Monday, November 3, 2008

കുരുക്ഷേത്ര (Kurukshethra)മേജര്‍ രവി എന്ന സംവിധായകന്റെ മൂന്നാം സംവിധാന സംരംഭം, അതാണ്‌ കുരുക്ഷേത്ര. മോഹന്‍ലാലിനെ നായകനാക്കി, കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണിത്‌. യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ രവി, തന്റെ അനുഭവങ്ങളും, നമ്മുടെ നാടിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളെയും കുറിച്ച്‌ വിവരിക്കുകയാണീ ചിത്രത്തില്‍. കഥ, തിരക്കഥ, സംഭാഷണം: മേജര്‍ രവി. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ്‌ ദാമര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്‌ കാര്‍ഗ്ഗില്‍ യുദ്ധം നടന്ന അതേ സ്ഥലത്തു വച്ചാണ്‌. കാര്‍ഗ്ഗില്‍ മലനിരകളില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും ഈ മേജര്‍ രവി ചിത്രം കരസ്ഥമാക്കിയിരിക്കുന്നു. ഏകദേശം 8 കോടി രൂപയാണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചിലവെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌.

ചിത്രം തുടങ്ങുന്നത്‌ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ മരിച്ച "സൌരവ്‌ കാലിയ" എന്ന ധീര ജവാന്റെ പിതാവിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്‌. യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട മകനു നീതി ലഭിക്കുവാന്‍ വേണ്ടി ഇപ്പോഴും ആ പിതാവ്‌ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്‌ പറഞ്ഞ്‌, മേജര്‍ നമ്മെ കാര്‍ഗ്ഗിലിലേക്ക്‌ എത്തിക്കുകയാണ്‌. അവിടെ അദ്ദേഹം നമ്മെ പരിചയപ്പെടുത്തുന്നത്‌ ഒരു പട്ടാള ക്യാമ്പാണ്‌. പട്ടാളക്കാരിലധികവും മലയാളികള്‍, അവര്‍ സ്വന്തം നാടിനേയും വീട്ടുകാരേയും കുറിച്ചുള്ള ഓര്‍മ്മകളില്‍ കഴിയുന്നു. മഞ്ഞുരുകുന്ന കാലത്ത്‌ പട്ടാള ബങ്കറുകളില്‍ കാവലില്ലാത്ത പ്രദേശത്ത്‌ നുഴഞ്ഞുകയറ്റം നടക്കുന്നു എന്നറിയുന്ന ഇന്ത്യന്‍ ആര്‍മി, ആ പ്രദേശത്തേക്ക്‌ സൌരവ്‌ കാലിയായുടെ നേതൃത്വത്തില്‍ ഒരു പെട്രോളിംഗ്‌ സംഘത്തെ അയക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും കാലിയ അടക്കമുള്ളവര്‍ പാക്‌ പട്ടാളത്തിന്റെ പിടിയിലാവുകയും ചെയ്യുന്നു. പെട്രോളിംഗ്‌ സംഘത്തെക്കുറിച്ച്‌ വിവരം ലഭിക്കാതാവുമ്പോള്‍, നുഴഞ്ഞു കയറ്റം സ്ഥിതീകരിക്കുന്ന ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാനായി ഒരുങ്ങുന്നു. നുഴഞ്ഞു കയറ്റം നടന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്ന അവര്‍, അതില്‍ അതിപ്രധാനമായ ടോളോലിംഗ്‌ എന്ന പ്രദേശം തിരിച്ചു പിടിക്കാന്‍ കേണല്‍ മഹാദേവന്റെ (മോഹന്‍ലാല്‍) കീഴിലുള്ള കമ്പനിയെയാണ്‌ അയക്കുന്നത്‌. അദ്ദേഹത്തെ സഹായിക്കാന്‍ മേജര്‍ ഫസിയും (സിദ്ധിഖ്‌) മേജര്‍ രാജേഷും (ബിജു മേനോന്‍) കൂടെയുണ്ട്‌.

പിന്നീട്‌ യുദ്ധം തുടങ്ങുകയാണ്‌. കാലിയയെ കണ്ടു പിടിക്കുന്നതു വരെ ഷെല്ലിങ്ങിന്റെ സഹായമില്ലാതെ മുന്നേറാന്‍ ശ്രമിക്കുന്ന കേണലും സംഘത്തിനും ഒട്ടനവധി ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നു. ഇതിനിടയില്‍ കൊല്ലപ്പെടുന്ന ലാന്‍സ്‌ നായിക്‌ സ്വാമിനാഥന്റെ ശവശരീരം നാട്ടില്‍ എത്തുമ്പോള്‍, ജന്മനാട്‌ നല്കുന്ന യാത്രയയപ്പ്‌ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്തോ-പാക്‌ അതിര്‍ത്തിയിലെ ബങ്കറുകളില്‍ കഴിയുന്ന ജവാന്‍മാരുടെ സൌഹൃദത്തേക്കുറിച്ചും ഇതിനിടയില്‍ പ്രതിപാദിക്കുന്നു. പാക്കിസ്ഥാന്‍ ജനത യുദ്ധം ആഗ്രഹിക്കുന്നില്ല എന്നും, ഇതെല്ലാം ജനറല്‍ സാബിന്റെ കളികളാണെന്നും പറയുന്ന അവര്‍, പാക്കിസ്ഥാനികളുടെ മറ്റൊരു മുഖമാണ്‌ കാണിക്കുന്നത്‌.

ഫ്ലാഗ്‌ മീറ്റിംഗിനിടെ പാക്കിസ്ഥാന്‍ കേണല്‍ കൈമാറുന്ന കാലിയായുടേതടക്കമുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ ശവശരീരത്തോടവര്‍ കാണിച്ചിരിക്കുന്ന ക്രൂരതയില്‍ ക്രുദ്ധരാകുന്ന കേണലും സംഘവും, പാക്‌ സൈന്യം മുജാഹുദ്ദീന്‍ എന്നു പറഞ്ഞ്‌ കൈപറ്റാതെ പോകുന്ന പാക്‌ സൈനികരുടെ ശവശരീരങ്ങള്‍ എല്ലാവിധ ബഹുമതികളോടെയും ഖബറടക്കുന്നു. (പാക്‌ പട്ടാളക്കാരെ അവരുടെ പതാക പുതപ്പിച്ച്‌ സംസ്കരിക്കുന്ന രംഗത്തില്‍ ഇത്രയും പാക്‌ പതാകകള്‍ പെട്ടെന്ന്‌ എവിടെ നിന്നു വന്നു എന്നൊരു ചോദ്യം മനസ്സില്‍ ഉയരാതിരുന്നില്ല. ) അതിനു ശേഷം ചിത്രം യഥാര്‍ത്ഥ യുദ്ധത്തിലേക്ക്‌ കടക്കുകയാണ്‌. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കേണലിന്റെ ഭാഗത്തും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. മേജര്‍ രാജേഷും, ലാന്‍സ്‌ നായിക്‌ ബിനീഷും (ബിനീഷ്‌ കൊടിയേരി) മരിച്ചു വീഴുന്നു. ഒടുവില്‍ തന്ത്രപ്രധാനമായ ടൊളോലിംഗില്‍ വിജയക്കൊടി പാറിക്കുന്ന കേണലും സംഘവും, പാക്‌ കേണലിനെ നിര്‍ദാക്ഷണ്യം വധിക്കുന്നു. ഒടുവില്‍ എല്‍.ഓ.സിയില്‍ നിന്നും 17 കിലോമീറ്റര്‍ ഉള്ളിലായി, ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ അനുമതിയോടെ ത്രിവര്‍ണ്ണ പതാക അവര്‍ സ്ഥാപിക്കുമ്പോള്‍ ചിത്രത്തിന്‌ തിരശ്ശീല വീഴുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ സിദ്ദാര്‍ത്ഥ്‌ വിപിന്‍ എന്ന പുതുമുഖ സംഗീത സംവിധായകനാണ്‌. "ജ്വാലമുഖി" എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്‌. "ഒരു യാത്രാമൊഴി" എന്ന ഗാനം, എം.ജി.ശ്രീകുമാര്‍ തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ മനോഹരമാക്കിയിരിക്കുന്നു. "ചലോ ചലോ" എന്ന ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയില്‍ കാര്‍ഗ്ഗിലിന്റെ ഭംഗി ചിത്രീകരിച്ചിരിക്കുന്നത്‌ കണ്ണിന്‌ കുളിര്‍മ്മ നല്‍കുന്ന ഒന്നായി. "തത്തമ്മ" എന്ന പാട്ടിന്റെ ആവശ്യമുണ്ടായിരുന്നോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ലോകനാഥന്റെ ഛായാഗ്രഹണ മികവ്‌ ആദ്യമെ തെളിഞ്ഞു നിന്നിരുന്നുവെങ്കിലും, യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. റാന്‍ഡം ഷോട്ടുകളിലൂടെ യുദ്ധം ചിത്രീകരിച്ച ആ ശൈലി പ്രേക്ഷകരെ ഒരല്പം മടുപ്പിക്കും. എഡിറ്റിംഗില്‍ ജയശങ്കറും മികച്ചതായില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്നു തോന്നിപ്പിക്കുന്ന പല ഷോട്ടുകളും ചിത്രത്തിലുണ്ടായിരുന്നത്‌ ഒരു കല്ലുകടിയായി, അതും യുദ്ധ രംഗങ്ങള്‍ക്കിടയില്‍. ചിത്രത്തില്‍ ഇഫക്ടുകള്‍ നന്നയി ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ളീഷ്‌ ചിത്രങ്ങളില്‍ നിന്നെടുത്ത ഭാഗങ്ങള്‍, അതൊരടിച്ചു മാറ്റല്‍ ആണെന്നു തോന്നാത്ത രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. സ്കാഡ്രണ്ട്‌ ലീഡര്‍ അജയുടെ മിഗിന്‌ റോക്കറ്റേല്‍ക്കുന്ന രംഗങ്ങള്‍ Behind The Enemy Lines എന്ന ഓവന്‍ വില്‍സണ്‍ ചിത്രത്തില്‍ നിന്നും എടുത്തതാണ്‌. അതില്‍ ഉപയോഗിക്കുന്ന റോക്കറ്റ്‌ ലോന്ചര്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഭീകരര്‍ ഉപയോഗിക്കുന്നതാണ്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്നതല്ല. അതൊക്കെ ഒഴിവാക്കാമായിരുന്നു.

കീര്‍ത്തിചക്രയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോടായിരുന്നു മഹാദേവന്‍ കയര്‍ക്കുന്നതെങ്കില്‍, ഇവിടെ അത്‌ മാധ്യമ പ്രവര്‍ത്തകരോടാണ്‌. നിരുത്തരവാദിത്വപരമായി പെരുമാറുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കി വിമര്‍ശിക്കുമ്പോള്‍, ഉത്തരവാദിത്വവും, ദേശസ്നേഹവുമുള്ള പത്ര പ്രവര്‍ത്തകരെ അഭിനന്ദിക്കാനും മടിക്കുന്നില്ല. ശവപ്പെട്ടി കുംഭകോണത്തെ ബ്യൂറോക്രസിയുടെ അഴിമതിയായി ആണ്‌ മേജര്‍ അവതരിപ്പിക്കുന്നത്‌. നാമിതു വരെ കേട്ടതും മനസ്സിലാക്കിയതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണാ നിലപാട്‌. പ്രതിരോധ മന്ത്രിയെ പൂര്‍ണ്ണമായും ഒഴിവാക്കി, ബ്യൂറോക്രസിയുടെമേലാണ്‌ അദ്ദേഹമാ കുറ്റം ചുമത്തുന്നത്‌. സിയാച്ചിനിലേക്കുള്ള സഹായങ്ങള്‍ക്ക്‌ തുരങ്കം വച്ചതിനേയും അദ്ദേഹം വിമര്‍ശിക്കുന്നു. ഇന്തോ പാക്‌ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ കൂട്ടയ്മയെക്കുറിച്ചുള്ള അറിവുകള്‍ ജനങ്ങള്‍ക്ക്‌ പുതിയതാണ്‌. പാക്കിസ്ഥാന്‍ ജനത ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല എന്നൊരു പാക്‌ പട്ടാളക്കാരനെക്കൊണ്ട്‌ പറയിക്കുമ്പോള്‍, ഭരണാധികാരികളുടേയും ഒരു പറ്റം പട്ടാള മേധാവികളുടേയും സ്വാര്‍ത്ഥ താല്‍പര്യമാണ്‌, ഇന്ത്യാ പാക്‌ ബന്ധത്തിനിടയിലെ യഥാര്‍ത്ഥ പ്രശ്നമെന്നുകൂടെ പറയുവാന്‍ മേജര്‍ ഇതിലൂടെ ശ്രമിക്കുന്നു. ജനറല്‍ മുഷ്‌റഫിനെ കേണലിനെക്കൊണ്ട്‌ വിമര്‍ശിപ്പിക്കുന്ന മേജര്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയോട്‌ അയാള്‍ കാട്ടിയ അനാദരവിനേയും പരിഹസിക്കുന്നുണ്ട്‌.

ബിജു മേനോന്‍, മണിക്കുട്ടന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങള്‍ക്ക്‌ അധികമൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല. അവര്‍ കാഴ്ചക്കാരായി നില്‍ക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌. ഫസി എന്ന മേജറേ, സിദ്ധിഖ്‌ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ദേശസ്നേഹം സ്ഫുരിക്കുന്ന സംഭാഷണങ്ങള്‍ ആ കഥാപാത്രം പറയുമ്പോള്‍, അത്‌ കാലാകാലങ്ങളായി, നമ്മുടെ രാജ്യത്ത്‌ ഒറ്റപ്പെട്ടു കിടക്കുന്ന നമ്മുടെ മുസ്ളീം സഹോദരങ്ങളുടെ ദേശസ്നേഹത്തെ വിളിച്ചോതുന്നു. കന്നഡ നടി ടാനിയാ സിംഗ്‌ അവതരിപ്പിച്ച ക്യാപ്ടന്‍ ലക്ഷി എന്ന കഥാപാത്രം എന്തിനായിരുന്നു എന്നൊരു സംശയം തോന്നാതിരുന്നില്ല. പൊതുവേ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ അധികം പ്രാധാന്യമില്ലാത്ത പട്ടാള ചിത്രങ്ങളില്‍, ഇത്തരം സ്ത്രീ കഥാപാത്രങ്ങള്‍ അധികപറ്റു തന്നെയാണ്‌. അവരെ ഒഴിവാക്കിയിരുന്നെങ്കില്‍, ഒരു പക്ഷേ ഒരു ഗാനത്തിനുള്ള (ഒരു യാത്രാമൊഴിയോടെ...) സാധ്യത നഷ്ടപ്പെട്ടേനെ.

പട്ടാളക്കാരന്റെ വേഷം എന്ന നിലയില്‍ വളരെ നിരാശാജനകമായ പ്രകടനമാണ്‌ മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ശരീരം ഒരു പട്ടാളക്കാരനു യോജിച്ചതായി തോന്നിയില്ല. വണ്ണം വച്ചു ജീര്‍ണ്ണിച്ച ശരീരമുള്ള കേണലിന്‌ യുദ്ധാവസാനം വരെ ഒരു പോറല്‍ പോലും ഏല്ക്കാതിരിക്കുന്നത്‌ അവിശ്വസനീയമായി തോന്നി. കഠിന ഭൂപ്രകൃതിയുള്ള കാര്‍ഗ്ഗില്‍ പോലുള്ള സഥലങ്ങളില്, ഇത്തരം ശരീര പ്രകൃതിയുള്ള ഒരു കഥാപാത്രം ഓടി നടന്ന്‌ വെടിവെയ്പ്പ്‌ നടത്തുന്നത്‌ സാധാരണ പ്രേക്ഷകന്‌ ദഹിച്ചുവെന്ന്‌ വരില്ല. ചിത്രത്തിന്റെ തുടക്കത്തില്‍ 13 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, കേണല്‍ പറയുന്ന കാരണം, ഓക്സിജന്‍ ലബ്ധികുറയുന്നതിനാല്‍ പട്ടാളക്കാര്‍ കിതക്കുന്നു എന്നാണ്‌. അതു പറയുന്ന കേണലിനിതൊന്നും ബാധകമല്ലെ എന്നാരെങ്കിലും ചോദിച്ചാല്‍. കഥയില്‍ ചോദ്യമില്ല!!!

ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ കേണലിന്റെ ഹിന്ദി ഡയലോഗുകള്‍ മനം മടുപ്പിക്കുന്നവയാണ്‌. നീട്ടിവലിച്ച്‌ വികൃതമാക്കിയ രീതിയിലുള്ള ഡയലോഗുകള്‍ അരോചകമായി തോന്നി. സ്വന്തം ബറ്റാലിയനെ ആവേശം കൊള്ളിക്കേണ്ട ഡയലോഗുകള്‍ ആവേശമില്ലാതെ തണുപ്പന്‍ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഡബ്ബിംഗ്‌ സമയത്ത്‌ അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊഴിവാക്കാനാകുമായിരുന്നു. മലയാളം അറിയാത്ത സുപ്പീരിയര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മലയാളത്തില്‍ യുദ്ധത്തിന്റെ പ്ലാന്‍ പറയുകയും അവര്‍ അതു കേട്ട്‌ തലയാട്ടി അഭിനന്ദിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ആ ഭാഗം മലയാളം ഒഴിവാക്കി ഇംഗ്ലീഷിലാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. അതു പോലെ, പാക്‌ കേണലിനോട്‌ മലയാളത്തില്‍ ഡയലോഗ്‌ വീശിയപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. അതു കേട്ട്‌ ഭയചകിതനായി നോക്കുന്ന പാക്‌ കേണലിന്റെ മുഖം ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ ഞെട്ടിയത്‌ പ്രേക്ഷരാണ്‌. ആരോ പിറകിലിരുന്ന്‌ കമന്റും പറയുന്നത്‌ കേട്ടു. "ലാലേട്ടാ, അങ്ങേര്‍ക്ക്‌ മലയാളം മനസ്സിലാവില്ല, ഹിന്ദിയില്‍ പറ". അതിന്റെ പിറകേ വന്നു, "മാഫി മത്ത്‌ മാംഗനാ..." എന്ന ഡയലോഗും. ഡയലോഗ്‌ ഡെലിവറിയില്‍ പ്രഗത്ഭനായിരുന്ന മോഹന്‍ലാലിന്റെ മോശമായ ഒരു പ്രകടനമാണിതില്‍. ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു പോരായ്മ അതിന്റെ തിരക്കഥയാണ്‌. മേജര്‍ രവിക്ക്‌ അത്‌ മറ്റാരേക്കൊണ്ടെങ്കിലും എഴുതിക്കാമായിരുന്നു. ഒരു പട്ടാളക്കാരന്‍ യഥാര്‍ത്ഥ കഥ പറയുവാന്‍ ശ്രമിക്കുന്നത്‌ ഒരു ധീരമായ നടപടിയാണ്‌. പക്ഷേ, കഥ വെറുതെ പറഞ്ഞു പോയാല്‍ ആള്‍ക്കാരെ മടുപ്പിക്കും എന്നതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ കുരുക്ഷേത്ര. ആര്‍ജ്ജവവും ഊര്‍ജ്ജവുമില്ലാത്ത ഒരു യുദ്ധമാണ്‌ മേജര്‍ രവി അണിയിച്ചൊരുക്കിയിരിക്കുന്നത്‌. യുദ്ധ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ചിലപ്പോഴീ ചിത്രം നിരാശയുടെ കയത്തിലേക്ക്‌ തള്ളിവിട്ടേക്കും...

കാര്‍ഗ്ഗില്‍ യുദ്ധത്തെക്കുറിച്ച്‌ നാം പത്രങ്ങളില്‍ വായിച്ചതിനേക്കാള്‍ കൂടുതല്‍ ഒരു വിവരവും ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല. ഇന്ത്യന്‍ ആര്‍മ്മിയുടെ ബോഫോഴ്സ്‌ അടക്കമുള്ള ചില അത്യാധുനിക ആയുധങ്ങള്‍ ഇതിലൂടെ പരിചയപ്പെടുത്തുന്നു. ലക്ഷ്യാ എന്ന ഹിന്ദി ചിത്രവും ഏകദേശം ​ഇതേ കഥ തന്നെയാണ്‌ പറയുന്നത്‌. കാര്‍ഗ്ഗിലിനേയും സിയാച്ചിനേയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എന്‍.എച്ച്‌ 1ഡി യെ സംരക്ഷിക്കുന്ന കഥയാണ്‌ അതും. അതൊരു യുദ്ധത്തിന്റെ പ്രതീതി തരുമ്പോള്‍, കുരുക്ഷേത്ര ഒരു പട്ടാള ചിത്രമെന്ന നിലയില്‍ പരാജയമാണ്‌. ചിത്രത്തിനൊരു പകിട്ടു പകരാന്‍ മേജര്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, അതെത്ര കണ്ട്‌ വിജയിച്ചുവെന്നു പറയുക വയ്യ. ഇന്ത്യന്‍ പട്ടാളക്കാരുടെ പോരാട്ടം മഹത്തായതാണെങ്കിലും അത്‌ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ മേജറിന്‌ കഴിയാതെ പോയതാണ്‌ ഈ ചിത്രത്തിന്റെ ദുരവസ്ഥ എന്നു പറയുന്നത്‌. അതു കൊണ്ടു തന്നെ, ചിത്രം കണ്ടിറങ്ങിയ പലരും, ഇത്‌ പട്ടാളക്കാരെ "ഗ്ളോറിഫൈ" ചെയ്യാന്‍ എടുത്ത ചിത്രം എന്ന നിലയില്‍ ഇതിനെ കാണുന്നു, യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യം ഇല്ലെങ്കില്‍ കൂടി. മൂന്നു രീതിയിലുള്ള ആളുകള്‍ക്കേ ഈ ചിത്രം ഇഷ്ടപ്പെടു.
1.ജീവിതത്തില്‍ ഒരിക്കലെങ്കിലും പട്ടാളക്കാരനായി ജോലി നോക്കണമെന്നാഗ്രഹിച്ചിട്ടുള്ള ആളുകള്‍ക്കീ ചിത്രം ഇഷ്ടപ്പെടും എന്നത്‌ തീര്‍ച്ച.
2.നിങ്ങള്‍ ആദ്യമായി യുദ്ധ ചിത്രം കാണുന്ന ആളായിരിക്കണം
3.ഇതൊന്നും അല്ലെങ്കില്‍ നിങ്ങളൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരിക്കണം.
ഹോളിവുഡ്‌ - ബോളിവുഡ്‌ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്ന മലയാളികളെ ഈ ചിത്രം എത്രമാത്രം ആവേശം കൊള്ളിക്കുമെന്ന്‌ പറയുവാന്‍ കഴിയില്ല. യുദ്ധചിത്രമെന്ന നിലയില്‍ കുരുക്ഷേത്ര ധീരമായ ഒരു കാല്‍വെയ്പ്പാണ്‌. പക്ഷേ ഒരു ചിത്രമെന്ന രീതിയില്‍ ഒരു ശരാശരി ചിത്രവും. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു എന്ന പരസ്യം കണ്ട്‌ ചിത്രം കാണാന്‍ പോയ എനിക്കാകെ കൂട്ടായിട്ടുണ്ടായിരുന്നത്‌ 10 പേരായിരുന്നു...ഭാഗ്യം ഒറ്റക്കിരുന്നു കാണേണ്ടി വന്നില്ലല്ലോ?

Crew Behind Kurukshethra
സംവിധാനം:മേജര്‍ രവി
നിര്‍മ്മാണം : സന്തോഷ് ദാമോദര്‍
സംഗീതം : സിദ്ധാര്‍ത്ഥ്‌ വിപിന്‍
ഗാനങ്ങള്‍ : ഗിരീഷ്‌ പുത്തന്ചേരി, ബോംബേ എസ്‌ കമാല്‍
‍ഛായാഗ്രഹണം : ലോകനാഥന്‍
എഡിറ്റിങ് : ജയശങ്കര്‍
മേക്കപ്പ് : രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം : സായി
അസോസിയേറ്റ് ഡയറക്ടര്‍:കുടമാളൂര്‍ രാജാജി.
വിതരണം: ദാമര്‍ ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ലാല്‍, താനിയാ സിങ്ങ് (കന്നഡ നടി), ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,മണിക്കുട്ടന്‍, ബിനീഷ് കോടിയേരി തുടങ്ങിയവര്‍

7 comments:

 1. ശരിയായ നിരീക്ഷണങ്ങള്‍.... എന്റെ മനസ്സില്‍ തോന്നിയവ അതെ പോലെ പകര്‍തിയിരിക്കുന്നു...
  വേറെ ചിലത് കൂടി പറയട്ടെ...

  വിനയന്‌ ഉള്ള ഒരു സൂക്കേടുണ്ട്... എങ്ങനെയെങ്കിലും ചിത്രത്തില്‍ ഒരു rape തിരുകി കയറ്റും... അതെ അസുഖം മേജര്‍ രവി തന്റെ രണ്ടു ചിത്രത്തിലും കാണിച്ചിരുന്നു..( ആദ്യ ചിത്രത്തില്‍ അത് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിരുന്നു... കുടുംബത്തോടെ കാണുമ്പോള്‍ തല കുനിക്കേണ്ട അവസ്ഥ..)
  ഭാഗ്യത്തിന് ഈ ചിത്രത്തില്‍ അതുണ്ടായില്ല....

  കീര്‍ത്തി ചക്രയുടെ രണ്ടാം ഭാഗമാണല്ലോ കുരുക്ഷേത്ര. ആദ്യ ചിത്രത്തില്‍ മേജര്‍ ആയ ലാല്‍ ഇപ്പൊ കേണല്‍ ആയത് മനസ്സിലാക്കാം... പക്ഷെ ആദ്യ ചിത്രത്തില്‍ ചായ കടക്കാരനായ കൊച്ചിന്‍ ഹനീഫ രണ്ടാമത്തെ പടത്തില്‍ പട്ടാളക്കാരന്‍ ആയതെങ്ങനെ?? sports quota പോലെ ചായ കട quota ഉണ്ടോ പട്ടാളത്തില്‍??

  മരിക്കുമെന്ന് ഉറപ്പുള്ള പട്ടാളക്കാരനെ പോയി കണ്ടു അയാളുടെ dead body കൊണ്ടു വരുന്ന ഭാഗം- sms ആയി എല്ലാര്‍ക്കും പണ്ടേ കിട്ടിയിട്ടുള്ള ഒരു thread ആണത്. മേജര്‍ രവിക്കും അത് കിട്ടിക്കാണും അല്ലെ ??? അസഹ്യം ആയി പോയി അത്...


  പട്ടാളത്തില്‍ മലയാളികള്‍ക്ക് 95% സംവരണം ഉണ്ടോ??? അല്ല മലയാളികളുടെ എണ്ണം കണ്ടു ചോദിച്ചതാ... ബാക്കി നാട്ടുകാര്‍ എല്ലാം മരുന്നിനും...

  ReplyDelete
 2. ഇത്രേംകൊണ്ടായിരിക്കും കേരളത്തില്‍ കുരുക്ഷേത്ര അങ്ങ് ഹിറ്റായത്...
  ഇത്രമെനെക്കെടേണ്ടായിരുന്നു പിള്ളേച്ചാ... ചുമ്മ ഒരു മമ്മു എഴുതിയ ഒര്‍കുട് റിവ്യൂ പോലെയുണ്ട് വായിച്ചാല്‍... പിന്നതിന്നൊരു കൊസ്രാംകൊള്ളിവാലും...

  മോനെ അച്ചായാ... വന്ന് വന്ന് ബ്ലോഗ്ഗിലും ഗളിക്കല്ലേ... ഞങ്ങള്‌ ലാല്‍ഫാന്‍ തന്നെകണ്ടോളാം... അച്ചായന്‍ സണ്ണീഡിയോളിന്റെ ഒക്കെ നല്ല വാര്‍ ഫിലിംസ് കണ്ടോളൂ ട്ടോ... ന്നട്ട് പറയാന്‍മറക്കരുത്... അപ്പൊ പോട്ടെ മോനെ ദിനേശാ...

  ReplyDelete
 3. ആദ്യം തന്നെ അഭിനന്ദനങ്ങള്‍... വളരെ മനോഹരമായി എഴുതിയിരിക്കുന്നു. നിരീക്ഷണങ്ങള്‍ പലതും ഗംഭീരം "കുളത്തില്‍ കല്ലിട്ട കുരുത്തംകെട്ടവനോട്‌" പറയുവാനുള്ളത്‌ ഇത്ര മാത്രം. ഫാന്‍സ്‌ എന്നാല്‍ എന്തു കോപ്രായം കാണിച്ചാലും കയ്യടിക്കാനുള്ള കൂലിപട്ടാളം ആകരുത്‌. മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍റ്റെ ശാപവുമതാണ്‌. താണ്ഡവം, പ്രജ, ഒന്നാമന്‍ തുടങ്ങിയ നാലാംകിട ചിത്രങ്ങള്‍ വരെ സൂപ്പര്‍ ഹിറ്റുകളാക്കിയ ഫാന്‍സുകാര്‍ ഈ ചിത്രത്തേ ഒരു ഹിറ്റെങ്കിലുമാക്കിയില്ലെങ്കില്‍ നാണക്കേടല്ലെ...? പിള്ളാച്ചന്‍ അവസാനം എഴുതിയ വരികള്‍ കണ്ടില്ലെ..? 10 പേരുമായി സിനിമ കണ്ട വിശേഷം.... ഹിറ്റാണെന്ന്‌ മനസ്സിലായി....

  ReplyDelete
 4. നല്ല അവലോകനം. എന്തായാലും ചിത്രം കാണണമെന്നുണ്ട്.

  ReplyDelete
 5. ഹെന്റമ്മേ! ഈ ചിത്രത്തിനെക്കുറിച്ച് ഇത്രേം എഴുതിയോ!!! മേജര്‍ രവി പോലും ഇങ്ങിനെയിതിന്റെ കഥ എഴുതിയിട്ടുണ്ടാവില്ല. :-)

  “...വണ്ണം വച്ചു ജീര്‍ണ്ണിച്ച ശരീരമുള്ള കേണലിന്‌... ” - അതെങ്ങിനെയാ വണ്ണം വെച്ചു ജീര്‍ണ്ണിക്കുന്നത്!!! :-D “ഒന്നോ രണ്ടോ മീറ്റര്‍ അങ്ങോട്ടോ ഇങ്ങോട്ടോ ഉന്നം മാറിയാലും, വെടിയേല്‍ക്കുന്ന കേണലിന്; ഒരു പോറലുപോലുമേല്‍ക്കാതെ...” എന്നോ മറ്റോ എഴുതിയാല്‍ മതിയായിരുന്നു... ;-)
  --

  ReplyDelete
 6. @ കൊസ്രാ കൊള്ളി

  വളരെയധികം നന്ദി... പിന്നെ സിനിമയല്ലെ, കഥയില്‍ ചോദ്യമില്ല...

  @ കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍

  ഫാന്‍സിനെ ഉദ്ദേശിച്ചല്ല ആസ്വാദനം എഴുതിയത്‌. കണ്ടപ്പോള്‍ തോന്നിയതു മാത്രമെ എഴുതിയിട്ടുള്ളു. താണ്ഡവം പോലും ഹിറ്റായ നമ്മുടെ നാട്ടില്‍ അതിനേക്കാള്‍ നല്ല ചിത്രമായ കുരുക്ഷേത്ര ഹിറ്റാകില്ലെ...??

  @ പ്രിയ ഉണ്ണികൃഷ്ണന്‍

  നന്ദിയുണ്ട്‌. സഞ്ചാര സാഹിത്യം വായിച്ചു. കമന്റിടാന്‍ കഴിഞ്ഞില്ല... ആശംസകള്‍ അങ്ങോട്ടും!!!

  @ Gargi

  നന്ദി...പരാക്രമം കുരുത്തം കെട്ടവനോടാണോ?

  @ ശ്രീ

  നന്ദി...

  @ Haree | ഹരീ

  എന്തു ചെയ്യാനാ... എഴുതിപ്പോയി.. ;) തുടങ്ങിയിട്ടു നിര്‍ത്താന്‍ കഴിഞ്ഞില്ല.... ആ കമന്റ്‌ കലക്കി. മോഹന്‍ലാല്‍ ക്യാപ്ടന്‍ വിജയകാന്തിനു പഠിക്കുവാണെന്നു തോന്നുന്നു...

  ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.