Thursday, November 13, 2008
മംഗളം മഹാരാജന്‍......
കടപ്പാട്: പി.ടി.ബേബി, മാതൃഭൂമി
ഫുട്‌ബോളില്‍ ഡീഗോ മാറഡോണക്കൊപ്പമായിരുന്നു ദൈവം. ക്രിക്കറ്റില്‍ സൗരവ്ഗാംഗുലിയുടെ ഓഫ്‌സൈഡില്‍ ദൈവം സദാ നിലയുറപ്പിച്ചു. രണ്ടു താരങ്ങള്‍ക്കും ഒരു ദൈവികോന്മാദം (divine delerium) ഉണ്ടായത് ഈ സാന്നിദ്ധ്യംകൊണ്ടാവാം. ആരാധകര്‍ക്ക് ഇവരെപ്രതിയുണ്ടായത് ഉന്മാദഭ്രാന്തും. ഒരു പൂ ചോദിച്ചപ്പോള്‍ പൂമരംതന്നെ കിട്ടിയാലോ? ഗാംഗുലിയും അതുപോലെയാണ്. ആരാധനയ്ക്ക് വേണ്ടുവോളം പൂക്കള്‍ തരും. ആരാധകരുടെ പുഷ്പാര്‍ച്ചനയായിരുന്നു മഹാരാജാവിന്റെ കരിയറിലെ വലിയ പിന്‍ബലം. ഗാംഗുലി പാഡഴിക്കുമ്പോള്‍ കഴിഞ്ഞുപോകുന്നത് വീരാരാധനയുടെ ഒരു വ്യാഴവട്ട വസന്തകാലമാണ്.
ഇടംകൈയില്‍ ശക്തി ആവാഹിച്ച് ആദ്യപന്ത് നേരിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ദാദയെ പ്രതിഷ്ഠിച്ച ഹൃദയങ്ങളുടെ മിടിപ്പ് കൂടും. ഒരു ബൗണ്‍സറിനോ ഷോര്‍ട്ട്പിച്ച് ബോളിനോ ബാറ്റ് വെച്ച് ഏതെങ്കിലും കൈകളില്‍ കുടുങ്ങുമോ? ശക്തിപോലെത്തന്നെ ദൗര്‍ബല്യങ്ങളും കൂടുതലാണല്ലോ ഈ രാജകുമാരന്. ഓരോ പന്തിലും നിരന്തര പ്രാര്‍ഥനകള്‍... ആകാംക്ഷ... ഒരു പത്തിരുപത്തഞ്ച് റണ്‍സാകുമ്പോഴാണ് സമാധാനത്തോടെ ഒന്ന് ചാഞ്ഞിരുന്ന് കളി കാണാനാവുക. സിക്‌സറോ ബൗണ്ടറിയോ ഇടയ്ക്ക് പായുമ്പോള്‍ രക്തയോട്ടം കൂടും, ആവേശം ഇരമ്പും. കോളേജ് ടീമില്‍ കാമുകന്റെ കളി കാണാന്‍ വരുന്ന കാമുകിയുടേതുപോലാവും അപ്പോള്‍ മനസ്സ്. അവളെസംബന്ധിച്ച് കാമുകന്റെ പ്രകടനം മാത്രമാണ് പ്രധാനം. അവള്‍ ആര്‍ത്തിരമ്പുന്നതും കണ്ണീരൊഴുക്കുന്നതും പ്രാര്‍ഥിക്കുന്നതും വിരല്‍ കടിക്കുന്നതും അവനു വേണ്ടി മാത്രമാണ്. അങ്ങനെ ദാദയെപ്രതിമാത്രം കണ്ട എത്രയോ കളികള്‍.
പ്രിയ സൗരവ്... നിങ്ങളെച്ചൊല്ലിയുള്ള ഹൃദയവികാരവിചാരങ്ങള്‍ ഇതാ അവസാനിക്കുകയാണ്. നിങ്ങള്‍ പാഡഴിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ അഭിരുചികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്ര തീവ്രമായി സൗരവ് ആരാധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? 'ചട്ടപ്പടി പ്രതിഭ'കളെ കുറെ നമ്മള്‍ കണ്ടിട്ടുണ്ട്. പരീക്ഷകളിലെല്ലാം ഡിസ്റ്റിങ്ഷന്‍ കിട്ടുകയും പഠിത്തം വിട്ട് മറ്റൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയെപ്പോലെയാണവര്‍. ആ ഗണത്തില്‍ സൗരവ് പെടില്ല. ക്ലാസ്മുറിയുടെ ജനാലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ മനസ്സും ശരീരവും കടന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് എരിവും പുളിയും ഉണ്ടായത് ഗാംഗുലിയുടെ കാലം മുതലാണ്. ഒരു കൊച്ചു മാടമ്പിതന്നെയായിരുന്നു സൗരവ്. ഉള്‍വലിയുന്നൊരു പൂച്ചക്കുട്ടിയായിരുന്നെങ്കില്‍ കുറെ റണ്ണുകളും കുറെ വിക്കറ്റും വാരിക്കൂട്ടി, വിവാദങ്ങളിലൊന്നും തലയിടാതെ ചട്ടപ്പടി കളിച്ച് വിരമിക്കുമായിരുന്നു. പക്ഷേ, കളിമികവിനൊപ്പം കടുവയുടെ ക്രൗര്യംകൂടി സൗരവിനുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്ടനാകുന്നത് അങ്ങനെയാണ്.
ദാദ, ബംഗാള്‍ കടുവ, മഹാരാജ... എത്ര ഗംഭീരമായ വിശേഷണങ്ങള്‍. ദാദയെന്ന പേര് കേള്‍ക്കുമ്പോള്‍ മുംബൈയും ധാരാവിയുമൊക്കെയാണ് ഓര്‍മ വരുന്നത്. ചങ്കൂറ്റത്തിന്റെയും താന്‍പോരിമയുടെയും വിശേഷണമാണത്. അഹങ്കാരികളായ ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദാദയുടെ ബാറ്റിന്റെയും നാവിന്റെയും സമീപനത്തിന്റെയും ചൂടറിഞ്ഞു. സായിപ്പിനെ കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കവാത്ത് മറക്കാതായി. ഇടംകൈയന്‍ ബാറ്റിങ്, വലംകൈയന്‍ ബൗളിങ്... പിന്നെ രണ്ടു കൈയും വിട്ടുള്ള വേറെ ചില കളികള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൈയടി നേടിയ താരം സൗരവ്ഗാംഗുലിതന്നെയാണ്. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരിസുമായി ഒരു ഇടിത്തീപോലെയാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നുവീണത്. അന്നുതൊട്ടിന്നോളം ഒരു ഫയര്‍ ബ്രാന്‍ഡ് തന്നെയായിരുന്നു ഗാംഗുലി. ഓര്‍ക്കുന്നില്ലേ, ഗാംഗുലി വിരിമാറ് കാണിച്ച് ലോകത്തെ ഞെട്ടിച്ച ആ ദിവസം. ഇംഗ്ലണ്ടില്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ വിജയാഹ്ലാദത്തില്‍ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി ആരാധകര്‍ക്ക് സമ്മോഹനമായ കാഴ്ചയാണൊരുക്കിയത്. ഒരു രാജ്യസ്‌നേഹിയുടെ വീരോചിത പ്രകടനമായിരുന്നു അത്. പ്രിയ സൗരവ്, നിങ്ങളെ എങ്ങനെ, അത്രമേല്‍ സ്‌നേഹിക്കാതിരിക്കും?
സൗരവ്ഗാംഗുലി എങ്ങനെ? അദ്ദേഹത്തിന്റെ ടീമംഗങ്ങളോടുതന്നെ നമുക്ക് ചോദിക്കാം. മഹേന്ദ്രസിങ് ധോനിയും ഹര്‍ഭജന്‍സിങ്ങും യുവ്‌രാജ്‌സിങ്ങുമൊക്കെ ആ നേതൃപാടവത്തിനും ദീര്‍ഘവീക്ഷണത്തിനും മാര്‍ക്കിട്ടുതരും. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റു മത്സരം ടിവിയില്‍ കാണുമ്പോഴാണ് ഗാംഗുലി ഒരു യുവ വിക്കറ്റ് കീപ്പറെ ശ്രദ്ധിക്കുന്നത്. ഉടനെ തന്റെ പരിചയക്കാരനായ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് ഗാംഗുലി പറഞ്ഞു- ആ പയ്യനെ നോക്കൂ, അവന്‍ ലോകമറിയുന്ന കളിക്കാരനാവും. അവനെ എനിക്ക് വേണം. ഇന്നത്തെ ഇന്ത്യയുടെ ഏകദിന ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനിയായിരുന്നു ആ പയ്യന്‍.
ഹര്‍ഭജന്‍സിങ്ങ്-നിങ്ങള്‍ക്ക് മറക്കാനാവുമോ ദാദയെ? ഗുരുതരമായ അച്ചടക്കലംഘനങ്ങളും കൈമടക്കിയെറിയുന്നെന്ന ആരോപണവുംമൂലം സര്‍ദാര്‍ജി ടീമിന് പുറത്തായ കാലം. ഇനിയൊരു മടങ്ങിവരവില്ലെന്ന നിഗമനത്തില്‍ ജീവിതമാര്‍ഗത്തിനായി അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി പോകാനൊരുങ്ങിയതാണ് സിങ്ജി. പക്ഷേ, പ്രതിഭാസമ്പന്നനായ ഈ ഓഫ്‌സ്പിന്നറെ ടീമിലെടുക്കണമെന്ന് ഗാംഗുലി ശക്തിയായി വാദിച്ചു. ആ ഒറ്റ നിര്‍ബന്ധത്തിലാണ് ഹര്‍ഭജന്‍ ടീമിലെത്തുന്നത്. ഒരു കുഞ്ഞുപോക്കിരിയാണെങ്കിലും ഇന്ത്യയെ എത്രയെത്ര കളിയില്‍ സര്‍ദാര്‍ജി ജയിപ്പിച്ചെടുത്തു!
സര്‍ദാര്‍ജിയുടെ നാട്ടുകാരനായ യുവ്‌രാജ്‌സിങ്ങും ദാദയുടെ കടുത്ത ആരാധകനായിരുന്നു. ഒരിക്കല്‍ ടീമിലേക്ക് യുവ്‌രാജിനെ ഗാംഗുലി മടക്കിക്കൊണ്ടുവന്നു. അന്ന് മഹാരാജാവിനെക്കുറിച്ച് യുവരാജാവ് ഇങ്ങനെ പറഞ്ഞു-ഇങ്ങനെയൊരു ക്യാപ്ടനു വേണ്ടി മരിക്കാന്‍വരെ ഞാന്‍ തയ്യാറാണ്. ഒരു ചാവേര്‍സംഘത്തെതന്നെയാണ് ഗാംഗുലി വളര്‍ത്തിയെടുത്തത്. മാനത്ത് ഒരുമിച്ച് പറക്കുന്ന പക്ഷികളെപ്പോലെ അന്ന് ഇന്ത്യന്‍ ടീമില്‍ ഒരുമയുണ്ടായിരുന്നു. വിജയങ്ങള്‍ ഇന്ത്യക്ക് ശീലമായത് അങ്ങനെയാണ്.
പ്രിയ സൗരവ്... ഇന്ത്യന്‍ ക്രിക്കറ്റിന്റെ വ്രണങ്ങളെ ഉണക്കാന്‍ വന്ന വൈദ്യനായിരുന്നല്ലോ നിങ്ങള്‍. വാതുവെപ്പ് കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചപ്പോള്‍, തോല്‍വികളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി കൂപ്പുകുത്തിയപ്പോള്‍ ആ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ നായകനായി വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരണ്ട ചുണ്ടുകളിലാണ് നിങ്ങള്‍ സ്‌നേഹപൂര്‍വം ചുംബിച്ചത്. നൊമ്പരങ്ങളില്‍ നിന്ന് നിര്‍വൃതിയിലേക്കാണ് നമ്മളെ കൈപിടിച്ചുയര്‍ത്തിയത്.
എന്നിട്ടും കുരിശും ആണികളുമൊരുക്കി ഒരു സംഘം നിങ്ങളുടെ പതനം കാത്തിരുന്നില്ലേ? ഫോം നഷ്ടപ്പെട്ട ഒരു ചെറിയ ഇടവേളയില്‍ ഗ്രെഗ് ചാപ്പല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ കോച്ച് നിങ്ങളുടെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടിയില്ലേ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഥനെ ക്രൂശിക്കാന്‍ ആര്‍ത്തുവിളിച്ചില്ലേ? ഇന്ത്യന്‍ ദേശീയതയുടെ പര്യായമായി മാറിയ ഒരു താരത്തിനെ വിദേശിയുടെ വാക്കും കേട്ട് ക്യാപ്ടന്‍ പദവിയില്‍നിന്നു ഇറക്കിവിട്ടു. പിന്നീട് ടീമിന് പുറത്താക്കി. ഒരു കുരിശുമരണത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടെന്ന് ചാപ്പല്‍ കരുതിയില്ല. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും സഹതാപവോട്ട് മേടിച്ചല്ല, സൗരവ് ടീമില്‍ തിരിച്ചെത്തിയത്. സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. ചരിത്രത്തില്‍ ഇങ്ങനെ ഫീനിക്‌സിനെപ്പോലെ തിരിച്ചുവന്നവര്‍ എത്രയുണ്ടാവും? സാക്ഷാല്‍ ചാപ്പല്‍ പോയിട്ടും നാടന്‍ ചാപ്പലുമാര്‍ വാള്‍പ്പിടിയില്‍ കൈവെച്ച് കാത്തിരിക്കുകയായിരുന്നു. ഒരിന്നിങ്‌സിലെ പരാജയംപോലും അവര്‍ ഗാംഗുലിക്കെതിരായ ആയുധമാക്കി. ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാതായതോടെ അവര്‍ വാളിന് മൂര്‍ച്ച കൂട്ടി. ഗാംഗുലി പുറത്തേക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. ഏപ്രിലിലാണ് കാണ്‍പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 87 റണ്‍സടിക്കുന്നതും ഇന്ത്യയെ ജയിപ്പിക്കുന്നതും. കഴിഞ്ഞ ഡിസംബറിലാണ് പാകിസ്താനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസാവുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ സൗരവ് ബാംഗ്ലൂരില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കി. ഒടുവില്‍ സെലക്ടര്‍മാര്‍ തട്ടിക്കളിക്കുമെന്ന് ബോധ്യമായതോടെ, അഭിമാനത്തിന് മുറിവേറ്റ ദാദ പാഡഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീവ്രമായി ആരാധിക്കപ്പെട്ടതിനൊപ്പം എന്തൊക്കെ കുറ്റങ്ങളാണ് പ്രിയ ദാദാ, നിങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടത്? ഷോര്‍ട്ട് പിച്ച്‌ബോള്‍ കളിക്കാനറിയില്ല, ബൗണ്‍സര്‍ കളിക്കാനറിയില്ല. ഷോയബ് അക്തറിനെ നേരിടുമ്പോള്‍ മുട്ടിടിക്കും. ഫീല്‍ഡിങ്ങില്‍ അലസനാണ്... ക്രിക്കറ്റില്‍ ഒരു സകലകലാവല്ലഭനൊന്നുമല്ല ദാദ. എന്നുവെച്ച് ഇപ്പറഞ്ഞ ആരോപണങ്ങളെല്ലാം ആ തലയില്‍ വെച്ച് കെട്ടിക്കൊടുക്കുന്നത് ശരിയാണോ? അക്തറുണ്ടായിരുന്ന കളിയില്‍ ഗാംഗുലി സെഞ്ച്വറി നേടിയിട്ടുണ്ട്. ബൗണ്‍സറും ഷോര്‍ട്ട് പിച്ച് ബോളുകളും നേരിടാതെയാണോ ടെസ്റ്റിലും ഏകദിനത്തിലുമായി 37 സെഞ്ച്വറികള്‍ നേടിയത്? പതിനെണ്ണായിരത്തോളം റണ്‍സടിച്ചത്? ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളര്‍ന്നത്?
താന്‍പോരിമയും കുറച്ചൊക്കെ തലക്കനവും ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ മാതൃകാപരമായി തന്നെയാണ് ഗാംഗുലി നയിച്ചത്. അതിരുവിട്ട പെരുമാറ്റങ്ങളൊന്നും ദാദയില്‍ നിന്നുണ്ടായില്ല. അടിപിടി കേസുകളിലും വംശീയപ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടില്ല. സ്റ്റീവ്‌വോയെ ടോസിനു കാത്തുനിര്‍ത്തിയതുപോലുള്ള ചില സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ചില അഹങ്കാരങ്ങള്‍ക്ക് മറുപടി കൊടുക്കുകയേ അതുവഴി ഉദ്ദേശിച്ചിരുന്നുള്ളൂ. സംസാരവും പെരുമാറ്റവും പരിധി വിടാതിരിക്കാന്‍ ഗാംഗുലി എക്കാലവും ശ്രദ്ധിച്ചിരുന്നു. മനോഭാവം ശരിയല്ലെന്നു മാധ്യമങ്ങള്‍ നിരന്തരം എഴുതിയപ്പോള്‍ ബിസിസിഐ പ്രസിഡണ്ട് ശരത്പവാര്‍തന്നെ ഒരിക്കല്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരോടും ഗാംഗുലിയെപറ്റി അന്വേഷിച്ചു. ഒരാള്‍പോലും ഗാംഗുലിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് പവാര്‍ സാക്ഷ്യപ്പെടുത്തി.
ആരാധകര്‍ അഭിമാനിക്കുന്ന മറ്റൊന്നുണ്ട്-ഒരു മാതൃകാ കുടുംബനാഥനെന്ന ഗാംഗുലിയുടെ സല്‍പ്പേര്. ഭാര്യ ഡോണയും മകള്‍ സനയും മിക്കപ്പോഴും ഗാംഗുലിയുടെ പരാമര്‍ശങ്ങളില്‍ കടന്നുവരാറുണ്ട്. ഒരു ഹോട്ടല്‍ മുറിയിലെത്തിയാല്‍ ഗാംഗുലി ആദ്യം ചെയ്യുക ഭാര്യയുടെയും മകളുടെയും ഫോട്ടോ മേശപ്പുറത്ത് വെക്കുകയാണ്. കൊല്‍ക്കത്തയില്‍ 48 മുറികളുള്ള നാലുനില മന്ദിരത്തില്‍ അമ്പതംഗ കൂട്ടുകുടുംബത്തോടൊപ്പം കഴിയുന്ന താരരാജാവിന് കൂട്ടായ്മയെക്കുറിച്ച് നല്ല ബോധമുണ്ട്. ഗാംഗുലിയുടെ അഞ്ചു വര്‍ഷത്തെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞത് ഈ സമീപനംകൊണ്ടാണ്. ഏകദിനത്തില്‍ സച്ചിനൊപ്പം സൗരവ് ഓപ്പണ്‍ ചെയ്തിരുന്ന ആ സുവര്‍ണകാലം ഓര്‍മ വരുന്നു. ഇത്ര ആവേശത്തോടെ ഒരു കാലത്തും കളി കാണാനിരുന്നിട്ടില്ല. സ്റ്റെപ്പൗട്ട് ചെയ്തുള്ള സിക്‌സറുകളും ഓഫ്‌സൈഡിലൂടെ അനായാസം പായുന്ന ബൗണ്ടറികളും മായാത്ത ചിത്രങ്ങളാണ്.
പ്രിയപ്പെട്ട ദാദാ... നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന കാലം ഓരോര്‍മച്ചിത്രമായി ഞങ്ങള്‍ മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു. ക്രിക്കറ്റിന്റെ ഏതു വഴിയിലാവും ഇനി നിങ്ങള കണ്ടുമുട്ടുക? പരിശീലകനായോ കമന്റേറ്ററായോ സെലക്ടറായോ...? അതോ രാഷ്ട്രീയത്തിലോ ബിസിനസ്സിലോ? എവിടെയായാലും ഞങ്ങളുടെ മനസ്സില്‍ ദാദ എന്നും വീരനായകന്‍ തന്നെയായിരിക്കും.
Subscribe to:
Post Comments (Atom)
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
© 2011 - 2012. All rights reserved to Manichimizh.blogspot.com.
yes he was a good captain... but when he lost touch, he should have step aside. dont keep clinging on position.
ReplyDeletehe could manage the team because of others were considered as slaves. you are in the team only when you lick his a**. of course team spirit should be there. why robin sing was not selected in team when he was captain? because he was a tamilian :(
so there are plus and minus.... I wont consider him as GOD :)