Tuesday, November 4, 2008
ഭീംസെന്‍ജോഷിക്ക് ഭാരതരത്‌നം
ഹിന്ദുസ്ഥാനി സംഗീതത്തിലെ കുലപതി ഭീംസെന്‍ജോഷിക്ക് ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ജോഷി കിരാന ഖരാനയിലെ വിവിധ ആലാപന ശൈലികള്‍ക്ക് പൂര്‍ണത നല്‍കി. പദ്‌മവിഭൂഷണ്‍, പദ്‌മഭൂഷണ്‍, പദ്‌മശ്രീ തുടങ്ങിയ ഉന്നത ബഹുമതികള്‍ ഈ എണ്‍പത്താറുകാരനെ തേടിയെത്തിയിട്ടുണ്ട്. കിരാന ഖരാന പരമ്പരയിലെ മധുരശബ്ദത്തിന്റെ ഉടമയായ ഭീംസെന്‍ജോഷി ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാണ്. 1988-ല്‍ ബാലമുരളീകൃഷ്‌ണ, ലതാ മങ്കേഷ്‌കര്‍ എന്നിവരോടൊപ്പം ആലപിച്ച 'മിലേ സുര്‍ മേരാ തുമാര' എന്ന ഗാനം ഇന്ത്യയിലെ അനൗദ്യോഗിക ദേശീയഗാനം എന്ന നിലയില്‍ പ്രശസ്‌തി നേടി. ഈഗാനം ദൂരദര്‍ശന്‍ പലതവണ പ്രക്ഷേപണം ചെയ്‌തിരുന്നു. പ്രശസ്‌ത സംഗീതജ്ഞരായ ലൂയി ബാങ്ക്‌സ്, അന്തരിപ്പിച്ച പി. വൈദ്യനാഥന്‍ എന്നിവരാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.
സംഗീതത്തിലെ കുലഗുരുവിനെ തേടിയായിരുന്നു ഭീംസെന്‍ജോഷിയുടെ ജീവിതയാത്ര. ആ യാത്ര ചെന്നെത്തിയതാകട്ടെ, ഭാരതരത്‌നം നേടിയ എം.എസ്. സുബ്ബലക്ഷ്‌മിയെപോലെ, പരമമായ, സംഗീതത്തിന്റെ സിംഹാസനത്തില്‍. കര്‍ണാടകത്തിലെ ധര്‍വാറിലെ ഗുരുരാജ്‌ജോഷിയുടെ മകനായ ഭീംസെന്‍ജോഷി ഉസ്‌താദ് അബ്ദുള്‍കരീംഖാന്റെ സംഗീതത്തില്‍ ഭ്രാന്തമായ അഭിനിവേശം പുലര്‍ത്തി. കരിംഖാന്റെ 'ചന്ദ്രീകാ ഹീ ജാനൂണ്‍' എന്ന റെക്കോഡ് കേട്ടാണ് കൊച്ചു ഭീംസെന്‍ പാട്ടുകാരനാവാന്‍ ഉറച്ചത്. പതിനൊന്നാം വയസ്സില്‍, പാട്ടിനായി വീടുവിട്ടിറങ്ങിയ ജോഷി, കള്ള വണ്ടികയറി. തീവണ്ടിയില്‍ ടിക്കറ്റ് എക്‌സാമിനര്‍മാരില്‍നിന്ന് രക്ഷപ്പെടാന്‍ പാട്ടുപാടി. ഗ്വാളിയറിലെത്തിയ ജോഷി ഉസ്‌താദ്‌ഹാഫിസ്‌ഖാന്റെയും വിനായക്‌റാവുപട്‌വര്‍ദ്ധന്റെയും മുമ്പില്‍ സംഗീതത്തിനായി അഭയം തേടിയെത്തി. അവിടെനിന്ന് അബ്ദുള്‍കരീംഖാന്റെ ശിഷ്യനായ സവായ്‌ഗാന്ധര്‍വയുടെ ഗുരുകുലത്തിലെത്തി. കിരാനഘരാനയുടെ പതാകാവാഹകനായ സവായ്‌ഗാന്ധര്‍വ, ഭീംസെന്നിനെ കഠിനപരീക്ഷണങ്ങള്‍ക്കു വിധേയനാക്കി. ഗുരുവിന് വെള്ളംകോരിയും കടുക്‌പാടങ്ങളില്‍ പണിയെടുത്തുംചന്ദനമരച്ചുനല്‍കിയും കഴിഞ്ഞുകൂടിയ ഭീംസെന്‍ കേള്‍വിയിലൂടെ സംഗീതജ്ഞാനം പിടിച്ചെടുത്തു. ഗുരു പിന്നീട് ഭീംസെന്നിനെ ശരിക്കും പഠിപ്പിക്കാന്‍ തുടങ്ങി. പന്ത്രണ്ടുമണിക്കൂര്‍ സാധകം ചെയ്‌ത് ഭീംസെന്‍ ഗുരുവിന്റെ ലോകത്തിലേക്ക് കടന്നു. ഖയാലും ഭജനും ഠുമ്രിയുമൊക്കെ ആ നാദബ്രഹ്മത്തിനു വഴങ്ങി.
1946ല്‍ പൂനയില്‍ സവായ്‌ഗാന്ധര്‍വയുടെ പിറന്നാള്‍ ദിനത്തില്‍ മിയാന്‍ കിമല്‍ ഹര്‍ പാടി ഭീംസെന്‍ സംഗീതപ്രേമികളെ ആനന്ദലോകത്തിലാറടിച്ചു. പിന്നീട് ഗംഗയെപോലെ ആ നാദം ഭാരതഹൃദയത്തിലൂടെ നിറഞ്ഞൊഴുകി. ഗാംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ ഭാവാത്മകത കൈവരുത്തുവാനും ജോഷിക്കു കഴിഞ്ഞു. അമീര്‍ഖാനും കേസര്‍ ഭായി കേര്‍ക്കറും എപ്പോഴും ജോഷിക്ക് സംഗീതത്തിന്റെ ഊര്‍ജമായി നിലകൊണ്ടു. പല ഖരാനകളേയും അദ്ദേഹം ഉള്‍ക്കൊണ്ടു. ജോഷി പാടുമ്പോള്‍, ഭാരതീയസംഗീതം ഭാവാത്മകവും സൗന്ദര്യപൂര്‍ണവുമാകുന്നു. യമന്‍, ലളിത്, കാഫി, മാര്‍വ, പൂരിയ, ഭൈരവി, ശുദ്ധകല്ല്യാണ്‍ തുടങ്ങിയ രാഗങ്ങളില്‍ ജോഷി അമരനായ കലാകാരനായി മാറുന്നു. പണ്ഡിറ്റ് വിനായക്‌തോര്‍വിയെ പോലെയുള്ള ശിഷ്യര്‍ അദ്ദേഹത്തില്‍ ഗുരുവിനെയും ഭാരതീയ സംഗീതത്തിന്റെ രക്ഷാപുരുഷനെയും കാണുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണിനും ശേഷം, ഭാരതരത്‌നം ജോഷിയിലെത്തുമ്പോള്‍ ആരും വിസ്‌മയിക്കുന്നില്ല.
കടപ്പട് : മാതൃഭൂമി
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
കൊള്ളാം പിള്ളേച്ചാ നല്ല പോസ്റ്റ്
ReplyDeleteഞാനും ഒരു പിള്ളേച്ചനാണ്
ആൽത്തറയിലും തോന്ന്യാസശ്രമത്തിലും കറങ്ങി നടക്കുന്ന
ഒരു പിള്ളേച്ചൻ