Tuesday, January 25, 2011

മലയാള സിനിമ 2010 (Malayalam Cinema 2010)

മലയാള ചലച്ചിത്ര ശാഖയെ സംബന്ധിച്ച്, വളരെ നല്ല ഒരു വര്‍ഷമാണ് കടന്നു പോയത്. ഏകദേശം 88 മലയാള ചിത്രങ്ങളും, പത്തോളം മൊഴിമാറ്റം ചെയ്യപ്പെട്ട അന്യഭാഷ ചിത്രങ്ങളുമടക്കം ഏകദേശം 100 സിനിമകളാണ് പോയ വര്‍ഷം പുറത്തിറങ്ങിയത്. മലയാള സിനിമയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ സ്ഥിതി വിവരക്കണക്കുകള്‍ . കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിയ ഈ വര്‍ഷം, മെഗാ ഹിറ്റുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒട്ടേറെ പുതുമുഖ സംവിധായകര്‍ കടന്നു വന്നപ്പോള്‍ ,  മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം തന്നെ സജീവമായിരുന്നു ഈ വര്‍ഷം. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടേ, ഏകദേശം നാല്പതോളം ചിത്രങ്ങള്‍ തീയേറ്ററില്‍ വന്നതും പോയതും പ്രേക്ഷകര്‍ ആരും തന്നെ അറിഞ്ഞില്ല. ദേശീയ പുരസ്കാരങ്ങൾ പ്രഖ്യപിച്ചപ്പോൾ, മലയാള സിനിമ തലയുയർത്തിന്നു. പക്ഷേ വിവാദങ്ങൾ ഇത്തവണയും നമ്മേ വിട്ടൊഴിഞ്ഞില്ല. മലയാള സിനിമയിലെ ചില പ്രതിഭാധനർ നമ്മെ വിട്ടു പോയ ഒരു വർഷം കൂടിയാണിത്.

മലയാള സിനിമയിലെ മിക്കവാ‍റും എല്ലാ സംവിധായകരും 2010 ല്‍ സജീവമായിരുന്നു. ദ്രോണയുമായി ഷാജി കൈലാസും, ഏപ്രില്‍ ഫൂളുമായി വിജി തമ്പിയും, കഥ തുടരുന്നുമായി സത്യന്‍ അന്തിക്കാടും, പെണ്‍പട്ടണവുമായി വി.എം.വിനുവും, ശിക്കാറുമായി എം.പത്മകുമാറും, എത്സമ്മ എന്ന ആണ്‍കുട്ടിയുമായി ലാല്‍ ജോസും, പ്രാഞ്ചിയേട്ടനുമായി രഞ്ജിത്തും, അന്‍വറുമായി അമല്‍ നീരദും, ബെസ്റ്റ് ഓഫ് ലക്കുമായി എം.എ നിഷാദും, ഒരു സ്മോള്‍ ഫാമിലിയുമായി രാജസേനനും, കാണ്ഡഹാറുമായി മേജര്‍ രവിയും, മേരിക്കുണ്ടൊരു കുഞ്ഞാടുമായി ഷാഫിയും 2010 ല്‍ പ്രേക്ഷകര്‍ക്കായി എത്തി. ഹാപ്പി ഹസ്ബന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ് എന്നീ ചിത്രങ്ങളുമായി സജി സുരേന്ദ്രനും, പ്രാമാണിയും ത്രില്ലറുമായി ബി.ഉണ്ണികൃഷ്ണനും, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നും ടൂര്‍ണ്ണമെന്റുമായി ലാലും എത്തി. ഒരു ഇടവേളയ്ക്കു ശേഷം, ബോഡി ഗാര്‍ഡുമായി സിദ്ദിഖും, ഒരു നാള്‍ വരും എന്ന ചിത്രവുമായി ടി.കെ.രാജീവ് കുമാറും, അപൂര്‍വ്വരാഗവുമായി സിബി മലയിലും, പാട്ടിന്റെ പാലാഴിയുമായി രാജീവ് അഞ്ചലും, സദ്ഗമയുമായി ഹരികുമാറും, സഹസ്രവുമായി ഡോ.ജനാര്‍ദ്ദനനും, മമ്മി & മീയുമായി ജീത്തു ജോസഫും, അഗെയിന്‍ കാസര്‍ഗോഡ് കാദര്‍ഭായിയുമായി തുളസീദാസും എത്തിയപ്പോള്‍, മലയാളത്തിലെ മുഴുവന്‍ സംഘടനകളേയും ഒറ്റക്കെതിര്‍ത്ത് യക്ഷിയും ഞാനുമായി വിനയനും രംഗത്തുണ്ടായിരുന്നു. സമാന്തര സിനിമാ വിഭാഗത്തില്‍, യുഗപുരുഷനുമായി ആര്‍.സുകുമാരനും, സൂഫി പറഞ്ഞ കഥയുമായി പ്രിയനന്ദനനും മലയാളത്തില്‍ വന്ന വര്‍ഷമായിരുന്നു 2010.  

പ്രതിഭാധനരായ ഒരു പിടി പുതുമുഖ സംവിധായകരും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷാമാണ് കടന്നു പോയത്. നാ‍യകന്‍ എന്ന ചിത്രം നമുക്കായി ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി, വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. താന്തോന്നി ഒരുക്കിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കടാക്ഷം സംവിധാനം ചെയ്ത ശശി പരവൂര്‍, പോക്കിരിരാജ ഒരുക്കിയ വൈശാഖ് എന്നിവര്‍ 2010ന്റെ ആദ്യ പകുതിയില്‍ മലയാളത്തിലേക്ക് കടന്നു വന്നവരാണ്. ടി.ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി എന്ന ചിത്രമൊരുക്കിയ മോഹന്‍ രാഘവാനായിരുന്നു ആദ്യ പകുതിയിലെ താരം. വളരെ വ്യത്യസ്തമാര്‍ന്നതും കാമ്പുള്ളതുമായ ഒരു ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ച മോഹന്‍, മലയാള ചലച്ചിത്ര ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഗായകനായും, നടനായും മലയാള സിനിമയില്‍ നാം കണ്ടിരുന്ന വിനീത് ശ്രീനിവാസന്‍, സംവിധായകനാകുന്ന കാഴ്ചയും 2010ല്‍ നാം കണ്ടു. മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചത് വിനീതിനുള്ള അംഗീകാരമായി. ആത്മകഥയൊരുക്കിയ പ്രേം ലാല്‍, ചേകവറൊരുക്കിയ സജീവന്‍, കോളേജ് ഡേയ്സ് ഒരുക്കിയ ജി.എന്‍ കൃഷ്ണകുമാറും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചപ്പോള്‍, ത്രീ ചാര്‍ സൌ ബീസുമായി വന്ന ഗോവിന്ദന്‍ കുട്ടി, ജനകനുമായി വന്ന സഞ്ജീവ്, അലക്സാണ്ടര്‍ ദി ഗ്രേറ്റുമായി വന്ന മുരളി നാഗവള്ളി, രാമരാവണനുമായി വന്ന ബിജു വട്ടപ്പാറ, ഹോളിഡേയ്സുമായി വന്ന അറ്റ്ലസ് രാമചന്ദ്രന്‍, കന്യാകുമാരി എക്സ്പ്രസ്സുമായി വന്ന ടി.എസ്സ് സുരേഷ് ബാബു എന്നിവര്‍ നമ്മെ നന്നേ നിരാശപ്പെടുത്തി. ഇംഗ്ലീഷ് ചിത്രത്തിന്റെ കഥയുമായി വന്ന കോക്ക്ടെയിലിന്റെ ശില്പി അരുണ്‍കുമാര്‍ താന്‍ ഭാവിയിലേക്കൊരു വാഗ്ദാനമാണെന്നു തെളിയിച്ചപ്പോള്‍, ബെസ്റ്റ് ആക്ടറുമായി വന്ന മാര്‍ട്ടിന്‍ പ്രാക്കാട്ട്, അക്ഷരാര്‍ത്ഥത്തില്‍ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം സജീവമായിരുന്നു ഈ വര്‍ഷം, മോഹന്‍ലാല്‍ അഞ്ചും, മമ്മൂട്ടി ഏഴും, ദിലീപ് അഞ്ചും, സുരേഷ് ഗോപി ഏഴും, ജയറാം മൂന്നും, പ്രിഥ്വിരാജ് അഞ്ചും ചിത്രങ്ങളില്‍ തിരശ്ശീലയിലെത്തി. ജനകന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, ശിക്കാര്‍, കാണ്ടഹാര്‍ എന്നിവയാണ് ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. അതില്‍ ശിക്കാര്‍ സൂപ്പര്‍ ഹിറ്റും, ഒരു നാള്‍ വരും ഹിറ്റുമായപ്പോള്‍, മറ്റു മൂന്നും ശരാ‍ശരിയില്‍ താഴെ ഒതുങ്ങി. ദ്രോണ 2010, പ്രമാണി, പോക്കിരിരാജ, കുട്ടിസ്രാങ്ക്, വന്ദേമാതരം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ബെസ്റ്റ് ആക്ടര്‍ എന്നിവയാണ് ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. ബെസ്റ്റ് ഓഫ് ലക്കിലും, യുഗപുരുഷനിലും അതിഥി താരമായും മമ്മൂട്ടി എത്തി. ദ്രോണയും പ്രമാണിയും ശരാശരിയിലൊതുങ്ങിയപ്പോള്‍, വന്ദേമാതരം ബോക്സ് ഓഫീസില്‍ തകര്‍ന്നു. അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ കുട്ടിസ്രാങ്കിനെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍, പ്രാഞ്ചിയേട്ടനും ബെസ്റ്റ് ആക്ടറും സൂപ്പര്‍ ഹിറ്റായി മാറി. പ്രഥ്വിരാജുമായി ഒന്നിച്ചെത്തിയ പോക്കിരിരാജ, താരാ‍രാധകരുടെ ബലത്തില്‍ ഹിറ്റായി മാറി. ദിലീപിന്റെ ബോഡി ഗാര്‍ഡും, ആഗതനും, പാപ്പി അപ്പച്ചായും, കാര്യസ്ഥനും, മേരിക്കുണ്ടൊരു കൂഞ്ഞാടുമാണ് ഈ വര്‍ഷമിറങ്ങിയത്. ബോഡി ഗാര്‍ഡു ഹിറ്റായപ്പോള്‍, ആഗതനും പാപ്പി അപ്പച്ചായും ശരാശരിയില്‍ ഒതുങ്ങി. ദിലീപിന്റെ നൂറാമതു ചിത്രമായ കാര്യസ്ഥന്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. ക്രിസ്തുമസിന് പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിനെകുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. കടാക്ഷം, ജനകന്‍, റിങ് ടോണ്‍, രാമരാവണന്‍, സദ്ഗമയ, കന്യാകുമാരി എക്സ്പ്രസ്സ്, സഹസ്രം എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങള്‍. അതില്‍ സദ്ഗമയ പ്രമേയം കൊണ്ട് ശ്രദ്ധ നേടിയപ്പോള്‍, സഹസ്രം ഒരു പരിധിവരെ പ്രേക്ഷകര്‍ സ്വീകരിച്ചു. മറ്റെല്ലാം വന്‍ പരാജയത്തിലാണ് അവസാനിച്ചത്. മമ്മീ & മീ എന്ന ചിത്രത്തിലുടനീളം ശബ്ദം കൊണ്ടും, ഒരു സീനില്‍ മാത്രമുള്ള അതിഥി വേഷത്തിലും സുരേഷ് ഗോപി നമുക്കു മുന്നിലെത്തി. ഹാപ്പി ഹസ്ബന്‍ഡ്സ്, കഥ തുടരുന്നു, ഫോര്‍ ഫ്രണ്ടസ് എന്നിവയാണ് ഈ വര്‍ഷമെത്തിയ ജയറാം ചിത്രങ്ങള്‍. ഹാപ്പി ഹസ്ബന്‍ഡ്സ് സൂപ്പര്‍ ഹിറ്റായപ്പോള്‍, കഥ തുടരുന്നു കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. എന്നാല്‍ ഫോര്‍ ഫ്രണ്ട്സ് ശരാശരിയില്‍ ഒതുങ്ങി. നെടുമുടി വേണുവിന് അടുത്തിടെ ലഭിച്ച രണ്ടു മികച്ച കഥാപാത്രങ്ങളായിരുന്നു എത്സമ്മയിലെ പാപ്പനും, ബെസ്റ്റ് ആക്ടറിലെ ഡെന്‍വറാശാനും. രണ്ടും അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അതു പോലെ തന്നെ, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നിലെ ഫാദര്‍ ഡൊമനിക്ക് എന്ന വേഷം, വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് നെടുമുടിക്ക് സമ്മാനിച്ചത്.

യുവതാരങ്ങളില്‍ പ്രിഥ്വിരാജാണ് മലയാളത്തില്‍ നിറഞ്ഞു നിന്നത്. പുണ്യം അഹം, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, ദി ത്രില്ലര്‍ എന്നിങ്ങനെ അഞ്ചു ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി. ഓഫ് ബീറ്റ് ചിത്രമായ പുണ്യം അഹം നിരൂപക ശ്രദ്ധ നേടിയപ്പോള്‍, താന്തോന്നി ശരാശരിയിലും താഴെയായിപ്പോയി. പോക്കിരിരാജ സൂപ്പര്‍ഹിറ്റായപ്പോള്‍, അന്‍വറും ത്രില്ലറും ശരാശരി നിലവാരം പുലര്‍ത്തി. എന്നാല്‍ മണിരത്നം ചിത്രമായ രാവണനിലെ വേഷം പ്രിഥ്വിയെ ഇന്ത്യയിലാകെ പ്രശസ്തനാക്കി. പ്രിഥ്വിരാജെന്ന യുവനടനു ലഭിക്കാവുന്ന മികച്ച അവസരങ്ങളിലൊന്നായിരുന്നു അത്, അദ്ദേഹമത് നന്നായി വിനയോഗിക്കുകയും ചെയ്തു. ഹാപ്പി ഹസ്ബന്‍ഡ്സ്,  നായകന്‍, ചേകവര്‍, എത്സമ്മ എന്ന ആണ്‍കുട്ടി, കോളേജ് ഡേയ്സ് എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രജിത്ത് എത്തിയത്. അതിന്‍ നായകനിലെയും എത്സമ്മയിലേയും, ഹാപ്പി ഹസ്ബന്‍ഡ്സിലേയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, ചേകവര്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. കോളേജ് ഡേയ്സ് ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തു. ഹാപ്പി ഹസ്ബന്‍ഡ്സ്, നല്ലവന്‍, കോക്ക് ടെയില്‍, ഫോര്‍ ഫ്രണ്ടസ് എന്നീ ചിത്രങ്ങളിലാണ് ജയസൂര്യ നമ്മുടെ മുന്നിലെത്തിയത്. കോക്ക് ടെയിലിലേയും ഫോര്‍ ഫ്രണ്ട്സിലേയും  വേഷങ്ങള്‍ ജയസൂര്യ എന്ന നടനെ വളരെയധികം ഉപയോഗപ്പെടുത്തുന്നവയായിരുന്നു. ഇത് ജയസൂര്യയുടെ കരിയറിന് നല്ല മൈലേജ് നല്‍കുമെന്നതില്‍ യാതോരു സംശയവുമില്ല. മമ്മീ & മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി, ഒരിടത്തൊരു പോസ്റ്റുമാന്‍, ഫോര്‍ ഫ്രണ്ട്സ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍. അതില്‍ മമ്മീ & മീയിലേയും, എത്സമ്മയിലേയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പെട്ടു. കഥ തുടരുന്നു, അപൂര്‍വ്വ രാ‍ഗം എന്നിവയിലെ അഭിനയത്തിലൂടെ ആസിഫ് അലി വലരെയധികം ശ്രദ്ധിക്കപ്പെട്ടു. നിഷാന്‍, കൈലാഷ് എന്നിവരും സജീവമായിരുന്നെങ്കിലും, അപൂര്‍വ്വരാഗത്തിലെ നിഷാന്റെ വേഷവും, ശിക്കാറിലെ കൈലാഷിന്റെ വേഷവും മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറുവേഷങ്ങളില്‍ അധികവും അഭിനയിച്ച അനൂപ് മേനോന്‍, പക്ഷേ കോക്ക് ടെയിലില്‍ തിളങ്ങി.

സുരാജ് വെഞ്ഞാറമൂടും സലീം കുമാറും നിറം മങ്ങുന്ന കാഴ്ചയാണ് നാം 2010ല്‍ കണ്ടത്. എത്സമ്മയും കാര്യസ്ഥനുമൊഴിച്ചാല്‍, സുരാജ് മലയാളി പ്രേക്ഷകര്‍ക്ക് അസഹ്യമായി മാറുന്നത് നാം കണ്ടു. സലീം കുമാറിന്റെയും സ്ഥിതി മറിച്ചല്ല. പക്ഷേ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം ഒരു തിരിച്ചു വരവിന് കളമൊരുക്കിയിട്ടുണ്ട്. സുരാജ്-സലീം കുമാര്‍ പ്രഭാവത്തില്‍പ്പെട്ട് ഒതുങ്ങിപ്പോയ ജഗതി ശ്രീകുമാറിന്റേയും ഇന്നസെന്റിന്റേയും തിരിച്ചു വരവും 2010 സംഭവിച്ചു. പാപ്പി അപ്പച്ചാ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളായിരുന്നു ഇന്നസെന്റിന് ജീവശ്വാസം നല്‍കിയത്. എത്സമ്മ, മലവാര്‍ടി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിനു പിടിവള്ളിയായി. വില്ലന്മാരില്‍ തിളങ്ങിയത്, ദ്രോണ 2010ലെ മനോജ്.കെ.ജയനും, നായകനിലെ സിദ്ധിഖുമാണ്. യുവത്വത്തിന്റെ സിനിമയായ അപൂര്‍വ്വരാ‍ഗത്തില്‍ വ്യത്യസ്തമായ ഒരി വില്ലനെ അവതരിപ്പിച്ച ആസിഫ് അലി ശ്രദ്ധ നേടി. ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ മാര്‍ട്ടിന്‍ ദിനകറെന്ന വില്ലന്‍ കഥാപാത്രത്തെ വ്യത്യസ്തമാക്കിയ സമ്പത്ത് രാജാണ്, ഒരു പക്ഷേ ഈ വര്‍ഷത്തെ മികച്ച വില്ലന്‍. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജുമേനോന്റെ നെഗറ്റീവ് റോളും ശ്രദ്ധേയമായി.

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ടു ഇതിഹാസ താരങ്ങള്‍ ഈ വര്‍ഷം മലയാളത്തിലെത്തി. അതിഥി താരമായി 20 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് കമലഹാസന്‍ തിരിച്ചെത്തിയത് ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ്. ബോളിവുഡില്‍ നിന്നും, അമിതാഭ് ബച്ചന്‍ മലയാളത്തിലെത്തിയത് കാണ്ഡഹാറിലൂടെയാണ്. പക്ഷേ ഈ താരങ്ങളുടെ സാന്നിധ്യം, ഈ രണ്ടു ചിത്രങ്ങളേയും രക്ഷിച്ചില്ല എന്നത് വിരോധാഭാസമായി തോന്നാം. തമിഴില്‍ നിന്നു സത്യരാജും(ആഗതന്‍), ശരത്കുമാറും (ഒരിടത്തൊരു പോസ്റ്റ്മാന്‍) മുഴുനീള കഥാപാത്രമായി നമുക്കു മുന്നില്‍ എത്തി. പക്ഷേ ആ ചിത്രങ്ങളെ അത് ഒട്ടും സഹായിച്ചില്ല എന്നു വേണം കരുതുവാന്‍. ഒരു ഇടവേളയ്ക്കു ശേഷം ത്യാഗരാജന്‍ ബോഡിഗാര്‍ഡിലൂടെ മലയാളത്തിലേക്ക് തിരിച്ചത്തി. തെന്നിന്ത്യന്‍ സംവിധായകന്‍ സമുദ്രക്കനി, ശിക്കാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. യുഗപുരുഷനിലെ നായകനായും, ശിക്കാറിലെ സഹനടനായും, തമിഴ് താരം തലൈവാസല്‍ വിജയ് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചു. അന്‍വറില്‍ സ്റ്റാലിന്‍ മണിമാരന്‍ എന്ന പോലീസ് ഓഫീസറായി പ്രകാശ് രാജ് ഒരിടവേളക്കു ശേഷം മലയാളത്തില്‍ തിരിച്ചത്തി.

ഭാവനയും, സംവൃതയും, കനിഹയും, മീരാ ജാസ്മിനും, നിത്യാ മേനോനും, നവ്യാ നായരും, ധന്യാ മേരി വര്‍ഗ്ഗീസും, ശ്വേതാ മേനോനും മലയാളത്തില്‍ സജീവമയിരുന്നു കഴിഞ്ഞ വര്‍ഷം. വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യാതിരുന്ന രണ്ടു പേര്‍ സംവൃതയും ശ്വേതാ മേനോനുമാണ്. നവ്യാ നായര്‍ വിവാഹിതയായതും, വിവാഹത്തിനു ശേഷം കാവ്യാ മാധവന്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നതിനും 2010 സാക്ഷ്യം വഹിച്ചു. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളൊന്നും തന്നെ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയില്ല. അതിനൊരപവാദമെന്നത് എത്സമ്മ എന്ന ആണ്‍കുട്ടിയും, പാട്ടിന്റെ പാലാഴിയും, സൂഫി പറഞ്ഞ കഥയും, പെണ്‍പട്ടണവും മാത്രമാണ്.  ഏകദേശം 100 ചിത്രങ്ങളിറങ്ങിയ മലയാള സിനിമയില്‍ വെറും നാലു ചിത്രങ്ങള്‍ മാത്രമാണ് നായികാ പ്രാധാന്യമേറിയത് എന്നു പറയുമ്പോള്‍, നമ്മുടെ സിനിമാ നിര്‍മ്മാതാക്കള്‍ ലാഭം മാത്രം നോക്കി ചിത്രമെടുക്കുന്നു എന്ന ആരോപണം ബലപ്പെടുന്നു. എത്സമ്മയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ അഗസ്റ്റില്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. സൂഫി പറഞ്ഞ കഥയിലും ആത്മകഥയിലും അഭിനയിച്ച ശര്‍ബാനി മുഖര്‍ജി ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല കഥയുമായി വന്ന പാട്ടിന്റെ പാലാഴിയിലെ മീരാ ജാസ്മിന്റെ പ്രകടനം ശ്രദ്ധേയമായെങ്കിലും ചിത്രത്തിന്റെ പരാജയം അതിന്റെ നിറം മങ്ങിച്ചു. മമ്മി & മീയിലെ അര്‍ച്ചന കവിയുടേയും ഊര്‍വ്വശിയുടേയും പ്രകടനം മികച്ചതായിരുന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ പെണ്‍പട്ടണം പക്ഷേ ശ്രദ്ധിക്കാതെ പോയി. ബോഡി ഗാര്‍ഡിലൂടെ നയന്‍ താരയും, അന്‍വറിലൂടെ മമ്താ മോഹന്‍ ദാസും മലയാളത്തിലേക്ക് തിരിച്ചു വന്നു. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റി വച്ചാല്‍, നായികമാരെ സംബന്ധിച്ച് 2010 നിരാശാജനകമായ വര്‍ഷമായിരുന്നു.

കലാമൂല്യമേറിയ കുറെയധികം ചിത്രങ്ങള്‍ 2010ല്‍ ഇറങ്ങി. സൂഫി പറഞ്ഞ കഥ, ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി, കഥ തുടരുന്നു, മമ്മി & മീ, അപൂര്‍വ്വരാഗം, മലര്‍വാടി ആര്‍ട്ട്സ് ക്ലബ്, പെണ്‍പട്ടണം, പാട്ടിന്റെ പാലാഴി, ആത്മക്ഥ, എത്സമ്മ എന്ന ആണ്‍കുട്ടി, കോക്ക്ടെയില്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുണ്യം അഹം, ബെസ്റ്റ് ആക്ടര്‍ അങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ വര്‍ഷത്തില്‍ പുറത്തിറങ്ങി. പക്ഷേ ആരാധകരുടെ ബലത്തില്‍ മാത്രം ഹിറ്റായി മാറിയ ചിത്രമായിരുന്നു പോക്കിരിരാജ. അതു പോലെ, ഹരിഹര്‍ നഗറിന്റെ തുടര്‍ച്ചയായി വന്ന ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നും ഹിറ്റായി മാറി, പക്ഷേ മുന്‍ ഭാഗങ്ങളെപ്പോലെ വലിയ ഒരു ഹിറ്റായി മാറാന്‍ ഇതിനു കഴിഞ്ഞില്ല. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ സീക്വലായി വന്ന സീനിയര്‍ മാന്‍ഡ്രേക്കും, കാദര്‍ഭായി സീക്വന്‍സില്‍ വന്ന അഗെയിന്‍ കാദര്‍ഭായിയും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. പ്രേക്ഷകര്‍ ഈ ചിത്രങ്ങളെ അമ്പേ തിരസ്കരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതു പോലെ, കോമഡി ചിത്രമായി ഒരുക്കിയ ഏപ്രില്‍ ഫൂളും, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി,  ഒരു സ്മോള്‍ ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ ഒരാഴ്ച പോലും പിന്നിടുന്നതിനു മുന്നെ പോകുന്ന കാഴ്ചയാണ് കണ്ടത്. കോമഡി എന്ന പേരില്‍ കൊണ്ടു വരുന്ന കോപ്രായങ്ങളുടെ ഗതി ഇങ്ങനെ തന്നെയായിരിക്കുമെന്നൊരു സന്ദേശം ഇതു നല്‍കുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ, ഇത്രയധികം പ്രതിഭാധനരെ നഷ്ടപ്പെട്ട മറ്റൊരു വര്‍ഷം ഉണ്ടാകില്ല. വില്ലനായും, നായകനായും, സംവിധായകനായും, കൊമേഡിയനായും നമ്മേ രസിപ്പിച്ച കൊച്ചിന്‍ ഹനീഫയാണ് ആദ്യം നമ്മെ വിട്ടു പിരിഞ്ഞത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത നാം ഉള്‍ക്കൊള്ളുന്നതിനു മുന്നെ, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടു പിരിഞ്ഞു, ഒരു പക്ഷേ മലയാളികളെ മുഴുവന്‍ നൊമ്പരപ്പെടുത്തിയ ഒരു വിയോഗമായിരുന്നു അത്. സന്തോഷ് ജോഗിയെയും നടന്‍ ശ്രീനാഥിനേയും നമുക്ക് നഷ്ടപ്പെട്ടത് ആത്മഹത്യയിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനിലെ നായിക, എം.കെ കമലം നമ്മെ വിട്ടു പിരിഞ്ഞതും ഈ വര്‍ഷം തന്നെ. സ്ഫോടനം, ഗജകേസരിയോഗം, കാട്ടുകുതിര, കാര്‍ണിവല്‍ തുടങ്ങി മലയാളത്തിനു സൂപ്പര്‍ ഹിറ്റുകള്‍ പലതു സമ്മാനിച്ച പി.ജി.വിശ്വംഭരന്‍ പ്രായാധിക്യം മൂലമുള്ള അസുഖത്താല്‍ നമ്മേ വിട്ടു പിരിഞ്ഞത് കഴിഞ്ഞ ജൂണിലായിരുന്നു. ഏകദേശം അതേ സമയത്തു തന്നെ, പഴയകാല നായിക അടൂര്‍ പങ്കജം അന്തരിച്ചു. വളരെക്കാലമായി അസുഖമായി കിടപ്പിലായിരുന്നു അവര്‍. സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജി രാധാകൃഷ്ണനെ നമുക്ക് നഷ്ടമായത് പൊടുന്നനെയായിരുന്നു. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു അത്. ഇനിയും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ബാക്കി വച്ച് സുബൈര്‍ എന്ന നടന്‍ നമ്മെ വിട്ടുപിരിഞ്ഞതും ഈ വര്‍ഷം തന്നെ. നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമായ വേണു നാഗവള്ളി ഈ സെപ്തംബറില്‍ നമ്മോട് വിട പറഞ്ഞു. കരള്‍ സംബന്ധമായ രോഗം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. പിന്നണി ഗായികയായ സ്വര്‍ണ്ണ ലത നമ്മെ വിട്ടു പോയതും അതേ മാസം തന്നെ. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമേ പാടിയിട്ടുള്ളൂ എങ്കിലും, മലയാളികള്‍ക്കു സുപരിചിതയായിരുന്നു സ്വര്‍ണ്ണലത. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പഴയകാല നടിയുടെ ദുരിതപര്‍വ്വം നമ്മുടെ മാധ്യമങ്ങള്‍ എടുത്തു കാണിക്കുകയും, പിന്നീട് പല സംഘടനകളും അവര്‍ക്കായി രംഗത്തു വരികയും ചെയ്തിരുന്നു. ആ നടി, കോഴിക്കോട് ശാന്താ ദേവി, കേരളാ കഫേയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലൂടെ നമ്മുടെ കണ്ണു നനയിച്ച ആ നടി നമ്മെ വിട്ടു പിരിഞ്ഞത് ഈ നംവബറിലാണ്. ഞാന്‍ ആദ്യമെ പറഞ്ഞു പോലെ, ഇത്രയധികം പ്രതിഭാധനര്‍ നമ്മെ, ഒരുമിച്ച് വിട്ടു പിരിഞ്ഞ മറ്റൊരു വര്‍ഷം ഉണ്ടായിട്ടില്ല് എന്നു തോന്നുന്നു.

വിവാദങ്ങള്‍ക്കു യാതോരു ക്ഷാമവുമില്ലായിരുന്ന വര്‍ഷമായിരുന്നു 2010. തിലകന്‍ വിവാദമായിരുന്നു കഴിഞ്ഞ വര്‍ഷത്തിന്റെ ഹൈലൈറ്റ്. അദ്ദേഹം അമ്മയുമായും ഫെഫ്കയുമായും കോര്‍ത്തതാണ് അനാവശ്യ വിവാദം സൃഷ്ടിച്ചത്. അതിനെ തുടര്‍ന്ന്‍ സുകുമാര്‍ അഴീക്കോടടക്കമുള്ള സാംസ്കാരിക നായകര്‍ തിലകനായി രംഗത്തു വന്ന് മോഹന്‍ലാലുമായും, ഇന്നസെന്റുമായും പരസ്യ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും, ഒരു പക്ഷേ മലയാള സാംസ്കാരിക രംഗത്തെ ലജ്ജിപ്പിക്കുന്ന രീതിയിലേക്ക് തരം താഴുകയും ചെയ്തു. പിന്നെടെല്ലാം ശാന്തമായെങ്കിലും, തിലകനെ അമ്മയില്‍ നിന്നും പുറത്തായി. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടന, താരങ്ങളെ റിയാലിറ്റി ഷോയില്‍ നിന്നും, ചാനലില്‍ അവതാരകരാകുന്നതില്‍ നിന്നു വിലക്കിയതും വിവാദമായിരുന്നു. അതിനെ തുടര്‍ന്നു സുരേഷ ഗോപിയും ജഗദീഷും തമ്മില്‍ ചെറിയ തോതില്‍ പരസ്യ വാഗ്വാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. പതിവു പോലെ സംസ്ഥാന അവാര്‍ഡു നിര്‍ണ്ണയം പുലിവാലായി. മലയാളിത്തമില്ലാത്ത ശബ്ദലേഖനമാണെന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടേതെന്നും പഴശ്ശിരാജയില്‍ ഹംഗേറിയന്‍ സംഗീതം കൂടുതല്‍ ഉപയോഗിച്ചു എന്നുമായിരുന്നു ജൂറിയുടെ വിശകലനം വിവാദമായി. കുട്ടിസ്രാങ്കിനെ തഴഞ്ഞതും ചെറിയ തോതില്‍ അലോസരപ്പെടുത്തി, പക്ഷേ എല്ലാവരും ഒരു പോലെ വിമര്‍ശിച്ച ഘടകം, ജൂറിയുടെ കഴിവില്ലായ്മയാണ്. എന്നാല്‍ ദേശീയ അവാര്‍ഡു വന്നതോടെ വിവാദങ്ങള്‍ മുറുകി, മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയെ മറികടന്ന് അമിതാഭ് ബച്ചന് അവാര്‍ഡ് കൊടുത്തതും, പാലേരി മാണിക്യത്തെ തഴഞ്ഞതും വിവാദമായി. കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച, ശിവന്റെ കേശു എന്ന ചിത്രം തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് ജൂറി അംഗം കൂടിയായ ഹരികുമാര്‍ രംഗത്തു വന്നത് വന്‍ വിവാദമായി. അതു പോലെ ശിവന്റെ മകന്‍ ജൂറി അംഗമായിരുന്ന പാനല്‍, ശിവന് അവാര്‍ഡ് നല്‍കിയതിന്റെ ധാര്‍മ്മികതയെ സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്തതും വിവാദമായി. അതിനു ശേഷം ഇന്ത്യന്‍ പനോരമയിലേക്ക് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍, പാലേരി മാണിക്യത്തെ തഴഞ്ഞത് മറ്റൊരു വിവാദത്തിനു തിരി കൊളുത്തി. ദേശീയ അവാര്‍ഡിനെ ചോദ്യം ചെയ്ത തന്നോട്, ചിത്രത്തെ തഴയുക വഴി ശിവന്‍ പകപോക്കല്‍ നടത്തി എന്ന് ആരോപിച്ച് രഞ്ജിത്ത് വിമര്‍ശനം നടത്തുകയും, ശിവന്‍ അതിനു മറുവാദവുമായി വരികയും ചെയ്തതോടെ വിവാദം മുറുകി. വര്‍ഷത്തിനൊടുവില്‍, കയം എന്ന സിനിമയുടെ സ്റ്റില്ലുകള്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യത്തിനായി തന്റെ അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് നടി ശ്വേതാമേനോന്‍ പരാതി നല്‍കിയതും മാധ്യമ ശ്രദ്ധ നേടിയ ഒരു വിവാദമായിരുന്നു.

2009നെ അപേക്ഷിച്ച് കലാമൂല്യമുള്ള ചിത്രങ്ങള്‍ അല്പം കുറവായിരുന്നു ഈ വര്‍ഷം. വര്‍ഷത്തിന്റെ ആദ്യപകുതി നമ്മെ നന്നേ നിരാശപ്പെടുത്തുന്നതുമായിരുന്നു. അതിനിപ്പം വിട്ടു മാറാതെ നിന്ന വിവാദങ്ങളും മലയാള സിനിമയുടെ നിറം കെടുത്തി. എന്നാല്‍ രണ്ടാം പകുതി ആ ദുഖഭാരം കുറച്ചു എന്നു വേണം പറയുവാന്‍. കുട്ടിസ്രാങ്കിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് നമുക്കേറെ സന്തോഷം പകര്‍ന്നു. അതിനൊപ്പം ഒരു പിടി നല്ല ചിത്രങ്ങള്‍ തീയേറ്ററില്‍ എത്തിയതും ഒരു പുത്തനുണര്‍വ്വിനു കാരണമായി. 2011ലേക്കായി നല്ല ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു എന്നു കേള്‍ക്കുന്നു. നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്കായി ലഭിക്കട്ടേ എന്ന് ഈ അവസരത്തില്‍ ആശംസിക്കുന്നു....

Monday, January 24, 2011

ഓര്‍മ്മയില്‍ പത്മരാജന്‍

പത്മരാജന്‍, സിനിമയില്‍ അടുപ്പമുള്ളവരെല്ലാം പപ്പേട്ടനെന്നു വിളിച്ചിരുന്ന അതുല്യ പ്രതിഭ. മലയാളത്തിന്റെ സ്വന്തം പപ്പേട്ടന്‍. ഓര്‍മ്മകളിലെ പത്മരാജനെ കണ്ടെത്തുവാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍, എന്റെ മനസ്സിലേക്കോടിയെത്തുന്നത് ഒരേ ഒരു ചിത്രം മാത്രം. പത്മരാജന്‍ നമ്മെ വിട്ടു പിരിഞ്ഞ വാര്‍ത്തയ്ക്കൊപ്പം മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിത്രം, അലസമായി  പാറി പറന്നു കിടക്കുന്ന മുടിയും, താടിയും, ചുണ്ടില്‍ അടക്കിപ്പിടിച്ച പുഞ്ചിരിയുമായി പത്രക്കടലാസിന്റെ ആദ്യ പേജില്‍ ഞാന്‍ കണ്ട ചിത്രം. സിനിമയെ ഒരു വിനോദോപാധി മാത്രമായി കണ്ടിരുന്ന കാലം, തിരശ്ശീലയില്‍ തെളിയുന്ന താരമാണ് സിനിമയിലെല്ലാം എന്നു വിശ്വസിച്ചിരുന്ന കാലം, ആ ചിത്രത്തിനടിയില്‍ ബോക്സിലുള്ള വാര്‍ത്തയാണ് ഞാനന്ന് ആദ്യം വായിച്ചത്. ഞാന്‍ ഗന്ധര്‍വ്വനെന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ ദുരൂഹമായ മരണത്തെയും പരാമര്‍ശിച്ച് എഴുതപ്പെട്ട ലേഖനമായിരുന്നു അത്. നിതീഷ് ഭരദ്വാജെന്ന നടനെ കാണുവാനായി മാത്രം, ഞാന്‍ വീട്ടില്‍ വഴക്കിട്ട് സിനിമാശാലയില്‍ പോയി കണ്ട ചിത്രമായിരുന്നു ‘ഞാന്‍ ഗന്ധര്‍വ്വന്‍‘. അന്നെന്റെ മനസ്സില്‍ വല്ലാത്ത ഒരു പേടിയാണ് തോന്നിയത്. പിന്നീടെപ്പോഴോ ഞാന്‍ കണ്ട പത്മരാജന്‍ ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. മോഹന്‍ലാലെന്ന അതുല്യനടന്റെ, നടന പാടവം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍ അന്ന് ഞാന്‍ ശ്രദ്ധിച്ചത്, നായകനേയും നായികയേയും മാത്രമായിരുന്നു. ഒരു പക്ഷേ, സംവിധായകന്‍ ആ ചിത്രത്തിലൂടെ പറയാനാഗ്രഹിച്ചതെന്തെന്ന് എനിക്കു മനസ്സിലായിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. മനസ്സിലാനന്ദം പകരുന്ന ചിത്രങ്ങളന്വേഷിച്ച ഞാന്‍ കൂടെവിടെയും, മൂന്നാം പക്കവും, ഇന്നലെയുമെല്ലാം കാണാതെ ഒഴിഞ്ഞു മാറിയിരുന്നു.

സിനിമയിലെ യഥാര്‍ത്ഥ താരം നായകനല്ല, ക്യാമറക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്ന സംവിധായകനാണെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ടായത് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടാണ്. അതിനൊരു പരിധി വരെ കാരണമായത് എന്റെ ചില സുഹൃത്തുക്കള്‍ തന്നെയാണ്. സിനിമയെ വളരെ സീരിയസായി സമീപിക്കുന്നവരുമായുള്ള എന്റെ സംസര്‍ഗ്ഗം എന്നെ നല്ല സിനിമകളോട് അടുപ്പിച്ചു. ഒരു കാലത്ത്, അവാര്‍ഡ് സിനിമകളെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന സിനിമകളില്‍ പലതും, എനിക്കു മനസ്സിലാക്കുവാന്‍ കഴിയാതെ ഒഴിവാക്കിയതാണെന്ന ബോധ്യം ഉള്ളില്‍ കടന്നു കൂടിയതോടെയാണ് എനിക്ക് അവയോട് വല്ലാത്ത ഒരു അഭിനിവേശം പിറവി കൊണ്ടത്. അങ്ങനെ തഴഞ്ഞ പല ചിത്രങ്ങളും പിന്നീട് ഞാന്‍ കണ്ടു തുടങ്ങി. ആ അവസരത്തിലാണ് മൂന്നാം പക്കമെന്ന ചിത്രം ഞാന്‍ കാണുന്നത്. തിലകനെ കേന്ദ്രകഥാപാത്രമാക്കിയ ആ ചിത്രമാണ് എന്ന പത്മരാജന്‍ എന്ന സംവിധായകനിലേക്ക് ആകര്‍ഷിച്ചത്.  എന്തോ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ആകര്‍ഷണീയത ആ ചിത്രത്തിനുണ്ടായിരുന്നു. പാച്ചുവിനേയും, മുത്തശ്ശനേയും കവലയേയുമെല്ലാം എന്റെ ഹൃദയത്തിലേക്ക് പതിപ്പിച്ച ആ ചിത്രം, പത്മരാജനെന്ന സംവിധായകന്റെ മറ്റു ചിത്രങ്ങള്‍ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചു. ആ ഒരു ആവേശത്തില്‍ ഞാന്‍ കണ്ട ചിത്രങ്ങളായിരുന്നു കൂടെവിടെ?, കള്ളന്‍ പവിത്രന്‍, പറന്ന് പറന്ന് പറന്ന്, കരിയിലക്കാറ്റു പോലെ, സീസണ്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങിയവ.

തികച്ചും നാടനായ കഥാപാത്രങ്ങളും, ലളിതമായ തിരക്കഥയുമായിരുന്നു പത്മരാജനെന്ന സംവിധായകനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയത്. പലപ്പോഴും പ്രേക്ഷകനെ അമ്പരപ്പിച്ച കഥാപാത്രങ്ങളെ തിരശ്ശീലയിലെത്തിക്കാന്‍ പത്മരാജനു കഴിഞ്ഞിരുന്നു. പത്മരാജന്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ പലതും നമുക്കു ചുറ്റും ജീവിക്കുന്ന, അല്ലെങ്കില്‍,  നാം കണ്ടുമറന്ന ആളുകള്‍ തന്നെയല്ലേ എന്നൊരു സംശയം പലപ്പോഴും പ്രേക്ഷകരില്‍ നിറഞ്ഞു നിന്നിരുന്നു. അവരുടെ മാനസിക വ്യാപാരങ്ങളെ, പ്രേക്ഷകരിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള പത്മരാജന്റെ സിദ്ധി, ഒരു പക്ഷേ വിരളമായി മാത്രമെ അദ്ദേഹത്തിന്റെ പിന്‍ തലമുറയില്‍ കണ്ടിട്ടുള്ളൂ. ക്ലാരയും,ശാലി ജോസഫും, തകരയും, ചെല്ലപ്പനാശാരിയുമെല്ലാം നമ്മുടെ മനസ്സില്‍ സ്ഥാനം നേടിയത് പത്മരാജനെന്ന കഥാകൃത്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.  പ്രണയമെന്നത് പത്മരാജന്റെ തിരക്കഥകളുടെ മുഖമുദ്രയായിരുന്നു, എന്നാല്‍ പ്രണയത്തെ അവതരിപ്പിക്കുന്നതിന്, നൂതനമായ ആഖ്യാനങ്ങള്‍ തേടി എന്നതായിരുന്നു പത്മരാജനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയത്. “ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും” എന്നു പറഞ്ഞ്, കവിതയിലൂടെ തന്റെ പ്രണയം കാമുകിയോട് വര്‍ണ്ണിക്കുന്ന നായകനെ, പത്മരാജന്‍ ചിത്രത്തിലല്ലാതെ നമുക്ക് കാണുവാന്‍ കഴിയില്ല.   അതു പോലെ പ്രമേയങ്ങളില്‍ അദ്ദേഹം കൊണ്ടുവരുവാന്‍ ശ്രമിച്ച വൈവിധ്യം, അദ്ദേഹത്തെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുവാന്‍ സഹായിച്ചു.

പ്രകൃതിയെ തന്റെ സൃഷ്ടികളില്‍ ആവിഷ്കരിക്കുക, കഥാപാത്രങ്ങളെ അതിനോട് ചേര്‍ത്തു കൊണ്ടു പോകുക അല്ലെങ്കില്‍, പ്രകൃതിയെ തന്നെ കഥാപാത്രമാക്കുക എന്നിങ്ങനെ സമാനതകളില്ലാത്ത ആവിഷ്കാര ശൈലി കൈമുതലായിട്ടുണ്ടായിരുന്ന സംവിധായകനായിരുന്നു പത്മരാജന്‍. മൂന്നാം പക്കത്തിലെ കടലും, തൂവാനത്തുമ്പികളിലെ മഴയും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ മുന്തിരിത്തോട്ടങ്ങളുമെല്ലാം, ചിത്രത്തിലുടനീളം കഥാപാത്രങ്ങളായി മാറുന്നു. തൂവാനത്തുമ്പികളില്‍ ക്ലാര എന്ന കഥാപാത്രത്തെ മഴയുമായി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നത്, ഒരു പക്ഷേ മലയാള സിനിമയിലെ ആദ്യത്തേതും അവസാനത്തേതുമായ പരീക്ഷണമാകും. രതിയുടെ പ്രഭാവം, പല പത്മരാജന്‍ തിരക്കഥകളിലും കാണുവാന്‍ സാധിക്കും. രതിയെ സദാചാര മര്യാദകളുളെ ഉള്ളില്‍ തളച്ചിടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തില്‍ സ്വവര്‍ഗ്ഗരതിയെക്കുറിച്ച് സംസാരികുക വഴി, സമൂഹത്തില്‍ രതിയെക്കുറിച്ചുണ്ടായ ധാരണകളെ പൊളിച്ചെഴുതുവാനാണ് അദ്ദേഹം ശ്രമിച്ചത്. രതിനിര്‍വ്വേദമെന്ന ചിത്രം ഒരു പക്ഷേ സദാചാര സങ്കല്പങ്ങളെ ഒന്നടങ്കം തച്ചുടയ്ക്കുന്ന ഒന്നായിരുന്നു. പ്രണയത്തെയും രതിയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പം, സദാചാര പ്രേമികളെ ചൊടിപ്പിച്ചുവെങ്കിലും, പക്ഷേ, അതിലൂടെ അദ്ദേഹം പറയുവാന്‍ ശ്രമിച്ച വസ്തുതകള്‍ പ്രേക്ഷകരിലെത്തുക തന്നെ ചെയ്തു.

പപ്പേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇരുപത് വര്‍ഷം തികയുകയാണ്. എന്നും വേറിട്ട വഴിയിലൂടെ നടക്കാനാഗ്രഹിച്ച, അങ്ങനെ മാത്രം നടക്കണമെന്നു വാശിപിടിച്ച സംവിധായകനും, സാഹിത്യകാരനും, അതായിരുന്നു പത്മരാജന്‍. പ്രേക്ഷകരേയും വായനക്കാരെയും തന്റെയൊപ്പം കൂട്ടിക്കൊണ്ടു പോകുവാന്‍ കഴിയുക എന്ന അപൂര്‍വ്വ സിദ്ധിയുള്ള കലാകാരന്‍, ഒരു പക്ഷേ അതു തന്നെയാവും അദ്ദേഹത്തിന്റെ വിജയരഹസ്യവും. ഗന്ധര്‍വ്വനെക്കുറിച്ചുള്ള കഥ ചെയ്യരുതെന്ന് പലരും ഉപദേശിച്ചിട്ടും, തന്റെ സര്‍ഗ്ഗാത്മകതയ്ക്കായി ഏതറ്റം വരെയും പോകും എന്ന് പറഞ്ഞ്, ഞാന്‍ ഗന്ധര്‍വ്വനെടുത്തെങ്കിലും, അറം പറ്റിയ പോലെ, അദ്ദേഹത്തിന്റെ ദുരൂഹമായ മരണത്തിലാണ് അത് കലാശിച്ചത്. എന്തായാലും പത്മരാജന്റെ സിനിമകള്‍ കാണുമ്പോഴാണ് ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായതെന്തെന്ന ബോധ്യം നമുക്കുണ്ടാകുന്നത്. ആ മഹാപ്രതിഭയ്ക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ചു കൊണ്ട്.....

Wednesday, January 19, 2011

മലയാള സിനിമയിലെ 2010 ലെ പ്രതിഭകള്‍


കലാമൂല്യമുള്ളതും വാണീജ്യപരമായി നേട്ടം കൊയ്തതുമായ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തു വന്ന വര്‍ഷമായിരുന്നു 2010. കഴിഞ്ഞ വര്‍ഷത്തെ പ്രതിഭകളിലേക്കൊരു തിരിഞ്ഞു നോട്ടം മാത്രമാണിത്. കുറെയധികം ചിത്രങ്ങള്‍ ഈ വര്‍ഷം കാണുവാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാത്തിലാണ് ഇത്തരമൊരു തിരഞ്ഞെടുക്കല്‍ ഞാന്‍ നടത്തുന്നത്.
  1. മികച്ച ചിത്രം : പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്
  2. മികച്ച സംവിധാനം: മോഹന്‍ രാഘവന്‍, ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി.
  3. മികച്ച കഥാരചന: മോഹന്‍ രാഘവന്‍, ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി.
  4. മികച്ച തിരക്കഥാര : മോഹന്‍ രാഘവന്‍, ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി.
  5. മികച്ച നായകനടന്‍ : മമ്മൂട്ടി (കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍, ബെസ്റ്റ് ആക്ടര്‍)
  6. മികച്ച നായികനടി : സംവൃത സുനില്‍ (പുണ്യം അഹം, കോക്ക് ടെയില്‍)
  7. മികച്ച സ്വഭാവ നടന്‍ : നെടുമുടി വേണു (പുണ്യം അഹം, എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍)
  8. മികച്ച സ്വഭാവ നടി : ശര്‍ബാനി മുഖര്‍ജി (ആത്മക്ഥ, സൂഫി പറഞ്ഞ കഥ)
  9. മികച്ച സഹനടന്‍ : സുരേഷ് കൃഷ്ണ (കുട്ടിസ്രാങ്ക്)
  10. മികച്ച സഹനടി : ശ്വേതാ മേനോന്‍ (ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി)
  11. മികച്ച ബാലതാരം : മാസ്റ്റര്‍ അലക്സാണ്ടര്‍ (ടി.ഡി. ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി)
  12. മികച്ച ഛായാഗ്രഹണം : അജയന്‍ വിന്‍സെന്റ് (ആഗതന്‍, അപൂര്‍വ്വരാഗം, ബെസ്റ്റ് ആക്ടര്‍)
  13. മികച്ച കലാസംവിധാനം : ജോസഫ് നെല്ലിക്കന്‍ (വിവിധ ചിത്രങ്ങള്‍)
  14. മികച്ച ചിത്രസന്നിവേശം : അരുണ്‍ കുമാര്‍ (കോക്ക് ടെയില്‍)
  15. മികച്ച പശ്ചാത്തലസംഗീതം :  ബിജിബാല്‍ (അപൂര്‍വ്വരാഗം)
  16. മികച്ച ഗാനരചന : ഗിരീഷ് പുത്തഞ്ചേരി (ശിക്കാര്‍)
  17. മികച്ച സംഗീതസംവിധാനം : എം.ജയചന്ദ്രന്‍ (ശിക്കാര്‍, ജനകന്‍, കരയിലേക്കൊരു കടല്‍ ദൂരം)
  18. മികച്ച ഗായകന്‍ : കാര്‍ത്തിക്ക് (വിവിധ ഗാനങ്ങള്‍)
  19. മികച്ച ഗായിക : ശ്രേയാ ഘോഷാല്‍ (വിവിധ ഗാനങ്ങള്‍)
  20. ജനപ്രിയ ഗാനം : എന്തെടി എന്തെടി.... (ശിക്കാര്‍)
  21. മികച്ച വില്ലന്‍ : സമ്പത്ത് (ദി ത്രില്ലര്‍)
  22. നവാഗത സംവിധായകന്‍ : മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്ടര്‍)
  23. മികച്ച പുതുമുഖം :  ആന്‍ അഗസ്റ്റിന്‍ (എത്സമ്മ എന്ന ആണ്‍കുട്ടി)
  24. ജനപ്രിയ ചിത്രം : എത്സമ്മ എന്ന ആണ്‍കുട്ടി
  25. മികച്ച ഹാസ്യതാരം - ജഗതി ശ്രീകുമാര്‍ (എത്സമ്മ എന്ന ആണ്‍കുട്ടി)
എല്ലാവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

Wednesday, January 12, 2011

അവാര്‍ഡുകള്‍ പ്രഹസനമാകുമ്പോള്‍.....

മലയാള സിനിമയില്‍ അവാര്‍ഡുകള്‍ക്ക് യാതോരു പഞ്ഞവുമില്ല. കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനൊപ്പം, ഇപ്പോള്‍ ചാനലുകളും സംഘടനകളുമെല്ലാം വാരിക്കൊരിയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അവാര്‍ഡ് സമ്മാനിക്കുന്നത് വമ്പിച്ച താര നിശയോടൊപ്പവും. ചാനലുകള്‍ നല്‍കുന്ന അവാര്‍ഡുകള്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡുകള്‍ എന്നാണ് അറിയപ്പെടുന്നത്. പക്ഷേ പലപ്പോഴും അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഇങ്ങനെയും അവാര്‍ഡുകള്‍ കൊടുക്കാമോ എന്നോര്‍ത്ത്, മൂക്കത്തു വിരല്‍ വയ്ക്കാതെ തരവുമില്ല. ഇത്തവണ പുതുവര്‍ഷ ദിനത്തില്‍, അവാര്‍ഡ് പ്രഖ്യാപനം നടത്തി, ഏഷ്യാനെറ്റ് നമ്മെ ‘ഞെട്ടിച്ചിരിക്കുകയാണ്’. അവാര്‍ഡിന്റെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:
  1. മികച്ച നടന്‍ - മമ്മൂട്ടി  (പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍)
  2. മികച്ച നടി - നയന്‍താര (ബോഡിഗാര്‍ഡ്)
  3. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് - മോഹന്‍ലാല്‍
  4. ജനപ്രിയ നായകന്‍ - ദിലീപ് (ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്)
  5. ജനപ്രിയ നടി - മംമത് മോഹന്‍ദാസ് (കഥ തുടരുന്നു, അന്‍വര്‍)
  6. പ്രത്യേക ജൂറി അവാര്‍ഡ് - ശ്രീനിവാസന്‍ (ആത്മകഥ)
  7. യൂത്ത് ഐക്കണ്‍ - ജയസൂര്യ
  8. മികച്ച ചിത്രം - പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്
  9. മികച്ച സംവിധായകന്‍ - ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍)
  10. സ്വഭാവ നടന്‍ - ഇന്നസെന്റ് (കഥ തുടരുന്നു)
  11. സ്വഭാവനടി - സംവൃത (കോക്ക്ടെയില്‍)
  12. സഹനടന്‍ - നെടുമുടി വേണു (എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍)
  13. സഹനടി - ലക്ഷ്മി പ്രിയ (കഥ തുടരുന്നു)
  14. മികച്ച വില്ലന്‍ - ആസിഫ് അലി (അപൂര്‍വ്വരാഗം)
  15. ഹാസ്യതാരം - സുരാജ് വെഞ്ഞാറമൂട്
  16. തിരക്കഥ - സത്യന്‍ അന്തിക്കാട് (കഥ തുടരുന്നു)
  17. ഗാനരചയിതാവ് - മുരുകന്‍ കാട്ടാക്കട (ഒരു നാള്‍ വരും)
  18. സംഗീത സംവിധായകന്‍ - എം.ജി.ശ്രീകുമാര്‍ (ഒരു നാള്‍ വരും)
  19. ഗായകന്‍ - ഹരിഹരന്‍ (കഥ തുടരുന്നു)
  20. ഗായിക - ശ്രേയാ ഘോഷാല്‍ (ആഗതന്‍)
  21. കാമാറാമാന്‍ - വേണു (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍)
  22. എഡിര്‍ - അരുണ്‍കുമാര്‍ (കോക്ക്ടെയില്‍)
  23. ബാലനടന്‍ - മാസ്റ്റര്‍ അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാ. 6 ബി)
  24. ബാലനടി - ബേബി അനിഖ (കഥ തുടരുന്നു)
  25. പുതുമുഖ നടി - ആന്‍ അഗസ്റ്റിന്‍ (എത്സമ്മ എന്ന ആണ്‍കുട്ടി)
  26. താരജോഡി - കുഞ്ചാക്കോ ബോബന്‍ & അര്‍ച്ചനകവി (മമ്മീ & മീ)
  27. ദേശിയോദ്ഗ്രഥന ചിത്രം - കാണ്ഡഹാര്‍
ഇതൊരു വിമര്‍ശനം അല്ല, ജനങ്ങളാല്‍ നല്‍കപ്പെടുന്ന അവാര്‍ഡുകള്‍ ഇങ്ങനെ തരം താഴുന്നതു കാണുമ്പോള്‍, ഒരു പ്രേക്ഷകന്‍ അല്ല, ഒരു സാധാരണക്കാരന്‍ നടത്തുന്ന പ്രതികരണം മാത്രം... നമുക്കീ അവാര്‍ഡൊന്നു വിശകലം ചെയ്താലോ?

 1. മികച്ച നടന്‍ - മമ്മൂട്ടി  (പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍)- കലാമൂല്യമുള്ള ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ഈ അവാര്‍ഡ്. ഒരു പക്ഷേ അദ്ദേഹത്തിന് ഈ വിഭാഗത്തില്‍ എതിരാളികളേ ഇല്ലായിരുന്നു എന്നു വേണം കരുതാന്‍.

2. മികച്ച നടി - നയന്‍താര (ബോഡിഗാര്‍ഡ്) - വളരെക്കാലത്തിനു ശേഷമാണ് നയന്‍ താര മലയാളത്തിലേക്ക് മടങ്ങി വരുന്നത്. എന്നാല്‍ അത് അവാര്‍ഡ് നല്‍കാനുള്ള കാരണമല്ല. ബോഡി ഗാര്‍ഡിലെ നയന്‍സിന്റെ പ്രകടനത്തെ വിലയിരുത്തിയാല്‍, അതിനേക്കാള്‍ മികച്ച അഭിനയം കാഴ്ച വച്ച നടിമാര്‍ ഉണ്ടെന്നു കാണാം. പുണ്യം അഹം, കോക്ക്ടെയില്‍ എന്നെ ചിത്രങ്ങളിലെ സംവൃതയുടെ പ്രകടനം നയന്‍സിന്റെ പ്രകടനത്തേക്കള്‍ മികച്ചതായിരുന്നു. സംവൃതയെ പൂര്‍ണ്ണമായും തഴഞ്ഞ് നയന്‍സിന് അവാര്‍ഡ് കൊടുത്തത്, താരനിശ ഒന്നു കൊഴുപ്പിക്കാനായിരുന്നു എന്നു തോന്നുന്നു.

3. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് - മോഹന്‍ലാല്‍ - എന്തിനാണ് ഇങ്ങനെ ഒരു അവാര്‍ഡെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മമ്മൂട്ടിക്കു മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തപ്പോള്‍, എന്നാല്‍ മോഹന്‍ ലാലിനെ പിണക്കേണ്ടാ എന്നു കരുതായാണോ ആവോ ഈ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ?

4. ജനപ്രിയ നായകന്‍ - ദിലീപ് (ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്) - വേറെ ഒരു ജനപ്രിയ നായകനും മലയാളത്തില്‍ ഇല്ലല്ലൊ? മീശമാധവനിറങ്ങിയ കൊല്ലം മുതലേ പുള്ളിക്കാരനല്ലേ ജനപ്രിയന്‍?

5. ജനപ്രിയ നടി - മംമത് മോഹന്‍ദാസ് (കഥ തുടരുന്നു, അന്‍വര്‍) - ഒരു പരിധി വരെ ശരിയായ അവാര്‍ഡ്. കാരണം ഇതിന് മറ്റൊരു അവകാശിയെ കണ്ടെത്താനാവില്ല.

6. പ്രത്യേക ജൂറി അവാര്‍ഡ് - ശ്രീനിവാസന്‍ (ആത്മകഥ) - ആത്മകഥയിലെ ശ്രീനിവാസന്റെ പ്രകടനം നിരൂപ പ്രശംസ നേടിയിരുന്നു. പ്രത്യേക ജൂറി അവാര്‍ഡ്  തികച്ചും ശരിയായ നിര്‍ണ്ണയമാണ്.

7. യൂത്ത് ഐക്കണ്‍ - ജയസൂര്യ  - ജയസൂര്യ, താന്‍ ഒരു മികച്ച നടനാണ് എന്നു തെളിയിച്ച് കൊണ്ടിരിക്കയാണ്. കോക്ക്ടെയിലിലെയും ഫോര്‍ഫ്രണ്ടസിലേയും കഥാപാത്രങ്ങള്‍ അതു തെളിയിക്കുന്നു. പക്ഷേ യൂത്ത് ഐക്കോണ്‍ എന്ന അവാര്‍ഡ് എത്രത്തോളം അര്‍ത്ഥവത്താണെന്ന് സംശയിക്കുന്നു. ആ നടനെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍, ഒരു പ്രത്യേക ജൂറി പുരസ്കാരമായിരുന്നു നല്ലത്. ഇതിപ്പോള്‍ എന്തിനോ വേണ്ടി ഓക്കാനിക്കുന്നതു പോലെയൊരു അവാര്‍ഡായി പോയി.

8. മികച്ച ചിത്രം - പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് - പ്രാഞ്ചിയേട്ടന്‍ മികച്ക ചിത്രം തന്നെ, പക്ഷേ കുട്ടിസ്രാങ്കായിരുന്നു മികച്ച ചിത്രത്തിന്റെ കുറച്ചു കൂടി ശരിയായ ചിത്രം. അവാര്‍ഡ് വാങ്ങാന്‍ ചിത്രത്തിന്റെ സംവിധായകനായ ഷാജി എന്‍ കരുണ്‍ വരുമോ എന്ന സംശയം കൂടിയാവാം പ്രാഞ്ചിയേട്ടനു ഈ അവാര്‍ഡ് കൊടുക്കാനുള്ള കാരണം.

9. മികച്ച സംവിധായകന്‍ - ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍) - അബദ്ധജഡിലമായ മറ്റൊരു അവാര്‍ഡ്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം ആള്‍ക്കാരെ ആനന്ദിപ്പിച്ച ചിത്രമെന്നതിനപ്പുറം, കലാമൂല്യം ഒട്ടുമില്ലാത്ത ഒരു ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്റെ സംവിധായകനായ മോഹന്‍ രാഘവനാണ് ഈ അവാര്‍ഡിന്റെ യഥാര്‍ത്ഥ അവകാശി എന്നു തോന്നുന്നു.

10. സ്വഭാവ നടന്‍ - ഇന്നസെന്റ് (കഥ തുടരുന്നു) - കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയം വച്ചു മാത്രം അങ്ങനെ ഒരു വിലയിരുത്തലിലേക്ക് എത്താന്‍ കഴിയില്ല. കാരണം സത്യന്‍ അന്തിക്കാടിന്റെ ഒരു ക്ലീഷേ കഥാപാത്രം മാത്രമായിരുന്നു അത്.

11. സ്വഭാവനടി - സംവൃത (കോക്ക്ടെയില്‍) - മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുക്കുന്നതിനു പകരം സ്വഭാവനടി എന്നത്  ഒരു സമാശ്വാസ സമ്മാനം പോലെ തോന്നുന്നു.

12. സഹനടന്‍ - നെടുമുടി വേണു (എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍) - വളരെ നല്ല നിര്‍ണ്ണയം നെടുമുടി വേണുവിനു ലഭിച്ച വളരെ നല്ല രണ്ടു കഥാപാത്രങ്ങളായിരുന്നു എത്സമ്മയിലേതും ബെസ്റ്റ് ആക്ടറിലേതും.

13. സഹനടി - ലക്ഷ്മി പ്രിയ (കഥ തുടരുന്നു) - സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു ക്ലീഷേ കഥാപാത്രത്തിനപ്പുറം, ഈ അവാര്‍ഡ് ഒട്ടും തന്നെ ഇണങ്ങുന്നില്ല. ഒരു പക്ഷേ ശ്വേതാമേനോനാവണം ഈ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത്.

14. മികച്ച വില്ലന്‍ - ആസിഫ് അലി (അപൂര്‍വ്വരാഗം) - ഒരു പരിധി വരെ യോജിക്കുന്നു. പക്ഷേ മികച്ച  വില്ലന്മാര്‍ വേറേയും ഉണ്ടായിരുന്നു.

15. ഹാസ്യതാരം - സുരാജ് വെഞ്ഞാറമൂട് - ഒട്ടും യോജിക്കാന്‍ സാധിക്കാത്ത അവാര്‍ഡ്. തിരോന്തോരം ഭാഷയും, കോപ്രായങ്ങളുമായി ചുരുങ്ങിയിരിക്കുന്നു സുരാജിന്റെ കോമഡീ, അതും പണ്ടേ പോലെ ഫലിക്കുന്നുമില്ല. എന്നിട്ടും അവാര്‍ഡ്. ഏഷ്യാനെറ്റുമായി സുരാജ് പുലര്‍ത്തുന്ന അടുത്ത ബന്ധമാകും ഈ അവാര്‍ഡിനു പിന്നില്‍.

16. തിരക്കഥ - സത്യന്‍ അന്തിക്കാട് (കഥ തുടരുന്നു) - സ്ഥിരം പാറ്റേണില്‍ ചിത്രങ്ങള്‍ ചെയ്യുന്ന സത്യന്‍ അന്തിക്കാട്, വ്യത്യസ്തതയാര്‍ന്ന ഒരു ചിത്രം ചെയ്തിട്ടു വര്‍ഷങ്ങളായി. രസതന്ത്രം മുതലിങ്ങോട്ടുള്ളുള്ള ചിത്രങ്ങളോന്നും തന്നെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളെന്ന തോന്നലുളവാക്കിയിട്ടില്ല. കഥ തുടരുന്നുവും വ്യത്യസ്തമല്ല. ബൂലോകത്തെ ഒരു നിരൂപകന്‍ എഴുതിയ വാക്കുകള്‍ കടം കൊണ്ടാല്‍, ‘ഇപ്പോഴും പഴയ പച്ചക്കറിക്കടയും തുറന്നു വച്ചാണ് സത്യന്‍ അന്തിക്കാടിരിക്കുന്നത്.’ ഈ അവാര്‍ഡ് സത്യന്‍ അന്തിക്കാടിനു നല്‍കേണ്ടതല്ല. അത് ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മോഹന്‍ രാഘവനാണ് കൊടുക്കേണ്ടിയിരുന്നത്.

17. ഗാനരചയിതാവ് - മുരുകന്‍ കാട്ടാക്കട (ഒരു നാള്‍ വരും) - ഈ ചിത്രത്തിലെ ഒരൊറ്റ ഗാനം പോലും ആകര്‍ഷകമായിരുന്നില്ല. അതില്‍ വരികളുടെ പ്രാധാന്യം എടുത്തു കാണിക്കാനുമില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും, അനില്‍ പനച്ചൂരാനും, സന്തോഷ് വര്‍മ്മയും, നമ്മെ വിട്ടു പോയ ഗിരീഷ് പുത്തഞ്ചേരിയും ഇതിലും നല്ല ഗാനങ്ങള്‍ നമുക്കായി രചിച്ചിട്ടുണ്ട് പോയ വര്‍ഷം. പിന്നെ എന്തിനായിരുന്നു ഈ അവാര്‍ഡ്? ഏഷ്യാനെറ്റിനു മാത്രമറിയാം.

18. സംഗീത സംവിധായകന്‍ - എം.ജി.ശ്രീകുമാര്‍ (ഒരു നാള്‍ വരും) - ജനകീയ അവാര്‍ഡെന്നു പറഞ്ഞു മനുഷ്യനെ കളിയാക്കുന്നത് ഇങ്ങനെ അവാര്‍ഡ് കൊടുത്താണ്.  വര്‍ഷങ്ങളായി ഏഷ്യാനെറ്റിന്റെ സന്തത സഹചാരിയാണ് എം.ജി ശ്രീകുമാര്‍. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോകളിലും, സംഗീത പരിപാടികളിലും വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുകയാണദ്ദേഹം. അദ്ദേഹത്തിനെ സുഖിപ്പിക്കാനായിട്ടാണെന്നു തോന്നുന്നു ഈ അവാര്‍ഡ്. ഒരു എളിയ സംഗീതാസ്വാദകനെന്ന നിലയില്‍ പറഞ്ഞാല്‍, എം.ജയചന്ദ്രനെയോ, ഇളയരാജയെ മറികടക്കാനുള്ള സംഗീത സംവിധാനമൊന്നും, എം.ജി.ശ്രീകുമാര്‍ ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ നടത്തിയിട്ടില്ല.  മുന്‍ വര്‍ഷത്തില്‍ അദ്ദേഹത്തിന് മികച്ച ഗായകനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് നല്‍കിയിരുന്നു. അന്നും നല്ല ഗാനങ്ങള്‍ ആ‍ലപിച്ചവരെ മറികടന്നായിരുന്നു അവാര്‍ഡ്. ഇത്തരം സുഖിപ്പീര് അവാര്‍ഡുകള്‍, ജനകീയ അവാര്‍ഡുകളുടെ വില തന്നെ കളയും എന്നതില്‍ സംശയമില്ല.

19. ഗായകന്‍ - ഹരിഹരന്‍ (കഥ തുടരുന്നു) - ആരോ പാടുന്നു ദൂരെ എന്ന ഗാനമാണ് ഹരിഹരനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയിരിക്കുന്നത്. നല്ലതു തന്നെ, പക്ഷേ ഈ വര്‍ഷം നിരവധി നല്ല ഗാനങ്ങള്‍ പാടിയ വിജയ് യേശുദാസിനൊ, കാര്‍ത്തിക്കിനോ ഈ അവാര്‍ഡ് കൊടുക്കാമായിരുന്നു.

20. ഗായിക - ശ്രേയാ ഘോഷാല്‍ (ആഗതന്‍)  - ഗോമ്പറ്റീഷന്‍ ഇല്ലാത്ത വിഭാഗമായിരുന്നു ഇത് എന്നു തോന്നുന്നു. അവാര്‍ഡ് ശ്രേയക്കു തന്നെ. മറുവാക്കില്ല..

21. കാമാറാമാന്‍ - വേണു (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍) - ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം വേണുവിന്റെ ഛായാഗ്രഹണമാണ്. പക്ഷേ അവാര്‍ഡ് ലഭിക്കുവാന്‍ തക്ക വണ്ണം മികവ് അതിനുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആഗതന്‍, ബെസ്റ്റ് ആക്ടര്‍, അപൂര്‍വ്വരാഗം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അജയന്‍ വിന്‍സന്റ് കാണിച്ചിരിക്കുന്ന മികവിന്റെ അടുത്തെങ്ങും എത്തില്ല വേണുവിന്റെ ഛായാഗ്രഹണം എന്നാണ് എന്റെ അഭിപ്രായം.

22. എഡിറ്റര്‍ - അരുണ്‍കുമാര്‍ (കോക്ക്ടെയില്‍) - ഒരു സംവിധായകന്‍ എഡിറ്ററാകുക എന്നത് കോക്ക്ടെയില്‍ എന്ന ചിത്രത്തിലൂടെയാവും മലയാളത്തില്‍ ആദ്യമായി സംഭവിക്കുന്നത്. അത് ആ ചിത്രത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്നു പറഞ്ഞറിയിക്കുവാന്‍ സാധിക്കുകയില്ല. 100 ശതമാനം യോജിക്കാവുന്ന അവാര്‍ഡാണ് ഇത്.

23. ബാലനടന്‍ - മാസ്റ്റര്‍ അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാ. 6 ബി) - വീണ്ടും 100 ശതമാനം യോജിക്കാവുന്ന അവാര്‍ഡ്. മറ്റൊരു ബാലതാരം ഉണ്ടെന്നു തോന്നുന്നില്ല ഈ അവാര്‍ഡിനു അര്‍ഹനാകാന്‍.

24. ബാലനടി - ബേബി അനിഖ (കഥ തുടരുന്നു) - ബാലനടന്റെ കാര്യത്തില്‍ പറഞ്ഞതു തന്നെ ഇവിടേയും പറയാവുന്നതാണ്.

25. പുതുമുഖ നടി - ആന്‍ അഗസ്റ്റിന്‍ (എത്സമ്മ എന്ന ആണ്‍കുട്ടി) - എത്സമ്മയുടെ വിജയമാണ് ആനിന് ഈ അവാര്‍ഡ് നേടിക്കൊടുത്തത്. എന്നാല്‍ അഭിനയത്തില്‍ ഇനിയും വളരെയധികം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു ആന്‍. അതിനു കഴിയുമെന്നാണ് തോന്നുന്നത്.

26. താരജോഡി - കുഞ്ചാക്കോ ബോബന്‍ & അര്‍ച്ചനകവി (മമ്മീ & മീ) -  താരജോഡി എന്ന അവാര്‍ഡ് നിര്‍ണ്ണയിച്ചവര്‍ മമ്മീ & മീ എന്ന ചിത്രം കാണാതെയാണോ ഇതു തീരുമാനിച്ചത് എന്നു തോന്നിപോകുന്നു. കാരണം ചിത്രത്തിലൊരിക്കല്‍ പോലും കുഞ്ചാക്കോ ബോബനും അര്‍ച്ചനാ കവിയും താരജോഡികളാണെന്നു തോന്നുന്നില്ല. രണ്ടു പേരും രണ്ടു ലോകത്തില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍. അവരെ പിടിച്ചു താരജോഡികളാക്കിയ ഏഷ്യാനെറ്റിന്റെ കഴിവ് അപാരം തന്നെ...

27. ദേശിയോദ്ഗ്രഥന ചിത്രം - കാണ്ഡഹാര്‍ - ഇത് മറ്റൊരു സമാശ്വാസ സമ്മാനമാണെന്നു തോന്നുന്നു. ദേശിയോദ്ഗ്രഥനമെന്നാല്‍ തീവ്രവാദികളെ വെടിവെച്ചിടുന്നതാണെന്ന അഭിപ്രായമാണ് ഏഷ്യാനെറ്റിനെന്നു തോന്നുന്നു, കാരണം മേജര്‍ രവി എപ്പോള്‍ പടമെടുത്താലും, അതിനു ദേശിയോദ്ഗ്രഥനത്തിനത്തിനുള്ള അവാര്‍ഡ് റിസര്‍വ്വ് ചെയ്തു വയ്ക്കും. ഈ പടത്തിന് അവാര്‍ഡ് കൊടുത്താല്‍ ചുളുവില്‍ ബച്ചനെ താരനിശയ്ക്കു കൊണ്ടു വരാം എന്നതായിരിക്കും ഇതിലെ ഏഷ്യാനെറ്റിന്റെ ബുദ്ധി. ഒരു കൊള്ളാം നടക്കട്ടേ..

ഏഷ്യാനെറ്റിലെ പരിപാടികള്‍ പോലെ തന്നെ, പ്രഹസനമാകുന്നു അവര്‍ നല്‍കുന്ന അവാര്‍ഡും. ലാലേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ അവരുടെ നിലവാരം കാണിച്ചുവെന്നേയുള്ളൂ എന്നും പറയാം. ആദ്യകാലങ്ങളില്‍ അവാര്‍ഡെന്നാല്‍ കഴിവിനു ലഭിക്കുന്ന അംഗീകാരമായിരുന്നു, കഴിവിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. ഓരോ അവാര്‍ഡിനേയും വലിയ ആദരവോടെയാണ് കാലാകാരന്മാരും, പ്രേക്ഷകരും കണ്ടിരുന്നത്. അതു കൊണ്ടു തന്നെ ഒരു അവാര്‍ഡു ലഭിക്കുക എന്നാല്‍ അതിനെ വളരെ വലിയ ഒരു അംഗീകാരമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഇത്തരം പ്രഹസനങ്ങള്‍ അവാര്‍ഡിന്റെ മൂല്യമിടിക്കുമെന്നതില്‍ തര്‍ക്കമില്ല. വാണീജ്യ താല്പര്യങ്ങളുടെ പേരില്‍ ഇങ്ങനെ അവാര്‍ഡുകള്‍ നല്‍കിയാല്‍ ഭാവിയില്‍ അവാര്‍ഡുകള്‍ക്കേ വിലയില്ലാതാവും. അതു കൊണ്ടു ഈ അവസരത്തില്‍ എനിക്ക് ഏഷ്യാനെറ്റിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം. അവാര്‍ഡു കൊടുക്കണമെങ്കില്‍, അത് അതിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി ഏല്‍പ്പിക്കണം, അപ്പോഴേ അതിനു മൂല്യമുണ്ടാകൂ... 

Sunday, January 9, 2011

ട്രാഫിക്ക് (Traffic)

കുറച്ചു കാലം മുന്നെ, മലയാള സിനിമയില്‍ ക്യാമറയ്ക്കു മുന്നിലും പിറകിലുമുള്ള പ്രമുഖര്‍ അണിനിരന്ന ഒരു സിനിമാധിഷ്ഠിത ടോക്ക് ഷോയില്‍ പൊതുവായി ഉയര്‍ന്നു വന്ന ഒരു വാ‍ദമായിരുന്നു, മലയാളത്തില്‍ മികച്ച കഥകളുടെ അഭാവവും, സംവിധായകര്‍ പരീക്ഷണങ്ങള്‍ക്കു മുതിരാത്തതുമാണ് മലയാള സിനിമയുടെ പ്രതിസന്ധിയെന്ന്. എന്നാല്‍ ആ മേഖലയിലേക്ക് വിപ്ലവകരമായ ഒരു മാറ്റവുമായി കടന്നു വന്ന ചിത്രമായിരുന്നു രഞ്ജിത് ശങ്കറൊരുക്കിയ പാസഞ്ചര്‍. അതിനു ശേഷം, പ്രമുഖരായ സംവിധായകര്‍ തങ്ങളുടെ സ്ഥിരം ശൈലിയില്‍ ചടഞ്ഞുകൂടിയിരുന്നപ്പോള്‍, പുതുമുഖ സംവിധായകര്‍ പാസഞ്ചറിന്റെ ചുവടുപിടിച്ച് വളരെയധികം നല്ല പ്രൊജക്ടുകളുമായി മുന്നോട്ടു വരുന്ന കാഴ്ച നാം കണ്ടു. അതിന്റെ പിന്നോടിയാണ് രാജേഷ് പിള്ളയുടെ ‘ട്രാഫിക്ക്’ എന്ന ചിത്രം. മലയാളത്തിന് പുതുമ സമ്മാനിക്കുന്ന ഒരു പരീക്ഷണ ചിത്രമാണിത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് ട്രാഫിക്ക്. 2011 ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് ട്രാഫിക്ക്. ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥകളൊരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ട്രാഫിക്കിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, സായ് കുമാര്‍, സന്ധ്യ, ലെന, റോമ തുടങ്ങി വലിയൊരു താര നിരയുമായാണ് ട്രാഫിക്ക് നമുക്ക് മുന്നില്‍ എത്തുന്നത്. മലയാളത്തിലെ റോഡ് മൂവി ത്രില്ലര്‍ എന്ന ഗണത്തിലേക്കാണ് ട്രാഫിക്ക് എത്തുന്നത്.

ഒരേ ദിവസം, കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ 16ന്  പല സമയം പല സ്ഥലങ്ങളില്‍ നിന്നായി യാത്രയാരംഭിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചിലകാര്യങ്ങളും, അതിനെ തുടര്‍ന്ന് അവരുടെ യാത്ര ഒരേ ദിശയില്‍ ഒരേ ലക്ഷ്യത്തിലേക്കാവുന്നതുമാണ് ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.  കൈകൂലി കേസില്‍ അറസ്റ്റിലായി, ഒടുവില്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ തിരിച്ച് സര്‍വീസില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്ന ട്രാഫിക്ക് കോണ്‍സ്റ്റബില്‍ സുദേവന്‍ (ശ്രീനിവാസന്‍), നല്ലൊരു ജേര്‍ണലിസ്റ്റാകണമെന്ന അഭിലാഷത്തോടെ ഇന്ത്യാവിഷന്‍ ചാനലില്‍ ജോയില്‍ ചെയ്യാന്‍ തയ്യാറെടുക്കുന്ന റെഹാന്‍ (വിനീത് ശ്രീനിവാസന്‍), കൂട്ടുകാരന്‍ രാജീവ് (ആസീഫ് അലി), തന്റെ ഡ്രീം പ്രോജക്റ്റിന്റെ റിലീസ് കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ (റഹ്മാന്‍), വിവാഹ വാര്‍ഷിക ദിവസത്തില്‍ തന്റെ ഭാര്യയ്ക്ക് മുന്നറിയിപ്പില്ലാതെ ഒരു വിവാഹ സമ്മാനമായി ഒരു കാര്‍ വാങ്ങിപ്പോകുന്ന ഹൃദ്രോഗ വിദഗ്ദന്‍ ഡോ.ഏബല്‍ (കുഞ്ചാക്കോ ബോബന്‍) എന്നിവരാണ് അവര്‍.  എറണാകുളത്തു വച്ച്, രാവിലെ 9 മണിക്ക്, ഒരു ബൈക്കപകടത്തില്‍ റെഹാന്‍ മരിക്കുന്നു. അയാളുടെ ഹൃദയം, പാലക്കാട്ട് മരണവുമായി മല്ലടിക്കുന്ന സിദ്ധാര്‍ത്ഥ് ശങ്കറിന്റെ മകള്‍ക്കു വേണ്ടി മാറ്റി വയ്ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ അവിടെ ഹൃദയമെത്തിക്കുക എന്ന ദൌത്യം പോലീസ് കമ്മീഷണര്‍ അജ്മല്‍ നാസര്‍ (അനൂപ് മേനോന്‍) ഏറ്റെടുക്കുന്നു. അതില്‍ സുദേവനും, രാജീവും, ഡോ.ഏബലും എത്തിപ്പെടുന്നു. പിന്നീട് നടക്കുന്ന ഉദ്ദ്വേഗഭരിതമായ സംഭവ വികാസങ്ങളാണ് ട്രാഫിക്ക് നമുക്കായി അവതരിപ്പിക്കുന്നത്. 

അതി മനോഹരമായാണ് ബോബിയും സഞ്ജയും ഇതിന്റെ കഥയും, തിരക്കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ചിരിക്കുന്നത്. ഒഴുക്കോടെ, പിരിമുറുക്കം നിലനിര്‍ത്തി, ഇഴച്ചിലുകളുണ്ടാക്കാതെയാണ് ഇതിന്റെ തിരനാടകം എഴുതപ്പെട്ടിരിക്കുന്നത്. ഓരോ പ്രതിബന്ധങ്ങള്‍ തരണം ചെയ്യുമ്പോള്‍, ഇനിയെന്താകുമെന്ന ചോദ്യം പ്രേക്ഷക മനസ്സുകളിലേക്കു കടന്നു വരുമ്പോള്‍ തന്നെ, അവരെ കാത്തിരിക്കുന്നത് അടുത്ത ഒരു ട്വിസ്റ്റാണ്. ചിത്രത്തിലുടനീളം പ്രേക്ഷകരെ കഥയ്ക്കൊപ്പം കൊണ്ടു പോകുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ വിജയം. അനാവശ്യമെന്നു തോന്നുന്ന ഒരൊറ്റ കഥാപാത്രം പോലും  ഈ ചിത്രത്തിലില്ല എന്ന മലയാള സിനിമയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം ഈ ചിത്രത്തില്‍ കാണാം. മനോഹരമായി എഴുതപ്പെട്ട കഥയെ, മോശമാക്കാതെ അതി ഗംഭീരമായി തിരശ്ശീലയിലെത്തിക്കുവാന്‍ സംവിധായകനായ രാജേഷ് പിള്ളയ്ക്കു കഴിയുന്നു എന്നത് ചിത്രത്തിന്റെ വിജയത്തിന് പ്രധാന കാരണമാകുന്നു. പല രംഗങ്ങളിലും തീയേറ്ററില്‍ പ്രേക്ഷകര്‍ അറിയാതെ തന്നെ കയ്യടിക്കുന്നു എന്നത് തന്നെ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കുമുള്ള അംഗീകാരമായി നമുക്ക് കണക്കാക്കാം.

അഭിനയത്തില്‍ എല്ലാവരും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സുദേവന്‍. ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന ഈ കഥാപാത്രത്തെ ശ്രീനിവാസന്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം യുവതാരം ആസിഫ് അലിയുടേതാണ്. രാജീവ് എന്ന കഥാപാത്രത്തോട് 100% നീതിപുലര്‍ത്താന്‍ ആസിഫിനു കഴിഞ്ഞിരിക്കുന്നു. അപൂര്‍വ്വരാഗത്തിലെ നെഗറ്റീവ് കഥാപാത്രത്തിനു ശേഷം ആസിഫിനു ലഭിക്കുന്ന മികച്ച കഥാപാത്രമാണിത്. അല്പം നെഗറ്റീവ് കലര്‍ന്ന ഡോ.ഏബില്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ മികച്ചതാക്കിയിരിക്കുന്നു. മറ്റൊരു മികച്ച പ്രകടനം സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത്ഥായി അഭിനയിച്ച റഹ്മാന്റേതാണ്. ഇന്നത്തെ പല സൂപ്പര്‍ സ്റ്റാറുകളെയും വിമര്‍ശിക്കുന്ന രീതിയിലുള്ള പ്രകടനം പലപ്പോഴും തീയേറ്റരുകളില്‍ പൊട്ടിച്ചിരികളും കയ്യടികളും സമ്മാനിച്ചു. ചെറുതെങ്കിലും വിനീത് ശ്രീനിവാസന്റെ റെയ്ഹാന്‍ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. സന്ധ്യ, റോമ, ലെന, സായ് കുമാര്‍, വിജയകുമാര്‍, രമ്യാ നമ്പീശന്‍, റീനാ ബഷീര്‍ എന്നിവരുടേയും അഭിനയം ആകര്‍ഷകമായി എന്നു മാത്രമല്ല, ഒരു കഥാപാത്രവും പ്രേക്ഷകരെ മുഷിപ്പിക്കുന്നുമില്ല. രണ്ടു സീനില്‍ മാത്രമായി നമുക്കു മുന്നിലെത്തുന്ന ജോസ് പ്രകാശും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കും. പുതുമുഖങ്ങളും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. 

ഈ ചിത്രത്തെ ആകര്‍ഷകമാക്കി മാറ്റുവാന്‍ ഇതിന്റെ സാങ്കേതിക വിഭാഗം വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല. ഷൈജു ഖാലിദ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ പകരുന്നതാണ്. ക്യാമറ കൊണ്ട് സര്‍ക്കസ് കാണിക്കാതെ, മനോഹരമായാണ് ഷൈജു ട്രാഫിക്കിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അതിവേഗതയില്‍ ചലിക്കുന്ന വാഹനങ്ങളും, വാഹനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും അസ്വാഭാവികത കൂടാതെ ചിത്രീകരിക്കാന്‍ ഷൈജുവിന് കഴിഞ്ഞിട്ടുണ്ട്. മഹേഷ് നാരായണന്റെ ചിത്രസംയോജനമാണ് ഛായാഗ്രഹണത്തോടൊപ്പം ഈ ചിത്രത്തിനു അനുഗ്രഹമായത്. ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്താനും, പ്രേക്ഷകരെ മുഷിപ്പിക്കാതിരിക്കാനും മഹേഷിനു കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ വേഗത പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്നത് ചിത്രസംയോജനത്തിന്റെ മികവുകൊണ്ടാണ്.

ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് മെജോ ജോസഫാണ്. ബഹളമലയമല്ലാത്ത രീതിയില്‍ പ്രേക്ഷകരെ മുള്‍മുനയിലെത്തിക്കാന്‍ തിരക്കഥയെ സഹായിക്കുന്ന ഒരു ഘടകം ഈ മെജോയുടെ പശ്ചാത്തല സംഗീതമാണ്. മെജോയും സാംസണ്‍ കോട്ടൂറും ചേര്‍ത്തൊരുക്കിയിരിക്കുന്ന ഒരു ഗാനമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്ന ഈ ഗാനം നമ്മെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുപോകുന്നു. ചെറിയ ഒരു സംഘട്ടന രംഗം മാത്രമാണ് ചിത്രത്തിലുള്ളത്. അതു നന്നായി ബോറടിപ്പിക്കാതെ ചിത്രീകരിക്കാനുള്ള വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു എന്നത് സന്തോഷം  പകരുന്ന ഒരു വസ്തുതയായി.

സൂപ്പര്‍ താരങ്ങളില്ലാത്തെ ഈ ചിത്രത്തിലെ താരമാരാണ് എന്ന ചോദ്യത്തിന് കഥയും തിരക്കഥയും എന്നു പറയാം. വ്യത്യസ്തയാര്‍ന്ന പ്രമേയവും, ആകര്‍ഷകമായ അവതരണ ശൈലിയും മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ് ട്രാഫിക്കിലൂടെ. മലയാളത്തില്‍ നിന്നും പരീക്ഷണ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരാതിക്കും വിരാമമിട്ടുകൊണ്ടാണ് ട്രാഫിക്കിന്റെ വരവ്. ഒരു പക്ഷേ പ്രാഞ്ചിയേട്ടന്‍ കണ്ടതിനു ശേഷം, പ്രേക്ഷകരില്‍ നിന്നും വളരെ പോസിറ്റീവായ പ്രതികരണം ലഭിക്കുന്നതിന് ട്രാഫിക്കിനാണെന്നു തോന്നുന്നു. ഏറ്റവും സന്തോഷം നല്‍കുന്ന വസ്തുതയെന്തെന്നാല്‍, വളരെക്കാലത്തിനു ശേഷം, ഒരു ചിത്രം കഴിഞ്ഞതിനു ശേഷം തീയേറ്ററിലെ പ്രേക്ഷകരെല്ലാം, എഴുന്നേറ്റു നിന്നു കയ്യടിക്കുന്ന ഒരു കാഴ്ച ഞാന്‍ കാണുന്നത്, ട്രാഫിക്ക് അവസാനിക്കുമ്പോഴാണ്. ട്രാഫിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നു, അതിനൊപ്പം ഇനിയും നല്ല ചിത്രങ്ങളുമായി വരാന്‍ അവര്‍ക്കു കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നു. 

എന്റെ റേറ്റിങ് - 6.75 / 10

Saturday, January 8, 2011

മമ്മൂട്ടി:ഭാഷയും ദേശവും : ലൗഡ്‌സ്​പീക്കറില്‍ ഉയര്‍ന്ന ശബ്ദം ( ഭാഗം അഞ്ച്)

'ലൗഡ്‌സ്​ പീക്കറിലെ നായകന്റെ ഭാഷയെ മധ്യതിരുവിതാംകൂര്‍ ഭാഷയായി കാണാനാവില്ല. ഓണാട്ടുകര ഭാഷ അതിലില്ല. വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, കുറുവിലങ്ങാട്, പാലാ ഭാഗങ്ങളിലെല്ലാമുള്ള ഭാഷാരീതിയാണത്. കുറച്ചുകൂടി ഉച്ചത്തില്‍ സംസാരിക്കുന്നു എന്നതാണ്
മലയോരഭാഷയുടെ പ്രത്യേകത. ഉറച്ചുസംസാരിക്കുന്ന രീതിയാണ് അവര്‍ ശീലിച്ചിട്ടുള്ളത്. നഗരത്തിലെ സംസാരരീതിയില്‍ നിന്ന് നാട്ടിന്‍പുറത്തേതിന് വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് ഭാഷയിലുള്ളത്. 'ലൗഡ്‌സ്​പീക്കര്‍ എന്ന സിനിമയിലെ സ്വന്തം നായകകഥാപാത്രത്തിന്റെ ഭാഷ സംബന്ധിച്ച് മമ്മൂട്ടിയുടെ ഏറ്റവും ലളിതമായ നിരീക്ഷണമാണ് ഇത്. മറ്റൊരുതരത്തില്‍ കരുതിയാല്‍ കുടിയേറി വന്ന ഭാഷയുടെ വക്താവാണ് നായകകഥാപാത്രമായ മൈക്ക് പീലിപ്പോസ്.

ഇടുക്കി പ്രധാനമായും ഒരു കുടിയേറ്റജില്ലയാണ്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകള്‍ പൊതുവെ തമിഴ് സ്വാധീന മേഖലകളായിരുന്നു. തൊടുപുഴ താലൂക്കിന്റെ കുറച്ചുഭാഗങ്ങള്‍ മലയാളികളുടെ ആധിപത്യത്തിലും. പലപ്പോഴായി ഈ ഭൂപ്രദേശങ്ങളെല്ലാം കുടിയേറ്റങ്ങള്‍ക്ക് വിധേയമായി. 1940 കളുടെ ആദ്യപാദത്തോടെ അത് കൂടുതല്‍ സംഘടിതവും സംരക്ഷിതവുമായി നടന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായുണ്ടായ കൊടിയ ദാരിദ്ര്യത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. അധികഭക്ഷ്യോല്‍പ്പാദനം മുന്‍നിര്‍ത്തി വനഭൂമി ഉപയോഗപ്പെടുത്താന്‍ ഭരണാധികാരികള്‍ തന്നെ ജനങ്ങളെ പ്രേരിപ്പിച്ചു.

ഇക്കാലയളവില്‍ തിരുവിതാംകൂറിലും ഭക്ഷ്യക്ഷാമം ഗണ്യമായി അനുഭവപ്പെട്ടുതുടങ്ങി. വനഭൂമി പരിമിതമായ വിസ്തൃതിയിലാണെങ്കില്‍ക്കൂടി കൃഷിയോഗ്യമായ വിളഭൂമിയാക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വം നല്‍കി. കൃഷി ചെയ്യാനുള്ള അധികാരം മാത്രം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നല്‍കിയ കുത്തകപ്പാട്ടവുമായി ഇത്തരത്തില്‍ മലയോരമേഖലകളില്‍ കടന്നുകൂടിയവരില്‍ അധികം പേരും മധ്യതിരുവിതാംകൂറിലെ സിറിയന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ആയിരുന്നു. പട്ടം താണുപിള്ള തിരുവിതാംകൂര്‍-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈറേഞ്ച് മേഖലയില്‍ കോളനിവല്‍ക്കരണപദ്ധതികളും കൊണ്ടുവന്നു. നെടുങ്കണ്ടത്തിനടുത്തുള്ള കല്ലാര്‍ പട്ടം കോളനി ഇത്തരത്തിലുള്ള സെറ്റില്‍മെന്റ് കോളനികളില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളതാണ്.  സംസ്ഥാന പുന:സംഘടന, കൂടുതല്‍ ഭക്ഷ്യവിളകള്‍ നട്ടുവളര്‍ത്താനുള്ള പദ്ധതി എന്നിങ്ങനെ നയപരമായ തീരുമാനങ്ങളെത്തുടര്‍ന്ന് കുടിയേറിയ കത്തോലിക്കര്‍ വാസ്തവത്തില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ശക്തവും സുസംഘടിതവുമായ വ്യവസ്ഥ തന്നെ മലയോരമേഖലയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

വനഭൂമികയ്യേറ്റം നിയന്ത്രണാതീതമാകുകയും സാമൂഹിക-പാരിസ്ഥിതിക വിഷയമാകുകയും ചെയ്തതോടെ അനധികൃതകയ്യേറ്റക്കാരെ ഒഴിവാക്കുക എന്നതായി സര്‍ക്കാറുകള്‍ക്കു മുന്നിലെ കീറാമുട്ടി. പലപ്പോഴായി ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം കുടിയേറ്റ മേഖലയിലെ സംഘടിതസമൂഹത്തിനു മുന്നില്‍ നിഷ്പ്രഭമായി. പിന്നീട് 1964ല്‍ കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണം കൂടി നടന്നതോടേ ഇടുക്കിയിലെ മലയോരമേഖല സിറിയന്‍ കാത്തലിക് വിഭാഗത്തിന്റെ അധീശത്വത്തിലായി എന്നുതന്നെ പറയേണ്ടിവരും.

മധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ചും കോട്ടയം ഭാഗത്തെ സിറിയന്‍ കാത്തലിക് ജനത ഇടുക്കിക്കൊപ്പം മലബാറിലേക്കും കുടിയേറിയിരുന്നു. വൈജാത്യങ്ങള്‍ വളരെക്കൂടുതലുള്ള മലബാര്‍ ഭാഷയോടുചേര്‍ന്നതോടെ അവരുടെ ഭാഷാവ്യക്തിത്വത്തിനും പ്രകടമായ പരിണാമം വന്നു. അതേസമയം കോട്ടയത്തിന്റെ ഭാഗം പോലെ കിടന്നിരുന്ന ( ഇടുക്കി ജില്ല രൂപീകരിച്ചത് 1972 ലായിരുന്നെങ്കിലും അതിന്റെ ആസ്ഥാനം കോട്ടയത്തു നിന്ന് പൈനാവിലേക്ക് മാറ്റിയത് 1976ലാണ് ) ഇടുക്കിയുടെ മലയോരമേഖലയിലെ കുടിയേറ്റഭാഷ ആനുപാതികമായി കൊണ്ടുകൊടുക്കലുകള്‍ക്ക് വിധേയമായെങ്കിലും തനതുസ്വരൂപമായ കോട്ടയം നസ്രാണിഭാഷയെ ഒരളവോളം കാത്തുസൂക്ഷിക്കുക തന്നെ ചെയ്തു. പാലാ, മീനച്ചില്‍ താലൂക്കുകളിലെ ക്രൈസ്തവജനതയായിരുന്നു പ്രധാനമായും കുടിയേറ്റം നടത്തിയത്. അവരുടെ തനതായ ശൈലികളും ഭാഷാപ്രയോഗങ്ങളും വിനിമയരീതികളും ഇടുക്കിയുടെ ഭാഷയെ മൊത്തത്തില്‍ത്തന്നെ സ്വാധീനിക്കുകയും ചെയ്തു.

കാട്ടാനയോടും മലമ്പനിയോടുമൊക്കെ മല്ലടിച്ച് മണ്ണില്‍ പൊന്നു വിളയിച്ച കുടിയേറ്റജനതക്ക് പോരാട്ടത്തിന്റെതായ വീര്യമുണ്ടായിരുന്നു. ഈ വീര്യം അവരുടെ വിനിമയമാധ്യമത്തിലും പ്രകടമായിരുന്നു. ചുറ്റും ട്രഞ്ച് കുഴിച്ച് അതിനു നടുവില്‍ പുല്ലുകൊണ്ടുണ്ടാക്കിയ വീട്ടിലും ഏറുമാടത്തിലും മറ്റുമായി താമസിച്ചിരുന്നവര്‍ ഗതകാലസ്മരണകള്‍ അയവിറക്കുമ്പോള്‍പ്പോലും ഒരു തരം 'എക്‌സാജറേഷന്‍' ഭാഷയുടെ ശൗര്യത്തിന്റെ ഭാഗമായി കടന്നു വരുന്നു. മൈക്ക് പിലിപ്പോസ് എന്ന കഥാപാത്രത്തെ സിനിമയില്‍ ആദ്യമായി കാട്ടുന്ന സീന്‍ തന്നെ നോക്കൂ ;



 'തോപ്രാംകുടി അന്ന് കൊടുങ്കാടാ. ആനയും കാട്ടുപോത്തുമൊക്കെയുണ്ട്.ഏറുമാടത്തേന്ന് അപ്പനെറങ്ങിയപ്പഴാ കാണുന്നെ...എന്നതാ..? എന്നതാ..? ഒരൊന്നാന്തരം ഒറ്റയാന്‍ നേരെ മുന്നി നിക്കുവാ... ട്രഞ്ചിനപ്പറത്ത് തീ കൊടുത്തിട്ടുണ്ട്. അപ്പനൊരു തീക്കൊള്ളിയെടുത്തേച്ചും പറയുവാ; ഒന്നുകി ഞാന്‍... അല്ലെങ്കി നീയെന്ന്. രണ്ടുപേരും മൊകത്തോടു മൊകം നോക്കി ഒരൊറ്റ നിപ്പാ. ഒടുക്കം ആരു തോറ്റു...?'

ആദിദ്രാവിഡഭാഷയും ആദിവാസിഗോത്രഭാഷയും ചേരുന്ന ഇടുക്കിയുടെ യഥാര്‍ത്ഥഭാഷയില്‍ മീനച്ചില്‍ താലൂക്കിലെയും മൂവാറ്റുപുഴയിലെയും ശുദ്ധ അച്ചായന്‍ ഭാഷ ആദേശം നടത്തിയതായി ഭാഷാപരിണാമത്തിന്റെ പൂര്‍വ്വദശകള്‍ കൂടി കണക്കിലെടുത്താല്‍ കാണാവുന്നതാണ്. ഒരു സവിശേഷജനതയുടെ ഐക്യബോധം ഭാഷക്ക് വേറിട്ടൊരു ഊറ്റം നല്‍കുകയും ചെയ്തു. പിന്നീട് ഈ കുടിയേറ്റ വിഭാഗം മുന്നോട്ടു വന്ന വഴികളിലെല്ലാം സ്വന്തം മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും മറ്റും സ്ഥാപിക്കുകയും അനന്തരഫലമെന്നോണം ക്രിസ്ത്യന്‍ മേധാവിത്വമുള്ള ഭാഷയും സംസ്‌കാരവും ഇടുക്കിയില്‍ മൊത്തത്തില്‍ രൂപപ്പെടുകയും ചെയ്തു.

സംവേദനമാധ്യമത്തില്‍ കുടിയേറ്റജനത നടത്തിയ ഇടപെടലുകള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയാണ്. കാലാകാലങ്ങളായി നിലനിന്നിരുന്ന സ്ഥലനാമങ്ങളില്‍ വ്യാപകമായുണ്ടായ മാറ്റം തന്നെ ഒരുദാഹരണം. ലൗഡ്‌സ്​പീക്കറിലെ നായകന്‍ തോപ്രാംകുടിക്കാരനാണ്. തോപ്രാന്‍ എന്ന ആദിവാസി താമസിച്ചിരുന്ന കുടിയാണ് കാലാന്തരത്തില്‍ തോപ്രാംകുടിയായത്. ഇത്തരത്തില്‍ ജീവിച്ചിരുന്ന ആദിവാസികളുടെ പേരിലാണ് പല സ്ഥലങ്ങളും അറിയപ്പെടുന്നതുതന്നെ. ആദിവാസിപ്പെണ്‍കുട്ടികളുടെ പേരില്‍ നിന്ന് രൂപം കൊണ്ട സ്ഥലങ്ങളായ തങ്കമണി , രാജകുമാരി എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. അതുപോലെ പ്രകൃതിയുമായും ജീവജാലങ്ങളുമായും ധാരണയെത്തുന്ന സ്ഥലനാമങ്ങളും നിരവധിയാണ് ; ആന വീണ സ്ഥലം ആനക്കുഴിയായതു പോലെ.

ഇത്തരം സ്ഥലനാമങ്ങളില്‍ പലതിനും ക്രിസ്ത്യന്‍ കുടിയേറ്റജനതയുടെ മതപരവും ഭാഷാപരവുമായ മേല്‍ക്കോയ്മയില്‍ പേരുമാറ്റം സംഭവിച്ചു. ഇടുക്കിക്കും കട്ടപ്പനക്കും ഇടയിലുള്ള പത്താംമൈല്‍ കാല്‍വരി മൗണ്ടായതും ചട്ടിക്കുഴി മരിയാപുരമായതും ചിന്നാര്‍ ബഥേലായതുമെല്ലാം ഇങ്ങനെയാണ്. കുടിയേറ്റ ജനത പ്രാദേശികമായി ആര്‍ജ്ജിച്ച സ്വാധീനശക്തി തെളിയിക്കുന്ന സ്ഥലനാമങ്ങള്‍ ഇനിയുമുണ്ട്. സീബാമല, വിമലഗിരി, സെന്റ് തോമസ് മൗണ്ട്, രാജമുടി, രാജപുരം എന്നിങ്ങനെ പോകുന്നു അത്. ചരിത്രപരമായപ്രാധാന്യമുള്ള അയ്യപ്പന്‍ കോവിലും കാഞ്ചിയാറും മറ്റും ഇന്നവിടെയില്ല. അയ്യപ്പന്‍കോവിലെന്ന് പഞ്ചായത്തിന് പേരുണ്ടെങ്കിലും അതിന്റെ ആസ്ഥാനം മാട്ടുക്കട്ടയാണ്.

കാര്‍ഷികവൃത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന പുത്തന്‍ പദാവലികളുടെ പ്രവേശനവും നിലവിലുള്ളവയുടെ പരിഷ്‌കരണവും എക്കാലത്തും പ്രാദേശികഭാഷകളുടെ വളര്‍ച്ചക്ക് ഒരളവോളം അനുകൂലമായിട്ടുണ്ട്. ലോകനിലവാരത്തില്‍ത്തന്നെ ഏലം കൃഷിക്ക് പേരു കേട്ട സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. ഇടുക്കിയുടേതു മാത്രമെന്നു പറയാവുന്ന കൃഷിയിനങ്ങളും കാര്‍ഷികപരിചരണരീതികളും ഉണ്ടെന്നുപറഞ്ഞാല്‍പ്പോലും അതില്‍ അതിശയോക്തിയില്ല. കളയെടുപ്പ്, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ പ്രവൃത്തികളുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ ഭാഷയില്‍ കടന്നു വരുന്നത് അങ്ങനെയാണ്.

ഹൈറേഞ്ച് ഭാഷയില്‍ സാധാരണമായ പ്രയോഗങ്ങളിലൊന്നാണ് ' ഉഴവു വെട്ടിച്ചുടുക' എന്നത്. അതിനര്‍ത്ഥം കാടുവെട്ടി തീയിട്ട് കൃഷിക്കനുയോജ്യമാക്കിയെടുക്കുക എന്നാണ്. പല സ്ഥലങ്ങളിലും പ്രാദേശികഭാഷയില്‍ വ്യാപകമായി ഉപയോഗത്തില്‍ വന്ന ബ്ലേഡ് എന്ന വാക്ക് ഇടുക്കിയുടെ സംഭാവനയാണെന്നു പറയേണ്ടി വരും. മലയോരമേഖലയില്‍ സജീവമായിരുന്ന സ്വകാര്യപണമിടപാടിന്റെയും കൊള്ളപ്പലിശയുടെയും സ്വാഭാവികസൃഷ്ടികളായിരുന്നു അത്തരം പദങ്ങള്‍ . പലിശക്കടവും ജപ്തിയും ബാങ്ക് നടപടികളുമെല്ലാം ഭാഷാപ്രയോഗത്തില്‍പ്പോലും ഇടപെട്ട ഒരു കാലഘട്ടത്തിന്റെ പ്രതിനിധി കൂടിയാണ് മൈക്ക് പീലിപ്പോസ്.

മൈക്ക് : എന്റെ സ്തലമായിരുന്നെ പോട്ടേന്നു വച്ചേനെ. ഇതപ്പനായിട്ടൊണ്ടാക്കിയതാ. തന്നേമല്ല... ഉരുളുപൊട്ടി മലയിടിഞ്ഞുവന്നപ്പോ അതിനടീപ്പെട്ടാ എന്റപ്പന്‍ ചത്തത്. എന്റപ്പനതിനടീലെവിടെയോ ഉണ്ട്. അതു പോവാന്നു വച്ചാ എനിക്കു ജീവന്‍ പോന്നേന് തുല്യമാ...
മേനോന്‍ : കാര്‍ഷികവായ്പയാണോ?
മൈക്ക് : എന്നാപ്പിന്നെ എഴുതിത്തള്ളിയേനെ. ഇതു കാട്ടിക്കുന്നേലപ്പച്ചന്‍ചേട്ടന്റെ കാശാ. ബ്ലേഡുമല്ല; അറക്കവാളാ... എല്ലാ കൃഷീംകൂടൊരുമിച്ചു ചതിക്കുമെന്ന് ഞാന്‍ വിചാരിച്ചോ. കൃഷിക്കാര് പന്ത്രണ്ടുപേരാ വെഷമടിച്ചു വടിയായത്. ചെലരു മുങ്ങി... മൈക്കിനെ അതിനൊന്നും കിട്ടില്ല.

'വന്നാറുന്നു. പോയാറുന്നു' എന്നിങ്ങനെ 'റ'കാരത്തിന്റെ ആധിക്യം കൂടുതലുള്ള കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ഭാഷ കോട്ടയം,പാലാ ഭാഷയോടു ചേര്‍ന്ന് ചെറുതെങ്കിലും വ്യക്തമായ വ്യതിയാനം നേടിയ സങ്കരവകഭേദമാണ് ഹൈറേഞ്ച് ഭാഷ. 'ആന കാനത്തില്‍ പട്ടയന്വേഷിച്ച് നടക്കുവാ'- എന്ന വാചകം തന്നെയെടുക്കുക. കാനം എന്നാണ് അവിടെ കാടിന് പറയുന്നത്. കോട്ടയം ഭാഷയില്‍ ഇത്തരമൊരു പ്രയോഗം കാണാനില്ല.


'വെളുുുുുുുുപ്പിനെ തോപ്രാംകുടീന്ന് കാലുകൊടുത്തതാ' -വെളുപ്പിനെ എന്ന പദത്തില്‍ കാണുന്ന പതിവില്‍ കവിഞ്ഞ നീട്ടല്‍ ഇത്തരത്തിലുള്ള പല പദങ്ങളുടെയും പ്രത്യേകതയും നാടന്‍ ഭാഷയുടെ ശക്തിവിശേഷവുമാണ്. ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണെന്നോ വേഗത്തില്‍ വരുകയാണെന്നോ ധ്വനിപ്പിക്കാന്‍ 'കാലുകൊടുക്കുക' എന്നും സ്ഥലം വിടുന്നതിന് 'സ്റ്റാന്റു വിടുക' എന്നും മറ്റുമുള്ള പ്രയോഗങ്ങളും ഇവിടെ പതിവാണ്. വൃക്ക വില്‍ക്കാനായി നഗരത്തിലെ ആശുപത്രിയിലെത്തിയ മൈക്കിന്റെ സ്വതസിദ്ധമായ നാടന്‍ശൈലി ഇത്തരം പദാവലിയാല്‍ സമൃദ്ധമാണ്;

'ഒറങ്ങുവാന്നോ. ഒറങ്ങുവാന്നേ ഒറങ്ങിക്കോ. ഞാന്‍ ശല്യപ്പെടുത്തുന്നില്ല. ഹൊ; എന്നാ മുടിഞ്ഞ ചൂടാ... തോപ്രാംകുടീന്ന് വെളുുുുുുപ്പിനെ കാലുകൊടുത്തതാ... മോണിംഗ്‌സ്റ്റാറില്. നല്ല പിടിപ്പീരാരുന്നു. ഏഴുമണിയായപ്പോ മൂവാറ്റുപുഴ സ്റ്റാന്റു പിടിച്ചു. അയിരിക്കട്ടെ; എന്നാ പിണഞ്ഞതാ.... എന്റെ പേര് പീലിപ്പോസ്. മൈക്കെന്നാ എല്ലാരും വിളിക്കുന്നെ. എന്റപ്പന്റെ പേരും മൈക്കെന്നായിരുന്നു.... സാറേ... ഒറങ്ങുവാന്നോ. ഒറങ്ങിക്കോ. നമ്മളാരേം ശല്യപ്പെടുത്തുന്നില്ല.'

'ഒരു കാലഘട്ടത്തില്‍ കുടിയേറ്റജനതക്കിടയില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പൗരധ്വനി, ജനനി, മനോരാജ്യം എന്നിവയൊക്കെയായിരുന്നു. അന്നതില്‍ എഴുതിക്കൊണ്ടിരുന്ന മുട്ടത്തു വര്‍ക്കി, കാനം ഈ ജെ തുടങ്ങിയവരുടെ രചനകള്‍ ഹൈറേഞ്ചിനെ സംബന്ധിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അത് ഇടുക്കി ജനതയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.' പരിസ്ഥിതി പ്രവര്‍ത്തകനും ഇടുക്കി സ്വദേശിയുമായ ജോണ്‍ പെരുവന്താനം പറയുന്നു. മേല്‍പ്പറഞ്ഞ എഴുത്തുകാര്‍ ഇടുക്കിയില്‍ ജനിച്ചവരോ മീനച്ചില്‍ താലൂക്കിന്റേതായ ഭാഷയില്‍ നിന്ന് കാര്യമായി വ്യതിചലിച്ച് എഴുതിയിരുന്നവരോ അല്ല. എന്നിട്ടും ആ രചനകള്‍ ഇടുക്കിയിലെ സാധാരണജനതയുടെ ദൈനംദിന ഭാഷയെ പ്രതിഫലിപ്പിച്ചിരുന്നു. അതേ സമയം ജനപ്രിയ സാഹിത്യവും വര്‍ഗ്ഗസംസ്‌കൃതികളായ രചനകളും ഗൗരവസ്വഭാവമുള്ള രചനകളും ഇടുക്കിയിലെ തന്നെ പഴയതും പുതിയതുമായ എഴുത്തുകാരില്‍ നിന്ന് അപൂര്‍വ്വമായെങ്കിലും ഉണ്ടാകുന്നുമുണ്ട്.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും മലയോരമേഖലയിലെ പ്രാദേശികഭാഷയില്‍ കാര്യമായ വികാസം ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ കത്തോലിക്കന്‍ വൈദികനായ ഫാദര്‍ ആബേലിനെപ്പോലുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

-നിത്യനായ ദൈവത്തിന്‍ പുത്രനാണ് നീ
ലോകൈകരക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലി രാജരാജനാണു നീ
ശക്തനായ ദൈവത്തില്‍ ദിവ്യയാണു നീ....
(ഫാദര്‍ ആബേലിന്റെ രചനയില്‍ നിന്ന് )

ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഫാദര്‍ ആബേല്‍ രചിച്ച ഒട്ടേറെ ഗാനങ്ങള്‍ കുടിയേറ്റ ഭാഷാരൂപീകരണത്തില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇടുക്കിയിലെ ക്രിസ്തീയദേവാലയങ്ങളില്‍ പലയിടത്തും ജനനം മുതല്‍ മരണം വരെയുള്ള ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ഫാദര്‍ ആബേലിന്റെ രചനകളാണ് സ്വീകരിച്ചിട്ടുള്ളത്. ഓണം പോലെയുള്ള ആഘോഷങ്ങള്‍ മലയോരമേഖലയില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത് സമീപകാലത്താണെന്നതും ശ്രദ്ധേയമാണ്. അതിനുമുന്‍പ് ക്രിസ്തുമസും പെസഹവ്യാഴവും കുരിശിന്റെ വഴിയുമെല്ലാമായിരുന്നു മലയോരമേഖലയിലെ പ്രധാന അനുഷ്ഠാനങ്ങള്‍. 1960 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ നാട്ടിലെ പ്രധാന ഉത്സവങ്ങള്‍ വരെ പള്ളിപ്പെരുന്നാളുകളായിരുന്നു. ഇതു വ്യക്തമാക്കുന്നത് കുടിയേറ്റജനതയുടെ പ്രാദേശികഭാഷയില്‍ മതം എത്രത്തോളം സ്വാധീനശക്തിയായിട്ടുണ്ടെന്നാണ്.

ജാതിഭാഷയുടെ ശാസ്ത്രീയത സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഭാഷാപഠനത്തില്‍ സജീവമാണ്. ഗ്രാമീണജീവിതത്തിലെ 'സോഷ്യല്‍ വേരിയബിളാ'യ ജാതി നഗരജീവിതത്തില്‍ പരാമര്‍ശപ്രാധാന്യമുള്ളതല്ലെന്ന അഭിപ്രായഗതി പോലും ഭാഷാ പണ്ഠിതന്‍മാര്‍ക്കിടയിലുണ്ട്. എന്നാല്‍ ഒരു ജാതിവിഭാഗത്തിന്റെ ഒട്ടാകെയുള്ള ഭാഷയോ,ജാതീയമായ സ്വാധീനം പൊതുഭാഷയില്‍ വരുത്തിയ പരിഭേദങ്ങളോ അവഗണിക്കാനാവില്ലെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇടുക്കിയിലെ മലയോരഭാഷ. ജാതിഭാഷ സത്യവും സംസ്‌കാരത്തിന്റെ ഭാഗവുമാണെന്ന തിരിച്ചറിവുകൂടിയാണത്.

ലൗഡ്‌സ്​പീക്കര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ കരുത്ത് മമ്മൂട്ടിയുടെ അസാധാരണമായ അഭിനയപാടവമാണ്. ചിത്രത്തിന്റെ ആദ്യാവസാനം നമുക്ക് മമ്മൂട്ടി എന്ന വ്യക്തിയെയോ നടനെയോ കാണാന്‍ കഴിയില്ല. മൈക്ക് പിലിപ്പോസ് എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന് അണുവിട പോലും ചോരാത്ത അഭിനയപിന്തുണയാണ് മമ്മൂട്ടി നല്‍കിയത്. മണ്ണിന്റെ സ്പര്‍ശം നഷ്ടപ്പെടുത്താതിരിക്കാന്‍ ചെരിപ്പുപോലും ഉപക്ഷേിച്ച അങ്ങേയറ്റം 'ഡൗണ്‍ റ്റു എര്‍ത്ത്'ആയ കഥാപാത്രമാണത്.

വനഭൂമിയിലും മലയോരത്തുമെല്ലാമായി ജീവിതത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ യത്‌നിക്കുന്നതിനിടയില്‍ നഗരത്തിലെത്തിയിട്ടും അപരിചിതത്വങ്ങള്‍ അപകര്‍ഷതയാകാതെ വളരെപ്പെട്ടെന്നുതന്നെ എല്ലാവരോടും ഇഴുകിച്ചേരാന്‍ അയാള്‍ക്കു കഴിയുന്നു. ശുദ്ധനും സമാധാനകാംക്ഷിയുമാണെന്നിരിക്കെത്തന്നെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം ഏറ്റവും ശക്തമായി അയാള്‍ പ്രതികരിക്കുന്നുണ്ട്. നാട്ടിന്‍പുറത്തിന്റെ നന്മകള്‍ വ്യക്തിഗുണമായി കാത്തുസൂക്ഷിക്കുന്ന മൈക്ക് സൂക്ഷ്മാംശത്തില്‍പ്പോലും ജാഗ്രതയുള്ള അഭിനയം ആവശ്യപ്പെടുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറു ശതമാനവും ജാജ്ജ്വലമാക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു.

'മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ശബ്ദത്തിന്റെ മോഡുലേഷനാണ്. ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയാ. കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് അവന്റെ ഭാര്യയെ നിലക്ക് നിര്‍ത്തേണ്ടത് എങ്ങനെയാണെന്നറിയാം എന്നിങ്ങനെയുള്ള കൂടെവിടെ സിനിമയിലെ ഡയലോഗ് ഒരു ചാട്ടുളി പോലെയാണ് മലയാളസിനിമ കേട്ടത്. ഭാഷാപ്രയോഗത്തിലെ ഈ കഴിവ് മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ഡത്തെയും പെര്‍ഫോമന്‍സിനെയും തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അതുവരെ ഇവിടെയണ്ടായിരുന്ന താരസിംഹാസനങ്ങള്‍ പലതും തകര്‍ന്നുവീഴാനും ഒരു കാരണം മമ്മൂട്ടി അനായാസേന ഭാഷ പ്രയോഗിച്ചതാണ്. നിലവിലുണ്ടായിരുന്ന ബലം പിടിച്ചുള്ള സംസാരരീതി മാറി മനുഷ്യന്‍ സംസാരിക്കുന്നതുപോലെ സംസാരിക്കുകയായിരുന്നു. അവിടെയാണ് സ്ലാംഗിന്റെ പ്രാധാന്യം' - ലൗഡ്‌സ്​പീക്കറിന്റെ സംവിധായകന്‍ ജയരാജ് പറയുന്നു.

മൈക്ക് : പ്രായമായ അമ്മച്ചിയല്ലേ. എത്രനേരമെന്നു വച്ചാ മിണ്ടാതേം പറയാതേമിരിക്കുന്നെ. കൊച്ചു കാശൊക്കെയൊണ്ടാക്കി തിരിച്ചു വരുമ്പം അമ്മച്ചിയില്ലാത്ത സ്ഥിതിയൊന്നാലോചിച്ചുനോക്കിയേ. എന്തോത്തിനാ ഈ പെടാപ്പാടൊക്കെ പെട്ടേന്നന്നേരം തോന്നും. സങ്കടോം വരും. എന്റമ്മച്ചിയെ ഫോട്ടോത്തെപ്പോലും ഞാന്‍ കണ്ടിട്ടില്ല . അതുകൊണ്ട് പറഞ്ഞതാ. അങ്ങു ക്ഷമീര്.

വ്യക്തവും ലളിതവുമായ ഈ നാട്ടുഭാഷയും നിഷ്‌കളങ്കനായ ഒരു മലയോരകര്‍ഷകനും പ്രേക്ഷകമനസ്സില്‍ മായാത്ത മുദ്രയാണ് പതിപ്പിച്ചത്.മൈക്ക് എന്ന കഥാപാത്രത്തിന് മമ്മൂട്ടി നല്‍കിയ ഊര്‍ജ്ജം തന്നെയായിരുന്നു ഒരു തരത്തില്‍ ഇതിനു കാരണം.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.