മലയാള സിനിമക്കു ഒട്ടും പരിചിതമല്ലാത്ത ആഖ്യാന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് പാസഞ്ചര്‍. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍, തീര്‍ത്തും അപരിചിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് പ്രമേയമായിരിക്കുന്നത്. നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്റേതു തന്നെയാണ്. ശ്രീനിവാസന്‍, ദിലീപ്, മംമ്ത മോഹന്‍ദാസ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയമാണ് സമ്മാനിക്കുന്നത്. വര്‍ഷങ്ങളായി എറണാകുളത്തെ ഒരു കമ്പനിയില്‍ ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് സത്യനാഥന്‍ (ശ്രീനിവാസന്‍). നെല്ലായി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ദിവസവും പാസ്ഞ്ചര്‍ ട്രെയിനില്‍ അങ്ങോട്ടുമുങ്ങോട്ടും യാത്ര ചെയ്യുന്ന സത്യനാഥിന് ഒരുപിടി ട്രെയിന്‍ സുഹൃത്തുക്കളുണ്ട്. മാറാങ്കര എന്ന കടലോര പ്രദേശത്തെ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നാട്ടുകാര്‍ക്കു വേണ്ടി കേസു നടത്തുന്ന വക്കീലാണ് നന്ദന്‍ മേനോന്‍ (ദിലീപ്). അയാളുടെ ഭാര്യ അനുരാധാ നന്ദന്‍ (മംമ്താ മോഹന്‍ദാസ്), റൈറ്റ് ടിവി എന്ന ചാനലിന്റെ ന്യൂസ് റിപ്പോര്‍ട്ടറാണ്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ആരോപിതനായ അഭ്യന്തര മന്ത്രി തോമസ് ചാക്കോയുമായുള്ള അഭിമുഖത്തിനായി അനുരാധ കോട്ടയത്തേക്കു പോകുന്നു. അതേ ദിവസം രാത്രി നന്ദന്‍ മേനോന്‍ ഗുരുവായൂര്‍ക്ക് യാത്ര ചെയ്യുന്നു. യാദൃശ്ചികമായി, ഓഫീസിലെ തിരക്കുകള്‍ മൂലം വൈകിയെത്തുന്ന സത്യനാഥനും അതേ ട്രെയിനില്‍ യാത്ര ചെയ്യുന്നു. നെല്ലായിയില്‍ ഇറങ്ങേണ്ട സത്യനാഥന്‍, ഉറങ്ങി പോകുന്നതിനാല്‍, നന്ദനൊപ്പം ഗുരുവായൂരില്‍ ചെന്നാണിറങ്ങുന്നത്. അവിടെ വച്ച് സുഹൃത്തുക്കളായി പിരിയുന്ന അവര്‍. പക്ഷേ, പുറത്തിറങ്ങി നടക്കുന്ന നന്ദനെ കാത്തിരുന്നതൊരു അപകടമാണ്. അതു സത്യനാഥന്‍ കാണുകയും ചെയ്യുന്നു. പിന്നീടിവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്ദ്വേകജനകമായ സംഭവ വികാസങ്ങളാണ് സിനിമയുടെ ആധാരം. രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന്റെ സംവിധാന മികവു തന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഒരു നവാഗതന്റെ ചിത്രം എന്നൊരിക്കലും തോന്നാത്ത രീതിയിലാണ് ഇതിന്റെ സംവിധാനം. ചെറിയ കാര്യങ്ങളില്‍ പോലും കണ്ണു വയ്ക്കുന്ന സംവിധായകന്‍, ആദ്യം തന്നെ കഥാപാത്രങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു. അവരുടെ ചുറ്റുപാടും ജീവിത രീതിയും ശീലങ്ങളുമെല്ലാം കഥയ്ക്കനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതു കൊണ്ടു തന്നെ, കഥ പുരോഗമിക്കുമ്പോള്‍, ഇവയൊക്കെ കഥയെ സ്വാധീനിക്കുന്നതില്‍ പ്രേക്ഷകര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നില്ല. വളരെ ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രമെ സംവിധയകന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നുള്ളു. അവയെല്ലാം കഥാഗതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. അനാവശ്യ പാത്രസൃഷ്ടി ഒഴിവാക്കിയിരിക്കുന്നു എന്നു തന്നെ പറയാം. ഒരോ കഥാപാത്രങ്ങളുടേയും സംഭാഷണങ്ങളിലും കാലിക പ്രാധാനയമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നുള്ളതും പ്രസക്തമാണ്. ബേവറെജസ്, സിനിമ, റേയില്‍വേ, രാഷ്ട്രീയം തുടങ്ങി സമകാലിക വിഷയങ്ങളെല്ലാം വിമര്‍ശനാത്മകമായ രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. മിതമായി സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ് സംവിധായകന്‍ രൂപവത്കരിച്ചിരിക്കുന്നത്. ഹാസ്യരസം നിറഞ്ഞ സംഭാഷണങ്ങള്‍ അനേകമുണ്ടെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, അസ്ഥാനത്തെ തമാശകളോ ഇല്ല എന്നുള്ളതും പ്രസക്തമാണ്. കഥക്കൊപ്പം അരൊചകമല്ലാതെ സമകാലിക വിഷയങ്ങളും തമാശയും കോര്‍ത്തിണക്കിയുള്ള ഈ അവതരണ ശൈലി മലയാള സിനിമയ്ക്ക് അന്യമല്ലെങ്കിലും ഇതിലൊരു പുതുമ കൊണ്ടു വരുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ഒരു ദിവസത്തെ സംഭവ വികാസങ്ങള്‍ പറയുന്ന ഈ ചിത്രത്തില്‍, വിവര സാങ്കേതിക വിദ്യയെക്കുറിച്ചും, അവയെങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനേക്കുറിച്ചും പ്രതിപാദിക്കുന്നു എന്നു മാത്രമല്ല, അതിന് പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കുക വഴി, താന്‍ അധുനിക തലമുറയുടെ സംവിധായകനാണെന്ന് രഞ്ജിത് ലോകത്തോട് വിളിച്ചു പറയുന്നു. പലപ്പോഴും അസ്വാദങ്ങള്‍ എഴുതിയപ്പോള്‍ ഞാന്‍ അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്നമുണ്ടായിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ഒരു കേന്ദ്രകഥാപാത്രങ്ങളെ ആശ്രയിച്ചായിരുന്നു. അതു കൊണ്ടു തന്നെ, അഭിനയം എന്നത് അവരില്‍, കൂടുതല്‍ പോയാല്‍ വില്ലന്മാരില്‍ ഒതുങ്ങുമായിരുന്നു. പക്ഷേ, പാസഞ്ചര്‍ നമുക്ക് തരുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. നാലു കഥാപാത്രങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍, ദിലീപും മംമതയും ജഗതിയും ശ്രീനിവാസനും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. പക്ഷേ, ഇവിടേയും, അഭിനയത്തിലെ തികവുകൊണ്ട് കയ്യടി വാങ്ങുന്നത് ആഭ്യന്തര മന്ത്രിയായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ തന്നെയാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായെപ്പോലെ, കറപുരണ്ട മുഖം മറച്ച് എല്ലാവരേയും സുഖിപ്പിച്ച് രംഗത്തെത്തുന്ന ആ കഥാപാത്രത്തെ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു എന്നതാണ് സത്യം. ഒരു രാഷ്ട്രീയ നേതാവിന്റെയും ഛായ, ആ കഥാപത്രത്തിനില്ലായിരുന്നു എന്നത് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. അഡ്വ.നന്ദന്‍ മേനോനെ അവതരിപ്പിച്ച ദിലീപ്, തന്റെ സൂപ്പര്‍ താര പരിവേഷം ബലികഴിച്ചാണ്, ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഴിമതിയേയും അനീതിയേയുമെതിര്‍ക്കുന്ന നന്ദന്‍ മേനോന്‍ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ദിലീപ്. ഗൗരവക്കാരനായ ഒരു വക്കീലിനെയല്ലാ, ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന കഥാപാത്രത്തെയാണ് ദിലീപ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് മംമതാ മോഹന്‍ ദാസിന്റെ അനുരാധയും, ശ്രീനിവാസന്റെ സത്യനാഥും. അനുരാധ എന്ന കഥപാത്രം മംമതാ മോഹന്‍ദാസെന്ന നടിക്കൊരു വഴിത്തിരിവാകും എന്നത് തീര്‍ച്ച. ശക്തമായൊരു കഥാപത്രത്തെ വളരെ മനോഹരമായി തന്നെ മംമത അവതരിപ്പിച്ചിരിക്കുന്നു. ഇതിനു മുന്നെയുളള ചിത്രങ്ങളില്‍ നിന്നൊക്കെ മംമത ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു എന്നീ കഥാപാത്രം വ്യക്തമാക്കുന്നു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്ക്ക് മാത്രം കൈകാര്യം ചെയ്യാനവുന്ന കഥാപത്രമാണ് സത്യനാഥ്. സാധാരണക്കാരനായ ഒരു വ്യക്തി, കേരളത്തിന്റെ തന്നെ ഭാവി മാറ്റിമറിക്കുന്ന ഒരു അജ്ഞാതന്‍, എന്നിങ്ങനെ പല വിശേഷണങ്ങള്‍ ഈ കഥാപാത്രത്തിനു നല്‍കാം. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച്, മനോഹരമായി തന്നെ ശ്രീനിവാസന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, സ്വയം വിമര്‍ശകനാകുക എന്ന ഭൂതം ശ്രീനിവാസനെ വിട്ടൊഴിഞ്ഞു എന്നു തോന്നുന്നു. തികച്ചും സാധാരണക്കാരനായ, നമ്മള്‍ക്ക് സ്ഥിരപരിചിതനായ ഈ കഥാപാത്രം ശ്രീനിവാസനെന്ന അതുല്യ നടന് മറ്റൊരു പൊന്‍തൂവലാകും സമ്മാനിക്കുക. അത്രക്കു പ്രസക്തമല്ലെങ്കിലും, നെടുമുടി വേണുവിന്റെ ടാക്സി ഡ്രൈവര്‍ നായരും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഗുണ്ടാ നേതാവ് അണലി ഷാജിയായി അഭിനയിച്ചിരിക്കുന്ന പുതുമുഖം ആനന്ദ് സ്വാമി, മറ്റൊരു ഗുണ്ടയായി അഭിനയിച്ച ശ്രീജിത് രവി, കരിമണല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന തങ്കമ്മാ രാജനായി അഭിനയിക്കുന്ന സോനാ നായര്‍, തങ്കമ്മയുടെ അനിയനായി അഭിനയിക്കുന്ന മണിക്കുട്ടന്‍ എന്നിവരും തങ്ങളുടെ കഥാപത്രങ്ങളെ നന്നായി അവതരിപ്പിച്ചിരികുന്നു. സത്യനാഥിന്റെ ഭാര്യാ വേഷം കൈകാര്യം ചെയ്തിരിക്കുന്ന് ലക്ഷ്മി ശര്‍മ്മ, അമ്മയായി അഭിനയിച്ചിരിക്കുന്ന നടി, സഹയാത്രികരായി അഭിനയിച്ചിരിക്കുന്ന ഹരിശ്രീ അശോകന്‍, കൊച്ചു പ്രേമന്‍, അനൂപ് ചന്ദ്രന്‍, ടി.പി മാധവന്‍ എന്നിവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ഗാനത്തിനോ നൃത്തത്തിനോ സംഘട്ടന രംഗങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത ഒരു ചിത്രമാണ് പാസഞ്ചര്‍. ഇവക്കുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടു കൂടി, അവ തിരുകി കയറ്റാതെ, കഥഗതിക്ക് വിഘാതം സംഭവിക്കാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു എന്നത് ശ്രദ്ദേയമാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിബാല്‍ എന്ന യുവ സംഗീത സംവിധായകന്‍ ഈണം പകര്‍ന്ന ഒരു ഗാനം ചിത്രത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിരിക്കുന്നു. രഞ്ജിത്തിന്റെ തിരക്കഥക്ക് ജീവന്‍ പകരുന്നത്, പി.സുകുമാരിന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവുമാണ്. കഥയുടെ പിരിമുറുക്കം കളയാതെ, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഈ കൂട്ടുകെട്ടിന് കഴിയുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. സാബുറാമാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടുന്ന രീതിയില്‍ തന്നെയാണ് സാബുറാം അത് കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും, ചിലയിടങ്ങളില്‍ കുറച്ചുകൂടി പൂര്‍ണ്ണതയാവാമെന്ന് തോന്നുന്നു. ദിവസേന പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്റെ ഒരു അസാധാരണമായ ഒരു ദിനവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും, സാധാരണക്കാരന്റെ ജീവിതം പ്രമേയമാകുന്ന ചിത്രമെന്ന സൂചന ആദ്യം നല്‍കുമെങ്കിലും, കഥ വികസിക്കുന്നത് പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന രീതിയിലാണ്. നാം ദിവസേന കാണുന്ന ചില കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കാലിക പ്രാധാന്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്ന എന്ന സാഹസികതയാണ്, രഞ്ജിത് ശങ്കര്‍ എന്ന ഈ പുതുമുഖ സംവിധായകന്‍ ചെയ്തിരിക്കുന്നത്. അവതര ശൈലിയിലെ പുതുമയും, കഥയെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്ന രീതി കൊണ്ടും, ഈ സിനിമ സമകാലിക മലയാള സിനിമയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. സാധാരണക്കാരന്റെ ദൈനം ദിന പ്രശ്നങ്ങള്‍ മുതല്‍ അധികാര ലഹരിയുടെ മൂര്‍ദ്ധന്യവസ്ഥവരെ ഒരേ കാന്‍വാസില്‍ കൊണ്ടു വരാന്‍ സംവിധായകനു കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. സൂപ്പര്‍ സ്റ്റാറുകളുടെ അമാനുഷിക പോരാട്ടങ്ങളും വിഡ്ഢി വേഷങ്ങളും കൊണ്ട് സമ്പന്നമായ മലയാള സിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററാകാന്‍ സാധ്യതയുള്ള ചിത്രമാണ് 'പാസഞ്ചര്‍'. ദിലീപ് ജനപ്രിയ നായകനായത്, സാധാരണക്കാരന്റെ വേഷങ്ങള്‍ ഹാസ്യത്തിന്റെ അകമ്പടിയില്‍ അഭിനയിച്ചാണ്. അഡ്വ: നന്ദന്‍ മേനോന്‍ എന്ന കഥാപത്രത്തെ സ്വീകരിക്കുവാന്‍ ദിലീപ് കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയമെന്ന് പറയാതെ വയ്യ. നല്ല കഥക്കും കഥാപാത്രത്തിനും, ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയും തടസ്സമല്ല എന്നദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ദീലീപിന്റെ ഒരു മടങ്ങി വരവായി ഇതിനെ നമുക്ക് കാണാം. ഫാന്‍സിനായി കോലം കെട്ടിയാടുന്ന, ഇവിടുത്തെ മറ്റു സൂപ്പര്‍ സ്റ്റാറുകള്‍ക്കും ഈ സത്‌ബുദ്ധി ഉടനെ തോന്നട്ടെ എന്ന് നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. കഥക്കും പ്രമേയത്തിനും പ്രാധാന്യം നല്‍കി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എത്താതെ പോകുന്ന സ്ഥിരം ട്രെന്‍ഡിലേക്ക് ഈ ചിത്രവും വഴിമാറുമോ എന്നൊരാശങ്കയുണ്ട്. കാരണം, മേയ് 7ന് റിലീസ്സയ ഈ ചിത്രം, മേയ് 9ന് പാലാ മഹാറാണിയില്‍ ഈ ചിത്രം നൂണ്‍ഷോയായി ഞാന്‍ കാണുമ്പോള്‍ ആകെ 50 പേരുപോലും ചിത്രത്തിനില്ലായിരുന്നു എന്നതാണ് സത്യം. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, പബ്ലിസിറ്റിയുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ഇത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലെത്താതെ പോകും. വേനലിലുരുകുന്ന മലയാളക്കരയിലേക്ക് പെയ്തിറങ്ങിയ ഒരു വേനല്‍മഴ.... രണ്ടു മണിക്കൂര്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു ത്രില്ലര്‍... അതാണ് പാസഞ്ചര്‍ ... രഞ്ജിത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകളും, അഭിവാദ്യങ്ങളും....
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിബാല്‍ എന്ന യുവ സംഗീത സംവിധായകന്‍ ഈണം പകര്‍ന്ന ഒരു ഗാനം ചിത്രത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ReplyDeletepakshe, Bijilal is composed music for so many films... HE IS NOT A NEW GUY....
“നമ്മള്‍ക്ക് സ്ഥിരപരിചിതനായ ഈ കഥാപാത്രം ശ്രീനിവാസനെന്ന അതുല്യ നടന് മറ്റൊരു പൊന്‍തൂവലാകും സമ്മാനിക്കുക”.
ReplyDeleteഹ..ഹ...ഹ....
കഷ്ടം! മലയാളസിനിമയിലെ ഏറ്റവും ബോറനായ നടൻ എന്നാണു അതുല്യ നടനായതു?
നല്ലൊരു ആസ്വാദനക്കുറിപ്പ്.
ReplyDeleteഒരു ന്യായമായ ശംശയം ഉണ്ട... അതായത് ചിത്രത്തിന്റെ അവസാനം ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ച് ദിലീപിന്റെ കഥാപാത്രം പറയുന്നുദ്... അയാള്‍ ഒരു നന്ദി പോലും പറയാതെ പോയി... അയാള്‍ ആരെന്ന് അറിയില്ല..... പക്ഷെ സിനിമയിലെ ഒരു രംഗത്തില്‍ ശ്രീനി.. ദിലീപിന്റെ മൊബൈല്‍ വാങ്ങി വീടിലേക്ക് വിളിക്കുന്നുണ്ട്.... ദിലീപിന്റെ അതുനികമായ മൊബൈലില്‍ ആ നമ്പര്‍ ഉണ്ടാകില്ലേ... അതും പോരാത്തതിന് ദിലീപിന്റെ ഭാര്യയുടെ മൊബൈല്‍ ശ്രീനിവാസന്‍ തന്‍റെ സിം ഇട്ടു ഉപയോഗിക്കുന്നുണ്ട് അതിലേക്കു ശ്രീനിയുടെ വീട്ടില്‍ നിന്ന് ഭാര്യ വിളിക്കുകയും ചെയ്തു.... ശ്രീനിയെ കണ്ടുപിടിച്ചത് ഇത്ര അദികം സാധ്യത ഉണ്ടായിട്ടും എന്തിനു ശ്രീനിയെ anonimous ആക്കുന്നു???? സിനിമ കണ്ടപ്പോള്‍ ഉണ്ടായ ഒരു സംശയം ആണ് .....
ReplyDeleteSuper Post... Keep it up JK Ji :)
ReplyDeleteGood review. Let more people see and appreciate it.
ReplyDeleteGood One :-)
ReplyDeleteപിള്ളേച്ചാ... നല്ല റിവ്യൂ
ReplyDeleteഞാന്‍ ഈ ബ്ലൊഗ് ഇപ്പോഴാ കണ്ടേ, ഫേവറിറ്റ്‌സില്‍ ഇടുന്നുണ്ട്...
സസ്നേഹം
ദൃശ്യന്‍
ഇഷ്ടായി
ReplyDelete@പ്രേം കുമാര്‍
ReplyDeleteബിജി ലാല്‍ നവാഗതന്‍ എന്നല്ല യുവ സംഗീത സംവിധായകന്‍ എന്നാണ് പറഞ്ഞത്.
@ സിനിമാബ്ലോഗ്
ശ്രീനിവാസന്‍ പലര്‍ക്കും ബോറനകുന്നത് അദ്ദേഹം ആക്ഷേപ ഹാസ്യം കൈകാര്യം ചെയ്യുന്നതു കൊണ്ടാണ്.
@ശ്രീ,വിനയച്ചിത്രങ്ങള്‍, സന്ദീപ്,സൂര്യോദയം, കരീം മാഷ്, ദൃശ്യന്‍
നന്ദി... വളരെയധികം നന്ദി.
@ ബേസില്‍
സാധ്യതയുണ്ട്. എന്നാല്‍ അത് സംവിധയകന്റെ ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ട് നമുക്ക് ക്ഷമിക്കാം.