദ്ധിഖ്‌, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, അനൂപ്‌ മേനോന്‍, തിലകന്‍, നവ്യ നായര്‍, ശ്വേതാ മേനോന്‍, റീമ കല്ലുങ്കല്‍, ജ്യോതിര്‍മയി, സോന നായര്‍, ശാന്താ ദേവി, കല്‍പ്പന തുടങ്ങിയ ഒരു വമ്പിച്ച താരനിര തന്നെ ഈ പത്തു ചിത്രങ്ങളിലുമായുണ്ട്‌. ക്യാപിറ്റല്‍ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്‌.

ഹ്രസ്വചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്നവരും, അവര്‍ റയില്‍‌വേ സ്റ്റേഷനിലെ ‘കേരള കഫെ’ എന്ന ഭക്ഷണ ശാലയില്‍ ഒന്നിച്ചു ചേരുന്നതിനെ ഇതിവ്രുത്തമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്‌. രഞ്ജിത്ത്‌ എന്ന സംവിധായകന്റെ മികവ്‌ പ്രകടമാകുന്ന ഒരു ചിത്രം കൂടിയാണിത്‌. ഇതിലെ ഒരോ ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത്‌ ഒരു രഞ്ജിത്ത്‌ ടച്ചിലാണ്. പത്തു കഥകളെ ഒന്നിച്ചു ചേര്‍ത്ത്‌ ഒന്നായി തിരശ്ശീലയിലെത്തിക്കുന്ന എന്ന് ഈ ഉദ്യമത്തിന് രഞ്ജിത്തിന് സഹായകമായിരിക്കുന്നത്‌ വിജയ് ശങ്കറെന്ന ചിത്ര സംയോജകന്‍ തന്നെയാണ്. ഏച്ചു കെട്ടല്‍ ഫീല്‍ ചെയ്യിക്കാതെ, അതി മനോഹരമായി തന്നെ ഈ ചിത്രങ്ങളെ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. മനോജ്‌ പിള്ള തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. പശ്ചാത്തല സംഗീതം പോലെ ഒഴുകി വരുന്ന ബിജിബാലിന്റെ കഥയമമ എന്ന ഗാനം ആകര്‍ഷകമാണ്.

കേരളാ കഫേയില്‍ ആദ്യമായി നമ്മുടെ മുന്നിലെത്തുന്ന ചിത്രം, എം.പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘നൊസ്റ്റാള്‍ജിയ’ ആണ്. ദിലീപ്‌, നവ്യാ നായര്‍, സുരേഷ്‌ ക്രുഷ്ണ, ബാബു നമ്പൂതിരി എന്നിവരാണ്. നമ്മുടെ നാടിനെ അത്യധികം സ്നേഹിക്കുന്ന ഒരു പ്രവാസിയുടെ കഥയാണ് ‘നൊസ്റ്റാള്‍ജിയ’. പുറം നാട്ടില്‍ താമസിക്കുമ്പോള്‍ നമ്മുടെ നാടിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുകയും, ഒടുവില്‍ നാട്ടിലെത്തിയാല്‍, നമ്മുടെ നാടിന്റെയും വ്യവസ്ഥിതിയെയും കുറിച്ച്‌ എപ്പോഴും പരാതിപ്പെടുന്ന ഒരു പ്രാവസിയെയാണ് ദിലീപിതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കഥ തന്നെ ചുറ്റിത്തിരിയുന്നത്‌ ദിലീപിന്റെ കഥാപാത്രത്തിനൊപ്പമാണ്. പക്ഷേ, ആ കഥാപാത്രത്തെ പൂര്‍ണ്ണമായും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്‌ ഈ ചിത്രത്തെ പിന്നിലാക്കുവാന്‍ ഒരു പ്രധാന കാരണമായി. മറ്റുള്ളവര്‍ക്ക്‌ കാര്യമായി തിളങ്ങുവാനുള്ള അവസരവും ഈ രചനയിലില്ലാതെ പോയി.

ശങ്കര്‍ രാമക്രുഷ്ണന്‍ രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്തിരിക്കുന്ന ‘ഐലന്റ്‌ എക്സ്പ്രസ്സ്’ ആണ് രണ്ടാമതായി നമ്മുടെ മുന്നിലെത്തുന്ന ഹ്രസ്വചിത്രം. പൃഥ്വിരാജ്, കനി, മണിയന്‍‌പിള്ള രാജു, സുകുമാരി, ജയസൂര്, റഹ്മാന്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. വളരെ വ്യത്യസ്തമായ രീതിയിലാണ് സംവിധായകന്‍ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. കഥാപാത്രങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തിയ ശേഷം, അവരെ കഥാഗതിയിലേക്ക്‌ യോജിപ്പിച്ചു ചേര്‍ക്കുക എന്ന സമീപനമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്‌. അതു തന്നെയാണ് ഈ ചിത്രത്തെ മറ്റുള്ളവയില്‍ നിന്നും വിഭിന്നമാക്കിയിരിക്കുന്നത്‌. ഒരു ബന്ധവുമില്ലാത്ത കഥാപാത്രങളെ കൂട്ടിമുട്ടിക്കുന്നതില്‍ അല്പം അസ്വാഭാവികത തോന്നുന്നു. അതു പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ഒരല്പം ക്രിത്രിമത്വം തോന്നുന്നു. പക്ഷേ അതിനെ ചെറിയൊരു വീഴ്ചയായി കണ്ട്‌ ക്ഷമിക്കാവുന്നതേയുള്ളൂ, കാരണം ഇതിന്റെ സാങ്കേതിക വിഭാഗം മനോഹരമായി ഈ വീഴ്ചകള്‍ മറച്ചിട്ടുണ്ട്‌. പക്ഷേ കഥാകഥനത്തിലെ വിള്ളലുകള്‍ ചിത്രം പാളം തെറ്റിയോ എന്ന്‌ പ്രേക്ഷകനെ ചിന്തിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

ഷാജി കൈലാസ് എന്ന സംവിധാകന്‍ അണിയിച്ചൊരുക്കുന്ന ‘ലളിതം ഹിരണ്മയം’, തന്റെ സ്ഥിരം ആക്ഷന്‍ ത്രില്ലര്‍ ശൈലിയില്‍ നിന്നും വേറിട്ടൊരു സമീപനമാണ്. സുരേഷ്‌ ഗോപി, ധന്യാ മേരി വര്‍ഗ്ഗീസ്‌, ജ്യോതിര്‍മയി എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒരു വേറിട്ട ശൈലി പരീക്ഷിക്കാനൊരുങ്ങിയ ഷാജി കൈലാസിനെ അഭിനന്ദിക്കാമെങ്കിലും, ഈ പരീക്ഷണം അമ്പേ പരാജയമായി എന്നു പറയുന്നതാവും ശരി. സുരേഷ്‌ ഗോപിയുടേയും ധന്യാ മേരിയുടേയും അഭിനയം മനം മടുപ്പിക്കുന്നതാണ്. തന്റെ കഥാപാത്രത്തെ നന്നാക്കാന്‍ ജ്യോതിര്‍മയി ശ്രമിച്ചിട്ടുണ്ടെങ്കിലും, അതെവിടേയും എത്തിച്ചേരാതെ പോകുന്നു. ഈ കഥാപാത്രങ്ങളേയും ചിത്രത്തേയും മറക്കുവാനാകും പ്രേക്ഷകര്‍ക്കു താല്പര്യം. എന്നാല്‍, സ്ഥിരം ഷാജി കൈലാസ്‌ ചിത്രങ്ങള്‍ പോലെ ഈ ചിത്രവും സാങ്കേതികതികവു നിലനിര്‍ത്തുന്നു എന്നത്‌ ആശ്വാസകരമായി.

ഉദയ്‌ അനന്തന്‍ ഒരുക്കിയ ‘മൃത്യുഞ്ജയ‘മാകും പ്രേക്ഷകരെ ഏറ്റവും നിരാശപ്പെടുത്തിയ മറ്റൊരു ഹ്രസ്വചിത്രം. തിലകന്‍, റീമ കല്ലുങ്കല്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട്‌ എന്താണ് ഉദയ്‌ പറയാന്‍ ശ്രമിച്ചിരിക്കുന്നത്‌ എന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഹരി നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. അതിനൊപ്പം സംജത്തിന്റെ ചിത്രസന്നിവേശവും ഔസേപ്പച്ചന്റെ സംഗീതവും ചേരുമ്പോള്‍ കഥയില്‍ പറയാനുദ്ദേശിക്കുന്ന നിഗൂഢത ആവിഷകരിക്കുവാന്‍ സാധിക്കുന്നുണ്ട്‌.

അഞ്ജലി മേനോന്‍‌ന്റെ ‘ഹാപ്പി ജേര്‍ണി’യാണ് കേരളാ കഫേയിലെ മറ്റൊരു ഹ്രസ്വ ചിത്രം. ജഗതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, മുകുന്ദന്‍, നിത്യാമേനോന്‍ എന്നിവരും അഭിനയിക്കുന്നു. വളരെക്കാലത്തിനു ശേഷം ജഗതിയില്‍ നിന്നും അതിമനോഹരമായ ഒരഭിനയം കാണുവാന്‍ സാധിക്കുന്നു എന്നതാവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സ്ത്രീലമ്പടനായ കഥാപാത്രത്തെ അതിമനോഹരമായും അനായാസമായുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. വളരെ ചെറിയ പ്രമേയത്തെ ദ്രുശ്യവത്കരിച്ചപ്പോള്‍, അതിന്റെ കാമ്പ്‌ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ അഞ്ജലി മേനോന് കഴിഞ്ഞിരിക്കുന്നു. കേരളാ കഫേയിലെ ലളിതവും രസകരവുമായ ഹ്രസ്വചിത്രം എന്നവകാശപ്പെടാവുന്നത്‌ ഈ ചിത്രത്തിനാണ്.

സിദ്ധിഖ്‌, ശ്വേതാ മേനോന്‍ എന്നിവരെ നായികാ നായകന്മാരാക്കി ബി.ഉണ്ണിക്രുഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘അവിരാമം’. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, കുടുംബജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ചിത്രം, പരസ്പര വിശ്വാസത്തേയും സ്നേഹത്തേയും കുറിച്ച്‌ പ്രതിപാദിച്ചു കൊണ്ട്‌, അതി മനോഹരമായി തന്നെ ഭാര്യാ-ഭര്‍ത്ത്രുബന്ധത്തിന്റെ കഥ പറഞ്ഞിരിക്കുന്നു. സിദ്ധിഖിന്റെ പ്രകടനം തിളക്കാമാര്‍ന്നതാണെന്നു പറയാതെ വയ്യ. പക്ഷേ അതിനൊപ്പം മത്സരിച്ചഭിനയിക്കാന്‍ ശ്വേതാ മേനോനു കഴിഞ്ഞു എന്നതാണ് ആ കോമ്പിനേഷന്റെ വിജയമായി ഈ ചിത്രം മാറുന്നത്‌. രചയിതാവ്‌ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ ചിത്രത്തിലൂടെ കഥപറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ശ്യാമപ്രസാദ്‌, ആദ്യമായി കോമഡി താരം സുരാജ്‌ വെണ്ണാറമൂടിനെ നായകനാക്കി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് ‘ഓഫ്‌ സീസണ്‍’. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ ജോഷ്വാ ന്യൂട്ടണാണ്.
ഋതു എന്ന ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഈ ജോഡി, പക്ഷേ കേരളാ കഫേയില്‍ നമുക്ക്‌ സമ്മാനിക്കുന്നത്‌ നിരാശയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ കഥപറയുവാനാണ് ശ്യാമപ്രസാദ്‌ ശ്രമിച്ചിരിക്കുന്നത്‌. അദ്ദേഹം തന്റെ സ്ഥിരം ശൈലിയില്‍ നിന്നും ഒന്നു വേറിട്ടു ചരിക്കുവാന്‍ ശ്രമിക്കുകയാണ് ഓഫ്‌ സീസണിലൂടെ. പക്ഷേ സുരാജ്‌ വെഞ്ഞാറമൂടിന് തന്റെ കഥാപാത്രത്തെ യാഥാര്‍ത്ഥ്യത്തോടെ ഉള്‍ക്കൊള്ളുവാനോ അഭിനയിച്ചു ഫലിപ്പിക്കുവാനോ കഴിയാതിരുന്നത്‌ ഓഫ്‌ സീസണെ ഒരു ദുരന്തമാക്കി. ചിത്രത്തിലെ മാനസമൈനേ വരൂ - റീമിക്സും നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.

'രാജമാണിക്യം', 'ഛോട്ടാമുബൈ' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അന്‍‌വര്‍ റഷീദ്‌ അണിയിച്ചൊരുക്കുന്ന ‘ബ്രിഡ്ജ്‌‘ കേരളാ കഫേയിലെ സര്‍പ്രൈസ്‌ പാക്കേജ്‌. ഒരിക്കലും അന്‍‌വര്‍ റഷീദില്‍ നിന്നും നാം പ്രതീക്ഷിക്കാത്തെ ഒരു ദ്രുശ്യ വിസ്മയമാണ് ബ്രിഡ്ജ്‌ എന്ന ചിത്രം. ആര്‍.ഉണ്ണി രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലൂടെ, താന്‍ മലയാള സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ് എന്നു വിളിച്ചറിയിക്കുകയാണ് അന്‍‌വര്‍. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ശാന്താദേവി, സലീം കുമാര്‍, കല്‍പ്പന എന്നിവരാണ്. ഇവര്‍ മൂന്നു പേരും മത്സരിച്ചഭിനയിക്കയാണ് ബ്രിഡ്ജില്‍. സലീം കുമാരിന് ക്യാരക്ടര്‍ റോളുകള്‍ നന്നായി ഇണങ്ങുമെന്ന്‌ അദ്ദേഹം വീണ്ടും തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുരേഷ്‌ രാജന്റെ ഛായാഗ്രഹണവും ദില്‍ജിത്തിന്റെ കലാസംവിധാനവും വിവേക്‌ ഹര്‍ഷന്റെ എഡിറ്റിംഗും ഈ ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. അതി നിശബ്ദമായി ചിത്രം കാണുകയും ഒടുവില്‍ കരഘോഷങ്ങളോടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകരേയാവും നിങ്ങള്‍ക്കിതിനു കാണാന്‍ കഴിയുക. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട്‌ കേരളാ കഫേയിലെ താരമായി മാറുകയാണ് അന്‍‌വര്‍ റഷീദ്‌ ബ്രീഡ്ജിലൂടെ.

സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ’മകള്‍’ എന്ന ചിത്രവുമായാണ് രേവതി കേരളാ കഫേയില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്‌. ദീദീ ദാമോദരനാണ്‌ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത്‌. ശ്രീനാഥ്‌, സോനാ‍ നായര്‍, അഗസ്ട്യനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ മധു അമ്പാട്ടാണ്. കുട്ടികളെ കച്ചവടച്ചരക്കാക്കുന്നവരുടെ കഥയാണ് മകള്‍. ശക്തമായ ഒരു പ്രമേയത്തെ, ലളിതമായും, അല്പം ക്ലീഷേ എന്നു തോന്നുമെങ്കിലും, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്‌. അതില്‍ സംവിധായിക രേവതി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ലാല്‍ ജോസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പുറംകാഴ്‌ചകളാ'-ണ്‌ കേരളാ കഫേയിലെ അവസാന ചിത്രം. സി.വി ശ്രീരാമന്റെ പുറം കാഴ്ചകളെന്ന കഥയാണ്‌ ചിത്രത്തിന്‌ ആധാരം. മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഇതിന്റെ ലാളിത്യത്താലും, പ്രേക്ഷകരെ അമ്പരപ്പിലേക്ക്‌ തള്ളിവിടുന്ന ക്ലൈമാക്സും കൊണ്ട്‌ മനോഹരമായ ഒരു ഹ്രസ്വചിത്രമായി മാറുന്നു. നമ്മുടെ സഹയാത്രികരെക്കുറിച്ച്‌ നാം ചിന്തിച്ചു കൂട്ടുന്നതൊക്കെ എത്രത്തോളം വലിയ മണ്ടത്തരമാകാം എന്നു നമ്മെ പഠിപ്പിക്കുന്ന ഒരു ചിത്രമാണിത്‌. പുറം കാഴ്ചകള്‍ നമ്മെ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുമെന്ന്‌ നമ്മെ ചിന്തിപ്പിക്കുവാന്‍ ഈ ചിത്രത്തിനാകുന്നു എന്നത്‌ ഇതിന്റെ പ്ലസ്‌ പോയിന്റാണ്. കേരളാ കഫേയിലെ ഏറ്റവും ശക്തമായ തിരക്കഥ പുറം കാഴ്ചകളുടേതാണെന്ന് നിസ്സംശയം പറയാം. ലാല്‍ ജോസ്‌ അതൊനൊരു അഭിനന്ദനം അര്‍ഹിക്കുന്നു. ഒരൊറ്റ ഡയലോഗിലൂടെ മമ്മൂട്ടിയുടെ കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടുന്നു.

മലയാള ചലച്ചിത്ര ശാഖയ്ക്കു തന്നെ പുതുമ സമ്മാനിക്കുന്ന ഒരു പരീക്ഷണ ചിത്രം എന്ന രീതിയിലാവും ഈ ചിത്രം പ്രേക്ഷക മനസ്സുകളില്‍ ഇതിന്റെ സ്ഥാനം. പത്തു സംവിധായകര്‍, പത്തു കഥകള്‍, അവ കോര്‍ത്തിണക്കി ഒരു ദ്രുശ്യാനുഭവം. ഈ പരീക്ഷണ ചിത്രത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു കഴിഞ്ഞു എന്ന്‌ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. മലയാള സിനിമയിലെ ഒരു പുത്തനുണര്‍വ്വാണീ ചിത്രം. മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ സിനിമാ രംഗത്തും, പ്രേക്ഷകര്‍ക്കിടയിലും ബാക്കിയുണ്ടെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുവാന്‍ ഈ ചിത്രം സഹായിക്കുന്നു... ഇത്തരം ഒരു സംരഭത്തിന് ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ രഞ്ജിത്തിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍....

കേരളാ കഫേയിലെ ചിത്രങ്ങള്‍ : എന്റെ റേറ്റിങ്

1) ബ്രിഡ്ജ് - അന്‍വര്‍ റഷീദ് [4.7/5.0]

2) പുറം കാഴ്ചകള്‍ - ലാല്‍ ജോസ് [4.5/5.0]

3) മകള്‍ - രേവതി [4.1/5.0]

4) ഹാപ്പി ജേണി - അഞ്ജലി മേനോന്‍ [4.0/5.0]

5) ഐലന്റ് എക്സ്പ്രസ് - ശങ്കര്‍ രാമകൃഷ്ണന്‍ [3.8/5.0]

6) അവിരാമം - ഉണ്ണികൃഷ്ണന്‍. ബി [3.6/5.0]

7) നോസ്റ്റാല്‍ജിയ - പത്മകുമാര്‍ [3.5/5.0]

8) ഓഫ് സീസന്‍ - ശ്യാമപ്രസാദ് [2.5/5.0]

9) മൃതുഞ്ജയം - ഉദയ് അനന്തന്‍ [1.6/5.0]

10) ലളിതം ഹിരണ്മയം - ഷാജി കൈലാസ് [1.4/5.0]


കേരളാ കഫേ - രഞ്ജിത്ത്‌ & ക്രൂ - [3.5/5.0 ]

ആകെത്തുക: 7.5/10.0
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.