
പ്രശസ്ത സീരിയല്‍ സംവിധായകനായ സജി സുരേന്ദ്രന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കാല്‍വെപ്പാണ്, ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രം. ജയസൂര്യയും ഭാമയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവൃതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. എസ്. ഗോപകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചപ്പാടുകളില്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പേര്‍ കല്യാണം കഴിക്കുന്നതും, പിന്നീടവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയാണ് സജി സുരേന്ദ്രന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബന്ധം വേര്‍പ്പെടുത്താതെ പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കളുടെ (സിദ്ധിഖ് & രേഖ) ഒരേയൊരു മകനാണ് വിവേക് (ജയസൂര്യ). ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കണമെന്നതാണ് വിവേകിന്റെ ആത്യന്തികമായ ലക്ഷ്യം. പുരുഷന്മാരുടെ വിവാഹ പ്രായം 13 ആയി കുറക്കണമെന്നതാണ് വിവേകിന്റെ കാഴ്ചപ്പാട്. ഒരു എഫ്.എം റേഡിയോ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയിലേക്കു വിളിച്ച്, വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ ജോക്കിയായ കാവ്യ(ഭാമ)യുമായി വിവേക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, ഇതു മൂലം കാവ്യക്കു ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട് വീട്ടിലെത്തുന്ന കാവ്യയെ കാത്തിരുന്നത് കല്യാണ ആലോചനകളാണ്. ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കാവ്യ കല്യാണത്തിന് സമ്മതിക്കുന്നു. അതേ സമയം, MBA ബിരുദധാരിയായ വിവേക് പഠനത്തിനു ശേഷം തനിക്കൊരു കല്യാണം വേണമെന്ന് വാശിപിടിക്കുന്നു. അയാളുടെ വാശിക്കു മുന്നില്‍ കീഴടങ്ങുന്ന മാതാപിതാക്കള്‍ കാവ്യയുമായി വിവേകിന്റെ വിവാഹം നിശ്ചയിക്കുന്നു. കല്യാണത്തിനു ശേഷം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതോടെ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു, അതോടെ കുടുംബജീവിതനം കലങ്ങിമറിയുന്നു.. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുര്‍ബലമായ ഒരു കഥാതന്തുവില്‍ കിടന്നുള്ള സര്‍ക്കസ് എന്നതില്‍ കവിഞ്ഞ് ഈ ചിത്രത്തിന് പറയത്തക്ക കഥയൊന്നുമില്ല. എന്നാല്‍ ഇത്തരമൊരു കച്ചിതുരുമ്പില്‍ പിടിച്ചു കയറി, തരക്കേടില്ലാത്ത തിരക്കഥയും സംഭാഷണങ്ങളും സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ആളുകളെ തീയേറ്ററില്‍ പിടിച്ചു നിര്‍ത്തുന്നത്.സംഭാഷണങ്ങളിലെ നര്‍മ്മത്തിന്റെ സാന്നിധ്യം അല്‍പം ആശ്വാസം പകരുമെങ്കിലും, ചില രംഗങ്ങളില്‍ അവയൊക്കെ നിലവാരത്തകര്‍ച്ച നേരിടുന്നതും കാണേണ്ടി വരുന്നു.
സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്,കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട് ഈ ചിത്രത്തില്‍. സൂപ്പര് ഹിറ്റുകളായ എയ് ഓട്ടോ, റാംജി റാവ് സ്പീക്കിംഗ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്ക്ക് പ്രിയങ്കരിയായ നടി രേഖ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരികെയത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ നല്ലൊരു അഭിനയം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നത് ഈ ചിത്രത്തിന്റെ തന്നെ ന്യൂനതയായി പറയാം. പാത്രസൃഷ്ടിയില്‍ വന്ന പിഴവു മൂലം, കയറിയിറങ്ങിപ്പോകുന്ന കഥാപാത്രങ്ങളായി മാറി പലരും. ജയസൂര്യ തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു, പക്ഷേ കഥാപാത്രത്തിന്റെ ആഴമില്ലായ്മ പല അവസരങ്ങളിലും അദ്ദേഹത്തെ ചതിച്ചു എന്നു തന്നെ പറയാം. വിവേകിന് അടുക്കളയില്‍ ഉപയോഗിക്കുന്ന സാധങ്ങള്‍ അറിയില്ല എന്നു പറയുന്നത്, കിലോകണക്കിന് പച്ചക്കറി വാങ്ങുന്നതും, ഒടുവില്‍ നേരത്തെ കല്യാണം കഴിക്കാനുള്ള കാരണം വിവേക് വെളിപ്പെടുന്നതും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നവയായി. കാവ്യ എന്ന കഥാപാത്രമാണ് പാത്രസൃഷ്ടിയുടെ വൈകല്യമായി ചൂണ്ടിക്കാണിക്കാവുന്നത്.തന്റേടിയായ കഥാപാത്രമായി അവതരിപ്പിക്കപ്പെടുന്ന കാവ്യ, പിന്നെ പൂച്ചയെപ്പോലെയുള്ള ഭാര്യായി മാറുന്ന അത്‌ഭുത കാഴ്ചക്കും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നു. വിവേകിന്റെ മാതാപിതാക്കളായുള്ള സിദ്ധിഖിന്റേയും രേഖയുടേയും അഭിനയം വേറിട്ടു നിന്നുവെങ്കിലും, ഒരു പനി വന്നപ്പോള്‍, അതു വരെ പിണങ്ങി ജീവിച്ചവര്‍ പെട്ടെന്ന് ഒരുമിക്കുന്നു എന്നു കാണിക്കുമ്പോള്‍ കഥാകൃത്തിനോട് സത്യത്തില്‍ സഹതാപം തോന്നി. തമാശ രംഗങ്ങളില്‍ തിളങ്ങുന്ന സുരാജ് വെഞ്ഞാറമൂട് തന്റെ ഭാഗം ഭംഗിയാക്കി. തീര്‍ത്തും അനാവശ്യവും, പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളായി നെടുമുടി വേണു അവതരിപ്പിച്ച ഫ്രെഡി അങ്കിളും, കൊച്ചുമകളായി അഭിനയിച്ച കുട്ടിയും. കയറിയിറങ്ങിപ്പോകുന്ന കഥാപാത്രങ്ങള്‍ ഒട്ടനവധിയുണ്ട് ഈ ചിത്രത്തില്‍. ഒരു ഗാനരംഗത്തില്‍ മാത്രം വരുന്ന നവ്യാനായരുടെ അഥിതിതാര വേഷവും അതില്‍പ്പെടുന്നു. എന്നാല്‍ വിവേകിന്റെ സുഹൃത്തായി അഭിനയിച്ച സംവൃത തരക്കെടില്ലാതെ തന്റെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു എന്നു പറയാം.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ മോഹന്‍ സിത്താര വളരെ നന്നായി തന്നെ അതു ചെയ്തുവെന്നുള്ളത് ആശ്വാസകരമായി. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതാണ്. അതില്‍ “എനിക്ക് പാടാന്‍” എന്ന് തുടങ്ങുന്ന ഗാനം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ‘രാക്കുയിലിന്‍ രാഗസദസില്‍’ എന്ന ചിത്രത്തിലെ “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം ഈ ചിത്രത്തില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ തന്നെ, ആ ഗാനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതു പോലെ തോന്നുന്നു. അനില്‍ നായരുടെ ഛായാഗൃഹണം, രംഗങ്ങളെ വ്യത്യസ്തമാക്കുന്നു. എഡിറ്റിങ്ങിന്റെ മികവ് ഏച്ചുകെട്ടല്‍ എന്ന തോന്നല്‍ ഒഴിവാക്കുന്നു.
ഇവര്‍ വിവാഹിതരായാല്‍ എന്ന പേരാണ് എന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്, എന്നാല്‍ പൂര്‍ണ്ണമായും നിരാശപ്പെടുത്തുന്ന പ്രമേയമാണ് സജി സുരേന്ദ്രന്‍ നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്. പൊരുത്തമില്ലാത്തവര്‍ വിവാഹം കഴിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഒട്ടനവധി തവണ മലയാള സിനിമയില്‍ പ്രമേയമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ നിലവാരമില്ലാത്തൊരു കഥാതന്തു ഇതാദ്യമാണെന്ന് തോന്നുന്നു. ഇടവേളക്കു ശേഷമുള്ള ഇഴച്ചിലും കണ്ണീര്‍ രംഗങ്ങളുമൊക്കെ ഒത്തു ചേരുമ്പോള്‍ മൂന്നുമണിക്കൂറിനടുത്തുള്ള ഒരു സീരിയല്‍ കണ്ടിറങ്ങിയ പ്രതീതിയാണ് എനിക്കു തോന്നിയത്. സജീ സുരേന്ദ്രനോട് എന്റെ അഭ്യര്‍ത്ഥന അദ്ദേഹം സീരിയല്‍ രംഗത്തേക്കു മടങ്ങിപ്പോകണം എന്നാണ്. ചലച്ചിത്ര ലോകം അദ്ദേഹത്തിന്റെ ചിന്തകള്‍ക്കപ്പുറമാണെന്ന തിരിച്ചറിവ് ഇതോറ്റെ അദ്ദേഹത്തിനു ലഭിച്ചു കാണും. കണ്ണുനിറയിക്കുന്ന രംഗങ്ങളും ക്ലീഷേകളും കുത്തിനിറച്ച് വീട്ടമ്മമാരെ കരയിക്കുന്ന പരിപാടിപോലെ വളരെ ലളിതമാണ് സിനിമാ സംവിധാനം എന്ന അദ്ദേഹത്തിന്റെ തോന്നല്‍ മാറിക്കാണുമെന്ന് കരുതാം. ഇനിയും അദ്ദേഹം ഇത്തരം "ക്രൂരകൃത്യങ്ങളുമായി" നമ്മുടെ മുന്നിലെത്തുകയില്ലാ എന്ന വിശ്വാസത്തോടെ.....
എന്റെ റേറ്റിങ് : 1/10 (ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും മാത്രമാണീ 1 മാര്‍ക്ക്)
Wednesday, July 1, 2009
ഇവര്‍ വിവാഹിതരായാല്‍
Posted by പിള്ളാച്ചന് at 3:04:00 PM
Labels:
ആസ്വാദനം,
എണ്റ്റെ,
മലയാളം
0
comments
Monday, June 1, 2009
മോഹന്‍ലാലിന് സൈനിക പദവി - സൈനികരെ അപമാനിക്കുന്നുവോ?
ഈ കഴിഞ്ഞ മേയ് 16 ന് നാം പത്രത്തില്‍ വായിച്ച ഒരു വാര്‍ത്തയാണിത്.
മോഹന്‍ലാല്‍ ഇനി ലഫ്. കേണല്‍
പ്രമുഖ ചലച്ചിത്രനടന്‍ മോഹന്‍ലാല്‍ ഇനി മുതല്‍ ലഫ്‌റ്റനന്റ് കേണല്‍ മോഹല്‍ലാല്‍ എന്നറിയപ്പെടും. മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററിയായി ലഫ്‌റ്റനന്റ് കേണല്‍ പദവി നല്‍കുന്നതിനുള്ള ഉത്തരവില്‍ രാഷ്‌ട്രപതി പ്രതിഭാപാട്ടീലും പ്രധാനമന്ത്രി ഡോ. മോഹന്‍സിങ്ങും ഒപ്പുവെച്ചു. ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ.ആന്റണി, മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്‌തു. കീര്‍ത്തിചത്ര, കുരുക്ഷേത്ര എന്നീ സിനിമകളില്‍ സൈനികവേഷത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ദേശീയോദ്‌ഗ്രഥനത്തിന് മികച്ച സംഭാവനയാണ് നല്‍കിയതെന്ന് എ.കെ.ആന്റണി പറഞ്ഞു.
പട്ടാള വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുക വഴി ദേശീയോദ്‌ഗ്രഥനത്തിന് മികച്ച സംഭാവന നല്‍കിയതിനാണ് പട്ടാളത്തിലെ പരമോന്നത പദവി മോഹന്‍ ലാലിന് നല്‍കിയത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ രണ്ട് മേജര്‍ രവി ചിത്രങ്ങളാണ് മോഹന്‍ലാലിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. പുറമെ നിന്നു നോക്കിയാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണിതെങ്കിലും, നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ച് തികച്ചും അപമാനകരമായ ഒന്നാണിത്. അഭിനയത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ നടനാണ് മോഹന്‍ലാല്‍. കീര്‍ത്തിചക്രയും കുരുക്ഷേത്രയും പോലുള്ള ചിത്രങ്ങള്‍, കാര്‍ഗ്ഗില്‍ പോലുള്ള സ്ഥങ്ങളില്‍ പോയി അഭിനയിക്കുക എന്നത് ഒരു ചില്ലറക്കാര്യമല്ല. കഠിനമായ ആ ഭൂപ്രദേശങ്ങളില്‍ അവരനുഭവിച്ച വിഷമതകള്‍, നാം പല മാധ്യമങ്ങളിലും വായിച്ചറിഞ്ഞതുമാണ്. കോടികള്‍ പ്രതിഫലം വാങ്ങിയാണ്, 40 മുതല്‍ 50 ദിവസം വരെ ഇത്തരം സാഹചര്യങ്ങളില്‍ ഷൂട്ടിങ് ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കുന്നത് ദേശിയോത്‌ഗ്രഥനം നടത്താനോ, മറ്റുള്ളവരില്‍ ദേശസ്നേഹമുണര്‍ത്തുവാനോ അല്ല, മറിച്ച് സ്വന്തം പോക്കറ്റില്‍ കാശു വീഴുവാനാണ്. മറിച്ചായിരുന്നെങ്കില്‍ അഞ്ചു പൈസ പോലും വാങ്ങാതെ ഈ സിനിമയില്‍ അഭിനയിക്കുമായിരുന്നു. രാജ്യതാല്പര്യപ്രകാരം അങ്ങനെ ചെയ്യുന്ന എത്രയോ നടന്മാര്‍ നമ്മുടെ രാജ്യത്തുണ്ട്?
ഇവര്‍ ഷൂട്ടിങ് നടത്തിയ സാഹചര്യങ്ങളില്‍ മഞ്ഞും വെയിലും മഴയും വകവെയ്ക്കാതെ, ഇമ ചിമ്മാതെ നമ്മുടെ രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്മാരോട് തുലനം ചെയ്യുമ്പോള്‍ ലഫ്. കേണല്‍ പദവി നല്‍കാന്‍ മാത്രം എന്തു പരമമായ പ്രവര്‍ത്തിയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്തിരിക്കുന്നത്? സ്വന്തം ജീവന്‍ പോലും ബലി കൊടുത്ത് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കുന്നത് എതാനും ലക്ഷം രൂപ, ആശ്രിതനൊരു ജോലി, അത്രയൊക്കയേയുള്ളു. ഒരു യുദ്ധം കഴിഞ്ഞാല്‍ അവരൊക്കെ വിസ്‌മ്ര്‌തിയിലാവുകയും ചെയ്യും. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാരോടും ഇപ്പോഴും അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രതയോടെ അണിനിരന്നിരിക്കുന്ന സൈനികരോടും കാണിക്കുന്ന അനീതിയാണ് ഇത്തരം ഓണററി ബഹുമതികള്‍. വര്‍ഷങ്ങളോളം ദേശസേവനം നടത്തുന്ന ഒരോ സൈനികരുടേയും അഭിലാഷമാണ് ഇത്തരം ഒരു ബഹുമതി ലഭിക്കുക എന്നത്. മോഹന്‍ലാലിലെ നായകനാക്കി ഈ രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ച മേജര്‍ രവി, സൈന്യത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. വര്‍ഷങ്ങള്‍ നീണ്ട സൈനക സേവനത്തിനൊടുവില്‍, അദ്ദേഹത്തിനു പോലും അപ്രാപ്യമായി മാറിയ ഒരു റാങ്കാണ് ലഫ്.കേണല്‍ എന്നത്. അതാണ് ഒരു സുപ്രഭാതത്തില്‍ രണ്ടു സിനിമയില്‍ അഭിനയിച്ചു എന്ന പേരില്‍ ഒരു നടന് നല്‍കുന്നത്. സൈനികരുടേ വേദനകളോ ദുരിതമോ ഒന്നുമറിയാതെ സുഖലോലുപതയില്‍ ഉഴലുന്ന ഒരു വ്യക്തിക്ക് ഇത്തരം ഉയര്‍ന്ന സൈനിക റാങ്കുകള്‍ നല്‍കുക എന്നത് സൈനികരുടെ മനോവീര്യം കെടുത്തുന്ന നടപടികളാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നെ ഇനിയെങ്കിലും നമ്മുടെ നാടു കാക്കുന്ന സൈനികരെ ഒരിക്കലെങ്കിലും ഓര്‍ക്കണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് അപേക്ഷിക്കുവാനുള്ളത്....
Posted by പിള്ളാച്ചന് at 4:41:00 PM
Labels:
എണ്റ്റെ,
ദേശീയത,
മലയാളം,
സാമൂഹികം
0
comments
Friday, May 29, 2009
ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ പ്രഭാഷണം
ഒരു മെയിലായി കിട്ടിയ പ്രഭാഷണം... ഞാനിവിടെ പോസ്റ്റു ചെയ്യുന്നു.
ഭാരതത്തിന്റെ നന്മക്കായി എല്ലാവരും ഇതു വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
ജയ് ഹിന്ദ്...
സുഹൃത്തുക്കളെ,
എനിക്കു് ഭാരതത്തെ കുറിച്ചു് മൂന്നു വീക്ഷണം ആണുള്ളതു്. കഴിഞ്ഞ 3000 വര്‍ഷങ്ങളിലായി അനേകം വിദേശ ശക്തികള്‍ ഭാരതത്തിലേയ്ക്കു് ആക്രമിച്ചു കയറിയിരുന്നു. അവര്‍ നമ്മുടെ ഭൂമിയേയും മനസ്സിനേയും കീഴടക്കി. അലക്സാന്‍ഡര്‍ മുതല്‍ ഇങ്ങോട്ടു് അതാണു് സംഭവിച്ചതു്.. അതിനെ തുടര്‍ന്നു് ഗ്രീക്കുകാര്‍, തുര്‍ക്കികള്‍, മുഗളര്‍, പോര്‍ച്ചുഗീസ്സുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍ ഇവരെല്ലാം ഇവിടെ വന്നു് നമ്മെ ക്രൂരമാം വിധം ചൂഷണം ചെയ്തു. നമ്മുടെ സ്വത്തുക്കളായിരുന്നു അവര്‍ കൊണ്ടു പോയതു്. എന്നിട്ടും നമ്മള്‍ മറ്റൊരു രാജ്യത്തേയും ചൂഷണം ചെയ്തില്ല. ഇവരോടു പകരം വീട്ടിയതുമില്ല. നാം ആരേയും ആക്രമിച്ചു കീഴടക്കിയും ഇല്ല. മറ്റുള്ളവരുടെ ഭൂമി കീഴടക്കുകയോ സംസ്ക്കാരം നശിപ്പിക്കുകയോ ചെയ്തില്ല. അവരുടെ ചരിത്രത്തെ നാം മാറ്റി മറിച്ചില്ല. നമ്മുടെ ജീവിതരീതി അവരിലേയ്ക്കു് അടിച്ചേല്പിച്ചതും ഇല്ല. എന്തുകൊണ്ടാണു് ഇപ്രകാരം സംഭവിച്ചതു്.? ഭാരതീയര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണു്:! അതു കൊണ്ടു തന്നെ എന്‍റെ ആദ്യത്തെ വീക്ഷണം സ്വാതന്ത്ര്യത്തെ കുറിച്ചാണു്,. ഭാരതത്തിനു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യത്തെ ഈ വീക്ഷണം 1857 ല്‍ ലഭിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. അന്നാണു് നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതു്. ഈ സ്വാതന്ത്ര്യം ആണു് നാം സംരക്ഷിക്കേണ്ടതും ഊട്ടി വളര്‍ത്തേണ്ടതും. നാം സ്വതന്ത്രരല്ലെങ്കില്‍ നമ്മെ ആരും ബഹുമാനിക്കില്ല.
എന്‍റെ രണ്ടാമത്തെ വീക്ഷണം വികസനത്തെക്കുറിച്ചുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഒരു വികസ്വര രാഷ്ട്രം മാത്രമാണു്. നാം ഒരു വികസിത രാഷ്ട്രം എന്ന നിലയില്‍ കാണേണ്ടതായ സമയം സമാഗതമായിരിക്കുന്നു.ജി.ഡി.പി യുടെ കാര്യത്തില്‍ നാം മുകള്‍ത്തട്ടിലുള്ള രാഷ്ട്രങ്ങളോടൊപ്പമാണു് . ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും നമ്മുടെ വളര്ച്ച നിരക്കു് 10% ആണു്. ദാരിദ്ര്യത്തിന്‍റെ നിലവാരം താഴ്ന്നു കൊണ്ടിരിക്കുന്നു. ലോക നിലവാരത്തില്‍ തന്നെ നമ്മുടെ നേട്ടങ്ങള്‍ ഇന്നു് അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും നാമൊരു വികസിത രാഷ്ട്രമെന്നു് സ്വയം അംഗീകരിക്കുവാനുള്ള ആത്മവിശ്വാസം നേടുവാന്‍ സാധിക്കുന്നില്ല. സ്വാശ്രയത്തിലധിഷ്ടിതമായ ശക്തമായ ഒരു രാഷ്ട്രമായി നമുക്കു് സ്വയം അംഗീകരിക്കുവാന് സാധിക്കുന്നില്ലെങ്കില്‍ അതൊരു വലിയ തെറ്റല്ലേ.?
എനിക്കു് മൂന്നാമതൊരു വീക്ഷണം ഉണ്ടു്. ഭാരതം ശക്തമായ ലോകത്തിനോടൊപ്പം നില്‍ക്കണം. നാം അപ്രകാരം നിന്നില്ലെങ്കില്‍ നമ്മെ ആരും ആദരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ശക്തരെ മാത്രമേ ശക്തിയുള്ളവര്‍ അംഗീകരിക്കുകയുള്ളു. നമുക്കു് രാഷ്ട്ര സംരക്ഷണത്തിനുള്ള സേനാ ശക്തി മാത്രം പോരാ. നാം സാമ്പത്തികമായും ഒരു ശക്തിയായി മാറണം. രണ്ടും നമ്മില്‍ സമ്മേളിക്കണം. അതിപ്രഗത്ഭരായ മൂന്നു മഹാത്മക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കു് ഭാഗ്യമുണ്ടായിട്ടുണ്ടു്. ബഹിരാകാശ ഗവേഷണ വിഭാഗത്തിലെ ഡോ.വിക്രം സാരാഭായിയോടൊപ്പം, പ്രൊഫ: സതീഷു് ധവാനോടൊപ്പം, കൂടാതെ ഭാരതത്തിലെ അണു ശക്തി ഗവേഷണത്തിന്‍റെ പിതാവായ ഡോ.ബ്രഹ്മ പ്രകാശിനോടൊപ്പവും വളരെ അടുത്തിടപഴകി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതു് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
എന്‍റെ ജീവിതത്തില്‍ ഞാന്‍ നാലു നാഴിക കല്ലുകള്‍ കാണുന്നു. 20 വര്‍ഷം ഞാന്‍ I S R O യില്‍ പ്രവര്‍ത്തിച്ചു. ആദ്യത്തെ സറ്റലൈറ്റു് ലോഞ്ചു് വെഹിക്കിള്‍ slv-3 യുടെ പ്രോജക്റ്റു് ഡയറക്ട്റായി പ്രവര്‍ത്തിക്കാന്‍ എനിക്കു് അവസരം ഉണ്ടായിട്ടുണ്ടു്. രോഹിണി സാറ്റലൈറ്റു് വിക്ഷേപിക്കുവാന്‍ സാധിച്ച ആ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചതു് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രദ്ധാനപ്പെട്ട കാലഘട്ടമായിരുന്നു.ISRO യിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എനിക്കു് ഭാരതീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യില്‍ ഭാരതത്തിന്‍റെ മിസ്സൈല്‍ ഗവേഷണ രംഗത്തു് പ്രവര്ത്തിക്കുവാനുള്ള അവസരം ലഭിച്ചു. 1994 ല് അഗ്നി മിസൈല്‍ പരീക്ഷണം വിജയിച്ചപ്പോള്‍ അതൊരു ആനന്ദ അനുഭൂതിയുട രണ്ടാം മുഹൂര്‍ത്തമായിരുന്നു. ആറ്റമിക് എനര്‍ജി വകുപ്പും DRDO യും അത്യുജ്ജ്വലമായി സഹകരിച്ചതിന്‍റെ ഫലമാണു് മേയു് 11, 13 തീയതികളില്‍ നാം വിജയിച്ച ന്യൂക്ലിയര്‍ പരീക്ഷണങള്‍. എന്‍റെ ടീം അംഗങ്ങളോടൊപ്പം ഈ വന്‍ പരീക്ഷണത്തില്‍ പങ്കെടുത്തു് ഭാരതത്തിനു് ഈ ആറ്റമികു് മണ്ഡലത്തിലും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും ഭാരതം ഒരു വികസ്വര രാഷ്ട്രമല്ല വികസിത രാഷ്ട്രം തന്നെയാണെന്നും തെളിയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷവും ഞാന്‍ അനുഭവിച്ചു. ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാന്‍ ഇതും അവസരം നല്‍കി. അഗ്നി മിസ്സൈലിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കുവാന്‍ ഞങ്ങള്‍ വളരെ ഭാരം കുറഞ്ഞ പ്രത്യേക വസ്തുക്കള്‍ വികസിപ്പിച്ചെടുത്തു.(കാര്‍ബണ്‍-കാര്‍ബണ്‍ അലോയ്).
ഒരു ദിവസം നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസ്ഥി രോഗ വിദഗ്ധന്‍ എന്‍റെ ഗവേഷണ ശാലയില്‍ വന്നു്, ഈ വസ്തു ഉയര്‍ത്തി നോക്കി പറഞ്ഞു. ഇതെനെത്ര ഭാരം കുറവാണെന്നു്. അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ കുട്ടികള്‍ ഭാരമേറിയ കൃത്രിമകാല്‍ വച്ചു് നടക്കുന്നതിനു് കഷ്ടപ്പെടുന്നതു് കാണിച്ചു തന്നു. മൂന്നു കിലോ ഭാരം വരുന്ന ഈ കൃത്രിമകാല്‍ വച്ചു നടക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന മാറ്റി തരണമെന്നു് എന്നോടു് അഭ്യര്‍ത്ഥിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഈ പുതിയതായി വികസിപ്പെച്ചെടുത്ത കാര്‍ബണ്‍- കാര്‍ബണ്‍ അലോയ് ഉപയോഗിച്ചു് 300 ഗ്രാം ഭാരമുള്ള കൃത്രിമകാലുകള്‍ ഉണ്ടാക്കി വിതരണം ചെയ്തപ്പോള്‍ അതവര്‍ക്കു് വിശ്വസിക്കാന്‍ സാധിച്ചില്ല. കുട്ടികളുടേയും മാതാപിതാക്കളുടെയും കണ്ണു നിറയുന്നതു് ഞാന്‍ കണ്ടു. ഇതെന്‍റെ ജീവിതത്തിലെ ആനന്ദ നിര്‍വൃതി ഏകിയ നാലാമത്തെ മുഹൂര്‍ത്തമായിരുന്നു.
- എന്തുകൊണ്ടാണ്‍ ഇവിടുത്തെ മാധ്യമങ്ങള്‍ ഇത്രയും നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നത്.?
- നമ്മുടെ തന്നെ ശക്തിയും നേട്ടങ്ങളും അംഗീകരിക്കാന്‍ പോലും നാം ഇത്രയും അധികം ക്ലേശിക്കുന്നതെന്തിനു്.? നമ്മുടേതു് ഒരുജ്ജ്വല രാഷ്ട്രമാണു്.! അത്ഭുതകരമായ വിജയ ഗാഥകള്‍ നമുക്കുണ്ടു്. അതു് അംഗീകരിക്കുവാന്‍ നാം വിമുഖത കാണിക്കുന്നു. എന്തുകൊണ്ടു്.?
ഒരിക്കല്‍ ഞാന്‍ ടെല്‍ അവീവില്‍ ആയിരുന്നു.അന്നു് ഇസ്രയേലിന്‍റെ മണ്ണില്‍ യുദ്ധത്തിന്‍റെ അന്തരീക്ഷം, ആക്രമണം, ബോംബിങ്ങ്, മരണം ഇവയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഹമസ്സു് മിസ്സൈല്‍ പതിക്കുകയം ചെയ്തിരുന്നു. ഞാന്‍ വായിച്ചു കൊണ്ടിരുന്ന ദിന പത്രത്തിലെ ഒന്നാം പേജില്‍ ഒരു ജൂത കര്‍ഷകന്‍ ഇസ്രയേലിന്‍റെ മരുഭൂമിയെ ഒരു കൃഷിഭൂമിയാക്കി മാറ്റിയതിന്‍റെ ചിത്രം ഉണ്ടായിരുന്നു. അതും അഞ്ചു വര്‍ഷം കൊണ്ടു് അദ്ദേഹം നേടിയ നേട്ടമായിരുന്നു എന്നു് പത്രം ഊന്നി പറയുന്നു. ഈ ആവേശോജ്ജ്വലമായ ചിത്രം കണ്ടുകൊണ്ടാണു് ഇസ്രയേലികള്‍ പ്രഭാതത്തില്‍ ഉണര്‍ന്നതു്. അതെ സമയം ബോംബിങ്ങിന്‍റേയും , യുദ്ധത്തിന്‍റേയും, മരണത്തിന്‍റേയും വാര്‍ത്തകളെല്ലാം മറ്റു വാര്‍ത്തകളുടെ കൂട്ടത്തില്‍ പത്രത്തിന്‍റെ ഉള്‍പേജുകളില്‍ മാത്രം അവിടവിടെ ഏതാനും വരികളായി നല്‍കിയിരിക്കുന്നു.
- ഭാരതത്തില്‍ പത്ര മാധ്യമങ്ങളില്‍ നാം വായിക്കുന്നതു് മരണത്തെക്കുറിച്ചു്, രോഗത്തെക്കുറിച്ചു്, തീവ്രവാദത്തെക്കുറിച്ചു്, കുറ്റകൃത്യങ്ങളെ ക്കുറിച്ചുമാണു്. എന്തു കൊണ്ടാണു് നാം ഇത്രയ്ക്കും ദോഷൈക ദൃക്കുകളായതു്. ? നമ്മുടെ മാധ്യമങ്ങള്‍ക്കെന്തുകൊണ്ടു് ഇതു സംഭവിച്ചു. ?
- മറ്റൊരു കാര്യം കൂടി. ഉജ്ജ്വലമായ നമ്മുടെ രാഷ്ട്രം എന്തുകൊണ്ടു് എപ്പോഴും വിദേശത്തേയ്ക്കുമാത്രം നോക്കുന്നു. നമുക്കു് വിദേശ നിര്‍മ്മിതി ടി.വീ, ഷര്‍ട്ടു്, സാങ്കേതികവിദ്യ ഇവ മാത്രം അതി. ഇറക്കുമതി ചെയ്തതിനോടു് നമുക്കെന്തൊരു സ്നേഹം.!!
- ആത്മാഭിമാനം ഉണ്ടാകേണ്ടതു് സ്വാശ്രയത്തിലൂടെ ആണെന്നു് നാം തിരിച്ചറിയേണ്ടതല്ലേ.?
ഇനി ഞാന്‍ മറ്റൊരു കാര്യത്തിലേയ്ക്കു് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാനു്. നിങ്ങള്‍ക്കൊരി പത്തു മിനിറ്റു് ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ടു്. ഈ രാഷ്ട്രത്തിനു വേണ്ടിയാണു് പത്തു് മിനിറ്റു നിങ്ങളോടു് ഞാന്‍ ചോദിക്കുന്നതു്. സമയമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ യുക്തം പോലെ ചെയ്യുക.
നിങ്ങള്‍ പറയുന്നു നമ്മുടെതു് കഴിവില്ലാത്ത സര്‍ക്കാര്‍ ആണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ നിയമങ്ങള്‍.പഴഞ്ചനാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ മുനിസ്സിപ്പാലിറ്റികള്‍ ശുചീകരണം ചെയ്യുന്നില്ലെന്നു്, ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്നു്, റെയില്‍വേയുടെ സമയ നിഷ്‍ഠ ഒരു തമാശയാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ വിമാന സര്‍വ്വീസ്സു് ഏറ്റവും മോശമാണെന്നു്. നിങ്ങള്‍ പറയുന്നു തപാലുകള്‍ പലപ്പോഴും എത്താറില്ലെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ രാഷ്ട്രം അഗാധ ഗര്‍ത്തത്തിലാണെന്നും കര കയറില്ലെന്നും നിങ്ങള്‍ പറയുന്നു, നിങ്ങളത് നിരന്തരം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇതു കൊണ്ടു് നിങ്ങള്‍ എന്തു നേടുന്നു.
നിങ്ങള്‍ നിങ്ങളെ സ്വയം സിംഗപ്പൂരിലേയ്ക്ക് കൊണ്ട് പോയി എന്നു വിചാരിക്കുക. നിങ്ങള്‍ സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വരുന്നു. നിങ്ങള്‍ ഒരു അന്താ രാഷ്ട്ര വിമാന താവളത്തില്‍ നിന്നുമാണു് പുറത്തു വന്നതു്. സിഗപ്പൂരില്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയുകയോ റോഡരുകിലേ കടകളില്‍ നിന്നു് ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അവരുടെ ഭൂഗര്‍ഭ സഞ്ചാര വഴികള്‍ കാണുമ്പോള്‍ നിങ്ങള്‍ അവിടുത്തു കാരെ പോലെ അഭിമാനിക്കുന്നു. അവിടുത്തെ പൂങ്കാവനങ്ങളുടെ അരികിലുള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ നിങ്ങള്‍ 5 ഡോളര്‍ കൊടുക്കുവാന്‍ തയ്യാറാകുന്നു. കടകളില്‍ കയറി ഇറങ്ങുമ്പോഴും മറ്റു കാര്യങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചിലവഴിച്ചതിനാലും കാര്‍ പാര്‍ക്കിങ്ങു് സമയം കൂടുതലായാല്‍ സ്വയം നിങ്ങള്‍ വന്നു് ടിക്കെറ്റെടുത്തു് കൂടുതല്‍ തുക അടച്ചിട്ടെ നിങ്ങളുടെ കാറെടുക്കുകയുള്ളു. നിങ്ങളുറ്റെ സ്റ്റാറ്റസ് എന്തായാലും അതു ചെയ്തിരിക്കും. സിംഗപ്പൂരിലാണെങ്കില്‍ നിങ്ങള്‍ക്കു് ഒരു പരാതിയും ഇല്ലാതെ നിങ്ങള്‍ ചെയ്തിരിക്കും.
റംസാന്‍ മാസത്തില്‍, നിങ്ങള്‍ ദുബായിലാണെങ്കില്‍ പുറത്തു നിന്നു് ഭക്ഷണം കഴിക്കുകയില്ല. ജിദ്ദയിലാണെങ്കില്‍ തല മറയ്ക്കാതെ നിങ്ങള്‍ റോഡിലൂടെ നടക്കില്ല.നിങ്ങളുടെ എസു്..റ്റി.ഡി വിളിച്ചതിന്‍റെ ബില്ല് മറ്റൊരുവന്‍റെ ബില്ലിന്‍റെ കൂടെ ചേര്‍ക്കാനായി കൈക്കൂലി കൊടുക്കുവാന്‍, നിങ്ങള്‍ ലണ്ടനിലാണെങ്കില്‍ തയാറാകുകയില്ല. വാഷിംഗ്ടണിലാണെങ്കില്‍ 55 മൈല്‍ വേഗത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കുകയില്ല.ഓടിച്ചു് പോലീസ്സു പിടിച്ചാല്‍, ഞാനാരാണെന്നറിയുമോ? ഇതാ കൈക്കൂലി എന്നു പറഞ്ഞു് കാശു കൊടുത്തു് രക്ഷ നേടാന്‍ നിങ്ങള്‍ ശ്രമിക്കുകയില്ല. ആസ്ത്രേലിയായിലോ ന്യൂസിലാന്‍റിലോ ആണെങ്കില്‍ നിങ്ങള്‍ ഒരു ചിരട്ട കഷണം റോഡിലോ ബീച്ചിലോ അലസമായി വലിച്ചെറിയുകയില്ല. മറിച്ച് ഗാര്‍ബെജു ബോക്സില്‍ തന്നെ നിക്ഷേപിക്കും. എന്തു കൊണ്ടു് നിങ്ങള്‍ ടോക്കിയോവിലെ തെരുവുകളില്‍ മുറുക്കി തുപ്പുന്നില്ല. എന്തുകൊണ്ടു നിങ്ങള്‍ പരീക്ഷകളിലോ തിരുമറി നടത്തുകയോ കള്ള സര്ട്ടിഫികേറ്റുമായി ബോസ്റ്റണില്‍ നടക്കുകയോ ചെയ്യുന്നില്ല.
അതു് നിങ്ങളോടാണു ചോദിക്കുന്നതു്. നിങ്ങള്‍ തന്നെ നിങ്ങളോടു ചോദിക്കുന്നു. ലോകത്തിലെ മറ്റെല്ലാ രാജ്യത്തിലേയും നിയമങ്ങളെ ബഹുമാനിക്കുന്ന നിങ്ങള്‍ സ്വന്തം രാഷ്ട്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്നില്ല. വിദേശത്തു നിന്നു് ഇന്‍ഡ്യയില്‍ വന്നാലുടന്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയും. മറ്റൊരു ദേശത്തു് അനുസരണയുള്ള പൌരനായി ജീവിക്കാന്‍ സാധിക്കുന്ന നിങ്ങള്‍ക്കു് സ്വന്തം ഭാരതത്തില്‍ അപ്രകാരം ജീവിക്കാന്‍ എന്തു കൊണ്ടു് സാധിക്കുന്നില്ല.?
മുംബൈ മുനിസിപ്പാലിറ്റിയിലെ പഴയ കമ്മീഷണര്‍ മി.മൈക്കര്‍ ഒരു ഇന്‍റെര്‍വ്യൂവില്‍ ഇപ്രകാരം പറഞ്ഞതു് ഞന്‍ ഓര്‍ക്കുന്നു. സമ്പന്നരുടെ പട്ടികള്‍ റോഡിലൂടെ പോകുമ്പോള്‍ വിസര്‍ജ്ജിച്ചു് റോഡു വൃത്തികേടാക്കുന്നു. അതേ സമ്പന്നര്‍ തന്നെയാണു് റോഡു് വൃത്തികേടായിരിക്കുന്നു എന്നു് വിമര്‍ശന വര്‍ഷം ചൊരിയുന്നതും. ഈ സമ്പന്നര്‍ മുനിസിപ്പല്‍ ജീവനക്കാരില്‍ നിന്നും എന്താണു് പ്രതീക്ഷിക്കുന്നതു്. അവരുടെ പട്ടികള്‍ വിസര്‍ജ്ജിക്കുമ്പോഴെല്ലാം ചൂലുമെടുത്തു് ഈ ജോലിക്കാര്‍ പട്ടിയുടെ പുറകെ നടന്നു് റോഡു വൃത്തിയാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നതു്.? അമേരിക്കയിലാണെങ്കിലും ജപ്പാനിലാണെങ്കിലും പട്ടിയുടെ വിസര്‍ജ്ജന വസ്തുക്കള്‍ കളഞ്ഞു് റോഡു വൃത്തിയാക്കേണ്ടതു് പട്ടിയുടെ ഉടമസ്ഥരാണു്. ഇപ്രകാരം ഒരു നിയമം ഇവിടെ അനുശാസ്സിക്കുവാന്‍ ഇന്‍ഡ്യയില്‍ തയാറാകുമോ.? കമ്മീഷണര്‍ ചോദിക്കുന്നതു് ശരിയല്ലേ.?
തെരഞ്ഞെടുത്ത ഗവണ്മന്റ്റ് അധികാരത്തില്‍ ഏറിയാല്‍ പിന്നെ നാം നമ്മുടെ ചുമതലകളോക്കെ മറക്കും. സര്‍ക്കാരെല്ലാം ചെയ്യുമെന്നു് ധരിച്ചു് നാം വിലസ്സും. ഇതില്‍ നമ്മുടെ സംഭാവന ആകട്ടെ പൂര്‍ണമായും വിപരീത മനോഭാവവും പ്രവൃത്തിയുമായിരിക്കും. നമുക്കു വേണ്ടി എല്ലാം ചെയ്യെണ്ടതു് സര്‍ക്കാരാണ് എന്നാണ് നമ്മുടെ ധാരണ. റോഡ് വൃത്തികേടാക്കുകയും ചവറ് റോഡില്‍ നിറക്കുകയും മറ്റെല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും നാം ചെയ്യുമ്പോള്‍ അതെല്ലാം ശരിയാക്കേണ്ടതു് സര്‍ക്കാരാണെന്നു` നാം ആവശ്യപ്പെടുന്നു. തീവണ്ടിയിലെ ബാത്റൂമുകള്‍ വൃത്തികേടാക്കാന്‍ നമുക്കു് സ്വാതന്ത്ര്യം ഉണ്ടെന്നും അതു് വൃത്തിയാക്കേണ്ടതു് റയില്‍വേ വകുപ്പാണെന്നും നാം ധരിക്കുന്നു. എയര്‍ ഇന്‍ഡ്യയും മറ്റും നല്ല ഭക്ഷണം നല്‍കേണ്ടതു് നിര്‍ബന്ധമാണെന്നു് നാം ആവ്ശ്യപ്പെടുന്നു. സാധിക്കുന്നിടത്തോളം നാം അവരെ കബളിപ്പിക്കുകയും ചെയ്യുന്നു. അതിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളവും ചിലപ്പോള്‍ ഇക്കാര്യങ്ങളൊക്കെ സത്യമാണു്.
സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീധനം, ശിശു വിവാഹം എന്നീ കാര്യങ്ങളില്‍ നാം ഘോര ഘോരം പ്രസംഗിക്കാറുണ്ടു്. അതേ സമയം സ്വന്തം കാര്യങ്ങളില്‍ ഈ പ്രസംഗത്തിനു് ഘടക വിരുദ്ധമായി നാം പ്രവര്‍ത്തിക്കുന്നു. അതിനു നമുക്കു് ഒരു ന്യായീകരണമുണ്ട്. എല്ലാം ശരിയായാലേ ഇതൊക്കെ നേരെ ആകൂ. ഞാന്‍ മാത്രം മാറിയതു കൊണ്ട് കാര്യമില്ല. എന്‍റെ മകന്‍റെ കാര്യത്തില്‍ മാത്രം സ്ത്രീധനം വാങ്ങാതിരുന്നിട്ടു എന്തു കാര്യം, സമൂഹം മൊത്തത്തില്‍ മാറണം എന്നു് നാം വാദിക്കുന്നു. ഞാന്‍ മാറാതെ എങ്ങനെ ആണ് സമൂഹം മാറുക.? ഈ സമൂഹം എന്നു പറയുന്നതു് ആരാണ് .? ഈ സാമൂഹ്യ വ്യവസ്ഥിതി എന്നാല്‍ എന്താണു്.? അതിനു നമ്മുടെ ന്യായീകരണം നമ്മളൊഴികെയുള്ള മറ്റെല്ലാവരും ചേര്‍ന്നതാണു് സമൂഹം എന്നാണു്. അതായതു്. നമ്മുടെ അയല്‍ക്കാര്‍, മറ്റു വീട്ടുകാര്‍, മറ്റു നഗരക്കാര്‍, മറ്റു സമൂഹങ്ങള്‍, സര്‍ക്കാര്‍, ഇവരെല്ലാം ആണ് നമ്മെ സംബന്ധിച്ചിടത്തോളം മാറേണ്ടതു്. ‘ ഞാനും എനിക്കു് വേണ്ടപ്പെട്ടവരും ഇതില്‍ പെടുന്നില്ല. സമൂഹത്തിനു നന്മ ചെയ്യേണ്ട അവസരം വരുമ്പോള്‍ ഞാനും എന്‍റെ കുടുംബവും ഒളിഞ്ഞുമറഞ്ഞിരിക്കുന്നതു കാണാം.’ ഒരു പരിശുദ്ധന്‍ വന്നു് ഇവിടുത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നു് പ്രതീക്ഷിച്ചു കൊണ്ടും സാമൂഹ്യ വ്യവസ്ഥിതിയെ പഴിചാരിക്കൊണ്ടും നാം ജീവിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരത്ഭുത പ്രവര്‍ത്തകന്‍ വന്നു് കാര്യങ്ങള്‍ ശരിയാക്കുന്നതു വരെ നാം നാടുവിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കും. ഈ മടിയനായ ഭീരു ഓടി അമേരിക്കയില്‍ അഭയം പ്രാപിച്ചു് അവിടുത്തെ വ്യവസ്ഥയെ പാടി പുകഴ്ത്തും. ന്യൂയോര്‍ക്കില്‍ പ്രശ്നം വരുമ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേയ്ക്കു് ഓടും. ഇംഗ്ലണ്ടില്‍ തൊഴിലില്ലായ്മ വന്നാല്‍ അവര്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഓടും. ഗള്‍ഫില്‍ യുദ്ധമുണ്ടായാല്‍ ഇന്‍ഡ്യാ ഗവണ്മെന്‍റാണു് അവരെ ഒക്കെ രക്ഷിക്കേണ്ടതു എന്നു് അവര്‍ അലറി പറയും. എല്ലാവര്‍ക്കും ചീത്ത പറയാനും ഭര്‍ത്സിക്കാനും ഒരു രാജ്യമുണ്ട്. നമ്മുടെ മാതൃഭൂമി. സാമൂഹ്യ വ്യവസ്ഥിതിയെ ശരിയാക്കാനുള്ള ബാധ്യത ഇന്‍ഡ്യയില്‍ ആരും ഏറ്റെടുക്കുന്നില്ല. നമ്മുടെ മനസ്സാക്ഷി പണത്തിനായി അടിയറ വച്ചിരിക്കുകയാണു് നാം.
പ്രിയ ഭാരതീയരെ, ചിന്തോദ്ദീപകങ്ങളായ ഒരു വിചാര ധാരയാണു് ആത്മപരിശോധനയ്ക്കായി ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നതു്. മനഃസ്സാക്ഷിയുടെ ചൈതന്യത്തോടെ അത് വിശകലനം ചെയ്യുക. അമേരിക്കക്കാര്‍ക്കു വേണ്ടി ജോണ്‍ എഫ് കെന്നഡി നല്‍കിയ ഈ സന്ദേശം ഞാന്‍ ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടിയും നല്‍കുകയാണു്. ഭാരതത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കുക. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആയി തീര്‍ന്നതു പോലെ ഭാരതത്തേയും വികസിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുക.ഭാരത രാഷ്ട്രം നമ്മില്‍ നിന്നു് എന്തു് പ്രതീക്ഷിക്കുന്നുവോ അത് നമുക്ക് നല്‍കാം.
മറ്റു തമാശകളും സന്ദേശങ്ങളും മെയില്‍ വഴി അയയ്ക്കുന്നതിനു പകരം ഈ സന്ദേശം ഒരോ ഭാരതീയനും അയച്ചു കൊടുക്കുക.
ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും അയച്ചു കൊടുക്കുക.
നന്ദി...
ഡോ.ഏ.പി.ജെ.അബ്ദുള്‍കലാം,
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി
Posted by പിള്ളാച്ചന് at 10:55:00 AM
Labels:
എണ്റ്റെ,
ദേശീയത,
മലയാളം,
സാമൂഹികം
0
comments
