Friday, February 6, 2015

ലാലിസം വിവാദമാകുമ്പോൾ..


35 ആം ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് കൊടിയേറിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് മാത്രമല്ല, ഒരു പിടി വിവാദങ്ങൾക്ക് കൂടിയാണ് അതിനൊപ്പം തുടക്കം കുറിച്ചത്. മാസങ്ങൾക്ക് മുന്നേ തന്നെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ സംഘാടകർ ഒരുക്കിയ ഉദ്ഘാടന പരിപാടിയിലെ കല്ലുകടിയായിരുന്നു ലാലിസം. മാസങ്ങൾക്ക് മുന്നേ തന്നെ മോഹൻ ലാൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങുന്നുവെന്നും സംഗീത സംവിധായകൻ രതീഷ്‌ വേഗയുമായി സഹകരിച്ചാണ് ഇത്തരം ഒരു സംരംഭത്തിനു തുടക്കം കുറിക്കുന്നതെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലാലിസം എന്ന് പേരുള്ള ഈ ബാൻഡിന്റെ ആദ്യ പെർഫോർമൻസ് നടക്കും എന്ന വാർത്ത പുറത്ത് വന്നപ്പോൾ, വാനോളം പ്രതീക്ഷകളായിരുന്നു മോഹൻലാലിന്റെ ആരാധകർക്ക്. എന്നാൽ ഉദ്ഘാടന ദിവസം എല്ലാം കൈവിട്ടു പോകുന്ന ഒരു കാഴച്ചയാണ് നാമെല്ലാം കണ്ടത്. വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും, പലവുരു പിഴവുകൾ കൊണ്ട് റെക്കോർഡ് ചെയ്ത പാട്ടുകൾക്ക് ചുണ്ടനക്കുക എന്ന അധര വ്യായാമം മാത്രമായിരുന്നു അവരുടെ പ്രകടനം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പരിപാടി തീരുന്നതിനു മുന്നേ തന്നെ കാണികൾ ഒഴിഞ്ഞു പോയതും ആ പരിപാടിയുടെ ശോഭ കെടുത്തി. ഈ പ്രോഗ്രാമിന്റെ പരാജയം സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് കളമൊരുക്കുകയാണ് ചെയ്തത്. കെട്ടടങ്ങി എന്ന് കരുതിയ 2 കോടിയുടെ വിവാദം ഉടൻ തന്നെ തലപൊക്കുകയും ലാലിസത്തെ തലനാരിഴ കീറി വിശകലം ചെയ്ത് വിമർശനത്തിന്റെ പരകോടിയിൽ നിൽക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് പിന്നീട് നാം കണ്ടത്. സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ ലാലിസം ബാൻഡ് പിരിച്ചു വിട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രതീഷ്‌ വേഗ അത് നിഷേധിച്ചു കൊണ്ട് കടന്നു വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ തന്നെ കലാ-സാംസ്കാരിക രംഗത്ത് കാര്യമായ ഒരു ചർച്ച പരസ്യമായി ഉണ്ടായില്ല എന്ന് തന്നെ പറയാം, എന്നാൽ പാലക്കാട് ശ്രീറാം ലാലിസത്തെ വിമർശിച്ച് മുന്നോട്ട് വന്നതോടെ, പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു തുടങ്ങി. രാഷ്ട്രീയക്കാരും അതിലേക്ക് കടന്നതോടെ വിമർശങ്ങൾ ചെറിയ തോതിലെങ്കിലും വ്യക്തിഹത്യയിലേക്ക് നീങ്ങി.

ഇതെഴുതുന്ന അവസരത്തിൽ മോഹൻലാൽ പണം തിരികെ നൽകാമെന്ന് സർക്കാരിനെ അറിയിക്കുകയും, അത് തിരിച്ചു വാങ്ങാൻ കഴിയില്ല എന്ന് സർക്കാർ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. ഈ വിവാദത്തിന്റെ ഭാവി എന്ത് എന്ന് പ്രവചിക്കാൻ കഴിയില്ല. ഒരു പക്ഷേ ഒരു വിവാദത്തിനപ്പുറം നമ്മളോ, സോഷ്യൽ മീഡിയയോ, മാധ്യമങ്ങളോ ചർച്ച ചെയ്യപ്പെടാതെ  പോയ കുറെ അധികം വശങ്ങൾ ഇതിനുണ്ടായിട്ടുണ്ട്. ഒരു ന്യൂനപക്ഷമെങ്കിലും അത് ഉയർത്തി കൊണ്ടു വരുവാൻ ശ്രമിച്ചിരുന്നെങ്കിലും പ്രസ്താവനകളുടെയും ചെളിവാരിയെറിയലിന്റെയും കുത്തൊഴുക്കിൽ അതാരും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് വേണം കരുതാൻ. അതിലേക്ക് വിരൽ ചൂണ്ടുവാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

ലാലിസം പാളിയതെവിടെ?
ലാലിസം എന്ന ബാൻഡിനു രണ്ടു കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ആദ്യം പ്രതിഷേധവുമായി എത്തിയത് സംവിധായകൻ വിനയനായിരുന്നു. സൂപ്പർ താരങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോപണം പ്രത്യക്ഷത്തിൽ സത്യവുമായിരുന്നു. ദേശീയ ഗെയിംസിന്റെ പ്രചരണ പരിപാടികളിൽ സച്ചിൻ ടെണ്ടൂൽക്കർ പ്രതിഫലം വാങ്ങാതെ പങ്കെടുക്കുമ്പോൾ ലാൽ 2 കോടി വാങ്ങുന്നതിലെ അനൗചിത്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആ വിമർശനത്തിലെ യുക്തി നമുക്ക് മനസ്സിലാക്കാമെങ്കിലും, ലാൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ പല ഗായകരും അതിൽ പങ്കെടുക്കുന്നുവെന്നും അവരുടെ പ്രതിഫലവുംപരിപാടിയുടെ തയ്യാറെടുപ്പുകൾക്കുമായാണ് രണ്ടു കോടിയെന്നും വിശദീകരണം വന്നപ്പോൾ, അത് പൊതുവെ സ്വീകാര്യമാകുന്ന ഒന്നായി. ഒരാഴ്ചയിലധികം നീണ്ട റിഹേഴ്സലിനൊടുവിൽ ലാലിസം തട്ടിൽ കയറിയപ്പോൾ അമ്പേ പാളി എന്ന് പറയാം. പ്രഗത്ഭാരായ പലരും പിന്നണിയിൽ പ്രവർത്തിച്ചുവെങ്കിലും അവതരണത്തിൽ ഒരു തരത്തിലും പുതുമ പകരുവാൻ പരിപാടിക്ക് കഴിഞ്ഞില്ല. മുന്നേ തന്നെ റെക്കോർഡ് ചെയ്ത പാട്ടുകൾ, പോസിറ്റീവ് ട്രാക്കിട്ട് പ്ലേ ചെയ്ത ശേഷം വരികൾക്കനുസരിച്ച് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. പരിശീലത്തിന്റെ കുറവ് കൊണ്ടോ അതോ ആസൂത്രണത്തിലെ പിഴവ് കൊണ്ടോ, ലിപ് സിങ്കിങ്ങ് ഗാനപരിപാടി ഗംഭീരമായി തന്നെ പാളി. പലപ്പോഴും പാട്ട് തുടങ്ങിട്ടും അതൊന്നുമറിയാതെ നിൽക്കുന്ന മോഹൻലാലിനെയും, മറ്റ് ചില അവസരങ്ങളിൽ പാട്ട് തീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്ന മോഹൻലാലിനെയും നാം കണ്ടു. ലാലിസത്തിന്റെ ഭാഗമായി പങ്കെടുത്ത മറ്റ് ഗായകർക്കാവട്ടെ കാര്യമായ റോൾ ഒന്നും ഉണ്ടായിരുന്നില്ല. പേരിനു മാത്രമായി ഒന്നോ രണ്ടോ പാട്ടുകൾ പാടി, ചുണ്ടനക്കൽ പരിപാടിയിൽ തങ്ങൾക്കുള്ള റോൾ ഭംഗിയായി നിർവഹിച്ചു. ഒരു ബാൻഡിന്റെ പ്രകടനം കാണാനെത്തിയവർക്ക് റെക്കോർഡ് ചെയ്ത് വേദിയിൽ അവതരിപ്പിച്ച ഒരു ബാലെ പോലെയായിരുന്നു ലാലിസം. വമ്പിച്ച ജനാവലിക്ക് മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങിയ പരിപാടി തീരാറായപ്പോഴേക്കും കാണികൾ ഭൂരിഭാഗവും കൊഴിഞ്ഞു പോയ അവസ്ഥയിലുമായിരുന്നു. വളരെ ഗംഭീരമായി തുടക്കം കുറിക്കേണ്ട ഒരു ബാൻഡ്, ഒന്നുമല്ലാതെ അവസാനിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.



കലയുടെ മൂല്യമെന്ത്?
'കലയ്ക്ക് നമുക്കൊരു വിലയിടാനാവില്ല' എന്ന് നമ്മുടെ കായിക മന്ത്രി പറയുകയുണ്ടായി. ലാലിസമെന്ന ബാൻഡിനു 2 കോടി രൂപ പ്രതിഫലമായി നൽകുന്നു എന്ന വിവാദം പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി പറഞ്ഞത് വലിയൊരു തത്വമാണെങ്കിലും ഈ കാലഘട്ടത്തിൽ എല്ലാത്തിനും ഒരു വില നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഒരു സിനിമ കാണണമെങ്കിൽ അതിനൊരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്ന നടീ-നടന്മാർക്ക്, അതിലെ അണിയറ പ്രവർത്തകർക്ക് എല്ലാം ഒരു പ്രതിഫലം നിശ്ചയിചിട്ടുണ്ട്. അത് പോലെ തന്നെയാണ് ഒരു ഒരു ബാൻഡും അവരുടെ സമയത്തിന്, അവരുടെ പ്രകടനത്തിന് ഒരു മൂല്യം അവർ തന്നെ നിർണ്ണയിക്കുകയും സംഘാടകർ അത് നൽകുവാൻ ബാധ്യസ്ഥരാകുകയും ചെയ്യും. ലാലിസത്തിനു 2 കോടി എന്നത് മോഹൻലാൽ അദ്ദേഹത്തിന്റെ സമയത്തിനും പ്രതിഭയുടെ മൂല്യത്തിനുമിട്ട വിലയാകാം. ഗെയിംസിന്റെ സംഘാടകർ അദ്ദേഹവുമായി പറഞ്ഞുറപ്പിച്ച തുകയാണത്. ഇനി ഗെയിംസ് സംഘാടകർ മറ്റു ചില കലാകാരന്മാർക്ക് നൽകിയ തുക നമുക്കൊന്ന് പരിശോധിക്കാം. മട്ടന്നൂർ ശങ്കരങ്കുട്ടി ആശാനും അദ്ദേഹത്തിന്റെ നൂറോളം വരുന്ന വാദ്യമേളക്കാർക്കും പ്രതിഫലമായി നൽകിയത് 5.5 ലക്ഷം രൂപയാണ്. പോണ്ടിച്ചേരിയിൽ നിന്നുള്ള തവിൽ വാദ്യ വിദഗ്ദ്ധനായ കരുണാമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനു പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് 2.10 ലക്ഷം രൂപ മാത്രമാണ്. ശോഭനയുടെ നൃത്തസംഘത്തിനും (40 പേർ) ഓർക്കസ്ട്രക്കുമായി നിശ്ചയിക്കപ്പെട്ട പ്രതിഫലം 25 ലക്ഷം രൂപ. കുഞ്ഞാലിമരയ്ക്കാർ എന്ന പരിപാടിക്കായി സംഗീതമൊരുക്കിയ സംഗീത സംവിധായകൻ ശരത്തിന്റെ പ്രതിഫലം, എല്ലാ ചിലവുകളുമടക്കം 12 ലക്ഷം രൂപ.  സംഘാടന സമിതിയിൽ കോഴിക്കോട് അംഗമായിരുന്ന ഗായകൻ വി.ടി മുരളിക്ക്‌ കോഴിക്കോടിന്റെ പാരമ്പര്യം നിറയുന്ന സംഗീത പരിപാടി അവതരിപ്പിക്കുവാൻ അനുവദിച്ച തുക വെറും 20000 രൂപ മാത്രം. കലയ്ക്ക്‌ മൂല്യം നിശ്ചയിക്കാനാവില്ല എന്ന തത്വം പറയാമെങ്കിലും മോഹൻലാലിന്റെ പ്രൊഫഷണൽ പോലുമല്ലാത്ത ബാൻഡിനു, അതും ആദ്യമായി തട്ടിൽ കയറുന്ന ബാൻഡിനു 1.8 കോടി രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടപ്പോൾ മറ്റുള്ള കലാകാരന്മാർക്ക് പ്രതിഫലമായി നൽകിയത് തുലോം തുച്ഛമായ സംഖ്യയാണെന്ന് പറയാതെ വയ്യ. കലാ സാംസ്കാരിക രംഗത്ത് നിന്നും പ്രതിഷേധവുമായി മുന്നിട്ടു വന്നവർ ഉയർത്തിയ പ്രധാന വാദഗതി ഈ പ്രതിഫലത്തിലെ വൈരുധ്യമാണ്.  ലാലിസത്തിനു പ്രതിഫലം നിശ്ചയിക്കുന്ന അവസരത്തിൽ അത് മോഹൻലാലും ബാൻഡിന്റെ ഭാഗമായ മറ്റു ചില ഗായകരും മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. പ്രതിഫലത്തെ ചൊല്ലി വിവാദമുയർന്നപ്പോഴാണ് ഹരിഹരൻ, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത തുടങ്ങിയ ഗായകരെ ഇതിൽ ഉൾപ്പെടുത്തിയത്. അവർക്ക് നാമമാത്രമായ ഗാനങ്ങൾ നൽകി, ഭൂരിഭാഗം പാട്ടുകളും പാടിയത് ലാൽ തന്നെയായിരുന്നു. അതിൽ പങ്കെടുത്ത വിവിധ ഗായകർക്കും അവർക്കുള്ള മറ്റു സൗകര്യങ്ങൾക്കുമായി 2 കോടി രൂപ ആവശ്യമായി വരും എന്ന് പറഞ്ഞത്തിലെ യുക്തിരാഹിത്യം അവരുടെ പ്രകടനത്തിൽ നിന്ന് തന്നെ വെളിവായി എന്ന് വേണം കരുതാൻ. ഒരു നടന്റെ ബാൻഡിനെ ലോഞ്ച് ചെയ്യാൻ പൊതുജനങ്ങളുടെ പണം മുടക്കി അവസരം ഉണ്ടാക്കണമായിരുന്നോ എന്നൊരു ചോദ്യം കൂടി അവിടെ അവശേഷിപ്പിക്കുന്നു ഈ വിവാദങ്ങൾ.




ലാലിസത്തെ പ്രതിരോധിച്ചാൽ...
ഏകദേശം 27 വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിൽ എത്തുന്നത്.  അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പഴി കേൾക്കുന്ന അവസരത്തിലാണ് സംഘാടകർ ലാലിസത്തെ ഉദ്ഘാടനത്തിലേക്ക് കൊണ്ടു വരുന്നത്. എ ആർ രഹ്മാനെയായിരുന്നു അവർ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാൻ വയ്യത്തതിനാൽ മോഹൻലാലിനോട് ഇതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലാലിസം എന്ന ബാൻഡിനെ കുറിച്ചുള്ള  വാർത്തകൾ പുറത്ത് വന്നിട്ട് കുറച്ചു നാളുകൾ ആയി എങ്കിലും ഈ ഒരു പ്രോഗ്രാമിന് വേണ്ടിയാകണം ആദ്യമായി അവർ റിഹേഴ്സൽ ചെയ്തിട്ടുണ്ടാകുക. കുറഞ്ഞ സമയത്തിൽ തട്ടിക്കൂട്ടിയെടുത്ത ഒരു പ്രോഗ്രാം തന്നെയാണിത് എന്ന് വ്യക്തം. ഇന്നത്തെ പല ഗാനമേളകളും പോലെ പാട്ടുകൾ റെക്കോർഡ് ചെയ്ത്, സ്റ്റേജിൽ പോസ്റ്റീവ് ട്രാക്ക് തന്നെ പ്ലേ ചെയ്ത് ചുണ്ടനക്കുക എന്ന വഴി തന്നെയാണ് അവരും സ്വീകരിച്ചത്. പലപ്പോഴും കാണികൾ അറിയുന്നില്ലെങ്കിലും, കേരളത്തിലെ ഒട്ടുമിക്ക ഗായകരും അവലംബിക്കുന്ന ഒരു രീതിയാണിത്. അവർക്കതിൽ വിജയിക്കാൻ കഴിയുന്നു എന്നിടത്താണ് ഗാനമേളയുടെ വിജയം. പഴയകാലത്ത് ഓർക്കസ്ട്രയുടെ അഭാവത്തിൽ, ഗാനമേളകളിൽ മൈനസ് ട്രാക്കിട്ട് പാട്ടുകൾ പാടിയിരുന്നു. ഇന്നത് സാങ്കേതികത വളർന്നതിനാൽ പോസിറ്റീവ് ട്രാക്ക് തന്നെ ഇട്ട് അധരവ്യായാമം നടത്തുന്ന പ്രവണതയാണ് കൂടുതലും. പല റിയാലിറ്റി ഷോകളിൽ വരെ ഇത് സംഭവിക്കുന്നു എന്ന് പാലക്കാട് ശ്രീറാം വെളുപ്പെടുത്തിയത് നമുക്ക് മുന്നിൽ നിൽക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിയത്തിലെ പിഴവുകളാണ് ഈ പരിപാടി പരാജയപ്പെടാനുള്ള കാരണം എന്നാണ് ഞാൻ കരുതുന്നത്. തന്റെ ബാൻഡിന്റെ ആദ്യ പെർഫോർമൻസിനു അദ്ദേഹം തിരഞ്ഞെടുത്ത വേദി തെറ്റായി പോയി എന്ന് തോന്നുന്നു. ഇതൊരു പൊതു പരിപാടിയായിരുന്നു, അത്തരം ഒരു വേദി തന്റെ ബാൻഡ് തുടക്കം കുറിക്കാൻ അനുയോജ്യമാണോ എന്നൊരു സംശയമുണ്ട്, പ്രത്യേകിച്ചും ആസൂത്രണത്തിലും ആവിഷ്കാരത്തിലും പല തരം ന്യൂനതകളെ മറികടന്നാണ് തങ്ങൾ ഈ പരിപാടി അവതരിപ്പിച്ചത് എന്ന് രതീഷ്‌ വേഗ തന്നെ സമ്മതിക്കുമ്പോൾ. അവർക്ക് 100 ശതമാനം സ്വാതന്ത്ര്യത്തോടെ ആസൂത്രണം നടത്തി കൂടുതൽ ആത്മവിശ്വാസത്തോടെ നടത്താൻ കഴിയുന്ന ഒരു വേദി, അതായിരുന്നു ഉചിതമായ ഒരു വേദി. ആ തിരഞ്ഞെടുപ്പിലെ വീഴ്ചയും ആ പരാജയത്തിന്റെ ആക്കം കൂട്ടി എന്ന് നിസ്സംശയം പറയാം.

ലാലിസമായിരുന്നോ ഉചിതം?
ബാൻഡുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു നാടാണ് കേരളം. അവിയൽ, തൈക്കുടം ബ്രിഡ്ജ്, ആഗം, മദർ ജെയിൻ തുടങ്ങി ജനപ്രീതി ആർജ്ജിച്ച ഒട്ടേറെ ബാൻഡുകൾ നമുക്കുണ്ട്. പല വേദികളിലായി നിരവധി ലൈവ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത ബാൻഡുകളാണവ.  ഒരു പക്ഷേ അവർക്ക് ലഭിക്കേണ്ടിയിരുന്ന ഒരു അവസരമായിരുന്നു ലാലിസത്തിനു ലഭിച്ചത് എന്ന് കൂടി പറയാം. മോഹൻലാൽ എന്ന നടന്റെ താരമൂല്യം കൊണ്ടാകാം ലാലിസത്തിനു നറുക്ക് വീണത്, പക്ഷേ ഇതിനേക്കാൾ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കുവാൻ ആ ബാൻഡുകൾക്ക് കഴിയുമായിരുന്നു എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു.  ദേശീയ ഗെയിംസ് ആയതിനാൽ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമം സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. തനി കേരളീയമായ പരിപാടികൾ മാത്രമാണുണ്ടായിരുന്നത് എന്ന വിമർശനവും ഉയർന്നു കേൾക്കുന്നു.

മോഹൻലാൽ ഒരു മികച്ച നടൻ, പക്ഷേ ബാൻഡ്...?
കഴിഞ്ഞ 36 വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന വൈഭവം അതാണ്‌ മോഹൻലാൽ. പല പല വേഷങ്ങളിൽ, ഭാവങ്ങളിൽ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും ഒക്കെ ചെയ്ത നടൻ. രണ്ട് ദേശീയ പുരസ്കാരം, ഒട്ടനവധി സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, അദ്ദേഹത്തെ തേടിയെത്താത്ത ആദരങ്ങൾ ചുരുക്കം. ഒരു നടൻ എന്ന നിലയിൽ മലയാളികൾ അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ചില സിനിമകളിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ലാലിസത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ രതീഷ്‌ വേഗ ഈണം പകർന്ന ആറ്റുമണൽ പായയിൽ എന്ന ഗാനം കൊച്ചു കുട്ടികൾ വരെ ഏറ്റുപാടിയതുമാണ്. പക്ഷേ ഒരു പ്രൊഫഷണൽ ബാൻഡ് തുടങ്ങുക, അതിലെ പ്രധാന ഗായകനായി താൻ തന്നെ മാറുക എന്നത് എത്രത്തോളം യുക്തിപരമായ തീരുമാനമാണെന്ന് ഇപ്പോഴെങ്കിലും അദ്ദേഹം ചിന്തിക്കുന്നുവെങ്കിൽ നല്ലത് എന്ന് ഞാൻ കരുതുന്നു. ആ ബാൻഡിനു ലാലിസം എന്ന പേരിട്ടത് തന്നെ ആത്മരതിപരമായ ഒരു മനോഭാവത്തിന്റെ ദൃഷ്ടാന്തമായി വേണം കരുതാൻ. സംഗീതത്തെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല, എന്നിരുന്നാലും ഒരു സിനിമക്ക് വേണ്ടി, സംഗീത സംവിധായകന്റെ നിർദ്ദേശത്തിൽ മ്യൂസിക് കണ്‍സോളിൽ നിന്ന് പാടുന്നതു പോലെയല്ല ഒരു വേദിയിൽ ലൈവായി പാടുന്നത്. കൊടികെട്ടിയ ഗായകർ വരെ സമ്മതിച്ചു തരുന്ന ലളിതമായൊരു സത്യമാണത്. പണ്ടത്തെ പോലെ ഓർക്കസ്ട്രക്കൊപ്പം ലൈവ് പാടി പാട്ടുകൾ റിക്കോർഡ് ചെയ്യുന്ന സംവിധാനം മണ്‍മറഞ്ഞിട്ട് വർഷങ്ങളാകുന്നു. കണ്‍സോളിൽ ഗാനത്തിന്റെ ഒരോ ഭാഗങ്ങളും പഞ്ച് ചെയ്തെടുത്ത് മിക്സ്‌ ചെയ്താണ് നാമിന്നു കേൾക്കുന്ന ഗാനങ്ങൾ നമുക്ക് മുന്നിൽ എത്തുന്നത്. ഫാൻസിനു ദഹിക്കുമെങ്കിലും സംഗീത പ്രേമികളെ ആനന്ദിപ്പിക്കുന്ന ഒന്നല്ല അദ്ദേഹത്തിന്റെ ഗാനങ്ങൾ. അത് കൊണ്ടു തന്നെ മോഹൻലാൽ ഒരു ബാൻഡ് തുടങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയ ആശങ്കയും അത് തന്നെയായിരുന്നു.

വിമർശനങ്ങൾക്കു പിന്നിൽ...
ലാലിസത്തിന്റെ ആദ്യ പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തി എന്നത് സത്യം. ആരാധകരെ വരെ മുഷിപ്പിച്ചു അതെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കലാ സാംസ്കാരിക രംഗത്തുള്ളവർ ഈ വിവാദത്തിലേക്ക് കടക്കാതെ മാറി നിന്നപ്പോൾ, ഗായകൻ വി ടി മുരളിയും പാലക്കാട് ശ്രീരാമുമാണ് വിമർശനങ്ങളുമായി ആദ്യം കടന്നു വന്നത്. പക്ഷേ ആ ഊർജ്ജം സംഭരിച്ച് മോഹൻലാലിനെതിരെ ആഞ്ഞടിച്ചത് ചില രാഷ്ട്രീയക്കാരായിരുന്നു. ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ചാനൽ ചർച്ചയിലും മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ അമ്പെയ്യുന്നത് നമ്മൾ കണ്ടതാണ്. ലാലിസത്തിന് മാത്രമല്ല, അതിനു മുന്നേ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ അനുസ്മരണ പരിപാടിക്കും നിലവാരമില്ലയിരുന്നുവെന്നും ചിലർ ചാനൽ ചർച്ചയിൽ വാശിയോടെ വാദിക്കുന്നത് കണ്ടു. ഭരണ പക്ഷത്ത് നിന്നവർ മന്ത്രിമാരെയും സംഘാടകരേയും സംരക്ഷിച്ചു കൊണ്ട് മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുവാനാണ് ശ്രമിച്ചത്. പ്രതിപക്ഷമോ കിട്ടിയ അവസരം മുതലാക്കി രാഷ്ട്രീയമായ വിരോധം തീർക്കുകയാണ് ചെയ്തത്. പക്ഷേ ഇതിലെല്ലാം അന്തർലീനമായ ഒരു വസ്തുത ലാലിസത്തിന്റെ പേരിൽ അദ്ദേഹത്തെ താറടിക്കുന്നുവെങ്കിലും, യഥാർഥ കാരണം മറ്റൊന്നാണെന്നതാണ്. ദി കംപ്ലീറ്റ്‌ ആക്ടർ എന്ന സൈറ്റിലെ ബ്ലോഗിലൂടെ മോഹൻലാൽ സ്ഥിരമായി ആരാധകരുമായി സംവദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ വാക്കുകൾ പലതും കുത്തി നോവിച്ചത് ഇവിടെ വികസനത്തിന്റെ സാരഥികളായി സ്വയം വാഴ്ത്തുകയും എന്നാൽ നാടിനു വേണ്ടി കാര്യമായൊന്നും ചെയ്യാതെ അധികാര ദുർവിനയോഗം ചെയ്യുന്ന ചില രാഷ്ട്രീയക്കാരെയാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ മൂർച്ഛ കൊണ്ട് അദ്ദേഹത്തിന്റെ ബ്ലോഗുകൾ പലതും ചർച്ചയായിരുന്നു.  അദ്ദേഹം ഫോർ എ ബെറ്റർ ടുമോറോ എന്ന തലക്കെട്ടിൽ അന്റാർട്ടിക്കയിൽ നിന്നുമെഴുതിയ ലേഖനം അവയിലൊന്നായിരുന്നു. മാധ്യമങ്ങളും നവ മാധ്യമങ്ങളും അത് ഉയർത്തിക്കാട്ടി നമ്മുടെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞ വാക്കുകളെ പ്രകീർത്തിച്ചെഴുതിയ ബ്ലോഗും രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു എന്ന് കണ്ടതാണ്. തനിക്ക് വിവിധ സ്ഥാനമാനങ്ങൾ നേടാനായി മോഹൻലാൽ എന്ന 'നായർ' നടത്തുന്ന പ്രീണനമാണത് എന്ന് ഒരു യുവ എം എൽ എ തന്റെ ഫേസ്ബുക്കിൽ കുറിച്ചതും നാം കണ്ടു. ഇങ്ങനെ പലതരത്തിൽ അഭിമാനം വൃണപ്പെട്ട് നിന്നവർ ഒരവസരം കിട്ടിയപ്പോൾ ഒന്നിച്ചൊന്നായി വളഞ്ഞിട്ട് ലാലിനെ ആക്രമിക്കുവാൻ കിട്ടിയ സമയം നന്നായി ഉപയോഗപ്പെടുത്തി എന്ന് വേണം കരുതാൻ. സർക്കാരിന്റെ പണം മോഹൻലാൽ അടിച്ചു മാറ്റി എന്നൊരു വികാരം സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അത് വഴി ഇനി ലാലിന്റെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന വിമർശനങ്ങളെ ഒരു മറുവാദത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന ഒരു തന്ത്രം. സന്ദേശം സിനിമയിൽ ശങ്കരാടി ഉപദേശിക്കുന്ന അതേ രാഷ്ട്രീയ കുബുദ്ധി. ഈ ആരോപണങ്ങൾ അദ്ദേഹത്തെ സ്പർശിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത്തരം ആരോപണങ്ങൾ അദ്ദേഹത്തെ നോവിച്ചിട്ടുണ്ടാകാം. തനിക്ക് ചിലവായ പണം ഒരു ചെക്കിലൂടെ മടക്കി നൽകി ആ ഉദ്യമത്തെ മുളയിലെ നുള്ളിയിരിക്കുകയാണ് മോഹൻലാൽ. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയിട്ടും കോഴ വാങ്ങിയിട്ടും ഒരുളുപ്പുമില്ലാതെ മന്ത്രിക്കസേരയിലിരുന്ന് നമ്മെ ഭരിക്കുന്ന അഴിമതി വീരന്മാരുടെയും ചാനലുകളിൽ വന്നിരുന്ന് ലാലിസത്തെ കുറിച്ച് ഘോരഘോരം പ്രസ്ഥാവനകൾ നടത്തിയ അവരുടെ ഇറാൻമൂളികളുടേയും മുഖത്തേക്കാണ് താങ്കൾ ആ പണം പിച്ചക്കാശു പോലെ എറിഞ്ഞു കൊടുത്തത്. ആ ആർജ്ജവത്തെ,  അഭിനന്ദിക്കാതെ വയ്യ. അതിനൊരു സല്യൂട്ട്.

സോഷ്യൽ മീഡിയയിൽ തിളങ്ങിയ ലോലിസം
എന്തിനും ഏതിനും അഭിപ്രായം പ്രകടിപ്പിക്കുവാൻ നമുക്ക് ലഭിച്ച ഒരു വേദിയാണ് നവമാധ്യമങ്ങൾ. ഇത്തരം ഒരു വേദിയുടെ അഭാവത്തിൽ, കാമ്പസുകളിൽ ഈ ആശയങ്ങൾ പരസ്പരം പങ്കു വച്ചിരുന്ന ഒരു യുവ തലമുറ നമുക്കുണ്ടായിരുന്നു. എന്നാൽ നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ 'വിർച്വൽ' ആയെങ്കിലും പ്രതികരിക്കുവാൻ ആളുകൾക്ക് കഴിയുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അഭിപ്രായ പ്രകടനങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം വ്യക്തിഹത്യയിലേക്കും ശബ്ദതാരവലിയിൽ പോലുമില്ലാത്ത പദങ്ങളിലൂടെ ആളുകളെ, പ്രത്യേകിച്ചും  സെലിബ്രിട്ടികളേയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യൂന്ന ഒരു പ്രവണത നാം കണ്ടിട്ടുണ്ട്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവക്കു ലഭിച്ച പ്രതികരണവും മോഹൻലാലിന്റെ സൈറ്റ് ഹാക്ക് ചെയ്തതിനെ തുടർന്ന് പാക്കിസ്ഥാൻ ആർമിയുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ കോലാഹലങ്ങളുമെല്ലാം നാം കണ്ടതാണ്. ലാലിസത്തെയും നവമാധ്യമങ്ങൾ വെറുതെ വിട്ടില്ല എന്ന് പറയാം. ലാലിസം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതൽ ഫേസ്ബുക്കിലും ട്വിറ്റരിലും അതിനെക്കുറിച്ചുള്ള കമന്റുകൾ വന്നു തുടങ്ങിയിരുന്നു. പരിപാടി ഒരു പരാജയത്തിലേക്ക് കൂപ്പു കുത്തിയതോടെ വിമർശനങ്ങൾ എല്ലാ പരിധികളും ലംഘിച്ചു മുന്നേറി. കഴിഞ്ഞ 36 വർഷമായി അഭ്രപാളികളിൽ നമ്മെ വിസ്മയിപ്പിച്ച ഒരു നടനെന്ന പരിഗണന പോലുമില്ലാതെയാണ് പല വിമർശനങ്ങളും ഉയർന്നു വന്നത്. സൂപ്പർ താരങ്ങളുടെ ഫാൻസ്‌ തമ്മിലുള്ള മത്സരം എന്നാൽ അധോലോക രാജാക്കന്മാർക്കിടയിലുള്ള കുടിപ്പകയേക്കാൾ രൂക്ഷമാണ്. വർഷങ്ങളായി തുടരുന്ന ഈ നിഴൽയുദ്ധത്തിലെ അവസാന കണ്ണിയായി ലാലിസത്തെ കുറിച്ചുള്ള വിമർശനങ്ങൾ. ഒരു സൂപ്പർസ്റ്റാറിന്റെ വീഴ്ച മറ്റേ സൂപ്പർ സ്റ്റാറിന്റെ ഫാൻസ്‌ നന്നായി ആസ്വദിച്ചു. ട്രോളെന്ന പേരിൽ ഫേസ്ബുക്കിലും വാട്ട്സാപ്പിലും പടച്ചു വിട്ട തമാശകൾ പലപ്പോഴും എല്ലാ സീമകളും ലംഘിച്ചവയായിരുന്നു. സാധാരണ ഇത്തരം കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്ന മോഹൻലാൽ ഫാൻസ്‌ ഇത്തവണ ഒന്നും ചെയ്യാനാകാതെ, ഒരു ന്യായീകരണവും പറയാനില്ലാതെ വിഷണ്ണരായി നിൽക്കുന്ന കാഴ്ചയും കണ്ടു. മോഹൻലാലിന്റെ കത്ത് പുറത്ത് വരുന്നത് വരെ ഈ കോലാഹലങ്ങൾ തുടർന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ മറന്നു കൊണ്ട് നടത്തിയ ഇത്തരം പ്രചാരണങ്ങൾ അപ്പോഴെങ്കിലും കെട്ടടങ്ങിയതിൽ നമുക്ക് ആശ്വസിക്കാം. ഒരു പക്ഷേ ഇത്തരം ഒരു പ്രതികരണം മോഹൻലാൽ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ കത്തിൽ നിന്നും അത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ എന്തിനും ഏതിനും പടവാളെടുക്കുന്ന പ്രവണത നാം മാറ്റേണ്ടതില്ലേ എന്ന ചോദ്യം സ്വയം വിമർശനാത്മകമായി ചോദിക്കുവാൻ ഞാൻ ഈ അവസരം വിനയോഗിക്കുന്നു.

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ താഴെ ചേർക്കുന്നു.


















ലാലിസത്തെ സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങി എന്ന് കരുതുന്നു. മോഹൻലാൽ തിരിച്ചു നൽകിയ പണം സർക്കാർ സ്വീകരിച്ച് ഈ വിവാദം ഇനി മുന്നോട്ട് കൊണ്ടു പോകാതിരിക്കട്ടെ എന്ന്പ്രാർഥിക്കാം. ഒരു പക്ഷേ മാധ്യമങ്ങളും ഫാൻസും ചേർന്നു സൃഷ്ടിച്ച ഒരു ഹൈപ്പ്, അത് ലാലിസത്തെ വളർത്തുന്നതിലുപരി തളർത്തുന്നതിനാണ് കാരണമായത്. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന എനിക്ക്, വ്യക്തിപരമായി ആ ബാൻഡിനോടുള്ള വിയോജിപ്പ് ഞാൻ മുന്നേ എഴുതി കഴിഞ്ഞു. പക്ഷേ അത് അദ്ദേഹത്തിന്റെ സ്വാതന്ത്യമാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവുകൾ അദ്ദേഹം തിരുത്തും എന്ന് ഞാൻ കരുതുന്നു. ഇനി ഈ ബാൻഡുമായി മുന്നോട്ട് പോകുന്നുവെങ്കിൽ, വ്യക്തമായ ഒരു പദ്ധതിയോടെ, ആസൂത്രണത്തോടെ, അതിലുപരി പാളിച്ച പറ്റാത്ത ഒരാവിഷ്കാരത്തോടെ അത് തിരികെ വരും എന്ന് കരുതാം. കലാകാരന്മാർ പൊതുവെ അങ്ങനെയാണ്, സമൂഹം അവരെ എഴുതി തള്ളുന്ന അവസരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ തിരികെ വരുവാൻ അവർക്ക് കഴിയും. അതാണ്‌ കലയുടെ ശക്തി, കലാകാരന്റെ ധൈര്യം. മോഹൻലാലും അതിൽ നിന്ന് വിഭിന്നനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വിധ ആശംസകളും!

കടപ്പാടുകൾ
ഫോട്ടോ: ലാലിസം - ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്
ആർ ടി ഐ ഡോക്യുമെന്റ്സ് - ദി ന്യൂസ് മിനിട്ട്
വീഡിയോ - യൂട്യൂബ് അക്കൗണ്ട് ബാലു കൃഷ്ണ
ലിങ്കുകൾ - മോഹൻലാൽ ബ്ലോഗ്, മനോരമ ചാനൽ
ട്വീറ്റുകൾ - ട്വിറ്റരിൽ ലാലിസത്തെ തുടർന്നു വന്ന ട്വീറ്റുകൾ.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.