Monday, January 5, 2009

സംഗീതത്തിന്റെ രാജകുമാരന്‌ ജന്മദിനാശംസകള്‍

ഇന്ത്യന്‍ സംഗീത ശാഖയുടെ സ്വകാര്യ അഹങ്കാരമായ സംഗീത മാന്ത്രികന്‍ അള്ളാ രഖാ റഹ്മാനെന്ന എ.ആര്‍ റഹ്മാന്‌ എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍. സംഗിതം കൊണ്ട്‌ നമ്മേ വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജനനം 1966, ജനുവരി 6ന്‌ ചെന്നയില്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ക്ക്‌ സംഗീത സംവിധാനം നല്‍കിയ ആര്‍.കെ.ശേഖറാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌. സംഗീത കുടുംബത്തില്‍ ജനിച്ച റഹ്മാന്റെ ആദ്യനാമം ദിലീപ്‌ കുമാര്‍ എന്നായിരുന്നു. പിന്നീട്‌ കുടുംബമൊന്നാകെ മതം മാറിയപ്പോള്‍ അദ്ദേഹം റഹ്മാനെന്ന നാമം സ്വീകരിച്ചു. വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചിരുന്ന അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ പല ബാന്ഡുകളിലും അംഗമായിരുന്നു. അതു വഴി അദ്ദേഹം ഇളയരാജയുടെ ട്രൂപ്പിലും എത്തി. എം.എസ്‌ വിശ്വനാഥന്‍, രമേഷ്‌ നായിഡു എന്നിവരുറ്റെ ട്രൂപ്പുകളില്‍ ജോലി നോക്കിയ അദ്ദേഹം, കുന്നക്കുടി, സാക്കിര്‍ ഹുസൈന്‍ എന്നിവരുമൊത്ത്‌ കലാപരിപാടികള്‍ക്കായി ലോകപര്യടനവും നടത്തി.

1991ല്‍ സ്വന്തമായി പഞ്ചതന്ത്രമെന്ന റെക്കോര്‍ഡിങ് സ്റ്റൂഡിയോ തുടങ്ങിയ അദ്ദേഹം, കുറെ പരസ്യചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനവും നിര്‍വഹിച്ചു. തുള്ളി നീലം ഹായ്‌.. എന്നു തുടങ്ങുന്ന റീഗല്‍ തുള്ളിനീലത്തിന്റെ പരസ്യം ഇന്ത്യക്കാര്‍ മറക്കുമെന്ന്‌ തോന്നുന്നില്ല. 1992ല്‍ മണിരത്നം, തന്റെ ചിത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടെയാണ്‌ റഹ്മാനെക്കുറിച്ചറിയുന്നതും അദ്ദേഹത്തെ "റോജ"ക്കായി സംഗീത സംവിധാനം ചെയ്യാന്‍ ക്ഷണിക്കുന്നതും. അത്‌ അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള രജത കമലം സ്വന്തമാക്കിയ അദ്ദേഹം പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ 17 വര്‍ഷമായി നമ്മേ, പല ഭാഷകളില്‍ മികച്ച സംഗീതം നല്‍കി ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയിലേക്കു വരുന്നതിനു മുന്നെ, അദ്ദേഹം യോദ്ധാ എന്ന മലയാള ചിത്രത്തിനും സംഗീതം നല്‍കി. മിന്‍സാര കനവ്‌, ലഗാന്‍, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും മൂന്നു തവണ കൂടി രജത കമലം സ്വന്തമാക്കി. സംഗീത സംവിധായകന്‍ എന്നതിലുപരി, സ്വന്തം സംഗീതത്തില്‍ പാടി മികച്ച ഒരു പിടി ഗാനങ്ങളും അദ്ദേഹം നമുക്ക്‌ സമ്മാനിച്ചു. വെള്ളൈ പൂക്കള്‍, ദില്‍സേ രെ...എന്നിവ ഉദാഹരണങ്ങള്‍ മാത്രം. അദ്ദേഹത്തിന്റെ ആല്‍ബങ്ങളായ വന്ദേമാതരവും ജനഗണമനയും ഇന്ത്യന്‍ സംഗീത പ്രേമികളെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്‌. വ്യത്യസ്തമായ ഗാനങ്ങള്‍ ഒരുക്കുന്ന അദ്ദേഹം, ഏതാനും ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നു. തമിഴ്‌ നാട്‌ സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹത്തെ, ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. അടുത്തിടെ അദ്ദേഹത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡിനും നോമിനേറ്റ്‌ ചെയ്യപ്പെട്ടു.

ഇനിയും മികച്ച ഗാനങ്ങള്‍ ഈ ലോകത്തിനു സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെ എന്നും അദ്ദേഹം ഇനിയും പ്രശസ്തിയുടെ ഔന്നത്യത്തിലെത്തട്ടെ എന്നും ഹൃദയപുരസ്സരം ആശംസിക്കുന്നു....

എ.ആര്‍.റഹ്മാനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.