എ.വി.എ - വര്‍ണ്ണചിത്രയുടെ ബാനറില്‍, കെ.വി അനൂപ്, സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ടി.പി രാജീവന്റെ ഒരു കുറ്റാന്വേഷണ നോവലാണ് ഈ ചിത്രത്തിന് ആധാരം. ടി.പി രാജീവന്റെ നാടായ പാലേരിയില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍, ശ്വേതാ മേനോന്‍, മൈഥിലി, സിദ്ധിഖ്, ശ്രീനിവാസന്‍, ടി ദാമോദരന്‍, സുരേഷ് ക്രുഷ്ണ, ഗൌരി മുഞ്ചാല്‍, കോഴിക്കോട് നിന്നുള്ള ഒരു പിടി നാടക നടന്മാര്‍ എന്നിങ്ങനെ ഒരു വലിയ താര നിരതന്നെ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഐക്യകേരളത്തിലെ പ്രഥമ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന കൊലപാതക കേസായിരുന്നു പാലേരി മാണിക്യത്തിന്റേത്. കോഴിക്കോടിനടുത്ത് പാലേരി എന്ന ഗ്രാമത്തിലെ ചിരുതയുടെ (ശ്വേതാ മേനോന്‍) മകനായ പൊക്കന്റെ (ശ്രീജിത്ത്) ഭാര്യയായ മാണിക്യം (മൈഥിലി) ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. കല്യാണം കഴിഞ്ഞ് പതിനൊന്നാം നാള്‍ നടക്കുന്ന ഈ കൊലപാതകത്തിന്റെ അന്ന്` ഗ്രാമം മുഴുവന്‍, അവിചാരിതമായി നാട്ടിലെത്തിയെ ഒരു നാടകം കാണുവാന്‍ പോയതായിരുന്നു. ആ രാത്രി തന്നെ മറ്റൊരു കൊലപാതകവും സംഭവിക്കുന്നു, ധര്‍മ്മദത്തന്‍ എന്ന പൂജാരിയുടേത്. മാണിക്യത്തിന്റെ മരണം, അപസ്മാര മരണമെന്ന് ആദ്യം പ്രചരിക്കപ്പെട്ടെങ്കിലും, മാണിക്യത്തിന്റെ അച്ഛനും സഹോദരനും അതി വിശ്വസിക്കാന്‍ തയ്യാറായില്ല. പ്രഥമ വിവര റിപ്പോര്‍ട്ടെഴുതാന്‍ വന്ന അധികാരിയോട് അവര്‍ ഈ സംശയം പറഞ്ഞത്തോടെ, പോലീസിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. പോലീസ് അന്വേഷണം നടക്കുകയും, കുറ്റക്കാരെന്ന പേരില്‍ മൂന്നു പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അവരെയെല്ലാം വെറുതെവിടുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം കാര്യമായി നടന്നതുമില്ല. മാണിക്യം കൊല്ലപ്പെടുന്നതിന്റെ അന്നു തന്നെ പാലേരിയില്‍ ഒരു ജനനവും നടക്കുന്നു. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടി വീണ്ടും പാലേരിയിലെത്തുകയാണ്, ഹരിദാസ് (മമ്മൂട്ടി) എന്ന പ്രൊഫഷണല്‍ ഡിക്റ്ററ്റീവായി. സ്വപ്രേരണയാല്‍ പാലേരി മാണിക്യത്തിന്റെ കൊലപാതകം അന്വേഷിക്കുകയാണ് ഹരിദാസിന്റെ ദൌത്യം. അദ്ദേഹത്തിന്റെ സഹായത്തിന് ക്രിമിനല്‍ അനലിസ്റ്റായ സരയുവും (ഗൌരി)ബാര്‍ബര്‍ കേശവന്‍ (ശ്രീനിവാസന്‍), ഭ്രാന്തന്‍ കുമാരന്‍, സഖാവ്` കെ പി ഹംസ (ടി ദാമോദരന്‍), ഒരു നാടക സംവിധായകന്‍ (എസ്.കെ.പള്ളിപ്പുറം) എന്നിവരുടെ വിവരണത്തിലൂടെ ഹരിദാസ് ഒടുവില്‍ സത്യത്തെ തേടി കണ്ടുപിടിക്കയാണ് ഈ ചിത്രത്തിന്റെ ഇതിവ്രുത്തം.
മലയാളിക്ക് മനോഹരമായ പല ചിത്രങ്ങളും സമ്മാനിച്ചിട്ടുള്ള സംവിധായകനും തിരക്കഥാക്രുത്തും കൂടിയാണ് രഞ്ജിത്ത്. ഒരു മെയ് മാസപുലരിയില്‍ മുതല്‍ കേരളാ കഫേ വരെ മലയാള സിനിമയ്ക്കു മുന്നില്‍ വ്യത്യസ്തമായ ചിത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത്, മലയാളിക്കു സമ്മാനിക്കുന്ന ഒരു ദ്രുശ്യവിസ്മയമാണ് പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളീല്‍ ആദ്യമായാണ് തന്റേതല്ലാത്ത കഥ അദ്ദേഹം ചിത്രമാക്കുന്നത്. ടി.പി രാജീവന്റെ കഥയ്ക്ക് മനോഹരമായാണ് അദ്ദേഹം തിരിക്കഥയൊരുക്കിയിരിക്കുന്നത്. ഹരിദാസ് സരയുവിനോട് കഥ പറയുന്ന രീതിയില്‍ തുടങ്ങുന്ന കഥ വികസിക്കുന്നത് ഹരിദാസിന്റെ വിവരണത്തിലൂടെയാണ്. ആ വിവരണം പോലും മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയ കാലഘട്ടത്തിലെ കഥ ദ്രുശ്യവതകരിച്ചിരിക്കുന്നതിനിടയിലൂടെ ഹരിദാസ് നടന്നു നീങ്ങിക്കൊണ്ട് കഥ നമ്മോട് വിവരിക്കുന്നു. സംഭവങ്ങള്‍ ഒരു ഒഴുക്കിനു പറയാതെ, പലരുടേയും വിവരങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും മുന്നോട്ടു നീങ്ങി, ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. ഈ ഒരു പാറ്റേണ്‍ വ്യത്യസ്തമാകുന്നത്, പ്രേക്ഷകരോട് ചിത്രം സംവദിക്കുന്നതും അവരെക്കൊണ്ട് തന്നെ കഥയിലെ വിവിധ കെട്ടുകള്‍ അഴിപ്പിക്കന്നതിലുമാണ്. ഹരിദാസിന്റെ വിവരണങ്ങള്‍ക്കുമപ്പുറം, ഒരു പക്ഷേ, ഈ ഒരു ട്രീറ്റ്‌മെന്റാകാം പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. മൂലകഥയില്‍ നിന്നും അധികം വ്യത്യാസമില്ലാതെ ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് ഇതില്‍ കയ്യടി നേടുന്ന പ്രധാന കാര്യം. ഹരിദാസിനെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ (മമ്മൂട്ടീ) ജാരസന്തതിയായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതു മാത്രമല്ല, മൂലകഥയിലെ ചില കഥാപാത്രങ്ങളെ ഒഴിവാക്കുകയും, മറ്റു ചിലവര്‍ക്ക് കൂടുതല്‍ പ്രാധാന്യവും കൊടുത്തിരിക്കുന്നു. മനോഹരമായി ഒരുക്കിയിരിക്കുന്ന് ഈ തിരക്കഥയോടൊപ്പം, രഞ്ജിത്തിന്റെ സംവിധാന മികവുകൂടിയാവുമ്പോള്‍ ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നതില്‍ യാതോരു തര്‍ക്കവുമില്ല.
ഒന്നിനൊന്നു മികച്ച അഭിനയമാണ് ചിത്രത്തിലെ അഭിനേതാക്കള്‍ കാഴ്ച വച്ചിരിക്കുന്നത്. ഹരിദാസ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്നു വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഹരിദാസെന്ന അന്വേഷകനാണ് ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ആറു സീനുകളില്‍ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രമാവും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുക. സ്തീലമ്പടനും ക്രൂരനുമായ ജന്മിയായി മമ്മൂട്ടിയുടെ പ്രകടനം അത്യുജ്ജലം എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ശരീരഭാഷയിലെ വൈവിധ്യം ഒരു പക്ഷേ നമ്മെ അമ്പരിപ്പിക്കും. അതു പോലെ തന്നെ വടക്കേ മലബാറന്‍ ഭാഷ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്ന രീതിയും വളരെ മികച്ചതാണ്. ആദ്യമായി ചീരുവിനെ കാണുന്ന രംഗവും, തേങ്ങാ മോഷ്ടിച്ച അടിയാളനെ ശിക്ഷിക്കുന്ന രംഗവും മാത്രം മതി ഈ കഥാപാത്രം എത്രത്തോളം അദ്ദേഹം മികച്ചതാക്കി എന്നറിയുവാന്‍. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണോ എന്നു പ്രേക്ഷകനു തോന്നിയാല്‍ അതൊട്ടും അതിശയോക്തിയാവില്ല. മറ്റു രണ്ടു കഥാപാത്രങ്ങളും നാം കണ്ടു മറന്ന കഥാപാത്രങ്ങളായി മാറി. ചിത്രത്തില്‍ ഒരു പക്ഷേ മാണിക്യത്തേക്കാള്‍ അഭിനയ സാധ്യതയൂള്ളത് ചീരുവെന്ന കഥാപാത്രത്തിനാണ്. ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം കഥയിലെ വഴിത്തിരിവാകുന്നുണ്ട് പലവട്ടം. പൊക്കന്റെ അമ്മയായി നമ്മുടെ മുന്നിലെത്തുന്ന ചീരു, പിന്നീട് മാണിക്യത്തിന്റെ അമ്മായിയമ്മയായും, ഒതേനന്റെ ഭാര്യയായും നമ്മുടെ മുന്നിലെത്തുന്നു. വിവരണങ്ങളിലൂടെ അഹമ്മദ് ഹാജിയുടെ ഇഷ്ടക്കാരിയായും, ഗ്രാമത്തിന്റെ മുഴുവന്‍ വേശ്യയായും, ചന്തമ്മന്‍ പൂശാരിയുടെ പ്ലാറ്റോണിക് ലവറായും ചീരുവിന്റെ മറ്റു ഭാവങ്ങളും നമുക്ക് കാണുവാന്‍ കഴിയും. ചീരുവിന്റെ ചെറുപ്പകാലവും വാര്‍ദ്ധക്യ കാലവും മനോഹരമായി തന്നെ ശ്വേതാ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അവരുടെ ഭാവമാറ്റങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്. ടൈറ്റില്‍ റോളായ പാലേരി മാണിക്യത്തെ അവതരിപ്പിക്കുന്നത്` പുതുമുഖ താരം മൈഥിലിയാണ്. നിഷ്കളങ്കയായ ഗ്രാമീണ സുന്ദരിയെ മനൊഹരമായി തന്നെ മൈഥിലി അവതരിപ്പിച്ചിരിക്കുന്നു. അഭിനയ സാധ്യതകള്‍ ചുരുക്കമായ ഈ കഥാപാത്രത്തെ മൈഥിലി നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഗൌരി അവതരിപ്പിച്ചിരിക്കുന്ന സരയൂ എന്ന ക്രിമിനോളജിസ്റ്റിന് കാര്യമായി ഒന്നും ചെയ്യാനില്ല ഈ ചിത്രത്തില്‍. ഹരിദാസിനൊപ്പം ഒരു നിഴലായി മാത്രം ഈ കഥാപാത്രം ഒതുങ്ങുന്നു. ഒരിക്കലും രംഗത്തു വരുന്നില്ലെങ്കിലും, സരയുവിന്റെ ഭര്‍ത്താവായ ഗൌതം എന്ന കഥാപാത്രം സംഭാഷണങ്ങളിലൂടെ ചിത്രത്തിലുടനീളം സജീവമാണ്.
ബാര്‍ബര്‍ കേശവന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. എന്നാല്‍, കഥായിലെ നിര്‍ണ്ണായക വഴിത്തിരിവാകുന്ന കഥാപാത്രമായിട്ടു കൂടി,. ആ കഥാപാത്രത്തിന്റെ യൌവ്വന കാലത്തെ അവതരപ്പിച്ചിരിക്കുന്ന നടന്റെയത്രയും തിളങ്ങുവാന്‍ ശ്രീനിവാസന്റെ കഥാപാത്രത്തിന് കഴിയാതെ വരുന്നു എന്നത് ന്യൂനതയാണ്. മേക്കപ്പിലെ പിഴവുകളും ഈ കഥാപാത്രത്തെ പിന്നിലാക്കി. സിദ്ദിഖ് അവതരപ്പിച്ച ബാലന്‍ നായര്‍ എന്ന കഥാപാത്രം തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ചെറുതെങ്കിലും സുരേഷ് ക്രുഷ്ണയുടെ വേഷവും, ദേവകിയമ്മയായി നിലമ്പൂര്‍ ആയിഷയും നന്നായി അഭിനയിച്ചിരിക്കുന്നു. സഖാവ് കെ.പി ഹംസയെ അവതരിപ്പിച്ചിരിക്കുന്ന പ്രസിദ്ധ തിരക്കഥാക്രുത്തായ ടി.ദാമോദരനാണ്. കോഴിക്കോടിനടുത്തു നിന്ന് ഒരു പിടി നാടക കലാകാരന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. പാലേരിയിലെ ഭാഷ സംസാരികുന്ന അഭിനേതാക്കളെന്ന നിലയിലാണ് ഇവരെ രഞ്ജിത്ത് കണ്ടെത്തിയിരിക്കുന്നത്. മുരളി മേനോന്റെ നേത്രുത്വത്തില്‍ നടന്ന അഭിനയ കളരിക്കു ശേഷമാണ് ഇവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹാജിയുടെ കാര്യസ്ഥന്‍ കുന്നുമ്മല്‍ വേലായുധന്‍, തെങ്ങുകച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണന് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവര്‍ അതിമനോഹരമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം, ചന്തമ്മന്‍ പൂശാരിയായ അഭിനേതാവ് , സഖാവ് കെ.പി ഹംസയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ എന്നിവരെ ഇനിയും മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളില്‍ കണ്ടാല്‍ അതിശയിക്കാനില്ല. അതു പോലെ മോഹന്‍ദാസ് മണാലത്ത് എന്ന പോലീസുദ്യോഗസ്ഥനെ അവതരിപ്പിച്ച ശശി കലിംഗ, നാടക രംഗത്തെ പ്രസിദ്ധനായ ജയപ്രകാശ് കുളൂര്‍, നെല്ലിക്കോട് ഭാസ്കരന്റെ പുത്രന്‍ ചിത്രഭാനു എന്നിവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ടി.എ റസാഖെന്ന തിരക്കഥാക്രുത്തിനെ ഒരു ഗസ്റ്റ് റോളില്‍ (ഗസ്സല്‍ ഗായകനായി) ഈ ചിത്രത്തില്‍ കാണാം.
മികച്ച തിരക്കഥയും അഭിനേതാക്കളും സംവിധായകനും മാത്രമല്ല ഒരു ചിത്രത്തിന്റെ വിജയത്തിനു നിദാനമാകുക എന്ന സത്യം വിളിച്ചറിയിക്കുകയാണ് പാലേരി മാണിക്യത്തിന്റെ കഥ. മികച്ച സാങ്കേതിക വിഭാഗം എങ്ങനെ ഒരു സിനിമയെ സഹായിക്കും എന്നറിയുവാന്‍ പാലേരി മാണിക്യം കണ്ടാല്‍ മതി. മനോജ് പിള്ള എന്ന ഛായാഗ്രാഹകന്‍ മനോഹരമായാണ് ചിത്രത്തിലെ രംഗങ്ങളെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. പഴയ കാലത്തെ വേര്‍തിരിക്കുവാന്‍ മഞ്ഞ കലര്‍ന്ന ഒരു ഷേഡാണ് ഛായാഗ്രാഹകന്‍ ഉപയോഗിച്ചിരിക്കുന്നത്. അതു പോലെ തന്നെ, രാത്രി രംഗങ്ങള്‍ അധികമുള്ള ചിത്രത്തില്‍, അവയുടെ ചിത്രീകരണം വളരെ മികച്ചതാണ്. പാലേരി എന്ന ഗ്രാമീണ പശ്ചാത്തലം ചിത്രീകരിക്കുന്നതിലും മനോജ് പിള്ളയുടെ സാങ്കേതിക മികവ് പ്രകടമാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഹരിദാസ്, പാലേരി മാണിക്യത്തിന്റെ കഥ വിവരിക്കുമ്പോള്‍, ആ കഥാപാത്രം അന്നു പാലേരിയില്‍ നടന്ന സംഭവങ്ങള്‍ക്കിടയിലൂടെ നടന്ന് കഥ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു പോലെ തന്നെ, പാലേരി മാണിക്യത്തിന്റെ ശവശരീരം പോസ്റ്റ്‌മാര്‍ട്ടത്തിനായി തോണിയില്‍ കൊണ്ടു പോകുമ്പോള്‍, മറുവശത്തു കൂടി പൊക്കനും മാണിക്യവും കല്യാണം കഴിഞ്ഞ് വന്നിറങ്ങുന്നതും, രണ്ടിനും നടുവിലായി ഹരിദാസ് ഇരുന്ന് ഇവ തമ്മില്‍, 11 ദിവസത്തെ അന്തരമുണ്ടെന്നു പറയുന്ന രംഗം മാത്രം മതി, ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്ന ചിത്രസന്നിവേശത്തെക്കുറിച്ചു പറയാന്‍. വിജയ് ശങ്കറാണ് പാലേരി മാണിക്യത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. അതിനൊപ്പം, അരുണ്‍ സീനുവിന്റെ ഇഫക്ട്സ് കൂടി ചേരുമമ്പോഴാണ് ഈ രംഗങ്ങള്‍ക്കെല്ലാം ഒരു പൂര്‍ണ്ണത കൈ വരുന്നത്. ഇത് ചിത്രത്തിലുടനീളം, അധികമാകാതെ ഉപയോഗിച്ചിരിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
50 വര്‍ഷങ്ങള്‍ക്കു ശേഷം പാലേരി എന്ന ഗ്രാമത്തെ പുനര്‍സ്രുഷ്ടിക്കുക എന്ന ശ്രമകരമായ കാര്യം സാധ്യമായത് മുരുകന്‍ കാട്ടാക്കട എന്ന കലാസംവിധായകന്റെ മികവുകൊണ്ടാണ്. ആ കാലഘട്ടത്തെക്കുറിച്ചു പഠിക്കുകയും, ഗഹനമായ അവലോകനത്തിലൂടെ ആ ഗ്രാമത്തെ പുനര്‍സ്രുഷ്ടിക്കുകയുമാണ് മുരുകന്‍ ചെയ്തിരിക്കുന്നത്. ആ നിരീക്ഷണ പാടവത്തിന്റെ ഫലമായാണ്, ആ കാലത്തെ റാന്തലുകളും വാഹനങ്ങളുമെല്ലാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലാസംവിധായകനൊപ്പം പ്രശംസയര്‍ഹിക്കുന്ന രണ്ടു പേരാണ് മേക്ക്-അപ്പ് കൈകാര്യം ചെയ്ത രഞ്ജിത്ത് അമ്പാടിയും, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശനും. 50 വര്‍ഷം മുന്നെയുള്ള ഗ്രാമീണരെ ഒരു ക്രുത്രിമത്വവുമില്ലാതെ ഒരുക്കിയെടുത്തിരിക്കുന്നതില്‍ ഇവര്‍ വഹിച്ചിരിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ശരത് ആണ്. ടൈറ്റില്‍ ഗാനവും, ഒരു ഗസല്‍ ഗാനവും മാത്രമാണീ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി ഗാനങ്ങള്‍ ഇല്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാല്‍ ആണ്. പാലേരി മാണിക്യം എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നതും ബിജിബാല്‍ തന്നെയാണ്. ടൈറ്റിലില്‍ നിന്നു തുടങ്ങി ചിത്രത്തിലുടനീളം ആ ഒരു മൂഡ് നിലനിര്‍ത്തുവാന്‍ ഈ ടൈറ്റില്‍ ഗാനവും പശ്ചാത്തല സംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ചെയ്തിരിക്കുന്നതും അല്പം വ്യത്യസ്തമായ രീതിയില്‍ തന്നെയാണ്. മൂലകഥയൊരുക്കിയ ടി.പി രാജീവന്റെ പേര് തിരശ്ശീലയില്‍ തെളിയുന്നത്, സംവിധായകനടക്കം, ഇതിലെ എല്ലാ പിന്നണിപ്രവര്‍ത്തകരുടേയും പേരുകള്‍ എഴുതി കാണിച്ചതിനു ശേഷമാണ്. ഒരു കഥാക്രുത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായാണ് ഇതിനെ നാം കാണേണ്ടത്.
കൊലപാതകത്തിന്റെ ചുരുളഴിക്കലാണ് ചിത്രത്തിന്റെ കഥയുടെ ആധാരമെങ്കിലും, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറൊന്നുമല്ല. ഒരു പക്ഷേ ഇത്തരമൊരു ചിത്രം കാണുമ്പോഴുണ്ടാകുന്ന ഒരു പിരിമുറുക്കം നമുക്ക് അനുഭവപ്പെടാതെ പോയേക്കാം. രഞ്ജിത്ത് എന്ന തിരക്കഥാക്രുത്തിന് പാളിപ്പോയി എന്നു പേരിന് പറയാവുന്ന ഒരേ ഒരു കാര്യം അതു മാത്രമാണ്. അതിനെ മാറ്റി നിര്‍ത്തിയാല്‍, ഈ ചിത്രം ഒരു മലയാളികള്‍ക്കൊരു ദ്രുശ്യവിസ്മയമാണ്. കഥയും തിരക്കഥയും അഭിനയവും കലാ സാങ്കേതിക വിഭാഗങ്ങളും ഇത്രയും ഒന്നുചേര്‍ന്നു നില്‍ക്കുന്ന ഒരു മലയാള ചിത്രം, ഈ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. എല്ലാ വിഭാഗങ്ങളും പരസ്പരം കോംപ്ലിമെന്റ് ചെയ്തു നില്‍ക്കുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രത്തിന്റെ ഒടുവില്‍ എഴുതി കാണുക്കുന്നത് 'A Film by Ranjith & Crew' എന്നാണ്, അത് അന്വര്‍ത്ഥമാണ്. ഈ വിജയത്തിന് പ്രധാന അവകാശി ഈ ചിത്രത്തിന്റെ അമരക്കാരനായ രഞ്ജിത്തിനു തന്നെയാണ്. ഇത്തരം നിലവരമുള്ള, കലാമൂല്യമുള്ള ചിത്രങ്ങള്‍ രഞ്ജിത്തില്‍ നിന്ന് ഇനിയും മലയാളികള്‍ പ്രതീക്ഷിക്കുന്നു....
ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....
2009 ലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണിത്.
ReplyDeleteപിള്ളാച്ചന്റെ നിരൂപണം ഗംഭീരമായി...അതിലുമുപരി ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെകുറിച്ച് വളരെ വ്യക്തമായ ഒരു അറിവും തന്നതില്‍ സന്തോഷം !