എന്നന്നേക്കുമായി ഓർക്കുട്ട് അവസാനിക്കാൻ പോകുന്നു. ഇത് വെറും ഒരു ഓർമ്മയായി മാറുന്നു എന്ന് വിശ്വസിക്കുവാൻ ഇപ്പോഴും സാധിക്കുന്നില്ല. എന്നന്നേക്കുമായി അടച്ചു പൂട്ടുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എന്തിനോ വെറുതെ ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്നൊരു തോന്നൽ. ഒരു പക്ഷേ മറ്റു പലരെ പോലെയും, ആദ്യമായി ഞാൻ ഭാഗഭാക്കായ സോഷ്യൽ മീഡിയ, അത് ഓർക്കുട്ട് ആയിരുന്നു. ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റർ എന്ന് വേണ്ട, സംവദിക്കുവാൻ നമുക്ക് സോഷ്യൽ മീഡിയകൾ പലതാണ്. ആ അവസരത്തിൽ ഇത്തരമൊരു കുറിപ്പ് ബാലിശമല്ലേ എന്ന് തോന്നാം. ഒരു മാധ്യമത്തെ, അതും ഫേസ്ബുക്ക് എന്ന നവമാധ്യമം കടന്നു വന്നപ്പോൾ ഉപേക്ഷിച്ച ഒരു മാധ്യമത്തെ, വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്ത മാധ്യമത്തെ, അതിന്റെ അന്ത്യനിമിഷങ്ങളിൽ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിലെ സാംഗത്യമെന്ത് എന്ന് പലരും ചിന്തിച്ചേക്കാം. പക്ഷേ ഇതാവും ആ അവസരം, അല്ലെങ്കിൽ ഇനി ഒരു അവസരം ഉണ്ടാവില്ല ഒരു പക്ഷേ ഒന്ന് തിരിഞ്ഞു നോക്കാൻ, എല്ലാം ഒന്ന് ഓർത്തെടുക്കുവാൻ.
പഠന സംബന്ധമായി കംപ്യൂട്ടർ ഉണ്ടായിരുന്നുവെങ്കിലും, ഇന്റർനെറ്റ് നെറ്റ് എന്ന ലോകത്ത് എന്റെ സഹചാരികൾ യാഹൂ മെയിലും ചാറ്റും മാത്രമായിരുന്നു. ഒരു നൊസ്റ്റാൾജിയ പോലെ ആ രണ്ട് അക്കൗണ്ടും ഞാനിപ്പോഴും കൊണ്ടു നടക്കുന്നു എന്നത് മറ്റൊരു കാര്യം. ആ ലോകത്തേക്ക് ആദ്യമായി കടന്നു വന്ന അപരിചിതനായിരുന്നു ജീമെയിൽ. അല്പം വിഷമത്തോടെയെങ്കിലും യാഹൂ മെയിലിനൊപ്പം ഞാൻ പതിയെ ജീമെയിലിനേയും ഒപ്പം ചേർത്തു. അതിന്റെ വളർച്ച, അതിൽ കൂടുതലായി ചേർത്തു വന്ന ഫീച്ചറുകൾ, യാഹുവിന്റെ കട്ട ഫാൻ ആയിരുന്ന എന്നെ, മുഴുവനായും തന്നെ ജീമെയിലിലേക്ക് പറിച്ചു നടുവാൻ പ്രേരിപ്പിച്ചു. ആ കാലത്ത് ഞാൻ ജോലി നോക്കിയിരുന്ന കമ്പനിയിൽ ജീമെയിലോ യാഹൂ മെയിലോ ഒന്നും തന്നെ തുറക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. ബ്ലോഗിങ്ങ് എന്ന അസ്കിത അന്ന് വേർഡ്‌പ്രസ്സിൽ ആയിരുന്നു പ്രധാനമായും തീർത്തിരുന്നത്, കശ്മലന്മാർ, എന്റെ ബ്ലോഗിങ്ങ് കൂടിയിട്ടോ എന്തോ മാസങ്ങൾക്കുള്ളിൽ അതും അവന്മാർ ബ്ലോക്കി. ആ കാലത്താണ് ഓർക്കുട്ടിന്റെ കടന്നു വരവ്. അവനെയും കമ്പനിക്കാർ ബ്ലോക്കി. ഒരു അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രം. അതും കോളേജിൽ സഹപാഠികൾ, കുറച്ചു സഹപ്രവർത്തകർ. അത് നോക്കുന്നത് തന്നെ മാസത്തിലൊരിക്കൽ വീട്ടിൽ പോകുമ്പോൾ. അന്നത്തെ മണിക്കൂറിന് 40 രൂപ ഇന്റർനെറ്റ് ചാർജ്ജ് കാരണം ഇന്റർനെറ്റ് കഫേയുടെ അടുത്തു കൂടെ പോലും അന്ന് പോവാറില്ല.
അക്കാലത്തെ ബി എസ് എൻ എലിന്റെ ഡയലപ് കണക്ഷൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ആ ശബ്ദം തന്നെ വളരെ ഇമ്പമുള്ളതായിരുന്നു. 54 kbps സ്പീഡ് കിട്ടുമായിരുന്ന ആ സമയത്ത് വല്ലപ്പോഴും 72 ഓ 90 ഓ കിട്ടിയാൽ ലോട്ടറി. ഇനി കണക്ഷൻ കിട്ടിയാലോ, ഒന്നിലധികം വിൻഡോകൾ തുറക്കാൻ പറ്റില്ല, സ്ലോ ആകും. അന്നീ ടാബുകൾ ഇല്ലാത്തതിനാൽ നമ്മുടെ പഴയ ഇന്റർനെറ്റ് എസ്ക്പ്ലോറർ ആണ്. ഒരു മണിക്കൂറെടുക്കും മെയിൽ ചെക്ക് ചെയ്യാൻ അത് കഴിഞ്ഞായിരുന്നു പ്രധാനമായും ഓർക്കുട്ടിലേക്ക് കയറുന്നത്. ആദ്യമൊക്കെ നല്ല ബോറായി തോന്നിയ ഈ സംഭവം, ഒരിക്കൽ ഉപേക്ഷിച്ചതാണ്. ആയിടെയാണ് നമ്മുടെ ഒരു സഹപ്രവർത്തകൻ പ്രോക്സി വഴി ഇത് കമ്പനിയിലും ആക്സസ് ചെയ്യാം എന്ന് കണ്ടുപിടിച്ചത്. അതോടെ അത് ഞങ്ങളുടെ ടീമിൽ മുഴുവൻ ഒരു ജ്വരമായി മാറി. ആദ്യകാലങ്ങളിൽ സ്ക്രാപ്പുകളുടെ എണ്ണമെടുക്കുന്നവർ വരെ ഉണ്ടായിരുന്നു അവിടെ. നെറ്റ്വർക്കിംഗ് ടീം മേടിക്കുന്ന കാശിനു കൂറ് കാണിച്ച് ഈ പ്രോക്സികളും ബ്ലോക്ക് ചെയ്തപ്പോ, പിന്നെ പുതിയ പ്രോക്സികൾക്കായി ഓട്ടം തുടങ്ങി. ഒരു പ്രോക്സിക്ക് ഒന്നോ രണ്ടോ ദിവസമായിരുന്നു ആയുസ്സ്. നമ്മൾ പ്രോക്സി കണ്ടുപിടിക്കുന്നു, അവരത് ബ്ലോക്ക് ചെയ്യുന്നു. നമ്മൾ അടുത്ത പ്രോക്സി കണ്ടുപിടിക്കുന്നു, അവർ അതും ബ്ലോക്ക് ചെയ്യുന്നു. ഈ ക്യാറ്റ് & മൗസ് ഗെയിം കുറെ കാലം കളിച്ചു കഴിഞ്ഞപ്പോൾ, പ്രോക്സി കണ്ടുപിടിച്ച് ഞങ്ങളും, ബ്ലോക്ക് ചെയ്ത് നെറ്റ്വർക്കിംഗ് ടീമും തളർന്നു.
പിന്നെ ബാംഗ്ലൂർ എന്ന പുതിയ തട്ടകത്തിലേക്ക് എത്തിയപ്പോളാണ് ഓർക്കുട്ടിനെ അടുത്തറിയുന്നത്. ഓർക്കുട്ടിങ്ങ് വെറുതെ സ്ക്രാപ്പിങ്ങ് മാത്രമായി ഒതുക്കിയിരുന്ന ഞാൻ പല കമ്മ്യൂണിറ്റികളിലും ജോയിൻ ചെയ്തു. കൂടുതലായും മലയാളം ബേസ് ആയ കമ്മ്യൂണിറ്റികൾ ആയിരുന്നു അവയിൽ പലതും. അതൊരു നല്ല തുടക്കം ആയിരുന്നു. മന്ദാരം, എന്റെ മലയാളം, പാഥേയം, സോപാനം, കണിക്കൊന്ന തുടങ്ങി ഒരുപിടി നല്ല കമ്മ്യൂണിറ്റികളിൽ ഭാഗമായി. അവിടെ നിന്നും. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത കുറെയധികം നല്ല ആളുകളെ പരിചയപ്പെട്ടു. ആശയപരമായം സൌഹൃദപരമായുമുള്ള ഒരുപാട് ചർച്ചകളുടെ ഭാഗമാകുവാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ എന്നത് വെറുമൊരു വിനോദോപാധി എന്നതിനപ്പുറം പരസ്പരം ആശങ്ങൾ പങ്കുവെക്കുവാനും കൂടുതൽ അറിവുകൾ നേടുവാനുമുള്ള സ്ഥലം കൂടിയാണ് എന്ന് തിരിച്ചറിയുന്നത് ആ സമയത്താണ്. അത് ഒരുപാട് നല്ല സുഹൃത്തക്കളെ എനിക്ക് സമ്മാനിച്ചു. സമാനപരമായ ചിന്താഗതികൾ പുലർത്തുന്നവരും, ആശയപരമായ വിരുദ്ധചേരികളിൽ നിന്നിരുന്നവരും അവരിൽ ഉണ്ടായിരുന്നു. രസകരമായ വസ്തുത, ഓർക്കുട്ട് ഫേസ്ബുക്കിനു വഴിമാറിയപ്പോൾ ഇവരെല്ലാം അവിടെയും സുഹൃത്തുക്കളായി എന്നതാണ്. ആശയപരമായ ചില ചർച്ചകൾ അതിന്റെ പരിധികൾ തന്നെ ലംഘിച്ചു കൊണ്ട് വൻ അങ്കം വെട്ടിനു വഴിവച്ച സംഭവങ്ങൾ ഇന്നും ഓർക്കുമ്പോൾ തലകുത്തി നിന്ന് ചിരിക്കാറുണ്ട്. പലപ്പോഴും കമ്മ്യൂണിറ്റികളിൽ കിടന്ന് കടിപിടി കൂടുന്നവർ, അത് പോസ്റ്റ് ചെയ്യുന്ന അവസരത്തിൽ ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഇരുതലയ്ക്കൽ ഇരുന്നു അതുടണ്ടാക്കാൻ പോകുന്ന കോലാഹലമോർത്ത് ചിരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.
ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഓർക്കുട്ട്. ഫേക്കുകൾ നടമാടിയിരുന്ന കാലത്ത് കുറെയധികം നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടുവാനും സൗഹൃദം സൂക്ഷിക്കുവാനും കഴിഞ്ഞു. പാഥേയം എന്ന ഓണ്‍ലൈൻ മാഗസിന്റെ കാര്യം പരാമർശിക്കാതെ പോകുവാൻ ഈ അവസരത്തിൽ കഴിയുകയില്ല. പാഥേയം എന്ന ഓർക്കുട്ട് കമ്മ്യൂണിറ്റിയിൽ നിന്നുമായിരുന്നു ആ മാഗസിന്റെ ജനനം. വളരെ നന്നായി അത് നടത്തുവാൻ അതിന്റെ എഡിറ്റോറിയൽ ബോർഡിനു കഴിഞ്ഞു എന്നതും, അതുമായി കുറച്ചു കാലം സഹകരിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതും ഓർക്കുകയാണിപ്പോൾ. പിന്നീട് ഫേസ്ബുക്ക് വൻ പ്രചാരം നേടിയപ്പോൾ ഓർക്കുട്ടിനെ എല്ലാവരും ഉപേക്ഷിച്ചു. കമ്മ്യൂണിറ്റികൾ നിർജ്ജീവമായപ്പോൾ ഒഴുക്കിനൊപ്പം നീന്തുക എന്നതേ എനിക്കും ചെയ്യുവനായുള്ളൂ. ഫേസ്ബുക്കിൽ എത്തിയപ്പോൾ ആദ്യം ചെയ്തത്, എല്ലാ ഓർക്കുട്ട് കമ്മ്യൂണിറ്റികളും അവിടെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. അത് വിജയം കാണാതെ പോയപ്പോൾ, എല്ലാ ഓർക്കുട്ട് സുഹൃത്തുക്കളെയും ഫ്രണ്ട്സ് ആക്കി മാറ്റി. ഇന്ന് ഫേസ്ബുക്ക് നമ്മുടെ ജീവിതത്തിൽ പ്രബലമായ ഒരു സ്വാധീനം ചെലുത്തുമ്പോൾ, ഓർക്കുട്ട് പതിയെ ഒന്ന് മത്സരിക്കുവാൻ പോലുമാകാതെ പിൻവാങ്ങുകയാണ്. പലരും മറക്കുന്ന ഒരു വസ്തുതയുണ്ട്, അവരുടെ സുഹൃദ് വലയത്തിലെ ഭൂരിഭാഗം ആളുകളും ഓർക്കുട്ടിൽ നിന്നുള്ളവരാണ്. ഞാൻ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഓർക്കുട്ട് എന്നന്നേക്കുമായി വിട പറയുമ്പോൾ, ആ നല്ല നാളുകളെ ഒരു ഗൃഹാതുരത്വം പോലെ ഓർക്കുന്നു. കൂടെ ഒരല്പം സങ്കടവും, ഓർക്കുട്ടിനെ പൂർണ്ണമായും ഒഴിവാക്കിയതിനാലും, ഇനിയിപ്പോൾ ഒരു മടങ്ങിപ്പോക്ക് ഇല്ലാത്തതിനാലും... ഇനി ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് മാത്രം...
0 പ്രതികരണങ്ങള്‍:
അഭിപ്രായങ്ങള്‍ അറിയിക്കൂ...
മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...