Thursday, May 28, 2009

ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ പ്രഭാഷണം

ഒരു മെയിലായി കിട്ടിയ പ്രഭാഷണം... ഞാനിവിടെ പോസ്റ്റു ചെയ്യുന്നു.
ഭാരതത്തിന്റെ നന്മക്കായി എല്ലാവരും ഇതു വായിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു...
ജയ്‌ ഹിന്ദ്‌...

സുഹൃത്തുക്കളെ,
എനിക്കു് ഭാരതത്തെ കുറിച്ചു് മൂന്നു വീക്ഷണം ആണുള്ളതു്. കഴിഞ്ഞ 3000 വര്‍ഷങ്ങളിലായി അനേകം വിദേശ ശക്തികള്‍ ഭാരതത്തിലേയ്ക്കു് ആക്രമിച്ചു കയറിയിരുന്നു. അവര്‍‍ നമ്മുടെ ഭൂമിയേയും മനസ്സിനേയും കീഴടക്കി. അലക്സാന്‍ഡര്‍ മുതല്‍ ഇങ്ങോട്ടു് അതാണു് സംഭവിച്ചതു്.. അതിനെ തുടര്‍ന്നു് ഗ്രീക്കുകാര്‍, തുര്‍ക്കികള്‍,‍ മുഗളര്‍‍, പോര്‍ച്ചുഗീസ്സുകാര്‍, ബ്രിട്ടീഷുകാര്‍‍, ഫ്രഞ്ചുകാര്‍‍, ഡച്ചുകാര്‍‍ ഇവരെല്ലാം ഇവിടെ വന്നു് നമ്മെ ക്രൂരമാം വിധം ചൂഷണം ചെയ്തു. നമ്മുടെ സ്വത്തുക്കളായിരുന്നു അവര്‍ കൊണ്ടു പോയതു്. എന്നിട്ടും നമ്മള്‍ മറ്റൊരു രാജ്യത്തേയും ചൂഷണം ചെയ്തില്ല. ഇവരോടു പകരം വീട്ടിയതുമില്ല. നാം ആരേയും ആക്രമിച്ചു കീഴടക്കിയും ഇല്ല. മറ്റുള്ളവരുടെ ഭൂമി കീഴടക്കുകയോ സംസ്ക്കാരം നശിപ്പിക്കുകയോ ചെയ്തില്ല. അവരുടെ ചരിത്രത്തെ നാം മാറ്റി മറിച്ചില്ല. നമ്മുടെ ജീവിതരീതി അവരിലേയ്ക്കു് അടിച്ചേല്പിച്ചതും ഇല്ല. എന്തുകൊണ്ടാണു് ഇപ്രകാരം സംഭവിച്ചതു്.? ഭാരതീയര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു എന്നതുകൊണ്ടാണു്:! അതു കൊണ്ടു തന്നെ എന്‍റെ ആദ്യത്തെ വീക്ഷണം സ്വാതന്ത്ര്യത്തെ കുറിച്ചാണു്,. ഭാരതത്തിനു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യത്തെ ഈ വീക്ഷണം 1857 ല്‍ ലഭിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. അന്നാണു് നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതു്. ഈ സ്വാതന്ത്ര്യം ആണു് നാം സംരക്ഷിക്കേണ്ടതും ഊട്ടി വളര്‍ത്തേണ്ടതും. നാം സ്വതന്ത്രരല്ലെങ്കില്‍ നമ്മെ ആരും ബഹുമാനിക്കില്ല.

എന്‍റെ രണ്ടാമത്തെ വീക്ഷണം വികസനത്തെക്കുറിച്ചുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഒരു വികസ്വര രാഷ്ട്രം മാത്രമാണു്. നാം ഒരു വികസിത രാഷ്ട്രം എന്ന നിലയില്‍ കാണേണ്ടതായ സമയം സമാഗതമായിരിക്കുന്നു.ജി.ഡി.പി യുടെ കാര്യത്തില്‍ നാം മുകള്‍ത്തട്ടിലുള്ള രാഷ്ട്രങ്ങളോടൊപ്പമാണു് . ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും നമ്മുടെ വളര്ച്ച നിരക്കു് 10% ആണു്. ദാരിദ്ര്യത്തിന്‍റെ നിലവാരം താഴ്ന്നു കൊണ്ടിരിക്കുന്നു. ലോക നിലവാരത്തില്‍‍ തന്നെ നമ്മുടെ നേട്ടങ്ങള്‍ ഇന്നു് അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും നാമൊരു വികസിത രാഷ്ട്രമെന്നു് സ്വയം അംഗീകരിക്കുവാനുള്ള ആത്മവിശ്വാസം നേടുവാന്‍ സാധിക്കുന്നില്ല. സ്വാശ്രയത്തിലധിഷ്ടിതമായ ശക്തമായ ഒരു രാഷ്ട്രമായി നമുക്കു് സ്വയം അംഗീകരിക്കുവാന് സാധിക്കുന്നില്ലെങ്കില്‍ അതൊരു വലിയ തെറ്റല്ലേ.?

എനിക്കു് മൂന്നാമതൊരു വീക്ഷണം ഉണ്ടു്. ഭാരതം ശക്തമായ ലോകത്തിനോടൊപ്പം നില്‍ക്കണം. നാം അപ്രകാരം നിന്നില്ലെങ്കില്‍ നമ്മെ ആരും ആദരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ശക്തരെ മാത്രമേ ശക്തിയുള്ളവര്‍ അംഗീകരിക്കുകയുള്ളു. നമുക്കു് രാഷ്ട്ര സംരക്ഷണത്തിനുള്ള സേനാ ശക്തി മാത്രം പോരാ. നാം സാമ്പത്തികമായും ഒരു ശക്തിയായി മാറണം. രണ്ടും നമ്മില്‍ സമ്മേളിക്കണം. അതിപ്രഗത്ഭരായ മൂന്നു മഹാത്മക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കു് ഭാഗ്യമുണ്ടായിട്ടുണ്ടു്. ബഹിരാകാശ ഗവേഷണ വിഭാഗത്തിലെ ഡോ.വിക്രം സാരാഭായിയോടൊപ്പം, പ്രൊഫ: സതീഷു് ധവാനോടൊപ്പം, കൂടാതെ ഭാരതത്തിലെ അണു ശക്തി ഗവേഷണത്തിന്‍റെ പിതാവായ ഡോ.ബ്രഹ്മ പ്രകാശിനോടൊപ്പവും വളരെ അടുത്തിടപഴകി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതു് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.


എന്‍റെ ജീവിതത്തില്‍ ഞാന്‍ നാലു നാഴിക കല്ലുകള്‍ കാണുന്നു. 20 വര്‍ഷം ഞാന്‍ I S R O യില്‍ പ്രവര്‍ത്തിച്ചു. ആദ്യത്തെ സറ്റലൈറ്റു് ലോഞ്ചു് വെഹിക്കിള്‍‍ slv-3 യുടെ പ്രോജക്റ്റു് ഡയറക്ട്റായി പ്രവര്‍ത്തിക്കാന്‍ എനിക്കു് അവസരം ഉണ്ടായിട്ടുണ്ടു്. രോഹിണി സാറ്റലൈറ്റു് വിക്ഷേപിക്കുവാന്‍ സാധിച്ച ആ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചതു് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രദ്ധാനപ്പെട്ട കാലഘട്ടമായിരുന്നു.ISRO യിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എനിക്കു് ഭാരതീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO യില്‍ ഭാരതത്തിന്‍റെ മിസ്സൈല്‍ ഗവേഷണ രംഗത്തു് പ്രവര്ത്തിക്കുവാനുള്ള അവസരം ലഭിച്ചു. 1994 ല് അഗ്നി മിസൈല്‍ പരീക്ഷണം വിജയിച്ചപ്പോള്‍‍ അതൊരു ആനന്ദ അനുഭൂതിയുട രണ്ടാം മുഹൂര്‍ത്തമായിരുന്നു. ആറ്റമിക് എനര്‍ജി വകുപ്പും DRDO യും അത്യുജ്ജ്വലമായി സഹകരിച്ചതിന്‍റെ ഫലമാണു് മേയു് 11, 13 തീയതികളില്‍‍ നാം വിജയിച്ച ന്യൂക്ലിയര്‍ പരീക്ഷണങള്‍. എന്‍റെ ടീം അംഗങ്ങളോടൊപ്പം ഈ വന്‍ പരീക്ഷണത്തില്‍ പങ്കെടുത്തു് ഭാരതത്തിനു് ഈ ആറ്റമികു് മണ്ഡലത്തിലും നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും ഭാരതം ഒരു വികസ്വര രാഷ്ട്രമല്ല വികസിത രാഷ്ട്രം തന്നെയാണെന്നും തെളിയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷവും ഞാന്‍ അനുഭവിച്ചു. ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കാന്‍ ഇതും അവസരം നല്‍കി. അഗ്നി മിസ്സൈലിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കുവാന്‍ ഞങ്ങള്‍ വളരെ ഭാരം കുറഞ്ഞ പ്രത്യേക വസ്തുക്കള്‍ വികസിപ്പിച്ചെടുത്തു.(കാര്‍ബണ്‍-കാര്‍ബണ്‍ അലോയ്)
.

ഒരു ദിവസം നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അസ്ഥി രോഗ വിദഗ്ധന്‍ എന്‍റെ ഗവേഷണ ശാലയില്‍ വന്നു്, ഈ വസ്തു ഉയര്‍ത്തി നോക്കി പറഞ്ഞു. ഇതെനെത്ര ഭാരം കുറവാണെന്നു്. അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ കുട്ടികള്‍ ഭാരമേറിയ കൃത്രിമകാല്‍ വച്ചു് നടക്കുന്നതിനു് കഷ്ടപ്പെടുന്നതു് കാണിച്ചു തന്നു. മൂന്നു കിലോ ഭാരം വരുന്ന ഈ കൃത്രിമകാല്‍ വച്ചു നടക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന മാറ്റി തരണമെന്നു് എന്നോടു് അഭ്യര്‍‍ത്ഥിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഈ പുതിയതായി വികസിപ്പെച്ചെടുത്ത കാര്‍ബണ്‍- കാര്‍ബണ്‍ അലോയ് ഉപയോഗിച്ചു് 300 ഗ്രാം ഭാരമുള്ള കൃത്രിമകാലുകള്‍ ഉണ്ടാക്കി വിതരണം ചെയ്തപ്പോള്‍ അതവര്‍ക്കു് വിശ്വസിക്കാന്‍ സാധിച്ചില്ല. കുട്ടികളുടേയും മാതാപിതാക്കളുടെയും കണ്ണു നിറയുന്നതു് ഞാന്‍ കണ്ടു. ഇതെന്‍റെ ജീവിതത്തിലെ ആനന്ദ നിര്‍വൃതി ഏകിയ നാലാമത്തെ മുഹൂര്‍ത്തമായിരുന്നു.
  • എന്തുകൊണ്ടാണ്‍ ഇവിടുത്തെ മാധ്യമങ്ങള്‍‍ ഇത്രയും നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്നത്.?
  • നമ്മുടെ തന്നെ ശക്തിയും നേട്ടങ്ങളും അംഗീകരിക്കാന്‍‍ പോലും നാം ഇത്രയും അധികം ക്ലേശിക്കുന്നതെന്തിനു്.? നമ്മുടേതു് ഒരുജ്ജ്വല രാഷ്ട്രമാണു്.! അത്ഭുതകരമായ വിജയ ഗാഥകള്‍ നമുക്കുണ്ടു്. അതു് അംഗീകരിക്കുവാന്‍ നാം വിമുഖത കാണിക്കുന്നു. എന്തുകൊണ്ടു്.?
നാം പാലുല്പാദനത്തില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നു. ഗോതമ്പിന്‍റെയും അരിയുടെയും ഉത്പാദന രംഗത്തു് രണ്ടാം സ്ഥാനത്തും. റിമോട്ടു് സെന്‍സിങ് സാങ്കേതിക വിദ്യയില്‍ നാം ഒന്നാം സ്ഥാനത്തുമാണുള്ളതു്. പിന്നൊക്കവര്‍ഗ ഗ്രാമങ്ങളില്‍ മാറ്റം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശ്രീ.സുദര്‍ശന്‍റെ പ്രവര്‍ത്തനങ്ങളെ നോക്കു.ദശ ലക്ഷ കണക്കിനുള്ള ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കു് ഭാരതത്തില്‍ ദര്‍ശിക്കാം. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ നന്മയില്ലാത്ത വാര്‍ത്തകളുടെ പരാജയങ്ങളും ദുഃഖ സംഭവങ്ങളും മാത്രം പ്രചരിപ്പിച്ചിരിക്കയാണു്.

ഒരിക്കല്‍ ഞാന്‍ ടെല്‍ അവീവില്‍ ആയിരുന്നു.അന്നു് ഇസ്രയേലിന്‍റെ മണ്ണില്‍ യുദ്ധത്തിന്‍റെ അന്തരീക്ഷം, ആക്രമണം, ബോംബിങ്ങ്, മരണം ഇവയെല്ലാം നടക്കുന്നുണ്ടായിരുന്നു. ഹമസ്സു് മിസ്സൈല്‍ പതിക്കുകയം ചെയ്തിരുന്നു. ഞാന്‍ വായിച്ചു കൊണ്ടിരുന്ന ദിന പത്രത്തിലെ ഒന്നാം പേജില്‍ ഒരു ജൂത കര്‍ഷകന്‍‍ ഇസ്രയേലിന്‍റെ മരുഭൂമിയെ ഒരു കൃഷിഭൂമിയാക്കി മാറ്റിയതിന്‍റെ ചിത്രം ഉണ്ടായിരുന്നു. അതും അഞ്ചു വര്‍ഷം കൊണ്ടു് അദ്ദേഹം നേടിയ നേട്ടമായിരുന്നു എന്നു് പത്രം ഊന്നി പറയുന്നു. ഈ ആവേശോജ്ജ്വലമായ ചിത്രം കണ്ടുകൊണ്ടാണു് ഇസ്രയേലികള്‍ പ്രഭാതത്തില്‍ ഉണര്‍ന്നതു്. അതെ സമയം ബോംബിങ്ങിന്‍റേയും , യുദ്ധത്തിന്‍റേയും, മരണത്തിന്‍റേയും വാര്‍ത്തകളെല്ലാം മറ്റു വാര്‍ത്തകളുടെ കൂട്ടത്തില്‍ പത്രത്തിന്‍റെ ഉള്‍പേജുകളില്‍ മാത്രം അവിടവിടെ ഏതാനും വരികളായി നല്‍കിയിരിക്കുന്നു.
  • ഭാരതത്തില്‍ പത്ര മാധ്യമങ്ങളില്‍ നാം വായിക്കുന്നതു് മരണത്തെക്കുറിച്ചു്, രോഗത്തെക്കുറിച്ചു്, തീവ്രവാദത്തെക്കുറിച്ചു്, കുറ്റകൃത്യങ്ങളെ ക്കുറിച്ചുമാണു്. എന്തു കൊണ്ടാണു് നാം ഇത്രയ്ക്കും ദോഷൈക ദൃക്കുകളായതു്. ? നമ്മുടെ മാധ്യമങ്ങള്‍ക്കെന്തുകൊണ്ടു് ഇതു സംഭവിച്ചു. ?
  • മറ്റൊരു കാര്യം കൂടി. ഉജ്ജ്വലമായ നമ്മുടെ രാഷ്ട്രം എന്തുകൊണ്ടു് എപ്പോഴും വിദേശത്തേയ്ക്കുമാത്രം നോക്കുന്നു. നമുക്കു് വിദേശ നിര്‍മ്മിതി ടി.വീ, ഷര്‍ട്ടു്, സാങ്കേതികവിദ്യ ഇവ മാത്രം അതി. ഇറക്കുമതി ചെയ്തതിനോടു് നമുക്കെന്തൊരു സ്നേഹം.!!
  • ആത്മാഭിമാനം ഉണ്ടാകേണ്ടതു് സ്വാശ്രയത്തിലൂടെ ആണെന്നു് നാം തിരിച്ചറിയേണ്ടതല്ലേ.?
ഞാന്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്കൊരു ഓട്ടോഗ്രാഫെഴുതിതരണമെന്നു് എന്നോടു് പറഞ്ഞു. അവളുടെ ജീവിതാഭിലാഷം എന്താണെന്നു ഞാന്‍ ചോദിച്ചു. ഇതായിരുന്നു ആ കുട്ടിയുടെ മറുപടി. ഞാന്‍ പൂര്‍ണ്ണ വികസിത രാഷ്ട്രമായ ഭാരതത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നു. അവള്‍ക്കും അതുപോലെ വളരുന്ന തലമുറയ്ക്കുമായി നമുക്കൊരു വികസിത ഭാരതം നിര്‍മ്മിക്കണം.ഭാരതം വികസ്വര രാഷ്ട്രമല്ല, വികസിത രാഷ്ട്രമാണെന്നു് നാം പ്രഖ്യാപിക്കണം.

ഇനി ഞാന്‍ മറ്റൊരു കാര്യത്തിലേയ്ക്കു് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാനു്. നിങ്ങള്‍ക്കൊരി പത്തു മിനിറ്റു് ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ടു്. ഈ രാഷ്ട്രത്തിനു വേണ്ടിയാണു് പത്തു് മിനിറ്റു നിങ്ങളോടു് ഞാന്‍ ചോദിക്കുന്നതു്. സമയമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ യുക്തം പോലെ ചെയ്യുക.

നിങ്ങള്‍ പറയുന്നു നമ്മുടെതു് കഴിവില്ലാത്ത സര്‍ക്കാര്‍ ആണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ നിയമങ്ങള്‍.പഴഞ്ചനാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ മുനിസ്സിപ്പാലിറ്റികള്‍ ശുചീകരണം ചെയ്യുന്നില്ലെന്നു്, ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലാ എന്നു്, റെയില്‍വേയുടെ സമയ നിഷ്‍ഠ ഒരു തമാശയാണെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ വിമാന സര്‍വ്വീസ്സു് ഏറ്റവും മോശമാണെന്നു്. നിങ്ങള്‍ പറയുന്നു തപാലുകള്‍ പലപ്പോഴും എത്താറില്ലെന്നു്. നിങ്ങള്‍ പറയുന്നു നമ്മുടെ രാഷ്ട്രം അഗാധ ഗര്‍ത്തത്തിലാണെന്നും കര കയറില്ലെന്നും നിങ്ങള്‍ പറയുന്നു, നിങ്ങളത് നിരന്തരം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഇതു കൊണ്ടു് നിങ്ങള്‍ എന്തു നേടുന്നു.

നിങ്ങള്‍ നിങ്ങളെ സ്വയം സിംഗപ്പൂരിലേയ്ക്ക് കൊണ്ട് പോയി എന്നു വിചാരിക്കുക. നിങ്ങള്‍ സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വരുന്നു. നിങ്ങള്‍ ഒരു അന്താ രാഷ്ട്ര വിമാന താവളത്തില്‍ നിന്നുമാണു് പുറത്തു വന്നതു്. സിഗപ്പൂരില്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയുകയോ റോഡരുകിലേ കടകളില്‍ നിന്നു് ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. അവരുടെ ഭൂഗര്‍ഭ സഞ്ചാര വഴികള്‍ കാണുമ്പോള്‍ നിങ്ങള്‍ അവിടുത്തു കാരെ പോലെ അഭിമാനിക്കുന്നു. അവിടുത്തെ പൂങ്കാവനങ്ങളുടെ അരികിലുള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ നിങ്ങള്‍ 5 ഡോളര്‍ കൊടുക്കുവാന്‍ തയ്യാറാകുന്നു. കടകളില്‍ കയറി ഇറങ്ങുമ്പോഴും മറ്റു കാര്യങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചിലവഴിച്ചതിനാലും കാര്‍ പാര്‍ക്കിങ്ങു് സമയം കൂടുതലായാല്‍ സ്വയം നിങ്ങള്‍ വന്നു് ടിക്കെറ്റെടുത്തു് കൂടുതല്‍ തുക അടച്ചിട്ടെ നിങ്ങളുടെ കാറെടുക്കുകയുള്ളു. നിങ്ങളുറ്റെ സ്റ്റാറ്റസ് എന്തായാലും അതു ചെയ്തിരിക്കും. സിംഗപ്പൂരിലാണെങ്കില്‍ നിങ്ങള്‍ക്കു് ഒരു പരാതിയും ഇല്ലാതെ നിങ്ങള്‍ ചെയ്തിരിക്കും.

റംസാന്‍ മാസത്തില്‍, നിങ്ങള്‍ ദുബായിലാണെങ്കില്‍ പുറത്തു നിന്നു് ഭക്ഷണം കഴിക്കുകയില്ല. ജിദ്ദയിലാണെങ്കില്‍ തല മറയ്ക്കാതെ നിങ്ങള്‍ റോഡിലൂടെ നടക്കില്ല.നിങ്ങളുടെ എസു്..റ്റി.ഡി വിളിച്ചതിന്‍റെ ബില്ല് മറ്റൊരുവന്‍റെ ബില്ലിന്‍റെ കൂടെ ചേര്‍ക്കാനായി കൈക്കൂലി കൊടുക്കുവാന്‍, നിങ്ങള്‍ ലണ്ടനിലാണെങ്കില്‍ തയാറാകുകയില്ല. വാഷിംഗ്ടണിലാണെങ്കില്‍ 55 മൈല്‍ വേഗത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കുകയില്ല.ഓടിച്ചു് പോലീസ്സു പിടിച്ചാല്‍, ഞാനാരാണെന്നറിയുമോ? ഇതാ കൈക്കൂലി എന്നു പറഞ്ഞു് കാശു കൊടുത്തു് രക്ഷ നേടാന്‍ നിങ്ങള്‍ ശ്രമിക്കുകയില്ല. ആസ്ത്രേലിയായിലോ ന്യൂസിലാന്‍റിലോ ആണെങ്കില്‍ നിങ്ങള്‍ ഒരു ചിരട്ട കഷണം റോഡിലോ ബീച്ചിലോ അലസമായി വലിച്ചെറിയുകയില്ല. മറിച്ച് ഗാര്‍ബെജു ബോക്സില്‍ തന്നെ നിക്ഷേപിക്കും. എന്തു കൊണ്ടു് നിങ്ങള്‍ ടോക്കിയോവിലെ തെരുവുകളില്‍ മുറുക്കി തുപ്പുന്നില്ല. എന്തുകൊണ്ടു നിങ്ങള്‍ പരീക്ഷകളിലോ തിരുമറി നടത്തുകയോ കള്ള സര്ട്ടിഫികേറ്റുമായി ബോസ്റ്റണില്‍ നടക്കുകയോ ചെയ്യുന്നില്ല.

അതു് നിങ്ങളോടാണു ചോദിക്കുന്നതു്. നിങ്ങള്‍ തന്നെ നിങ്ങളോടു ചോദിക്കുന്നു. ലോകത്തിലെ മറ്റെല്ലാ രാജ്യത്തിലേയും നിയമങ്ങളെ ബഹുമാനിക്കുന്ന നിങ്ങള്‍ സ്വന്തം രാഷ്ട്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്നില്ല. വിദേശത്തു നിന്നു് ഇന്‍ഡ്യയില്‍ വന്നാലുടന്‍ നിങ്ങള്‍ സിഗററ്റു കുറ്റികള്‍ റോഡിലെറിയും. മറ്റൊരു ദേശത്തു് അനുസരണയുള്ള പൌരനായി ജീവിക്കാന്‍ സാധിക്കുന്ന നിങ്ങള്‍ക്കു് സ്വന്തം ഭാരതത്തില്‍ അപ്രകാരം ജീവിക്കാന്‍ എന്തു കൊണ്ടു് സാധിക്കുന്നില്ല.?

മുംബൈ മുനിസിപ്പാലിറ്റിയിലെ പഴയ കമ്മീഷണര്‍‍ മി.മൈക്കര്‍ ഒരു ഇന്‍റെര്‍വ്യൂവില്‍ ഇപ്രകാരം പറഞ്ഞതു് ഞന്‍ ഓര്‍ക്കുന്നു. സമ്പന്നരുടെ പട്ടികള്‍ റോഡിലൂടെ പോകുമ്പോള്‍ വിസര്‍ജ്ജിച്ചു് റോഡു വൃത്തികേടാക്കുന്നു. അതേ സമ്പന്നര്‍ തന്നെയാണു് റോഡു് വൃത്തികേടായിരിക്കുന്നു എന്നു് വിമര്‍ശന വര്‍ഷം ചൊരിയുന്നതും. ഈ സമ്പന്നര്‍ മുനിസിപ്പല്‍ ജീവനക്കാരില്‍ നിന്നും എന്താണു് പ്രതീക്ഷിക്കുന്നതു്. അവരുടെ പട്ടികള്‍ വിസര്‍ജ്ജിക്കുമ്പോഴെല്ലാം ചൂലുമെടുത്തു് ഈ ജോലിക്കാര്‍ പട്ടിയുടെ പുറകെ നടന്നു് റോഡു വൃത്തിയാക്കണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നതു്.? അമേരിക്കയിലാണെങ്കിലും ജപ്പാനിലാണെങ്കിലും പട്ടിയുടെ വിസര്‍ജ്ജന വസ്തുക്കള്‍ കളഞ്ഞു് റോഡു വൃത്തിയാക്കേണ്ടതു് പട്ടിയുടെ ഉടമസ്ഥരാണു്. ഇപ്രകാരം ഒരു നിയമം ഇവിടെ അനുശാസ്സിക്കുവാന്‍ ഇന്‍ഡ്യയില്‍ തയാറാകുമോ.? കമ്മീഷണര്‍ ചോദിക്കുന്നതു് ശരിയല്ലേ.?

തെരഞ്ഞെടുത്ത ഗവണ്മന്റ്റ് അധികാരത്തില്‍ ഏറിയാല്‍ പിന്നെ നാം നമ്മുടെ ചുമതലകളോക്കെ മറക്കും. സര്‍ക്കാരെല്ലാം ചെയ്യുമെന്നു് ധരിച്ചു് നാം വിലസ്സും. ഇതില്‍ നമ്മുടെ സംഭാവന ആകട്ടെ പൂര്‍ണമായും വിപരീത മനോഭാവവും പ്രവൃത്തിയുമായിരിക്കും. നമുക്കു വേണ്ടി എല്ലാം ചെയ്യെണ്ടതു് സര്‍ക്കാരാണ് എന്നാണ് നമ്മുടെ ധാരണ. റോഡ് വൃത്തികേടാക്കുകയും ചവറ് റോഡില്‍ നിറക്കുകയും മറ്റെല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും നാം ചെയ്യുമ്പോള്‍ അതെല്ലാം ശരിയാക്കേണ്ടതു് സര്‍ക്കാരാണെന്നു` നാം ആവശ്യപ്പെടുന്നു. തീവണ്ടിയിലെ ബാത്റൂമുകള്‍‍ വൃത്തികേടാക്കാന്‍ നമുക്കു് സ്വാതന്ത്ര്യം ഉണ്ടെന്നും അതു് വൃത്തിയാക്കേണ്ടതു് റയില്‍വേ വകുപ്പാണെന്നും നാം ധരിക്കുന്നു. എയര്‍ ഇന്‍ഡ്യയും മറ്റും നല്ല ഭക്ഷണം നല്‍കേണ്ടതു് നിര്‍ബന്ധമാണെന്നു് നാം ആവ്ശ്യപ്പെടുന്നു. സാധിക്കുന്നിടത്തോളം നാം അവരെ കബളിപ്പിക്കുകയും ചെയ്യുന്നു. അതിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളവും ചിലപ്പോള്‍ ഇക്കാര്യങ്ങളൊക്കെ സത്യമാണു്.


സ്ത്രീകള്‍, കുട്ടികള്‍, സ്ത്രീധനം, ശിശു വിവാഹം എന്നീ കാര്യങ്ങളില്‍ നാം ഘോര ഘോരം പ്രസംഗിക്കാറുണ്ടു്. അതേ സമയം സ്വന്തം കാര്യങ്ങളില്‍ ഈ പ്രസംഗത്തിനു് ഘടക വിരുദ്ധമായി നാം പ്രവര്‍ത്തിക്കുന്നു. അതിനു നമുക്കു് ഒരു ന്യായീകരണമുണ്ട്. എല്ലാം ശരിയായാലേ ഇതൊക്കെ നേരെ ആകൂ. ഞാന്‍ മാത്രം മാറിയതു കൊണ്ട് കാര്യമില്ല. എന്‍റെ മകന്‍റെ കാര്യത്തില്‍ മാത്രം സ്ത്രീധനം വാങ്ങാതിരുന്നിട്ടു എന്തു കാര്യം, സമൂഹം മൊത്തത്തില്‍ മാറണം എന്നു് നാം വാദിക്കുന്നു. ഞാന്‍ മാറാതെ എങ്ങനെ ആണ് സമൂഹം മാറുക.? ഈ സമൂഹം എന്നു പറയുന്നതു് ആരാണ് .? ഈ സാമൂഹ്യ വ്യവസ്ഥിതി എന്നാല്‍ എന്താണു്.? അതിനു നമ്മുടെ ന്യായീകരണം നമ്മളൊഴികെയുള്ള മറ്റെല്ലാവരും ചേര്‍ന്നതാണു് സമൂഹം എന്നാണു്. അതായതു്. നമ്മുടെ അയല്‍ക്കാര്‍, മറ്റു വീട്ടുകാര്‍, മറ്റു നഗരക്കാര്‍, മറ്റു സമൂഹങ്ങള്‍, സര്‍ക്കാര്‍, ഇവരെല്ലാം ആണ് നമ്മെ സംബന്ധിച്ചിടത്തോളം മാറേണ്ടതു്. ‘ ഞാനും എനിക്കു് വേണ്ടപ്പെട്ടവരും ഇതില്‍ പെടുന്നില്ല. സമൂഹത്തിനു നന്മ ചെയ്യേണ്ട അവസരം വരുമ്പോള്‍ ഞാനും എന്‍റെ കുടുംബവും ഒളിഞ്ഞുമറഞ്ഞിരിക്കുന്നതു കാണാം.’ ഒരു പരിശുദ്ധന്‍ വന്നു് ഇവിടുത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നു് പ്രതീക്ഷിച്ചു കൊണ്ടും സാമൂഹ്യ വ്യവസ്ഥിതിയെ പഴിചാരിക്കൊണ്ടും നാം ജീവിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരത്ഭുത പ്രവര്‍ത്തകന്‍ വന്നു് കാര്യങ്ങള്‍ ശരിയാക്കുന്നതു വരെ നാം നാടുവിട്ട് മറ്റൊരു സ്ഥലത്ത് താമസമാക്കും. ഈ മടിയനായ ഭീരു ഓടി അമേരിക്കയില്‍ അഭയം പ്രാപിച്ചു് അവിടുത്തെ വ്യവസ്ഥയെ പാടി പുകഴ്ത്തും. ന്യൂയോര്‍ക്കില്‍ പ്രശ്നം വരുമ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേയ്ക്കു് ഓടും. ഇംഗ്ലണ്ടില്‍ തൊഴിലില്ലായ്മ വന്നാല്‍ അവര്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഓടും. ഗള്‍ഫില്‍ യുദ്ധമുണ്ടായാല്‍ ഇന്‍ഡ്യാ ഗവണ്മെന്‍റാണു് അവരെ ഒക്കെ രക്ഷിക്കേണ്ടതു എന്നു് അവര്‍ അലറി പറയും. എല്ലാവര്‍ക്കും ചീത്ത പറയാനും ഭര്‍ത്സിക്കാനും ഒരു രാജ്യമുണ്ട്. നമ്മുടെ മാതൃഭൂമി. സാമൂഹ്യ വ്യവസ്ഥിതിയെ ശരിയാക്കാനുള്ള ബാധ്യത ഇന്‍ഡ്യയില്‍ ആരും ഏറ്റെടുക്കുന്നില്ല. നമ്മുടെ മനസ്സാക്ഷി പണത്തിനായി അടിയറ വച്ചിരിക്കുകയാണു് നാം.


പ്രിയ ഭാരതീയരെ, ചിന്തോദ്ദീപകങ്ങളായ ഒരു വിചാര ധാരയാണു് ആത്മപരിശോധനയ്ക്കായി ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നതു്. മനഃസ്സാക്ഷിയുടെ ചൈതന്യത്തോടെ അത് വിശകലനം ചെയ്യുക. അമേരിക്കക്കാര്‍ക്കു വേണ്ടി ജോണ്‍ എഫ് കെന്നഡി നല്‍കിയ ഈ സന്ദേശം ഞാന്‍ ഇന്‍ഡ്യാക്കാര്‍ക്കു വേണ്ടിയും നല്‍കുകയാണു്. ഭാരതത്തിനു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കുക. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആയി തീര്‍ന്നതു പോലെ ഭാരതത്തേയും വികസിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുക.ഭാരത രാഷ്ട്രം നമ്മില്‍ നിന്നു് എന്തു് പ്രതീക്ഷിക്കുന്നുവോ അത് നമുക്ക് നല്‍കാം.

മറ്റു തമാശകളും സന്ദേശങ്ങളും മെയില്‍ വഴി അയയ്ക്കുന്നതിനു പകരം ഈ സന്ദേശം ഒരോ ഭാരതീയനും അയച്ചു കൊടുക്കുക.
ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്കും അയച്ചു കൊടുക്കുക.
നന്ദി...

ഡോ.ഏ.പി.ജെ.അബ്ദുള്‍‍‍കലാം,
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി

Tuesday, May 12, 2009

പാസഞ്ചര്‍ (Passenger)

മലയാള സിനിമക്കു ഒട്ടും പരിചിതമല്ലാത്ത ആഖ്യാന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ്‌ പാസഞ്ചര്‍. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍, തീര്‍ത്തും അപരിചിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ്‌ പ്രമേയമായിരിക്കുന്നത്‌. നവാഗതനായ രഞ്ജിത്‌ ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്റേതു തന്നെയാണ്‌. ശ്രീനിവാസന്‍, ദിലീപ്, മം‌മ്ത മോഹന്‍‌ദാസ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയമാണ്‌ സമ്മാനിക്കുന്നത്‌. വര്‍ഷങ്ങളായി എറണാകുളത്തെ ഒരു കമ്പനിയില്‍ ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്‌ സത്യനാഥന്‍ (ശ്രീനിവാസന്‍). നെല്ലായി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ദിവസവും പാസ്ഞ്ചര്‍ ട്രെയിനില്‍ അങ്ങോട്ടുമുങ്ങോട്ടും യാത്ര ചെയ്യുന്ന സത്യനാഥിന്‌ ഒരുപിടി ട്രെയിന്‍ സുഹൃത്തുക്കളുണ്ട്‌. മാറാങ്കര എന്ന കടലോര പ്രദേശത്തെ കരിമണല്‍ ഖനനത്തിന്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നാട്ടുകാര്‍ക്കു വേണ്ടി കേസു നടത്തുന്ന വക്കീലാണ്‌ നന്ദന്‍ മേനോന്‍ (ദിലീപ്‌). അയാളുടെ ഭാര്യ അനുരാധാ നന്ദന്‍ (മംമ്താ മോഹന്‍ദാസ്‌), റൈറ്റ്‌ ടിവി എന്ന ചാനലിന്റെ ന്യൂസ്‌ റിപ്പോര്‍ട്ടറാണ്‌. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ആരോപിതനായ അഭ്യന്തര മന്ത്രി തോമസ്‌ ചാക്കോയുമായുള്ള അഭിമുഖത്തിനായി അനുരാധ കോട്ടയത്തേക്കു പോകുന്നു. അതേ ദിവസം രാത്രി നന്ദന്‍ മേനോന്‍ ഗുരുവായൂര്‍ക്ക്‌ യാത്ര ചെയ്യുന്നു. യാദൃശ്ചികമായി, ഓഫീസിലെ തിരക്കുകള്‍ മൂലം വൈകിയെത്തുന്ന സത്യനാഥനും അതേ ട്രെയിനില്‍ യാത്ര ചെയ്യുന്നു. നെല്ലായിയില്‍ ഇറങ്ങേണ്ട സത്യനാഥന്‍, ഉറങ്ങി പോകുന്നതിനാല്‍, നന്ദനൊപ്പം ഗുരുവായൂരില്‍ ചെന്നാണിറങ്ങുന്നത്‌. അവിടെ വച്ച്‌ സുഹൃത്തുക്കളായി പിരിയുന്ന അവര്‍. പക്ഷേ, പുറത്തിറങ്ങി നടക്കുന്ന നന്ദനെ കാത്തിരുന്നതൊരു അപകടമാണ്‌. അതു സത്യനാഥന്‍ കാണുകയും ചെയ്യുന്നു. പിന്നീടിവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്ദ്വേകജനകമായ സംഭവ വികാസങ്ങളാണ്‌ സിനിമയുടെ ആധാരം. രഞ്ജിത്‌ ശങ്കര്‍ എന്ന സംവിധായകന്റെ സംവിധാന മികവു തന്നെയാണ്‌ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌. ഒരു നവാഗതന്റെ ചിത്രം എന്നൊരിക്കലും തോന്നാത്ത രീതിയിലാണ്‌ ഇതിന്റെ സംവിധാനം. ചെറിയ കാര്യങ്ങളില്‍ പോലും കണ്ണു വയ്ക്കുന്ന സംവിധായകന്‍, ആദ്യം തന്നെ കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു. അവരുടെ ചുറ്റുപാടും ജീവിത രീതിയും ശീലങ്ങളുമെല്ലാം കഥയ്ക്കനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതു കൊണ്ടു തന്നെ, കഥ പുരോഗമിക്കുമ്പോള്‍, ഇവയൊക്കെ കഥയെ സ്വാധീനിക്കുന്നതില്‍ പ്രേക്ഷകര്‍ക്ക്‌ അസ്വാഭാവികതയൊന്നും തോന്നില്ല. വളരെ ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമെ സംവിധയകന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നുള്ളു. അവയെല്ലാം കഥാഗതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. അനാവശ്യ പാത്രസൃഷ്ടി ഒഴിവാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഒരോ കഥാപാത്രങ്ങളുടേയും സംഭാഷണങ്ങളിലും കാലിക പ്രാധാനയമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നുള്ളതും പ്രസക്തമാണ്‌. ബേവറെജസ്‌, സിനിമ, റേയില്‍വേ, രാഷ്ട്രീയം തുടങ്ങി സമകാലിക വിഷയങ്ങളെല്ലാം വിമര്‍ശനാത്മകമായ രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. മിതമായി സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ്‌ സംവിധായകന്‍ രൂപവത്കരിച്ചിരിക്കുന്നത്‌. ഹാസ്യരസം നിറഞ്ഞ സംഭാഷണങ്ങള്‍ അനേകമുണ്ടെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, അസ്ഥാനത്തെ തമാശകളോ ഇല്ല എന്നുള്ളതും പ്രസക്തമാണ്‌. കഥക്കൊപ്പം അരൊചകമല്ലാതെ സമകാലിക വിഷയങ്ങളും തമാശയും കോര്‍ത്തിണക്കിയുള്ള ഈ അവതരണ ശൈലി മലയാള സിനിമയ്ക്ക്‌ അന്യമല്ലെങ്കിലും ഇതിലൊരു പുതുമ കൊണ്ടു വരുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ഒരു ദിവസത്തെ സംഭവ വികാസങ്ങള്‍ പറയുന്ന ഈ ചിത്രത്തില്‍, വിവര സാങ്കേതിക വിദ്യയെക്കുറിച്ചും, അവയെങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനേക്കുറിച്ചും പ്രതിപാദിക്കുന്നു എന്നു മാത്രമല്ല, അതിന്‌ പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കുക വഴി, താന്‍ അധുനിക തലമുറയുടെ സംവിധായകനാണെന്ന്‌ രഞ്ജിത്‌ ലോകത്തോട്‌ വിളിച്ചു പറയുന്നു. പലപ്പോഴും‌ അസ്വാദങ്ങള്‍‌ എഴുതിയപ്പോള്‍ ഞാന്‍ അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്നമുണ്ടായിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ഒരു കേന്ദ്രകഥാപാത്രങ്ങളെ ആശ്രയിച്ചായിരുന്നു. അതു കൊണ്ടു തന്നെ, അഭിനയം എന്നത്‌ അവരില്‍, കൂടുതല്‍ പോയാല്‍ വില്ലന്മാരില്‍ ഒതുങ്ങുമായിരുന്നു. പക്ഷേ, പാസഞ്ചര്‍ നമുക്ക്‌ തരുന്നത്‌ വ്യത്യസ്തമായ ഒരു അനുഭവമാണ്‌. നാലു കഥാപാത്രങ്ങള്‍ക്ക്‌ തുല്യ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍, ദിലീപും മം‌മതയും ജഗതിയും ശ്രീനിവാസനും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. പക്ഷേ, ഇവിടേയും, അഭിനയത്തിലെ തികവുകൊണ്ട്‌ കയ്യടി വാങ്ങുന്നത്‌ ആഭ്യന്തര മന്ത്രിയായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ തന്നെയാണ്‌. ആട്ടിന്‍ തോലണിഞ്ഞ ചെന്നായെപ്പോലെ, കറപുരണ്ട മുഖം മറച്ച്‌ എല്ലാവരേയും സുഖിപ്പിച്ച്‌ രംഗത്തെത്തുന്ന ആ കഥാപാത്രത്തെ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു എന്നതാണ്‌ സത്യം. ഒരു രാഷ്ട്രീയ നേതാവിന്റെയും ഛായ, ആ കഥാപത്രത്തിനില്ലായിരുന്നു എന്നത്‌ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്‌. അഡ്വ.നന്ദന്‍ മേനോനെ അവതരിപ്പിച്ച ദിലീപ്‌, തന്റെ സൂപ്പര്‍ താര പരിവേഷം ബലികഴിച്ചാണ്‌, ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. അഴിമതിയേയും അനീതിയേയുമെതിര്‍ക്കുന്ന നന്ദന്‍ മേനോന്‍ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ദിലീപ്. ഗൗരവക്കാരനായ ഒരു വക്കീലിനെയല്ലാ, ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന കഥാപാത്രത്തെയാണ്‌ ദിലീപ്‌ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്‌. ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ്‌ മം‌മതാ മോഹന്‍‌ ദാസിന്റെ അനുരാധയും‌, ശ്രീനിവാസന്റെ സത്യനാഥും. അനുരാധ എന്ന കഥപാത്രം മം‌മതാ മോഹന്‍‌ദാസെന്ന നടിക്കൊരു വഴിത്തിരിവാകും എന്നത്‌ തീര്‍ച്ച. ശക്തമായൊരു കഥാപത്രത്തെ വളരെ മനോഹരമായി തന്നെ മം‌മത അവതരിപ്പിച്ചിരിക്കുന്നു. ഇതിനു മുന്നെയുളള ചിത്രങ്ങളില്‍‌ നിന്നൊക്കെ മം‌മത ബഹുദൂരം‌ മുന്നോട്ടു പോയിരിക്കുന്നു എന്നീ കഥാപാത്രം‌ വ്യക്തമാക്കുന്നു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്ക്ക്‌ മാത്രം കൈകാര്യം ചെയ്യാനവുന്ന കഥാപത്രമാണ്‌ സത്യനാഥ്‌. സാധാരണക്കാരനായ ഒരു വ്യക്തി, കേരളത്തിന്റെ തന്നെ ഭാവി മാറ്റിമറിക്കുന്ന ഒരു അജ്ഞാതന്‍, എന്നിങ്ങനെ പല വിശേഷണങ്ങള്‍ ഈ കഥാപാത്രത്തിനു നല്‍കാം. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച്‌, മനോഹരമായി തന്നെ ശ്രീനിവാസന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, സ്വയം വിമര്‍ശകനാകുക എന്ന ഭൂതം ശ്രീനിവാസനെ വിട്ടൊഴിഞ്ഞു എന്നു തോന്നുന്നു. തികച്ചും സാധാരണക്കാരനായ, നമ്മള്‍ക്ക്‌ സ്ഥിരപരിചിതനായ ഈ കഥാപാത്രം ശ്രീനിവാസനെന്ന അതുല്യ നടന്‌ മറ്റൊരു പൊന്‍‌തൂവലാകും സമ്മാനിക്കുക. അത്രക്കു പ്രസക്തമല്ലെങ്കിലും‌, നെടുമുടി വേണുവിന്റെ ടാക്സി ഡ്രൈവര്‍ നായരും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഗുണ്ടാ നേതാവ്‌ അണലി ഷാജിയായി അഭിനയിച്ചിരിക്കുന്ന പുതുമുഖം ആനന്ദ്‌ സ്വാമി, മറ്റൊരു ഗുണ്ടയായി അഭിനയിച്ച ശ്രീജിത്‌ രവി, കരിമണല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന തങ്കമ്മാ രാജനായി അഭിനയിക്കുന്ന സോനാ നായര്‍, തങ്കമ്മയുടെ അനിയനായി അഭിനയിക്കുന്ന മണിക്കുട്ടന്‍ എന്നിവരും തങ്ങളുടെ കഥാപത്രങ്ങളെ നന്നായി അവതരിപ്പിച്ചിരികുന്നു. സത്യനാഥിന്റെ ഭാര്യാ വേഷം കൈകാര്യം ചെയ്തിരിക്കുന്ന് ലക്ഷ്മി ശര്‍മ്മ, അമ്മയായി അഭിനയിച്ചിരിക്കുന്ന നടി, സഹയാത്രികരായി അഭിനയിച്ചിരിക്കുന്ന ഹരിശ്രീ അശോകന്‍‌, കൊച്ചു പ്രേമന്‍, അനൂപ്‌ ചന്ദ്രന്‍, ടി.പി മാധവന്‍‌ എന്നിവരും‌ അവരവരുടെ വേഷങ്ങള്‍ ഭം‌ഗിയാക്കിയിരിക്കുന്നു. ഗാനത്തിനോ നൃത്തത്തിനോ സംഘട്ടന രംഗങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത ഒരു ചിത്രമാണ്‌ പാസഞ്ചര്‍. ഇവക്കുള്ള സാധ്യതകള്‍‌ ഉണ്ടായിരുന്നിട്ടു കൂടി, അവ തിരുകി കയറ്റാതെ, കഥഗതിക്ക്‌ വിഘാതം സംഭവിക്കാതിരിക്കാന്‍ സം‌വിധായകന്‍‌ ശ്രദ്ധിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ദേയമാണ്‌. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക്‌ ബിജിബാല്‍ എന്ന യുവ സം‌ഗീത സം‌വിധായകന്‍‌ ഈണം‌ പകര്‍ന്ന ഒരു ഗാനം‌ ചിത്രത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. രഞ്ജിത്തിന്റെ തിരക്കഥക്ക്‌ ജീവന്‍‌ പകരുന്നത്‌, പി.സുകുമാരിന്റെ ഛായാഗ്രഹണവും രഞ്ജന്‍‌ എബ്രഹാമിന്റെ ചിത്രസം‌യോജനവുമാണ്‌. കഥയുടെ പിരിമുറുക്കം കളയാതെ, പ്രേക്ഷകരെ മുള്‍മുനയില്‍‌ നിര്‍ത്താന്‍‌ ഈ കൂട്ടുകെട്ടിന്‌ കഴിയുന്നു എന്നതു തന്നെയാണ്‌ ഈ ചിത്രത്തിന്റെ വിജയവും. സാബുറാമാണ്‌ ചിത്രത്തിന്റെ കലാസം‌വിധാനം നിര്‍‌വഹിച്ചിരിക്കുന്നത്‌. ചിത്രത്തിനു വേണ്ടുന്ന രീതിയില്‍‌ തന്നെയാണ്‌ സാബുറാം‌ അത്‌ കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും, ചിലയിടങ്ങളില്‍‌ കുറച്ചുകൂടി പൂര്‍‌ണ്ണതയാവാമെന്ന്‌ തോന്നുന്നു. ദിവസേന പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്റെ ഒരു അസാധാരണമായ ഒരു ദിനവും‌ തുടര്‍‌ന്നുണ്ടാകുന്ന സം‌ഭവ വികാസങ്ങളും‌, സാധാരണക്കാരന്റെ ജീവിതം പ്രമേയമാകുന്ന ചിത്രമെന്ന സൂചന ആദ്യം നല്‍‌കുമെങ്കിലും, കഥ വികസിക്കുന്നത്‌ പ്രേക്ഷകര്‍ക്ക്‌ ആവേശം പകരുന്ന രീതിയിലാണ്‌. നാം ദിവസേന കാണുന്ന ചില കഥാപാത്രങ്ങളെ കോര്‍‌ത്തിണക്കി കാലിക പ്രാധാന്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്ന എന്ന സാഹസികതയാണ്‌, രഞ്ജിത്‌ ശങ്കര്‍ എന്ന ഈ പുതുമുഖ സം‌വിധായകന്‍‌ ചെയ്തിരിക്കുന്നത്‌. അവതര ശൈലിയിലെ പുതുമയും, കഥയെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്ന രീതി കൊണ്ടും, ഈ സിനിമ സമകാലിക മലയാള സിനിമയില്‍‌ നിന്നും വേറിട്ടു നില്‍‌ക്കുന്നു. സാധാരണക്കാരന്റെ ദൈനം ദിന പ്രശ്നങ്ങള്‍‌ മുതല്‍‌ അധികാര ലഹരിയുടെ മൂര്‍‌ദ്ധന്യവസ്ഥവരെ ഒരേ കാന്‍‌വാസില്‍‌ കൊണ്ടു വരാന്‍‌ സം‌വിധായകനു കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ ഈ ചിത്രം പ്രേക്ഷകരെ ആകര്‍‌ഷിക്കുമെന്നതില്‍ തര്‍‌ക്കമില്ല. സൂപ്പര്‍‌ സ്റ്റാറുകളുടെ അമാനുഷിക പോരാട്ടങ്ങളും വിഡ്ഢി വേഷങ്ങളും കൊണ്ട്‌ സമ്പന്നമായ മലയാള സിനിമയില്‍‌ ഒരു ട്രെന്‍‌ഡ്‌ സെറ്ററാകാന്‍‌ സാധ്യതയുള്ള ചിത്രമാണ്‌ 'പാസഞ്ചര്‍‌'. ദിലീപ്‌ ജനപ്രിയ നായകനായത്‌, സാധാരണക്കാരന്റെ വേഷങ്ങള്‍‌ ഹാസ്യത്തിന്റെ അകമ്പടിയില്‍‌ അഭിനയിച്ചാണ്‌. അഡ്വ: നന്ദന്‍‌ മേനോന്‍‌ എന്ന കഥാപത്രത്തെ സ്വീകരിക്കുവാന്‍‌ ദിലീപ്‌ കാണിച്ച ആര്‍ജ്ജവം‌ അഭിനന്ദനീയമെന്ന്‌ പറയാതെ വയ്യ. നല്ല കഥക്കും കഥാപാത്രത്തിനും, ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയും തടസ്സമല്ല എന്നദ്ദേഹം തെളിയിച്ചിരിക്കുകയാണ്‌. ദീലീപിന്റെ ഒരു മടങ്ങി വരവായി ഇതിനെ നമുക്ക്‌ കാണാം‌. ഫാന്‍‌സിനായി കോലം കെട്ടിയാടുന്ന, ഇവിടുത്തെ മറ്റു സൂപ്പര്‍‌ സ്റ്റാറുകള്‍ക്കും‌ ഈ സത്‌ബുദ്ധി ഉടനെ തോന്നട്ടെ എന്ന്‌ നമുക്കീ അവസരത്തില്‍ പ്രാര്‍‌ത്ഥിക്കാം‌. കഥക്കും പ്രമേയത്തിനും പ്രാധാന്യം നല്‍‌കി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എത്താതെ പോകുന്ന സ്ഥിരം‌ ട്രെന്‍‌ഡിലേക്ക്‌ ഈ ചിത്രവും വഴിമാറുമോ എന്നൊരാശങ്കയുണ്ട്‌. കാരണം‌, മേയ്‌ 7ന്‌ റിലീസ്സയ ഈ ചിത്രം, മേയ്‌ 9ന്‌ പാലാ മഹാറാണിയില്‍‌ ഈ ചിത്രം‌ നൂണ്‍‌ഷോയായി ഞാന്‍‌ കാണുമ്പോള്‍‌ ആകെ 50 പേരുപോലും‌ ചിത്രത്തിനില്ലായിരുന്നു എന്നതാണ്‌ സത്യം. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, പബ്ലിസിറ്റിയുടെ കാര്യത്തില്‍‌ ശ്രദ്ധിച്ചില്ലെങ്കില്‍‌, ഇത്തരം നല്ല ചിത്രങ്ങള്‍‌ പ്രേക്ഷകരിലെത്താതെ പോകും. വേനലിലുരുകുന്ന മലയാളക്കരയിലേക്ക്‌ പെയ്തിറങ്ങിയ ഒരു വേനല്‍‌മഴ.... രണ്ടു മണിക്കൂര്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു ത്രില്ലര്‍... അതാണ്‌ പാസഞ്ചര്‍ ... രഞ്ജിത്‌ ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ആശം‌സകളും, അഭിവാദ്യങ്ങളും....
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.