Monday, May 23, 2011

സീനിയേഴ്സ് (Seniors)

അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് സീനിയേഴ്സ്.  വൈശാഖ് റിലീസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ട്.

പത്മനാഭന്‍ അഥവാ പപ്പു (ജയറാം), റെക്സ് ഇമ്മാനുവല്‍ (കുഞ്ചാക്കോ ബോബന്‍), ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍), റഷീദ് മുന്ന (മനോജ്.കെ.ജയന്‍) എന്നിവരുടെ കഥയാണ് സീനിയേഴ്സ് പറയുന്നത്. കോളേജില്‍ സഹപാഠികളായിരുന്നു ഇവര്., കോളേജില്‍ നടന്ന ഒരു കൊലപാതകത്തില്‍ പപ്പു പ്രതിയാകുന്നു. കൊന്നതാരെന്നറിയാത്തതിനാല്‍, അവര്‍ നാലു പേരും ഈ കേസില്‍ പ്രതിയാകുമെന്ന സാഹചര്യത്തില്‍, പപ്പു ആ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പപ്പു 12 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നു. ആ വരവില്‍, പപ്പുവിന്റെ ആഗ്രഹപ്രകാരം അവര്‍ നാലു പേരും അതേ കോളേജില്‍ പി.ജിക്ക് അഡ്മിഷന്‍ വാങ്ങുന്നു. പിന്നീട് അവിടെ നടക്കുന്നത്, 12 വര്‍ഷം മുന്നെ സംഭവിച്ച കാര്യങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. പപ്പു വീണ്ടും കാമ്പസിലേക്ക് മടങ്ങി വന്നതെന്തിന്? എന്താണ് അയാള്‍ അവിടെ ചെയ്യാന്‍ ബാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍... ഇതാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് സച്ചി-സേതു കൂട്ടുകെട്ടാണ്. മലയാള സിനിമയുടെ ചേരുവകള്‍ സമാസമം ചേര്‍ത്ത്, എന്റര്‍ടെയിനറായാണ് അവര്‍ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്. ഒടുവിലൊരല്പം സസ്പെന്‍സ് നമുക്കായി അവര്‍ കാത്തു വച്ചിരിക്കുന്നു. സച്ചി-സേതു എന്ന തിരക്കഥാകൃത്തുക്കളുടെ സമീപകാല പ്രകടനം നോക്കിയാല്‍ വളരെയധികം ഭേദപ്പെട്ട രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങിയിരിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം തമാശരംഗങ്ങളിലുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവര്‍ക്ക് തെറ്റിയിട്ടില്ല. തമാശയെന്ന പേരില്‍, ഇത്തരം സംഭാഷണങ്ങള്‍ അനവധി ഈ ചിത്രത്തില്‍ കാണാമെന്നത് തിരക്കഥയുടെ ഒരു ന്യൂനതയാണ്. പഴുതുകളില്ലാത്ത തിരക്കഥയെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, ആ പഴുതുകളെ പലരീതിയിലും അടച്ച് പ്രേക്ഷകരുടെ ശ്രദ്ധപതിയാതെ കൊണ്ടുപോകുവാന്‍ സംവിധായകനായ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. സംവിധയാകനെന്ന നിലയില്‍ വൈശാഖിന്റെ കയ്യടക്കം ചിത്രത്തെ ആകര്‍ഷകമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഒരു ഐറ്റം സോങ്ങൊഴിച്ചാല്‍, പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല എന്നു വേണം പറയാന്‍. അതിനൊരപവാദമായി വേണമെങ്കില്‍ പറയാവുന്നത്, സുരാജ് വെഞ്ഞാറമൂട് കടന്നുവരുന്ന ചിലരംഗങ്ങളാണ്. സുരാജൊഴിച്ച്, കഥാപാത്ര നിര്‍ണ്ണയം എവിടെയും പാളിയിടട്ടുമില്ല.


 
അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും, മനോജ്.കെ.ജയനും തന്നെ. ഇത്രയും വ്യത്യസ്തതയുള്ള റോളുകളില്‍ അവരെ നാമിതുവരെ മലയാളത്തില്‍ കണ്ടിട്ടില്ല. ജയറാം ഒരു മുഴുനീള കഥാപാത്രമാകുമ്പോള്‍, കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നു. അനന്യ, പത്മപ്രിയ എന്നിവര്‍ നായികമാരാകുമ്പോള്‍, കഥാഗതിക്കനുസരിച്ചുള്ള പ്രാധാന്യം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. സിദ്ധിഖ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, ലക്ഷ്മിപ്രിയ, രാധാവര്‍മ്മ, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തിലുണ്ട്. മീരാനന്ദന്‍ പ്രധാനപ്പെട്ട ഒരു അതിഥിവേഷം അഭിനയിച്ചപ്പോള്‍, തികച്ചും ‘അതിഥിതാരമായി‘ ലാലു അലക്സും ചിത്രത്തിലുണ്ട്. ബിജു മേനോന്റെ മകനായി വേഷമിട്ട ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പതിവു പോലെ, യാതോരു വ്യത്യസ്തതയും കൊണ്ടുവരാനാകാതെ സുരാജിന്റെ, തവള തമ്പി നമ്മെ കൊല്ലാകൊല ചെയ്യും. ആ കഥാപാത്രം ഒരു പക്ഷേ സലീംകുമാറിന്റെ കൈകളില്‍ ഭദ്രമായിരുന്നേനെ. സുരാജെന്ന ഹാസ്യതാരത്തെ, മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജിയാണ്. ശരാശരിക്കു മുകളിലുള്ള ഒരു പ്രകടനമാണ് ക്യാമറക്കു പിന്നില്‍ ഷാജിയിയുടേത്. അതിനൊപ്പം മഹേഷ് നാരായണന്റെ ചിത്രസംയോജനവും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെ, ചിത്രത്തെ എഡിറ്റ് ചെയ്തു ചേര്‍ക്കുവാന്‍ മഹേഷിനു കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ ഈ പ്രകടനം ചിത്രത്തില്‍ പ്രകടമാണ്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം ചിത്രത്തൊട് ചേര്‍ന്നു പോകുമ്പോള്‍, അഭിനന്ദാര്‍ഹമായ പ്രകടനം ചമയം കൈകാര്യം ചെയ്ത രഞ്ജിത്ത് അമ്പാടിയുടേയും, വസ്താലങ്കാരം കൈകാര്യം ചെയ്തിരിക്കുന്ന എസ്.ബി സതീശന്റേതുമാണ്. പഴയകാലവും ഇന്നത്തെ കാലവും ചിത്രീകരിക്കുന്നതില്‍ അവരുടെ കരവിരുത് പ്രകടമാണ്.  സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത മാഫിയ ശശിയാണ്.

അനില്‍ പനച്ചൂരാനും സന്തോഷ് വര്‍മ്മയുമെഴുതി ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ് എന്നിവര്‍ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആദ്യത്തെ ഗാനമായ ‘ആരാമം നിറഞ്ഞാല്‍‘ എന്ന അടിപൊളി  ഗാനത്തിന്റെ സംഗീത സംവിധാനം അല്‍ഫോണ്‍സ് ജോസഫും പാടിയിരിക്കുന്നതെ ബെന്നി ദയാലും ലക്ഷ്മിയും ചേര്‍ന്നാണ്. ചിത്രത്തിനൊപ്പം ചേര്‍ന്നു പോകുന്ന ഈ ഗാനം ശ്രവണസുഖമുള്ളതുമാണ്. പക്ഷേ ജാസി ഗിഫ്റ്റ്, ഇമ്രാന്‍, അനുരാധ എന്നിവര്‍ ചേര്‍ന്നു പാടിയ ‘ഇത്തിരി ചക്ക നുള്ളി‘ എന്ന രണ്ടാമത്തെ ഐറ്റം സോങ്ങ് പ്രേക്ഷകരെ അല്പം ബോറടിപ്പിക്കുന്നു. ചിത്രത്തിന്റെ കാതലായ, ‘കാര്‍മല്‍‘ എന്ന നാടകത്തിനു വേണ്ടി അല്‍ഫോണ്‍സ് ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റല്‍ സോങ്ങ് മികച്ച നിലവാരം പുലര്‍ത്തുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ അതിനുള്ള പങ്കൊന്ന് വേറെ തന്നെയാണ്. ഒരു നൊസ്റ്റാള്‍ജിയ പകരാന്‍, അനിയത്തി പ്രാവിന്റെ തീം സോങ്ങിനെ റീമിക്സ് ചെയ്ത ബാക്ക്ഗ്രൌണ്ട് സ്കോറായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ നൃത്തസംവിധാനം ശരാശരിയിലൊതുങ്ങുന്നു.

അത്യുഗ്രന്‍ ചിത്രം എന്നൊരിക്കലും സീനിയേഴ്സിന്റെ വിശേഷിപ്പിക്കാനാവില്ല. പക്ഷേ കോമാളിത്തരങ്ങള്‍ അരങ്ങുവാഴുന്ന മലയാള സിനിമയില്‍, വ്യത്യസ്തമായ ഒരു ചിത്രമായി സീനിയേഴ്സിന് സ്ഥാനം പിടിക്കാം. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ട എല്ലാ മസാലകളും സീനിയേഴ്സിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്ലൈമാക്സും. ചിത്രം കഴിയുമ്പോള്‍ തീയേറ്ററിലുയരുന്ന ഒരു കയ്യടി ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ക്കുള്ള പ്രചോദനമായി കാണാം. 2011 മലയാള സിനിമയുടെ തിരിച്ചു വരവായി കണക്കാക്കപ്പെടുന്ന വര്‍ഷമാണ്. സൂപ്പര്‍ സ്റ്റാറും മള്‍ട്ടി സ്റ്റാറുകളും ആ തിരിച്ചു വരവിനെ പിന്നോട്ടടിക്കുമ്പോള്‍, സീനിയേഴ്സ് അതിന്റെ വിരുദ്ധഗതിയില്‍ മുന്നോട്ട് നടക്കുന്നു. സീനിയേഴ്സ് പോലെ പ്രേക്ഷകര്‍ (ഫാന്‍സ് അല്ല) ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടേ എന്നു നമുക്ക് ആശിക്കാം....

എന്റെ റേറ്റിങ്: 6.5/10

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.