Monday, November 17, 2008
സരോജ (Saroja)
തമിഴില്‍ "ചെന്നൈ 600028" എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ രണ്ടാം ചിത്രമാണ്, "സരോജ". ആദ്യ ചിത്രത്തിന്റെ വിജയത്തോടെ വളരെ വലിയ പ്രതീക്ഷയോടെയാണ് ഞാനീ ചിത്രം കാണുവാനിരുന്നത്. ഒരിക്കല്‍ കൂടി കഴിവുള്ള കലാകാരനാണ് താനെന്ന് ഈ ചിത്രത്തിലൂടെ വെങ്കട്ട് പ്രഭു തെളിയിച്ചിരിക്കുന്നു. അവതരണ ശൈലികൊണ്ടും, കഥാഖ്യാന രീതികൊണ്ടും വ്യത്യസ്തമായ ഒരു ചിത്രമാണ് സരോജ. പ്രകാശ് രാജ്, ജയറാം, എസ്.പി.ചേരന്‍, വൈഭവ്, ശിവ, പ്രേംജി ഗംഗൈ അമരന്‍, വേഗ, നിഖിത എന്നിവരോടൊപ്പം, തമിഴിലെ ഒരു പിടി ടെലിവിഷന്‍ സീരിയല്‍ താരങ്ങളും ഇതില്‍ അഭിനയിച്ചിരിക്കുന്നു.
മൂന്നുദിവസത്തെ സംഭവ വികാസങ്ങളാണ് വെങ്കട് ഉദ്ദ്വേഗജനകമായ കഥയിലൂടെ പറയുന്നത്. ചിത്രം തുടങ്ങുന്നത് മൂന്ന് വ്യത്യസ്തമായ സ്ഥലങ്ങളിലാണ്. ഒറീസയിലെ ഒരു ഹൈവേയിലൂടെ ഓടുന്ന കെമിക്കല്‍ നിറച്ച ഒരു ടാങ്കര്‍ ലോറി, ഹൈദരാബാദിലെ ഒരു കോടീശ്വരനായ വിശ്വനാഥിന്റെ(പ്രകാശ് രാജ്) വീട്, ചെന്നെയിലെ കല്യാണ നിശ്ചയം നടക്കുന്ന ഒരു മണ്ഡപം. അങ്ങനെ മൂന്ന് സ്ഥലത്തേക്കാണ് ക്യാമറ നമ്മെ കൊണ്ടത്തിക്കുന്നത്. ചെന്നൈയില്‍ നിന്ന് നാലു ചെറുപ്പക്കാര്‍ ക്രിക്കറ്റ് കാണാന്‍ ഹൈദരാബാദിലേക്കു പുറപ്പെടുന്നു.ജഗപതിബാബു (എസ്.പി.ചേരന്‍),സഹോദരന്‍ റാംബാബു (വൈഭവ്), ടെലിവിഷന്‍താരമായ അജയ് രാജ് (ശിവ), ഏതുപെണ്‍കുട്ടിയെക്കണ്ടാലും പ്രണയം തോന്നുന്ന ഗണേഷ്‌കുമാര്‍(പ്രേംജി ഗംഗൈ അമരന്‍) എന്നിവരാണത്. ഇതില്‍ ജഗപതിബാബു മാത്രമാണ് വിവാഹിതന്‍. ഉത്തരവാദിത്വബോധമില്ലാത്ത ചെറുപ്പക്കാര്‍ക്കൊപ്പം കറങ്ങിനടക്കുന്നതിന് ഭാര്യയുടെ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുമ്പോഴും എല്ലാത്തിനെയും സരസമായി കണ്ട് ജീവിതത്തെ ഹൃദ്യമാക്കുന്ന സമീപനമാണ് അദ്ദേഹത്തിന്‍േറത്. ടെലിവിഷന്‍താരമെന്ന നിലയില്‍ പ്രസിദ്ധനായ അജയിന്റെ വിവാഹനിശ്ചയത്തിന്റെ പിറ്റേന്നായിരുന്നു ഈ യാത്ര.ഉല്ലാസവാന്മാരായ സുഹൃത്തുക്കളാണവര്‍. തികച്ചും സാധാരണക്കാരായ യുവാക്കള്‍.
ഹൈദരബാദിലേക്കുള്ള വഴിയില്‍ ആദ്യം കാണിക്കുന്ന കെമിക്കല്‍ ടാങ്കര്‍ അപകടത്തില്‍ പെട്ടു കിടക്കുന്നു. അതു കാരണം ഹൈവേ മുഴുവന്‍ ബ്ലോക്കാകുന്നു. മടങ്ങി പോകാമെന്ന് ജഗപതി ബാബു പറയുന്നുവെങ്കിലും അതിനു കൂട്ടാക്കാതെ, അവര്‍ വന്നവഴിയെ തിരിച്ചു പോയി, ഒരു ഷോര്‍ട്ട് കട്ടിലൂടെ ഹൈദരാബാദിനു തിരിക്കുന്നു. രാത്രി, അപരിചിതവും ആളനക്കമില്ലാത്തതുമായ വഴി. പ്രേതങ്ങളെക്കുറിച്ചായി ചര്‍ച്ച. പെട്ടെന്നൊരാള്‍ വണ്ടിയിലിടിച്ചു തെറിച്ചുവീണു. വെടിയേറ്റൊരു പോലീസുകാരനായിരുന്നു അത്. നമ്മുടെ യുവസംഘം കാണെക്കാണെ വലിയൊരു പ്രശ്‌നത്തില്‍ച്ചെന്നു പെടുകയാണ്. അതിനിടെ വിശ്വനാഥിന്റെ മകള്‍ സരോജയെ (വേഗ) ആരോ തട്ടിക്കൊണ്ടു പോകുന്നു. വിശ്വനാഥിന്റെ സുഹൃത്തായ പോലീസ് ഓഫീസര്‍ രവിചന്ദറിന്റെ (ജയറാം) സഹായത്തോടെ അവര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷേ, ഫോണ് ട്രേസ് ചെയ്യാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നു. സരോജയെ തട്ടിക്കൊണ്ടുവന്ന് ഒളിവില്‍പ്പാര്‍പ്പിച്ചിട്ടുള്ള സംഘത്തിന്റെ കേന്ദ്രത്തിലാണ് അവരെത്തിപ്പെട്ടത്. മകളെക്കണ്ടെത്താന്‍ സുഹൃത്തായ പോലീസുദ്യോഗസ്ഥനായ രവിചന്ദ്രന്റെ(ജയറാം) സഹായത്തോടെ ശ്രമിക്കുന്ന വിശ്വനാഥിന്റെ ഉല്‍ക്കണ്ഠയുടെ ദൃശ്യങ്ങള്‍ ഇതിനിടയില്‍ പലതവണ വന്നുപോകുന്നുണ്ട്. സരോജയുടെ മോചനദ്രവ്യമായി 20കോടി രൂപയാണ് സംഘത്തലവന്‍ സമ്പത്ത് (സമ്പത്ത്) ആവശ്യപ്പെടുന്നത്. ഏതു വ്യവസ്ഥയ്ക്കും വിശ്വനാഥ് തയ്യാറാണെന്നറിയുന്നതോടെ സമ്പത്തിന്റെ ആഹ്ലാദം പതഞ്ഞുയരുന്നു. കാമുകി കല്യാണിയുമൊത്ത് (നികിത) നൃത്തമാടിക്കൊണ്ടാണ് അയാളത് ആഘോഷിക്കുന്നത്. ഈയിടത്തേക്കാണ് നമ്മുടെ ചെറുപ്പക്കാരെത്തി സരോജയെ മോചിപ്പിക്കുന്നത്.
ബുദ്ധിപൂര്‍വമുള്ള നീക്കങ്ങളിലൂടെ അവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് സിനിമയെ ഉദ്വേഗഭരിതമാക്കുന്നത്. ചെറുപ്പക്കാരുടെ സംഘം തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ കേന്ദ്രത്തിലെത്തുന്നതുമുതലാണ് സിനിമയിലെ പ്രധാനഘട്ടങ്ങള്‍. അതു മുഴുവന്‍ രാത്രിയിലാണ്. ശക്തിശരവണന്റെ ക്യാമറ ഈ ഘട്ടത്തില്‍ നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല. രാത്രിയുടെ ഇരുട്ടും പ്രദേശത്തിന്റെ നിഗൂഢതയും ഒട്ടും ചോര്‍ന്നു പോകാതെ സംഭവങ്ങളൊപ്പിയെടുക്കുന്നു അദ്ദേഹത്തിന്റെ ക്യാമറ. അവസാനമുഹൂര്‍ത്തത്തില്‍പ്പോലും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു സംവിധായകന്‍. അത് തികച്ചും വിശ്വസനീയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നതാണ് പ്രധാനം. പ്രകാശ് രാജും യുവതാരങ്ങളും സരോജയായി അഭിനയിച്ചിരിക്കുന്ന വേഗയും മികച്ച നിലവാരത്തിലുള്ള പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്. ജയറാമിന്റെ പ്രകടനം എടുത്തു പറയത്തക്ക ഒന്നാണ്. ഇത്തരം ഒരു റോള്‍ സ്വീകരിച്ച്, അതിന്റെ ഭംഗിയാക്കിയിരിക്കുന്നതിന് ജയറാം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സംഗീതത്തിന് അമിത പ്രാധാന്യം ഇല്ലെങ്കിലും യുവന്‍ ശങ്കര്‍ രാജാ തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ശക്തി ശരവണന്റെ ഛായാഗ്രഹണവും മികവാര്‍ന്നതാണ്. സിനിമ തുടങ്ങുന്ന നിമിഷം മുതല്‍ പ്രേക്ഷകരെ കൂടെക്കൊണ്ടുപോകാന്‍ സംവിധായകനു കഴിയുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന ജിജ്ഞാസ അവസാനസെക്കന്‍ഡുവരെയും നിലനില്‍ക്കുന്നതിനാല്‍, സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം ബാക്കിയാകുന്നു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാത്തൊരു കഥയായി ഈ സിനിമ മാറുന്നത് പകുതിയോളം സമയം കഴിയുമ്പോഴാണ്. എന്നാല്‍, തുടങ്ങുന്ന ദൃശ്യത്തില്‍ത്തന്നെ അപ്രതീക്ഷിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് നമുക്കനുഭവപ്പെടുന്നത്. ഓരോ കഥാപാത്രത്തിന്റെയും അവതരണം,സംഭവങ്ങളുടെ കാലാനുക്രമമായ വികാസം, ആകസ്മികമായ പരിണാമങ്ങള്‍ എന്നിവയൊക്കെ ഇതുവരെ കാണാത്തൊരുതരം പുതുമയോടെയും വ്യക്തതയോടെയും ആവിഷ്‌കരിച്ചിരിക്കുന്നു. വളരെ സാവകാശത്തോടു കൂടിയാണ് സംവിധായകന്‍ ഈ കഥ പറഞ്ഞുതുടങ്ങുന്നത്. ഓരോ സെക്കന്‍ഡിനെയും സൂക്ഷ്മമായി പിന്തുടരാനാണ് സംവിധായകന്റെ സംവിധായകന്‍ ശ്രമിക്കുന്നത് എന്നു തോന്നും. തുടക്കത്തില്‍ ലളിതവും സമാധാനപരവുമായിത്തോന്നുന്ന സംഭവങ്ങള്‍ പോകെപ്പോകെ സങ്കീര്‍ണവും സംഘര്‍ഷഭരിതവും ഉദ്വേഗപൂര്‍ണവുമാകുന്നു. അത്തരത്തിലുള്ള മാറ്റത്തിനുചേരും മട്ടില്‍ ആഖ്യാനവും ഗതിവേഗമാര്‍ജിക്കുന്നു. ആകസ്മികമായി വരുന്ന അപകടങ്ങളെ അതിജീവനത്തിനുള്ള സ്വാഭാവികചോദനയുടെ മാത്രം ബലത്തില്‍ എതിരിടുന്ന യുവാക്കളുടെ പക്ഷത്ത് നാം നിലയുറപ്പിക്കുന്നത് സ്വാഭാവികം. എന്നാല്‍ വില്ലന്‍പക്ഷത്ത് അണിനിരക്കുന്ന ചിലരിലും നന്മയുടെ അംശങ്ങളുണ്ടെന്ന് സംവിധായകന്‍ രേഖപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍സംഘത്തിന്റെ തലവനായ സമ്പത്തിന് കല്യാണിയോടുള്ള പ്രണയം ഈ കുഴപ്പങ്ങള്‍ക്കൊക്കെയിടയിലും നമ്മുടെയുള്ളിലൊരു ചലനം സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. എല്ലാ കഥാപാത്രങ്ങളെയും അവരവരുടെ പക്ഷത്തുനിന്നു നോക്കിക്കാണുകയും മനുഷ്യസഹജമായ പ്രത്യേകതകളോടെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ വിജയിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ വ്യക്തിത്വമുള്ള വില്ലന്മാര്‍ സൃഷ്ടിക്കപ്പെട്ടത്.
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
ചിത്രം കാണാനൊത്തിട്ടില്ല,കാണണം.
ReplyDeleteതമിഴ് സിനിമ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോവുകയാണെന്നുതോന്നുന്നു.