Thursday, March 29, 2012

റിയാലിറ്റി ഷോയിലെ എസ.എം.എസ് തട്ടിപ്പുകള്‍.


മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ തിരമാല തന്നെ സൃഷ്ടിച്ച ചാനലാണ്‌ ഏഷ്യാനെറ്റ്. ആദ്യമായി ചില റിയാലിറ്റി ഷോകള്‍ കൊണ്ടു വന്നപ്പോള്‍ അതില്‍ ഒരു പുതുമ കണ്ട പ്രേക്ഷകര്‍ അവയെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതൊരു തുടര്‍ക്കഥയായി, അവയില്‍ പലതും, മെഗാ സീരിയലുകളെക്കാള്‍ നീളുമ്പോള്‍ അതിന്റെ പിറകില്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യെശ്യത്തിനുപരി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കുക എന്നതാണ് എന്നത് നമുക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. എസ്.എം.എസിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിന്‍റെ ആറാം സീസണാണ് ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ നടക്കുന്നത്. ഒരു പിടി പ്രതിഭയുള്ള കുട്ടികളുടെ സംഗീത വിരുന്നു ആസ്വദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികളുടെ നല്ല മനസ്സിനെ ദുരുപയോഗം ചെയ്യുന്ന പരിപാടിയാണ് എസ്.എം.എസ് വോട്ടിംഗ് എന്നത്. എസ്.എം.എസ് എന്നത് റിയാലിറ്റി ഷോയുടെ മാനദന്ധമാകുമ്പോള്‍ പലപ്പോഴും കാശ് മുടക്കി എസ്.എം.എസ് അയക്കുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകുകയാണ് പതിവ്. ആറാം സീസണിലും സംഗതികള്‍ വിഭിന്നമല്ല. 

ഇനി നമുക്ക് പതിയെ കഥയിലേക്ക് വരാം. സ്റ്റാര്‍ സിംഗറിന്റെ എല്ലാ സീസണിലും, ഏതെങ്കിലും വിധത്തില്‍ വൈകല്യമുള്ള ഗായികാഗായകന്മാരെ ഉള്‍പ്പെടുത്തി റേറ്റിംഗ് കൂട്ടുന്ന പരിപാടിയുള്ളതാണ്. സഹതാപ തരംഗമുണര്‍ത്തി എസ്.എം.എസ് നേടാനും റേറ്റിംഗ് ഉയര്‍ത്താനും ഇത് സഹായിക്കുക പതിവാണ്. ഓട്ടിസം എന്ന രോഗബാധിതനായ സുകേഷ് കുട്ടന്‍ എന്ന ഗായകനാണ് ഇത്തവണ ഏഷ്യാനെറ്റിന്റെ നാടകത്തിലെ നായകനാകുന്നത്. രോഗ ബാധിതനെങ്കിലും, വളരെ കഴിവുള്ള ഒരു ഗായകനാണ് സുകേഷ് കുട്ടന്‍. വളരെ സങ്കീര്‍ണമായ ഗാനങ്ങള്‍ പോലും അസാധ്യമായി  പാടാന്‍ കഴിയുന്ന ഒരു യുവഗായകനാണ് അദ്ദേഹം. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ അദ്ദേഹമത് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഈ പോസ്റ്റിനു ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് ഈയിടെയാണ്. തമിഴ് തണ്ടര്‍ റൌണ്ടില്‍ പാടുവാന്‍ സുകേഷ് കുട്ടന്‍ എത്തിയില്ല. അദ്ദേഹത്തിന്റെ അസുഖം മൂലമോ അദ്ദേഹം പാടാന്‍ റെഡി ആയില്ല. ഒരു റൌണ്ടില്‍ പാടുവാന്‍ ഒരു ഗായകനോ ഗായികയോ മത്സരിച്ചാല്‍, മത്സരത്തിന്റെ നിയാമാവലി പ്രകാരം അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും എന്ന് അവതാരികയായ രഞ്ജിനി ഹരിദാസ് അറിയിക്കുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍, സുകേഷ് കുട്ടന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെ വേണം എന്ന് ജഡ്ജസ് തീരുമാനിക്കുന്നു. അതിനായി പ്രേക്ഷകര്‍ അയക്കുന്ന എസ്.എം.എസ് തന്നെ ശരണം എന്ന് ജഡ്ജ് ചിത്ര അഭിപ്രായപ്പെടുന്നു. എല്ലാ ജഡ്ജസും ചേര്‍ന്നെടുത്ത തീരുമാനമെന്ന് ഏഷ്യാനെറ്റും പ്രഖ്യാപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഓട്ടോമാറ്റിക്കായി ഡേയ്ഞ്ചാര്‍ സോണില്‍ എത്തി എന്ന് അവതാരിക പ്രഖ്യാപിക്കുന്നു. കൂടെ ആ ഗായകന് വോട്ടു ചെയ്യണം എന്ന് അവതാരികയുടെ വക പ്രത്യേകം അഭ്യര്‍ത്ഥനയും. ഇതാണ് സംഗതികളുടെ രത്നചുരുക്കം.
 
ഈ വീഡിയോ കാണൂ.. ഇതാണ് അവിടെ സംഭവിച്ച നാടകം.


ഇനി നമുക്കിതിനെ അല്പം വിലയിരുത്താം...

സുകേഷ് കുട്ടന്‍ വരില്ല എന്നും അന്നേ ദിവസം പാടില്ല എന്നും ഏഷ്യാനെറ്റിനും ജഡ്ജസ്സിനും അവതാരികക്കും അറിയാമായിരുന്നു.  

1. പക്ഷെ ഒരു നാടകമെന്നവണ്ണം സുകേഷ് കുട്ടന്റെ ഗാനം അനൌണ്സ് ചെയ്തു.
2 .  ഡാന്‍സര്‍മാര്‍ സ്റ്റേജില്‍ നിരന്നു.
3 . പൊടുന്നനെ അവിടെ മുഴുവന്‍ ഒരു കണ്ഫ്യൂഷന്‍. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ടെന്‍ഷന്‍ നിറഞ്ഞ മുഖങ്ങള്‍.
4 . ആരോ പെട്ടെന്ന് ജഡ്ജായ ചിത്രയോടു എന്തോ പറയുന്നു. അത് കേട്ട് അവര്‍ ഞെട്ടുന്നു.
5 . വികാര നിര്‍ഭരയായി രഞ്ജിനി സുകേഷ് കുട്ടന്‍ വരില്ല എന്ന് പ്രഖ്യാപിക്കുന്നു. തീരുമാനം ജഡ്ജസിനു വിടുന്നു.
6 . പിന്നെ പ്രേക്ഷകരുടെ ഹൃദയമിടിപ്പ്‌ കൂട്ടാന്‍ കുറെ ചര്‍ച്ചകള്‍, അതിനു ചേര്‍ന്ന പശ്ചാത്തല സംഗീതം.
7 . ഒടുവില്‍ കാത്തിരുന്ന ആ നിമിഷം. വിഷയം 'ഗഹനമായി' ചര്‍ച്ച ചെയ്തു എന്നും, ആ തീരുമാനം ചിത്ര പറയുമെന്നും എം.ജി.
8 . സുകേഷ് കുട്ടനെ ഒരു സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്നും, എസ്.എം.എസ് വഴി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ചിത്ര.
9 . സുകേഷ് കുട്ടന് എസ്.എം.എസ് അയക്കാനുള്ള ഫോര്‍മാറ്റും നമ്പരുകളും സ്ക്രീനില്‍ ഫ്ലാഷ് ചെയ്യുന്നു.
10 . എസ്.എം.എസ് അയക്കാന്‍ ഒരു ഉത്പ്രേരകം എന്ന പോലെ, നല്ല ഗായകന്‍ നമുക്ക് വേണമെന്ന് ജഡ്ജസിന്റെ കണ്ണ് നിറഞ്ഞുള്ള ഒരു അഭിപ്രായവും.
11 . ജഡ്ജസെല്ലാം കൂടി "തിരികെ ഞാന്‍ വരുംമെന്ന.." ഗാനം
12 . അതോടെ സുകേഷ് കുട്ടന്‍ ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ വേണമെങ്കില്‍ പ്രേക്ഷകരുടെ 'വിലയേറിയ' എസ്.എം.എസ് കൂടിയെ തീരൂ എന്ന് നിറകണ്ണുകളോടെ അവതാരിക...
13 . അതിനിടക്ക് സുകേഷ് കുട്ടനും അമ്മയും ചേര്‍ന്നുള്ള കുറെ കോമ്പിനേഷന്‍ സീനുകള്‍, കൂടെ ദുഖവും കണ്ണീരും സമാസമം കൂട്ടി കലര്‍ത്തി, ഒരു സെന്റി പശ്ചാത്തല സംഗീതവും. 
14. ശുഭം

വളരെ ഭംഗിയായി തിരകഥ എഴുതി അവതരിപ്പിച്ച ഒരു നാടകം. സുകേഷ് കുട്ടന്‍ വരില്ല എന്നറിയാമെങ്കില്‍ പിന്നെ എന്തിനീ നാടകം. ഈ പ്രതിക്രിയാ വാതകങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ എന്താ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം ഇത് ഏഷ്യാനെറ്റാണ്. സുകേഷ് കുട്ടന്‍ വരില്ല എന്നതിനാല്‍ ഒരു വലിയ കച്ചവട സാധ്യതയാണ് ഏഷ്യാനെറ്റ് അവിടെ കണ്ടത്. സ്ഥിരമായി ഈ പരിപാടി കണ്ടു കോള്‍മയിര്‍ കൊള്ളുന്ന മലയാളി പ്രേക്ഷകരെ പിഴിയാനുള്ള സുവര്‍ണ്ണാവസരം. അതങ്ങനെ കളയാന്‍ ഏഷ്യാനെറ്റിനു എങ്ങനെ സാധിക്കും. അതിന്‍റെ അനന്തരഫലയമായി ഉടലെടുത്ത തിരനാടകമാണ് നാം കണ്ടത്. ഇത് ആദ്യമായല്ല ഇത്തരം ഒരു സാഹചര്യം സ്റ്റാര്‍ സിംഗറില്‍ ഉണ്ടാവുന്നത്. ഇതിനു മുന്നേ റെക്കോഡ് എസ്.എം.എസ് കിട്ടി ചില ഗായകര്‍ മുന്നോട്ടു പോയിട്ടുണ്ട്, അതാവും ഇത്തരം ഒരു അവസരം മുതലാക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. ഈ എസ്.എം.എസ് തെണ്ടലിനു ക്രെടിബിളിടി നല്‍കാനാവും, മറ്റൊരു ജഡ്ജും പറയാതെ മലയാളത്തിന്റെ വാനമ്പാടിയെ കൊണ്ടു തന്നെ ഇത് പ്രഖ്യാപിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ പണം വാങ്ങുന്നതിനാല്‍, അവര്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയുമാണ്. പക്ഷെ പ്രേക്ഷകരെ മുതലെടുക്കുന്ന ഇത്തരം വിപണന തന്ത്രങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സഹകരിക്കാന്‍ പാടുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ സുകേഷ് കുട്ടന്‍റെ അമ്മയെ കൂടി ഈ നാടകത്തില്‍ ഭാഗഭാക്കാക്കി, അവരെ കൊണ്ടും പ്രേക്ഷകര്‍ക്ക്‌ ഒരു അഭ്യര്‍ത്ഥന. അപ്പോള്‍ പിന്നെ അടുത്ത എലിമിനെഷനില്‍ സംഭവിക്കാന്‍ പോകുന്നതെന്തു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

മത്സരങ്ങള്‍ക്കായി അയക്കുന്ന എസ്.എം.എസുകള്‍ക്ക്‌ പൊതുവെ ചാര്‍ജ്ജ് കൂടുതല്‍ ആണ്. സാധാരണ നിരക്കിന്‍റെ അഞ്ചും ആരും ഇരട്ടിയാണ് ഒരു എസ.എം.എസിന്. ലാഭം ഐഡിയക്കും ഏഷ്യാനെറ്റിനും, നഷ്ടം മണ്ടന്മാര്‍ ആകുന്ന പ്രേക്ഷകര്‍ക്ക്‌... വൈകല്യങ്ങള്‍ ഉള്ളവരെ മത്സരത്തില്‍ ഉള്‍പ്പെടുത്തി, സഹതാപ തരംഗങ്ങളും ഇത്തരം നാടകങ്ങളും നടത്തി, ഈ പരിപാടി കാണുന്ന ആയിരകണക്കിനോ പതിനായിരകണക്കിനോ പ്രേക്ഷകരെ എസ്.എം.എസ്സിന്റെ പേരില്‍ പറ്റിക്കുകയാണ് ഏഷ്യാനെറ്റും ഐഡിയയും ചെയ്യുന്നത്. സുകേഷ് കുട്ടനിലെ പ്രതിഭയോട് തികച്ചും ബഹുമാനപൂര്‍വമാണ് ഞാനിതെഴുതുന്നത്. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് രോഗശാന്തി ലഭിക്കട്ടെ എന്നും പ്രശസ്തനായ ഒരു ഗായകാനി അയാള്‍ മാറട്ടെ എന്നും ഞാനീ അവസരത്തില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അതെ സമയം, ആള്‍ക്കാരെ കൊള്ളയടിക്കുന്ന ഇത്തരം ഈ എസ്.എം.എസ് തട്ടിപ്പുകളെ നമ്മുടെ പ്രേക്ഷകര്‍ തിരിച്ചറിയുകയും, അതില്‍ അവര്‍ വഞ്ചിതരാകാതെയിരിക്കുകയും ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു....



0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.