Monday, November 10, 2008

ദാദയുടെ വിടവാങ്ങല്‍...ധീരം..വീരോചിതം...


മഹാരാജാ, കൊല്‍ക്കട്ടയുടെ രാജകുമാരന്‍, ഓഫ്‌സൈഡിലെ ദൈവം, ദാദാ അങ്ങനെ പല പല വിളിപ്പേരുകളില്‍ അറിയപ്പെടുന്ന, സൌരവ്‌ ചണ്ഡിദാസ്‌ ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷത്വത്തിന്റെ പര്യായമായ വ്യക്തിത്വം, ഒടുവില്‍ ഇന്ത്യന്‍ ടീമിനോട്‌ വിടപറഞ്ഞു. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍, ഇന്ത്യക്ക്‌ ജയവും പരമ്പരയും നേടി കൊടുത്തുകൊണ്ടാണ്‌ ഗാംഗുലി വിടവാങ്ങുന്നത്‌. പരമ്പര തുടങ്ങിയതിനു ശേഷം വിടവാങ്ങല്‍ പ്രഖ്യാപിച്ച ഗാംഗുലി, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. അവസാന ഇന്നിങ്‌സില്‍ റണ്‍സ്‌ നേടാതെ പുറത്തായെങ്കിലും മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി തല ഉയര്‍ത്തിപ്പിടിച്ചുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന്‌ വിടവാങ്ങി. 'ഓഫ്‌ സൈഡിലെ ദൈവം' എന്നറിയപ്പെടുന്ന ഗാംഗുലി പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 324 റണ്‍സ്‌ നേടി വിമര്‍ശകരുടെ വായടപ്പിക്കുന്ന കളി കാഴ്‌ചവെച്ചു. നാഗ്‌പുര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 85 റണ്‍സ്‌ ഇന്ത്യന്‍ ഇന്നിങ്‌സിന്‌ കരുത്തുനല്‌കി. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായെങ്കിലും ടീം ജയിച്ചതോടെ ആ നിരാശ മറികടക്കാന്‍ 'മഹാരാജ'യ്‌ക്കായി. അവസാന ഇന്നിംഗ്‌സില്‍ സംപൂജ്യനായി മടങ്ങിയ ഗാംഗുലി, തന്റെ വിടവാങ്ങല്‍ ബ്രാഡ്‌മാന്റെ അവസാന ഇന്നിംഗ്‌സ്‌ പോലെ തന്നെയാക്കിയത്‌ യാദൃശ്ചികമായി മാറി. ആദ്യ ഇന്നിംഗ്‌സില്‍ ശതകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതൊരു അവിസ്മരണീയമായ വിടവാങ്ങലായി മാറിയേനേ.

1992ല്‍, ആസ്ത്രേലിയക്കെതിരെ ഏകദിനത്തിലാണ്‌ ഗാംഗുലി അരങ്ങേറ്റം കുറിക്കുന്നത്‌. എന്നാല്‍ ആദ്യ മത്സരത്തില്‍ 3 റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായ ഗാംഗുലി, അതോടെ ടീമില്‍ നിന്നും പുറത്തായി. ടീമംഗങ്ങള്‍ക്കു വേണ്ടി, ഫീല്‍ഡിലേക്ക്‌ വെള്ളവുമായി പോകാന്‍ ഗാംഗുലി വിസമ്മതിച്ചു എന്ന വിവാദവും ഉയര്‍ന്നു കേട്ടു. ഗാംഗുലി അത്‌ നിഷേധിച്ചെങ്കിലും, അതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍, ഗാംഗുലിക്കു നേരെ ഏകദേശം കൊട്ടിയടച്ചതു പോലെയായി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും ക്രിക്കറ്റിലെ മുംബൈ ലോബി, ഗാംഗുലിയെ പലതവണ തഴഞ്ഞു. ഒടുവില്‍ നാലു വര്‍ഷത്തിനു ശേഷം, ഗാംഗുലിയെ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പക്ഷേ, കളിക്കാന്‍ അവസരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന അവസരത്തില്‍ ഇങ്ങനെയുള്ള ഒരു സെലക്ഷന്‍, ഗാംഗുലിയുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമായിരുന്നു. പക്ഷേ ദൈവനിയോഗം മറ്റൊന്നായിരുന്നു. നായകന്‍ അസ്‌ഹറുമായി വഴക്കിട്ട്‌ സിദ്ധു ടീം വിട്ടതോടെ, പകരക്കാരനാകാനുള്ള നറുക്ക്‌ ഗാംഗുലിക്കു വീണു. അങ്ങനെ ഗാംഗുലി ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ 1996ല്‍ അരങ്ങേറ്റം കുറിച്ചു. മുന്‍നിര വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിഞ്ഞപ്പോള്‍ ക്രീസിലെത്തിയ ഗാംഗുലിക്ക്‌ കൂട്ടായി മറ്റൊരു അരങ്ങേറ്റക്കാരനുമുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ്‌. ഗാംഗുലി അരങ്ങേറ്റത്തില്‍ തന്നെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ പോരാട്ട വീര്യം കാണിച്ചപ്പോള്‍, ഇന്ത്യക്കൊരു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇവരുടെ കൈകളില്‍ ഭദ്രമാണെന്നു തെളിയിക്കുന്നതായിരുന്നു, ഈ രണ്ട്‌ യുവാക്കളുടെ പ്രകടനം.

തുടക്കം തന്നെ ശ്രദ്ധേയമാക്കിയ ഗാംഗുലി പിന്നെ തിരിഞ്ഞു നോക്കിയില്ല. അടുത്ത ടെസ്റ്റില്‍ നോട്ടിംഗ്‌ഹാമിലും ശതകം തികച്ച ഗാംഗുലി, ഇനി തന്നെ തഴയാനാവില്ല എന്ന സന്ദേശം സെലക്ഷന്‍ കമ്മറ്റിക്കു നല്കി. ടെസ്റ്റ്‌ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ഏകദിന ടീമിലും ഇടം നേടിക്കൊടുക്കുന്നതിന്‌ ഗാംഗുലിയെ സഹായിച്ചു. ആ കാലയളവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം തുടര്‍ന്ന ഗാംഗുലി, ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. തെണ്ടൂല്‍ക്കറിന്റെ നായകത്വത്തില്‍, ടോറോന്റോയില്‍ സഹാറാ കപ്പ്‌ നേടുന്നതില്‍ ഗാംഗുലി പ്രധാന പങ്കു വഴിച്ചു. ബാറ്റു കൊണ്ടും ബോളുകൊണ്ടും ഒരു പോലെ പാക്കിസ്ഥാന്റെ ചിറകുകള്‍ അരിഞ്ഞ ഗാംഗുലി, ആ പരമ്പരയുടെ താരവുമായി മാറി. തെണ്ടൂല്‍ക്കര്‍ എന്ന നായകന്റെ കീഴില്‍ ഇന്ത്യ വിജയിച്ച ഏക വിദേശ പരമ്പരയും അതായിരുന്നു. അതിനിടെ ഏകദിനത്തില്‍ സച്ചിനൊപ്പം ഓപ്പണറുടെ വേഷത്തില്‍ അവതരിച്ച ഗാംഗുലി, ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ നല്‍കി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകരമായ കൂട്ടുകെട്ടെന്ന പദവിയും ഇവര്‍ നേടി. ഇവര്‍ മികച്ച തുടക്കം നല്‍കിയ മത്സരങ്ങളെല്ലാം ഇന്ത്യ അനായാസേന വിജയിച്ചു. 1998ല്‍ ധാക്കയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ഗാംഗുലിയുടെ വിസ്ഫോടകകരമായ ബാറ്റിംഗ്‌, ഇന്ത്യക്ക്‌ റെക്കോര്‍ഡ്‌ വിജയം നേടിക്കൊടുക്കാന്‍ സഹായിച്ചു. ശതകം ​തികച്ച ഗാംഗുലി, കളിയിലെ താരവുമായി. ആ വര്‍ഷം ഫോമിന്റെ അത്യുന്നതിയിലെത്തിയ ഗാംഗുലി, മികച്ച പ്രകടനങ്ങള്‍്‌ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ശ്രീലങ്കയ്ക്കെതിരെ, സച്ചിനൊപ്പം റെക്കോര്‍ഡ്‌ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌, പരമ്പര വിജയം, ഷാര്‍ജ്ജയില്‍ മികച്ച പ്രകടനം അങ്ങനെ പല നേട്ടങ്ങളും കൊയ്തു. പക്ഷേ ആ വര്‍ഷം തന്നെ പരിക്കുമായി കുറച്ചു നാള്‍ മാറി നില്‍ക്കേണ്ടി വന്നു. ഇംഗ്ലണ്ടിലെ ലോകകപ്പിന്‌ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി, ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സടിച്ച്‌ മികച്ച പ്രകടനം നടത്തി. പക്ഷേ ഇന്ത്യക്കാ ലോകകപ്പ്‌ നിരാശയുടേതായി മാറി.

2000ല്‍ സച്ചില്‍ നായകസ്ഥാനത്തു നിന്നു പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‌ അടുത്ത നായകന്‍ ആരു്‌ എന്നതിനേക്കുറിച്ചൊരു സംശയവുമുണ്ടായില്ല. കോഴവിവാദത്തിലും, ദക്ഷിണാഫ്രിക്കയോട്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ പരമ്പര തോറ്റതിനും ശേഷം, മനോവീര്യം നശിച്ച ഒരു ടീമിനെ, ഗാംഗുലി ഏറ്റെടുക്കുകയായിരുന്നു. ടെസ്റ്റിലെ തോല്‍വിക്ക്‌ ഗാംഗുലിയുടെ ടീം ഏകദിന പരമ്പരയില്‍ മറുപടി നല്‍കി. അക്രമണോത്സുക ക്രിക്കറ്റിന്‌ പുതിയ മാനങ്ങള്‍ നല്‍കിയ ഗാംഗുലി, ടീമിനു മൊത്തം പ്രേരക ശക്തിയായി, മുന്നില്‍ നിന്നു പോരാടി. ഓഫ്‌ സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെ വിന്യസിച്ച്‌ ഗാംഗുലിക്കെതിരെ ആക്രമണം നടത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊള്ളോക്കിന്‌ ഓഫ്‌സൈഡിലൂടെ ബൌണ്ടറികളും സിക്സറുകളും പായിച്ചാണ്‌ ഗാംഗുലി മറുപടി നല്‍കിയത്‌. പരമ്പരയിലുടനീളം ഈ പോരാട്ടം തുടര്‍ന്നെന്നെങ്കിലും അന്തിമ വിജയം ഗാംഗുലിക്കായിരുന്നു. ഓഫ്‌സൈഡിലെ ദൈവം എന്ന വിളിപ്പേരു്‌ അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു അത്‌. ആ പരമ്പര ഇന്ത്യക്കു സമ്മാനിച്ച ഗാംഗുലി, പരമ്പരയിലെ താരവുമായി മാറി. പിന്നീടങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. യുവതാരങ്ങള്‍ക്ക്‌ അവസരങള്‍ നിഷേധിക്കുന്ന സെലക്ഷന്‍ കമ്മറ്റി നയങ്ങളെ എതിര്‍ത്ത ഗാംഗുലി, യുവതാരങ്ങള്‍ക്ക്‌ അവസരങ്ങള്‍ വാരിക്കോരി നല്‍കി. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തക്കുന്ന നയം അവസാനിപ്പിച്ച ഗാംഗുലി, താരങ്ങളുടെ കഴിവ്‌ കണ്ടറിഞ്ഞ്‌ പ്രോത്സാഹനം നല്‍കി. യുവരാജും കൈഫും സെവാഗും ധോനിയും സഹീറും ഭാജിയുമെല്ലാം ഗാംഗുലിയുടെ ഈ നയത്തിന്റെ ഗുണഭോക്താക്കളായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സീനിയര്‍ താരങ്ങള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കിയ ഗാംഗുലി, നായകത്വത്തിന്റെ സമ്പൂര്‍ണ്ണതയായി വിശേഷിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ കോച്ചിനു പകരം ജോണ്‍ റൈറ്റിനെ കോച്ചാക്കി മാറ്റിയ ഗാംഗുലി, ഒരു സന്തുലിത ടീം വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. ടീം ഉയരങ്ങളിലേക്ക്‌ കുതിക്കുമ്പോള്‍ മികച്ച പ്രകടനങ്ങളിലൂടെ ഗാംഗുലി തന്റെ ടീമിന്റെ മനോവീര്യം ഉയര്‍ത്തി. കിവീസിനെതിരെയുള്ള ഏകദിനപരമ്പരയില്‍, ഇന്ത്യക്കാരെ കുഴക്കിയ വെട്ടോറിക്കെതിരെ ആക്രമണമഴിച്ചുവിട്ട ഗാംഗുലി, കിവീസ്‌ ക്യാപ്റ്റനെ ഒരു ഏകദിനത്തില്‍, ടീമിലുണ്ടായിട്ടു കൂടി, വെട്ടോറിക്ക്‌ പന്തു നല്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പോരാട്ട വീര്യമാണ്‌ ഗാംഗുലി കാണിച്ചത്‌.


ഏകദിനത്തിലും ടെസ്റ്റിലും മികച്ച നേട്ടങ്ങള്‍, ഇന്ത്യക്കകത്തും പുറത്തും ഗാംഗുലിയുടെ ടീം കൈവരിച്ചു. നാറ്റ്‌വെസ്റ്റ്‌ വിജയം, ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനല്‍, ചാമ്പ്യന്‍സ്‌ ട്രോഫി സംയുക്ത ചാമ്പ്യന്‍, 2003ലെ ലോകകപ്പിലെ റണ്ണറപ്പ്‌ തുടങ്ങിയത്‌, ഗാംഗുലിയുടെ തൊപ്പിയെ പൊന്‍തൂവലുകളായി മാറി. ലോകകപ്പില്‍ മോശം പ്രകടനത്തോടെ തുടങ്ങിയ ഇന്ത്യ, എല്ലാവരാലും എഴുതി തള്ളപ്പെട്ട്‌ നില്‍ക്കുന്ന അവസരത്തില്‍, മികച്ച പ്രകടനത്തോടെ ഫൈനല്‍ വരെ എത്തിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞു. നാറ്റ്‌വെസ്റ്റ്‌ ഫൈനലില്‍ റെക്കോര്‍ഡ്‌ ടോട്ടല്‍ പിന്‍തുടരുമ്പോള്‍ ഗാംഗുലി നല്‍കിയ തുടക്കം, യുവരാജിനും കൈഫിനും പകര്‍ന്ന ആവേശമാണ്‌, ഇന്ത്യയെ വിജയത്തിലേക്ക്‌ എത്തിച്ചത്‌. ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ലോര്‍ഡ്സിനെ ബാല്‍ക്കണിയില്‍ നിന്ന്‌, സ്വന്തം ഷര്‍ട്ട്‌ ചുഴറ്റി ആഹ്ലാദം പ്രകടിപ്പിച്ച ഗാംഗുലിയെ ഇന്ത്യക്കാര്‍ക്ക്‌ മറക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ചതില്‍ ഗാംഗുലി എന്ന നായകന്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല. ആദ്യ ടെസ്റ്റ്‌ പരാജയപ്പെട്ടപ്പോള്‍, ടീമിനു മൊത്തം ആവേശം പകര്‍ന്നു നല്‍കി, അവസാന രണ്ടു ടെസ്റ്റും ജയിച്ച്‌ പരമ്പര സ്വന്തമാക്കിയപ്പോള്‍, ഗാംഗുലിയുടെ നായകത്വത്തിന്റെ മികവിനെയാണ്‌ എല്ലാവരും പ്രകീര്‍ത്തിച്ചത്‌. ഇന്ത്യ ആസ്ത്രേലിയായില്‍ പര്യടനം നടത്തിയപ്പോള്‍, ആദ്യ ടെസ്റ്റില്‍ ശതകം തികച്ച്‌ ടീമിനെ മുഴുവനായി ആവേശം കൊള്ളിച്ച ഗാംഗുലി, ആ പരമ്പര സമനിലയില്‍ എത്തിക്കാനും, ഓസീസിനെ അവിടെ വച്ചു തോല്‍പ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി, 21 ടെസ്റ്റുകളില്‍ വിജയം കണ്ടു. അതില്‍ 11 എണ്ണം വിദേശത്താണെന്നുള്ളത്‌ അതിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു. ശ്രീലങ്ക, ഇംഗ്ലണ്ട്‌, പാക്കിസ്ഥാന്‍, വെസ്റ്റ്‌ഇന്‍ഡീസ്‌, ആസ്ത്രേലിയ, സിംബാബ്‌വേ എന്നിവടങ്ങളിലെല്ലാം ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചത്‌ സൌരവിന്റെ നായകത്വത്തിന്റെ കീഴിലുമായിരുന്നു. അങ്ങനെ ഇന്ത്യക്ക്‌ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയം നേടിക്കൊടുത്ത നായകന്‍ എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.

എന്നാല്‍ ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ കോച്ചാവുകയും, ക്രിക്കറ്റ്‌ ബോര്‍ഡ്‌ വീണ്ടും മുംബൈ ലോബിയുടെ കീഴില്‍ വരികയും ചെയ്തതോടെ, ഗാംഗുലി എന്ന നായകന്റെ പടിയിറക്കം ആരംഭിച്ചു. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍, ഗാംഗുലി ആവശ്യപ്പെട്ടതില്‍ നിന്നും വിഭിന്നമായി ഫാസ്റ്റ്‌ ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കിയാണ്‌ ബോര്‍ഡ്‌ ഗാംഗുലിയെ ചതിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌, ആ മത്സരത്തില്‍ നിന്നും ഗാംഗുലി വിട്ടു നിന്നു. ആ പരമ്പര ഇന്ത്യയില്‍ വച്ച്‌ നമുക്ക്‌ നഷ്ടമായതോടെ, ബോര്‍ഡ്‌, ഗാംഗുലിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടെ ഫോം നഷ്ടപ്പെട്ട ഗാംഗുലി, തന്റെ കരിയറിലെ ഏറ്റവും ശ്രമകരമായ കാലഘട്ടത്തിലൂടെ കടന്നു പോയി. ഒടുവില്‍ സിംബാബ്‌വേ പര്യടനത്തിനിടയില്‍, ശതകം തികച്ചതിനു ശേഷം ഗാംഗുലി നടത്തിയ പത്ര സമ്മേളനം വിവാദമായി. ഗ്രെഗ്‌ ചാപ്പലിനെതിരെ പരസ്യമായി വിമര്‍ശനമഴിച്ചു വിട്ട ഗംഗുലി, ബോര്‍ഡിന്റെ അപ്രീതിക്കു പാത്രമായി. തുടര്‍ന്ന്‌ പരിക്കിനെ തുടര്‍ന്ന്‌ ടീമിന്‌ പുറത്തായ ഗാംഗുലിക്ക്‌, നായകസ്ഥാനവും, ടീമിലെ സ്ഥാനവും ഒരുമിച്ച്‌ നഷ്ടമായി. തുടര്‍ന്ന്‌ ആഭ്യന്തര ക്രിക്കറ്റിലും കൌണ്ടിയിലുമായി കളി തുടര്‍ന്ന ഗാംഗുലിയുടെ കരിയര്‍ അവസാനിച്ചു എന്ന്‌ ക്രിക്കറ്റ്‌ പണ്ഡിതര്‍ വിധിയെഴുതി. അജയ്‌ ജഡേജയെപ്പോലുള്ള കുറച്ചു പേര്‍ മാത്രം ഗാംഗുലി തിരിച്ചു വരുമെന്ന്‌ ഉറച്ച്‌ വിശ്വസിച്ചു. ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ പോലും സ്ഥാനം പിടിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞില്ല. ഒടുവില്‍ വെസ്റ്റിന്‍ഡീസില്‍ നിന്നും നാണം കെട്ട്‌ തിരിച്ചു വന്ന ഇന്ത്യന്‍ ടീം തകര്‍ന്നു എന്നു പറയാം. മനോവീര്യം നഷ്ടപ്പെട്ട ടീമിനെ പുറത്തു നിന്നു കൊണ്ടു പോലും ഗംഗുലി പ്രോത്സാഹിപ്പിച്ചു. പെപ്സിയുടെ പരസ്യത്തില്‍ "നിങ്ങള്‍ എന്ന മറന്നിട്ടില്ലല്ലോ അല്ലേ?" എന്നു ചോദിച്ച്‌ ആരാധകരുടെ മുന്നിലെത്തിയ ഗാംഗുലിയെ "ഇല്ല" എന്നു പറഞ്ഞാണ്‌ അവര്‍ സ്വീകരിച്ചത്‌.

ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്ത ഗാംഗുലി, 9 മാസത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ്‌ ടീമില്‍ മടങ്ങിയെത്തി. 2006ല്‍ ജോഹന്നാസ്‌ ബര്‍ഗില്‍, ഇന്ത്യയുടെ മുന്‍നിര കളിക്കാര്‍ പരാജയപ്പെട്ടപ്പോള്‍, അര്‍ദ്ധ ശതകം തികച്ച്‌ ടീമിന്റെ രക്ഷകനായി മാറിയ ഗാംഗുലി, തന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചു. മടങ്ങിവരവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്‌മാനായിരുന്നു ഗാംഗുലി. 2007-ല്‍ പാകിസ്‌താനെതിരെ മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി. ആ വര്‍ഷം 61.44 ശരാശരിയോടെ 1106 റണ്‍സ്‌ നേടിയ ഗാംഗുലി റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസിന്‌ മാത്രം പിന്നിലായിരുന്നു. 2007 ജനുവരിയില്‍ ഏകദിനത്തിലേക്കു മടങ്ങി വന്ന ഗാംഗുലി, നാഗ്‌പൂരില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ 98 റണ്‍സെടുത്തായിരുന്നു തുടങ്ങിയത്. ശതകങ്ങളൊന്നും തികച്ചില്ലെങ്കിലും ഏതാനും അര്‍ദ്ധശതകങ്ങളിലൂടെ, പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഗാംഗുലി, ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്‌ നേടിയ ലോകത്തെ അഞ്ചാമത്തെ താരവുമായിരുന്നു. പക്ഷേ ഇതൊക്കെ ആയിരുന്നിട്ടും, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ വീണ്ടും ഏകദിന ടീമില്‍ നിന്നും തഴഞ്ഞു. ധോനിയാണതിനു പിന്നില്‍ എന്ന്‌ പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും അതിനോട്‌ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാനാവാതെ പോയത്‌ അദ്ദേഹത്തിന്‌ റെസ്റ്റ്‌ ഓഫ് ഇന്ത്യ ടീമില്‍ ഇടം നഷ്ടമാക്കി. അതോടെ ഗാംഗുലിയുടെ കരിയറിന്‌ വിരാമമാകാന്‍ പോകുന്നു എന്നു കരുതിയെങ്കിലും, സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി കൃഷ്ണമാചാരി ശ്രീകാന്ത്‌ സ്ഥാനമേറ്റതോടെ, ഗാംഗുലി ആസ്ത്രേലിയക്കെതിരായ ടെസ്റ്റ്‌ ടീമിന്റെ ഭാഗമായി. തന്നെ ക്രൂശിക്കാന്‍ തയ്യാറായി നിന്ന വിമര്‍ശകരുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചവണ്ണം, ബാംഗ്ലൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പരമ്പര തുടങ്ങിയ ശേഷം അപ്രതീക്ഷിതമായായിരുന്നു ഗാംഗുലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. അവസാന പരമ്പരയിലും സഹജസ്വഭാവമായ വീറും വാശിയും ഗാംഗുലിയുടെ കളിയില്‍ പ്രകടമായിരുന്നു.

ഫീല്‍ഡില്‍ ആക്രമോത്സുക ക്രിക്കറ്റിന്‌ പേരുകേട്ട ഗാംഗുലി, ജീവിതത്തില്‍ തികച്ചും ശാന്തനായ വ്യക്തിയാണ്‌. എതിരാളികളെ വാക്‌പയറ്റിലൂടെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്ന ഓസ്‌ട്രേലിയന്‍ തന്ത്രം, സമര്‍ത്ഥമായി അവര്‍ക്കെതിരെ ഉപയോഗിച്ച നായകനാണ്‌ ഗാംഗുലി. ഇന്ത്യയിലായാലും ആസ്‌ടേലിയായിലായാലും സ്റ്റിവോയും സംഘത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്കു നേരെ തിരിച്ചയച്ചായിരുന്നു ഗാംഗുലിയുടെ പോരാട്ടം. ഗാംഗുലിയുടെ ഈ അക്രമണോത്സുകത, ഫീല്‍ഡില്‍ പല താരങ്ങളുമായുള്ള വാഗ്ഗ്വാദങ്ങളില്‍ കൊണ്ടെത്തിച്ചു. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങളെ എന്തു വിലകൊടുത്തും, എതിരാളികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നിന്നും സംരക്ഷിച്ചു പിടിക്കുവാന്‍ ശ്രമിച്ചതിനാലാവണം, ടീമംഗങ്ങള്‍ അദ്ദേഹത്തെ ദാദാ എന്നു വിളിച്ചിരുന്നത്‌. എതിരാളികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കി, എതിര്‍ തന്ത്രം മെനഞ്ഞിരുന്ന അദ്ദേഹം, അവസാന ബോള്‍ എറിയുന്നതുവരെ പരാജയം സമ്മതിച്ചിരുന്നില്ല. ടെക്‌സ്റ്റ്‌ ബുക്ക്‌ ക്രിക്കറ്റില്‍ നിന്നും വിഭിന്നമായി, ഫീല്‍ഡിലെ സാഹചര്യമനുസരിച്ച്‌ തന്ത്രങ്ങള്‍ മെനഞ്ഞതായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാക്കിയത്‌. ശ്രീലങ്കയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി അതിന്‌ മികച്ച ഉദാഹരണമാണ്‌. യുവതാരങ്ങള്‍ക്കൊപ്പം ഇടകലരാനും അവരെ പ്രോത്സാഹിപ്പിക്കാനും ഒരു മടിയും കാട്ടാതിരുന്ന ഗാംഗുലി, നായകനായിരുന്നപ്പോള്‍ ഫീല്‍ഡില്‍ വാട്ടര്‍മാനായും പോയി, വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനിടയില്‍, ഇന്ത്യയുടെ വിജയത്തിനായി, ഒരു കുടുംബം നടത്തിയ പൂജയില്‍, ഭാജിക്കും, സഹീറിനും പങ്കെടുക്കാന്‍ കഴിയില്ല എന്നു വന്നപ്പോള്‍, അവരില്ലാത്ത പൂജയില്‍ താനുമില്ല എന്നു പറഞ്ഞ്‌ സ്വയം മാറി നിന്ന ഗാംഗുലി, ടീമംഗങ്ങളുടെ ഇടയില്‍ അസൂയാവഹമായ ആദരവ്‌ നേടിയിരുന്നു. നാറ്റ്‌വെസ്റ്റ്‌ പരമ്പര വിജയത്തിനു പിന്നാലെ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി, ഫ്ലിന്റോഫ്‌, മുംബെയില്‍ വച്ച്‌ ഷര്‍ട്ടൂരിയതിന്‌ നല്‍കിയ മറുപടിയാണ്‌. ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കാന്‍ കഴിവുള്ള വേറെ ഒരു ക്യാപ്‌ടനും ഇന്ത്യക്കുണ്ടായിരുന്നില്ല, ഇനി ഉണ്ടാകുകയുമില്ല.

സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും കത്തിനില്‍ക്കുമ്പോള്‍, ഗാംഗുലിയും റണ്‍സ്‌ കൊണ്ടായാലും കളിയുടെ സൗന്ദര്യം കൊണ്ടായാലും ലോകക്രിക്കറ്റില്‍ തന്‍േറതായ ഇടം കണ്ടെത്തി. ടെസ്റ്റിലും ഏകദിനത്തിലുമായി 18000-ത്തിലേറെ റണ്‍സാണ്‌ ആ ബാറ്റില്‍നിന്ന്‌ പിറന്നത്‌. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരു പോലെ മാന്ത്രികത കാട്ടിയ ഗാംഗുലിയോട്‌ തുലനം ചെയ്യാവുന്ന കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പോലും കുറവാണ്‌. അങ്ങനെ ഒരു കളിക്കാരനോട്‌ നമ്മുടെ രാജ്യത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കാണിച്ചത്‌, തീര്‍ച്ചയായും മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌. എന്നാല്‍ ഒന്നോ രണ്ടോ ഇന്നിങ്‌സില്‍ പരാജയപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന അനാവശ്യവിമര്‍ശനങ്ങളാണ്‌ ഗാംഗുലിയുടെ മനം മടുപ്പിച്ചത്‌. ടീം മൊത്തം പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ തന്റെ നേരെ മാത്രം വാളോങ്ങുകയാണെന്ന്‌ ഗാംഗുലി പരാതിപ്പെട്ടിരുന്നു. ഒരു പരിധിവരെ അതു സത്യമാണ്‌. ഇനി ഐ.പി.എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പറഞ്ഞ ഗാംഗുലി, ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ നായകനാണ്‌. ഗാംഗുലിയുടെ ഓഫ്‌സൈഡ്‌ സ്‌ട്രോക്കുകളുടെ സൗന്ദര്യം ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തരക്രിക്കറ്റിലും മാത്രമെ ആരാധകര്‍ക്ക്‌ കാണാന്‍ കഴിയൂ. പക്ഷേ, ഗാംഗുലിയുടെ ആത്മകഥയ്ക്കായി ആരാധകര്‍ മുറവിളി തുടങ്ങിക്കഴിഞ്ഞു. അതു പുറത്തു വന്നാല്‍, ഒരു ഭൂകമ്പം തന്നെ ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചേക്കും. നമുക്കതിനായി കാത്തിരിക്കാം...

2 comments:

  1. ഗാംഗുലിയെ കോച്ചാക്കണം.
    ഈ അനുസ്മരണം ഉചിതമായി കേട്ടോ. വളരെ നന്ദി.

    ReplyDelete
  2. ലേഖനം നന്നായിരിക്കുന്നു. ഇപ്പോഴും നന്നായി കളിച്ചുകൊണ്ടിരുന്ന ആ ബാറ്റ്സ്മാനെ, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന ആ ക്യാപ്റ്റനെ അപമാനിക്കാന്‍ ശ്രമിച്ചവരെല്ലാം നാണം കെട്ട ചരിത്രമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക. അതിന്‌ ഏറ്റവും ഒടുവിലുള്ള ഉദാഹരണം, ആസ്ത്രേലിയക്ക്‌ തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത ഗ്രെഗ്‌ ചാപ്പല്‍ എന്ന വിരുതന്‍ കോച്ച്‌ . ഇദ്ദേഹത്തിണ്റ്റെ ഉപദേശങ്ങള്‍ വഴി 2-0 ത്തിനു ആസ്ത്രേലിയയും തോറ്റു. ലോകകപ്പില്‍ പ്രാഥമിക റൌണ്ടില്‍ ഇന്ത്യയെ പുറത്താക്കിയതിനുള്ള ക്രെഡിറ്റും ഇദ്ദേഹത്തിണ്റ്റെ തന്ത്രങ്ങള്‍ക്ക്‌ നലകണം. ഗാംഗുലിയെ പറ്റി ഞാനും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. ഇവിടെ

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.