Friday, December 31, 2010

പുതുവത്സരാശംസകള്‍ - Happy New Year

മണിച്ചിമിഴിന്റെ എല്ലാ വായനക്കാര്‍ക്കും 
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍. 


ഈ പുതുവര്‍ഷം എല്ലാവര്‍ക്കും എല്ലാ വിധ സന്തോഷവും 
സമൃദ്ധിയും കൊണ്ടുവരട്ടേ എന്ന് ആശംസിക്കുന്നു.

Sunday, December 26, 2010

കോക്ക് ടെയില്‍ (Cock Tail)

വിഷയ ദാരിദ്ര്യം മലയാള സിനിമയെ ബാധിച്ചിട്ട് വര്‍ഷങ്ങള്‍ കുറേയായി. പുതുമയാര്‍ന്ന വിഷയങ്ങളെന്ന പേരില്‍ ചവറുകള്‍ പുറത്തു വരുന്നതും നാം കണ്ടു തുടങ്ങി. പക്ഷേ ഈയിടെയായി, ഹോളിവുഡില്‍ നിന്നും ചിത്രങ്ങള്‍ അടിച്ചു മാറ്റി മലയാളത്തില്‍ എത്തിക്കുന്നത് പതിവായി മാറിയിരിക്കുന്നു. പണ്ടു പ്രിയദര്‍ശനെപ്പോലെയുള്ള സംവിധായകര്‍ അതു ഫലപ്രദമായി ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോളുണ്ടാകുന്ന ചിത്രങ്ങള്‍ പലപ്പോഴും മൂലകഥയോട് യാതോരു നീതീകരണവും പുലര്‍ത്താതെയാണ് ഇറങ്ങുന്നത്. അതു കൊണ്ടു തന്നെ, അടുത്ത കാലത്തായി ബൂലോകത്തെ നിരൂപണങ്ങള്‍ എല്ലാം തന്നെ, ചിത്രങ്ങളെ ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യ പഠനം നടത്തി, സംവിധായകരെ ചീത്ത വിളിക്കുക എന്ന കര്‍ത്തവ്യത്തില്‍ മുഴുകിയിരിക്കുകയാണ്. അന്‍വര്‍ ഇറങ്ങിയപ്പോള്‍, അതിലെ പ്ലസ് പോയിന്റുകളെ കാണാതെ, അന്ധമായി അതിനെ എതിര്‍ത്തവര്‍, കോക്ക് ടെയിലിനെയും അതു പോലെയാണ് കണ്ടത്. പിയേഴ്സ് ബ്രോസ്നനും, ജെറാള്‍ഡ് ബട്ടലറും മരിയാ ബെലോയും അഭിനയിച്ച Butterfly On a Wheel എന്ന കനേഡിയന്‍ ചിത്രത്തില്‍ നിന്നുമാണ് കോക്ക് ടെയില്‍ ജന്മം കൊണ്ടിരിക്കുന്നത്.

ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച മിലന്‍ ജലീല്‍ മലയാളികള്‍ക്കായി, ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് കോക്ക് ടെയില്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ചിത്രസംയോജകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഥ, തിരക്കഥ എന്നിവ തയാറാക്കിയിരിക്കുന്നത് ശ്യാം മേനോന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിലെ നായകനായ അനൂപ് മേനോനാണ്. അദ്ദേഹത്തെ കൂടാതെ, സംവൃതാ സുനില്‍, ജയസൂര്യ, ഇന്നസെന്റ്, മാമുക്കോയ, ഫഹദ് ഫാസില്‍, ബേബി എസ്തര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

കൊച്ചിയിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പിനിയിലെ പ്രൊജക്ട് മാനേജറാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വ്വതി (സംവൃത) മകള്‍ അമ്മു (ബേബി എസ്തര്‍) എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് രവിയുടേത്. സമര്‍ത്ഥനും ബുദ്ധിമാനുമായ രവി, ജോലിയിലും ബിസിനസ്സിലുമെല്ലാം തിളങ്ങുന്നു, അതിന്റെ അസൂയ സഹപ്രവര്‍ത്തകര്‍ക്കൊക്കെയുണ്ടെങ്കിലും, സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് രവിയുടേത്. എന്നാല്‍ അതിപ്രധാനമായ ഒരു യാത്രയില്‍, വെങ്കില്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു അപരിചിതന് (ജയസൂര്യ) രവിയും പാര്‍വ്വതിയും ലിഫ്റ്റ് കൊടുക്കുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അമ്മു മോളുടെ ജീവന്‍ വച്ച് അയാള്‍ വില പേശുന്നതോടെ രവിയും പാര്‍വ്വതിയും ആകെ തളരുന്നു. രവിയുടെ സമ്പാദ്യവും, ജോലിയും, സല്പേരുമെല്ലാം വെങ്കി നശിപ്പിക്കുന്നു. എന്നാല്‍ അയാള്‍ അവിടെ നിര്‍ത്തുന്നില്ല. എന്താണ് വെങ്കിയുടെ ഉദ്ദേശ്യം, എന്താകും ഇതിന്റെ അവസാനം, അങ്ങനെ വളരെയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിക്കൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്.

കഥ Butterfly On a Wheel എന്ന ചിത്രത്തില്‍ നിന്നും inspired ആയതിനാല്‍, അതിന്റെ മികവ് ശ്യാം മേനോനു നല്‍കേണ്ട കാര്യമില്ല. പക്ഷേ ചിത്രത്തെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കി മാറ്റുന്നതില്‍ ഇതിലെ സംഭാഷണങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ചിത്രത്തിലുടനീളം പിരിമുറുക്കം സൃഷ്ടിക്കുവാനും കഥാഗതിയെ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അതു വഹിക്കുന്ന പങ്ക് നിസാരമല്ല. വളരെ നാച്യുറലായി ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന അനൂപ് മേനോന്‍ അതിന്റ ക്രൈഡിറ്റ് അര്‍ഹിക്കുന്നു. ഒരു പുതുമുഖ സംവിധായകനെന്ന നിലയില്‍ അരുണ്‍ കുമാറിന്റെ പ്രകടനം മികച്ചത് എന്നു തന്നെ പറയേണ്ടി വരും. കഥയെ കേരളത്തിലേക്ക് പറിച്ചു നട്ടപ്പോള്‍, അതില്‍ ഒരു അസ്വാഭാവികതയും വരുത്താതിരിക്കാന്‍ അരുണ്‍ പരാമാവധി ശ്രമിച്ചിട്ടുണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയെ മനോഹരമായി തന്നെ അരുണ്‍ അവതരിപ്പിച്ചിട്ടുണ്ട്.  ചിത്രത്തിന്റെ ചിത്രസംയോജകനും അരുണായതു കൊണ്ട്, അതീവ ശ്രദ്ധയോടെ തന്നെയാണ് ഫ്രെയിമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും, സീനുകള്‍ കോര്‍ത്തെടുത്തിയിരിക്കുന്നതും. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു സീനോ കഥാപാത്രങ്ങളോ ചിത്രത്തില്‍ ഇല്ല. അതു പോലെ വേണ്ടുവോളം പിരിമുറുക്കം നല്‍കുവാന്‍ ചിത്രത്തിനു കഴിയുകയും ചെയ്യുന്നു എന്നത് സംവിധായകന്റെ മികവായി പറയാം.  രവി കെ ചന്ദറിന്റെ സഹായിയായി ഛായാഗ്രഹണ രംഗത്ത് എത്തിയ പ്രദീപ് നായര്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി മാറുകയാണ് കോക്ക് ടെയിലിലൂടെ. വളരെ വ്യത്യസ്തമായി ചിത്രത്തിന്റെ രംഗങ്ങളൊരുക്കുവാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്.

നായകന്‍ രവി എബ്രഹാമായി അനൂപ് മേനോന്‍ തിളങ്ങിയിരിക്കുന്നു. ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി തന്നെ അദ്ദേഹം തിരശ്ശീലയിലെത്തിച്ചിരിക്കുന്നു. ഒരു പക്ഷേ തിരക്കഥയ്ക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച മികച്ച കഥാപാത്രമാകുമിത്. കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പക്വത കാണിക്കുന്ന നടിയേത് എന്ന ചോദ്യത്തിന് നല്‍കാവുന്ന ഒരേയൊരുത്തരം സംവൃതാ സുനില്‍ എന്നാണ്. നായികയായി മാത്രമല്ല, സഹനടിയായും, അപ്രധാന വേഷങ്ങളിലുമെല്ലാം നമ്മുടെ മുന്നില്‍ പല തവണ എത്തിയിട്ടുണ്ട് സംവൃത. എന്നാല്‍ കോക്ക് ടെയിലില്‍ പ്രധാനപ്പെട്ട മുഴു നീള കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. തനിക്കു ലഭിച്ച അവസരം സംവൃത നന്നായി മുതലാക്കിയിട്ടുണ്ട്. പക്ഷേ നമ്മെ ഞെട്ടിക്കുന്ന പ്രകടനം വെങ്കിയെ അവതരിപ്പിക്കുന്ന ജയസൂര്യയുടേതാണ്. ക്രൂരനായ അപരിചിതനായി ജയസൂര്യ ജീവിക്കുകയാണ്. വ്യത്യസ്തമായാ രൂപത്തിലും ഭാവത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ് ജയസൂര്യയുടേത്. തീര്‍ച്ചയായും ഈ പ്രകടനം, അദ്ദേഹത്തിന്റെ കരിയറിന് നല്‍കുന്ന മൈലേജ് വളരെയധികമാണെന്നുറപ്പാണ്. ചെറു വേഷങ്ങളിലെത്തിയ ഇന്നസെന്റും, മാമുക്കോയയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയപ്പോള്‍, ഫഹദ് ഫാസില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

 
രതീഷ് വേഗയും അല്‍ഫോണ്‍സും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ഈണം നല്‍കി, അനില്‍ പനച്ചൂരാന്‍ രചിച്ച നീയാം തണലിന് താഴെ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളത്. വിജയ് യേശുദാസും, തുളസീ യതീന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനമാണ് രവി-പാര്‍വ്വതി ദമ്പതിമാരുടെ ജീവിതത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരുന്നത്. മറ്റു രണ്ടു ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത് അല്‍ഫോണ്‍സ് ആണ്. സയനോര ആലപിച്ച പറയാതാരോ എന്ന ഗാനവും, അല്‍ഫോണ്‍സ് ആലപിച്ച വെണ്ണിലാവിനുമകലേ എന്ന ഗാനവും ചിത്രത്തിനിടയില്‍ കടന്നു വരുന്നു. ഒരു പക്ഷേ descriptive ആയ തിരനാടകത്തെ ഒഴിവാക്കാന്‍ ഈ ഗാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

കോക്ക് ടെയിലിനെ ഒരിക്കലും Butterfly On a Wheel എന്ന ചിത്രം വച്ച അളക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മൂലകഥയോട് പൂര്‍ണ്ണമായും നീതികരണം പുലര്‍ത്തിയാണ് കോക്ക് ടെയില്‍ നമുക്കായി എത്തുന്നത്. പക്ഷേ കഥ, തിരക്കഥ എന്നത് ശ്യാം മേനോന്‍ എന്നെഴുതിയതിനോട് യോജിക്കാനാവുന്നില്ല. അതൊഴിവാക്കി ക്രെഡിറ്റ് യഥാര്‍ത്ഥ ചിത്രത്തിന് നല്‍കാമായിരുന്നു. അതു മാറ്റി വച്ചാല്‍, പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത, സാമൂഹിക പ്രതി ബദ്ധതയുള്ള ഒരു ചിത്രമാണ് അരുണ്‍ കുമാര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാലിക പ്രാധാന്യമുള്ള ഒരു വിഷയം സന്ദേശമായി നല്‍കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം കൂട്ടുന്നത്. ഒരു പക്ഷേ 2010ല്‍ ഇറങ്ങിയ കലാമൂല്യമേറിയ ചിത്രങ്ങളിലൊന്ന്‍ എന്ന പദവി കോക്ക് ടെയിലിന് അവകാശപ്പെടാം. അരുണ്‍ കുമാറിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല, നല്ല ചിത്രങ്ങളുമായി ഇനിയും വരുവാന്‍, അദ്ദേഹത്തിന് എല്ലാ ആശംസകളും നമുക്കേകാം...

വാല്‍ക്കഷണം : ഒരു മലയാള സിനിമ, ഹോളിവുഡ് ചിത്രത്തില്‍ നിന്നും inspired ആണെന്നു കേട്ടാലുടനെ, ചിത്രം കാണാതെ, ഹോളിവുഡ് ചിത്രം ഡിവിഡി എടുത്ത് കണ്ട്, മലയാള സിനിമയെ കുറ്റം പറയുന്നവര്‍ ഒന്നു മനസ്സിലാക്കണം, ഫ്രെയിം ടു ഫ്രെയിം  കോപ്പിയടിച്ചാലും, അതിനെ മലയാള സിനിമയുടെ പശ്ചാത്തലത്തിലെത്തിക്കാന്‍ തലയില്‍ ആള്‍ത്താമസം വേണം. അങ്ങനെയുള്ളവര്‍, അതു ഭംഗിയായി ചെയ്യുമ്പോള്‍, പടം കണ്ടു സഹായിച്ചില്ലെങ്കിലും, വെറുതെ വിമര്‍ശിച്ച് പ്രേക്ഷകരെ ചിത്രത്തില്‍ നിന്നും അകറ്റരുത്. ചിലപ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് കലാമൂല്യമുള്ള ഒരു ചിത്രമായിരിക്കും....

Friday, December 24, 2010

ക്രിസ്തുമസ് ആശംസകൾ

ക്രിസ്തുമസ് ആശംസകൾ


മണിച്ചിമിഴിന്റെ എല്ലാ വായനക്കാർക്കും 
എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.. 
ഈ ക്രിസ്തുമസ് എല്ലാവർക്കും, സമാധാനവും സന്തോഷവും 
പ്രദാനം ചെയ്യട്ടേ എന്നാശംസിക്കുന്നു.. 

Thursday, December 16, 2010

ബെസ്റ്റ് ആക്ടര്‍ (Best Actor)

അടുത്തിടെ ഒരു സിനിമാ സംബന്ധമായ ഫോറത്തില്‍ തിരയുമ്പോഴാണ്, നിശ്ചല ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധായകനാവുന്ന ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെക്കുറിച്ച് വായിക്കുന്നത്. ഛായാഗ്രാഹകന്മാര്‍ സംവിധാനരംഗത്തേക്ക് കടന്നു വരുന്നത് സാധാരണമായ ഈ കാലഘട്ടത്തില്‍ ഒരു നിശ്ചല ഛായാഗ്രാഹകന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് അസാധാരണമാണ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും, നായിക കന്നഡ നടി ശ്രുതി രാമകൃഷ്ണനുമാണ്. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് നായരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ തന്നെയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍-ബിപിന്‍ ചന്ദ്രന്‍ ദ്വയമാണ്. ശ്രീനിവാസന്‍, നെടുമുടി വേണു, ലാല്‍, സലീം കുമാര്‍, ബിജുക്കുട്ടന്‍, കെ.പി.എസ്.സി ലളിത, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സിനിമാ മോഹവുമായി ജീവിക്കുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. മോഹന്‍ (മമ്മൂട്ടി) ഒരു യു.പി സ്കൂള്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമാണ് ഒരു സിനിമാ നടനാകുക എന്നത്. ഭാര്യ സാവിത്രി, സംഗീതാധ്യാപികയാണ്, മകന്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ ചേരുന്നതാണ് മോഹന്റെ കുടുംബം. നാടകങ്ങളിലും മറ്റും അഭിനയിച്ച്, താനൊരു മികച്ച നടനാകും എന്നു വിശ്വസിക്കുന്ന മോഹന്‍, അധ്യാപനത്തിന്റെ ഇടവേളകളില്‍ പല പ്ല സംവിധാ‍യകരേയും കാണുന്നു. എന്നാല്‍ നല്ല വേഷങ്ങളൊന്നും മോഹനു ലഭിക്കുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുകാരനായ ജയകാന്തനെ കാണുവാന്‍ പോകുന്ന മോഹന്, സിനിമ നടനാകാനുള്ള ചില ഉപദേശങ്ങള്‍ ലഭിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള ഒരു സിനിമയില്‍ അഭിനയിക്കുവാനായി, ഗുണ്ടകളുടെ ജീവിതം പഠിക്കാനായി മട്ടാഞ്ചേരിയിലെത്തുന്ന മോഹന്‍, ഷാജിയുടേയും (ലാല്‍), ഡെന്‍വര്‍ ആശാന്റേയും (നെടുമുടി വേണു) കൂടെയെത്തിന്നതോടെ മോഹന്റെ ജീവിതം മാറുകയായിരുന്നു. പിന്നീട് മോഹന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്.

ചിത്രത്തിന്റെ പേരില്‍ നിന്ന്, സിനിമയ്ക്കുള്ളിലെ സിനിമ എന്നു തോന്നാമെങ്കിലും, ഇതു അത്തരത്തിലുള്ള ഒരു സിനിമയല്ല.  മോഹന്റെ കഥാപാത്രം പറയുന്നതു പോലെ നൂറില്‍ 95 പേര്‍ക്കും അഭിനയിക്കാന്‍ മോഹമുണ്ട്. അതില്‍ വളരെ കുറച്ചു പേരെ അതു പറയുന്നുള്ളു, അതില്‍ കുറച്ചു പേരെ അതിനായി പ്രത്നിക്കുന്നുള്ളൂ. അങ്ങനെ പ്രയത്നിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ബെസ്റ്റ് ആക്ടറില്‍ മാര്‍ട്ടിന്‍ നമ്മോട് പറയുന്നത്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക്കായ സഹാചര്യങ്ങളില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒഴുക്ക് ഒരിക്കലും നഷ്ടപ്പെടുന്നതായോ, ഇഴയുന്നതായോ നമുക്ക് തോന്നുന്നില്ല എന്നതു തന്നെ തിരക്കഥയുടെ ബലത്തെ നമുക്ക് ബോധ്യമാക്കി തരുന്നു. കഥാനായകനു നേരിടുന്ന തിരിച്ചടികളിലൂടെ ഒരല്പം ശോകം കടന്നു വരുമ്പോള്‍, അതിനൊപ്പിച്ചു നര്‍മ്മം വിതറിയൊരുക്കിയിരിക്കുന്ന തിരക്കഥ ഒരു പ്ലസ് പോയിന്റാണ്. ചിത്രത്തില്‍ ഒരു വില്ലനില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു പക്ഷേ നായകന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നത്.  അനാവശ്യമായ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല എന്നത് എടുത്തു പറയേണ്ടതാണ്.  ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള സംഭാഷണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും, തമാശയ്ക്കായി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നു, പ്രത്യേകിച്ചും സലീം കുമാറിന്റെ സംഭാഷണങ്ങള്‍. പലപ്പോഴും അവയൊക്കെ തീയേറ്ററുകളിലെ പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോകുന്നു എന്നതു കൊണ്ടു മാത്രം അവയ്ക്ക് മാപ്പു നല്‍കാം.

കഥാപാത്രങ്ങള്‍ക്കൊത്ത നടന്മാരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതു തന്നെയാണ്. പ്രാഞ്ചിയേട്ടനു ശേഷം മറ്റൊരു നല്ല കഥാപാത്രത്തെയാണ് മോഹനിലൂടെ മമ്മൂട്ടിക്കു ലഭിക്കുന്നത്. അഭിനയ സാധ്യതകളുള്ള ഈ കഥാപാത്രത്തെ മികച്ച അഭിനയത്തിലൂടെ മമ്മൂട്ടി മികച്ചതാക്കിയിരിക്കുന്നു. അഭിനയത്തിലും, സംഭാഷണങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതിയിലുമെല്ലാം മമ്മൂട്ടിയിലെ നടനപാടവം വ്യക്തമാണ്. അതു പോലെ തന്നെയാണ് ലാല്‍ കൈകാര്യം ചെയ്തിരിക്കുന്ന ഷാജിയും നെടുമുടി വേണുവിന്റെ ഡെന്‍വര്‍ ആശാനും. അതിമനോഹരമായി തന്നെ അവര്‍ രണ്ടു പേരും തങ്ങളുടെ റോളുകളെ ഭംഗിയാക്കിയിട്ടുണ്ട്. ഒരിടയ്ക്കു മങ്ങിപ്പോയ സലീം കുമാര്‍ അതിശക്തമായ തിരിച്ചു വരവ് നടത്തുകയാണ് ബെസ്റ്റ് ആക്ടറിലൂടെ. തിരശ്ശീലയില്‍ വരുമ്പോഴെല്ലാം ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സലീം കുമാറിനു കഴിയുന്നുണ്ട്. പക്ഷേ, നായികയായ സാവത്രിയെ അവതരിപ്പിക്ക ശ്രുതി തനിക്കു കിട്ടിയ അവസരം മുതലാക്കിയില്ല എന്നു തോന്നുന്നു. കാരണം, അഭിനയ സാധ്യതയുണ്ടായിരുന്നിട്ടും, ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രുതിക്കു കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചെറു റോളുകളില്‍ ബിജുക്കുട്ടനും, വിനായകനു, ശ്രീജിത് രവിയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാറായി ചിത്രത്തില്‍ അഭിനയിക്കുന്ന ശ്രീനിവാസന്‍ തന്റെ റോള്‍ ഭംഗിയായിരിക്കുന്നു, പക്ഷേ ആ കഥാപാത്രത്തിന് അല്പം കൂടി എന്തെങ്കിലും ചെയ്യുവാനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുണ്ട് പലപ്പോഴും. ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, വിപിന്‍ മോഹന്‍, കെ കെ രാജീവ് എന്നിവര്‍ അവരവരായി തന്നെ ചിത്രത്തിലുണ്ട്.

ബെസ്റ്റ് ആക്ടറില്‍ അഭിനയിത്തിനൊപ്പം മികച്ചു നില്‍ക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണം. അതി മനോഹരമായാണ് അജയന്‍ ഈ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍, പ്രകൃതി ഭംഗിയെ ഒപ്പിയെടുത്ത അജയന്‍, കൊച്ചിയിലെ രംഗങ്ങള്‍ വ്യത്യസ്തമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയുടെ ദൃശ്യങ്ങളും, ഫ്ലാറ്റിലെ രംഗങ്ങളും അതു വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ വളരെക്കാലത്തിനു ശേഷം മിതത്വം പുലര്‍ത്തിയ ചിത്രസംയോജനമാണ് ഡോണ്‍ മാക്സ് ഈ ചിത്രത്തിനായി ചെയ്തിരിക്കുന്നത്. രംഗങ്ങളെ വെട്ടിമുറിച്ച്, ചടുലമായി ഫ്രെയിമുകള്‍ മാറ്റിക്കളിക്കുന്നതിനു പേരുകേട്ട ഡോണ്‍ മാക്സ് പതിവിനു വിപരീതമായ സമീപനമാണ് ഈ ചിത്രത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്. അജയന്റെ ഛായാഗ്രഹണ മികവിനൊപ്പം, ഡോണ്‍ മാക്സിന്റെ സംയോജന മികവു കൂടി ചേരുമ്പോഴാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായൊരു ദൃശ്യവിരുന്നായി മാറുന്നത്.

സംഘട്ടനത്തിന് പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ ഭേദപ്പെട്ട രീതിയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അനല്‍ അരശാണ് സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്നണ് ഓര്‍മ്മ. ഒരു സംഘട്ടന രംഗത്തില്‍ മാഫിയാ ശശി, അദ്ദേഹമായി തന്നെ എത്തുന്നുമുണ്ട്. കഥാപശ്ചാത്തലത്തെ നമുക്കായി ഒരുക്കിയിരിക്കുന്ന ജോസഫ് നെല്ലിക്കന്റെ കലാ സംവിധാനം എടുത്തു പറയേണ്ടതാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന സമീറ അനുവര്‍ത്തിച്ചിരിക്കുന്ന വ്യത്യസ്തത പ്രകടമാണ്. സിനിമാമോഹിയായ മോഹനേയും, അഭിനയക്കളരിയിലെ ബോംബെക്കാരനായ മോഹനേയും ശ്രദ്ധിച്ചാല്‍ ആ വ്യത്യസ്തത വ്യക്തമാണ്. ഡെന്‍വര്‍ ആശാനേയും കൂട്ടരേയും അവതരിപ്പിച്ചിരിക്കുന്നതും അപ്രകാരം തന്നെ. പട്ടണം റഷീദിന്റെ ചമയവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജി ബാലാണ്. വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയും ബി. ശ്രീലേഖയും ചേര്‍ന്നാണ്. ആകെ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രമിറങ്ങുന്നതിനു മുന്നെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ, അരുണ്‍ ഏലാട്ട് ആലപിച്ചിരിക്കുന്ന “സ്വപ്നമൊരു ചാക്ക്” എന്ന ഗാനം തന്നെയാണ് ഇതില്‍ മികച്ചു നില്‍ക്കുന്നത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്ന “മച്ചുവ കേറി” എന്ന ഗാനം സഹനീയമെങ്കിലും, ബിജിബാലും ആനന്ദ് നാരായണനും ചേര്‍ന്നാലപിച്ച “കനലു മലയുടെ” എന്ന ഗാനം, കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും, ചിത്രത്തില്‍ അതൊരധികപ്പറ്റായിപ്പോയി എന്നു തന്നെ പറയാം. ചിത്രത്തില്‍ അഭിനന്ദനാര്‍ഹമായ മറ്റൊരു ഘടകം, ഇതിന്റെ ടൈറ്റില്‍ കാര്‍ഡുകളാണ്. പഴയകാല ചിത്രങ്ങളെപ്പോലെ തുടങ്ങി, നസീര്‍, ഷീല, ജയന്‍, സോമന്‍ തുടങ്ങിയ മലയാള സിനിമയിലെ പഴയകാല നടീ നടന്മാരുടെ ചിത്രങ്ങളുടെ പോസ്റ്ററുകളും സംഭാഷണ ശലകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ പുതുമ നിറഞ്ഞതാണ്. First Impression is the best impression എന്നു പറയുന്നതു പോലെ, സിനിമ തുടങ്ങുമ്പോള്‍ തന്നെ, ഒരു ഫ്രെഷ്നെസ് ഫീല്‍ തരാന്‍ ഇവയ്ക്കു കഴിയുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്കുള്ള പ്രാധാന്യവും, ആ സ്വപ്നത്തിനായി പ്രയത്നിക്കാനുള്ള ആര്‍ജ്ജവവും ഉണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നൊരു സന്ദേശമാണ് ഈ ചിത്രം നമുക്കായി നല്‍കുന്നത്.  ലളിതവും രസകരവുമായ ഒരു കഥയെ മനോഹരമായ ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്, അവിസ്മരണീയമായ ഒരു തുടക്കമാണ് ബെസ്റ്റ് ആക്ടറിലൂടെ ലഭിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ താര ചിത്രമെന്നതിനപ്പുറം, ഒരു സംവിധായകന്റെ ചിത്രം എന്നു പ്രേക്ഷകര്‍ പറയുന്നതിലാണ് മാര്‍ട്ടിന്‍ വിജയിക്കുന്നത്.  തിരക്കഥയിലെ കയ്യടക്കം കൊണ്ടും, സംവിധാന മികവു കൊണ്ടും, താന്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകനാണെന്ന് മാര്‍ട്ടിന്‍ വിളിച്ചറിയിക്കുന്നു. പോക്കിരി രാജ പോലെയുള്ള പടങ്ങളില്‍ അഭിനയിച്ച് നമ്മെ പരീക്ഷിച്ച മമ്മൂട്ടി‍, തന്നിലെ നടനെ ഉപയോഗിക്കാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്ന് കാണുന്നത് ഒരു നല്ല കാര്യമാണ്. മാര്‍ട്ടിന്‍ പ്രാക്കാട്ടിന് ആശംസകള്‍ നേരുന്നതിനൊപ്പം, ഇതു പോലെ ഫ്രെഷ്നെസുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവട്ടേ എന്നു ഈ അവസരത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.  
എന്റെ റേറ്റിങ് : 7.2 / 10.0

വാല്‍ക്കഷണം - ഈ ചിത്രത്തെക്കുറിച്ച് ആദ്യം വായിച്ച ഫോറത്തില്‍ കണ്ട ഒരു കമന്റ്. “ബെസ്റ്റ് ആക്ടര്‍ എന്നു ഈ ചിത്രത്തിനു പേരിടാന്‍ മമ്മൂട്ടിയാവും നിര്‍ദ്ദേശിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിലും ആരെങ്കിലും അയാളെ ‘ബെസ്റ്റ് ആക്ടര്‍’ എന്നു വിളിക്കട്ടേ” എന്നു. ബെസ്റ്റ് ആക്ടറെന്നാല്‍, വാരി വലിച്ചു സിനിമകള്‍ ചെയ്യാതെ,  സൂക്ഷ്മതയോടെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും ഉള്‍പ്പെടും എന്ന് ഈ ചിത്രം നമ്മെ കാണിച്ചു തരുന്നു.

Wednesday, December 15, 2010

മാധ്യമ ധര്‍മ്മം പുലരട്ടേ (എഡിറ്റോറിയല്‍ : പാഥേയം)

അഴിമതി ഭാരതത്തെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പല രാഷ്ട്രീയ പാര്‍ട്ടികളും മാറി മാറി നമ്മെ ഭരിച്ചിട്ടും, അഴിമതിക്കു മാത്രം യാതോരു കുറവും വന്നില്ല.  അധികാരമെന്നാല്‍ അഴിമതി നടത്തുവാന്‍ ജനങ്ങള്‍ നല്‍കുന്ന കൈവശാധികാ‍രമാണെന്ന്‍ ധരിച്ചു വച്ചിരിക്കുന്ന ഒരു കൂട്ടര്‍ ഭരിക്കുന്ന ഭാരതത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പണ്ടൊക്കെ, സ്വന്തം കീശ വീര്‍പ്പിക്കാനായി മാത്രമായിരുന്നു അഴിമതിയുണ്ടായിരുന്നത്. എന്നാല്‍ ഭാരതത്തില്‍ കോര്‍പ്പറേറ്റുകളുടെ ഉദയത്തൊടെ അഴിമതിക്കു പുതിയ മാനം കൈവന്നിരിക്കയാണ്. അടുത്തിടെ പുറത്തു വന്ന നീരാ റാഡിയാ ടേപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നത്, അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നടക്കുന്ന ന നിഗൂഢ ലക്ഷ്യങ്ങത്തോടെയുള്ള കരുനീക്കങ്ങളെയാണ്. ഭാരതം എക്കാലവും ബഹുമാനിച്ചു പോന്നിട്ടുള്ള ടാറ്റാ കുടുംബത്തേയും, ഇത്തരം കോര്‍പ്പറേറ്റ് കളികള്‍ക്ക് പേരു കേട്ട അംബാനി കുടുംബത്തേക്കുറിച്ചും ഈ ടേപ്പുകള്‍ പരമര്‍ശിക്കുന്നു. 2ജി സ്പെക്ട്രം ഇടപാടില്‍ നടന്നിരിക്കുന്നത് 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണെന്നു വ്യക്തമായിരിക്കയാണ്. ഒരു പക്ഷേ ഇന്ത്യ ഇതു വരെ കണ്ട ഏറ്റവും വലിയ അഴിമതിയും ഇതു തന്നെയാണ്. അതിന്റെ ഭാഗമായി, പിന്നാമ്പുറങ്ങളില്‍ നടന്ന ചരടുവലികളിലേക്കാണ് നീരാ റാഡിയ ടേപ്പുകള്‍ വിരല്‍ ചൂണ്ടുന്നത്. ടാറ്റായുമായും, അംബാനിമാരുമായും അടുത്ത ബന്ധമുള്ള നീരാ റാഡിയ, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ സമയത്ത്, ഇപ്പോള്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജി വച്ച എ.രാജയെ വീണ്ടും ടെലിക്കോം മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഈ ടേപ്പുകളില്‍ വ്യക്തമാണ്. ഓപ്പണ്‍ മാഗസിനും ഔട്ട് ലുക്കും പുറത്തു വിട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാനും ഈ അഴിമതി മൂടി വയ്ക്കുവാനുമാണ് ഇത്തരം ഒരു ശ്രമം നടന്നിരിക്കുന്നത് എന്നു വ്യക്തമാണ്.

ഇത്തരം അഴിമതികള്‍ പുറത്തു കൊണ്ടു വരുന്നതില്‍ നമ്മൂടെ മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ള ആര്‍ജ്ജവം പ്രശംസനീയമാണ്. പക്ഷേ റാഡിയ ടേപ്പുകള്‍ പുറത്തു വരുമ്പോള്‍, നാം കാണുന്ന ദൃശ്യം, ചില മാധ്യമ പ്രവര്‍ത്തകര്‍ ആരോപണ വിധേയരായി നില്‍ക്കുന്നു എന്നാണ്. രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ, വീര്‍ സംഖ്വിയും ബര്‍ഗ്ഗ ദത്തുമെല്ലാം ഈ അവീശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. കോര്‍പ്പറേറ്റുകള്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമിടയിലെ സന്ദേശവാഹകരായി ഈ മാധ്യമ സുഹൃത്തുക്കള്‍ തരം താണു പോയി എന്നു നാം തിരിച്ചറിയുമ്പോള്‍, മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് അതു ചോദ്യം ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ഈ അധപതനം തെല്ലൊന്നുമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. നാം കാണുകയും ശ്രവിക്കുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പോലും ഒരു ഉപജാപത്തിന്റെ ബാക്കിപത്രമെന്നവണ്ണം, നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കപ്പെട്ടതാണെന്നു ജനങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചാല്‍ അവരെ നമുക്കു കുറ്റം പറയാനകുമോ? തനിക്ക് ഒരു സന്ദേശവാഹകയുടെ വേഷമില്ല എന്നു ബര്‍ഗ്ഗ ദത്ത് ആവര്‍ത്തിക്കുമ്പോള്‍, അവര്‍ മുന്നോട്ടു വയ്ക്കുന്നത്, വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാ‍ണ് അവര്‍ നീരാ റാഡിയയുമായി സംസാരിച്ചത് എന്നാണ്. റാഡിയ കരുണാനിധിയുമായും ബര്‍ഗ്ഗ കോണ്‍ഗ്രസ്സുമായുമാണ് സംസാരിച്ചിരുന്നത് എന്നത് ടേപ്പുകള്‍ വെളിപ്പെടുത്തുന്നു. ഒരു ഇടനിലക്കാരിയുടെ വേഷമാണതില്‍ അവര്‍ക്ക് എന്ന വ്യക്തവുമാണ്. ബര്‍ഗ്ഗ ഒരു ഇടനിലക്കാരി അല്ലെങ്കില്‍, നീരാ റാഡിയയെപ്പോലൊരു ലോബിയിസ്റ്റ് മന്ത്രിസഭാ രൂപീകരണത്തില്‍, അഴിമതി ആരോപിതനായ എ.രാജയെപ്പോലെ ഒരാള്‍ക്കു വേണ്ടി ശ്രമിക്കുന്നത്, എന്തു കൊണ്ട് ബര്‍ഗ്ഗ പുറം ലോകത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. വാര്‍ത്താ ശേഖരണത്തിനായി ആളുകളെ തിരഞ്ഞെടുത്തതിലെ പിഴവ് എന്നു പറഞ്ഞവര്‍ക്ക് കൈ കഴുകാന്‍ കഴിയില്ല, കാരണം 2ജി സ്പെക്ട്രം അഴിമതിയുടെ വിവരങ്ങള്‍ പുറത്തു വരികയും, അതു മന്ത്രിസഭയെ തന്നെ പിടിച്ച് ഉലയ്ക്കുകയും ചെയ്തിരുന്ന അവസരത്തിലും ബര്‍ഗ്ഗ നിശബ്ദയായിരുന്നു. എന്നാല്‍ റാഡിയാ ടേപ്പുകള്‍ പുറത്തു വന്നപ്പോള്‍ തനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു കൈകഴുകനുള്ള ശ്രമമാണ് ദത്ത് നടത്തുന്നത്. ഇതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകളേക്കുറിച്ചും അവരുടെ ധര്‍മ്മത്തെക്കുറിച്ചുമാണ്. മാധ്യമപ്രവര്‍ത്തകര്‍  വാര്‍ത്തകള്‍ കണ്ടെത്തുന്ന ആളുകള്‍ മാത്രമായി തരം താഴുക എന്നത്, നമ്മുടെ മാധ്യമങ്ങള്‍ക്കു തന്നെ അപമാനകരമാണ്. അതിലുപരി തനിക്ക്, തന്റെ രാജ്യത്തോടും, ഇവിടുത്തെ ജനങ്ങളോളും ഒരു പ്രതിബദ്ധതയുണ്ടെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് അവരിലേക്ക് നിങ്ങള്‍ സത്യം എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിനെ ആധാരമാക്കി മാത്രമാണ്. കേവലമായ പണക്കൊതികൊണ്ട് അവരെ വഞ്ചിക്കുന്നവര്‍ക്ക്, എന്നും ജനവഞ്ചകരുടെ സ്ഥാനമേ അവരുടെ മനസ്സിലും ചരിത്രത്തിലുമുണ്ടാകൂ. ഈ അവസരത്തില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിച്ച ശ്രീ.ഗോപീകൃഷ്ണനേയും ഓപ്പണ്‍ മാഗസിന്റെ എഡിറ്ററായ ശ്രീ.മനൂ ജോസഫിനേയും പാഥേയം അഭിനന്ദിക്കുകയാണ്. ഒരു പക്ഷേ, ഭാരതത്തിലെ പേരു കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വരെ, ഇവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യത്തോടുള്ള കടപ്പാടും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇവരെപ്പൊലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് നമുക്ക് കരുതം, അവര്‍ക്കെല്ലാ ഭാവുകങ്ങളും നേരാം. അതോടൊപ്പം എല്ലാ പാഥേയം വരിക്കാര്‍ക്കും പാഥേയത്തിന്റേയും അണിയറപ്രവര്‍ത്ത്കരുടേയും ബക്രീദ്-കിസ്തുമസ് ആശംസകള്‍ നേരുന്നു....

Thursday, December 2, 2010

ദി ത്രില്ലര്‍ (The Thriller)

പോലീസ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും ആവേശമായിരുന്നു. ആവനാഴിയും, ഇന്‍ സ്പെക്ടര്‍ ബല്‍റാമും കമ്മീഷണറമുല്ലാം നമ്മെ കോരിത്തരിപ്പിച്ച പോലീസ് ചിത്രങ്ങളായിരുന്നു. ഐ.വി ശശി കാലഘട്ടത്തില്‍ മമ്മൂട്ടി പോലീസുകാരനായി കസറിയപ്പോള്‍, ഷാജി കൈലാസ് യുഗത്തില്‍ സുരേഷ് ഗോപി ആ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ അടുത്ത തലമുറയിലേക്ക് മലയാള സിനിമ കടക്കുമ്പോള്‍, യുവതാരം പ്രിഥ്വിരാജാണ് പോലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ളത്. ആനന്ദഭൈരവി പ്രൊഡക്ഷന്റെ ബാനറില്‍, സാബു കെ ചെറിയാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമായ ‘ദി ത്രില്ലറി’ല്‍ പ്രിഥ്വിരാജ് വീണ്ടും പോലീസുകാരനായി നമ്മുടെ മുന്നില്‍ എത്തുന്നു.  അടുത്തകാലത്തായി മലയാള സിനിമയുടെ ഭാഗമായി മാറിയ, ബി. ഉണ്ണികൃഷ്ണനാണ് ത്രില്ലര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെ. പ്രിഥ്വിരാജിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, വിജയരാഘവന്‍, റിയാസ് ഖാന്‍, സമ്പത്ത്, കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, കാതറൈന്‍, മല്ലിക കപൂര്‍ എന്നിവരോടൊപ്പം നമ്മെ വിട്ടു പിരിഞ്ഞ സുബൈറും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ അസിസ്റ്റന്‍സ് കമ്മീഷണറാണ് നിരഞ്ജന്‍ ഐ.പി.എസ്. ഹൈവേയില്‍ ആരുടെയോ ആക്രമണത്തിനിരയായി തീര്‍ന്ന സൈമണ്‍ പാലത്തിങ്കല്‍ എന്ന യുവ ബിസിനസ്സുകാരന്റെയടുത്ത് യാദൃശ്ചികമാം വിധം ആദ്യം എത്തിച്ചേരുന്നത് നിരഞ്ജനാണ്. നിരഞ്ജന് അയാളെ രക്ഷിക്കുവാന്‍ കഴിയുന്നില്ലെങ്കിലും, അയാളുടെ മരണമൊഴി  രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള അന്വേഷണമേറ്റെടുക്കുന്ന നിരഞ്ജന്‍ ചെന്നത്തുന്നത്, മാര്‍ട്ടിന്‍ ദിനകറെന്ന അന്താരാഷ്ട്ര കുറ്റവാളിയിലാണ്. ഈ കേസന്വേഷണത്തിന്റെ കഥയാണ് ദി ത്രില്ലര്‍ എന്ന ചിത്രം നമ്മോടു പറയുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ, ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ബന്ധമില്ല എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും, അടുത്തിടെ കേരളത്തില്‍ നടന്ന പോള്‍ മുത്തൂറ്റ് വധക്കേസിന്റെ ചുവടുപിടിച്ചാണ് ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വധത്തിന്റെ സാഹചര്യങ്ങള്‍ അതു പോലെ ത്രില്ലറില്‍ പുനരാവിഷ്കരിക്കുമ്പോള്‍, ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന എല്ലാ സംഭവങ്ങളും ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തിനായി കോര്‍ത്തിണക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം, എസ് കത്തി, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ കേരളാ ടീം ഇതൊക്കെ ചില ഉദാഹരണം മാത്രം. ഉണ്ണികൃഷ്ണന്റെ മുന്‍ കാല ചിത്രങ്ങളായ ടൈഗര്‍, സ്മാര്‍ട്ട് സിറ്റി, ഐ.ജി എന്നിവയുടെ പാറ്റേണില്‍ ഒരല്പം സസ്പെന്‍സ് വച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ, പ്രേക്ഷകര്‍ക്ക് ക്ലൈമാക്സ് ഊഹിക്കാന്‍ വലിയ വിഷമമൊന്നും ഈ ചിത്രം സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ അതിലേക്ക് എങ്ങനെ എത്തും എന്നതു കാണുക എന്നതാവും പ്രേക്ഷകരില്‍ അര്‍പ്പിതമായിരിക്കുന്ന ഒരേ ഒരു ജോലി.

പ്രിഥ്വിരാജിന്റെ സൂപ്പര്‍താര സ്ഥാനം അരക്കിട്ടുറപ്പിക്കുക എന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. പലപ്പോഴും പ്രിഥ്വിരാജു മാത്രമേ സിനിമയിലുള്ളോ എന്നു തോന്നിപ്പോകും. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രിഥ്വി അവതരിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും നാം കണ്ടു മറന്ന സുരേഷ് ഗോപി പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രിഥ്വിക്കു കഴിഞ്ഞിട്ടുണ്ടൊ എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. Angry young police officer എന്ന പദത്തിലേക്ക് എത്തിപ്പെടാന്‍, സ്ഥിരം നമ്പറുകളായ അഴിമതിയുടെ കറപുരളാത്ത സര്‍വീസ് റെക്കോര്‍ഡ്, ചൂടന്‍ സ്വഭാവം, മേലധികാരികളോട് കയര്‍ക്കല്‍, നെടുനീളന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ എന്നിവയെല്ലം മേമ്പൊടി ചേര്‍ത്തിട്ടുണ്ട്. അല്പം വ്യത്യസ്തമാക്കാന്‍ ഒരു തകര്‍ന്ന പ്രണയവും, ഒരല്പം ഹിന്ദി-തമിഴ് ഡയലോഗുകളും, അതാണ് നിരഞ്ജന്‍ ഐ.പി.എസ്. നായികയായി വരുന്ന കാതറൈന്‍ ഇനിയും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ താന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നു വിളിച്ചോതുന്ന പ്രകടനം നടത്തുന്നു. പ്രിഥ്വി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍, അധികമാരും ഇതു ശ്രദ്ധിക്കാതെ പോകുന്നു എന്നത് ഒരു അനുഗ്രഹമാണ്. ലാലു അലക്സിനും സിദ്ധിഖിനും സ്ഥിരം പാറ്റേണിലുള്ള റോളുകള്‍ ലഭിച്ചപ്പോള്‍, അല്പമെങ്കിലും അഭിനയത്തില്‍ തിളങ്ങിയത് മാര്‍ട്ടിന്‍ ദിനകറായി തിരശ്ശീലയിലെത്തുന്ന സമ്പത്താണ്. നല്ല വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഈ നടന് ലഭിക്കട്ടേ എന്നു നമുക്ക് ആശംസിക്കാം. മമ്ത മോഹന്‍ ദാസ് ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു. മറ്റു അഭിനേതാക്കള്‍ക്ക് നിരഞ്ജന്‍ എന്ന കഥാപാത്രത്തിനു ചുറ്റും ഓടി നടക്കുന്ന ചില കഥാപാത്രങ്ങളായി മാറുവാനേ കഴിയുന്നുള്ളൂ എന്നത് ഒരു ന്യൂനതയാണ്, പക്ഷേ ഒരു സൂപ്പര്‍താര ചിത്രത്തില്‍ നിന്നും അതു മാത്രമല്ലേ പ്രതീക്ഷിക്കാന്‍ കഴിയൂ.

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ. പക്ഷേ അതു തിരനാടകമായപ്പോള്‍ ഉണ്ണികൃഷ്ണന് അമ്പേ പാളി. കയറി ഇറങ്ങിപ്പോകുന്ന കഥാപാത്രങ്ങളും, അര്‍ത്ഥ ശൂന്യമായ ഡയലോഗുകളും, പിന്നെ അല്പം ഹീറോയിസവും കൂട്ടിക്കുഴച്ച് ഒരു രഞ്ജിപണിക്കര്‍ സ്റ്റൈലിലാണ് ശ്രീമാന്‍ ഉണ്ണികൃഷ്ണന്‍ ത്രിലറില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പക്ഷേ രഞ്ജിപണിക്കര്‍ ഈ ജോലി എത്രയോ ഭംഗിയായി ചെയ്യും എന്ന് നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കും. bloody damn daring എന്നൊക്കെ നായകനെക്കൊണ്ട് ഒന്നിടവിട്ട സീനില്‍ പറയിക്കുകയും, ഒറ്റക്ക് ഒരു പത്തിരുപത് പേരെ ഇടിച്ചു മലര്‍ത്തുകയും, ക്ലൈമാക്സ് സീനില്‍ ചുറ്റും നിന്നു ഗുണ്ടകള്‍ വെടിവയ്ക്കുമ്പോള്‍, നായകന്‍ അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ അവരെ ഇടിച്ചു നിരത്തുകയും ചെയ്യുന്നതാണ് ഹീറോയിസം എന്ന കാഴ്ചപ്പാടിലാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്റെ മുന്‍ ചിത്രങ്ങളെല്ലാം, സ്മാര്‍ട്ട് സിറ്റിയായാലും, മാടമ്പിയായാലും, ഐജിയായാലും ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ തിരക്കഥയുടെ ബലത്തിലായിരുന്നു. തിരക്കഥയെ ഫ്രെയിമിലേക്ക് പകര്‍ത്തുക എന്നതിനപ്പുറം സംവിധാന മികവൊന്നും ഉണ്ണികൃഷ്ണനില്ല എന്നത് വെളിപ്പെടുന്നത്, ത്രില്ലര്‍ പോലെ തിരക്കഥകള്‍ സിനിമയാക്കപ്പെടുമ്പോഴാണ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഉണ്ണികൃഷ്ണന്‍ തന്നെയായതിനാല്‍, മറ്റാരെയും പഴിചാരാന്‍ അദ്ദേഹത്തിനു കഴിയില്ല. സ്വയം കൃതാനര്‍ത്ഥം എന്നു പറയാം.

ഭരണി കെ ധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കാം. അതു പോലെ തന്നെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന മനോജിനും ശ്രീജിത്തിനും അതിന്റെ ഒരു പങ്ക് അവകാശപ്പെടാം. എന്നാല്‍ അവിടിവിടെയായി കുത്തിത്തിരുകിയ സ്ലോമോഷന്‍ രംഗങ്ങള്‍ കല്ലുകടിയായി മാറി എന്നതില്‍ യാതോരു സംശയവുമില്ല. അനല്‍ അരശ്ശാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പതിവില്‍ നിന്നും അല്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ‘ട്രപ്പീസുകളി‘ ആ ശ്രമത്തെ നന്നേ പരാജയപ്പെടുത്തുന്നു. വെടി കൊള്ളുമ്പോള്‍ പറന്നു പോകുന്ന ഗുണ്ടകളും, ഒരൊറ്റ പഞ്ചിന് ഓട്ടോയുടെ മുകളില്‍ വീഴുന്ന വില്ലന്മാരും, ഗാനരംഗങ്ങള്‍ക്കിടയില്‍ പോലും, നായകന്റെ പറന്നുള്ള വെടിവെയ്പ്പും, നായകന്റെ ഇടിയില്‍ പറന്നു പൊങ്ങുന്ന ഗുണ്ടകള്‍ ആകാശത്ത് രണ്ടു വട്ടം കറങ്ങി താഴെ വീഴുന്നതുമെല്ലാം, പണ്ട് തമിഴ് സിനിമകളില്‍ പഞ്ച് കൂട്ടാന്‍ ഉപയോഗിച്ച നമ്പറുകളാണ്. ആ അരി മലയാളികളുടെ കലത്തില്‍ വേവില്ല എന്നു അരശ്ശ് തിരിച്ചറിയണം, അല്ലെങ്കില്‍ ഈ പണി ചെയ്യാന്‍ അദ്ദേഹത്തെ ഏര്‍പ്പെടുത്തിയ സംവിധായകനെങ്കിലും തിരിച്ചറിയണം.

ബോബന്റെ കലാസംവിധാനവും, സതീഷിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ ചമയവും ചിത്രത്തോട് ചേര്‍ന്നു പോകുന്നു, പ്രത്യേകിച്ചും ഗാനരംഗങ്ങളില്‍. കമ്മീഷണറുടെ പോലീസ് തൊപ്പി മാറ്റി സാധാരണ ക്യാപ്പ് വച്ചതും ഒരു വ്യത്യസ്തത കാഴ്ചയിലെങ്കിലും കൊണ്ടു വരുവാന്‍ സഹായിച്ചു എന്നു വേണം കരുതുവാന്‍. ഹരിനാരായണനെഴുതി, നവാഗതനായ ധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ പ്രിഥ്വിയും മഞ്ജരിയും ചേര്‍ന്ന് പാടിയ ത്രില്ലര്‍ എന്ന ഗാനം തീം സോങ്ങു പോലെ, ടൈറ്റില്‍ എഴുതി കാണിക്കുന്ന അവസരത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഗാനങ്ങളില്‍ ശ്രവണ സുഖമുള്ളത് ഹരിചരണും മമ്തയും ചേര്‍ന്നു പാടിയ പ്രിയങ്കരി എന്ന ഗാനമാണ്. നന്നായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, അസ്ഥാനത്താണ് കടന്നു വരുന്നത്. ഒരു പക്ഷേ ഒരു ഗാനവും  ചിത്രത്തിന് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ല. വെറുതെ സമയം കൊല്ലിയായി ഇവ കടന്നു പോകുന്നു എന്നു വേണം പറയുവാന്‍.

ഞാന്‍ ആദ്യമെ പറഞ്ഞതു പോലെ, പ്രിഥ്വിരാജിനെ സൂപ്പര്‍ താരമായി ഉയര്‍ത്തിക്കാട്ടാനുള്ള ചിത്രം മാത്രമാണ് ദി ത്രില്ലര്‍. അദ്ദേഹത്തിന്റെ ആരാധകരെ സംതൃപ്തരാക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. എന്നാല്‍ സാധാരണക്കാരന് ഇതൊരു ടൈം പാസ് ചിത്രം മാത്രമാണ്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ ചിത്രങ്ങള്‍ ചെയ്തു വന്നാണ് സൂപ്പര്‍ താരമായത്. മലയാളത്തില്‍, സൂപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ പ്രിഥ്വി ഈ കാ‍ര്യം മനസ്സിലാക്കി, സൂപ്പര്‍ താരമാകാന്‍ തുനിഞ്ഞിറങ്ങിയാല്‍ അദ്ദേഹത്തിനു നന്ന്. പക്ഷേ അദ്ദേഹം ഇതു പോലെയുള്ള സിനിമകള്‍ ഇനി ചെയ്യണമോ എന്നു വീണ്ടും ചിന്തിക്കണം. സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, ത്രില്ലര്‍... ബി ഉണ്ണികൃഷ്ണന്റെ ഗ്രാഫ് താഴോട്ടു തന്നെ. അബദ്ധത്തില്‍ സംഭവിച്ച മാടമ്പി എന്ന ഹിറ്റു വച്ച് ഇനിയും മലയാളികളെ മണ്ടന്മാരാക്കന്‍ നോക്കല്ലേ ഉണ്ണികൃഷ്ണന്‍ സാറെ. “ ഞങ്ങളാരെയും ബുദ്ധിമുട്ടിക്കാറില്ല, ഞങ്ങളേയും ബുദ്ധിമുട്ടിക്കരുത്, ബുദ്ധിമുട്ടിച്ചാല്‍, പിന്നെ ബുദ്ധിമുട്ടാവുമേ, നീ താങ്ങത്തില്ല..“ എന്ന മാടമ്പി ഡയലോഗു തന്നെ മലയാളികള്‍ താങ്കളോട് തിരിച്ചു പറയുന്ന കാലം വിദൂരമല്ല.

Monday, November 29, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കടപ്പുറം ഭാഷയുടെ അമരത്ത്‌ (ഭാഗം നാല്)

ചെമ്മീന്‍ നോവലിന്റെ ഇരുപതാം പതിപ്പില്‍ 'എന്റെ ചെമ്മീനിന്റെ കഥ' എന്ന തലക്കെട്ടില്‍ തകഴി എഴുതിയ കുറിപ്പ് കടലോരജീവിതം എത്രമാത്രം അദ്ദേഹത്തിന് സുപരിചിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. നോവലെഴുത്തിന്റെ നാളുകള്‍, അതു നേടിയ രാജ്യാന്തരശ്രദ്ധ, സാമൂഹ്യപശ്ചാത്തലം, ഭാഷ തുടങ്ങി സ്വന്തം മാസ്റ്റര്‍പീസ് രചനയുടെ നാനാവശങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നു- 'ഏനച്ചേം വള്ളോം വലേം മേടിക്കാനെക്കൊണ്ട് പോവുകാണല്ലോ എന്നങ്ങ് എഴുതിത്തുടങ്ങി. എന്റെ ഒന്‍പതുവയസ് മുതല്‍ കേട്ട സംസാരരീതിയാണ്'. ചെറുപ്പം മുതല്‍ കേട്ടുശീലിച്ച ഭാഷാഭേദത്തെ അവലംബിച്ച് തകഴി എഴുതിയ ചെമ്മീന്‍ സിനിമയായതിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞാണ് അത്തരം ഭാഷണസവിശേഷതകളോടെ മറ്റൊരു ചലച്ചിത്രം പുറത്തിറങ്ങിയത്. ഭരതന്‍ സംവിധാനം ചെയ്ത അമരമായിരുന്നു അത്. (കടലോരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഭാഷണവൈവിധ്യപ്രധാനമായിരുന്നില്ല.)

മകള്‍ക്കും കടലിനും അപ്പുറം മറ്റൊരു ലോകമില്ലാത്ത അരയനാണ് അച്ചു. പുറമെ നിന്നു നോക്കുമ്പോള്‍ ചെറുതെന്നു മറ്റുള്ളവര്‍ നിരൂപിച്ചേക്കാവുന്ന, കടപ്പുറത്തിന്റെ ജീവിതസമ്മര്‍ദ്ദങ്ങളും ഗൗരവസാഹചര്യങ്ങളും അച്ചുവെന്ന പ്രതീകത്തെ മുന്‍നിര്‍ത്തിയാണ് അമരം പറഞ്ഞത്. കടപ്പുറം ഭാഷയുടെ സമൃദ്ധമായ ആദേശം തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. അതേ സമയം കേന്ദ്രകഥാപാത്രമായി പരകായപ്രവേശം ചെയ്യുന്നതിലും ഭാഷയുടെ കരുത്തു കാട്ടുന്നതിലും മമ്മൂട്ടി എന്ന നടന്‍ എക്കാലത്തേയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം മുരളി, കെ പി എ സി ലളിത, അശോകന്‍, ചിത്ര, മാതു തുടങ്ങിയവരും അണിനിരന്നതോടെ ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴ കടപ്പുറത്തും പരിസരങ്ങളിലുമുള്ള കടലോരഭാഷ മലയാളികള്‍ക്ക് സുപരിചിതമായി മാറി.


ചിത്രത്തിന്റെ ആലോചനാവേളയില്‍ ഭാഷ സംബന്ധിച്ച് വേണ്ടത്ര മുന്‍കരുതലെടുത്തിരുന്നില്ലെങ്കിലും ഷൂട്ടിംഗ് തുടങ്ങുമ്പൊഴേക്കും ഏറെക്കുറെ കൃത്യമായ ധാരണയോടെ ലോഹിതദാസ് സംഭാഷണം തയ്യാറാക്കിയിരുന്നു. നേരത്തെ തന്നെ കടലോരമേഖലകളില്‍ അദ്ദേഹം താമസിക്കുകയും ആള്‍ക്കാരുമായി ഇടപഴകുകയും ചെയ്തിരുന്നു. സ്‌ക്രിപ്‌റ്റെഴുതുന്ന ദിവസങ്ങളില്‍ ആലപ്പുഴയിലെ തീരപ്രദേശങ്ങളിലെ ഒട്ടേറെ ആള്‍ക്കാരുമായി ലോഹിതദാസ് സൗഹൃദം സ്ഥാപിക്കുകയും അവരുടെ ജീവിതരീതിയും ഭാഷണവൈവിധ്യങ്ങളും അടുത്തറിഞ്ഞു പഠിക്കുകയും ചെയ്തു. ചിത്രത്തിന്റെ സമഗ്രതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവിധായകന്‍ ഭരതന്‍ ആര്‍ട്ടിസ്റ്റുകളോട് കടപ്പുറത്ത് ഇറങ്ങിനടക്കാനും ഭാവഹാവാദികളും പ്രാദേശിക ഭാഷാപ്രയോഗങ്ങളും മനസ്സിലാക്കാനും ആവശ്യപ്പെട്ടിരുന്നു.

അമരത്തിന്റെ ആദ്യപകുതിയിലെ ഒരു സീന്‍ പരിശോധിക്കാം.
അച്ചു : മുത്തേ...ആഹാ;ഇതുകൊള്ളാവല്ലോ.ഈ നടുപ്പാതിരാക്ക് നീയെന്നാടുക്കാണിവിടെ
മുത്ത് : ഞാന്‍ വെറുതെ... ഒറക്കം വരുന്നില്ലച്ഛാ.
അച്ചു : ഇതെന്തു പണ്ടാരവാണ്് നെനക്കു പറ്റിയത്.വെശപ്പില്ല...ഒറക്കമില്ല.
മുത്ത് : നാളെ റിസള്‍ട്ടറിയുന്ന ദിവസമാ.
അച്ചു : അതിനൊറങ്ങാന്‍ പാടില്ലേ... പട്ടിണി കിടക്കണോ...ഇത്രേം ക്ലാസു പഠിച്ചിട്ടിങ്ങനേന്നുവൊണ്ടായിട്ടില്ലല്ലോ.
മുത്ത് : അതു പോലാണോ ഇത്തവണ.ഇത്തവണ എസ് എസ് എല്‍ സിയാ.തോറ്റുപോവുവോന്നൊരു പേടി.
അച്ചു : ത്വോറ്റു പോകുയോ. കണ്ടിച്ചുകളയും ഞാന്‍.ആരു പറഞ്ഞു ത്വോറ്റു പോകുമെന്ന്.ശിശ്റ്ററു പറഞ്ഞോ.
മുത്ത് : ഉച്ചക്കു ഞാന്‍ ഒറങ്ങിയപ്പോ സ്വപ്‌നം കണ്ടു.എല്ലാ വിഷയത്തിനും വട്ടപ്പൂജ്യം.
അച്ചു : എന്റെ ഒടേയതമ്പുരാനെ ഞാനെന്താണീ കേക്കണത്.പിന്നെന്നാത്തിനാടീ ഞാനീ തൊറേ ജീവിച്ചിരിക്കണത്.നെനക്കിതെന്നാത്തിന്റെ കൊറവാണ്.കാശിന് കാശ്... പുത്തകത്തിന് പുത്തകം...കുപ്പായത്തിന് കുപ്പായം...ഒരു ചായ കുടിച്ചില്ലേലും ഞാന്‍ നാന്റെ കാര്യത്തിനെന്തേലും മൊടക്കം വരുത്തീട്ടൊണ്ടോ.ഒരല്ലലുമറിയിക്കാതെയാണ് നിന്നെ ഞാന്‍ വളത്തിയത്.അന്നിട്ട് വട്ടപ്പൂജ്യം.കരക്കാരടെ മെകത്ത് ഞാനെങ്ങനെ നോക്കും തമ്പുരാനെ.
മുത്ത് : തോറ്റാ ഞാന്‍ കടലിച്ചാടി ചാവുവേള്ളു.
അച്ചു : വെടക്കത്തരം പറഞ്ഞാ മോന്തക്കിട്ട് ഞാനോരു വീക്കുവച്ചു തരും പറഞ്ഞേക്കാം...
മുത്ത് :അന്നാ അച്ചനേങ്ങോട്ടു കൊല്ല്. അതാ നല്ലത്.മനസ്സമാതാനമ്പോയല്ലോ.

കഥയുടെ വികാസഘട്ടത്തില്‍ അച്ചുവും മകളും തമ്മില്‍ നടക്കുന്ന സംഭാഷണമാണിത്. അമരം എന്ന ചിത്രത്തിന്റെ നട്ടെല്ല് തന്നെ ഈ ഭാഷയാണെന്നു പറയാം.

' ഈ പ്രത്യേകഭാഷ പ്രശ്‌നമായേക്കുമെന്ന് ആദ്യം ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി പാന്റും കോട്ടും ടൈയുമൊക്കെയായി അഭിനയിച്ചു വരുന്ന സമയമാണത്. പെട്ടെന്നിങ്ങനെയൊരു അരയന്റെ വേഷത്തില്‍ വന്നാല്‍ അദ്ദേഹത്തെ ജനം സ്വീകരിക്കുമോയെന്നു പോലും ചെറിയൊരു ഭയമുണ്ടായിരുന്നു.  പടം തുടങ്ങി ആദ്യത്തെ അഞ്ചെട്ട് മിനിട്ട് കൊണ്ട് കാണികള്‍ കൂടെ വരണം; വന്നില്ലെങ്കില്‍ പ്രശ്‌നമാണ്. എന്തായാലും പടം റിലീസ് ചെയ്തതോടെ സ്ഥിതി മാറി . കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ളവര്‍ രണ്ടുകയ്യും നീട്ടി പടത്തെ സ്വീകരിക്കുകയായിരുന്നു. 'സിനിമയുടെ നിര്‍മ്മാതാവ് ബാബു തിരുവല്ല ഓര്‍ക്കുന്നു.


ശക്തമായ ഒരു ഫോക് സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഭാഷയുടെ പശ്ചാത്തലഘടകങ്ങള്‍ മിക്കപ്പോഴും ഭൂമിശാസ്ത്രം,അനുഷ്ഠാനങ്ങള്‍, തൊഴില്‍,ജാതി തുടങ്ങിയവയായിരിക്കും. പരസ്​പരം സഹകരിക്കാന്‍ സമൂഹം ഉപയോഗിക്കുന്ന സ്വേച്ഛാപരവാച്യ ചിഹ്നങ്ങളുടെ വ്യവസ്ഥക്ക് അടിത്തറയാകുന്ന ഇത്തരം കാരണങ്ങളേപ്പറ്റി ഭാഷയിലെ പ്രാദേശികഭേദങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഭാഷാഭേദഗവേഷക(Dialectologist)രും ഭാഷണശൈലിക്കും സന്ദര്‍ഭത്തിനും പ്രസക്തി നല്‍കുന്ന സാമൂഹികഭാഷാശാസ്ത്രജ്ഞ(Sociolinguist)രും സമാനചിന്താഗതിക്കാരാണ്. ഈ ഘടകങ്ങളെല്ലാം ആനുപാതികമായി സമന്വയിച്ച് കേരളത്തിന്റെ പശ്ചിമാതിര്‍ത്തിയിലുടനീളം വ്യാപിക്കുന്ന ഭാഷാസംസ്‌കാരമാണ് കടപ്പുറം ഭാഷ. തുറകളെയും മത്സ്യത്തൊഴിലാളികളെയും കോര്‍ത്തിണക്കുന്ന ഈ ഭാഷക്ക് ഒരു പൊതുസംസ്‌കാരത്തിന്റെ ഏകമുഖമുണ്ടെങ്കിലും പ്രാദേശികമായി രൂപപ്പെടുന്ന വ്യക്തമായ ഭാഷണവൈചിത്ര്യങ്ങളുമുണ്ട്.

ലാറ്റിന്‍ കാത്തലിക് വിഭാഗത്തിനും ഹിന്ദു അരയന്‍മാര്‍ക്കും നിര്‍ണ്ണായകസ്വാധീനമുള്ള മേഖലകളിലായിരുന്നു അമരം ചിത്രീകരിച്ചത്. പുന്നപ്ര മുതല്‍ ഏകദേശം ചെല്ലാനം വരെ നീളുന്ന ഭാഷണരീതിയാണിവിടെയുള്ളത്. സാധാരണയില്‍ക്കവിഞ്ഞ നീട്ടലുള്ള 'എക്‌സ്​പ്രഷന്‍സി'ലധിഷ്ഠിതമായ ഭാഷയാണത്. സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയിലെ 40%ത്തോളം വരുന്ന ഹിന്ദൂക്കള്‍ക്കും, 35% ക്രിസ്ത്യാനികള്‍ക്കും, 25% മുസ്ലീം ജനതക്കുമിടയില്‍ പ്രാദേശികതയും ജാതിയും മറ്റും ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരവധി ഭാഷാപരമായ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും കടലോരത്തിന് മൊത്തത്തില്‍ സമാനമായ ഒരു സംസ്‌കാരമാണുള്ളത്. ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊതുവായ ചരടില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്ന ഈ കടലോരജനത മറ്റുള്ളവരെ അപേക്ഷിച്ച് പരസ്​പരം കൂടുതല്‍ ഇടപഴകുന്നവരാണ്. അയല്‍പക്കങ്ങള്‍ക്കിടയില്‍ അടഞ്ഞ വാതിലുകളുടെ പ്രതിബന്ധങ്ങള്‍ പോലും പലപ്പോഴും ഉണ്ടാകാറില്ല. സാങ്കേതികതയിലൂന്നിയ വ്യത്യസ്തതകള്‍ എത്രതന്നെ ചൂണ്ടിക്കാട്ടിയാലും ശരി അത്തരക്കാരുടെ ഭാഷക്ക് കടപ്പുറം ഭാഷയെന്ന ശക്തമായ പൊതുധാരയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.

സൂക്ഷ്മാംശബദ്ധമായി പഠനാര്‍ഹമാക്കിയില്ലെങ്കില്‍ക്കൂടി കടപ്പുറം ഭാഷയെ നമുക്ക് പ്രാദേശികമായി വിഭജിക്കാന്‍ കഴിയും; വിഴിഞ്ഞം -പുന്നപ്ര,പുന്നപ്ര-മുനമ്പം, മുനമ്പം- ബേപ്പൂര്‍, ബേപ്പൂര്‍-ബേക്കല്‍ എന്നിങ്ങനെ. ഇതില്‍ ഓരോ സോണിലും ഭാഷയില്‍ പ്രാദേശികമായ ചില കൂട്ടിച്ചേര്‍ക്കലും കൊഴിച്ചുനീക്കലും നടക്കുന്നു. ഒപ്പം തനതായ ആംഗികസംവേദനങ്ങള്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയായും മാറുന്നു. കേരളത്തിലെ തീരമേഖലയിലെ 8.5 ലക്ഷത്തിലധികം വരുന്ന ജനതക്കിടയിലെ നിര്‍ണ്ണായകവിഭാഗത്തിന്റെ ജീവല്‍ഭാഷയാണ് കടപ്പുറം ഭാഷയായി അറിയപ്പെടുന്നത്. ഏതൊരു പ്രാദേശികഭാഷയിലുമെന്നതുപോലെ കടപ്പുറം ഭാഷയിലും അതിന്റെ ചട്ടക്കൂടിന് പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് ആദ്യം കണ്ടെത്താന്‍ കഴിയുന്നത് ഹാസ്യരസമാണ്.

'എല്ലാ സ്ഥലത്തെ ഭാഷയും നമുക്ക് കേള്‍ക്കുമ്പോള്‍ ഈയൊരു ഹാസ്യം തോന്നാം. അത് മലബാറോ തൃശൂരോ കുന്നംകുളമോ പാലക്കാട്ടോ എന്നുള്ളതല്ല; ഹാസ്യമായി അവതരിപ്പിക്കപ്പെടുന്നതു കൊണ്ടാണ്. ഒരു പെര്‍ഫോമന്‍സ് ആയി വരുന്നു. മോക്കു ചെയ്യപ്പെടുകയാണവിടെ. അതുകൊണ്ടാണ് ഹാസ്യം അനുഭവപ്പെടുന്നത്. അമരം എന്ന സിനിമയില്‍ ആദ്യാവസാനം കടലോരത്തെ ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്. കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ഭാഷ നമ്മള്‍ പറയുമ്പോള്‍ അതില്‍ തമാശ മാത്രമല്ല വരുന്നത്. അവരുടെ ഭാഷയും സംസാരരീതിയും ജീവിതവുമാണ് സിനിമയിലുള്ളത്.' -അച്ചൂട്ടി എന്ന നായകനിലൂടെ കടപ്പുറത്തിന്റെ സന്തോഷവും സങ്കടവും ഏകപക്ഷീയമായ വികാരങ്ങളും ഒരു തിരത്തള്ളല്‍ പോലെ അനുഭവിച്ച് അഭിനയിച്ച മമ്മൂട്ടി അഭിപ്രായപ്പെടുന്നു

അച്ചു ; വെറുക്കാന്‍ മേലാത്ത മൂന്നു കാര്യമേ അച്ചൂനുള്ളൂ. ഒന്നെന്റെ മുത്ത്. പിന്നെയീ കടാല്.പിന്നെ നീ...
ചന്ദ്രി : ഊം;മയക്കണ വര്‍ത്താനം പറയാനറിയാം.
അച്ചു : ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണല്ലോ. ചീത്തപ്പേരു കേപ്പിക്കാണ്ട് വേഗം പോ.
ചന്ദ്രി : ചങ്കൊന്നെടുത്തുകാണേണ്ടെന്റെ പൊന്നേ. എനിക്കറിയാം. മുരപ്പത്തരം കാണിക്കുമ്പോഴും എന്നോടിഷ്ടമാണെന്ന്.

'ഈയൊരു സ്ലാംഗ് തന്നെയാണ് ചിത്രത്തിന്റെ വന്‍വിജയത്തിന് കാരണമായത്. മമ്മൂട്ടി വളരെയധികം പെയിന്‍ എടുത്തിരുന്നു. പ്രത്യേകിച്ചും ഭാഷയുടെ കാര്യത്തില്‍.  ചിത്രത്തില്‍ ഏറ്റവും കണ്‍സിസ്റ്റന്റ് ആയി ഭാഷ പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്.' - അമരത്തിന്റെ സംവിധാനസഹായി ആയിരുന്ന ജോര്‍ജ്ജ് കിത്തു പറയുന്നു. ഭാഷയുടെ കാര്യത്തില്‍ പല അഭിനേതാക്കള്‍ക്കും പ്രചോദനം മമ്മൂട്ടിയായിരുന്നു. അവരില്‍ പലര്‍ക്കും അദ്ദേഹം പരിശീലനവും നല്‍കി. 'മമ്മൂട്ടിക്ക് വളരെ വേഗം ഭാഷ വഴങ്ങുന്ന രീതിയാണ് അവിടെക്കണ്ടത്. എല്ലാ ദിവസവും പുള്ളി ലൊക്കേഷനിലുണ്ടായിരുന്നു . അദ്ദേഹത്തിന് വര്‍ക്കുമുണ്ടായിരുന്നു. കടപ്പുറത്ത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വീടായി സെറ്റിട്ടിരുന്ന സ്ഥലത്തായിരുന്നു ഇരിപ്പൊക്കെത്തന്നെ.' ഭാഷയുടെ കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ പ്രകടനം അമരത്തില്‍ കാഴ്ചവച്ച കെ പി എ സി ലളിതക്ക് ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും കണ്‍മുന്നില്‍ത്തന്നെയുണ്ട്.


ആശയത്തിന്റെ ചാലകമായിരിക്കുന്നതിനൊപ്പം സഞ്ചിതസംസ്‌കാരത്തിന്റെ ഉപാധി കൂടിയാണ് ഭാഷ. ഇത്തരം ആശയവ്യാപനത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാഷാപരമായ വ്യത്യാസങ്ങള്‍ ലിംഗഭേദമനുസരിച്ചു പോലും പ്രകടമായേക്കാം. അതിനര്‍ത്ഥം പുരുഷന്‍മാരുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീകളുടെ ഭാഷ എന്നല്ല. ഭാഷാശാസ്ത്രജ്ഞനുമാത്രം താല്‍പ്പര്യം തോന്നുന്ന ചില പ്രത്യേകതകള്‍ ഇരുകൂട്ടരുടെയും കടലോരഭാഷയില്‍ കണ്ടെത്താം. ഭാഷക്കുള്ളിലെ ഭാഷ എന്നാണതിനെ വിളിക്കുന്നത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ മുക്കുവഭാഷ തന്നെ ഉദാഹരണം. ഇവിടെ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഭാഷാഭേദമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
( സത്രീഭാഷ : പഴം,കഞ്ചി, കുഴി
പുരുഷഭാഷ : പളം,കഞ്ചു,കുളി
അര്‍ത്ഥം : പഴം,കഞ്ഞി,കുഴി )
കടലിലും തീരത്തുമായി മത്സ്യബന്ധനത്തൊഴിലാളികളായ പുരുഷന്‍മാരുടെ ഭാഷ ഒതുങ്ങുമ്പോള്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതരസമൂഹവുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. മത്സ്യം വിറ്റുനടക്കുമ്പോള്‍ മറ്റു വിഭാഗക്കാരുമായി ആശയവിനിമയം സാധ്യമാകുന്നതോടെ മുക്കുവസ്ത്രീകളില്‍ പലര്‍ക്കും ഭാഷ കുറെക്കൂടി മെച്ചപ്പെടുന്നു. അവരുടെ ഭാഷ പുരുഷന്‍മാരുടേതില്‍ നിന്ന് ചെറിയ തോതിലെങ്കിലും വ്യത്യസ്തമാകുന്നതിന്റെ യുക്തി അതാണ്.

ചെമ്മീനിലെയും അമരത്തിലെയും ഭാഷ മാത്രമല്ല, ഉടനീളമുള്ള കടലോരഭാഷ തന്നെ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് വേണം കരുതാന്‍. മത്സ്യബന്ധനത്തിനപ്പുറമുള്ള തൊഴില്‍ മേഖലകളും വിദ്യാഭ്യാസപുരോഗതിയുമാണ് ഇതിന്റെ പ്രധാനകാരണം. കടലോര ഭാഷയുടെ ആര്‍ജ്ജവം നിഷ്‌കളങ്കതയും നൈര്‍മ്മല്യവുമാണ്. തകഴിയുടെ ചെമ്മീനിലെ ചക്കിയെയും കറുത്തമ്മയെയും നോക്കുക. പരീക്കുട്ടിയുമായി അടുപ്പമുണ്ടെന്ന ശങ്കയില്‍ മകളെ ചക്കി ഉപദേശിക്കുന്നത് ഇപ്രകാരമാണ്.
-ഈ കടാലു ചെലപ്പം കരിയേണതെന്താന്നാ വച്ചാ, കടലമ്മാക്കു ദേഷ്യം വന്നാലെക്കൊണ്ടു എല്ലാം മുടിക്കും. ഇല്ലേല് മക്കാക്ക് എല്ലാം തരും. കനകക്കട്ടിയോണ്ടു മൊകാളെ കടലീല് ,കനകാക്കട്ടി.
-ശുത്തമാ മൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തു മരക്കാത്തീന്റെ ശുത്തമാ
-ഈ കരേല് കേറ്റി വാച്ചവള്ളാത്തിന്റെ മറയും കുറ്റിക്കാടും ഓക്കേ സൂക്ഷിക്കേണ്ടേടമാ.
-നിനാക്കു മൊലേം തലേം വന്ന പ്രായമാകൊച്ചുമൊതലാളിമാരും ഇപ്പാഴത്തേ കണ്ണും തലേമില്ലാത്ത ചെറുവാല്യാക്കാരും നിന്റെ കുണ്ടീക്കും നെഞ്ചാത്തും തൊളച്ചുനോക്കും
-എന്റെ മൊകാളു മേലം കടാലു കരീച്ച് തൊറേലൊള്ളോരെടെ വായി മണ്ണടിക്കല്ലേ.

ഉപയോഗിച്ച കടപ്പുറം ഭാഷക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം പ്രതിഷേധശരങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നു. ഭാഷാപരമായി മാത്രമല്ല കടലോരജനതയെ അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെട്ടു. അമരം എന്ന സിനിമക്കും ഇതേ അനുഭവം തന്നെയുണ്ടായി. ഒരു ജനതയെ അപമാനിക്കുന്ന ഭാഷാപ്രയോഗമാണ് ചിത്രത്തിലേതെന്ന ആരോപണത്തോടൊപ്പം ഷൂട്ടിംഗ് സ്ഥലത്ത് സമരഭീഷണിയും ഉയര്‍ന്നു. ഭാഷയെ തമാശയാക്കിക്കാട്ടുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ വിമര്‍ശനങ്ങള്‍ അപ്രസക്തമായി. കടപ്പുറത്തിന്റെ യഥാര്‍ത്ഥ സ്​പന്ദനം അമരത്തിലൂടെ അനാവൃതമാകുകയായിരുന്നു.

വക്താവിന്റെ ആന്തരികാനുഭവങ്ങളുടെ പ്രതിഫലനമാണ് ഭാഷ. അനുഭവതീവ്രതയനുസരിച്ച് ഭാഷാപ്രകടനത്തിലും ഭാവാംശങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. യന്ത്രവല്‍കൃതമത്സ്യബന്ധനമില്ലാത്ത കാലത്ത് രൂപപ്പെട്ട ഭാഷണവൈവിധ്യമാണ് കടപ്പുറം ഭാഷയുടേത്. കടലിരമ്പത്തെ മറികടക്കുന്ന ശബ്ദഭാഷ അവിടെ അനിവാര്യമാണ്. സാധാരണ സംഭാഷണം പോലും പതിവില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തിയുള്ളതായിരിക്കും; ശബ്ദത്തിന്റേതായ 'ഡബിള്‍ ഇഫക്ട് '. പെട്ടെന്ന് ക്ഷോഭിക്കുകയും പെട്ടെന്ന് ശാന്തമാകുകയും ചെയ്യുന്ന ശീലവും ഇക്കൂട്ടരില്‍ ആരോപിക്കാം. അമരത്തിലെ അച്ചു ജീവിക്കുന്നത് മകള്‍ക്കുവേണ്ടി മാത്രമാണ്. മകളുടെ എസ് എസ് എല്‍ സി പരീക്ഷാറിസള്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്, അവളെ ഡോക്ടറാക്കുന്നതിനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍, എല്ലാ സ്വപ്‌നങ്ങളും തച്ചുടക്കപ്പെടുമ്പോഴുണ്ടാകുന്ന വ്യക്തിപരമായ തകര്‍ച്ച... ഇങ്ങനെ അച്ചുവില്‍ നാം ദര്‍ശിക്കുന്നത് വികാരപ്രകടനങ്ങളുടെ കടലിരമ്പമാണ്. അസാധാരണമായ ഭാവപ്രകടനം സമ്യക്കായി ഭാഷയില്‍ ലയിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞതോടെ പ്രേക്ഷകലക്ഷങ്ങള്‍ കടപ്പുറം ഭാഷക്ക് വിജയവീഥിയൊരുക്കുകയും ചെയ്തു.

'ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്...കരയണ കണ്ടാ സമാധാനിപ്പിക്കും.ചിരിക്കണ കണ്ടാ കൂടെ ചിരിക്കും...കണ്ടാ വിളിക്കണ കണ്ടാ;സമാധാനിപ്പിക്കാനാണ്.കരയണ്ടെന്നും പറഞ്ഞ് സമാധാനിപ്പിക്കാന്‍.'
ഒരു കടലോളം വികാരവിക്ഷോഭങ്ങളുമായി അവസാനത്തെ സീനില്‍ ആഴക്കടലിലേക്ക് ചെറുവള്ളം തുഴഞ്ഞകലുന്ന അച്ചു എന്ന അരയന്‍ കടപ്പുറം ഭാഷയുടെ അമരത്തിരുന്നുകൊണ്ട് പ്രേക്ഷകമനസ്സിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് നടത്തിയത്.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Tuesday, November 23, 2010

കോളേജ് ഡേയ്സ് (College Days)


നവാഗതനായ ജി.എന്‍. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രമാണ്‌ 'കോളേജ് ഡേയ്സ്'. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രകാന്തം ഫിലിംസിന്റെ ബാനറില്‍ സീന സാദത്താണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനു പുറമെ, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, ധന്യ മേരി വര്‍ഗ്ഗീസ്, ഭാമ എന്നിവരും അഭിനയിച്ചിരിക്കുന്നു. 
ആതിര (ഭാമ) എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. ആ കോളേജിലെ നോട്ടപ്പുള്ളികളായ ഒരു ഗ്യാങ്ങിനെ സംശയിക്കുന്നുവെങ്കിലും, ഉന്നത സ്വാധീനമുള്ള അവര്‍ രക്ഷപ്പെടുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് രോഹിത് മേനോന്‍ (ഇന്ദ്രജിത്ത്) ആ കോളേജില്‍ ഹൌസ് സര്‍ജനായി എത്തുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ രോഹിതിന് ഈ ഗ്യാങ്ങുമായി ഉടക്കേണ്ടി വരുന്നു. എന്നാല്‍ രോഹിത് കൊല്ലപ്പെടുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. കേസന്വേഷിക്കാന്‍ കമ്മീഷണര്‍ സുദീപ് ഹരിഹരന്‍ (ബിജു മേനോന്‍) എത്തുന്നു. അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത് ഞെട്ടിക്കുന്ന ചില രഹസ്യങ്ങളിലാണ്. പിന്നീടുള്ള ഉദ്വേഗഭരിതമായ കഥയാണ് കോളേജ് ഡേയ്സ് പറയുന്നത്.
ഇത്തരം കഥകള്‍ നാം മുന്നേയും കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊന്നും അധികം വ്യത്യസ്തമല്ലാതെയാണ് ഈ ചിത്രവും നമുക്കായി എത്തിയിരിക്കുന്നത്. കൊലപാതകവും പ്രതികാരവും വിഷയമാകുന്ന അവസരത്തില്‍, ഇവിടെ ഈ ചിത്രത്തെ ചതിച്ചിരിക്കുന്നത് ഇതിന്റെ തിരനാടകമാണ്. ഇത്തരം സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കുമ്പോള്‍, അല്ലെങ്കില്‍ ഒരുക്കുവാന്‍ ശ്രമിക്കുമ്പോള്‍ അല്പമെങ്കിലും “യുക്തി” മേമ്പോടി ചാലിച്ചിരുന്നെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോകും. സസ്പെന്‍സ് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, ആദ്യമെ തന്നെ കൊലയാളിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി, പിന്നീട് ഒരു പ്രേക്ഷകരെ വഴി തെറ്റിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്യുവാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ അത് അമ്പേ പാളുന്നു. എവിടെ അവസാനിപ്പിക്കണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന തിരക്കഥാകൃത്തിനെ നമുക്കിതില്‍ കാണാം പാത്ര സൃഷ്ടിയും തഥൈവ. ആവശ്യമുള്ള കഥാപാത്രങ്ങളേക്കാള്‍ അനാവശ്യമായ കഥാപാത്രങ്ങളാണ് ചിത്രത്തിലധികവും. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്ന അജിയും തന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെടുന്നതോടെ സംവിധായകന്റെ ശ്രമം വ്യഥാവിലാകുകയാണ്. അഭിനയത്തില്‍ ഇന്ദ്രജിത്ത് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അദ്ദേഹത്തിലെ നടനെ മലയാളം സിനിമ ഇനിയും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നു വിളിച്ചു പറയുന്ന പ്രകടനമാണ് ഇന്ദ്രജിത്തിന്റേത്. ബിജു മേനോന്റെ കമ്മീഷണറും മോശമില്ല എന്നു പറയാം. യുവതാരങ്ങളായ ധന്യാ മേരി വര്‍ഗ്ഗീസ്, റിയാന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ തങ്ങളുടെ റോളുകളോട് നീതി പുലര്‍ത്തിയിരിക്കുന്നു. അബദ്ധജഡിലമായ തിരനാടകത്തില്‍ അവര്‍ അവരുടെ ഭാഗം ഒരുപരിധി വരെ ഭംഗിയായാക്കി എന്നു പറയാം.


ചിത്രത്തിന്റെ ടെക്കിനിക്കല്‍ ഭാഗം ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു എന്നതാണ് രണ്ടു മണിക്കൂര്‍ നാല്പത് മിനിട്ട് ഈ ചിത്രം കാണുവാന്‍ നമ്മെ സഹായിക്കുന്ന ഘടകം. ചിത്രത്തെ മനോഹരമായി പകര്‍ത്തിയിരിക്കുന്ന സുജിത് വാസുദേവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വ്യത്യസ്തതയാര്‍ന്ന ആംഗിളുകളും, ഫാസ്റ്റ്-സ്ലോ മോഷനുകള്‍ ഇടകലര്‍ത്തിയുള്ള ചിത്രീകരണവും ഇടക്കെങ്കിലും നമ്മെ പിരിമുറുക്കത്തിലെത്തിക്കുന്നുണ്ട്. അതിന് ബാബു രത്നത്തിന്റെ ചിത്രസംയോജനത്തോടും നന്ദി പറയേണ്ടതാണ്. ഇത്തരം ത്രില്ലറുകളില്‍ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം വളരെയധികമാണ്. തുടക്കക്കാരനായ റോണി റാഫേല്‍ ആ ജോലി തന്നാല്‍ കഴിയുന്ന വിധം നന്നാക്കിയിട്ടുണ്ട്. കൈതപ്രമെഴുതിയ, ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും റോണീ തന്നെയാണ്. ശ്രീനിവാസ് പാടിയ വെണ്ണിലാവിന്‍ ചിറകിലേറി എന്ന ഗാനമാണ് മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ പാടിയ ജഗനു ജഗനു എന്ന ഗാനവും,  ജാസി ഗിഫ്റ്റ് അഫ്സല്‍, റിമി ടോമി എന്നിവര്‍ ചേര്‍ന്നു പാടിയ തുമ്പിപ്പെണ്ണേ എന്ന ഗാനവും കൊള്ളാം എന്നല്ലാതെ മികച്ചത് എന്നു പറയാനാവില്ല. 
ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്ന നിലയില്‍ ഒരു പിരിമുറുക്കം സൃഷ്ടിക്കുന്നതില്‍ കോളേജ് ഡേയ്സ് പരാജയപ്പെടുന്നു. കണ്ടു മറന്ന കഥ തന്നെ തന്റെ ആദ്യ സിനിമയ്ക്കായി തിരഞ്ഞെടുത്ത കൃഷ്ണകുമാറിന്റെ ധൈര്യത്തെ അനുമോദിച്ചാലും, അതു സ്വയം തന്നെ തിരക്കഥയാക്കാനുള്ള തീരുമാനം, വിവേകമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ചിത്രം കാണുന്നവര്‍ക്കു മനസ്സിലാകും. ആ പണി ഭംഗിയായി ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും അത് ഏല്‍പ്പിച്ചിരുന്നെങ്കില്‍ മനോഹരമായ ഒരു ചിത്രമായി കോളേജ് ഡേയ്സ് മാറിയേനെ എന്നു ഇപ്പോള്‍ തോന്നുന്നു. ഒരു പക്ഷേ കൃഷ്ണകുമാറും അതു തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്നു കരുതാം. ഒരു സംവിധായകനെന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇപ്പോഴും കാതങ്ങള്‍ പിറകിലാണെന്ന സൂചനയാണ് ചിത്രം തരുന്നത്.  എന്നാല്‍ ഇന്ദ്രജിത്തിന്റെ പ്രകടനവും, ടെക്കിനിക്കല്‍ വിഭാഗത്തിന്റെ മേന്മയും ഒരു പക്ഷേ ഈ ചിത്രത്തെ ശരാശരിയാക്കി മാറ്റിയേക്കും. സമീപകാല ചിത്രങ്ങളുടെ അവസ്ഥ കാണുമ്പോള്‍, അതിനു സാധ്യതയുണ്ടെന്നു വ്യക്തവുമാണ്.

എന്റെ റേറ്റിങ് : 4.75/10

Friday, November 5, 2010

ദീപാവലി ആശംസകള്‍

"ജ്ഞാനപ്രകാശം പരക്കട്ടെ വിണ്ണില്‍..
അജ്ഞാനാന്ധകാരം ഉളിക്കട്ടെ ഓടി..
നന്മതന്‍ വിത്തു വിതയ്കുവാനെത്തുന്ന
ദീപാവലി സുസ്വാഗതം നിനയ്കായ് .."


മണിച്ചിമിഴിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയംഗമമായ ദീപാവലി ആശംസകള്‍....

Tuesday, November 2, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍ (ഭാഗം മൂന്ന്)

കോട്ടയം നഗരമധ്യത്തില്‍ ഒരു കോമ്പസ് കുത്തിനിര്‍ത്തി പത്തുപതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വൃത്തം വരക്കുന്നുവെന്നിരിക്കട്ടെ ആ വൃത്തത്തിനുള്ളില്‍ അതിന്റേതായ ഒരു തനത് ഭാഷയുണ്ട്. ചങ്ങനാശ്ശേരി പരിസരവും ഏറ്റുമാനൂരും കുമരകവുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തിന്റേതായ ഒരു ഭാഷ. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വിവേചനമില്ലാതെ, ഏതാണ്ടെല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യവഹാരത്തിലുള്ള സമാനഭാഷ. ആഹാരരീതിയില്‍ പോലും ഏറെയൊന്നും വൈജാത്യങ്ങളില്ലാത്ത ഈ ഏകീകൃതസമൂഹത്തിന്റെ ഭാഷ മാത്രമായിരുന്നില്ല കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമക്കു വേണ്ടി നിശ്ചയിച്ചത്. കറകളഞ്ഞ കോട്ടയം ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്കിടയില്‍ നായകന്റെ പേരിന് വിശേഷണമായി കോട്ടയം എന്ന സ്ഥലനാമം കൂടി ചേര്‍ക്കുമ്പോള്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു പക്ഷേ വിപണിയിലധിഷ്ഠിതമായ കാഴ്ചപ്പാടും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പല ദേശങ്ങളും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജയിലിലും എത്തിപ്പെട്ട കുഞ്ഞച്ചന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന മധ്യതിരുവിതാംകൂറിലെ സമ്മിശ്രഭാഷയുടെ ആദേശത്തിന് കോട്ടയം എന്ന നാമവിശേഷണം ശക്തമായ അച്ചുതണ്ടൊരുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

മീനച്ചില്‍, മണിമല,മൂവാറ്റുപുഴ എന്നീ നദികള്‍ ഒഴുകുന്ന മലയോരമേഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ജില്ലയിലെ കാര്‍ഷികവൃത്തിക്കുമേല്‍ക്കൈയുള്ള ജനതയുടെ നാട്ടുഭാഷ അതേപടി പകര്‍ത്തുന്ന കഥാപാത്രങ്ങള്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ നിരവധിയുണ്ട്. ഏലിയാമ്മച്ചേടത്തിയും,മിഖായേലും,കോരയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. നാണ്യവിളകളുടെ നാട്ടിലെ ഒരു ശരാശരി റബ്ബര്‍ അച്ചായന്റെ സംഭാഷണപ്രകൃതം നമുക്കുവരില്‍ നിഷ്പ്രയാസം ആരോപിക്കാം. മകള്‍ക്കു കല്യാണാലോചനയുമായെത്തിയ ചെറുക്കനെ കളിയാക്കി പിന്തിരിപ്പിച്ച കുഞ്ഞച്ചനോടുള്ള ഏലിയാമ്മയുടെ പരിഭവവും ശകാരവും തന്നെ ഉദാഹരണം. 'എനിക്കാ കോട്ടയം കൊജ്ഞാണനോട് രണ്ട് വര്‍ത്താനം ചോദിക്കാതെന്റെ നാക്കിന്റെ ചൊറിച്ചില്‍ മാറത്തില്ല... കുഞ്ഞച്ചോ അവിടെ നിന്നേ;അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചത് ?'
ഇത്തരം തനി കോട്ടയം ഭാഷ മാത്രം പറഞ്ഞുതീര്‍ക്കുന്നതല്ല കുഞ്ഞച്ചന്റെ വാമൊഴിപ്പെരുമ .സംഘത്തിലും നസ്രാണിയിലും മറ്റും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും കുഞ്ഞച്ചന്‍ വിഭിന്നനാകുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. വ്യവഹരിക്കുന്ന ചെറുഭൂപ്രകൃതിയുടെ അതിരുകള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ സ്വത്വം നിലനിര്‍ത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ വാമൊഴിവഴക്കത്തിന്റെ ഭൂമിക കുറേക്കൂടി വിപുലപ്പെട്ടിരിക്കുന്നു. നീളന്‍ ജുബ്ബയുമിട്ട് വേഷ്ടിയുടെ കോന്തലുമുയര്‍ത്തിയുള്ള ആ നില്‍പ്പില്‍പ്പോലും ഒരു പത്തനംതിട്ട-തിരുവല്ലക്കാരനെക്കൂടി ആരോപിക്കാന്‍ കഴിയും

ആകാരപരമായി കോട്ടയം എന്ന 'ഠ' വട്ടത്തിനപ്പുറത്തേക്ക് നായകകഥാപാത്രം നേടിയ സ്വീകാര്യത ഭാഷയുടെ കാര്യത്തിലും ശരിയെന്നു കാണാന്‍ ചിത്രത്തില്‍ കുഞ്ഞച്ചനായെത്തുന്ന മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം മതി. വ്യത്യസ്തമായ അഭിനയ-ഭാഷണശൈലിക്ക് മമ്മൂട്ടി തുടക്കമിടുന്നത് ഈ സംഭാഷണശകലങ്ങളിലൂടെയാണ്.

കുഞ്ഞച്ചന്‍ : എടോ... കഴിഞ്ഞ കൊല്ലം ക്രിസ്മസിന് ഞാന്‍ പരോളി വന്നപ്പോ താനെന്നാ പറഞ്ഞെ. അന്നും ചന്ത കൊച്ചിക്കു പോയിട്ടൊല്ലോടോ. അന്ന് നാഷണല്‍ ഹൈവേയുല്ലോടോ.അന്നു താനെന്നാ പറഞ്ഞേ.നിന്നെയെറങ്ങിയിങ്ങോട്ടു കെട്ടിയെടറാ;നെനക്കു വര്‍ക്കുഷാപ്പല്ല വണ്ടിക്കമ്പനി തൊടങ്ങാനുള്ള കാശുതരാമെന്ന്.തനിക്കുവേണ്ടിയല്ലിയോടോ ഞാനവനെ കുത്തിമലത്തിയത്.
മുതലാളി : കൊല്ലാനൊന്നും പറഞ്ഞില്ലല്ലോ.ഒരെണ്ണം കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ.
കുഞ്ഞച്ചന്‍ : അതുശരി...അടിപിടിയാവുമ്പോ അടി ചെലപ്പോ കുത്തിലെത്തിയെന്നു വരും. കുത്തുകൊണ്ടവന്‍ ചെലപ്പോ ചത്തെന്നും വരും.
മുതലാളി : നിന്റെ കേസിന് ഞാന്‍ രൂപ ഒന്നും രണ്ടുമല്ലല്ലോ ചെലവാക്കിയത്. അതൊന്നും കുഞ്ഞച്ചന്‍ മറന്നിട്ടില്ലല്ലോ.
കുഞ്ഞച്ചന്‍ : ഓ ഇയാളങ്ങൊലത്തിച്ചെലവാക്കി എന്നെയങ്ങ് രച്ചപ്പെടുത്തി. കൊല്ലമഞ്ചെട്ട് അതിനകത്തു കെടന്നിട്ടാടോ ഞാന്‍ വരുന്നത്.
ഈ സംഭാഷണം വിശദമായി പരിശോധിച്ചാല്‍ അതില്‍ കോട്ടയത്തിന്റെയും സമീപപ്രദേശങ്ങളുടെയും മധ്യതിരുവിതാംകൂറിലെ തന്നെ മറ്റു പ്രദേശങ്ങളുടെയും ഭാഷണവൈവിധ്യത്തിന്റെ സാന്നിധ്യം പ്രകടമാണ്.

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പ്ലോട്ടൊരുങ്ങിയത് ജനപ്രിയനോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയായിരുന്നു. വേലിയില്‍ നിന്നും ചില അംശങ്ങള്‍ സ്വീകരിച്ചപ്പോള്‍ തന്നെ അതില്‍ വില്ലനായ കുഞ്ഞച്ചനെ സിനിമയില്‍ നായകസ്ഥാനത്തേക്ക് അവരോധിച്ചു. നൂറു ശതമാനം വാണിജ്യപ്രധാനമായ സിനിമയില്‍ വ്യവസ്ഥാപിതനായകനു നിരക്കാത്ത റിയലിസ്റ്റിക് സമീപനവും സ്വീകരിച്ചു. കുഞ്ഞച്ചനടക്കം കഥാപാത്രങ്ങളെ അച്ചായന്‍ഭാഷ സംസാരിപ്പിക്കുന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ നോവല്‍.


സാഹിത്യ രചനയില്‍ ചന്തുമേനോനും മറ്റും അനുവര്‍ത്തിച്ച പ്രാദേശികഭാഷാവഴക്കം ഒരിടവേളക്കു ശേഷം തിരിച്ചുപിടിച്ച മുട്ടത്തു വര്‍ക്കികൃതികളുടെ മണവും ഗുണവും തന്നെയായിരുന്നു വേലിയിലും പ്രകടമായത്. പാടാത്ത പൈങ്കിളിയിലൂടെ വാമൊഴിവഴക്കത്തോടടുത്തുനില്‍ക്കുന്ന ഒരു സാഹിത്യശൈലിക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മയിലാടും കുന്ന് എന്ന നോവലിലെ ചെറിയൊരുസന്ദര്‍ഭം തന്നെയെടുക്കാം:
'ജോയിച്ചന്‍ പോയോ ഏല്യേ?'
ബോധം തിരിച്ചെത്തിയപ്പോള്‍ കൊച്ചുമറിയത്തിന്റെ ചുണ്ടുകള്‍ അനങ്ങി.
'അവന്‍ പോയി ചേടത്തീ.' ഏലി സാന്ത്വനപ്പെടുത്തി.
'അവന്‍ എവിടെ നിന്നെങ്കിലും ലിസാമ്മയെ കൂട്ടിക്കൊണ്ട് വരും .ചേടത്തി അതോര്‍ത്തു ദു;ഖിക്ക. ദൈവം അവള്‍ക്കൊന്നും വരുത്തത്തില്ല.'
'എങ്കിലും ന്റേലീ ഞാനെങ്ങനെ സഹിക്കുമെടീ?'
കൊച്ചുമറിയം ഓര്‍ത്തോര്‍ത്തു പറഞ്ഞു.
'എങ്ങനെ സഹിക്കും; എന്റെ പെറ്റ വയറെരിയുന്നല്ലോടീ...ഏല്യേ,എന്റേലീ'
ഏലിയുടെ തോളത്തു മുഖം അടുപ്പിച്ചു കൊണ്ട് കൊച്ചുമറിയം പിന്നെയും ഏങ്ങിയേങ്ങിക്കരയുകയാണ്
'ഇനി ഞാനെന്തിനാടീ ജീവിച്ചിരിക്കുന്നെ?'
'ചേടത്തി ചുമ്മാ വല്ലതുമൊക്കെ പറയാതെ '
കൊച്ചുമറിയത്തിന്റെ പതറിക്കിടന്ന തലമുടി ഒതുക്കിക്കൊണ്ട് ഏലി പറഞ്ഞു.
' ദൈവം തരുന്ന സങ്കടോം ദുരിതോമൊക്കെ രണ്ടു കയ്യും നീട്ടിമേടിക്കാണ്ടൊക്കുമോ.ചേടത്തീ നമ്മളെക്കൊണ്ടുതന്നെ വല്ലോം സാധിക്കുമോ.?'
ഇത് കോട്ടയത്തും പാലയിലും മറ്റുമുമുള്ള നസ്രാണി ഭാഷയുടെ കൃത്യമായ മാതൃകയാണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വാമൊഴിവഴക്കങ്ങള്‍ വര്‍ക്കി സ്വീകരിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലേക്കും ആവിഷ്‌കരിക്കുകയായിരുന്നു.

മുതിര്‍ന്നവരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അല്ലെങ്കില്‍ നസ്രാണികള്‍ക്കിടയില്‍ പൊതുവെ സംബോധന ചെയ്യുന്നത് 'അച്ചായന്‍' എന്നാണ്. കോട്ടയം,പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലെല്ലാം നസ്രാണികള്‍ക്കിടയില്‍ ഇതു തന്നെയാണ് പ്രചാരത്തിലുള്ളത്. അതേ സമയം ഇതിനുള്ള അപവാദങ്ങള്‍ ചുരുക്കം ചിലയിടങ്ങളില്‍ പ്രാദേശികമായി കെണ്ടത്താം. കോട്ടയം ചുറ്റുവട്ടത്തില്‍ (വേളൂര്‍,കുമരകം പോലെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം) 'അച്ചായന്‍' സംബോധനപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള 'ചേട്ടന്‍' എന്ന പദം പരിശോധിക്കാം.ഏലിയാമ്മച്ചേടത്തിയുടെ പെണ്‍മക്കള്‍ രണ്ടുപേരും കുഞ്ഞച്ചനെ 'ചേട്ട'നെന്ന് സംബോധനചെയ്യുമ്പോള്‍ തനി കോട്ടയത്തുകാര്‍ ആയിമാറുന്നു. അതേസമയം മിഖായേലിനെ 'ചേട്ടാ' എന്നു വിളിച്ചുകൊണ്ട് കോട്ടയത്തുകാരനാകാനും 'എന്തോന്നാ' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അച്ചായന്‍നാടിന്റെ അതിരുകള്‍ക്കൊപ്പം മധ്യതിരുവിതാംകൂറിന്റെ ശബ്ദമാകാനും കുഞ്ഞച്ചന് കഴിയുന്നു.
ജന്മം കൊണ്ട് കോട്ടയത്തുകാരനായ മമ്മൂട്ടിയുടെ അനായാസമായ ഭാഷാപ്രയോഗനൈപുണ്യവും കൂടിച്ചേര്‍ന്നതോടെ കോട്ടയം കുഞ്ഞച്ചന്‍ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി.മിഖായേലിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി കോപവും താപവും അവമാനവും സഹിക്കാതെ വെല്ലുവിളി നടത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ വാക്കുകള്‍ തന്നെ നോക്കൂ.

'എറങ്ങിവാടാ കോരക്കഴുവെറടാമോനേ. എടാ പാപ്പീ... അപ്പീ...മാത്താ...പോത്താ...എവിടറാ.നിന്റെ ചേട്ടന്‍ ചത്തോടാ.ഏറക്കിവിടറാ അവനെ.ഇന്നവന്റെ കൊടലെടുത്ത് മപ്പാസടിച്ചിട്ടുതന്നെ കാര്യം.കോട്ടയം കുഞ്ഞച്ചനെ തല്ലാന്‍ ചങ്കൊറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്.കണ്ണീ മണ്ണു വാരിയിട്ടിട്ടാണോടാ ആമ്പിള്ളേരെ തല്ലുന്നെ.ഇതെന്നാടാ പൂഴിക്കടകനടിയോ.നീയാരാടാ തച്ചോളി ഒതേനനോ പന്നക്കഴുവെറടാമോനെ.എറങ്ങി വരികേലെടാ...എറങ്ങിവരികേല...എനിക്കറിയാം;നീയൊക്കെ എട്ടും പത്തും പേരും കൂടി ഓര്‍ക്കാപ്പുറത്തുവന്നു തല്ലും.നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നെ.ധൈര്യമൊണ്ടേ ആണാണേയെറങ്ങിവാടാ കോരക്കഴുവേറീ.'
വാമൊഴി വഴക്കത്തിലും അതിന്റെ ആവിഷ്‌കരണത്തിലും തികഞ്ഞ പൂര്‍ണ്ണതയാണ് മമ്മൂട്ടി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആ കയ്യടക്കമാണ് കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള ഭാഷയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാക്കിയതും.

'മധ്യതിരുവിതാംകൂര്‍ എന്നു പറയുമ്പോള്‍ അതിനെന്തെങ്കിലും മാറ്റം വരുന്നത് ശരിക്കും ഓണാട്ടുകരക്ക് പോകുമ്പോഴാണ്. കായലിന് ചുറ്റുമുള്ള കരകളില്‍ ഭാഷയില്‍ വ്യത്യാസം വരും. ഓണാട്ടുകര വരെ ഇതിന്റെ വേരിയേഷന്‍സ് ആണ് .മധ്യതിരുവിതാംകൂറിലാണ് കുറച്ചുകൂടെ സ്​പഷ്ടവും സ്ഫുടവുമായ മലയാളം.പിന്നെ അവരുടെ ചില എക്‌സ്​പ്രഷന്‍സാണ്...എന്തുവാടേ എന്നൊക്കെ...അതു മാത്രമേ മാറുന്നുള്ളൂ.ഞാനിപ്പോ സാധാരണ സംസാരിക്കുന്ന ഭാഷയുടെ ഒരു ഏറ്റക്കുറച്ചിലുണ്ടല്ലോ...അതുതന്നെ .ഞാന്‍ ശരിക്കും കോട്ടയത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകാരനാണ്.അതുകൊണ്ടുതന്നെ കോട്ടയം ഭാഷ എന്നെ സ്വാധീനിച്ചിട്ടില്ല. അതേ സമയം ആ ഭാഷ ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്.-മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സംസാരിക്കുന്നവരുടെ സാമൂഹ്യസ്ഥിതി അനുസരിച്ച്് ഭാഷക്ക് ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെടുന്നത് സാധാരണമാണ്. കോട്ടയം,ചങ്ങനാശ്ശേരി,പാലാ എന്നിവിടങ്ങളിലൊക്കെ ഭാഷയില്‍ കത്തോലിക്കരുടെയും ക്‌നാനായക്കാരുടെയും ആധിപത്യമാണുള്ളത്.സാമ്പത്തികമായും അധീശത്വപരമായും മേല്‍ക്കൈയുള്ളതുകൊണ്ട് അവരുടെ ഭാഷയും ആധിപത്യം പുലര്‍ത്തുന്നുവെന്നു പറയാം.തിരുവല്ല,കോഴഞ്‌ചേരി,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വരുമ്പോള്‍ പ്രസ്തുതഭാഷയില്‍ പ്രകടമായ വ്യത്യാസം സംഭവിക്കുന്നു.ഹിന്ദു സംസ്‌കാരത്തോട് അതിന് കൂടുതല്‍ അടുപ്പമുണ്ട്. ഭാഷാപരമായ പങ്കുവക്കല്‍ ഇവിടെ വേണ്ടുവോളം നടക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനമേഖലയിലെത്തുമ്പോഴേക്കും ഭാഷയുടെ കാര്യത്തിലുള്ള യാഥാസ്ഥിതികനില മാറുകയും അത് കൂടുതല്‍ വശഗമാകുകയും ചെയ്യുന്നു. മതം മാറിയുള്ള കല്യാണമടക്കം പൊതുധാരയിലുള്ള അവര്‍ കുറേക്കൂടി ഭാഷാപരമായ കൊണ്ടുകൊടുക്കലുകള്‍ക്ക് തയ്യാറാവുന്നു.അതേ സമയം റോമന്‍ കാത്തലിക് വിഭാഗത്തിനിടയില്‍ മതം മാറിയുള്ള വിവാഹവും മറ്റും അനുവദനീയമല്ല. അവരുടെയിടയിലാണ് 'അച്ചായന്‍ഭാഷ' പരമാവധി പ്രാദേശികസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ളതും.

സ്വന്തം കുലത്തില്‍ നിന്നല്ലാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വിവാഹം അനുവദനീയമല്ലാത്ത ഒരു ജനതക്കിടയില്‍ കുഞ്ഞച്ചനിലെ അച്ചായന്‍ ഭാഷ വിതുമ്പുന്നതിപ്രകാരമാണ്.
കുഞ്ഞച്ചന്‍ : ഞാനൊരനാഥനും പോക്രീമായതുകൊണ്ട് എനിക്കാരും പെണ്ണു തരികേലന്നേ.ഞാനെന്നാ ചെയ്യാനാ...?'
മിഖായേല്‍ : എന്നാലും ഒരു പെണ്ണൊക്കെ വേണ്ടേ?
കുഞ്ഞച്ചന്‍ : ഓ;രണ്ടുമൂന്നു പെണ്ണുങ്ങടെ കൂടെ ഞാന്‍ പൊറുത്തതാ.ഒന്നും കൊണമില്ല.കൊറേയെണ്ണം എന്നെയിട്ടേച്ചും പോയി.ബാക്കിയൊള്ളതിനെ ഇട്ടേച്ചു ഞാനുമിങ്ങുപോന്നു.
 കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ തിരക്കഥാകൃത്ത് ഡന്നീസ് ജോസഫ് തീര്‍ത്തും പരിചിതമായ ഒരു വാമൊഴിവഴക്കത്തിനകത്ത് നിന്നുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചത്.കോട്ടയത്തിന്റെ നാട്ടുഭാഷാവഴക്കങ്ങളുടെ മിനിയേച്ചറായ കുറുവിലങ്ങാട് ദേവമാതാ കോളജിലെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവും അവിടുത്തെ ഹോസ്റ്റല്‍ ജീവിതവും രചനാഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്നും സംഘമെന്ന സിനിമയിലെ കുട്ടപ്പായിയെ സൃഷ്ടിച്ചതും ഭാഷാപരമായി ഇതേ പാറ്റേണില്‍ തന്നെയായിരുന്നെന്നും ഡെന്നീസ് ജോസഫ് ഓര്‍ക്കുന്നു.
'പടം തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി മുഴുവന്‍ സ്‌ക്രിപ്റ്റും വാങ്ങിയിരുന്നു.അതിലഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. '-ഡന്നീസ് ജോസഫ് പറയുന്നു.

ലേക്ക്‌സ്,ലാറ്റക്‌സ്,ലെറ്റേഴ്‌സ് എന്നിവയുടെ ജില്ലയെന്നാണ് കോട്ടയം അറിയപ്പെടുന്നതുതന്നെ.1991ലെ സെന്‍സസ് അനുസരിച്ച്് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയമാണ്. 1962 ല്‍ സാര്‍വത്രികസഭയുടെ ഇരുപതാം വത്തിക്കാന്‍ സുന്നഹദോസ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്് അതത് രാജ്യങ്ങളുടെയും ദേശങ്ങളുടെയും സാംസ്‌കാരികസ്ഥിതിയുമായി സമരസപ്പെട്ട് സഭാപ്രവര്‍ത്തനവും ആരാധനാരീതിയും ക്രമീകരിക്കുക എന്നതായിരുന്നു. പൊതുആരാധനയുടെ നിര്‍ദ്ദിഷ്ടമുറകള്‍ വരെ മലയാളഭാഷയുടെ പ്രാദേശികസ്വഭാവം സ്വീകരിച്ചതങ്ങനെയാണ്.എങ്കില്‍പ്പോലും വിഭിന്നമായ എക്‌സ്​പ്രഷന്റെ, നീട്ടലിന്റെയും കുറുക്കലിന്റെയും ,പുറംചട്ട അതില്‍ അന്തര്‍ലീനമായിരുന്നു.

നിയോജകങ്ങളുടെ ഉപയോഗത്തിലാണ് ഈ പ്രാദേശിക ഭാഷാഭേദത്തിന്റെ മറ്റൊരു സവിശേഷത പ്രകടമാകുന്നത്.ബഹുമാനസൂചക നിയോജകങ്ങളായ വരൂ,തരൂ എന്നിവ സാധാരണ സംഭാഷണങ്ങളില്‍ കടന്നുവരാറില്ല. പകരം ഏകവചന നിയോജകങ്ങളാണ് ഉപയോഗിക്കുന്നത്.ഭയത്തിന് പകരം ഫയമെന്നു പറയുക.വാക്കുകള്‍ക്ക് പൊതുവെ ദീര്‍ഘം കൂടുതല്‍ ഉപയോഗിക്കുക(പ്രത്യേകിച്ചും കോട്ടയം ജില്ലയിലെ പാലയിലും മറ്റുമെത്തുമ്പോള്‍ ഭാഷയിലെ നീട്ടലുകള്‍ വര്‍ദ്ധിക്കും) 'ഓ;എന്നതാ മറിയക്കൊച്ചേ 'എന്നും മറ്റുമുള്ള ഉച്ചാരണങ്ങളും വരാറണ്ട്

പറയുന്ന ഭാഷാഭേദത്തില്‍ത്തന്നെ ചിലരെങ്കിലും എഴുതുക,പൊന്തക്കാടെന്നും കുറ്റിക്കാടെന്നുമൊക്കെപ്പറയുന്നതിന്് പകരം പൊള്ളക്കാടെന്ന തരത്തില്‍ ഒറ്റപ്പെട്ട തീര്‍ത്തും പ്രദേശികമായ വാക്കുകള്‍ക്ക് രൂപം നല്‍കുക തുടങ്ങി നിരവധി കൗതുകങ്ങളും ഈ വാമൊഴിവഴക്കത്തിന്റെ ഭാഗമാണ്. നസ്രാണി,മാപ്പിള എന്നിങ്ങനെയുള്ള സാധാരണ വിശേഷണങ്ങള്‍ കൂടാതെ താരിഫ് എന്ന പദവുമായി ബന്ധപ്പെട്ട തരകന്‍,മിലിട്ടറി ട്രെയിനിംഗിലെ പ്രാവീണ്യം മുന്‍നിര്‍ത്തി പണിക്കര്‍ തുടങ്ങിയ പ്രത്യേകപദങ്ങളും ഈ ഭാഷയുടേതായി ചൂണ്ടിക്കാട്ടാനുണ്ട്.

'കോട്ടയത്തിന്റെ കഥ പറയുന്ന സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആവശ്യം.നെയ്യാറ്റിന്‍കരക്കടുത്തുള്ള അമ്പൂരി കോട്ടയം പറിച്ചുനട്ടതു പോലെയുള്ള സ്ഥലമാണ്.സ്‌ക്രിപ്റ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാമവിടെയുണ്ട്. റബര്‍-കുരുമുളക് കൃഷി, വലിയ പള്ളി,താറിടാത്ത റോഡ്... എല്ലാം കൂടൊരു നല്ല ലുക്ക് ... ആ സ്ഥലമാണ് ഓടാങ്കര എന്ന ഗ്രാമമാക്കി മാറ്റിയെടുത്തത് .ക്രിസ്ത്യന്‍സ്ലാങ്ങും കള്‍ച്ചറും പശ്ചാത്തലമാക്കിയ ചിത്രങ്ങള്‍ പൊതുവെ ഓടാറുണ്ടായിരുന്നില്ല.കോട്ടയം,ചങ്ങനാശ്ശേരി ഏരിയ സിനിമാ ചരിത്രത്തില്‍ത്തന്നെ ക്ലിക്കായിട്ടില്ലന്നു പറയാം. ആ ചരിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍ തിരുത്തിയത്' -സംവിധായകന്‍ ടി എസ് സുരേഷ് ബാബു പറയുന്നു.
പ്രാദേശികഭാഷാവിനിമയം പരിചിതമാക്കുന്നതില്‍ കോട്ടയം കുഞ്ഞച്ചന്‍ നേടിയത് അസൂയാവഹമായ വിജയമായിരുന്നു.ചലച്ചിത്രത്തിന്റെ ജയാപജയങ്ങളെക്കുറിച്ചുള്ള മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കിയതിന് പ്രധാനകാരണം മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ് .ഉറച്ച ആത്മവിശ്വാസത്തോടെ ചിത്രത്തിലോരിടത്ത് കുഞ്ഞച്ചനുയര്‍ത്തുന്ന വെല്ലുവിളിയില്ലേ;'കോട്ടയമെവിടെക്കെടക്കുന്നു ഉപ്പുകണ്ടമെവിടെക്കെടക്കുന്നു. കുഞ്ഞച്ചനോടാണോടാ കളി.'എന്നിങ്ങനെ.വാമൊഴിവഴക്കത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിലും പുനരാവിഷ്‌കരിക്കുന്നതിലും മമ്മൂട്ടി എന്ന നടന്റെ അപ്രതിരോധ്യമായ അധീശത്വത്തെ ഈ വാക്കുകള്‍ പോലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്. 

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Thursday, October 21, 2010

മമ്മൂട്ടി: ഭാഷയും ദേശവും : തെക്കന്‍ തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍ (ഭാഗം രണ്ട്)

'സാറെ.സാറിന്റെ ആ വരക്കവും ഷഡന്‍ ബ്രേക്കിട്ടൊള്ള നിര്‍ത്തക്കോം കണ്ടപ്പളേ എനിക്കു സംഗതി കത്തി കേട്ടാ.ആരേലും പറഞ്ഞുവിട്ടയാന്ന് .ജ്വാലി എന്തരായാലും കൂലിയാണല്ലോ പ്രധാനം. ഇതു ഞങ്ങളു പ്വോത്തുകച്ചോടക്കാരടെ ഒരു രീതിയാണ് കേട്ടാ.തോര്‍ത്തുപൊത്തി കച്ചോടമൊറപ്പിക്കുക. ദാ പിടിക്ക്. അഞ്ഞൂറു രൂവയുണ്ട്.'


അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യചിത്രമായ രാജമാണിക്യത്തിലെ കേന്ദ്രകഥാപാത്രം അധീശത്വപരമായ ഒരു പ്രകടനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമനോട് മുതിരുന്നതിനു മുന്നോടിയായുള്ള സംഭാഷണമാണിത്.അഞ്ഞൂറു രൂപാനോട്ട് തോര്‍ത്തില്‍ പൊതിഞ്ഞ് വാങ്ങുന്നയാളുടെയും നല്‍കുന്നയാളുടെയും കൈപ്പത്തികളെ മറച്ചുകൊണ്ടുള്ള കൗതുകകരമായ ഒരു ദായക്രമത്തിനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്.ഒരു ദായക്രമമെന്നു പറയുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായി രൂപീകരിക്കപ്പെട്ട ഒരു ഭാഷാപ്രയോഗമെന്നു തന്നെയാവും.

തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട് കാലിച്ചന്തയിലും മറ്റും ഇടനിലക്കാര്‍ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്.പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലികളെ വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് മറക്കുന്നതിന് പരസ്​പരം ഉപയോഗപ്പെടുത്തുന്ന ഗൂഢമായ സംവേദനമാധ്യമമെന്ന് പറയാം.ഇപ്രകാരം തോര്‍ത്തു മൂടി കൈവിരലുകള്‍ തൊട്ടു നടക്കുന്ന ആശയവിനിമയത്തില്‍ കാലികളുടെ ആകാരവും അതിനനുസരിച്ചുള്ള വിലപേശലും സുഗ്രഹമാകും.വിരലിന്റെ പകുതി,മുഴുവന്‍ വിരല്‍, രണ്ടുവിരല്‍ എന്നിങ്ങനെ തോര്‍ത്തുമൂടിയുള്ള ക്രയവിക്രയം യഥാക്രമം 1/2,1,2 എന്ന സംഖ്യകളായി വിനിമയം ചെയ്യപ്പെടുന്നു.ചുണ്ടുവട്ടം,കാളക്കൊമ്പ് ,ചെകിട്‌ചെകിട്,തേങ്ങ,തുടങ്ങിയ പദങ്ങളും ഒന്നു മുതല്‍ പത്തുവരെ എണ്ണത്തിനുപയോഗിക്കുന്നു .ചവ്(1), തോവ്(2), തിലിപു(3), പാത്ത്(4), തട്ടല്(5), തടവല്(6), നൊളയ്ക്കല്(7), വലു(8), തായം (9), പുലു (10) തുടങ്ങിയവയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഭാഷാ വകഭേദമാണ്.ഇവ പൊതുവെ അറിയപ്പെടുന്നത് ചാരഭാഷയെന്നാണ്.

ആംഗികം കൊണ്ടും വാചികം കൊണ്ടും മമ്മൂട്ടിയുടെ പ്രതിഭ അവിസ്മരണീയമാക്കിയ രാജമാണിക്യം സിനിമാരംഗത്തെ വിപണി അധിഷ്ഠിതമായ ക്ലാസ്സ് കഥാപാത്രമാണ്. പഴയ തിരുവിതാംകൂറിലെ ഭാഷയെ അല്ലെങ്കില്‍ 'തിരോന്തരം ഭാഷ'യെ പൊതുവെ സിനിമകളില്‍ ഉപയുക്തമാക്കിയിരുന്നത് ചിരിയും പരിഹാസവുമുണര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്.നമ്മളും എന്തരും വെള്ളങ്ങളും ചിരിക്കു മാത്രമേ വക നല്‍കിയിരുന്നുള്ളൂ.ചിന്തിക്കാനും ആശങ്കപ്പെടാനും നൊമ്പരപ്പെടാനുമൊന്നും ഈ വാമൊഴിഭേദം പരിഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.എന്നാല്‍ ഐക്യകേരളപ്പിറവിയും വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഒരു മാനകഭാഷക്കു രൂപം നല്‍കിയെങ്കിലും ഇന്നും സജീവമായി നിലകൊള്ളുന്ന ഈ പ്രാദേശികഭാഷാഭേദത്തെ സമ്മിശ്രവികാരത്തോടെ കേട്ടും കണ്ടുമിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ പറഞ്ഞത്.

'എന്നാലും സഹോരാ ,കുന്നോളമുണ്ട് ഉള്ളി സങ്കടങ്ങള്.നെനക്കും വേണ്ടിമാറ്റിവച്ചതാണ് ഞാനീ എടത്തുകണ്ണിന്റെ കാഴ്ചകള്.ഇതിമ്പകരായിട്ട് പയിനായിരം കണ്ണുകള് മാറ്റിവക്കാനുള്ള സ്ഥിതിയുണ്ടിപ്പോ.എന്നിട്ടുമിതിങ്ങനെ തന്നെ കൊണ്ടുനടക്കണത് മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മിക്കാന്‍ വേണ്ടിയാണ്.എന്നിട്ടു പിന്നെ എന്നെക്കൊല്ലാന്‍ വേണ്ടി കായ്കള്‍ കൊടുത്തേപ്പിച്ചോനോട് നീ പറഞ്ഞുകളഞ്ഞല്ലോ എന്റെ എടത്തുഭാഗത്തിരുട്ടാണെന്ന്. നന്നായിട്ടൊണ്ട്. ഒരായുസു മുഴുവന്‍ മേയുന്നോന്റെ അടി കൊണ്ടുനടന്നാലും അവസാനം അറവ്കത്തി തന്നെ കഴുത്തില്.'

ഹാസദ്യോതകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എപ്രകാരമാണ് അടിമുടി മാറ്റി മറിക്കപ്പെടുന്നതെന്നും കേരളീയന് സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാതിരിക്കാനാകാത്ത ഹൃദയവ്യഥ പകരുന്നതെന്നും നാട്ടുഭാഷയുടെ മര്‍മ്മം കണ്ടറിഞ്ഞുള്ള പ്രകടനചതുരതകൊണ്ട് മമ്മൂട്ടി തെളിയിക്കുന്ന സംഭാഷണശകലങ്ങളിലൊന്നാണിത്.സ്വന്തക്കാരിലൊരാളോടെന്ന പോലെ രാജമാണിക്യത്തിന്റെ സന്തോഷത്തിലും വേദനയിലും പങ്കുചേരാനും ആ പൗരുഷത്തെ സ്വീകരിക്കാനും പ്രേക്ഷകര്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായിത്തന്നെ പ്രസ്തുതകഥാപാത്രത്തിന് ഭാഷാചരിത്രത്തിലും സ്ഥാനം ലഭിക്കുന്നുണ്ടെന്നു പറയാം.അങ്ങനെയാണ് കുഴിത്തുറയോടു ചേര്‍ന്നു കിടക്കുന്ന പാറശ്ശാല, പൂവാര്‍, പുല്ലുവിള, നെയ്യാറ്റിന്‍കര, നേമം, വെള്ളറട, നെയ്യാര്‍, പേപ്പാറ, കോവളം തുടങ്ങി ഈ പ്രാദേശിക ഭാഷാഭേദം നിലനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും രാജമാണിക്യം പ്രതിനിധി ആകുന്നത്.

'അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും നമുക്ക് രണ്ട് ഭാഷകളുടെ സ്വാധീനമുണ്ടാവും. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഭാഷയുടെ പ്രത്യേകതയോട് താല്‍പ്പര്യം തോന്നും. പിന്നെ അതിലെന്തെങ്കിലും പ്രത്യേകതയോ ഫണ്ണോ ഉണ്ടാക്കാന്‍ കഴിയുമോ, ചിരി വരുത്താന്‍ സാധിക്കുമോ എന്നൊക്കെയുള്ള ശ്രമങ്ങളാണ്. രാജമാണിക്യത്തിലുള്ളത് തിരുവനന്തപുരത്ത് മൊത്തമായി ആരോപിക്കപ്പെടുന്ന ഒരു ഭാഷയുടെ സങ്കരമാണ്. പല പ്രദേശങ്ങളില്‍ നിന്നുള്ള പല പ്രയോഗങ്ങളും അതിലുണ്ട്.രാജമാണിക്യത്തിലുപയോഗിക്കുന്ന ഭാഷ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം ഉപയോഗിക്കുന്ന ഒന്നല്ല; എന്നുമാത്രമല്ല എവിടെയെങ്കിലും ഇങ്ങനൊരു ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലവുമില്ല.' മമ്മൂട്ടി പറയുന്നു.

തെക്കന്‍കേരളത്തിന്റെ ഭാഷാവ്യതിയാനചരിത്രത്തില്‍ നിന്നും ചില പ്രാക്തനസൂചനകള്‍ ഒഴിവാക്കിയാല്‍ പോലും 18-20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെയും അധിനിവേശങ്ങളും തിരുവനന്തപുരം ഭാഷയെ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു എന്നു പറയേണ്ടി വരും.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരപരിധിയിലിരുന്ന കാലയളവില്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നുള്ള അയ്യര്‍മാരും മറ്റിടങ്ങളില്‍ നിന്നുള്ള തമിഴ് ജാതിവിഭാഗങ്ങളും കേരളത്തിലേക്കു ഗണനീയമായ കുടിയേറ്റമാണ് നടത്തിയത്.അക്കാലയളവില്‍ തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴ്‌നാട്ടിലുള്ള പത്മനാഭപുരവും ആയിരുന്നു. കേരളത്തിലെ ജാതിവ്യവസ്ഥക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ളതുമായി നിലവിലുണ്ടായിരുന്ന സമാനസ്വഭാവം, കുടിയേറ്റ ജാതിവിഭാഗങ്ങളില്‍ പലതിനും രാജഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച പദവികള്‍ എന്നിവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാവ്യവസ്ഥയില്‍ ഇടപെട്ട ഘടകങ്ങളായിരുന്നു.

സംസാരഭാഷയില്‍രൂപമെടുത്ത പ്രാദേശിക ഭാഷാഭേദങ്ങളുടെ ആത്മാവിനെ സ്വന്തം കൃതികളില്‍ ആവാഹിക്കാന്‍ അക്കാലത്തുതന്നെ സി വി രാമന്‍പിള്ളക്ക് കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ ശങ്കു ആശാനും പാറുക്കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണം നോക്കാം.
ആശാന്‍ : കെഴട്ടു കിഴവന് ഇവിടെ കാര്യമെന്തര്.? ചണ്ട പിടിക്കണതും തേക്ഷ്യപ്പെട്ടതും ആരെ അടുത്ത്.?അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ. നിങ്ങളെയൊക്കെ തര്‍മ്മങ്കൊണ്ട് വെള്ളം മോന്തിക്കിടക്കണ്..അറുപതും ചെന്ന് പി...പി...പിറുപിറുത്ത ഈ കി...കിഴ...കിഴവന് ചാക്കാലയുംപോക്കടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കാമാനും കേപ്പാനും ഇടവന്നത്.
പാറുക്കുട്ടി : ആശാന് ഇത്ര വ്യസനമുണ്ടാകാന്‍ ഞാനെന്തു പറഞ്ഞു? എന്റെ വാക്കാണ് ഈ വ്യസനം ഉണ്ടാക്കിയതെങ്കില്‍...
ആശാന്‍ : അയ്യോ -പിള്ളേടെ വാക്ക് എനിക്ക് വെഥനമുണ്ടാക്കുമോ?ഞാന്‍...ഞാന്‍...എന്റെ പാടു പറയണു പിള്ളേ.പാതിരാക്കു മേലായി.ഒറങ്ങാന്‍ പോവിന്‍.
മാര്‍ത്താണ്ഡവര്‍മ്മയിലെ പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങളിലൊന്നാകാന്‍ ശങ്കു ആശാന് കഴിഞ്ഞതും നവീകരണത്തിന്റെ കലര്‍പ്പില്ലാത്ത, ഹൃദയത്തില്‍ നിന്നുണ്ടാവുന്ന നാട്ടുഭാഷയുടെ നൈര്‍മ്മല്യം കൊണ്ടാണ് . ശങ്കു ആശാന്റെ ഈ സംഭാഷണത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല രാജമാണിക്യത്തിന്റെ ഭാഷയും

രാജമാണിക്യമെന്ന പോത്തുകച്ചവടക്കാരന്റെ ഭാഷയില്‍ വ്യാകരണപരമായി പോലും സാധാരണവല്‍ക്കരിക്കപ്പെട്ട ഭാഷാഭ്രംശങ്ങള്‍ നിരവധിയാണ്. അപരിമേയങ്ങള്‍ക്ക് ബഹുവചനം പാടില്ലെന്ന വ്യാകരണനിയമം ലംഘിച്ചുകൊണ്ടാണ് തെക്കന്‍തിരുവിതാംകൂറുകാര്‍ക്കൊപ്പം രാജമാണിക്യവും ചായകളും വെള്ളങ്ങളും ആവശ്യപ്പെടുന്നത്.ഈ ബഹുവചനരൂപങ്ങള്‍ സംഘസംസ്‌കൃതിയുടെ മാനകങ്ങള്‍ കൂടിയാണ്.
'സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ ;പ്രത്യേകിച്ചും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് ഞാന്‍ കൂടുതല്‍ കടമെടുത്തിരിക്കുന്നത്.ഇതൊരുപാടുകാലം പഴക്കമുള്ള ഭാഷയാണ്.തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ട്.' ഉച്ചാരണത്തിന് സഹായകമായ തയ്യാറെടുപ്പുകളെപ്പറ്റി മമ്മൂട്ടി ഓര്‍ക്കുന്നു.

സിനിമയുടെ കഥാന്തരീക്ഷം സ്വാംശീകരിക്കുന്നതിന് രചയിതാവ് ടി എ ഷാഹിദ് ഒന്നരമാസക്കാലമാണ് നാഗര്‍കോവിലില്‍ താമസിച്ചത്.അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രം സൂക്ഷ്മാംശങ്ങളില്‍ എല്ലാവരെയും കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്വന്തം നാടിന്റെയും മലബാറിന്റെയും ഭാഷയിലെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കൊണ്ടോട്ടിക്കാരനായ ഷാഹിദ്് ബദല്‍ ഭാഷാഭേദം തിരഞ്ഞത്.നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണം.അപ്പോഴാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി തിരക്കഥാകാരന് പ്രേരണയായത്.നാഗര്‍കോവില്‍ പരിസരത്തെ പ്രാദേശികഭാഷാഭേദം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മമ്മൂട്ടി അളന്നുതൂക്കി ഉച്ചരിച്ച രാജമാണിക്യത്തിന്റെ ഭാഷ രൂപപ്പെട്ടതങ്ങനെയാണ്.

സ്വനമാറ്റത്തിലെയും പദകോശത്തിലെയും വ്യതിയാനങ്ങള്‍ പുത്തനെന്ന പ്രതീതി ജനിപ്പിക്കുന്ന ഭാഷയുടെ വാമൊഴി വഴക്കങ്ങള്‍ക്കിടയില്‍ രാജമാണിക്യത്തിന്റെ സംഭാഷണങ്ങള്‍ നിരവധി തവണ മാറ്റിയും മറിച്ചും എഴുതേണ്ടിവന്നു.കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു

.' ആ സ്ലാങ്ങില്‍ ദു:ഖം പറയുക എന്നത് റിസ്‌കായിരുന്നു.ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും മെന്റല്‍ ബ്ലോക്കുതന്നെ അനുഭവപ്പെട്ടു.നേരിട്ടുള്ള പറച്ചിലിന് വേണ്ടത്ര ഫീല്‍ കിട്ടില്ലെങ്കിലോ എന്നു കരുതി പലപ്പോഴും സംഭാഷണം നാടകീയമാക്കേണ്ടി വന്നു.'് തിരക്കഥാരചനയില്‍ വെല്ലുവിളിയുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണമായി ഷാഹിദ് ചൂണ്ടിക്കാട്ടുന്ന സീനുകളിലൊന്ന് രാജമാണിക്യം ആരെന്ന് വെളിപ്പെടുത്താന്‍ അമ്മ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭമാണ്.ആറു തവണ മാറ്റിയെഴുതിയ പ്രസ്തുതസംഭാഷണം ഇവ്വിധമാണ്.

'അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേള്ളു.ഒരു പായിരാത്രിക്കൊരു മണിയറവാതലില്‍ മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണമെന്ന്.അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ.ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാനന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം.ഞാനതന്നാ സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവടെ ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കു കേട്ട് കളിക്കളത്തില്‍ വച്ചു നീ അടിച്ചുകൊന്നയോര്‍മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്.കാണണാ ...കാണണാ...കാണ്.'

ഇവിടെ നാം കാണുന്നത് കാഴ്ച നഷ്ടപ്പെട്ടിട്ടും കാത്തു സൂക്ഷിക്കപ്പെടുന്ന ഗൃഹാതുരതയും വാത്സല്യവും സഹോദരസ്‌നേഹവും മാത്രമല്ല;ഒരൊറ്റയാന്റെ ആത്മവിശ്വാസവും നിസ്സഹായതയും സങ്കടങ്ങളും കൂടിയാണ്.കാഴചക്കാര്‍ ഏറ്റുവാങ്ങുന്നിടത്തോളം രാജമാണിക്യത്തിന്റെ വ്യക്തിത്വത്തെ സ്വീകാര്യമാക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയവും അസാധാരണമായ ഭാഷാപ്രയോഗവും തന്നെയാണ്.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.