Thursday, March 15, 2012

ഉന്നം (Unnam)


മലയാള സിനിമ പുതുമ തേടിയുള്ള യാത്രയിലാണ്. ഒരേ അച്ചില്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ മലയാളിക്ക് മടുത്തു തുടങ്ങി എന്നതിന്‍റെ തെളിവാണ് മലയാളത്തില്‍ കാണുന്ന ഈ മാറ്റങ്ങള്‍. സിബി മലയിലിന്‍റെ പുതു ചിത്രമായ വയലിന്‍ അത്തരത്തില്‍ പുതുമ തേടിയുള്ള ഒരു യാത്രയാണ്. മലയാളിക്ക് പരിചിതമല്ലാത്ത ഒരു കഥ പറയുക എന്നതാണ് ചിത്രത്തിന്‍റെ ഉന്നം. അത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ബോളിവുഡില്‍ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്നാ ചിത്രത്തിന്‍റെ റീമേക്കായി ഉന്നത്തെ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാഗ്യവശാല്‍, ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നുപ്പിച്ചാണ് സിബി ഉന്നം ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണക്ക് (ശ്രീനിവാസന്‍) ഒരു ലോറിയില്‍ നിന്നും 5 കോടി രൂപയുടെ മയക്കു മരുന്ന് ലഭിക്കുന്നു. അത് വില്‍ക്കാനായി, കൊച്ചിയിലെ ഒരു പഴയ കള്ളക്കടത്ത്കാരനായ സണ്ണിയെ (ലാല്‍) അയാള്‍ സമീപിക്കുന്നു. ഭാര്യയുടെ മരണ ശേഷം എല്ലാ ബിസിനസ്സും നിര്‍ത്തി ജീവിക്കുന്ന സണ്ണി പക്ഷെ തന്‍റെ സുഹൃത്തുക്കളായ അലോഷി (ആസിഫ് അലി), മുരുഗന്‍ അണ്ണന്‍ (നെടുമുടി വേണു), ടോമി (പ്രശാന്ത് നാരായണ്‍), ബഷീര്‍ എന്നിവര്‍ക്ക് വേണ്ടി അത് ഏറ്റെടുക്കുന്നു. ബാലകൃഷ്ണയെ കാണാന്‍ പണവുമായി ബാംഗ്ലൂര്‍ക്ക് തിരിക്കുന്ന ബഷീര്‍ കൊല്ലപ്പെടുന്നു. പിന്നീട് യാവരുറെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്ദ്വെഗ ഭരിതമായ കഥയാണ് ഉന്നം പറയുന്നത്.

ജോണി  ഗദ്ദാരിനെ അധികരിച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം അത് പോലെ തന്നെ കഥ മലയാളത്തിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. പക്ഷെ ജോണി ഗദ്ദാര്‍ നമുക്ക് പകര്‍ന്നു തന്ന ചടുലത ഉന്നതിനു നഷ്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്‍റെ തിരനാടകം ഒരുക്കിയ സ്വാതി ഭാസ്കര്‍ അതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. പെട്ടെന്ന് നോക്കിയാല്‍ കൊള്ളാമല്ലോ കഥ എന്ന് തോന്നുമെങ്കിലും, അല്പം ചിന്തിച്ചാല്‍ ആ കഥ അവിടിവിടെയായി പാളുന്നത് നമുക്ക് കാണാം. കഥയില്‍ ചോദ്യമില്ലതതിനാല്‍ കുഴപ്പമില്ല. എന്നാല്‍ ജോണി ഗദ്ദാറില്‍ നിന്നും വ്യതിചലിച്ചു നടക്കാന്‍ നോക്കിയ അവസരങ്ങളില്‍ എല്ലാം കഥ ഒരു ഞാണിന്മേല്‍ കളിയാണ് നടത്തുന്നത്. ചിത്രം ആവശ്യപ്പെടുന്ന ചടുലതയോ സസ്പെന്‍സോ നല്‍കാനാവാതെ തിരക്കഥ അമ്പേ പരാജയപ്പെടുന്നിടതാണ് ഈ സിനിമയുടെ പരാജയം.

അഭിനയത്തിന്‍റെ കാര്യത്തില്‍ ആസിഫ് അലി പിന്നെയും നിരാശപ്പെടുത്തി. നീല്‍ നിതിന്‍ മുകേഷ് മികച്ചതാക്കിയ വേഷമാണ് ആസിഫ് വെറുതെ ഉഴപ്പിക്കളഞ്ഞത്. അഭിനയ സാധ്യതയുണ്ടായിട്ടും ഒരു തരിമ്പു പോലും അതിനെ മുതലാക്കാന്‍ കഴിയാതെ പോയത് ആസിഫ് അലിയുടെ പരാജയം തന്നെ.  അത് പോലെ തന്നെ ലാല്‍ അവതരിപ്പിച്ച സണ്ണി എന്നാ വേഷം, ധര്‍മ്മേന്ദ്ര എന്ന നടന്‍റെ ഏഴയലത്ത് പോലുമെത്താന്‍ ലാലിന് കഴിഞ്ഞില്ല. മുരുഗന്‍ അണ്ണന്‍ എന്ന ക്യാരക്ടരിനു നെടുമുടി വേണുവിന്റെ കാസ്റിംഗ് നിരാശപ്പെടുത്തി. അത് പോലെ തന്നെ, മുരുഗന്റെ ഭാര്യാ വേഷം ചെയ്ത ശ്വേത മേനോനും നിരാശപ്പെടുത്തി. റീമ കല്ലിങ്ങലിന്റെ കഥാപാത്രവും തഥൈവ. ശ്രീനിവാസന്‍റെ ബാലകൃഷ്ണ എന്ന പോലീസുകാരന്‍ അല്പം വ്യത്യസ്തമായിരുന്നു എന്ന് വേണം കരുതാന്‍. ആശ്വാസമായത് പ്രശാന്ത് നാരായണ്‍ അവതരിപ്പിച്ച ടോമി ഈപ്പന്‍ എന്ന കഥാപാത്രമാണ്. അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം പ്രശാന്ത് മികച്ചതാക്കി. ബഷീറായി അഭിനയിച്ച നടന്‍ തികച്ചും അമച്വരിഷ് ആയതു പോലെ തോന്നി.

സിബി മലയില്‍ എന്ന സംവിധായകന്‍ മലയാളത്തിനു നല്‍കിയിട്ടുള്ള മികച്ച ചിത്രങ്ങള്‍ അനവധിയാണ്. ആഗസ്ത് 1  പോലെയുള്ള സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കിയ സിബിമലയില്‍, ഉന്നത്തിലെത്തുമ്പോള്‍ ആ കരവിരുത് പ്രകടമാക്കാതെ പോകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. റിമേക്കെന്ന നിലയില്‍ പരിമിതികള്‍ ഉണ്ടെങ്കിലും, പൂര്‍ണ്ണതയില്ലാത്ത തിരനാടകത്തില്‍, സംവിധായകന്റെ കയ്യടക്കം കൂടി ഇല്ലാതാവുമ്പോള്‍, ഉന്നം പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ ഒന്നും സമ്മാനിക്കുന്നില്ല എന്നു പറയാതെ വയ്യ. ഒരു പക്ഷെ, സിബി മലയില്‍ എന്ന സംവിധായകന്‍റെ പരിചയ സമ്പത്ത് ഏറ്റവും കൂടുതല്‍ വിനയോഗിക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു ഉന്നം. പക്ഷെ ഈ ചിത്രത്തില്‍ സിബി മലയില്‍ എന്ന സംവിധായകനെ നാം വളരെയധികം മിസ്സ്‌ ചെയ്യും. അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം ചിത്രത്തിന്‍റെ പ്ലസ് പോയിന്റാണ്. ബിജിത്ത് ബാലിന്റെ ചിത്രസംയോജനം വേഗത നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ജോണ്‍.പി.വര്‍ക്കി എന്ന പുതുമുഖം ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ ബഹളമയമായി എന്ന് മാത്രമല്ല, ചിത്രത്തെ അതൊട്ടും സഹായിക്കുന്നുമില്ല.
  
പ്രതീക്ഷകള്‍ സമ്മാനിച്ച്‌ കടന്നു വന്ന ഉന്നം, ഓര്‍ത്തു വക്കാന്‍ ഒരു നിമിഷം പോലും സമ്മാനിക്കാതെ കടന്നു പോക്കുന്നു. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആകും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് അലി, ഒരു നല്ല നടനില്‍ നിന്ന് പോലും വളരെയകലെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം. പുതുമകള്‍ തേടി പായുമ്പോള്‍, മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഇത്തരം റിമേക്ക് സംരംഭങ്ങള്‍ നല്ലതാണ്, പക്ഷെ അവ മൂലചിത്രത്തോട് അല്പമെങ്കിലും നീതി പുലര്‍ത്തണം, അതും സിബി മലയില്‍ പോലൊരു മുതിര്‍ന്ന സംവിധായകന്‍ ചിത്രമൊരുക്കുമ്പോള്‍. വളരെ വികലമായൊരു റിമേക്ക്, അതാണ്‌ ഉന്നം. ജോണി ഗദ്ദാര്‍ എന്ന ചിത്രത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താത്ത ചിത്രമാണ് ഉന്നം എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട് പക്ഷെ.... 

എന്‍റെ റേറ്റിംഗ്: 2 .0  / 5 .0  


0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.