Thursday, December 2, 2010

ദി ത്രില്ലര്‍ (The Thriller)

പോലീസ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും ആവേശമായിരുന്നു. ആവനാഴിയും, ഇന്‍ സ്പെക്ടര്‍ ബല്‍റാമും കമ്മീഷണറമുല്ലാം നമ്മെ കോരിത്തരിപ്പിച്ച പോലീസ് ചിത്രങ്ങളായിരുന്നു. ഐ.വി ശശി കാലഘട്ടത്തില്‍ മമ്മൂട്ടി പോലീസുകാരനായി കസറിയപ്പോള്‍, ഷാജി കൈലാസ് യുഗത്തില്‍ സുരേഷ് ഗോപി ആ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ അടുത്ത തലമുറയിലേക്ക് മലയാള സിനിമ കടക്കുമ്പോള്‍, യുവതാരം പ്രിഥ്വിരാജാണ് പോലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ളത്. ആനന്ദഭൈരവി പ്രൊഡക്ഷന്റെ ബാനറില്‍, സാബു കെ ചെറിയാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമായ ‘ദി ത്രില്ലറി’ല്‍ പ്രിഥ്വിരാജ് വീണ്ടും പോലീസുകാരനായി നമ്മുടെ മുന്നില്‍ എത്തുന്നു.  അടുത്തകാലത്തായി മലയാള സിനിമയുടെ ഭാഗമായി മാറിയ, ബി. ഉണ്ണികൃഷ്ണനാണ് ത്രില്ലര്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെ. പ്രിഥ്വിരാജിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, വിജയരാഘവന്‍, റിയാസ് ഖാന്‍, സമ്പത്ത്, കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, കാതറൈന്‍, മല്ലിക കപൂര്‍ എന്നിവരോടൊപ്പം നമ്മെ വിട്ടു പിരിഞ്ഞ സുബൈറും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ അസിസ്റ്റന്‍സ് കമ്മീഷണറാണ് നിരഞ്ജന്‍ ഐ.പി.എസ്. ഹൈവേയില്‍ ആരുടെയോ ആക്രമണത്തിനിരയായി തീര്‍ന്ന സൈമണ്‍ പാലത്തിങ്കല്‍ എന്ന യുവ ബിസിനസ്സുകാരന്റെയടുത്ത് യാദൃശ്ചികമാം വിധം ആദ്യം എത്തിച്ചേരുന്നത് നിരഞ്ജനാണ്. നിരഞ്ജന് അയാളെ രക്ഷിക്കുവാന്‍ കഴിയുന്നില്ലെങ്കിലും, അയാളുടെ മരണമൊഴി  രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള അന്വേഷണമേറ്റെടുക്കുന്ന നിരഞ്ജന്‍ ചെന്നത്തുന്നത്, മാര്‍ട്ടിന്‍ ദിനകറെന്ന അന്താരാഷ്ട്ര കുറ്റവാളിയിലാണ്. ഈ കേസന്വേഷണത്തിന്റെ കഥയാണ് ദി ത്രില്ലര്‍ എന്ന ചിത്രം നമ്മോടു പറയുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ, ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി ബന്ധമില്ല എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും, അടുത്തിടെ കേരളത്തില്‍ നടന്ന പോള്‍ മുത്തൂറ്റ് വധക്കേസിന്റെ ചുവടുപിടിച്ചാണ് ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വധത്തിന്റെ സാഹചര്യങ്ങള്‍ അതു പോലെ ത്രില്ലറില്‍ പുനരാവിഷ്കരിക്കുമ്പോള്‍, ഒരു കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന എല്ലാ സംഭവങ്ങളും ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തിനായി കോര്‍ത്തിണക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം, എസ് കത്തി, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ കേരളാ ടീം ഇതൊക്കെ ചില ഉദാഹരണം മാത്രം. ഉണ്ണികൃഷ്ണന്റെ മുന്‍ കാല ചിത്രങ്ങളായ ടൈഗര്‍, സ്മാര്‍ട്ട് സിറ്റി, ഐ.ജി എന്നിവയുടെ പാറ്റേണില്‍ ഒരല്പം സസ്പെന്‍സ് വച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ, പ്രേക്ഷകര്‍ക്ക് ക്ലൈമാക്സ് ഊഹിക്കാന്‍ വലിയ വിഷമമൊന്നും ഈ ചിത്രം സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ അതിലേക്ക് എങ്ങനെ എത്തും എന്നതു കാണുക എന്നതാവും പ്രേക്ഷകരില്‍ അര്‍പ്പിതമായിരിക്കുന്ന ഒരേ ഒരു ജോലി.

പ്രിഥ്വിരാജിന്റെ സൂപ്പര്‍താര സ്ഥാനം അരക്കിട്ടുറപ്പിക്കുക എന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. പലപ്പോഴും പ്രിഥ്വിരാജു മാത്രമേ സിനിമയിലുള്ളോ എന്നു തോന്നിപ്പോകും. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രിഥ്വി അവതരിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും നാം കണ്ടു മറന്ന സുരേഷ് ഗോപി പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രിഥ്വിക്കു കഴിഞ്ഞിട്ടുണ്ടൊ എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. Angry young police officer എന്ന പദത്തിലേക്ക് എത്തിപ്പെടാന്‍, സ്ഥിരം നമ്പറുകളായ അഴിമതിയുടെ കറപുരളാത്ത സര്‍വീസ് റെക്കോര്‍ഡ്, ചൂടന്‍ സ്വഭാവം, മേലധികാരികളോട് കയര്‍ക്കല്‍, നെടുനീളന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ എന്നിവയെല്ലം മേമ്പൊടി ചേര്‍ത്തിട്ടുണ്ട്. അല്പം വ്യത്യസ്തമാക്കാന്‍ ഒരു തകര്‍ന്ന പ്രണയവും, ഒരല്പം ഹിന്ദി-തമിഴ് ഡയലോഗുകളും, അതാണ് നിരഞ്ജന്‍ ഐ.പി.എസ്. നായികയായി വരുന്ന കാതറൈന്‍ ഇനിയും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ താന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നു വിളിച്ചോതുന്ന പ്രകടനം നടത്തുന്നു. പ്രിഥ്വി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍, അധികമാരും ഇതു ശ്രദ്ധിക്കാതെ പോകുന്നു എന്നത് ഒരു അനുഗ്രഹമാണ്. ലാലു അലക്സിനും സിദ്ധിഖിനും സ്ഥിരം പാറ്റേണിലുള്ള റോളുകള്‍ ലഭിച്ചപ്പോള്‍, അല്പമെങ്കിലും അഭിനയത്തില്‍ തിളങ്ങിയത് മാര്‍ട്ടിന്‍ ദിനകറായി തിരശ്ശീലയിലെത്തുന്ന സമ്പത്താണ്. നല്ല വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഈ നടന് ലഭിക്കട്ടേ എന്നു നമുക്ക് ആശംസിക്കാം. മമ്ത മോഹന്‍ ദാസ് ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു. മറ്റു അഭിനേതാക്കള്‍ക്ക് നിരഞ്ജന്‍ എന്ന കഥാപാത്രത്തിനു ചുറ്റും ഓടി നടക്കുന്ന ചില കഥാപാത്രങ്ങളായി മാറുവാനേ കഴിയുന്നുള്ളൂ എന്നത് ഒരു ന്യൂനതയാണ്, പക്ഷേ ഒരു സൂപ്പര്‍താര ചിത്രത്തില്‍ നിന്നും അതു മാത്രമല്ലേ പ്രതീക്ഷിക്കാന്‍ കഴിയൂ.

സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ. പക്ഷേ അതു തിരനാടകമായപ്പോള്‍ ഉണ്ണികൃഷ്ണന് അമ്പേ പാളി. കയറി ഇറങ്ങിപ്പോകുന്ന കഥാപാത്രങ്ങളും, അര്‍ത്ഥ ശൂന്യമായ ഡയലോഗുകളും, പിന്നെ അല്പം ഹീറോയിസവും കൂട്ടിക്കുഴച്ച് ഒരു രഞ്ജിപണിക്കര്‍ സ്റ്റൈലിലാണ് ശ്രീമാന്‍ ഉണ്ണികൃഷ്ണന്‍ ത്രിലറില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പക്ഷേ രഞ്ജിപണിക്കര്‍ ഈ ജോലി എത്രയോ ഭംഗിയായി ചെയ്യും എന്ന് നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കും. bloody damn daring എന്നൊക്കെ നായകനെക്കൊണ്ട് ഒന്നിടവിട്ട സീനില്‍ പറയിക്കുകയും, ഒറ്റക്ക് ഒരു പത്തിരുപത് പേരെ ഇടിച്ചു മലര്‍ത്തുകയും, ക്ലൈമാക്സ് സീനില്‍ ചുറ്റും നിന്നു ഗുണ്ടകള്‍ വെടിവയ്ക്കുമ്പോള്‍, നായകന്‍ അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ അവരെ ഇടിച്ചു നിരത്തുകയും ചെയ്യുന്നതാണ് ഹീറോയിസം എന്ന കാഴ്ചപ്പാടിലാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്റെ മുന്‍ ചിത്രങ്ങളെല്ലാം, സ്മാര്‍ട്ട് സിറ്റിയായാലും, മാടമ്പിയായാലും, ഐജിയായാലും ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ തിരക്കഥയുടെ ബലത്തിലായിരുന്നു. തിരക്കഥയെ ഫ്രെയിമിലേക്ക് പകര്‍ത്തുക എന്നതിനപ്പുറം സംവിധാന മികവൊന്നും ഉണ്ണികൃഷ്ണനില്ല എന്നത് വെളിപ്പെടുന്നത്, ത്രില്ലര്‍ പോലെ തിരക്കഥകള്‍ സിനിമയാക്കപ്പെടുമ്പോഴാണ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഉണ്ണികൃഷ്ണന്‍ തന്നെയായതിനാല്‍, മറ്റാരെയും പഴിചാരാന്‍ അദ്ദേഹത്തിനു കഴിയില്ല. സ്വയം കൃതാനര്‍ത്ഥം എന്നു പറയാം.

ഭരണി കെ ധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കാം. അതു പോലെ തന്നെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന മനോജിനും ശ്രീജിത്തിനും അതിന്റെ ഒരു പങ്ക് അവകാശപ്പെടാം. എന്നാല്‍ അവിടിവിടെയായി കുത്തിത്തിരുകിയ സ്ലോമോഷന്‍ രംഗങ്ങള്‍ കല്ലുകടിയായി മാറി എന്നതില്‍ യാതോരു സംശയവുമില്ല. അനല്‍ അരശ്ശാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പതിവില്‍ നിന്നും അല്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ‘ട്രപ്പീസുകളി‘ ആ ശ്രമത്തെ നന്നേ പരാജയപ്പെടുത്തുന്നു. വെടി കൊള്ളുമ്പോള്‍ പറന്നു പോകുന്ന ഗുണ്ടകളും, ഒരൊറ്റ പഞ്ചിന് ഓട്ടോയുടെ മുകളില്‍ വീഴുന്ന വില്ലന്മാരും, ഗാനരംഗങ്ങള്‍ക്കിടയില്‍ പോലും, നായകന്റെ പറന്നുള്ള വെടിവെയ്പ്പും, നായകന്റെ ഇടിയില്‍ പറന്നു പൊങ്ങുന്ന ഗുണ്ടകള്‍ ആകാശത്ത് രണ്ടു വട്ടം കറങ്ങി താഴെ വീഴുന്നതുമെല്ലാം, പണ്ട് തമിഴ് സിനിമകളില്‍ പഞ്ച് കൂട്ടാന്‍ ഉപയോഗിച്ച നമ്പറുകളാണ്. ആ അരി മലയാളികളുടെ കലത്തില്‍ വേവില്ല എന്നു അരശ്ശ് തിരിച്ചറിയണം, അല്ലെങ്കില്‍ ഈ പണി ചെയ്യാന്‍ അദ്ദേഹത്തെ ഏര്‍പ്പെടുത്തിയ സംവിധായകനെങ്കിലും തിരിച്ചറിയണം.

ബോബന്റെ കലാസംവിധാനവും, സതീഷിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ ചമയവും ചിത്രത്തോട് ചേര്‍ന്നു പോകുന്നു, പ്രത്യേകിച്ചും ഗാനരംഗങ്ങളില്‍. കമ്മീഷണറുടെ പോലീസ് തൊപ്പി മാറ്റി സാധാരണ ക്യാപ്പ് വച്ചതും ഒരു വ്യത്യസ്തത കാഴ്ചയിലെങ്കിലും കൊണ്ടു വരുവാന്‍ സഹായിച്ചു എന്നു വേണം കരുതുവാന്‍. ഹരിനാരായണനെഴുതി, നവാഗതനായ ധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ പ്രിഥ്വിയും മഞ്ജരിയും ചേര്‍ന്ന് പാടിയ ത്രില്ലര്‍ എന്ന ഗാനം തീം സോങ്ങു പോലെ, ടൈറ്റില്‍ എഴുതി കാണിക്കുന്ന അവസരത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഗാനങ്ങളില്‍ ശ്രവണ സുഖമുള്ളത് ഹരിചരണും മമ്തയും ചേര്‍ന്നു പാടിയ പ്രിയങ്കരി എന്ന ഗാനമാണ്. നന്നായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, അസ്ഥാനത്താണ് കടന്നു വരുന്നത്. ഒരു പക്ഷേ ഒരു ഗാനവും  ചിത്രത്തിന് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ല. വെറുതെ സമയം കൊല്ലിയായി ഇവ കടന്നു പോകുന്നു എന്നു വേണം പറയുവാന്‍.

ഞാന്‍ ആദ്യമെ പറഞ്ഞതു പോലെ, പ്രിഥ്വിരാജിനെ സൂപ്പര്‍ താരമായി ഉയര്‍ത്തിക്കാട്ടാനുള്ള ചിത്രം മാത്രമാണ് ദി ത്രില്ലര്‍. അദ്ദേഹത്തിന്റെ ആരാധകരെ സംതൃപ്തരാക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. എന്നാല്‍ സാധാരണക്കാരന് ഇതൊരു ടൈം പാസ് ചിത്രം മാത്രമാണ്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ ചിത്രങ്ങള്‍ ചെയ്തു വന്നാണ് സൂപ്പര്‍ താരമായത്. മലയാളത്തില്‍, സൂപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ പ്രിഥ്വി ഈ കാ‍ര്യം മനസ്സിലാക്കി, സൂപ്പര്‍ താരമാകാന്‍ തുനിഞ്ഞിറങ്ങിയാല്‍ അദ്ദേഹത്തിനു നന്ന്. പക്ഷേ അദ്ദേഹം ഇതു പോലെയുള്ള സിനിമകള്‍ ഇനി ചെയ്യണമോ എന്നു വീണ്ടും ചിന്തിക്കണം. സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, ത്രില്ലര്‍... ബി ഉണ്ണികൃഷ്ണന്റെ ഗ്രാഫ് താഴോട്ടു തന്നെ. അബദ്ധത്തില്‍ സംഭവിച്ച മാടമ്പി എന്ന ഹിറ്റു വച്ച് ഇനിയും മലയാളികളെ മണ്ടന്മാരാക്കന്‍ നോക്കല്ലേ ഉണ്ണികൃഷ്ണന്‍ സാറെ. “ ഞങ്ങളാരെയും ബുദ്ധിമുട്ടിക്കാറില്ല, ഞങ്ങളേയും ബുദ്ധിമുട്ടിക്കരുത്, ബുദ്ധിമുട്ടിച്ചാല്‍, പിന്നെ ബുദ്ധിമുട്ടാവുമേ, നീ താങ്ങത്തില്ല..“ എന്ന മാടമ്പി ഡയലോഗു തന്നെ മലയാളികള്‍ താങ്കളോട് തിരിച്ചു പറയുന്ന കാലം വിദൂരമല്ല.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.