Monday, March 9, 2015

ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ

വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരേ മുൻകൈ എടുത്തായിരുന്നു പ്രദർശനം. വൈകിയാണ് ഇൻവിറ്റേഷൻ കിട്ടിയതെങ്കിലും കൃത്യ സമയത്ത് തന്നെ അവിടെ എത്തിപ്പെടാൻ പറ്റി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയ വികാരങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. വളരെയധികം എന്നെ സ്വാധീനിച്ച എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടെന്നു തോന്നി. ഒരു തവണ കൂടി ഈ ചിത്രം കാണുവാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ, വെറുമൊരു ശരാശരി സിനിമാസ്വാദകനായ എനിക്കുണ്ടായ ചില തോന്നലുകൾ ഞാനിവിടെ കുറിക്കുന്നു.

ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ പേരു തന്നെ ചിത്രത്തിൽ നമുക്കായി കരുതിയിരിക്കുന്ന വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. ഒരേ സമയം ഉയരത്തെയും ആഴത്തെയും സൂചിപ്പിക്കാൻ കഴിയുന്ന വാക്കാണ്‌ ഒരാൾപ്പൊക്കം. പരമ്പരാഗത സിനിമകളിൽ നിന്നും ബോധ പൂർവ്വമുള്ള ഒരു മാറിനടക്കലായി ഈ ചിത്രത്തെ നമുക്ക് കാണുവാൻ കഴിയുമെങ്കിലും, പല തലങ്ങളിൽ നിന്ന് കൊണ്ട് ജീവിതമെന്ന മിഥ്യയെ നോക്കി കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് ഇതിനെ കാണുവാൻ കഴിഞ്ഞത്. ഒരേ ഫ്ലാറ്റിൽ താമസിക്കുന്ന മഹേന്ദ്രനെയും മായയെയും പരിചയപ്പെടുത്തിയാണ് ഒരാൾപ്പൊക്കം ആരംഭിക്കുന്നത്‌. അവർ വിവാഹിതരല്ല, വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് പല നിബന്ധനകളോടെ ഒരുമിച്ചു ജീവിക്കുന്ന രണ്ടു പേർ.  തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ താൻ പ്രണയത്തിലാണോ എന്ന് മഹി സംശയിച്ചു തുടങ്ങുന്നു. ലൈംഗികമായ ഒരാകർഷണം മാത്രമാണത് എന്ന് മഹി മായയോട് പറയുന്നുവെങ്കിലും അയാളുടെ ഈഗോ മായയുമായി വഴിക്കിടുന്നതിൽ അവസാനിക്കുന്നു. മായ അയാളുടെ ജീവിതത്തിൽ നിന്നും നടന്നകലുന്നു. തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പെണ്‍കുട്ടിയുമായി ജീവിതം ആസ്വദിക്കുവാൻ അയാൾ ശ്രമിക്കുന്നുവെങ്കിലും, മായയുടെ ആ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യത അയാളെ വേട്ടയാടുന്നു. അവളുടെ നമ്പർ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന അവസരത്തിലാണ് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ അയാൾക്ക് കിട്ടുന്നത്. ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, അതിന്റെ ഉയരം കണ്ട് മഹിയെ ഓർമ്മ വന്നു എന്ന് പറഞ്ഞായിരുന്നു അവൾ വിളിച്ചത്. അടുത്ത ദിനം ഉറക്കമുണരുന്ന മഹിയെ കാത്തിരുന്നത് ഉത്തരാഖണ്ടിൽ സംഭവിച്ച പ്രളയവും ദുരന്തവുമാണ്. മായയെ വിളിക്കുവാൻ മഹി ശ്രമിക്കുന്നുവെങ്കിലും ഫോണിൽ കിട്ടാതെ വരുന്നു. അത് മഹിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. അവളുടെ ഓർമ്മകൾ അവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നു, ആദ്യം മുംബൈ, പിന്നെ ഡൽഹി, അവിടെ നിന്നും ഹരിദ്വാർ അങ്ങനെ മഹിയുടെ യാത്ര തുടരുന്നു.

ചിത്രത്തിന്റെ ആദ്യരംഗം മുതൽ മഹേന്ദ്രൻ എന്ന കഥാപാത്രത്തെ വരച്ചിടുന്നുണ്ട് ചിത്രത്തിൽ. അഹംബുദ്ധിയായ തന്നിലുപരി മറ്റൊന്നിനേയും വക വയ്ക്കാത്ത, താനാണ് ഏറ്റവും ഉയർന്നവൻ, താൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരാളാണ് എന്നിങ്ങനെ പല പല ധാരണകൾ തന്നെക്കുറിച്ച് തന്നെ പുലർത്തുന്ന ഒരു വ്യക്തിത്വം.  എന്നാൽ മറു ഭാഗത്ത് ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ മായ. താനെടുത്തണിയുന്ന മുഖംമൂടികൾ പൊളിഞ്ഞു വീഴുമ്പോൾ ഒളിച്ചോടുന്ന മഹേന്ദ്രനെയും നമുക്ക് കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ അന്വേഷിക്കുന്നതെന്തെന്ന് തനിക്കറിയില്ല  എന്ന് നടിക്കുന്ന മഹി തേടുന്നത് മായയെ തന്നെയാണ്. മായയെ തേടിയുള്ള യാത്രയിലുടനീളം മായ മഹിക്കൊപ്പമുണ്ടുതാനും. തുടക്കത്തിൽ നാം കാണുന്ന പരിഷ്കാരിയായ ഒരു നഗരജീവിയിൽ നിന്നും, തന്റെ ഞാനെന്ന ഭാവവും അഹംഭാവവും നഷ്ടപ്പെട്ട്, തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട് നിൽക്കുന്ന മഹേന്ദ്രനിലെത്തി ചിത്രം അവസാനിക്കുന്നു.  പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും പലതരത്തിൽ തുടർ ചിന്തകൾ നടത്തുവാനുമുള്ള സ്വാതന്ത്ര്യവും നൽകി abstract ആയ ഒരു അവസാനമാണ് ചിത്രത്തിനുള്ളത്. മായ എന്ന വാക്കിനു illusion എന്നൊരർഥം നൽകിയാൽ, മായ മഹേന്ദ്രനെ സംബന്ധിച്ച് ഒരു 'മായ' തന്നെയാണ്. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന്, അയാൾ പ്രതീക്ഷിക്കാതെ ഒരു ശൂന്യത സമ്മാനിച്ചിട്ടു കടന്നു പോകുന്നു. അവളെ തേടിയുള്ള അയാളുടെ യാത്രക്കിടയിൽ പലവുരു അയാൾ മായയെ കാണുന്നു, അവളുമായി സംവദിക്കുന്നു. മായയെ അന്വേഷിച്ചു പോകുമ്പോൾ മഹി കാണുന്ന, മായയുടെ മുഖമുള്ള  ഛായ എന്ന സ്ത്രീയിലും തേയില നുള്ളാൻ പോകുന്ന പെണ്‍കുട്ടികൾക്കിടയിലും, ജീപ്പിൽ നിന്നിറങ്ങി പോകുന്ന സ്ത്രീകൾക്കിടയിലുമെല്ലാം മഹി മായയെ കാണുന്നുണ്ട്. തളർന്നിട്ടും അയാളെ ഉയരത്തിലേക്ക്  കയറുവാനുള്ള പ്രേരകശക്തിയായി,  ആ നീണ്ടയാത്രയിൽ തനിക്കൊപ്പം ഒരു സഹയാത്രികയായി അവളുമുണ്ട് എന്ന് മഹി വിശ്വസിക്കുന്നു. ബാറിലിരുന്ന് മദ്യപിക്കുന്ന സമയത്താണ് മഹിക്ക് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ വിളി വരുന്നത്.  മായയെ തേടിയുള്ള യാത്രയിൽ അവളെ കണ്ടിട്ടുള്ള ഒരാളെ പോലും മഹിക്ക് കണ്ടെത്താനാവുന്നില്ല. ആ ഒരു തലത്തിൽ ചിന്തിച്ചാൽ മഹിക്ക് കിട്ടിയ ഫോണ്‍ കോൾ തന്നെ ഒരു illusion ആവാനുള്ള സാധ്യതയുണ്ട്. മായ കേദാർനാഥിൽ ഉണ്ടെന്ന് തോന്നലാവാം അയാളെ അങ്ങോട്ട് നയിക്കുന്നത്. എല്ലാത്തിനുമൊടുവിൽ മഹി മായയെ കണ്ടുമുട്ടുന്നതായും അവർ മടങ്ങി പോരുവാൻ തുടങ്ങുന്നതുമായ രംഗങ്ങൾ, ജീവിതത്തിൽ ചില തെറ്റുകൾ തിരുത്തുവാൻ നമുക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സഹജമായ വാസന, തന്റെ ഈഗോയെ മുൻനിർത്തി അവയെ നിരാകരിക്കുകയാണ്. മഹി സഞ്ചരിക്കുന്നതും ആ വഴിയെ തന്നെ!

സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് ചിത്രം നമ്മോട് പറയുവാൻ ശ്രമിക്കുമ്പോൾ അത് വഴി മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രം നമ്മോട് സംവദിക്കുന്നുണ്ട്. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും നാം സ്ത്രീകളെ എങ്ങനെ കാണുന്നുവോ അത് പോലെ തന്നെയാണു പ്രകൃതിയെയും കാണുന്നത് എന്ന ധ്വനി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥാഗതിക്കിടയിൽ വളരെ casual ആയി, ഒരു ഡാമിന്റെ വരവ് ഒരു ജനതയെ എങ്ങനെ ബാധിച്ചു എന്ന് പറഞ്ഞു പോകുന്നുവെങ്കിലും, അത്  അവശേഷിപ്പിക്കുന്നത് പ്രേക്ഷകർക്ക് ചിന്തീദ്ദ്വീപമായ വസ്തുതകളാണെന്ന് പറയാതെ വയ്യ. ഉത്തരാഖണ്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് മഹിയുടെ യാത്രയെ നമുക്കായി അവതരിപ്പികുമ്പോൾ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയിരിക്കുന്ന ചില ക്രൂരമായ ഇടപെടലുകളെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ് ഈ ചിത്രം. ഒരു environmental movie ആയി ഒരാൾപ്പൊക്കത്തെ ആരെങ്കിലും കണ്ടാൽ അതിൽ അതിശയോക്തിയില്ല എന്ന് പറയാം. ഉയർന്ന വ്യക്തി എന്ന് വ്യംഗ്യമായി അർത്ഥം വരുന്ന മഹേന്ദ്രൻ എന്ന നാമധേയത്തിലുള്ള വ്യക്തിയ, ജീവിതം എത്ര നിസ്സാരം എന്ന് കാണിച്ചു കൊടുക്കുന്നത് മായ എന്ന് പേരുള്ള ഒരു സ്ത്രീയാണ്. മഹേന്ദ്രൻ, മായ, ഛായ എന്നിങ്ങനെ വാക്കുകൾക്കൊണ്ടുള്ള സമർത്ഥമായ ഒരു കളി തന്നെ നമുക്കിതിൽ കാണാം. ഹരിദ്വാറിലേക്കുള്ള യാത്രക്കിടയിൽ മഹി ആദ്യം മായയെ കണ്ടുമുട്ടുന്ന അവസരത്തിൽ അവൾ മഹിയോട് പറയുന്നത്, അയാൾ നല്ലൊരു നടനാനെന്നാണ്. അത് അയാളെ പൊടുന്നനെ അസ്വസ്ഥനാക്കുന്നു, അല്പം കൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ മഹിയിൽ കാണുവാൻ സാധിക്കും. നമ്മെ തന്നെ മറന്നു ജീവിതത്തിലെ പല ലക്ഷ്യങ്ങൾക്കായി ഓടുന്ന നാം, പലപ്പോഴും ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് നമ്മോടു വ്യംഗ്യമായി ചിത്രം പറയുന്നത് ഇങ്ങനെയുള്ള സംഭാഷണശകലങ്ങളിലൂടെയാണ്. മായയെ തേടി കുന്നിൻ മുകളിലേക്ക് നടന്നു കയറുന്ന മഹി, അവളെ കണ്ടുമുട്ടുമ്പോൾ, അവളുടെ വാക്കുകൾ കേൾക്കാതെ ഉയരത്തിലേക്ക് ഓടി കയറുന്നു. മുകളിലെത്തുന്ന മഹി മായയോട് അവൾ നടന്നു കയറിയ ദൂരം തനിക്ക് ഓടി കയറാൻ കഴിഞ്ഞുവെന്ന് അഹങ്കാരത്തോടെ പറയുമ്പോൾ, നമ്മൾ സഞ്ചരിച്ച ദൂരവും, എത്തിയ സ്ഥലവും ഒന്ന് തന്നെയെന്നാണ് മായയുടെ മറുപടി. ആ മറുപടി ശ്രദ്ധിക്കുക, ചിത്രം ഒരേ സമയം Spiritual ഉം Philosophyക്കലുമാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിന്റെ നശ്വരതയെയും മരണമെന്ന യാഥർത്ഥ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പികുകയാണ് ചിത്രമിവിടെ. മനുഷ്യ ജീവിതത്തെയും ആറടി മണ്ണിനേയും ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളിലാണ്, ചിത്രത്തിനു ഒരാൾപ്പൊക്കം എന്ന പേരു നൽകിയതിന്റെ പ്രസക്തി എന്ന് തോന്നുന്നു.

അവസാനിപ്പിക്കുന്നതിന് മുന്നേ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടി പറയാതെ നിർത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മഹേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് ബാരെയാണ്. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മായയെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്, എങ്കിലും എടുത്തു പറയേണ്ടത് പ്രകാശ് ബാരേയുടെ പ്രകടനമാണ്. മികച്ച ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം, ഏതൊരു ബിഗ്‌ ബജറ്റ് ചിത്രത്തോടും കിടപിടിക്കാൻ തക്കവണ്ണമുള്ള സിനിമാട്ടോഗ്രാഫിയാണു ചിത്രത്തിന്റേത്. ഡിജിറ്റൽ സിനിമാട്ടൊഗ്രാഫിയുടെ സാധ്യതകൾ അനന്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്നു പോകുന്നു, ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും രംഗങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു എന്ന് പറയാം. അപ്പുക്കുട്ടൻ ഭട്ടതിരിയുടെ ചിത്രസംയോജനവും മികച്ചതു തന്നെ. അഭിനേതാക്കളും അണിയറ പ്രവർത്തകരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ഈ ചിത്രത്തിന്റെ, ചിത്രത്തിന്റെ ജീവനാഡിയായി മാറുന്നത് തിരക്കഥയും സംവിധായകൻ സനൽ ശശിധരനുമാണ്. ഫ്രോഗെന്ന ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചിതനായ സനൽ, ഈ ചിത്രത്തിലും വേറിട്ട വഴിയിലൂടെയാണ് ചരിക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും പുലർത്തിയ വ്യത്യസ്ത, പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ മേന്മ, അത് തന്നെയാണ് സംവിധായകനെന്ന നിലയിൽ സനലിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.  Traditional സിനിമകളുടെ ചട്ടക്കൂടിനു വിരുദ്ധമായി, നിക്ഷിപ്തമായ ഒരു ഘടനക്കുള്ളിൽ നിന്നല്ല സനൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, അത് കൊണ്ടു തന്നെ, വളരെ abstract ആയ ഒരു അന്ത്യമാണ് ചിത്രം സമ്മാനിക്കുന്നത്. ഒരു പക്ഷേ പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വ്യത്യസ്തമായ വഴികൾ വെട്ടിത്തുറന്നിട്ട്, ഈ ചിത്രം ഒരു ക്ലൈസ്മാക്സിൽ എത്തുന്നില്ല എന്നൊരു വാദഗതി കൂടി ഇതിനൊപ്പം ചേർത്ത് വയ്ക്കാം. ഒരേ സമയം സാമൂഹികവും മാനുഷികവും ആത്മീയവും തത്വചിന്താപരവുമായ നിരവധി കാര്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ചിത്രം കടന്നു പോകുന്നത്. ആസ്വാദനത്തിന്റെ പല തലങ്ങളിൽ നിന്ന് കൊണ്ട്, അവരവരുടെ അഭിരുചിക്കും ആസ്വാദനക്ഷമതക്കുമൊത്ത് ഈ ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു പക്ഷേ ഈ ചിത്രം കൊണ്ട് സനൽ ഉദ്ദേശിക്കുന്നതും അത് തന്നെയായാകും.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.