Monday, November 29, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കടപ്പുറം ഭാഷയുടെ അമരത്ത്‌ (ഭാഗം നാല്)

ചെമ്മീന്‍ നോവലിന്റെ ഇരുപതാം പതിപ്പില്‍ 'എന്റെ ചെമ്മീനിന്റെ കഥ' എന്ന തലക്കെട്ടില്‍ തകഴി എഴുതിയ കുറിപ്പ് കടലോരജീവിതം എത്രമാത്രം അദ്ദേഹത്തിന് സുപരിചിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. നോവലെഴുത്തിന്റെ നാളുകള്‍, അതു നേടിയ രാജ്യാന്തരശ്രദ്ധ, സാമൂഹ്യപശ്ചാത്തലം, ഭാഷ തുടങ്ങി സ്വന്തം മാസ്റ്റര്‍പീസ് രചനയുടെ നാനാവശങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നു- 'ഏനച്ചേം വള്ളോം വലേം മേടിക്കാനെക്കൊണ്ട് പോവുകാണല്ലോ എന്നങ്ങ് എഴുതിത്തുടങ്ങി. എന്റെ ഒന്‍പതുവയസ് മുതല്‍ കേട്ട സംസാരരീതിയാണ്'. ചെറുപ്പം മുതല്‍ കേട്ടുശീലിച്ച ഭാഷാഭേദത്തെ അവലംബിച്ച് തകഴി എഴുതിയ ചെമ്മീന്‍ സിനിമയായതിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞാണ് അത്തരം ഭാഷണസവിശേഷതകളോടെ മറ്റൊരു ചലച്ചിത്രം പുറത്തിറങ്ങിയത്. ഭരതന്‍ സംവിധാനം ചെയ്ത അമരമായിരുന്നു അത്. (കടലോരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഭാഷണവൈവിധ്യപ്രധാനമായിരുന്നില്ല.)

മകള്‍ക്കും കടലിനും അപ്പുറം മറ്റൊരു ലോകമില്ലാത്ത അരയനാണ് അച്ചു. പുറമെ നിന്നു നോക്കുമ്പോള്‍ ചെറുതെന്നു മറ്റുള്ളവര്‍ നിരൂപിച്ചേക്കാവുന്ന, കടപ്പുറത്തിന്റെ ജീവിതസമ്മര്‍ദ്ദങ്ങളും ഗൗരവസാഹചര്യങ്ങളും അച്ചുവെന്ന പ്രതീകത്തെ മുന്‍നിര്‍ത്തിയാണ് അമരം പറഞ്ഞത്. കടപ്പുറം ഭാഷയുടെ സമൃദ്ധമായ ആദേശം തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. അതേ സമയം കേന്ദ്രകഥാപാത്രമായി പരകായപ്രവേശം ചെയ്യുന്നതിലും ഭാഷയുടെ കരുത്തു കാട്ടുന്നതിലും മമ്മൂട്ടി എന്ന നടന്‍ എക്കാലത്തേയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം മുരളി, കെ പി എ സി ലളിത, അശോകന്‍, ചിത്ര, മാതു തുടങ്ങിയവരും അണിനിരന്നതോടെ ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴ കടപ്പുറത്തും പരിസരങ്ങളിലുമുള്ള കടലോരഭാഷ മലയാളികള്‍ക്ക് സുപരിചിതമായി മാറി.


ചിത്രത്തിന്റെ ആലോചനാവേളയില്‍ ഭാഷ സംബന്ധിച്ച് വേണ്ടത്ര മുന്‍കരുതലെടുത്തിരുന്നില്ലെങ്കിലും ഷൂട്ടിംഗ് തുടങ്ങുമ്പൊഴേക്കും ഏറെക്കുറെ കൃത്യമായ ധാരണയോടെ ലോഹിതദാസ് സംഭാഷണം തയ്യാറാക്കിയിരുന്നു. നേരത്തെ തന്നെ കടലോരമേഖലകളില്‍ അദ്ദേഹം താമസിക്കുകയും ആള്‍ക്കാരുമായി ഇടപഴകുകയും ചെയ്തിരുന്നു. സ്‌ക്രിപ്‌റ്റെഴുതുന്ന ദിവസങ്ങളില്‍ ആലപ്പുഴയിലെ തീരപ്രദേശങ്ങളിലെ ഒട്ടേറെ ആള്‍ക്കാരുമായി ലോഹിതദാസ് സൗഹൃദം സ്ഥാപിക്കുകയും അവരുടെ ജീവിതരീതിയും ഭാഷണവൈവിധ്യങ്ങളും അടുത്തറിഞ്ഞു പഠിക്കുകയും ചെയ്തു. ചിത്രത്തിന്റെ സമഗ്രതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവിധായകന്‍ ഭരതന്‍ ആര്‍ട്ടിസ്റ്റുകളോട് കടപ്പുറത്ത് ഇറങ്ങിനടക്കാനും ഭാവഹാവാദികളും പ്രാദേശിക ഭാഷാപ്രയോഗങ്ങളും മനസ്സിലാക്കാനും ആവശ്യപ്പെട്ടിരുന്നു.

അമരത്തിന്റെ ആദ്യപകുതിയിലെ ഒരു സീന്‍ പരിശോധിക്കാം.
അച്ചു : മുത്തേ...ആഹാ;ഇതുകൊള്ളാവല്ലോ.ഈ നടുപ്പാതിരാക്ക് നീയെന്നാടുക്കാണിവിടെ
മുത്ത് : ഞാന്‍ വെറുതെ... ഒറക്കം വരുന്നില്ലച്ഛാ.
അച്ചു : ഇതെന്തു പണ്ടാരവാണ്് നെനക്കു പറ്റിയത്.വെശപ്പില്ല...ഒറക്കമില്ല.
മുത്ത് : നാളെ റിസള്‍ട്ടറിയുന്ന ദിവസമാ.
അച്ചു : അതിനൊറങ്ങാന്‍ പാടില്ലേ... പട്ടിണി കിടക്കണോ...ഇത്രേം ക്ലാസു പഠിച്ചിട്ടിങ്ങനേന്നുവൊണ്ടായിട്ടില്ലല്ലോ.
മുത്ത് : അതു പോലാണോ ഇത്തവണ.ഇത്തവണ എസ് എസ് എല്‍ സിയാ.തോറ്റുപോവുവോന്നൊരു പേടി.
അച്ചു : ത്വോറ്റു പോകുയോ. കണ്ടിച്ചുകളയും ഞാന്‍.ആരു പറഞ്ഞു ത്വോറ്റു പോകുമെന്ന്.ശിശ്റ്ററു പറഞ്ഞോ.
മുത്ത് : ഉച്ചക്കു ഞാന്‍ ഒറങ്ങിയപ്പോ സ്വപ്‌നം കണ്ടു.എല്ലാ വിഷയത്തിനും വട്ടപ്പൂജ്യം.
അച്ചു : എന്റെ ഒടേയതമ്പുരാനെ ഞാനെന്താണീ കേക്കണത്.പിന്നെന്നാത്തിനാടീ ഞാനീ തൊറേ ജീവിച്ചിരിക്കണത്.നെനക്കിതെന്നാത്തിന്റെ കൊറവാണ്.കാശിന് കാശ്... പുത്തകത്തിന് പുത്തകം...കുപ്പായത്തിന് കുപ്പായം...ഒരു ചായ കുടിച്ചില്ലേലും ഞാന്‍ നാന്റെ കാര്യത്തിനെന്തേലും മൊടക്കം വരുത്തീട്ടൊണ്ടോ.ഒരല്ലലുമറിയിക്കാതെയാണ് നിന്നെ ഞാന്‍ വളത്തിയത്.അന്നിട്ട് വട്ടപ്പൂജ്യം.കരക്കാരടെ മെകത്ത് ഞാനെങ്ങനെ നോക്കും തമ്പുരാനെ.
മുത്ത് : തോറ്റാ ഞാന്‍ കടലിച്ചാടി ചാവുവേള്ളു.
അച്ചു : വെടക്കത്തരം പറഞ്ഞാ മോന്തക്കിട്ട് ഞാനോരു വീക്കുവച്ചു തരും പറഞ്ഞേക്കാം...
മുത്ത് :അന്നാ അച്ചനേങ്ങോട്ടു കൊല്ല്. അതാ നല്ലത്.മനസ്സമാതാനമ്പോയല്ലോ.

കഥയുടെ വികാസഘട്ടത്തില്‍ അച്ചുവും മകളും തമ്മില്‍ നടക്കുന്ന സംഭാഷണമാണിത്. അമരം എന്ന ചിത്രത്തിന്റെ നട്ടെല്ല് തന്നെ ഈ ഭാഷയാണെന്നു പറയാം.

' ഈ പ്രത്യേകഭാഷ പ്രശ്‌നമായേക്കുമെന്ന് ആദ്യം ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി പാന്റും കോട്ടും ടൈയുമൊക്കെയായി അഭിനയിച്ചു വരുന്ന സമയമാണത്. പെട്ടെന്നിങ്ങനെയൊരു അരയന്റെ വേഷത്തില്‍ വന്നാല്‍ അദ്ദേഹത്തെ ജനം സ്വീകരിക്കുമോയെന്നു പോലും ചെറിയൊരു ഭയമുണ്ടായിരുന്നു.  പടം തുടങ്ങി ആദ്യത്തെ അഞ്ചെട്ട് മിനിട്ട് കൊണ്ട് കാണികള്‍ കൂടെ വരണം; വന്നില്ലെങ്കില്‍ പ്രശ്‌നമാണ്. എന്തായാലും പടം റിലീസ് ചെയ്തതോടെ സ്ഥിതി മാറി . കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ളവര്‍ രണ്ടുകയ്യും നീട്ടി പടത്തെ സ്വീകരിക്കുകയായിരുന്നു. 'സിനിമയുടെ നിര്‍മ്മാതാവ് ബാബു തിരുവല്ല ഓര്‍ക്കുന്നു.


ശക്തമായ ഒരു ഫോക് സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഭാഷയുടെ പശ്ചാത്തലഘടകങ്ങള്‍ മിക്കപ്പോഴും ഭൂമിശാസ്ത്രം,അനുഷ്ഠാനങ്ങള്‍, തൊഴില്‍,ജാതി തുടങ്ങിയവയായിരിക്കും. പരസ്​പരം സഹകരിക്കാന്‍ സമൂഹം ഉപയോഗിക്കുന്ന സ്വേച്ഛാപരവാച്യ ചിഹ്നങ്ങളുടെ വ്യവസ്ഥക്ക് അടിത്തറയാകുന്ന ഇത്തരം കാരണങ്ങളേപ്പറ്റി ഭാഷയിലെ പ്രാദേശികഭേദങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഭാഷാഭേദഗവേഷക(Dialectologist)രും ഭാഷണശൈലിക്കും സന്ദര്‍ഭത്തിനും പ്രസക്തി നല്‍കുന്ന സാമൂഹികഭാഷാശാസ്ത്രജ്ഞ(Sociolinguist)രും സമാനചിന്താഗതിക്കാരാണ്. ഈ ഘടകങ്ങളെല്ലാം ആനുപാതികമായി സമന്വയിച്ച് കേരളത്തിന്റെ പശ്ചിമാതിര്‍ത്തിയിലുടനീളം വ്യാപിക്കുന്ന ഭാഷാസംസ്‌കാരമാണ് കടപ്പുറം ഭാഷ. തുറകളെയും മത്സ്യത്തൊഴിലാളികളെയും കോര്‍ത്തിണക്കുന്ന ഈ ഭാഷക്ക് ഒരു പൊതുസംസ്‌കാരത്തിന്റെ ഏകമുഖമുണ്ടെങ്കിലും പ്രാദേശികമായി രൂപപ്പെടുന്ന വ്യക്തമായ ഭാഷണവൈചിത്ര്യങ്ങളുമുണ്ട്.

ലാറ്റിന്‍ കാത്തലിക് വിഭാഗത്തിനും ഹിന്ദു അരയന്‍മാര്‍ക്കും നിര്‍ണ്ണായകസ്വാധീനമുള്ള മേഖലകളിലായിരുന്നു അമരം ചിത്രീകരിച്ചത്. പുന്നപ്ര മുതല്‍ ഏകദേശം ചെല്ലാനം വരെ നീളുന്ന ഭാഷണരീതിയാണിവിടെയുള്ളത്. സാധാരണയില്‍ക്കവിഞ്ഞ നീട്ടലുള്ള 'എക്‌സ്​പ്രഷന്‍സി'ലധിഷ്ഠിതമായ ഭാഷയാണത്. സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയിലെ 40%ത്തോളം വരുന്ന ഹിന്ദൂക്കള്‍ക്കും, 35% ക്രിസ്ത്യാനികള്‍ക്കും, 25% മുസ്ലീം ജനതക്കുമിടയില്‍ പ്രാദേശികതയും ജാതിയും മറ്റും ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരവധി ഭാഷാപരമായ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും കടലോരത്തിന് മൊത്തത്തില്‍ സമാനമായ ഒരു സംസ്‌കാരമാണുള്ളത്. ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊതുവായ ചരടില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്ന ഈ കടലോരജനത മറ്റുള്ളവരെ അപേക്ഷിച്ച് പരസ്​പരം കൂടുതല്‍ ഇടപഴകുന്നവരാണ്. അയല്‍പക്കങ്ങള്‍ക്കിടയില്‍ അടഞ്ഞ വാതിലുകളുടെ പ്രതിബന്ധങ്ങള്‍ പോലും പലപ്പോഴും ഉണ്ടാകാറില്ല. സാങ്കേതികതയിലൂന്നിയ വ്യത്യസ്തതകള്‍ എത്രതന്നെ ചൂണ്ടിക്കാട്ടിയാലും ശരി അത്തരക്കാരുടെ ഭാഷക്ക് കടപ്പുറം ഭാഷയെന്ന ശക്തമായ പൊതുധാരയില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.

സൂക്ഷ്മാംശബദ്ധമായി പഠനാര്‍ഹമാക്കിയില്ലെങ്കില്‍ക്കൂടി കടപ്പുറം ഭാഷയെ നമുക്ക് പ്രാദേശികമായി വിഭജിക്കാന്‍ കഴിയും; വിഴിഞ്ഞം -പുന്നപ്ര,പുന്നപ്ര-മുനമ്പം, മുനമ്പം- ബേപ്പൂര്‍, ബേപ്പൂര്‍-ബേക്കല്‍ എന്നിങ്ങനെ. ഇതില്‍ ഓരോ സോണിലും ഭാഷയില്‍ പ്രാദേശികമായ ചില കൂട്ടിച്ചേര്‍ക്കലും കൊഴിച്ചുനീക്കലും നടക്കുന്നു. ഒപ്പം തനതായ ആംഗികസംവേദനങ്ങള്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയായും മാറുന്നു. കേരളത്തിലെ തീരമേഖലയിലെ 8.5 ലക്ഷത്തിലധികം വരുന്ന ജനതക്കിടയിലെ നിര്‍ണ്ണായകവിഭാഗത്തിന്റെ ജീവല്‍ഭാഷയാണ് കടപ്പുറം ഭാഷയായി അറിയപ്പെടുന്നത്. ഏതൊരു പ്രാദേശികഭാഷയിലുമെന്നതുപോലെ കടപ്പുറം ഭാഷയിലും അതിന്റെ ചട്ടക്കൂടിന് പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് ആദ്യം കണ്ടെത്താന്‍ കഴിയുന്നത് ഹാസ്യരസമാണ്.

'എല്ലാ സ്ഥലത്തെ ഭാഷയും നമുക്ക് കേള്‍ക്കുമ്പോള്‍ ഈയൊരു ഹാസ്യം തോന്നാം. അത് മലബാറോ തൃശൂരോ കുന്നംകുളമോ പാലക്കാട്ടോ എന്നുള്ളതല്ല; ഹാസ്യമായി അവതരിപ്പിക്കപ്പെടുന്നതു കൊണ്ടാണ്. ഒരു പെര്‍ഫോമന്‍സ് ആയി വരുന്നു. മോക്കു ചെയ്യപ്പെടുകയാണവിടെ. അതുകൊണ്ടാണ് ഹാസ്യം അനുഭവപ്പെടുന്നത്. അമരം എന്ന സിനിമയില്‍ ആദ്യാവസാനം കടലോരത്തെ ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്. കടലോരത്തെ മത്സ്യത്തൊഴിലാളികളുടെ ഭാഷ നമ്മള്‍ പറയുമ്പോള്‍ അതില്‍ തമാശ മാത്രമല്ല വരുന്നത്. അവരുടെ ഭാഷയും സംസാരരീതിയും ജീവിതവുമാണ് സിനിമയിലുള്ളത്.' -അച്ചൂട്ടി എന്ന നായകനിലൂടെ കടപ്പുറത്തിന്റെ സന്തോഷവും സങ്കടവും ഏകപക്ഷീയമായ വികാരങ്ങളും ഒരു തിരത്തള്ളല്‍ പോലെ അനുഭവിച്ച് അഭിനയിച്ച മമ്മൂട്ടി അഭിപ്രായപ്പെടുന്നു

അച്ചു ; വെറുക്കാന്‍ മേലാത്ത മൂന്നു കാര്യമേ അച്ചൂനുള്ളൂ. ഒന്നെന്റെ മുത്ത്. പിന്നെയീ കടാല്.പിന്നെ നീ...
ചന്ദ്രി : ഊം;മയക്കണ വര്‍ത്താനം പറയാനറിയാം.
അച്ചു : ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണല്ലോ. ചീത്തപ്പേരു കേപ്പിക്കാണ്ട് വേഗം പോ.
ചന്ദ്രി : ചങ്കൊന്നെടുത്തുകാണേണ്ടെന്റെ പൊന്നേ. എനിക്കറിയാം. മുരപ്പത്തരം കാണിക്കുമ്പോഴും എന്നോടിഷ്ടമാണെന്ന്.

'ഈയൊരു സ്ലാംഗ് തന്നെയാണ് ചിത്രത്തിന്റെ വന്‍വിജയത്തിന് കാരണമായത്. മമ്മൂട്ടി വളരെയധികം പെയിന്‍ എടുത്തിരുന്നു. പ്രത്യേകിച്ചും ഭാഷയുടെ കാര്യത്തില്‍.  ചിത്രത്തില്‍ ഏറ്റവും കണ്‍സിസ്റ്റന്റ് ആയി ഭാഷ പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്.' - അമരത്തിന്റെ സംവിധാനസഹായി ആയിരുന്ന ജോര്‍ജ്ജ് കിത്തു പറയുന്നു. ഭാഷയുടെ കാര്യത്തില്‍ പല അഭിനേതാക്കള്‍ക്കും പ്രചോദനം മമ്മൂട്ടിയായിരുന്നു. അവരില്‍ പലര്‍ക്കും അദ്ദേഹം പരിശീലനവും നല്‍കി. 'മമ്മൂട്ടിക്ക് വളരെ വേഗം ഭാഷ വഴങ്ങുന്ന രീതിയാണ് അവിടെക്കണ്ടത്. എല്ലാ ദിവസവും പുള്ളി ലൊക്കേഷനിലുണ്ടായിരുന്നു . അദ്ദേഹത്തിന് വര്‍ക്കുമുണ്ടായിരുന്നു. കടപ്പുറത്ത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വീടായി സെറ്റിട്ടിരുന്ന സ്ഥലത്തായിരുന്നു ഇരിപ്പൊക്കെത്തന്നെ.' ഭാഷയുടെ കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ പ്രകടനം അമരത്തില്‍ കാഴ്ചവച്ച കെ പി എ സി ലളിതക്ക് ഷൂട്ടിംഗ് ദിനങ്ങള്‍ ഇന്നും കണ്‍മുന്നില്‍ത്തന്നെയുണ്ട്.


ആശയത്തിന്റെ ചാലകമായിരിക്കുന്നതിനൊപ്പം സഞ്ചിതസംസ്‌കാരത്തിന്റെ ഉപാധി കൂടിയാണ് ഭാഷ. ഇത്തരം ആശയവ്യാപനത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാഷാപരമായ വ്യത്യാസങ്ങള്‍ ലിംഗഭേദമനുസരിച്ചു പോലും പ്രകടമായേക്കാം. അതിനര്‍ത്ഥം പുരുഷന്‍മാരുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീകളുടെ ഭാഷ എന്നല്ല. ഭാഷാശാസ്ത്രജ്ഞനുമാത്രം താല്‍പ്പര്യം തോന്നുന്ന ചില പ്രത്യേകതകള്‍ ഇരുകൂട്ടരുടെയും കടലോരഭാഷയില്‍ കണ്ടെത്താം. ഭാഷക്കുള്ളിലെ ഭാഷ എന്നാണതിനെ വിളിക്കുന്നത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ മുക്കുവഭാഷ തന്നെ ഉദാഹരണം. ഇവിടെ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഭാഷാഭേദമുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
( സത്രീഭാഷ : പഴം,കഞ്ചി, കുഴി
പുരുഷഭാഷ : പളം,കഞ്ചു,കുളി
അര്‍ത്ഥം : പഴം,കഞ്ഞി,കുഴി )
കടലിലും തീരത്തുമായി മത്സ്യബന്ധനത്തൊഴിലാളികളായ പുരുഷന്‍മാരുടെ ഭാഷ ഒതുങ്ങുമ്പോള്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതരസമൂഹവുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. മത്സ്യം വിറ്റുനടക്കുമ്പോള്‍ മറ്റു വിഭാഗക്കാരുമായി ആശയവിനിമയം സാധ്യമാകുന്നതോടെ മുക്കുവസ്ത്രീകളില്‍ പലര്‍ക്കും ഭാഷ കുറെക്കൂടി മെച്ചപ്പെടുന്നു. അവരുടെ ഭാഷ പുരുഷന്‍മാരുടേതില്‍ നിന്ന് ചെറിയ തോതിലെങ്കിലും വ്യത്യസ്തമാകുന്നതിന്റെ യുക്തി അതാണ്.

ചെമ്മീനിലെയും അമരത്തിലെയും ഭാഷ മാത്രമല്ല, ഉടനീളമുള്ള കടലോരഭാഷ തന്നെ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് വേണം കരുതാന്‍. മത്സ്യബന്ധനത്തിനപ്പുറമുള്ള തൊഴില്‍ മേഖലകളും വിദ്യാഭ്യാസപുരോഗതിയുമാണ് ഇതിന്റെ പ്രധാനകാരണം. കടലോര ഭാഷയുടെ ആര്‍ജ്ജവം നിഷ്‌കളങ്കതയും നൈര്‍മ്മല്യവുമാണ്. തകഴിയുടെ ചെമ്മീനിലെ ചക്കിയെയും കറുത്തമ്മയെയും നോക്കുക. പരീക്കുട്ടിയുമായി അടുപ്പമുണ്ടെന്ന ശങ്കയില്‍ മകളെ ചക്കി ഉപദേശിക്കുന്നത് ഇപ്രകാരമാണ്.
-ഈ കടാലു ചെലപ്പം കരിയേണതെന്താന്നാ വച്ചാ, കടലമ്മാക്കു ദേഷ്യം വന്നാലെക്കൊണ്ടു എല്ലാം മുടിക്കും. ഇല്ലേല് മക്കാക്ക് എല്ലാം തരും. കനകക്കട്ടിയോണ്ടു മൊകാളെ കടലീല് ,കനകാക്കട്ടി.
-ശുത്തമാ മൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തു മരക്കാത്തീന്റെ ശുത്തമാ
-ഈ കരേല് കേറ്റി വാച്ചവള്ളാത്തിന്റെ മറയും കുറ്റിക്കാടും ഓക്കേ സൂക്ഷിക്കേണ്ടേടമാ.
-നിനാക്കു മൊലേം തലേം വന്ന പ്രായമാകൊച്ചുമൊതലാളിമാരും ഇപ്പാഴത്തേ കണ്ണും തലേമില്ലാത്ത ചെറുവാല്യാക്കാരും നിന്റെ കുണ്ടീക്കും നെഞ്ചാത്തും തൊളച്ചുനോക്കും
-എന്റെ മൊകാളു മേലം കടാലു കരീച്ച് തൊറേലൊള്ളോരെടെ വായി മണ്ണടിക്കല്ലേ.

ഉപയോഗിച്ച കടപ്പുറം ഭാഷക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം പ്രതിഷേധശരങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നു. ഭാഷാപരമായി മാത്രമല്ല കടലോരജനതയെ അവതരിപ്പിച്ച രീതിയും വിമര്‍ശിക്കപ്പെട്ടു. അമരം എന്ന സിനിമക്കും ഇതേ അനുഭവം തന്നെയുണ്ടായി. ഒരു ജനതയെ അപമാനിക്കുന്ന ഭാഷാപ്രയോഗമാണ് ചിത്രത്തിലേതെന്ന ആരോപണത്തോടൊപ്പം ഷൂട്ടിംഗ് സ്ഥലത്ത് സമരഭീഷണിയും ഉയര്‍ന്നു. ഭാഷയെ തമാശയാക്കിക്കാട്ടുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ വിമര്‍ശനങ്ങള്‍ അപ്രസക്തമായി. കടപ്പുറത്തിന്റെ യഥാര്‍ത്ഥ സ്​പന്ദനം അമരത്തിലൂടെ അനാവൃതമാകുകയായിരുന്നു.

വക്താവിന്റെ ആന്തരികാനുഭവങ്ങളുടെ പ്രതിഫലനമാണ് ഭാഷ. അനുഭവതീവ്രതയനുസരിച്ച് ഭാഷാപ്രകടനത്തിലും ഭാവാംശങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. യന്ത്രവല്‍കൃതമത്സ്യബന്ധനമില്ലാത്ത കാലത്ത് രൂപപ്പെട്ട ഭാഷണവൈവിധ്യമാണ് കടപ്പുറം ഭാഷയുടേത്. കടലിരമ്പത്തെ മറികടക്കുന്ന ശബ്ദഭാഷ അവിടെ അനിവാര്യമാണ്. സാധാരണ സംഭാഷണം പോലും പതിവില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തിയുള്ളതായിരിക്കും; ശബ്ദത്തിന്റേതായ 'ഡബിള്‍ ഇഫക്ട് '. പെട്ടെന്ന് ക്ഷോഭിക്കുകയും പെട്ടെന്ന് ശാന്തമാകുകയും ചെയ്യുന്ന ശീലവും ഇക്കൂട്ടരില്‍ ആരോപിക്കാം. അമരത്തിലെ അച്ചു ജീവിക്കുന്നത് മകള്‍ക്കുവേണ്ടി മാത്രമാണ്. മകളുടെ എസ് എസ് എല്‍ സി പരീക്ഷാറിസള്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്, അവളെ ഡോക്ടറാക്കുന്നതിനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍, എല്ലാ സ്വപ്‌നങ്ങളും തച്ചുടക്കപ്പെടുമ്പോഴുണ്ടാകുന്ന വ്യക്തിപരമായ തകര്‍ച്ച... ഇങ്ങനെ അച്ചുവില്‍ നാം ദര്‍ശിക്കുന്നത് വികാരപ്രകടനങ്ങളുടെ കടലിരമ്പമാണ്. അസാധാരണമായ ഭാവപ്രകടനം സമ്യക്കായി ഭാഷയില്‍ ലയിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞതോടെ പ്രേക്ഷകലക്ഷങ്ങള്‍ കടപ്പുറം ഭാഷക്ക് വിജയവീഥിയൊരുക്കുകയും ചെയ്തു.

'ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്...കരയണ കണ്ടാ സമാധാനിപ്പിക്കും.ചിരിക്കണ കണ്ടാ കൂടെ ചിരിക്കും...കണ്ടാ വിളിക്കണ കണ്ടാ;സമാധാനിപ്പിക്കാനാണ്.കരയണ്ടെന്നും പറഞ്ഞ് സമാധാനിപ്പിക്കാന്‍.'
ഒരു കടലോളം വികാരവിക്ഷോഭങ്ങളുമായി അവസാനത്തെ സീനില്‍ ആഴക്കടലിലേക്ക് ചെറുവള്ളം തുഴഞ്ഞകലുന്ന അച്ചു എന്ന അരയന്‍ കടപ്പുറം ഭാഷയുടെ അമരത്തിരുന്നുകൊണ്ട് പ്രേക്ഷകമനസ്സിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് നടത്തിയത്.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.