Wednesday, May 30, 2012

അവിചാരിതം...


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.... നീണ്ട അഞ്ചു ഓഫീസ് ദിവസങ്ങള്‍ക്കൊടുവില്‍ നമ്മള്‍ കാത്തിരിക്കുന്ന ആ സുദിനം. പതിവ് പോലെ, കിടക്കുന്നതിനു മുന്നേ അവന്‍ തന്‍റെ മാക് ബുക്ക് തുറന്നു മെയിലുകള്‍ ചികഞ്ഞു. പിന്നീടു ഒരു മാത്ര ഫേസ്ബുക്കിലെക്ക് ഊളിയിട്ടു.. ഫേസ് ബുക്ക്, അതൊരിക്കലും ഒരു ലഹരി ആയിരുന്നില്ല അവന്... വല്ലപ്പോഴും സമയം കൊല്ലാനുള്ള ഒരുപാധി...  വെറുതെ ഒന്നോടിച്ചു നോക്കി പുറത്തേക്കു ഇറങ്ങാറാണ് അവന്‍റെ പതിവ്, പക്ഷെ ലോഗ് ഔട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യും മുന്നേ അവന്‍റെ ശ്രദ്ധ പുതിയതായി വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റില്‍ പതിഞ്ഞു. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫേസ്ബുക്കില്‍ കയറുന്ന തനിക്കാരാണാവോ റിക്വസ്റ്റ് അയക്കാന്‍ എന്ന വിചാരത്തോടെയാണ് അവന്‍ അത് തുറന്നത്. ധന്യ രമേശ്‌, പേര് അത്ര പരിചിതമല്ലല്ലോ, പുഞ്ചിരി തൂകുന്ന ഒരു കൊച്ചു കുട്ടിയുടെ പടമാണ് ഡി.പി. തന്നെ അറിയാതെ ആരും റിക്വസ്റ്റ് അയക്കില്ലല്ലോ എന്നാ വിശ്വാസത്തോടെ അവന്‍ 'accept ' ബട്ടണില്‍ ക്ലിക്ക് ചെയ്തു, പിന്നെ പതിയെ ആ പ്രൊഫൈലില്‍ കൂടി സഞ്ചരിക്കുവാന്‍ തുടങ്ങി. അവളുടെ സ്ഥലം, പഠിച്ച സ്കൂള്‍ എല്ലാം തന്റേതു തന്നെ, പഠിച്ചിറങ്ങിയ വര്‍ഷവും അത് തന്നെ... അവന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി... പതിയെ അവന്‍ ഫോട്ടോസ് നോക്കി.. ആകെ ഒന്നോ രണ്ടോ ഫോട്ടോസ് മാത്രം.. അതില്‍ ഒരു ഫാമിലി ഫോട്ടോ ഉണ്ട്.. അതെ.. തന്‍റെ സംശയം ശരി തന്നെ... ഇത് അവള്‍ തന്നെ... നീണ്ട 12  വര്‍ഷങ്ങള്‍ക്കു ശേഷം.... 

അതാ ഫേസ്ബുക്ക് മെസഞ്ചര്‍-ഇല്‍ അവള്‍ തന്നെ പിംഗ് ചെയ്യുന്നു....  ഒരു 'ഹലോ' മാത്രം..


അവന്‍ അല്പം നേരം ആലോചിച്ചു.. പിന്നീടു ഒരു 'ഹലോ'   തിരിച്ചു പറഞ്ഞു...

ഉടന്‍ വന്നു അടുത്ത ചോദ്യം, "ഓര്‍മ്മയുണ്ടോ...?"

ആ ഒരു ചോദ്യം അപ്രസക്തമെന്നു പറയണം എന്ന് തോന്നി അവന്.. 
പക്ഷേ "പെട്ടെന്ന് മനസിലായില്ല, പക്ഷേ ഫോട്ടോ കണ്ടപ്പോള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല..." എന്നവന്‍ പറഞ്ഞു.

മറുപടിയായി ഒരു പുഞ്ചിരി മാത്രം...കൂടുതല്‍ സംസാരിക്കാന്‍ അവന്‍ അശക്തനായിരുന്നു... പക്ഷെ അവള്‍ കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ മറുപടി പറയാതിരിക്കാനും കഴിഞ്ഞില്ല.

"എന്നെ തിരിച്ചറിയുമോ എന്ന് സംശയത്തോടെയാണ് ഞാന്‍ ആഡ് ചെയ്തത്...", അവള്‍ പറഞ്ഞു.

"തന്‍റെ ഫോട്ടോ കണ്ടപ്പോള്‍ മനസിലായി...", അവന്‍ മറുപടി നല്‍കി.

"അപ്പോള്‍ എന്നെ ഓര്‍ക്കുന്നുണ്ടായിരുന്നോ?", അവള്‍ ചോദിച്ചു..  അതിലെ ആകാംഷ അവന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

"തന്നെ മറന്നാല്‍ അല്ലേ...", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

മറുവശത്ത് നിന്ന് ഒരു മൂളല്‍ മാത്രം. അവനും നിശബ്ദത പാലിച്ചു...

"വിഷമിക്കേണ്ട... അന്ന് അതിനുള്ള പക്വത ഇല്ലായിരുന്നല്ലോ.. അന്ന് ഞാനും ഒരു പേടി തൊണ്ടി ആയിരുന്നു. ഇന്നുള്ള ധൈര്യം അന്നുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കഥ മാറിയേനെ...", അവള്‍ പറഞ്ഞു.

"പക്വത ഇല്ലാതിരുന്നതല്ല. തന്നെ ഇഷ്ടമാണ് എന്ന് വന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.. തന്നോടുള്ള ഇഷ്ടം, അത് സീരിയസ് ആയിരുന്നു. ഒരിക്കല്‍ പോലും തന്‍റെ മനസ്സില്‍ എന്ത് എന്ന് അറിയുവാന്‍ ഞാന്‍ ശ്രമിച്ചില്ല. അത് എന്റെ തെറ്റ്....", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

"ഒരിക്കല്‍ താനയച്ച ഒരു ന്യൂ ഇയര്‍ കാര്‍ഡ് കിട്ടിയിരുന്നു.. അതില്‍ പക്ഷേ അഡ്രസ്സോ ഫോണ്‍ നമ്പരോ ഉണ്ടായിരുന്നില്ല...", അവള്‍ പറഞ്ഞു.

"അത് മനപൂര്‍വം ആയിരുന്നു... തന്‍റെ റിയാക്ഷന്‍ എന്താകും എന്നറിയില്ലല്ലോ...", അവന്‍ ഒരു ടെന്ഷനോടെ പറഞ്ഞു.

"സാരമില്ല... ഇങ്ങനെ കാണണം എന്നായിരിക്കും വിധി, എന്ന് എനിക്കുള്ള ഇഷ്ടം ഒരിക്കലും പറയാന്‍ പറ്റാതെയിരുന്നെങ്കില്‍ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ലായിരുന്നു.. ഇപ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു...", അവള്‍ പറഞ്ഞു.

അവന്‍ അവിശ്വസനീയതയോടെ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി.. "ദൈവമേ, ഞാനീ കേള്‍ക്കുന്നത് സത്യമോ...?", അവന്‍ മനസ്സില്‍ ചിന്തിച്ചു...
"അപ്പോള്‍ എന്നെ ഇഷ്ടമായിരുന്നു...?", അവന്‍ ഒരു നിഗൂഡമായ സന്തോഷത്തോടെ ചോദിച്ചു.

"ആയിരുന്നു... ഒരു നൂറുവട്ടം.. പക്ഷേ പേടിയായിരുന്നു...", അവള്‍ ഒന്ന് നിര്‍ത്തി. "ജീവിതത്തില്‍ ആദ്യത്തെ ഇഷ്ടം, തെറ്റിദ്ധരിക്കരുത്...അന്ന് പറയാന്‍ പറ്റിയില്ല... അത് കൊണ്ടാണ് ഞാന്‍....", അവള്‍ മുഴുമിപ്പിച്ചില്ല...

തന്‍റെ കവിളുകളിലൂടെ കണ്ണുനീര്‍ ഒലിചിറങ്ങുന്നത് അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്...

"you wont believe, there are tears in my eyes now....", അവന്‍ പറഞ്ഞു...

"ഞാനും അതെ അവസ്ഥയില്‍ തന്നെ...", അവള്‍ മറുപടി പറഞ്ഞു.

"നമ്മള്‍ വീണ്ടും കണ്ടു മുട്ടിയതില്‍ സന്തോഷം, ഫേസ്ബുക്ക് ഉണ്ടായത് നന്നായി...", അവന്‍ സന്തോഷത്തോടെ പറഞ്ഞു.

"താന്‍ വിശ്വസിക്കില്ല.. ഞാന്‍ ഫേസ്ബുക്ക് അക്കൌണ്ട് എടുത്തത് തന്നെ താന്‍ ഒരാളെ ഉദ്ദേശിച്ചാണ്. വേറെ ഒന്നിന്നും അല്ല, അന്നത്തെ എന്റെ മാനസികാവസ്ഥ തന്നോട് ഒന്ന് പറയാന്‍ തന്നോട് ഒരിക്കല്‍ എങ്കിലും സംസാരിക്കണം എന്ന് തോന്നി. ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു..", അവള്‍ പറഞ്ഞു. അതില്‍ ഒരല്പം സങ്കടം നിറഞ്ഞു നില്‍ക്കുന്നുവോ എന്ന് അവന് തോന്നി.

"പ്രൊഫൈല്‍ ഒക്കെ നേരത്തെ ഞാന്‍ കണ്ടു വച്ചിരുന്നു..", അവള്‍ തുടര്‍ന്ന്. "പക്ഷെ ആഡ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു...", അവള്‍ പറഞ്ഞു.

"എന്താ, പണ്ട് നടന്നതില്‍ എനിക്ക് ദേഷ്യമുണ്ടാകും എന്ന് കരുതിയോ? ", അവന്‍ ചോദിച്ചു.ഒരു മൂളല്‍ മാത്രമാണ് മറുപടിയായി വന്നത്.

"ഒരിക്കലുമില്ലെടോ, തന്നോട് എന്ത് പറയണം എന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അത് തന്നെ വിഷമിപ്പിക്കുമോ എന്നും അറിയില്ല. തന്നോട് അന്ന് തോന്നിയ ഇഷ്ടം, ദാ ഇപ്പോഴും അത് പോലെ തെന്നെ എന്‍റെ മനസിന്‍റെ ഒരു കോണിലുണ്ട്. ജീവിതത്തിലെ ആദ്യ ഇഷ്ടം ആയിരുന്നു, തന്നോട്, അത് ഒരിക്കലും മറക്കാന്‍ കഴിയില്ല, ജീവിതകാലം മുഴുവന്‍ അത് കൂടെ കാണും....", അവന്‍ പറഞ്ഞു.

"ഇത്രയും മതി... സന്തോഷമായി..ആ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ ഒരു ഫീല്‍... എന്തോ ഭയങ്കര സന്തോഷം തോന്നുന്നു... ഞാന്‍ പോകട്ടെ.. ഇനി ഇവിടെ ഇരുന്നാല്‍ ശരിയാവില്ല...ഞാന്‍ പോവട്ടെ... പിന്നെ കാണാം....", അവള്‍ പറഞ്ഞു.

ഒരു ബൈ പറയുന്നതിന് മുന്നേ ചാറ്റ് വിന്‍ഡോ ഓഫ് ലൈന്‍ ആയി. അവന്‍ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി തരിച്ചിരുന്നു... ഒരു അവിശ്വസനീയത അവനെ പിടികൂടിയിരുന്നു... 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒക്കെ തന്‍റെ ജീവിതത്തില്‍ സംഭവിക്കുമോ എന്നായിരുന്നു അവന്‍റെ ചിന്ത മുഴുവന്‍... അവന്‍ പതിയെ ക്ലോക്കിലേക്ക് നോക്കി. സമയം പന്ത്രണ്ടര. തെല്ലു നിരാശയോടെ മാക് ബുക്ക് അടച്ചു.. ബെഡിലേക്ക് ചായുമ്പോള്‍ അവന്‍റെ മനസ് 12 വര്‍ഷം പിറകിലേക്ക് സഞ്ചരിച്ചു... പഴയ ഓര്‍മ്മകള്‍ അവന്‍റെ മനസ്സിലേക്ക് വേലിയേറ്റമായി വന്നു... പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു അവന്‍ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..

ശനിയാഴ്ച പതിവ് പോലെ അലാറം അടിച്ചു.... സമയം ഉച്ചക്ക് പന്ത്രണ്ടു മണി.. അവന്‍ പതിയെ എഴുന്നേറ്റു... മുഖം കഴുകി തിരിച്ചു വന്നു... തലേ രാത്രിയിലെ സംഭവങ്ങള്‍ അവന്‍റെ മനസ്സിലേക്ക് വീണ്ടും കടന്നു വന്നു. സന്തോഷമോ സങ്കടമോ, തനിക്കു തോന്നുന്ന വികാരമെന്തെന്നു തിരിച്ചറിയാന്‍ അവന് കഴിഞ്ഞില്ല.. തന്‍റെ മാക് ബുക്ക് തുറന്നു ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു. മേസേജസില്‍ പോയി തലേ രാത്രിയിലെ ചാറ്റിനായി പരതി. തന്‍റെ അവസാനത്തെ ചാറ്റ് ഇന്നേക്ക് നാല് മാസം മുന്നേ തന്‍റെ ഒരു പഴയ സുഹൃത്തുമായാണ്. അപ്പോള്‍ താന്‍ ഇന്നലെ രാത്രി സംസാരിച്ച ചാറ്റ് എവിടെ..? അവന്‍ ഒന്ന് ഞെട്ടി... അവന്‍ പെട്ടെന്ന് തന്‍റെ ഫ്രണ്ട് ലിസ്റ്റ്-ഇല്‍ നോക്കി, ധന്യ രമേശ്‌ എന്ന പേരില്‍ ആരുമില്ല.... അവസാനവട്ട ശ്രമം എന്ന നിലയില്‍ അവന്‍, ഫേസ്ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു, അവിടെയും ധന്യ രമേശ്‌ എന്ന പേരിലുള്ള ആളെ അവന്‍ കണ്ടില്ല... അവന് തല കറങ്ങുന്നത് പോലെ തോന്നി..തനിക്കു എന്താണ് സംഭവിക്കുന്നത്‌... അത് തിരിച്ചറിയാനാവാതെ ഒരു മരവിപ്പോടെ അവന്‍ ഇരുന്നു. പെട്ടെന്ന് അവന്‍റെ ഐഫോണ്‍ ബെല്ലടിച്ചു... അവന്‍ പതിയെ ഫോണ്‍ അറ്റണ്ട് ചെയ്തു ചെവിയോടു ചേര്‍ത്തു, പക്ഷെ സംസാരിക്കുവാന്‍ അവന്‍ മറന്നിരുന്നു... മറു തലക്കല്‍ നിന്ന് ആരോ സംസാരിക്കുന്നുണ്ട്.. പൊടുന്നനെ അവന് സ്ഥലകാലബോധം വന്നു...ആ ശബ്ദം അവന്‍ തിരിച്ചറിഞ്ഞു. അത് അവന്‍റെ ഭാര്യയായിരുന്നു... വിറയാര്‍ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു.... "ഹലോ...."
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.