Friday, November 14, 2008

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിക്കുന്നു...?

കടപ്പാട്‌ : പി.ബാലചന്ദ്രന്‍ മാതൃഭൂമി.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നു. ഹെല്‍മെറ്റിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടവും മിഡോണില്‍ നഖം കടിച്ചുകൊണ്ടുള്ള നില്പുമൊക്കെയായുള്ള 'ദാദ'യുടെ രൂപം ഇനി പഴയ കളികളുടെ കാസറ്റിലോ നമ്മുടെ സ്വന്തം ഓര്‍മയിലോ ആയി മാത്രം മാറും.

ഏതു കളികളുടെയും നിലനില്പിനും പ്രചാരത്തിനും നല്ല കളിക്കാര്‍ മാത്രമല്ല വേറിട്ട 'ക്യാരക്ടറുകളും' അത്യാവശ്യമാണ്. ഇവാന്‍ ലെന്‍ഡല്‍ ടെന്നീസിന്റെ ഔന്നത്യത്തിലേക്കു കുതിച്ച 1980-ന്റെ അവസാനങ്ങളില്‍ ടെന്നീസ് ലോകത്തുള്ള ഒരു ചൊല്ലുണ്ട്. ഇവാന്‍ ലെന്‍ഡല്‍ ഒരു ഫൈനല്‍ ജയിക്കുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ജിമ്മി കോണേഴ്‌സ് പ്രാക്ടീസ് ചെയ്യുന്നിടത്തു വന്നു കൂടാറുണ്ട് എന്ന്. ലെന്‍ഡല്‍ മഹാനായ കളിക്കാരനായിരുന്നു. എന്നാല്‍ കോണേഴ്‌സ് ഒരു നല്ല കളിക്കാരനും സ്വന്തം പ്രത്യേകതകള്‍ കൊണ്ട് കാണികള്‍ക്കു പ്രിയങ്കരനുമായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ ഒരു 'ക്യാരക്ടര്‍' ആയിരുന്നു സൗരവ് ഗാംഗുലി. മികച്ച കളിക്കാരന്‍, അല്പം തന്റേടം, ആരെയും കൂസാത്ത ശരീരഭാഷ, നല്ല സംവേദകന്‍- ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി പലതുമായിരുന്നു. ഒരുപക്ഷേ, സ്വയം താഴ്ത്തിക്കാട്ടിയ ഒരു ബൗളറും. ബൗളിങ്ങിലും അല്പം താത്പര്യമെടുത്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലായേനെ.

ക്യാപ്റ്റന്‍സി: പട്ടൗഡി, ഗാംഗുലി
നയിക്കുന്നവനെയാണ് നായകന്‍ എന്നു വിളിക്കേണ്ടത്. ഇതു വെച്ചു നോക്കിയാല്‍ എന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേരെടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാപ്റ്റന്മാരുടെ പട്ടികയിലുള്ളത്. നവാബ് ഓഫ് പട്ടൗഡി (മന്‍സൂര്‍ അലിഖാന്‍)യും സൗരവ് ഗാംഗുലിയും. എന്താണ് ഒരു ക്യാപ്റ്റനു വേണ്ട ഗുണഗണങ്ങളെന്നു വര്‍ണിക്കണമെങ്കില്‍ അതിനു മാത്രമായി ഒരു ലേഖനം ആവശ്യമായി വരും. അതിനു മുതിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ കളിയെപ്പറ്റിയുള്ള അറിവ്, ടീമംഗങ്ങളെ നിയന്ത്രിക്കാനും അതേസമയം സുരക്ഷാബോധം നല്കി പ്രചോദിപ്പിക്കാനുമുള്ള കഴിവ്, ആത്മവിശ്വാസം സ്വയമുണ്ടാവുകയും അത് ടീമംഗങ്ങള്‍ക്ക് പകരാന്‍ സാധിക്കുകയും ചെയ്യുക എന്നിവ ഒഴിവാക്കാനാവാത്ത ഗുണങ്ങളാണ്. വിജയങ്ങളുടെ എണ്ണം നോക്കിയാല്‍ മേല്‍ സൂചിപ്പിച്ച ഇരുവരെക്കാള്‍ കൂടുതല്‍ ഫലസിദ്ധി നേടിയ ക്യാപ്റ്റന്മാര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇവര്‍ക്കുള്ള നായകമേന്മ ഉണ്ടായിരുന്നില്ല.

അറുപതുകളില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഒന്നുമല്ലാതിരുന്ന കാലഘട്ടത്തിലാണ് തീരെ ചെറുപ്പമായിരുന്ന പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ദുരഭിമാനികളായ സീനിയര്‍ താരങ്ങള്‍, തികച്ചും നിര്‍ജീവമായ ബൗളിങ് നിര, ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള പരിമിതികള്‍, ഇതിനെല്ലാം പുറമെ വെള്ളക്കാരനെ നേരിടുമ്പോഴുള്ള അപകര്‍ഷബോധം! ഈ പ്രതികൂല ഘടകങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചുകൊണ്ടിരുന്ന സ്ഥിതിയിലാണ് പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ഓരോ പ്രശ്‌നങ്ങളെയും ധീരമായി അഭിമുഖീകരിച്ചും പറ്റുന്നത്ര തരണം ചെയ്തുമാണ് പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിച്ചത്. ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം നികത്താന്‍ നല്ലൊരളവുവരെ മികച്ച സ്പിന്നര്‍മാര്‍ക്കു കഴിയും എന്നു തിരിച്ചറിയാനും പില്ക്കാലത്ത് ലോകപ്രശസ്തരായ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍, വെങ്കട് എന്നീ സ്പിന്നര്‍മാരെ തേച്ചുമിനുക്കി ആക്രമണകാരികളാക്കാനും മറ്റു ടീമുകളേക്കാള്‍ താഴെയല്ല ഇന്ത്യന്‍ ടീം എന്ന ബോധം ഇന്ത്യന്‍ കളിക്കാരിലുണര്‍ത്തുവാനും കഴിഞ്ഞതാണ് പട്ടൗഡി എന്ന ക്യാപ്റ്റന്റെ വിജയം. സമനിലയ്ക്കു വേണ്ടി മാത്രം പദ്ധതിയിട്ട് ക്രിക്കറ്റു കളിച്ചിരുന്ന ഇന്ത്യക്കാരില്‍ വിജയത്വര കുത്തിവച്ചത് പട്ടൗഡിയാണ്. അതിന്റെ ഫലം കൂടുതലും അനുഭവിച്ചത് പിന്‍തുടര്‍ച്ചക്കാരനായി ക്യാപ്റ്റനായ അജിത് വഡേക്കറായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം.

ആര്‍ക്കും അടുത്തിടപഴകാനാവുന്ന ഒരു ജനപ്രിയ ക്യാപ്റ്റനൊന്നുമായിരുന്നില്ല സൗരവ് ഗാംഗുലി. എന്നാല്‍ തങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിവുള്ള ക്യാപ്റ്റനാണ് 'ദാദ' എന്ന വിശ്വാസം കളിക്കാര്‍ക്കിടയിലുണ്ടായിരുന്നു. സൗരവിന്റെ സമീപനസവിശേഷതയും ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന അക്കാലത്തെ സര്‍വശക്തന്‍ നല്‍കിവന്നിരുന്ന പിന്തുണയുടെ നിഴലും ഇദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് സഹായകമായി. കളിക്കാരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ക്യാപ്റ്റനായിരുന്നു ഗാംഗുലി. മധ്യനിര ബാറ്റ്‌സ്മാനായി ഡല്‍ഹിക്കുവേണ്ടി കളിച്ചിരുന്ന വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കി മാറ്റി വിജയിപ്പിച്ചതിലും അസ്ഥിരതയില്‍ പെട്ടുഴലുകയായിരുന്ന ഹര്‍ഭജന്‍സിങ്ങിനെ മുന്‍നിര ബൗളറായി വളര്‍ത്തിയതിലും മൊഹമ്മദ് കൈഫിനെയും യുവരാജ്‌സിങ്ങിനെയും പോഷിപ്പിച്ചു കൊണ്ടുവരുന്നതിലും (യാദൃച്ഛികതയാണോ എന്നറിയില്ല ക്യാപ്റ്റന്‍സിയില്‍ നിന്നും ഗാംഗുലി മാറിയതിനു ശേഷമുള്ള ഇവരുടെ ഗ്രാഫ് താഴോട്ടായിരുന്നു എന്നു ശ്രദ്ധിക്കുക) സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ തിളങ്ങി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ വെച്ചും അവരുടെ നാട്ടില്‍വെച്ചും ടീമിനെ വിദഗ്ധമായി നയിച്ചതും പാകിസ്താനില്‍വെച്ചുള്ള പരമ്പരയുമാണ് ടെസ്റ്റ് മത്സരങ്ങളിലെ ഗാംഗുലിയെന്ന ക്യാപ്ടന്റെ 'ഹൈപോയിന്റ്‌സ്' എന്നു പറയാം. ദക്ഷിണാഫ്രിക്കയില്‍വെച്ച് ലോകകപ്പ് ഫൈനല്‍വരേയ്ക്കും നയിച്ചതും ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി മത്സരങ്ങളും ഏകദിനമത്സരങ്ങളിലെ ഗാംഗുലിയുടെ നായകമികവ് എടുത്തു കാണിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കറെയും അസ്ഹറുദീനെയും പോലെ വിരസമായ ശൈലിയില്‍ ടീമിനെ നയിച്ചിരുന്ന ക്യാപ്റ്റന്മാര്‍ക്കു ശേഷം കാര്യങ്ങള്‍ സംഭവിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ശൈലി ടീമംഗങ്ങളും കാണികളും ഒരുപോലെ ആസ്വദിച്ചു. മുന്‍നിരയില്‍ നിന്നു നയിക്കാന്‍ താത്പര്യപ്പെട്ട ഗാംഗുലിയെ പിന്‍നിരയില്‍ നിന്നു തുണയ്ക്കാന്‍ തയ്യാറായ ജോണ്‍റൈറ്റ് എന്ന പരിശീലകനും ഗാംഗുലിയുടെ രീതികള്‍ക്കു തുണയായി. എന്നാല്‍ ഗാംഗുലിയെ രണ്ടാം നിരയിലേക്ക് മാറ്റി സ്വയം നേതൃത്വം ഏറ്റെടുക്കാനുള്ള ആവേശത്തോടെ ഗ്രെഗ്ചാപ്പല്‍ എന്ന പരിശീലകന്‍ വാളെടുത്തതോടെ ഗാംഗുലി എന്ന വീരനായകന്റെ പതനം ആരംഭിച്ചു. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീണു എന്നും വേണമെങ്കില്‍ പറയാം. സൗരവ്തന്നെ മുന്‍കൈയെടുത്താണല്ലോ ചാപ്പലിനെ ഇന്ത്യയുടെ പരിശീലകനാക്കിയത്! ആത്മവിശ്വാസത്തില്‍ അഗ്രഗണ്യനായ, അപകര്‍ഷബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു നായകനായിരുന്നു ഗാംഗുലി. ഇംഗ്ലണ്ടില്‍ നടന്ന ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദപ്രകടനമൊക്കെ മേല്പറഞ്ഞതിന്റെ പ്രതീകാത്മകമായ ബഹിര്‍സ്ഫുരണങ്ങളായി കണ്ടാല്‍ മതി.

ഗാംഗുലി എന്ന ബാറ്റ്‌സ്മാന്‍
ഏതൊരു ചരമക്കുറിപ്പിനും ഒരു പൊതുസ്വഭാവമുണ്ടല്ലോ. പരേതന്‍ സദ്ഗുണസമ്പന്നനും എല്ലാം തികഞ്ഞവനുമായിരുന്നു എന്ന രീതിയിലുള്ള ഒരു ശൈലി. പലപ്പോഴും വാസ്തവവിരുദ്ധമാണെന്നുള്ള ഉത്തമബോധ്യത്തോടെയാണ് ഇവ എഴുതപ്പെടാറ്. ഏതായാലും ഗാംഗുലിയുടെ വിടവാങ്ങല്‍ വേളയില്‍ അത്തരത്തിലുള്ള ഒരു അവാസ്തവ വര്‍ണനയ്ക്ക് എനിക്കു താത്പര്യമില്ല. ധാരാളം കുറവുകളുള്ള ബാറ്റിങ്ഘടനയാണ് ഗാംഗുലിയുടേത്. ബാറ്റിങ്ങിലെ മഹാന്മാരുടെ പട്ടികയില്‍ ഗാംഗുലിക്ക് സ്ഥാനം നല്കാനാവില്ല. എന്നാല്‍ നാല്പതിലേറെ റണ്‍സിന്റെ ടെസ്റ്റ് ശരാശരിയുള്ള ബാറ്റ്‌സ്മാനെ മികച്ചവനായി അംഗീകരിച്ചേ മതിയാകൂ. ഒരു നല്ല ബാറ്റ്‌സ്മാന്‍ സാങ്കേതികമായി പൂര്‍ണനായിരിക്കണമെന്നില്ല. തന്റെ ശക്തികളിലൂന്നി ദൗര്‍ബല്യങ്ങള്‍ക്ക് മറയിട്ടുകൊണ്ട് ബാറ്റു ചെയ്യുന്നതാണ് ബാറ്റിങ്ങിലെ വിജയമന്ത്രം. ടെക്‌നിക്കുകളിലെ പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ടും അതിജീവിച്ച മികച്ച ബാറ്റ്‌സ്മാനായിട്ടാണ് ഗാംഗുലി ഓര്‍ക്കപ്പെടേണ്ടത്.

വെര്‍ട്ടിക്കല്‍ ബാറ്റ്‌സ്‌ട്രോക്കുകളില്‍ മികവു കാട്ടിയിരുന്ന ഗാംഗുലി ഹൊറിസോണ്ടല്‍ സ്‌ട്രോക്കുകളില്‍ മിടുക്കനായിരുന്നില്ല.ഡ്രൈവ് സ്‌ട്രോക്കുകളില്‍ പ്രത്യേകിച്ചും ഓഫ്‌ഡ്രൈവിലും കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ ഡ്രൈവിലും പ്രഗത്ഭനായിരുന്ന ഗാംഗുലി, ലെഗ്സ്റ്റമ്പില്‍ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു നേരെ പരുങ്ങാറുണ്ട്. ഇത്തരം പന്തുകള്‍ക്ക് നേരെ സൈഡ്ഓണ്‍ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കാറുള്ള ഇദ്ദേഹം കരിയറിന്റെ ഒരു ഘട്ടത്തിലും ഈ കുറവ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. കൈക്കുഴകള്‍ 'റോള്‍' ചെയ്യാതെയുള്ള സ്‌ക്വയര്‍ കട്ടും പലതവണ ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഒരു ഡീപ്ഗള്ളിയെയും ഒരു ബാക്ക്‌വേഡ് പോയിന്റിനെയും നിയോഗിച്ചുകൊണ്ട് ഗാംഗുലിയെ കുഴിയില്‍ ചാടിക്കാന്‍ പലതവണ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

1991-ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൂര്‍വമേഖലയ്ക്ക് നല്‍കിയ ഒരു പ്രാതിനിധ്യം (ഔദാര്യം) എന്ന നിലയിലാണ് സൗരവ്ഗാംഗുലിയെ ക്രിക്കറ്റ് നിരീക്ഷകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞുവന്നപ്പോഴാകട്ടെ നിഷേധിയായ ഒരു 'അശുപയ്യനെന്ന' പേരാണ് ടീമിലെ പല സീനിയര്‍ താരങ്ങളും ഗാംഗുലിക്ക് നല്‍കിയത്. റിസര്‍വ് ബഞ്ചുകളിലിരിക്കേണ്ട കളിക്കാര്‍ ചെയ്യേണ്ട പല ജോലികളും ചെയ്യാന്‍ 'മഹാരാജാവ്' വിമുഖത പ്രകടിപ്പിച്ചതാണ് പ്രധാനമായും സീനിയര്‍ താരങ്ങളെ ചൊടിപ്പിച്ചത്.

പിന്നീടുള്ള രണ്ടു വര്‍ഷം ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മൃതനായിരുന്നു. 1996-ലാണ് ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ നല്ല പ്രകടനങ്ങളിലൂടെ സൗരവ് തിരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിലേക്കു പോയ ഇന്ത്യന്‍ ടീമില്‍ ഇത്തവണ റിസര്‍വ് ബഞ്ചിലല്ല പ്ലേയിങ് ഇലവനിലായിരുന്നു ഗാംഗുലിയുടെ സ്ഥാനം. മധ്യനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട സൗരവ്ഗാംഗുലിയുടെ നീണ്ട വിജയഗാഥയുടെ ആരംഭം കുറിക്കപ്പെട്ടു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിന് മറ്റൊരവകാശിയില്ല. ഓഫ് ഡ്രൈവ് ഷോട്ടുകളിലുള്ള വൈവിധ്യവും മികവും ഗാംഗുലിയുടെ ബാറ്റിങ്ങിന്റെ ചാരുതയാണ്. സ്പിന്നര്‍മാരെ ഉയര്‍ത്തിയടിച്ച് അതിര്‍ത്തി കടത്തി 'ആറുകള്‍' നേടാന്‍ അനായാസമായി ഗാംഗുലിക്കു കഴിയും. മുത്തയ്യമുരളീധരനെതിരെ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ലോകകപ്പില്‍ നേടിയ സെഞ്ച്വറിയില്‍ ഈ മികവ് ഏറ്റവും തെളിയിക്കപ്പെട്ടു. ഓഫ്‌സ്പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കുന്നത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എളുപ്പമല്ല എന്നു മനസ്സിലാക്കണം. മധ്യനിര ബാറ്റ്‌സ്മാനായി രംഗത്തുവന്ന ഇദ്ദേഹം അനായാസമായിത്തന്നെ ഏകദിന മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയത് അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയിലെ ഫ്‌ളെക്‌സിബിലിറ്റി' വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിച്ചു?
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള സംശയമാണ് മേലെ സൂചിപ്പിച്ചത്. അത്‌ലറ്റിക്കായി ഓടിനടക്കുന്ന മികച്ച ഫീല്‍ഡര്‍മാരുടെ കാലഘട്ടത്തിലെ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു ഗാംഗുലി. ചുറുചുറുക്കോടെയുള്ള റണ്ണോട്ടം ആവശ്യമായി വരുന്ന ഏകദിന മത്സരങ്ങളില്‍ എടുക്കാവുന്ന റണ്ണുകള്‍പോലും ഓടാന്‍ പലപ്പോഴും ഉദ്യമിക്കാത്ത പ്രകൃതക്കാരനായിരുന്നു. സിംഗിളുകള്‍ നേടാനുള്ള പുത്തന്‍ ജനുസ്സിലുള്ള സ്‌ട്രോക്കുകളൊന്നും 'മാസ്റ്റര്‍' ചെയ്യാന്‍ ഗാംഗുലി ശ്രമിച്ചിട്ടില്ല. ആരംഭകാലം മുതലുള്ള തന്റെ പല ബാറ്റിങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടാന്‍ അദ്ദേഹം വിമുഖനായിരുന്നു. ചിരി വന്നില്ലെങ്കിലും ചിരിച്ചു കാട്ടി എല്ലാവരെയും പ്രീതിപ്പെടുത്തുന്ന ഒരു പബ്ലിക് റിലേഷന്‍ വിദഗ്ധനല്ലായിരുന്നു ഗാംഗുലി ഒരുകാലത്തും. ഓട്ടോഗ്രാഫ് പ്രേമികള്‍ക്കും ഗാംഗുലി അപ്രാപ്യനായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഗാംഗുലിയെ ഗാഢമായി സ്‌നേഹിച്ചു. വേഗത്തെയും ചടുലതയെയും ആസ്വദിക്കുന്ന സാധാരണ ക്രിക്കറ്റ് പ്രേമികള്‍പോലും സൗരവിനെ ഇഷ്ടപ്പെട്ടു. ഒരു കളിക്കാരന്‍ ഒഴിവാക്കപ്പെട്ടശേഷം ജനകീയ സമരത്തിലൂടെയും മാധ്യമസമ്മര്‍ദങ്ങളിലൂടെയും ദേശീയടീമില്‍ തിരിച്ചെത്തിയ ചരിതം ഗാംഗുലിക്കുമാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യക്കാര്‍ ഗ്രെഗ്ചാപ്പലിനെ വെറുത്തെങ്കില്‍ അതിനു കാരണവും ഗാംഗുലിയോടുള്ള ആരാധനയാണ്. ആത്മാഭിമാനിയായ, ആത്മവിശ്വാസിയായ, സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കാത്ത ഒരു വീരനായകന്റെ പ്രതിച്ഛായയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഗാംഗുലി നേടിയെടുത്തത്. ഇതുതന്നെയാവണം ഗാംഗുലി ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാവാന്‍ കാരണവും.

ഗാംഗുലി പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിക്കുന്ന നഷ്ടം എന്താണ്? സാങ്കേതികപരിമിതികളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ഒരു മികച്ച ബാറ്റ്‌സ്മാനെ, അപൂര്‍വമായി മാത്രം രംഗത്തിനു ലഭിക്കുന്ന ബുദ്ധിവൈഭവവും നേതൃഗുണവും ഒത്തിണങ്ങിയ നായകനെ, വെല്ലുവിളികളെ നേരിടാന്‍ ത്രാണിയുള്ള മികച്ച പോരാളിയെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരു രംഗം നിറഞ്ഞു നില്ക്കുമ്പോഴും സ്വന്തം പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വ്യക്തിപ്രഭാവത്തെ, ഇപ്രകാരം പലപല നഷ്ടങ്ങള്‍! പക്ഷേ, ആരും ഒരു രംഗത്തും ചിരഞ്ജീവികളാവുന്നില്ലല്ലോ.

വളരെയേറെ അനശ്വരമായ മധുര സ്മരണകളുണര്‍ത്തുന്ന സ്‌ട്രോക്കുകളുടെ ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നല്‍കിക്കൊണ്ടാണ് ഗാംഗുലി രംഗം വിടുന്നത്. വരുംകാലത്ത് ആര് ഓഫ്‌ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ആര് സ്‌ക്വയര്‍ ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ഗാംഗുലിയുമായി താരതമ്യം ചെയ്യപ്പെടും. അതാണ് മഹത്വത്തിന്റെ ലക്ഷണം. സച്ചിന്‍, സൗരവ്, രാഹുല്‍, ലക്ഷ്മണ്‍ സംഗമം ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും ശക്തമായ മധ്യനിര ബാറ്റിങ് നിരയാണ്. ഈ ചുമരിലെ ആദ്യത്തെ കല്ലാണ് മാറ്റപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് വിരമിക്കുന്നില്ല എന്നു ചോദിക്കപ്പെടുന്നതിനെക്കാള്‍ ഉത്തമം എന്തുകൊണ്ട് വിരമിക്കുന്നു എന്നു ചോദിക്കപ്പെടുന്നതാണ്. അതു വെച്ചുനോക്കിയാല്‍ ഗാംഗുലിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം ഉചിതമായ സമയത്താണ് എന്നതില്‍ സംശയമില്ല. മഹാരാജാവ് തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് രംഗം വിടുന്നത്. നിറഞ്ഞ മനസ്സോടെ തികഞ്ഞ ആദരവോടെ നമുക്കദ്ദേഹത്തെ യാത്രയയ്ക്കാം.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.