Monday, September 19, 2011

മമ്മൂട്ടി:ഭാഷയും ദേശവും- മലബാര്‍ കലാപത്തിലെ ഭാഷ ( ഭാഗം ഒമ്പത്)

നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം. എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഖിലാഫത്ത് കമ്മറ്റികള്‍ വ്യാപകമായി ചേരുന്നു. മാപ്പിളമാര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവും ജന്‍മി ഭൂവുടമകളും സവര്‍ണ്ണ ഹിന്ദുക്കളും ഒരു ചേരിയില്‍.മാപ്പിളമുസ്ലിങ്ങളും കുടിയാന്‍പാട്ടക്കാരും മറുവശത്ത്. ഇപ്രകാരം ഉരുത്തിരിഞ്ഞ പ്രക്ഷോഭപശ്ചാത്തലത്തിലാണ് 1921-ലെ മലബാര്‍കലാപം നടന്നത്.

തോമസ് ടി എസ് ഹിച്ച്‌കോക്ക് , എ എസ് പി ആമു എന്നിവര്‍ ബ്രട്ടീഷ് സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചത് ഏരിക്കുന്നന്‍ ആലിമുസ്ല്യാരും കിഴക്കന്‍ ഏറനാട്ടില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സീതികോയ തങ്ങളുമടക്കമുള്ള നേതാക്കളുമായിരുന്നു. ഏറനാട് , കോഴിക്കോട് വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി പടര്‍ന്നുപിടിച്ച കലാപത്തിന്റെ കേന്ദ്രഭൂമി ഏറനാടുതന്നെയായിരുന്നു. കോഴിക്കോട് മൊത്തമുണ്ടായിരുന്ന അറുപത്തിയഞ്ച് അംശങ്ങളില്‍ ഇരുപത്തിമൂന്നിടത്തും വള്ളുവനാട്ടെ നൂറ്റിപ്പതിനെട്ട് അംശങ്ങളില്‍ അറുപത്തിയെട്ടിടത്തും പൊന്നാനിയില്‍ നൂറ്റിയിരുപതില്‍ മുപ്പത്തിയഞ്ചിടത്തുമാണ് കലാപം ബാധിച്ചത്. അതേസമയം ഏറനാടന്‍ ഭൂപ്രദേശത്ത് അത് സമ്പൂര്‍ണ്ണമായിരുന്നു. ഇവിടെയുണ്ടായിരുന്ന തൊണ്ണൂറ്റിനാല് അംശങ്ങളില്‍ മുഴുവനിടത്തും കലാപത്തിന്റെ കനലുകള്‍ നീറിപ്പുകഞ്ഞു. അക്കാലയളവിലെ ജനസംഖ്യാതോത് പ്രകാരം ഇതരതാലൂക്കുകളില്‍ നിന്നു വിഭിന്നമായി ഏറനാട്ടില്‍ മുസ്ലീം ജനതതി വളരെക്കൂടുതലായിരുന്നു. ഇതും കലാപത്തിന്റെ ആക്കം കൂടാന്‍ കാരണമായി.

ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കും സാമ്രാജ്യത്തിനുമെതിരെയുള്ള സായുധസമരമായിരുന്നു മലബാര്‍കലാപം. മതത്തിന്റെ ദാര്‍ശനികവശങ്ങളും പള്ളികളടക്കമുള്ള സാമൂഹികസ്ഥാപനങ്ങളുടെ സ്വാധീനവും പ്രക്ഷോഭകരുടെ ഏകീകരണത്തിനുവഴിയൊരുക്കി . എന്നാല്‍ ഇക്കാരണം കൊണ്ടുമാത്രം അവയെ കാര്‍ഷികകലാപങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തി വിവക്ഷിക്കേണ്ടതായി വരുന്നില്ല. മലബാര്‍കലാപങ്ങള്‍ക്കും അതിനുമുന്‍പ് ഏറനാട്ടില്‍ നടന്ന കാര്‍ഷികകലാപങ്ങള്‍ക്കുമെല്ലാം ഇത്തരം മതപരമായ സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജന്മിത്തവ്യവസ്ഥയുടെ മര്‍ദ്ദനമുറകള്‍ക്കെതിരെ അന്‍പതോളം ചെറുകലാപങ്ങള്‍ക്കാണ് ഈ പ്രദേശം സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ മാപ്പിളമാര്‍ പ്രതിരോധം തീര്‍ത്തിരുന്നതിന്റെ ശക്തമായ ചരിത്രസൂചനകള്‍ വേറെയുമുണ്ട്. ഉണ്ണിമൂത്തയും അത്തന്‍ഗുരിക്കളും ചെമ്പന്‍പോക്കറുമെല്ലാം ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിയുദ്ധങ്ങളില്‍ പടപ്പന്തിയില്‍ പോരടിച്ചവരുമാണ്.

മലബാര്‍കലാപകാലത്ത് ബ്രട്ടീഷ് ഭരണത്തിന്റെ കാര്യനിര്‍വ്വാഹകരില്‍ പ്രധാനിയായിരുന്ന സര്‍ മാല്‍ക്കോം ഹെയ്‌ലിയുടെ കണക്കുകള്‍പ്രകാരം ആകെ മരണം രണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിഒന്‍പതും മുറിവേറ്റവര്‍ ആയിരത്തിയറുനൂറ്റി അന്‍പത്തിരണ്ടും ശിക്ഷിക്കപ്പെട്ടവര്‍ ഇരുപത്തിനാലായിരത്തി ഒരുനൂറ്റി അറുപത്തിയേഴും തടവിലാക്കപ്പെട്ടവര്‍ മൊത്തത്തില്‍ മുപ്പത്തിയൊന്‍പതിനായിരത്തി മുന്നൂറ്റിനാല്‍പ്പത്തിയെട്ടുമാണ്. നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിയും കൊല ചെയ്തു. മദ്രാസിലും ആന്തമാനിലുമുള്ള ജയിലുകളിലേക്ക് പലരെയുമയച്ചു. നവംബര്‍ 13 ന് പാണ്ടിക്കാട്ടുവച്ച് പട്ടാളത്തെ ആക്രമിച്ച കലാപകാരികളില്‍234 പേര്‍ വധിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ചരക്കുകയറ്റുന്ന വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരേക്കു കൊണ്ടുപോകുമ്പോള്‍ അറുപത്തിയേഴുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഇങ്ങനെ അടിമുതല്‍ മുടി വരെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കൊണ്ടു രൂപപ്പെട്ടതായിരുന്നു മലബാര്‍ കലാപം

ചരിത്രവും സാമൂഹ്യബോധവും ഇഴചേര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് 1921 എന്ന സിനിമ തയ്യാറാവുന്നത്. യഥാര്‍ത്ഥസംഭവഗതികള്‍ക്ക് കഥാപരിവേഷം നല്‍കി ആസ്വാദ്യമാക്കുകയെന്നതായിരുന്നു ചിത്രനിര്‍മ്മാണത്തിലെ വെല്ലുവിളി. മമ്മൂട്ടി, മധു, സുരേഷ്‌ഗോപി, ടി ജി രവി, മുകേഷ്, സീമ, ഉര്‍വ്വശി തുടങ്ങി വമ്പന്‍ താരനിരയെ അണിനിരത്തി അതീവമെയ് വഴക്കത്തോടെയാണ് അക്കാലത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഐ വി ശശി സിനിമ പൂര്‍ത്തിയാക്കിയത്. ലൊക്കേഷന്‍ കണ്ടെത്തുന്നതുമുതല്‍ ഒട്ടേറെ പരിമിതികള്‍ പിന്നണി പ്രവര്‍ത്തകര്‍ നേരിടേണ്ടതായി വന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തണം, ചിലയിടങ്ങളില്‍ നിന്നും ഷൂട്ടിംഗ് കാലയളവിലേക്ക്് ആളുകളെ ഒഴിപ്പിച്ചുമാറ്റണം, ചിത്രീകരണസാധ്യമായ പഴയ വീടുകളും ഇല്ലങ്ങളുംലഭ്യമാക്കണം എന്നുതുടങ്ങി നിരവധിയായിരുന്നു ബുദ്ധിമുട്ടുകള്‍. ജന്മികുടിയാന്‍ ബന്ധങ്ങള്‍ക്കും രക്തരൂക്ഷിതകലാപത്തിനുമിടയിലെ തിളങ്ങുന്ന സംവേദനമാധ്യമമായി ചിത്രത്തിന്റെ കഥാഗതിയിലുടനീളം പ്രതിധ്വനിക്കുന്ന ഏറനാട്ടിലെ പ്രാദേശികഭാഷയും നിര്‍ണ്ണായകമായിരുന്നു. ചിത്രത്തിന്റെ മൂഡ് തന്നെ രൂപപ്പെടുത്തുന്നതില്‍ ഈ പ്രാദേശികഭാഷ നിര്‍ണ്ണായകവുമായിരുന്നു.

'താഴ്ന്ന ജാതിവിഭാഗത്തില്‍പ്പെട്ടവരായിരുന്നു കൂടുതലും മതം മാറിവന്നത്. അവരൊക്കെ മുമ്പേ ജീവിച്ചുവന്ന സാഹചര്യങ്ങളിലെ ഭാഷതന്നെയാണുപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കൊണ്ടോട്ടി പോലുള്ള സ്ഥലങ്ങളില്‍ ....ഞാനെങ്ങനെയാണെന്നു വച്ചാല്‍... വമ്പത്തീ നീയാണ് പെണ്ണ് ,കണ്ടം വച്ച കോട്ട് പോലെയുള്ള പല മുസ്ലിം നാടകങ്ങളിലും അഭിനയിക്കുകയും ക്യാമ്പുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കാ ഭാഷ കൊറച്ചൊക്കെ അറിയാം. എന്റെ സുഹൃത്തുക്കളധികവും മുസ്ലീങ്ങളാണ്.നാടകമാണെങ്കില്‍ കെ ടി മുഹമ്മദ്, ഫുട്‌ബോളാണെങ്കില്‍ അബ്ദുറഹ്മാന്‍, കമന്ററിയാണെങ്കില്‍ പി എ മുഹമ്മദ് കോയ... ഞങ്ങളൊക്കെ കുടുംബസുഹൃത്തുക്കളാണ്. അവരൊക്കെ എന്നെ ആ ഭാഷ പഠിപ്പിക്കുകയായിരുന്നു. വമ്പത്തി നീയാണ് പെണ്ണ് എന്ന നാടകത്തിനുവേണ്ടി പി എന്‍ എം ആലിക്കോയയും മറ്റും വന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു. അള്ളാ എന്ന വാക്ക് അറബിഭാഷയെക്കുറിച്ച് ബേസിക് ധാരണയില്ലാതെ കൃത്യമായി ഉച്ചരിക്കാനാവില്ല. നാക്കിന്റെ അറ്റം അണ്ണാക്കില്‍ തട്ടിച്ചുവേണം അള്ളാ എന്നു പറയാന്‍. അറബിവാക്കുകള്‍ പഠിപ്പിക്കുന്നതിനും അതുച്ചരിക്കുന്നതിനുമൊക്കെ തക്കതായ ശിക്ഷണം വേണം. അതിനവരെന്നെക്കൊണ്ട് പല തവണ പറയിപ്പിച്ച് റിഹേഴ്‌സലെടുത്തു... അങ്ങനെയൊക്കെ ആ ഭാഷ എനിക്ക് അറിയാം. മലപ്പുറത്തും മറ്റു പല പ്രദേശത്തും ജീവിച്ച് അവിടത്തുകാരെക്കൊണ്ടൊക്കെ പറയിപ്പിച്ചെല്ലാമാണ് ആ ഭാഷ അതിലുള്‍പ്പെടുത്തിയത്.' ചിത്രത്തിന്റെ തിരക്കഥാകാരനായ ടി ദാമോദരന്‍ മാഷ് രചനാപശ്ചാത്തലത്തേക്കുറിച്ചോര്‍ക്കുന്നു

കാദറിന് ചരിത്രത്തില്‍ കാര്യമായ സ്ഥാനമൊന്നുമില്ല. പക്ഷേ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സാധാരണക്കാരനായ ചരിത്രപുരുഷന്റെ ഇശ്ചാശക്തിക്കൊപ്പം നിന്ന എന്തിനുംപോന്ന കുറേ ചെറുപ്പക്കാര്‍ക്കിടയില്‍ കാദര്‍ എന്ന മമ്മൂട്ടിക്കഥാപാത്രം അനിഷേധ്യസാന്നിദ്ധ്യമായിരുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തു നിന്നും സിനിമയില്‍ നായകപ്രാധാന്യത്തോടെയാണ് കാദര്‍ ശോഭിച്ചത്. ഇതിനു കാരണം മമ്മൂട്ടി എന്ന ജനപ്രിയ നായകന്റെ സാന്നിധ്യവും അഭിനയമികവും ഭാഷാപ്രയോഗപ്രാവീണ്യവുമാണ്. ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം തന്നെ കാദറിന്റെ തനതുസ്വരൂപം വ്യക്തമാക്കുന്നു.
കാദര്‍ : മൊയ്തീന്ക്കാ ഇതിലെയ്തീതെന്താന്ന് വായ്ക്കാങ്ങക്കറിയാല്ലോ.അള്ളാഹുഅക്ബര്‍...ഒരുമുസ്ലീമായങ്ങളീക്കൊടീനെ ബെടക്കാക്കിയത് ശരിയായീല്ല.ഹൈദ്രൂ...കൊണ്ടുക്കെട്ട്...
മൊയ്തീന്‍ : എടാ കാദറേ ... അഹമ്മതി കാണിച്ചാ അടിച്ചുനിന്റെ പല്ലുഞാന്‍ കൊഴിക്കും...
കാദര്‍ : ങ്ങള് പേടിപ്പിക്ക്യാണോ..
മൊയ്തീന്‍ : ടാ
കാദര്‍ : ങ്ങളിട്ട പോലീസുപ്പായത്തിന്റെ പവറുകാണിച്ചാണ്പറേണേങ്കില് ഈ മീശമുളക്കാത്ത പ്രായത്തില് പട്ടാളക്കാരന്റെ യൂണിഫോറമിട്ടോനാ ഞാന്‍ അന്യനാട്ടി നാലുകൊല്ലം തോക്കും പീരങ്കീം ചീറുന്നേനെടേല് മയ്യത്തുങ്ങളെ ചവിട്ടിമെതിച്ചു നടന്നോനാ.ഇന്റെ പല്ലുകൊഴിക്കാങ്ങക്കു പൂതിയുണ്ടേ വരീന്‍...

ഏറനാടന്‍ ഭാഷയുടെ ചിത്രമാണിത്. ഏറനാടന്‍ മലയാളത്തിന്റെ പ്രധാനസവിശേഷത പ്രാദേശികമായ പ്രത്യേകതകള്‍ തന്നെയാണ്. ബ്രട്ടീഷ് മലബാറിലെ ഏറെ പ്രശസ്തമായ ഈ താലൂക്കില്‍ ജനതയെ പൊതുവായി ബാധിക്കുന്ന ചില ഭാഷാപ്രത്യേകതകള്‍ക്കൊപ്പം നമ്പൂതിരിയും നായന്‍മാരും മാപ്പിളമാരും ചെറുമക്കളും അടക്കം വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ സാമുദായികഭേദങ്ങളും നിലവിലുണ്ട്. എങ്കിലും ഏറനാട്ടെ മലയാളമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ആ ഭാഗത്തെ മുസ്ലീങ്ങളുടെ വാമൊഴിയെന്നാണ് കരുതിപ്പോരുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതുതന്നെ അതിനു കാരണം. 1921 ലെ ജനസംഖ്യ പ്രകാരം ഏറനാട് താലൂക്കില്‍ 2,37,402 മുസ്ലീങ്ങളും 1,66,328 ഹിന്ദുക്കളും 371 ക്രിസ്ത്യാനികളുമാണുണ്ടായിരുന്നത്..

'ഏറനാടന്‍ മലയാളത്തില്‍ ഏറ്റവും പ്രധാനം അതിലെ അറബിവാക്കുകളുടെ സവിശേഷതയാണ്. അവിടത്തുകാര്‍ മൃതദേഹം എന്ന് പറയില്ല. മയ്യത്ത് എന്ന് പറയും. മരിച്ചെന്ന് അവരെപ്പറ്റി പറയില്ല. വഫാത്തായി എന്നേ പറയൂ. ഇത്തരത്തില്‍ ഒരു മുസ്ലീമിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്നു വ്യക്തമാകുന്ന അനവധി വാക്കുകളാണുള്ളത്. മലയാളം പറയുമ്പോള്‍ നീ , നിയ്യ് എന്നു പറയുന്നതും ഇജ്ജ് , ഇഞ്ഞ് എന്നൊക്കെ പറയുന്നതുമെല്ലാം ഒന്നു തന്നെയാണ്. ഏറനാടന്‍ മലയാളത്തെപ്പറ്റി ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍ അറബി-ഉറുദു-പേര്‍ഷ്യന്‍ വാക്കുകളുടെ സങ്കലനവും ഇസ്ലാമിക സംസ്‌കാരത്തിന്റെ സ്വാധീനവുമാണ് അതിലുള്ളത്. മലയാളത്തില്‍ വന്നിട്ടുള്ള വാക്കുകള്‍ നോക്കുക. തമാശ എന്ന വാക്കെടുക്കാം. അത് പേര്‍ഷ്യനാണ്. കത്ത് എന്ന വാക്ക് അറബിയാണ് കലാശം അറബിയാണ്. അങ്ങനെ അറബിഭാഷയിലെ നിരവധിവാക്കുകള്‍ നമ്മള്‍ ജാതിഭേദം കൂടാതെ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ അതിപ്പോ കണ്ടാല്‍ മറ്റൊരുഭാഷാപദമാണെന്ന് തിരിച്ചറിയാനുമാകില്ല. ചുരുക്കത്തില്‍ അവരുടെ വാക്കുകളില്‍ അപൂര്‍വ്വമായിട്ട് പേര്‍ഷ്യന്‍ വാക്കുകളുണ്ട് , ഉറുദുവാക്കുകളുണ്ട്. പിന്നെ അവര്‍ക്കിടയിലുള്ള ഉച്ചാരണഭേദം കൊണ്ടുതന്നെ വ്യത്യസ്തമെന്നു തോന്നുന്നവ വേറെയുമുണ്ട. ' എം എന്‍ കാരശ്േശേരിയുടെ നിരീക്ഷണം ഇപ്രകാരമാണ്.

ഭാഷാശാസ്ത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണ് 'മെറ്റാത്തെസിസ'്.വാക്കിനുള്ളില്‍ വര്‍ണ്ണത്തിന് സ്ഥാനമാറ്റമുണ്ടാകുന്നതാണത്. 'അങ്ങനെയായിരിക്കും' എന്നതിന് 'അങ്ങിനൈയ്ക്കാരം' എന്നു പറയും. 'ആയിരിക്കും' എന്ന വാക്കാണ് 'എൈക്കാരം' എന്നു മാറുന്നത്. ചില ഭാഗത്ത് 'അവകാശം' എന്നുള്ളതിന് 'അകവാശം' എന്നാണുച്ചരിക്കുക. ഇപ്രകാരം ക്രമവ്യതിയാനം സംഭവിച്ച നിരവധി വാക്കുകള്‍ ചൂണ്ടിക്കാട്ടാനാവും. മലയാളത്തിന്റെ സ്വനിമവിന്യാസക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറനാടന്‍ മലയാളത്തില്‍ നിരവധിയാണ്.

1875 കാലയളവില്‍ പൊന്നാനിയുടെ വടക്കേ തീരത്ത് മാനക്കാരകത്ത് കുഞ്ഞിക്കോയയും അണ്ടത്തോടുഗ്രാമത്തില്‍ മൊയ്തുമുസ്ലാരും എഴുതിയ മാലപ്പാട്ടുകളെന്നു പ്രസിദ്ധമായ മാപ്പിളപ്പാട്ടുകളും ഏറനാട്ടിലെ മാപ്പിളമഹാകവി മോയിന്‍കുട്ടിവൈദ്യരുടെ രചനകളും അറബിമലയാളസാഹിത്യസംസ്‌കാരത്തിന് പ്രചാരമേകി. 'ഖജാമു ഈനുദ്ദീന്‍' എന്ന എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ രചനയെ ആധാരമാക്കി മോയിന്‍കുട്ടിവൈദ്യര്‍ എഴുതിയ 'ഹുസ്‌നുല്‍ ജമാലി'ന്റെയും 'ബദറുല്‍ മുനീറി'ന്റെയും പ്രണയകാവ്യം അറബിമലയാളത്തിലെ മഹാകാവ്യമായി മാറി. ഇത്തരത്തില്‍ മാപ്പിളമലയാളത്തിന്റെ ഏറനാടന്‍ സ്പന്ദനം രചനകളില്‍ കൊണ്ടുവന്ന സാഹിത്യകാരന്‍മാര്‍ ഉറൂബ് , ചെറുകാട്, പുലിക്കൂട്ടില്‍ ഹൈദര്‍, ചാക്കീരി മൊയ്തീന്‍കുട്ടി തുടങ്ങി ഒട്ടേറെ പേരുണ്ട്. മാപ്പിളമലയാളത്തിന്റെ തനതു സ്വഭാവം പ്രകടമാക്കുന്ന ഒരു രചന നോക്കൂ;
മൊയ്തു : ന്റെ ആലിക്കുട്ടി വഹാബ്യോളെ. പുത്യേ പള്ളിക്കക്ക് പോണത്‌കൊണ്ട് ആജ്യാര് ഭൂമി ഒയിപ്പിച്ചുംന്നാ മോല്യാര് ന്നോട് പറഞ്ഞത്. അത് കേട്ട് ഓനക്കൊണ്ട് കുലുമാല് വേണ്ടല്ലോന്നു വിചാരിച്ച് ഓനും പെണ്ണുങ്ങളും ഇബട്ന്ന് ഒയിച്ച് പോയി. ഇഞ്ഞീം ആജ്യാര് കാക്ക ഇങ്ങനെ പറീംന്ന്് ാന്‍ കരുതീട്ടിലീലായിനി
ഹാജി : ന്റെ മകം വൊഹാബ്യല്ലകാഫറായാലെന്താടാ ഇച്ച് അനക്ക്പ്പം ഇഞ്ചെ സേബൊന്നും മാണ്ടല്ലോ. യ്യ്പ്പം പാട്ടക്കോടതീല് കേസ്സും കൊടുത്ത്ക്ക്ണ്. അന്റെ മകം നടന്ന് സകല ആളെക്കൊണ്ടും ഇന്റെ പേരില് കേസ് കൊടുപ്പിച്ചിലേ,എടാ?
മൊയ്തു : ഇന്റെ ചെറുപ്പത്തില് ഞാനും ഇന്റെ വാപ്പിം ഇബടെ ബന്ന കാലത്ത്് ഇവടെ മലംകാടായിനി. കാട്ടാന് കൂട്ട് കൂട്ടല് ഈ കുന്നുമ്മലായിനി. ഞങ്ങളെ എത്തരങ്ങാനും പൈക്കളീം മൂര്യാളീം ആണ് നരി പുടിച്ചുകൊണ്ടോയത്ന്ന്്് അറിയ്വോ?
ഹാജി : ദെത്താട് അതൊക്കെ ഇവടെ പറഞ്ഞിട്ട് .
മൊയ്തു : വാപ്പ എന്നും സുബൈക്ക് ഇഞ്ഞിംകൂട്ടി പാടത്ത്ക്കങ്ങട്ട്് എറങ്ങും. ഉച്ചക്കങ്ങട് കയറ്യാപ്പിന്നെ ബാപ്പാക്ക് ബറച്ചിലും പനീം ആയി. അങ്ങനെ പനിച്ച് പനിച്ച് ബാപ്പ മരിച്ച്്. ങ്ങന്ന് ഇച്ച് പതിനെട്ട് ബയസ്സാ. അന്ന്ങ്ങളെ വാപ്പ വെറും ഒരു മേനിക്ക് ഏപ്പിച്ച്് തന്നതാണ് ഈ തലം. പിന്നെ കൂടക്കൂടെ അത് കേറി ഇപ്പം പതിനഞ്ച് മേന്യായി.താങ്ങാം ബജ്ജാത്ത മാതിര്യായി. (ജ്ജ് നല്ലൊരുമന്‌സനാകാന്‍ നോക്ക് /മുസ്ലിം സാമുദായികനാടകം/ അയ്മു ഇ കെ /1956 )

കേരളത്തിലെ മാപ്പിളമുസ്ലീം ജനത സംസാരിക്കുന്ന മാപ്പിളമലയാളം വടക്കന്‍ കേരളത്തിലെ പ്രാദേശികഭാഷാഭേദവും അറബിഭാഷയും ചേര്‍ന്ന സങ്കലനമാണ്. ഈ സംസാരഭാഷ അറബിഭാഷയുമായി അടുത്ത ബന്ധം വെളിപ്പെടുത്തുന്നതുകൊണ്ട് സാധാരണ മലയാളത്തില്‍ നിന്നും അത് വിഭിന്നവുമാകുന്നു.തീരമേഖലയിലെ വാണിജ്യഭാഷയില്‍ അറബിഭാഷ നേടിയ വിപുലയായ മുന്‍ഗണന ഇതിന്റെ കാരണങ്ങളിലൊന്നാണ്. തദ്ദേശീയരുമായുള്ള ആശയവിനിമയം സുഗമമാക്കുവാന്‍ വേണ്ടി അറബി സംസാരിക്കുന്ന മധ്യവര്‍ത്തികളെപ്പോലും ഇവിടെ പോര്‍ട്ടുഗീസുകാര്‍ നിര്‍ബന്ധിതമാക്കിയിരുന്നു. ആ നിലക്കുനോക്കുമ്പോള്‍ സംസ്‌കൃതവും മലയാളവും ചേര്‍ന്ന മണിപ്രവാളത്തിനു സമാനമായി അറബിയും മലയാളവും ചേര്‍ന്ന മാപ്പിളമലയാളത്തെയും പരിഗണിക്കാം. ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കേരളീയര്‍ക്ക് അറബിഭാഷയുമായി ഇടപഴകാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന് മലബാര്‍ എന്ന പേരു സമ്മാനിച്ചത് അറബി വ്യാപാരികള്‍ ആണെന്നുപോലും പണ്ഡിതാഭിപ്രായങ്ങളുണ്ട് ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിന് ഒന്നോ രണ്ടോ ശതകങ്ങള്‍ക്കു ശേഷമാണ് മതപ്രചാരണത്തിനായി മുസ്ലീങ്ങള്‍ കേരളത്തിലെത്തിയത്. അറബിവംശജരില്‍പ്പെട്ട പലരും ഇന്നാട്ടിലെ സ്ത്രീകളെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ ഭാഷാസങ്കലനത്തിന് അനുകൂലസാഹചര്യങ്ങളേറി. മുസ്ലീങ്ങള്‍ക്കിടയില്‍ മതപരമായ കാര്യങ്ങള്‍ക്ക് അറബിഭാഷ നിര്‍ബന്ധിതമാകുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ഉറുദു എന്നപോലെയാണ് കേരളത്തില്‍ മാപ്പിളമലയാളവും രൂപമെടുത്തത്.

പേര്‍ഷ്യന്‍ഭാഷ പോലെ അറബിയും മൈസൂര്‍ അധിനിവേശകാലത്താണ് ഭരണരംഗത്തേക്കു കടന്നുവന്നത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം അറബിഭാഷ കൂടുതല്‍ വ്യാപകമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നതും സാഹിത്യകൃതികളില്‍ മുസ്ലീംഭാഷാഭേദം യഥാതഥമായി ചിത്രീകരിക്കപ്പെടുന്നതും അറബിസ്വാധീനത്തിന്റെ വര്‍ത്തമാനകാല വ്യാപ്തിക്കു നിദര്‍ശനവുമാണ്. മലയാളത്തിലേക്കുള്ള അറബിപദങ്ങളുടെ ആഗമനം പ്രധാനമായും രണ്ടുമാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു; അറബിയില്‍ നിന്നു നേരിട്ടും പേര്‍ഷ്യന്‍-ഹിന്ദി ഭാഷകള്‍ വഴിയും. അത്തരം അറബിപദങ്ങളില്‍ ചിലതും അവയുടെ പ്രായോഗികാര്‍ത്ഥങ്ങളും ;

ഖിലാഫത്ത്-പ്രതിനിധിത്വം( ബ്രട്ടീഷുകാര്‍ ഈ അവകാശം അംഗീകരിക്കാതെ വന്നപ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത്) ജനാബ്-ശ്രീമാന്‍ , സാഹിബ്ബ് - ബഹുമാനപ്പെട്ട , ഇനാം-സമ്മാനം , കസബ,കസ്ബ-പ്രധാനനഗരം , അദാലത്-ന്യായാലയം , ഹര്‍ജി-അധികാരസ്ഥാനങ്ങളില്‍ നല്‍കുന്ന പരാതി , കാനൂന്‍-നിയമം , മഹസര്‍-സത്യവാങ്മൂലം, , വകാലത്-അഭിഭാഷകവൃത്തി , മരാമത്ത്-കേടുപോക്കല്‍ , വസൂല്‍-റവന്യൂ പിരിവ് , ഹലാക്- മരണം,സര്‍വ്വനാശം , ഉറുമാല്‍-തൂവാല , നിക്കാഹ്- വിവാഹം , തലാക്ക് - വിവാഹമോചനംമാമൂല്‍ - ആചാരം , സലാം- പ്രണാമം , ഇന്‍ക്വിലാബ്-സാമൂഹ്യ പരിവര്‍ത്തനം , കിശുമത്ത്- കൃത്രിമം,ലഹള , ഖലാസി-കപ്പലോട്ടക്കാരന്‍ , കസ്‌റത്-വ്യായാമം. അറബികള്‍ക്ക ആദ്യകാലങ്ങൡലെങ്കിലും കേരളവുമായുണ്ടായിരുന്നത് വ്യാപാരബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അറബിയില്‍ നിന്നും ആദേശം ചെയ്യപ്പെട്ട പദങ്ങളില്‍ അധികവും വ്യാപാരപരവുമാണ്. അവയില്‍ ചിലത്; കബൂല്‍-ഇടപാട്, സമ്മതം , കറാര്‍- ഉടമ്പടി , ദല്ലാല്- തരകന്‍ , മക്കാനി- പീടിക , കശാപ്പ്- വധം , കബാബ് -പൊരിച്ച മാംസം

ഏറനാടന്‍ കലാപത്തിന്റെ ദൃശ്യകാവ്യമായ 1921-ല്‍ ഇത്തരമൊരു ഭാഷയുടെ കരുത്തുറ്റ സാന്നിധ്യമാണുള്ളത്.അതേപ്പറ്റി ചിത്രത്തിന്റെ സംവിധായകന്‍ ഐ വി ശശി പറയുന്നതിങ്ങനെയാണ്; 'മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ആളാണ്. ലൊക്കേഷനില്‍ വന്നിരുന്നവരില്‍ പലരോടും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മൂട്ടി അവരുമായൊക്കെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഉച്ചാരണത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു. പിന്നെ ഞാനും കോഴിക്കോടുകാരനാണ..്. വെസ്റ്റ്ഹില്‍.ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്റ്റ് അതേ പടി തന്നെ എടുത്താല്‍ മതിയായിരുന്നു. അതദ്ദേഹം നല്ല പോലെ വര്‍ക്കു ചെയ്തുണ്ടാക്കിയതായിരുന്നു.'

ഭാഷാവൈപുല്യം പ്രകടമാക്കുന്ന മമ്മൂട്ടിക്കഥാപാത്രങ്ങള്‍ക്കിടയില്‍ ഏറനാടിന്റെ യഥാര്‍ത്ഥശബ്ദവുമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ അവയില്‍നിന്നെല്ലാം വിഭിന്നമായ കാഴ്ചപ്പാടോടെയാണ് കാദറിന്റെ അസ്തിത്വം നിലകൊള്ളുന്നത്. പ്രാതിനിധ്യപരമായി വന്ന് നായകനാകാന്‍ നിയോഗിക്കപ്പെട്ടവനാണ് കാദര്‍ . ബാപ്പയെ കൊന്നവരോട് പകരം വീട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ദു:ഖിതനും ക്ഷുഭിതനുമായ കാദറിനെ നോക്കൂ.

കാദര്‍ : എവിടറാ ആ ചെമ്പ്രശ്ശേരി തങ്ങള്.അക്കൂട്ടത്തില്‍ പെട്ടവനല്ലേ ഇയ്യും;പറേടാ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി : കാദറേ... വേണ്ട;മാറ്

കാദര്‍: എന്നെ തടയരുത്.
കുഞ്ഞഹമ്മദ്ഹാജി : പാളയത്തിപ്പട പറ്റൂല മോനെ
കാദര്‍: അതുകൊണ്ടാണുഞാന്‍ പൊറുത്തത്.ന്റെ മുന്നിലിട്ടെന്റെ ബാപ്പാനെ തല്ലണ നോക്കിനിന്നോനാ ഞാന്‍. ആ അടി ഓരോന്നുമെന്റെ കല്‍ബിനെ കീറി മുറിച്ചപ്പോ ഞമ്മള് സഹിച്ച്് നീതിക്കും നായത്തിനുംവേണ്ടി വാദിക്കണ ആ തങ്ങള് ന്റെ ബാപ്പാനെ എന്തിന് കൊന്നെന്നെനിക്കറ്യണം. ഞാന്‍ ചോദിക്കും
കുഞ്ഞഹമ്മദ്ഹാജി : അതുചെമ്പ്രശ്ശേരി തങ്ങളോടാവരുത്.ബീരാനെക്കൊന്നതാക്കള്ള ഹമുക്ക്് അബ്ദുള്ളക്കുട്യാണ്.ഓനെത്തിരയാഞ്ഞമ്മളാളെ വിട്ടിട്ടുണ്ട്.
കാദര്‍: വേണ്ട;ഇക്കാര്യത്തി ഞമ്മളുതനിച്ചുപോവും.
കുഞ്ഞഹമ്മദ്ഹാജി : അതു ഞമ്മടെ സമ്മതത്തോടാവൂല്ല.
കാദര്‍: അതേ
കുഞ്ഞഹമ്മദ്ഹാജി : അന്റെ ചേലുക്ക് ഒടപ്പിറപ്പുകളുടെ ചോര കാണുമ്പോ ഇവര് ഓരോര്ത്തരും സ്വന്തം നെലക്ക് പകരം വീട്ടാന്‍ തൊടങ്ങ്യാല്. ഈ കാട്ടിന്റെ നടുക്ക് ഒറ്റക്കലഞ്ഞുതിര്യാനാവും ഞമ്മടെ വിധിഅതു കാണാനാ നിങ്ങക്കുമോഹമെങ്കി പോയിന്‍...പോയിനെടാ എല്ലാം.

ചരിത്രസത്യമെന്ന ജഡിലപരിമിതിയില്‍ കുരുങ്ങാതെ 1921 ആര്‍ജ്ജിച്ച ജീവചൈതന്യത്തിനുപിന്നില്‍ മമ്മൂട്ടിയുടെ താരസാന്നിധ്യവും ഒരു ഘടകമാണ്. 2004- ല്‍ പുറത്തിറങ്ങിയ ബസ്‌കണ്ടക്ടറിലെ കുഞ്ഞാക്കയെപ്പോലെ അടിമുടി ഏറനാടന്‍തുടിപ്പുകളുള്ള പല കഥാപാത്രങ്ങളെയും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വികാര വിചാരങ്ങള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മാപ്പിളലഹളയെന്ന ചരിത്രസത്യത്തിന്റെ താക്കോല്‍പ്പഴുതാകാന്‍ കാദറെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിക്കു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും 1921 ല്‍ രാധാവര്‍മ്മയായി വേഷമിടുകയും ചെയ്ത സീമയുടെ അഭിപ്രായം ഇതാണ്; 'ഭാഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റേത് അസാധാരണമായ കഴിവാണ്. തീര്‍ച്ചയായും ആ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരൊറ്റ ഫാമിലി പോലെയായിരുന്നു അന്നത്തെ സെറ്റ്. ഭാഷയുടെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മറ്റുള്ള അഭിനേതാക്കള്‍ക്കും മമ്മൂക്കയുടെ സഹായം ലഭിച്ചിട്ടുണ്ട്. 'ഇത്രയും കാലം' എന്ന ഒരു സിനിമയിലെ ഒരു സംഭവം ഞാനോര്‍ത്തുപോകുകയാണ്.

മമ്മൂക്കയോടൊപ്പമുള്ള ഒരു സീനിലഭിനയിക്കുകയാണ്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കു വേണ്ട രീതിയില്‍ അഭിനയിക്കാന്‍ കഴിയുന്നില്ല ഒരു ടേക്കായി രണ്ടു ടേക്കായി... ഒടുവില്‍ പതിനൊന്നാമത്തെ ടേക്കിലാണത് ശരിയാവുന്നത് . അതുവരെ എന്റെ മുന്നില്‍ നിന്ന് മമ്മൂക്ക അഭിനയിച്ചുകൊണ്ടേ ഇരുന്നു; എന്റെ അഭിനയം ശരിയാവാന്‍ വേണ്ടി. ഒടുവില്‍ അസ്സലായിട്ട് അഭിനയിക്കാനായപ്പോള്‍ എല്ലാവരും എനിക്ക് ക്ലാപ്പു തന്നു. ഞാന്‍ പറഞ്ഞു ഈ ക്ലാപ്പ് എനിക്കല്ല വേണ്ടത്; മമ്മൂക്കക്കാണെന്ന്.' കലാപരമായും തൊഴില്‍പരമായും പുലര്‍ത്തുന്ന ഇത്തരം ടീംസ്പിരിറ്റ് കൂടിയാണ് മമ്മൂട്ടി എന്ന നടനെ മറ്റു ചിത്രങ്ങളിലെന്നപോലെ 1921 ലും പ്രാദേശികഭാഷാഭേദത്തിന്റെ പ്രചാരകനാകാന്‍ സഹായിച്ചത്. 


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി:ഭാഷയും ദേശവും- വള്ളുവനാടന്‍ഭാഷയുടെ വാത്സല്യവചനങ്ങള്‍ ( ഭാഗം എട്ട്)


വള്ളുവനാടെന്ന വികാരത്തിനും തനതുസ്വത്വത്തിനും ജനതയുടെ പ്രാദേശികഭാഷാ സ്വാംശീകരണതുടര്‍ച്ചക്കും നൂറ്റാണ്ടുകളുടെ പ്രബലമായ അടിത്തറയുണ്ട്. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടി ചരിതത്തിലും പരാമര്‍ശവിധേയമായിട്ടുള്ള വള്ളുവനാട് രാജവംശത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് നിരവധി സൂചനകളാണ് നമുക്കുമുന്നിലുള്ളത്. കേരളോല്‍പ്പത്തിയിലും ഏ ഡി ഏഴാംനൂറ്റാണ്ടിലെഴുതപ്പെട്ട ജൂതപ്രമാണത്തിലും തുടങ്ങി എ ശ്രീധരമേനോന്റെ കേരളചരിത്രം വരെ ഇതുകാണാം. ഇവ ഒരേ സമയം സമാനമോ വിഭിന്നമോ ആയ നിരീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ വള്ളുവനാട്ടിന്റെ സംസ്‌കാരരൂപീകരണത്തില്‍ നിര്‍ണ്ണായകപങ്കു വഹിച്ച രാജവംശത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.



തെക്ക് ഭാരതപ്പുഴ , വടക്ക് പന്തലൂര്‍ മല, കിഴക്ക് അട്ടപ്പാടി മലനിരകള്‍, പടിഞ്ഞാറ് പൊന്നാനി തീരമേഖല എന്നിവയായിരുന്നു വള്ളുവനാട് രാജവംശത്തിന്റെ അതിരുകള്‍.കൊളോണിയല്‍ കാലഘട്ടത്തോടെ വള്ളുവനാട് ബ്രട്ടീഷ് മലബാറിലെ ഏറ്റവും വലിയ താലൂക്കായി മാറി. സ്വാതന്ത്ര്യാനന്തരമുണ്ടായ പുനക്രമീകരണങ്ങളും മലപ്പുറം ജില്ലാരൂപീകരണവും വള്ളുവനാടന്‍ മേഖലകളെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് വിഭജിച്ചുചേര്‍ത്തു. എന്നാല്‍ ഭൂമിശാസ്ത്രപരമായ ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പഴയ വള്ളുവനാടിന്റെ സാങ്കല്‍പ്പിക അതിര്‍ത്തിയിലെ ഭാഷക്കും സംസ്‌കാരത്തിനും ഇന്നും കൗതുകകരമായ സമാനത നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഹൈന്ദവഭാഷയില്‍.

ഈ ഭാഷയുടെ വര്‍ത്തമാനകാല സാധൂകരണമാണ് വാത്സല്യം എന്ന സിനിമയില്‍ നായകനും അനുബന്ധകഥാപാത്രങ്ങളും നടത്തുന്നത്. 1993 ല്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിന് വള്ളുവനാടന്‍ഭാഷാകേന്ദ്രീകൃതമായി കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയത് ഏ കെ ലോഹിതദാസായിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച മേലേടത്തു രാഘവന്‍ നായര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വള്ളുവനാടന്‍ കുടുംബനാഥനാണ്. തകര്‍ന്ന നായര്‍ത്തറവാടുകളിലൊന്നിന്റെ വക്താവായിരുന്ന അയാള്‍ മണ്ണിനെ പൊന്നാക്കി സ്വന്തം ലോകം പടുത്തുയര്‍ത്തുകയായിരുന്നു. അതിന്റെ അത്മബലം നല്‍കിയ താന്‍പോരിമയാണയാളെ വല്യമ്മാമയോടുപോലും നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ പ്രാപ്തനാക്കുന്നത്.

രാഘവന്‍ നായര്‍ : ആലത്തൂരു മാണിക്കോത്തുകാര് കുടുംബക്കാരും പണക്കാരുവാ. അതുനടക്കട്ടെ. അവനോനുചേര്‍ന്ന ബന്ധാ നല്ലത്. മേലേടത്തേ അച്ചുതന്നായര് ചെറ്റയാ. മക്കളുവതേ.
വല്യമ്മാമ : ഹും; അഹങ്കാരം.
രാഘവന്‍ നായര്‍ : ത്തിരി അഹങ്കാരണ്ടമ്മാമേ. ന്റച്ചന്‍ കേസുനടത്തിത്തൊലഞ്ഞ കുടുംബായിത്. മരിക്കുമ്പോ പുല്ലും പടേഞ്ചേം കേറിക്കിടന്ന കൊറേ ഭൂമീം മൂക്കോളം കടോം പൊട്ടിപ്പൊളിഞ്ഞ ഈ വീടും മാത്രേണ്ടായിരുന്നുള്ളൂ. ഈ തള്ളേം ഞങ്ങള് നാലുമക്കളും ഒരുനേരം നിറച്ചുണ്ണാനില്ലാണ്ട് കഴിഞ്ഞ കാലണ്ടായിട്ടുണ്ട്. അന്നൊന്നും രക്തബന്ധുക്കളെയൊന്നും ഞാന്‍ കണ്ടിട്ടില്ല... അവിടുന്ന് ഈ കാണുന്നതൊക്കെണ്ടാക്കിയത് ഞാന്‍ തന്നെയാ. ന്റെ ചോരേം നീരുമാ ഈ കാണുന്നതൊക്കെ. ആ അഹങ്കാരണ്ട്. സത്യാ.
വള്ളുവനാടന്‍ ഭാഷയുടെ ഉചിതമായ പ്രയോഗത്തിലൂടെ നോക്കിലും വാക്കിലുമെല്ലാം രാഘവന്‍നായരായി മാറുകയായിരുന്നു മമ്മൂട്ടി.
 
 പ്രാദേശികഭാഷാഭേദങ്ങളോട് മമ്മൂട്ടി ബോധപൂര്‍വ്വം താല്‍പ്പര്യം കാണിച്ചുതുടങ്ങിയ കാലവുമല്ല അത്. എന്നിട്ടും കഥാപാത്രത്തിന്റെ ജീവനസാഹചര്യത്തിനനുസൃതമായി സംഭാഷണം ചിട്ടപ്പെടുത്തുന്നതില്‍ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നെന്ന് വാത്സല്യത്തില്‍ അനുജനായി അഭിനയിച്ച നടന്‍ സിദ്ദിഖ് ഓര്‍ക്കുന്നു : അന്ന് ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. വള്ളുവനാടന്‍ ഭാഷ വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. പക്ഷേ മമ്മൂക്ക അന്നും അത് വളരെ ശ്രദ്ധിച്ചാണ് ചെയ്തിരുന്നത്. 'ന്നെ ചതിക്കരുത് നിയ്യ് ' എന്നു പറയുമ്പോള്‍ 'നിയ്യ്' എന്നു തന്നെ അദ്ദേഹം പറയും . 'എന്നെ ചതിക്കരുത് നീ 'എന്നല്ല പറയുന്നത്.  അത്രത്തോളം ശ്രദ്ധിച്ചിരുന്നു. ആളുകളുടെ സംഭാഷണരീതിയെക്കുറിച്ച് ഇടക്ക് എന്നോടും പറയും. 'എന്താ കുഞ്ഞമ്മാമേ ...' അങ്ങനെ പറയണമെന്നൊക്കെ. അത്രത്തോളം വള്ളുവനാടന്‍ശൈലി പ്രയോഗിക്കേണ്ട റോളായിരുന്നില്ല എന്റേത്. പുറത്ത് ഹോസ്റ്റലിലുമൊക്കെ നിന്നു പഠിച്ച ആളായിട്ടാണ് ഞാന്‍ വരുന്നത്. എന്നാല്‍പ്പോലും ഞാനും മമ്മൂക്കയുമായുള്ള സീനുകളില്‍ചെലയിടത്ത് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. പാടത്ത് കാള പൂട്ടുന്ന സമയത്ത് പറയുന്നില്ലേ...ഹയ് ഓടാനല്ലല്ലോ നടക്കാനല്ലേ പറഞ്ഞത്... എന്നൊക്കെ. അന്ന് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് മമ്മൂക്കയാണ്. ഭാഷയില്‍ അത്രത്തോളം കെയര്‍ഫുളാവണമെന്നു മമ്മൂക്ക പറയുമായിരുന്നു. അതുപോലെ ഞാനും മമ്മൂക്കയും ഒന്നിച്ചു നിന്നായിരുന്നു ആ പടത്തിന് ഡബ് ചെയ്തത്.

നമ്പൂതിരിഗ്രാമങ്ങളിലും നായന്‍മാര്‍ക്കിടയിലും കീഴാളവിഭാഗങ്ങളിലുമായി ഉല്‍കൃഷ്ടഭാഷയായും അപകൃഷ്ടഭാഷയായും മലയാളം വികസിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ട്. ജന്മികുടിയാന്‍ ബന്ധങ്ങൡും ജാതിവ്യവസ്ഥയിലുമുണ്ടായ ശൈഥില്യത്തെത്തുടര്‍ന്ന് മുതലാളിത്തവ്യവസ്ഥിതിയിലേക്ക് നയിക്കപ്പെട്ട കേരളീയസമൂഹത്തിന്റെ വളര്‍ച്ചയും അധിനിവേശവും ഭാഷയില്‍ ഇടപെട്ടതും പ്രകടമായ തോതിലാണ്. അവര്‍ണജനത, നമ്പൂതിരിസമുദായവുമായി ബന്ധം പുലര്‍ത്തിയ സവര്‍ണവിഭാഗം എന്നിങ്ങനെ ഹിന്ദുസമുദായത്തില്‍ത്തന്നെ വേര്‍തിരിവ് നിലനിന്ന കാലവുമുണ്ടായിട്ടുണ്ട് . ഫ്യൂഡലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിരുന്നു അത്; പ്രത്യേകിച്ചും ഏഴുമുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ട് . പെരുമക്കളും (ബ്രാഹ്മണര്‍) മക്കളും (നായര്‍, ക്ഷത്രിയസമുദായക്കാര്‍ )തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഭാഷയായി മലയാളം വളര്‍ന്നത് ഇൗ കാലയളവിലാമെന്ന് പല ഭാഷാപണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്. പെരുമക്കളോടിണങ്ങിപ്പോന്ന സവര്‍ണവിഭാഗം സ്വാഭാവികമായും നമ്പൂതിരിഭാഷക്കനുയോജ്യമായി നാട്ടുഭാഷ സംസാരിച്ചുതുടങ്ങി.

വള്ളുവനാടന്‍ ഭാഷ എന്നത് സാംസ്‌കാരികമായി ഉയര്‍ന്ന ഒരു ജനതയുടെ ഭാഷാന്തരത്തിന്റെ തുടര്‍ച്ച കൂടിയാണ്. എഴുത്തച്ഛനും പൂന്താനവും ഒരു പരിധിവരെ കുഞ്ചന്‍നമ്പ്യാരും (നമ്പ്യാര്‍ ലക്കിടിയില്‍ നിന്നും പ്രവര്‍ത്തനമേഖല അമ്പലപ്പുഴക്കു മാറ്റിയിരുന്നു) പരിഭേദം വരുത്തിയതാണ് ആ ഭാഷ. ബ്രട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പഴയ വള്ളുവനാടിന് ഒരേ അര്‍ത്ഥത്തില്‍ മുസ്ലീം-ഹിന്ദു സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. മലബാറിലെ മുസ്ലീം-നായര്‍ മേധാവിത്വം തന്നെയാണ് അതിന് കാരണം. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സമുദായത്തിന്റെ -നമ്പൂതിരി, നായര്‍, മുസ്ലീം (നമ്പൂതിരി വിഭാഗത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയവരടക്കം) ജനത -വാമൊഴി അതു കൊണ്ടുതന്നെയാണ് പ്രാദേശികഭാഷാഭേദത്തില്‍ മേല്‍ക്കൈ നേടുന്നത്. മിക്ക ജാതി വിഭാഗങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്പൂതിരി ജനതയുമായി അടുത്ത വ്യവഹാരമുള്ളവരായിരുന്നു. മുഖ്യധാരയില്‍ നിന്നും അകന്നുനില്‍ക്കുന്ന ചില പിന്നോക്കവിഭാഗക്കാരൊഴിച്ച് മറ്റുള്ളവരുടെ വാമൊഴിയില്‍ വള്ളുവനാടന്‍ ഭാഷ ഇഴചേര്‍ന്നത് അങ്ങനെയാണ്. ഭാഷയുടെ ആഭിജാത്യത്തിന് സവര്‍ണസാമൂഹ്യവ്യവസ്ഥ കാരണമായിട്ടുണ്ടാകാമെന്നാണ് ഇതു നല്‍കുന്ന സൂചന.

വള്ളുവനാടിന്റെ തമിഴ്ബന്ധം ചേരകാലം മുതല്‍ കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായ പല്ലവരാജവംശത്തിന്റെ ഒരു ശാഖയാണ് ശ്രീവില്ലിപുത്തൂര്‍ ഭരിച്ചിരുന്നതെന്നും അവിടെനിന്നും സംഘകാലത്ത് രാജാക്കന്‍മാര്‍ കേരളത്തിലെത്തിയെന്നുമാണ് വിശ്വാസ്യതയാര്‍ജ്ജിച്ചിട്ടുള്ള നിരീക്ഷകമതം. ശ്രീവല്ലഭരാജാവിന്റെ കാലത്ത് അനുയായികള്‍ കേരളത്തിലേക്കു കുടിയേറുകയും ഭാരതപ്പുഴയുടെ തീരങ്ങളിലെത്തി അങ്ങാടിപ്പുറം കേന്ദ്രമാക്കി രാജ്യം രൂപീകരിക്കുകയുമാണ് ചെയ്തത്.

വരൂ, ഇരിക്കൂ ...എന്നിങ്ങനെയുള്ള മൊഴികള്‍ ശ്രദ്ധിക്കൂ. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും വാ , ഇരി ...എന്നാണ് പറയാറുള്ളത്. ഉന്നതവും അഭിജാതവുമായ തമിഴ് സംസ്‌കാരം വള്ളുവനാട്ടില്‍ ഈ ചെറുവാക്കുകളില്‍പ്പോലും പ്രകടമാണ്. പോരിങ്കളാ, വരിങ്കളാ എന്നിങ്ങനെയുള്ള (വന്നുകൊള്ളൂ, പറഞ്ഞുകൊള്ളൂ, ഇരുന്നുകൊള്ളൂ പോലെ സ്‌നേഹാദരങ്ങള്‍ അന്തര്‍ലീനമായ പേച്ചുകള്‍) ശരിയായ തമിഴ് സംഭാഷണപാരമ്പര്യം. സംഘകാലസാഹിത്യങ്ങളിലെ ആഢ്യമായ സാഹിത്യഭാഷയുടെ സ്വാധീനം പോലും ഇതില്‍ ആരോപിക്കാനാവും. ആരിയംകാവിലും ചിനക്കത്തൂരും മറ്റും നടക്കുന്ന പൂരങ്ങള്‍ പോലും ദേശഭാഷാന്തരങ്ങള്‍ക്കതീതമായ ജനസാന്നിദ്ധ്യത്തിന്റെയും അവ ഇടയൊരുക്കുന്ന സാംസ്‌കാരികക്രയവിക്രയത്തിന്റയും തുടര്‍ച്ചയാണ്. തമിഴിന്റെ സ്വാധീനം പാലക്കാടുചുരം വഴിയാണ് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പക്കാവള്ളുവനാട്ടില്‍ തമിഴ് അധിനിവേശം അത്രത്തോളം പ്രത്യക്ഷമാകണമെന്നില്ല.

പാലക്കാടു നിന്നും മുണ്ടൂരൊക്കെയെത്തുമ്പോഴേക്കുമത് കുറഞ്ഞുവരുന്നതു കാണാം. വീട് ഓടിടുമ്പോള്‍ കുമ്മായം ഓടിനടിയിലിടുന്ന സാധാരണ കാഴ്ച തന്നെയെടുക്കാം. നിത്യജീവിതത്തിലെ ഇപ്രകാരമുള്ള ഒട്ടേറെ കാര്യങ്ങളിലും തമിഴ് സംസ്‌കാരം ഭാഷക്കതീതമായ സ്വാധീനശക്തി ആകുന്നുണ്ട്. ഇവ്വിധത്തിലൊരു സാമൂഹ്യശാസ്ത്രം പരിഗണിക്കുമ്പോള്‍ത്തന്നെ വള്ളുവനാടന്‍ വാമൊഴിവികാസത്തിന്റെ ഇതരതലങ്ങളും കാണേണ്ടതുണ്ട്. വ്യത്യസ്തവും തനതുമായ അത്തരം സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കല.ഒട്ടേറെ കലകളില്‍ ഒരു 'വള്ളുവനാടന്‍ ശൈലി' തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ചവിട്ടുകളി തനി വള്ളുവനാടന്‍ ശൈലിയിലുള്ളതാണ്. എന്നാല്‍ സാഹിത്യത്തേക്കാളുപരി ഭക്തിപ്രധാനമായി കാവുകളില്‍ അരങ്ങേറുന്ന തോല്‍പ്പാവക്കൂത്ത് തമിഴ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. മുളയംകാവ് ,ചേര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ തോല്‍പ്പാവക്കൂത്തിനും കമ്പരാമായണത്തിനുമൊക്കെയുള്ള പ്രാധാന്യം തന്നെ ഉദാഹരണം. ഒപ്പം സംസ്‌കൃതനാടകങ്ങളും കൂത്തും കൂടിയാട്ടവും ഇവിടെ സജീവസാന്നിധ്യമാകുന്നു. ഒരു സംസ്‌കാരത്തിന്റെ ഭാഗമായുണ്ടായ വാമൊഴിയാണ് വള്ളുവനാടന്‍ ഭാഷയെന്ന വിലയിരുത്തലുകള്‍ ഇത്തരം അടിത്തറകളില്‍ നിന്നാണുണ്ടാകുന്നതും.

കാര്‍ഷികമേഖലയെന്ന നിലയിലും വള്ളുവനാടിന് പ്രാധാന്യമുണ്ട്. കോള്‍നിലങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണത്. അതുകൊണ്ടുതന്നെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ നാടന്‍പാട്ടുകള്‍ക്കും പേച്ചുകള്‍ക്കും വള്ളുവനാടന്‍ സ്പര്‍ശമുണ്ടാകുക സ്വാഭാവികമാണ്. ശുദ്ധമായ നാടോടിഭാഷയുടെ കൃത്രിമത്വമില്ലാത്ത ആവിഷ്‌കാരം, അടിയോന്‍ -ഉടയോന്‍ ബന്ധങ്ങളില്‍പ്പോലും കണ്ടെത്താനാകുന്ന സഹജീവിസ്‌നേഹവും നിഷ്‌കളങ്കതയും,മാനുഷികത പ്രകടമാകുന്ന ആവിഷ്‌കാരങ്ങള്‍, ചോടുകളിപ്പാട്ടുകള്‍ പോലെയുള്ള ജനകീയകലാരൂപങ്ങള്‍, പൊറാട്ടുനാടകങ്ങള്‍ എന്നിവയെല്ലാം വാമെഴിവഴക്കത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഒറ്റപ്പാലം, പാലപ്പുറം പൊറാട്ടുനാടകങ്ങളുടെ തനിമ ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നതു തന്നെ ഒരുദാഹരണമായെടുക്കാം. നാടോടിഭാഷയിലുള്ള സ്‌നേഹത്തിന്റെ വഴക്കം - വരാട്ടോ... കാണാട്ടോ എന്നുള്ളതൊക്കെ-പ്രകടമാണിവിടെ. നിരവധി പ്രാദേശികപദങ്ങളും പഴഞ്ചൊല്ലുകളും വള്ളുവനാടിന്റേതു മാത്രമെന്നു പറയാവുന്നവയുമുണ്ട്.

പില്‍ക്കാലത്ത് മാധ്യമങ്ങളുടെ ശക്തമായ കടന്നുവരവോടെ വള്ളുവനാടന്‍ ഭാഷ സവര്‍ണ്ണഭാഷ എന്ന വിശേഷണവും ഏറ്റുപിടിച്ചു. അതിനുമുന്‍പുതന്നെ വള്ളുവനാടന്‍ഭാഷയുടെ പ്രത്യേകതകള്‍ സാഹിതീയശ്രമങ്ങളില്‍ സ്ഥാനം നേടിയിരുന്നു. എം ടി വാസുദേവന്‍നായര്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അവരാവിഷ്‌കരിച്ചതിലധികവും കൂട്ടുകുടുംബങ്ങളുടെ കഥകളാണ്. അന്നൊക്കെ വള്ളുവനാട്ടിലെ സാഹിത്യം നായര്‍ത്തറവാടുകളുടെ ഭാഗമായാണ് പ്രധാനമായും നിലകൊണ്ടിരുന്നത്.അഭിജാതമെന്നു പറയാവുന്ന ഒരു ഭാഷയാണത്.

വലിയമ്മാമ മുറ്റത്തിറങ്ങി. മുറ്റത്തിന്റെ വക്കിലേക്ക് നടന്ന് വാഴത്തടത്തിലേക്ക് ഒച്ചയോടെ തുപ്പി തിരിച്ചുവന്ന് പറഞ്ഞു.
'ഭാഗിച്ചോട്ടെ'
അധികാരി വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
'അങ്ങനെ പറഞ്ഞോണ്ടായില്യല്ലോ.'
'ഭാഗിയ്ക്ക്‌ണേന് നിക്കെന്താ? ഈ കീറാമാറാപ്പ് ന്റെ തലേന്ന് പോയി. പക്ഷേ അധികാരി,ഒരു കാര്യംണ്ട്...'
'എന്തൊക്ക്യാച്ചാല്‍ കുഞ്ഞിക്കണ്ണന്‍ നായര് പറയ്യാ.'
'ഈ തറവാട്-അധികാര്യോട് പറേണ്ട ആവശ്യല്ല്യ. അച്ചുമ്മാന്‍ ണ്ടായിരുന്ന കാലത്ത് നായര്‌സമുദായത്തില് ണ്ടായിരുന്നില്യ ഇവിട്‌ത്തെന്തി നെല.'
'നിക്കറിയും,നിക്കറിയും'
'അതാ പറഞ്ഞത്. അധികാരിക്കറീം. ഇപ്ലത്തെ ചെറ് വാല്യക്കാര്‍ക്ക് അറീല്യ. അറ്‌റ്വത്തിനാലാളാ ഭാഗിക്കുമ്പോ. കൊത്തിപ്പിരിഞ്ഞ് പോയപ്പോ ശ്രീത്വം മുക്കാലും പോയി. ന്നാലും ഒരു ഭഗോതി ഇരിക്ക്ണ് സ്ഥലാ. അതും അധികാരിക്കു നിശ്ശംണ്ടല്ലോ.'
(നാലുകെട്ട്/നോവല്‍/ എം ടി വാസുദേവന്‍നായര്‍ )

അത്തരം ഐഡന്റിറ്റിയുള്ള ഭാഷ ആദ്യം സാഹിത്യവല്‍ക്കരിക്കപ്പെടുകയും പിന്നീട് സിനിമാവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോഴാണ് പലപ്പോഴും കൃത്രിമവല്‍ക്കരിക്കപ്പെട്ടത്. ഡയലക്ട് എന്നതിനെക്കാള്‍ പ്രാദേശികസ്വത്വമാണ് ഇവിടെ ഭാഷ. ഇല്യ എന്നു നീട്ടിപ്പറഞ്ഞാല്‍ വള്ളുവനാടായി എന്ന് കരുതുന്ന അവ്യക്തമായ ഭാഷാജ്ഞാനമാണ് ചില സിനിമകളിലെങ്കിലും ഭാഷയെ വികൃതമായി ചിത്രീകരി്ച്ചുവരുന്നത്. വള്ളുവനാടന്‍ ഭാഷക്ക് സുതാര്യതയുണ്ട്.സന്ദര്‍ഭമനുസരിച്ചാണ് പലപ്പോഴും അതിന്റെ പ്രയോഗം.

'വന്നിരുന്നു' എന്നതിന് പലയിടങ്ങളിലും 'വന്ന്ണു' എന്നാണ് പറയുന്നത്. 'കിണറ്റിന്‍ കരയിലേക്കെ'ന്നത് 'കിണ്ടിങ്കലേക്ക്' ആകും. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തില്‍ 'ഇല്യേയില്ല്യ' എന്നതുപോലെ പ്രയോഗങ്ങളും നിരവധി. തൃത്താലയിലുള്ള പ്രയോഗങ്ങളില്‍പ്പലതും ഒറ്റപ്പാലത്ത് വ്യത്യസ്തതമാകാം. കോങ്ങാടും മറ്റും പാലക്കാട് ശൈലി പ്രകടമാകും. ചേര്‍പ്പുളശ്ശേരി, തൃത്താല, പുലാമന്തോള്‍, പട്ടാമ്പി, പള്ളിപ്പുറം എന്നിവിടങ്ങളിലൊക്കെ ശുദ്ധവള്ളുവനാടന്‍ വാമൊഴിയാണുള്ളത്. എം ടി വാസുദേവന്‍നായരുടെയും നന്തനാരുടെയും കൃതികളിലെ നാടന്‍പ്രയോഗങ്ങളുടെ ആധിക്യമുള്ള ഭാഷയും ഇതുതന്നെ.

'എങ്കില്‍ വരൂ' എന്നതിന് 'ന്നാ വരൂട്ടോ' എന്നാണിവിടെ പറയുന്നത്. പാലക്കാട് ഭാഗത്തേക്കു പോകുമ്പോഴത് 'വരിന്‍' എന്നുമാറും. 'ശരി' എന്നു പറയണ്ടിടത്ത് 'എന്നാ ശരീട്ടോ' എന്നാവും പറയുക. 'ട്ടോ' എന്നും മറ്റും ചേര്‍ത്ത് ഒന്നുകൂടി ഉറപ്പ് പകരുന്ന വാമൊഴിയാണത്. മാത്രമല്ല, സന്ദര്‍ഭോചിതമായി ചില പദങ്ങളും വന്നുചേരാറുണ്ട്. 'ലവലേശല്ല്യ ' എന്ന പദമെടുക്കുക. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുപയോഗിക്കുന്നത്. സാധാരണ ഉച്ചാരണത്തിനുമപ്പുറമുള്ള ഊന്നിപ്പറച്ചിലുണ്ടവിടെ. ചില ഈണങ്ങളും വരാറുണ്ട്. സംഭാഷണങ്ങളിലൂടെ,പ്രാദേശികഭേദങ്ങളോടുകൂടി വളര്‍ന്ന ഭാഷയായിരിക്കാമത്.

പൊതുമാനദണ്ഡങ്ങളുള്ള ഭാഷയെന്ന് വള്ളുവനാടന്‍ ഭാഷയെ വിശേഷിപ്പിക്കാനാവില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ആളുകള്‍ക്കിടയില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങള്‍ വള്ളുവനാട്ടിലുണ്ടെന്നിരിക്കെ അത് ഭാഷയിലും പ്രകടമാണ്. ഇവിടെ കീഴാളഭാഷയുടെ വരമൊഴിക്കും തനത് വ്യക്തിത്വമുണ്ട്. സാധാരണക്കാരുടെ ആശയാവിഷ്‌കരണങ്ങളിലേക്കു നോക്കിയാല്‍ അവിടെയും കാണാം വള്ളുവനാടിന്റെ സ്പര്‍ശം. കോട്ടയം-മദ്ധ്യതിരുവിതാംകൂര്‍ മേഖലകളിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും വള്ളുവനാട്ടിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി പോലെയുള്ള കൃതികളില്‍ ഭാഷയുടെ ഇത്തരം പ്രാദേശികസ്വഭാവങ്ങള്‍ സാന്ദ്രമാണ്്. 'വെറുക്കനെ വെറുക്കനെ 'എന്ന് 'വെറുതെ'ക്കു പറയുന്നതു പോലെ നിരവധി നാടന്‍ പദങ്ങള്‍ ആ കൃതിയില്‍ കാണാം. എവിടെ നിന്നു വന്നെന്നും രൂപപ്പെട്ടെന്നും ഊഹാപോഹങ്ങളേറെയുള്ളപ്പോഴും ഒന്നു വ്യക്തമാണ്. വള്ളുവനാടന്‍ ഭാഷ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യന്റെ ജീവിതഗന്ധിയായ കഥ പറഞ്ഞ ലോഹിതദാസിന് വാത്സല്യം ചിത്രീകരിച്ച രീതിയോട് ചിലപ്പോഴെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് കല്യാണത്തിനുശേഷം ബിന്ദുപണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നുപോകുന്ന സീന്‍ തന്നെയെടുക്കാം. വീട്ടിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നതും അവരതില്‍ കയറിപ്പോകുന്നതുമായാണ് ഷൂട്ടുചെയ്തിട്ടുള്ളത്. ഗ്രാമസൗന്ദര്യത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ ആവോളമുണ്ടായിരുന്ന ലോഹിതദാസിന് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. 'അതു ഷൂട്ടുചെയ്തതിനു ശേഷം ലോഹിതദാസ് ഇക്കാര്യം വലിയ വിഷമത്തോടെ പറഞ്ഞിട്ടുണ്ട്. ആ വീടിനുമുന്നില്‍ നീണ്ടുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ ഒരു പാടമുണ്ട്. കല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും തനിച്ച് ഈ പാടത്തിന്റെ വരമ്പത്തൂടെ പോകുന്നത് ഞാനവതരിപ്പിക്കുന്ന കഥാപാത്രം മുകളില്‍ നിന്ന് നോക്കിക്കാണുന്നതായിരുന്നു ലോഹിതദാസിന്റെ മനസ്സിലുള്ള ദൃശ്യം. എന്നാല്‍ ഹനീഫിക്ക കൊച്ചിസിറ്റിയില്‍ വളര്‍ന്ന ആളായതുകൊണ്ടാവും ഇങ്ങനെയൊരു വിഷ്വല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ഭാഷയുടെ കാര്യത്തിലും അതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രീതിയിലുമൊക്കെ ക്രഡിറ്റ് ലോഹിതദാസിനുതന്നെ കൊടുക്കണം. ഹനീഫിക്ക അത്ര ഡീപ്പായിട്ടു പോയിരുന്നില്ല. അതദ്ദേഹത്തിന്റെ വീഴ്ചയായിട്ടല്ല ഞാന്‍ പറയുന്നത്; വള്ളുവനാടന്‍ ഭാഷാരീതി അദ്ദേഹത്തിനു പരിചിതമായിരുന്നില്ലെന്നാണ്.'' സിദ്ദിക് ഓര്‍ക്കുന്നു.

വള്ളുവനാടിന്റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയാതെപോയ സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും അത്തരം കുറവുകളെ മറികടക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും ഭാഷണവൈദഗ്ധ്യവും. തറവാട്ടില്‍ നിന്ന് എല്ലാം ത്യജിച്ച് ഭാര്യക്കും കുഞ്ഞിനുമൊപ്പം ഇറങ്ങിപ്പോകുകയും മറ്റൊരു മൊട്ടക്കുന്നിലെ ഒന്നുമില്ലായ്മയില്‍ നിന്ന്് ജീവിതം തുടങ്ങുകയും ചെയ്യുന്ന മേലേടത്തു രാഘവന്‍നായര്‍ പശ്ചാത്താപിച്ചെത്തുന്ന അനുജനെ സമാധാനിപ്പിച്ചയച്ചതിനുശേഷം ഭാര്യയോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

'എല്ലാ വെഷമോം മാറി. സന്തോഷായെനിക്ക് . അവന്‍ വന്ന്വല്ലോ. നിക്കതു മതി. പാവാ അവന്‍... ഒരു സാധു.'

ഇവിടെ കാണികളുടെ കണ്ണു നനയുന്നതിനു കാരണം വള്ളുവനാടിന്റെ യഥാര്‍ത്ഥ നൈര്‍മ്മല്യവും കാപട്യങ്ങളില്ലാത്ത വാമൊഴിയും നേരിട്ടെന്നതുപോലെ അനുഭവിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിയുന്നതുകൊണ്ടാണ്. പ്രാദേശികസ്വത്വങ്ങളുടെയും അതതുവാമൊഴിവഴക്കങ്ങളുടെയും ഈ നേരിട്ടനുഭവിക്കലില്‍ മമ്മൂട്ടി നേടിവരുന്ന ഔന്നത്യമാണ് അദ്ദേഹത്തെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.



കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.