Sunday, June 22, 2008

എന്‍ സുന്ദരി..

അപൂര്‍വ്വ രാഗങ്ങളെഴുതുമീ വേളയില്‍
തനിച്ചിരുന്നുറങ്ങുന്ന സുന്ദരി
നിന്‍ സ്വപ്നസഞ്ചാരപഥങ്ങളില്‍
ഞാനുണ്ടായിരുന്നുവെങ്കില്‍
ധന്യമീ ജീവിതം
സഫലമീ ജീവിതം
എന്‍ ജീവിതയാത്രതന്‍ മഹത്തായ സാഫല്യം
ഉണര്‍ന്നിരിക്കും നിനക്കൊരു
മയില്‍ പേടതന്‍ രൂപലാവണ്യമോ
സപ്തസ്വരങ്ങളെ വെല്ലുന്ന നിന്‍സ്വരം
ഏവിടെയോ കേട്ടു മറന്ന കുയില്‍ നാദമോ
നിന്‍ ചൊടിയില്‍ നിറഞ്ഞിടും മന്ദസ്മിതം
തന്‍, അറ്‍ത്ഥമെന്തെന്നറിഞ്ഞു കൂടാ
തിളക്കമേറും നിന്‍ മിഴികളില്‍
ജ്വലിക്കുന്നതെനിക്കുള്ള സന്ദേശമോ
എന്തിനു വേണ്ടി നീ കാത്തിരിപ്പൂ
വറ്‍ഷം പ്രതീക്ഷിക്കും വേഴാമ്പലിനേപ്പോല്‍
മറക്കില്ലൊരിക്കലും നിന്നെ ഞാന്‍ ഓമലെ
എന്‍ ജീവിതത്തിന്‍ അടരാത്തൊരേടു നീ
എന്‍ മനം നിന്നോട്‌ ചോദിക്കയല്ലോ
എന്തിനു നിന്നെ ഞാന്‍ കണ്ടു മുട്ടി....

Wednesday, June 11, 2008

Indiana Jones - Kingdom of the Crystal Skull - നിരൂപണം


സ്റ്റീവന്‍ സ്പില്‍ബറ്‍ഗിണ്റ്റെ ഇന്ത്യാനാ ജോണ്‍സിണ്റ്റെ തിരിച്ചു വരവാണ്‌ Indiana Jones - Kingdom of the Crystal Skull എന്ന ചിത്രം. പ്രൊഫസറ്‍ ജോണ്‍സും കൂട്ടരും, ഒരു കൂട്ടം റഷ്യന്‍ പട്ടാളക്കാരുമായി മാന്ത്രിക ശക്തിയുള്ള ഒരു സ്ഫടിക തലയോട്ടിക്കു വേണ്ടി നടത്തുന്ന പോരാട്ടമാണീ ചിത്രം. സംവിധാനം സ്റ്റീവന്‍ സ്പില്‍ ബെറ്‍ഗ്‌. നിറ്‍മ്മാണം, ഫ്രാങ്ക്‌ മാറ്‍ഷല്‍. ഡെന്നിസ്‌ സ്റ്റൂവറ്‍ട്ട്‌, ജോറ്‍ജ്ജ്‌ ലൂക്കാ, കാതെലിന്‍ കെന്നഡി. കഥ, ജോറ്‍ജ്ജ്‌ ലൂക്കയും ജെഫ്‌ നതാന്‍സണൂം ചേറ്‍ന്നൊരുക്കുമ്പോള്‍, തിരക്കഥയെഴുതിയിരിക്കുന്നത്‌ ഡേവിഡ്‌ കിയോപ്പാണ്‌. ഹാരിസണ്‍ ഫോറ്‍ഡും, കാറ്റ്യേ ബ്ളാഞ്ചേറ്റും, കരേന്‍ അലെനും, റെയ്‌ വിന്‍സ്റ്റനും, ജോണ്‍ ഹറ്‍ട്ടും ഷിയ ലാബിയോഫും മുഖ്യ കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. 185 മില്യണ്‍ യു.എസ്‌ ഡോളറ്‍ മുടക്കി നിറ്‍മ്മിച്ച ഈ ചിത്രം, ഇന്ത്യാന ജോണ്‍സ്‌ ചിത്രങ്ങളില്‍ നാലാമത്തേതാണ്‌. മുന്‍ ചിത്രങ്ങളുടെ അതേ രീതി അവലംബിച്ചാണ്‌ സ്പില്‍ബെറ്‍ഗ്ഗും, ലൂക്കായും ഈ ചിത്രവും നിറ്‍മ്മിച്ചിരിക്കുന്നത്‌. മുന്‍ ചിത്രങ്ങളില്‍, ചരിത്രപരമായ ചില വസ്തുക്കള്‍ തേടിപ്പോകുകയും, അവയ്ക്കായി മറ്റൊരു കൂട്ടറ്‍ ഇവരെ പിന്തുടരുന്നതും, അവസാനം ആറ്‍ക്കും കിട്ടാതെ അത്‌ നഷ്ടപ്പെടുകയും ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണീ ചിത്രവും നിറ്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. വളരെ വിഷമം നിറഞ്ഞ, മനസ്സിലാക്കാന്‍ വിഷമമുള്ള മാപ്പുകളും, കല്ലുകള്‍ കൊണ്ടുള്ള രഹസ്യ പൂട്ടുകളും, മാന്ത്രിക ശക്തിയുള്ള വസ്തുക്കളുമെല്ലാം ഇതിലുമുണ്ട്‌. ഹാരിസണ്‍ ഫോറ്‍ഡ്‌ ഒരിക്കല്‍ കൂടി ഇന്ത്യാന ജോണ്‍സാകുമ്പോള്‍, ആ ലെതറ്‍ ജാക്കറ്റും, തൊപ്പിയും, പ്രൊഫസറ്‍ വേഷവുമെല്ലാം ഇതിലും ആവറ്‍ത്തിക്കപ്പെടുന്നു. ഈ ചിത്രം പറയുന്നത്‌ 1957ലെ കഥയാണ്‌. ഇതില്‍ ജോണ്‍സ്‌ വയസ്സനായി കാണപ്പെടുന്നു. 65 വയസ്സുള്ള ഹാരിസ്സണ്‍ ഫോറ്‍ഡിനെ അവതരിപ്പിക്കുമ്പോള്‍, നരച്ച രൂപത്തിന്‌ ഇത്‌ തൃപ്തികരമായ ഒരു വിശദീകരണം നല്‍കുന്നു.

കേണല്‍ ഐറീന സ്പാല്‍കോ (ക്യാറ്റേ ബ്ളാഞ്ചേറ്റ്‌) യുടെ നേതൃത്വത്തിലുള്ള ഒരു സംഘം റഷ്യന്‍ ഭടന്‍മാര്‍, യു.എസ്‌ സൈന്യത്തിണ്റ്റെ നെവാഡ മരുഭൂമിയിലുള്ള മിലട്ടറി ക്യാമ്പില്‍ നിഴഞ്ഞു കയറുന്നു. അവര്‍ ജോണ്‍സിനെ, മിലട്ടറി ബേസില്‍ ഹാങ്ങറ്‍ 51ല്‍ സൂക്ഷിച്ചിരിക്കുന്ന അന്യഗ്രഹ ജീവികളുടെ അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടി കണ്ടുപിടിക്കാന്‍ നിറ്‍ബന്ധിക്കുന്നു. ജോണ്‍സ്‌ അവിടെ നിന്ന്‌ രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹത്തിണ്റ്റെ സുഹൃത്ത്‌ മാക്‌ (റേ വിന്‍സ്റ്റണ്‍) അത്‌ നിഷ്‌ഭ്രമമാക്കുന്നു. അവിടെ നിന്ന്‌ ഒരു പോരാട്ടത്തിണ്റ്റെ ഒടുവില്‍, അയാള്‍ ഒരു റോക്കറ്റിണ്റ്റെ സഹായത്തോടെ മരു ഭൂമിയിലെത്തുന്നു. പക്ഷേ അയാള്‍ എത്തിച്ചേരുന്നത്‌ ഒരു ന്യൂക്ളിയാറ്‍ പരീക്ഷണ സ്ഥലത്താണ്‌. അവിടെ നിന്നും ഒരു റെഫ്രിജറേറ്ററിണ്റ്റെ ഉള്ളില്‍ കയറി ഇരുന്ന്‌ ന്യൂക്ളിയാറ്‍ പരീക്ഷണത്തെ അതിജീവിക്കുന്ന അയാള്‍, മാക്‌ മൂലം താനും എഫ്‌.ബി.ഐ നിരീക്ഷണത്തില്‍ ആണെന്ന്‌ മനസ്സിലാക്കുന്നു. പിന്നിട്‌ കോളേജിലെത്തിന്ന അദ്ദേഹം അവധിക്കപേക്ഷിക്കുന്നു. അവിടെ നിന്നും പോരുന്ന വഴി, മാറ്റ്‌ വില്യംസ്‌ (ഷിയ ലാബിയൂഫ്‌) അദ്ദേഹത്തെ കണ്ടുമുട്ടുന്നു. അയാളില്‍ നിന്നും, തണ്റ്റെ പഴയ സഹപ്രവറ്‍ത്തകനെ ഹാരോള്‍ഡ്‌ ഓക്സിലിയെ (ജോണ്‍ ഹറ്‍ട്ട്‌) കാണാതായ വിവരം ജോണ്‍സറിയുന്നു. പെറുവില്‍ വച്ച്‌, ഒരു സ്ഫടിക നിറ്‍മ്മിതമായ തലയോട്ടി കണ്ടെടുത്തതിന്‌ ശേഷമാണ്‌ അദ്ദേഹത്തെ കാണാതായതെന്ന വിവരവും മാറ്റ്‌ ജോണ്‍സിനെ ധരിപ്പിക്കുന്നു. ഓക്സിലിയെ അന്വേഷിച്ച്‌ പെറുവിലെത്തുന്ന ജോണ്‍സും, മാറ്റും, അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗാശുപത്രി കണ്റ്റുപിടിക്കുന്നു. അവിടെ നിന്നും റഷ്യക്കാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട്‌ പോയതായി മനസ്സിലാക്കുന്ന അവര്‍, അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന അറയില്‍ നിന്നും, ഫ്രാന്‍സിസ്‌കോ ഡി ഒറീലീനയുടെ ശവക്കല്ലറയുടെ അടയാളങ്ങള്‍ കണ്ടെത്തുന്നു. ഓക്സിലി അവിടെ ഒളിപ്പിച്ചു വച്ചിരുന്ന ആ തലയോട്ടി അവര്‍ കണ്ടെത്തുന്നു. റഷ്യക്കാര്‍ ഇത്‌ അന്യഗ്രഹ ജീവികളുടേതാണെന്നും, അതിന്‌ മാന്ത്രിക ശക്തികളുണ്ടെന്നും വിശ്വസിക്കുന്നു. റഷ്യക്കാര്‍, മാറ്റിനേയും ജോണ്‍സിനേയും പിടികൂടി അവരുടെ ക്യാമ്പില്‍ എത്തിക്കുന്നു. അവിടെവച്ചവര്‍ മരിയണ്‍ (കരേണ്‍ അലെന്‍)സിനേയും ഓക്സിലിയേയും കണ്ടുമുട്ടുന്നു. മാറ്റിണ്റ്റെ മാതാവയ മരിയണ്‍, മാറ്റ്‌ ജോണ്‍സിണ്റ്റെ മകനാണെന്ന്‌ വെളിപ്പെടുത്തുന്നു. നാലു പേരും അവിടെ നിന്നും ഒരു വാഹനത്തില്‍ രക്ഷപ്പെടുന്നു. റഷ്യക്കാര്‍ അവരെ പിന്തുടരുന്നു. വളരെ നേരത്തെ യാത്രയ്ക്കും, സംഘട്ടനത്തിനുമൊടുവില്‍ അവറ്‍ ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തുന്നു. അതിനിടയില്‍, കുറെ റഷ്യന്‍ പട്ടാളക്കാറ്‍ കൊല്ലപ്പെടുകയും, മറ്റു ചില പട്ടാളക്കാറ്‍ സൈഫു അന്ന ഉറുമ്പുകള്‍ക്കിരയാകുന്നു. മാകും അവരോടൊപ്പം കൂടുന്നു. അവറ്‍ മൂന്നു വെള്ളച്ചാട്ടങ്ങള്‍ കടന്ന്‌ അകാട്ടോറ്‍ ക്ഷേത്രത്തിലെ എത്തുന്നു. താനൊരു ഡബിള്‍ ഏജണ്റ്റാണെന്നും, അതിനാലാണ്‌ റഷ്യക്കാരുടെ കൂടെ കൂടുന്നതെന്ന്‌ പറഞ്ഞ്‌ മാക്‌, ജോണ്‍സിനൊപ്പം ക്ഷേത്രത്തില്‍ കടക്കുന്നു. പക്ഷേ, റഷ്യക്കാറ്‍ക്ക്‌ പിന്തുടരാനുള്ള
അടയാളങ്ങള്‍ വഴിയിലുപേക്ഷിച്ചാണ്‌ അയാള്‍ ജോണ്‍സിനൊപ്പം നടന്നത്‌.

അവറ്‍ ക്ഷേത്രത്തില്‍ കടക്കുകയും, ജോണ്‍സ്‌ ആ തലയോട്ടി കൊണ്ട്‌, ശവകുടീരം തുറക്കുകയും ചെയ്തു. അതില്‍ സ്ഫടിക നിറ്‍മ്മിത 13 അസ്ഥികൂടങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്നിന്‌ തലയോട്ടി ഉണ്ടായിരുന്നില്ല. മാക്‌ വീണ്ടും തണ്റ്റെ ശരിയായ കൂറ്‌ പുറത്തെടുക്കുകയും, അവരെ മുമ്പോട്ട്‌ പോകുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. അതിനിടയില്‍ അവിടെയെത്തിന്ന റഷ്യക്കാറ്‍, തലയോട്ടി അതിണ്റ്റെ സ്ഥാനത്ത്‌ വയ്ക്കുന്നു. അതിനെ തുടറ്‍ന്ന്‌, അത്‌ അവരോട്‌ സംസാരിക്കാന്‍ തുടങ്ങി. ഓക്സിലി അതുമായി മായന്‍ ഭാഷയില്‍ സംസാരിച്ചു തുടങ്ങി. ജോണ്‌സ്‌ അതിനെ റഷ്യക്കാറ്‍ക്ക്‌ പറഞ്ഞു കൊടുത്തു. അന്യഗ്രഹ ജീവികള്‍ അവറ്‍ക്കൊരു വലിയ സമ്മാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു അത്‌ പറഞ്ഞത്‌. സ്പാല്‍കോ, തനിക്ക്‌ എല്ലാം അറിയണം എന്നാവശ്യപ്പെട്ടു. അതിനെ തുടറ്‍ന്ന്‌ ആ തലയോട്ടി വിവരങ്ങള്‍ കണ്ണുകളിലൂടെ സ്പാല്‍ക്കൊയ്ക്ക്‌ കൈമാറുവാന്‍ തുടങ്ങി. അതിനിടെ മറ്റൊരു ഡൈമന്‍ഷന്‍ അവിടെ ദൃശ്യമാകാന്‍ തുടങ്ങി. അതിനിടെ സ്വബോധം വീണ്ടെടുത്ത ഓക്സിലി, അന്യഗൃഹ ജീവികളാണ്‌ മായന്‍മാറ്‍ക്ക്‌ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപദേശിച്ചു കൊടുത്തതെന്നും, അവറ്‍ മറ്റൊരു ഡൈമന്‍ഷനിലാണെന്നും പറയുന്നു. അവര്‍ നാലു പേരും അവിടെ നിന്നും രക്ഷപെടുന്നു. പക്ഷേ മാകിന്‌ രക്ഷപ്പെടാന്‍ കഴിയുന്നില്ല. അതിനിടെ 13 അസ്ഥികൂടങ്ങളും ഒരുമിച്ചു ചേരുകയും, കൂടുതല്‍ വിവരങ്ങള്‍ സ്പാല്‍ക്കോയ്ക്ക്‌ നല്‍കുന്നു. പക്ഷേ അതു താങ്ങാല്‍ കഴിയാതെ അവരുടെ ശരീരം പൊട്ടിത്തെറിക്കുന്നു. അതിനിടെ ആ ക്ഷേത്രം പൊളിഞ്ഞു വീഴാന്‍ തുടങ്ങുന്നു. അതിനടിയില്‍ നിന്നും ഒരു പറക്കും തളിക പുറത്തു വരികയും, അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ജോണ്‍സ്‌ തിരിച്ച്‌ വീട്ടിലെത്തുകയും, മരിയണെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതോടെ കഥ പൂറ്‍ണ്ണമാകുന്നു.

കഥയുടെ പോക്ക്‌ വളരെ വേഗത്തിലാണ്‌. തമാശയും, അതിശയോക്തി നിറഞ്ഞ രംഗങ്ങളും നിറഞ്ഞതാണീ ചിത്രം. മനുഷ്യനെ തിന്നുന്ന ഉറുമ്പുകളെ വലരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും കഥ ചുറ്റിപ്പറ്റി നില്‍ക്കുന്നത്‌ ഫോറ്‍ഡിലാണ്‌. അദ്ദേഹത്തിണ്റ്റെ സാന്നിദ്ധ്യമാണിതിണ്റ്റെ ആകറ്‍ഷണീയത. സ്ഥിരം രീതിയില്‍
അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍, കൂടെ നില്‍ക്കുന്നവരുടെ ചതിയും, ഫോറ്‍ഡിണ്റ്റെ സംഘട്ടന രംഗങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ഫടിക തലയോട്ടി, കാഴ്‌ചയില്‍ അങ്ങനെ, പല സമയത്തും തോന്നിക്കുന്നില്ല. ഇതിന്‌ ഒരു പിന്തുടറ്‍ച്ചയുണ്ടാവുമെന്ന്‌ ഒരു സൂചന നല്‍കിക്കൊണ്ടാണ്‌ ചിത്രം പര്യവസാനിക്കുന്നത്‌. പഴയ ഇന്ത്യാന ജോണ്‍സ്‌ പ്രതീക്ഷിച്ച്‌ പോകുന്ന പ്രേക്ഷകരെ ഇതു ചിലപ്പോള്‍ നിരാശരാക്കിയേക്കും. പക്ഷേ വളരെ വേഗമേറിയ കഥ നിങ്ങളെ പൂറ്‍ണ്ണമായും നിരാശരാക്കില്ല. ഇതിലെ സംഘട്ടന രംഗങ്ങളില്‍ ആനിമേഷന്‍ ഉപയോഗിക്കത്തത്‌, ഇതിനെ ആകറ്‍ഷണീയമാക്കുന്നു. എന്തായാലും, എല്ലാത്തരം ആള്‍ക്കാരേയും ആകറ്‍ഷിക്കുന്ന രീതിയിലാണിതിണ്റ്റെ അവതരണം...

Tuesday, June 10, 2008

സഖീ... നിന്നെ തേടി ഞാന്‍....

ആരെയോ തേടി ഞാന്‍
പിന്നിട്ട പന്ഥാവിലൂടെ
ആരെയോ തേടി ഞാന്‍
കൈവിട്ട സ്വപ്നത്തിലൂടെ
എന്‍ ജീവണ്റ്റെ ജീവനാം
ജീവണ്റ്റെ രാഗമായ്‌
പ്രണയിനി നീയെവിടെ.....

ഒരിക്കലെന്‍ സ്വപ്നത്തിന്‍
നിത്യ പ്രതീക്ഷയാം, അഴകേ നീയകലെ....
എന്നുമെന്‍ ഹൃദയത്തില്‍
നിത്യ പ്രതിഷ്ഠമാം, നിനവേ നീയെവിടെ...
ഹൃദയവിപഞ്ചിക മീട്ടുമ്പോള്‍ നീ,
തരളിതയാകുന്നോ.....

അനുപമമാകുമീ
സുന്ദര സന്ധ്യയില്‍, പ്രിയദേ നീയെവിടേ...
അനവദ്യസുന്ദരമാകുമീ
വേളയില്‍, വരദേ നീയകലേ...
അണയാത്ത നാളമായ്‌
എന്നുമെന്‍ ഹൃദയത്തില്‍,
സഖി നീ വിളങ്ങിടുമോ?

Tuesday, June 3, 2008

നഷ്ടം ഞങ്ങള്‍ക്കല്ല, മലയാള സിനിമയ്ക്കാണ്‌

'സി.ബി.ഐ. ഡയറിക്കുറിപ്പു'കള്‍ക്ക് പുതിയ പതിപ്പുകളുണ്ടാക്കി, പഴയ ചിന്തകളുടെ വസന്തകാലമാഘോഷിച്ചുകൊണ്ടിരിക്കുന്ന മലയാളിയുടെ സിനിമകള്‍ ആരെയാണ് ലക്ഷ്യം വെക്കുന്നത്? അന്‍പതുകഴിഞ്ഞ, ഒരുകൂട്ടം ആളുകളുടെ സ്വകാര്യസ്വത്തായിമാറിയിരിക്കുന്ന മലയാളസിനിമ, യുവചിന്തകളെ അകറ്റിനിര്‍ത്തുമ്പോള്‍ നഷ്ടം മലയാളസിനിമയ്ക്കു മാത്രമാണെന്ന് യുവ ചലച്ചിത്ര പ്രവര്‍ത്തകനായ അമല്‍ നീരദ്. മലയാള ചലച്ചിത്ര വേദിയെക്കുറിച്ച്‌ യുവ സംവിധായകന്‍ അമല്‍ നീരദ്‌ എഴുതിയ ലേഖനം. മലയാള ചലച്ചിത്രത്തിണ്റ്റെ പാപ്പരത്തങ്ങളെക്കുറിച്ചുള്ള ഒരു തുറന്ന കത്താണീ ലേഖനം.'

പത്തുവര്‍ഷം മുമ്പ് കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം സ്‌കൂളില്‍ സിനിമോട്ടോഗ്രഫി പഠിക്കുമ്പോള്‍ ഉത്തരേന്ത്യക്കാരായ സുഹൃത്തുക്കളോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന കാര്യം ബോളിവുഡ് ഞങ്ങള്‍ക്കു വേണ്ട എന്നായിരുന്നു. ആവേശത്തിന് പുറത്തുള്ള ഒരു വെറുംവാക്കായിരുന്നില്ല അത്. സിനിമ അത്ഭുതങ്ങളുടെ കലയാണെന്ന് തിരിച്ചറിഞ്ഞ കാലംമുതല്‍, തെന്നിന്ത്യന്‍ സിനിമയുടെ മിറക്ക്‌ളില്‍ അല്ലെങ്കില്‍ മാജിക്കില്‍ വിശ്വസിച്ചുപോന്നിരുന്നു. ഒരു ദിവസംകൊണ്ട് ചരിത്രം സൃഷ്ടിക്കപ്പെടുന്നതായിരുന്നു ഞങ്ങളുടെ സ്വപ്നദൃശ്യം. രണ്ട് നായികമാരും ചിരഞ്ജീവിയുമായി ഓടിത്തൊട്ടുകളിച്ചിരുന്ന തെലുങ്ക് സിനിമയില്‍ രാംഗോപാല്‍ വര്‍മ എന്നൊരാള്‍ ഒരു രാത്രിവെളുത്തപ്പോള്‍ ചരിത്രം സൃഷ്ടിച്ചു. സ്ഥിരം ഫോര്‍മാറ്റുകള്‍ വലിച്ചുകീറി ഭരതനും പത്മരാജനും കമലഹാസനും മണിരത്‌നവും ബാലുമഹേന്ദ്രയുമെടുക്കുന്ന പടങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അപ്പോഴെല്ലാം ബോളിവുഡ് ഒരു മാജിക്കുമില്ലാതെ ചില വമ്പന്‍ നോര്‍ത്തിന്ത്യന്‍ കുടുംബങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ഗോസായി കച്ചവടമായിരുന്നു. യാതൊരു ത്രില്ലുമില്ലാത്തത്. യാതൊരു ചലഞ്ചുമില്ലാത്തത് -അതുകൊണ്ട് ഞങ്ങള്‍ ആവര്‍ത്തിച്ചു: സിനിമയെടുക്കുന്നത് തെന്നിന്ത്യയില്‍. എന്നാല്‍ പത്തുവര്‍ഷത്തിനുശേഷം ഞങ്ങള്‍ സ്വപ്നം കണ്ട മാജിക് യാഥാര്‍ഥ്യമായിക്കാണുന്നത് ബോളിവുഡില്‍ മാത്രമാണ്. ഹിന്ദിസിനിമകളില്‍. ബോളിവുഡില്‍ സിനിമയ്ക്ക് പണം പ്രതിസന്ധിയല്ല. അമ്പതും നൂറും കോടികളുടെ വമ്പന്‍ ചിത്രങ്ങള്‍ ഇവിടെ പതിവാണ്. ഇത്തരം വന്‍സിനിമകള്‍ക്കിടയിലാണ് കഴിഞ്ഞവര്‍ഷം വെറും 55 ലക്ഷം രൂപ മുതല്‍ മുടക്കുള്ള 'ബേജാ ഫ്രൈ' എന്ന ചിത്രവുമായി എന്റെ ഇന്‍സ്റ്റിറ്റിയൂട്ട്‌സുഹൃത്തുക്കളായ സാഗര്‍ ബെല്ലാരിയും പരീക്ഷിത് വാര്യരും രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ ചിത്രം. കള്‍ട്ട് ഹിറ്റ്. ഇതാണ് മാജിക്.യാഷ് ചോപ്രയുടെയും അതുപോലുള്ള വമ്പന്മാരുടെയും സിനിമകള്‍ക്കിടയില്‍ ആരുമറിയാത്ത സാഗര്‍ ബെല്ലാരിക്ക് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ പറ്റിയതിന് കാരണമൊന്നേയുള്ളൂ. മുതലാളിത്തം ആരുടെയും വേരന്വേഷിക്കുന്നില്ല എന്നത്.

ഈ സംവിധായകന്‍/ഛായാഗ്രാഹകന്‍/എഡിറ്റര്‍ കൊള്ളാമോ, ഇയാള്‍ക്ക് സിനിമയെടുക്കാന്‍ അറിയാമോ എന്നെല്ലാമാണ് അന്വേഷിക്കുക. കേരളത്തിലെ പോസ്റ്റ് കൊളോണിയല്‍ ഫ്യൂഡല്‍ വ്യവസ്ഥ മറിച്ചാണ് ചിന്തിക്കുന്നത്. സിനിമ ലാഭരമാകണമെന്ന മിനിമം ആഗ്രഹംപോലും ഇവര്‍ക്കില്ല, പെഡിഗ്രിയിലും തുഗ്ലക് ഭരണപരിഷ്‌ക്കാരങ്ങളിലും അഭിരമിക്കുകയാണ് ഇവിടത്തെ സിനിമാവ്യവസായവും പതിനായിരം സംഘടനകളും.സംവിധായകനെ നിരോധിക്കുക, നടനെ നിരോധിക്കുക, നടിയെ നിരോധിക്കുക, പുതിയതായി വരുന്ന എഡിറ്റര്‍മാര്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കാതെയും അതുവഴി എഡിറ്റിങ്ങിനുള്ള ക്രെഡിറ്റിനുപോലും അര്‍ഹതയില്ലാതാക്കുകയും ചെയ്യുക തുടങ്ങിയ വിനോദങ്ങളാണ് ഇവിടെ സക്രിയം.മലയാളി തങ്ങളുടെ സ്ത്രീകളെ കാണുന്നതരത്തിലാണ് സിനിമയെയും കാണുന്നത്.മോഹങ്ങള്‍കൊണ്ട് വികസിച്ചിട്ടും വിവരക്കേടുകൊണ്ടും യാഥാസ്ഥിതികത്വം കൊണ്ടും അടഞ്ഞുപോയ കണ്ണുകളോടെ. ഒരു പരിധിവിട്ട് സിനിമ പോകുന്നത്, സിനിമയില്‍ പുതിയതായി എന്തെങ്കിലും സംഭവിക്കുന്നത്, സിനിമ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നത്, പുതിയ ലോകം സൃഷ്ടിക്കുന്നത് ഒന്നുമൊന്നും 'മലയാളി'കളിന്ന് സഹിക്കില്ല. വേറിട്ടൊരു വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ പോകുന്ന സ്ത്രീകളോട് ഉള്ളിലെ മോഹമടക്കിവെച്ച് ചിറികോട്ടുന്ന അതേ യാഥാസ്ഥിതിക മനസ്സുകൊണ്ടാണ് ബോളിവുഡ്/തമിഴ്/തെലുങ്കു സിനിമകളെയും നമ്മള്‍ കാണുന്നത്. ഈ സിനിമകളെല്ലാംകൂടി വന്ന് മുല്ലപ്പൂചൂടിയ മലയാളിപ്പെണ്‍കൊടിയായ മലയാളസിനിമയെ ദുഷിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യും എന്ന് നമ്മള്‍ പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. അത്തരമൊരു ഇല്ലാതാകല്‍ ഒരു ചലച്ചിത്രവ്യവസായത്തിന് സംഭവിക്കുന്നത് നമ്മള്‍ കണ്ടതാണ്.

സൂപ്പര്‍താരങ്ങളും താരറാണിമാരും വാണരുളിയിരുന്ന ബംഗാളിസിനിമ എങ്ങനെയാണിന്ന് വര്‍ഷത്തില്‍ എട്ടോപത്തോ സിനിമകള്‍ മാത്രമിറങ്ങുന്ന ഒരു കുഞ്ഞുവ്യവസായമായി മാറിയത്? കേരളത്തിനെക്കാള്‍ കൂടുതല്‍/സമാനമായ യാഥാസ്ഥിതികത്വവും കടുംപിടിത്തങ്ങളും പുതിയ ലോകത്തിനോടുള്ള അടഞ്ഞ സമീപനവുമാണ് ബോളിവുഡിന് കേറിമേയാന്‍ ബംഗാളിലെ തിയേറ്ററുകളെയും ചലച്ചിത്രലോകത്തെയുംതന്നെ വിട്ടുകൊടുത്തത്. ബംഗാളില്‍ ഇപ്പോഴും സിനിമ എടുത്തുകൊണ്ടേയിരിക്കുന്ന സപന്‍ സാഹേയെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥയുണ്ട്. ഒരേ ഫ്‌ളാറ്റിലാണത്രേ അദ്ദേഹത്തിന്റെ സിനിമകളെല്ലാം നടക്കുക. മിക്കവാറും നടീനടന്മാരും ഒന്നായിരിക്കും. ഫ്‌ളാറ്റിലെ ചുമരില്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമിവിവേകാന്ദന്‍, രവീന്ദ്രനാഥടാഗോര്‍ എന്നിവരുടെ ചിത്രങ്ങളുണ്ടാകും. ഇതില്‍ ചിത്രങ്ങളുടെ സ്ഥാനങ്ങള്‍ മാറ്റിമാറ്റിയിടുക മാത്രമാണ് ഒരു സിനിമയില്‍നിന്ന് മറ്റൊരു സിനിമയെ വ്യത്യസ്തമാക്കുന്നതത്രെ. അതായത്, ഒരു സിനിമയില്‍ ഇടത്തായിരുന്ന ടാഗോര്‍ മറ്റൊരു സിനിമയില്‍ നടുക്കാകും. അങ്ങനെ അങ്ങനെ. മലയാളസിനിമയ്ക്കും ഈ തമാശ ബാധകമാണ്. ഫ്‌ളാറ്റിന്പകരം നമുക്ക് വരിക്കാശ്ശേരി മനയും തൊടുപുഴയിലെയും പൊള്ളാച്ചിയിലെയും വീടുകളും ആണെന്നു മാത്രം. ഫര്‍ണിച്ചറുകള്‍ സ്ഥാനം മാറ്റിയിട്ടാല്‍ പുതിയ സിനിമയായി. തമിഴ് സിനിമയ്ക്ക് ഇത് സംഭവിക്കില്ല. കാരണം 'പരുത്തിവീരന്‍' പോലൊരു സിനിമ ഹിറ്റാക്കി മാറ്റിയ ഒരു ജനതയ്ക്ക് ഒന്നും ഭയപ്പെടാനില്ല. മറ്റൊരു വ്യവസായവും വന്ന് തമിഴ് സിനിമയെ മുക്കിക്കളയില്ല. അതെസമയം എല്ലാതമിഴ്‌സിനിമകളും തിയേറ്റര്‍ നിറഞ്ഞോടുന്ന കേരളത്തില്‍ 'പരുത്തിവീരന്‍' വന്‍ ഹിറ്റൊന്നുമായിരുന്നില്ല എന്നുമോര്‍ക്കണം. ഇവിടെ 'പോക്കിരി' പോലുള്ള സ്ഥിരം ഫോര്‍മുല തമിഴ്‌സിനിമകളാണ് ഹിറ്റ്.

മാറ്റങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന ഈ പോസ്റ്റ് കൊളോണിയല്‍ ഫ്യൂഡല്‍ മനോഭാവമാണ് നമ്മുടെ സിനിമാവ്യവസായത്തെയും പിന്നാക്കം വലിക്കുന്നതും. അമിതാഭ് ബച്ചന്റെ പഴയകാലസിനിമകള്‍ ബോളിവുഡില്‍ 400 പ്രിന്റുകളുമായാണ് ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഷാരൂഖ് ഖാന്‍ സിനിമകള്‍ 2000 പ്രിന്റുകളുമായാണ് ഇറങ്ങുന്നത്. എന്നാല്‍ പ്രേംനസീര്‍കാലത്തെ പ്രിന്റുകളുടെ എണ്ണമെടുത്തുനോക്കിയാല്‍ ഇപ്പോഴിറങ്ങുന്ന സിനിമകള്‍ക്ക്് ഒന്നോ രണ്ടോ പ്രിന്റ് കുറഞ്ഞിട്ടുണ്ടെങ്കിലേ ഉള്ളൂ. അന്‍വര്‍ റഷീദിന്റെ 'അണ്ണന്‍ തമ്പി' കാണിച്ച ബുദ്ധി ആറുവര്‍ഷം മുമ്പ് കാണിച്ചാല്‍ കേരളത്തിലെ പട്ടണങ്ങളിലുള്ള കുറെ തിയേറ്ററുകള്‍ പൂട്ടിപ്പോകാതെയെങ്കിലും രക്ഷപ്പെട്ടേനെ. 'അണ്ണന്‍ തമ്പി' എണ്‍പതില്‍പ്പരം പ്രിന്റുകളുമായി കഴിയുന്നത്ര സെന്ററുകളില്‍ റിലീസ് ചെയ്യുകയാണുണ്ടായത്.ബോളിവുഡിന്റെ രീതിയാണിത്. മാക്‌സിമം റിലീസ്. സിനിമയിറങ്ങി മൂന്നാം മാസം അവര്‍ ഫസ്റ്റ് ക്വാളിറ്റി ഡി.വി.ഡി.കളും ഇറക്കും. നമ്മള്‍ ഇരുപതു മുപ്പതു പ്രിന്റുമായി പുണ്യംചെയ്ത സെന്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷം റിലീസിങ് സെന്ററുകള്‍ വിടുന്നതിന്മുമ്പ് ലോകത്തെല്ലാവരുടെയും അടുത്ത് ഇതിന്റെ വ്യാജ സിഡികളും കിട്ടിക്കാണും. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. എല്ലാം കഴിഞ്ഞ് നമ്മള്‍ സിനിമകളുടെ 'ഒറിജിനല്‍' ഡി.വി.ഡി/വി.സി.ഡി.കളുമായി രംഗത്തെത്തും. ഇതിനിടെ വ്യാജ സി.ഡി. മാഫിയകള്‍ക്കെതിരെ കരഞ്ഞതുമാത്രം മിച്ചം. ഇതിലും വിചിത്രം ഇത്തരത്തില്‍ 80 തിയേറ്ററുകളില്‍ റിലീസ് ചെയ്ത രീതിക്കും എതിര്‍പ്പ് നേരിടേണ്ടിവന്നു എന്നതാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും റിലീസിങ് കേന്ദ്രങ്ങള്‍ വന്നതോടെ നഗരങ്ങളിലെ തിയേറ്ററുകളില്‍ തിരക്കുകുറയുന്നു എന്നതാണ് ഒരു വാദം. നഗരങ്ങളിലെ കച്ചവടം കൂട്ടാന്‍ ഗ്രാമങ്ങളില്‍ അരി വില്‍ക്കേണ്ടതില്ല എന്നു പറയുന്ന തരത്തിലുള്ള വിചിത്രമായ ലോജിക്കാണിതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തിയേറ്ററുകളുടെ മുന്നില്‍ കപ്പലണ്ടി/കടല വില്‍ക്കുന്നയാളുകള്‍ക്ക് കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കച്ചവടബുദ്ധിപോലും മലയാളസിനിമയ്ക്കുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

തമിഴിലെ 'പരുത്തിവീരനോ' ഹിന്ദിയില്‍ 'ബേജാ ഫ്രൈ'യോപോലുള്ള സിനിമകള്‍ ചെയ്യാന്‍ എത്തുന്ന ചെറുപ്പക്കാരോട് വ്യവസായലോകം കൈക്കൊള്ളുന്ന സമീപനമാണ് പ്രധാനം. പുതുമുഖ നായകനുമായി, പ്രശസ്തനല്ലാത്ത സംവിധായകന്‍ ചെയ്ത 'പരുത്തി വീരന്‍' ഒരു ലോ ബജറ്റ് സിനിമയൊന്നുമല്ല; നൂറിലധികം ദിവസം ചിത്രീകരണത്തിന് നീക്കിവെച്ച, ഒറിജിനല്‍ ഡബ്ബിങ്ങിന്് മാത്രം രണ്ട് മാസത്തിലധികം ചെലവഴിച്ച, സാങ്കേതികയുടെ ഓരോ പോയന്റിലും ശ്രദ്ധിച്ച സിനിമയായിരുന്നു. അത്തരം സിനിമയ്ക്ക് നിക്ഷേപം നടത്താനും സംവിധായകന്റെ വിശ്വാസദാര്‍ഢ്യത്തിനൊപ്പം നില്‍ക്കാനും വ്യവസായലോകം തയ്യാറാകുന്നു എന്നതാണ് പ്രധാനം. പുതുമുഖ സംവിധായകന്റെ ലോ ബജറ്റ് സിനിമയായിട്ടും 'ബേജാ ഫ്രൈ' എന്ന സിനിമയെ വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്യാനും ഇന്ത്യയിലും വിദേശത്തും മുഴുവന്‍ പ്രിന്റുകള്‍ എത്തിക്കാനും ബോളിവുഡും തയ്യാറാകുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമസ്ഥരും അടങ്ങിയ വ്യവസായ ലോകം കഴിവുള്ള ചെറുപ്പക്കാരുടെ കൂടെ നില്‍ക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട്. ഇത് മഹാമനസ്‌കതകൊണ്ടല്ല, തികച്ചും സുതാര്യമായ കച്ചവടതാത്പര്യംകൊണ്ടുമാത്രമാണ്. പ്രശസ്തരുടെ കഴിവുപയോഗിക്കണമെങ്കില്‍ ചെലവഴിക്കേണ്ടതിന്റെ മൂന്നിലൊന്ന് മതിയാകും അപ്രശസ്തരുടെ കഴിവുപയോഗിക്കാന്‍ എന്നുള്ള മുതലാളിത്ത കച്ചവടക്കണ്ണാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം ലോജിക്കുകളൊന്നും കേരളത്തില്‍ ബാധകമല്ല. ചെറുപ്പക്കാര്‍ക്ക് വേണ്ടി മുതല്‍ മുടക്കാനും അവരുടെ കഴിവുകള്‍ ഉപയോഗിക്കാനും ആരും തയ്യാറല്ല. ചെറുപ്പക്കാര്‍ക്ക് ഒരു ബ്രേക്ക് നല്‍കേണ്ടിവന്നാല്‍ അയാളുടെ മരണംവരെ ബ്രേക്ക് നല്‍കിയ ആളോട് കടപ്പെട്ടിരിക്കേണ്ടിവരുമെന്നാണ് കേരളത്തിലെ അലിഖിത നിയമം. ചെറുപ്പക്കാരുടെ കഴിവുകള്‍ ഏറ്റവും ഉപയോഗിക്കേണ്ട സമയത്ത് അതിന് തയ്യാറാവാതെ, അവരെ വിലക്കിയും കാര്‍ഡുകള്‍ നല്‍കാതെയും രാശിയില്ലെന്ന് കണ്ടെത്തിയും പുറത്തിരുത്തുക എന്നതാണ് നമ്മുടെ രീതി. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ രണ്ട് ഫിലിം സ്‌കൂളുകളില്‍നിന്നും വര്‍ഷാവര്‍ഷം ഇറങ്ങുന്ന ചെറുപ്പക്കാരെല്ലാം (പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും സത്യജിത് റേ ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളും ബംഗാളികളുമാണ്) കേരളത്തിലേക്ക് വണ്ടി പിടിക്കാതെ, മുംബൈയിലേക്ക് ചേക്കേറുന്നത്.

പുണെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നിറങ്ങി ഇന്ത്യയിലെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലിറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ചാന്ദ്‌നി ബാറി'ന് വേണ്ടി ആദ്യമായി ക്യാമറ ചെയ്തതിന്‌ശേഷം കേരളത്തിലെത്തിയ രാജീവ് രവി 'ക്ലാസ്‌മേറ്റ്‌സ്' ഇറങ്ങുന്നതുവരെ മലയാള സിനിമയില്‍ രാശിയില്ലാത്ത ക്യാമറാമാനായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍നിന്ന് പഠിച്ചിറങ്ങിയ പ്രതിഭാശാലികളായ എഡിറ്റര്‍മാരെയും സൗണ്ട് ടെക്‌നീഷ്യന്മാരെയുംകൊണ്ട് മുംബൈയിലെ സിനിമാസ്റ്റുഡിയോകള്‍ നിറഞ്ഞിരിക്കുകയാണ്. മലയാളി എന്ന ലേബല്‍ ബോളിവുഡിലെ ഛായാഗ്രാഹകര്‍ക്ക് ഐ.എസ്.ഐ. മാര്‍ക്കുപോലെ വിലമതിച്ചതാണ്. ഇവര്‍ക്കൊക്കെ മലയാളത്തില്‍ സിനിമ ചെയ്യണമെന്ന 'ദേശസ്നേഹ'മുണ്ടുതാനും. പക്ഷേ, ഇതുകൊണ്ടെല്ലാം കെ.യു. മോഹനനും (ഡോണ്‍) സി.കെ. മുരളീധരനും (ലഗേ രഹോ മുന്നാഭായ്) പ്രകാശ് കുട്ടി (ആഷിസ്ത ആഷിസ്ത, കല്‍)യും പോലുള്ള ബോളിവുഡിലെ തിരക്കേറിയ ഒട്ടേറെ മലയാളം ടെക്‌നീഷ്യന്മാര്‍ ഒന്നോ രണ്ടോ സിനിമാ അനുഭവത്തിന് ശേഷം മലയാളത്തിലേക്ക് വരാന്‍ ഭയപ്പെടുന്നു. ലോകത്തെവിടെയും സിനിമാവ്യവസായം പടര്‍ന്ന് പന്തലിക്കുമ്പോള്‍ മലയാളസിനിമ നഷ്ടത്തിന്റെയും തകര്‍ച്ചയുടെയും കഥകളും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അമ്പത് വയസ്സിനടുത്തും അതിന് മുകളിലും പ്രായമുള്ള ഒരു കൂട്ടം പേരുടെ സ്വകാര്യസ്വത്തായി മലയാള സിനിമാലോകത്തെ അവര്‍ കൊണ്ടുനടക്കുകയാണ്. പുതിയ ചിന്തകളും പുതിയ ഭാവുകത്വങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ഇവര്‍ എന്തുവിലയും നല്‍കും. ചെറുപ്പക്കാരെ എങ്ങനേയും അകറ്റിനിര്‍ത്തും. അതിന് ഈശ്വരവിശ്വാസം മുതല്‍ അന്ധവിശ്വാസംവരെ ഉപകരണമാക്കും. ഇതുകൊണ്ടൊന്നും ഈ ചെറുപ്പക്കാര്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകുന്നില്ല. ഇവര്‍ ബോളിവുഡിലും തഴിലും നല്ല പ്രതിഫലം വാങ്ങി, മികച്ച ഉപകരണങ്ങളില്‍, മികച്ച സെറ്റപ്പുകളില്‍ ജീവിക്കും. നഷ്ടം മലയാളസിനിമയ്ക്കാണ്.

'ക്ലാസ്‌മേറ്റ്‌സി'നുശേഷം രാജീവ് രവിയെ മലയാളസിനിമയ്ക്കു വേണം. പക്ഷേ, 'ക്ലാസ്‌മേറ്റ്‌സി'നുമുമ്പുള്ള അനുഭവങ്ങളോര്‍ത്ത് രാജീവ്‌രവിക്കാണ് മലയാള സിനിമ വേണ്ടാത്തത്. ഇതുതന്നെയാണ് മറ്റുള്ളവുടെ കാര്യത്തിലും. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ കഴിയുംതോറും പഴകിപ്പോയ ഒരു തലമുറയുടെ ഭാവുകത്വമായി മലയാളസിനിമ മുന്നോട്ടുപോകുന്നതുകൊണ്ടാണ് നഗരങ്ങളിലെ ചെറുപ്പക്കാരൊന്നും മലയാളസിനിമ കാണാത്തത്. മഹാരാഷ്ട്രയിലെ ചെറുപ്പക്കാര്‍ മറാത്തിസിനിമ കാണാതെ ഹിന്ദിസിനിമ കാണുന്നതുപോലെ മലയാളികളുടെ യൗവനം തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ആഹഌദം കണ്ടെത്തുന്നു. നമുക്ക് ഗൃഹാതുരതയാണ് മലയാളസിനിമ. മലയാളസിനിമയ്ക്ക് ഒരു വസന്തകാലം ഉണ്ടായിരുന്നുവെന്നും മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷപൂര്‍വം പോയി സിനിമ കണ്ടിരുന്നുവെന്നും നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു. എന്നിട്ട് 'സിബിഐ ഡയറിക്കുറിപ്പി'ന്റെ പുതിയ പുതിയ ഭാഗങ്ങള്‍ ഇറക്കുകയും കാണുകയും ചെയ്ത് സന്തോഷിക്കും. പുതിയ ചിന്തയല്ല, പഴയ ചിന്തകളുടെ തിരിച്ചുവരവാണ് മലയാളികള്‍ക്ക് ആഘോഷം. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഇവിടെ മലയാള സിനിമാവ്യവസായമുണ്ടായിരുന്നു എന്ന് ബോര്‍ഡുവെേക്കണ്ടിവരും. മാറ്റങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. തുറന്ന സമീപനവും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പുതിയ ഭാവുകത്വങ്ങളെ സ്വീകരിക്കാനുമുള്ള കഴിവ് മലയാള സിനിമാവ്യവസായത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഉണ്ടാകണം എന്നുമാത്രം. മള്‍ട്ടിപ്ലക്‌സുകളുടെ വിപ്ലവമാണ് ഇനി കേരളത്തില്‍ സംഭവിക്കാനിരിക്കുന്നത്. ചെറുതിയേറ്ററുകള്‍ വരുകയും ജനങ്ങളിലേക്ക് സിനിമകള്‍ കൂടുതല്‍കൂടുതല്‍ എത്തുകയും ചെയ്യും. അതോടൊപ്പം ബഹുരാഷ്ട്രകുത്തകകള്‍ അന്യഭാഷാ സിനിമകളുമായും എത്തും. അപ്പോള്‍ വ്യവസായ ലോകത്തിന്റെ അടിത്തറ ഇളകാതിരിക്കണമെങ്കില്‍ അരമനകളില്‍ ഇരിക്കുന്നവര്‍ക്ക് ചുറ്റുപാടുമുള്ള മാറ്റങ്ങളെക്കുറിച്ച് ബോധം വരണം. ദന്തഗോപുരങ്ങളില്‍നിന്ന് അല്ലെങ്കില്‍ കേരളത്തില്‍നിന്ന് പുറത്തിറങ്ങി ഇന്ത്യയിലൂടെ സഞ്ചരിക്കണം. എന്നിട്ട് മറ്റിടങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കണ്ണുതുറന്ന് കാണണം. '

ഇത് എന്റെ സിനിമാമാനിഫെസ്റ്റോ ഒന്നുമല്ല. എറണാകുളത്ത് ജനിക്കുകയും ഇവിടത്തെ രാഷ്ട്രീയ, സാമൂഹിക വ്യവഹാരങ്ങളില്‍ ഇടപെട്ട് വളരുകയും മുംബൈയിലെയും കേരളത്തിലെയും സിനിമാവ്യവസായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാള്‍ എന്ന നിലയിലുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമാണ്. -- അമല്‍ നീരദ്.

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.