Wednesday, July 1, 2009

ഇവര്‍ വിവാഹിതരായാല്‍


പ്രശസ്ത സീരിയല്‍ സംവിധായകനായ സജി സുരേന്ദ്രന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കാല്‍വെപ്പാണ്‌, ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രം. ജയസൂര്യയും ഭാമയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവൃതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്‌ കൃഷ്ണ പൂജപ്പുരയാണ്‌. എസ്. ഗോപകുമാര്‍ ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. കാഴ്ചപ്പാടുകളില്‍ രണ്ട്‌ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പേര്‍ കല്യാണം കഴിക്കുന്നതും, പിന്നീടവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയാണ്‌ സജി സുരേന്ദ്രന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്‌.

ബന്ധം വേര്‍പ്പെടുത്താതെ പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കളുടെ (സിദ്ധിഖ്‌ & രേഖ) ഒരേയൊരു മകനാണ്‌ വിവേക്‌ (ജയസൂര്യ). ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കണമെന്നതാണ്‌ വിവേകിന്റെ ആത്യന്തികമായ ലക്ഷ്യം. പുരുഷന്മാരുടെ വിവാഹ പ്രായം 13 ആയി കുറക്കണമെന്നതാണ്‌ വിവേകിന്റെ കാഴ്ചപ്പാട്‌. ഒരു എഫ്‌.എം റേഡിയോ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയിലേക്കു വിളിച്ച്‌, വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ ജോക്കിയായ കാവ്യ(ഭാമ)യുമായി വിവേക്‌ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, ഇതു മൂലം കാവ്യക്കു ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട്‌ വീട്ടിലെത്തുന്ന കാവ്യയെ കാത്തിരുന്നത്‌ കല്യാണ ആലോചനകളാണ്‌. ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി കാവ്യ കല്യാണത്തിന്‌ സമ്മതിക്കുന്നു. അതേ സമയം, MBA ബിരുദധാരിയായ വിവേക്‌ പഠനത്തിനു ശേഷം തനിക്കൊരു കല്യാണം വേണമെന്ന്‌ വാശിപിടിക്കുന്നു. അയാളുടെ വാശിക്കു മുന്നില്‍ കീഴടങ്ങുന്ന മാതാപിതാക്കള്‍ കാവ്യയുമായി വിവേകിന്റെ വിവാഹം നിശ്ചയിക്കുന്നു. കല്യാണത്തിനു ശേഷം ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങുന്നതോടെ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു, അതോടെ കുടുംബജീവിതനം കലങ്ങിമറിയുന്നു.. ഇതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ദുര്‍ബലമായ ഒരു കഥാതന്തുവില്‍ കിടന്നുള്ള സര്‍ക്കസ്‌ എന്നതില്‍ കവിഞ്ഞ്‌ ഈ ചിത്രത്തിന്‌ പറയത്തക്ക കഥയൊന്നുമില്ല. എന്നാല്‍ ഇത്തരമൊരു കച്ചിതുരുമ്പില്‍ പിടിച്ചു കയറി, തരക്കേടില്ലാത്ത തിരക്കഥയും സംഭാഷണങ്ങളും സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത്‌ മാത്രമാണ്‌ ആളുകളെ തീയേറ്ററില്‍ പിടിച്ചു നിര്‍ത്തുന്നത്‌.സംഭാഷണങ്ങളിലെ നര്‍മ്മത്തിന്റെ സാന്നിധ്യം അല്‍പം ആശ്വാസം പകരുമെങ്കിലും, ചില രംഗങ്ങളില്‍ അവയൊക്കെ നിലവാരത്തകര്‍ച്ച നേരിടുന്നതും കാണേണ്ടി വരുന്നു.

സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്,കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍. സൂപ്പര് ഹിറ്റുകളായ എയ് ഓട്ടോ, റാംജി റാവ് സ്പീക്കിംഗ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്ക്ക് പ്രിയങ്കരിയായ നടി രേഖ വീണ്ടും ചലച്ചിത്ര രംഗത്തേക്ക്‌ തിരികെയത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. എന്നാല്‍ നല്ലൊരു അഭിനയം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നത്‌ ഈ ചിത്രത്തിന്റെ തന്നെ ന്യൂനതയായി പറയാം. പാത്രസൃഷ്ടിയില്‍ വന്ന പിഴവു മൂലം, കയറിയിറങ്ങിപ്പോകുന്ന കഥാപാത്രങ്ങളായി മാറി പലരും. ജയസൂര്യ തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു, പക്ഷേ കഥാപാത്രത്തിന്റെ ആഴമില്ലായ്മ പല അവസരങ്ങളിലും അദ്ദേഹത്തെ ചതിച്ചു എന്നു തന്നെ പറയാം. വിവേകിന്‌ അടുക്കളയില്‍ ഉപയോഗിക്കുന്ന സാധങ്ങള്‍ അറിയില്ല എന്നു പറയുന്നത്‌, കിലോകണക്കിന്‌ പച്ചക്കറി വാങ്ങുന്നതും, ഒടുവില്‍ നേരത്തെ കല്യാണം കഴിക്കാനുള്ള കാരണം വിവേക്‌ വെളിപ്പെടുന്നതും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നവയായി. കാവ്യ എന്ന കഥാപാത്രമാണ്‌ പാത്രസൃഷ്ടിയുടെ വൈകല്യമായി ചൂണ്ടിക്കാണിക്കാവുന്നത്‌.തന്റേടിയായ കഥാപാത്രമായി അവതരിപ്പിക്കപ്പെടുന്ന കാവ്യ, പിന്നെ പൂച്ചയെപ്പോലെയുള്ള ഭാര്യായി മാറുന്ന അത്‌ഭുത കാഴ്ചക്കും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നു. വിവേകിന്റെ മാതാപിതാക്കളായുള്ള സിദ്ധിഖിന്റേയും രേഖയുടേയും അഭിനയം വേറിട്ടു നിന്നുവെങ്കിലും, ഒരു പനി വന്നപ്പോള്‍, അതു വരെ പിണങ്ങി ജീവിച്ചവര്‍ പെട്ടെന്ന്‌ ഒരുമിക്കുന്നു എന്നു കാണിക്കുമ്പോള്‍ കഥാകൃത്തിനോട്‌ സത്യത്തില്‍ സഹതാപം തോന്നി. തമാശ രംഗങ്ങളില്‍ തിളങ്ങുന്ന സുരാജ്‌ വെഞ്ഞാറമൂട്‌ തന്റെ ഭാഗം ഭംഗിയാക്കി. തീര്‍ത്തും അനാവശ്യവും, പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളായി നെടുമുടി വേണു അവതരിപ്പിച്ച ഫ്രെഡി അങ്കിളും, കൊച്ചുമകളായി അഭിനയിച്ച കുട്ടിയും. കയറിയിറങ്ങിപ്പോകുന്ന കഥാപാത്രങ്ങള്‍ ഒട്ടനവധിയുണ്ട്‌ ഈ ചിത്രത്തില്‍. ഒരു ഗാനരംഗത്തില്‍ മാത്രം വരുന്ന നവ്യാനായരുടെ അഥിതിതാര വേഷവും അതില്‍പ്പെടുന്നു. എന്നാല്‍ വിവേകിന്റെ സുഹൃത്തായി അഭിനയിച്ച സംവൃത തരക്കെടില്ലാതെ തന്റെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു എന്നു പറയാം.


ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയ മോഹന്‍ സിത്താര വളരെ നന്നായി തന്നെ അതു ചെയ്തുവെന്നുള്ളത്‌ ആശ്വാസകരമായി. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതാണ്‌. അതില്‍ “എനിക്ക് പാടാന്‍” എന്ന് തുടങ്ങുന്ന ഗാനം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ‘രാക്കുയിലിന്‍ രാഗസദസില്‍’ എന്ന ചിത്രത്തിലെ “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം ഈ ചിത്രത്തില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്‌. വിജയ്‌ യേശുദാസാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. അതു കേള്‍ക്കുമ്പോള്‍ തന്നെ, ആ ഗാനത്തിന്റെ ആത്മാവ്‌ നഷ്ടപ്പെട്ടതു പോലെ തോന്നുന്നു. അനില്‍ നായരുടെ ഛായാഗൃഹണം, രംഗങ്ങളെ വ്യത്യസ്തമാക്കുന്നു. എഡിറ്റിങ്ങിന്റെ മികവ്‌ ഏച്ചുകെട്ടല്‍ എന്ന തോന്നല്‍ ഒഴിവാക്കുന്നു.


ഇവര്‍ വിവാഹിതരായാല്‍ എന്ന പേരാണ്‌ എന്നെ ചിത്രത്തിലേക്ക്‌ ആകര്‍ഷിച്ചത്‌, എന്നാല്‍ പൂര്‍ണ്ണമായും നിരാശപ്പെടുത്തുന്ന പ്രമേയമാണ്‌ സജി സുരേന്ദ്രന്‍ നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്‌. പൊരുത്തമില്ലാത്തവര്‍ വിവാഹം കഴിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഒട്ടനവധി തവണ മലയാള സിനിമയില്‍ പ്രമേയമായിട്ടുണ്ട്‌. എന്നാല്‍ ഇങ്ങനെ നിലവാരമില്ലാത്തൊരു കഥാതന്തു ഇതാദ്യമാണെന്ന്‌ തോന്നുന്നു. ഇടവേളക്കു ശേഷമുള്ള ഇഴച്ചിലും കണ്ണീര്‍ രംഗങ്ങളുമൊക്കെ ഒത്തു ചേരുമ്പോള്‍ മൂന്നുമണിക്കൂറിനടുത്തുള്ള ഒരു സീരിയല്‍ കണ്ടിറങ്ങിയ പ്രതീതിയാണ്‌ എനിക്കു തോന്നിയത്‌. സജീ സുരേന്ദ്രനോട്‌ എന്റെ അഭ്യര്‍ത്ഥന അദ്ദേഹം സീരിയല്‍ രംഗത്തേക്കു മടങ്ങിപ്പോകണം എന്നാണ്‌. ചലച്ചിത്ര ലോകം അദ്ദേഹത്തിന്റെ ചിന്തകള്‍ക്കപ്പുറമാണെന്ന തിരിച്ചറിവ്‌ ഇതോറ്റെ അദ്ദേഹത്തിനു ലഭിച്ചു കാണും. കണ്ണുനിറയിക്കുന്ന രംഗങ്ങളും ക്ലീഷേകളും കുത്തിനിറച്ച്‌ വീട്ടമ്മമാരെ കരയിക്കുന്ന പരിപാടിപോലെ വളരെ ലളിതമാണ്‌ സിനിമാ സംവിധാനം എന്ന അദ്ദേഹത്തിന്റെ തോന്നല്‍ മാറിക്കാണുമെന്ന്‌ കരുതാം. ഇനിയും അദ്ദേഹം ഇത്തരം "ക്രൂരകൃത്യങ്ങളുമായി" നമ്മുടെ മുന്നിലെത്തുകയില്ലാ എന്ന വിശ്വാസത്തോടെ.....


എന്റെ റേറ്റിങ്‌ : 1/10 (ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും മാത്രമാണീ 1 മാര്‍ക്ക്‌)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.