Monday, September 19, 2011

മമ്മൂട്ടി:ഭാഷയും ദേശവും- വള്ളുവനാടന്‍ഭാഷയുടെ വാത്സല്യവചനങ്ങള്‍ ( ഭാഗം എട്ട്)


വള്ളുവനാടെന്ന വികാരത്തിനും തനതുസ്വത്വത്തിനും ജനതയുടെ പ്രാദേശികഭാഷാ സ്വാംശീകരണതുടര്‍ച്ചക്കും നൂറ്റാണ്ടുകളുടെ പ്രബലമായ അടിത്തറയുണ്ട്. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടി ചരിതത്തിലും പരാമര്‍ശവിധേയമായിട്ടുള്ള വള്ളുവനാട് രാജവംശത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് നിരവധി സൂചനകളാണ് നമുക്കുമുന്നിലുള്ളത്. കേരളോല്‍പ്പത്തിയിലും ഏ ഡി ഏഴാംനൂറ്റാണ്ടിലെഴുതപ്പെട്ട ജൂതപ്രമാണത്തിലും തുടങ്ങി എ ശ്രീധരമേനോന്റെ കേരളചരിത്രം വരെ ഇതുകാണാം. ഇവ ഒരേ സമയം സമാനമോ വിഭിന്നമോ ആയ നിരീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ വള്ളുവനാട്ടിന്റെ സംസ്‌കാരരൂപീകരണത്തില്‍ നിര്‍ണ്ണായകപങ്കു വഹിച്ച രാജവംശത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.



തെക്ക് ഭാരതപ്പുഴ , വടക്ക് പന്തലൂര്‍ മല, കിഴക്ക് അട്ടപ്പാടി മലനിരകള്‍, പടിഞ്ഞാറ് പൊന്നാനി തീരമേഖല എന്നിവയായിരുന്നു വള്ളുവനാട് രാജവംശത്തിന്റെ അതിരുകള്‍.കൊളോണിയല്‍ കാലഘട്ടത്തോടെ വള്ളുവനാട് ബ്രട്ടീഷ് മലബാറിലെ ഏറ്റവും വലിയ താലൂക്കായി മാറി. സ്വാതന്ത്ര്യാനന്തരമുണ്ടായ പുനക്രമീകരണങ്ങളും മലപ്പുറം ജില്ലാരൂപീകരണവും വള്ളുവനാടന്‍ മേഖലകളെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് വിഭജിച്ചുചേര്‍ത്തു. എന്നാല്‍ ഭൂമിശാസ്ത്രപരമായ ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പഴയ വള്ളുവനാടിന്റെ സാങ്കല്‍പ്പിക അതിര്‍ത്തിയിലെ ഭാഷക്കും സംസ്‌കാരത്തിനും ഇന്നും കൗതുകകരമായ സമാനത നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഹൈന്ദവഭാഷയില്‍.

ഈ ഭാഷയുടെ വര്‍ത്തമാനകാല സാധൂകരണമാണ് വാത്സല്യം എന്ന സിനിമയില്‍ നായകനും അനുബന്ധകഥാപാത്രങ്ങളും നടത്തുന്നത്. 1993 ല്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിന് വള്ളുവനാടന്‍ഭാഷാകേന്ദ്രീകൃതമായി കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയത് ഏ കെ ലോഹിതദാസായിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച മേലേടത്തു രാഘവന്‍ നായര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വള്ളുവനാടന്‍ കുടുംബനാഥനാണ്. തകര്‍ന്ന നായര്‍ത്തറവാടുകളിലൊന്നിന്റെ വക്താവായിരുന്ന അയാള്‍ മണ്ണിനെ പൊന്നാക്കി സ്വന്തം ലോകം പടുത്തുയര്‍ത്തുകയായിരുന്നു. അതിന്റെ അത്മബലം നല്‍കിയ താന്‍പോരിമയാണയാളെ വല്യമ്മാമയോടുപോലും നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ പ്രാപ്തനാക്കുന്നത്.

രാഘവന്‍ നായര്‍ : ആലത്തൂരു മാണിക്കോത്തുകാര് കുടുംബക്കാരും പണക്കാരുവാ. അതുനടക്കട്ടെ. അവനോനുചേര്‍ന്ന ബന്ധാ നല്ലത്. മേലേടത്തേ അച്ചുതന്നായര് ചെറ്റയാ. മക്കളുവതേ.
വല്യമ്മാമ : ഹും; അഹങ്കാരം.
രാഘവന്‍ നായര്‍ : ത്തിരി അഹങ്കാരണ്ടമ്മാമേ. ന്റച്ചന്‍ കേസുനടത്തിത്തൊലഞ്ഞ കുടുംബായിത്. മരിക്കുമ്പോ പുല്ലും പടേഞ്ചേം കേറിക്കിടന്ന കൊറേ ഭൂമീം മൂക്കോളം കടോം പൊട്ടിപ്പൊളിഞ്ഞ ഈ വീടും മാത്രേണ്ടായിരുന്നുള്ളൂ. ഈ തള്ളേം ഞങ്ങള് നാലുമക്കളും ഒരുനേരം നിറച്ചുണ്ണാനില്ലാണ്ട് കഴിഞ്ഞ കാലണ്ടായിട്ടുണ്ട്. അന്നൊന്നും രക്തബന്ധുക്കളെയൊന്നും ഞാന്‍ കണ്ടിട്ടില്ല... അവിടുന്ന് ഈ കാണുന്നതൊക്കെണ്ടാക്കിയത് ഞാന്‍ തന്നെയാ. ന്റെ ചോരേം നീരുമാ ഈ കാണുന്നതൊക്കെ. ആ അഹങ്കാരണ്ട്. സത്യാ.
വള്ളുവനാടന്‍ ഭാഷയുടെ ഉചിതമായ പ്രയോഗത്തിലൂടെ നോക്കിലും വാക്കിലുമെല്ലാം രാഘവന്‍നായരായി മാറുകയായിരുന്നു മമ്മൂട്ടി.
 
 പ്രാദേശികഭാഷാഭേദങ്ങളോട് മമ്മൂട്ടി ബോധപൂര്‍വ്വം താല്‍പ്പര്യം കാണിച്ചുതുടങ്ങിയ കാലവുമല്ല അത്. എന്നിട്ടും കഥാപാത്രത്തിന്റെ ജീവനസാഹചര്യത്തിനനുസൃതമായി സംഭാഷണം ചിട്ടപ്പെടുത്തുന്നതില്‍ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നെന്ന് വാത്സല്യത്തില്‍ അനുജനായി അഭിനയിച്ച നടന്‍ സിദ്ദിഖ് ഓര്‍ക്കുന്നു : അന്ന് ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. വള്ളുവനാടന്‍ ഭാഷ വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. പക്ഷേ മമ്മൂക്ക അന്നും അത് വളരെ ശ്രദ്ധിച്ചാണ് ചെയ്തിരുന്നത്. 'ന്നെ ചതിക്കരുത് നിയ്യ് ' എന്നു പറയുമ്പോള്‍ 'നിയ്യ്' എന്നു തന്നെ അദ്ദേഹം പറയും . 'എന്നെ ചതിക്കരുത് നീ 'എന്നല്ല പറയുന്നത്.  അത്രത്തോളം ശ്രദ്ധിച്ചിരുന്നു. ആളുകളുടെ സംഭാഷണരീതിയെക്കുറിച്ച് ഇടക്ക് എന്നോടും പറയും. 'എന്താ കുഞ്ഞമ്മാമേ ...' അങ്ങനെ പറയണമെന്നൊക്കെ. അത്രത്തോളം വള്ളുവനാടന്‍ശൈലി പ്രയോഗിക്കേണ്ട റോളായിരുന്നില്ല എന്റേത്. പുറത്ത് ഹോസ്റ്റലിലുമൊക്കെ നിന്നു പഠിച്ച ആളായിട്ടാണ് ഞാന്‍ വരുന്നത്. എന്നാല്‍പ്പോലും ഞാനും മമ്മൂക്കയുമായുള്ള സീനുകളില്‍ചെലയിടത്ത് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. പാടത്ത് കാള പൂട്ടുന്ന സമയത്ത് പറയുന്നില്ലേ...ഹയ് ഓടാനല്ലല്ലോ നടക്കാനല്ലേ പറഞ്ഞത്... എന്നൊക്കെ. അന്ന് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് മമ്മൂക്കയാണ്. ഭാഷയില്‍ അത്രത്തോളം കെയര്‍ഫുളാവണമെന്നു മമ്മൂക്ക പറയുമായിരുന്നു. അതുപോലെ ഞാനും മമ്മൂക്കയും ഒന്നിച്ചു നിന്നായിരുന്നു ആ പടത്തിന് ഡബ് ചെയ്തത്.

നമ്പൂതിരിഗ്രാമങ്ങളിലും നായന്‍മാര്‍ക്കിടയിലും കീഴാളവിഭാഗങ്ങളിലുമായി ഉല്‍കൃഷ്ടഭാഷയായും അപകൃഷ്ടഭാഷയായും മലയാളം വികസിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ട്. ജന്മികുടിയാന്‍ ബന്ധങ്ങൡും ജാതിവ്യവസ്ഥയിലുമുണ്ടായ ശൈഥില്യത്തെത്തുടര്‍ന്ന് മുതലാളിത്തവ്യവസ്ഥിതിയിലേക്ക് നയിക്കപ്പെട്ട കേരളീയസമൂഹത്തിന്റെ വളര്‍ച്ചയും അധിനിവേശവും ഭാഷയില്‍ ഇടപെട്ടതും പ്രകടമായ തോതിലാണ്. അവര്‍ണജനത, നമ്പൂതിരിസമുദായവുമായി ബന്ധം പുലര്‍ത്തിയ സവര്‍ണവിഭാഗം എന്നിങ്ങനെ ഹിന്ദുസമുദായത്തില്‍ത്തന്നെ വേര്‍തിരിവ് നിലനിന്ന കാലവുമുണ്ടായിട്ടുണ്ട് . ഫ്യൂഡലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിരുന്നു അത്; പ്രത്യേകിച്ചും ഏഴുമുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ട് . പെരുമക്കളും (ബ്രാഹ്മണര്‍) മക്കളും (നായര്‍, ക്ഷത്രിയസമുദായക്കാര്‍ )തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഭാഷയായി മലയാളം വളര്‍ന്നത് ഇൗ കാലയളവിലാമെന്ന് പല ഭാഷാപണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്. പെരുമക്കളോടിണങ്ങിപ്പോന്ന സവര്‍ണവിഭാഗം സ്വാഭാവികമായും നമ്പൂതിരിഭാഷക്കനുയോജ്യമായി നാട്ടുഭാഷ സംസാരിച്ചുതുടങ്ങി.

വള്ളുവനാടന്‍ ഭാഷ എന്നത് സാംസ്‌കാരികമായി ഉയര്‍ന്ന ഒരു ജനതയുടെ ഭാഷാന്തരത്തിന്റെ തുടര്‍ച്ച കൂടിയാണ്. എഴുത്തച്ഛനും പൂന്താനവും ഒരു പരിധിവരെ കുഞ്ചന്‍നമ്പ്യാരും (നമ്പ്യാര്‍ ലക്കിടിയില്‍ നിന്നും പ്രവര്‍ത്തനമേഖല അമ്പലപ്പുഴക്കു മാറ്റിയിരുന്നു) പരിഭേദം വരുത്തിയതാണ് ആ ഭാഷ. ബ്രട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പഴയ വള്ളുവനാടിന് ഒരേ അര്‍ത്ഥത്തില്‍ മുസ്ലീം-ഹിന്ദു സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. മലബാറിലെ മുസ്ലീം-നായര്‍ മേധാവിത്വം തന്നെയാണ് അതിന് കാരണം. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സമുദായത്തിന്റെ -നമ്പൂതിരി, നായര്‍, മുസ്ലീം (നമ്പൂതിരി വിഭാഗത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയവരടക്കം) ജനത -വാമൊഴി അതു കൊണ്ടുതന്നെയാണ് പ്രാദേശികഭാഷാഭേദത്തില്‍ മേല്‍ക്കൈ നേടുന്നത്. മിക്ക ജാതി വിഭാഗങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്പൂതിരി ജനതയുമായി അടുത്ത വ്യവഹാരമുള്ളവരായിരുന്നു. മുഖ്യധാരയില്‍ നിന്നും അകന്നുനില്‍ക്കുന്ന ചില പിന്നോക്കവിഭാഗക്കാരൊഴിച്ച് മറ്റുള്ളവരുടെ വാമൊഴിയില്‍ വള്ളുവനാടന്‍ ഭാഷ ഇഴചേര്‍ന്നത് അങ്ങനെയാണ്. ഭാഷയുടെ ആഭിജാത്യത്തിന് സവര്‍ണസാമൂഹ്യവ്യവസ്ഥ കാരണമായിട്ടുണ്ടാകാമെന്നാണ് ഇതു നല്‍കുന്ന സൂചന.

വള്ളുവനാടിന്റെ തമിഴ്ബന്ധം ചേരകാലം മുതല്‍ കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായ പല്ലവരാജവംശത്തിന്റെ ഒരു ശാഖയാണ് ശ്രീവില്ലിപുത്തൂര്‍ ഭരിച്ചിരുന്നതെന്നും അവിടെനിന്നും സംഘകാലത്ത് രാജാക്കന്‍മാര്‍ കേരളത്തിലെത്തിയെന്നുമാണ് വിശ്വാസ്യതയാര്‍ജ്ജിച്ചിട്ടുള്ള നിരീക്ഷകമതം. ശ്രീവല്ലഭരാജാവിന്റെ കാലത്ത് അനുയായികള്‍ കേരളത്തിലേക്കു കുടിയേറുകയും ഭാരതപ്പുഴയുടെ തീരങ്ങളിലെത്തി അങ്ങാടിപ്പുറം കേന്ദ്രമാക്കി രാജ്യം രൂപീകരിക്കുകയുമാണ് ചെയ്തത്.

വരൂ, ഇരിക്കൂ ...എന്നിങ്ങനെയുള്ള മൊഴികള്‍ ശ്രദ്ധിക്കൂ. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും വാ , ഇരി ...എന്നാണ് പറയാറുള്ളത്. ഉന്നതവും അഭിജാതവുമായ തമിഴ് സംസ്‌കാരം വള്ളുവനാട്ടില്‍ ഈ ചെറുവാക്കുകളില്‍പ്പോലും പ്രകടമാണ്. പോരിങ്കളാ, വരിങ്കളാ എന്നിങ്ങനെയുള്ള (വന്നുകൊള്ളൂ, പറഞ്ഞുകൊള്ളൂ, ഇരുന്നുകൊള്ളൂ പോലെ സ്‌നേഹാദരങ്ങള്‍ അന്തര്‍ലീനമായ പേച്ചുകള്‍) ശരിയായ തമിഴ് സംഭാഷണപാരമ്പര്യം. സംഘകാലസാഹിത്യങ്ങളിലെ ആഢ്യമായ സാഹിത്യഭാഷയുടെ സ്വാധീനം പോലും ഇതില്‍ ആരോപിക്കാനാവും. ആരിയംകാവിലും ചിനക്കത്തൂരും മറ്റും നടക്കുന്ന പൂരങ്ങള്‍ പോലും ദേശഭാഷാന്തരങ്ങള്‍ക്കതീതമായ ജനസാന്നിദ്ധ്യത്തിന്റെയും അവ ഇടയൊരുക്കുന്ന സാംസ്‌കാരികക്രയവിക്രയത്തിന്റയും തുടര്‍ച്ചയാണ്. തമിഴിന്റെ സ്വാധീനം പാലക്കാടുചുരം വഴിയാണ് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പക്കാവള്ളുവനാട്ടില്‍ തമിഴ് അധിനിവേശം അത്രത്തോളം പ്രത്യക്ഷമാകണമെന്നില്ല.

പാലക്കാടു നിന്നും മുണ്ടൂരൊക്കെയെത്തുമ്പോഴേക്കുമത് കുറഞ്ഞുവരുന്നതു കാണാം. വീട് ഓടിടുമ്പോള്‍ കുമ്മായം ഓടിനടിയിലിടുന്ന സാധാരണ കാഴ്ച തന്നെയെടുക്കാം. നിത്യജീവിതത്തിലെ ഇപ്രകാരമുള്ള ഒട്ടേറെ കാര്യങ്ങളിലും തമിഴ് സംസ്‌കാരം ഭാഷക്കതീതമായ സ്വാധീനശക്തി ആകുന്നുണ്ട്. ഇവ്വിധത്തിലൊരു സാമൂഹ്യശാസ്ത്രം പരിഗണിക്കുമ്പോള്‍ത്തന്നെ വള്ളുവനാടന്‍ വാമൊഴിവികാസത്തിന്റെ ഇതരതലങ്ങളും കാണേണ്ടതുണ്ട്. വ്യത്യസ്തവും തനതുമായ അത്തരം സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കല.ഒട്ടേറെ കലകളില്‍ ഒരു 'വള്ളുവനാടന്‍ ശൈലി' തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ചവിട്ടുകളി തനി വള്ളുവനാടന്‍ ശൈലിയിലുള്ളതാണ്. എന്നാല്‍ സാഹിത്യത്തേക്കാളുപരി ഭക്തിപ്രധാനമായി കാവുകളില്‍ അരങ്ങേറുന്ന തോല്‍പ്പാവക്കൂത്ത് തമിഴ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. മുളയംകാവ് ,ചേര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ തോല്‍പ്പാവക്കൂത്തിനും കമ്പരാമായണത്തിനുമൊക്കെയുള്ള പ്രാധാന്യം തന്നെ ഉദാഹരണം. ഒപ്പം സംസ്‌കൃതനാടകങ്ങളും കൂത്തും കൂടിയാട്ടവും ഇവിടെ സജീവസാന്നിധ്യമാകുന്നു. ഒരു സംസ്‌കാരത്തിന്റെ ഭാഗമായുണ്ടായ വാമൊഴിയാണ് വള്ളുവനാടന്‍ ഭാഷയെന്ന വിലയിരുത്തലുകള്‍ ഇത്തരം അടിത്തറകളില്‍ നിന്നാണുണ്ടാകുന്നതും.

കാര്‍ഷികമേഖലയെന്ന നിലയിലും വള്ളുവനാടിന് പ്രാധാന്യമുണ്ട്. കോള്‍നിലങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണത്. അതുകൊണ്ടുതന്നെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ നാടന്‍പാട്ടുകള്‍ക്കും പേച്ചുകള്‍ക്കും വള്ളുവനാടന്‍ സ്പര്‍ശമുണ്ടാകുക സ്വാഭാവികമാണ്. ശുദ്ധമായ നാടോടിഭാഷയുടെ കൃത്രിമത്വമില്ലാത്ത ആവിഷ്‌കാരം, അടിയോന്‍ -ഉടയോന്‍ ബന്ധങ്ങളില്‍പ്പോലും കണ്ടെത്താനാകുന്ന സഹജീവിസ്‌നേഹവും നിഷ്‌കളങ്കതയും,മാനുഷികത പ്രകടമാകുന്ന ആവിഷ്‌കാരങ്ങള്‍, ചോടുകളിപ്പാട്ടുകള്‍ പോലെയുള്ള ജനകീയകലാരൂപങ്ങള്‍, പൊറാട്ടുനാടകങ്ങള്‍ എന്നിവയെല്ലാം വാമെഴിവഴക്കത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഒറ്റപ്പാലം, പാലപ്പുറം പൊറാട്ടുനാടകങ്ങളുടെ തനിമ ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നതു തന്നെ ഒരുദാഹരണമായെടുക്കാം. നാടോടിഭാഷയിലുള്ള സ്‌നേഹത്തിന്റെ വഴക്കം - വരാട്ടോ... കാണാട്ടോ എന്നുള്ളതൊക്കെ-പ്രകടമാണിവിടെ. നിരവധി പ്രാദേശികപദങ്ങളും പഴഞ്ചൊല്ലുകളും വള്ളുവനാടിന്റേതു മാത്രമെന്നു പറയാവുന്നവയുമുണ്ട്.

പില്‍ക്കാലത്ത് മാധ്യമങ്ങളുടെ ശക്തമായ കടന്നുവരവോടെ വള്ളുവനാടന്‍ ഭാഷ സവര്‍ണ്ണഭാഷ എന്ന വിശേഷണവും ഏറ്റുപിടിച്ചു. അതിനുമുന്‍പുതന്നെ വള്ളുവനാടന്‍ഭാഷയുടെ പ്രത്യേകതകള്‍ സാഹിതീയശ്രമങ്ങളില്‍ സ്ഥാനം നേടിയിരുന്നു. എം ടി വാസുദേവന്‍നായര്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അവരാവിഷ്‌കരിച്ചതിലധികവും കൂട്ടുകുടുംബങ്ങളുടെ കഥകളാണ്. അന്നൊക്കെ വള്ളുവനാട്ടിലെ സാഹിത്യം നായര്‍ത്തറവാടുകളുടെ ഭാഗമായാണ് പ്രധാനമായും നിലകൊണ്ടിരുന്നത്.അഭിജാതമെന്നു പറയാവുന്ന ഒരു ഭാഷയാണത്.

വലിയമ്മാമ മുറ്റത്തിറങ്ങി. മുറ്റത്തിന്റെ വക്കിലേക്ക് നടന്ന് വാഴത്തടത്തിലേക്ക് ഒച്ചയോടെ തുപ്പി തിരിച്ചുവന്ന് പറഞ്ഞു.
'ഭാഗിച്ചോട്ടെ'
അധികാരി വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
'അങ്ങനെ പറഞ്ഞോണ്ടായില്യല്ലോ.'
'ഭാഗിയ്ക്ക്‌ണേന് നിക്കെന്താ? ഈ കീറാമാറാപ്പ് ന്റെ തലേന്ന് പോയി. പക്ഷേ അധികാരി,ഒരു കാര്യംണ്ട്...'
'എന്തൊക്ക്യാച്ചാല്‍ കുഞ്ഞിക്കണ്ണന്‍ നായര് പറയ്യാ.'
'ഈ തറവാട്-അധികാര്യോട് പറേണ്ട ആവശ്യല്ല്യ. അച്ചുമ്മാന്‍ ണ്ടായിരുന്ന കാലത്ത് നായര്‌സമുദായത്തില് ണ്ടായിരുന്നില്യ ഇവിട്‌ത്തെന്തി നെല.'
'നിക്കറിയും,നിക്കറിയും'
'അതാ പറഞ്ഞത്. അധികാരിക്കറീം. ഇപ്ലത്തെ ചെറ് വാല്യക്കാര്‍ക്ക് അറീല്യ. അറ്‌റ്വത്തിനാലാളാ ഭാഗിക്കുമ്പോ. കൊത്തിപ്പിരിഞ്ഞ് പോയപ്പോ ശ്രീത്വം മുക്കാലും പോയി. ന്നാലും ഒരു ഭഗോതി ഇരിക്ക്ണ് സ്ഥലാ. അതും അധികാരിക്കു നിശ്ശംണ്ടല്ലോ.'
(നാലുകെട്ട്/നോവല്‍/ എം ടി വാസുദേവന്‍നായര്‍ )

അത്തരം ഐഡന്റിറ്റിയുള്ള ഭാഷ ആദ്യം സാഹിത്യവല്‍ക്കരിക്കപ്പെടുകയും പിന്നീട് സിനിമാവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോഴാണ് പലപ്പോഴും കൃത്രിമവല്‍ക്കരിക്കപ്പെട്ടത്. ഡയലക്ട് എന്നതിനെക്കാള്‍ പ്രാദേശികസ്വത്വമാണ് ഇവിടെ ഭാഷ. ഇല്യ എന്നു നീട്ടിപ്പറഞ്ഞാല്‍ വള്ളുവനാടായി എന്ന് കരുതുന്ന അവ്യക്തമായ ഭാഷാജ്ഞാനമാണ് ചില സിനിമകളിലെങ്കിലും ഭാഷയെ വികൃതമായി ചിത്രീകരി്ച്ചുവരുന്നത്. വള്ളുവനാടന്‍ ഭാഷക്ക് സുതാര്യതയുണ്ട്.സന്ദര്‍ഭമനുസരിച്ചാണ് പലപ്പോഴും അതിന്റെ പ്രയോഗം.

'വന്നിരുന്നു' എന്നതിന് പലയിടങ്ങളിലും 'വന്ന്ണു' എന്നാണ് പറയുന്നത്. 'കിണറ്റിന്‍ കരയിലേക്കെ'ന്നത് 'കിണ്ടിങ്കലേക്ക്' ആകും. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തില്‍ 'ഇല്യേയില്ല്യ' എന്നതുപോലെ പ്രയോഗങ്ങളും നിരവധി. തൃത്താലയിലുള്ള പ്രയോഗങ്ങളില്‍പ്പലതും ഒറ്റപ്പാലത്ത് വ്യത്യസ്തതമാകാം. കോങ്ങാടും മറ്റും പാലക്കാട് ശൈലി പ്രകടമാകും. ചേര്‍പ്പുളശ്ശേരി, തൃത്താല, പുലാമന്തോള്‍, പട്ടാമ്പി, പള്ളിപ്പുറം എന്നിവിടങ്ങളിലൊക്കെ ശുദ്ധവള്ളുവനാടന്‍ വാമൊഴിയാണുള്ളത്. എം ടി വാസുദേവന്‍നായരുടെയും നന്തനാരുടെയും കൃതികളിലെ നാടന്‍പ്രയോഗങ്ങളുടെ ആധിക്യമുള്ള ഭാഷയും ഇതുതന്നെ.

'എങ്കില്‍ വരൂ' എന്നതിന് 'ന്നാ വരൂട്ടോ' എന്നാണിവിടെ പറയുന്നത്. പാലക്കാട് ഭാഗത്തേക്കു പോകുമ്പോഴത് 'വരിന്‍' എന്നുമാറും. 'ശരി' എന്നു പറയണ്ടിടത്ത് 'എന്നാ ശരീട്ടോ' എന്നാവും പറയുക. 'ട്ടോ' എന്നും മറ്റും ചേര്‍ത്ത് ഒന്നുകൂടി ഉറപ്പ് പകരുന്ന വാമൊഴിയാണത്. മാത്രമല്ല, സന്ദര്‍ഭോചിതമായി ചില പദങ്ങളും വന്നുചേരാറുണ്ട്. 'ലവലേശല്ല്യ ' എന്ന പദമെടുക്കുക. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുപയോഗിക്കുന്നത്. സാധാരണ ഉച്ചാരണത്തിനുമപ്പുറമുള്ള ഊന്നിപ്പറച്ചിലുണ്ടവിടെ. ചില ഈണങ്ങളും വരാറുണ്ട്. സംഭാഷണങ്ങളിലൂടെ,പ്രാദേശികഭേദങ്ങളോടുകൂടി വളര്‍ന്ന ഭാഷയായിരിക്കാമത്.

പൊതുമാനദണ്ഡങ്ങളുള്ള ഭാഷയെന്ന് വള്ളുവനാടന്‍ ഭാഷയെ വിശേഷിപ്പിക്കാനാവില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ആളുകള്‍ക്കിടയില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങള്‍ വള്ളുവനാട്ടിലുണ്ടെന്നിരിക്കെ അത് ഭാഷയിലും പ്രകടമാണ്. ഇവിടെ കീഴാളഭാഷയുടെ വരമൊഴിക്കും തനത് വ്യക്തിത്വമുണ്ട്. സാധാരണക്കാരുടെ ആശയാവിഷ്‌കരണങ്ങളിലേക്കു നോക്കിയാല്‍ അവിടെയും കാണാം വള്ളുവനാടിന്റെ സ്പര്‍ശം. കോട്ടയം-മദ്ധ്യതിരുവിതാംകൂര്‍ മേഖലകളിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും വള്ളുവനാട്ടിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി പോലെയുള്ള കൃതികളില്‍ ഭാഷയുടെ ഇത്തരം പ്രാദേശികസ്വഭാവങ്ങള്‍ സാന്ദ്രമാണ്്. 'വെറുക്കനെ വെറുക്കനെ 'എന്ന് 'വെറുതെ'ക്കു പറയുന്നതു പോലെ നിരവധി നാടന്‍ പദങ്ങള്‍ ആ കൃതിയില്‍ കാണാം. എവിടെ നിന്നു വന്നെന്നും രൂപപ്പെട്ടെന്നും ഊഹാപോഹങ്ങളേറെയുള്ളപ്പോഴും ഒന്നു വ്യക്തമാണ്. വള്ളുവനാടന്‍ ഭാഷ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യന്റെ ജീവിതഗന്ധിയായ കഥ പറഞ്ഞ ലോഹിതദാസിന് വാത്സല്യം ചിത്രീകരിച്ച രീതിയോട് ചിലപ്പോഴെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് കല്യാണത്തിനുശേഷം ബിന്ദുപണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നുപോകുന്ന സീന്‍ തന്നെയെടുക്കാം. വീട്ടിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നതും അവരതില്‍ കയറിപ്പോകുന്നതുമായാണ് ഷൂട്ടുചെയ്തിട്ടുള്ളത്. ഗ്രാമസൗന്ദര്യത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ ആവോളമുണ്ടായിരുന്ന ലോഹിതദാസിന് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. 'അതു ഷൂട്ടുചെയ്തതിനു ശേഷം ലോഹിതദാസ് ഇക്കാര്യം വലിയ വിഷമത്തോടെ പറഞ്ഞിട്ടുണ്ട്. ആ വീടിനുമുന്നില്‍ നീണ്ടുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ ഒരു പാടമുണ്ട്. കല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും തനിച്ച് ഈ പാടത്തിന്റെ വരമ്പത്തൂടെ പോകുന്നത് ഞാനവതരിപ്പിക്കുന്ന കഥാപാത്രം മുകളില്‍ നിന്ന് നോക്കിക്കാണുന്നതായിരുന്നു ലോഹിതദാസിന്റെ മനസ്സിലുള്ള ദൃശ്യം. എന്നാല്‍ ഹനീഫിക്ക കൊച്ചിസിറ്റിയില്‍ വളര്‍ന്ന ആളായതുകൊണ്ടാവും ഇങ്ങനെയൊരു വിഷ്വല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ഭാഷയുടെ കാര്യത്തിലും അതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രീതിയിലുമൊക്കെ ക്രഡിറ്റ് ലോഹിതദാസിനുതന്നെ കൊടുക്കണം. ഹനീഫിക്ക അത്ര ഡീപ്പായിട്ടു പോയിരുന്നില്ല. അതദ്ദേഹത്തിന്റെ വീഴ്ചയായിട്ടല്ല ഞാന്‍ പറയുന്നത്; വള്ളുവനാടന്‍ ഭാഷാരീതി അദ്ദേഹത്തിനു പരിചിതമായിരുന്നില്ലെന്നാണ്.'' സിദ്ദിക് ഓര്‍ക്കുന്നു.

വള്ളുവനാടിന്റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയാതെപോയ സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും അത്തരം കുറവുകളെ മറികടക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും ഭാഷണവൈദഗ്ധ്യവും. തറവാട്ടില്‍ നിന്ന് എല്ലാം ത്യജിച്ച് ഭാര്യക്കും കുഞ്ഞിനുമൊപ്പം ഇറങ്ങിപ്പോകുകയും മറ്റൊരു മൊട്ടക്കുന്നിലെ ഒന്നുമില്ലായ്മയില്‍ നിന്ന്് ജീവിതം തുടങ്ങുകയും ചെയ്യുന്ന മേലേടത്തു രാഘവന്‍നായര്‍ പശ്ചാത്താപിച്ചെത്തുന്ന അനുജനെ സമാധാനിപ്പിച്ചയച്ചതിനുശേഷം ഭാര്യയോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

'എല്ലാ വെഷമോം മാറി. സന്തോഷായെനിക്ക് . അവന്‍ വന്ന്വല്ലോ. നിക്കതു മതി. പാവാ അവന്‍... ഒരു സാധു.'

ഇവിടെ കാണികളുടെ കണ്ണു നനയുന്നതിനു കാരണം വള്ളുവനാടിന്റെ യഥാര്‍ത്ഥ നൈര്‍മ്മല്യവും കാപട്യങ്ങളില്ലാത്ത വാമൊഴിയും നേരിട്ടെന്നതുപോലെ അനുഭവിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിയുന്നതുകൊണ്ടാണ്. പ്രാദേശികസ്വത്വങ്ങളുടെയും അതതുവാമൊഴിവഴക്കങ്ങളുടെയും ഈ നേരിട്ടനുഭവിക്കലില്‍ മമ്മൂട്ടി നേടിവരുന്ന ഔന്നത്യമാണ് അദ്ദേഹത്തെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.



കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.