Thursday, January 29, 2009

ലവ്‌ ഇന്‍ സിംഗപ്പോര്‍ (Love In Singapore)

മമ്മൂട്ടി നായക കഥാപാത്രത്തിലെത്തിന്ന ആദ്യത്തെ റാഫി-മെക്കാര്‍ട്ടിന്‍ ചിത്രമാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തന്നെയാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ റാഫിയാണ്‌. തെലുങ്കു നടി നവനീത്‌ കൌര്‍ ആണ്‌ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സലീം കുമാര്‍, രാജന്‍.പി.ദേവ്‌, ബിജു കുട്ടന്‍, ജയസൂര്യ, ജനാര്‍ദ്ദനന്‍, ലാലു അലക്സ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, മങ്കാ മഹേഷ്‌, സുകുമാരി, ഗീതാ വിജയന്‍, ശ്രുതി ലക്ഷ്മി തുടങ്ങി ഒരു ചെറിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്‌. ലളിതമായ ഒരു കഥ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. അതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍.

ഇത്‌ മച്ചുവിന്റെ (മമ്മൂട്ടി) കഥയാണ്‌. ആദ്യ രംഗത്തില്‍ തന്നെ സിംഗപ്പൂരില്‍ കറങ്ങി നടക്കുന്ന മച്ചു, ആരെയോ അന്വേഷിക്കുന്നു എന്നു പറയുന്നു. ആദ്യ പകുതിയെ ഒരു ഫ്ലാഷ്‌ ബാക്കു പോലെ അവതരിപ്പിച്ച്‌ കഥ പറഞ്ഞിരിക്കുന്നു. തെരുവില്‍ പാട്ട പറുക്കി നടന്ന ഒരു തെരുവിന്റെ സന്തതിയായ ഒരു ചെക്കന്‍ വളര്‍ന്ന്‌ കോടീശ്വരനാകുന്നു. എല്ലാവരേയും മച്ചു മച്ചു എനു വിളിക്കുന്ന അവന്റേ പേരു്‌ മച്ചു എന്നായി മാറി. ബാല്യകാല സുഹൃത്തുക്കളായ ഷുക്കൂര്‍ ഖാനും (സലീം കുമാര്‍) നാരായണ്‍ജി (ബിജുക്കുട്ടന്‍) എന്നിവരാണ്‌ മച്ചുവിന്റെ സന്തതസഹചാരികള്‍. തെരുവിന്റെ മക്കളായതിനാല്‍, സാധാരണക്കാരോട്‌ അനുകമ്പയും സ്നേഹവുമെല്ലാം മച്ചുവിനം സുഹൃത്തുക്കള്‍ക്കും ഉണ്ട്‌. കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സ്ക്രാപ്പ്‌ ഡീലറായ മച്ചു, ബിസിനസ്സ്‌ ഉപദേഷ്ടാവായ സായിപ്പിനെ (നെടുമുടി വേണു) പരിചയപ്പെടുന്നതോടെ, മച്ചുവിനു മുന്നില്‍ സ്വപ്നങ്ങളുടെ മറ്റൊരു വലിയ ലോകം തുറക്കപ്പെടുകയാണ്‌. ഷെയര്‍ മാര്‍ക്കറ്റ്‌ ബിസിനസ്സ്‌ ചെയ്യുന്ന സായിപ്പ്‌ ഒരു സുപ്രഭാതത്തില്‍ മച്ചുവിന്റെ പണവും, ബിസിനസ്സില്‍ നഷ്ടം വന്നു എന്നു പറഞ്ഞ്‌, ആതമഹത്യക്കു ശ്രമിക്കുന്നു. എന്നാല്‍ അതിനു പകരമായി, മച്ചു സായിപ്പിന്റെ മകളെ കല്യാണം കഴിച്ചോളാം എന്നു പറയുന്നു. പക്ഷേ ആള്‍മാറാട്ടം നടത്തി, മച്ചുവിനെ കബളിപ്പിച്ച്‌ സായിപ്പ്‌ സിംഗപ്പൂരിലേക്കു കടന്നു കളയുന്നതോടെ കഥാഗതി തിരിയുകയാണ്‌. സായിപ്പിനെ കണ്ടുപിടിക്കാനും, കണ്ടുപിടിച്ച്‌ തന്റെ പണം തിരികെ നേടാന്‍ മച്ചു സിംഗപ്പൂരിലേക്ക്‌ തിരിക്കുന്നു. ഇതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രത്തിനെ ഇതിവൃത്തം..

അഭിനയത്തില്‍ മമ്മൂട്ടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മമ്മൂട്ടിയെ പോലൊരു നടന്‌ അഭിനയിച്ചു ഫലിപ്പിക്കാന്‍ തക്കതൊന്നും ഈ ചിത്രത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഒരു വിധം നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ സഹചാരികളായി വരുന്ന സലീംകുമാറും ബിജുക്കുട്ടനും വളരെ നന്നായി തന്നെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കി അഭിനയിച്ചിരിക്കുന്നു. ചെറിയ റോളെങ്കിലും ജയസൂര്യ, തന്റെ അഭിനയം മികച്ചതാക്കി. രാജന്‍.പി.ദേവിന്റെ കഥാപാത്രത്തെ എവിടോക്കെയോ കണ്ടു മറന്നതു പോലെ തോന്നി. സുരാജ്‌ വെഞ്ഞാറമൂടിന്റെ കഥാപാത്രം സ്ഥിരം പാറ്റേണിലുള്ളതാണെങ്കിലും, വളരെക്കുറച്ച്‌ തമാശ രംഗങ്ങളേ കൈകാര്യം ചെയ്യുന്നുള്ളു. ജനാര്‍ദ്ദനനും, സുകുമാരിയും, ഗീതാവിജയനുമെല്ലാം വന്നു പോകുന്ന കഥാപാത്രങ്ങളായപ്പോള്‍, ചെറുതെങ്കിലും, ലാലു അലക്സ്‌ തന്റെ പോലീസ്‌ വേഷത്തെ മോശമാക്കിയില്ല. നായിക നവനീത്‌ കൌര്‍ ഇടക്കിടെ വന്നു പോകുമെന്നല്ലാതെ, അവസാന സീനില്‍ വരെ കാര്യമായൊന്നും ചെയ്യാനില്ല. ദൌര്‍ഭാഗ്യവശാല്‍ കഥ ചുറ്റിപറ്റി നില്‍ക്കുന്നത്‌ ഈ കഥാപാത്രത്തേയും. റാമ്പ്‌ രംഗങ്ങളില്‍ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. വിവിധ വേഷഭൂഷാദികളില്‍ രംഗത്തെത്തുന്ന മമ്മൂട്ടി, ഇപ്പോഴും താന്‍ തന്നെയാണ്‌ മലയാളത്തിലെ ഏറ്റവും ചെറുപ്പം നിലനിര്‍ത്തുന്ന നടന്‍ എന്ന്‌ നിസ്സംശയം തെളിയിച്ചിരിക്കുന്നു.

വളരെ ലളിതമായ കഥ എന്നത്‌, ഈ കഥയുടെ പ്ലസ്സ്‌ ആകുമ്പോള്‍, അതു തന്നെ ഈ കഥയുടെ ന്യൂനതയുമാകുന്നു. ഒട്ടനവധി മികച്ച തമാശരംഗങ്ങള്‍ ഉണ്ടങ്കിലും, അവയെ കോര്‍ത്തിണക്കിയപ്പോള്‍ ഒരല്‍പം അഭംഗി തോന്നി. അതാണ്‌ റാഫി-മെക്കാര്‍ട്ടിന്റെ ഈ തിരക്കഥയുടെ പ്രധാന പ്രശ്നമായി തോന്നിയതു്‌. പക്ഷേ, മച്ചുവിനെ പറ്റിക്കുവാന്‍ നടത്തുന്ന ആള്‍മാറാട്ട രംഗങ്ങളും, ജയസൂര്യയുടെ രംഗപ്രവേശവുമെല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തന്റെ ശക്തി ഉപയോഗിക്കുന്നതില്‍ കൂടുതല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന മച്ചുവിനെയാണ്‌ നാം കാണുക. അമാനുഷിക കഥാപാത്രമില്ല എന്നത്‌ ഈ കഥയുടെ ഒരു പ്ലസ്സാണ്‌. സംവിധാനത്തില്‍ റാഫി-മെക്കാര്‍ട്ടിന്‍ ഒരുപാട്‌ പിന്നോക്കം പോയിരുന്നു. ഒരു ലളിതമായ കഥയില്‍ ഇത്രയും വലിയൊരു ചിത്രം നിര്‍മ്മിക്കുക എന്നത്‌ തന്നെ ഒരു വലിയ പരീക്ഷണമാണ്‌. കഥാപാത്രങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ചിത്രത്തെ ഇനിയും മികച്ചതാക്കി മാറ്റാം കഴിയുമായിരുന്നു എന്ന്‌ തോന്നി. കഥയുടെ തുടക്കം കണ്ടാലെ ഒടുക്കം ഊഹിക്കാമെങ്കിലും, അവസാനം ഊഹത്തിനപ്പുറത്തേക്കെത്തിച്ചിരിക്കുന്നു എന്നത്‌ ഒരു നല്ല കാര്യമാണ്‌.

ഈ ചിതത്തിന്റെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്‌ സുരേഷ്‌ പിറ്റേഴ്സാണ്‌. ഗാനരചന, രാജീവ്‌ ആലുങ്കലും സന്തോഷ്‌ വര്‍മ്മയും. റാഫി മെക്കാര്‍ട്ടിന്റെ സ്ഥിരം ടീമായ സുരേഷ്‌ പീറ്റേഴ്സിന്‌, ആ പഴയ പ്രഭാവം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വെറുതെ കുറച്ചു ശബ്ദങ്ങള്‍ കുത്തിനിറച്ചതു പോലെ അനുഭവപ്പെട്ടു. ഗാനങ്ങളുടെ വരികള്‍, ഒരിത്തിരി ശ്രമപ്പെട്ട്‌ അറിയാന്‍ ശ്രമിച്ചെങ്കിലും അവയും നിരാശപകരുന്നതായിരുന്നു. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതം മികച്ചതായി തോന്നി. ചിത്രത്തിന്റെ സാങ്കേതിക മികവ്‌ ആരേയും ആകര്‍ഷിക്കുന്നതാണ്‌. സിംഗപ്പൂരിന്റെ ഭംഗി ഒപ്പിയെടുത്ത ക്യാമറാമാന്‍ സഞ്ജീവ്‌ ശങ്കര്‍, റാമ്പ്‌ സീനുകളേയും മികച്ച രീതിയില്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കലാസംവിധാനത്തില്‍ ബോബന്റെ കഴിവും സഞ്ജീവിനെ സഹായിച്ചിട്ടുണ്ടാവണം. ഹരിഹരപുത്രന്റെ എഡിറ്റിംഗും നന്നയി, പക്ഷേ ഇടക്കു ഒന്നു രണ്ടിടങ്ങളില്‍ സീനുകള്‍ തമ്മില്‍ ബന്ധമില്ലാത്തതു പോലെ തോന്നി, പിന്നെ എന്റെ സുഹൃത്താണ്‌ പറഞ്ഞത്‌, അത്‌ തീയേറ്ററുകാര്‍ കത്രിക വച്ചതാണെന്ന്‌!!! അധികം സംഘട്ടന രംഗങ്ങള്‍ ഇതില്‍ ഇല്ല. ഉള്ളവ ഭംഗിയായി ചെയ്തിരിക്കുന്നു.

ഇതൊരു ഫാന്‍സിനു വേണ്ടിയുള്ള സിനിമ എന്നു വേണമെങ്കില്‍ പറയാം, പക്ഷേ അമാനുഷികമായി ഒന്നുമില്ല എന്നത്‌ അവരെ നിരാശരാക്കിയിരിക്കും, തീര്‍ച്ച. അഭിനയത്തേക്കാള്‍ ഇതിന്റെ ദൌര്‍ബല്യമായി എനിക്ക്‌ തോന്നിയത്‌ തിരക്കഥയും സംവിധാനവുമാണ്‌. ഈ ചിത്രത്തെ ഇതിലും മികച്ചതാക്കാന്‍, ഒരു മികച്ച തിരക്കഥാകൃത്തിനും, സംവിധായകനും കഴിയും എന്നു തോന്നിപ്പോയി, പലവട്ടം. ഈ ചിത്രത്തിന്റെ ആകെ തുക എന്നത്‌, കുടുംബവുമായി അല്‍പനേരം തീയേറ്ററില്‍ പോയിരുന്ന്‌ ചിരിക്കാം. പക്ഷേ ഒരിക്കലും ഒരു നിരൂപകന്റെ മനസ്സുമായി ഇതു കാണാന്‍ പോകരുത്‌, അതു നിങ്ങളെ നിരാശപ്പെടുത്തും....

Monday, January 5, 2009

സംഗീതത്തിന്റെ രാജകുമാരന്‌ ജന്മദിനാശംസകള്‍

ഇന്ത്യന്‍ സംഗീത ശാഖയുടെ സ്വകാര്യ അഹങ്കാരമായ സംഗീത മാന്ത്രികന്‍ അള്ളാ രഖാ റഹ്മാനെന്ന എ.ആര്‍ റഹ്മാന്‌ എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍. സംഗിതം കൊണ്ട്‌ നമ്മേ വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജനനം 1966, ജനുവരി 6ന്‌ ചെന്നയില്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ക്ക്‌ സംഗീത സംവിധാനം നല്‍കിയ ആര്‍.കെ.ശേഖറാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌. സംഗീത കുടുംബത്തില്‍ ജനിച്ച റഹ്മാന്റെ ആദ്യനാമം ദിലീപ്‌ കുമാര്‍ എന്നായിരുന്നു. പിന്നീട്‌ കുടുംബമൊന്നാകെ മതം മാറിയപ്പോള്‍ അദ്ദേഹം റഹ്മാനെന്ന നാമം സ്വീകരിച്ചു. വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചിരുന്ന അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ പല ബാന്ഡുകളിലും അംഗമായിരുന്നു. അതു വഴി അദ്ദേഹം ഇളയരാജയുടെ ട്രൂപ്പിലും എത്തി. എം.എസ്‌ വിശ്വനാഥന്‍, രമേഷ്‌ നായിഡു എന്നിവരുറ്റെ ട്രൂപ്പുകളില്‍ ജോലി നോക്കിയ അദ്ദേഹം, കുന്നക്കുടി, സാക്കിര്‍ ഹുസൈന്‍ എന്നിവരുമൊത്ത്‌ കലാപരിപാടികള്‍ക്കായി ലോകപര്യടനവും നടത്തി.

1991ല്‍ സ്വന്തമായി പഞ്ചതന്ത്രമെന്ന റെക്കോര്‍ഡിങ് സ്റ്റൂഡിയോ തുടങ്ങിയ അദ്ദേഹം, കുറെ പരസ്യചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനവും നിര്‍വഹിച്ചു. തുള്ളി നീലം ഹായ്‌.. എന്നു തുടങ്ങുന്ന റീഗല്‍ തുള്ളിനീലത്തിന്റെ പരസ്യം ഇന്ത്യക്കാര്‍ മറക്കുമെന്ന്‌ തോന്നുന്നില്ല. 1992ല്‍ മണിരത്നം, തന്റെ ചിത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടെയാണ്‌ റഹ്മാനെക്കുറിച്ചറിയുന്നതും അദ്ദേഹത്തെ "റോജ"ക്കായി സംഗീത സംവിധാനം ചെയ്യാന്‍ ക്ഷണിക്കുന്നതും. അത്‌ അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള രജത കമലം സ്വന്തമാക്കിയ അദ്ദേഹം പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ 17 വര്‍ഷമായി നമ്മേ, പല ഭാഷകളില്‍ മികച്ച സംഗീതം നല്‍കി ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയിലേക്കു വരുന്നതിനു മുന്നെ, അദ്ദേഹം യോദ്ധാ എന്ന മലയാള ചിത്രത്തിനും സംഗീതം നല്‍കി. മിന്‍സാര കനവ്‌, ലഗാന്‍, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും മൂന്നു തവണ കൂടി രജത കമലം സ്വന്തമാക്കി. സംഗീത സംവിധായകന്‍ എന്നതിലുപരി, സ്വന്തം സംഗീതത്തില്‍ പാടി മികച്ച ഒരു പിടി ഗാനങ്ങളും അദ്ദേഹം നമുക്ക്‌ സമ്മാനിച്ചു. വെള്ളൈ പൂക്കള്‍, ദില്‍സേ രെ...എന്നിവ ഉദാഹരണങ്ങള്‍ മാത്രം. അദ്ദേഹത്തിന്റെ ആല്‍ബങ്ങളായ വന്ദേമാതരവും ജനഗണമനയും ഇന്ത്യന്‍ സംഗീത പ്രേമികളെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്‌. വ്യത്യസ്തമായ ഗാനങ്ങള്‍ ഒരുക്കുന്ന അദ്ദേഹം, ഏതാനും ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നു. തമിഴ്‌ നാട്‌ സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹത്തെ, ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. അടുത്തിടെ അദ്ദേഹത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡിനും നോമിനേറ്റ്‌ ചെയ്യപ്പെട്ടു.

ഇനിയും മികച്ച ഗാനങ്ങള്‍ ഈ ലോകത്തിനു സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെ എന്നും അദ്ദേഹം ഇനിയും പ്രശസ്തിയുടെ ഔന്നത്യത്തിലെത്തട്ടെ എന്നും ഹൃദയപുരസ്സരം ആശംസിക്കുന്നു....

എ.ആര്‍.റഹ്മാനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

മമ്മൂട്ടിയുടെ ബ്ലോഗ്‌


മലയാളികള്‍ക്കും മലയാള സിനിമാ പ്രേമികള്‍ക്കും ആനന്ദം പകരുന്ന ഒരു വാര്‍ത്തയായിരുന്നു പത്മശ്രീ ഭരത്‌ മമ്മൂട്ടി ബ്ലോഗിങ്‌ തുടങ്ങന്നു എന്ന്‌. എണ്ണിയാലൊടുങ്ങാത്ത ബ്ലോഗര്‍മാരുടെ ഇടയിലേക്ക്‌ ഒരു സൂപ്പര്‍സ്റ്റാര്‍ കടന്നു വരുക എന്നത്‌ തികച്ചു ആകസ്മികവും ബ്ലോഗറെ സംബന്ധിച്ചിടത്തോളം ആവേശകരവുമായ ഒന്നാണ്‌. ബോളിവുഡ്‌ സൂപ്പര്‍ താരങ്ങളായ അമിതാഭ്‌ ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരുടെ ചിവടു പിടിച്ചാണ്‌ മമ്മൂട്ടിയും ബ്ലോഗിങ്‌ രംഗത്തേക്കു കടന്നു വന്നത്‌. അമിതാഭിനും അമീറിനും ലഭിച്ച അതേ സ്വീകരണമാണ്‌ മമ്മൂട്ടിക്കും ലഭിച്ചിരിക്കുന്നത്‌. ആയിരക്കണക്കിന്‌ ഹിറ്റാണ്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ സൈറ്റില്‍ ലഭിച്ചത്‌. അമിതാഭും അമീറും സ്വന്തം ആരാധകരോട്‌ സംവദിക്കാനാണ്‌ ബ്ലോഗിങ്‌ തുടങ്ങിയതെങ്കില്‍, മമ്മൂട്ടി കാലില പ്രസ്കതമായ കാര്യങ്ങളാണ്‌ മലയാളികളോട്‌ സംവദിക്കുന്നത്‌. "ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ." എന്നു പറയുക വഴി, മമ്മൂട്ടി തന്റെ നയം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. സമ്പദ്‌ വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന ഹ്രസ്വമായ തന്റെ ആദ്യത്തെ പോസ്റ്റില്‍ ലോകം ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, അതിന്‌ കാരണഭൂതമായ വസ്തുതകളിലേക്കും, അതിന്റെ വരുംവരായ്കകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. മമ്മൂട്ടിയെ എന്ന നടനെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍, വളരെ പ്രതീക്ഷയോടെ കടന്നു ചെല്ലുമ്പോള്‍ അവര്‍ കാണുന്ന ഇത്തരം ഒരു പോസ്റ്റ്‌ ചിലപ്പോള്‍ അവരെ നിരാശരാക്കിയേക്കാം. നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം പങ്കു വയ്ക്കുമ്പോള്‍, ഒരു അമീര്‍ ഖാന്‍ ബ്ലോഗോ അമിതാബ്‌ ബച്ചന്‍ ബ്ലോഗോ പ്രതീക്ഷിക്കുന്നവര്‍ക്ക്‌ ഒരു പക്ഷേ ഇതങ്ങ്‌ ദഹിച്ചു എന്നു വരില്ല. ആദ്യമായാണ്‌ മലയാളത്തില്‍ ഒരു നടന്‍ ബ്ലോഗിങ്‌ രംഗത്തേക്കു കടന്നു വരുന്നത്‌. ഒരു പക്ഷേ മാതൃഭാഷയില്‍ ബ്ലോഗെഴുതുന്ന ആദ്യത്തെ നടന്‍ കൂടിയാകും അദ്ദേഹം. മുന്നോട്ടുള്ള സമയങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന്‌ കൂടുതല്‍ വിജ്ഞാനപ്രദമായ ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു. എന്തായാലും മലയാളത്തിന്റെ കലാ സാംസ്കാരിക രംഗത്തിന്‌ ഉണര്‍വ്വു പകരുന്ന ഒരു നീക്കമാകട്ടെ ഇത്‌ എന്നാശംസിക്കുന്നു.

മമ്മൂട്ടിയുടെ ബ്ലോഗ്‌

Saturday, January 3, 2009

കണ്ണൂര്‍

കണ്ണൂര്‍ വീണ്ടും നിണമണിയുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ ആവര്‍ത്തിക്കപ്പെടുന്നു. കണ്ണുനീര്‍ വറ്റാത്തെ അവിടുത്തെ അമ്മമാരുടേയും സഹോദരിമാരുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട്‌....

രക്തത്താല്‍ അഭിഷിക്തമാം നാട്‌
നിണച്ചാലൊഴുകിയ പന്‌ഥാവ്‌ മാത്രം
ശാന്തമായിരിക്കും സമയമില്ല
കൊല്ലും കൊലയും നടക്കുന്നു നിരന്തരം
കൊലപാതകങ്ങള്‍ക്കു നിപുണരവര്‍
രക്തബന്ധവുമൊരു തടസ്സമല്ല
വിധവകളാകും സ്ത്രീകള്‍തന്‍
തേങ്ങല്‍ നിലയ്ക്കില്ലൊരിക്കലും
അനാഥരാകും കുട്ടികള്‍ തന്‍ ദു:ഖം
കണ്ടില്ലെന്നു നടിക്കുന്നുവല്ലോ ആ ലോകം
ഇനിയും നിര്‍ത്താതെ തുടര്‍ന്നു വരുന്നു
നിഷ്ഠൂരമാം രാഷ്ട്രീയ കൊലപാതകങ്ങള്‍
ബോംബും വടിവാളുമാണാ കൈകളില്‍
സ്നേഹമെന്തെന്നറിഞ്ഞു കൂടാ
രക്തത്തിന്‍ ഗന്ധമാണെന്തിനും
വെറുപ്പു തോന്നുമൊരു കാടന്‍ സംസ്കാരം
കൊലവിളികളെങ്ങും മുഴങ്ങി കേള്‍ക്കും
വാശിയിലാണവര്‍ ഒരു സമനിലയ്ക്കായ്‌
മരണമെവിടേയും പതിയിരിക്കും
ആഗതമാവുമതെവിടെ നിന്നും
ഉണ്ടാകുമോ ഇതിന്നൊരവസാനം
ശാന്തിയും സമാധാനവും കൈവരുമോ
ലോകത്തിന്‍ പ്രാര്‍ത്ഥനയെന്നുമുണ്ട്‌
ഇനിയെങ്കിലും ശാന്തമാകുമോ കണ്ണൂര്‍....?
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.