Thursday, December 16, 2010

ബെസ്റ്റ് ആക്ടര്‍ (Best Actor)

അടുത്തിടെ ഒരു സിനിമാ സംബന്ധമായ ഫോറത്തില്‍ തിരയുമ്പോഴാണ്, നിശ്ചല ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധായകനാവുന്ന ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെക്കുറിച്ച് വായിക്കുന്നത്. ഛായാഗ്രാഹകന്മാര്‍ സംവിധാനരംഗത്തേക്ക് കടന്നു വരുന്നത് സാധാരണമായ ഈ കാലഘട്ടത്തില്‍ ഒരു നിശ്ചല ഛായാഗ്രാഹകന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് അസാധാരണമാണ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും, നായിക കന്നഡ നടി ശ്രുതി രാമകൃഷ്ണനുമാണ്. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് നായരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ തന്നെയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍-ബിപിന്‍ ചന്ദ്രന്‍ ദ്വയമാണ്. ശ്രീനിവാസന്‍, നെടുമുടി വേണു, ലാല്‍, സലീം കുമാര്‍, ബിജുക്കുട്ടന്‍, കെ.പി.എസ്.സി ലളിത, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സിനിമാ മോഹവുമായി ജീവിക്കുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. മോഹന്‍ (മമ്മൂട്ടി) ഒരു യു.പി സ്കൂള്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമാണ് ഒരു സിനിമാ നടനാകുക എന്നത്. ഭാര്യ സാവിത്രി, സംഗീതാധ്യാപികയാണ്, മകന്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ ചേരുന്നതാണ് മോഹന്റെ കുടുംബം. നാടകങ്ങളിലും മറ്റും അഭിനയിച്ച്, താനൊരു മികച്ച നടനാകും എന്നു വിശ്വസിക്കുന്ന മോഹന്‍, അധ്യാപനത്തിന്റെ ഇടവേളകളില്‍ പല പ്ല സംവിധാ‍യകരേയും കാണുന്നു. എന്നാല്‍ നല്ല വേഷങ്ങളൊന്നും മോഹനു ലഭിക്കുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുകാരനായ ജയകാന്തനെ കാണുവാന്‍ പോകുന്ന മോഹന്, സിനിമ നടനാകാനുള്ള ചില ഉപദേശങ്ങള്‍ ലഭിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള ഒരു സിനിമയില്‍ അഭിനയിക്കുവാനായി, ഗുണ്ടകളുടെ ജീവിതം പഠിക്കാനായി മട്ടാഞ്ചേരിയിലെത്തുന്ന മോഹന്‍, ഷാജിയുടേയും (ലാല്‍), ഡെന്‍വര്‍ ആശാന്റേയും (നെടുമുടി വേണു) കൂടെയെത്തിന്നതോടെ മോഹന്റെ ജീവിതം മാറുകയായിരുന്നു. പിന്നീട് മോഹന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്.

ചിത്രത്തിന്റെ പേരില്‍ നിന്ന്, സിനിമയ്ക്കുള്ളിലെ സിനിമ എന്നു തോന്നാമെങ്കിലും, ഇതു അത്തരത്തിലുള്ള ഒരു സിനിമയല്ല.  മോഹന്റെ കഥാപാത്രം പറയുന്നതു പോലെ നൂറില്‍ 95 പേര്‍ക്കും അഭിനയിക്കാന്‍ മോഹമുണ്ട്. അതില്‍ വളരെ കുറച്ചു പേരെ അതു പറയുന്നുള്ളു, അതില്‍ കുറച്ചു പേരെ അതിനായി പ്രത്നിക്കുന്നുള്ളൂ. അങ്ങനെ പ്രയത്നിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ബെസ്റ്റ് ആക്ടറില്‍ മാര്‍ട്ടിന്‍ നമ്മോട് പറയുന്നത്. മികച്ച രീതിയിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക്കായ സഹാചര്യങ്ങളില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒഴുക്ക് ഒരിക്കലും നഷ്ടപ്പെടുന്നതായോ, ഇഴയുന്നതായോ നമുക്ക് തോന്നുന്നില്ല എന്നതു തന്നെ തിരക്കഥയുടെ ബലത്തെ നമുക്ക് ബോധ്യമാക്കി തരുന്നു. കഥാനായകനു നേരിടുന്ന തിരിച്ചടികളിലൂടെ ഒരല്പം ശോകം കടന്നു വരുമ്പോള്‍, അതിനൊപ്പിച്ചു നര്‍മ്മം വിതറിയൊരുക്കിയിരിക്കുന്ന തിരക്കഥ ഒരു പ്ലസ് പോയിന്റാണ്. ചിത്രത്തില്‍ ഒരു വില്ലനില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു പക്ഷേ നായകന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നത്.  അനാവശ്യമായ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല എന്നത് എടുത്തു പറയേണ്ടതാണ്.  ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള സംഭാഷണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും, തമാശയ്ക്കായി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നു, പ്രത്യേകിച്ചും സലീം കുമാറിന്റെ സംഭാഷണങ്ങള്‍. പലപ്പോഴും അവയൊക്കെ തീയേറ്ററുകളിലെ പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോകുന്നു എന്നതു കൊണ്ടു മാത്രം അവയ്ക്ക് മാപ്പു നല്‍കാം.

കഥാപാത്രങ്ങള്‍ക്കൊത്ത നടന്മാരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതു തന്നെയാണ്. പ്രാഞ്ചിയേട്ടനു ശേഷം മറ്റൊരു നല്ല കഥാപാത്രത്തെയാണ് മോഹനിലൂടെ മമ്മൂട്ടിക്കു ലഭിക്കുന്നത്. അഭിനയ സാധ്യതകളുള്ള ഈ കഥാപാത്രത്തെ മികച്ച അഭിനയത്തിലൂടെ മമ്മൂട്ടി മികച്ചതാക്കിയിരിക്കുന്നു. അഭിനയത്തിലും, സംഭാഷണങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതിയിലുമെല്ലാം മമ്മൂട്ടിയിലെ നടനപാടവം വ്യക്തമാണ്. അതു പോലെ തന്നെയാണ് ലാല്‍ കൈകാര്യം ചെയ്തിരിക്കുന്ന ഷാജിയും നെടുമുടി വേണുവിന്റെ ഡെന്‍വര്‍ ആശാനും. അതിമനോഹരമായി തന്നെ അവര്‍ രണ്ടു പേരും തങ്ങളുടെ റോളുകളെ ഭംഗിയാക്കിയിട്ടുണ്ട്. ഒരിടയ്ക്കു മങ്ങിപ്പോയ സലീം കുമാര്‍ അതിശക്തമായ തിരിച്ചു വരവ് നടത്തുകയാണ് ബെസ്റ്റ് ആക്ടറിലൂടെ. തിരശ്ശീലയില്‍ വരുമ്പോഴെല്ലാം ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സലീം കുമാറിനു കഴിയുന്നുണ്ട്. പക്ഷേ, നായികയായ സാവത്രിയെ അവതരിപ്പിക്ക ശ്രുതി തനിക്കു കിട്ടിയ അവസരം മുതലാക്കിയില്ല എന്നു തോന്നുന്നു. കാരണം, അഭിനയ സാധ്യതയുണ്ടായിരുന്നിട്ടും, ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രുതിക്കു കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചെറു റോളുകളില്‍ ബിജുക്കുട്ടനും, വിനായകനു, ശ്രീജിത് രവിയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാറായി ചിത്രത്തില്‍ അഭിനയിക്കുന്ന ശ്രീനിവാസന്‍ തന്റെ റോള്‍ ഭംഗിയായിരിക്കുന്നു, പക്ഷേ ആ കഥാപാത്രത്തിന് അല്പം കൂടി എന്തെങ്കിലും ചെയ്യുവാനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുണ്ട് പലപ്പോഴും. ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, വിപിന്‍ മോഹന്‍, കെ കെ രാജീവ് എന്നിവര്‍ അവരവരായി തന്നെ ചിത്രത്തിലുണ്ട്.

ബെസ്റ്റ് ആക്ടറില്‍ അഭിനയിത്തിനൊപ്പം മികച്ചു നില്‍ക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണം. അതി മനോഹരമായാണ് അജയന്‍ ഈ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍, പ്രകൃതി ഭംഗിയെ ഒപ്പിയെടുത്ത അജയന്‍, കൊച്ചിയിലെ രംഗങ്ങള്‍ വ്യത്യസ്തമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയുടെ ദൃശ്യങ്ങളും, ഫ്ലാറ്റിലെ രംഗങ്ങളും അതു വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ വളരെക്കാലത്തിനു ശേഷം മിതത്വം പുലര്‍ത്തിയ ചിത്രസംയോജനമാണ് ഡോണ്‍ മാക്സ് ഈ ചിത്രത്തിനായി ചെയ്തിരിക്കുന്നത്. രംഗങ്ങളെ വെട്ടിമുറിച്ച്, ചടുലമായി ഫ്രെയിമുകള്‍ മാറ്റിക്കളിക്കുന്നതിനു പേരുകേട്ട ഡോണ്‍ മാക്സ് പതിവിനു വിപരീതമായ സമീപനമാണ് ഈ ചിത്രത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്. അജയന്റെ ഛായാഗ്രഹണ മികവിനൊപ്പം, ഡോണ്‍ മാക്സിന്റെ സംയോജന മികവു കൂടി ചേരുമ്പോഴാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായൊരു ദൃശ്യവിരുന്നായി മാറുന്നത്.

സംഘട്ടനത്തിന് പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ ഭേദപ്പെട്ട രീതിയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അനല്‍ അരശാണ് സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്നണ് ഓര്‍മ്മ. ഒരു സംഘട്ടന രംഗത്തില്‍ മാഫിയാ ശശി, അദ്ദേഹമായി തന്നെ എത്തുന്നുമുണ്ട്. കഥാപശ്ചാത്തലത്തെ നമുക്കായി ഒരുക്കിയിരിക്കുന്ന ജോസഫ് നെല്ലിക്കന്റെ കലാ സംവിധാനം എടുത്തു പറയേണ്ടതാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന സമീറ അനുവര്‍ത്തിച്ചിരിക്കുന്ന വ്യത്യസ്തത പ്രകടമാണ്. സിനിമാമോഹിയായ മോഹനേയും, അഭിനയക്കളരിയിലെ ബോംബെക്കാരനായ മോഹനേയും ശ്രദ്ധിച്ചാല്‍ ആ വ്യത്യസ്തത വ്യക്തമാണ്. ഡെന്‍വര്‍ ആശാനേയും കൂട്ടരേയും അവതരിപ്പിച്ചിരിക്കുന്നതും അപ്രകാരം തന്നെ. പട്ടണം റഷീദിന്റെ ചമയവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജി ബാലാണ്. വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയും ബി. ശ്രീലേഖയും ചേര്‍ന്നാണ്. ആകെ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രമിറങ്ങുന്നതിനു മുന്നെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ, അരുണ്‍ ഏലാട്ട് ആലപിച്ചിരിക്കുന്ന “സ്വപ്നമൊരു ചാക്ക്” എന്ന ഗാനം തന്നെയാണ് ഇതില്‍ മികച്ചു നില്‍ക്കുന്നത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്ന “മച്ചുവ കേറി” എന്ന ഗാനം സഹനീയമെങ്കിലും, ബിജിബാലും ആനന്ദ് നാരായണനും ചേര്‍ന്നാലപിച്ച “കനലു മലയുടെ” എന്ന ഗാനം, കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും, ചിത്രത്തില്‍ അതൊരധികപ്പറ്റായിപ്പോയി എന്നു തന്നെ പറയാം. ചിത്രത്തില്‍ അഭിനന്ദനാര്‍ഹമായ മറ്റൊരു ഘടകം, ഇതിന്റെ ടൈറ്റില്‍ കാര്‍ഡുകളാണ്. പഴയകാല ചിത്രങ്ങളെപ്പോലെ തുടങ്ങി, നസീര്‍, ഷീല, ജയന്‍, സോമന്‍ തുടങ്ങിയ മലയാള സിനിമയിലെ പഴയകാല നടീ നടന്മാരുടെ ചിത്രങ്ങളുടെ പോസ്റ്ററുകളും സംഭാഷണ ശലകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ പുതുമ നിറഞ്ഞതാണ്. First Impression is the best impression എന്നു പറയുന്നതു പോലെ, സിനിമ തുടങ്ങുമ്പോള്‍ തന്നെ, ഒരു ഫ്രെഷ്നെസ് ഫീല്‍ തരാന്‍ ഇവയ്ക്കു കഴിയുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്കുള്ള പ്രാധാന്യവും, ആ സ്വപ്നത്തിനായി പ്രയത്നിക്കാനുള്ള ആര്‍ജ്ജവവും ഉണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നൊരു സന്ദേശമാണ് ഈ ചിത്രം നമുക്കായി നല്‍കുന്നത്.  ലളിതവും രസകരവുമായ ഒരു കഥയെ മനോഹരമായ ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്, അവിസ്മരണീയമായ ഒരു തുടക്കമാണ് ബെസ്റ്റ് ആക്ടറിലൂടെ ലഭിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ താര ചിത്രമെന്നതിനപ്പുറം, ഒരു സംവിധായകന്റെ ചിത്രം എന്നു പ്രേക്ഷകര്‍ പറയുന്നതിലാണ് മാര്‍ട്ടിന്‍ വിജയിക്കുന്നത്.  തിരക്കഥയിലെ കയ്യടക്കം കൊണ്ടും, സംവിധാന മികവു കൊണ്ടും, താന്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകനാണെന്ന് മാര്‍ട്ടിന്‍ വിളിച്ചറിയിക്കുന്നു. പോക്കിരി രാജ പോലെയുള്ള പടങ്ങളില്‍ അഭിനയിച്ച് നമ്മെ പരീക്ഷിച്ച മമ്മൂട്ടി‍, തന്നിലെ നടനെ ഉപയോഗിക്കാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്ന് കാണുന്നത് ഒരു നല്ല കാര്യമാണ്. മാര്‍ട്ടിന്‍ പ്രാക്കാട്ടിന് ആശംസകള്‍ നേരുന്നതിനൊപ്പം, ഇതു പോലെ ഫ്രെഷ്നെസുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവട്ടേ എന്നു ഈ അവസരത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.  
എന്റെ റേറ്റിങ് : 7.2 / 10.0

വാല്‍ക്കഷണം - ഈ ചിത്രത്തെക്കുറിച്ച് ആദ്യം വായിച്ച ഫോറത്തില്‍ കണ്ട ഒരു കമന്റ്. “ബെസ്റ്റ് ആക്ടര്‍ എന്നു ഈ ചിത്രത്തിനു പേരിടാന്‍ മമ്മൂട്ടിയാവും നിര്‍ദ്ദേശിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിലും ആരെങ്കിലും അയാളെ ‘ബെസ്റ്റ് ആക്ടര്‍’ എന്നു വിളിക്കട്ടേ” എന്നു. ബെസ്റ്റ് ആക്ടറെന്നാല്‍, വാരി വലിച്ചു സിനിമകള്‍ ചെയ്യാതെ,  സൂക്ഷ്മതയോടെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും ഉള്‍പ്പെടും എന്ന് ഈ ചിത്രം നമ്മെ കാണിച്ചു തരുന്നു.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.