Sunday, January 2, 2011

ടൂര്‍ണ്ണമെന്റ് - പ്ലെ & റി പ്ലെ (Tournament - Play & Replay)

ലോക സിനിമയില്‍ റോഡ് മൂവീസ് എന്നൊരു വിഭാഗം തന്നെയുണ്ട്. നമ്മെ വളരെയേറെ ആകര്‍ഷിച്ച ഒട്ടേറെ റോഡ് മൂവീസ് ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ആ വിഭാഗം വളരെ ശുഷ്കമെന്നു തന്നെ പറയാം. അപൂര്‍വ്വം ചില ഹിന്ദി ചിത്രങ്ങള്‍ റോഡ് മൂവീസ് എന്ന പേരില്‍ ഇറങ്ങിയെങ്കിലും അധികം വിജയം നേടിയില്ല. എന്നാല്‍ 2008ല്‍ വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച സരോജ എന്ന തമിഴ് ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച് 2010 ഒടുവില്‍ മലയാളത്തില്‍ എത്തിയ ചിത്രമാണ് ടൂര്‍ണ്ണമെന്റ് - പ്ലെ & റി പ്ലെ. ഇതൊരു ടൂര്‍ണ്ണമെന്റിന്റെ കഥയല്ല, ടൂര്‍ണ്ണമെന്റിലേക്കുള്ള ടൂറിന്റെ കഥയാണ് എന്ന ആമുഖത്തോടെയാണ് ചിത്രം നമ്മുടെ മുന്നിലേക്കെത്തുന്നത്. അതു കൊണ്ടു തന്നെ സരോജയുമായി, തീമിലും ചിത്രീകരണത്തിലും മാത്രമേ ഇതിന് സാമ്യമുള്ളൂ.

ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ‘ഹൊറര്‍’ ചിത്രത്തിനു ശേഷം ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍‍ നമുക്കായി ഒരുക്കുന്ന ചിത്രമാണ് ടടൂര്‍ണ്ണമെന്റ് - പ്ലെ & റി പ്ലെ. കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം അങ്ങനെ ഒരു ബാലചന്ദ്രമേനോന്‍ ലൈനിലാണ് ലാല്‍ ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിനു ശേഷം മലയാളത്തില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ പുതുമുഖ ചിത്രമായിരിക്കും ടൂര്‍ണ്ണമെന്റ് - പ്ലെ & റി പ്ലെ. മനു, രൂ‍പ മഞ്ജരി, പ്രവീണ്‍, പ്രജിന്‍, ആര്യന്‍ തുടങ്ങി ഒരു പറ്റം യുവതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ടൂറിനെ മാത്രമല്ല, ക്രിക്കറ്റിന്റേയും കൂടി കഥ പറയുന്ന ചിത്രമാണിത്.

കൊച്ചിക്കാരായ ഉസ്മാന്‍ (പ്രവീണ്‍), ബാലു (ജോണ്‍), വിശ്വനാഥന്‍ (ഫഹദ് ഫാസില്‍) എന്നിവര്‍ ബാംഗ്ലൂരില്‍ നടക്കുന്ന എ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്ക് സെലക്ഷന്‍ നേടുന്നു. എന്നാല്‍ അവരെ കൂടാതെ തൃശ്ശൂര്‍കാരനായ ബോബി വര്‍ഗ്ഗീസ് (മനു), മൈസൂരി നിന്നുള്ള ജോണ്‍ സുബ്രഹ്മണ്യം (പ്രജിന്‍) എന്നിവര്‍ക്കും സെലക്ഷന്‍ ലഭിക്കുന്നു. എന്നാല്‍  ഇതിലൊരാള്‍ക്കേ ടീമില്‍ സെലക്ഷന്‍ ലഭിക്കൂ എന്ന് അവരുടെ കോച്ച് (സിദ്ധിഖ്) അവരോട് പറയുന്നു. യാദൃശ്ചികമായി അവര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അശ്വതി അലക്സിനെ (രൂപ മഞ്ജരി) പരിചയപ്പെടുന്നു. അതിനിടെ ബാലുവിന് ഒരു ബൈക്ക് അപകടം സംഭവിക്കുകയും അയാളുടെ യാത്ര മുടങ്ങുകയും ചെയ്യുന്നു. ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്ന ഉസ്മാനെയും വിശ്വത്തെയും യാത്രയാക്കാന്‍ അശ്വതിയും എയര്‍പോര്‍ട്ടിലെത്തുന്നുവെങ്കിലും ഫ്ലൈറ്റ് ക്യാന്‍സലാകുന്നതിനാല്‍ അവരുടെ യാത്ര മുടങ്ങുന്നു. അവിടെ വച്ച് അവര്‍ ബോബി വര്‍ഗ്ഗീസിനെ അവര്‍ പരിചയപ്പെടുന്നു. അങ്ങനെ അശ്വതിയുടെ നിര്‍ദ്ദേശ പ്രകാരം, ക്ലീറ്റസ് ചേട്ടന്റെ (കൊച്ചുപ്രേമന്‍) ലോറിയില്‍ അവര്‍ ഒരു റോഡ് ട്രിപ്പ് ആരംഭിക്കുന്നു. അവര്‍ക്കൊപ്പം അശ്വതിയും ചേരുന്നു. ആ യാത്രയില്‍ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ടോട്ടല്‍ ലാല്‍ ചിത്രമായാണ് ടൂര്‍ണ്ണമെന്റ് - പ്ലെ & റി പ്ലെ നമുക്കു മുന്നില്‍ എത്തുന്നത്. അതു കൊണ്ടു തന്നെ ഇതിന്റെ വിജയ പരാജയങ്ങളുടെ അവകാശം പൂര്‍ണ്ണമായും നിക്ഷിപ്തമായിരിക്കുന്നത് ലാലില്‍ തന്നെയാണ്. വളരെക്കാലത്തിനു ശേഷം ലാല്‍, ഹരിഹര്‍ നഗറിന്റെ ബാക്കി രണ്ടു ഭാഗവുമായി വന്നപ്പോള്‍, പ്രേക്ഷകര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ അതേ പാറ്റേണില്‍ തന്നെ മൂന്നാമതൊരു ചിത്രം ചെയ്യുക എന്ന ഉദ്യമമാണ് ഈ ചിത്രത്തിലൂടെ ലാല്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനനുയോജ്യമായ കഥ തിരഞ്ഞെടുത്തിരിക്കുന്നുവെങ്കിലും, തിരനാടകം പരിപൂര്‍ണ്ണ പരാജയമെന്നു പറയാതെ വയ്യ. പ്ലെ & റീപ്ലെ എന്ന ലോജിക്കില്‍, ചിത്രത്തിലെ സംഭവ വികാസങ്ങളെ നമുക്കായി അവതരിപ്പിക്കുമ്പോള്‍, പിരിമുറുക്കം സമ്മാനിക്കുമെങ്കിലും, കഥ എവിടെ നിര്‍ത്തണമെന്നറിയാതെ ബെല്ലും ബ്രേക്കുമില്ലാതെ പോകുന്നിടത്താണ് തിരക്കഥ പാളുന്നത്. ഒരു പരിധി വരെ പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുവാന്‍ കഴിയുന്നുവെങ്കിലും, ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ അറിയാതെയെങ്കിലും ‘അയ്യേ’ എന്നു പ്രേക്ഷകര്‍ മുഖാമുഖം നോക്കി പറഞ്ഞാല്‍, പഴി തിരക്കഥയ്ക്കു മാത്രം പറഞ്ഞാല്‍ മതി. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഒരു പരിധിവരെ ഭേദപ്പെട്ട നര്‍മ്മ കലര്‍ന്ന സംഭാഷണങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. പക്ഷേ ഗോഡ് മസ്റ്റ് ബി ക്രേസി എന്ന ഇംഗ്ലീഷ് കോമഡി ചിത്രത്തില്‍, ജീപ്പ് തനിയെ ഓടുന്ന രംഗങ്ങളുടെ വികലമായ അനുകരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നിപ്പോയി.

അഭിനയത്തില്‍ പുതുമുഖങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു. ഫഹദ് ഫാസില്‍, അല്പം കൂടി മസില്‍ പിടുത്തം കുറച്ചാല്‍ ഇനിയും അദ്ദേഹത്തിനൊരു നല്ല നടനായി വളരാന്‍ കഴിയുമെന്നു തോന്നുന്നു. ഉസ്മാന്‍ എന്ന നടന്‍ തമാശ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനായാസത കാണിക്കുമ്പോള്‍, ആര്യന്‍ എന്ന നടനാണ്‍ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. നായികയായ രൂപ മഞ്ജരി ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നുവെങ്കിലും, അഭിനയത്തില്‍ ശരാശരിയിലൊതുങ്ങി. തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന് ബോബി വര്‍ഗീസായി മനുവും തന്റെ വേഷം ഭംഗിയാക്കി. ചെറു വേഷങ്ങളില്‍ എത്തിയ കൊച്ചു പ്രേമനും, സിദ്ധിഖും, ബിജുക്കുട്ടനും, ഇന്ദ്രന്‍സുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍, സലീം കുമാര്‍ പതിവില്‍ നിന്നും അല്പം വ്യത്യസ്തമായ വേഷവിധാനത്തില്‍ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചിത്രത്തിനെ ആകര്‍ഷകമാക്കുന്നത് വേണുവിന്റെ ഛായാഗ്രഹണമാണ്. ഒരു റോഡ് മൂവി ചിത്രീകരിക്കേണ്ടതെങ്ങനെയോ അപ്രകാരമാണ് ഈ ചിത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ നിലാ നിലാ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് അമല്‍ നീരദാണ്. അതിമനോഹരമായാണ് ഈ ഗാനത്തിന്റെ ചിത്രീകരണമെന്നത് എടുത്തു പറയാതെ വയ്യ. വി സാജന്റെ ചിത്രസംയോജനവും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. പ്ലേ & റീപ്ലേ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്, ഒരേ രംഗത്തിന് പല ആംഗിളുകള്‍ നല്‍കി അവതരിപ്പിക്കുമ്പോള്‍, അത് പ്രേക്ഷക ശ്രദ്ധ നേടുന്നുവെന്നത് ഛായാഗ്രഹകന്റേയും ചിത്രസംയോജകന്റേയും മികവായി പറയാം. ചിത്രത്തിന്റെ ഗാനങ്ങളൊരുക്കിയിരിക്കുന്നത് ദീപക് ദേവ് - വയലാര്‍ ശരത് ചന്ദ്രവര്‍മ്മ കൂട്ടുകെട്ടാണ്. വിനോദ് വര്‍മ്മ, മായ, ശ്രീചരണ്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഹേയോ എന്ന ഗാനം കണ്ടിരിക്കാം. എന്നാല്‍ കാര്‍ത്തിക്കും മേഘയും ചേര്‍ന്നു പാടിയ നിലാ നിലാ എന്ന ഗാനം, കേള്‍ക്കാനിമ്പമുള്ളതാണ് അതിനൊപ്പം മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് അലക്സ് പോളാണ്. അതു ചിത്രത്തോട് ചേര്‍ന്നു പോകുന്നുണ്ട്.

ചിത്രം പുറത്തുറിങ്ങതിനു മുന്നെ തന്നെ ഒരു മസ്തി ചിത്രമെന്ന രീതിയിലുള്ള പ്രമോഷന്‍ വന്നിരുന്നു. ട്രെയിലറുകളും അത്തരമൊരു ദിശയിലേക്കുള്ള സൂചകമാണ് നല്‍കിയത്. ചിത്രം കണ്ടു തുടങ്ങുമ്പോള്‍ അത്തരമൊരു പ്രതീക്ഷ ചിത്രം നല്‍കുന്നുവെങ്കിലും, ചിത്രം പുരോഗമിക്കുമ്പോള്‍ കഥ എവിടെയെത്തുമെന്ന് ഊഹിക്കാന്‍ കഴിയുമെന്നത് ന്യൂനതയായി. നന്നായി മുന്നോട്ടു പോകുന്ന ചിത്രം എത്തിച്ചേരുന്നത് പ്രതീക്ഷിച്ച സ്ഥലത്തു തന്നെ. അതിനു ശേഷം ചിത്രം അവസാനിക്കുന്നത് മറ്റൊരു തമാശയിലും. തിരനാടകത്തിലെ പിഴവ് പല ചിത്രങ്ങളുടേയും പരാജയത്തില്‍ കലാശിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ഒരു ലാല്‍ ചിത്രത്തിന് അത്തരമൊരു ഗതി വരിക എന്നത് അപ്രതീക്ഷിതമാണ്. ഈ ചിത്രത്തെക്കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍, ക്ലൈമാക്സ് ഒഴിച്ച് എല്ലാം കൊള്ളം എന്നു പറയാം..

എന്റെ റേറ്റിങ് - 4.25/10

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.