Monday, November 10, 2014

'മുന്നറിയിപ്പ്' - ഒരു പുനർവായന

'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല ചിത്രങ്ങൾ പലതും പരാജയത്തിന്റെ കയ്പുനീർ കുടിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ടാവണം. എന്തായാലും നാട്ടിൽ ഡിവിഡി ഇറങ്ങി ഒരാഴ്ചക്കുള്ളിൽ ഇവിടെയും എത്തി മുന്നറിയിപ്പിന്റെ ഡിവിഡി.

കേട്ടതിൽ കൂടുതലും നെഗറ്റീവ് റിവ്യൂസ്, എന്നിരുന്നാലും ചില സുഹൃത്തുക്കൾ പറഞ്ഞത് ഈ സിനിമ കാണണം എന്ന് തന്നെയാണ്‌. അത് കൊണ്ടു തന്നെ മുൻവിധികളോടെ സിനിമയെ സമീപിക്കാൻ അല്പം മടിയുണ്ടായിരുന്നു. വേണു എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു ചിത്രം. ആദ്യ ചിത്രം തീയേറ്റരിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു അറേബ്യൻ രാവുകൾ എന്ന കഥയിലെ ഒരേട്‌ പോലെ ഒരു ഫാന്റസി പ്രമേയം. നീണ്ട ഈ ഇടവേളയ്ക്ക് ശേഷം വേണു പറയുവാൻ ശ്രമിക്കുന്നതെന്ത് എന്ന് മുന്നറിയിപ്പിന്റെ ട്രെയിലറുകൾ പറഞ്ഞു തന്നിരിക്കുന്നു. അഞ്ജലി അറക്കൽ, എങ്ങും എവിടെയും എത്താതെ നിൽക്കുന്ന ഒരു യുവ ജേർണലിസ്റ്റ്. അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുമ്പോൾ ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരൻ, സി കെ രാഘവൻ, ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാൽ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തി. താൻ ആരേയും കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന, ചിന്തകളിൽ പോലും ഒരു വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം. അയാളുടെ ചില കുറിപ്പുകൾ വായിക്കുന്ന അഞ്ജലി, ആ വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അയാളെ കുറിച്ച് അഞ്ജലി ഒരു ലേഖനം എഴുതുന്നു. അത് തന്റെ കരിയറിനെ സഹായിക്കുന്നു എന്ന് കാണുമ്പോൾ, രാഘവൻ ആരോടും പറയാത്ത കാര്യങ്ങൾ തനിക്ക് ലോകത്തെ അറിയിക്കാനായാൽ എന്നു ചിന്തിക്കുന്ന അവൾ, ഒരു പുസ്തകമെഴുതുവാൻ കരാറെടുക്കുന്നു. ജയിലിൽ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ എല്ലാം എഴുതിക്കുവാൻ അഞ്ജലി ശ്രമിക്കുമ്പോൾ, ഒന്നും എഴുതുവാനാവാതെ രാഘവൻ കുഴയുന്നു. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ് എന്ന ചിത്രം.

 ചിത്രത്തിന്റെ കഥ സംവിധായകൻ കൂടിയായ വേണുവിന്റേതാണ്, തിരനാടകം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറും. ലളിതമായ ഒരു കഥയുടെ പുറംമോടിയിലാണ് മുന്നറിയിപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സി കെ രാഘവനും, അഞ്ജലി അറയ്ക്കലും ഈ കഥയിൽ കേന്ദ്ര കഥാപത്രങ്ങളായി നില്ക്കുമ്പോൾ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചിത്രം നമ്മെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ തന്നെ പല അവസരങ്ങളിലും, പ്രേക്ഷകരെ പല വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ ചിത്രം. രാഘവനൊപ്പമോ അഞ്ജലിക്കൊപ്പമോ ചരിക്കാൻ പ്രേക്ഷകന് സ്വാതന്ത്യം നൽകുന്ന അവസരത്തിൽ തന്നെ അതിനും പല വഴികൾ രചയിതാവ് ഈ ചിത്രത്തിൽ തുറന്നിട്ടിരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരാളായി നിന്നും നമുക്കിവരെ കാണുവാനും അവർക്കിടയിൽ സംഭവിക്കുന്നതെന്ത് എന്ന് വിലയിരുത്തുവാനുമുള്ള അവസരവും രചയിതാവ് നൽകുന്നു. തികച്ചും ലളിതമായി പറഞ്ഞു പോകുന്ന കഥയിൽ, പക്ഷേ സൂക്ഷ്മ വായനക്കുള്ള പല തലങ്ങൾ ഒളിച്ചു വച്ചിട്ടാണ് എഴുത്തുകാരൻ കഥാപാത്രങ്ങളേയും കഥാഗതിയേയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു സങ്കീർണ്ണത ഈ ചിത്രത്തിനു സമ്മാനിച്ചതിന് നമുക്ക് വേണുവിനെയും അതിലുപരി ഉണ്ണി ആറിനെയും അഭിനന്ദിക്കാവുന്നതാണ്‌. അഭിനയിക്കുന്നത് ഏതു നടനായാലും, അയാൾക്ക് മികച്ച പ്രകടനം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇതിന്റെ പാത്രസൃഷ്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന രാഘവൻ എന്നെഴുതി ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, അതെങ്ങനെ എന്ന് പ്രേക്ഷകർക്ക് കാണിച്ച് തരികയും ചെയ്യുന്നുണ്ട് ഉണ്ണിയും വേണുവും. അഭിമുഖം റെക്കോർഡ് ചെയ്യുന്ന റെക്കോർഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓർത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. പലപ്പോഴും ചില കഥകൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, എഴുത്തിലെ സങ്കീർണ്ണതകൾ ക്യാമറയിൽ പകർത്താൻ കഴിയാതെ പല സംവിധായകനും സിനിമയെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരം ഒരു കഥ സിനിമ സിനിമയാകുമ്പോൾ അങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്തുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വേണു എന്ന സംവിധായകന്റെ പ്രസക്തി അവിടെയാണ്. ഉണ്ണി ആർ ഒരുക്കിയ തിരനാടകത്തിനെ ദൃശ്യവത്കരിച്ചപ്പോൾ വേണു കാണിച്ച കയ്യടക്കവും ലളിതമായി ചിത്രത്തിന്റെ സങ്കീർണ്ണതയെ വരച്ചു കാണിക്കുവാൻ കാണിച്ച ചാതുര്യവ്യം അഭിനന്ദാർഹമെന്നു തന്നെ പറയണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് മുന്നറിയിപ്പ്. ചിത്രസംയോജനത്തിലെ ബീനാപോളിന്റെ മികവും എടുത്തു പറയുവാൻ കഴിയും.  ഈ ചിത്രത്തിന്റെ ജീവനാഡി എന്നത് ബിജിബാലൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ ചിത്രത്തിന്റെ താളത്തിനൊപ്പിച്ച് കൊണ്ടു പോകുവാൻ ബിജിബാലിനു കഴിഞ്ഞിരിക്കുന്നു.

തുടർച്ചയായി പത്തിലധികം ചിത്രങ്ങൾ പരാജയപ്പെടുക, മമ്മൂട്ടി എന്ന നടൻ വീണ്ടും എണ്‍പതുകളുടെ അവസാനത്തിലെ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയിലേക്ക് നടന്നു പോകുകയാണെന്നും, ഈ ന്യൂജനറേഷൻ കാലത്ത് ഇനി മമ്മൂട്ടി എന്ന നടനു പ്രസക്തിയില്ലാതായി
എന്നും, അദ്ദേഹം അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലികൾ ചെയ്യട്ടെ എന്നും പല നിരൂപക വിദഗ്ദ്ദരും അഭിപ്രായപ്പെട്ടു കണ്ടിരുന്നു. എന്നാൽ മുന്നറിയിപ്പിലെ സി കെ രാഘവൻ, മമ്മൂട്ടിയിലെ നടൻ, തന്നെ എഴുതി തള്ളാൻ സമയമായില്ല എന്ന മുന്നറിയിപ്പാണ് ഈ കൂട്ടർക്ക് നൽകുന്നത്. സി കെ രാഘവനായി സ്ക്രീനിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നും വിധം നന്നായിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രകടനം. ഫാൻസ്‌ അസോസിയേഷനുകൾക്ക് വേണ്ടി കെട്ടിയാടുന്ന രാജമാരേയും കമ്മത്തുമാരേയുമൊക്കെ വിട്ട് അഭിനയ സാധ്യതകളുള്ള ഇത്തരം സിനിമകൾ അദ്ദേഹം തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് സി കെ രാഘവനെ കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു. നാടകത്തിന്റെ പിൻബലവുമായാണ് അപർണ്ണ ഗോപിനാഥ് എന്ന നടി നമുക്ക് മുന്നിലേക്ക് കടന്നു വന്നത്. ശക്തമായ വേഷങ്ങൾ ഒന്നും തന്നെ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് അതിനൊരു തുടക്കമാവുകയാണ്. ആ കൈകളിൽ ഭദ്രമായിരുന്നു അഞ്ജലി അറയ്ക്കൽ എന്ന കഥാപാത്രം. സി കെ രാഘവനൊപ്പം തന്നെ അഭിനയത്തിൽ മുന്നിട്ടു നിൽക്കുവാൻ അപർണ്ണയ്ക്കു കഴിഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ രണ്‍ജി പണിക്കർ, ശ്രീരാമൻ, നെടുമുടി വേണു, ജോയ് മാത്യു, സൈജു കുറുപ്പ്, മിനോണ്‍, കൊച്ചുപ്രേമൻ എന്നിവരുണ്ടീ ചിത്രത്തിൽ. അതിഥി താരമായി എത്തുന്ന പ്രുഥ്വിരാജൊഴികെ ഒരു കഥാപാത്രവും കല്ലുകടിയായി തോന്നിയില്ല എന്ന് പറയാം. മിനോണ്‍, കൊച്ചു പ്രേമൻ എന്നിവരുടെ പ്രകടനം ശ്രദ്ദേയം.

സിനിമയുടെ തുടക്കത്തിൽ തന്നെ ഫ്രാങ്ക് കാഫ്കയെയും അദ്ദേഹത്തിന്റെ ദി ട്രയൽ എന്ന നോവലിനേയും കറിച്ച് ഒരു പത്രപ്രവർത്തകാനെ കൊണ്ട് പറയിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിച്ച ജോസഫ് കെയാണ് തന്റെ ഹീറോ എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വച്ചാണ് ചിത്രം സി കെ രാഘവനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇരട്ട കൊലപാതകത്തിന് ജയിൽ വാസം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും, അയാളുടെ ഭാര്യയെ കൊന്നത് ആയാളാണോ എന്ന് നമ്മോട് വ്യക്തമായി പറയുന്നില്ല ചിത്രം, പകരം അയാളുടെ ഭാര്യയുടെ അമ്മയുടെ വാക്കുകളിലൂടെ ഭാര്യ ഒരു ശ്വാസം മുട്ടൽകാരിയായിരുന്നുവെന്നും പറയിക്കുന്നു.  എഴുതാനാവാതെ കുഴയുന്ന എഴുത്തുകാരനും അയാളെ സമയ പരിധി കാണിച്ച് സമ്മർദ്ദത്തിലാഴ്ത്തുന്ന അയാളുടെ മേലധികാരിയും തമ്മിലുള്ള സംഘർഷം എന്ന മേലാടയണിയുന്ന ചിത്രത്തിനു പക്ഷേ വിവിധ വായനകൾ സാധ്യമാണ്. ജയിലിലെ രാഘവനും പുറത്തിറങ്ങുന്ന രാഘവനും തമ്മിലുള്ള ഒരു താരതമ്യ പഠനം, സ്വാതന്ത്യം എന്ന വാക്കിന് അല്ലെങ്കിൽ  ആ അവസ്ഥയ്ക്ക് പല വ്യക്തികൾ നൽകുന്ന നിർവചനം, മൂല്യം എന്നിവയെക്കുറിച്ചുള്ള  ആഴത്തിലുള്ള ഒരു വായനക്ക് സ്വാധ്യത കൽപ്പിക്കുന്നുണ്ട് ഈ ചിത്രം. നിഷ്കളങ്കതയുടെ പര്യായമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന സി കെ രാഘവന്റെ ചിന്തകളും വാക്കുകളും എഴുത്തുകളുമെല്ലാം അതിനടിവരയിടുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ നിഷ്കളങ്കത എന്നാൽ എന്താണെന്ന് അല്ലെങ്കിൽ ആരായിരുന്നു നിഷ്കളങ്കതയുടെ പര്യായം എന്ന് നമ്മെ ഒന്നുറച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട് രചയിതാവ്. ജയിലിൽ കഴിയുന്ന രാഘവനെ കുറിച്ചുള്ള തന്റെ ലേഘനത്തിനു 'ബ്രെയിൻ ബിഹൈൻഡ് ദി ബാർസ്' എന്ന തലക്കെട്ടാണ് അഞ്ജലി നൽകുന്നത്. ഒരേ സമയം പല തലങ്ങളിലുള്ള അർത്ഥം ആ തലക്കെട്ടിനുണ്ട്. ആ തലക്കെട്ടിന്റെ പ്രസക്തി ഒരു പക്ഷേ നമ്മെ ആദ്യം ചിന്തിപ്പിക്കുകയില്ലെങ്കിലും, ചിത്രത്തിന്റെ പരിണതിയിൽ അതിനെക്കുറിച്ചൊരു വിശകലനത്തിനും സാധ്യകൾ വെട്ടിത്തുറന്നിട്ടിട്ടുണ്ട്. അല്പം ഹാസ്യാത്മകമായി മാധ്യമ ലോകത്തെ ഇന്നത്തെ അപച്യുതിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായ തിരക്കഥാ രചയിതാവിവിടെ. മാധ്യമങ്ങൾ, അവരുടെ ഇന്നത്തെ പ്രവർത്തന രീതി, മാധ്യമ ലോകത്ത് എന്തും വെട്ടിപ്പിടിക്കുവാനായി, കാര്യങ്ങളെ സമീപിക്കുന്നതിൽ ഇന്നത്തെ യുവത്വം കാണിക്കുന്ന അപക്വത, അതിനവർ നൽകേണ്ടി വരുന്ന വില എന്നിങ്ങനെ പല വിഷയങ്ങളെ വിമർശനാത്മകമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. സിനിമയുടെ അവസാന നിമിഷങ്ങൾ കണ്ടു കഴിയുമ്പോൾ, അതുവരെ താൻ ചിന്തിച്ചു കൂടിയതെല്ലാം പാടേ തച്ചുടച്ച് വ്യത്യസ്തങ്ങളായ രീതിയിൽ കണ്ടതെല്ലാം അപഗ്രഥിക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ഒരുക്കിയിട്ടാണ് മുന്നറിയിപ്പ് അവസാനിക്കുന്നത്. സിനിമയെക്കുറിച്ച് പല തലങ്ങളിൽ നിന്ന് കൊണ്ട് ഇത്തരം വായനകൾ സാധ്യമാക്കുന്ന രചനകൾ നന്നേ കുറവാകാനാണ് സാധ്യത. മുന്നറിയിപ്പൊരു മഹാത്തായ സിനിമയൊന്നുമല്ല, പക്ഷേ ഈ ചിത്രം കണ്ടു കഴിയുമ്പോൾ സി കെ രാഘവനെ കുറിച്ച് നിങ്ങൾ തീർച്ചയായും ചിന്തിക്കും...!

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.