Showing posts with label ചാനല്‍ വിശേഷം. Show all posts
Showing posts with label ചാനല്‍ വിശേഷം. Show all posts

Saturday, March 31, 2012

മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...


ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക്‌ ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ്‌ മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്.  സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ്‌ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.

സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക്‌ കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്‌. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന  ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....




Thursday, March 29, 2012

റിയാലിറ്റി ഷോയിലെ എസ.എം.എസ് തട്ടിപ്പുകള്‍.


മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ തിരമാല തന്നെ സൃഷ്ടിച്ച ചാനലാണ്‌ ഏഷ്യാനെറ്റ്. ആദ്യമായി ചില റിയാലിറ്റി ഷോകള്‍ കൊണ്ടു വന്നപ്പോള്‍ അതില്‍ ഒരു പുതുമ കണ്ട പ്രേക്ഷകര്‍ അവയെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതൊരു തുടര്‍ക്കഥയായി, അവയില്‍ പലതും, മെഗാ സീരിയലുകളെക്കാള്‍ നീളുമ്പോള്‍ അതിന്റെ പിറകില്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യെശ്യത്തിനുപരി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കുക എന്നതാണ് എന്നത് നമുക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. എസ്.എം.എസിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിന്‍റെ ആറാം സീസണാണ് ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ നടക്കുന്നത്. ഒരു പിടി പ്രതിഭയുള്ള കുട്ടികളുടെ സംഗീത വിരുന്നു ആസ്വദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികളുടെ നല്ല മനസ്സിനെ ദുരുപയോഗം ചെയ്യുന്ന പരിപാടിയാണ് എസ്.എം.എസ് വോട്ടിംഗ് എന്നത്. എസ്.എം.എസ് എന്നത് റിയാലിറ്റി ഷോയുടെ മാനദന്ധമാകുമ്പോള്‍ പലപ്പോഴും കാശ് മുടക്കി എസ്.എം.എസ് അയക്കുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകുകയാണ് പതിവ്. ആറാം സീസണിലും സംഗതികള്‍ വിഭിന്നമല്ല. 

ഇനി നമുക്ക് പതിയെ കഥയിലേക്ക് വരാം. സ്റ്റാര്‍ സിംഗറിന്റെ എല്ലാ സീസണിലും, ഏതെങ്കിലും വിധത്തില്‍ വൈകല്യമുള്ള ഗായികാഗായകന്മാരെ ഉള്‍പ്പെടുത്തി റേറ്റിംഗ് കൂട്ടുന്ന പരിപാടിയുള്ളതാണ്. സഹതാപ തരംഗമുണര്‍ത്തി എസ്.എം.എസ് നേടാനും റേറ്റിംഗ് ഉയര്‍ത്താനും ഇത് സഹായിക്കുക പതിവാണ്. ഓട്ടിസം എന്ന രോഗബാധിതനായ സുകേഷ് കുട്ടന്‍ എന്ന ഗായകനാണ് ഇത്തവണ ഏഷ്യാനെറ്റിന്റെ നാടകത്തിലെ നായകനാകുന്നത്. രോഗ ബാധിതനെങ്കിലും, വളരെ കഴിവുള്ള ഒരു ഗായകനാണ് സുകേഷ് കുട്ടന്‍. വളരെ സങ്കീര്‍ണമായ ഗാനങ്ങള്‍ പോലും അസാധ്യമായി  പാടാന്‍ കഴിയുന്ന ഒരു യുവഗായകനാണ് അദ്ദേഹം. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ അദ്ദേഹമത് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഈ പോസ്റ്റിനു ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് ഈയിടെയാണ്. തമിഴ് തണ്ടര്‍ റൌണ്ടില്‍ പാടുവാന്‍ സുകേഷ് കുട്ടന്‍ എത്തിയില്ല. അദ്ദേഹത്തിന്റെ അസുഖം മൂലമോ അദ്ദേഹം പാടാന്‍ റെഡി ആയില്ല. ഒരു റൌണ്ടില്‍ പാടുവാന്‍ ഒരു ഗായകനോ ഗായികയോ മത്സരിച്ചാല്‍, മത്സരത്തിന്റെ നിയാമാവലി പ്രകാരം അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും എന്ന് അവതാരികയായ രഞ്ജിനി ഹരിദാസ് അറിയിക്കുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍, സുകേഷ് കുട്ടന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെ വേണം എന്ന് ജഡ്ജസ് തീരുമാനിക്കുന്നു. അതിനായി പ്രേക്ഷകര്‍ അയക്കുന്ന എസ്.എം.എസ് തന്നെ ശരണം എന്ന് ജഡ്ജ് ചിത്ര അഭിപ്രായപ്പെടുന്നു. എല്ലാ ജഡ്ജസും ചേര്‍ന്നെടുത്ത തീരുമാനമെന്ന് ഏഷ്യാനെറ്റും പ്രഖ്യാപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഓട്ടോമാറ്റിക്കായി ഡേയ്ഞ്ചാര്‍ സോണില്‍ എത്തി എന്ന് അവതാരിക പ്രഖ്യാപിക്കുന്നു. കൂടെ ആ ഗായകന് വോട്ടു ചെയ്യണം എന്ന് അവതാരികയുടെ വക പ്രത്യേകം അഭ്യര്‍ത്ഥനയും. ഇതാണ് സംഗതികളുടെ രത്നചുരുക്കം.
 
ഈ വീഡിയോ കാണൂ.. ഇതാണ് അവിടെ സംഭവിച്ച നാടകം.


ഇനി നമുക്കിതിനെ അല്പം വിലയിരുത്താം...

സുകേഷ് കുട്ടന്‍ വരില്ല എന്നും അന്നേ ദിവസം പാടില്ല എന്നും ഏഷ്യാനെറ്റിനും ജഡ്ജസ്സിനും അവതാരികക്കും അറിയാമായിരുന്നു.  

1. പക്ഷെ ഒരു നാടകമെന്നവണ്ണം സുകേഷ് കുട്ടന്റെ ഗാനം അനൌണ്സ് ചെയ്തു.
2 .  ഡാന്‍സര്‍മാര്‍ സ്റ്റേജില്‍ നിരന്നു.
3 . പൊടുന്നനെ അവിടെ മുഴുവന്‍ ഒരു കണ്ഫ്യൂഷന്‍. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ടെന്‍ഷന്‍ നിറഞ്ഞ മുഖങ്ങള്‍.
4 . ആരോ പെട്ടെന്ന് ജഡ്ജായ ചിത്രയോടു എന്തോ പറയുന്നു. അത് കേട്ട് അവര്‍ ഞെട്ടുന്നു.
5 . വികാര നിര്‍ഭരയായി രഞ്ജിനി സുകേഷ് കുട്ടന്‍ വരില്ല എന്ന് പ്രഖ്യാപിക്കുന്നു. തീരുമാനം ജഡ്ജസിനു വിടുന്നു.
6 . പിന്നെ പ്രേക്ഷകരുടെ ഹൃദയമിടിപ്പ്‌ കൂട്ടാന്‍ കുറെ ചര്‍ച്ചകള്‍, അതിനു ചേര്‍ന്ന പശ്ചാത്തല സംഗീതം.
7 . ഒടുവില്‍ കാത്തിരുന്ന ആ നിമിഷം. വിഷയം 'ഗഹനമായി' ചര്‍ച്ച ചെയ്തു എന്നും, ആ തീരുമാനം ചിത്ര പറയുമെന്നും എം.ജി.
8 . സുകേഷ് കുട്ടനെ ഒരു സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്നും, എസ്.എം.എസ് വഴി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ചിത്ര.
9 . സുകേഷ് കുട്ടന് എസ്.എം.എസ് അയക്കാനുള്ള ഫോര്‍മാറ്റും നമ്പരുകളും സ്ക്രീനില്‍ ഫ്ലാഷ് ചെയ്യുന്നു.
10 . എസ്.എം.എസ് അയക്കാന്‍ ഒരു ഉത്പ്രേരകം എന്ന പോലെ, നല്ല ഗായകന്‍ നമുക്ക് വേണമെന്ന് ജഡ്ജസിന്റെ കണ്ണ് നിറഞ്ഞുള്ള ഒരു അഭിപ്രായവും.
11 . ജഡ്ജസെല്ലാം കൂടി "തിരികെ ഞാന്‍ വരുംമെന്ന.." ഗാനം
12 . അതോടെ സുകേഷ് കുട്ടന്‍ ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ വേണമെങ്കില്‍ പ്രേക്ഷകരുടെ 'വിലയേറിയ' എസ്.എം.എസ് കൂടിയെ തീരൂ എന്ന് നിറകണ്ണുകളോടെ അവതാരിക...
13 . അതിനിടക്ക് സുകേഷ് കുട്ടനും അമ്മയും ചേര്‍ന്നുള്ള കുറെ കോമ്പിനേഷന്‍ സീനുകള്‍, കൂടെ ദുഖവും കണ്ണീരും സമാസമം കൂട്ടി കലര്‍ത്തി, ഒരു സെന്റി പശ്ചാത്തല സംഗീതവും. 
14. ശുഭം

വളരെ ഭംഗിയായി തിരകഥ എഴുതി അവതരിപ്പിച്ച ഒരു നാടകം. സുകേഷ് കുട്ടന്‍ വരില്ല എന്നറിയാമെങ്കില്‍ പിന്നെ എന്തിനീ നാടകം. ഈ പ്രതിക്രിയാ വാതകങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ എന്താ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം ഇത് ഏഷ്യാനെറ്റാണ്. സുകേഷ് കുട്ടന്‍ വരില്ല എന്നതിനാല്‍ ഒരു വലിയ കച്ചവട സാധ്യതയാണ് ഏഷ്യാനെറ്റ് അവിടെ കണ്ടത്. സ്ഥിരമായി ഈ പരിപാടി കണ്ടു കോള്‍മയിര്‍ കൊള്ളുന്ന മലയാളി പ്രേക്ഷകരെ പിഴിയാനുള്ള സുവര്‍ണ്ണാവസരം. അതങ്ങനെ കളയാന്‍ ഏഷ്യാനെറ്റിനു എങ്ങനെ സാധിക്കും. അതിന്‍റെ അനന്തരഫലയമായി ഉടലെടുത്ത തിരനാടകമാണ് നാം കണ്ടത്. ഇത് ആദ്യമായല്ല ഇത്തരം ഒരു സാഹചര്യം സ്റ്റാര്‍ സിംഗറില്‍ ഉണ്ടാവുന്നത്. ഇതിനു മുന്നേ റെക്കോഡ് എസ്.എം.എസ് കിട്ടി ചില ഗായകര്‍ മുന്നോട്ടു പോയിട്ടുണ്ട്, അതാവും ഇത്തരം ഒരു അവസരം മുതലാക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. ഈ എസ്.എം.എസ് തെണ്ടലിനു ക്രെടിബിളിടി നല്‍കാനാവും, മറ്റൊരു ജഡ്ജും പറയാതെ മലയാളത്തിന്റെ വാനമ്പാടിയെ കൊണ്ടു തന്നെ ഇത് പ്രഖ്യാപിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ പണം വാങ്ങുന്നതിനാല്‍, അവര്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയുമാണ്. പക്ഷെ പ്രേക്ഷകരെ മുതലെടുക്കുന്ന ഇത്തരം വിപണന തന്ത്രങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സഹകരിക്കാന്‍ പാടുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ സുകേഷ് കുട്ടന്‍റെ അമ്മയെ കൂടി ഈ നാടകത്തില്‍ ഭാഗഭാക്കാക്കി, അവരെ കൊണ്ടും പ്രേക്ഷകര്‍ക്ക്‌ ഒരു അഭ്യര്‍ത്ഥന. അപ്പോള്‍ പിന്നെ അടുത്ത എലിമിനെഷനില്‍ സംഭവിക്കാന്‍ പോകുന്നതെന്തു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

മത്സരങ്ങള്‍ക്കായി അയക്കുന്ന എസ്.എം.എസുകള്‍ക്ക്‌ പൊതുവെ ചാര്‍ജ്ജ് കൂടുതല്‍ ആണ്. സാധാരണ നിരക്കിന്‍റെ അഞ്ചും ആരും ഇരട്ടിയാണ് ഒരു എസ.എം.എസിന്. ലാഭം ഐഡിയക്കും ഏഷ്യാനെറ്റിനും, നഷ്ടം മണ്ടന്മാര്‍ ആകുന്ന പ്രേക്ഷകര്‍ക്ക്‌... വൈകല്യങ്ങള്‍ ഉള്ളവരെ മത്സരത്തില്‍ ഉള്‍പ്പെടുത്തി, സഹതാപ തരംഗങ്ങളും ഇത്തരം നാടകങ്ങളും നടത്തി, ഈ പരിപാടി കാണുന്ന ആയിരകണക്കിനോ പതിനായിരകണക്കിനോ പ്രേക്ഷകരെ എസ്.എം.എസ്സിന്റെ പേരില്‍ പറ്റിക്കുകയാണ് ഏഷ്യാനെറ്റും ഐഡിയയും ചെയ്യുന്നത്. സുകേഷ് കുട്ടനിലെ പ്രതിഭയോട് തികച്ചും ബഹുമാനപൂര്‍വമാണ് ഞാനിതെഴുതുന്നത്. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് രോഗശാന്തി ലഭിക്കട്ടെ എന്നും പ്രശസ്തനായ ഒരു ഗായകാനി അയാള്‍ മാറട്ടെ എന്നും ഞാനീ അവസരത്തില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അതെ സമയം, ആള്‍ക്കാരെ കൊള്ളയടിക്കുന്ന ഇത്തരം ഈ എസ്.എം.എസ് തട്ടിപ്പുകളെ നമ്മുടെ പ്രേക്ഷകര്‍ തിരിച്ചറിയുകയും, അതില്‍ അവര്‍ വഞ്ചിതരാകാതെയിരിക്കുകയും ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു....



Wednesday, January 12, 2011

അവാര്‍ഡുകള്‍ പ്രഹസനമാകുമ്പോള്‍.....

മലയാള സിനിമയില്‍ അവാര്‍ഡുകള്‍ക്ക് യാതോരു പഞ്ഞവുമില്ല. കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനൊപ്പം, ഇപ്പോള്‍ ചാനലുകളും സംഘടനകളുമെല്ലാം വാരിക്കൊരിയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അവാര്‍ഡ് സമ്മാനിക്കുന്നത് വമ്പിച്ച താര നിശയോടൊപ്പവും. ചാനലുകള്‍ നല്‍കുന്ന അവാര്‍ഡുകള്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡുകള്‍ എന്നാണ് അറിയപ്പെടുന്നത്. പക്ഷേ പലപ്പോഴും അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഇങ്ങനെയും അവാര്‍ഡുകള്‍ കൊടുക്കാമോ എന്നോര്‍ത്ത്, മൂക്കത്തു വിരല്‍ വയ്ക്കാതെ തരവുമില്ല. ഇത്തവണ പുതുവര്‍ഷ ദിനത്തില്‍, അവാര്‍ഡ് പ്രഖ്യാപനം നടത്തി, ഏഷ്യാനെറ്റ് നമ്മെ ‘ഞെട്ടിച്ചിരിക്കുകയാണ്’. അവാര്‍ഡിന്റെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:
  1. മികച്ച നടന്‍ - മമ്മൂട്ടി  (പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍)
  2. മികച്ച നടി - നയന്‍താര (ബോഡിഗാര്‍ഡ്)
  3. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് - മോഹന്‍ലാല്‍
  4. ജനപ്രിയ നായകന്‍ - ദിലീപ് (ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്)
  5. ജനപ്രിയ നടി - മംമത് മോഹന്‍ദാസ് (കഥ തുടരുന്നു, അന്‍വര്‍)
  6. പ്രത്യേക ജൂറി അവാര്‍ഡ് - ശ്രീനിവാസന്‍ (ആത്മകഥ)
  7. യൂത്ത് ഐക്കണ്‍ - ജയസൂര്യ
  8. മികച്ച ചിത്രം - പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്
  9. മികച്ച സംവിധായകന്‍ - ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍)
  10. സ്വഭാവ നടന്‍ - ഇന്നസെന്റ് (കഥ തുടരുന്നു)
  11. സ്വഭാവനടി - സംവൃത (കോക്ക്ടെയില്‍)
  12. സഹനടന്‍ - നെടുമുടി വേണു (എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍)
  13. സഹനടി - ലക്ഷ്മി പ്രിയ (കഥ തുടരുന്നു)
  14. മികച്ച വില്ലന്‍ - ആസിഫ് അലി (അപൂര്‍വ്വരാഗം)
  15. ഹാസ്യതാരം - സുരാജ് വെഞ്ഞാറമൂട്
  16. തിരക്കഥ - സത്യന്‍ അന്തിക്കാട് (കഥ തുടരുന്നു)
  17. ഗാനരചയിതാവ് - മുരുകന്‍ കാട്ടാക്കട (ഒരു നാള്‍ വരും)
  18. സംഗീത സംവിധായകന്‍ - എം.ജി.ശ്രീകുമാര്‍ (ഒരു നാള്‍ വരും)
  19. ഗായകന്‍ - ഹരിഹരന്‍ (കഥ തുടരുന്നു)
  20. ഗായിക - ശ്രേയാ ഘോഷാല്‍ (ആഗതന്‍)
  21. കാമാറാമാന്‍ - വേണു (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍)
  22. എഡിര്‍ - അരുണ്‍കുമാര്‍ (കോക്ക്ടെയില്‍)
  23. ബാലനടന്‍ - മാസ്റ്റര്‍ അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാ. 6 ബി)
  24. ബാലനടി - ബേബി അനിഖ (കഥ തുടരുന്നു)
  25. പുതുമുഖ നടി - ആന്‍ അഗസ്റ്റിന്‍ (എത്സമ്മ എന്ന ആണ്‍കുട്ടി)
  26. താരജോഡി - കുഞ്ചാക്കോ ബോബന്‍ & അര്‍ച്ചനകവി (മമ്മീ & മീ)
  27. ദേശിയോദ്ഗ്രഥന ചിത്രം - കാണ്ഡഹാര്‍
ഇതൊരു വിമര്‍ശനം അല്ല, ജനങ്ങളാല്‍ നല്‍കപ്പെടുന്ന അവാര്‍ഡുകള്‍ ഇങ്ങനെ തരം താഴുന്നതു കാണുമ്പോള്‍, ഒരു പ്രേക്ഷകന്‍ അല്ല, ഒരു സാധാരണക്കാരന്‍ നടത്തുന്ന പ്രതികരണം മാത്രം... നമുക്കീ അവാര്‍ഡൊന്നു വിശകലം ചെയ്താലോ?

 1. മികച്ച നടന്‍ - മമ്മൂട്ടി  (പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍)- കലാമൂല്യമുള്ള ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ഈ അവാര്‍ഡ്. ഒരു പക്ഷേ അദ്ദേഹത്തിന് ഈ വിഭാഗത്തില്‍ എതിരാളികളേ ഇല്ലായിരുന്നു എന്നു വേണം കരുതാന്‍.

2. മികച്ച നടി - നയന്‍താര (ബോഡിഗാര്‍ഡ്) - വളരെക്കാലത്തിനു ശേഷമാണ് നയന്‍ താര മലയാളത്തിലേക്ക് മടങ്ങി വരുന്നത്. എന്നാല്‍ അത് അവാര്‍ഡ് നല്‍കാനുള്ള കാരണമല്ല. ബോഡി ഗാര്‍ഡിലെ നയന്‍സിന്റെ പ്രകടനത്തെ വിലയിരുത്തിയാല്‍, അതിനേക്കാള്‍ മികച്ച അഭിനയം കാഴ്ച വച്ച നടിമാര്‍ ഉണ്ടെന്നു കാണാം. പുണ്യം അഹം, കോക്ക്ടെയില്‍ എന്നെ ചിത്രങ്ങളിലെ സംവൃതയുടെ പ്രകടനം നയന്‍സിന്റെ പ്രകടനത്തേക്കള്‍ മികച്ചതായിരുന്നു. സംവൃതയെ പൂര്‍ണ്ണമായും തഴഞ്ഞ് നയന്‍സിന് അവാര്‍ഡ് കൊടുത്തത്, താരനിശ ഒന്നു കൊഴുപ്പിക്കാനായിരുന്നു എന്നു തോന്നുന്നു.

3. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് - മോഹന്‍ലാല്‍ - എന്തിനാണ് ഇങ്ങനെ ഒരു അവാര്‍ഡെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മമ്മൂട്ടിക്കു മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തപ്പോള്‍, എന്നാല്‍ മോഹന്‍ ലാലിനെ പിണക്കേണ്ടാ എന്നു കരുതായാണോ ആവോ ഈ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ?

4. ജനപ്രിയ നായകന്‍ - ദിലീപ് (ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്) - വേറെ ഒരു ജനപ്രിയ നായകനും മലയാളത്തില്‍ ഇല്ലല്ലൊ? മീശമാധവനിറങ്ങിയ കൊല്ലം മുതലേ പുള്ളിക്കാരനല്ലേ ജനപ്രിയന്‍?

5. ജനപ്രിയ നടി - മംമത് മോഹന്‍ദാസ് (കഥ തുടരുന്നു, അന്‍വര്‍) - ഒരു പരിധി വരെ ശരിയായ അവാര്‍ഡ്. കാരണം ഇതിന് മറ്റൊരു അവകാശിയെ കണ്ടെത്താനാവില്ല.

6. പ്രത്യേക ജൂറി അവാര്‍ഡ് - ശ്രീനിവാസന്‍ (ആത്മകഥ) - ആത്മകഥയിലെ ശ്രീനിവാസന്റെ പ്രകടനം നിരൂപ പ്രശംസ നേടിയിരുന്നു. പ്രത്യേക ജൂറി അവാര്‍ഡ്  തികച്ചും ശരിയായ നിര്‍ണ്ണയമാണ്.

7. യൂത്ത് ഐക്കണ്‍ - ജയസൂര്യ  - ജയസൂര്യ, താന്‍ ഒരു മികച്ച നടനാണ് എന്നു തെളിയിച്ച് കൊണ്ടിരിക്കയാണ്. കോക്ക്ടെയിലിലെയും ഫോര്‍ഫ്രണ്ടസിലേയും കഥാപാത്രങ്ങള്‍ അതു തെളിയിക്കുന്നു. പക്ഷേ യൂത്ത് ഐക്കോണ്‍ എന്ന അവാര്‍ഡ് എത്രത്തോളം അര്‍ത്ഥവത്താണെന്ന് സംശയിക്കുന്നു. ആ നടനെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍, ഒരു പ്രത്യേക ജൂറി പുരസ്കാരമായിരുന്നു നല്ലത്. ഇതിപ്പോള്‍ എന്തിനോ വേണ്ടി ഓക്കാനിക്കുന്നതു പോലെയൊരു അവാര്‍ഡായി പോയി.

8. മികച്ച ചിത്രം - പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് - പ്രാഞ്ചിയേട്ടന്‍ മികച്ക ചിത്രം തന്നെ, പക്ഷേ കുട്ടിസ്രാങ്കായിരുന്നു മികച്ച ചിത്രത്തിന്റെ കുറച്ചു കൂടി ശരിയായ ചിത്രം. അവാര്‍ഡ് വാങ്ങാന്‍ ചിത്രത്തിന്റെ സംവിധായകനായ ഷാജി എന്‍ കരുണ്‍ വരുമോ എന്ന സംശയം കൂടിയാവാം പ്രാഞ്ചിയേട്ടനു ഈ അവാര്‍ഡ് കൊടുക്കാനുള്ള കാരണം.

9. മികച്ച സംവിധായകന്‍ - ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍) - അബദ്ധജഡിലമായ മറ്റൊരു അവാര്‍ഡ്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം ആള്‍ക്കാരെ ആനന്ദിപ്പിച്ച ചിത്രമെന്നതിനപ്പുറം, കലാമൂല്യം ഒട്ടുമില്ലാത്ത ഒരു ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്റെ സംവിധായകനായ മോഹന്‍ രാഘവനാണ് ഈ അവാര്‍ഡിന്റെ യഥാര്‍ത്ഥ അവകാശി എന്നു തോന്നുന്നു.

10. സ്വഭാവ നടന്‍ - ഇന്നസെന്റ് (കഥ തുടരുന്നു) - കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയം വച്ചു മാത്രം അങ്ങനെ ഒരു വിലയിരുത്തലിലേക്ക് എത്താന്‍ കഴിയില്ല. കാരണം സത്യന്‍ അന്തിക്കാടിന്റെ ഒരു ക്ലീഷേ കഥാപാത്രം മാത്രമായിരുന്നു അത്.

11. സ്വഭാവനടി - സംവൃത (കോക്ക്ടെയില്‍) - മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുക്കുന്നതിനു പകരം സ്വഭാവനടി എന്നത്  ഒരു സമാശ്വാസ സമ്മാനം പോലെ തോന്നുന്നു.

12. സഹനടന്‍ - നെടുമുടി വേണു (എത്സമ്മ എന്ന ആണ്‍കുട്ടി, ബെസ്റ്റ് ആക്ടര്‍) - വളരെ നല്ല നിര്‍ണ്ണയം നെടുമുടി വേണുവിനു ലഭിച്ച വളരെ നല്ല രണ്ടു കഥാപാത്രങ്ങളായിരുന്നു എത്സമ്മയിലേതും ബെസ്റ്റ് ആക്ടറിലേതും.

13. സഹനടി - ലക്ഷ്മി പ്രിയ (കഥ തുടരുന്നു) - സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു ക്ലീഷേ കഥാപാത്രത്തിനപ്പുറം, ഈ അവാര്‍ഡ് ഒട്ടും തന്നെ ഇണങ്ങുന്നില്ല. ഒരു പക്ഷേ ശ്വേതാമേനോനാവണം ഈ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത്.

14. മികച്ച വില്ലന്‍ - ആസിഫ് അലി (അപൂര്‍വ്വരാഗം) - ഒരു പരിധി വരെ യോജിക്കുന്നു. പക്ഷേ മികച്ച  വില്ലന്മാര്‍ വേറേയും ഉണ്ടായിരുന്നു.

15. ഹാസ്യതാരം - സുരാജ് വെഞ്ഞാറമൂട് - ഒട്ടും യോജിക്കാന്‍ സാധിക്കാത്ത അവാര്‍ഡ്. തിരോന്തോരം ഭാഷയും, കോപ്രായങ്ങളുമായി ചുരുങ്ങിയിരിക്കുന്നു സുരാജിന്റെ കോമഡീ, അതും പണ്ടേ പോലെ ഫലിക്കുന്നുമില്ല. എന്നിട്ടും അവാര്‍ഡ്. ഏഷ്യാനെറ്റുമായി സുരാജ് പുലര്‍ത്തുന്ന അടുത്ത ബന്ധമാകും ഈ അവാര്‍ഡിനു പിന്നില്‍.

16. തിരക്കഥ - സത്യന്‍ അന്തിക്കാട് (കഥ തുടരുന്നു) - സ്ഥിരം പാറ്റേണില്‍ ചിത്രങ്ങള്‍ ചെയ്യുന്ന സത്യന്‍ അന്തിക്കാട്, വ്യത്യസ്തതയാര്‍ന്ന ഒരു ചിത്രം ചെയ്തിട്ടു വര്‍ഷങ്ങളായി. രസതന്ത്രം മുതലിങ്ങോട്ടുള്ളുള്ള ചിത്രങ്ങളോന്നും തന്നെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളെന്ന തോന്നലുളവാക്കിയിട്ടില്ല. കഥ തുടരുന്നുവും വ്യത്യസ്തമല്ല. ബൂലോകത്തെ ഒരു നിരൂപകന്‍ എഴുതിയ വാക്കുകള്‍ കടം കൊണ്ടാല്‍, ‘ഇപ്പോഴും പഴയ പച്ചക്കറിക്കടയും തുറന്നു വച്ചാണ് സത്യന്‍ അന്തിക്കാടിരിക്കുന്നത്.’ ഈ അവാര്‍ഡ് സത്യന്‍ അന്തിക്കാടിനു നല്‍കേണ്ടതല്ല. അത് ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മോഹന്‍ രാഘവനാണ് കൊടുക്കേണ്ടിയിരുന്നത്.

17. ഗാനരചയിതാവ് - മുരുകന്‍ കാട്ടാക്കട (ഒരു നാള്‍ വരും) - ഈ ചിത്രത്തിലെ ഒരൊറ്റ ഗാനം പോലും ആകര്‍ഷകമായിരുന്നില്ല. അതില്‍ വരികളുടെ പ്രാധാന്യം എടുത്തു കാണിക്കാനുമില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും, അനില്‍ പനച്ചൂരാനും, സന്തോഷ് വര്‍മ്മയും, നമ്മെ വിട്ടു പോയ ഗിരീഷ് പുത്തഞ്ചേരിയും ഇതിലും നല്ല ഗാനങ്ങള്‍ നമുക്കായി രചിച്ചിട്ടുണ്ട് പോയ വര്‍ഷം. പിന്നെ എന്തിനായിരുന്നു ഈ അവാര്‍ഡ്? ഏഷ്യാനെറ്റിനു മാത്രമറിയാം.

18. സംഗീത സംവിധായകന്‍ - എം.ജി.ശ്രീകുമാര്‍ (ഒരു നാള്‍ വരും) - ജനകീയ അവാര്‍ഡെന്നു പറഞ്ഞു മനുഷ്യനെ കളിയാക്കുന്നത് ഇങ്ങനെ അവാര്‍ഡ് കൊടുത്താണ്.  വര്‍ഷങ്ങളായി ഏഷ്യാനെറ്റിന്റെ സന്തത സഹചാരിയാണ് എം.ജി ശ്രീകുമാര്‍. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോകളിലും, സംഗീത പരിപാടികളിലും വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുകയാണദ്ദേഹം. അദ്ദേഹത്തിനെ സുഖിപ്പിക്കാനായിട്ടാണെന്നു തോന്നുന്നു ഈ അവാര്‍ഡ്. ഒരു എളിയ സംഗീതാസ്വാദകനെന്ന നിലയില്‍ പറഞ്ഞാല്‍, എം.ജയചന്ദ്രനെയോ, ഇളയരാജയെ മറികടക്കാനുള്ള സംഗീത സംവിധാനമൊന്നും, എം.ജി.ശ്രീകുമാര്‍ ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ നടത്തിയിട്ടില്ല.  മുന്‍ വര്‍ഷത്തില്‍ അദ്ദേഹത്തിന് മികച്ച ഗായകനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് നല്‍കിയിരുന്നു. അന്നും നല്ല ഗാനങ്ങള്‍ ആ‍ലപിച്ചവരെ മറികടന്നായിരുന്നു അവാര്‍ഡ്. ഇത്തരം സുഖിപ്പീര് അവാര്‍ഡുകള്‍, ജനകീയ അവാര്‍ഡുകളുടെ വില തന്നെ കളയും എന്നതില്‍ സംശയമില്ല.

19. ഗായകന്‍ - ഹരിഹരന്‍ (കഥ തുടരുന്നു) - ആരോ പാടുന്നു ദൂരെ എന്ന ഗാനമാണ് ഹരിഹരനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയിരിക്കുന്നത്. നല്ലതു തന്നെ, പക്ഷേ ഈ വര്‍ഷം നിരവധി നല്ല ഗാനങ്ങള്‍ പാടിയ വിജയ് യേശുദാസിനൊ, കാര്‍ത്തിക്കിനോ ഈ അവാര്‍ഡ് കൊടുക്കാമായിരുന്നു.

20. ഗായിക - ശ്രേയാ ഘോഷാല്‍ (ആഗതന്‍)  - ഗോമ്പറ്റീഷന്‍ ഇല്ലാത്ത വിഭാഗമായിരുന്നു ഇത് എന്നു തോന്നുന്നു. അവാര്‍ഡ് ശ്രേയക്കു തന്നെ. മറുവാക്കില്ല..

21. കാമാറാമാന്‍ - വേണു (ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍) - ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം വേണുവിന്റെ ഛായാഗ്രഹണമാണ്. പക്ഷേ അവാര്‍ഡ് ലഭിക്കുവാന്‍ തക്ക വണ്ണം മികവ് അതിനുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആഗതന്‍, ബെസ്റ്റ് ആക്ടര്‍, അപൂര്‍വ്വരാഗം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അജയന്‍ വിന്‍സന്റ് കാണിച്ചിരിക്കുന്ന മികവിന്റെ അടുത്തെങ്ങും എത്തില്ല വേണുവിന്റെ ഛായാഗ്രഹണം എന്നാണ് എന്റെ അഭിപ്രായം.

22. എഡിറ്റര്‍ - അരുണ്‍കുമാര്‍ (കോക്ക്ടെയില്‍) - ഒരു സംവിധായകന്‍ എഡിറ്ററാകുക എന്നത് കോക്ക്ടെയില്‍ എന്ന ചിത്രത്തിലൂടെയാവും മലയാളത്തില്‍ ആദ്യമായി സംഭവിക്കുന്നത്. അത് ആ ചിത്രത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്നു പറഞ്ഞറിയിക്കുവാന്‍ സാധിക്കുകയില്ല. 100 ശതമാനം യോജിക്കാവുന്ന അവാര്‍ഡാണ് ഇത്.

23. ബാലനടന്‍ - മാസ്റ്റര്‍ അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാ. 6 ബി) - വീണ്ടും 100 ശതമാനം യോജിക്കാവുന്ന അവാര്‍ഡ്. മറ്റൊരു ബാലതാരം ഉണ്ടെന്നു തോന്നുന്നില്ല ഈ അവാര്‍ഡിനു അര്‍ഹനാകാന്‍.

24. ബാലനടി - ബേബി അനിഖ (കഥ തുടരുന്നു) - ബാലനടന്റെ കാര്യത്തില്‍ പറഞ്ഞതു തന്നെ ഇവിടേയും പറയാവുന്നതാണ്.

25. പുതുമുഖ നടി - ആന്‍ അഗസ്റ്റിന്‍ (എത്സമ്മ എന്ന ആണ്‍കുട്ടി) - എത്സമ്മയുടെ വിജയമാണ് ആനിന് ഈ അവാര്‍ഡ് നേടിക്കൊടുത്തത്. എന്നാല്‍ അഭിനയത്തില്‍ ഇനിയും വളരെയധികം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു ആന്‍. അതിനു കഴിയുമെന്നാണ് തോന്നുന്നത്.

26. താരജോഡി - കുഞ്ചാക്കോ ബോബന്‍ & അര്‍ച്ചനകവി (മമ്മീ & മീ) -  താരജോഡി എന്ന അവാര്‍ഡ് നിര്‍ണ്ണയിച്ചവര്‍ മമ്മീ & മീ എന്ന ചിത്രം കാണാതെയാണോ ഇതു തീരുമാനിച്ചത് എന്നു തോന്നിപോകുന്നു. കാരണം ചിത്രത്തിലൊരിക്കല്‍ പോലും കുഞ്ചാക്കോ ബോബനും അര്‍ച്ചനാ കവിയും താരജോഡികളാണെന്നു തോന്നുന്നില്ല. രണ്ടു പേരും രണ്ടു ലോകത്തില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍. അവരെ പിടിച്ചു താരജോഡികളാക്കിയ ഏഷ്യാനെറ്റിന്റെ കഴിവ് അപാരം തന്നെ...

27. ദേശിയോദ്ഗ്രഥന ചിത്രം - കാണ്ഡഹാര്‍ - ഇത് മറ്റൊരു സമാശ്വാസ സമ്മാനമാണെന്നു തോന്നുന്നു. ദേശിയോദ്ഗ്രഥനമെന്നാല്‍ തീവ്രവാദികളെ വെടിവെച്ചിടുന്നതാണെന്ന അഭിപ്രായമാണ് ഏഷ്യാനെറ്റിനെന്നു തോന്നുന്നു, കാരണം മേജര്‍ രവി എപ്പോള്‍ പടമെടുത്താലും, അതിനു ദേശിയോദ്ഗ്രഥനത്തിനത്തിനുള്ള അവാര്‍ഡ് റിസര്‍വ്വ് ചെയ്തു വയ്ക്കും. ഈ പടത്തിന് അവാര്‍ഡ് കൊടുത്താല്‍ ചുളുവില്‍ ബച്ചനെ താരനിശയ്ക്കു കൊണ്ടു വരാം എന്നതായിരിക്കും ഇതിലെ ഏഷ്യാനെറ്റിന്റെ ബുദ്ധി. ഒരു കൊള്ളാം നടക്കട്ടേ..

ഏഷ്യാനെറ്റിലെ പരിപാടികള്‍ പോലെ തന്നെ, പ്രഹസനമാകുന്നു അവര്‍ നല്‍കുന്ന അവാര്‍ഡും. ലാലേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ അവരുടെ നിലവാരം കാണിച്ചുവെന്നേയുള്ളൂ എന്നും പറയാം. ആദ്യകാലങ്ങളില്‍ അവാര്‍ഡെന്നാല്‍ കഴിവിനു ലഭിക്കുന്ന അംഗീകാരമായിരുന്നു, കഴിവിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. ഓരോ അവാര്‍ഡിനേയും വലിയ ആദരവോടെയാണ് കാലാകാരന്മാരും, പ്രേക്ഷകരും കണ്ടിരുന്നത്. അതു കൊണ്ടു തന്നെ ഒരു അവാര്‍ഡു ലഭിക്കുക എന്നാല്‍ അതിനെ വളരെ വലിയ ഒരു അംഗീകാരമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഇത്തരം പ്രഹസനങ്ങള്‍ അവാര്‍ഡിന്റെ മൂല്യമിടിക്കുമെന്നതില്‍ തര്‍ക്കമില്ല. വാണീജ്യ താല്പര്യങ്ങളുടെ പേരില്‍ ഇങ്ങനെ അവാര്‍ഡുകള്‍ നല്‍കിയാല്‍ ഭാവിയില്‍ അവാര്‍ഡുകള്‍ക്കേ വിലയില്ലാതാവും. അതു കൊണ്ടു ഈ അവസരത്തില്‍ എനിക്ക് ഏഷ്യാനെറ്റിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം. അവാര്‍ഡു കൊടുക്കണമെങ്കില്‍, അത് അതിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി ഏല്‍പ്പിക്കണം, അപ്പോഴേ അതിനു മൂല്യമുണ്ടാകൂ... 

Monday, August 2, 2010

ഇതാ മറ്റൊരു പ്രഹസ്സനം.....

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വന്ന ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ന്റെ വിജയിയായി ജോബിജോണിനെ തിരഞ്ഞെടുത്തു.തിരുവന്തപുരത്ത് ഞായാറാഴ്ച നടന്ന മെഗഷോയില്‍ ശരത്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, എന്നീ സ്ഥിരം ജൂറി അംഗങ്ങളും ഫൈനലിലെ പ്രത്യേക ജഡ്ജുമായ എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് വിജയികളെ തിരെഞ്ഞെടുത്തത് .ഇത് കൂടാതെ പ്രേക്ഷകരുടെ എസ് എം എസ്സും വിജയിയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു .കോഴിക്കൊട് സ്വദേശിയായ ജോബി ജോണിന് ഒരു കോടി രൂപ വിലയുള്ള വില്ലയാണ് സമ്മാനമായി ലഭിച്ചത്. പാലക്കാട്ടുനിന്നുള്ള ശ്രീനാഥ് രണ്ടാംസ്ഥാനാം നേടിയപ്പോള്‍ മുംബൈയില്‍ നിന്നുള്ള പ്രീതിവാര്യര്‍ മൂന്നാം സ്ഥാനവും കോട്ടയത്തുനിന്നുള്ള അഞ്ജുജോസഫ് നാലാം സ്ഥാനവും നേടി ചെന്നൈയില്‍ നിന്നുള്ള വിദ്യാശങ്കറിനാണ് അഞ്ചാം സ്ഥാനം.

വിധിപ്രഖ്യാപനത്തിന്റെ ആവേശവും, വിജയിയുടെ ആഹ്ലാദ പ്രകടനവും കഴിയുമ്പോള്‍ സംഗീതത്തെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അറിയാതെ ചോദിച്ചു പോകുന്നു. ഈ സ്റ്റാര്‍ സിങ്ങര്‍ പദവി എത്തിച്ചേര്‍ന്നിരിക്കുന്നത്‌ യഥാര്‍ത്ഥ കരങ്ങളിലാണോ? ഒരു സാധാരണക്കാരനായ സംഗീതാസ്വാദകനായ എനിക്ക്‌ തോന്നിയത്‌, അല്ല എന്നാണ്. ചാനല്‍ ഏഷ്യാനെറ്റാവുമ്പോള്‍ എന്തും സംഭവിക്കാം എന്നറിയാം. എന്നിരുന്നാല്‍ പോലും, ഇത്ര വലിയ ഒരു വങ്കത്തരമാകും ഈ വിധി എന്നു ഒട്ടും പ്രതീക്ഷിച്ചില്ല. ജോബി ഒരു നല്ല ഗായകനാണ് എന്നതില്‍ യാതോരു സംശയവുമില്ല. അതു അദ്ദേഹം പല തവണ തെളിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഫൈനലിസ്റ്റുകളായ ശ്രീനാഥിനേയോ പ്രീതിയെയോ മറികടക്കാനുള്ള ടാലന്റ്‌ അദ്ദേഹത്തിന് ഉണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു, ക്ലാസിക്കലി ട്രെയിന്‍‌ഡ് ഗായകരാണ് ശ്രീനാഥും പ്രീതിയും. ജോബിയേക്കാള്‍ ശ്രുതിശുദ്ധമായി, അനായാസമായി പ്ലാനുകള്‍ പാടാനും കഴിവുള്ളവരാണ് ഇവര്‍ രണ്ടു പേരും. ഫൈനലില്‍ അതങ്ങനെ തന്നെയായിരുന്നു. പിന്നെ എങ്ങനെ ജോബി വിജയിയായി? ഏഷ്യാനെറ്റിന്റെ ഉത്തരം എസ്.എം.എസ് എന്നായിരിക്കും. ഏകദേശം 5 ലക്ഷം എസ്.എം.എസ്സുകളാണ് ജോബിക്കു കിട്ടിയത്‌. ശ്രീനാഥിനു കിട്ടിയത്‌ ഒന്നര ലക്ഷവും, പ്രീതിക്കു കിട്ടിയത്‌ വെറും അരലക്ഷവും. അങ്ങനെ എസ്.എം.എസ്സിന്റെ ബലത്തില്‍ ജോബി വിജയിയായി. ഇവിടെ പരാജയപ്പെട്ടത്‌ ശ്രീനാഥോ പ്രീതിയോ അല്ല, ശുദ്ധസംഗീതമാണ്. മികച്ച ഗായകനെ കണ്ടെത്താനുള്ള ഒരു ഷോയാണ്.

ഈ ഷോയ്കു മുന്നെ 5 ഫൈനലിസ്റ്റുകളുടെ നേട്ടങ്ങള്‍ ഇതാണ്.

1. ശ്രീനാഥ്‌ - ജനപ്രിയഗായകന്‍ ഗന്ധര്‍വ്വ സംഗീതം, യുവജനോത്സവം ലളിത ഗാനം, ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം
2. പ്രീതി വാര്യര്‍ - ഒന്നാം സ്ഥാനം രാഗാലയ, അമൃതാ ടിവി, വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
3. വിദ്യാശങ്കര്‍ - ജയ ടിവി രാഗമാലിക, രാജ് ടിവി രാഗഗീതം വിജയി
4. ജോബി ജോണ്‍ - കാലിക്കറ്റ് സര്‍വകലാശാല ലളിതഗാനം ഒന്നാം സ്ഥാനം, കേരളോത്സവം ലളിതഗാനം ഒന്നാം സ്ഥാനം.
5. അഞ്ജു ജോസഫ്‌ - ഗന്ധര്‍വ്വ സംഗീതം മൂന്നാം സ്ഥാനം, പി.ഭാസ്കരന്‍ സംഗീതോത്സവം വിജയി

ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌. ജോബി ഒരു നല്ല ഗായകനാണെങ്കില്‍ കൂടി, ശാസ്ത്രീയ സംഗീതം അഭ്യസിച്ച മറ്റു മത്സരാര്‍ത്ഥികളേക്കാള്‍ ഒരു ചുവടു പിന്നിലാണ് അദ്ദേഹം, പക്ഷേ അദ്ദേഹം നന്നായി ഇം‌പ്രൂവ്‌ ചെയ്തിട്ടുമുണ്ട്‌. പക്ഷേ അതൊന്നും ഇവരെ മറികടക്കാന്‍ തക്കവണ്ണം ഉയര്‍ന്നിട്ടില്ല എന്നതു തന്നെയാണ് എന്റെ പക്ഷം.

ഇതിനു മുന്നെയുള്ള സീസണുകളിലെല്ലാം ഈ എസ്.എം.എസ് കളികള്‍ നടത്തിയിട്ടുണ്ട്‌. അതൊക്കെ സ്റ്റൂഡിയോക്കുള്ളില്‍ ആയിരുന്നു. എന്നാല്‍ ആദ്യമായാണ് ഫൈനലില്‍ ഇത്തരം ഒരു കളി നടക്കുന്നത്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികള്‍, പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും വച്ച്‌ എസ്.എം.എസ്സ് വോട്ടു ചോദിക്കുന്ന പ്രവണത നാം കണ്ടു തുടങ്ങിയിട്ട്‌ അധികകാലമായില്ല. വോട്ട്‌ ചോദിച്ച്‌, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ വരെ വന്നു തുടങ്ങി. ജോബിയെ പിന്തുണച്ചവരെല്ലം, അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാവാം വോട്ടു ചെയ്തിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ ജീവിത പ്രശ്നങ്ങളെല്ലാം തന്നെ ചാനലിലൂടെ പുറത്തു വന്നിരുന്നു. അതാവും ആളുകളെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌.  പക്ഷേ, അത്തരം ഒരു പ്രോത്സാഹനം കൊണ്ട്‌ അദ്ദേഹത്തെ അനര്‍ഹമായ ഒരു പൊസിഷനിലാണ് അവര്‍ എത്തിച്ചത്‌. സ്നേഹദയാവായ്പിനപ്പുറം ഇതൊരു മികച്ച ഗായകനെ കണ്ടെത്താനുള്ള വേദിയാണെന്ന്‌ പലരും മറന്നു കഴിഞ്ഞു.  ഇതിനു മുന്നെയുള്ള രണ്ടു സീസണിലെ വിജയികള്‍, നജീം അര്‍ഷാദും വിവേകാനന്ദനും, സ്റ്റാര്‍ സിംഗര്‍ പദവിക്ക് അവര്‍ അനുയോജ്യരായിരുന്നു, അവരേക്കാള്‍ മികച്ച ഗായകര്‍ ഫൈനലില്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. പക്ഷേ ഇവിടെ മികച്ച ഗായകര്‍ എസ്.എം.എസ്സിന്റെ പേരില്‍ പിന്തള്ളപ്പെടുന്നത്‌ ദുഖകരമായ വസ്തുതയാണ്. എന്തായാലും ഒരു മികച്ച ഗായകനെ കണ്ടെത്താനുള്ള മത്സരത്തിന്റെ വിധി ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിച്ചത്‌ കഷ്ടമായി. മികച്ച ഗായകനെന്നാല്‍ ഏറ്റവും കൂടുതല്‍ എസ്.എം.എസ്സ്‌ ലഭിക്കുന്നവനല്ല എന്ന യാഥാര്‍ത്ഥ്യം ഒന്നു കൂടെ അടിവരയിടുകയാണ് ഈ മത്സര ഫലത്തിലൂടെ... എന്തായാലും ഈ പ്രഹസ്സനം ഇവിടെ അവസാനിക്കുന്നില്ല.. സീസണ്‍ 5 തുടങ്ങിക്കഴിഞ്ഞു...

അവലംബം: ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവിധ സീസണുകള്‍ & ഈ പ്രൊഫൈല്‍ ലിങ്ക്‌.

Tuesday, April 6, 2010

മാധ്യമങ്ങളേ, നിങ്ങള്‍ക്കു വേറെ പണിയില്ലേ...?

കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സാനിയാ -ഷോയിബ്‌ മാലിക്‌ വിവാഹം. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയാ മിര്‍സ, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഷോയിബ്‌ മാലിക്കിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് ആദ്യമായി പടര്‍ന്നത്‌. അതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ വന്നു തുടങ്ങി. ആ വിവരം സാനിയയുടെ പിതാവ്‌ സ്ഥിതീകരിച്ചതോടെ പിന്നെ സാനിയ-ഷോയിബ്‌ വിവാഹം മാധ്യമങ്ങള്‍ ഏറ്റടുത്തു. തന്റെ ബാല്യകാല സുഹ്രുത്തും, സഹപാഠിയുമായിരുന്ന സൊഹ്റാബ് മിര്‍സയുമായി സാനിയായുടെ വിവാഹനിശ്ചയവും മോതിരം മാറലും നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കു വച്ച്‌ സാനിയാ ഈ വിവാഹം വേണ്ടെന്നു വച്ചിരുന്നു. ഷോയിബുമായുള്ള വിവാഹക്കാര്യം പുറത്തറിഞ്ഞതോടെ, ഈ വിവാഹം മുടങ്ങലും ചര്‍ച്ചയായി. അതിനിടെ ഒരു പാക്കിസ്ഥാനിയെ സാനിയ കല്യാണം കഴിക്കുന്നതു ശരിയോ എന്ന ചര്‍ച്ചയുമായി മറ്റൊരു മാധ്യമം രംഗത്തു വന്നത്‌. ആ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, പാകിസ്ഥാനില്‍ നിന്നും മറ്റൊരു വെടിപൊട്ടി. കല്യാണത്തിനു ശേഷം സാനിയ പാക്കിസ്ഥാനു വേണ്ടി കളിക്കണം എന്ന്. അതോടെ മാധ്യമങ്ങളുടെ ദേശസ്നേഹമുണര്‍ന്നു. ചര്‍ച്ചകള്‍ കല്യാണത്തില്‍ നിന്നും നയതന്ത്രബന്ധത്തിലേക്ക്‌ വഴുതി മാറി. ഇതിക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ്, ഷോയിബ്‌ കല്യാണം കഴിച്ചതാണെന്ന്‌, ആയിഷ എന്ന യുവതിയെ ഉദ്ധരിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ഒരു മാധ്യമം വെളിപ്പെടുത്തുന്നത്‌. പോരെ പൊടി പൂരം. മാധ്യമങ്ങള്‍ ചര്‍ച്ചകളും ഭാവനാ സമ്പുഷ്ടമായ കഥകളും പ്രസിദ്ധീകരിച്ച്‌ ആഘോഷം തുടര്‍ന്നു. അതിനിടയില്‍ ഷോയിബ്‌ ഹൈദരാബാദിലെത്തി, സാനിയക്കൊപ്പം പത്രക്കാരെ കാണുന്നു. അതെല്ലാ മാധ്യമങ്ങളിലും ലൈവ്‌ ടെലിക്കാസ്റ്റ്‌. ഷോയിബിനെ പോലീസ്‌ ചോദ്യം ചെയ്തതും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തതുമാണ് ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ഇതു വിവാഹം മാറ്റി വയ്ക്കുമോ എന്നതാണ് മാധ്യമങ്ങള്‍ ഉത്കണ്ഠാകുലരായി നോക്കി നില്‍ക്കുന്ന അടുത്ത വാര്‍ത്ത. ഈ വിഷയത്തില്‍ ഉണ്ടാകുന്ന ഒരോ വഴിത്തിരിവുകളും അപ്പപ്പോള്‍ നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്‌ നടക്കുകയാണ് മാധ്യമങ്ങള്‍... ഹോ.. എന്തൊരു മാധ്യമധര്‍മ്മം... കേട്ടിട്ടു തന്നെ കോരിത്തരിക്കുന്നു..

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഈ മാധ്യമങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ...? കല്യാണം കഴിക്കുന്നത്‌ ഒരാളുടെ സ്വകാര്യപരമായ കാര്യം. അത്‌ ആ‍രാണെന്നും, വിവഹശേഷം എങ്ങനെ ജീവിക്കണമെന്നും, എവിടെ ജീവിക്കണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ലേ? ആ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, അവഹേളനവുമല്ലേ ഇത്തരം ചര്‍ച്ചകള്‍...? ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറീ ലൈവ്‌ ചര്‍ച്ചകള്‍ നടത്തുന്നതാണോ മാധ്യമധര്‍മ്മം. സെന്‍സേഷണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന ഇത്തരം മാധ്യമങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കണം..

വാല്‍ക്കഷ്ണം: ഇക്കണക്കിനു പോയാല്‍, നാളെ മുതല്‍ ഈ നാട്ടിലെ കൊള്ളാവുന്ന പെമ്പിള്ളേരുടെ തന്തമാരെല്ലാം, ചാനല്‍ ഓഫീസിനു മുന്നില്‍ ക്യൂ നിന്ന്‌ മക്കളുടെ കല്യാണത്തിന്റെ വിവരങ്ങളും വരന്മാരുടെ വിവരങ്ങളും അവരില്‍ നിന്നും സെര്‍ട്ടിഫൈ ചെയ്തു വാങ്ങേണ്ടി വരുമല്ലോ..? ഇല്ലെങ്കില്‍ അതേ പറ്റി ലൈവ്‌ ചര്‍ച്ച നടത്തിയാലോ പഹയന്മാര്‍..!!!!

Thursday, April 1, 2010

മരണം പോലും വിറ്റു കാശാക്കുന്ന ഏഷ്യാനെറ്റ്


ഈ കഴിഞ്ഞ മാര്‍ച്ച്‌ 15 ന് രാവിലെ നാം പത്രങ്ങളില്‍ നിന്നറിഞ്ഞ വാര്‍ത്തയാണ് , ഏഷ്യാനെറ്റ്‌ മഞ്ച്‌ സ്റ്റാര്‍ സിംഗര്‍ ഫെയിം ആതിരാ മുരളി ഉള്‍പ്പെടെയുള്ള ഗാനമേള സംഘം സഞ്ചരിച്ചിരുന്ന വാന്‍ കിളിമാനൂരില്‍ അപകടത്തില്‍പ്പെട്ടു എന്നും, സംഘത്തിലെ ഗിത്താറിസ്റ്റായിരുന്ന പ്രകാശ് കൃഷ്ണന്‍ ആ അപകടത്തില്‍ മരിച്ചുവെന്നും. എഷ്യാനെറ്റിലും മറ്റു മാധ്യമങ്ങളിലും അതിന്റെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്‌ പ്രകാശ്‌ വളരെ പ്രതിഭാധനനായ ഒരു കലാകാരനാണെന്നായിരുന്നു. ആ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു...

ഈ വീഡിയോ ഒന്നു കാണൂ... 



അതിനു ശേഷം വന്ന മഞ്ച്‌ സ്റ്റാര്‍ സിംഗര്‍ എന്ന പ്രോഗ്രാമിലെ ഒരു സ്പെഷ്യന്‍ ഇന്റര്‍വ്യൂ ആണ്. ആതിരാ മുരളിയെയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത്, ഇന്റര്‍വ്യൂ നടത്തുന്നത്‌ ടെലിവിഷന്‍ അവതാരികയും സിനിമാ നടിയുമായ നസ്രിയ. വളരെ ഭംഗിയായി ഒരുക്കിയെടുത്ത ഒരു തിരനാടകം പോലെയുണ്ട്‌ ഈ ഇന്റര്‍വ്യൂ..

ചോദ്യം:ആതിര ഭയം ഉണ്ടായിരുന്നോ????
ഉത്തരം: ഭയം ഉണ്ടായിരുന്നു..പക്ഷെ ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് അധികം ഭയം ഉണ്ടായിരുന്നില്ല.....
ചോദ്യം: എപ്പോഴാണിത്‌ സംഭവിച്ചത്‌ ????
ഉത്തരം: ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് എപ്പോഴാണ് എന്നറിയില്ല. ഒരു വലിയ സൌണ്ട്‌ കേട്ടു, അങ്ങനെയാണ് ഉണര്‍ന്നത്‌.
ചോദ്യം: എങ്ങനെയാണ് സംഭവിച്ചത്‌ ????
ഉത്തരം: ഞാന്‍ ഉറങ്ങുകയായിരുന്നു അത് കൊണ്ട് എങ്ങനെയാണ് എന്നറിയില്ല.

എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് ആതിരയ്ക്കു പറയുവാനുള്ളത്‌. അപകടം നടക്കുമ്പോള്‍ ആ കുട്ടി ഉറങ്ങുകയായിരുന്നു. ആതിര അതൊന്നും അറിഞ്ഞതേയില്ല. എന്നിട്ടും,  കല്യാണ വിശേഷം പറയുന്നത് പോലെ കൊച്ചിനെക്കൊണ്ട്‌ മരണത്തിന്റെ വിവരങ്ങളും പറയിക്കുന്നു. ഇങ്ങനെ ഒരു ഇന്റര്‍വ്യൂ നാടകം നടത്തിയതു വഴി, ഏഷ്യാനെറ്റ് എന്തണ് ഉദ്ദേശിക്കുന്നത്‌? ഒരു സഹതാപ തരംഗം സ്രുഷ്ടിക്കുവാനോ അതോ പ്രേക്ഷകരുടെ എണ്ണം കൂട്ടുവാനോ? ആ ഇന്റര്‍വ്യൂവിന്റെ പ്രസക്തഭാഗങ്ങള്‍ മഞ്ച്‌ സ്റ്റാര്‍ സിംഗറിന്റെ പ്രമോയോടൊപ്പം കാണിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ ഇത്തരം ചീപ്പ്‌ നമ്പറുകള്‍ ഇതാദ്യമല്ല. എന്നാല്‍ മരണത്തെ പോലും ഒരു ഷോ ആക്കി മാറ്റുന്ന കാഴ്ച ഇതാദ്യമാണ്.... എന്റെ പെര്‍ഫോര്‍മന്‍സ്‌ ഇഷ്ടമായെങ്കില്‍ എനിക്ക്‌ എസ്.എം.എസ് ചെയൂ എന്നു പറയാതിരുന്നത്‌ നന്നായി...!!! 

എന്തായാലും ഇത്രയ്ക്കു വേണ്ടായിരുന്നു ഏഷ്യാനെറ്റ്‌..!!!

Tuesday, February 9, 2010

ഏഷ്യാനെറ്റേ... ഞങ്ങള്‍ നിങ്ങളോടെന്തു തെറ്റു ചെയ്തൂ....?

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഏഷ്യാനെറ്റ്‌. 1993 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ചാനല്‍ ദൂരദര്‍ശന്റെ ക്രൂരതയില്‍ നിന്നും മലയാളിയെ രക്ഷിക്കുവാന്‍ വന്നെത്തിയ ഒരു ദൈവദൂതനെ പോലെ ആയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ത്തന്നെ മൂന്ന്‌ വ്യത്യസ്ത ചാനലുകള്‍, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്‌, ഏഷ്യാനെറ്റ് പ്ലസ്‌ ഈ ചാനലിനു സ്വന്തമായുണ്ട്‌. ആദ്യകാലങ്ങളില്‍ നിലവാരമുള്ള പരിപാടികളിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച ഈ ചാനലിന്ന്‌ ഒരു ദുരവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ്. സിനിമാല, കോമിക്കോള, പുതിയ സിനിമകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളുമായി വന്ന ഏഷ്യാനെറ്റ്‌, പിന്നീട്‌ കണ്ണീര്‍ സീരിയലിലേക്ക്‌ ചുവടുമാറ്റി. പ്രേക്ഷകരെ ബോറടിപ്പിച്ചു കൊണ്ട്‌ അതു വര്‍ഷങ്ങളോളം മുന്നോട്ടു പോയി, ഒടുവില്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ ഈ സീരിയലുകള്‍ കുത്തനെ ഇടിഞ്ഞ്‌ താഴെ വീണതോടെ, ഹൊറര്‍ സീരിയലുകളിലേക്കായി അവരുടെ പ്രയാണം, അവിടെ നിന്ന്‌ പുരാണ കഥകളിലേക്കും.. അതിനിടയ്ക്കാണ് അമ്രുത ടിവി സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുമായി രംഗത്തു വന്നത്‌. അതിനെ വെല്ലാന്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന രിയലൈറ്റി ഷോയുമായി ഏഷ്യാനെറ്റ്‌ രംഗത്തെത്തി. നാലു സീസണ്‍ പിന്നിടുന്ന ഈ ഷോയും നിലവാര തകര്‍ച്ച നേരിടുകയാണ്...

എസ്
.എം.എസ്‌ തട്ടിപ്പു വഴി കാശുണ്ടാക്കിയും, കരച്ചില്‍ നാടകം നടത്തി പ്രേക്ഷകരെ കരയിച്ചും ഐഡിയാ സ്റ്റാര്‍ സിംഗര്‍ ജനങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന പോലെ, കോമഡി ട്രൂപ്പുകള്‍ക്കായി ഒരു റിയാലിറ്റി ഷോ ഏഷ്യാനെറ്റ്‌ തുടങ്ങിയത്‌... അതിന്റെ മുഖ്യ ജഡ്ജായി സിനിമാ നടന്‍ ജഗദീഷും.. പോരെ പൂരം... പണ്ടു മിന്നും താരമെന്ന പരിപാടിയുമായി വന്ന് ജഗദീഷണ്ണന്‍ കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ പ്രേക്ഷകര്‍ മറന്നു കാണില്ല. അതില്‍ നിന്നും വിഭിന്നമാകില്ല ഇതും പ്രതീക്ഷിച്ച പ്രേക്ഷകരുടെ പ്രതീക്ഷ അണ്ണന്‍ കാത്തു സൂക്ഷിച്ചു. അലറി വിളികളും ബഹളമയമായ കമന്റുകളും കൊണ്ട്‌ പ്രേക്ഷകരെ എങ്ങനെ ബോറടിപ്പിക്കാം എന്ന്‌ ജഗദീഷണ്ണന്‍ കാണിച്ചു തന്നു, മൈക്ക്‌ കയ്യില്‍ കിട്ടിയിട്ടും ഇതുവരെ പാട്ടുപാടി നമ്മളെ വിഷമിപ്പിച്ചില്ല എന്നതു മാത്രം മെച്ചം. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ജഡ്ജസായിരിക്കുന്ന ടിനി ടോമും, സുരാജ്‌ വെഞ്ഞാറമൂടും അഭിനന്ദനമര്‍ഹിക്കുന്നു. ആ പരിപാടി നന്നാക്കാന്‍ ശ്രമിക്കുന്നതിനും, കൂടെ ജഗദീഷിനെ സഹിക്കുന്നതിനും. ഇത്തരന്‍ ഒരു റിയാലിറ്റു ഷോയ്ക്ക്‌ ജഗദീഷിനെ ജഡ്ജാക്കിയതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല. മലയാള സിനിമയിലെ കോമാളി വേഷങ്ങളിലൂടെ മാത്രം കോമഡി സ്രുഷ്ടിച്ച്‌ ജനങ്ങളെ ചിരിപ്പിക്കുന്ന ജഗദീഷിന്, കോമഡി ട്രൂപ്പുകള്‍ക്കായി നടത്തുന്ന റിയാലിറ്റി ഷോയുടെ “മുഖ്യ” ജഡ്ജാവാന്‍ എന്തു യോഗ്യതയാണുള്ളത്‌? ആ സ്ഥാനത്‌ കോട്ടയം നസീറിനെ ഇരുത്തിയിരുന്നെങ്കില്‍, ഈ ഷോ വളരെ മികച്ചതാകുമായിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രമാണ് ഈ പരിപാടി സം‌പ്രേക്ഷണം ചെയ്യുന്നത്‌ എന്നത്‌ ആശ്വാസകരമാണ്..

എന്നാല്‍ ആ ആശ്വാസത്തിലിരുന്ന പ്രേക്ഷകരെ ഏഷ്യാനെറ്റ്‌ വീണ്ടും ചതിച്ചു.... കഴിഞ്ഞ ആഴ്ച മുതല്‍ പുതിയൊരു പ്രതിദിന പരിപാടി ഏഷ്യാനെറ്റ്‌ തുടങ്ങി...ട്വന്റി ട്വന്റി വണ്‍... പരസ്യം തന്നെ ഇങ്ങനെയാണ്, “ഇതില്‍ സിനിമാ താരങ്ങളില്ല...എന്നാല്‍ എന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച ഒരു പിടി കഥാപാത്രങ്ങള്‍ ഇതിലുണ്ട്‌...” എന്നാല്‍ ഇതിന്റെ ഗുട്ടന്‍സ്‌ ഒന്നറിയണമല്ലോ എന്നു വിചാ‍രിച്ചാണ് ഇത് കാണാനിരുന്നത്‌. അപ്പോള്‍ ദാ വരുന്നു, ദാസനും വിജയനും, സേതുരാമയ്യറുമെല്ലാം... ഇനിയെത്ര വരാന്‍ കിടക്കുന്നു... കുറെ മിമിക്രി താരങ്ങളെ വച്ച്‌ ഒരു സീരിയല്‍, കോമഡി എന്ന പേരില്‍ ചില കോപ്രായങ്ങള്‍... എല്ലാം അപരന്മാര്‍, അതും ശബ്ദവും, ഫിഗറും ഒറിജിനലുമായി സാമ്യമാകുന്നതേയില്ല... അബദ്ധവശാല്‍ ഒരു തവണ ഇതു കണ്ടു, ഇനിയൊരിക്കലും ഇതു കാണില്ല എന്ന്‌ പ്രതിജ്ഞയെടുത്തിട്ടാണ് ചാനല്‍ മാറ്റിയത്‌... നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും, സി ബി ഐ സേതുരാമയ്യരേയും ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഇതു കണ്ട്‌ കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ നന്ന്‌... ഇപ്പോഴും മനസ്സിലാകുന്നില്ല്ല എങ്ങനെ ഏഷ്യാനെറ്റിന് ഇങ്ങനെ തരം താഴുവാന്‍ കഴിയുന്നുവെന്ന്‌.. നിലവാരത്തകര്‍ച്ചയുടെ ഉന്നതിയാണ് ഇത്തരം പ്രോഗ്രാമുകള്‍ സൂചിപ്പിക്കുന്നത്‌, വ്യത്യസ്ഥത എന്ന പേരില്‍ പ്രേക്ഷകരുടെ കഴുത്തറക്കുന്ന പ്രോഗ്രാമുകള്‍ പടച്ചു വിടാന്‍ ഏഷ്യാനെറ്റിനു മാത്രമേ കഴിയൂ... ദാ ട്വന്റി -ട്വന്റി വണ്ണിന്റെ ഒരു സാമ്പിള്‍.....

ക്രിയേറിവിറ്റി നഷ്ടപ്പെടുന്നുവെങ്കില്‍ ചാ‍നല്‍ അടച്ചു പൂട്ടണം, അല്ല്ലാതെ ഇത്തരം വങ്കത്തങ്ങള്‍ വിളമ്പുകയല്ല വേണ്ടത്‌. ഏതാനും ചില പ്രോഗ്രമുകള്‍ പരാമര്‍ശിച്ചുവെന്നേയുള്ളൂ... ഏഷ്യാനെറ്റില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പ്രോഗ്രാം പോലും ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം.... ഇതൊന്നും ചാനല്‍ മേധാവികളുടെ ശ്രദ്ധയില്‍ പെടുന്നില്ലേ ആവോ...? അതോ പരസ്യ വരുമാനത്തിലും, എസ്.എം.എസ്‌ വോട്ടിങ്ങിലൂടെ കിട്ടുന്ന കാശിലും മനം മയങ്ങി അവരൊക്കെ ഇതൊന്നും ഞങ്ങളറിയുന്നില്ലേ എന്നു പറഞ്ഞിരിക്കയാണൊ...? എന്തായാലും ഇതൊക്കെ പ്രേക്ഷകര്‍ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്‌, അറിയുന്നുണ്ട്‌.. അവരൊക്കെ മനസില്‍ ചോദിക്കുന്നുണ്ടാകും.... ഏഷ്യാനെറ്റേ... ഞങ്ങള്‍ നിങ്ങളോടെന്തു തെറ്റു ചെയ്തൂ....?

Saturday, December 19, 2009

ഐഡിയ സ്റ്റാര്‍ സിങ്ങള്‍ കരച്ചില്‍ നാടകം തുടരുന്നു...

ഒരു കാലത്ത്‌ മലയാളി പ്രേക്ഷകരെ, കണ്ണീര്‍ സീരിയലുകളിലൂടെ ദിവസവും വൈകിട്ട്‌ 6 മുതല്‍ 10 മണി വരെ തുടര്‍ച്ചയായി കരയിച്ചു കൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ പുതിയ കരച്ചില്‍ പരിപാടിയാണ് “ഐഡിയാ സ്റ്റാര്‍ സിങ്ങര്‍”. കണ്ണീര്‍ സീരിയലുകളില്‍ നിന്നും മോചനം നേടിയല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിന്റെ പ്രസ്റ്റീജിയസ്‌ റിയാലിറ്റി ഷോയായ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍, എലിമിനേഷന്‍ എപ്പിസോഡെന്ന പേരില്‍, കണ്ണീര്‍ എപ്പിസോഡുകള്‍ പടച്ചു വിടുന്നത്‌. ഏഷ്യാനെറ്റിലെ പ്രേക്ഷകര്‍ കയ്യൊഴിയുന്നുവെന്ന സാഹചര്യത്തില്‍ അവരുടെ രക്ഷകനായി അവതരിച്ച റിയാലിറ്റി ഷോയാണിത്‌. ആദ്യ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ശ്രദ്ധ നേടാതെ പോയതോടെ, രണ്ടാമത്തേത്‌ എസ്.എം.എസ് ഉള്‍പ്പടെ പല വ്യത്യാസങ്ങളോടെ അവതരിപ്പിക്കുകയും, എസ്.എം.എസ്‌ വിവാദത്തില്‍ പരിപാടി പോപ്പുലറാകുകയും ചെയ്തതോടെയാണ്‌ ഏഷ്യാനെറ്റിന്റെ രാശി തെളിയുന്നത്‌. എസ്‌.എം.എസ്സുകള്‍ അയക്കുന്നവരെ വിഡ്ഡികളാക്കി, അതു കണക്കു കൂട്ടുക പോലും ചെയ്യാതെ, എലിമിനേഷന്‍ നടത്തിയത്‌ പുറം‌ലോകമറിഞ്ഞപ്പോള്‍ അഴിഞ്ഞുവീണത്‌ ഏഷ്യാനെറ്റെന്ന ചാനലിന്റെ മുഖം‌മൂടി ആയിരുന്നു. എന്നാല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഈ വിവാദത്തോടെ ഈ റിയാലിറ്റി ഷോയ്ക്ക്‌ കഴിഞ്ഞു. വിജയികളെ ആദ്യം നിശ്ചയിക്കപ്പെട്ടു എന്നു വരെ എസ്.എം.എസ്സുകളും, ഈ-മെയിലുകളും പരന്നിരുന്ന ആ കാലത്ത്‌, അതൊക്കെ ആരുടേയോ മനോഭാവന എന്നോര്‍ത്ത്‌ സമാധാനിച്ച്‌ എസ്.എം.എസ്‌ അയച്ചവരെ ഒന്നടങ്കം വിഡ്ഡികളാക്കി, പ്രവചിക്കപ്പെട്ടവര്‍ തന്നെ വിജയികളായപ്പോള്‍, മണ്ടത്തരം മനസ്സിലാകാതെ, അടുത്ത സീസണും എസ്.എം.എസ്‌ അയക്കുന്നവരാണ് ഇതിന്റെ ആരാധകരിലധികവും. ജഡ്ജ്സസിന്റെ “ഗുഡ് ബുക്കി”ല്‍ കയറാത്തവര്‍ എന്നും പടിക്കു പുറത്തായ ചരിത്രമാണ് ഈ റിയാലിറ്റി ഷോയ്ക്ക്‌ ഉള്ളത്‌. അതിനു കഴിയാത്ത പ്രതിഭാധനരായ ഏതാനും മത്സരാര്‍ത്ഥികള്‍, ഷോ പാതി വഴിയെത്തുന്നതിനു മുന്നെ പടിയിറങ്ങിപ്പോകുന്ന അസുലഭമായ കാഴ്ചയും നമുക്കീ ഷോയില്‍ മാത്രം കാണാവുന്നതാണ്. അതു മാത്രമല്ല, ജഡ്ജസിന്റെ ഗുഡ്‌ ബുക്കില്‍ ഉള്‍ലവരും, ഫാന്‍ ഫോളോയിങ്‌! കൂടുതലുള്ളവരും, എല്ലാ റൌണ്ടുകളും താണ്ടി, ഇനി ഒഴിവാക്കപ്പെടാതെ രക്ഷയില്ല, അല്ലെങ്കില്‍ കള്ളി പൊളീയും എന്ന സാഹചര്യത്തില്‍ മാത്രം പുറത്തു പോകുന്ന കാഴ്ചയും ഈ ഷോയുടെ പ്രത്യേകതയാണ്. സ്ത്രീ ശബ്ദത്തില്‍ പാടുന്ന ഒരു പാട്ടുകാരനെ അവസാന റൌണ്ടുകളില്‍ വരെ എത്തിച്ച മാജിക്ക്‌, ജഡ്ജസ്‌ ഗുഡ്‌ ബുക്ക്‌ എന്‍‌ട്രി മാത്രമെന്ന്‌ ഇതിന്റെ സ്ഥിരം പ്രേക്ഷകര്‍ക്കെല്ലാം അറിയാം. അതു പോലെ ശാസ്ത്രീയ സംഗീതപരിജ്ഞാനം ഇല്ലാത്തെ ടൈപ്പ്‌ കാസ്റ്റഡ്‌ സിങ്ങര്‍ ഫൈനല്‍ എലിമിനേഷനില്‍ മാത്രം പുറത്തു പോയതിന്റെ ഗുട്ടന്‍സ്, എസ്.എം.എസ്സിന്റെ കാര്യത്തില്‍ ആ മത്സരാര്‍ത്ഥി ഒരു പൊന്മുട്ടയിടുന്ന താറാവാണെന്ന തിരിച്ചറിവ്‌ മാത്രമാണ്. ഒരു റൌണ്ടില്‍ പാട്ടു പാടാന്‍ കഴിയാതെ ഇടയ്ക്കു വച്ചു നിര്‍ത്തിയ മത്സരാര്‍ത്ഥി, പുറത്താകുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍, എല്ലാവരേയും അമ്പരപിച്ചു കൊണ്ട്‌ എസ്.എം.എസ്സിന്റെ പേരില്‍ അടുത്ത റൌണ്ടിലേക്ക്‌ കടത്തി വിടുകയും ചെയ്ത ഷോയും ഇതു തന്നെ.. നാടകങ്ങള്‍ക്കു മുകളില്‍ നാടകങ്ങളുമായാണ് ഈ ഷോ മുന്നോട്ടു കുതിക്കുന്നത്‌.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഒരു ഗായകനെ/ഗായികയെ വാര്‍ത്തെടുക്കുമെന്ന്‌ മിഷന്‍ 2020യുമായി നടന്നു പോരുന്ന ഈ റിയാലിറ്റി ഷോയുടെ ഈ സീസണ്‍ ഒരു രീതിയിലും സുഖകരമല്ല. മത്സരാര്‍ത്ഥികളുടെ നിലവാരം ഇത്തവണ താഴേക്കു തന്നെയാണ്. പേരിനു പോലും ഒരു മികച്ച മത്സരാര്‍ത്ഥികള്‍ ഇല്ല. ഇതിനു മുന്നെയുള്ള സീസണുകളില്‍ അവര്‍ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയാണിത്‌. ശരാശരിക്കു മുകളിലുള്ള മൂന്നോ നാലോ മത്സരാര്‍ത്ഥികളെ ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റുള്ളവര്‍ എവിടെ തുടങ്ങിയോ അവിടെ തന്നെ നില്‍ക്കുന്നവരാണ്‌ എന്നതാണ് ദയനീയം. മികച്ചത്‌ എന്ന്‌ ജഡ്ജസ്‌ പറയുന്ന പല ഗാനങ്ങളും കേള്‍ക്കുമ്പോഴും, സംഗീതത്തെ ഇഷ്ടപ്പെടുന്ന, ആ ഗാനം ഒരിക്കലെങ്കിലും അതിനു മുന്നേ കേട്ടിട്ടുള്ളവര്‍ക്ക്‌ ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന വികാരം, ദു:ഖമോ, സഹതാപമോ എന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. എന്നും റേറ്റിങ്‌ ഉയര്‍ന്നു നിന്നിരുന്ന ഈ പ്രോഗ്രാമിനെ ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്ന പോലെ, മറ്റൊരു ചാനല്‍ അവരുടെ സൂപ്പര്‍ ഹിറ്റ്‌ റിയാലിറ്റി ഷോയുടെ ഒരു സീക്വല്‍ കൊണ്ടു വന്നത്‌. രണ്ടു വര്‍ഷത്തിനു ശേഷം വന്ന ആ ഷോ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുകയും, അവതരണത്തിലും, മത്സരാര്‍ത്ഥികളുടെ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുകയും ചെയ്തതോടെ, ഐഡിയാ സ്റ്റാര്‍ സിങ്ങറിന്റെ റേറ്റിങ് താഴുവാന്‍ തുടങ്ങി. പരിപാടികളുടെ സമയക്രമവും കൂടുതല്‍ പ്രേക്ഷകരെ ഈ പുതിയ റിയാലിറ്റി ഷോയിലേക്ക് ആകര്‍ഷിച്ചതോടെ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പാട്ടിന്റെ തലനാരിഴ കീറി പരിശോധിച്ചു കുറ്റങ്ങള്‍ കണ്ടു പിടിച്ച്‌, തന്റെ സംഗീതത്തിന്റെ അറിവ്‌ നാട്ടാര്‍ക്കു മുന്നില്‍ വിളമ്പിയിരുന്ന ജഡ്‌ജസ് നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കി എല്ലാം പോസിറ്റീവ് കമന്റുകള്‍ നല്‍കുവാന്‍ തുടങ്ങി. കുറ്റവും കുറവും കണ്ടുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക്‌ ഏതു പാട്ടും “എക്സലന്റ്” എന്നു പറഞ്ഞ്‌ അനുമോദിക്കുവാനും തുടങ്ങി... എത്ര മോശമായി പാടിയാലും 80 മാര്‍ക്ക്‌ മിനിമം ലഭിക്കും... സംഗീതത്തിന്റെ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത, സംഗീത ആസ്വാദകര്‍ പോലും പലര്‍ക്കും കൊടുക്കുന്ന മാര്‍ക്കുകള്‍ കണ്ട്‌, “ഈ പാട്ടിന് 85 മാര്‍ക്കോ...?“ എന്നു ചോദിച്ചു തുടങ്ങി. എന്നിരുന്നാലും ഈ കലാപരിപാടി നിര്‍ബാധം തുടര്‍ന്നു പോന്നു. എന്നാല്‍ അതിനിടയിലാണ്, എലിമിനേഷന്‍ റൌണ്ടെന്ന നാടകം ചാടി വരുന്നത്‌. ഓസ്കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്ക്രിപ്റ്റാണ്, ഈ നാടകത്തിന്റേത്‌. അതിനിടയില്‍ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച്‌ അവതാരകയുടെ അസഹ്യമായ പെര്‍ഫോര്‍മന്‍സും, അതിന്റെ കൂടെ അഭിനേതാക്കളായ സെലിബ്രറ്റി ജഡ്‌ജുമാരുടെ വികാരനിര്‍ഭരമായ പ്രകടനവും... സാധാരണ ഈ ലെവലില്‍ ഒതുങ്ങുന്ന നാടകം ഇത്തവണ ഒരു പടി കൂടി കടന്ന്‌ മുന്നോട്ടു പോയി. എലിമിനേഷന്‍ റുണ്ട്‌ തുടങ്ങുന്നതിനു മുന്നെ ഗ്ലിസറിന്‍ കുപ്പിയുമായി സ്ഥാനം പിടിച്ച ജഡ്‌ജസും കൂടി കണ്ണീരൊഴുക്കി തുടങ്ങിയ്യാത്തോടെ മെഗാസീരിയലിനെ വെല്ലുന്ന കരച്ചില്‍ നാടകമായി എലിമിനേഷന്‍ റൌണ്ട്‌. അവസാനം, തുളുമ്പുന്ന കണ്ണുകളോടെ പ്രേക്ഷകരോട്‌ ഒരു ഉപദേശവും, ഇതിനെല്ലാം കാരണം അവരാണ്.. ഓരോ എലിമിനേഷനിലും എസ്.എം.എസ്സിന്റെ കണക്കു പറയുന്ന ഈ നാടകക്കാര്‍, എസ്.എം.എസ്` കൌണ്ട്‌ ചെയ്യുന്നുണ്ടോ എന്നു പോലും സംശയമാണ്. നന്നയി പാടുന്നവര്‍ പുറത്തു പോകുകയും, കുറഞ്ഞ മാര്‍ക്ക്‌ നേടുന്നവര്‍ ഈസിയായി അകത്താകുകയും ചെയ്യുമ്പോള്‍, എസ്.എം.എസ് അല്ല മറ്റു പലതുമാണ് ഇതൊക്കെ നിര്‍ണ്ണയിക്കുന്നതെന്ന്` വ്യക്തം.. ദാ...ഇപ്പോള്‍ പുതിയ കണ്ണീര്‍ നാടകവും.. റേറ്റിങ് കൂട്ടാനുള്ള ഓരോ പെടാപാടേ... എല്ലാ ദിവസങ്ങളിലും, പ്രത്യേകിച്ച്‌ വിശേഷ ദിവസങ്ങളില്‍, ചാനല്‍ തുറന്നാല്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറേ എങ്കിലും കാണാതിരിക്കാന്‍ പറ്റാത്ത ഈ ചാനല്‍ മുന്നോട്ടു പോകുന്നതു തന്നേ ഐഡിയാ സ്റ്റാര്‍ സിംഗര്‍മാരേ വിറ്റു കൊണ്ടാണെന്നാതാണ് സത്യം, അപ്പോള്‍ ഇത്തരം കണ്ണീര്‍ നാടകങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം...

Tuesday, September 4, 2007

പ്രഹസ്സനമാകുന്ന “റിയാലിറ്റി ഷോ”കള്‍!!!



ഇത്‌ റിയാലിറ്റി ഷോകളുടെ കാലം, ചാനലുകളുടെ കൊയ്ത്ത്‌ കാലം. ഇന്നേവരെ മലയാള ടെലിവിഷന്‍ രംഗത്തുണ്ടാകാത്ത്‌ വിധം, റിയാലിറ്റി ഷോകളുടെ ഒരു തരംഗംതന്നെയാണ്‌ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. എല്ലാ ചാനലുകളും, അവരുടേതായ റിയാലിറ്റി ഷോകളുമായി മത്സരത്തിന്‌ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്‌. ഈ വറ്‍ഷം, ഏഷ്യാനെറ്റാണ്‌ ആദ്യമായി അവരുടെ റിയാലിറ്റി ഷോയായ “ഐഡിയ സ്റ്റാറ്‍ സിംഗറു”മായി രംഗത്തെത്തിയത്‌. അതിനു ശേഷം സൂര്യ, സൂപ്പറ്‍ സിംഗറുമായും, അമൃത സൂപ്പറ്‍ സ്റ്റാറുമായും രംഗത്തെത്തി. പക്ഷെ കൈരളി, ഒരു കാമ്പസിനെ തന്നെ ലക്ഷ്യമാക്കിയുള്ള, “സ്റ്റാറ്‍ വാറ്‍സ്‌” എന്ന ഷോയുമായാണ്‌ കടന്നു വന്നിരിക്കുന്നത്‌.

മലയാളത്തിലെ ഈ റിയാലിറ്റി ഷോകളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാല്‍, അമൃത ടെലിവിഷനാണ്‌, ഇത്‌ ആദ്യമായി മലയാളത്തില്‍ എത്തിച്ചത്‌. സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയായിരുന്നു അവരുടെ ആദ്യ ഉദ്യമം. പ്രമുഖ ഹിന്ദി ചാനലായ സോണി ടെലിവിഷന്‍ നടത്തി വന്ന “ഇന്ത്യന്‍ ഐഡില്‍” എന്ന പരിപാടിയുടെ ചുവടു പിടിച്ചായിരുന്നു സൂപ്പര്‍ സ്റ്റാര്‍. വളരെയധികം കലാവാസനയുള്ള ഒരുപറ്റം ചെറുപ്പക്കാരുമായി രംഗത്തെത്തിയ സൂപ്പര്‍ സ്റ്റാര്‍, വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിക്കുകയും, പ്രശസ്തിയിലേക്കു കുതിച്ചുയരുകയും ചെയ്തു. അതൊരു വലിയ തുടക്കം മാത്രമായിരുന്നു. ഏകദേശം അതേ സമയം തന്നെ, സൂപ്പര്‍ സ്റ്റാറിണ്റ്റെ ചുവടുപിടിച്ചു ഏഷ്യാനെറ്റും ഐഡിയ സ്റ്റാര്‍ സിംഗറുമായെത്തിയെങ്കിലും, അതിന്‌ പ്രതീക്ഷിച്ചത്ര പ്രശസ്തി നേടാനായില്ല. ആ പരിപാടിയിലൂടെയും കുറെ നല്ല ചെറുപ്പക്കാര്‍ സംഗീതരംഗത്തേക്കു കടന്നുവന്നു. അമൃത പിന്നീട്‌ ജൂനിയര്‍ സൂപ്പര്‍ സ്റ്റാറും, വനിതാരത്നവുമായി റിയാലിറ്റി ഷോ, തങ്ങളുടെ കുത്തകയാക്കി മാറ്റി. ഒരു പക്ഷെ അതിലെ പല മത്സരാര്‍ത്ഥികളും, പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ജോബ്‌, സംഗീത്‌, നിധീഷ്‌, അല്‍-സാബിത്‌, പ്രധീഷ്‌ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു…

ചാനല്‍ യുദ്ധത്തിണ്റ്റെ ഭാഗമായി ഇത്തവണയും റിയാലിറ്റി ഷോകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവ കെട്ടിലും മട്ടിലും അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഷോകളൊക്കെ ലോകത്തിലെ ഏറ്റവും മികച്ച മലയാള ഗായകനെ കണ്ടെത്തുവാനുള്ള്‌ മത്സരങ്ങളാണ്‌. ഒരു വര്‍ഷം കൊണ്ട്‌, കേരള സംസ്ഥാനത്തില്‍ നിന്നും അതു വളര്‍ന്ന്‌ ലോകമാകമാനം വ്യാപിച്ചിരിക്കുന്നു (ഇത്‌ ചാനല്‍ ഭാഷ്യം!!!). ഈ ഷോകളുടെയെല്ലാം വിധികറ്‍ത്താക്കള്‍ മലയാളത്തിലെ ചില സംഗീത സംവിധായകരും, ഗായകന്‍മാരുമാണ്‌. പക്ഷെ മത്സരാറ്‍ത്ഥികളുടെ വിധി നിറ്‍ണ്ണയിക്കുന്നതോ, എസ്‌.എം. എസ്‌ വോട്ടുകളും!!! നന്നായി തുടക്കം കുറിച്ച ഈ റിയാലിട്ടി ഷോകളില്‍, മത്സരാര്‍ത്ഥികളുടെ തിക്കും തിരക്കും കാണുവാനും മലയാളികള്‍ക്കു കഴിഞ്ഞു. മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികളെ ഇതു പോലുള്ള ഷോകളിലേക്ക്‌ കുത്തി തിരുകി കയറ്റുവാനുള്ള ഭഗീരഥ പ്രയത്നം നടത്തുന്നതും പല ചാനലുകള്‍ പ്രദര്‍ശിപ്പിച്ചു. പണ്ടൊക്കെ യുവജനോത്സവ വേദികളില്‍ മാത്രം കണ്ടിരുന്ന ഈ തിക്കും തിരക്കും എപ്പോള്‍ എല്ലാ ചാനല്‍ ഓഫീസുകളുടെ മുന്നിലും പതിവായി തുടങ്ങി… ഇതു മാത്രമോ? ഈ ഷോകളുടെ ജനപ്രീതി ചൂഷണം ചെയ്യുവാന്‍, സകലമാന പരസ്യക്കാരും രംഗത്തെത്തിക്കഴിഞ്ഞു!!! ഫലമോ, ഒരു ശിലാഫലകവും, ഒരു സിനിമയിലെ അവസരവും പ്രതിഫലമയുണ്ടായിരുന്ന ഷോകളുടെ സമ്മാനങ്ങള്‍ ബെന്‍സ്‌ കാറും, ലിമോസിനും, ഫ്ളാറ്റുമൊക്കെയായി മാറി!!! ഒരു തരം കച്ചവടവത്കരണം!!! ഫലമോ, ആദ്യമൊക്കെ പരിപാടിക്കിടയില്‍ പരസ്യമായിരുന്നുവെങ്കില്‍, ഇപ്പോള്‍ പരസ്യത്തിനിടയില്‍ പരിപാടികള്‍ എന്ന നിലയിലേക്കു തരം താണിരിക്കുന്നു.

മികച്ച ഗായകരെ കണ്ടെത്തുവാനുള്ള മത്സരവേദികളില്‍, ആട്ടവും കൂത്തുമെല്ലാം കണ്ടുതുടങ്ങിയതോടെ, ഈ ഷോകളുടെ തകര്‍ച്ച പൂര്‍ണ്ണമായി എന്നു തന്നെ പറയാം!!! പാട്ടുകൊണ്ടുമാത്രം, ഈ ഷോകള്‍ അധിക കാലം വലിച്ചു നീട്ടാനാവില്ല എന്ന തിരിച്ചറിവായിരിക്കും, ചാനലുകാരെ എങ്ങനെ ഒരു സാഹസത്തിലേക്കു കൊണ്ടെത്തിച്ചത്‌. പക്ഷെ, ഈ സാഹസം നശിപ്പിച്ചത്‌, ഷോകളുടെ അന്ത:സത്തയെയാണെന്നു പറയാതെ തരമില്ലാ… നല്ല പാട്ടുകാര്‍, സ്റ്റേജില്‍ ആട്ടവും കൂത്തും നടത്താനാവാതെ പകച്ചു നില്‍ക്കുമ്പോള്‍, വെറും നാലാംകിട ഗായകര്‍, “പെര്‍ഫോമന്‍സ്‌” എന്ന ജാലവിദ്യയിലൂടെ കയ്യടി വാങ്ങുന്നു. ഒരു പക്ഷെ, വരും റൌണ്ടുകളില്‍, മികച്ച ഗായകര്‍ പുറത്തായാലും അതില്‍ അതിശയോക്തി ഉണ്ടാവില്ല. പക്ഷെ ഇതുകൊണ്ടെല്ലാം ഇവര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന്‌ മനസ്സിലാകുന്നതെയില്ല!!!! ഇത്തരത്തിലുള്ള ഷോകളില്‍, വിധികര്‍ത്താക്കളായിരിക്കുന്ന ഗായകരും, സംഗീത സംവിധായകരും അവരുടെ പ്രതിഭ ബാക്കിയുള്ളവരെ മനസ്സിലാക്കാനെന്നവണ്ണം അഭിപ്രായങ്ങള്‍ പറയുമ്പോള്‍, ഇതിലും ഭേദം വല്ല പൊങ്ങച്ചക്കരുടെ കൂട്ടത്തിലും പോയിരിക്കയാണ്‌ എന്ന്‌ മലയാളിക്കു തോന്നിപ്പോയാല്‍ അവരെ ഒരിക്കലും കുറ്റം പറയാനാവില്ല…മുന്‍ വിധിയോടെയുള്ള അഭിപ്രയങ്ങളും, പല മത്സരാര്‍ത്ഥികളേയും പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള വിധികര്‍ത്താക്കളുടെ പ്രകടനവും ഈ ഷോകളെ വികലമാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഇതിനെല്ലാമുപരി, സംഗീതത്തിണ്റ്റെ അടിസ്ഥാനം പോലുമറിയാത്ത കുറച്ചു അവതാരകരും!!!
സംഗീതത്തെക്കുറിച്ചു എല്ലാമറിയാമെന്നമട്ടില്‍ അവര്‍ നടത്തുന്ന ചില അഭിപ്രായപ്രകടങ്ങള്‍. സാധാരണക്കരനു പോലും അരോചകമാകുമ്പോള്‍, വിധികര്‍ത്താക്കള്‍, അവര്‍ക്കു നല്‍കുന്ന അകമഴിഞ്ഞ പിന്തുണ പ്രേക്ഷകരെ വെറും വിഡ്ഢികളാക്കുന്നു!!! മലയാളികളുടെ സ്വന്തം റിയാലിറ്റി ഷോകളില്‍, അര മലയാളവും ആംഗലേയ ഭാഷയും കൂട്ടിക്കുഴച്ച്‌, ഒരുമാതിരി അവിയല്‍ പരുവത്തിലുള്ള ഒരു മംഗ്ളീഷ്‌ ഭാഷയിലുള്ള അവതാരകരുടെ പ്രകടനം കൂടിയാവുമ്പോള്‍, ഈ ഷോകളുടെ തകര്‍ച്ച പരിപൂര്‍ണ്ണമാകുന്നു. പലപ്പോഴും മത്സരാറ്‍ത്ഥികളുടെ പുറത്താകല്‍ കാണുമ്പോള്‍, പ്രേക്ഷകറ്‍ അയക്കുന്ന എസ്‌.എം.എസ്‌ വോട്ടുകള്‍ക്കു പ്രസക്തിയുണ്ടൊ എന്നു തന്നെ തോന്നിപോകുകയാണ്‌. യാതോരു മാനദണ്ഡവുമില്ലാതെയുള്ള ഇത്തരം വോട്ടിങ്ങുകള്‍, സത്യം പറഞ്ഞാല്‍ സുതാര്യമാണൊ എന്നു തന്നെ സംശയമുളവാക്കുന്നവയാണ്‌. എസ്‌.എം. എസ്‌ വോട്ടിങ്ങിലെ തിരിമറിയെക്കുറിച്ചു, എത്തരത്തിലുള്ള ഒരു ഷോയുടെ വെബ്‌ സൈറ്റില്‍ ചര്‍ച്ചാവിഷയമാകുകയും, ബന്ധപ്പെട്ടവറ്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തത്‌, പ്രേക്ഷ്കരുടെ രോഷത്തിനിടയാക്കി!!!!
വിഡ്ഢിപ്പെട്ടിയെന്ന പദം അന്വറ്‍ത്ഥമാക്കും വിധമാണിന്നീ റിയാലിറ്റി ഷോകളുടെ പോക്ക്‌. പ്രേക്ഷകരെ വിഡ്ഢികളാക്കാനും, മത്സരാറ്‍ത്ഥികളെ വിഡ്ഢിവേഷം കെട്ടിക്കനുമുള്ള ചാനലുകളുടെ വെമ്പല്‍, മലയാളക്കരയിലെ കലയെ ഉദ്ധരിക്കാനും, സംഗീതപ്രതിഭകളെ കണ്ടെത്താനുമല്ല, മറിച്ചു വെറും കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണെന്ന്‌ സാധാരണക്കാരന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഗീതത്തിലെ ഗ്രാഹ്യം വിറ്റുകാശാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന വിധികറ്‍ത്താക്കള്‍ ശരിക്കും ഈ ഷോകളെ തളറ്‍ത്തുകയല്ലേ..? മലയാളത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും യാതോരു ഗ്രാഹ്യവുമില്ലാതെ വായില്‍ തോന്നുന്നത്‌ വിളിച്ചു പറഞ്ഞ്‌ കയ്യടി വാങ്ങാനുള്ള അവതാരകരുടെ ശ്രമം, തീറ്‍ച്ചയായും ലജ്ജാകരവും, ജുഗുപ്സാവഹവുമാണെന്നു പറയാതെ തരമില്ല… മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ റിയാലിറ്റ്യ്‌ ഷോകളെല്ലാം വെറും പ്രഹസ്സനമാകുകയല്ലേ???? ചോദ്യം, മലയാളി ജനതയുടെ മനസ്സക്ഷിയോടാണ്‌!!!! എനിയെങ്കിലും എസ്‌. എം.എസ്‌ വോട്ട്‌ ചെയ്യുന്നതിനു മുന്‍പേ ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുക..
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.