Showing posts with label സോഷ്യല്‍ മീഡിയ. Show all posts
Showing posts with label സോഷ്യല്‍ മീഡിയ. Show all posts

Friday, February 6, 2015

ലാലിസം വിവാദമാകുമ്പോൾ..


35 ആം ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് കൊടിയേറിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് മാത്രമല്ല, ഒരു പിടി വിവാദങ്ങൾക്ക് കൂടിയാണ് അതിനൊപ്പം തുടക്കം കുറിച്ചത്. മാസങ്ങൾക്ക് മുന്നേ തന്നെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ സംഘാടകർ ഒരുക്കിയ ഉദ്ഘാടന പരിപാടിയിലെ കല്ലുകടിയായിരുന്നു ലാലിസം. മാസങ്ങൾക്ക് മുന്നേ തന്നെ മോഹൻ ലാൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങുന്നുവെന്നും സംഗീത സംവിധായകൻ രതീഷ്‌ വേഗയുമായി സഹകരിച്ചാണ് ഇത്തരം ഒരു സംരംഭത്തിനു തുടക്കം കുറിക്കുന്നതെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലാലിസം എന്ന് പേരുള്ള ഈ ബാൻഡിന്റെ ആദ്യ പെർഫോർമൻസ് നടക്കും എന്ന വാർത്ത പുറത്ത് വന്നപ്പോൾ, വാനോളം പ്രതീക്ഷകളായിരുന്നു മോഹൻലാലിന്റെ ആരാധകർക്ക്. എന്നാൽ ഉദ്ഘാടന ദിവസം എല്ലാം കൈവിട്ടു പോകുന്ന ഒരു കാഴച്ചയാണ് നാമെല്ലാം കണ്ടത്. വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും, പലവുരു പിഴവുകൾ കൊണ്ട് റെക്കോർഡ് ചെയ്ത പാട്ടുകൾക്ക് ചുണ്ടനക്കുക എന്ന അധര വ്യായാമം മാത്രമായിരുന്നു അവരുടെ പ്രകടനം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പരിപാടി തീരുന്നതിനു മുന്നേ തന്നെ കാണികൾ ഒഴിഞ്ഞു പോയതും ആ പരിപാടിയുടെ ശോഭ കെടുത്തി. ഈ പ്രോഗ്രാമിന്റെ പരാജയം സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് കളമൊരുക്കുകയാണ് ചെയ്തത്. കെട്ടടങ്ങി എന്ന് കരുതിയ 2 കോടിയുടെ വിവാദം ഉടൻ തന്നെ തലപൊക്കുകയും ലാലിസത്തെ തലനാരിഴ കീറി വിശകലം ചെയ്ത് വിമർശനത്തിന്റെ പരകോടിയിൽ നിൽക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് പിന്നീട് നാം കണ്ടത്. സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ ലാലിസം ബാൻഡ് പിരിച്ചു വിട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രതീഷ്‌ വേഗ അത് നിഷേധിച്ചു കൊണ്ട് കടന്നു വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ തന്നെ കലാ-സാംസ്കാരിക രംഗത്ത് കാര്യമായ ഒരു ചർച്ച പരസ്യമായി ഉണ്ടായില്ല എന്ന് തന്നെ പറയാം, എന്നാൽ പാലക്കാട് ശ്രീറാം ലാലിസത്തെ വിമർശിച്ച് മുന്നോട്ട് വന്നതോടെ, പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു തുടങ്ങി. രാഷ്ട്രീയക്കാരും അതിലേക്ക് കടന്നതോടെ വിമർശങ്ങൾ ചെറിയ തോതിലെങ്കിലും വ്യക്തിഹത്യയിലേക്ക് നീങ്ങി.

ഇതെഴുതുന്ന അവസരത്തിൽ മോഹൻലാൽ പണം തിരികെ നൽകാമെന്ന് സർക്കാരിനെ അറിയിക്കുകയും, അത് തിരിച്ചു വാങ്ങാൻ കഴിയില്ല എന്ന് സർക്കാർ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. ഈ വിവാദത്തിന്റെ ഭാവി എന്ത് എന്ന് പ്രവചിക്കാൻ കഴിയില്ല. ഒരു പക്ഷേ ഒരു വിവാദത്തിനപ്പുറം നമ്മളോ, സോഷ്യൽ മീഡിയയോ, മാധ്യമങ്ങളോ ചർച്ച ചെയ്യപ്പെടാതെ  പോയ കുറെ അധികം വശങ്ങൾ ഇതിനുണ്ടായിട്ടുണ്ട്. ഒരു ന്യൂനപക്ഷമെങ്കിലും അത് ഉയർത്തി കൊണ്ടു വരുവാൻ ശ്രമിച്ചിരുന്നെങ്കിലും പ്രസ്താവനകളുടെയും ചെളിവാരിയെറിയലിന്റെയും കുത്തൊഴുക്കിൽ അതാരും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് വേണം കരുതാൻ. അതിലേക്ക് വിരൽ ചൂണ്ടുവാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

ലാലിസം പാളിയതെവിടെ?
ലാലിസം എന്ന ബാൻഡിനു രണ്ടു കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ആദ്യം പ്രതിഷേധവുമായി എത്തിയത് സംവിധായകൻ വിനയനായിരുന്നു. സൂപ്പർ താരങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോപണം പ്രത്യക്ഷത്തിൽ സത്യവുമായിരുന്നു. ദേശീയ ഗെയിംസിന്റെ പ്രചരണ പരിപാടികളിൽ സച്ചിൻ ടെണ്ടൂൽക്കർ പ്രതിഫലം വാങ്ങാതെ പങ്കെടുക്കുമ്പോൾ ലാൽ 2 കോടി വാങ്ങുന്നതിലെ അനൗചിത്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആ വിമർശനത്തിലെ യുക്തി നമുക്ക് മനസ്സിലാക്കാമെങ്കിലും, ലാൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ പല ഗായകരും അതിൽ പങ്കെടുക്കുന്നുവെന്നും അവരുടെ പ്രതിഫലവുംപരിപാടിയുടെ തയ്യാറെടുപ്പുകൾക്കുമായാണ് രണ്ടു കോടിയെന്നും വിശദീകരണം വന്നപ്പോൾ, അത് പൊതുവെ സ്വീകാര്യമാകുന്ന ഒന്നായി. ഒരാഴ്ചയിലധികം നീണ്ട റിഹേഴ്സലിനൊടുവിൽ ലാലിസം തട്ടിൽ കയറിയപ്പോൾ അമ്പേ പാളി എന്ന് പറയാം. പ്രഗത്ഭാരായ പലരും പിന്നണിയിൽ പ്രവർത്തിച്ചുവെങ്കിലും അവതരണത്തിൽ ഒരു തരത്തിലും പുതുമ പകരുവാൻ പരിപാടിക്ക് കഴിഞ്ഞില്ല. മുന്നേ തന്നെ റെക്കോർഡ് ചെയ്ത പാട്ടുകൾ, പോസിറ്റീവ് ട്രാക്കിട്ട് പ്ലേ ചെയ്ത ശേഷം വരികൾക്കനുസരിച്ച് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. പരിശീലത്തിന്റെ കുറവ് കൊണ്ടോ അതോ ആസൂത്രണത്തിലെ പിഴവ് കൊണ്ടോ, ലിപ് സിങ്കിങ്ങ് ഗാനപരിപാടി ഗംഭീരമായി തന്നെ പാളി. പലപ്പോഴും പാട്ട് തുടങ്ങിട്ടും അതൊന്നുമറിയാതെ നിൽക്കുന്ന മോഹൻലാലിനെയും, മറ്റ് ചില അവസരങ്ങളിൽ പാട്ട് തീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്ന മോഹൻലാലിനെയും നാം കണ്ടു. ലാലിസത്തിന്റെ ഭാഗമായി പങ്കെടുത്ത മറ്റ് ഗായകർക്കാവട്ടെ കാര്യമായ റോൾ ഒന്നും ഉണ്ടായിരുന്നില്ല. പേരിനു മാത്രമായി ഒന്നോ രണ്ടോ പാട്ടുകൾ പാടി, ചുണ്ടനക്കൽ പരിപാടിയിൽ തങ്ങൾക്കുള്ള റോൾ ഭംഗിയായി നിർവഹിച്ചു. ഒരു ബാൻഡിന്റെ പ്രകടനം കാണാനെത്തിയവർക്ക് റെക്കോർഡ് ചെയ്ത് വേദിയിൽ അവതരിപ്പിച്ച ഒരു ബാലെ പോലെയായിരുന്നു ലാലിസം. വമ്പിച്ച ജനാവലിക്ക് മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങിയ പരിപാടി തീരാറായപ്പോഴേക്കും കാണികൾ ഭൂരിഭാഗവും കൊഴിഞ്ഞു പോയ അവസ്ഥയിലുമായിരുന്നു. വളരെ ഗംഭീരമായി തുടക്കം കുറിക്കേണ്ട ഒരു ബാൻഡ്, ഒന്നുമല്ലാതെ അവസാനിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.



കലയുടെ മൂല്യമെന്ത്?
'കലയ്ക്ക് നമുക്കൊരു വിലയിടാനാവില്ല' എന്ന് നമ്മുടെ കായിക മന്ത്രി പറയുകയുണ്ടായി. ലാലിസമെന്ന ബാൻഡിനു 2 കോടി രൂപ പ്രതിഫലമായി നൽകുന്നു എന്ന വിവാദം പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി പറഞ്ഞത് വലിയൊരു തത്വമാണെങ്കിലും ഈ കാലഘട്ടത്തിൽ എല്ലാത്തിനും ഒരു വില നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഒരു സിനിമ കാണണമെങ്കിൽ അതിനൊരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്ന നടീ-നടന്മാർക്ക്, അതിലെ അണിയറ പ്രവർത്തകർക്ക് എല്ലാം ഒരു പ്രതിഫലം നിശ്ചയിചിട്ടുണ്ട്. അത് പോലെ തന്നെയാണ് ഒരു ഒരു ബാൻഡും അവരുടെ സമയത്തിന്, അവരുടെ പ്രകടനത്തിന് ഒരു മൂല്യം അവർ തന്നെ നിർണ്ണയിക്കുകയും സംഘാടകർ അത് നൽകുവാൻ ബാധ്യസ്ഥരാകുകയും ചെയ്യും. ലാലിസത്തിനു 2 കോടി എന്നത് മോഹൻലാൽ അദ്ദേഹത്തിന്റെ സമയത്തിനും പ്രതിഭയുടെ മൂല്യത്തിനുമിട്ട വിലയാകാം. ഗെയിംസിന്റെ സംഘാടകർ അദ്ദേഹവുമായി പറഞ്ഞുറപ്പിച്ച തുകയാണത്. ഇനി ഗെയിംസ് സംഘാടകർ മറ്റു ചില കലാകാരന്മാർക്ക് നൽകിയ തുക നമുക്കൊന്ന് പരിശോധിക്കാം. മട്ടന്നൂർ ശങ്കരങ്കുട്ടി ആശാനും അദ്ദേഹത്തിന്റെ നൂറോളം വരുന്ന വാദ്യമേളക്കാർക്കും പ്രതിഫലമായി നൽകിയത് 5.5 ലക്ഷം രൂപയാണ്. പോണ്ടിച്ചേരിയിൽ നിന്നുള്ള തവിൽ വാദ്യ വിദഗ്ദ്ധനായ കരുണാമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനു പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് 2.10 ലക്ഷം രൂപ മാത്രമാണ്. ശോഭനയുടെ നൃത്തസംഘത്തിനും (40 പേർ) ഓർക്കസ്ട്രക്കുമായി നിശ്ചയിക്കപ്പെട്ട പ്രതിഫലം 25 ലക്ഷം രൂപ. കുഞ്ഞാലിമരയ്ക്കാർ എന്ന പരിപാടിക്കായി സംഗീതമൊരുക്കിയ സംഗീത സംവിധായകൻ ശരത്തിന്റെ പ്രതിഫലം, എല്ലാ ചിലവുകളുമടക്കം 12 ലക്ഷം രൂപ.  സംഘാടന സമിതിയിൽ കോഴിക്കോട് അംഗമായിരുന്ന ഗായകൻ വി.ടി മുരളിക്ക്‌ കോഴിക്കോടിന്റെ പാരമ്പര്യം നിറയുന്ന സംഗീത പരിപാടി അവതരിപ്പിക്കുവാൻ അനുവദിച്ച തുക വെറും 20000 രൂപ മാത്രം. കലയ്ക്ക്‌ മൂല്യം നിശ്ചയിക്കാനാവില്ല എന്ന തത്വം പറയാമെങ്കിലും മോഹൻലാലിന്റെ പ്രൊഫഷണൽ പോലുമല്ലാത്ത ബാൻഡിനു, അതും ആദ്യമായി തട്ടിൽ കയറുന്ന ബാൻഡിനു 1.8 കോടി രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടപ്പോൾ മറ്റുള്ള കലാകാരന്മാർക്ക് പ്രതിഫലമായി നൽകിയത് തുലോം തുച്ഛമായ സംഖ്യയാണെന്ന് പറയാതെ വയ്യ. കലാ സാംസ്കാരിക രംഗത്ത് നിന്നും പ്രതിഷേധവുമായി മുന്നിട്ടു വന്നവർ ഉയർത്തിയ പ്രധാന വാദഗതി ഈ പ്രതിഫലത്തിലെ വൈരുധ്യമാണ്.  ലാലിസത്തിനു പ്രതിഫലം നിശ്ചയിക്കുന്ന അവസരത്തിൽ അത് മോഹൻലാലും ബാൻഡിന്റെ ഭാഗമായ മറ്റു ചില ഗായകരും മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. പ്രതിഫലത്തെ ചൊല്ലി വിവാദമുയർന്നപ്പോഴാണ് ഹരിഹരൻ, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത തുടങ്ങിയ ഗായകരെ ഇതിൽ ഉൾപ്പെടുത്തിയത്. അവർക്ക് നാമമാത്രമായ ഗാനങ്ങൾ നൽകി, ഭൂരിഭാഗം പാട്ടുകളും പാടിയത് ലാൽ തന്നെയായിരുന്നു. അതിൽ പങ്കെടുത്ത വിവിധ ഗായകർക്കും അവർക്കുള്ള മറ്റു സൗകര്യങ്ങൾക്കുമായി 2 കോടി രൂപ ആവശ്യമായി വരും എന്ന് പറഞ്ഞത്തിലെ യുക്തിരാഹിത്യം അവരുടെ പ്രകടനത്തിൽ നിന്ന് തന്നെ വെളിവായി എന്ന് വേണം കരുതാൻ. ഒരു നടന്റെ ബാൻഡിനെ ലോഞ്ച് ചെയ്യാൻ പൊതുജനങ്ങളുടെ പണം മുടക്കി അവസരം ഉണ്ടാക്കണമായിരുന്നോ എന്നൊരു ചോദ്യം കൂടി അവിടെ അവശേഷിപ്പിക്കുന്നു ഈ വിവാദങ്ങൾ.




ലാലിസത്തെ പ്രതിരോധിച്ചാൽ...
ഏകദേശം 27 വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിൽ എത്തുന്നത്.  അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പഴി കേൾക്കുന്ന അവസരത്തിലാണ് സംഘാടകർ ലാലിസത്തെ ഉദ്ഘാടനത്തിലേക്ക് കൊണ്ടു വരുന്നത്. എ ആർ രഹ്മാനെയായിരുന്നു അവർ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാൻ വയ്യത്തതിനാൽ മോഹൻലാലിനോട് ഇതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലാലിസം എന്ന ബാൻഡിനെ കുറിച്ചുള്ള  വാർത്തകൾ പുറത്ത് വന്നിട്ട് കുറച്ചു നാളുകൾ ആയി എങ്കിലും ഈ ഒരു പ്രോഗ്രാമിന് വേണ്ടിയാകണം ആദ്യമായി അവർ റിഹേഴ്സൽ ചെയ്തിട്ടുണ്ടാകുക. കുറഞ്ഞ സമയത്തിൽ തട്ടിക്കൂട്ടിയെടുത്ത ഒരു പ്രോഗ്രാം തന്നെയാണിത് എന്ന് വ്യക്തം. ഇന്നത്തെ പല ഗാനമേളകളും പോലെ പാട്ടുകൾ റെക്കോർഡ് ചെയ്ത്, സ്റ്റേജിൽ പോസ്റ്റീവ് ട്രാക്ക് തന്നെ പ്ലേ ചെയ്ത് ചുണ്ടനക്കുക എന്ന വഴി തന്നെയാണ് അവരും സ്വീകരിച്ചത്. പലപ്പോഴും കാണികൾ അറിയുന്നില്ലെങ്കിലും, കേരളത്തിലെ ഒട്ടുമിക്ക ഗായകരും അവലംബിക്കുന്ന ഒരു രീതിയാണിത്. അവർക്കതിൽ വിജയിക്കാൻ കഴിയുന്നു എന്നിടത്താണ് ഗാനമേളയുടെ വിജയം. പഴയകാലത്ത് ഓർക്കസ്ട്രയുടെ അഭാവത്തിൽ, ഗാനമേളകളിൽ മൈനസ് ട്രാക്കിട്ട് പാട്ടുകൾ പാടിയിരുന്നു. ഇന്നത് സാങ്കേതികത വളർന്നതിനാൽ പോസിറ്റീവ് ട്രാക്ക് തന്നെ ഇട്ട് അധരവ്യായാമം നടത്തുന്ന പ്രവണതയാണ് കൂടുതലും. പല റിയാലിറ്റി ഷോകളിൽ വരെ ഇത് സംഭവിക്കുന്നു എന്ന് പാലക്കാട് ശ്രീറാം വെളുപ്പെടുത്തിയത് നമുക്ക് മുന്നിൽ നിൽക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിയത്തിലെ പിഴവുകളാണ് ഈ പരിപാടി പരാജയപ്പെടാനുള്ള കാരണം എന്നാണ് ഞാൻ കരുതുന്നത്. തന്റെ ബാൻഡിന്റെ ആദ്യ പെർഫോർമൻസിനു അദ്ദേഹം തിരഞ്ഞെടുത്ത വേദി തെറ്റായി പോയി എന്ന് തോന്നുന്നു. ഇതൊരു പൊതു പരിപാടിയായിരുന്നു, അത്തരം ഒരു വേദി തന്റെ ബാൻഡ് തുടക്കം കുറിക്കാൻ അനുയോജ്യമാണോ എന്നൊരു സംശയമുണ്ട്, പ്രത്യേകിച്ചും ആസൂത്രണത്തിലും ആവിഷ്കാരത്തിലും പല തരം ന്യൂനതകളെ മറികടന്നാണ് തങ്ങൾ ഈ പരിപാടി അവതരിപ്പിച്ചത് എന്ന് രതീഷ്‌ വേഗ തന്നെ സമ്മതിക്കുമ്പോൾ. അവർക്ക് 100 ശതമാനം സ്വാതന്ത്ര്യത്തോടെ ആസൂത്രണം നടത്തി കൂടുതൽ ആത്മവിശ്വാസത്തോടെ നടത്താൻ കഴിയുന്ന ഒരു വേദി, അതായിരുന്നു ഉചിതമായ ഒരു വേദി. ആ തിരഞ്ഞെടുപ്പിലെ വീഴ്ചയും ആ പരാജയത്തിന്റെ ആക്കം കൂട്ടി എന്ന് നിസ്സംശയം പറയാം.

ലാലിസമായിരുന്നോ ഉചിതം?
ബാൻഡുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു നാടാണ് കേരളം. അവിയൽ, തൈക്കുടം ബ്രിഡ്ജ്, ആഗം, മദർ ജെയിൻ തുടങ്ങി ജനപ്രീതി ആർജ്ജിച്ച ഒട്ടേറെ ബാൻഡുകൾ നമുക്കുണ്ട്. പല വേദികളിലായി നിരവധി ലൈവ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത ബാൻഡുകളാണവ.  ഒരു പക്ഷേ അവർക്ക് ലഭിക്കേണ്ടിയിരുന്ന ഒരു അവസരമായിരുന്നു ലാലിസത്തിനു ലഭിച്ചത് എന്ന് കൂടി പറയാം. മോഹൻലാൽ എന്ന നടന്റെ താരമൂല്യം കൊണ്ടാകാം ലാലിസത്തിനു നറുക്ക് വീണത്, പക്ഷേ ഇതിനേക്കാൾ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കുവാൻ ആ ബാൻഡുകൾക്ക് കഴിയുമായിരുന്നു എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു.  ദേശീയ ഗെയിംസ് ആയതിനാൽ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമം സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. തനി കേരളീയമായ പരിപാടികൾ മാത്രമാണുണ്ടായിരുന്നത് എന്ന വിമർശനവും ഉയർന്നു കേൾക്കുന്നു.

മോഹൻലാൽ ഒരു മികച്ച നടൻ, പക്ഷേ ബാൻഡ്...?
കഴിഞ്ഞ 36 വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന വൈഭവം അതാണ്‌ മോഹൻലാൽ. പല പല വേഷങ്ങളിൽ, ഭാവങ്ങളിൽ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും ഒക്കെ ചെയ്ത നടൻ. രണ്ട് ദേശീയ പുരസ്കാരം, ഒട്ടനവധി സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, അദ്ദേഹത്തെ തേടിയെത്താത്ത ആദരങ്ങൾ ചുരുക്കം. ഒരു നടൻ എന്ന നിലയിൽ മലയാളികൾ അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ചില സിനിമകളിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ലാലിസത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ രതീഷ്‌ വേഗ ഈണം പകർന്ന ആറ്റുമണൽ പായയിൽ എന്ന ഗാനം കൊച്ചു കുട്ടികൾ വരെ ഏറ്റുപാടിയതുമാണ്. പക്ഷേ ഒരു പ്രൊഫഷണൽ ബാൻഡ് തുടങ്ങുക, അതിലെ പ്രധാന ഗായകനായി താൻ തന്നെ മാറുക എന്നത് എത്രത്തോളം യുക്തിപരമായ തീരുമാനമാണെന്ന് ഇപ്പോഴെങ്കിലും അദ്ദേഹം ചിന്തിക്കുന്നുവെങ്കിൽ നല്ലത് എന്ന് ഞാൻ കരുതുന്നു. ആ ബാൻഡിനു ലാലിസം എന്ന പേരിട്ടത് തന്നെ ആത്മരതിപരമായ ഒരു മനോഭാവത്തിന്റെ ദൃഷ്ടാന്തമായി വേണം കരുതാൻ. സംഗീതത്തെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല, എന്നിരുന്നാലും ഒരു സിനിമക്ക് വേണ്ടി, സംഗീത സംവിധായകന്റെ നിർദ്ദേശത്തിൽ മ്യൂസിക് കണ്‍സോളിൽ നിന്ന് പാടുന്നതു പോലെയല്ല ഒരു വേദിയിൽ ലൈവായി പാടുന്നത്. കൊടികെട്ടിയ ഗായകർ വരെ സമ്മതിച്ചു തരുന്ന ലളിതമായൊരു സത്യമാണത്. പണ്ടത്തെ പോലെ ഓർക്കസ്ട്രക്കൊപ്പം ലൈവ് പാടി പാട്ടുകൾ റിക്കോർഡ് ചെയ്യുന്ന സംവിധാനം മണ്‍മറഞ്ഞിട്ട് വർഷങ്ങളാകുന്നു. കണ്‍സോളിൽ ഗാനത്തിന്റെ ഒരോ ഭാഗങ്ങളും പഞ്ച് ചെയ്തെടുത്ത് മിക്സ്‌ ചെയ്താണ് നാമിന്നു കേൾക്കുന്ന ഗാനങ്ങൾ നമുക്ക് മുന്നിൽ എത്തുന്നത്. ഫാൻസിനു ദഹിക്കുമെങ്കിലും സംഗീത പ്രേമികളെ ആനന്ദിപ്പിക്കുന്ന ഒന്നല്ല അദ്ദേഹത്തിന്റെ ഗാനങ്ങൾ. അത് കൊണ്ടു തന്നെ മോഹൻലാൽ ഒരു ബാൻഡ് തുടങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയ ആശങ്കയും അത് തന്നെയായിരുന്നു.

വിമർശനങ്ങൾക്കു പിന്നിൽ...
ലാലിസത്തിന്റെ ആദ്യ പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തി എന്നത് സത്യം. ആരാധകരെ വരെ മുഷിപ്പിച്ചു അതെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കലാ സാംസ്കാരിക രംഗത്തുള്ളവർ ഈ വിവാദത്തിലേക്ക് കടക്കാതെ മാറി നിന്നപ്പോൾ, ഗായകൻ വി ടി മുരളിയും പാലക്കാട് ശ്രീരാമുമാണ് വിമർശനങ്ങളുമായി ആദ്യം കടന്നു വന്നത്. പക്ഷേ ആ ഊർജ്ജം സംഭരിച്ച് മോഹൻലാലിനെതിരെ ആഞ്ഞടിച്ചത് ചില രാഷ്ട്രീയക്കാരായിരുന്നു. ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ചാനൽ ചർച്ചയിലും മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ അമ്പെയ്യുന്നത് നമ്മൾ കണ്ടതാണ്. ലാലിസത്തിന് മാത്രമല്ല, അതിനു മുന്നേ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ അനുസ്മരണ പരിപാടിക്കും നിലവാരമില്ലയിരുന്നുവെന്നും ചിലർ ചാനൽ ചർച്ചയിൽ വാശിയോടെ വാദിക്കുന്നത് കണ്ടു. ഭരണ പക്ഷത്ത് നിന്നവർ മന്ത്രിമാരെയും സംഘാടകരേയും സംരക്ഷിച്ചു കൊണ്ട് മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുവാനാണ് ശ്രമിച്ചത്. പ്രതിപക്ഷമോ കിട്ടിയ അവസരം മുതലാക്കി രാഷ്ട്രീയമായ വിരോധം തീർക്കുകയാണ് ചെയ്തത്. പക്ഷേ ഇതിലെല്ലാം അന്തർലീനമായ ഒരു വസ്തുത ലാലിസത്തിന്റെ പേരിൽ അദ്ദേഹത്തെ താറടിക്കുന്നുവെങ്കിലും, യഥാർഥ കാരണം മറ്റൊന്നാണെന്നതാണ്. ദി കംപ്ലീറ്റ്‌ ആക്ടർ എന്ന സൈറ്റിലെ ബ്ലോഗിലൂടെ മോഹൻലാൽ സ്ഥിരമായി ആരാധകരുമായി സംവദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ വാക്കുകൾ പലതും കുത്തി നോവിച്ചത് ഇവിടെ വികസനത്തിന്റെ സാരഥികളായി സ്വയം വാഴ്ത്തുകയും എന്നാൽ നാടിനു വേണ്ടി കാര്യമായൊന്നും ചെയ്യാതെ അധികാര ദുർവിനയോഗം ചെയ്യുന്ന ചില രാഷ്ട്രീയക്കാരെയാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ മൂർച്ഛ കൊണ്ട് അദ്ദേഹത്തിന്റെ ബ്ലോഗുകൾ പലതും ചർച്ചയായിരുന്നു.  അദ്ദേഹം ഫോർ എ ബെറ്റർ ടുമോറോ എന്ന തലക്കെട്ടിൽ അന്റാർട്ടിക്കയിൽ നിന്നുമെഴുതിയ ലേഖനം അവയിലൊന്നായിരുന്നു. മാധ്യമങ്ങളും നവ മാധ്യമങ്ങളും അത് ഉയർത്തിക്കാട്ടി നമ്മുടെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞ വാക്കുകളെ പ്രകീർത്തിച്ചെഴുതിയ ബ്ലോഗും രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു എന്ന് കണ്ടതാണ്. തനിക്ക് വിവിധ സ്ഥാനമാനങ്ങൾ നേടാനായി മോഹൻലാൽ എന്ന 'നായർ' നടത്തുന്ന പ്രീണനമാണത് എന്ന് ഒരു യുവ എം എൽ എ തന്റെ ഫേസ്ബുക്കിൽ കുറിച്ചതും നാം കണ്ടു. ഇങ്ങനെ പലതരത്തിൽ അഭിമാനം വൃണപ്പെട്ട് നിന്നവർ ഒരവസരം കിട്ടിയപ്പോൾ ഒന്നിച്ചൊന്നായി വളഞ്ഞിട്ട് ലാലിനെ ആക്രമിക്കുവാൻ കിട്ടിയ സമയം നന്നായി ഉപയോഗപ്പെടുത്തി എന്ന് വേണം കരുതാൻ. സർക്കാരിന്റെ പണം മോഹൻലാൽ അടിച്ചു മാറ്റി എന്നൊരു വികാരം സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അത് വഴി ഇനി ലാലിന്റെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന വിമർശനങ്ങളെ ഒരു മറുവാദത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന ഒരു തന്ത്രം. സന്ദേശം സിനിമയിൽ ശങ്കരാടി ഉപദേശിക്കുന്ന അതേ രാഷ്ട്രീയ കുബുദ്ധി. ഈ ആരോപണങ്ങൾ അദ്ദേഹത്തെ സ്പർശിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത്തരം ആരോപണങ്ങൾ അദ്ദേഹത്തെ നോവിച്ചിട്ടുണ്ടാകാം. തനിക്ക് ചിലവായ പണം ഒരു ചെക്കിലൂടെ മടക്കി നൽകി ആ ഉദ്യമത്തെ മുളയിലെ നുള്ളിയിരിക്കുകയാണ് മോഹൻലാൽ. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയിട്ടും കോഴ വാങ്ങിയിട്ടും ഒരുളുപ്പുമില്ലാതെ മന്ത്രിക്കസേരയിലിരുന്ന് നമ്മെ ഭരിക്കുന്ന അഴിമതി വീരന്മാരുടെയും ചാനലുകളിൽ വന്നിരുന്ന് ലാലിസത്തെ കുറിച്ച് ഘോരഘോരം പ്രസ്ഥാവനകൾ നടത്തിയ അവരുടെ ഇറാൻമൂളികളുടേയും മുഖത്തേക്കാണ് താങ്കൾ ആ പണം പിച്ചക്കാശു പോലെ എറിഞ്ഞു കൊടുത്തത്. ആ ആർജ്ജവത്തെ,  അഭിനന്ദിക്കാതെ വയ്യ. അതിനൊരു സല്യൂട്ട്.

സോഷ്യൽ മീഡിയയിൽ തിളങ്ങിയ ലോലിസം
എന്തിനും ഏതിനും അഭിപ്രായം പ്രകടിപ്പിക്കുവാൻ നമുക്ക് ലഭിച്ച ഒരു വേദിയാണ് നവമാധ്യമങ്ങൾ. ഇത്തരം ഒരു വേദിയുടെ അഭാവത്തിൽ, കാമ്പസുകളിൽ ഈ ആശയങ്ങൾ പരസ്പരം പങ്കു വച്ചിരുന്ന ഒരു യുവ തലമുറ നമുക്കുണ്ടായിരുന്നു. എന്നാൽ നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ 'വിർച്വൽ' ആയെങ്കിലും പ്രതികരിക്കുവാൻ ആളുകൾക്ക് കഴിയുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അഭിപ്രായ പ്രകടനങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം വ്യക്തിഹത്യയിലേക്കും ശബ്ദതാരവലിയിൽ പോലുമില്ലാത്ത പദങ്ങളിലൂടെ ആളുകളെ, പ്രത്യേകിച്ചും  സെലിബ്രിട്ടികളേയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യൂന്ന ഒരു പ്രവണത നാം കണ്ടിട്ടുണ്ട്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവക്കു ലഭിച്ച പ്രതികരണവും മോഹൻലാലിന്റെ സൈറ്റ് ഹാക്ക് ചെയ്തതിനെ തുടർന്ന് പാക്കിസ്ഥാൻ ആർമിയുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ കോലാഹലങ്ങളുമെല്ലാം നാം കണ്ടതാണ്. ലാലിസത്തെയും നവമാധ്യമങ്ങൾ വെറുതെ വിട്ടില്ല എന്ന് പറയാം. ലാലിസം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതൽ ഫേസ്ബുക്കിലും ട്വിറ്റരിലും അതിനെക്കുറിച്ചുള്ള കമന്റുകൾ വന്നു തുടങ്ങിയിരുന്നു. പരിപാടി ഒരു പരാജയത്തിലേക്ക് കൂപ്പു കുത്തിയതോടെ വിമർശനങ്ങൾ എല്ലാ പരിധികളും ലംഘിച്ചു മുന്നേറി. കഴിഞ്ഞ 36 വർഷമായി അഭ്രപാളികളിൽ നമ്മെ വിസ്മയിപ്പിച്ച ഒരു നടനെന്ന പരിഗണന പോലുമില്ലാതെയാണ് പല വിമർശനങ്ങളും ഉയർന്നു വന്നത്. സൂപ്പർ താരങ്ങളുടെ ഫാൻസ്‌ തമ്മിലുള്ള മത്സരം എന്നാൽ അധോലോക രാജാക്കന്മാർക്കിടയിലുള്ള കുടിപ്പകയേക്കാൾ രൂക്ഷമാണ്. വർഷങ്ങളായി തുടരുന്ന ഈ നിഴൽയുദ്ധത്തിലെ അവസാന കണ്ണിയായി ലാലിസത്തെ കുറിച്ചുള്ള വിമർശനങ്ങൾ. ഒരു സൂപ്പർസ്റ്റാറിന്റെ വീഴ്ച മറ്റേ സൂപ്പർ സ്റ്റാറിന്റെ ഫാൻസ്‌ നന്നായി ആസ്വദിച്ചു. ട്രോളെന്ന പേരിൽ ഫേസ്ബുക്കിലും വാട്ട്സാപ്പിലും പടച്ചു വിട്ട തമാശകൾ പലപ്പോഴും എല്ലാ സീമകളും ലംഘിച്ചവയായിരുന്നു. സാധാരണ ഇത്തരം കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്ന മോഹൻലാൽ ഫാൻസ്‌ ഇത്തവണ ഒന്നും ചെയ്യാനാകാതെ, ഒരു ന്യായീകരണവും പറയാനില്ലാതെ വിഷണ്ണരായി നിൽക്കുന്ന കാഴ്ചയും കണ്ടു. മോഹൻലാലിന്റെ കത്ത് പുറത്ത് വരുന്നത് വരെ ഈ കോലാഹലങ്ങൾ തുടർന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ മറന്നു കൊണ്ട് നടത്തിയ ഇത്തരം പ്രചാരണങ്ങൾ അപ്പോഴെങ്കിലും കെട്ടടങ്ങിയതിൽ നമുക്ക് ആശ്വസിക്കാം. ഒരു പക്ഷേ ഇത്തരം ഒരു പ്രതികരണം മോഹൻലാൽ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ കത്തിൽ നിന്നും അത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ എന്തിനും ഏതിനും പടവാളെടുക്കുന്ന പ്രവണത നാം മാറ്റേണ്ടതില്ലേ എന്ന ചോദ്യം സ്വയം വിമർശനാത്മകമായി ചോദിക്കുവാൻ ഞാൻ ഈ അവസരം വിനയോഗിക്കുന്നു.

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ താഴെ ചേർക്കുന്നു.


















ലാലിസത്തെ സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങി എന്ന് കരുതുന്നു. മോഹൻലാൽ തിരിച്ചു നൽകിയ പണം സർക്കാർ സ്വീകരിച്ച് ഈ വിവാദം ഇനി മുന്നോട്ട് കൊണ്ടു പോകാതിരിക്കട്ടെ എന്ന്പ്രാർഥിക്കാം. ഒരു പക്ഷേ മാധ്യമങ്ങളും ഫാൻസും ചേർന്നു സൃഷ്ടിച്ച ഒരു ഹൈപ്പ്, അത് ലാലിസത്തെ വളർത്തുന്നതിലുപരി തളർത്തുന്നതിനാണ് കാരണമായത്. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന എനിക്ക്, വ്യക്തിപരമായി ആ ബാൻഡിനോടുള്ള വിയോജിപ്പ് ഞാൻ മുന്നേ എഴുതി കഴിഞ്ഞു. പക്ഷേ അത് അദ്ദേഹത്തിന്റെ സ്വാതന്ത്യമാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവുകൾ അദ്ദേഹം തിരുത്തും എന്ന് ഞാൻ കരുതുന്നു. ഇനി ഈ ബാൻഡുമായി മുന്നോട്ട് പോകുന്നുവെങ്കിൽ, വ്യക്തമായ ഒരു പദ്ധതിയോടെ, ആസൂത്രണത്തോടെ, അതിലുപരി പാളിച്ച പറ്റാത്ത ഒരാവിഷ്കാരത്തോടെ അത് തിരികെ വരും എന്ന് കരുതാം. കലാകാരന്മാർ പൊതുവെ അങ്ങനെയാണ്, സമൂഹം അവരെ എഴുതി തള്ളുന്ന അവസരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ തിരികെ വരുവാൻ അവർക്ക് കഴിയും. അതാണ്‌ കലയുടെ ശക്തി, കലാകാരന്റെ ധൈര്യം. മോഹൻലാലും അതിൽ നിന്ന് വിഭിന്നനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വിധ ആശംസകളും!

കടപ്പാടുകൾ
ഫോട്ടോ: ലാലിസം - ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്
ആർ ടി ഐ ഡോക്യുമെന്റ്സ് - ദി ന്യൂസ് മിനിട്ട്
വീഡിയോ - യൂട്യൂബ് അക്കൗണ്ട് ബാലു കൃഷ്ണ
ലിങ്കുകൾ - മോഹൻലാൽ ബ്ലോഗ്, മനോരമ ചാനൽ
ട്വീറ്റുകൾ - ട്വിറ്റരിൽ ലാലിസത്തെ തുടർന്നു വന്ന ട്വീറ്റുകൾ.

Tuesday, September 30, 2014

ഓർക്കുട്ട് ഇനി വെറുമൊരു ഓർമ്മക്കൂട്ട്

എന്നന്നേക്കുമായി ഓർക്കുട്ട് അവസാനിക്കാൻ പോകുന്നു. ഇത് വെറും ഒരു ഓർമ്മയായി മാറുന്നു എന്ന് വിശ്വസിക്കുവാൻ ഇപ്പോഴും സാധിക്കുന്നില്ല. എന്നന്നേക്കുമായി അടച്ചു പൂട്ടുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എന്തിനോ വെറുതെ ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്നൊരു തോന്നൽ.  ഒരു പക്ഷേ മറ്റു പലരെ പോലെയും, ആദ്യമായി ഞാൻ ഭാഗഭാക്കായ സോഷ്യൽ മീഡിയ, അത് ഓർക്കുട്ട് ആയിരുന്നു. ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റർ എന്ന് വേണ്ട, സംവദിക്കുവാൻ നമുക്ക് സോഷ്യൽ മീഡിയകൾ പലതാണ്. ആ അവസരത്തിൽ ഇത്തരമൊരു കുറിപ്പ് ബാലിശമല്ലേ എന്ന് തോന്നാം. ഒരു മാധ്യമത്തെ, അതും ഫേസ്ബുക്ക് എന്ന നവമാധ്യമം കടന്നു വന്നപ്പോൾ ഉപേക്ഷിച്ച ഒരു മാധ്യമത്തെ, വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്ത മാധ്യമത്തെ, അതിന്റെ അന്ത്യനിമിഷങ്ങളിൽ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിലെ സാംഗത്യമെന്ത് എന്ന് പലരും ചിന്തിച്ചേക്കാം. പക്ഷേ ഇതാവും ആ അവസരം, അല്ലെങ്കിൽ ഇനി ഒരു അവസരം ഉണ്ടാവില്ല ഒരു പക്ഷേ ഒന്ന് തിരിഞ്ഞു നോക്കാൻ, എല്ലാം ഒന്ന് ഓർത്തെടുക്കുവാൻ.

പഠന സംബന്ധമായി കംപ്യൂട്ടർ ഉണ്ടായിരുന്നുവെങ്കിലും, ഇന്റർനെറ്റ് നെറ്റ് എന്ന ലോകത്ത് എന്റെ സഹചാരികൾ യാഹൂ മെയിലും ചാറ്റും മാത്രമായിരുന്നു. ഒരു നൊസ്റ്റാൾജിയ പോലെ ആ രണ്ട് അക്കൗണ്ടും ഞാനിപ്പോഴും കൊണ്ടു നടക്കുന്നു എന്നത് മറ്റൊരു കാര്യം. ആ ലോകത്തേക്ക് ആദ്യമായി കടന്നു വന്ന അപരിചിതനായിരുന്നു ജീമെയിൽ. അല്പം വിഷമത്തോടെയെങ്കിലും യാഹൂ മെയിലിനൊപ്പം ഞാൻ പതിയെ ജീമെയിലിനേയും ഒപ്പം ചേർത്തു. അതിന്റെ വളർച്ച, അതിൽ കൂടുതലായി ചേർത്തു വന്ന ഫീച്ചറുകൾ, യാഹുവിന്റെ കട്ട ഫാൻ ആയിരുന്ന എന്നെ, മുഴുവനായും തന്നെ ജീമെയിലിലേക്ക് പറിച്ചു നടുവാൻ പ്രേരിപ്പിച്ചു. ആ കാലത്ത് ഞാൻ ജോലി നോക്കിയിരുന്ന കമ്പനിയിൽ ജീമെയിലോ യാഹൂ മെയിലോ ഒന്നും തന്നെ തുറക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. ബ്ലോഗിങ്ങ് എന്ന അസ്കിത അന്ന് വേർഡ്‌പ്രസ്സിൽ ആയിരുന്നു പ്രധാനമായും തീർത്തിരുന്നത്, കശ്മലന്മാർ, എന്റെ ബ്ലോഗിങ്ങ് കൂടിയിട്ടോ എന്തോ മാസങ്ങൾക്കുള്ളിൽ അതും അവന്മാർ ബ്ലോക്കി. ആ കാലത്താണ് ഓർക്കുട്ടിന്റെ കടന്നു വരവ്. അവനെയും കമ്പനിക്കാർ ബ്ലോക്കി. ഒരു അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രം. അതും കോളേജിൽ സഹപാഠികൾ, കുറച്ചു സഹപ്രവർത്തകർ. അത് നോക്കുന്നത് തന്നെ മാസത്തിലൊരിക്കൽ വീട്ടിൽ പോകുമ്പോൾ. അന്നത്തെ മണിക്കൂറിന് 40 രൂപ ഇന്റർനെറ്റ് ചാർജ്ജ് കാരണം ഇന്റർനെറ്റ് കഫേയുടെ അടുത്തു കൂടെ പോലും അന്ന് പോവാറില്ല.

അക്കാലത്തെ ബി എസ് എൻ എലിന്റെ ഡയലപ് കണക്ഷൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ആ ശബ്ദം തന്നെ വളരെ ഇമ്പമുള്ളതായിരുന്നു. 54 kbps സ്പീഡ് കിട്ടുമായിരുന്ന ആ സമയത്ത് വല്ലപ്പോഴും 72 ഓ 90 ഓ കിട്ടിയാൽ ലോട്ടറി. ഇനി കണക്ഷൻ കിട്ടിയാലോ, ഒന്നിലധികം വിൻഡോകൾ തുറക്കാൻ പറ്റില്ല, സ്ലോ ആകും. അന്നീ ടാബുകൾ ഇല്ലാത്തതിനാൽ നമ്മുടെ പഴയ ഇന്റർനെറ്റ് എസ്ക്പ്ലോറർ ആണ്.  ഒരു മണിക്കൂറെടുക്കും മെയിൽ ചെക്ക് ചെയ്യാൻ അത് കഴിഞ്ഞായിരുന്നു പ്രധാനമായും ഓർക്കുട്ടിലേക്ക് കയറുന്നത്. ആദ്യമൊക്കെ നല്ല ബോറായി തോന്നിയ ഈ സംഭവം, ഒരിക്കൽ ഉപേക്ഷിച്ചതാണ്. ആയിടെയാണ് നമ്മുടെ ഒരു സഹപ്രവർത്തകൻ പ്രോക്സി വഴി ഇത് കമ്പനിയിലും ആക്സസ് ചെയ്യാം എന്ന് കണ്ടുപിടിച്ചത്. അതോടെ അത് ഞങ്ങളുടെ ടീമിൽ മുഴുവൻ ഒരു ജ്വരമായി മാറി. ആദ്യകാലങ്ങളിൽ സ്ക്രാപ്പുകളുടെ എണ്ണമെടുക്കുന്നവർ വരെ ഉണ്ടായിരുന്നു അവിടെ.  നെറ്റ്വർക്കിംഗ് ടീം മേടിക്കുന്ന കാശിനു കൂറ് കാണിച്ച് ഈ പ്രോക്സികളും ബ്ലോക്ക് ചെയ്തപ്പോ, പിന്നെ പുതിയ പ്രോക്സികൾക്കായി ഓട്ടം തുടങ്ങി. ഒരു പ്രോക്സിക്ക് ഒന്നോ രണ്ടോ ദിവസമായിരുന്നു ആയുസ്സ്. നമ്മൾ പ്രോക്സി കണ്ടുപിടിക്കുന്നു, അവരത് ബ്ലോക്ക് ചെയ്യുന്നു. നമ്മൾ അടുത്ത പ്രോക്സി കണ്ടുപിടിക്കുന്നു, അവർ അതും ബ്ലോക്ക് ചെയ്യുന്നു. ഈ ക്യാറ്റ് & മൗസ് ഗെയിം കുറെ കാലം കളിച്ചു കഴിഞ്ഞപ്പോൾ, പ്രോക്സി കണ്ടുപിടിച്ച് ഞങ്ങളും, ബ്ലോക്ക് ചെയ്ത് നെറ്റ്വർക്കിംഗ് ടീമും തളർന്നു.

പിന്നെ ബാംഗ്ലൂർ എന്ന പുതിയ തട്ടകത്തിലേക്ക് എത്തിയപ്പോളാണ് ഓർക്കുട്ടിനെ അടുത്തറിയുന്നത്. ഓർക്കുട്ടിങ്ങ് വെറുതെ സ്ക്രാപ്പിങ്ങ് മാത്രമായി ഒതുക്കിയിരുന്ന ഞാൻ പല കമ്മ്യൂണിറ്റികളിലും ജോയിൻ ചെയ്തു. കൂടുതലായും മലയാളം ബേസ് ആയ കമ്മ്യൂണിറ്റികൾ ആയിരുന്നു അവയിൽ പലതും. അതൊരു നല്ല തുടക്കം ആയിരുന്നു. മന്ദാരം, എന്റെ മലയാളം, പാഥേയം, സോപാനം, കണിക്കൊന്ന തുടങ്ങി ഒരുപിടി നല്ല കമ്മ്യൂണിറ്റികളിൽ ഭാഗമായി. അവിടെ നിന്നും. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത കുറെയധികം നല്ല ആളുകളെ പരിചയപ്പെട്ടു. ആശയപരമായം സൌഹൃദപരമായുമുള്ള ഒരുപാട് ചർച്ചകളുടെ ഭാഗമാകുവാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ എന്നത് വെറുമൊരു വിനോദോപാധി എന്നതിനപ്പുറം   പരസ്പരം ആശങ്ങൾ പങ്കുവെക്കുവാനും കൂടുതൽ അറിവുകൾ നേടുവാനുമുള്ള സ്ഥലം കൂടിയാണ് എന്ന് തിരിച്ചറിയുന്നത് ആ സമയത്താണ്. അത് ഒരുപാട് നല്ല സുഹൃത്തക്കളെ എനിക്ക് സമ്മാനിച്ചു. സമാനപരമായ ചിന്താഗതികൾ പുലർത്തുന്നവരും, ആശയപരമായ വിരുദ്ധചേരികളിൽ നിന്നിരുന്നവരും അവരിൽ ഉണ്ടായിരുന്നു. രസകരമായ വസ്തുത, ഓർക്കുട്ട് ഫേസ്ബുക്കിനു വഴിമാറിയപ്പോൾ ഇവരെല്ലാം അവിടെയും സുഹൃത്തുക്കളായി എന്നതാണ്. ആശയപരമായ ചില ചർച്ചകൾ അതിന്റെ പരിധികൾ തന്നെ ലംഘിച്ചു കൊണ്ട് വൻ അങ്കം വെട്ടിനു വഴിവച്ച സംഭവങ്ങൾ ഇന്നും ഓർക്കുമ്പോൾ തലകുത്തി നിന്ന് ചിരിക്കാറുണ്ട്. പലപ്പോഴും കമ്മ്യൂണിറ്റികളിൽ കിടന്ന് കടിപിടി കൂടുന്നവർ, അത് പോസ്റ്റ് ചെയ്യുന്ന അവസരത്തിൽ ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഇരുതലയ്ക്കൽ ഇരുന്നു അതുടണ്ടാക്കാൻ പോകുന്ന കോലാഹലമോർത്ത് ചിരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.

ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഓർക്കുട്ട്. ഫേക്കുകൾ നടമാടിയിരുന്ന കാലത്ത് കുറെയധികം നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടുവാനും സൗഹൃദം സൂക്ഷിക്കുവാനും കഴിഞ്ഞു.  പാഥേയം എന്ന ഓണ്‍ലൈൻ മാഗസിന്റെ കാര്യം പരാമർശിക്കാതെ പോകുവാൻ ഈ അവസരത്തിൽ കഴിയുകയില്ല. പാഥേയം എന്ന ഓർക്കുട്ട് കമ്മ്യൂണിറ്റിയിൽ നിന്നുമായിരുന്നു ആ മാഗസിന്റെ ജനനം. വളരെ നന്നായി അത് നടത്തുവാൻ അതിന്റെ എഡിറ്റോറിയൽ ബോർഡിനു കഴിഞ്ഞു എന്നതും, അതുമായി കുറച്ചു കാലം സഹകരിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതും ഓർക്കുകയാണിപ്പോൾ. പിന്നീട് ഫേസ്ബുക്ക് വൻ പ്രചാരം നേടിയപ്പോൾ ഓർക്കുട്ടിനെ എല്ലാവരും ഉപേക്ഷിച്ചു. കമ്മ്യൂണിറ്റികൾ നിർജ്ജീവമായപ്പോൾ ഒഴുക്കിനൊപ്പം നീന്തുക എന്നതേ എനിക്കും ചെയ്യുവനായുള്ളൂ. ഫേസ്ബുക്കിൽ എത്തിയപ്പോൾ ആദ്യം ചെയ്തത്, എല്ലാ ഓർക്കുട്ട് കമ്മ്യൂണിറ്റികളും അവിടെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. അത് വിജയം കാണാതെ പോയപ്പോൾ, എല്ലാ ഓർക്കുട്ട് സുഹൃത്തുക്കളെയും ഫ്രണ്ട്സ് ആക്കി മാറ്റി. ഇന്ന് ഫേസ്ബുക്ക് നമ്മുടെ ജീവിതത്തിൽ പ്രബലമായ ഒരു സ്വാധീനം ചെലുത്തുമ്പോൾ, ഓർക്കുട്ട് പതിയെ ഒന്ന് മത്സരിക്കുവാൻ പോലുമാകാതെ പിൻവാങ്ങുകയാണ്. പലരും മറക്കുന്ന ഒരു വസ്തുതയുണ്ട്, അവരുടെ സുഹൃദ് വലയത്തിലെ ഭൂരിഭാഗം ആളുകളും ഓർക്കുട്ടിൽ നിന്നുള്ളവരാണ്. ഞാൻ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഓർക്കുട്ട് എന്നന്നേക്കുമായി വിട പറയുമ്പോൾ, ആ നല്ല നാളുകളെ ഒരു ഗൃഹാതുരത്വം പോലെ ഓർക്കുന്നു. കൂടെ ഒരല്പം സങ്കടവും, ഓർക്കുട്ടിനെ പൂർണ്ണമായും ഒഴിവാക്കിയതിനാലും, ഇനിയിപ്പോൾ ഒരു മടങ്ങിപ്പോക്ക് ഇല്ലാത്തതിനാലും... ഇനി ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് മാത്രം... 

Friday, April 6, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)


സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു. അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുകയാണ്‌ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സ്വാതി ഭാസ്കരാന് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ്‌ മേനോന്‍, ബാല, നിഷാന്ത് സാഗര്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കാര്‍ത്തിക് വിഷന് വേണ്ടി സാം വര്‍ഗ്ഗീസ്, കെ.എസ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 ഒരു സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടി. അമ്മ പാര്‍വതിയമ്മയും, ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍ കുട്ടിയുടെ ലോകം. അഭിനയ കമ്പം അല്പം ഉണ്ടെങ്കിലും, സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് മാധവന്‍ കുട്ടിയുടെ സ്വപ്നം. അവിചാരിതമായി ഒരു സിനിമ നിര്‍മ്മിക്കേണ്ട സാഹചര്യത്തിലേക്ക് മാധവന്‍ കുട്ടി എത്തിപ്പെടുന്നതും, പിന്നെ ആ സിനിമക്കായി കുടുംബവും, ബന്ധങ്ങളും, ഭൂമിയും പണവുമെല്ലാം നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.  

ഒറ്റ വരിയില്‍ മനോഹരമായ പ്രമേയമാണ് സിനിമയുടെത്. ഒരു പിടി നല്ല കഥാപാത്രങ്ങളും, അവര്‍ കടന്നു പോകുന്ന മികച്ച കഥാ മുഹൂര്‍ത്തങ്ങളും ഈ പ്രമേയത്തെ മികച്ചതാക്കുമായിരുന്നു. പക്ഷെ അവിടെയാണ് ഈ ചിത്രത്തിന്‍റെ തിരനാടകം പരാജയപ്പെടുന്നത്. Irrational ആയ കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ന്യൂനത. അതിനൊപ്പിച്ച്‌ എഴുതി ചേര്‍ത്തിരിക്കുന്ന രംഗങ്ങള്‍ ഒരല്‍പം പോലും വിശ്വസനീയവുമല്ല. കഥയില്‍ ചോദ്യമില്ല എന്നാണെങ്കിലും, കണ്ടിരിക്കുന്ന പ്രേക്ഷകന്‍റെ ക്ഷമയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് മിക്കതും. പഴയ പല ചിത്രങ്ങളിലും കണ്ട അമ്മ-മകന്‍ രംഗങ്ങള്‍, സ്കൂളില്‍ കല്ലു പെന്‍സിലിനായി വഴക്കിട്ട പക ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വില്ലന്‍, പാവത്താനായ നായകന്‍ ക്ലൈമാക്സില്‍ വീരശൂരപരാക്രമി ആകുന്നു, പണത്തിനായി വിഷമിച്ചിരിക്കുമ്പോള്‍ അവിചാരിതവും അവിശ്വസനീയവുമായി പണം വന്നു ചേരുക, അങ്ങനെ കുറെ അധികം ക്ലീഷേ രംഗങ്ങളും.

തിരനാടകത്തിലെ പിഴവുകളെ മറികടക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. തിരക്കഥയെ അപ്പാടെ ചിത്രീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് സംവിധായകനും ഇവിടെ ചെയ്തിരിക്കുന്നത്. തന്‍റെ സിനിമ തനിക്കു പ്രേക്ഷകരോട് സംവദിക്കുവാനുള്ള മാധ്യമമാണെന്നും, സംവിധായകനെന്ന നിലയിലുള്ള കയ്യടക്കം കഥയിലെ ന്യൂനതകളെ മറികടക്കുവാന്‍ സഹായിക്കുമെന്നുള്ള വിശ്വാസവും ഇല്ലാതെയാണോ കുമാര്‍ നന്ദ തന്‍റെ ആദ്യ സംരഭത്തിനായി ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കാം. സംവിധായകന്‍റെ അശ്രദ്ധ എടുത്തു കാണിക്കുന്നത് അബദ്ധജടിലമായ ചായഗ്രഹണത്തിലാണ്. പുതുമുഖമായ ശിവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഔട്ട്‌ ഓഫ് ഫോക്കസായ രംഗങ്ങളുടെ ബഹളമാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്ന "കണ്ണാരം പൊത്തി" എന്ന ഗാനം ശ്രവണ സുഖം പകരുന്നു, രവീന്ദ്രന്‍ മാഷ്‌- ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ "പാതിമായും ചന്ദ്രലേഖ" എന്ന ഗാനം മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആശ്വാസമാകുന്നത് ഈ ഗാനങ്ങലാകും.  

അല്പം വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യണം എന്ന ആഗ്രഹാമാകാം അനൂപ്‌ മേനോനെ ഈ ചിത്രത്തില്‍ എത്തിച്ചത്. സ്വാഭാവികമായി അഭിനയിക്കാന്‍ അനൂപ്‌ ശ്രമിച്ചെങ്കിലും, തിരക്കഥയിലെ പിഴവുകള്‍ അദ്ദേഹത്തെ അമ്പേ ചതിച്ചു. പല രംഗങ്ങളിലും അനൂപ്‌, മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഒരു പക്ഷെ നാം കണ്ടു മറന്ന രംഗങ്ങള്‍ ചിത്രത്തില്‍ കുത്തി നിറച്ചതിനാലാവാം. കെ.പി.എസ്.സി ലളിതയുടെ അമ്മ വേഷം, സ്ഥിരം പാറ്റെണിലുള്ളതായി, അതിന്‍റെ വ്യത്യസ്തമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. നായികയായി അഭിനയിച്ച സോണാലിനു ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനില്ല. മറ്റു വേഷങ്ങള്‍ ചെയ്തവരെല്ലാം ശരാശരിയില്‍ ഒതുങ്ങി.

 സിനിമയെക്കുറിച്ച് അറിയാതെ സിനിമാ നിര്‍മ്മിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരനായ ഒരു നിര്‍മ്മാതാവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാണിക്കുവാന്‍ ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമ എന്ന വ്യവസായത്തിലെ പ്രശ്നങ്ങളും മോശം പ്രവണതകളും ഒക്കെ ഇതില്‍ ചര്‍ച്ചാ വിഷയമാകുന്നു. എന്നാല്‍ ഒന്നിനെയും കുറിച്ച് ആഴത്തില്‍ സംസാരിക്കാതെ എല്ലാം ഒരു വഴിപാട് പോലെ തൊട്ടു കൂട്ടി പോകാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റും സിനിമാ സമരവും സംഘടനകളും നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അങ്ങനെ എത്രയോ കാര്യങ്ങള്‍, മനോഹരമായി നമുക്കായി ഒരുക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു മുല്ലശ്ശേരി മാധവന്‍ കുട്ടി, എന്നാല്‍ അലക്ഷ്യമായ സംവിധാനം കൊണ്ടും, തിരക്കഥയിലെ ന്യൂനതകള്‍ കൊണ്ടും,  ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ച ഒരു പഴങ്കഥയായിപ്പോയി മുല്ലശ്ശേരി മാധവന്‍ കുട്ടി....

എന്‍റെ റേറ്റിംഗ് :
1.0/5.0

Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


Saturday, March 31, 2012

മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...


ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക്‌ ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ്‌ മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്.  സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ്‌ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.

സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക്‌ കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്‌. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന  ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....




Thursday, February 16, 2012

അനന്യയെ വെറുതെ വിട്ടു കൂടെ...?


മലയാള ചലച്ചിത്ര രംഗത്ത്‌ താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍ വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത്‌ ഒരു പടി കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നമുക്കിപ്പോള്‍ നവയുഗ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബ്ലോഗുകള്‍, അങ്ങനെ പലതുമുണ്ട്. പക്ഷെ വളരെ വ്യത്യസ്തമായ ചില സംഭവ വികാസങ്ങളാണ് കുറച്ചു ദിവസമായി നാം ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ടു വരുന്നത്. അത് നടി അനന്യയുടെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ടാണ്. അടുത്ത കാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയ അനന്യയുടെ കല്യാണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് ലോകമറിഞ്ഞത്. തൃശൂര്‍കാരനായ ആഞ്ജനേയന്‍ എന്ന വ്യക്തിയുമായി അനന്യയുടെ വിവാഹനിശ്ചയം നടക്കുകയും, മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ സൈബര്‍ ലോകത്ത് നിന്നും ഈ വിവാഹ നിശച്ചയ്തെ കുറിച്ച് പല വിധ അപവാദ പ്രചാരണങ്ങളും പുറത്തു വരുന്നു. അനന്യുടെയും അന്ജനെയന്റെയും ഫോട്ടോകള്‍ വച്ച് "കുരങ്ങന്‍റെ കയ്യില്‍ പൂമാല" എന്ന് പറഞ്ഞുള്ള വിലകുറഞ്ഞ തമാശകളെ അവഗണിക്കാമെങ്കിലും, അനന്യയെയും കുടുംബത്തെയും കുറിച്ച് വരുന്ന അപവാദങ്ങള്‍ അതിര് കടന്നു പോകുന്നു. ആഞ്ജനേയന്‍ വിവാഹിതനാണെന്നും വിവാഹ ബന്ധം വേര്‍പെടുതിയാണ് ഈ കല്യാണം നടക്കുന്നതെന്നും ഒരു കൂട്ടര്‍ എഴുതി വിട്ടു. അനന്യ വീട്ടു തടങ്കലിലാണെന്നും അനന്യയുടെ അച്ഛന് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്നും മറ്റൊരു കൂട്ടര്‍. ചുരുക്കി പറഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നു തുടങ്ങി. നാലാം കിട മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്നതിലും താണ നിലവാരത്തില്‍ കഥകള്‍ മെനയുവാനും, കമന്‍റുകള്‍ പാസാക്കുവാന്‍ യാതൊരു മടിയും കാണിക്കാതെ ചിലര്‍ വിലസിയപ്പോള്‍, മറൊരു കൂട്ടര്‍ യാതൊരു ഉളുപ്പിമില്ലാതെ അത് സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അനന്യ ഒരു സിനിമാതാരമാണ്. അവരുടെ ചിത്രങ്ങളെയും, അഭിനയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കമന്‍റുകള്‍ പറയുവാനും പ്രേക്ഷകരെന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ കൈകടത്തുവാന്‍ ഒരുവനും അവകാശമില്ല. തലപുകഞ്ഞു ആലോചിച്ചു കഥകള്‍ മെനയുന്നവര്‍ അവര്‍ ചെയ്യുന്ന ക്രൂരതയെകുറിച്ചു അരല്പം പോലും ആലോചിക്കുന്നില്ല എന്നത് ദുഖകരമാണ്. ഇത്തരം തമാശകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഏല്‍പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്‌. അത് കാണാതെ, വീണ്ടും വീണ്ടും ഇത്തരം സൃഷ്ടികള്‍ പടച്ചു വിടുന്നവരെ കാണുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ...!!!

ഒരു കാലത്ത് പൃഥ്വിരാജെന്ന നടനെതിരെയായിരുന്നു ഈ യുദ്ധം. അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരില്‍ ചിലരെ സൈബര്‍ പോലീസ് പിടികൂടിയതോടെ അതിനു തല്ക്കാലം ശമനമുണ്ടായി. പൃഥ്വിരാജു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, ഇവര്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. അവര്‍ക്കൊക്കെ ഒരു മനോസുഖം ലഭിക്കുമെന്നുള്ളതിനാല്‍ താന്‍ അതിനോട് പ്രതികരിക്കുന്നില്ല എന്നും. പക്ഷെ ഇവിടെ ആ പരിധിയും കടന്നു പോയിരിക്കുന്നു. വ്യക്തിഹത്യയും, അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും ശിക്ഷാര്‍ഹം തന്നെയാണ്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍, ഇത്തരം കാര്യങ്ങളില്‍ പരാതികൂടാതെ സ്വയം കേസെടുക്കുകയും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയും ചെയ്താലേ ഇത്തരം ആളുകള്‍ സ്വയം നിയന്ത്രിക്കുകയുള്ളൂ. Freedom of Expression അല്ലെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയും വേദനിപ്പിച്ചും ആവാന്‍ പാടില്ല. കബില്‍ സിബല്‍ മുന്നോട്ടു വച്ച 'സോഷ്യല്‍ മീഡിയ സെന്‍സറിംഗ്' എന്ന ആശയത്തോട് തത്വത്തില്‍ യോജിപ്പില്ലെങ്കിലും, ഇത്തരം നടപടികള്‍ കാണുമ്പോള്‍, അതുപോലൊന്ന് വേണമെന്ന് തന്നെ തോന്നുന്നു.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.