Sunday, November 30, 2008

മുംബൈ ആക്രമണം : നാം എന്താണ്‌ പഠിക്കേണ്ടത്‌?മൂന്ന്‌ ദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ എന്‍.എസ്‌.ജി കമാന്‍ഡോകള്‍ താജ്‌ ഹോട്ടലിന്റെ നിയന്ത്രണവും പിടിച്ചെടുത്തു. ഭീകരര്‍ കൈയടക്കിയിരുന്ന ട്രൈഡന്റ്‌ ഹോട്ടലും നരിമാന്‍ ഹൗസും ഇന്നലെ തന്നെ അവര്‍ സ്വതന്ത്രമാക്കിയിരുന്നു. മൂന്ന്‌ ഭീകരരെ വധിച്ചാണ്‌ കമാന്‍ഡോകള്‍ ഉച്ചയോടുകൂടി താജിന്റെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയത്‌. ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?

രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ്‌ വകുപ്പ്? ഇന്റെലിജെന്‍സ്‌ വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ? രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.

ഭീകരാക്രമണം യഥേഷ്ടം തുടരുമ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങോട്ട്‌ എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ ഉയര്‍ന്നേക്കാം... ഈ വര്‍ഷം 10ലധികം സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ നടന്നു. എന്നിട്ട്‌ ഒരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനു കഴിഞ്ഞോ..? കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു, അമിതാബ്‌ ബച്ചന്‍ കിടക്കക്കടിയില്‍ തോക്കുമായി ആണ്‌ കിടന്നുറങ്ങുന്നതെന്ന്‌... നമ്മെ പോലുള്ള എത്ര പേര്‍ക്കിത്‌ പറ്റും...? സാധാരണക്കാരന്‍ എന്തു ചെയ്യണം..? വിരിമാറു കാണിച്ചു കൊടുക്കണോ? സര്‍ക്കരിന്റെ കയ്യിലെ തെറ്റാണ്‌ മുംബൈ സംഭവം...തെറ്റ്‌ ഒരിക്കല്‍ സംഭവിച്ചാല്‍ ക്ഷമിക്കാം, മറ്റൊരു അവസരം കൊടുക്കാം...തുടര്‍ച്ചയായി തെറ്റുകള്‍ തന്നെ സംഭവിച്ചാലോ...? അതിനെ പിടിപ്പു കേടെന്നാ വിളിക്യാ....

സ്വാമി ശരണം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമര്‍ദനം നിത്യനര്‍ത്തനം

ഹരിഹരാല്‍മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ശക്തമാനസം

ഭരണലോലുപം നര്‍തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാല്‍മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം

പ്രണതകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍തനപ്രിയം

ഹരിഹരാല്‍മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം

വരഗദായുധം ദേവവര്‍ണിതം

ഗുരുക്രുപാകരം കീര്‍തനപ്രിയം
ഹരിഹരാല്‍മജം ദേവമാശ്രയേ


ത്രിഭുവനാര്‍ചിതം ദേവതാത്മകം

ത്രിണയനം പ്രഭും ദിവ്യശോഭിതം

ത്രിദശപൂജിതം ചിന്തിതപ്രഭം

ഹരിഹരാല്‍മജം ദേവമാശ്രയേ


ഭയഭയാപഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷനം
ധവളവാഹനം ദിവ്യവാരണം

ഹരിഹരാല്‍മജം ദേവമാശ്രയേ


കളമൃദുസ്മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരിം വാജിവാഹനം

ഹരിഹരാല്‍മജം ദേവമാശ്രയേ


ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാല്‍മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...........

നാണം കെട്ട ഇന്ത്യന്‍ മാധ്യമങ്ങള്‍


ഭാരതത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട്‌ നവംബര്‍ 26ന്‌ ഭീകരവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തില്‍. ഛത്രപതി ശിവാജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലടക്കം ഏഴു സ്ഥലങ്ങളില്‍ വെടിവെപ്പും സ്ഫോടനവും നടത്തിയ അവര്‍, താജ്‌ ഒബ്‌റൊയ്‌ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, ജൂതന്മാര്‍ അധിവസിക്കുന്ന നരിമാന്‍ഹൌസിലും ആക്രമണം നടത്തി, അനേകം പേരെ ബന്ദികളാക്കുകയും ചെയ്തു. നമ്മുറ്റെ സൈന്യം 60 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ്‌ അവരെ കീഴ്പ്പെടുത്തി, ഇതെല്ലാം സ്വതന്ത്രമാക്കിയത്‌. അതിനിടയില്‍ ഏകദേശം 190 ജീവന്‍ നഷ്ടപ്പെട്ടു. ഏതാനും വീരജവാന്മാരെയും പോലീസ്‌ ഉദ്യോഗസ്ഥരേയും നമുക്ക്‌ നഷ്ടമായി. ഇന്ത്യന്‍ സൈന്യം ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ ഇവിടുത്തെ ദൃശ്യമാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌ രാജ്യദ്രോഹത്തിന്‌ തുല്യമായ കുറ്റമായിരുന്നു. പത്ര ധര്‍മ്മമെന്ന പേരില്‍, പോലീസിന്റേയും കമാണ്ടോകളുടേയും വിലക്കിനെ മറികടന്ന്‌, പോരാട്ടം നടക്കുന്ന സ്ഥലത്തെത്തുകയും, അവിടെ നടക്കുന്നതെല്ലാം തത്സമയ സംപ്രേക്ഷണം എന്ന പേരില്‍ അണുവിട തെറ്റാതെ ചാനലിലൂടെ വിളമ്പിക്കൊണ്ടിരുന്നു. കമാണ്ടോകള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതും അതിന്റെ വിശദാംശങ്ങളും പരസ്യമായി ചാനലിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു...ചിലര്‍, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സൈന്യത്തിന്റെ പദ്ധതികളെ ദൃശ്യവത്കരിച്ച്‌ കാണിക്കുന്നുണ്ടായിരുന്നു. പ്ലാനുകള്‍ വളരെ ശ്രദ്ധയോടെ തന്നെ ജനങ്ങള്‍ അറിയിക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. സൈന്യത്തിന്റെ നടപടികള്‍ 60 മണിക്കൂര്‍ നീണ്ടു പോകാനുള്ള കാരണമായി വിമര്‍ശകരും സൈനിക നടപടിക്ക്‌ നേതൃത്വം കൊടുത്തവരും പറയുന്നത്‌ ഇതാണ്‌.ഭീകരവാദികള്‍ക്ക്‌ സൈന്യത്തിന്റെ നീക്കത്തെക്കുറിച്ച്‌ ഏകദേശം ഒരു ധാരണയുണ്ടായിരുന്നു എന്നായിരുന്ന അവര്‍ പറഞ്ഞത്‌. അതിനര്‍ത്ഥം മാധ്യമങ്ങളുടെ ഈ വിവരക്കേട്‌ ഭീകരവാദികളെ സഹായിച്ചു എന്നതാണ്‌.

അനേകം വീരയോദ്ധാക്കളുടേയും സാധാരണക്കാരുടേയും മരണത്തിന്‌ ഇവിടുത്തെ മാധ്യമങ്ങളും കാരണക്കാരായി എന്നതാണ്‌ സത്യം. ഇതൊക്കെ ആയിരുന്നാലും ചനലുകളിലൂടെ മനുഷ്യാവകാശ ലംഘനത്തെയും മാധ്യമ ധര്‍മ്മത്തെക്കുറിച്ചും വിളിച്ചു കൂവാന്‍ ഇപ്പോഴും ഇവര്‍ക്കു മടിയില്ല എന്നതാണ്‌ സത്യം... ഈ വ്യവസ്ഥിതി എന്നു മാറുന്നുവോ അന്നേ നമ്മുടെ നാട്‌ രക്ഷപെടൂ...

Monday, November 17, 2008

സരോജ (Saroja)


തമിഴില്‍ "ചെന്നൈ 600028" എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട്‌ പ്രഭുവിന്റെ രണ്ടാം ചിത്രമാണ്‌, "സരോജ". ആദ്യ ചിത്രത്തിന്റെ വിജയത്തോടെ വളരെ വലിയ പ്രതീക്ഷയോടെയാണ്‌ ഞാനീ ചിത്രം കാണുവാനിരുന്നത്‌. ഒരിക്കല്‍ കൂടി കഴിവുള്ള കലാകാരനാണ്‌ താനെന്ന്‌ ഈ ചിത്രത്തിലൂടെ വെങ്കട്ട്‌ പ്രഭു തെളിയിച്ചിരിക്കുന്നു. അവതരണ ശൈലികൊണ്ടും, കഥാഖ്യാന രീതികൊണ്ടും വ്യത്യസ്തമായ ഒരു ചിത്രമാണ്‌ സരോജ. പ്രകാശ്‌ രാജ്‌, ജയറാം, എസ്‌.പി.ചേരന്‍, വൈഭവ്‌, ശിവ, പ്രേംജി ഗംഗൈ അമരന്‍, വേഗ, നിഖിത എന്നിവരോടൊപ്പം, തമിഴിലെ ഒരു പിടി ടെലിവിഷന്‍ സീരിയല്‍ താരങ്ങളും ഇതില്‍ അഭിനയിച്ചിരിക്കുന്നു.

മൂന്നുദിവസത്തെ സംഭവ വികാസങ്ങളാണ്‌ വെങ്കട്‌ ഉദ്ദ്വേഗജനകമായ കഥയിലൂടെ പറയുന്നത്‌. ചിത്രം തുടങ്ങുന്നത്‌ മൂന്ന്‌ വ്യത്യസ്തമായ
സ്ഥലങ്ങളിലാണ്‌. ഒറീസയിലെ ഒരു ഹൈവേയിലൂടെ ഓടുന്ന കെമിക്കല്‍ നിറച്ച ഒരു ടാങ്കര്‍ ലോറി, ഹൈദരാബാദിലെ ഒരു കോടീശ്വരനായ വിശ്വനാഥിന്റെ(പ്രകാശ്‌ രാജ്‌) വീട്‌, ചെന്നെയിലെ കല്യാണ നിശ്ചയം നടക്കുന്ന ഒരു മണ്ഡപം. അങ്ങനെ മൂന്ന്‌ സ്ഥലത്തേക്കാണ്‌ ക്യാമറ നമ്മെ കൊണ്ടത്തിക്കുന്നത്‌. ചെന്നൈയില്‍ നിന്ന് നാലു ചെറുപ്പക്കാര്‍ ക്രിക്കറ്റ് കാണാന്‍ ഹൈദരാബാദിലേക്കു പുറപ്പെടുന്നു.ജഗപതിബാബു (എസ്.പി.ചേരന്‍),സഹോദരന്‍ റാംബാബു (വൈഭവ്), ടെലിവിഷന്‍താരമായ അജയ് രാജ് (ശിവ), ഏതുപെണ്‍കുട്ടിയെക്കണ്ടാലും പ്രണയം തോന്നുന്ന ഗണേഷ്‌കുമാര്‍(പ്രേംജി ഗംഗൈ അമരന്‍) എന്നിവരാണത്. ഇതില്‍ ജഗപതിബാബു മാത്രമാണ് വിവാഹിതന്‍. ഉത്തരവാദിത്വബോധമില്ലാത്ത ചെറുപ്പക്കാര്‍ക്കൊപ്പം കറങ്ങിനടക്കുന്നതിന് ഭാര്യയുടെ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുമ്പോഴും എല്ലാത്തിനെയും സരസമായി കണ്ട് ജീവിതത്തെ ഹൃദ്യമാക്കുന്ന സമീപനമാണ് അദ്ദേഹത്തിന്‍േറത്. ടെലിവിഷന്‍താരമെന്ന നിലയില്‍ പ്രസിദ്ധനായ അജയിന്റെ വിവാഹനിശ്ചയത്തിന്റെ പിറ്റേന്നായിരുന്നു ഈ യാത്ര.ഉല്ലാസവാന്മാരായ സുഹൃത്തുക്കളാണവര്‍. തികച്ചും സാധാരണക്കാരായ യുവാക്കള്‍.

ഹൈദരബാദിലേക്കുള്ള വഴിയില്‍ ആദ്യം കാണിക്കുന്ന കെമിക്കല്‍ ടാങ്കര്‍ അപകടത്തില്‍ പെട്ടു കിടക്കുന്നു. അതു കാരണം ഹൈവേ മുഴുവന്‍
ബ്ലോക്കാകുന്നു. മടങ്ങി പോകാമെന്ന്‌ ജഗപതി ബാബു പറയുന്നുവെങ്കിലും അതിനു കൂട്ടാക്കാതെ, അവര്‍ വന്നവഴിയെ തിരിച്ചു പോയി, ഒരു ഷോര്‍ട്ട്‌ കട്ടിലൂടെ ഹൈദരാബാദിനു തിരിക്കുന്നു. രാത്രി, അപരിചിതവും ആളനക്കമില്ലാത്തതുമായ വഴി. പ്രേതങ്ങളെക്കുറിച്ചായി ചര്‍ച്ച. പെട്ടെന്നൊരാള്‍ വണ്ടിയിലിടിച്ചു തെറിച്ചുവീണു. വെടിയേറ്റൊരു പോലീസുകാരനായിരുന്നു അത്. നമ്മുടെ യുവസംഘം കാണെക്കാണെ വലിയൊരു പ്രശ്‌നത്തില്‍ച്ചെന്നു പെടുകയാണ്. അതിനിടെ വിശ്വനാഥിന്റെ മകള്‍ സരോജയെ (വേഗ) ആരോ തട്ടിക്കൊണ്ടു പോകുന്നു. വിശ്വനാഥിന്റെ സുഹൃത്തായ പോലീസ്‌ ഓഫീസര്‍ രവിചന്ദറിന്റെ (ജയറാം) സഹായത്തോടെ അവര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷേ, ഫോണ്‌ ട്രേസ്‌ ചെയ്യാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നു. സരോജയെ തട്ടിക്കൊണ്ടുവന്ന് ഒളിവില്‍പ്പാര്‍പ്പിച്ചിട്ടുള്ള സംഘത്തിന്റെ കേന്ദ്രത്തിലാണ് അവരെത്തിപ്പെട്ടത്. മകളെക്കണ്ടെത്താന്‍ സുഹൃത്തായ പോലീസുദ്യോഗസ്ഥനായ രവിചന്ദ്രന്റെ(ജയറാം) സഹായത്തോടെ ശ്രമിക്കുന്ന വിശ്വനാഥിന്റെ ഉല്‍ക്കണ്ഠയുടെ ദൃശ്യങ്ങള്‍ ഇതിനിടയില്‍ പലതവണ വന്നുപോകുന്നുണ്ട്. സരോജയുടെ മോചനദ്രവ്യമായി 20കോടി രൂപയാണ് സംഘത്തലവന്‍ സമ്പത്ത് (സമ്പത്ത്) ആവശ്യപ്പെടുന്നത്. ഏതു വ്യവസ്ഥയ്ക്കും വിശ്വനാഥ് തയ്യാറാണെന്നറിയുന്നതോടെ സമ്പത്തിന്റെ ആഹ്ലാദം പതഞ്ഞുയരുന്നു. കാമുകി കല്യാണിയുമൊത്ത് (നികിത) നൃത്തമാടിക്കൊണ്ടാണ് അയാളത് ആഘോഷിക്കുന്നത്. ഈയിടത്തേക്കാണ് നമ്മുടെ ചെറുപ്പക്കാരെത്തി സരോജയെ മോചിപ്പിക്കുന്നത്.

ബുദ്ധിപൂര്‍വമുള്ള നീക്കങ്ങളിലൂടെ അവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് സിനിമയെ ഉദ്വേഗഭരിതമാക്കുന്നത്. ചെറുപ്പക്കാരുടെ സംഘം തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ കേന്ദ്രത്തിലെത്തുന്നതുമുതലാണ് സിനിമയിലെ പ്രധാനഘട്ടങ്ങള്‍. അതു മുഴുവന്‍ രാത്രിയിലാണ്. ശക്തിശരവണന്റെ ക്യാമറ ഈ ഘട്ടത്തില്‍ നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല. രാത്രിയുടെ ഇരുട്ടും പ്രദേശത്തിന്റെ നിഗൂഢതയും ഒട്ടും ചോര്‍ന്നു പോകാതെ സംഭവങ്ങളൊപ്പിയെടുക്കുന്നു അദ്ദേഹത്തിന്റെ ക്യാമറ. അവസാനമുഹൂര്‍ത്തത്തില്‍പ്പോലും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു സംവിധായകന്‍. അത് തികച്ചും വിശ്വസനീയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നതാണ് പ്രധാനം. പ്രകാശ്‌ രാജും യുവതാരങ്ങളും സരോജയായി അഭിനയിച്ചിരിക്കുന്ന വേഗയും മികച്ച നിലവാരത്തിലുള്ള പ്രകടനമാണ്‌ കാഴ്‌ച വച്ചിരിക്കുന്നത്‌. ജയറാമിന്റെ പ്രകടനം എടുത്തു പറയത്തക്ക ഒന്നാണ്‌. ഇത്തരം ഒരു റോള്‍ സ്വീകരിച്ച്‌, അതിന്റെ ഭംഗിയാക്കിയിരിക്കുന്നതിന്‌ ജയറാം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സംഗീതത്തിന്‌ അമിത പ്രാധാന്യം ഇല്ലെങ്കിലും യുവന്‍ ശങ്കര്‍ രാജാ തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ശക്തി ശരവണന്റെ ഛായാഗ്രഹണവും മികവാര്‍ന്നതാണ്‌. സിനിമ തുടങ്ങുന്ന നിമിഷം മുതല്‍ പ്രേക്ഷകരെ കൂടെക്കൊണ്ടുപോകാന്‍ സംവിധായകനു കഴിയുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന ജിജ്ഞാസ അവസാനസെക്കന്‍ഡുവരെയും നിലനില്‍ക്കുന്നതിനാല്‍, സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം ബാക്കിയാകുന്നു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാത്തൊരു കഥയായി ഈ സിനിമ മാറുന്നത് പകുതിയോളം സമയം കഴിയുമ്പോഴാണ്. എന്നാല്‍, തുടങ്ങുന്ന ദൃശ്യത്തില്‍ത്തന്നെ അപ്രതീക്ഷിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് നമുക്കനുഭവപ്പെടുന്നത്. ഓരോ കഥാപാത്രത്തിന്റെയും അവതരണം,സംഭവങ്ങളുടെ കാലാനുക്രമമായ വികാസം, ആകസ്മികമായ പരിണാമങ്ങള്‍ എന്നിവയൊക്കെ ഇതുവരെ കാണാത്തൊരുതരം പുതുമയോടെയും വ്യക്തതയോടെയും ആവിഷ്‌കരിച്ചിരിക്കുന്നു. വളരെ സാവകാശത്തോടു കൂടിയാണ് സംവിധായകന്‍ ഈ കഥ പറഞ്ഞുതുടങ്ങുന്നത്. ഓരോ സെക്കന്‍ഡിനെയും സൂക്ഷ്മമായി പിന്തുടരാനാണ് സംവിധായകന്റെ സംവിധായകന്‍ ശ്രമിക്കുന്നത്‌ എന്നു തോന്നും. തുടക്കത്തില്‍ ലളിതവും സമാധാനപരവുമായിത്തോന്നുന്ന സംഭവങ്ങള്‍ പോകെപ്പോകെ സങ്കീര്‍ണവും സംഘര്‍ഷഭരിതവും ഉദ്വേഗപൂര്‍ണവുമാകുന്നു. അത്തരത്തിലുള്ള മാറ്റത്തിനുചേരും മട്ടില്‍ ആഖ്യാനവും ഗതിവേഗമാര്‍ജിക്കുന്നു. ആകസ്മികമായി വരുന്ന അപകടങ്ങളെ അതിജീവനത്തിനുള്ള സ്വാഭാവികചോദനയുടെ മാത്രം ബലത്തില്‍ എതിരിടുന്ന യുവാക്കളുടെ പക്ഷത്ത് നാം നിലയുറപ്പിക്കുന്നത് സ്വാഭാവികം. എന്നാല്‍ വില്ലന്‍പക്ഷത്ത് അണിനിരക്കുന്ന ചിലരിലും നന്മയുടെ അംശങ്ങളുണ്ടെന്ന് സംവിധായകന്‍ രേഖപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍സംഘത്തിന്റെ തലവനായ സമ്പത്തിന് കല്യാണിയോടുള്ള പ്രണയം ഈ കുഴപ്പങ്ങള്‍ക്കൊക്കെയിടയിലും നമ്മുടെയുള്ളിലൊരു ചലനം സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. എല്ലാ കഥാപാത്രങ്ങളെയും അവരവരുടെ പക്ഷത്തുനിന്നു നോക്കിക്കാണുകയും മനുഷ്യസഹജമായ പ്രത്യേകതകളോടെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ വിജയിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ വ്യക്തിത്വമുള്ള വില്ലന്മാര്‍ സൃഷ്ടിക്കപ്പെട്ടത്.

Friday, November 14, 2008

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിക്കുന്നു...?

കടപ്പാട്‌ : പി.ബാലചന്ദ്രന്‍ മാതൃഭൂമി.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നു. ഹെല്‍മെറ്റിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടവും മിഡോണില്‍ നഖം കടിച്ചുകൊണ്ടുള്ള നില്പുമൊക്കെയായുള്ള 'ദാദ'യുടെ രൂപം ഇനി പഴയ കളികളുടെ കാസറ്റിലോ നമ്മുടെ സ്വന്തം ഓര്‍മയിലോ ആയി മാത്രം മാറും.

ഏതു കളികളുടെയും നിലനില്പിനും പ്രചാരത്തിനും നല്ല കളിക്കാര്‍ മാത്രമല്ല വേറിട്ട 'ക്യാരക്ടറുകളും' അത്യാവശ്യമാണ്. ഇവാന്‍ ലെന്‍ഡല്‍ ടെന്നീസിന്റെ ഔന്നത്യത്തിലേക്കു കുതിച്ച 1980-ന്റെ അവസാനങ്ങളില്‍ ടെന്നീസ് ലോകത്തുള്ള ഒരു ചൊല്ലുണ്ട്. ഇവാന്‍ ലെന്‍ഡല്‍ ഒരു ഫൈനല്‍ ജയിക്കുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ജിമ്മി കോണേഴ്‌സ് പ്രാക്ടീസ് ചെയ്യുന്നിടത്തു വന്നു കൂടാറുണ്ട് എന്ന്. ലെന്‍ഡല്‍ മഹാനായ കളിക്കാരനായിരുന്നു. എന്നാല്‍ കോണേഴ്‌സ് ഒരു നല്ല കളിക്കാരനും സ്വന്തം പ്രത്യേകതകള്‍ കൊണ്ട് കാണികള്‍ക്കു പ്രിയങ്കരനുമായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ ഒരു 'ക്യാരക്ടര്‍' ആയിരുന്നു സൗരവ് ഗാംഗുലി. മികച്ച കളിക്കാരന്‍, അല്പം തന്റേടം, ആരെയും കൂസാത്ത ശരീരഭാഷ, നല്ല സംവേദകന്‍- ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി പലതുമായിരുന്നു. ഒരുപക്ഷേ, സ്വയം താഴ്ത്തിക്കാട്ടിയ ഒരു ബൗളറും. ബൗളിങ്ങിലും അല്പം താത്പര്യമെടുത്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലായേനെ.

ക്യാപ്റ്റന്‍സി: പട്ടൗഡി, ഗാംഗുലി
നയിക്കുന്നവനെയാണ് നായകന്‍ എന്നു വിളിക്കേണ്ടത്. ഇതു വെച്ചു നോക്കിയാല്‍ എന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേരെടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാപ്റ്റന്മാരുടെ പട്ടികയിലുള്ളത്. നവാബ് ഓഫ് പട്ടൗഡി (മന്‍സൂര്‍ അലിഖാന്‍)യും സൗരവ് ഗാംഗുലിയും. എന്താണ് ഒരു ക്യാപ്റ്റനു വേണ്ട ഗുണഗണങ്ങളെന്നു വര്‍ണിക്കണമെങ്കില്‍ അതിനു മാത്രമായി ഒരു ലേഖനം ആവശ്യമായി വരും. അതിനു മുതിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ കളിയെപ്പറ്റിയുള്ള അറിവ്, ടീമംഗങ്ങളെ നിയന്ത്രിക്കാനും അതേസമയം സുരക്ഷാബോധം നല്കി പ്രചോദിപ്പിക്കാനുമുള്ള കഴിവ്, ആത്മവിശ്വാസം സ്വയമുണ്ടാവുകയും അത് ടീമംഗങ്ങള്‍ക്ക് പകരാന്‍ സാധിക്കുകയും ചെയ്യുക എന്നിവ ഒഴിവാക്കാനാവാത്ത ഗുണങ്ങളാണ്. വിജയങ്ങളുടെ എണ്ണം നോക്കിയാല്‍ മേല്‍ സൂചിപ്പിച്ച ഇരുവരെക്കാള്‍ കൂടുതല്‍ ഫലസിദ്ധി നേടിയ ക്യാപ്റ്റന്മാര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇവര്‍ക്കുള്ള നായകമേന്മ ഉണ്ടായിരുന്നില്ല.

അറുപതുകളില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഒന്നുമല്ലാതിരുന്ന കാലഘട്ടത്തിലാണ് തീരെ ചെറുപ്പമായിരുന്ന പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ദുരഭിമാനികളായ സീനിയര്‍ താരങ്ങള്‍, തികച്ചും നിര്‍ജീവമായ ബൗളിങ് നിര, ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള പരിമിതികള്‍, ഇതിനെല്ലാം പുറമെ വെള്ളക്കാരനെ നേരിടുമ്പോഴുള്ള അപകര്‍ഷബോധം! ഈ പ്രതികൂല ഘടകങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചുകൊണ്ടിരുന്ന സ്ഥിതിയിലാണ് പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ഓരോ പ്രശ്‌നങ്ങളെയും ധീരമായി അഭിമുഖീകരിച്ചും പറ്റുന്നത്ര തരണം ചെയ്തുമാണ് പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിച്ചത്. ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം നികത്താന്‍ നല്ലൊരളവുവരെ മികച്ച സ്പിന്നര്‍മാര്‍ക്കു കഴിയും എന്നു തിരിച്ചറിയാനും പില്ക്കാലത്ത് ലോകപ്രശസ്തരായ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍, വെങ്കട് എന്നീ സ്പിന്നര്‍മാരെ തേച്ചുമിനുക്കി ആക്രമണകാരികളാക്കാനും മറ്റു ടീമുകളേക്കാള്‍ താഴെയല്ല ഇന്ത്യന്‍ ടീം എന്ന ബോധം ഇന്ത്യന്‍ കളിക്കാരിലുണര്‍ത്തുവാനും കഴിഞ്ഞതാണ് പട്ടൗഡി എന്ന ക്യാപ്റ്റന്റെ വിജയം. സമനിലയ്ക്കു വേണ്ടി മാത്രം പദ്ധതിയിട്ട് ക്രിക്കറ്റു കളിച്ചിരുന്ന ഇന്ത്യക്കാരില്‍ വിജയത്വര കുത്തിവച്ചത് പട്ടൗഡിയാണ്. അതിന്റെ ഫലം കൂടുതലും അനുഭവിച്ചത് പിന്‍തുടര്‍ച്ചക്കാരനായി ക്യാപ്റ്റനായ അജിത് വഡേക്കറായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം.

ആര്‍ക്കും അടുത്തിടപഴകാനാവുന്ന ഒരു ജനപ്രിയ ക്യാപ്റ്റനൊന്നുമായിരുന്നില്ല സൗരവ് ഗാംഗുലി. എന്നാല്‍ തങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിവുള്ള ക്യാപ്റ്റനാണ് 'ദാദ' എന്ന വിശ്വാസം കളിക്കാര്‍ക്കിടയിലുണ്ടായിരുന്നു. സൗരവിന്റെ സമീപനസവിശേഷതയും ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന അക്കാലത്തെ സര്‍വശക്തന്‍ നല്‍കിവന്നിരുന്ന പിന്തുണയുടെ നിഴലും ഇദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് സഹായകമായി. കളിക്കാരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ക്യാപ്റ്റനായിരുന്നു ഗാംഗുലി. മധ്യനിര ബാറ്റ്‌സ്മാനായി ഡല്‍ഹിക്കുവേണ്ടി കളിച്ചിരുന്ന വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കി മാറ്റി വിജയിപ്പിച്ചതിലും അസ്ഥിരതയില്‍ പെട്ടുഴലുകയായിരുന്ന ഹര്‍ഭജന്‍സിങ്ങിനെ മുന്‍നിര ബൗളറായി വളര്‍ത്തിയതിലും മൊഹമ്മദ് കൈഫിനെയും യുവരാജ്‌സിങ്ങിനെയും പോഷിപ്പിച്ചു കൊണ്ടുവരുന്നതിലും (യാദൃച്ഛികതയാണോ എന്നറിയില്ല ക്യാപ്റ്റന്‍സിയില്‍ നിന്നും ഗാംഗുലി മാറിയതിനു ശേഷമുള്ള ഇവരുടെ ഗ്രാഫ് താഴോട്ടായിരുന്നു എന്നു ശ്രദ്ധിക്കുക) സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ തിളങ്ങി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ വെച്ചും അവരുടെ നാട്ടില്‍വെച്ചും ടീമിനെ വിദഗ്ധമായി നയിച്ചതും പാകിസ്താനില്‍വെച്ചുള്ള പരമ്പരയുമാണ് ടെസ്റ്റ് മത്സരങ്ങളിലെ ഗാംഗുലിയെന്ന ക്യാപ്ടന്റെ 'ഹൈപോയിന്റ്‌സ്' എന്നു പറയാം. ദക്ഷിണാഫ്രിക്കയില്‍വെച്ച് ലോകകപ്പ് ഫൈനല്‍വരേയ്ക്കും നയിച്ചതും ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി മത്സരങ്ങളും ഏകദിനമത്സരങ്ങളിലെ ഗാംഗുലിയുടെ നായകമികവ് എടുത്തു കാണിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കറെയും അസ്ഹറുദീനെയും പോലെ വിരസമായ ശൈലിയില്‍ ടീമിനെ നയിച്ചിരുന്ന ക്യാപ്റ്റന്മാര്‍ക്കു ശേഷം കാര്യങ്ങള്‍ സംഭവിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ശൈലി ടീമംഗങ്ങളും കാണികളും ഒരുപോലെ ആസ്വദിച്ചു. മുന്‍നിരയില്‍ നിന്നു നയിക്കാന്‍ താത്പര്യപ്പെട്ട ഗാംഗുലിയെ പിന്‍നിരയില്‍ നിന്നു തുണയ്ക്കാന്‍ തയ്യാറായ ജോണ്‍റൈറ്റ് എന്ന പരിശീലകനും ഗാംഗുലിയുടെ രീതികള്‍ക്കു തുണയായി. എന്നാല്‍ ഗാംഗുലിയെ രണ്ടാം നിരയിലേക്ക് മാറ്റി സ്വയം നേതൃത്വം ഏറ്റെടുക്കാനുള്ള ആവേശത്തോടെ ഗ്രെഗ്ചാപ്പല്‍ എന്ന പരിശീലകന്‍ വാളെടുത്തതോടെ ഗാംഗുലി എന്ന വീരനായകന്റെ പതനം ആരംഭിച്ചു. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീണു എന്നും വേണമെങ്കില്‍ പറയാം. സൗരവ്തന്നെ മുന്‍കൈയെടുത്താണല്ലോ ചാപ്പലിനെ ഇന്ത്യയുടെ പരിശീലകനാക്കിയത്! ആത്മവിശ്വാസത്തില്‍ അഗ്രഗണ്യനായ, അപകര്‍ഷബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു നായകനായിരുന്നു ഗാംഗുലി. ഇംഗ്ലണ്ടില്‍ നടന്ന ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദപ്രകടനമൊക്കെ മേല്പറഞ്ഞതിന്റെ പ്രതീകാത്മകമായ ബഹിര്‍സ്ഫുരണങ്ങളായി കണ്ടാല്‍ മതി.

ഗാംഗുലി എന്ന ബാറ്റ്‌സ്മാന്‍
ഏതൊരു ചരമക്കുറിപ്പിനും ഒരു പൊതുസ്വഭാവമുണ്ടല്ലോ. പരേതന്‍ സദ്ഗുണസമ്പന്നനും എല്ലാം തികഞ്ഞവനുമായിരുന്നു എന്ന രീതിയിലുള്ള ഒരു ശൈലി. പലപ്പോഴും വാസ്തവവിരുദ്ധമാണെന്നുള്ള ഉത്തമബോധ്യത്തോടെയാണ് ഇവ എഴുതപ്പെടാറ്. ഏതായാലും ഗാംഗുലിയുടെ വിടവാങ്ങല്‍ വേളയില്‍ അത്തരത്തിലുള്ള ഒരു അവാസ്തവ വര്‍ണനയ്ക്ക് എനിക്കു താത്പര്യമില്ല. ധാരാളം കുറവുകളുള്ള ബാറ്റിങ്ഘടനയാണ് ഗാംഗുലിയുടേത്. ബാറ്റിങ്ങിലെ മഹാന്മാരുടെ പട്ടികയില്‍ ഗാംഗുലിക്ക് സ്ഥാനം നല്കാനാവില്ല. എന്നാല്‍ നാല്പതിലേറെ റണ്‍സിന്റെ ടെസ്റ്റ് ശരാശരിയുള്ള ബാറ്റ്‌സ്മാനെ മികച്ചവനായി അംഗീകരിച്ചേ മതിയാകൂ. ഒരു നല്ല ബാറ്റ്‌സ്മാന്‍ സാങ്കേതികമായി പൂര്‍ണനായിരിക്കണമെന്നില്ല. തന്റെ ശക്തികളിലൂന്നി ദൗര്‍ബല്യങ്ങള്‍ക്ക് മറയിട്ടുകൊണ്ട് ബാറ്റു ചെയ്യുന്നതാണ് ബാറ്റിങ്ങിലെ വിജയമന്ത്രം. ടെക്‌നിക്കുകളിലെ പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ടും അതിജീവിച്ച മികച്ച ബാറ്റ്‌സ്മാനായിട്ടാണ് ഗാംഗുലി ഓര്‍ക്കപ്പെടേണ്ടത്.

വെര്‍ട്ടിക്കല്‍ ബാറ്റ്‌സ്‌ട്രോക്കുകളില്‍ മികവു കാട്ടിയിരുന്ന ഗാംഗുലി ഹൊറിസോണ്ടല്‍ സ്‌ട്രോക്കുകളില്‍ മിടുക്കനായിരുന്നില്ല.ഡ്രൈവ് സ്‌ട്രോക്കുകളില്‍ പ്രത്യേകിച്ചും ഓഫ്‌ഡ്രൈവിലും കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ ഡ്രൈവിലും പ്രഗത്ഭനായിരുന്ന ഗാംഗുലി, ലെഗ്സ്റ്റമ്പില്‍ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു നേരെ പരുങ്ങാറുണ്ട്. ഇത്തരം പന്തുകള്‍ക്ക് നേരെ സൈഡ്ഓണ്‍ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കാറുള്ള ഇദ്ദേഹം കരിയറിന്റെ ഒരു ഘട്ടത്തിലും ഈ കുറവ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. കൈക്കുഴകള്‍ 'റോള്‍' ചെയ്യാതെയുള്ള സ്‌ക്വയര്‍ കട്ടും പലതവണ ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഒരു ഡീപ്ഗള്ളിയെയും ഒരു ബാക്ക്‌വേഡ് പോയിന്റിനെയും നിയോഗിച്ചുകൊണ്ട് ഗാംഗുലിയെ കുഴിയില്‍ ചാടിക്കാന്‍ പലതവണ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

1991-ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൂര്‍വമേഖലയ്ക്ക് നല്‍കിയ ഒരു പ്രാതിനിധ്യം (ഔദാര്യം) എന്ന നിലയിലാണ് സൗരവ്ഗാംഗുലിയെ ക്രിക്കറ്റ് നിരീക്ഷകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞുവന്നപ്പോഴാകട്ടെ നിഷേധിയായ ഒരു 'അശുപയ്യനെന്ന' പേരാണ് ടീമിലെ പല സീനിയര്‍ താരങ്ങളും ഗാംഗുലിക്ക് നല്‍കിയത്. റിസര്‍വ് ബഞ്ചുകളിലിരിക്കേണ്ട കളിക്കാര്‍ ചെയ്യേണ്ട പല ജോലികളും ചെയ്യാന്‍ 'മഹാരാജാവ്' വിമുഖത പ്രകടിപ്പിച്ചതാണ് പ്രധാനമായും സീനിയര്‍ താരങ്ങളെ ചൊടിപ്പിച്ചത്.

പിന്നീടുള്ള രണ്ടു വര്‍ഷം ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മൃതനായിരുന്നു. 1996-ലാണ് ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ നല്ല പ്രകടനങ്ങളിലൂടെ സൗരവ് തിരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിലേക്കു പോയ ഇന്ത്യന്‍ ടീമില്‍ ഇത്തവണ റിസര്‍വ് ബഞ്ചിലല്ല പ്ലേയിങ് ഇലവനിലായിരുന്നു ഗാംഗുലിയുടെ സ്ഥാനം. മധ്യനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട സൗരവ്ഗാംഗുലിയുടെ നീണ്ട വിജയഗാഥയുടെ ആരംഭം കുറിക്കപ്പെട്ടു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിന് മറ്റൊരവകാശിയില്ല. ഓഫ് ഡ്രൈവ് ഷോട്ടുകളിലുള്ള വൈവിധ്യവും മികവും ഗാംഗുലിയുടെ ബാറ്റിങ്ങിന്റെ ചാരുതയാണ്. സ്പിന്നര്‍മാരെ ഉയര്‍ത്തിയടിച്ച് അതിര്‍ത്തി കടത്തി 'ആറുകള്‍' നേടാന്‍ അനായാസമായി ഗാംഗുലിക്കു കഴിയും. മുത്തയ്യമുരളീധരനെതിരെ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ലോകകപ്പില്‍ നേടിയ സെഞ്ച്വറിയില്‍ ഈ മികവ് ഏറ്റവും തെളിയിക്കപ്പെട്ടു. ഓഫ്‌സ്പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കുന്നത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എളുപ്പമല്ല എന്നു മനസ്സിലാക്കണം. മധ്യനിര ബാറ്റ്‌സ്മാനായി രംഗത്തുവന്ന ഇദ്ദേഹം അനായാസമായിത്തന്നെ ഏകദിന മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയത് അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയിലെ ഫ്‌ളെക്‌സിബിലിറ്റി' വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിച്ചു?
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള സംശയമാണ് മേലെ സൂചിപ്പിച്ചത്. അത്‌ലറ്റിക്കായി ഓടിനടക്കുന്ന മികച്ച ഫീല്‍ഡര്‍മാരുടെ കാലഘട്ടത്തിലെ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു ഗാംഗുലി. ചുറുചുറുക്കോടെയുള്ള റണ്ണോട്ടം ആവശ്യമായി വരുന്ന ഏകദിന മത്സരങ്ങളില്‍ എടുക്കാവുന്ന റണ്ണുകള്‍പോലും ഓടാന്‍ പലപ്പോഴും ഉദ്യമിക്കാത്ത പ്രകൃതക്കാരനായിരുന്നു. സിംഗിളുകള്‍ നേടാനുള്ള പുത്തന്‍ ജനുസ്സിലുള്ള സ്‌ട്രോക്കുകളൊന്നും 'മാസ്റ്റര്‍' ചെയ്യാന്‍ ഗാംഗുലി ശ്രമിച്ചിട്ടില്ല. ആരംഭകാലം മുതലുള്ള തന്റെ പല ബാറ്റിങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടാന്‍ അദ്ദേഹം വിമുഖനായിരുന്നു. ചിരി വന്നില്ലെങ്കിലും ചിരിച്ചു കാട്ടി എല്ലാവരെയും പ്രീതിപ്പെടുത്തുന്ന ഒരു പബ്ലിക് റിലേഷന്‍ വിദഗ്ധനല്ലായിരുന്നു ഗാംഗുലി ഒരുകാലത്തും. ഓട്ടോഗ്രാഫ് പ്രേമികള്‍ക്കും ഗാംഗുലി അപ്രാപ്യനായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഗാംഗുലിയെ ഗാഢമായി സ്‌നേഹിച്ചു. വേഗത്തെയും ചടുലതയെയും ആസ്വദിക്കുന്ന സാധാരണ ക്രിക്കറ്റ് പ്രേമികള്‍പോലും സൗരവിനെ ഇഷ്ടപ്പെട്ടു. ഒരു കളിക്കാരന്‍ ഒഴിവാക്കപ്പെട്ടശേഷം ജനകീയ സമരത്തിലൂടെയും മാധ്യമസമ്മര്‍ദങ്ങളിലൂടെയും ദേശീയടീമില്‍ തിരിച്ചെത്തിയ ചരിതം ഗാംഗുലിക്കുമാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യക്കാര്‍ ഗ്രെഗ്ചാപ്പലിനെ വെറുത്തെങ്കില്‍ അതിനു കാരണവും ഗാംഗുലിയോടുള്ള ആരാധനയാണ്. ആത്മാഭിമാനിയായ, ആത്മവിശ്വാസിയായ, സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കാത്ത ഒരു വീരനായകന്റെ പ്രതിച്ഛായയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഗാംഗുലി നേടിയെടുത്തത്. ഇതുതന്നെയാവണം ഗാംഗുലി ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാവാന്‍ കാരണവും.

ഗാംഗുലി പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിക്കുന്ന നഷ്ടം എന്താണ്? സാങ്കേതികപരിമിതികളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ഒരു മികച്ച ബാറ്റ്‌സ്മാനെ, അപൂര്‍വമായി മാത്രം രംഗത്തിനു ലഭിക്കുന്ന ബുദ്ധിവൈഭവവും നേതൃഗുണവും ഒത്തിണങ്ങിയ നായകനെ, വെല്ലുവിളികളെ നേരിടാന്‍ ത്രാണിയുള്ള മികച്ച പോരാളിയെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരു രംഗം നിറഞ്ഞു നില്ക്കുമ്പോഴും സ്വന്തം പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വ്യക്തിപ്രഭാവത്തെ, ഇപ്രകാരം പലപല നഷ്ടങ്ങള്‍! പക്ഷേ, ആരും ഒരു രംഗത്തും ചിരഞ്ജീവികളാവുന്നില്ലല്ലോ.

വളരെയേറെ അനശ്വരമായ മധുര സ്മരണകളുണര്‍ത്തുന്ന സ്‌ട്രോക്കുകളുടെ ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നല്‍കിക്കൊണ്ടാണ് ഗാംഗുലി രംഗം വിടുന്നത്. വരുംകാലത്ത് ആര് ഓഫ്‌ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ആര് സ്‌ക്വയര്‍ ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ഗാംഗുലിയുമായി താരതമ്യം ചെയ്യപ്പെടും. അതാണ് മഹത്വത്തിന്റെ ലക്ഷണം. സച്ചിന്‍, സൗരവ്, രാഹുല്‍, ലക്ഷ്മണ്‍ സംഗമം ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും ശക്തമായ മധ്യനിര ബാറ്റിങ് നിരയാണ്. ഈ ചുമരിലെ ആദ്യത്തെ കല്ലാണ് മാറ്റപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് വിരമിക്കുന്നില്ല എന്നു ചോദിക്കപ്പെടുന്നതിനെക്കാള്‍ ഉത്തമം എന്തുകൊണ്ട് വിരമിക്കുന്നു എന്നു ചോദിക്കപ്പെടുന്നതാണ്. അതു വെച്ചുനോക്കിയാല്‍ ഗാംഗുലിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം ഉചിതമായ സമയത്താണ് എന്നതില്‍ സംശയമില്ല. മഹാരാജാവ് തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് രംഗം വിടുന്നത്. നിറഞ്ഞ മനസ്സോടെ തികഞ്ഞ ആദരവോടെ നമുക്കദ്ദേഹത്തെ യാത്രയയ്ക്കാം.

Thursday, November 13, 2008

മംഗളം മഹാരാജന്‍......കടപ്പാട്‌: പി.ടി.ബേബി, മാതൃഭൂമി

ഫുട്‌ബോളില്‍ ഡീഗോ മാറഡോണക്കൊപ്പമായിരുന്നു ദൈവം. ക്രിക്കറ്റില്‍ സൗരവ്ഗാംഗുലിയുടെ ഓഫ്‌സൈഡില്‍ ദൈവം സദാ നിലയുറപ്പിച്ചു. രണ്ടു താരങ്ങള്‍ക്കും ഒരു ദൈവികോന്മാദം (divine delerium) ഉണ്ടായത് ഈ സാന്നിദ്ധ്യംകൊണ്ടാവാം. ആരാധകര്‍ക്ക് ഇവരെപ്രതിയുണ്ടായത് ഉന്മാദഭ്രാന്തും. ഒരു പൂ ചോദിച്ചപ്പോള്‍ പൂമരംതന്നെ കിട്ടിയാലോ? ഗാംഗുലിയും അതുപോലെയാണ്. ആരാധനയ്ക്ക് വേണ്ടുവോളം പൂക്കള്‍ തരും. ആരാധകരുടെ പുഷ്പാര്‍ച്ചനയായിരുന്നു മഹാരാജാവിന്റെ കരിയറിലെ വലിയ പിന്‍ബലം. ഗാംഗുലി പാഡഴിക്കുമ്പോള്‍ കഴിഞ്ഞുപോകുന്നത് വീരാരാധനയുടെ ഒരു വ്യാഴവട്ട വസന്തകാലമാണ്.

ഇടംകൈയില്‍ ശക്തി ആവാഹിച്ച് ആദ്യപന്ത് നേരിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ദാദയെ പ്രതിഷ്ഠിച്ച ഹൃദയങ്ങളുടെ മിടിപ്പ് കൂടും. ഒരു ബൗണ്‍സറിനോ ഷോര്‍ട്ട്പിച്ച് ബോളിനോ ബാറ്റ് വെച്ച് ഏതെങ്കിലും കൈകളില്‍ കുടുങ്ങുമോ? ശക്തിപോലെത്തന്നെ ദൗര്‍ബല്യങ്ങളും കൂടുതലാണല്ലോ ഈ രാജകുമാരന്. ഓരോ പന്തിലും നിരന്തര പ്രാര്‍ഥനകള്‍... ആകാംക്ഷ... ഒരു പത്തിരുപത്തഞ്ച് റണ്‍സാകുമ്പോഴാണ് സമാധാനത്തോടെ ഒന്ന് ചാഞ്ഞിരുന്ന് കളി കാണാനാവുക. സിക്‌സറോ ബൗണ്ടറിയോ ഇടയ്ക്ക് പായുമ്പോള്‍ രക്തയോട്ടം കൂടും, ആവേശം ഇരമ്പും. കോളേജ് ടീമില്‍ കാമുകന്റെ കളി കാണാന്‍ വരുന്ന കാമുകിയുടേതുപോലാവും അപ്പോള്‍ മനസ്സ്. അവളെസംബന്ധിച്ച് കാമുകന്റെ പ്രകടനം മാത്രമാണ് പ്രധാനം. അവള്‍ ആര്‍ത്തിരമ്പുന്നതും കണ്ണീരൊഴുക്കുന്നതും പ്രാര്‍ഥിക്കുന്നതും വിരല്‍ കടിക്കുന്നതും അവനു വേണ്ടി മാത്രമാണ്. അങ്ങനെ ദാദയെപ്രതിമാത്രം കണ്ട എത്രയോ കളികള്‍.

പ്രിയ സൗരവ്... നിങ്ങളെച്ചൊല്ലിയുള്ള ഹൃദയവികാരവിചാരങ്ങള്‍ ഇതാ അവസാനിക്കുകയാണ്. നിങ്ങള്‍ പാഡഴിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ അഭിരുചികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്ര തീവ്രമായി സൗരവ് ആരാധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? 'ചട്ടപ്പടി പ്രതിഭ'കളെ കുറെ നമ്മള്‍ കണ്ടിട്ടുണ്ട്. പരീക്ഷകളിലെല്ലാം ഡിസ്റ്റിങ്ഷന്‍ കിട്ടുകയും പഠിത്തം വിട്ട് മറ്റൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയെപ്പോലെയാണവര്‍. ആ ഗണത്തില്‍ സൗരവ് പെടില്ല. ക്ലാസ്മുറിയുടെ ജനാലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ മനസ്സും ശരീരവും കടന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് എരിവും പുളിയും ഉണ്ടായത് ഗാംഗുലിയുടെ കാലം മുതലാണ്. ഒരു കൊച്ചു മാടമ്പിതന്നെയായിരുന്നു സൗരവ്. ഉള്‍വലിയുന്നൊരു പൂച്ചക്കുട്ടിയായിരുന്നെങ്കില്‍ കുറെ റണ്ണുകളും കുറെ വിക്കറ്റും വാരിക്കൂട്ടി, വിവാദങ്ങളിലൊന്നും തലയിടാതെ ചട്ടപ്പടി കളിച്ച് വിരമിക്കുമായിരുന്നു. പക്ഷേ, കളിമികവിനൊപ്പം കടുവയുടെ ക്രൗര്യംകൂടി സൗരവിനുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്ടനാകുന്നത് അങ്ങനെയാണ്.

ദാദ, ബംഗാള്‍ കടുവ, മഹാരാജ... എത്ര ഗംഭീരമായ വിശേഷണങ്ങള്‍. ദാദയെന്ന പേര് കേള്‍ക്കുമ്പോള്‍ മുംബൈയും ധാരാവിയുമൊക്കെയാണ് ഓര്‍മ വരുന്നത്. ചങ്കൂറ്റത്തിന്റെയും താന്‍പോരിമയുടെയും വിശേഷണമാണത്. അഹങ്കാരികളായ ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദാദയുടെ ബാറ്റിന്റെയും നാവിന്റെയും സമീപനത്തിന്റെയും ചൂടറിഞ്ഞു. സായിപ്പിനെ കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കവാത്ത് മറക്കാതായി. ഇടംകൈയന്‍ ബാറ്റിങ്, വലംകൈയന്‍ ബൗളിങ്... പിന്നെ രണ്ടു കൈയും വിട്ടുള്ള വേറെ ചില കളികള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൈയടി നേടിയ താരം സൗരവ്ഗാംഗുലിതന്നെയാണ്. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരിസുമായി ഒരു ഇടിത്തീപോലെയാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നുവീണത്. അന്നുതൊട്ടിന്നോളം ഒരു ഫയര്‍ ബ്രാന്‍ഡ് തന്നെയായിരുന്നു ഗാംഗുലി. ഓര്‍ക്കുന്നില്ലേ, ഗാംഗുലി വിരിമാറ് കാണിച്ച് ലോകത്തെ ഞെട്ടിച്ച ആ ദിവസം. ഇംഗ്ലണ്ടില്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ വിജയാഹ്ലാദത്തില്‍ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി ആരാധകര്‍ക്ക് സമ്മോഹനമായ കാഴ്ചയാണൊരുക്കിയത്. ഒരു രാജ്യസ്‌നേഹിയുടെ വീരോചിത പ്രകടനമായിരുന്നു അത്. പ്രിയ സൗരവ്, നിങ്ങളെ എങ്ങനെ, അത്രമേല്‍ സ്‌നേഹിക്കാതിരിക്കും?

സൗരവ്ഗാംഗുലി എങ്ങനെ? അദ്ദേഹത്തിന്റെ ടീമംഗങ്ങളോടുതന്നെ നമുക്ക് ചോദിക്കാം. മഹേന്ദ്രസിങ് ധോനിയും ഹര്‍ഭജന്‍സിങ്ങും യുവ്‌രാജ്‌സിങ്ങുമൊക്കെ ആ നേതൃപാടവത്തിനും ദീര്‍ഘവീക്ഷണത്തിനും മാര്‍ക്കിട്ടുതരും. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റു മത്സരം ടിവിയില്‍ കാണുമ്പോഴാണ് ഗാംഗുലി ഒരു യുവ വിക്കറ്റ് കീപ്പറെ ശ്രദ്ധിക്കുന്നത്. ഉടനെ തന്റെ പരിചയക്കാരനായ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് ഗാംഗുലി പറഞ്ഞു- ആ പയ്യനെ നോക്കൂ, അവന്‍ ലോകമറിയുന്ന കളിക്കാരനാവും. അവനെ എനിക്ക് വേണം. ഇന്നത്തെ ഇന്ത്യയുടെ ഏകദിന ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനിയായിരുന്നു ആ പയ്യന്‍.

ഹര്‍ഭജന്‍സിങ്ങ്-നിങ്ങള്‍ക്ക് മറക്കാനാവുമോ ദാദയെ? ഗുരുതരമായ അച്ചടക്കലംഘനങ്ങളും കൈമടക്കിയെറിയുന്നെന്ന ആരോപണവുംമൂലം സര്‍ദാര്‍ജി ടീമിന് പുറത്തായ കാലം. ഇനിയൊരു മടങ്ങിവരവില്ലെന്ന നിഗമനത്തില്‍ ജീവിതമാര്‍ഗത്തിനായി അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി പോകാനൊരുങ്ങിയതാണ് സിങ്ജി. പക്ഷേ, പ്രതിഭാസമ്പന്നനായ ഈ ഓഫ്‌സ്പിന്നറെ ടീമിലെടുക്കണമെന്ന് ഗാംഗുലി ശക്തിയായി വാദിച്ചു. ആ ഒറ്റ നിര്‍ബന്ധത്തിലാണ് ഹര്‍ഭജന്‍ ടീമിലെത്തുന്നത്. ഒരു കുഞ്ഞുപോക്കിരിയാണെങ്കിലും ഇന്ത്യയെ എത്രയെത്ര കളിയില്‍ സര്‍ദാര്‍ജി ജയിപ്പിച്ചെടുത്തു!

സര്‍ദാര്‍ജിയുടെ നാട്ടുകാരനായ യുവ്‌രാജ്‌സിങ്ങും ദാദയുടെ കടുത്ത ആരാധകനായിരുന്നു. ഒരിക്കല്‍ ടീമിലേക്ക് യുവ്‌രാജിനെ ഗാംഗുലി മടക്കിക്കൊണ്ടുവന്നു. അന്ന് മഹാരാജാവിനെക്കുറിച്ച് യുവരാജാവ് ഇങ്ങനെ പറഞ്ഞു-ഇങ്ങനെയൊരു ക്യാപ്ടനു വേണ്ടി മരിക്കാന്‍വരെ ഞാന്‍ തയ്യാറാണ്. ഒരു ചാവേര്‍സംഘത്തെതന്നെയാണ് ഗാംഗുലി വളര്‍ത്തിയെടുത്തത്. മാനത്ത് ഒരുമിച്ച് പറക്കുന്ന പക്ഷികളെപ്പോലെ അന്ന് ഇന്ത്യന്‍ ടീമില്‍ ഒരുമയുണ്ടായിരുന്നു. വിജയങ്ങള്‍ ഇന്ത്യക്ക് ശീലമായത് അങ്ങനെയാണ്.

പ്രിയ സൗരവ്... ഇന്ത്യന്‍ ക്രിക്കറ്റിന്റെ വ്രണങ്ങളെ ഉണക്കാന്‍ വന്ന വൈദ്യനായിരുന്നല്ലോ നിങ്ങള്‍. വാതുവെപ്പ് കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചപ്പോള്‍, തോല്‍വികളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി കൂപ്പുകുത്തിയപ്പോള്‍ ആ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ നായകനായി വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരണ്ട ചുണ്ടുകളിലാണ് നിങ്ങള്‍ സ്‌നേഹപൂര്‍വം ചുംബിച്ചത്. നൊമ്പരങ്ങളില്‍ നിന്ന് നിര്‍വൃതിയിലേക്കാണ് നമ്മളെ കൈപിടിച്ചുയര്‍ത്തിയത്.

എന്നിട്ടും കുരിശും ആണികളുമൊരുക്കി ഒരു സംഘം നിങ്ങളുടെ പതനം കാത്തിരുന്നില്ലേ? ഫോം നഷ്ടപ്പെട്ട ഒരു ചെറിയ ഇടവേളയില്‍ ഗ്രെഗ് ചാപ്പല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ കോച്ച് നിങ്ങളുടെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടിയില്ലേ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഥനെ ക്രൂശിക്കാന്‍ ആര്‍ത്തുവിളിച്ചില്ലേ? ഇന്ത്യന്‍ ദേശീയതയുടെ പര്യായമായി മാറിയ ഒരു താരത്തിനെ വിദേശിയുടെ വാക്കും കേട്ട് ക്യാപ്ടന്‍ പദവിയില്‍നിന്നു ഇറക്കിവിട്ടു. പിന്നീട് ടീമിന് പുറത്താക്കി. ഒരു കുരിശുമരണത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടെന്ന് ചാപ്പല്‍ കരുതിയില്ല. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും സഹതാപവോട്ട് മേടിച്ചല്ല, സൗരവ് ടീമില്‍ തിരിച്ചെത്തിയത്. സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. ചരിത്രത്തില്‍ ഇങ്ങനെ ഫീനിക്‌സിനെപ്പോലെ തിരിച്ചുവന്നവര്‍ എത്രയുണ്ടാവും? സാക്ഷാല്‍ ചാപ്പല്‍ പോയിട്ടും നാടന്‍ ചാപ്പലുമാര്‍ വാള്‍പ്പിടിയില്‍ കൈവെച്ച് കാത്തിരിക്കുകയായിരുന്നു. ഒരിന്നിങ്‌സിലെ പരാജയംപോലും അവര്‍ ഗാംഗുലിക്കെതിരായ ആയുധമാക്കി. ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാതായതോടെ അവര്‍ വാളിന് മൂര്‍ച്ച കൂട്ടി. ഗാംഗുലി പുറത്തേക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. ഏപ്രിലിലാണ് കാണ്‍പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 87 റണ്‍സടിക്കുന്നതും ഇന്ത്യയെ ജയിപ്പിക്കുന്നതും. കഴിഞ്ഞ ഡിസംബറിലാണ് പാകിസ്താനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസാവുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ സൗരവ് ബാംഗ്ലൂരില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കി. ഒടുവില്‍ സെലക്ടര്‍മാര്‍ തട്ടിക്കളിക്കുമെന്ന് ബോധ്യമായതോടെ, അഭിമാനത്തിന് മുറിവേറ്റ ദാദ പാഡഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീവ്രമായി ആരാധിക്കപ്പെട്ടതിനൊപ്പം എന്തൊക്കെ കുറ്റങ്ങളാണ് പ്രിയ ദാദാ, നിങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടത്? ഷോര്‍ട്ട് പിച്ച്‌ബോള്‍ കളിക്കാനറിയില്ല, ബൗണ്‍സര്‍ കളിക്കാനറിയില്ല. ഷോയബ് അക്തറിനെ നേരിടുമ്പോള്‍ മുട്ടിടിക്കും. ഫീല്‍ഡിങ്ങില്‍ അലസനാണ്... ക്രിക്കറ്റില്‍ ഒരു സകലകലാവല്ലഭനൊന്നുമല്ല ദാദ. എന്നുവെച്ച് ഇപ്പറഞ്ഞ ആരോപണങ്ങളെല്ലാം ആ തലയില്‍ വെച്ച് കെട്ടിക്കൊടുക്കുന്നത് ശരിയാണോ? അക്തറുണ്ടായിരുന്ന കളിയില്‍ ഗാംഗുലി സെഞ്ച്വറി നേടിയിട്ടുണ്ട്. ബൗണ്‍സറും ഷോര്‍ട്ട് പിച്ച് ബോളുകളും നേരിടാതെയാണോ ടെസ്റ്റിലും ഏകദിനത്തിലുമായി 37 സെഞ്ച്വറികള്‍ നേടിയത്? പതിനെണ്ണായിരത്തോളം റണ്‍സടിച്ചത്? ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളര്‍ന്നത്?

താന്‍പോരിമയും കുറച്ചൊക്കെ തലക്കനവും ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ മാതൃകാപരമായി തന്നെയാണ് ഗാംഗുലി നയിച്ചത്. അതിരുവിട്ട പെരുമാറ്റങ്ങളൊന്നും ദാദയില്‍ നിന്നുണ്ടായില്ല. അടിപിടി കേസുകളിലും വംശീയപ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടില്ല. സ്റ്റീവ്‌വോയെ ടോസിനു കാത്തുനിര്‍ത്തിയതുപോലുള്ള ചില സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ചില അഹങ്കാരങ്ങള്‍ക്ക് മറുപടി കൊടുക്കുകയേ അതുവഴി ഉദ്ദേശിച്ചിരുന്നുള്ളൂ. സംസാരവും പെരുമാറ്റവും പരിധി വിടാതിരിക്കാന്‍ ഗാംഗുലി എക്കാലവും ശ്രദ്ധിച്ചിരുന്നു. മനോഭാവം ശരിയല്ലെന്നു മാധ്യമങ്ങള്‍ നിരന്തരം എഴുതിയപ്പോള്‍ ബിസിസിഐ പ്രസിഡണ്ട് ശരത്പവാര്‍തന്നെ ഒരിക്കല്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരോടും ഗാംഗുലിയെപറ്റി അന്വേഷിച്ചു. ഒരാള്‍പോലും ഗാംഗുലിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് പവാര്‍ സാക്ഷ്യപ്പെടുത്തി.

ആരാധകര്‍ അഭിമാനിക്കുന്ന മറ്റൊന്നുണ്ട്-ഒരു മാതൃകാ കുടുംബനാഥനെന്ന ഗാംഗുലിയുടെ സല്‍പ്പേര്. ഭാര്യ ഡോണയും മകള്‍ സനയും മിക്കപ്പോഴും ഗാംഗുലിയുടെ പരാമര്‍ശങ്ങളില്‍ കടന്നുവരാറുണ്ട്. ഒരു ഹോട്ടല്‍ മുറിയിലെത്തിയാല്‍ ഗാംഗുലി ആദ്യം ചെയ്യുക ഭാര്യയുടെയും മകളുടെയും ഫോട്ടോ മേശപ്പുറത്ത് വെക്കുകയാണ്. കൊല്‍ക്കത്തയില്‍ 48 മുറികളുള്ള നാലുനില മന്ദിരത്തില്‍ അമ്പതംഗ കൂട്ടുകുടുംബത്തോടൊപ്പം കഴിയുന്ന താരരാജാവിന് കൂട്ടായ്മയെക്കുറിച്ച് നല്ല ബോധമുണ്ട്. ഗാംഗുലിയുടെ അഞ്ചു വര്‍ഷത്തെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞത് ഈ സമീപനംകൊണ്ടാണ്. ഏകദിനത്തില്‍ സച്ചിനൊപ്പം സൗരവ് ഓപ്പണ്‍ ചെയ്തിരുന്ന ആ സുവര്‍ണകാലം ഓര്‍മ വരുന്നു. ഇത്ര ആവേശത്തോടെ ഒരു കാലത്തും കളി കാണാനിരുന്നിട്ടില്ല. സ്റ്റെപ്പൗട്ട് ചെയ്തുള്ള സിക്‌സറുകളും ഓഫ്‌സൈഡിലൂടെ അനായാസം പായുന്ന ബൗണ്ടറികളും മായാത്ത ചിത്രങ്ങളാണ്.

പ്രിയപ്പെട്ട ദാദാ... നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന കാലം ഓരോര്‍മച്ചിത്രമായി ഞങ്ങള്‍ മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു. ക്രിക്കറ്റിന്റെ ഏതു വഴിയിലാവും ഇനി നിങ്ങള കണ്ടുമുട്ടുക? പരിശീലകനായോ കമന്റേറ്ററായോ സെലക്ടറായോ...? അതോ രാഷ്ട്രീയത്തിലോ ബിസിനസ്സിലോ? എവിടെയായാലും ഞങ്ങളുടെ മനസ്സില്‍ ദാദ എന്നും വീരനായകന്‍ തന്നെയായിരിക്കും.

Monday, November 10, 2008

ദാദയുടെ വിടവാങ്ങല്‍...ധീരം..വീരോചിതം...


മഹാരാജാ, കൊല്‍ക്കട്ടയുടെ രാജകുമാരന്‍, ഓഫ്‌സൈഡിലെ ദൈവം, ദാദാ അങ്ങനെ പല പല വിളിപ്പേരുകളില്‍ അറിയപ്പെടുന്ന, സൌരവ്‌ ചണ്ഡിദാസ്‌ ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷത്വത്തിന്റെ പര്യായമായ വ്യക്തിത്വം, ഒടുവില്‍ ഇന്ത്യന്‍ ടീമിനോട്‌ വിടപറഞ്ഞു. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍, ഇന്ത്യക്ക്‌ ജയവും പരമ്പരയും നേടി കൊടുത്തുകൊണ്ടാണ്‌ ഗാംഗുലി വിടവാങ്ങുന്നത്‌. പരമ്പര തുടങ്ങിയതിനു ശേഷം വിടവാങ്ങല്‍ പ്രഖ്യാപിച്ച ഗാംഗുലി, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. അവസാന ഇന്നിങ്‌സില്‍ റണ്‍സ്‌ നേടാതെ പുറത്തായെങ്കിലും മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി തല ഉയര്‍ത്തിപ്പിടിച്ചുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന്‌ വിടവാങ്ങി. 'ഓഫ്‌ സൈഡിലെ ദൈവം' എന്നറിയപ്പെടുന്ന ഗാംഗുലി പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 324 റണ്‍സ്‌ നേടി വിമര്‍ശകരുടെ വായടപ്പിക്കുന്ന കളി കാഴ്‌ചവെച്ചു. നാഗ്‌പുര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 85 റണ്‍സ്‌ ഇന്ത്യന്‍ ഇന്നിങ്‌സിന്‌ കരുത്തുനല്‌കി. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായെങ്കിലും ടീം ജയിച്ചതോടെ ആ നിരാശ മറികടക്കാന്‍ 'മഹാരാജ'യ്‌ക്കായി. അവസാന ഇന്നിംഗ്‌സില്‍ സംപൂജ്യനായി മടങ്ങിയ ഗാംഗുലി, തന്റെ വിടവാങ്ങല്‍ ബ്രാഡ്‌മാന്റെ അവസാന ഇന്നിംഗ്‌സ്‌ പോലെ തന്നെയാക്കിയത്‌ യാദൃശ്ചികമായി മാറി. ആദ്യ ഇന്നിംഗ്‌സില്‍ ശതകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതൊരു അവിസ്മരണീയമായ വിടവാങ്ങലായി മാറിയേനേ.

1992ല്‍, ആസ്ത്രേലിയക്കെതിരെ ഏകദിനത്തിലാണ്‌ ഗാംഗുലി അരങ്ങേറ്റം കുറിക്കുന്നത്‌. എന്നാല്‍ ആദ്യ മത്സരത്തില്‍ 3 റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായ ഗാംഗുലി, അതോടെ ടീമില്‍ നിന്നും പുറത്തായി. ടീമംഗങ്ങള്‍ക്കു വേണ്ടി, ഫീല്‍ഡിലേക്ക്‌ വെള്ളവുമായി പോകാന്‍ ഗാംഗുലി വിസമ്മതിച്ചു എന്ന വിവാദവും ഉയര്‍ന്നു കേട്ടു. ഗാംഗുലി അത്‌ നിഷേധിച്ചെങ്കിലും, അതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍, ഗാംഗുലിക്കു നേരെ ഏകദേശം കൊട്ടിയടച്ചതു പോലെയായി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും ക്രിക്കറ്റിലെ മുംബൈ ലോബി, ഗാംഗുലിയെ പലതവണ തഴഞ്ഞു. ഒടുവില്‍ നാലു വര്‍ഷത്തിനു ശേഷം, ഗാംഗുലിയെ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പക്ഷേ, കളിക്കാന്‍ അവസരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന അവസരത്തില്‍ ഇങ്ങനെയുള്ള ഒരു സെലക്ഷന്‍, ഗാംഗുലിയുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമായിരുന്നു. പക്ഷേ ദൈവനിയോഗം മറ്റൊന്നായിരുന്നു. നായകന്‍ അസ്‌ഹറുമായി വഴക്കിട്ട്‌ സിദ്ധു ടീം വിട്ടതോടെ, പകരക്കാരനാകാനുള്ള നറുക്ക്‌ ഗാംഗുലിക്കു വീണു. അങ്ങനെ ഗാംഗുലി ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ 1996ല്‍ അരങ്ങേറ്റം കുറിച്ചു. മുന്‍നിര വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിഞ്ഞപ്പോള്‍ ക്രീസിലെത്തിയ ഗാംഗുലിക്ക്‌ കൂട്ടായി മറ്റൊരു അരങ്ങേറ്റക്കാരനുമുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ്‌. ഗാംഗുലി അരങ്ങേറ്റത്തില്‍ തന്നെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ പോരാട്ട വീര്യം കാണിച്ചപ്പോള്‍, ഇന്ത്യക്കൊരു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇവരുടെ കൈകളില്‍ ഭദ്രമാണെന്നു തെളിയിക്കുന്നതായിരുന്നു, ഈ രണ്ട്‌ യുവാക്കളുടെ പ്രകടനം.

തുടക്കം തന്നെ ശ്രദ്ധേയമാക്കിയ ഗാംഗുലി പിന്നെ തിരിഞ്ഞു നോക്കിയില്ല. അടുത്ത ടെസ്റ്റില്‍ നോട്ടിംഗ്‌ഹാമിലും ശതകം തികച്ച ഗാംഗുലി, ഇനി തന്നെ തഴയാനാവില്ല എന്ന സന്ദേശം സെലക്ഷന്‍ കമ്മറ്റിക്കു നല്കി. ടെസ്റ്റ്‌ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ഏകദിന ടീമിലും ഇടം നേടിക്കൊടുക്കുന്നതിന്‌ ഗാംഗുലിയെ സഹായിച്ചു. ആ കാലയളവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം തുടര്‍ന്ന ഗാംഗുലി, ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. തെണ്ടൂല്‍ക്കറിന്റെ നായകത്വത്തില്‍, ടോറോന്റോയില്‍ സഹാറാ കപ്പ്‌ നേടുന്നതില്‍ ഗാംഗുലി പ്രധാന പങ്കു വഴിച്ചു. ബാറ്റു കൊണ്ടും ബോളുകൊണ്ടും ഒരു പോലെ പാക്കിസ്ഥാന്റെ ചിറകുകള്‍ അരിഞ്ഞ ഗാംഗുലി, ആ പരമ്പരയുടെ താരവുമായി മാറി. തെണ്ടൂല്‍ക്കര്‍ എന്ന നായകന്റെ കീഴില്‍ ഇന്ത്യ വിജയിച്ച ഏക വിദേശ പരമ്പരയും അതായിരുന്നു. അതിനിടെ ഏകദിനത്തില്‍ സച്ചിനൊപ്പം ഓപ്പണറുടെ വേഷത്തില്‍ അവതരിച്ച ഗാംഗുലി, ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ നല്‍കി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകരമായ കൂട്ടുകെട്ടെന്ന പദവിയും ഇവര്‍ നേടി. ഇവര്‍ മികച്ച തുടക്കം നല്‍കിയ മത്സരങ്ങളെല്ലാം ഇന്ത്യ അനായാസേന വിജയിച്ചു. 1998ല്‍ ധാക്കയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ഗാംഗുലിയുടെ വിസ്ഫോടകകരമായ ബാറ്റിംഗ്‌, ഇന്ത്യക്ക്‌ റെക്കോര്‍ഡ്‌ വിജയം നേടിക്കൊടുക്കാന്‍ സഹായിച്ചു. ശതകം ​തികച്ച ഗാംഗുലി, കളിയിലെ താരവുമായി. ആ വര്‍ഷം ഫോമിന്റെ അത്യുന്നതിയിലെത്തിയ ഗാംഗുലി, മികച്ച പ്രകടനങ്ങള്‍്‌ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ശ്രീലങ്കയ്ക്കെതിരെ, സച്ചിനൊപ്പം റെക്കോര്‍ഡ്‌ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌, പരമ്പര വിജയം, ഷാര്‍ജ്ജയില്‍ മികച്ച പ്രകടനം അങ്ങനെ പല നേട്ടങ്ങളും കൊയ്തു. പക്ഷേ ആ വര്‍ഷം തന്നെ പരിക്കുമായി കുറച്ചു നാള്‍ മാറി നില്‍ക്കേണ്ടി വന്നു. ഇംഗ്ലണ്ടിലെ ലോകകപ്പിന്‌ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി, ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സടിച്ച്‌ മികച്ച പ്രകടനം നടത്തി. പക്ഷേ ഇന്ത്യക്കാ ലോകകപ്പ്‌ നിരാശയുടേതായി മാറി.

2000ല്‍ സച്ചില്‍ നായകസ്ഥാനത്തു നിന്നു പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‌ അടുത്ത നായകന്‍ ആരു്‌ എന്നതിനേക്കുറിച്ചൊരു സംശയവുമുണ്ടായില്ല. കോഴവിവാദത്തിലും, ദക്ഷിണാഫ്രിക്കയോട്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ പരമ്പര തോറ്റതിനും ശേഷം, മനോവീര്യം നശിച്ച ഒരു ടീമിനെ, ഗാംഗുലി ഏറ്റെടുക്കുകയായിരുന്നു. ടെസ്റ്റിലെ തോല്‍വിക്ക്‌ ഗാംഗുലിയുടെ ടീം ഏകദിന പരമ്പരയില്‍ മറുപടി നല്‍കി. അക്രമണോത്സുക ക്രിക്കറ്റിന്‌ പുതിയ മാനങ്ങള്‍ നല്‍കിയ ഗാംഗുലി, ടീമിനു മൊത്തം പ്രേരക ശക്തിയായി, മുന്നില്‍ നിന്നു പോരാടി. ഓഫ്‌ സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെ വിന്യസിച്ച്‌ ഗാംഗുലിക്കെതിരെ ആക്രമണം നടത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊള്ളോക്കിന്‌ ഓഫ്‌സൈഡിലൂടെ ബൌണ്ടറികളും സിക്സറുകളും പായിച്ചാണ്‌ ഗാംഗുലി മറുപടി നല്‍കിയത്‌. പരമ്പരയിലുടനീളം ഈ പോരാട്ടം തുടര്‍ന്നെന്നെങ്കിലും അന്തിമ വിജയം ഗാംഗുലിക്കായിരുന്നു. ഓഫ്‌സൈഡിലെ ദൈവം എന്ന വിളിപ്പേരു്‌ അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു അത്‌. ആ പരമ്പര ഇന്ത്യക്കു സമ്മാനിച്ച ഗാംഗുലി, പരമ്പരയിലെ താരവുമായി മാറി. പിന്നീടങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. യുവതാരങ്ങള്‍ക്ക്‌ അവസരങള്‍ നിഷേധിക്കുന്ന സെലക്ഷന്‍ കമ്മറ്റി നയങ്ങളെ എതിര്‍ത്ത ഗാംഗുലി, യുവതാരങ്ങള്‍ക്ക്‌ അവസരങ്ങള്‍ വാരിക്കോരി നല്‍കി. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തക്കുന്ന നയം അവസാനിപ്പിച്ച ഗാംഗുലി, താരങ്ങളുടെ കഴിവ്‌ കണ്ടറിഞ്ഞ്‌ പ്രോത്സാഹനം നല്‍കി. യുവരാജും കൈഫും സെവാഗും ധോനിയും സഹീറും ഭാജിയുമെല്ലാം ഗാംഗുലിയുടെ ഈ നയത്തിന്റെ ഗുണഭോക്താക്കളായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സീനിയര്‍ താരങ്ങള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കിയ ഗാംഗുലി, നായകത്വത്തിന്റെ സമ്പൂര്‍ണ്ണതയായി വിശേഷിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ കോച്ചിനു പകരം ജോണ്‍ റൈറ്റിനെ കോച്ചാക്കി മാറ്റിയ ഗാംഗുലി, ഒരു സന്തുലിത ടീം വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. ടീം ഉയരങ്ങളിലേക്ക്‌ കുതിക്കുമ്പോള്‍ മികച്ച പ്രകടനങ്ങളിലൂടെ ഗാംഗുലി തന്റെ ടീമിന്റെ മനോവീര്യം ഉയര്‍ത്തി. കിവീസിനെതിരെയുള്ള ഏകദിനപരമ്പരയില്‍, ഇന്ത്യക്കാരെ കുഴക്കിയ വെട്ടോറിക്കെതിരെ ആക്രമണമഴിച്ചുവിട്ട ഗാംഗുലി, കിവീസ്‌ ക്യാപ്റ്റനെ ഒരു ഏകദിനത്തില്‍, ടീമിലുണ്ടായിട്ടു കൂടി, വെട്ടോറിക്ക്‌ പന്തു നല്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പോരാട്ട വീര്യമാണ്‌ ഗാംഗുലി കാണിച്ചത്‌.


ഏകദിനത്തിലും ടെസ്റ്റിലും മികച്ച നേട്ടങ്ങള്‍, ഇന്ത്യക്കകത്തും പുറത്തും ഗാംഗുലിയുടെ ടീം കൈവരിച്ചു. നാറ്റ്‌വെസ്റ്റ്‌ വിജയം, ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനല്‍, ചാമ്പ്യന്‍സ്‌ ട്രോഫി സംയുക്ത ചാമ്പ്യന്‍, 2003ലെ ലോകകപ്പിലെ റണ്ണറപ്പ്‌ തുടങ്ങിയത്‌, ഗാംഗുലിയുടെ തൊപ്പിയെ പൊന്‍തൂവലുകളായി മാറി. ലോകകപ്പില്‍ മോശം പ്രകടനത്തോടെ തുടങ്ങിയ ഇന്ത്യ, എല്ലാവരാലും എഴുതി തള്ളപ്പെട്ട്‌ നില്‍ക്കുന്ന അവസരത്തില്‍, മികച്ച പ്രകടനത്തോടെ ഫൈനല്‍ വരെ എത്തിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞു. നാറ്റ്‌വെസ്റ്റ്‌ ഫൈനലില്‍ റെക്കോര്‍ഡ്‌ ടോട്ടല്‍ പിന്‍തുടരുമ്പോള്‍ ഗാംഗുലി നല്‍കിയ തുടക്കം, യുവരാജിനും കൈഫിനും പകര്‍ന്ന ആവേശമാണ്‌, ഇന്ത്യയെ വിജയത്തിലേക്ക്‌ എത്തിച്ചത്‌. ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ലോര്‍ഡ്സിനെ ബാല്‍ക്കണിയില്‍ നിന്ന്‌, സ്വന്തം ഷര്‍ട്ട്‌ ചുഴറ്റി ആഹ്ലാദം പ്രകടിപ്പിച്ച ഗാംഗുലിയെ ഇന്ത്യക്കാര്‍ക്ക്‌ മറക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ചതില്‍ ഗാംഗുലി എന്ന നായകന്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല. ആദ്യ ടെസ്റ്റ്‌ പരാജയപ്പെട്ടപ്പോള്‍, ടീമിനു മൊത്തം ആവേശം പകര്‍ന്നു നല്‍കി, അവസാന രണ്ടു ടെസ്റ്റും ജയിച്ച്‌ പരമ്പര സ്വന്തമാക്കിയപ്പോള്‍, ഗാംഗുലിയുടെ നായകത്വത്തിന്റെ മികവിനെയാണ്‌ എല്ലാവരും പ്രകീര്‍ത്തിച്ചത്‌. ഇന്ത്യ ആസ്ത്രേലിയായില്‍ പര്യടനം നടത്തിയപ്പോള്‍, ആദ്യ ടെസ്റ്റില്‍ ശതകം തികച്ച്‌ ടീമിനെ മുഴുവനായി ആവേശം കൊള്ളിച്ച ഗാംഗുലി, ആ പരമ്പര സമനിലയില്‍ എത്തിക്കാനും, ഓസീസിനെ അവിടെ വച്ചു തോല്‍പ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി, 21 ടെസ്റ്റുകളില്‍ വിജയം കണ്ടു. അതില്‍ 11 എണ്ണം വിദേശത്താണെന്നുള്ളത്‌ അതിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു. ശ്രീലങ്ക, ഇംഗ്ലണ്ട്‌, പാക്കിസ്ഥാന്‍, വെസ്റ്റ്‌ഇന്‍ഡീസ്‌, ആസ്ത്രേലിയ, സിംബാബ്‌വേ എന്നിവടങ്ങളിലെല്ലാം ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചത്‌ സൌരവിന്റെ നായകത്വത്തിന്റെ കീഴിലുമായിരുന്നു. അങ്ങനെ ഇന്ത്യക്ക്‌ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയം നേടിക്കൊടുത്ത നായകന്‍ എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.

എന്നാല്‍ ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ കോച്ചാവുകയും, ക്രിക്കറ്റ്‌ ബോര്‍ഡ്‌ വീണ്ടും മുംബൈ ലോബിയുടെ കീഴില്‍ വരികയും ചെയ്തതോടെ, ഗാംഗുലി എന്ന നായകന്റെ പടിയിറക്കം ആരംഭിച്ചു. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍, ഗാംഗുലി ആവശ്യപ്പെട്ടതില്‍ നിന്നും വിഭിന്നമായി ഫാസ്റ്റ്‌ ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കിയാണ്‌ ബോര്‍ഡ്‌ ഗാംഗുലിയെ ചതിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌, ആ മത്സരത്തില്‍ നിന്നും ഗാംഗുലി വിട്ടു നിന്നു. ആ പരമ്പര ഇന്ത്യയില്‍ വച്ച്‌ നമുക്ക്‌ നഷ്ടമായതോടെ, ബോര്‍ഡ്‌, ഗാംഗുലിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടെ ഫോം നഷ്ടപ്പെട്ട ഗാംഗുലി, തന്റെ കരിയറിലെ ഏറ്റവും ശ്രമകരമായ കാലഘട്ടത്തിലൂടെ കടന്നു പോയി. ഒടുവില്‍ സിംബാബ്‌വേ പര്യടനത്തിനിടയില്‍, ശതകം തികച്ചതിനു ശേഷം ഗാംഗുലി നടത്തിയ പത്ര സമ്മേളനം വിവാദമായി. ഗ്രെഗ്‌ ചാപ്പലിനെതിരെ പരസ്യമായി വിമര്‍ശനമഴിച്ചു വിട്ട ഗംഗുലി, ബോര്‍ഡിന്റെ അപ്രീതിക്കു പാത്രമായി. തുടര്‍ന്ന്‌ പരിക്കിനെ തുടര്‍ന്ന്‌ ടീമിന്‌ പുറത്തായ ഗാംഗുലിക്ക്‌, നായകസ്ഥാനവും, ടീമിലെ സ്ഥാനവും ഒരുമിച്ച്‌ നഷ്ടമായി. തുടര്‍ന്ന്‌ ആഭ്യന്തര ക്രിക്കറ്റിലും കൌണ്ടിയിലുമായി കളി തുടര്‍ന്ന ഗാംഗുലിയുടെ കരിയര്‍ അവസാനിച്ചു എന്ന്‌ ക്രിക്കറ്റ്‌ പണ്ഡിതര്‍ വിധിയെഴുതി. അജയ്‌ ജഡേജയെപ്പോലുള്ള കുറച്ചു പേര്‍ മാത്രം ഗാംഗുലി തിരിച്ചു വരുമെന്ന്‌ ഉറച്ച്‌ വിശ്വസിച്ചു. ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ പോലും സ്ഥാനം പിടിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞില്ല. ഒടുവില്‍ വെസ്റ്റിന്‍ഡീസില്‍ നിന്നും നാണം കെട്ട്‌ തിരിച്ചു വന്ന ഇന്ത്യന്‍ ടീം തകര്‍ന്നു എന്നു പറയാം. മനോവീര്യം നഷ്ടപ്പെട്ട ടീമിനെ പുറത്തു നിന്നു കൊണ്ടു പോലും ഗംഗുലി പ്രോത്സാഹിപ്പിച്ചു. പെപ്സിയുടെ പരസ്യത്തില്‍ "നിങ്ങള്‍ എന്ന മറന്നിട്ടില്ലല്ലോ അല്ലേ?" എന്നു ചോദിച്ച്‌ ആരാധകരുടെ മുന്നിലെത്തിയ ഗാംഗുലിയെ "ഇല്ല" എന്നു പറഞ്ഞാണ്‌ അവര്‍ സ്വീകരിച്ചത്‌.

ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്ത ഗാംഗുലി, 9 മാസത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ്‌ ടീമില്‍ മടങ്ങിയെത്തി. 2006ല്‍ ജോഹന്നാസ്‌ ബര്‍ഗില്‍, ഇന്ത്യയുടെ മുന്‍നിര കളിക്കാര്‍ പരാജയപ്പെട്ടപ്പോള്‍, അര്‍ദ്ധ ശതകം തികച്ച്‌ ടീമിന്റെ രക്ഷകനായി മാറിയ ഗാംഗുലി, തന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചു. മടങ്ങിവരവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്‌മാനായിരുന്നു ഗാംഗുലി. 2007-ല്‍ പാകിസ്‌താനെതിരെ മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി. ആ വര്‍ഷം 61.44 ശരാശരിയോടെ 1106 റണ്‍സ്‌ നേടിയ ഗാംഗുലി റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസിന്‌ മാത്രം പിന്നിലായിരുന്നു. 2007 ജനുവരിയില്‍ ഏകദിനത്തിലേക്കു മടങ്ങി വന്ന ഗാംഗുലി, നാഗ്‌പൂരില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ 98 റണ്‍സെടുത്തായിരുന്നു തുടങ്ങിയത്. ശതകങ്ങളൊന്നും തികച്ചില്ലെങ്കിലും ഏതാനും അര്‍ദ്ധശതകങ്ങളിലൂടെ, പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഗാംഗുലി, ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്‌ നേടിയ ലോകത്തെ അഞ്ചാമത്തെ താരവുമായിരുന്നു. പക്ഷേ ഇതൊക്കെ ആയിരുന്നിട്ടും, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ വീണ്ടും ഏകദിന ടീമില്‍ നിന്നും തഴഞ്ഞു. ധോനിയാണതിനു പിന്നില്‍ എന്ന്‌ പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും അതിനോട്‌ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാനാവാതെ പോയത്‌ അദ്ദേഹത്തിന്‌ റെസ്റ്റ്‌ ഓഫ് ഇന്ത്യ ടീമില്‍ ഇടം നഷ്ടമാക്കി. അതോടെ ഗാംഗുലിയുടെ കരിയറിന്‌ വിരാമമാകാന്‍ പോകുന്നു എന്നു കരുതിയെങ്കിലും, സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി കൃഷ്ണമാചാരി ശ്രീകാന്ത്‌ സ്ഥാനമേറ്റതോടെ, ഗാംഗുലി ആസ്ത്രേലിയക്കെതിരായ ടെസ്റ്റ്‌ ടീമിന്റെ ഭാഗമായി. തന്നെ ക്രൂശിക്കാന്‍ തയ്യാറായി നിന്ന വിമര്‍ശകരുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചവണ്ണം, ബാംഗ്ലൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പരമ്പര തുടങ്ങിയ ശേഷം അപ്രതീക്ഷിതമായായിരുന്നു ഗാംഗുലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. അവസാന പരമ്പരയിലും സഹജസ്വഭാവമായ വീറും വാശിയും ഗാംഗുലിയുടെ കളിയില്‍ പ്രകടമായിരുന്നു.

ഫീല്‍ഡില്‍ ആക്രമോത്സുക ക്രിക്കറ്റിന്‌ പേരുകേട്ട ഗാംഗുലി, ജീവിതത്തില്‍ തികച്ചും ശാന്തനായ വ്യക്തിയാണ്‌. എതിരാളികളെ വാക്‌പയറ്റിലൂടെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്ന ഓസ്‌ട്രേലിയന്‍ തന്ത്രം, സമര്‍ത്ഥമായി അവര്‍ക്കെതിരെ ഉപയോഗിച്ച നായകനാണ്‌ ഗാംഗുലി. ഇന്ത്യയിലായാലും ആസ്‌ടേലിയായിലായാലും സ്റ്റിവോയും സംഘത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്കു നേരെ തിരിച്ചയച്ചായിരുന്നു ഗാംഗുലിയുടെ പോരാട്ടം. ഗാംഗുലിയുടെ ഈ അക്രമണോത്സുകത, ഫീല്‍ഡില്‍ പല താരങ്ങളുമായുള്ള വാഗ്ഗ്വാദങ്ങളില്‍ കൊണ്ടെത്തിച്ചു. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങളെ എന്തു വിലകൊടുത്തും, എതിരാളികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നിന്നും സംരക്ഷിച്ചു പിടിക്കുവാന്‍ ശ്രമിച്ചതിനാലാവണം, ടീമംഗങ്ങള്‍ അദ്ദേഹത്തെ ദാദാ എന്നു വിളിച്ചിരുന്നത്‌. എതിരാളികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കി, എതിര്‍ തന്ത്രം മെനഞ്ഞിരുന്ന അദ്ദേഹം, അവസാന ബോള്‍ എറിയുന്നതുവരെ പരാജയം സമ്മതിച്ചിരുന്നില്ല. ടെക്‌സ്റ്റ്‌ ബുക്ക്‌ ക്രിക്കറ്റില്‍ നിന്നും വിഭിന്നമായി, ഫീല്‍ഡിലെ സാഹചര്യമനുസരിച്ച്‌ തന്ത്രങ്ങള്‍ മെനഞ്ഞതായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാക്കിയത്‌. ശ്രീലങ്കയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി അതിന്‌ മികച്ച ഉദാഹരണമാണ്‌. യുവതാരങ്ങള്‍ക്കൊപ്പം ഇടകലരാനും അവരെ പ്രോത്സാഹിപ്പിക്കാനും ഒരു മടിയും കാട്ടാതിരുന്ന ഗാംഗുലി, നായകനായിരുന്നപ്പോള്‍ ഫീല്‍ഡില്‍ വാട്ടര്‍മാനായും പോയി, വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനിടയില്‍, ഇന്ത്യയുടെ വിജയത്തിനായി, ഒരു കുടുംബം നടത്തിയ പൂജയില്‍, ഭാജിക്കും, സഹീറിനും പങ്കെടുക്കാന്‍ കഴിയില്ല എന്നു വന്നപ്പോള്‍, അവരില്ലാത്ത പൂജയില്‍ താനുമില്ല എന്നു പറഞ്ഞ്‌ സ്വയം മാറി നിന്ന ഗാംഗുലി, ടീമംഗങ്ങളുടെ ഇടയില്‍ അസൂയാവഹമായ ആദരവ്‌ നേടിയിരുന്നു. നാറ്റ്‌വെസ്റ്റ്‌ പരമ്പര വിജയത്തിനു പിന്നാലെ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി, ഫ്ലിന്റോഫ്‌, മുംബെയില്‍ വച്ച്‌ ഷര്‍ട്ടൂരിയതിന്‌ നല്‍കിയ മറുപടിയാണ്‌. ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കാന്‍ കഴിവുള്ള വേറെ ഒരു ക്യാപ്‌ടനും ഇന്ത്യക്കുണ്ടായിരുന്നില്ല, ഇനി ഉണ്ടാകുകയുമില്ല.

സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും കത്തിനില്‍ക്കുമ്പോള്‍, ഗാംഗുലിയും റണ്‍സ്‌ കൊണ്ടായാലും കളിയുടെ സൗന്ദര്യം കൊണ്ടായാലും ലോകക്രിക്കറ്റില്‍ തന്‍േറതായ ഇടം കണ്ടെത്തി. ടെസ്റ്റിലും ഏകദിനത്തിലുമായി 18000-ത്തിലേറെ റണ്‍സാണ്‌ ആ ബാറ്റില്‍നിന്ന്‌ പിറന്നത്‌. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരു പോലെ മാന്ത്രികത കാട്ടിയ ഗാംഗുലിയോട്‌ തുലനം ചെയ്യാവുന്ന കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പോലും കുറവാണ്‌. അങ്ങനെ ഒരു കളിക്കാരനോട്‌ നമ്മുടെ രാജ്യത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കാണിച്ചത്‌, തീര്‍ച്ചയായും മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌. എന്നാല്‍ ഒന്നോ രണ്ടോ ഇന്നിങ്‌സില്‍ പരാജയപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന അനാവശ്യവിമര്‍ശനങ്ങളാണ്‌ ഗാംഗുലിയുടെ മനം മടുപ്പിച്ചത്‌. ടീം മൊത്തം പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ തന്റെ നേരെ മാത്രം വാളോങ്ങുകയാണെന്ന്‌ ഗാംഗുലി പരാതിപ്പെട്ടിരുന്നു. ഒരു പരിധിവരെ അതു സത്യമാണ്‌. ഇനി ഐ.പി.എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പറഞ്ഞ ഗാംഗുലി, ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ നായകനാണ്‌. ഗാംഗുലിയുടെ ഓഫ്‌സൈഡ്‌ സ്‌ട്രോക്കുകളുടെ സൗന്ദര്യം ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തരക്രിക്കറ്റിലും മാത്രമെ ആരാധകര്‍ക്ക്‌ കാണാന്‍ കഴിയൂ. പക്ഷേ, ഗാംഗുലിയുടെ ആത്മകഥയ്ക്കായി ആരാധകര്‍ മുറവിളി തുടങ്ങിക്കഴിഞ്ഞു. അതു പുറത്തു വന്നാല്‍, ഒരു ഭൂകമ്പം തന്നെ ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചേക്കും. നമുക്കതിനായി കാത്തിരിക്കാം...

Tuesday, November 4, 2008

ഭീംസെന്‍ജോഷിക്ക്‌ ഭാരതരത്‌നം


ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി ഭീംസെന്‍ജോഷിക്ക്‌ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയ ജോഷി കിരാന ഖരാനയിലെ വിവിധ ആലാപന ശൈലികള്‍ക്ക്‌ പൂര്‍ണത നല്‍കി. പദ്‌മവിഭൂഷണ്‍, പദ്‌മഭൂഷണ്‍, പദ്‌മശ്രീ തുടങ്ങിയ ഉന്നത ബഹുമതികള്‍ ഈ എണ്‍പത്താറുകാരനെ തേടിയെത്തിയിട്ടുണ്ട്‌. കിരാന ഖരാന പരമ്പരയിലെ മധുരശബ്ദത്തിന്റെ ഉടമയായ ഭീംസെന്‍ജോഷി ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാണ്‌. 1988-ല്‍ ബാലമുരളീകൃഷ്‌ണ, ലതാ മങ്കേഷ്‌കര്‍ എന്നിവരോടൊപ്പം ആലപിച്ച 'മിലേ സുര്‍ മേരാ തുമാര' എന്ന ഗാനം ഇന്ത്യയിലെ അനൗദ്യോഗിക ദേശീയഗാനം എന്ന നിലയില്‍ പ്രശസ്‌തി നേടി. ഈഗാനം ദൂരദര്‍ശന്‍ പലതവണ പ്രക്ഷേപണം ചെയ്‌തിരുന്നു. പ്രശസ്‌ത സംഗീതജ്ഞരായ ലൂയി ബാങ്ക്‌സ്‌, അന്തരിപ്പിച്ച പി. വൈദ്യനാഥന്‍ എന്നിവരാണ്‌ ഈ ഗാനത്തിന്‌ സംഗീതം നല്‍കിയത്‌.

സംഗീതത്തിലെ കുലഗുരുവിനെ തേടിയായിരുന്നു ഭീംസെന്‍ജോഷിയുടെ ജീവിതയാത്ര. ആ യാത്ര ചെന്നെത്തിയതാകട്ടെ, ഭാരതരത്‌നം നേടിയ എം.എസ്‌. സുബ്ബലക്ഷ്‌മിയെപോലെ, പരമമായ, സംഗീതത്തിന്റെ സിംഹാസനത്തില്‍. കര്‍ണാടകത്തിലെ ധര്‍വാറിലെ ഗുരുരാജ്‌ജോഷിയുടെ മകനായ ഭീംസെന്‍ജോഷി ഉസ്‌താദ്‌ അബ്ദുള്‍കരീംഖാന്റെ സംഗീതത്തില്‍ ഭ്രാന്തമായ അഭിനിവേശം പുലര്‍ത്തി. കരിംഖാന്റെ 'ചന്ദ്രീകാ ഹീ ജാനൂണ്‍' എന്ന റെക്കോഡ്‌ കേട്ടാണ്‌ കൊച്ചു ഭീംസെന്‍ പാട്ടുകാരനാവാന്‍ ഉറച്ചത്‌. പതിനൊന്നാം വയസ്സില്‍, പാട്ടിനായി വീടുവിട്ടിറങ്ങിയ ജോഷി, കള്ള വണ്ടികയറി. തീവണ്ടിയില്‍ ടിക്കറ്റ്‌ എക്‌സാമിനര്‍മാരില്‍നിന്ന്‌ രക്ഷപ്പെടാന്‍ പാട്ടുപാടി. ഗ്വാളിയറിലെത്തിയ ജോഷി ഉസ്‌താദ്‌ഹാഫിസ്‌ഖാന്റെയും വിനായക്‌റാവുപട്‌വര്‍ദ്ധന്റെയും മുമ്പില്‍ സംഗീതത്തിനായി അഭയം തേടിയെത്തി. അവിടെനിന്ന്‌ അബ്ദുള്‍കരീംഖാന്റെ ശിഷ്യനായ സവായ്‌ഗാന്ധര്‍വയുടെ ഗുരുകുലത്തിലെത്തി. കിരാനഘരാനയുടെ പതാകാവാഹകനായ സവായ്‌ഗാന്ധര്‍വ, ഭീംസെന്നിനെ കഠിനപരീക്ഷണങ്ങള്‍ക്കു വിധേയനാക്കി. ഗുരുവിന്‌ വെള്ളംകോരിയും കടുക്‌പാടങ്ങളില്‍ പണിയെടുത്തുംചന്ദനമരച്ചുനല്‍കിയും കഴിഞ്ഞുകൂടിയ ഭീംസെന്‍ കേള്‍വിയിലൂടെ സംഗീതജ്ഞാനം പിടിച്ചെടുത്തു. ഗുരു പിന്നീട്‌ ഭീംസെന്നിനെ ശരിക്കും പഠിപ്പിക്കാന്‍ തുടങ്ങി. പന്ത്രണ്ടുമണിക്കൂര്‍ സാധകം ചെയ്‌ത്‌ ഭീംസെന്‍ ഗുരുവിന്റെ ലോകത്തിലേക്ക്‌ കടന്നു. ഖയാലും ഭജനും ഠുമ്രിയുമൊക്കെ ആ നാദബ്രഹ്മത്തിനു വഴങ്ങി.

1946ല്‍ പൂനയില്‍ സവായ്‌ഗാന്ധര്‍വയുടെ പിറന്നാള്‍ ദിനത്തില്‍ മിയാന്‍ കിമല്‍ ഹര്‍ പാടി ഭീംസെന്‍ സംഗീതപ്രേമികളെ ആനന്ദലോകത്തിലാറടിച്ചു. പിന്നീട്‌ ഗംഗയെപോലെ ആ നാദം ഭാരതഹൃദയത്തിലൂടെ നിറഞ്ഞൊഴുകി. ഗാംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഭാവാത്മകത കൈവരുത്തുവാനും ജോഷിക്കു കഴിഞ്ഞു. അമീര്‍ഖാനും കേസര്‍ ഭായി കേര്‍ക്കറും എപ്പോഴും ജോഷിക്ക്‌ സംഗീതത്തിന്റെ ഊര്‍ജമായി നിലകൊണ്ടു. പല ഖരാനകളേയും അദ്ദേഹം ഉള്‍ക്കൊണ്ടു. ജോഷി പാടുമ്പോള്‍, ഭാരതീയസംഗീതം ഭാവാത്മകവും സൗന്ദര്യപൂര്‍ണവുമാകുന്നു. യമന്‍, ലളിത്‌, കാഫി, മാര്‍വ, പൂരിയ, ഭൈരവി, ശുദ്ധകല്ല്യാണ്‍ തുടങ്ങിയ രാഗങ്ങളില്‍ ജോഷി അമരനായ കലാകാരനായി മാറുന്നു. പണ്ഡിറ്റ്‌ വിനായക്‌തോര്‍വിയെ പോലെയുള്ള ശിഷ്യര്‍ അദ്ദേഹത്തില്‍ ഗുരുവിനെയും ഭാരതീയ സംഗീതത്തിന്റെ രക്ഷാപുരുഷനെയും കാണുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണിനും ശേഷം, ഭാരതരത്‌നം ജോഷിയിലെത്തുമ്പോള്‍ ആരും വിസ്‌മയിക്കുന്നില്ല.


കടപ്പട്‌ : മാതൃഭൂമി

Monday, November 3, 2008

കുരുക്ഷേത്ര (Kurukshethra)മേജര്‍ രവി എന്ന സംവിധായകന്റെ മൂന്നാം സംവിധാന സംരംഭം, അതാണ്‌ കുരുക്ഷേത്ര. മോഹന്‍ലാലിനെ നായകനാക്കി, കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണിത്‌. യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ രവി, തന്റെ അനുഭവങ്ങളും, നമ്മുടെ നാടിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളെയും കുറിച്ച്‌ വിവരിക്കുകയാണീ ചിത്രത്തില്‍. കഥ, തിരക്കഥ, സംഭാഷണം: മേജര്‍ രവി. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ്‌ ദാമര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്‌ കാര്‍ഗ്ഗില്‍ യുദ്ധം നടന്ന അതേ സ്ഥലത്തു വച്ചാണ്‌. കാര്‍ഗ്ഗില്‍ മലനിരകളില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും ഈ മേജര്‍ രവി ചിത്രം കരസ്ഥമാക്കിയിരിക്കുന്നു. ഏകദേശം 8 കോടി രൂപയാണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചിലവെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌.

ചിത്രം തുടങ്ങുന്നത്‌ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ മരിച്ച "സൌരവ്‌ കാലിയ" എന്ന ധീര ജവാന്റെ പിതാവിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്‌. യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട മകനു നീതി ലഭിക്കുവാന്‍ വേണ്ടി ഇപ്പോഴും ആ പിതാവ്‌ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്‌ പറഞ്ഞ്‌, മേജര്‍ നമ്മെ കാര്‍ഗ്ഗിലിലേക്ക്‌ എത്തിക്കുകയാണ്‌. അവിടെ അദ്ദേഹം നമ്മെ പരിചയപ്പെടുത്തുന്നത്‌ ഒരു പട്ടാള ക്യാമ്പാണ്‌. പട്ടാളക്കാരിലധികവും മലയാളികള്‍, അവര്‍ സ്വന്തം നാടിനേയും വീട്ടുകാരേയും കുറിച്ചുള്ള ഓര്‍മ്മകളില്‍ കഴിയുന്നു. മഞ്ഞുരുകുന്ന കാലത്ത്‌ പട്ടാള ബങ്കറുകളില്‍ കാവലില്ലാത്ത പ്രദേശത്ത്‌ നുഴഞ്ഞുകയറ്റം നടക്കുന്നു എന്നറിയുന്ന ഇന്ത്യന്‍ ആര്‍മി, ആ പ്രദേശത്തേക്ക്‌ സൌരവ്‌ കാലിയായുടെ നേതൃത്വത്തില്‍ ഒരു പെട്രോളിംഗ്‌ സംഘത്തെ അയക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും കാലിയ അടക്കമുള്ളവര്‍ പാക്‌ പട്ടാളത്തിന്റെ പിടിയിലാവുകയും ചെയ്യുന്നു. പെട്രോളിംഗ്‌ സംഘത്തെക്കുറിച്ച്‌ വിവരം ലഭിക്കാതാവുമ്പോള്‍, നുഴഞ്ഞു കയറ്റം സ്ഥിതീകരിക്കുന്ന ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാനായി ഒരുങ്ങുന്നു. നുഴഞ്ഞു കയറ്റം നടന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്ന അവര്‍, അതില്‍ അതിപ്രധാനമായ ടോളോലിംഗ്‌ എന്ന പ്രദേശം തിരിച്ചു പിടിക്കാന്‍ കേണല്‍ മഹാദേവന്റെ (മോഹന്‍ലാല്‍) കീഴിലുള്ള കമ്പനിയെയാണ്‌ അയക്കുന്നത്‌. അദ്ദേഹത്തെ സഹായിക്കാന്‍ മേജര്‍ ഫസിയും (സിദ്ധിഖ്‌) മേജര്‍ രാജേഷും (ബിജു മേനോന്‍) കൂടെയുണ്ട്‌.

പിന്നീട്‌ യുദ്ധം തുടങ്ങുകയാണ്‌. കാലിയയെ കണ്ടു പിടിക്കുന്നതു വരെ ഷെല്ലിങ്ങിന്റെ സഹായമില്ലാതെ മുന്നേറാന്‍ ശ്രമിക്കുന്ന കേണലും സംഘത്തിനും ഒട്ടനവധി ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നു. ഇതിനിടയില്‍ കൊല്ലപ്പെടുന്ന ലാന്‍സ്‌ നായിക്‌ സ്വാമിനാഥന്റെ ശവശരീരം നാട്ടില്‍ എത്തുമ്പോള്‍, ജന്മനാട്‌ നല്കുന്ന യാത്രയയപ്പ്‌ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്തോ-പാക്‌ അതിര്‍ത്തിയിലെ ബങ്കറുകളില്‍ കഴിയുന്ന ജവാന്‍മാരുടെ സൌഹൃദത്തേക്കുറിച്ചും ഇതിനിടയില്‍ പ്രതിപാദിക്കുന്നു. പാക്കിസ്ഥാന്‍ ജനത യുദ്ധം ആഗ്രഹിക്കുന്നില്ല എന്നും, ഇതെല്ലാം ജനറല്‍ സാബിന്റെ കളികളാണെന്നും പറയുന്ന അവര്‍, പാക്കിസ്ഥാനികളുടെ മറ്റൊരു മുഖമാണ്‌ കാണിക്കുന്നത്‌.

ഫ്ലാഗ്‌ മീറ്റിംഗിനിടെ പാക്കിസ്ഥാന്‍ കേണല്‍ കൈമാറുന്ന കാലിയായുടേതടക്കമുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ ശവശരീരത്തോടവര്‍ കാണിച്ചിരിക്കുന്ന ക്രൂരതയില്‍ ക്രുദ്ധരാകുന്ന കേണലും സംഘവും, പാക്‌ സൈന്യം മുജാഹുദ്ദീന്‍ എന്നു പറഞ്ഞ്‌ കൈപറ്റാതെ പോകുന്ന പാക്‌ സൈനികരുടെ ശവശരീരങ്ങള്‍ എല്ലാവിധ ബഹുമതികളോടെയും ഖബറടക്കുന്നു. (പാക്‌ പട്ടാളക്കാരെ അവരുടെ പതാക പുതപ്പിച്ച്‌ സംസ്കരിക്കുന്ന രംഗത്തില്‍ ഇത്രയും പാക്‌ പതാകകള്‍ പെട്ടെന്ന്‌ എവിടെ നിന്നു വന്നു എന്നൊരു ചോദ്യം മനസ്സില്‍ ഉയരാതിരുന്നില്ല. ) അതിനു ശേഷം ചിത്രം യഥാര്‍ത്ഥ യുദ്ധത്തിലേക്ക്‌ കടക്കുകയാണ്‌. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കേണലിന്റെ ഭാഗത്തും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. മേജര്‍ രാജേഷും, ലാന്‍സ്‌ നായിക്‌ ബിനീഷും (ബിനീഷ്‌ കൊടിയേരി) മരിച്ചു വീഴുന്നു. ഒടുവില്‍ തന്ത്രപ്രധാനമായ ടൊളോലിംഗില്‍ വിജയക്കൊടി പാറിക്കുന്ന കേണലും സംഘവും, പാക്‌ കേണലിനെ നിര്‍ദാക്ഷണ്യം വധിക്കുന്നു. ഒടുവില്‍ എല്‍.ഓ.സിയില്‍ നിന്നും 17 കിലോമീറ്റര്‍ ഉള്ളിലായി, ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ അനുമതിയോടെ ത്രിവര്‍ണ്ണ പതാക അവര്‍ സ്ഥാപിക്കുമ്പോള്‍ ചിത്രത്തിന്‌ തിരശ്ശീല വീഴുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ സിദ്ദാര്‍ത്ഥ്‌ വിപിന്‍ എന്ന പുതുമുഖ സംഗീത സംവിധായകനാണ്‌. "ജ്വാലമുഖി" എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്‌. "ഒരു യാത്രാമൊഴി" എന്ന ഗാനം, എം.ജി.ശ്രീകുമാര്‍ തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ മനോഹരമാക്കിയിരിക്കുന്നു. "ചലോ ചലോ" എന്ന ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയില്‍ കാര്‍ഗ്ഗിലിന്റെ ഭംഗി ചിത്രീകരിച്ചിരിക്കുന്നത്‌ കണ്ണിന്‌ കുളിര്‍മ്മ നല്‍കുന്ന ഒന്നായി. "തത്തമ്മ" എന്ന പാട്ടിന്റെ ആവശ്യമുണ്ടായിരുന്നോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ലോകനാഥന്റെ ഛായാഗ്രഹണ മികവ്‌ ആദ്യമെ തെളിഞ്ഞു നിന്നിരുന്നുവെങ്കിലും, യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. റാന്‍ഡം ഷോട്ടുകളിലൂടെ യുദ്ധം ചിത്രീകരിച്ച ആ ശൈലി പ്രേക്ഷകരെ ഒരല്പം മടുപ്പിക്കും. എഡിറ്റിംഗില്‍ ജയശങ്കറും മികച്ചതായില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്നു തോന്നിപ്പിക്കുന്ന പല ഷോട്ടുകളും ചിത്രത്തിലുണ്ടായിരുന്നത്‌ ഒരു കല്ലുകടിയായി, അതും യുദ്ധ രംഗങ്ങള്‍ക്കിടയില്‍. ചിത്രത്തില്‍ ഇഫക്ടുകള്‍ നന്നയി ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ളീഷ്‌ ചിത്രങ്ങളില്‍ നിന്നെടുത്ത ഭാഗങ്ങള്‍, അതൊരടിച്ചു മാറ്റല്‍ ആണെന്നു തോന്നാത്ത രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. സ്കാഡ്രണ്ട്‌ ലീഡര്‍ അജയുടെ മിഗിന്‌ റോക്കറ്റേല്‍ക്കുന്ന രംഗങ്ങള്‍ Behind The Enemy Lines എന്ന ഓവന്‍ വില്‍സണ്‍ ചിത്രത്തില്‍ നിന്നും എടുത്തതാണ്‌. അതില്‍ ഉപയോഗിക്കുന്ന റോക്കറ്റ്‌ ലോന്ചര്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഭീകരര്‍ ഉപയോഗിക്കുന്നതാണ്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്നതല്ല. അതൊക്കെ ഒഴിവാക്കാമായിരുന്നു.

കീര്‍ത്തിചക്രയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോടായിരുന്നു മഹാദേവന്‍ കയര്‍ക്കുന്നതെങ്കില്‍, ഇവിടെ അത്‌ മാധ്യമ പ്രവര്‍ത്തകരോടാണ്‌. നിരുത്തരവാദിത്വപരമായി പെരുമാറുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കി വിമര്‍ശിക്കുമ്പോള്‍, ഉത്തരവാദിത്വവും, ദേശസ്നേഹവുമുള്ള പത്ര പ്രവര്‍ത്തകരെ അഭിനന്ദിക്കാനും മടിക്കുന്നില്ല. ശവപ്പെട്ടി കുംഭകോണത്തെ ബ്യൂറോക്രസിയുടെ അഴിമതിയായി ആണ്‌ മേജര്‍ അവതരിപ്പിക്കുന്നത്‌. നാമിതു വരെ കേട്ടതും മനസ്സിലാക്കിയതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണാ നിലപാട്‌. പ്രതിരോധ മന്ത്രിയെ പൂര്‍ണ്ണമായും ഒഴിവാക്കി, ബ്യൂറോക്രസിയുടെമേലാണ്‌ അദ്ദേഹമാ കുറ്റം ചുമത്തുന്നത്‌. സിയാച്ചിനിലേക്കുള്ള സഹായങ്ങള്‍ക്ക്‌ തുരങ്കം വച്ചതിനേയും അദ്ദേഹം വിമര്‍ശിക്കുന്നു. ഇന്തോ പാക്‌ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ കൂട്ടയ്മയെക്കുറിച്ചുള്ള അറിവുകള്‍ ജനങ്ങള്‍ക്ക്‌ പുതിയതാണ്‌. പാക്കിസ്ഥാന്‍ ജനത ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല എന്നൊരു പാക്‌ പട്ടാളക്കാരനെക്കൊണ്ട്‌ പറയിക്കുമ്പോള്‍, ഭരണാധികാരികളുടേയും ഒരു പറ്റം പട്ടാള മേധാവികളുടേയും സ്വാര്‍ത്ഥ താല്‍പര്യമാണ്‌, ഇന്ത്യാ പാക്‌ ബന്ധത്തിനിടയിലെ യഥാര്‍ത്ഥ പ്രശ്നമെന്നുകൂടെ പറയുവാന്‍ മേജര്‍ ഇതിലൂടെ ശ്രമിക്കുന്നു. ജനറല്‍ മുഷ്‌റഫിനെ കേണലിനെക്കൊണ്ട്‌ വിമര്‍ശിപ്പിക്കുന്ന മേജര്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയോട്‌ അയാള്‍ കാട്ടിയ അനാദരവിനേയും പരിഹസിക്കുന്നുണ്ട്‌.

ബിജു മേനോന്‍, മണിക്കുട്ടന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങള്‍ക്ക്‌ അധികമൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല. അവര്‍ കാഴ്ചക്കാരായി നില്‍ക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌. ഫസി എന്ന മേജറേ, സിദ്ധിഖ്‌ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ദേശസ്നേഹം സ്ഫുരിക്കുന്ന സംഭാഷണങ്ങള്‍ ആ കഥാപാത്രം പറയുമ്പോള്‍, അത്‌ കാലാകാലങ്ങളായി, നമ്മുടെ രാജ്യത്ത്‌ ഒറ്റപ്പെട്ടു കിടക്കുന്ന നമ്മുടെ മുസ്ളീം സഹോദരങ്ങളുടെ ദേശസ്നേഹത്തെ വിളിച്ചോതുന്നു. കന്നഡ നടി ടാനിയാ സിംഗ്‌ അവതരിപ്പിച്ച ക്യാപ്ടന്‍ ലക്ഷി എന്ന കഥാപാത്രം എന്തിനായിരുന്നു എന്നൊരു സംശയം തോന്നാതിരുന്നില്ല. പൊതുവേ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ അധികം പ്രാധാന്യമില്ലാത്ത പട്ടാള ചിത്രങ്ങളില്‍, ഇത്തരം സ്ത്രീ കഥാപാത്രങ്ങള്‍ അധികപറ്റു തന്നെയാണ്‌. അവരെ ഒഴിവാക്കിയിരുന്നെങ്കില്‍, ഒരു പക്ഷേ ഒരു ഗാനത്തിനുള്ള (ഒരു യാത്രാമൊഴിയോടെ...) സാധ്യത നഷ്ടപ്പെട്ടേനെ.

പട്ടാളക്കാരന്റെ വേഷം എന്ന നിലയില്‍ വളരെ നിരാശാജനകമായ പ്രകടനമാണ്‌ മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ശരീരം ഒരു പട്ടാളക്കാരനു യോജിച്ചതായി തോന്നിയില്ല. വണ്ണം വച്ചു ജീര്‍ണ്ണിച്ച ശരീരമുള്ള കേണലിന്‌ യുദ്ധാവസാനം വരെ ഒരു പോറല്‍ പോലും ഏല്ക്കാതിരിക്കുന്നത്‌ അവിശ്വസനീയമായി തോന്നി. കഠിന ഭൂപ്രകൃതിയുള്ള കാര്‍ഗ്ഗില്‍ പോലുള്ള സഥലങ്ങളില്, ഇത്തരം ശരീര പ്രകൃതിയുള്ള ഒരു കഥാപാത്രം ഓടി നടന്ന്‌ വെടിവെയ്പ്പ്‌ നടത്തുന്നത്‌ സാധാരണ പ്രേക്ഷകന്‌ ദഹിച്ചുവെന്ന്‌ വരില്ല. ചിത്രത്തിന്റെ തുടക്കത്തില്‍ 13 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, കേണല്‍ പറയുന്ന കാരണം, ഓക്സിജന്‍ ലബ്ധികുറയുന്നതിനാല്‍ പട്ടാളക്കാര്‍ കിതക്കുന്നു എന്നാണ്‌. അതു പറയുന്ന കേണലിനിതൊന്നും ബാധകമല്ലെ എന്നാരെങ്കിലും ചോദിച്ചാല്‍. കഥയില്‍ ചോദ്യമില്ല!!!

ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ കേണലിന്റെ ഹിന്ദി ഡയലോഗുകള്‍ മനം മടുപ്പിക്കുന്നവയാണ്‌. നീട്ടിവലിച്ച്‌ വികൃതമാക്കിയ രീതിയിലുള്ള ഡയലോഗുകള്‍ അരോചകമായി തോന്നി. സ്വന്തം ബറ്റാലിയനെ ആവേശം കൊള്ളിക്കേണ്ട ഡയലോഗുകള്‍ ആവേശമില്ലാതെ തണുപ്പന്‍ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡബ്ബിംഗ്‌ സമയത്ത്‌ അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊഴിവാക്കാനാകുമായിരുന്നു. മലയാളം അറിയാത്ത സുപ്പീരിയര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മലയാളത്തില്‍ യുദ്ധത്തിന്റെ പ്ലാന്‍ പറയുകയും അവര്‍ അതു കേട്ട്‌ തലയാട്ടി അഭിനന്ദിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ആ ഭാഗം മലയാളം ഒഴിവാക്കി ഇംഗ്ലീഷിലാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. അതു പോലെ, പാക്‌ കേണലിനോട്‌ മലയാളത്തില്‍ ഡയലോഗ്‌ വീശിയപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. അതു കേട്ട്‌ ഭയചകിതനായി നോക്കുന്ന പാക്‌ കേണലിന്റെ മുഖം ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ ഞെട്ടിയത്‌ പ്രേക്ഷരാണ്‌. ആരോ പിറകിലിരുന്ന്‌ കമന്റും പറയുന്നത്‌ കേട്ടു. "ലാലേട്ടാ, അങ്ങേര്‍ക്ക്‌ മലയാളം മനസ്സിലാവില്ല, ഹിന്ദിയില്‍ പറ". അതിന്റെ പിറകേ വന്നു, "മാഫി മത്ത്‌ മാംഗനാ..." എന്ന ഡയലോഗും. ഡയലോഗ്‌ ഡെലിവറിയില്‍ പ്രഗത്ഭനായിരുന്ന മോഹന്‍ലാലിന്റെ മോശമായ ഒരു പ്രകടനമാണിതില്‍. ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു പോരായ്മ അതിന്റെ തിരക്കഥയാണ്‌. മേജര്‍ രവിക്ക്‌ അത്‌ മറ്റാരേക്കൊണ്ടെങ്കിലും എഴുതിക്കാമായിരുന്നു. ഒരു പട്ടാളക്കാരന്‍ യഥാര്‍ത്ഥ കഥ പറയുവാന്‍ ശ്രമിക്കുന്നത്‌ ഒരു ധീരമായ നടപടിയാണ്‌. പക്ഷേ, കഥ വെറുതെ പറഞ്ഞു പോയാല്‍ ആള്‍ക്കാരെ മടുപ്പിക്കും എന്നതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ കുരുക്ഷേത്ര. ആര്‍ജ്ജവവും ഊര്‍ജ്ജവുമില്ലാത്ത ഒരു യുദ്ധമാണ്‌ മേജര്‍ രവി അണിയിച്ചൊരുക്കിയിരിക്കുന്നത്‌. യുദ്ധ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ചിലപ്പോഴീ ചിത്രം നിരാശയുടെ കയത്തിലേക്ക്‌ തള്ളിവിട്ടേക്കും...

കാര്‍ഗ്ഗില്‍ യുദ്ധത്തെക്കുറിച്ച്‌ നാം പത്രങ്ങളില്‍ വായിച്ചതിനേക്കാള്‍ കൂടുതല്‍ ഒരു വിവരവും ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല. ഇന്ത്യന്‍ ആര്‍മ്മിയുടെ ബോഫോഴ്സ്‌ അടക്കമുള്ള ചില അത്യാധുനിക ആയുധങ്ങള്‍ ഇതിലൂടെ പരിചയപ്പെടുത്തുന്നു. ലക്ഷ്യാ എന്ന ഹിന്ദി ചിത്രവും ഏകദേശം ​ഇതേ കഥ തന്നെയാണ്‌ പറയുന്നത്‌. കാര്‍ഗ്ഗിലിനേയും സിയാച്ചിനേയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എന്‍.എച്ച്‌ 1ഡി യെ സംരക്ഷിക്കുന്ന കഥയാണ്‌ അതും. അതൊരു യുദ്ധത്തിന്റെ പ്രതീതി തരുമ്പോള്‍, കുരുക്ഷേത്ര ഒരു പട്ടാള ചിത്രമെന്ന നിലയില്‍ പരാജയമാണ്‌. ചിത്രത്തിനൊരു പകിട്ടു പകരാന്‍ മേജര്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, അതെത്ര കണ്ട്‌ വിജയിച്ചുവെന്നു പറയുക വയ്യ. ഇന്ത്യന്‍ പട്ടാളക്കാരുടെ പോരാട്ടം മഹത്തായതാണെങ്കിലും അത്‌ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ മേജറിന്‌ കഴിയാതെ പോയതാണ്‌ ഈ ചിത്രത്തിന്റെ ദുരവസ്ഥ എന്നു പറയുന്നത്‌. അതു കൊണ്ടു തന്നെ, ചിത്രം കണ്ടിറങ്ങിയ പലരും, ഇത്‌ പട്ടാളക്കാരെ "ഗ്ളോറിഫൈ" ചെയ്യാന്‍ എടുത്ത ചിത്രം എന്ന നിലയില്‍ ഇതിനെ കാണുന്നു, യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യം ഇല്ലെങ്കില്‍ കൂടി. മൂന്നു രീതിയിലുള്ള ആളുകള്‍ക്കേ ഈ ചിത്രം ഇഷ്ടപ്പെടു.
1.ജീവിതത്തില്‍ ഒരിക്കലെങ്കിലും പട്ടാളക്കാരനായി ജോലി നോക്കണമെന്നാഗ്രഹിച്ചിട്ടുള്ള ആളുകള്‍ക്കീ ചിത്രം ഇഷ്ടപ്പെടും എന്നത്‌ തീര്‍ച്ച.
2.നിങ്ങള്‍ ആദ്യമായി യുദ്ധ ചിത്രം കാണുന്ന ആളായിരിക്കണം
3.ഇതൊന്നും അല്ലെങ്കില്‍ നിങ്ങളൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരിക്കണം.
ഹോളിവുഡ്‌ - ബോളിവുഡ്‌ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്ന മലയാളികളെ ഈ ചിത്രം എത്രമാത്രം ആവേശം കൊള്ളിക്കുമെന്ന്‌ പറയുവാന്‍ കഴിയില്ല. യുദ്ധചിത്രമെന്ന നിലയില്‍ കുരുക്ഷേത്ര ധീരമായ ഒരു കാല്‍വെയ്പ്പാണ്‌. പക്ഷേ ഒരു ചിത്രമെന്ന രീതിയില്‍ ഒരു ശരാശരി ചിത്രവും. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു എന്ന പരസ്യം കണ്ട്‌ ചിത്രം കാണാന്‍ പോയ എനിക്കാകെ കൂട്ടായിട്ടുണ്ടായിരുന്നത്‌ 10 പേരായിരുന്നു...ഭാഗ്യം ഒറ്റക്കിരുന്നു കാണേണ്ടി വന്നില്ലല്ലോ?

Crew Behind Kurukshethra
സംവിധാനം:മേജര്‍ രവി
നിര്‍മ്മാണം : സന്തോഷ് ദാമോദര്‍
സംഗീതം : സിദ്ധാര്‍ത്ഥ്‌ വിപിന്‍
ഗാനങ്ങള്‍ : ഗിരീഷ്‌ പുത്തന്ചേരി, ബോംബേ എസ്‌ കമാല്‍
‍ഛായാഗ്രഹണം : ലോകനാഥന്‍
എഡിറ്റിങ് : ജയശങ്കര്‍
മേക്കപ്പ് : രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം : സായി
അസോസിയേറ്റ് ഡയറക്ടര്‍:കുടമാളൂര്‍ രാജാജി.
വിതരണം: ദാമര്‍ ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ലാല്‍, താനിയാ സിങ്ങ് (കന്നഡ നടി), ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,മണിക്കുട്ടന്‍, ബിനീഷ് കോടിയേരി തുടങ്ങിയവര്‍

Sunday, November 2, 2008

ഗുഡ്‌ബൈ ജംബോ


പതിനെട്ടുവര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനോട് അനില്‍ കുംബ്ലെ വിടചൊല്ലി.ടെസ്റ്റില്‍ 619-ഉം ഏകദിനത്തില്‍ 337ഉം വിക്കറ്റുകള്‍ നേടിയ കുംബ്ലെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് കരിയറിന് വിരാമമിടുന്നത്.

എന്‍ജിനീയറിങ്ങില്‍ ബിരുദവും ലെഗ്‌സ്പിന്നില്‍ ഡോക്ടറേറ്റും- തന്റെ ദീര്‍ഘകാല സുഹൃത്തുകൂടിയായ അനില്‍ കുംബ്ലെയെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് നിരീക്ഷിക്കുന്നതിങ്ങനെയാണ്. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ഈ ജംബോ ലെഗ്‌സ്പിന്നറുടെ പ്രതിഭയെ ആശ്രയിക്കുന്നു. തന്റെ പ്രിയപ്പെട്ട വേദിയില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍, പരിക്കുകള്‍ കടുത്ത തീരുമാനത്തെ എളുപ്പമാക്കിയെന്ന് പാതി തമാശയായി കുംബ്ലെ പറയുന്നു. ഓള്‍ഡ് ട്രാഫോര്‍ഡ് മുതല്‍ ഫിറോസ് ഷാ കോട്‌ല വരെ നീണ്ട കരിയര്‍. ടെസ്റ്റില്‍ 619ഉം ഏകദിനത്തില്‍ 337ഉം വിക്കറ്റുകള്‍. ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റ് പോരാളികളിലൊരാള്‍.

എട്ടുവര്‍ഷംമുമ്പ് പൊട്ടിയ താടിയെല്ലില്‍ പ്ലാസ്റ്ററിട്ട്, തലയ്ക്കുചുറ്റും കെട്ടുമായി കരീബിയന്‍ മൈതാനത്ത് കളിക്കാനിറങ്ങിയപ്പോള്‍ കുംബ്ലെയിലെ തളരാത്ത പോരാളിയെ ലോകം കണ്ടു. ആസ്പത്രിക്കിടക്കയില്‍നിന്ന് മൈതാനത്തെത്തിയ കുംബ്ലെ പതിനാല് ഓവറുകള്‍ സെന്റ് ജോണ്‍സില്‍ എറിഞ്ഞു. ആ മഹത്തായ പ്രകടനത്തിന് ഉത്തമമായ ഉപഹാരം. ഇതിഹാസങ്ങളിലൊന്നായ ബ്രയന്‍ ലാറയുടെ വിക്കറ്റ്. മത്സരശേഷം ബാംഗ്ലൂരിലോക്ക് മടങ്ങിയ കുംബ്ലെ പിറ്റേന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുകൂടി ഓര്‍ക്കുക. ക്രിക്കറ്റ് മൈതാനത്ത് കണ്ട ഏറ്റവും ധീരതയാര്‍ന്ന ദൃശ്യമെന്ന് ഇതിനെ വിവിയന്‍ റിച്ചാര്‍ഡ്‌സ് വാഴ്ത്തി. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍, കുംബ്ലെയുടെ ഇടതുകൈയില്‍ പതിനൊന്ന് തുന്നിക്കെട്ടുകളുണ്ടായിരുന്നു. പോരാട്ടവീര്യത്തില്‍ അല്‍പംപോലും വെള്ളംചേര്‍ന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കുംബ്ലെ വിടപറയുന്നത്.

കിക്കറ്റില്‍ കുംബ്ലെ അമരനായത് കോട്‌ലയില്‍ 1999ല്‍ പാകിസ്താനെതിരെ ഇന്നിങ്‌സില്‍ പത്തുവിക്കറ്റും വീഴ്ത്തിയതോടെയാണ്. ജിം ലേക്കറെന്ന ഇംഗ്ലീഷുകാരനുശേഷം കുംബ്ലെയ്ക്കുമാത്രം സാധ്യമായ നേട്ടം. ഒമ്പതുവിക്കറ്റുകള്‍ നേടിനിന്ന കുംബ്ലെയ്ക്ക് പത്തില്‍ പത്തും സമ്മാനിക്കാതിരിക്കാന്‍ ക്യാപ്റ്റന്‍ വസീം അക്രവുമായി ആലോചിച്ചിരുന്നുവെന്ന് വഖാര്‍ യൂനുസ് പില്‍ക്കാലത്ത് വെളിപ്പെടുത്തി. ജവഗല്‍ ശ്രീനാഥിന് വിക്കറ്റ് സമ്മാനിക്കാന്‍ വഖാര്‍ തയ്യാറെടുത്തുവെങ്കിലും, അതിനുമുമ്പെ, അക്രത്തെ ലക്ഷ്മണിന്റെ കൈകളിലെത്തിച്ച് ക്രിക്കറ്റിലെ രണ്ടാമത്തെ 'പെര്‍ഫക്ട് ടെന്‍' ഈ ബാംഗ്ലൂരുകാരന്‍ സ്വന്തമാക്കി. നൂറുശതമാനവും ഇന്ത്യന്‍ ടീമിനുവേണ്ടി അര്‍പ്പിച്ചിരുന്ന താരമായിരുന്നു കുംബ്ലെ. തന്നെക്കാള്‍ ജൂനിയര്‍മാരായ രാഹുല്‍ ദ്രാവിഡിന്റെയും സൗരവ് ഗാംഗുലിയുടെയും നായകത്വത്തിനുകീഴിലും കുംബ്ലെ പൊരുത്തക്കേടുകളില്ലാതെ പൊരുതി. പരിക്കേറ്റ് ടീമിനുപുറത്തായിരിക്കുമ്പോഴും വിശ്രമിക്കാതെ ക്യാമ്പിലെത്തി ടീമിലെ മറ്റ് സ്പിന്നര്‍മാരെ പരിശീലനത്തില്‍ കുംബ്ലെ സഹായിക്കുമായിരുന്നു.

ഇതൊക്കെയാണെങ്കിലും കുംബ്ലെ എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള ഉപകരണമായിരുന്നു. അതിന് മറുപടി നല്‍കിയത് വിക്കറ്റുകള്‍ കൊണ്ടാണ്. ഇപ്പോള്‍ ക്യാപ്റ്റനെന്ന അധികാര സ്ഥാനത്തിരിക്കുമ്പോഴും വിരമിക്കാന്‍ തീരുമാനിച്ചതും കുംബ്ലെയുടെ ധീരതയ്ക്ക് ഉദാഹരണമാണ്. കപില്‍ ദേവിന്റെ 434 വിക്കറ്റുകളുടെ റെക്കോഡ് കുംബ്ലെ മറികടക്കുമ്പോള്‍, തന്റെ മുന്‍ഗാമിയെക്കാളും 41 ടെസ്റ്റുകള്‍ കുറച്ചുമാത്രമേ കുംബ്ലെ കളിച്ചിരുന്നുള്ളൂ. ഇന്ത്യയ്ക്ക് ഏറ്റവുമധികം വിജയങ്ങള്‍ നേടിത്തന്ന സ്പിന്നറും കുംബ്ലെയാണ്. എന്നിട്ടും, പന്തിന് തിരിവില്ലെന്നും ക്ലാസിക് ലെഗ്‌സ്പിന്നിന്റെ നിലവാരത്തിലെത്തുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ കുംബ്ലെയെ വിടാതെ പിന്തുടര്‍ന്നു. വിദേശത്ത് ഫലിക്കാത്തവന്‍ എന്ന ആരോപണത്തെ കുംബ്ലെ പല അവസരങ്ങളിലും ഖണ്ഡിച്ചു. 69 വിദേശമത്സരങ്ങളില്‍ 269 വിക്കറ്റുകള്‍. പത്തുതവണ അഞ്ചുവിക്കറ്റ് നേട്ടം. ഓവലില്‍ ടെസ്റ്റ് സെഞ്ച്വറി.


പ്രകടനങ്ങളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന പഴയതലമുറക്കാരോടാണ് കുംബ്ലെയ്ക്ക് സാമ്യം. അതുകൊണ്ടാണ് തന്റെ സമകാലികരായ താരങ്ങള്‍ ആഘോഷിക്കപ്പെട്ടപ്പോഴും കുംബ്ലെ ആ തലത്തിലേക്ക് ഉയരാതിരുന്നത്. ഇന്ത്യ കഴിഞ്ഞ പതിനെട്ടുവര്‍ഷത്തിനിടെ വിജയിച്ച 53 ടെസ്റ്റുകളില്‍ 43 എണ്ണത്തിലും ഭാഗമാവുകയെന്നത് നിസ്സാര കാര്യമല്ല. ഇന്ത്യയുടെ വിജയത്തില്‍ കുംബ്ലെയുടെ പങ്ക് എത്രത്തോളമെന്നത് ഈ 43 വിജയങ്ങളില്‍ അദ്ദേഹം നേടിയ 288 വിക്കറ്റുകള്‍ ഉത്തരം പറയും. ഇതില്‍ 20 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നേട്ടങ്ങള്‍ക്ക് കീര്‍ത്തിയേറ്റുന്നു. തന്റെ കാലത്തായിരുന്നെങ്കില്‍, കുംബ്ലെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടില്ലെന്നായിരുന്നു ഒരിക്കല്‍ ഏറാപ്പള്ളി പ്രസന്നയുടെ പ്രസ്താവം. ഇന്ത്യയുടെ സ്പിന്‍ തൂണുകളെന്നറിയപ്പെടുന്ന പ്രസന്നയും ബിഷന്‍ സിങ് ബേദിയും ചന്ദ്രശേഖറും വെങ്കട്ടരാഘവനും പിച്ച് വാണ എഴുപതുകളില്‍ ഇന്ത്യ നേടിയതിനേക്കാള്‍ വിജയങ്ങള്‍ കുംബ്ലെയുടെ കാലത്തുണ്ടായി എന്നതാണ് വാസ്തവം. നാല്‍വര്‍ സംഘം ഒരുമിച്ചോ അല്ലാതെയോ ടീമിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ കളിച്ചത് 98 ടെസ്റ്റുകളാണ്. ജയിച്ചത് 23ലും.

കടപ്പാട്‌ : മാതൃഭൂമി
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.